എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, May 18, 2011

യു.ഡി.എഫ് ഭരണം: പറഞ്ഞതൊന്നും വിഴുങ്ങില്ലെന്ന് കരുതുന്നു

യു.ഡി.എഫ് ഭരണം: പറഞ്ഞതൊന്നും വിഴുങ്ങില്ലെന്ന് കരുതുന്നു

യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമയിരുന്നു ഒരു രൂപയ്ക്ക് അരി നൽകും എന്നത്. പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നയുടൻ അത് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ പേട്രോൾ ഡീസൽ വില കൂട്ടുമ്പോൾ അവയിൽ നിന്ന് സംസ്ഥാനത്തിനു ലഭിക്കുന്ന നികുതി വേണ്ടെന്നു വച്ചു കൊണ്ട് വിലവർദ്ധനവ് പിടിച്ചു നിർത്തണമെന്നാണ് മുമ്പ് ഇടതുപക്ഷ സർക്കാരിനോട് യു.ഡി.എഫ് നേതാക്കൾ പറഞ്ഞത്.

ഇപ്പോൾ പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടിയിരിക്കുകയാണല്ലോ. തീർച്ചയായും യു.ഡി.എഫിന്റെ മുൻ നിലപാടിൽ ഉറച്ചു നിന്ന് പെട്രോൾ ഉല്പനങ്ങളുടെ വില കൂട്ടുന്നതിനനുസരിച്ച് അവയിൽ നിന്ന് സംസ്ഥാനത്തിനു കിട്ടുന്ന നികുതി വേണ്ടെന്നു വച്ച് ഈ വില വർദ്ധനവിനെ തടഞ്ഞു നിർത്താൻ പുതിയ യു.ഡി.എഫ് സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതുപോലെ ഒത്തിരി കാര്യങ്ങൾ ഉണ്ട്. എം.എ.ബേബിയെ വിമർശിച്ചിരുന്നവർ സ്വാശ്രയ വിദ്യാഭ്യാസ സംഗത്ത് സാമൂഹ്യ നീതി കൈവരിക്കാൻ എന്തൊക്കെ ചെയ്യാൻ പോകുന്നുവെന്നും അറിയാൻ താല്പര്യമുണ്ട്. കയറിയതല്ലേയുള്ളൂ. തിടുക്കമില്ല. ട്രഷറി പൂട്ടാതെ തോമസ് ഐസക്ക് അഞ്ചു വർഷം കൊണ്ടു പോയി. ഇനി യു.ഡി.എഫ് ധനമന്ത്രിയും ധനശാസ്ത്ര പണ്ഠിതനുമായ മാണിസാറിനും അതു കഴിയുമെന്നാണ് പ്രതീക്ഷ.

വിദ്യാഭ്യാസ രംഗം ഉടച്ചു വാർക്കുന്നത്, അഴിമതി തുടച്ചു നീക്കുന്നത്, പോലീസ് സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ , ആരോഗ്യരംഗത്തെ പരിഷ്കാരങ്ങൾ എല്ലാം കണ്ടിട്ടു വേണം ഇനി അടുത്ത ഇലക്ഷനിൽ ആർക്ക് വോട്ട് ചെയ്യണം എന്നു തീരുമാനിക്കാൻ! ഉദ്യോഗസ്ഥ മേഖലയിൽ എല്ലാം അഴിമതി തുടച്ചു നീക്കപ്പെടും. നമ്മുടെ ചെക്ക് പോസ്റ്റുകളിൽ പോലും ഇനി യാതൊരു വിധ അഴിമതിയും കൈക്കൂലിയും നടമാടുകയില്ല. കാരണം അഴിമതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്ന ഒരു സർക്കാരാണ് ഇനി അധികാരത്തിൽ.

ഒരു അഴിമതി വിരുദ്ധ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന നിലയിൽ വരെ കാര്യങ്ങൾ പുരോഗമിക്കാം.ത്രീ ജി സ്പെക്ട്രം അഴിമതി പോലെയുള്ള വലിയ അഴിമതികളിലൂടെ നേടാവുന്ന എണ്ണിയാലൊടുങ്ങാത്ത തുകയൊക്കെ കേട്ട് ആവേശ പുളകിതരായി ആരെങ്കിലും ആ വഴിക്കു നീങ്ങാമെന്നു വിചാരിക്കുകയോ തുകയെല്ലാം അടിച്ചു മാറ്റി ഭദ്രമായ സ്ഥലങ്ങളിൽ നിക്ഷേപിച്ച ശേഷം സുരക്ഷിതമായി എ.സി ജയിലിൽ സുഖവാസത്തിന് പോകാമെന്നോ വീണ്ടും ഒരിക്കൽ മടങ്ങി വന്ന് മന്ത്രിയാകാമെന്നോ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി! കോൺഗ്രസ്സ് ഭരിക്കുമ്പോൾ നടക്കില്ല.

ഏതെങ്കിലും ഒരാരോപണത്തിന്റെയോ അഴിമതിയുടേയോ പേരിൽ ആയുഷ്കാലം രാഷ്ട്രീയത്തുക് നിന്ന് ആരെയും അകറ്റേണ്ടകാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടിയെ സാക്ഷിനിർത്തി പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിയ്ക്ക് ആർക്കും എന്തും ചെയ്യാം. കാലം കുറെ കഴിയുമ്പോൾ കാലപ്പഴക്കത്തിന്റെ ആനുകൂല്യം നൽകി കേസുകൾ ഒക്കെ വെറുതേ വിട്ട് മപ്പാക്കാം. ഭരണത്തിലും ഏറാം. സൽഭരണവും നടത്താം! വോട്ട് ചെയ്ത് ജയിപ്പിക്കാൻ ജനങ്ങളുള്ളപ്പോൾ ആരെ പേടിക്കാൻ!


ഡോക്ടർമാരിൽ ചിലരൊക്കെ വീണ്ടും പ്രൈവറ്റ് പ്രാക്ടീസ് തുടങ്ങാൻ പോകുന്നതായി കേൾക്കുന്നുണ്ട്. അതൊന്നും യു.ഡി.എഫിന്റെ കീഴിൽ നടക്കില്ല. ശ്രീമതി ടീച്ചർ ഭരിച്ചു മുടിച്ച ആരോഗ്യരംഗത്തെ പുത്തൻ ഉടച്ചു വാർക്കലുകളോടെ പ്രൈവറ്റ് ആശുപത്രികളിൽ തള്ള് കുറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എല്ലാ ജില്ലകളിലും ഗ്രാമ ഗ്രാമാന്തരങ്ങളിൽ വരുന്ന ഐ.റ്റി പാർക്കുകളിൽ ജോലിക്കപേക്ഷിക്കാൻ കാത്തു നിൽക്കുന്ന യുവജനങ്ങളെ നിരാശരാക്കില്ലെന്നാണ് വിശ്വാസം.

ബസ് ചാർജ് വർദ്ധന, വൈദ്യുതി ബില്ല് കൂട്ടൽ, പവ്വർ കട്ട് എന്നിവ ഇനി ഉണ്ടാകില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയത് എൽ.ഡി.എഫ് സർക്കാരിന്റെ നയപരിപാടികളുടെ ഫലമായിട്ടായിരുന്നു. ഇനി അതെല്ലാം കുത്തനെ കുറയും. പൊതു വിതരണ സമ്പ്രദായം കുറ്റമറ്റതാകും. സാധാരണ കടകളിൽ പോലും സാധന വില കുറച്ചു കിട്ടുമെന്നു വരുമ്പോൾ പിന്നെ പൊതു വിതരണ ശൃംഘലകളുടെ ആവശ്യം തന്നെ ഉണ്ടാകുമോ എന്നറിയില്ല.

വ്യവസായങ്ങൾ വരുന്നതിന് തടസമായ സി.പി.എം പോളിസികൾ ഇനി ഇല്ലാത്തതിനാൽ, മിനിമം ഒരു ഗ്രാമത്തിൽ ഒരു വ്യവസായം വീതം വരാൻ അധികനാൾ വേണ്ടി വരില്ലെന്നു കരുതുന്നു. വ്യാവസായികമായി വികസിക്കുന്നതോടെ ഒരു വികസിത രാജ്യത്തിന്റെ സ്വഭാവം നമ്മുടെ സംസ്ഥാനത്തിനു കൈവരും. അത് കണ്ട് പഠിക്കാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നും അന്യ രാജ്യങ്ങളിൽ നിന്നും വരുന്ന പഠന സംഘങ്ങൾ ഇനി പതിവു കാഴ്ചകളാവും. ചുളുവിന് കുറച്ച് വിദേശനാണ്യവും!

സ്ത്രീപീഡനം, അഴിമതി, അക്രമം എന്നിവ ഇനി കേട്ടു കേൾവികൾ മാത്രമായിരിക്കും. ഇടതു സർക്കാരിന്റെ കീഴിൽ അതൊക്കെയായിരുന്നല്ലോ സംഭവിച്ചുകൊണ്ടിരുന്നത്. ചുമ്മാതാണോ ജനങ്ങൾ എൽ.ഡി.എഫിനെ തൂത്തെറിഞ്ഞത്! മര്യാദയ്ക്ക് ഭരിക്കണമായിരുന്നു. ജനങ്ങളുടെ സ്വൈരത കെട്ടു പോയിരുന്നു. നാട്ടിൽ ജീവിക്കാൻ പറ്റാതായി പോയി!

ഇനി നമ്മുടെ പെൻഷൻ ആനുകൂല്യങ്ങൾ കുത്തനെ കൂടും. മാസം കർഷകത്തൊഴിലാളി പെൻഷൻ അടക്കം ആയിരത്തി അഞ്ഞൂറെങ്കിലും ആകുമെന്നാണ് പ്രതീക്ഷിക്കാവുന്നത്. കാരണം എൽ.ഡി.എഫ് ഇപ്പോൾ പരമാവധി അഞ്ഞൂറും ഭാവിയിൽ ആയിരവും മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്. അതിൽ ഒരു അഞ്ഞൂറെങ്കിലും കൂട്ടി കൊടുത്തില്ലെങ്കിൽ പിന്നെ എന്ത് യു.ഡി.എഫ്?

ജനപക്ഷത്ത് നിൽക്കുന്ന, സാധരണക്കാരുടെയും പാവപ്പെട്ടവരുടെയും മുന്നണിയായ യു.ഡി.എഫ് ഭരണത്തിലൂടെ നമ്മുടെ കൊച്ചു കേരളം സമ്പൂർണ്ണ സോഷ്യലിസം എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും എന്ന പ്രതീക്ഷ നമുക്ക് വച്ചു പുലർത്താവുന്നതേ ഉള്ളൂ! മാർക്സിസ്റ്റ് പാർട്ടിയോടല്ലാതെ സോഷ്യലിസത്തോട് എതിർപ്പൊന്നുമില്ലെന്ന് പല കോൺഗ്രസ്സ് നേതാക്കളും പ്രസംഗിച്ചു കേട്ടിട്ടുണ്ട്.

മാത്രവുമല്ല ഇന്ത്യ സോഷ്യലിസത്തിന്റെ പാതയിലൂടെ മുന്നേറിയതു കണ്ട് ഭയന്ന് വിറച്ച് അമേരിക്ക ഇപ്പോൾ ഇന്ത്യയെ സഖ്യരാഷ്ട്രങ്ങളിലൊന്നായി കരുതി തുടങ്ങിയല്ലോ! പണ്ടത്തെ സോവിയറ്റ് യൂണിയനുമായുണ്ടയിരുന്ന ശത്രുത പോലെ പോലെ ഒരു സോഷ്യലിസ്റ്റ് രഷ്ട്രത്തെ വെറുപ്പിച്ച് ശത്രുവാക്കുന്നതിനെക്കാൾ തന്ത്രപരമാ‍യി കൂടെ നിർത്തുന്നതാണല്ലോ ബുദ്ധി!

സോഷ്യലിസം ഇടതുപക്ഷത്തിനു പ്രസംഗിക്കാനുള്ളതും യു.ഡി.എഫിനും അതിനു നേതൃത്വം നൽകുന്ന കോൺഗ്രസ്സിനും പ്രായോഗികമായി നടപ്പാക്കാനുള്ളതുമായ ഒരു വ്യവസ്ഥയാണെന്ന് തെളിയിക്കാൻ അഞ്ചു വർഷം തന്നെ വേണ്ടി വരില്ലെന്നാണ് വിശ്വസം. പ്രത്യേകിച്ചും പ്രഗൽഭ മതികളായ എല്ലാവരും പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ഉള്ളപ്പോൾ!

ആരു പറഞ്ഞു നമ്മുടെ കേരളം തകരുമെന്ന്.ദൈവം എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ? ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം എന്നും അങ്ങനെ ഇടതുപക്ഷ ചെകുത്താന്മാർക്ക് വിട്ടുകൊടുക്കുമോ? ഒരിക്കലുമില്ല. നമുക്ക് സന്തോഷിക്കുക!

1 comment:

ponmalakkaran | പൊന്മളക്കാരന്‍ said...

ഒന്ന് ക്ഷമി... ചേട്ടാ..................,

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...