ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം:
ഗലീലിയോ നാടകം സമകാലിക പ്രസക്തിയുള്ളതാണ്. ഇത് ഇക്കാലത്ത് അവതരിപ്പിയ്ക്കേണ്ടത് കേരളാ ശാസ്ത്രസാഹിത്യ പരിഷത്തുപോലെ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവിക കടമയാണ്. നാടകത്തിന്റെ അവതരണത്തിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും ജനങ്ങൾക്കിടയിൽ അവതരിപ്പിയ്ക്കുന്നത് പ്രോത്സാഹനജനകമാണ്. നാടകത്തിനു മൊത്തത്തിൽ ചില പോരായ്മകളും വന്നുപോയിട്ടുണ്ട്. അതു ചൂണ്ടി കാണിയ്ക്കുന്നു. മലയാള നാടകപ്രസ്ഥാനത്തെ വളർത്താനും പരിഷത്തിന്റെ ശ്രമം സഹായകം. ജനങ്ങളിൽനിന്നും അകന്ന പരിഷത്ത് അതിന്റെ ജനകീയ മുഖം വീണ്ടെടുക്കുന്നതു നന്നായിരിയ്ക്കും. ശാസ്ത്രബോധം വളർത്താൻ ഉപകരിയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് ആശംസകൾ!
ഗലീലിയോ നാടകം
നാടകം മരിച്ചു എന്നൊക്കെ പറയുന്നതു വെറുതെ; ഇടയ്ക്കൊക്കെ അതു മരിച്ചതുപോലെ കിടന്നെന്നിരിയ്ക്കും. എന്നിട്ടു കൂടെക്കൂടെ ചാടി എഴുന്നേറ്റ് നിവർന്നു നിന്നു പറയും, ഞാൻ ഇവിടെ ജീവനോടെ ഉണ്ട് എന്ന്. അതിനു പലരും, പലതും നിമിത്തമാകണമെന്നു മാത്രം. അഥവാ നാടകത്തെ അതിന്റെ രംഗഭാഷയുടെ ശക്തി കണ്ടറിഞ്ഞ് പ്രയോജനപ്പെടുത്താൻ ആരെങ്കിലും മുതിർന്നാൽ മതി അതിന് വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ. (സിനിമ എന്നൊരു മാധ്യമം വന്നില്ലായിരുന്നെങ്കിൽ ഇന്നും ഏറ്റവും കൂടുതൽ ജനങ്ങൾ കാണുകയും, അവരെ സ്വാധീനിയ്ക്കുകയും ചെയ്യുന്ന ഒരു കലാരൂപമാകുമായിരുന്നു നാടകം.) അങ്ങനെ നമ്മുടെ ഉറങ്ങിക്കിടക്കുന്ന തനതു നാടക പാരമ്പര്യത്തെ കൂടെ കൂടെ വിളിച്ചുണർത്തുന്ന ഒരു പ്രസ്ഥാനമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ആശയങ്ങൾ പ്രചരിപ്പിയ്ക്കുന്നതിനു നാടകം എന്ന ജീവസുറ്റ ജനകീയ കലയെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുള്ള പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പരിഷത്തിന്റെ പ്രചരണ ജാഥകളിൽ സാധാരണ ഒരു കൂട്ടം ചെറിയ ചെറിയ നാടകങ്ങൾ അവതരിപ്പിയ്ക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ പരിഷത്ത് ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മുഴുനീളൻ നാടകവുമായാണ് രംഗത്തെത്തിയിരിയ്ക്കുന്നത്. ഒരു നല്ല ഉദ്യമം. അതും വിഖ്യാത ശസ്ത്രജ്ഞൻ ഗലീലിയെ കുറിച്ച്.! ബർത്തോൾഡ് ബൃഹത്ത് എന്ന ജർമ്മൻ നാടക കൃത്ത് എഴുതിയ നാടകത്തിന്റെ മലയാളം ആവിഷ്കാരമാണ് ഇത്.
നാടകം എഴുതപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലും, അതിനാസ്പദമായ വിഷയം പതിനേഴാം നൂറ്റാണ്ടിൽ സംഭവിച്ചതുമാണ്. എങ്കിലും സമകാലിക സാമൂഹ്യ സാഹചര്യം ഇങ്ങനെ ഒരു നാടകം ആവശ്യപ്പെടുന്നുണ്ട്. ഗലീലിയോയുടെ ജീവിത കാലത്തെ വെല്ലുന്ന തരത്തിൽ മതമേധാവിത്വം പലമാർഗ്ഗങ്ങളിലും അരങ്ങുവാഴാൻ ശ്രമിയ്ക്കുകയും അതിൽ വിജയം വരിയ്ക്കുകയും ചെയ്യുന്നതിലൂടെ പഴയകാലത്തിന്റെ പുനരാവിഷ്കരണം ഇവിടെ നാം കണ്ടു കൊണ്ടിരിയ്ക്കുന്നുണ്ട്. പണ്ട് അജ്ഞതകൊണ്ട് ശാസ്ത്രത്തെ നിരാകരിയ്ക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് വിസ്മയിപ്പിയ്ക്കുന്ന അറിവുകളുടെ അദ്ഭുതലോകത്തു നിന്നു കൊണ്ട് മനപൂർവ്വം ശാസ്ത്രത്തെ നിരാകരിയ്ക്കുവാൻ ശ്രമിയ്ക്കുന്നു എന്നതാണ് വ്യത്യാസം. ഇന്ന് ശാസ്ത്രത്തെ അവിശ്വസിയ്ക്കുക, നിരാകരിയ്ക്കുക മുതലായവയാണ് ശരിയായ ജീവിത മാതൃക എന്ന നിലപാട് സമൂഹത്തിനുമേൽ അടിച്ചേല്പിയ്ക്കുകയാണ്. ശാസ്ത്രത്തിന്റെ എല്ലാ സൽഫലങ്ങളും അനുഭവിയ്ക്കുകയും ശാസ്ത്രമാർഗ്ഗത്തിൽ മനുഷ്യൻ ആർജ്ജിച്ച നേട്ടങ്ങളിൽ ഊറ്റം കൊള്ളുകയും, അതേ സമയം ശാസ്ത്രത്തിന് അതീതമായി എന്തൊക്കെയോ ഉണ്ടെന്നും അതാണ് ശാസ്ത്രത്തിന്റെ പോലും വളർച്ചയ്ക്കു നിദാനമെന്നും ഉള്ള മണ്ടൻ തത്വശാസ്ത്രം ബോധപൂർവ്വം പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നു.
ശാസ്ത്രമാണ് ശാശ്വത സത്യമെന്നവിശ്വാസം എല്ലാവരും അംഗീകരിച്ചാൽ പിന്നെ നിലനിൽപ്പില്ലാത്ത മതം ഉൾപ്പെടെ ചില ശാസ്ത്രാതീത പ്രസ്ഥാനങ്ങളും അവയുടെ മേധാവികൾ ഉൾപ്പെടെയുള്ള അവയുടെ ഗുണഭോക്താക്കളും, അധികാരലഭ്യതയുടെ അവിഹിത മാർഗ്ഗമായി ഇവയെ ഉപയോഗിയ്ക്കുന്നവരുമായ ശക്തികളാണ് എല്ലാ ശാസ്ത്രവിരുദ്ധ പ്രചരണങ്ങൾക്കും പിന്നിൽ. ഗലീലിയോയുടെ കാലത്തു മാത്രമല്ല, ഇന്നും സംഘടിത മതങ്ങൾ സ്വതന്ത്ര ചിന്തയ്ക്കും ആശയപ്രകാശനത്തിനും മനുഷ്യ പുരോഗതിയ്ക്കാകെയും തടസ്സമായി നിൽക്കുന്നുണ്ട്. ഇന്നും ആളും ആയുധവും പണവും അധികാരവും എല്ലാം ലോകത്തെവിടെയും മത മേലാളരുടെ മേധവിത്വത്തിൻ കീഴിലാണ് എന്നതാണു സത്യം. ഇന്ന് ഭീകരതയുടെ മാർഗ്ഗത്തിലും മതങ്ങൾ മേൽക്കൊയ്മ നിലനിർത്താൻ ശ്രമിയ്ക്കുകയാണ്. കാലം ചവറ്റു കുട്ടയിലേയ്ക്കു വലിച്ചെറിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊടിതട്ടി മിനുക്കിയെടുത്തു കൊണ്ടുവരാനുള്ള ബോധപൂർവ്വമായ പരിശ്രങ്ങളും ഇന്ന് നടന്നുകൊണ്ടിരിയ്ക്കുന്നു. ഇങ്ങനെയുള്ള ഒരു വർത്തമാനകാലത്തിൽ ജനങ്ങൾക്ക് പുരോഗമന ആശയങ്ങളും, ശാസ്ത്രവും, ശാസ്ത്രബോധവും ഉൾക്കൊള്ളുവാൻ സഹായകമായ ഒരു എളിയ ശ്രമം പോലും ഏറെ പ്രോത്സാഹനം അർഹിയ്ക്കുന്നതാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമാണെങ്കിലും ശാസ്ത്ര സാഹിത്യ പരിഷത്ത് ഗലീലിയോ എന്ന നാടകവുമായി ഒരു യാത്ര നടത്തുന്നത് തീർച്ചയായും അഭിനന്ദനം അർഹിയ്ക്കുന്നു. സാമൂഹ്യ നവോത്ഥാനത്തിനും ശാസ്ത്രം പ്രചരിപ്പിയ്ക്കുന്നതിനും പരിഷത്ത് നൽകിയിട്ടുള്ള സേവനങ്ങൾ വിലപ്പെട്ടതാണ്.
എന്നാൽ കുറെ കാലമായി പരിഷത്ത് ജനങ്ങളിൽ നിന്ന് ഏറെ അകന്നു നിൽക്കുകയായിരുന്നു എന്നതും ഒരു യാതാർത്ഥ്യമാണ്. പുസ്തകം വിറ്റും മറ്റും സാമ്പത്തികമായി അല്പം മെച്ചപ്പെട്ട സ്ഥിതിയിൽ എത്തിയതും, ഔദ്യോഗിക തലത്തിൽ തന്നെ ചില സ്ഥാനമാനങ്ങളും അതുവഴി വിവിധ സാമ്പത്തിക സ്രോതസ്സുകളും പരിഷത്തിനും അതിന്റെ നേതാക്കൾക്കും തുറന്നു കിട്ടിയതും മാത്രമല്ല, എല്ലാം തികഞ്ഞവർ തങ്ങളാണെന്ന ചില മിഥ്യാ ധാരണകളും അതിൽനിന്നുണ്ടായ ഗർവ്വും ഒക്കെ ഒരു പ്രസ്ഥാനം എന്ന നിലയിൽ പരിഷത്തിനെ ജനങ്ങളിൽനിന്നും ജനാധിപത്യ പ്രസ്ഥാനങ്ങളിൽ നിന്നും അകറ്റിയിട്ടുണ്ട്. കൂടാതെ മിക്ക പ്രദേശങ്ങളിലും ജനസമ്മതിയില്ലാത്ത പ്രവർത്തകരാണ് പരിഷത്ത് കൊണ്ടു നടക്കുന്നതെന്നതും ഇതിനെ ജനങ്ങളിൽനിന്നും അകറ്റി. ജനപ്രീതിയുടെ മാനദണ്ഡത്തിൽ ഉള്ളവർക്കു മാത്രമായി കൊണ്ടു പോകാൻ കഴിയുന്നതുമല്ല പരിഷത്ത്. അതില്ലാത്തവരുടെയും പലതരം സേവനങ്ങളും പരിഷത്തിനു പ്രയോജനപ്പെടുത്തേണ്ടി വരും. എന്നാൽ ബുദ്ധിജീവി നാട്യവുമായി നടക്കുന്ന ഒരു വിഭാഗത്തിനു മാത്രം കൊണ്ടു നടക്കാനുള്ള ഒന്നായി മാറരുത് പരിഷത്ത്. എന്നാൽ ജനങ്ങളുമായി ഇതിനെ കൂട്ടിയിണക്കുവാൻ ജനസമ്മതരും പൊതു പ്രവർത്തകരുമായ വിവിധ മേഖലകളിലുള്ളവരുടെ സേവനം കൂടി പരിഷത്ത് പ്രയോജനപ്പെടുത്തണം. പരിഷത്തിന്റെ യൂണിറ്റുകളും യൂണിറ്റുതല പ്രവർത്തനങ്ങളും ഇപ്പോൾ എത്രയോ മന്ദീഭവിച്ചിരിയ്ക്കുന്നു. ഇപ്പോൾ ഈ നാടകയാത്രയിലൂടെയും മറ്റും പരിഷത്തിന്റെ ജന സമ്പർക്കം വീണ്ടെടുക്കാനും പരിഷത്ത് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാനും കഴിയുമെന്നു പ്രത്യാശിയ്ക്കുന്നു.
ഇനി ഗലീലിയോ നാടകത്തെക്കുറിച്ച് വിമർശനബുദ്ധിയിൽനിന്നും ചിലത് ; നാടകാവതരണത്തിന്റെ ലക്ഷ്യം സോദ്ദേശപരവും സ്പഷ്ടവുമാണ്. ഈ നാടകത്തിന്റെ സന്ദേശം നാടകം കാണുന്ന ഏതൊരാൾക്കും വ്യക്തമാകും. കാഴ്ചക്കാരനെ ഇതു സ്വാധീനിയ്ക്കുകയും ചെയ്യും.എങ്കിലും ശക്തമായ ഒരു കലാമാധ്യമം എന്ന നിലയിൽ ഈ നാടകത്തിനു ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. ഇതു പറയുമ്പോൾ ഈ നാടകം രംഗത്ത് അവതരിപ്പിയ്ക്കുവാനുള്ള പരിമിതികൾ മറക്കുന്നില്ല. ധാരാളം കഥാപാത്രങ്ങളുള്ള ഒരു മുഴുനീളൻ നാടകമാണിത്. മൂലകൃതിയോടു നീതി പുലർത്തിക്കൊണ്ടും, സ്ഥലകാല ബോധം ഉൾക്കൊണ്ടും, നമ്മുടെ നാടക സങ്കല്പങ്ങൾക്കും രംഗസാദ്ധ്യതകൾക്കും അനുസൃതമായും ഈ നാടകം അവതരിപ്പിയ്ക്കുക എന്നതു തന്നെ ശ്രമകരമായ ഒരു ദൌത്യമാണ്. ഒരു സമകലീന സ്പർശവുംകൂടി വേണമെന്നാകുമ്പോൾ ആവിഷ്കരിയ്ക്കുന്ന ആളും സംവിധായകനും ഒക്കെ മാനസികമായിത്തന്നെ നല്ല പിരിമുറുക്കം നേരിടും. നാടകത്തെക്കുറിച്ച് നല്ല അവബോധവും അനുഭവവും കൈമുതലായുള്ള പ്രൊ. പി.ഗംഗാധരനാണ് ഗലീലിയോ എന്ന നാടകം അവതരിപ്പിയ്ക്കാൻ കഴിയും വിധം പാകപ്പെടുത്തിയിട്ടുള്ളത്. തീർച്ചയായും അദ്ദേഹം ആത്മാർത്ഥമായി തന്നെയാണ് നാടകത്തിന്റെ ആവിഷ്കാരം നിർവ്വഹിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കുറ്റം കൊണ്ടു മാത്രമല്ലാത്ത പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിലും! ഒരു അന്യ ഭഷാ നാടകത്തെ മലയാളീകരിയ്ക്കുമ്പോൾ സ്വാഭാവികമായും അതിന്റേതായ ചില പരിമിതികളും ഉണ്ടാകുമല്ലോ!
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സ്ഥലങ്ങളിലായാണ് ഒരേ ദിവസം ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നിരിയ്ക്കുന്നത്.(14-11-2009) അതായത് ഒരേനാടകം മൂന്നു ടീമായി തിരിഞ്ഞ് കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിയ്ക്കുന്നു. ഈയുള്ളവൻ കണ്ടത് തിരുവനന്തപുരത്ത് എസ്.എം.വി സ്കൂളിൽ അവതരിപ്പിച്ച നാടകമാണ്. ഒരോ ടീമും അവതരിപ്പിയ്ക്കുമ്പോൾ അവതരണ ഭംഗിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. തിരുവനന്തപുരത്ത് അവതരിപ്പിച്ച നാടകം സംവിധായകനു പൂർണ്ണമായും സംതൃപ്തി നൽകുന്ന തരത്തിൽ അവതരിപ്പിയ്ക്കപ്പെട്ടുവോ എന്നത് അദ്ദേഹത്തിനോടുതന്നെ ചോദിയ്ക്കേണ്ടിയിരിയ്ക്കുന്നു. പരിമിതികൾ അംഗീകരിയ്ക്കുന്നുവെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെന്നു പറയാതെ വയ്യ! ഈ നാടകത്തിലെ നടീനടന്മാർ വേണ്ടത്ര അഭിനയ മികവു പുലർത്തിയില്ല എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ന്യൂനത. മിക്ക നടീ നടന്മാരും അഭിനയത്തിന്റെ ബാലപാഠങ്ങൾ പോലും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഒരു പക്ഷെ ഇതിൽ അഭിനയിച്ച എല്ലാവരും മുമ്പ് നാടകം അവതരിപ്പിച്ചു പരിചയമുള്ളവർ അയിരിയ്ക്കില്ല. ചിലരെങ്കിലും ആദ്യമായി രംഗവേദിയിൽ എത്തുന്നവരും ആയിരിയ്ക്കാം.
എന്നാൽ മുഖ്യകഥാപാത്രമായ ഗലീലിയോ എങ്കിലും കഥാപാത്രത്തോട് കുറച്ചു കൂടി നീതി പുലർത്തേണ്ടിയിരുന്നു. ഏതാണ്ട് ഗലീലിയോയുടെ രൂപ ഭാവങ്ങൾ ഉൾക്കൊള്ളിയ്ക്കാവുന്ന ഒരു മുഖം തെരഞ്ഞെടുത്തു എന്നതിനപ്പുറം ഈ കഥാപാത്രത്തിന് ഒരു അഭിനയമികവ് പുലർത്താൻ ആയില്ല. ഒരു ചരിത്ര സംഭവം നാടകമാക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾക്ക് ചരിത്രത്തിലെ ആ യഥാർത്ഥ വ്യക്തിയുടെ അതേ മുഖച്ഛായ ഉള്ളവർ തന്നെ വേണം എന്നൊന്നുമില്ല. അങ്ങനെ ഉള്ളവർ ആയാൽ കുറച്ചു കൂടി യഥാതതമായി തോന്നാനുള്ള ഒരു സാദ്ധ്യത ഉണ്ടെന്നേയുള്ളൂ. ചരിത്രത്തിലെ വ്യക്തിയുമായി സാമ്യമില്ലാത്ത മുഖമുള്ളവരാണെങ്കിലും അഭിനയ മികവുകൊണ്ട് ആ കഥാപാത്രത്തെ ശരിയാംവിധം പ്രതിഫലിപ്പിയ്ക്കാൻ കഴിയും. ഇവിടെ ഗലീലിയോ ആയി അഭിനയിച്ച നടന് ഗലീലിയോ എന്ന ശാസ്ത്രജ്ഞനെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്തതുപോലെ തോന്നിപ്പിച്ചു. ശബ്ദക്രമീകരണത്തിലായിരുന്നു പ്രധാന പോരായ്മ. പലപ്പോഴും ഗലീലിയോ പറയുന്നത് കേൾക്കാൻ തന്നെ കഴിഞ്ഞില്ല. ഒരു ശാസ്ത്രജ്ഞന്റെ നിസ്സഹായതകളെ പ്രതിഫലിപ്പിയ്ക്കാൻ കുറച്ചൊക്കെ ആ ഭാവ ചലനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു മെച്ചമാണ്. കുറച്ചുകൂടി ആത്മാർത്ഥത ഗലീലിയോ എന്ന കഥാപാത്രത്തോടു കാണിയ്ക്കണമായിരുന്നു എന്നൊരു തോന്നൽ നാടകം വിമർശന ബുദ്ധ്യാ കാണുന്നവരിൽ ഉണ്ടാക്കുവാൻ സാദ്ധ്യതയുണ്ട്. ആദ്യത്തെ സ്റ്റേജു കഴിയുമ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ടേക്കും എന്നൊരു പ്രതീക്ഷയ്ക്കു വകയുണ്ടെന്നു കരുതാം.
ഇനി മറ്റു കഥാപാത്രങ്ങളെ എടുത്താൽ മിക്കവരും കാണികളുടെ ശ്രദ്ധയെ തന്നെ ആകർഷിയ്ക്കാതെ പോയിട്ടുണ്ട്. ഒരു തരം തണുത്ത കഥാപാത്രങ്ങളായി പോയി മറ്റുള്ളവരൊക്കെ. മുഖ്യ കഥാപാത്രത്തിന്റെ പ്രാധാന്യത്തിനും പ്രകടനത്തിനും മുന്നിൽ ചിലപ്പോൾ മറ്റു കഥാപാത്രങ്ങൾ നിഷ്പ്രഭമായി പോകാറുണ്ട് ചില നാടകങ്ങളിൽ. ഇവിടെ പക്ഷേ മുഖ്യനടന്റെ പ്രകടനം തന്നെ മെച്ചമല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രകടനത്തിനു മുന്നിൽ മറ്റുള്ളവർ നിഷ്പ്രഭരായിപ്പോയി എന്നും പറയാനാവില്ല.തീർച്ചയായും കുറച്ചു കൂടി മെച്ചപ്പെടാനുണ്ട്, എല്ലാ കഥാപാത്രങ്ങളും. നാടകാഭിനയത്തിൽ സ്വന്തം ശബ്ദത്തിന്റെ സാദ്ധ്യതകൾ ഇതിലെ മിക്ക നടീനടന്മാരും മനസ്സിലാക്കാതെ പോയിട്ടുണ്ട്. പലരുടെയും മുഖത്ത് ഭാവാഭിനയം വേണ്ടത്ര ഇല്ലാതെയും പോയി. ഒരു തരം നിർവ്വികാരത. മിക്കവരും ശരീരഭാഷയിൽ ഒതുങ്ങിയതല്ലാതെ മുഖാഭിനയത്തിലും വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല. കഥാപാത്രങ്ങൾ ലാഘവത്തിൽ ഇങ്ങനെ വരുന്നു, പോകുന്നു എന്നൊരു പ്രതീതി പലപ്പോഴും ഉണ്ടായി.
സാധാരണ പരിഷത്ത് നാടകങ്ങളിലെ പാട്ടുകൾ പെട്ടെന്ന് മറക്കുന്നവയാകാറില്ല. പാട്ടുകൾക്ക് പൊതുവെ ഒരു പരിഷത്ത് ടച്ച് സാധാരണമാണ്. അതും ഇക്കുറി ഇല്ലാതെ പോയി. ഈടുറ്റ വരികളോ നല്ല സംഗീതമോ ഉണ്ടായില്ല. ഒരു പരിഷത്ത്നാടകം കണ്ടുകേട്ടിറങ്ങുമ്പോൾ ചുണ്ടിൽ രണ്ടുവരി പാട്ടെങ്കിലും തത്തിക്കളിച്ചില്ലെങ്കിൽ പിന്നെന്തു പരിഷത്ത് നാടകം. പലപ്പോഴും ഈ നാടകം നിശ്ചലമായി പോകുന്നോ എന്നു തോന്നുന്ന തണുപ്പൻ പ്രകടനം നടീനടന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. മറ്റൊന്ന് ഈ നാടകത്തിന് ഒരു സമകാലിക മുഖം നൽകിയിരിയ്ക്കുന്നു എന്നൊരു പരസ്യം നൽകാനാകില്ല. അതിനു സംവിധായകനു കഴിഞ്ഞിട്ടില്ല. ആദ്യത്തെ ഒരു രംഗം സമകാലികമാക്കി കാണികളെ ചിരിപ്പിച്ച് നാടകത്തിന് അല്പം കൂടി മിഴിവേകി എന്നതിനപ്പുറം പിന്നീട് സമകാലിക വിഷയങ്ങളുമായി കൂട്ടിയിണക്കുന്ന ഒന്നുമില്ല. സാക്ഷാൽ ചരിത്രം തന്നെ. അതിൽ പിന്നെ ഒഴിവാക്കലുകളല്ലാതെ എന്തെങ്കിലും കൂട്ടിച്ചേർക്കുന്നത് സത്യസന്ധതയ്ക്കു നിരക്കുന്നതല്ലെന്നു സംവിധായകൻ തിരിച്ചറിഞ്ഞതു കൊണ്ടാണെങ്കിൽ അതും ഒരു തരത്തിൽ നന്നായി. ദൂരദർശിനി കണ്ടു പിടിച്ചതു മുതൽക്കുള്ള ഗലീലിയോയുടെ ജീവിതത്തിലെ സംഭവങ്ങൾക്കാണ് ഇതിൽ പ്രാധാന്യം. അതു തന്നെ മുഖ്യപ്രമേയമാകേണ്ടതും. അവിടെ സമകാലികമായ ഏച്ചു കെട്ടലുകൾക്കു വലിയ പ്രസക്തിയുമില്ല.
മൊത്തത്തിൽ ഒരു ഇഴച്ചിൽ ഈ നാടകത്തിന്റെ ഒരു ന്യൂനത തന്നെയായിരുന്നു.സത്യത്തിൽ ഈ നാടകം രണ്ടു മണിക്കൂർ നീട്ടിക്കൊണ്ടു പോകേണ്ടിയിരുന്നോ? ആകെക്കൂടി ഒരു മണിക്കൂർ കൊണ്ട് തീരുന്ന നിലയിൽ ചുരുക്കിയിരുന്നെങ്കിൽ കൂടുതൽ ശക്തവും ചടുലവുമായേനെ എന്ന് ഈയുള്ളവനു തോന്നി. നീളത്തിലല്ല കാര്യം എന്ന് ഈ നാടകം തെളിയിക്കുന്നതുപോലെ. മാത്രവുമല്ല ഇന്നത്തെ കാലത്ത് പ്രൊഫഷണൽ നാടകം കാണുന്നതുപോലെ ഇങ്ങനെ ഒരു സോദ്ദേശ വൈജ്ഞാനിക നാടകം രണ്ടുമണിക്കൂർ ക്ഷമയോടെ കാണാൻ എത്രപേർ തയ്യാറാകും എന്നതും ചിന്തിയ്ക്കേണ്ടതാണ്. ഉദ്ഘാടന സദസ്സിൽ ആദ്യം കാണികളിൽ കണ്ട ഒരു ഉത്സാഹം അവസാനം വരെ നിലനിർത്താൻ നാടകത്തിനു കഴിഞ്ഞില്ല എന്നത് ഉദാഹരണമാണ്. പലരും നാടകം തീരുന്നതിനു മുൻപ് ഇറങ്ങി പോയി. ഇവർ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു. എന്നാൽ മറ്റുള്ളവർ നല്ലൊരു പങ്കും നാടകം കാണാൻ കരുതിക്കൂട്ടി സമയം കണ്ടെത്തി താല്പര്യപൂർവ്വം വന്നവരായതു കൊണ്ട് അവസാനം വരെ ക്ഷമിച്ച് ഇരുന്നിട്ടുള്ളതും ആകാം. ഞാൻ തന്നെ പിന്നീട് എവിടെയെങ്കിലും വച്ചു കാണാം ഇപ്പോൾ പോയാലോ എന്നു ചിന്തിച്ചതാണ്. പിന്നെ പത്രവാർത്തകണ്ട് പെരുമഴപ്പരുവത്തിനു കാശും ചെലവാക്കി തട്ടത്തുമലനിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്ത് , തിരുവനന്തപുരം വരെ വന്നിട്ടു മുഴുവൻ കാണാതെ പോയാലോ എന്നു ചിന്തിച്ച് കണ്ടു തീർത്തതാണ്. ഉദ്ഘാടന സദസ്സിൽ കാണികൾ ഹാൾ നിറഞ്ഞിരുന്നത് ആശ്വാസകരമാണ്. ഇങ്ങനത്തെ ഒരു സോദ്ദേശ നാടകം കാണാൻ ഇത്രയധികം ആളുകൾ വന്നത് നാടകം മരിയ്ക്കില്ലെന്നതിന്റെ തെളിവായെടുക്കാം.
ഗലീലിയോ നാടകം സംബന്ധിച്ച് ഇവിടെ ഉയർത്തിയിട്ടുള്ള വിമർശനങ്ങൾ വിമർശനബുദ്ധ്യാ നാടകം കാണുന്നവർക്കു മാത്രം ബാധകമായ കാര്യങ്ങളാണ്. നാടകം കാണുന്ന സാധാരണക്കാർക്ക് ഇതൊന്നും ബാധകമല്ല. പരിഷത്ത് ലക്ഷ്യം വയ്ക്കുന്നത് നാടക നിരൂപകരെ മാത്രമല്ലല്ലോ. ജനങ്ങളെ മൊത്തത്തിലല്ലേ? ഈ നാടകം കൊണ്ട് പരിഷത്ത് എന്താണോ ഉദ്ദേശിയ്ക്കുന്നത് ആ ലക്ഷ്യം സാക്ഷാൽക്കരിയ്ക്കുവാൻ ഈ നാടകാവതരണം സഹായിക്കും. അതിന് ഇത്രയൊക്കെ അവതരണ ഭംഗി മതിതാനും. എങ്കിലും ഇനിയുള്ള വേദികളിൽ ശ്രദ്ധിച്ചാൽ കുറച്ചു കൂടി കുറ്റമറ്റ രീതിയിൽ ഈ നല്ല നാടകം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിയ്ക്കുവാൻ കഴിയും. ആശംസകൾ!
പിൻകുറിപ്പ്: ഞാനും എന്റെ നാടകക്കാലത്ത് ഗലീലിയോ ഒരു ലഘുനാടകമാക്കി സ്കൂൾ കുട്ടികൾക്കു വേണ്ടി തയ്യാറാക്കി അവതരിപ്പിച്ച് , കുട്ടികൾക്കു സമ്മാനം ലഭിച്ചിരുന്നു എന്നത് ഇപ്പോൾ സാന്ദർഭികമായി ഇവിടെ പറഞ്ഞുകൊള്ളുന്നു.അതൊക്കെ ഒരു കാലം.....
എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!
Thursday, November 19, 2009
Saturday, November 14, 2009
അരുതോ, ഹർത്താലുകൾ ?
ഹർത്താലുകൾ വേണോ? ഹർത്താൽ നിരോധിക്കണോ? നിരോധിച്ചാൽ ഹർത്താൽ ഇല്ലാതാകുമോ? നിരോധിയ്ക്കുന്നതു ശരിയോ? നിരോധനം ആർക്കുവേണ്ടി?
മുൻകുറിപ്പ്: ഹർത്താലിനെ കുറിച്ചുള്ള ചില ശിഥിലമായ ചിന്തകൾക്ക് പരിമിതമായ അക്ഷര രൂപങ്ങൾ നൽകുകയാണിവിടെ. ചർച്ചകൾക്ക് ഒരു മുൻ കുറിപ്പ് എന്ന നിലയിൽ!
ഈ പോസ്റ്റിന്റെ ചുരുക്കം: ഹർത്താൽ നിരവധി സമര രൂപങ്ങളിൽ ഒന്നു മാത്രമാണ്. അവ നിരോധിയ്ക്കുന്നത് ജനാധിത്യാവകാശങ്ങളിൽ ഒന്നിന്റെ നിഷേധമാണ്.അത് അപ്രായോഗികവുമാണ്. എന്നാൽ ഹർത്താലുകളിൽ നിന്ന് വാഹന ഗതാകഗതത്തെ പൂർണ്ണമായും ഒഴിവാക്കണം. അവശ്യ സർവീസുകൾ സംബന്ധിച്ച് പുതിയ ലിസ്റ്റുണ്ടാകണം. അവയും ഹർത്താലിൽ നിന്ന് ഒഴിവാക്കണം.
അരുതോ, ഹർത്താലുകൾ ?
തുടർന്നു വായിക്കുക......
ഹർത്താലിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയിട്ടു കുറച്ചു നാളായി. ഇപ്പോൾ കോൺഗ്രസ്സ് പാർട്ടി ഹർത്താൽ നടത്തില്ലെന്നു തീരുമാനിയ്ക്കാൻ പോകുന്നതായ പ്രഖ്യാപനം നടത്തിയതോടെയാണ് അത് വീണ്ടും സജീവ ചർച്ചാവിഷയമാകുന്നത്. ഹർത്താൽ എന്നത് നിരവധി സമര രൂപങ്ങളിൽ ഒന്നു മാത്രമാണ്. സമരം ചെയ്യുക എന്നത് ജനാധിപത്യത്തിലെ ഒരു സ്വാഭാവികാവകാശമാണ്. അതുകൊണ്ടു തന്നെ സമാധാനപരമായും, നിരായുധമായും നടത്താവുന്ന ഏതെങ്കിലും സമര രൂപം നിരോധിയ്ക്കുന്നത് ജനാധിപത്യാവകാശങ്ങളിൽ ഒന്നു നിഷേധിയ്കുക എന്നതു തന്നെ. അതുകൊണ്ട് ഹർത്താലും ഒരു സമര രൂപമാകയാൽ അത് പൂർണ്ണമായും നിരോധിയ്ക്കുക എന്നത് പൌരാവകാശ നിഷേധം തന്നെ. അത് പ്രായോഗികവും അല്ല. ബന്ദ് നിരോധിച്ചപ്പോഴാണ് ഹർത്താൽ ബന്ദിന്റെ കൂടി അർത്ഥം കൈക്കൊണ്ടത്. ഇപ്പോൾ ഹർത്താൽ എന്നാൽ ബന്ദുതന്നെ എന്ന സ്ഥിതിയിലുമായി. ഇനി ഹർത്താൽ നിരോധിച്ചാൽ ഹർത്താൽ എന്ന വാക്ക് അവഗണിയ്ക്കപ്പെട്ട് നിഘണ്ടുവിലിരുന്ന് തുരുമ്പിയ്ക്കും എന്നല്ലാതെ, ഹർത്താൽ എന്ന വാക്ക് ഉൾക്കൊള്ളുന്ന സമര രൂപം അവസാനിയ്ക്കാൻ പോകുന്നില്ല. കാരണം ഓരേ അർത്ഥത്തിൽ പകരം പകരം ഉപയോഗിയ്ക്കാവുന്ന നിരവധി വാക്കുകൾ ഇനിയും മലയാളം ഉൾപ്പെടെ എല്ലാ ഭാഷാ നിഘണ്ടുകളിലും ഉണ്ട്. പണിമുടക്ക്, വിട്ടുനിൽക്കൽ, പ്രതിരോധം തുടങ്ങിയ സാധാരണ പദങ്ങൾ തന്നെ ധാരാളം. അതുമല്ലെങ്കിൽ പുതിയ ഒരു വാക്കു കണ്ടു പിടിച്ച് ഭാഷയ്ക്ക് മുതൽക്കൂട്ടുക തന്നെ.അതുകൊണ്ട് നിരോധനം കൊണ്ട് ഹർത്താലിനെ തുരത്താമെന്ന് ആരും കരുതേണ്ട. സമാധാനപരമായി സംഘടിയ്ക്കാനും പ്രതിഷേധിയ്ക്കാനും,സമരം ചെയ്യാനും, അഭിപ്രായം പറയാനും, വിമർശിയ്ക്കാനും ഒക്കെയുള്ള അവകാശം ഉൾക്കൊള്ളുന്നതാണു ജനാധിപത്യം.അല്ലാതെ സമയാസമയം വോട്ടു ചെയ്ത് ഒരു ഭരണകൂടത്തെ തെരഞ്ഞെടുത്തശേഷം കണ്ണും കാതും വായും പൂട്ടി കൈയ്യുംകെട്ടി ഇരുന്നുകൊള്ളണം എന്നതല്ല, ജനാധിപത്യം!
ഹർത്താലുകൾ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണു വാദമെങ്കിൽ, ആരാണീ ജനം? ഹർത്താൽ നടത്തുന്നവരും ജനമല്ലേ? ജനത്തെ ബുദ്ധിമുട്ടുയ്ക്കാതെ അർക്കും ഒരു സമരവും നടത്താൻ കഴിയില്ല. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത ഒരു സമരം സമരങ്ങളുടെ ചരിത്രത്തിൽ തന്നെ ഉണ്ടാകില്ല. ഗാന്ധിജിയുടെ സഹനസമരമായാൽ പോലും ആർക്കെങ്കിലും ഒക്കെ ബുദ്ധിമുട്ടുണ്ടാക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരരവും ആരെയും ബുദ്ധിമുട്ടിയ്ക്കാതെ നടത്തിയതല്ല. നമ്മുടെ സ്വാതന്ത്ര്യ സമരം കൊണ്ട് ബ്രിട്ടീഷുകാർ മാത്രമല്ല ബുദ്ധിമുട്ടിയത്. ഇന്ത്യക്കാരും ബുദ്ധിമുട്ടിയിട്ടുണ്ട്. സമരങ്ങളിലൊന്നും പങ്കെടുക്കാൻ ഇഷ്ടപ്പെടാത്തവരുടെ സൌകര്യത്തിന് ഒരു സമരവും നടത്താൻ കഴിയില്ല. സമരങ്ങളോട് താല്പര്യമില്ലാത്തവർ മാത്രമാണ് ജനമെന്ന സങ്കല്പം പാടില്ല. എല്ലാ കാലത്തും സമൂഹത്തിന്റെ മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിയ്ക്കുന്നവർ ഒരു ചെറിയ വിഭാഗം മാത്രമാണ് ഉണ്ടാവുക. അതാണു ചരിത്രം നമ്മെ പഠിപ്പിയ്ക്കുന്നതും.നല്ലൊരു പങ്ക് ആളുകളും നാട്ടിലോ രാജ്യത്തിലോ ലോകത്തിലോ എന്തു തന്നെ നടന്നാലും നമുക്കൊന്നുമില്ലെന്ന മട്ടിൽ സ്വന്തം കാര്യം നോക്കി കഴിയുന്നവരാണ്. അത് ബ്രിട്ടീഷുകാർ ഇവിടെ ഭരിയ്ക്കുന്ന കാലത്തും അങ്ങനെ തന്നെ ആയിരുന്നു. അക്കൂട്ടർക്ക് ഇവിടെ ആരു ഭരിച്ചാലും കണക്കു തന്നെ. വിദേശികൾ ഭരിച്ചാലും, രാജാവു ഭരിച്ചാലും, പട്ടാളം ഭരിച്ചാലും ഇനിയതല്ല ജനാധിപത്യഭരണം ആയാലും തങ്ങൾക്കു തങ്ങളുടെ കാര്യം എന്ന മട്ടിൽ ചിന്തിക്കുന്നവർ! അങ്ങനത്തോരെ സംബന്ധിച്ച് ഹർത്താൽ മാത്രമല്ല എല്ലാ സമരരൂപങ്ങളും എന്തിനു രാഷ്ട്രീയ പ്രവർത്തനം തന്നെ അവർക്ക് അരോചകമായി തോന്നും. അത്തരം സാമൂഹ്യ ബോധമില്ലാത്തവരും അരാഷ്ട്രീയ വാദികളും മാത്രമാണു ജനങ്ങളെന്നു ധരിയ്ക്കരുത്. അവരുടെ ചൊറിച്ചിൽ മാറ്റാൻ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ സംവിധാനങ്ങളും കൂട്ടു നിൽക്കരുത്.
കാരണം ഇപ്പോൾ അവർ ഹർത്താൽ വേണ്ടെന്നു പറയും. പിന്നെ പ്രകടനങ്ങൾ,. ജാഥകൾ, ധർണ്ണകൾ, പിക്കറ്റിംഗ്, പൊതുയോഗങ്ങൾ ഇവയൊന്നും വേണ്ടെന്നു പറയും. പിന്നെ അഭിപ്രായ സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പ് ഇതൊന്നും വേണ്ടെന്നു പറയും. അങ്ങനെ ഒടുവിൽ ജനാധിപത്യം തന്നെ ഇല്ലാതാകുമ്പോഴേ ഈ അസ്വസ്ഥരുടെ ചൊറിച്ചിൽ മാറുകയുള്ളു. ഇതൊരു പ്രത്യേകതരം ചൊറിച്ചിലാണ്. അതില്ലതാക്കാൻ ഹർത്താലല്ല സാക്ഷാൽ ബന്ദു തന്നെ വേണം! അരാഷ്ട്രീയതയുടെ മൂടുപടമണിഞ്ഞവരാണ് ഇതിൽ ചിലർ. പൊതുവെ, ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിയ്ക്കാൻ കൂടുതൽ താല്പര്യമെടുക്കുന്ന പ്രസ്ഥാനങ്ങളോടുള്ള അസഹിഷ്ണുതതന്നെയാണ് ഇതിൽ ചിലർക്ക്. ഒരു ജാഥ കാണുമ്പോഴും പ്രകടനം കാണുമ്പോഴും ഈ ചൊറിച്ചിലുകാർ മുറുമുറുക്കാറുണ്ട്. അവർക്കു റോഡു മുറിച്ച് കടക്കാൻ കഴിയുന്നില്ല, വാഹനം നിറുത്തിയിടുകയോ, വഴിമാറ്റി വിടുകയോ ചെയ്യേണ്ടിവരുന്നു തുടങ്ങിയ പരാതികളാണവർക്ക്. പിന്നെ ചിലർക്ക് സെക്രട്ടറിയേറ്റിനു മുന്നിലും മറ്റു സർക്കാർ ഓഫീസുകൾക്കു മുന്നിലും ധർണ്ണകളും പ്രകടങ്ങളും മറ്റും നടത്തുന്നതിലാണ് നീരസം. സർക്കാരിനെതിരെ സമരം നടത്തുന്നത് ഭരണസിരാകേന്ദ്രത്തിനു മുന്നിലല്ലാതെ പിന്നെ ഈ പറയുന്നോന്മാരുടെയൊക്കെ അച്ഛന്മാരുടെ വീട്ടുമുറ്റത്താണോ എന്നാരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? ഗവർണ്മെന്റിന്റെ ശ്രദ്ധതിരിയ്ക്കാനുള്ള ഒരു സമരം നഗരത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പറഞ്ഞ് മാമം കാളച്ചന്തയിൽ പോയിരുന്ന് നടത്തിയാൽ മതിയോ? നഗരത്തിരക്കിൽനിന്നു മാറി സമരം ചെയ്യാൻ പ്രത്യേകം സ്ഥലം കണ്ടെത്തണമെന്നു വാദിയ്ക്കുന്നവരും ഉണ്ട്. അവരുടെ വിചാരം ഈ സമരം എന്നു പറയുന്നത് എന്തോ കലാപരിപാടിയാണ് എന്നാണ്. രാജ്യത്ത് എന്തു നടന്നാലും തങ്ങളുടെ ജീവിതം സ്വസ്ഥമായിരുന്നാൽ മതിയെന്നു വിശ്വസിയ്ക്കുന്ന ഈ സ്വാർത്ഥ ജീവികൾ ആഗ്രഹിയ്ക്കുന്നതിനനുസരിച്ച് പരുവപ്പെടുത്തേണ്ട ഒന്നല്ല ഒരു ജനാധിപത്യ രാജ്യം. സജീവവും, ക്രിയാത്മമകവുമായി പ്രവർത്തിയ്ക്കുന്ന ഒരു ജനമാണ് ജനാധിപത്യത്തിന്റെ കാതൽ. ഒരു ജനാധിപത്യ രാജ്യം എപ്പോഴും സംഭവ ബഹുലമായിരിയ്ക്കും. ഭരണപക്ഷവും പ്രതിപക്ഷവും വിമർശനങ്ങളും സമരവും പൊതുയോഗങ്ങളും ജാഥകളും ഒക്കെയായി അതു മുന്നോട്ടു പോകും. അതൊന്നും പിടിയ്ക്കാത്തവർ വല്ല പട്ടാള രാജ്യത്തിലോ രാജഭരണമുള്ള നാടുകളിലോ പോയി സ്ഥിരവാസം ചെയ്യണം. അല്ലപിന്നെ! ഹർത്താലിനെതിരെ ശബ്ദിച്ച് ജനങ്ങളുടെ പ്രീതി ചുളുവിനു സമ്പാദിയ്ക്കാമെന്നു വച്ച് ചില രാഷ്ട്രീയ നേതാക്കൾ തന്നെ മുന്നോട്ടു വന്നിട്ടുള്ളത് ദുഷ്ടലാക്കോടെയാണ് എന്ന് കരുതേണ്ടിയിരിയ്ക്കുന്നു!
ഇനി ഹർത്താലുകൾ സമാധാനത്തിനു ഭംഗം വരുത്തുന്നു എന്നാണ് വാദമെങ്കിലിൽ, ഹർത്താൽ മാത്രമല്ല അക്രമാസക്തമാകുന്ന സമരമുറ. മറ്റു സാധാരണ സമരങ്ങളാണ് പലപ്പോഴും ഹർത്താലിനെക്കാൾ അക്രമാസക്തമാകാറുള്ളത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതു പോലെ അക്രമം ഭയന്ന് സമരാവകാശം കവർന്നെടുക്കുകയല്ല വേണ്ടത്. അക്രമം നടന്നാൽ അതു സമരത്തിലായാലും കേസെടുക്കാൻ ഇവിടെ നിയമം ഉണ്ട്. അതുകൊണ്ട് അക്രമം എന്നത് ഒരു സമര രൂപത്തിന്റെ കുഴപ്പമല്ല; ഹർത്താൽ ഉൾപ്പെടെ. അതു നടത്തുന്നവരുടെ സമീപനമാണ് പ്രശ്നം. ഒരു സമരം അക്രമാസക്തമായും നടത്താം; അല്ലാതെയും നടത്താം. അരാഷ്ട്രീയ വാദം എല്ലാ മേഖലകളിലേയ്ക്കും വ്യാപിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ പലഭാഗത്തുനിന്നും എല്ലാ കാലത്തും ഉണ്ടാകാറുള്ളതാണ്. അതിന്റെയൊക്കെ ഭാഗമാണിതും. തൊഴിലാളികൾ സംഘടിയ്ക്കുന്നതും ന്യായമായ ആവശ്യത്തിനു വേണ്ടി സമരം ചെയ്യുന്നതും ഇഷ്ടപ്പെടാത്തവർ ഉണ്ട്. സംഘടിത തൊഴിലാളികളാണ് ഇവിടെ സകല പ്രശ്നങ്ങൾക്കും കാരണമെന്നും ബോധപൂർവ്വം പ്രചരിപ്പിയ്ക്കുന്നവർ ഉണ്ട്`. പാവപ്പെട്ട ജനവിഭാഗങ്ങളെ എന്നും മോശക്കാരായി ചിത്രീകരിയ്ക്കുന്ന ഒരു സ്വഭാവത്തിന്റെ ഭാഗമാണ് ഇത്. പണമുള്ളവർ മാത്രമാണ് സംസ്കാരമുള്ളവർ എന്ന ധാരണ ബോധ പൂർവ്വം ഉണ്ടാക്കുവാനാണ് ഇക്കൂട്ടർ സാധാരണജനങ്ങളെ മോശക്കാരായി ചിത്രീകരിയ്ക്കുന്നത്. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലെ തൊഴിലാളികൾ നല്ലൊരുപങ്കും ഏറെക്കുറെ കാര്യങ്ങളൊക്കെ അറിയാവുന്നവരാണ്. അവർ ആർക്കു മുന്നിലും പണ്ടേക്കാലം പോലെ ഓച്ഛാനിച്ചു നിൽക്കില്ലെന്നേയുള്ളു. അതൊരു തെറ്റല്ല താനും!
ഇനി ഹർത്താലിനെ ക്കുറിച്ച് മറ്റു ചില എതിർപ്പുകൾ ഉള്ളത് എന്തെന്നാൽ, ഹർത്താലിനു പിന്നിൽ ഒരു ബലപ്രയോഗമുണ്ട് എന്നതാണ്. എന്നു വച്ചാൽ ഹർത്താൽ ദിവസം കട തുറക്കുകയോ വാഹനം നിരത്തിലിറക്കുകയോ മറ്റോ ചെയ്താൽ അക്രമം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഇപ്പോൾ അതു പണ്ടത്തെ അപേക്ഷിച്ച് കുറവാണെങ്കിലും ഇപ്പോഴും അല്പം അക്രമോത്സുകത പ്രകടിപ്പിയ്ക്കാൻ ഹർത്താൽ ആഹ്വാനം ചെയ്യുന്നവരുടെ അനുയായികൾക്ക് ലഭിയ്ക്കുന്ന അവസരം ചിലയിടങ്ങളിലെങ്കിലും പാഴാക്കാറില്ല. രോഗിയെയും കൊണ്ടു പോകുന്ന വാഹനം പോലും തടഞ്ഞിട്ട് ആക്രമിച്ച അനുഭവങ്ങൾ ഉണ്ട്.എല്ലാ പാർട്ടികളുടെ ഭാഗത്തു നിന്നും ഇത് ഉണ്ടായിട്ടുണ്ട്. അക്രമം ഉണ്ടാകാനുള്ള സാദ്ധ്യത ഭയന്ന് ഹർത്താലിനു ആസ്പദമായി ഉന്നയിക്കുന്ന വിഷയത്തോടോ, അത് ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനത്തോടോ ആശയപരമായി യോജിപ്പില്ലാത്തവർ കൂടി ഹർത്താലിൽ പങ്കാളികൾ ആകേണ്ടി വരുന്നുണ്ട്. ആരും സ്വമേധയാ ഹർത്താലിൽ പങ്കാളികൾ ആവുകയല്ല. ഭയന്നിട്ടു തന്നെ! സാധാരണ ഒരു പണിമുടക്കാണെങ്കിലിൽ അത് ആഹ്വാനം ചെയ്യുന്ന സംഘടനയിൽ പെട്ടവർക്കു മാത്രം അതിൽ പങ്കെടുത്താൽ മതി. അതിൽ തന്നെ ഒരു സംഘടനയ്ക്ക് വലിയ മേധാവിത്വം ഉള്ളപ്പോൾ മറ്റു സംഘടനകൾ ആ പണിമുടക്കിൽ പങ്കെടുക്കാതിരുന്നിട്ടും കാര്യമില്ല. പലപ്പോഴും പണിമുടക്കിൽ ചേരാതെ നിൽക്കുന്നവർക്ക് പല ഭീഷണികളും ഉണ്ടാകുകയും ചെയ്യുന്നുണ്ട്. പണി ചെയ്യാനെത്തുന്നവർ എതിർ യൂണിയനിൽ പെട്ടവർ ആണെങ്കിലും അവരെ തടയുകയും ചിലപ്പോൾ മർദ്ദിയ്ക്കുകയും മറ്റും ചെയ്യാറുണ്ട്. പക്ഷെ അത് എല്ലായിടത്തും എപ്പോഴും ഇല്ല. എന്നാൽ ഹർത്താലിന്റെ കാര്യത്തിൽ ഹർത്താൽ ആഹ്വാനം ചെയ്യുന്ന സംഘടനയിൽ വിശ്വസിയ്ക്കാത്തവരും എതിർ സംഘടനയിൽ പെട്ടവരും കൂടി ഹർത്താലിൽ പങ്കെടുക്കേണ്ടി വരുന്നു. പേടിച്ച് കടകൾ തുറക്കാത്തവർ, വാഹനം നിരത്തിൽ ഇറക്കാത്തവർ, ഓഫീസുകളിൽ പോകാത്തവർ; ഇങ്ങനെ ജനങ്ങളെ മൊത്തത്തിൽ ഭയപ്പെടുത്തിയുള്ള സമരമുറ ശരിയല്ല. എല്ലാവർക്കും ബാധകവും സ്വീകാര്യവുമായ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഹർത്താലുകൾക്ക് എല്ലാവരും സഹകരിച്ചെന്നിരിയ്ക്കും. പക്ഷെ എല്ലാ ഹർത്താലിനും ആസ്പദമായി ഉന്നയിക്കുന്ന വിഷയങ്ങളോട് എല്ലാവരും യോജിയ്ക്കണമെന്നില്ല. യോജിയ്ക്കാൻ കഴിയാത്തവർക്ക് ഹർത്താൽ ദിവസം അവരവരുടെ ജോലികൾ ചെയ്യാൻ കഴിയണം. അതായത് ഹർത്താലിൽ പങ്കു കൊള്ളണമെന്ന സ്നേഹപൂർവ്വമുള്ള ആഹ്വാനം ചെവിക്കൊള്ളാത്തവരെ അവരുടെ വഴിയ്ക്കു വിടുക. (അവരെ നോക്കി വയ്ക്കാമല്ലോ! അവർ സ്വന്തം ആളുകൾ അല്ല്ല്ലെന്നു മനസ്സിലാക്കുകയും ചെയ്യാം.)
പല കാര്യങ്ങൾക്കും ഹർത്താൽ ആചരിയ്ക്കാറുണ്ട്. രാഷ്ട്രീയപാർട്ടികൾ മാത്രമല്ല ഇവിടെ ഹർത്താൽ നടത്താറുള്ളത്. ഏതെങ്കിലും പ്രശസ്തരോ സർവ്വ സമ്മതരോ ആയ വ്യക്തികൾ മരിയ്ക്കുമ്പോൾ ദു:ഖ സൂചകമായി ഹർത്താൽ ആചരിയ്ക്കാറുണ്ട്. അതിൽ ബലപ്രയോഗം വേണ്ടി വരാറില്ല. ചിലപ്പോൾ ആരുടെയും ആഹ്വാനം തന്നെ വേണ്ടി വരാറില്ല. പ്രതിഷേധത്തിനു മാത്രമല്ല, ദു:ഖം പ്രകടിപ്പിയ്ക്കാനും സന്തോഷം പ്രകടിപ്പിയ്ക്കാനും ഹർത്താലുകൾ ആചരിക്കാറുണ്ടല്ലോ. അതുകൊണ്ടൊക്കെ തന്നെ ഹർത്താൽ നിരോധനം ന്യായീകരിയ്ക്കത്തക്കതല്ല. നാടിനെ മൊത്തം ബാധിയ്ക്കുന്ന ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് കക്ഷിരാഷ്ട്രീയ ജാതി-മത ഭേദമില്ലാത്ത ഹർത്താലുകളും പലപ്പോഴും നടക്കാറുണ്ടല്ലോ. മാത്രവുമല്ല ചില വലിയ പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോൾ എത്ര നിരോധിച്ചാലും ജനം ഹർത്താൽ മാത്രമല്ല അതിനെക്കാൾ വലിയ സമരമുറകൾ തന്നെ എടുത്തു പ്രയോഗിച്ചെന്നുമിരിയ്ക്കും. പല മതവിഭാഗങ്ങാളും നടത്തുന്ന ചില ഉത്സവാഘോഷങ്ങൾ പലതും ഹർത്താലുകളെക്കാൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതിനോടൊന്നും ആർക്കും അസ്വസ്ഥതയില്ല. പിന്നെ ഹർത്താലിനോടു മാത്രം എന്തേ ഈ ഒരു എതിർപ്പ്? രാഷ്ട്രീയത്തോടുള്ള കുറ്റകരമായ ഒരു തരം അലർജിയാണിത്. കാരണം കൂടുതലും ഹർത്താലുകൾ നടത്തുന്നത് രാഷ്ട്രീയക്കാരാണല്ലോ! ഇനി മറ്റൊന്ന് ഈ ഹർത്താൽ എന്നത് ഏതെങ്കിലും ഒരു ആവശ്യം നേടിയെടുക്കാനുള്ള ഒരു സമരായുധമാണെന്ന അവകാശവാദത്തിൽ കഴമ്പൊന്നുമില്ല എന്നുള്ളതാണ്. ഹർത്താൽ കണ്ട് വിരണ്ട് ഒരു ഭരണ കൂടവും ഇന്നു വരെ ഒരാവശ്യം അംഗീകരിച്ചു കൊടുത്തതായി കൂടുതൽ അനുഭവങ്ങൾ ഒന്നും ഇല്ല. ഏതെങ്കിലും ഒരു ആവശ്യം ഉന്നയിച്ച് അത് അംഗീകരിയ്ക്കാതെ വരുമ്പോൾ ഒരു ഹർത്താൽ നടത്തി ആ സമരം അവസാനിപ്പിയ്ക്കുകയാണ് മിക്കപ്പോഴും കണ്ടു വരാറുള്ളത്. മാലപ്പടക്കത്തിനു സമാപ്തി കുറിച്ച് അവസാന വെടി കൂടുതൽ ഉച്ചത്തിൽ അമിട്ടായി പൊട്ടുന്നതുപോലെ.എന്നു വച്ച് ഏതെങ്കിലും ഒരു പ്രശ്നം ഉന്നയിച്ച് ആദ്യമേ തന്നെ ഹർത്താൽ നടത്തുന്നതും ശരിയല്ല. അതും അപ്രതീക്ഷിതമായി. ഒരു അവസാന കൈ ആയിട്ടേ ശക്തമായ ഒരു സമരമുറ എന്ന നിലയിൽ കഴിവതും ഹർത്താലിനെ ഉപയോഗിയ്ക്കാവൂ എന്നൊക്കെ വേണമെങ്കിൽ ഒരു ധാരണയിൽ എത്താം. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഹർത്താൽ നടത്തുന്ന രീതി ശരിയല്ല. നടത്തേണ്ട സന്ദർഭം ഉണ്ടായാൽ ഹർത്താലല്ല, അതിനെക്കാളും വലിയ സമരമുറകളും ചിലപ്പോൾ നടത്തേണ്ടി വരും. അപ്പോൾ സാമൂഹ്യബോധമില്ലാത്തവരും അരാഷ്ട്രീയവാദികളും സ്വാർത്ഥരുമായ ചില മൂരാച്ചികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതി സമരം ചെയ്യാതിരിയ്ക്കാനൊന്നും പറ്റില്ല. പിന്നെ എന്താണെന്നു വച്ചാൽ അവശ്യ സർവീസുകളിൽ കുറച്ചു വിഭാഗങ്ങളെക്കൂടി ഉൾപെടുത്തി ഹർത്താലിന്റെ കാഠിന്യം അല്പം കുറയ്ക്കുന്നതു നല്ലതാണ്.
ഗതാഗത വാർത്താവിനിമയ സംവിധാനങ്ങളെ ഹർത്താലുകളിൽ നിന്നു പാടേ ഒഴിവാക്കണം. റോഡു ബ്ലോക്കിംഗും വഴിയിലെ അക്രമങ്ങളും ഒഴിവാക്കണം. ഒരു ദിവസം കടമമ്പോളങ്ങളും വ്യവസായങ്ങളും സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു എന്നു കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. ഒരു ദിവസം പട്ടിണി ആയി പോയാലും കുഴപ്പമൊന്നുമില്ല. നമ്മുടെ രാജ്യത്ത് ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരുന്ന പാവങ്ങൾ ഇപ്പോഴുമുണ്ട്. പക്ഷെ വാഹനങ്ങളുടെ കാര്യം അങ്ങനെയല്ല. എപ്പോഴാണ് ആളുകൾക്ക് അസുഖം വരുന്നതെന്നും അപകടങ്ങൾ ഉണ്ടാകുന്നതെന്നും അറിയത്തില്ല. വാഹനം തടയപ്പെട്ടാൽ യഥാവിഥി ചികിത്സ കിട്ടാതെ ആളുകൾ മരിച്ചു പോകാം. അങ്ങനെയുള്ള അനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുള്ളതാണ്. അതുപോലെ പെട്ടെന്ന് ദൂരെയുള്ള വേണ്ടപ്പെട്ട ഒരാൾ മരിച്ചാൽ അവിടെയൊന്നു പോയി അവസാനമായി മരിച്ച ആളിനെ ഒന്നു കണ്ടു വരുവാൻ സാധിയ്ക്കണ്ടേ? അതിനു വാഹനം ഓടണ്ടെ? അതു പോലെ തന്നെ ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലുമൊക്കെ പണിയെടുക്കാൻ ദിവസവും സമയവും നിശ്ചയിച്ച് ടിക്കറ്റും എടുക്കുന്നവർക്ക് യഥാസമയം വിമാന താവളത്തിലും മറ്റും എത്താൻ കഴിയേണ്ടേ? അല്ലെങ്കിൽ ചിലപ്പോൾ അവരുടെ ജോലി തന്നെ നഷ്ടപ്പെട്ടെന്നിരിയ്ക്കും. അതൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന ലാഘവത്തിൽ നമുക്കു തള്ളിക്കളയാൻ ആകില്ല. മുൻ കൂട്ടി നിശ്ചയിക്കുന്ന വിവാഹം തുടങ്ങി മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങളെയും ബാധിയ്ക്കുന്നതാണു ഗതാഗത തടസ്സം. അതു പോലെ പെട്ടെന്നുണ്ടാകുന്ന മിന്നൽ ഹർത്താലുകൾ മൂലം ഒറ്റയ്ക്കും തെറ്റയ്ക്കുമൊക്കെ യാത്ര ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ളവർ പാതി വഴിയിൽ ആയിപ്പോകും. ചിലപ്പോൾ ഒരാൾ ഒരു കാര്യ സാദ്ധ്യത്തിനു കാസർകോടുനിന്ന് തിരുവനന്തപുരത്ത് എത്തുമ്പോഴായിരിയ്ക്കും ഹർത്താൽ ഉണ്ടാവുക. വന്ന കാര്യം ഒട്ടു നടക്കുകയുമില്ല; തിരിച്ചു പോകാനും കഴിയില്ല. അങ്ങനെ പല ബുദ്ധിമുട്ടുകളും ഗതാഗത സ്തംഭനം മൂലം ഉണ്ടാകാം. അങ്ങനെ ഏതു വിധത്തിൽ നോക്കിയാലും ആശുപത്രി ഉൾപ്പെടെ മറ്റ് അവശ്യ സർവീസുകൾ പോലെ ഗതാഗത വാർത്താവിനിമയ സൌകര്യങ്ങളെ പാടേ ഹർത്താലിൽനിന്നും നിന്നും ഒഴിവാക്കി നിർത്തേണ്ടതാണ്.
ഏതായാലും ഹർത്താൽ വിജയിക്കണമെങ്കിൽ ജനങ്ങൾക്ക് അല്പം ഭയമൊക്കെ ഉണ്ടാകണം എന്നിരിയ്ക്കിലും ഹർത്താൽ ദിവസം അതിന് ആഹ്വാനം ചെയ്യുന്നവരുടെ അനുയായികൾ തെരുവിലിറങ്ങി ആളുകളെയും, നിരത്തിലിറങ്ങുന്ന വാഹനങ്ങളെയും നേരിട്ടും പതിയിരുന്നും ആക്രമിയ്ക്കുന്ന പരമ്പരാഗത രീതി അവസാനിപ്പിയ്ക്കണം. ഹർത്താൽ ദിവസം അത്യാവശ്യക്കാർ മാത്രമേ ജീവൻ പണയം വച്ച് വാഹനത്തിൽ സഞ്ചരിയ്ക്കൂ എന്ന കാര്യമെങ്കിലും പരിഗണിച്ച് അവരെ ഉപദ്രവിക്കാതിരിയ്ക്കണം.അക്രമമൊന്നും ഇല്ലാതെ തന്നെ പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ വിജയിപ്പിയ്ക്കാനും ജനാധിപത്യം സാക്രികമാക്കി മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന നിലയിൽ കുറച്ചൊക്കെ പക്വത ആർജ്ജിച്ചു വരുന്നുണ്ട് നമ്മുടെ ജനാധിപത്യം. അല്ലെങ്കിൽ അങ്ങനെ ഒരു സംസ്കാരം കൊണ്ടുവരാൻ രാഷ്ട്രീയപാർട്ടികളും ജനങ്ങൾ ആകെത്തന്നെയും ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും പരിശ്രമിയ്ക്കണം. ഇവിടെ കേരളമാകെ ഹർത്താൽ ആഹ്വാനം ചെയ്ത് വിജയിപ്പിയ്ക്കുവാൻ കഴിയുന്ന രാഷ്ട്രീയപാർട്ടികൾ മൂന്നെണ്ണമാണ്. സി.പി.എം, കോൺഗ്രസ്സ്, ബി,ജെ.പി. മുസ്ലിം ലീഗ് ഉൾപ്പെടെ മറ്റു രാഷ്ട്രീയ കക്ഷികൾക്കൊക്കെ ചില പ്രത്യേക മേഖലകളിൽ ഹർത്താൽ വിജയിപ്പിയ്ക്കാൻ കഴിയും. ബി.ജെ.പി അനുയായികൾ എണ്ണത്തിൽ കുറവാണെങ്കിലും കായികമായി കേരളത്തിൽ അങ്ങോളമിങ്ങോളം കുറച്ചു കരുത്തുള്ളവരാണ്. അതുകൊണ്ട് അവർക്കും ഹർത്താൽ വിജയിപ്പിയ്ക്കാൻ കഴിയുന്നു. പിന്നെ സി.പി.എമ്മും, കോൺഗ്രസ്സും കേരളത്തിൽ എവിടെയും കായികശക്തി ഉള്ളവരാണ്. പച്ചയ്ക്കു പറഞ്ഞാൽ അക്രമ പ്രവർത്തനങ്ങൾ നടത്താനുള്ള കരുത്തുള്ളവർ എന്നർത്ഥം. അതുകൊണ്ടു തന്നെ അവർ ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾ കേരളമാകെ സമ്പൂർണ്ണ വിജയം ആയിരിയ്ക്കും. അതായത് ഇവിടെ ഹർത്താലിനെ സംബന്ധിച്ച് എന്തെങ്കിലും ചില മാനദണ്ഡങ്ങൾ ഉണ്ടാക്കുന്നതിൽ സി.പി.എം, കോൺഗ്രസ്സ്, ബി.ജെ.പി, എന്നീ കക്ഷികൾക്കു തന്നെയാണ് നിർണ്ണായകമായ പങ്ക് വഹിയ്ക്കാൻ കഴിയുക. എല്ലാ രാഷ്ട്ട്രീയ കക്ഷികളും കൂടിയിരുന്ന് ചർച്ച ചെയ്ത് ഒരു ധാരണയിൽ എത്തണമെന്നൊക്കെ പറയുന്നത് എത്രകണ്ട് പ്രായോഗികമാകുമെന്നറിയില്ല.പക്ഷെ ഓരോ പാർട്ടികൾക്കും ഇക്കാര്യത്തിൽ; ഒറ്റയ്ക്കൊറ്റയ്ക്ക് പ്രായോഗികമായ ചില തീരുമാനങ്ങളൊക്കെ എടുക്കാൻ സാധിയ്ക്കും. ആ തീരുമാനങ്ങൾ ഏതാണ്ടൊക്കെ ഒത്തു വരികയും ചെയ്തെന്നിരിയ്ക്കും. അങ്ങനെ ഒരു സമവായത്തിനു നമുക്ക് കാതോർക്കാം.അല്ലാതെ റ്റി. വി ചാനലിൽ കയറിയിരുന്ന് വായിലുവരുന്നതു കോതയ്ക്കു പാട്ടെന്ന മട്ടിൽ ചർച്ച ചെയ്തതുകൊണ്ട് മാത്രം ഒരു കാര്യവുമില്ല. പക്ഷെ ചാനലുകൾ അടക്കം മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ ഗുണകരമായ പങ്ക് വഹിയ്ക്കാൻ കഴിയും എന്നത് നിഷേധിയ്ക്കുന്നുമില്ല.
പിൻകുറിപ്പ്: ഇന്നിപ്പോൾ ഹർത്താൽ ഒരു ആഘോഷമായി മാറിയിട്ടുണ്ട്. മുൻ കൂട്ടി ആഹ്വാനം ചെയ്യുന്ന ഹർത്താലാണെങ്കിൽ പ്രത്യേകിച്ചും. പലരുടെയും വീട്ടിൽ അന്ന് ഓണം ആയിരിയ്ക്കും. ചിലർ കാലേക്കൂട്ടീ കോഴിയിറച്ചിയും കുപ്പിയുമെല്ലാം വാങ്ങി തയ്യറാക്കി വയ്ക്കുന്നു. ഹർത്താൽ അടിച്ചു പൊളിയ്ക്കുന്നു. മൊബൈലിലൂടെ വേണ്ടപ്പെട്ടവർക്കെല്ലാം ഹർത്താൽ ആശംസകൾ നേരുന്നു!

Thursday, November 5, 2009
അഭ്യസ്തവിദ്യരിലെ നിരക്ഷരത
മുൻ കുറിപ്പ് : എനിയ്ക്കു വേണ്ടപ്പെട്ട ഒരു ബി-എഡ് വിദ്യാർത്ഥിയ്ക്ക് അഭ്യസ്തവിദ്യരും അന്ധവിശ്വാസങ്ങളും എന്ന വിഷയം സംബന്ധിച്ച് ക്ലാസ്സിൽ പ്രസംഗിയ്ക്കാൻ നൽകിയ വിവരങ്ങളിലെ ചില പോയിന്റുകൾ ക്രോഡീകരിച്ചതാണ് ഈ പോസ്റ്റ്
അഭ്യസ്തവിദ്യരിലെ നിരക്ഷരത
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പലതാണ്. ജീവസന്ധാരണത്തിനുള്ള ഒരു മാർഗ്ഗം കണ്ടെത്തുന്നതിന് പ്രാപ്തമാക്കുക എന്നതിലുപരി മനുഷ്യനെ സംസ്കരിക്കുക, വ്യക്തിത്വം വികസിപ്പിക്കുക, ശാസ്ത്രബോധവും, യുക്തി ബോധവും വളർത്തുക മുതലായവ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒന്നിനുവേണ്ടി മാത്രമായി നടത്തുന്നതല്ല, അഥവാ ആയിരിയ്ക്കരുത് വിദ്യാഭ്യാസം. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കാര്യങ്ങൾ എല്ലാം വേണ്ടത്ര ആർജ്ജിയ്ക്കുവാൻ ഒരു വിദ്യാർത്ഥിയ്ക്ക് കഴിയുന്നുണ്ടോ എന്നതാണ് ഇവിടെ ചിന്താ വിഷയം. കുറച്ചെങ്കിലും ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ട് എന്നത് നിസ്തർക്കമാണ്. എന്നാൽ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിച്ച അറിവുകളെ ചിലതിനെയെങ്കിലും അറിഞ്ഞും അറിയാതെയും നിഷേധിയ്ക്കുന്ന ഒരു സവഭാവം തലമുറകളായി നമ്മുടെ സമൂഹത്തിൽ നില നിൽക്കുകയാണ്.
എല്ലാ തൊഴിലും ചെയ്യാനുള്ള പ്രാപ്തി നേടാൻ പള്ളിക്കൂടത്തിൽ പോകണമെന്നില്ല. എന്നാൽ ചിലതിനൊക്കെ വിദ്യ ആവശ്യവുമാണ്. അതുകൊണ്ട് അക്കാര്യം തൽക്കാലം ഇവിടെ മാറ്റിവയ്ക്കുന്നു. സംസ്കാരം, വ്യക്തിത്വ വികസനം എന്നീ ലക്ഷ്യങ്ങൾ നേടാൻ ഔപചാരിക വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ട് എങ്കിലും വിദ്യാലയങ്ങൾ കണ്ടു പിടിയ്ക്കാത്ത കാലത്തും പരിമിതികളോടെയാണെങ്കിലും അവ നേടാൻ കഴിഞ്ഞിരുന്നു. ആ നേട്ടം കൊണ്ടാണല്ലോ പിന്നീട് ഔപചാരിക വിദ്യാഭ്യാസ രീതികൾ കണ്ടു പിടിയ്ക്കാൻ തന്നെ അവനു പ്രാപ്തിയുണ്ടായത്. പലപ്പോഴും ഒരു നിരക്ഷരനുള്ള സംസ്കാരം അഭ്യസ്ത വിദ്യർക്ക് ഇല്ലാതെ പോകാറുണ്ട് എന്നതും നാം അനുഭവിയ്ക്കാറൂണ്ട്. അതുപോലെ പള്ളിക്കൂടം കണ്ടിട്ടില്ലാത്തവരുടെ വ്യക്തിത്വം വികസിയ്ക്കുകയേ ഇല്ല എന്നും കരുതാനാകില്ല. വിദ്യാലയങ്ങൾ കണ്ടു പിടിയ്ക്കുന്നതിനു മുൻപും ആളുകളുടെ വ്യക്തിത്വം വികസിച്ചിട്ടൂണ്ട്. ഇന്നത്തെ അപേക്ഷിച്ച് പരിമിതികളോടെയാണെങ്കിലും. അപ്പോൾ മൊത്തത്തിൽ മുൻ കാല പരിമിതികളെ മറികടന്നു കൊണ്ട് കൂടുതൽ ലക്ഷ്യങ്ങൾ നേടുവാനാണ് ആധുനിക വിദ്യാഭ്യാസം സഹായിക്കുക എന്നു നമുക്കു കരുതാം.
ഇനിയുള്ള രണ്ടു കാര്യങ്ങൾക്കാണ് ഇവിടെ ഊന്നൽ കൊടുക്കുന്നത്. അതായത്, ശാസ്ത്രബോധം, യുക്തിചിന്ത എന്നിവ ആർജ്ജിക്കുവാൻ വിദ്യാഭ്യാസം സഹായിക്കുന്നുണ്ടോ എന്നത്. തീർച്ചയായും വിദ്യാഭ്യാസം ഏറെക്കുറേ അതിനു സഹായിക്കുന്നുണ്ട്. ശാസ്ത്രത്തിനും യുക്തിയ്ക്കും നിരക്കാത്ത കുറെ കാര്യങ്ങളും കൂടി പഠിപ്പിയ്ക്കപ്പെടുന്നുണ്ടെങ്കിലും. എന്നാൽ ശാസ്ത്രീയമായ വിദ്യാഭ്യാസം നേടുന്ന ആളുകളിൾ ശാസ്ത്രബോധവും യുക്തിചിന്തയും വളരുന്നുണ്ടോ ? ഇതാണ് ഇവിടേ പ്രസക്തമായ ചോദ്യം. യുക്തിചിന്തയ്ക്ക് ശാസ്ത്രം ഒരു പിൻബലമാണ്. ആ ശാസ്ത്രമാകട്ടെ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകവുമാണ്. ഏതു വിഷയവും ഇന്ന് ശാസ്ത്രീയമായ പഠനമായതിനാൽ വിഷയശാഖകൾ എല്ലാം തന്നെ ശാസ്ത്രം ചേർത്താണ് ഓരോന്നും അവയുടെ പേർകൊള്ളുന്നത്. എന്തിന് ശാസ്ത്രത്തിനു നിരക്കാത്ത വിഷയങ്ങൾ പോലും ഇന്ന് ശാസ്ത്രം എന്ന പേർ ചേർത്താണ് വിളിയ്ക്കപ്പെടുന്നത്. ഉദാഹരണം ജ്യോതിഷം. അതും ശാസ്ത്രമാണത്രേ. അത് ഏതൊക്കെയോ സർവ്വകലാശാലകളിൽ പഠിപ്പിയ്ക്കപ്പെടുന്നു!
ഇവിടെ വിഷയം വർഷങ്ങളോളം ശാസ്ത്രത്തിന്റെ പിൻബലത്തോടെ ഓരോരോ വിഷയ ശാഖകൾ (Disciplins)) പഠിച്ച് ബിരുദങ്ങളും ഡിപ്ലോമകളും നേടി വരുന്ന അഭ്യസ്ത വിദ്യർ ശാസ്ത്രബോധം ഉൾക്കൊള്ളൂന്നവരാണോ? ശാസ്ത്രത്തെ അവർ അംഗീകരിയ്ക്കുന്നുണ്ടോ? ശാസ്ത്രത്തിന്റെ പിൻബലമുള്ള യുക്തി ബോധം അവർക്കുണ്ടോ? നിർഭാഗ്യം എന്നു പറയട്ടെ നമ്മുടെ അഭ്യസ്ത വിദ്യരിൽ നല്ലൊരുപങ്കും ശാസ്ത്രത്തിനു നിരക്കാത്തതും യുക്തിരതിതവുമായ ചിന്തകളും പ്രവൃത്തികളും വച്ചു പുലർത്തുന്നു എന്നതാണ് യാഥാർത്ഥ്യം. പലരും ശാസ്ത്രത്തെ പാടേ നിരാകരിയ്ക്കുമ്പോൾ ചിലർ തങ്ങളൂടെ അശാസ്ത്രീയവും യുക്തിരഹിതവുമായ ചിന്തകൾക്കും പ്രവൃത്തികൾക്കും ബലം നൽകാനും വ്യാഖ്യാനിയ്ക്കാനും ശാസ്ത്രത്തെ തന്നെ കൂട്ടു പിടിയ്ക്കുവാൻ വൃഥാശ്രമിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ അഭ്യസ്ത വിദ്യർക്കിടയിലെ നിരക്ഷരതയാണ് നമ്മുടെ സമൂഹം ഇന്ന് അനുഭവിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം.
പ്രാകൃത കാലത്തെ മനുഷ്യനെ വെല്ലുന്ന അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ആധുനിക വികസിത വിദ്യാഭ്യാസത്തിന്റെ എല്ലാ രുചിഭേദങ്ങളും അനുഭവിച്ചിറങ്ങുന്ന അഭ്യസ്ഥ വിദ്യർക്കിടയിൽ വളർന്നു വികസിച്ചു കൊണ്ടിരിയ്ക്കുന്ന ദുര്യോഗം നാളുകളായി നാം അനുഭവിച്ചു കൊണ്ടിരിയ്ക്കുകയാണ്. കാലം ചവറ്റുകുട്ടയിലേയ്ക്കു വലിച്ചെറിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊടിതട്ടിയെടുത്ത് ആധുനിക ഉല്പന്നങ്ങളാക്കി വിറ്റഴിയ്ക്കുന്ന ഉല്പാദകരും അതിന്റെ വിതരണക്കാരും പെരുകിവരികയാണ്. അതിന്റെയൊക്കെ ഫലമായി ഇവിടെ മനുഷ്യ ദൈവങ്ങളും, വിശുദ്ധന്മാരും അവുലിയാക്കളും ഉണ്ടാകുന്നു. ഈ ആധുനിക അന്ധവിശ്വാസ- അനാചാര കച്ചവടക്കാർ യഥാർത്ഥ ദൈവത്തെയല്ല, പണദുർദ്ദേവതയെ ആണ് ആരാധിയ്ക്കുന്നതെന്നു മനസിലാക്കുവാൻ നമ്മുടെ വിദ്യാസമ്പന്നർക്ക് കഴിയുന്നില്ല. എന്തിന് ശാസ്ത്രജ്ഞന്മാർക്കു പോലും കഴിയുന്നില്ല. അവർ അതിന്റെ ഭാഗമായി മാറുകയാണ്.
ഇന്ന് മനുഷ്യ ദൈവങ്ങളുടെ പുറകെ പോകുന്നവരിൽ നല്ലൊരു പങ്കും അഭ്യസ്ഥ വിദ്യരാണെന്നതിൽ നമുക്ക് എന്തുകൊണ്ട് ലജ്ജിച്ചുകൂട? ദിവ്യശക്തികൾ ഉണ്ടെന്ന് അവർ ചുമ്മാ വിശ്വസിയ്ക്കുകയാണ്. മന്ത്രവാദവും മറ്റ് ആഭിചാരക്രിയകളും നടത്തുന്നവരും നല്ലൊരു പങ്ക് അഭ്യസ്തവിദ്യർ തന്നെ. യുക്തിവാദികൾ പണ്ടേ കൊന്നു കുഴിച്ചുമൂടിയ ഭൂതപ്രേത പിശാചുക്കൾ ഇന്നും ഉണ്ടെന്നു വിശ്വസിക്കുന്നവർ ഇന്നുമുണ്ട്, അഭ്യസ്ഥവിദ്യർ അടക്കം. അതൊക്കെ സഹിക്കാമെന്നു വിചാരിക്കാം. ഇന്ന് വർഗ്ഗീയ -ഭീകര പ്രസ്ഥാനങ്ങളിൽ വിശ്വസിയ്ക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരിൽ നല്ലൊരുപങ്കും അഭ്യസ്ത വിദ്യരാണ് എന്നത് നമ്മെ ഭയപ്പെടുത്തുകയാണ്. സാമാന്യ വിദ്യാഭ്യാസമെങ്കിലുമുള്ള ഒരാൾക്ക് ഒരു തികഞ്ഞ വർഗ്ഗീയവാദിയാകാൻ കഴിയുന്നത് അദ്ഭുതകരം തന്നെ! അപ്പോൾ നമ്മുടെ വിദ്യാഭ്യാസത്തിന് എവിടെയോ എന്തോ തകരാറ് ശേഷിയ്ക്കുന്നുണ്ട് എന്നു കരുതേണ്ടിയിരിയ്ക്കുന്നു.
അതുപോലെ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ഉദ്യോഗ കയറ്റം കിട്ടുമ്പോൽ ആദ്യം പോകുന്നത് ആരാധനാലയത്തിലേയ്കാണ്. ഈയിടെ ഐ.എസ്.ആർ.ഒ ചെയർമാനായി സ്ഥാനമേറ്റയാളും ആദ്യം പൂജാദികർമ്മങ്ങൾക്ക് കുടുമ്പക്ഷേത്രത്തിലേയ്ക്കാണു പോയത്. അതൊക്കെ നമുക്ക് പൊറുക്കാം. കാരണം പരമ്പരാഗതമായ വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും മാറിനിൽക്കാനുള്ള മനോധൈര്യം ഇല്ലാത്ത നിലയിൽ വിശ്വാസങ്ങൾ ഉള്ളിൽ രൂഢ മൂലമായി കിടക്കുന്നതു കൊണ്ടാകാം. എന്നാൽ ശാസ്ത്രജ്ഞന്മാർ ഉപഗ്രഹം വിക്ഷേപിയ്ക്കുന്നത് ഗണപതിയ്ക്കു തേങ്ങ ഉടച്ചിട്ടാകുമ്പോൾ അത് ലോകത്തെ പുരോഗതിയിലേയ്ക്ക് ആനയിച്ച ശാസ്ത്രത്തെ അവഹേളിയ്ക്കലാണ്. ദൈവത്തിനു പോലും കഴിയാത്ത കാര്യങ്ങൾ മനുഷ്യനു ചെയ്യാൻ പ്രാപ്തി നൽകിയ ശാസ്ത്രത്തെ ഇങ്ങനെ അവഹേളിയ്ക്കാമോ? അങ്ങനെ വരുമ്പോൾ സാധാരണ അഭ്യസ്ത വിദ്യരെ കുറ്റം പറയുന്നതെങ്ങനെ?
അതു കൊണ്ടൊക്കെയാണ് ഒരു തരത്തിൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നാളുകളായി പിഴച്ചു കൊണ്ടിരിയ്ക്കുന്നു എന്നു പറയുന്നത്. വിദ്യാഭ്യാസത്തിലൂടെ നാം എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും മനുഷ്യൻ ശാസ്ത്രത്തെ നിരാകരിയ്ക്കുന്നവനും യുക്തിചിന്തയെ അന്യം നിർത്തുന്നവനും ആയാൽ മനുഷ്യവർഗ്ഗം പുരോഗതിയിലേയ്ക്കായിരിയ്ക്കില്ല അധോഗതിയിലേയ്ക്കായിരിയ്ക്കും മുന്നേറുക. മനുഷ്യന്റെ അന്വേഷണ ബുദ്ധി ശാസ്ത്രത്തെ വളർത്തി. ശാസ്ത്രം യുക്തിചിന്തയെ ബലപ്പെടുത്തി. യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ നിന്നുണ്ടായതാണ് മനുഷ്യന്റെ സർവ്വ നേട്ടങ്ങളും എന്നതു വിസ്മരിയ്ക്കുന്നത് തലമുറകളോടുതന്നെ ചെയ്യുന്ന അനീതിയാണ്.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു ആധുനിക ഫാഷനാക്കി മാറ്റുവാൻ വെമ്പുന്നവർ ആരെന്നും അവരുടെ ലക്ഷ്യം എന്തെന്നും മനസിലാക്കാനുള്ള വിവേകം നമ്മുടെ അഭ്യസ്ഥ വിദ്യർക്ക് ആർജ്ജിയ്ക്കാനാകുന്നില്ലെങ്കിൽ നമുക്ക് ഇവിടെ വിദ്യാഭ്യാസം എന്തിന്?
പിൻ കുറിപ്പ് : നോക്കൂ; പാഠശാലകളിൽ പ്രസംഗിച്ച് കയ്യടി നേടുവാനും മാർക്കു നേടാനും പുരോഗമനാശയങ്ങളും ശാസ്ത്രവും യുക്തി ചിന്തയും ഒക്കെ വേണം.അതെ, അതെല്ലാം ഇന്നു കേവലം എഴുതാനും, പറയനും ഉള്ള വിഷയങ്ങൾ മാത്രമാകുന്നു. അതൊക്കെ എഴുതിയും പ്രസംഗിച്ചും ബിരുദം നേടി പുറത്തു വന്നിട്ടോ തികച്ചും യുക്തിഹീനരെപ്പോലേ പെരുമാറുകയും ചെയ്യുന്നു.

Subscribe to:
Posts (Atom)
പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം
പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...