എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Recent Posts

Sunday, January 17, 2010

ജ്യോതി ബസുവിന്റെ മൃതുദേഹം മെഡിക്കൽ പഠനത്തിന്

സ.ജ്യോതി ബസുവിന് ആദരാഞ്ജലികൾ!

ജ്യോതി ബസുവിന്റെ മൃതുദേഹം മെഡിക്കൽ പഠനത്തിന്

അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് സ. ജ്യോതി ബാസു മരണാനന്തരം തന്റെ കണ്ണുകൾ ദാനം ചെയ്തും മൃതുദേഹം മെഡിക്കൽ വിദ്യാ‍ർത്ഥികൾക്ക് പഠനത്തിനായി വിട്ടു കൊടുത്തു കൊണ്ടും ഉത്തമമായ മാതൃക കാണിയ്ക്കുക വഴി ഒരു വലിയ സന്ദേശം നൽകിയിരിയ്ക്കുന്നു. ഒപ്പം മരണത്തിലും താൻ ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റാണെന്ന് തെളിയിച്ചിരിയ്ക്കുന്നു.

മരണാനന്തരം തന്റെ കണ്ണുകൾ ദാനം ചെയ്യുക വഴി ജീവിച്ചിരിയ്ക്കുന്ന മറ്റൊരാൾക്ക് കാഴ്ചനൽകാൻ അവസരം നൽകിയിരിയ്ക്കുന്നു. അങ്ങനെ മരണാനന്തരവും അദ്ദേഹത്തിന്റെ കണ്ണുകൾ ജീവിച്ചിരിയ്ക്കും. അതുപോലെ തന്റെ മൃത ശരീരം പോലും ജീവിച്ചിരിയ്ക്കുന്നവർക്ക് പ്രയോജനപ്പെടുത്താൻ തയ്യാറായ വിപ്ലവകാരിയ്ക്ക് ഒരിയ്ക്കൽ കൂടി രക്താഭിവാദനങ്ങൾ!

Friday, January 15, 2010

സൂര്യഗ്രഹണവും പാവംമൌലവിയും!

സൂര്യഗ്രഹണവും പാവം മൌലവിയും!

ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദൈർഘ്യമേറിയ ഒരു ആകാശവിസ്മയത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിച്ചു; വലയ സൂര്യഗ്രഹണം; ആകാശത്തൊരു വജ്രത്തിളക്കം! ലക്ഷക്കണക്കിനാളുകൾ വിജ്ഞാന കുതൂഹലത്തോടും അത്യുത്സാഹത്തോടും ഈ അപൂർവ്വക്കാഴ്ചയെ വരവേറ്റു; കണ്ടറിഞ്ഞു. ഇനി 1033 വർഷം കഴിഞ്ഞേ മറ്റൊരു ദൈർഘ്യമേറിയ ഒരു വലയസൂര്യഗ്രഹണം ദൃശ്യമാവുകയുള്ളു.

ഇന്ത്യയിൽ തമിഴ്നാട്ടിലെ ധനുഷ്കോടിയിലാണ് ഏറ്റവും നന്നായി ഈ വലയ സൂര്യഗ്രഹണം ദൃശ്യമായത്. തമിഴ്നാട്ടിലെ കന്യാകുമാരിയിലും, കേരളത്തിൽ തിരുവനന്തപുരം,വർക്കല തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലും ഇത് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. തിരുവനന്തപുരത്തും വിപുലമായ സൌകര്യങ്ങളാണ് പൊതുജനങ്ങൾക്ക് ഈ സൂര്യഗ്രഹണം ദർശിക്കാൻ ഒരുക്കിയിരുന്നത്.കേരളത്തിന്റെ വടക്കൻ മേഖലകളിൽനിന്നു പോലും സ്കൂൾ കുട്ടികളടക്കം വ്യക്തമായി ദൃശ്യം കാണുവാൻ വേണ്ടി ധാരാളംപേർ തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഈ സൂര്യഗ്രഹണ ദിവസത്തിന് മറ്റ് ചില പ്രത്യേകതകളും ഉണ്ടായിരുന്നു. ഗ്രഹണമാ‍ണെന്ന് കരുതി പേടിച്ച് ആരും പുറത്തിറങ്ങാതിരുന്നില്ല. ആരും ഭക്ഷണം കഴിക്കാതിരുന്നില്ല. (അറിവില്പെടാതെ ആരെങ്കിലും കതകടച്ചിരുന്നോ എന്ന് അറിയില്ല.) എന്തായാലും ഗ്രഹണം കാണാൻ സൌകര്യം ഒരുക്കുന്നതിനോടൊപ്പംതന്നെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം കൂടി പലയിടത്തും നടത്തിയിരുന്നു. ബന്ധപ്പെട്ട ചില സർക്കാർ സ്ഥാപനങ്ങളും ശാസ്ത്ര സംഘടനകളും ശാസ്ത്ര പ്രചാരകരും ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.

ഗ്രഹണദിവസം ഭഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ലെന്ന അന്ധവിശ്വാസം ഇല്ലാതാക്കാൻ പലയിടത്തും ഈ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. കൊച്ചു കുട്ടികൾ പോലും നിർഭയം ചായയും ഭക്ഷണവും മറ്റും കഴിക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും കാണിച്ചു. നമ്മുടെ മിക്ക ദൃശ്യമാധ്യമങ്ങളും സൂര്യഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന തരത്തിൽ വാർത്തകൾ നൽകിയെന്നതും അഭിനന്ദനാർഹമാണ്.

ഗ്രഹണം പകർത്തുന്നതിനും തത്സമയം അത് പ്രേക്ഷകരെ കാണിക്കുന്നതിനും ദൃശ്യമാധ്യമങ്ങൾ വളെരെ നേരത്തെതന്നെ വേണ്ട സംവിധാനങ്ങൾ ഒരുക്കി കാത്തിരുന്നു. വ്യക്തമായി വലയഗ്രഹണം കാണാൻ കഴിയുന്ന വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ റ്റി.വി ചാനലുകൾ യഥാസമയം കാണിച്ചുകൊണ്ടിരുന്നു. രാവിലെ പതിനൊന്നു മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ദൃശ്യമാധ്യമങ്ങൾ സൂര്യഗ്രഹണദൃശ്യത്തിൽ നിന്നും കണ്ണെടുത്തില്ല.

തിരുവനന്തപുരം ഭാഗത്ത് പൂർണ്ണ വലയം ദൃശ്യമായത് ഉച്ചയ്ക്ക് ഒരു മണിയ്ക്കും ഒന്ന് ഇരുപതിനും ഇടയ്ക്കായിരുന്നു. ചന്ദ്രൻ സൂര്യന്റെ ഉള്ളിൽ അകപ്പെടുന്നതുപോലെയും അതിനു ചുറ്റും സൂര്യന്റെ ഒരു വലയം മാത്രം വജ്രം പോലെ തിളങ്ങി നിൽക്കുന്നതായുമാണ് കണ്ടത്. മനോഹരമായ ദൃശ്യം തന്നെയായിരുന്നു അത്! ഈ വലയഗ്രഹണത്തിന്റെ സമയം പോലും വളരെ കൃത്യതയോടെ പ്രവചിക്കുവാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞു.

മനുഷ്യൻ ഒന്നും മുൻകൂട്ടി പ്രവചിച്ച് അത്രയ്ക്കഹങ്കരിച്ചുകൂടെന്നു കരുതി ഇന്നത്തെ ഗ്രഹണത്തിന്റെ സമയത്തില്പോലും അല്പം വ്യതിയാനം വരുത്തുവാൻ നിസ്സഹായനായ ദൈവത്തിനു കഴിഞ്ഞില്ല. ശാസ്ത്രജ്ഞർ മുൻപേ പറഞ്ഞതുപോലെ തന്നെ വളരെ സമയ കൃത്യത പാലിച്ചു കൊണ്ട് നട്ടുച്ചയ്ക്ക് ഒരു അസ്തമയം പോലെ, ചെറിയൊരു വെയിൽ മങ്ങലോടെ ആ വലയഗ്രഹണം കടന്നു പോവുകയയിരുന്നു!

ശാസ്ത്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടുതൽ ദൃഢമാകുന്നുവെന്ന സൂചന ഈ ഗ്രഹണം നൽകുന്നുണ്ട്. കാരണം ഇത് കാണാനുള്ള ആളുകളുടെ താല്പര്യത്തിനു പിന്നിൽ ഒരു ശാസ്ത്ര കുതൂഹലം ഉണ്ടായിരുന്നു. ഈ ഗ്രഹണം പട്ടാപ്പകൽ സംഭവിച്ചു എന്നതു കൊണ്ട്കൂടി എല്ലാവർക്കും ഇത് കാണാൻ അവസരം ഉണ്ടായി. നട്ടുച്ച്യ്ക്ക് ഒരു സൂര്യാസ്തമയം എന്ന് ഏതോ റ്റി.വി ചാനൽ വിശേഷിപ്പിച്ചിരുന്നു, ഈ ഗ്രഹണത്തെ!

ശാസ്ത്രത്തിനു മുന്നിൽ അന്ധവിശ്വാസങ്ങൾ വഴിമാറുന്നത് ആശ്വാസമാണ്. മുൻപ് സാക്ഷര കേരളക്കാരത്രയും ഒരു ഗ്രഹണത്തിന് കതകടച്ച് വീട്ടിലിരുന്നപ്പോൾ നിരക്ഷരൻ കൂടുതലുള്ള ബീഹാറുകാർ നിർഭയം ഗ്രഹണം കണ്ടുവെന്നൊരു പരിഹാസത്തിന് സാക്ഷരകേരളീയരെക്കുറിച്ച് ഉണ്ടായിരുന്നത് ഇപ്പോൾ മാറിക്കിട്ടിയെന്നു പറയാം.

മേല്പറഞ്ഞതെല്ലാം ഇന്നത്തെ സൂര്യഗ്രഹണത്തിന്റെ ഒരു വിവരണമാണ്. ഇനി മറ്റൊരു കാര്യത്തിലേയ്ക്കു വരാം;

ഈയുള്ളവൻ രണ്ടുമൂന്നു ദിവസമായി ഒരു ജലദോഷപ്പനി മൂലം വീട്ടിൽ വിശ്രമത്തിലാണ്. കിടന്നും ഇടയ്ക്കിടെ കമ്പ്യൂട്ടറിനും, റ്റി.വി യ്ക്കും മുന്നിൽ ഇരുന്നും ചെലവഴിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. ഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ കേരള യുക്തിവാദി സംഘം പ്രവർത്തകർ ഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്ത് കഴിയ്ക്കുന്ന പരിപാടിക്ക് ക്ഷണിച്ചിരുന്നതുമാണ്. എന്നാൽ സുഖമില്ലാത്തതിനാൽ പോകാൻ കഴിഞ്ഞില്ല.

ഇന്നത്തെ ഗ്രഹണം ഈയുള്ളവൻ കണ്ടത് റ്റി.വി ചാനലുകളിലൂടെത്തന്നെ. കൂടാതെ ഇടയ്ക്ക് ഓലഷെഡിനുള്ളിൽ മുകളിലെ സുഷിരങ്ങളിലൂടേ കോഴിമുട്ടയുടെ ആകൃതിയിൽ തറയിൽ പതിക്കുന്ന വെയിൽ (വെയിൽമുട്ട എന്നാണ് നമ്മൾ ഇതിനെ വിളിയ്ക്കുന്നത്)വെട്ടം നോക്കിയും ഗ്രഹണം നിരീക്ഷിയ്ക്കുകയുണ്ടായി.

കുട്ടിക്കാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നോക്കരുതെന്നു മുന്നറിയിപ്പുണ്ടായിരുന്ന ഒരു ഗ്രഹണം കണ്ടത് ഇന്നും മറന്നിട്ടില്ല. പടമെടുക്കാത്ത ഫിലിം കണ്ണുകളിൽ വച്ചും പാത്രത്തിൽ നീലം കലക്കിയും ഒക്കെയായിരുന്നു അന്നത്തെ ഗ്രഹണം കാണൽ. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വെയിലും നിഴലുമൊക്കെ നോക്കി സമയം നിർണ്ണയിക്കുന്ന ഉമ്മ ഓലകെട്ടിയ നമ്മുടെ വീടിന്റെ അടുക്കളയിലേയ്ക്കു ക്ഷണിച്ചത്. “ഫിലിമും, നീലം കലക്കിയ വെള്ളവുമൊന്നും വേണ്ട, ഗ്രഹണം കാണാൻ എല്ലരും ഇങ്ങോട്ടു വരീൻ” എന്ന്!

ചെല്ലുമ്പോൾ ഓലപ്പുരയിലെ വട്ടസുഷിരങ്ങളിലൂടെ പൂർണ്ണവൃത്തത്തിലും ദീർഘവൃത്തത്തിലുമൊക്കെ തറയിലും ഭിത്തിയിലും ഒക്കെ പതിയ്ക്കുന്ന വെയിൽമുട്ടകളിൽ സൂര്യഗ്രഹണം ദർശിക്കാൻ കഴിയുന്നത് കാണിച്ചു തന്നു. വീടിനോട് ചേർന്ന് ഷെഡ് കെട്ടിയിരിക്കുന്നതു കൊണ്ട് ഇന്ന് ആ പഴയ ഓർമ്മകളിലേയ്ക്ക് പോകാനും കഴിഞ്ഞു.

അങ്ങനെ വലയഗ്രഹണ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് പള്ളിയിൽ ജും-ആ തുടങ്ങിയത്. ഇന്ന് വെള്ളിയാഴ്ചയാണല്ലോ!

പള്ളി വീടിനടുത്തായതു കൊണ്ട് ജുമാ പ്രസംഗം വ്യക്തമായി കേൾക്കാം. വെള്ളിയാഴ്ച ഉച്ചനമസ്കാരത്തിനു മുമ്പ് മുസലിയാർ പ്രഭാഷണം നടത്തുന്ന പതിവുണ്ട്. ഏതെങ്കിലും വിശേഷങ്ങൾ ഉള്ള സമയമോ ദിവസമോ സീസണോ ആണെങ്കിൽ അതുമായിട്ടൊക്കെ ബന്ധപ്പെടുത്തി പ്രസംഗിക്കും.സ്വാഭാവികമായും ഇന്ന് അദ്ദേഹം വലയഗ്രഹണത്തെക്കുറിച്ചും സംസാരിച്ചു. ഞാൻ റ്റി.വിയുടെ വോളിയം കുറച്ച് മൌലവിലുടെ പ്രസംഗം ജിജ്ഞാസാപൂർവ്വം ശ്രദ്ധിച്ചു;

വലയഗ്രഹണം എന്ന് വിളിയ്ക്കപ്പെട്ട ഈ വിസ്മയക്കാഴ്ചയെ ശസ്ത്രലോകം കൂടുതൽ പഠിയ്ക്കാനുള്ള മാർഗ്ഗങ്ങളൊരുക്കിയും, ശാസ്ത്രാന്വേഷികളും, വിദ്യാർത്ഥികളും സാധാരണ ജനങ്ങളും അടങ്ങുന്ന ലക്ഷക്കണക്കിനാളുകൾ ശാസ്ത്രാവബോധത്താൽ പ്രേരകമായ ജിജ്ഞാസയോടെയും കണ്ടുകൊണ്ടിരിയ്ക്കുമ്പോഴും പള്ളിയിലെ ആ പാവം മൌലവി സൂര്യഗ്രഹണത്തെക്കുറിച്ച് അന്ധവിശ്വാസത്തിലൂന്നിയ അബദ്ധജഡിലമായ വ്യാഖ്യാനങ്ങൾ നൽകുകയായിരുന്നു!

അല്ലെങ്കിൽ ആ പാവം മൌലവിയെ എന്തിനു കുറ്റം പറയണം? ശാസ്ത്രത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അറിവിന്റെ പരിമിതികൾക്കുള്ളിലാണ് അദ്ദേഹം. എന്നാൽ ശാസ്ത്രം പഠിച്ചും പരീക്ഷിച്ചും ശാസ്ത്രജ്ഞർ ആയിത്തീർന്ന മഹാന്മാക്കൾ അവർക്ക് ശാസ്ത്രലോകത്ത് തന്നെ പുതിയ സ്ഥാന ലബ്ധികൾ ലഭിയ്ക്കുമ്പോൾ ആദ്യംതന്നെ പോയി ഗണപതിയ്ക്ക് തേങ്ങ ഉടയ്ക്കുമ്പോൾ പാവം മൌലവിയെ എങ്ങനെ കുറ്റം പറയാനാകും?

പൂജകൾ കഴിച്ചിട്ട് റോക്കറ്റ് വിക്ഷേപിയ്ക്കുന്ന അവസ്ഥയിൽ നിന്ന് നാം എന്നാണ് മോചിതരാകുക? സ്കൂളിൽ ചെല്ലുമ്പോൾ ഉരുണ്ട് കാണുന്ന ഭൂമി ചർച്ചിലും പള്ളിദറസിലും ചെല്ലുമ്പോൾ പരന്നു പോകുന്ന ദയനീയതയിൽ നിന്ന് നമുക്കെന്നാണൊരു മോചനം? ആവോ!

Wednesday, January 13, 2010

കെ.എസ്.മനോജ് വിഷയം- വീണ്ടും കമന്റുകൾക്കു മറുപടി

കെ.എസ്.മനോജ് വിഷയം- വീണ്ടും കമന്റുകൾക്കു മറുപടി

ബന്ധപ്പെട്ട പോസ്റ്റും കമന്റുകളും ഇവിടെ

കാളിദാസൻ: “ ജയലില്‍ പോയില്ലായിരുന്നെങ്കിലും മദനി തീവ്രവാദം ഉപേക്ഷിക്കുമായിരുന്നു എന്നതാണു വാസ്തവം.“

ജയിലിൽ പോയതുകൊണ്ടാണോ തീവ്രവാദം ഉപേക്ഷിച്ചത്, അല്ലെങ്കിലും ഉപേക്ഷിക്കുമായിരുന്നോ എന്നതല്ല പ്രശ്നം; തീവ്രവാദം ഉപേക്ഷിച്ചല്ലോ! അത് എന്തായാലും ആശ്വാസം തന്നെ. അംഗീകരിക്കാവുന്നതും തന്നെ.

കാളിദാസൻ:“മോദിയും അദ്വാനിയും മറ്റും തീവ്രവാദം പ്രസംഗിച്ചു നടന്നത് തീവ്രവാദി ഹിന്ദുകള്‍ ഭൂരിപക്ഷമൂള്ള സ്ഥലങ്ങളിലാണ്. ഉത്തരേന്ത്യയില്‍ ക്രിസ്ത്യനികളെ തെറി പറയുന്ന അദ്വാനി കേരളത്തില്‍ വരുമ്പോള്‍ അവരുടെ സ്നേഹിതനായിട്ടേ പെരുമാറൂ. കോയംബത്തൂരൊക്കെ അദ്വാനിയുടെയും കണ്ണു തുറപ്പിച്ചു. ആറ്റു നോറ്റ് നേടിയെടുത്ത ബാബ്രി മസ്ജിദിന്റെ തകര്‍ച്ച തെറ്റായി പോയി എന്ന് പറഞ്ഞത് അതുകൊണ്ടാണ്. അദ്വാനി ആ ചീത്തപ്പേരൊക്കെ മറ്റിയെടുത്തത് ആര്‍ എസ് എസിനൊടു കലഹിച്ചും സ്വന്തം രാഷ്ട്രീയ ഭാവി അവസാനിപ്പിച്ചുമൊക്കെയാണ്.“

ഓ! അപ്പോ അദ്വാനിയുടെ മാനസാന്തരം കാളിദസൻ അംഗീകരിക്കുന്നു. മദനിക്കു മാത്രമേ മാനസാന്തരപ്പെട്ടുകൂടാതെയുള്ളു. അഥവാ മാനസാന്തരപ്പെട്ടാലും ഇടതുപക്ഷത്തെ അനുകൂലിച്ചു പോകരുത്. ഇതു തന്നെ യു.ഡി.എഫുകാരും പറയുന്നത്.

കാളിദാസൻ:“എത്രയൊക്കെ ശ്രമിച്ചാലും ഒരു ആര്‍ എസ് എസ് കാരനും എന്‍ ഡി എഫ് കാരനും മദനിയേപ്പോലെ വര്‍ഗ്ഗിയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ കേരളത്തില്‍ നടത്തിയിട്ടില്ല. ഒറ്റപ്പെട്ട ചില ആര്‍ എസ് എസുകാര്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നതൊഴിച്ചാല്‍“

കണ്ടോ സി.പി.എമ്മിനെതിരെ പറഞ്ഞു ജയിക്കാൻ വേണ്ടി എൻ.ഡി.എഫിനെയും ആർ.എസ്.എസിനെയും പോലും ന്യായീകരിക്കുകയാണ് കാളിദാസൻ. മദനിക്ക് പ്രസംഗിക്കാൻ നല്ലതുപോലെ അറിയാവുന്നതു കൊണ്ട് അത് പ്രകോപനമുണ്ടാക്കി. ഇപ്പോൾ അദ്ദേഹം സൂക്ഷിച്ചു സംസാരിയ്ക്കുന്നു. പ്രസംഗിക്കാൻ അറിയാവുന്ന എൻ.ഡി.എഫുകാരും ആർ.എസ്.എസ് കാരും എല്ലാം ഇപ്പോഴും വർഗീയത വമിക്കുന്ന പ്രസംഗങ്ങൾ തന്നെ നടത്തുന്നത്. ആർ.എസ്.എസ് കാർ ഒറ്റപ്പെട്ട പ്രസംഗങ്ങളെങ്കിലും നടത്തിയിട്ടുണ്ടെന്നു സമ്മതിക്കാനുള്ള കാളിദാസന്റെ സൌമനസ്യത്തിനു നന്ദി! ഇവിടെ മറ്റു ചില കാര്യങ്ങൾ ഓർക്കണം. മദനി പണ്ട് ഐ.എസ്.എസ് ഉണ്ടാക്കി. പക്ഷെ ആ ഐ.എസ്.എസ് എന്നു പറയുന്നത് ആർ.എസ്.എസിനോടുള്ള പ്രതികരണം എന്ന നിലയിൽ ശക്തിപ്പെട്ടതാണ്.അന്നും സി.പി.എം വിളിച്ച മുദ്രാവാക്യം “ആർ.എസ്.എസും ഐ.എസ്.എസും, രണ്ടും നാടിന്നാപത്ത്” എന്നാ‍ണ്. ആർ.എസ്.എസ് കാർ എന്ന പോലെ ഐ.എസ്.എസിന്റെ ഭാഗത്തുനിന്നും സി.പി.എമ്മിനു നേർക്ക് ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.

പിന്നീട് ഐ.എസ്.എസ് ഇല്ലാതായി. കാലക്രമേണ അതിനെക്കാൾ കടുപ്പപ്പെട്ട എൻ.ഡി.എഫ് ഉണ്ടായി. സത്യത്തിൽ ആ.എൻ.ഡി.എഫും ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘപരിവാർ വർഗീയതയോടുള്ള പ്രതികരണമായി ഉയർന്നു വന്നതാണ്. ആർ.എസ്.എസും മറ്റു സംഘപരിപാർ വർഗീയതയും ഇല്ലായിരുന്നെങ്കിൽ ഇവിടേ ഒരു എൻ.ഡി.എഫോ ഐ.എസ്.എസ് ഓ ഉണ്ടാകുമായിരുന്നില്ല. കാശ്മീരിലോ മറ്റോ അല്ലെങ്കിലും തീവ്രവാദികൾ ഉണ്ടാകുമായിരുന്നിരിക്കണം. കേരളം ഉൾപ്പെടെ ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും മുസ്ലീം തീവ്രവാദം സംഘടനകളിൽ ആളുണ്ടാകുന്നത ഭൂരിപക്ഷ ഹിന്ദു വർഗീയ വാദികളെ ഭയന്നിട്ടാണ്. ഭൂരിപക്ഷ വർഗീയത ഇല്ലാതായാൽ ന്യൂനപക്ഷ വർഗീയതയുടെ പ്രസക്തി തന്നെ ഇല്ലാതാകും. അതു കൊണ്ട് എൻ.ഡി.എഫും ആർ.എസ്.എസ് ഉം ഒക്കെ ഇന്ന് പരസ്പര പൂരിതമാണ്. ഒന്നുണ്ടെങ്കിലേ മറ്റതുള്ളൂ. അതിപ്പോൾ ഒരു ഐ.എസ്.എസ് പോയപ്പോൾ ആർ.എസ്.എസ് വന്നു. ഇനിയിപ്പോ എൻ.ഡി.എഫ്. പോയാൽ പകരം മറ്റെന്തെങ്കിലും പകരം വന്നെന്നിരിക്കും. അത് സ്വാഭാവികമാണ്.

ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു. ആർ.എസ്.എസ് ഉള്ളിടത്തോളം അഥവാ അവർ ഹിന്ദു വർഗീയതയും ഹിന്ദു രാഷ്ട്രവാദവും കൈവെടിഞ്ഞ് മതേതരത്വം ഉൾക്കൊള്ളാത്ത കാൽത്തോളം ഒരു ഐ.എസ്.എസ് ഓ, ഒരു എൻ.ഡി.ർഫോ ഇവിടെ ഉണ്ടായിക്കൊണ്ടിരിയ്ക്കും. ഒന്നു പോയാൽ മറ്റൊന്ന്. ഇത് ഒരു സത്യമാണ്. സി.പി.എം പോലെയുള്ള സംഘടനകൾ എത്രയൊക്കെ വർഗീയവിരുദ്ധ പ്രചരണങ്ങളും പ്രവർത്തനങ്ങളും നടത്തിയാലും ഒന്നിനെ പ്രതിരോധിയ്ക്കാൻ മറ്റൊന്നുണ്ടാകുന്നതിനെ തടയാൻ കഴിഞ്ഞെന്നിരിയ്ക്കില്ല. പോരാത്തതിന് ഇവിടെ രഹസ്യമായി ഭൂരിപക്ഷ ന്യൂന പക്ഷ വർഗീയ വാദികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനു കൂടി ആളുണ്ടാ‍കുന്നിടത്തോളം. കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിൽ എൻ.ഡി.എഫിന്റെ പിന്തുണ യു.ഡി.എഫിനായിരുന്നു എന്നത് ഇത്തരുണത്തിൽ ഓർക്കണം. അതുപോലെ ബി.എ.പിയുടേ വോട്ടുകൾ യു.ഡി.എഫ് വില നൽകി വാങ്ങിയിട്ടുള്ളതല്ലാതെ ഇടതുപക്ഷം അതിനു പോയിട്ടില്ല. മദനിയുടേ പിന്തുണ സ്വീകരിച്ചത് അദ്ദേഹം നയം മാറ്റിയ ശേഷമാണ്.

മറ്റൊരു കാര്യം കൂടി നോക്കണേ; ഈ എൻ.ഡി.എഫും, ആർ.എസ്.എസും ഒക്കെ കൂടുതലും ആക്രമിക്കുന്നത് ആരെയാണ്? സി.പി.എമ്മിനെ! ആർ.എസ്.എസിനെ പേടിയാകാനും തങ്ങൾ എന്തും ചെയ്യാൻ മടിയ്ക്കാത്തവരാണെന്നും കാണിയ്ക്കാൻ എൻ.ഡി.എഫുകാർ ആക്രമിക്കുന്നതാരെ? സി.പി.എമ്മിനെ! ഇനി എൻ.ഡി.എഫിനെ വിരട്ടാനും തങ്ങളും ഭീകരവാദികളാണെന്നു വർത്താനും ആർ.എസ്.എസ്. ആക്രമിക്കുന്നതോ? അതും സി.പി.എമ്മിനെ! മാത്രവുമല്ല അഖിലലോക ഇസ്ലാമിക രാഷ്ട്രം സൃഷ്ടിയ്ക്കാൻ നടക്കുന്ന മുസ്ലീം തീവ്രവാദികളൂം, ലോകം മുഴുവൻ കർത്താവിങ്കൽ സമർപ്പിക്കാൻ നടക്കുന്ന ക്രൈസ്തവർക്കും, ഇന്ത്യയിൽ വിശാല ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും അടുത്തുള്ള രാജ്യങ്ങളെക്കൂടീ അതിന്റെ (പാക്കിസ്ഥാൻ ഉൾപ്പെടെ.) ഭാഗമാകാനും നടക്കുന്ന ആർ.എസ്.എസ് കാർക്കും ഒക്കെ രുചിയുള്ള ചോര സി.പി..എമ്മിന്റേതുതന്നെ! കമ്മ്യൂണിസ്റ്റു കാരെ മൊത്തമായും ചില്ലറയായും കൊന്നു തീർക്കേണ്ടതിന്റെ ആവശ്യകത ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയതകൾ ഒരു പോലെ അംഗീകരിയ്ക്കുന്നു! അതെന്തായാലും സി.പി.എമ്മിനു കിട്ടുന്ന ഒരു അംഗീകാരം തന്നെ.

ആഗോള മുസ്ലീം തീവ്രവാദത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഇപ്പോഴുള്ളത്ര തീവ്രവാദികൾ ഉണ്ടാകുമായിരുന്നില്ല. അതു ഇവിടെയും ഉണ്ടാകാൻ കാരണം ബാബറി മസ്ജിത് പൊളിച്ചതാണ്. അന്ന് ഇന്ത്യയിലെ മുസ്ലീങ്ങളുടെ മനസിലുണ്ടായ നോവ് ഇനിയും മാഞ്ഞു പോയിട്ടില്ല. എന്തിന് ചില പ്രത്യേക മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാത്രം വ്യാപകമായിരുന്ന പർദ്ദാ സമ്പ്രദായം കേരളത്തിൽ എല്ലാ മേഖലയിലേയ്ക്കും ബാധിച്ചതും ബബറി പ്രശ്നത്തിനു ശേഷമാണ്. മുസ്ലീങ്ങൾ തിരിച്ചറിയപ്പെടുന്ന വേഷങ്ങൾ നിർബന്ധമാക്കിയത് അന്നു മുതൽക്കാണ്. അന്ന് ആ പൾലി പോലിക്കാനൂള്ള എല്ലാ പരിതസ്ഥിതികളും സൃഷ്ടിച്ചെടുത്ത സാക്ഷാൽ അദ്വാനിയെയാണ് ഇവിടെ കാളിദാസൻ ന്യായീകരിയ്ക്കുന്നത്. അന്ന് ആ രഥയാത്രയും മറ്റുമായി അദ്വാനി കോളിളക്കം സൃഷ്ടിച്ച് മുന്നേറുമ്പോൾ രാജ്യമാകെ വർഗീയതയും കലാപങ്ങളും ആളിപ്പടരുകയായിരുന്നു. അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബാബറി നിന്ന സ്ഥലം ഇന്നും ഒരു മുറിപ്പാടായി ഇന്നും നില നിൽക്കുന്നു.

പക്ഷെ അദ്വാനിയ്ക്കു ആ തെരഞ്ഞെടുപ്പിലോ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലോ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞില്ല. ഇപ്പോ അവസാനം ഒരു പ്രതീക്ഷ ഉണ്ടായിരുന്നതും പോയി. അപ്പോഴാണ് എന്നാൽ പിന്നെ അല്പം മാനസാന്തരപ്പെട്ടു കളയാം എന്നു വിചാരിച്ചത്. അന്ന് വാജ്പേയി പ്രധാനമന്ത്രി ആയ സമയത്തെങ്ങാനും അദ്വാനിയാണ് പ്രധാ‍ന മന്ത്രിയാ‍യിരുന്നതെങ്കിൽ അക്കാലത്തു തന്നെ ഒരു അഖിലേന്ത്യാ നരേന്ദ്ര മോഡിയായി അദ്വാനി മാറിയേനെ! ഇന്ന് നരേന്ദ്രമോഡിയുടെ പേരു തന്നെ ഒരു പക്ഷെ അദ്വാനി മോഡി എന്നായിരുന്നേനെ. ഭൂരിപക്ഷ വർഗീയത ഉപയോഗിച്ച് അധികാരത്തിൽ വരാനും ഒരുവട്ടമെങ്കിലും പ്രധാനമന്ത്രിയെങ്കിലും ആവാനും ആഗ്രഹിച്ച അദ്വാനിക്കത് കഴിഞ്ഞില്ല. ഇനി അവസരവുമില്ല. അതുകൊണ്ടാണിപ്പോൾ ഒരു മാനസാന്തരം. എന്നാലും വേണ്ടില്ല. എങ്ങനെയോ ആകട്ടേ, ആ പള്ളിപോലിക്കൽ വരെയെത്തിയ സംഭവവികാസങ്ങൾക്കൊക്കെ നേതൃത്വം കൊടുത്തിരുന്ന അദ്വാനി തന്നെ പള്ളി പൊളിച്ചത് തെറ്റായി പോയി എന്നു സമ്മതിച്ചത് നല്ലതുതന്നെ. അതിനെ സ്വാഗതം ചെയ്യുന്നു. അത് ആത്മാർത്ഥമായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും പരസ്യമായി പറഞ്ഞല്ലോ. അതുമതി. ഇന്ത്യയിലെ മുസ്ലീം സമൂഹത്തോട് മാപ്പു പറയാൻ അദ്വാനി തയ്യാറാകുമോ? എങ്കിൽ ഇവിടുത്തെ ഹിന്ദു മുസ്ലിം വർഗീയത നല്ലൊരു പങ്ക് ഇല്ലാതാകും.

പറഞ്ഞപ്പോൾ ഇത്രയും പറഞ്ഞെന്നേയുള്ളൂ. എന്തായാലും ഒരു കാര്യം ഉറപ്പായി. സി.പി.എമ്മിനെ താറടിച്ചു കാണിയ്ക്കാൻ സാക്ഷാൽ അദ്വാനിയെയും എൻ.ഡി.എഫിനെയും മാത്രമല്ല സാക്ഷാൽ ബിൻലാദനെ പോലും ന്യാ‍യീകരിയ്ക്കാൻ കാളിദാസനെ പോലുള്ളവർ തയ്യാറാകും. അക്ഷരമറിയാവുന്ന കാളിദാസനെ പോലുള്ളവർ ഇത്ര വലിയ മാർക്സിസ്റ്റ് വിരോധികളാകുന്നതിൽ സമതാപമേയുള്ളു. കാളിദാസൻ ഇനി എന്തൊക്കെ പറഞ്ഞാലും ഇന്ത്യയിൽ ഇന്നുള്ളതിൽ ഏറ്റവും നല്ല പ്രസ്ഥാനം സി.പി.എം തന്നെ! പക്ഷെ എല്ലാവരും അതിൽതന്നെ വിശ്വസിച്ചു കൊള്ളണം എന്നൊന്നുമില്ല. കാളിദാസനെ പോലുള്ളവർ വിമർശിക്കുന്നത് കേടാൽ സി.പി.എം ഇല്ലാതാകുന്നതോടെ ഇന്ത്യയിലെ പ്രശനങ്ങളെല്ലാം തീരും എന്നു തോന്നും. എന്താ കാളിദസൻ, സി.പി.എം അങ്ങു പിരിച്ചു വിടണം എന്ന് അഭിപ്രായമുണ്ടോ? എന്തായാലും മദനിയുമായി വേദി പങ്കിട്ടു പോയതിന്റെ പേരിലോ മദനി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിലോ സി.പി.എം പിരിച്ചുവിടണമെന്നു പറയില്ല. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു; കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ വില അറിയില്ല.

മറ്റൊരു കാര്യം കൂടി കാഇദാസൻ അറിയുക. ഈയുള്ളവൻ ഒരു മതാചാരങ്ങളും അനുവർത്തിക്കാത്ത ഒരാളാണ്. എന്നു വച്ച് മറ്റാരും മതവിശ്വാസം വച്ചു പുലർത്തുന്നതിൽ തെല്ലും അസഹിഷ്ണുതയില്ല. അത് ഞാൻ പഠിച്ചതു തന്നെ സി.പി.എമ്മിൽ നിന്നാണ്. മതവിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഒക്കെ സി.പി.എമ്മിലുണ്ട്. കൂടുതലും മതവിശ്വാസികൾ ആണെന്നു പറഞ്ഞാലും അസത്യമില്ല. പാർട്ടിക്കാരെ വിശ്വാസികൾ അവിശ്വാസികൾ എന്നു തരം തിരിക്കേണ്ട കാര്യം തന്നെയിഉല്ല താനും. ഇവിടെ മനോജിനെ പോലെയുള്ള ചിലർ എന്തെങ്കിലും കൊതിക്കെറുകൾ വച്ച് ഞാഞാമൂഞ്ഞാ ന്യായം പറഞ്ഞ് പാർട്ടി വിടുമ്പോൾ ആ അവസരം മുതലെടുത്തും സി.പി.എമ്മിനെതിരെ പ്രചരണം നടത്തുന്നതിന് താങ്കൾക്ക് ജനാധിപത്യ അവകാശം ഉള്ളതുകൊണ്ട് അതിനെ സഹിഷ്ണുതയോടെ നോക്കിക്കാണുന്നുവെന്നുമാത്രം. അല്ലാതെ ആർക്കും അങ്ങനെ കുതിര കയറാവുന്ന ഒരു പാർട്ടിയാണ് സി.പി.എം എന്ന തെറ്റിദ്ധാരണ മാത്രം വച്ചു പുലർത്തരുതെന്ന് അപേക്ഷ; കാരണം, ഒരു സജിമിനോ കാളിദാസനോ വേണ്ടെന്നുവന്നലും ഈ പാർട്ടി വേണമെന്നാഗ്രഹിക്കുന്ന അതിനെ ജീവനുതുക്യം സ്നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട് നമ്മുടെ നാട്ടിൽ. അവരുടെ ക്ഷമയെ പരീക്ഷിച്ചുകൂട!

കാളിദാസ.:“മലപ്പുറം ജില്ലയിലെ എത്രയോ മിത വാദി മുസ്ലിങ്ങള്‍ സി പി എമ്മിന്റെ മതേതര നിലപാടിനെ പിന്തുണച്ച് സി പി എം പക്ഷത്തേക്കു വന്നിരുന്നു. പക്ഷെ മദനി എന്ന മത തീവ്രവാദിയെ പരസ്യമായി തോളിലേറ്റുന്നത് കണ്ടപ്പോള്‍ അവരൊക്കെ നിരാശരായി തിരിച്ചു പോയി. റ്റി കെ ഹംസ മഞ്ഞേരിയില്‍ ജയിച്ചതവരുടെ ഒക്കെ വോട്ടു കൊണ്ടാണ്. സി പിഎമ്മിന്റെ മതേതരത്ത്വത്തില്‍ സംശയമുണ്ടായിട്ടു തന്നെയാണു പല മിത വാദി ഹിന്ദുക്കളും ഇടതു പക്ഷത്തു നിന്നകന്നത്.“

കാളിദാസൻ, മദനിയുടെ പാർട്ടിയ്ക്ക് പഴയ ശക്തിയൊന്നുമില്ല ഇന്ന്; പഴയ പി.ഡി.പി ക്കാർ പലരു മദനിയെ വിട്ട് എ.ഡി.എഫിലും മറ്റും പോയ്ക്കഴിഞ്ഞു. പി.ഡി.പിയിൽ മുസ്ലീങ്ങൾ മാത്രമല്ല ഉള്ളത്. അതിന്റെ നേതൃനിരയിൽതന്നെ നല്ലൊരു പങ്ക് ഹിന്ദുക്കളും കൃസ്ത്യാനികളുമുണ്ട്. അതുപോലെ മുസ്ലീം ലീഗിന്റെ പോലെ പാർട്ടിയിൽ മുസ്ലിം എന്ന മതപ്പേരുമില്ല. ( ലീഗ് ആദ്യം ആമുസ്ലിം എന്ന പദം എടുത്ത് കളഞ്ഞിട്ട് മതേതരത്വം പറയട്ടെ) എങ്കിലും ഇപ്പോഴും മദനിയെന്ന മത പണ്ഡിതന്റെ വ്യക്തിപ്രഭാവമാ‍ണ് പി.ഡി.പി എന്ന രാഷ്ട്രീയ പാർട്ടിയുടെ കൈമുതൽ എന്ന കാര്യം ഒളിച്ചു വയ്ക്കേണ്ട കാര്യമില്ല. മദനിയ്ക്കു ശേഷം പി.ഡി.പി ഉണ്ടാകുമോ എന്നുതന്നെ അറിയില്ല. എങ്കിലും ഒന്നുണ്ട് കാളിദാസൻ പറയുമ്പോലെ മദനിയുടെ പിന്തുണ തേടിയതുകൊണ്ട് മുസ്ലിങ്ങളുടെ വോട്ടു പോയി എന്നൊക്കെ പറയുന്നത് വിഢിത്തം.

സത്യം പറയ്യട്ടെ; ഈയുള്ളവന്റെ അറിവിൽ സി.പി.എംകാരാകട്ടെ, കോൺഗ്രസുകാരാകട്ടെ എന്തിനു ലീഗുകാർ തന്നെ ആകട്ടെ മുസ്ലീങ്ങളിൽ നല്ലൊരു പങ്ക് ആളുകൾ മദനിയെ സ്നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർക്കുന്നുണ്ട്. എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നതു കൊണ്ടു മാത്രം ഒരാളെ കുറച്ചു കാണുന്നത് സത്യസന്ധമല്ല. മദനി തീവ്രവാദം ഉപേക്ഷിയ്ക്കുന്നതിനു മുമ്പ് എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനു നിയമത്തിന്റെ മാർഗത്തിൽ നടപടികൾ നടക്കുന്നതിൽ സി.പി.എമ്മിനു വിയോജിപ്പില്ല. അതു വേറെ. പക്ഷെ ബസ് കത്തിച്ച കേസിൽ സൂഫിയാമദനി കൊറ്റക്കാരിയാണെന്ന് പറഞ്ഞ് അന്വേഷണ ഏജൻസി കേസെടുത്തിട്ടു പോലും സൂഫിയാ‍മദനിയ്ക്കു വേണ്ടി പ്രാർത്തിയ്ക്കുന്ന സ്ത്രീകൾ കേരളത്തിലൂണ്ടെന്ന സത്യം മറച്ചു വയ്ക്കേണ്ടതല്ല. ചിലർ പരസ്യമായി സൂഫിയക്കു വേണ്ടി കണ്ണീരൊഴുക്കുന്നു. മറ്റു ചിലർ രഹസ്യമായും അതൊക്കെ മദനിയോടുള്ള സ്നേഹം കൊണ്ടാണ്. ഈ പറഞ്ഞതിനെ സൂഫിയ തെറ്റു ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിയ്ക്കപ്പെട്ടു കൂടെന്ന് അർത്ഥമുള്ളതായി ദയവായി വ്യാഖ്യാനിക്കരുത്. സത്യം നിർഭയം പറഞ്ഞെന്നേയുള്ളൂ. മദനി മതപണ്ഡിതനും സജിം തികഞ്ഞ മതരഹിതനും ആയതുകൊണ്ട് മദനി എന്ന സത്യത്തെ കണ്ടില്ലെന്നു നടിച്ചിട്ടെന്തു കാര്യം?

ഇനി നാളെ ഒരു പക്ഷെ ഈ മദനി യു.ഡി.എഫിനെ പിന്തുണച്ചുകൂടെന്നൊന്നുമില്ല. അന്ന് ഇപ്പൊൾ ഉറഞ്ഞാടുന്നവർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിയ്ക്കുന്നതൊന്നും വിഴുങ്ങാതിരുന്നാൽ മതി. ഈ ആർ.എസ്.എസും, എൻ.ഡി.എഫും , കോൺഗ്രസ്സും എല്ലാം ഇന്ന് പലപല പ്ലാറ്റ് ഫോമുകളിലിരുന്ന് സി.പി.എമ്മീതിരെ ഉറഞ്ഞു തുള്ളുന്നു. അവരെല്ലാം ഒരേ വേദിയിൽ നിന്ന് സി.പി.എമ്മിനെ ആക്രമിക്കുന്നൊരുകാലം വരും. അന്ന് ഒരു പക്ഷെ പി.ഡി.പി പോലും അക്കൂട്ടത്തിൽ ഉണ്ടായിക്കൂടെന്നില്ല. അതുവരെ ഈ മാർക്സിസ്റ്റു വിരുദ്ധപ്രചരണങ്ങൾക്ക് ആക്കം കൂട്ടുവാൻ അണ്ണാൻ കുഞ്ഞും തന്നാലായത് എന്നു പറഞ്ഞതു പോലെ അനുകൂല ശത്രുക്കളായി ചമയുന്ന കാളിദാസന്മാരും ഇതുമാതിരി പറഞ്ഞുകൊണ്ടിരിയ്ക്കണം. ഭാ‍വുകങ്ങൾ!

ശിഥിലമായ ചിന്തകളും എഴുത്തുകളും വരുത്തുന്ന ദുർഗ്രാഹ്യതകളും ആവർത്തനങ്ങളും ക്ഷമിയ്ക്കുക.വീണ്ടും വീണ്ടും വന്നു സംവദിച്ച കാളിദാസനും ഒപ്പം ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിട്ട എല്ലാവർക്കും നന്ദി! ഇനിയും ആവശ്യമുണ്ടെങ്കിൽ ഇവിടെ വീണ്ടും വരാം!

Monday, January 11, 2010

കെ.എസ്.മനോജ് വിഷയത്തിലെ പോസ്റ്റിലെ കമന്റുകളോടുള്ള പ്രതികരണം.

ആ പോസ്റ്റിനോട് വിയോജിച്ച കാളിദാസനു നൽകിയ മറുപടിയാണ് ഇതിൽ പ്രധാനമായും ഉള്ളത്.

ബന്ധപ്പെട്ട പോസ്റ്റും കമന്റുകളും ഇവിടെ ചെന്നു വായിക്കാം

കാളിദാസൻ: " മനോജ് എം പി യാകുന്നതിനു മുമ്പ് തീവ്ര മത വിശ്വാസിയും ഒരു കത്തോലിക്കാ സംഘടനയുടെ ഭാരവാഹിയുമായിരുന്നു. സി പി എം നേതാക്കള്‍ അദ്ദേഹത്തെ തേടി ചെന്നതാണ്. നിര്‍ബന്ധിച്ചു സ്ഥാനാര്‍ത്ഥിയാക്കി. സി പി എം വിശ്വാസം പോലെ മറ്റൊരു വിശ്വാസത്തില്‍ നിന്നാണദ്ദേഹം മാറിയത്. അതില്‍ തെറ്റു കാണാത്തവര്‍ സി പി എം വിശ്വാസത്തില്‍ നിന്നും മാറിയപ്പോഴും തെറ്റ് കാണരുത്."

അപ്പോൾ കാളിദാസൻ,

ഒരു കാര്യം അങ്ങു സമ്മതിയ്ക്കുന്നല്ലോ. ഒരു എം.പി സ്ഥാനം വച്ചു നീട്ടിയപ്പോൾ മനോജ് ദൈവത്തെയും മതത്തെയും മറന്നു. നിരീശ്വരതയുടെയും നിരമ്മതത്വത്തിന്റെയും അല്പം ചില അംശങ്ങൾ കമ്മ്യൂണിസത്തിൽ ഉണ്ടെന്ന് അറിയാതെയല്ലല്ലോ മനോജ് സി.പി.എമ്മിൽ ചേർന്നത്. പണത്തിനും സ്ഥാനമാനങ്ങൾക്കും മുന്നിൽ മനോജ് ദൈവവിശ്വാസം പോലും അടിയറവച്ചു എന്നു ലളിതമായി പറയാൻ എന്തിനാണ് വളച്ചുകെട്ടുകൾ.

എന്തു
വന്നാലും സി.പി.എമ്മിനെതിരായി മത്രമേ സംസാരിയ്ക്കൂ എന്ന് നിർബന്ധമുള്ള ചിലരുണ്ട്. അക്കൂട്ടത്തിലാണോ കാളിദാസനെന്ന് എനിയ്ക്കറിയില്ല. മറ്റുള്ളവർ എന്തു ചെയ്താലും അതിനെ ന്യായീകരിയ്ക്കുകയും സി.പി.എം ഇനിയെന്തു നല്ലതുചെയ്താലും അതിനെ ദോഷൈക ദൃഷ്ടിയോടെമാത്രം നോക്കി അഭിപ്രായം പറയുകയും ചെയ്യുന്നവരെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം നൽകി ആദരിയ്ക്കാം എന്നേയുള്ളൂ.

കാളിദാസൻ: “നമ്മള്‍ എത്രയൊക്കെ മറയ്ക്കാന്‍ ശ്രമിച്ചാലും സാമുദായിക പരിഗണന ഒരു പരിധി വരെ ഇലക്ഷനില്‍ സ്വാധീനം ചെലുത്തും. അതിനെ സി പി എം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വളരെ സമര്‍ദ്ധമായി ഉപയോഗിക്കുന്നും ഉണ്ട്. 30% വോട്ടു കൊണ്ടു മാത്രം പാര്‍ട്ടിക്ക് ഭരിക്കാനാകില്ല.“

അതുതന്നെയാണ്
കാളദാസൻ, പാർട്ടി നേരിടുന്ന പ്രധാന പ്രശ്നം. പാർളമെന്ററി ജനാധിപത്യം ഉപയോഗപ്പെടുത്തുന്നുവെന്നതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതും ഒരാവശ്യമായി തീരുന്നു. അതിനു പലപ്പോഴും പല അടവുകളും സ്വീകരിക്കാറുമുണ്ട്. അതെല്ലാം എല്ലായ്പോഴും ശരിയാണെന്ന് ഒരു പാർട്ടിക്കാരനും വിശ്വസിക്കുന്നില്ല. പക്ഷെ നിവൃത്തികേടു കൊണ്ട് പലപ്പോഴും പിന്നീട് തെറ്റെന്നു തന്നെ സമ്മതിയ്ക്കേണ്ട നിലപാടുകളിൽ ചെന്നുപെടുന്നുണ്ട്. സങ്കീർണ്ണവും ബഹുമത-ജാതി സങ്കലനവുമായ ഒരു സമൂഹത്തിൽ കമ്മ്യൂണിസം വളർത്തുക എന്നതിന്റെ പ്രശ്നങ്ങൾ ചില്ലറയല്ലെന്നും നാം അറിയണം. ഇന്ത്യയിൽ മറ്റൊരിടത്തും ഇതിനു അടിത്തറയുണ്ടാക്കാൻ കഴിയാത്തത് പോളിറ്റ് ബ്യൂറോയ്ക്ക് കഴിവില്ലാത്തതുകൊണ്ടാണെന്നു പറയാൻ കഴിയുമോ? അതൊക്കെ പോട്ടെ.

പാർട്ടി മനോജിനെ ഉപയോഗിച്ചതുതന്നെ എന്നത് സമ്മതിക്കാം. തെരഞ്ഞെടുപ്പ് ജയം തന്നെ ആയിരുന്നു മനോജിനെ നിറുത്തിയതിന്റെ ലക്ഷ്യം. പക്ഷെ മനോജ് അതിനു നിന്നു കൊടുത്തല്ലോ. എം.പി.യുമായി. എന്നുവച്ച് അയാൾക്ക് പാർട്ടിയൊക്കെ വിടാം. അതുപക്ഷെ തനിക്കും ചില അവസരങ്ങളും അംഗീകാരവും നൽകിയ പാർട്ടിയെ ബുദ്ധിമുട്ടിയ്ക്കുന്ന തരത്തിലുള്ള കൊട്ടിക്കലാശത്തോടെ വേണ്ടിയിരുന്നോ? പിന്നെ ഒന്നുണ്ട്. പാർട്ടി ജനധിപത്യം ഉൾക്കൊളുന്നു എന്നതുകൊണ്ട് ഇവരൊക്കെ ഇറങ്ങി നടക്കുന്നു.
ജനാധിപത്യബോധമില്ലാത്തവരുടെ കൂട്ടത്തിൽ നിന്നാണെങ്കിൽ ഇങ്ങനെ ആരും കൂട്ടം തെറ്റി മേയാൻ പോകില്ല. പോയാൽ വിവരമറിയും.

കുറ്റങ്ങളും കുറവുകളും ഇല്ലാത്ത പാർട്ടിയാണ് സി.പി.എം എന്ന് അതിന്റെ നേതാക്കളോ അണികളോ പറയുന്നില്ല. പക്ഷെ സി.പി.എം എന്തു ചെയ്താലും അതൊക്കെ കുഴപ്പമാണെന്നു വരുത്തിത്തീർക്കുന്ന സമീപനം ശരിയല്ല. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ വിലയറിയില്ല. വിമർശനം ക്രിയാത്മകം ആയിരിക്കണം. മതപരമായ കാര്യങ്ങളിൽ പാർട്ടിക്കാർ ഇടപെടണമെന്നുപറഞ്ഞാൽ അത് കുറ്റം. ഒഴിഞ്ഞുനിൽക്കണമെന്നു പറഞ്ഞാൽ അതുംകുറ്റം. മദനിയുടെ പിന്തുണ തേടിയാൽ അതുകുറ്റം. മദനിയെ തള്ളിപ്പറഞ്ഞാൽ മുസ്ലീം സമുദായത്തെ വെറുപ്പിച്ചുവെന്നായിരിക്കും ആരോപണം. ന്യൂനപഷത്തിനു വേണ്ടി സംസാരിച്ചാൽ അതു പ്രീണനം. അങ്ങനെ എന്തെല്ലാം. ഒന്നും ചെയ്യാൻ പറ്റില്ല, സി.പി.എമ്മിന്. “മുസ്ലിംലീഗാണത്രേ ഏറ്റവും വലിയ മതേതര കക്ഷി. തീവ്രവാദം ഉപ്പേക്ഷിച്ചുവെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ച് പ്രായശ്ചിത്തം ചെയ്യുന്ന മദനി അങ്ങനെ മാറാൻ പാടില്ലത്രേ! മദനി എന്നും തീവ്രവാദി തന്നെ ആയി ജീവിച്ചു കൊള്ളണം. മദനി എന്നും ഭീകര പ്രവർത്തനങ്ങളും നടത്തി ജനങ്ങളാൽ വെറുക്കപ്പെട്ടും അതുവഴി ഒരു സമുദായം തന്നെ വെറുക്കപ്പെട്ടും ഇരിക്കണം. ഇതാണ് ചിലരുടെ മനസ്സിലിരിപ്പ്. ബി.ജെ.പിയിൽ നിന്നും വന്ന് മതേതരത്വം പ്രസംഗിച്ചു തുടങ്ങിയ രാമൻപിള്ളയുടെ ജനപക്ഷം ഇടതിനെ പിന്തുണച്ചു. അതിൽ വലിയ പ്രശ്നം കണ്ടില്ല. ഒരു ആർ.എസ്.എസ് കാരൻ അതുപേക്ഷിച്ച് മതേതരവാദിയായാൽ അതിലും സന്തോഷിക്കുകയാണു വേണ്ടത്. എന്തിന്, ഒരു ആർ.എസ്.എസ് കാരനോ, ഒരു എൻ.ഡി.എഫ് കാരനോ, മദനിമാരോ വർഗീയതീവ്രവാദം ഉപേക്ഷിച്ചു വന്നാൽ, അവർ കോൺഗ്രസ്സിലാണു ചേരുന്നതെങ്കിൽ പോലും ആശ്വസിക്കേണ്ടതും പ്രോത്സഹിപ്പിയ്ക്കേണ്ടതുമാണ്. സി.പി.എം.തന്നെ ആകണമെന്നില്ല. ഇവിടെ പക്ഷെ അങ്ങനെ വരുന്നവർ സി.പി.എം ആയിക്കൂടെന്ന് ഇടതുപക്ഷത്തെ പിന്തുണച്ചുകൂടെന്നാണ് ചിലരുടെ പക്ഷം. അതായത് വർഗീയ വാദികളൂം, അത് ഉപേക്ഷിച്ചു വരുന്നവരുമൊക്കെ കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും അവകാശമാണ്. അവരെ പിന്തുണച്ച് കഴിഞ്ഞുകൊള്ളണമത്രേ! മദനി കഴിഞ്ഞ തെരഞ്ഞടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ചിരുന്നെങ്കിൽ ശേഷിക്കുന്ന കാലം മതേതരവാദിയായി കഴിച്ചു കൂട്ടാമായിരുന്നു. ഇനി മദനി കോൺഗ്രസ്സുകാരനായാലും വേണ്ടില്ല ഒരു മതേതരവാദിയും സമാധാനപ്രിയനും ആയിരുന്നാൽ മതിയെന്നാണ് സി.പി.എമ്മുകാർ കരുതുന്നത്.പക്ഷെ മദനി ഇടതുപക്ഷത്തെയേ ഇനിയുള്ള കാലം പിന്തുണയ്ക്കൂ എന്നു പറഞ്ഞാൽ പാർറ്റി എന്തുചെയ്യും? അഥവാ മാനസാന്തരം വന്നയാളെ എന്തിൻ അനഭിമതനാക്കണം? തുടർന്ന് എങ്ങനെ പോകുന്നു എന്നു നോക്കിയാൽ പോരെ?

ഇവിടെ തെറ്റു തിരുത്തൽ രേഖയിൽ പറയുന്ന കാര്യങ്ങൾ അത്രയ്ക്ക് വിവാദമാക്കാൻ വേണ്ടിയൊന്നുമില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളെപറ്റി ജനങ്ങൾക്ക് അവമതിപ്പും തെറ്റിദ്ധാരണകളും ഉണ്ടാകാത്ത നിലയിൽ മതകാര്യങ്ങളിൽ സൂക്ഷ്മത പുലർത്തേണ്ടതിനെ കുറിച്ചാണ് അത് സൂചിപ്പിക്കുന്നത്. വിവാഹം ഉൾപ്പെടെ പല ആർഭാടങ്ങളും മതാചാരങ്ങളുമായി ബന്ധമുള്ളതാണ്. അതൊക്കെ നേതാക്കൾ അടക്കം ഒന്ന് നിയന്ത്രിക്കണമെന്നൊക്കെ തന്നെ പാർട്ടി പറയുന്നത്.പക്ഷെ ഇന്ന് അണികളും നേതാക്കളും ഒക്കെ കാലത്തിന്റെ സ്വാധീനത്തില്പെട്ട് പല ആഡമ്പരങ്ങളും കാണിയ്ക്കുന്നുണ്ട്. അതിനു നേതാക്കളെ കുറ്റം പറയുമ്പോൾ അണികളും മാതൃക കാണിക്കണം. വിമർശിച്ചാൽ മാത്രം പോര.

പിന്നെ മുസ്ലീങ്ങൾക്ക് പള്ളിയിൽ പോകാം. ഉമ്മറയ്ക്കു പോകാം. മറ്റു മതക്കാരായ പാർട്ടിക്കാർക്കു മാത്രം വിലക്ക് എർപ്പെടുത്തുന്നു എന്നു പറയുന്നത് ശരിയല്ല. അങ്ങനെ ഒരു പ്രശ്നം എവിടെയുമില്ല. പാർട്ടിയുടെ പ്രാദേസിക നേതാക്കൾ ഉൾപ്പെടെ പലരും അമ്പലങ്ങളിൽ പോവുകയും തൊഴുകയും കണിയ്ക്ക നൽകുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിന്റെ പേരിൽ ആർക്കു മേലും നടപടിയെടുക്കുന്നില്ല. പള്ളിയിൽ പോകാം. പക്ഷെ എൻ.ഡി.എഫ് - മറ്റ് തീവ്രവാദികളോ ആകരുത്. അമ്പലത്തിൽ പോകാം. പക്ഷെ ആർ.എസ്.എസ് ആകരുത് എന്നേയുള്ളു. ഞാൻ പറഞ്ഞതിന്റെ ധ്വനി മനസിലായി കാണുമെന്നു കരുതുന്നു.

പ്രശ്നം അവിടെയല്ല. പാർട്ടിയിൽ മത-ദൈവ വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഇല്ലെന്നു പറഞ്ഞു പ്രഖ്യാപിച്ചു നടക്കുന്ന നേതാക്കളോ പ്രവർത്തകരോ പിന്നീട് മത്വിശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് ആക്ഷേപം ഉയരുന്നത്. ആദ്യമേ തന്നെ ഞാൻ ഈശ്വരവിശ്വാസിയുമാണ് പാർട്ടിയുമാണ് എന്നു പറാഞ്ഞ് പ്രവർത്തിക്കുന്നവർക്ക് പാർട്ടിയിൽ ഒരു വിലക്കുകളും ഇല്ല. പിന്നെ ഏതെങ്കിലും മത വിശ്വാസി പാർട്ടിയുടെ ഭാഗമായി വന്ന് നിർമ്മതനോ നിരീശ്വര വാദിയോ ആകുന്നുവെകിൽ അതിലും പാർട്ടി ഇടാപെടേണ്ടതില്ല.നിർമതത്വവും നിരീശ്വരവാദവും നിരുത്സഹപ്പെടുത്തേണ്ട പാർട്ടിയുമല്ലസി.പി.എം . മതത്തിന്റെ പേരിലയാലും മറ്റെന്തിന്റെ പേരിലായാലും ചൂഷണവും അനാചാരങ്ങളും അനീതിയും അക്രമവും അസമത്വവും മറ്റും നിലനിന്നാൽ അതിനെ എതിർക്കേണ്ടത് പാർട്ടിയുടെ ധർമ്മമാണ്. മതബന്ധമുള്ള കാര്യങ്ങളിൽ മിണ്ടാതിരുന്നു കൊള്ളണം എന്നു പറഞ്ഞാൽ പാർട്ടിക്കത് സ്വീകാര്യമല്ല.

എന്തിനു
നീട്ടുന്നു. പണ്ടേ പറയുന്നതല്ലേ? ഏതെങ്കിലും മതത്തിലോ ദൈവത്തിലോ നിർദ്ദോഷമായി വിശ്വസിക്കുന്നവർ വിശ്വസിച്ചു കൊള്ളട്ടെ. വിശ്വസിക്കാത്തവരെ അവരുടെ വഴിക്കും വിടുക.അതു തന്നെ ഇപ്പോഴും പാർട്ടി നയം. അല്ലാതെ യുക്തിവാദി സംഘമല്ല സി.പി.എം. അത് എല്ലാവിഭാഗം മനുഷ്യരുടെയും പ്രസ്ഥാനമാണ്. മാനവികതയിലാണ് അത് ഊന്നുന്നത്. മാർഗ്ഗമദ്ധ്യേ തെറ്റുകളും കുറ്റങ്ങളും സംഭവിക്കാം. അത് ബോധ്യപ്പെട്ടാൽ തിരുത്തുകയും ചെയ്യും. അല്ലാതെ തെറ്റുകളും കുറ്റങ്ങളും സംഭവിക്കുന്നു, അല്ലെങ്കിൽ എനിക്കിഷ്ടപ്പെടാത്തത് ചെയ്യുന്നു എന്നു പറഞ്ഞ് പാർട്ടി പിരിച്ചുവിടണമെന്ന മട്ടിൽ സംസാരിക്കരുത്.പാർട്ടിയെ സ്നേഹിക്കുന്ന ആരും. പാർട്ടിയിലെ ഏതെങ്കിലും നേതാക്കളോട് അവരവർക്ക് തോന്നുന്ന അസഹിഷ്ണുതയും അസൂയകളും മറ്റും വച്ചിട്ട് പാർട്ടിയെ തന്നെ പ്രതിക്കൂട്ടിൽ നിർത്തി സദാ ശത്രുവിന് പാർട്ടിയെ ക്ഷീണിപ്പിയ്ക്കാൻ അവസരമുണ്ടാക്കി കൊടുക്കരുത്.

കാളിദാസൻ,

കാളിദാസൻ: "പണ്ടും പാര്‍ട്ടി അടവു നയം സ്വീകരിച്ചിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി, ആര്‍ മെനോന്‍, വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മാത്രമല്ല കൂടെ കൂട്ടിയത്. അവരുടെ കഴിവ് ഉപയോഗപ്പെടുത്താനുമായിട്ടാണ്. അതൊക്കെ കൊണ്ട് പാര്‍ട്ടി വളര്‍ന്നിട്ടുണ്ട്. മനോജിനെ പാര്‍ട്ടിയിലേക്ക് വരുത്തിയതു കൊണ്ട് പാര്‍ട്ടി വളര്‍ന്നിട്ടൊന്നുമില്ല. രണ്ടത്താണിയെ സഹയാത്രികനാക്കിയപ്പോള്‍ പാര്‍ട്ടിക്ക് ദോഷമല്ലേ ഉണ്ടായുള്ളു."

താങ്കൾ ഇപ്പറഞ്ഞതിൽ അല്പം കാര്യമുണ്ടെന്ന് ഈയുള്ളവനും അഭിപ്രായമുണ്ട്. മനോജിനെയും രണ്ടത്താണിയെയും കൂട്ട് പിടിച്ചതിന്റെ ഫലം പിന്നീട് അവർ കാണിച്ചല്ലോ. മനോജ് ഇപ്പോൾ നന്നായി കാണിച്ചു.

ജോസഫ് മുണ്ടശ്ശേരി, ആര്‍ മെനോന്‍, വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവർ നെറികേട് കാണിയ്ക്കാഞ്ഞത് അവരുടെ മഹത്വം. അനുഭവം വച്ചിട്ടാണ് പിന്നീടും അത്തരം ആളുകളെ കൂടെ കൂട്ടാൻ പാർട്ടി ശ്രമിച്ചിട്ടുള്ളത്. അതിൽ ചിലതൊക്കെ പാളിപോയിട്ടുമുണ്ട്. പണ്ട് എം.കെ. സാനുവുവിനെ നിയമസഭയിൽ നിർത്തി മത്സരിപ്പിച്ചു.സാംസ്കാരിക കേരളം അതിനെ സ്വാഗതം ചെയ്തു. പിന്നീടൊരിയ്ക്കൽ ശിവഗിരി പ്രശ്നത്തിലോ മറ്റോ ബി.ജെ.പി ക്കാർക്കൊപ്പം സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണയിൽ പങ്കെടുത്ത് സി.പി.എമ്മിനിട്ടു താങ്ങിയത് സന്ദർഭത്തിൽ ഓർക്കുന്നു.

മനോജിനെയും രണ്ടത്താണിയെയും കെ.ടി.ജലീലിനെയും ഒക്കെ പാർട്ടിക്കൊപ്പം നിർത്തുമ്പോൾ തീർച്ചയായും അവർ പ്രതിനിധാനം ചെയ്യുന്ന അഥവാ വിശ്വസിക്കുന്ന മതവിഭാഗങ്ങളോടോ അവരുടെ വിശ്വാസങ്ങളോടൊ പാർട്ടിക്ക് അസഹിഷ്ണുതയൊന്നും ഇല്ലെന്ന് വെളിപ്പെടുത്താൻ കൂടി തന്നെയാണ്.

എന്തുതന്നെ പറഞ്ഞാലും യുക്തിവാദി സംഘത്തിൽ ചേർന്നാൽ എം.പി ആകാൻ പറ്റുമെന്നു വന്നാൽ മനോജ് അതിനും തയ്യാറാകും.നിരീശ്വരവാദികൾ എന്ന് പരക്കെ ആക്ഷേപിയ്ക്കപ്പെടുന്ന സി.പി.എം എം.പി സ്ഥാനം വച്ചു നീട്ടിയപ്പോൾ കർത്താവിനെ മറന്ന മനോജിന് ഏതായാലും സ്വർഗ്ഗരാജ്യം കിട്ടില്ല. ഇപ്പൊൾ പ്രായശ്ചിത്തമായി എന്നും കരുതണ്ട. കാരണം മനോജ് ഒരു സാധാരണ വിശ്വാസിയല്ല. പഠിപ്പും ചിന്താശേഷിയും ഉള്ള ഒരു പുരോഹിത തുല്യനാണ്. അതുകൊണ്ട് മനോജിനെ ന്യായീകരിക്കാൻ വേണ്ടി സി.പി.എമ്മിനിട്ട് താങ്ങുന്നത് നന്നാകുന്നില്ല.പാർട്ടിക്ക് മനോജിന്റെ കാര്യത്തിൽ കയ്യബദ്ധം പറ്റി എന്ന് ഇപ്പോൾ മനോജ് തന്നെ തെളിയിച്ചല്ലോ!

കാളിദ്ദാസൻ:“മദനി തീവ്രവാദം ഉപേക്ഷിച്ചില്ലെങ്കില്‍ കേരളീയ സമൂഹത്തില്‍ ജീവിക്കാനാകില്ല. അതു കൊണ്ട് അതദ്ദേഹം ഉപേക്ഷിച്ചു. സി പി എമ്മോ കോണ്‍ഗ്രസോ കൂടെ കൂട്ടിയിലെങ്കിലും മദനി തീവ്രവദം ഉപേക്ഷിക്കും. അതല്ലേ സത്യം?“

കാളിദാസൻ,

വർഗീയവാദികളും തീവ്രവാദികളും ഒക്കെ ആയിട്ടുള്ള എൻ.ഡി.എഫും, ആർ.എസ്.എസും ഒക്കെ ഇപ്പോഴും കേരളത്തി ജീവിക്കുന്നുണ്ട്.അവർക്കൊക്കെ മത-വർഗീയവാദികളായി കേരളത്തിൽജീവിക്കാമെങ്കിൽ മദനിക്കും അതു കഴിയും. ഇപ്പോൾ അദ്ദേഹം തീവ്രവാദത്തെ തള്ളിപ്പറഞ്ഞതായിരിക്കുന്നു കുറ്റം!നിങ്ങൾ എന്നെ വീണ്ടും തീവ്രവാദിയാക്കി എന്ന് നാളെ ഒരു മദനിയെങ്കിലും പറയാതിരുന്നാൽ മതിയായിരുന്നു.

പ്രിയ അനോണീ,

അനേകം കാളിദാസന്മാരിൽ ഒരാളാണ് താങ്കൾ പറയുന്ന കാളിദാസനും. സമയം കിട്ടിയാൽ ഒരു കാളിദാസനെങ്കിലും മറുപടി പറയാൻ കഴിയുന്നതിൽ സംതൃപ്തിയുണ്ട്. അത് ജനാധിപത്യ മര്യാദകൊണ്ടു മാത്രമല്ല, കാളിദാസൻ നമ്മുടെ കമന്റുവായിച്ച് മനസുമാറും എന്നു വച്ചുമല്ല. ഒന്ന് ആരെയും അവഗണിഉയ്ക്കണ്ട. രണ്ട് സംവാദം കാളിദാസനോടാണെങ്കിലും വായിക്കുന്നത് കാളിദാസൻ മാത്രമല്ലല്ലോ. കാളിദാസനെ പോലുള്ളവർ ഇങ്ങനെ വന്നു വല്ലതും പറഞ്ഞാലല്ലേ നമ്മൾ പ്രകോപിതരായി ഇങ്ങനെ നീട്ടിപ്പരത്തൂ.

അതുകൊണ്ട് കാളിദാസാ ഇനിയും വരിക! നമുക്ക് കലപില കൂടാം! അതിൽനിന്ന് എന്തെങ്കിലും ഗുണം ഉണ്ടായിക്കൂടെന്നില്ലല്ലോ!അനോണിയുടെ വികാരവും മനസിലാക്കാതെയല്ല!