എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Saturday, January 15, 2011

ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്ത്?

ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്ത്?

നൂറ്റി രണ്ടില്പരം പേരുടെ ജീവൻ നഷ്ടപ്പെട്ട ഒരു വൻ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് നാം ഇനിയും മോചിതരായിട്ടുണ്ടാകില്ല. അവിടെ വണ്ടിപ്പെരിയാറിനടുത്ത് പുല്ലുമേട്ടിൽ മരണപ്പെട്ടവർ ഒക്കെ നമ്മെ പോലെ ചോരയും നീരുമുള്ള മനുഷ്യർ തന്നെയായിരുന്നു. ഓരോരോ കുടുംബങ്ങളിൽ ജനിച്ച് ജീവിച്ചുപോന്നവർ. കൊച്ചു കൊച്ചുകൊച്ചു സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രചോദനത്താൽ ജീവിച്ചുകൊണ്ടിരുന്നവർ. അവരുടെ കൊച്ചു കൊച്ച് ആഗ്രഹങ്ങൾ സധിച്ചുകിട്ടുന്നതിനും തെറ്റുകൾ എന്തെങ്കിലും ചെയ്തുപോയിട്ടുണ്ടെങ്കിൽ അതൊക്കെ പൊറുത്ത് മപ്പാക്കിക്കിട്ടുന്നതിനും വിളിച്ചപേക്ഷകളുമായി ദൈവങ്ങളെ തേടിയിറങ്ങിയ നിഷ്കളങ്കരായ തീർത്ഥാടകർ. അവർക്കിടയിൽ അറിഞ്ഞും അറിയാതെയും ഇടകലർന്നുപോയ തദ്ദേശീയരും വഴിപോക്കരും ഒക്കെ ഉൾപ്പെടും മരിച്ചവരിൽ. അവരുടെ ജീവിത സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഒക്കെ മരണം അവരോടുകൂടിത്തന്നെ കവർന്നുകൊണ്ടുപോയി. എത്രപേർ മരിച്ചുവോ അത്രയും എണ്ണം കുടുംബങ്ങളിൽനിന്നും ഇപ്പോൾ നിലവിളികൾ ഉയരുന്നുണ്ടാകും. നമുക്ക് ദു:ഖം പ്രകടിപ്പിക്കുവാനും അവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കുവാനല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

ദുരന്തങ്ങൾ നമുക്ക് പുതിയതല്ല. ഓരോ ദുരന്തങ്ങളും ഓരോ അനുഭവപാഠങ്ങളാണ്. പക്ഷെ ആ അനുഭവ പാഠങ്ങളിൽ നിന്നും നാം എന്തു പഠിച്ചു? പാഠം പത്തിച്ചാലും അപകടങ്ങളുടെ പുതിയ പാഠഭേദങ്ങൾ വീണ്ടും ഉണ്ടായേക്കാം. പക്ഷെ സമാനതകളുള്ള അപകടങ്ങൾ സമാനമായ സാഹചര്യങ്ങളിൽ സംഭവിക്കുമ്പോഴാണ് നമ്മുടെ ജാഗ്രതക്കുറവുകൾ വലിയ കുറ്റങ്ങളായി വരുന്നത്. ഇവിടെ സംഭവിച്ചിരിക്കുന്നത് ഇതിനു മുൻപ് പല അപകടങ്ങളോടും സമാനതകളുള്ളതും സമാനമായ സാഹചര്യത്തിൽ ഉള്ളതുമാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനേക്കാളൊക്കെ വലിയൊരു അപകടം ഇപ്പോൾ ഊണ്ടായത് ഒഴിവാക്കാനാവശ്യമായ പാ‍ഠങ്ങളൊന്നും നമ്മൾ മുൻ ദുരന്തങ്ങളിൽ നിന്നും പഠിച്ചിട്ടില്ല. അഥവാ പഠിച്ചെങ്കിലും അവ ഗൌരവത്തിൽ എടുത്തില്ല എന്നു വേണം കരുതാൻ. ഇപ്പോൾ അപകടം നടന്ന സ്ഥലം സർക്കാർ സംവിധാനങ്ങൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന സ്ഥലമല്ലെന്നൊരു വാദഗതിയുണ്ട്. അത് അംഗീകരിച്ചാൽ അവിടേയ്ക്ക് ആളുകളെ കടത്തിവിട്ടതിന്റെ സമാധാനം പറയേണ്ടിവരും. ഈ സ്ഥലത്ത് ഇതിനുമുമ്പ് ഇതുപോലെ തീർത്ഥാടകപ്രവാഹം ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് മുൻ അനുഭവം ഇല്ലെന്നുമാണ് വാദമെങ്കിൽ രാവിലെ മുതൽ ഈ പതയിലൂടെ ആളുകളുടെ തിരക്കുണ്ടാകുന്നത് യഥാസമയം ആരും അറിയാതെ പോയതിന്റെ കാരണം എന്തെന്ന് വിശദീകരിക്കേണ്ടിവരും. എങ്ങനെ നോക്കിയാലും നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് അല്പം നോട്ടക്കുറവുണ്ടായി എന്ന് സമ്മതിയ്ക്കേണ്ടിവരും.

ശബരിമല തീർത്ഥാടനകാലത്ത് അഭൂത പൂർവ്വമായ തിക്കും തിരക്കും ഉണ്ടാകുന്നത് ശബരിമലയിലും പരിസരത്തും മാത്രമല്ല. കേരളത്തിലങ്ങോളമിങ്ങോളമാണ്. പക്ഷെ അത് അത്രകണ്ട് ഗൌരവത്തിൽ നമ്മൾ എടുക്കറുണ്ടോ? മണ്ഠല കാലത്ത് ശബരിമലയിലെത്തുകയും മടങ്ങുകയും ചെയ്യുന്ന തീർത്ഥാടകർക്ക് എവിടെ വച്ച് എന്ത് അപകടം സംഭവിച്ചാലും അത് ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള അപകടമായി പരിഗണിക്കപ്പെടും. അവിടെ വണ്ടി പെരിയാറിനടുത്ത് ഈ പറഞ്ഞ സ്ഥലത്ത് നിന്നാൽ മകരവിളക്കു കാണാൻ സാധിക്കും എന്നതാണ് അവിടെ തീർത്ഥാടകർ തിക്കിത്തിരക്കാൻ കാരണമത്രേ! ശബരിമലയിൽ മകര ജ്യോതി തെളിയുന്നത് ഇടുക്കി-പത്തനംതിട്ട ജില്ലകളിൽ പല ഭാഗത്തു നിന്നും ദർശിക്കാനാകുമെന്നാണ് നമ്മൾ അറിയുന്നത്. അങ്ങനെയെങ്കിൽ അവിടെയൊക്കെ ഇത് ദർശിക്കുവാൻ ആളുകൾ വന്നുകൂടുമെന്നത് സർക്കാർ സംവിധാനങ്ങൾ മുൻ കൂട്ടി കാണേണ്ടതു തന്നെയാണ്. ഏതെങ്കിലും മലയുടെ മുകളിൽ ഒരു കമ്പക്കെട്ട് നടക്കുമ്പോൾ അത് വിദൂരതലിയിലിരുന്നു പോലും ആളുകൾ ആസ്വദിക്കുന്നത് കുന്നുകളും മലകളും ഇടകലർന്ന ഭൂപ്രകൃതിയുള്ള നമുക്ക് അപരിചിതമല്ല. അപ്പോൾ മകര ജ്യോതി പോലെ ഒരു വലിയ സംഭവം നടക്കുമ്പോൾ കുറച്ച് അഡ്വാൻസ്ഡ് ആകുവാൻ നമുക്ക് കഴിയാതെ പോകുന്നത് ദൌർബല്യം തന്നെയാണ്. ഇവിടെ ഈ നമുക്ക് നമുക്ക് എന്ന് പറയുമ്പോൾ ഭരണകൂട സംവിധാനങ്ങളെ തന്നെയാണ് മുഖ്യമായും ഉദ്ദേശിക്കുന്നത്.

മകരജോതി കത്തുന്നതോ കത്തിക്കുന്നതോ എന്ന തർക്കം അവിടെ നിൽക്കട്ടെ. അത് താനേ കത്തുന്നതാണ് എന്ന് വിശ്വസിക്കുവാനാണ് ഭക്തജനങ്ങൾക്കിഷ്ടം. നിർദോഷമായി ആളുകൾ അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട് സമൂഹത്തിനോ സർക്കാറിനോ ബുദ്ധിമുട്ടൊന്നുമില്ല. അഥവാ ഉണ്ടെങ്കിൽതന്നെ അതിനെക്കാൾ ഏറെ ചില ഗുണങ്ങൾ ഉണ്ടു താനും! വിശ്വാസികളുടെ ഭാഗത്തുനിന്നും എഴുതുന്ന കുറിപ്പാണിത്. അതുകൊണ്ട് ഇങ്ങനെ പറയുകയേ നിവൃത്തിയുള്ളൂ. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ മകരജ്യോതി ഒരു അദ്ഭുതമായി തന്നെയാണ് കരുതുന്നത്. ശബരിമലയിൽ വർഷം പ്രതി തീർത്ഥാടകരുടെ എണ്ണം പെരുകുന്നതിൽ ഈ ദിവ്യജ്യോതിയ്ക്കും പ്രധാന പങ്കാണുള്ളത്. നമ്മുടെ ദേവസ്വം ഖജാനയിലേയ്ക്ക് വിശ്വാസത്തിന്റെ വഴിയിൽ നല്ലൊരു തുക വർഷം പ്രതി ലഭിച്ചു പോരുന്നുണ്ട്. ആ നിലയ്ക്ക് അവരുടെ സുരക്ഷ ഭരണകൂട ബാദ്ധ്യതതന്നെയാണ്. വ്യക്തികളുടെ ഒരു സ്വകാര്യ ആവശ്യത്തിന് വന്നുപോകുന്നു എന്ന അർത്ഥത്തിൽ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയില്ല.

ഇതുപോലെ വലിയ വലിയ തീർത്ഥാടനങ്ങൾ സർക്കാർ ഖാജാനയ്ക്ക് മാത്രമല്ല മുതൽക്കൂട്ടുന്നത്. ജനങ്ങളിലും നല്ലൊരു പങ്കിന് അതിന്റെ സാമ്പത്തിക ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് മണ്ഠലകാലത്ത് നമ്മുടെ കടകമ്പോളങ്ങൾ പതിവിൽകവിഞ്ഞ് സജീവമാകുന്നുണ്ട്. പലർക്കും മണ്ഠലകാലം കൊയ്ത്തുകലമാണ്. വഴിയോരങ്ങളിലെ കടകളിലെല്ലാം നല്ല കച്ചവടം നടക്കും. എന്തിന് ശബരിമല തീർത്ഥാടനകാലത്ത് മാത്രം എത്രയോ തട്ടുകടകൾ തന്നെ തുറക്കപ്പെടുന്നു! നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഒരു ചെറിയ കാലത്തേയ്ക്കാണെങ്കിലും വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട് തീർത്ഥാടനകാലം. അപ്പോൾ തീർത്ഥാടകരുടെ സുരക്ഷിതത്വവും അവരുടെ സന്തോഷവും സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. സമൂഹത്തിന് മൊത്തമായും അവരോട് ചില ബാദ്ധ്യതകൾ ഉണ്ട്. വിദേശ സഞ്ചാരികൾ വരുമ്പോൾ നാം അവരോട് നല്ല ആദരവും മര്യദയും പുലർത്തണമെന്ന് നമുക്കറിയാം. എങ്കിലേ നമ്മുടെ ട്യൂറിസം വളരുകയും അതുമായി ബന്ധപ്പെട്ട് പല ഗുണങ്ങളും നമുക്ക് ലഭിക്കുകയും ചെയ്യുകയുള്ളൂ. അതുപോലെ ഏതു മതവുമായി ബന്ധപ്പെട്ടായാലും ഇതുപോലെ ആളുകൾ നമ്മുടെ നാട്ടിലേയ്ക്ക് വൻ തോതിൽ എത്തിച്ചേരുമ്പോൾ അവർക്ക് സൌകര്യങ്ങളും സംരക്ഷണവും ഒരുക്കാൻ സമൂഹവും സർക്കാരും ഒരുപോലെ ബാദ്ധ്യസ്ഥമാണ്.

തീർത്ഥാടനവും ആഘോഷങ്ങളും നമുക്ക് ഒഴിവാക്കാൻ ആകാത്തതാണ്. അവ നമ്മുടെ വിശ്വാസങ്ങളുടെയും പാരമ്പര്യത്തിന്റെയും ഒക്കെ ഒരു തുടർച്ചയാണ്. ഇന്ന് അഘോഷിക്കുവാൻ വേണ്ടി ആഘോഷിക്കുന്ന പ്രവണതയും ഇവിടെ വർദ്ധിച്ചു വരുന്നുണ്ട്. നമ്മുടെ മിക്ക ആഘോഷങ്ങളും ഏതെങ്കിലും മതവിശ്വാസത്തോടു ബന്ധപ്പെട്ടതാണ്. പല ആഘോഷ വേളകളിലും അഭൂത പൂർവ്വമായ ജനത്തിരക്ക് ഉണ്ടാകുന്നുണ്ട്. ജങ്ങൾക്ക് അത് പല അസൌകര്യങ്ങളും പലപ്പോഴും ഉണ്ടാക്കുന്നുമുണ്ട്; ഗതാഗത തടസം ഉൾപ്പെടെ. എന്നാം നമ്മുടെ ആളുകൾ വിശ്വാസത്തിന്റെ ഭാഗമായി നടത്തുന്ന ഈ ഉത്സവാഘോഷങ്ങൾ ഒന്നും വേണ്ടെന്നുവയ്ക്കാനുമാകില്ല. ഇവിടെ ചില നിയന്ത്രണങ്ങളാണ് വേണ്ടത്. എന്നാൽ മതവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തിൽ ഒരു സർക്കാരും തൊട്ടു കളിക്കില്ല. അഥവാ അതിന് ധൈര്യമില്ല. അതുകൊണ്ട് മതപരമായ ഉത്സവാഘോഷങ്ങളുടെകാര്യത്തിൽ അതിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്കോ അതിൽ ഉൾപ്പെടാത്ത മറ്റ് ജനവിഭാഗങ്ങങ്ങൾക്കോ അപകടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ക്രമീകരണങ്ങളോ നിയന്ത്രണങ്ങളോ എടുക്കുന്നതിന് സർക്കാരുകൾക്ക് പല പരിമിതികളും ഉണ്ട്. ഏറെ ആളിക്കത്താൻ സാദ്ധ്യതയുള്ള വികാരമാണ് മത വികാരം. അതിൽ തൊട്ടാൽ പൊള്ളും. അതുകൊണ്ട് സർക്കാരിനെ അധികം കുറ്റം പറയുന്നതിൽ അർത്ഥമില്ല. പക്ഷെ കോടതികളോ?

കോടതികൾക്ക് ഇക്കാര്യത്തിൽ ഭരണകൂടങ്ങളുടെ പരിമിതികൾ മനസിലാക്കി ഇടപെടാവുന്നതാണ്. എന്നാൽ കോടതികൾക്കും ഇക്കാര്യത്തിൽ ഭയമാണ് എന്ന് കരുതേണ്ടിവന്നിരിക്കുന്നു. സർക്കാർ പരാജയപ്പെടുന്നിടത്ത് നീതിപീഠത്തിനു ഇടപെടാൻ കഴിയും.അഥവാ കഴിയണം. എന്നാൽ നിർഭാഗ്യവശാൽ അടുത്തകാലത്തായി രാഷ്ട്രീയ എക്സിക്യൂട്ടീവുകളെ അലോസരപ്പെടുത്തുന്ന വിധികളിലൂടെ വിവാദം ഉണ്ടാക്കുവാനാണ് നമ്മുടെ ജുഡീഷ്യറിക്ക് പലപ്പോഴും തല്പര്യം എന്നൊരു തോന്നൽ ഉണ്ടാകുകയാണ്. അല്ലെങ്കിൽ ഒരു മതാഘോഷത്തോളം ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്ത വഴിയോര പൊതുയോഗങ്ങളെപോലും നിരോധിക്കുന്ന വിധി പറഞ്ഞ് ജനാധിപത്യ ധ്വംസനം നടത്തുന്ന നീതി പീഠങ്ങൾ എന്തേ ചിലതരം ആശാസ്യമല്ലാത്ത മതപ്രവർത്തനങ്ങളും മതാഘോഷങ്ങളും ഉയർത്തുന്ന മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന ഇടപെടലുകൾ നടത്താത്തത്. വിധികൾ പറയാത്തത്?

മനുഷ്യനിൽ ആത്മ വിശ്വാസം നഷ്ടപ്പെടുകയും അവൻ അരക്ഷിതരാണെന്ന വിചാരം കൂടി വരികയും ചെയ്യുന്നിടത്ത് വിശ്വാസത്തിന്റെ ശക്തിയും കൂടിവരും. ഇതിനനുസരിച്ച് തീർത്ഥാടനങ്ങൾക്കും ആഘോഷങ്ങൾക്കും കൊഴുപ്പുകൂടും. ആൾത്തിരക്കുണ്ടാകും. ഓരോ ആൾത്തിരക്കുകളും വലിയ അപകടങ്ങളുടെ സാദ്ധ്യതനൽകുന്നതാണ്. അവയിൽ അവരവരുടെ വിശ്വാസങ്ങൾക്ക് കോട്ടം തട്ടാത്തവിധം നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്താൻ ഇനിയും നാം ശ്രമിക്കുന്നില്ലെങ്കിൽ വൻ ദുരന്തങ്ങൾ ഇനിയും നമ്മെ തേടിയെത്തിക്കൂടെന്നില്ല. മതത്തിന്റെ പേരിൽ ഉള്ളതായാലും മറ്റേതെങ്കിലും വിശ്വാസത്തിന്റെ പേരിലുള്ളതായാലും നാലാൾ കൂടുന്നിടത്തൊക്കെ ഭരണസംവിധാനങ്ങൾക്കും ജനങ്ങൾക്കും നല്ല മുൻ കരുതലുകളും ജാഗ്രതയും വേണം.

No comments:

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...