എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Friday, March 25, 2011

സിന്ധു ജോയിയോട് സ്നേഹപൂർവ്വം

സ. സിന്ധു ജോയിയോട് സ്നേഹപൂർവ്വം

സ. സിന്ധു ജോയി സി. പി. ഐ (എം) വിട്ടു. പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെങ്കിൽ പുതിയ ലാവണം തേടാൻ സിന്ധുവിന് അവകാശമുണ്ട്. ജനധിപത്യത്തിൽ ഇതൊക്കെ സ്വാഭാവികം തന്നെ. സിന്ധുവിനോട് ഞങ്ങൾക്ക് പരാതിയോ പരിഭവമോ ഇല്ല. അഥവാ ഉണ്ടായിട്ട് കാര്യവുമില്ല. ഇപ്പോൾ പാർട്ടി വിട്ടെന്ന് കരുതി സഖാവ് ( ഇനി അങ്ങനെ വിളിക്കുന്നത് ഇഷ്ടമാകുമോ എന്നറിയില്ല ) പാർട്ടിക്ക് നൽകിയ സേവനങ്ങളും പ്രത്യേകിച്ച് എസ്. എഫ്. ഐ രംഗത്ത് നിന്ന് നടത്തിയ ത്യാഗ നിർഭരമായ പ്രവർത്തനങ്ങളും ഞങ്ങൾ ഒരിക്കലും വിസ്മരിക്കില്ല.

എസ്. എഫ്. ഐ യിലെയും പാർട്ടിയിലെയും തിളങ്ങുന്ന നക്ഷത്രം തന്നെയായിരുന്നു സ. സിന്ധു ജോയി. ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സഖാവിനോടുള്ള സ്നേഹം നമ്മൾ രാഷ്ട്രീയത്തിനുപരി എക്കാലത്തും മനസിൽ സൂക്ഷിക്കും. എസ്. എഫ്. ഐ യുടെ കേരള സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയിരുന്ന ആദ്യത്തെ പെൺകുട്ടി എന്നതിലും നമ്മൾ എക്കാലത്തും അഭിമാനിക്കുക തന്നെ ചെയ്യും. എസ്. എഫ്. ഐ ക്കാരി ആയി പോയതിന്റെ പേരിൽ കേൾക്കേണ്ടിവന്ന അപവാദങ്ങളും അതിൽ സഖാവിനുണ്ടായ മനോവേദനയും എല്ലാം എക്കാലത്തും നമ്മുടെയും വേദന ആയിരിക്കും. നമ്മുടെ പാർട്ടി ശത്രുക്കളിൽ നിന്ന് കേൾക്കേണ്ടിവന്ന അപവാദങ്ങൾ ആണെങ്കിലും നമ്മൾ ഈ വേളയിൽ അതിനൊക്കെ ക്ഷമ ചോദിക്കുന്നു. ഈ പാർട്ടിയിൽ നിന്നതുകൊണ്ടാണല്ലോ അതെല്ലാം സഖാവിന് ഏറ്റു വാങ്ങേണ്ടി വന്നത്.

സിന്ധു ജോയി നമ്മോടൊപ്പം ഉണ്ടായിരുന്ന നാളുകളേ നമ്മൾ മധുരദീപ്തവും ആവേശകരവുമായ ഒരു അനുഭവമായി തന്നെ സൂക്ഷിക്കും. ഒപ്പം സഖാവിനെ പോലെ ഒരാൾ നമ്മുടെ സംഘം വിട്ടുപോകുന്നതിലുള്ള ദു:ഖം വിങ്ങുന്ന ഒരോർമ്മയായിത്തന്നെ നമ്മുടെ മനസുകളിൽ എക്കാലത്തും ഉണ്ടാകും. എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് ഇനി ആശ്വാസ വാക്കുകൾക്കോ അരുതെന്ന അഭ്യർത്ഥനകൾക്കോ ഒന്നും പ്രസക്തിയില്ലെന്നറിയാം. അതുകൊണ്ടു തന്നെ സഖാവിന്റെ പുതിയ കർമ്മ പഥങ്ങളിൽ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നു.

ഇതൊക്കെ ആണെങ്കിലും ഇപ്പോൾ പാർട്ടി വിട്ടു പോകാൻ സഖാവ് പറയുന്ന കാരണങ്ങൾ നമുക്ക് ബോദ്ധ്യപ്പെടുന്നില്ലെന്ന് വിനയ പൂർവ്വം അറിയിക്കട്ടെ. ഇനി സഖാവ് പരസ്യമായി പറഞ്ഞ കാരണങ്ങൾക്കപ്പുറം സഖാവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം പാർട്ടിയ്ക്കുള്ളിൽ ഉണ്ടായിരുന്നോ എന്ന് നമുക്കറിയില്ല. ഇനി അതേ പറ്റി ചോദിക്കുന്നതിലോ പറയുന്നതിലോ എന്തെങ്കിലും കാര്യം ഉണ്ടോ എന്നും അറിയില്ല. ചോദിക്കുന്നുമില്ല. എന്തായാലും സഖാവ് പാർട്ടി വിടാൻ പറഞ്ഞ കാരണം പാർട്ടി സഖാവിനെ അവഗണിച്ചുകൊണ്ടിരുന്നു എന്നാ‍ണ്. അതാണ് നമുക്ക് മനസിലാകാത്തത്. എങ്ങനെ അവഗണിച്ചു? അല്ലെങ്കിൽ മന:പൂർവ്വം എന്തിന് സഖാവിനെ പോലെ നമുക്ക് വീണുകിട്ടിയ ഒരു നിധിയെ അവഗണിക്കണം? നമ്മുടെ പാർട്ടി നേതാക്കൾ അത്രയ്ക്കും ക്രൂരന്മാരായി എന്ന് നമുക്ക് വിശ്വസിക്കാനാകില്ല.

അഥവാ അവഗണിച്ചു എന്ന് പറയുന്നതിനു കാരണം ഇപ്പോൾ നടക്കാൻ ഇരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സഖാവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമനിച്ചില്ല എന്നതാണല്ലോ. സഖാവിനെ ഇപ്പോഴും സ്ഥാ‍നാർത്ഥി ആയി ഏതെങ്കിലും മണ്ഡലത്തിൽ നിറുത്തിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ലാത്ത നേതാക്കളോ പ്രവർത്തകരോ ഈ പാർട്ടിയിൽ ഉണ്ടാകുമെന്ന് നമ്മൾ കരുതുന്നില്ല. ഇനി വ്യക്തിപരമായോ രാഷ്ട്രീയമായോ സഖാവിനോട് എന്തെങ്കിലും വൈരാഗ്യം ഉള്ള നേതാക്കൾ ആരെങ്കിലും പാർട്ടിയിൽ ഉണ്ടോ എന്നും ന്നമുക്കറിയില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം ഉള്ളതായി ആരും പറഞ്ഞറിഞ്ഞിട്ടുമില്ല. ഉണ്ടാകാൻ വഴിയുമില്ല. പിന്നെ എന്താണ്?

സഖാവിന് എവിടെയാണ്, എപ്പോഴാണ്, അവഗണന ഉണ്ടായത്? ഇപ്പോൾ നിയമസഭാ സ്ഥാനാർത്ഥി ആക്കിയില്ല എന്നത് മാറ്റി നിർത്തിയാൽ സഖാവിന് വേണ്ട അംഗീകാരവും അവസരങ്ങളും നൽകിയിട്ടുണ്ട് എന്ന് വിശ്വസിക്കുവാനാണ് നമ്മൾ ഇഷ്ടപ്പെടുന്നത്. കാരണം എസ്.എഫ്.ഐ രംഗത്ത് നിന്ന സഖാവിനെ സംഘടയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ ആക്കി. വേറെയും സഖാവിനെ പോലെ സംഘടനയിൽ ആത്മാർത്ഥമായി പ്രവർത്തിച്ച എത്രയോ ആൺ-പെൺ സഖാക്കൾ ഉള്ളപ്പോഴാണ് സഖാവിനെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഒക്കെ ആക്കിയത്. എല്ലാവർക്കും ഒരേ സമയം ഭാരവാഹികൾ ആകാൻ കഴിയുമോ? എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റോ, സെക്രട്ടറിയോ, പാർട്ടി ജില്ല്ലാ കമ്മിറ്റി അംഗമോ മറ്റോ ഒക്കെ ആകാൻ കഴിയാത്തവരെല്ലാം പ്രസ്ഥാനം വിട്ടുപോകുന്നതാണോ പതിവ്?

എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഒഴിവായ ഉടൻ സഖാവിനെ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാക്കിയില്ലേ? അതും എറണാകുളം സ്വദേശിയായ സഖാവിനെ തലസ്ഥാന ജില്ലാ കമ്മിറ്റിയിലാണ് അംഗമാക്കിയത്. ഒരു എസ്.എഫ്.ഐ സംസ്ഥാന നേതാവ് സാധാരണനിലയിൽ ആദ്യം പാർട്ടി ഏരിയാ കമ്മിറ്റിയിൽ ആണ് വരാറുള്ളത്. ചിലർ അതിനും താഴെ എൽ. സിയിലും മറ്റും. വളരെ കുറച്ച് ആളുകൾ മാത്രമാണ് നേരിട്ട് പാർട്ടി ജില്ലാ സംസ്ഥാന ഘടകങ്ങളിലൊക്കെ എത്താറുള്ളത്. അതിൽ ഒരാളാണല്ലോ സ. സിന്ധു ജോയി. എസ്. എഫ്. ഐ സംസ്ഥാന ഭാരവാഹി ആയിരിക്കെ നേരേ പാർട്ടി ജില്ലാ കമ്മിറ്റിയിലേയ്ക്ക്! അപ്പോൾ അവിടെയും അവഗണന ഉണ്ടായില്ല.

പല എസ്.എഫ്.ഐ ക്കാരും പാർട്ടി അംഗത്വം എടുത്ത് അധികം വൈകാതെ തന്നെ ഈ സ്ഥാനങ്ങളിൽ എത്താറുണ്ട്. വിദ്യാർത്ഥി സംഘടനയിൽ വന്ന് ഉത്തരവാദപ്പെട്ട ഭാരവാഹികളും മറ്റും ഒക്കെ ആകുമ്പോൾ മാത്രമാണ് പലരും പാർട്ടി അംഗത്വത്തെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും ഒക്കെ മനസിലാക്കുന്നതുതന്നെ. പലരും പിന്നെയാണ് തങ്ങളുടെ പ്രദേശത്തുള്ള പാർട്ടിസഖാക്കളുമായി ബന്ധപ്പെടുന്നതും പാർട്ടി അംഗമാകുന്നതും ഒക്കെ. ചിലർക്ക് സംസ്ഥാന-ജില്ലാ നേതൃത്വം മുഖാന്തരമാണ് അംഗത്വം ലഭിക്കുന്നത്. അതിനു മുമ്പ് പാർട്ടിയുമായി വലിയ ബന്ധം എല്ലാവർക്കും ഉണ്ടായിരിക്കണം എന്നില്ല. വളരെ ചുരുക്കം വിദ്യാർത്ഥി-യുവജന നേതാക്കളാണ് ആ നല്ല പ്രായത്തിൽ ജില്ലാ-സംസ്ഥാന കമ്മിറ്റികളിൽ എത്താറുള്ളത്. സ. സിന്ധു ജോയി നല്ല പ്രായത്തിൽ തന്നെ സി.പി.ഐ (എം) ജില്ലാ നേതൃത്വത്തിൽ എത്തി.

പാർട്ടി ജില്ലാ കമ്മിറ്റി അംഗം ആകുന്നത് പാർട്ടിയിൽ അത്ര ചെറിയ കാര്യം അല്ല. പാർട്ടിയിലെ പല അറിയപ്പെടുന്ന നേതാക്കളും- പ്രത്യേകിച്ച് പാർളമെന്ററി രംഗത്തുള്ള പലരും- ജില്ലാ കമ്മിറ്റി അംഗങ്ങളോ അതിലും താഴെയുള്ള ഏതെങ്കിലും ഘടകങ്ങളിൽ പ്രവർത്തിക്കുന്നവരോ ആണ്. അപ്പോൾ പാർട്ടി എന്ന നിലയിൽ സ. സിന്ധുവിനെ അവഗണിച്ചു എന്ന് പറയാനാകില്ലതന്നെ! മാത്രവുമല്ല ഇനിയും എത്രയോ അവസരങ്ങൾ പാർട്ടിയിലും മഹിളാ അസോസിയേഷൻ അടക്കം പാർട്ടിയുടെ വർഗ്ഗ ബഹുജന സംഘടനകളിലും മറ്റും ലഭിക്കുമായിരുന്നു! നിലവിൽ ഓരൊ ചുമതലയിൽ ഇരിക്കുന്നവരെ സമ്മേളനങ്ങളിലൂടെയല്ലാതെ മാറ്റിയിട്ട് സഖാവിനെ അക്കാമഡേറ്റ് ചെയ്യാൻ കഴിയില്ലല്ലോ. ഇത് അങ്ങനത്തെ പാർട്ടിയും അല്ലല്ലോ. തീർച്ചയായും പാർട്ടിയിൽ ഭാവിയിൽ സിന്ധു ജോയി അവഗണിക്കാനാകാത്ത ഒരു സാന്നിദ്ധ്യമായി മാറുമായിരുന്നു. പിന്നെ അല്പം കയറ്റിറക്കങ്ങളൊക്കെ ഈ പാർട്ടിയിൽ സ്വാഭാവികമായി ഉള്ളതാണ്. എല്ലായ്പോഴും വലിയ സ്ഥാനങ്ങളിൽ ഇരിക്കണമെന്ന് മോഹിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് രീതി അല്ലല്ലോ സിന്ധൂ!

ഇനി പാർളമെന്ററി രംഗത്തെ അവഗണനയെ പറ്റിയാണെങ്കിൽ മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി വിദ്യാർത്ഥി-യുവജന രംഗത്തുള്ളവരെ പാർളമെന്ററി രംഗത്തും പാർട്ടി ഇപ്പോൾ വേണ്ടവിധം തന്നെ പരിഗണിക്കുന്നുണ്ട്. പരിഗണിക്കുന്നു എന്നല്ല പാർളമെന്ററി പ്രവർത്തനത്തിന് ചുമതലപ്പെടുത്തുന്നു, പ്രയോജനപ്പെടുത്തുന്നു എന്നൊക്കെ ഉള്ളതാണ് ശരിയായ കമ്മ്യൂണിസ്റ്റ് വാചകം എന്ന് സിന്ധുവിന് അറിയാതിരിക്കില്ലെന്നും അറിയാം. അപ്പോൾ ആ നിലയിലും സിന്ധുവിന് പരിഗണന കിട്ടിയില്ലെന്ന് പറയാമോ? ഇത്തവണ സിന്ധു ജോയിയെ സ്ഥാനാർത്ഥി ആക്കിയില്ലെന്നത് ശരിതന്നെ. പക്ഷെ മുമ്പോ?

കഴിഞ്ഞ തവണ സ. ഉമ്മൻ ചാണ്ടിയ്ക്കെതിരെ മത്സരിക്കാൻ സഖാവിനെ ചുമതലപ്പെടുത്തി. അത് വിജയ സാദ്ധ്യതയെ മുൻ നിർത്തി മാത്രമല്ല. കടുത്തൊരു മത്സരമെങ്കിലും സൃഷ്ടിക്കുവാനും കൂടിയായിരുന്നു. ഒപ്പം സഖാവിന് ഒരു അനുഭവവും. തോൽക്കാനാണെങ്കിലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ എത്രയോ പാർട്ടി സഖാക്കൾ ആഗ്രഹിക്കും! മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ പോലെ ഒരാൾക്കെതിരെ സ. സിന്ധു ജോയിയെ മത്സരിപ്പിക്കുക എന്ന് പറയുന്നത് തന്നെ പാർട്ടി നൽകുന്ന വലിയൊരു അംഗീകാരമാണ്. അതിൽ സഖാവിന് അഭിമാനിക്കാവുന്നതുമാണ്. കാരണം ഉമ്മൻ ചാണ്ടി കോൺഗ്രസ്സിലെ മോശപ്പെട്ട ഒരു നേതാവല്ല. ഇപ്പോൾ ചില അഴിമതി ആരോപണങ്ങളുടെ കരിനിഴലിൽ ആണെങ്കിലും ഉമ്മൻ ചാണ്ടിയ്ക്ക് കേരള രാഷ്ട്രീയത്തിലുള്ള സ്ഥാനം അനിഷേധ്യമാണ്. താരതമ്യേന ഇമേജുള്ള നേതാവുമാണ് . അദ്ദേഹത്തിന്റെ രാഷ്ട്രീയം കോൺഗ്രസ്സ് ആയി പോയി എന്നേയുള്ളൂ. അങ്ങനെ ഒരാളുമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ജനധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ തിളക്കമാർന്ന ഒരു പ്രകടനമാണ്. അപ്പോൾ അവഗണനയെ പറ്റി സ. സിന്ധു ജോയി പറയുന്നത് ന്യായമല്ലെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉപയോഗിക്കാതെ വയ്യ!

കോൺഗ്രസ്സിനെ സംബന്ധിച്ച് എം.എൽ.എയും, എം പിയും, മന്ത്രിയും പഞ്ചായത്ത് മെമ്പറും, പഞ്ചായത്ത് പ്രസിഡന്റും ഒക്കെ ആകുന്നതുതന്നെ എല്ലാറ്റിലും വലിയ കാര്യം. അതൊക്കെ ആകാൻ തന്നെ എല്ലാവരും നിൽക്കുന്നത്. നമ്മുടെ പാർട്ടിയിൽ ഉള്ള ആരും അതൊന്നും ആകാൻ ആഗ്രഹിക്കാത്തവർ ആണെന്നല്ല ഇതിന്റെ അർത്ഥം. അതൊക്കെ ആഗ്രഹിക്കുന്നവരും അത്യാഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും ഒക്കെ നമ്മുടെ പാർട്ടിയിലും ഉണ്ടാകാം. പക്ഷെ നമ്മുടെ പാർട്ടിയിൽ പാർളമെന്ററി രംഗത്ത് പ്രവർത്തിക്കാൻ അവസരം കിട്ടുക എന്നത് മാത്രമല്ലല്ലോ പ്രധാനം. ഒരുപാട് കർത്തവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നു മാത്രമേ ആകുന്നുള്ളൂ പാർളമെന്ററി പ്രവർത്തനം. അതുകൊണ്ട് എം.എൽ.എ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ അവസരം കിട്ടാത്ത കാരണം പറഞ്ഞ് ഇപ്പോൾ യു.ഡി.എഫിലേയ്ക്കും കോൺഗ്രസ്സിലേയ്ക്കും പോകുന്നത് ഉചിതമായില്ലെന്ന് വിനയ പൂർവ്വം അറിയിക്കട്ടെ. പ്രത്യേകിച്ചും ഇത്തരം ഒരവസരത്തിൽ അത് വേണ്ടായിരുന്നു. സിന്ധു ജോയിയിൽ നിന്നും ഇങ്ങനെ ഒരു അപക്വമായ തീരുമാനം ഇപ്പോൾ ഉണ്ടാകരുതായിരുന്നു. നമുക്ക് അതൊരു നഷ്ടം ആണ് എന്ന് കരുതി ആത്മാർത്ഥമായി തന്നെയാണ് ഇത് പറയുന്നത്.

സ്വാഭാവികമായും കോൺഗ്രസ്സിലെ ജയാഡാളി കോൺഗ്രാസ്സ് വിട്ടതും പാർട്ടിയും ഇടതുപക്ഷവും അവരെ സ്വീകരിച്ചതും സംബന്ധിച്ച കാര്യം ഇത്തരുണത്തിൽ ഉയർന്നുവരാം. മുമ്പേ പറഞ്ഞല്ലോ എം.എൽ.എയും , എം.പി യും, മന്ത്രിയുമൊക്കെ ആകുന്നത് തന്നെയാണ് കോൺഗ്രസ്സുകാർക്ക് പ്രധാനം. അതിനൊക്കെ വേണ്ടി തന്നെയാണ് അതിൽ നേതാക്കൾ കൂടുതലും നിൽക്കുന്നത്. അവർക്കത് കിട്ടാതിരുന്നാൽ അവർ പ്രതികരിക്കും. ചിലർ പാർട്ടി വിടും. അതാണ് ജയാ ഡാളിയെ പോലുള്ളവർ കോൺഗ്രസ്സ് വിടാൻ കാരണം. അവർക്ക് സീറ്റ് കിട്ടിയില്ല. കോൺഗ്രസ്സിൽ നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം മത്സരിക്കാൻ സീറ്റ് കിട്ടുക എന്നത് വലിയ കാര്യം തന്നെ. അവർ കോൺഗ്രസ്സ് വിട്ടപ്പോൾ എൽ.ഡി.എഫുമായി സഹകരിക്കുവാൻ തീരുമാനിക്കുകയും നമ്മൾ അവരെ സ്വീകരിക്കുകയും ചെയ്തു. ഏതെങ്കിലും അഴിമതി കേസിലോ മറ്റോ അവർ ഉൾപ്പെട്ടിട്ടില്ല. അവരെ പറ്റി മറ്റ് ആക്ഷേപങ്ങൾ ഒന്നുമില്ല. ആ നിലയിൽ വിജയ സാദ്ധ്യത കൂടി കണക്കിലെടുത്ത് ജയാ ഡാളിയെ എൽ.ഡി.എഫ് സ്വീകരിക്കുന്നതിൽ തെറ്റും ഇല്ല. തെരഞ്ഞെടുപ്പ് കലത്ത് ഇതൊക്കെ സ്വാഭാവികം.

അതുപോലെ ഇപ്പോൾ യു.ഡി.എഫ് പാളയത്തിലേയ്ക്ക് പോകാനുള്ള സിന്ധു ജോയിയുടെ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നു. സ. വി.എസ്. ഇന്ന് പറഞ്ഞതുപോലെ കോൺഗ്രസ്സ്, യു.ഡി.എഫ് എന്നൊക്കെ പറയാൻ തന്നെ ആളുകൾ മടിക്കുന്ന ഈ വേളയിലും അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. സിന്ധുവിനെ സ്വീകരിക്കാൻ കോൺഗ്രസ്സിനും യു.ഡി.എഫിനുമുണ്ട് സ്വാതന്ത്ര്യം. എന്നാൽ ഒരു കമ്മ്യുണിസ്റ്റ് കാരിയായ (ആയിരുന്നു എന്നുതന്നെ നമ്മൾ വിശ്വസിക്കുന്നു) സിന്ധു ജോയി സി. പി. ഐ (എം) ഉപേക്ഷിച്ച് പോകുന്നത് പാർളമെന്റ്ററി രംഗത്ത് പ്രവർത്തിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയില്ല എന്നതിന്റെ പേരിൽ ആകരുതായിരുന്നു എന്ന് നമുക്ക് അഭിപ്രായമുണ്ട് എന്നേയുള്ളൂ.

എസ്. എഫ്. ഐ യിലും , ഡി. വൈ. എഫ്. ഐ യിലും , മറ്റ് വർഗ്ഗബഹുജന സംഘടനകളിലും , പാർട്ടിയിൽ തന്നെയും പ്രവർത്തിച്ച് സിന്ധു ജോയിക്ക് ലഭിച്ചതുപോലെ വലിയ അവസരങ്ങൾ ഒന്നും ലഭിക്കാതെ പോയ എത്രയെങ്കിലും പേർ ഇപ്പോഴും പാർട്ടിക്കാരായി തന്നെ തുടരുന്നുണ്ട് എന്നത് സ. സിന്ധു ജോയി മറക്കരുതായിരുന്നു. പല സഖാക്കളും വിവിധ പോരാട്ടങ്ങളുടെ ഭാഗമായി പ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷികളായി. അവർക്കൊന്നും സ്ഥാനമാനങ്ങൾ കിട്ടിയില്ലെന്നതിന്റെ പേരിൽ പാർട്ടി മാറാൻ കഴിയില്ലല്ലോ. ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ കഴിയാതെ ആയുഷ്കാലം തങ്ങളുടെ ഇട്ടാവട്ടങ്ങളിൽ പാർട്ടിക്കു വേണ്ടി ആജീവനാന്തം പ്രവർത്തിക്കുന്ന പാർട്ടി സഖാക്കൾക്ക് ഇതു സഹിക്കില്ല സഖാവേ! അവസരങ്ങൾ എല്ലാവർക്കും എപ്പോഴും ഒരു പോലെ ലഭിക്കണമെന്നില്ല. എല്ലായ്പോഴും എല്ലാം ആകണം എന്ന ചിന്തയുമായി നമ്മുടെ പാർട്ടിയിൽ ആരും നിന്നിട്ട് കാര്യവുമില്ല.

ഈ എഴുതുന്ന നിസാരനും ഒരുപാട് കാലമായി പാർട്ടി പ്രവർത്തകനും ആണ്. പ്രവർത്തകനാണ്. ഒരു കാലത്ത് എസ്. എഫ്. ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഒരുപാട് സമര പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ധാരാളം പ്രസംഗങ്ങങ്ങളും മറ്റും നടത്തിയിട്ടുമുണ്ട്. സിന്ധു ജോയിക്ക് ലഭിച്ചതുപോലെ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. ഒരു പഞ്ചായത്ത് അംഗം പോലും ആയിട്ടില്ല. ആകാൻ ആഗ്രഹിച്ചിട്ടുമില്ല. അതുകൊണ്ടാണോ എന്നറിയില്ല ഇപ്പോഴും പാർട്ടിയിൽ തന്നെ തുടരുന്നു. എന്നെ പോലെ എത്രയോ ആയിരങ്ങൾ!

ഇനി മതം, ദൈവം, പള്ളി മുതലായവയിലുള്ള വിശ്വാസ സ്വാതന്ത്ര്യത്തിന്റെയൊക്കെ കാര്യമാണെങ്കിൽ, വിശ്വാസികൾ ആയിട്ടുള്ളവരാണ് വിശ്വാസികൾ അല്ലാത്തവരെക്കാൾ കൂടുതൽ നമ്മുടെ ഈ പാർട്ടിയിൽ ഉള്ളത്. ഇക്കാര്യം മറച്ചു വയ്ക്കേണ്ട കാര്യവുമില്ല. അതുപോലെ മറ്റ് പാർട്ടികളെ അപേക്ഷിച്ച് അവിശ്വാസികൾ കൂടുതൽ ഉള്ളതും ഈ പാർട്ടിയിൽ തന്നെയാണെന്ന യാഥാർത്ഥ്യവും മറച്ചു വച്ചിട്ട് കാര്യമില്ലതന്നെ! ഇത് സ്വാഭാവികവുമാണ്. സിന്ധു ഇപ്പോൾ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്ന മത വിശ്വാസവും കർത്താവിലുള്ള വിശ്വാസവും പള്ളിസ്നേഹവും നിയമസഭയിൽ ഒരു സീറ്റ് കിട്ടിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ല എന്ന് നമ്മൾ കരുതുന്നതിൽ കുറ്റം പറയാനാകില്ലല്ലോ.

സിന്ധു ജോയി പറഞ്ഞത് മുമ്പേതന്നെ മത-ദൈവ വിശ്വാസം ഉള്ളിൽ ഒളിപ്പിച്ചുവച്ചിരുന്നു എന്നാണല്ലോ. ബൈബിൾ കൊണ്ടു നടക്കുമായിരുന്നു എന്നാണല്ലോ. ഇത്തവണയും നിയമസഭാ സ്ഥാനാർത്ഥി ആക്കാൻ പാർട്ടി നിയോഗിച്ചിരുന്നെങ്കിൽ ഒന്നുകിൽ മതത്തിലും ദൈവത്തിലും അവിശ്വാസി എന്ന നിലയിൽതന്നെ ആകുമായിരുന്നു മുന്നോട്ടുള്ള പ്രയാണം. അഥവാ തുടർന്നും മതത്തോടും കർത്താവിനോടും പള്ളിയോടും ഉള്ള സ്നേഹം രഹസ്യമാക്കി വച്ച് പാർട്ടിയിൽ തുടരുമായിരുന്നു എന്നൊക്കെയല്ലേ നമ്മൾ കരുതേണ്ടത്? സ്ഥാനാർത്ഥിത്വം കിട്ടിയിരുന്നെങ്കിൽ കർത്താവും മതവും പള്ളിക്കാരും ഒന്നും വേണ്ട. സ്ഥാ‍നാർത്ഥിത്വം കിട്ടിയില്ലെങ്കിൽ ഇതൊക്കെ വേണം എന്നായില്ലേ ഇപ്പോൾ? അല്ലാതെ അതെ പറ്റി നമ്മൾ ഇപ്പോൾ എന്തു പറയാനാ?


സി. പി. ഐ (എം)-ൽ നിൽക്കുന്നത് എം. എൽ. എയും എം.പിയും മറ്റും ആകാനാണെന്ന ഒരു തേറ്റായ സന്ദേശം എന്നെ പോലെ അനേകായിരം പാർട്ടി സഖാക്കൾക്ക് നൽകിയിട്ട് നമ്മൾക്കെല്ലാം ഏറെ ഇഷ്ടവും വാത്സല്യവും ഉള്ള സ. സിന്ധു ജോയിയെ പോലെ ഒരു സഖാവ് പോകുന്നതിലുള്ള ദു:ഖം പങ്കുവയ്ക്കുവാൻ ഈ കുറിപ്പ് എഴുതിയെന്ന് മാത്രം. പുനർവിചിന്തനങ്ങൾക്ക് ഇനിയും സമയമുണ്ട് സഖാവേ! ഇനിയും സ. സിന്ധു ജോയിയുടെ തീരുമാനം എന്തുതന്നെ ആയാലും അവർക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു!

Thursday, March 24, 2011

മുഖ്യമന്ത്രി ആരെന്ന ചോദ്യം

ഈ പോസ്റ്റ് വിശ്വമാനവികം 1 -ൽ ആണ് ആദ്യം പോസ്റ്റ് ചെയ്തത് . ഈ ലിങ്ക് വഴി അവിടെയും എത്താം

മുഖ്യമന്ത്രി ആരെന്ന ചോദ്യം

തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചാൽ സ. വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും.പക്ഷെ ഒരിക്കലും തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗികമായി പറയാൻ സി.പി.ഐ (എം)-നു കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. ഒരു കാലത്തും മുഖ്യമന്ത്രി ആരാകുമെന്ന് മുൻ കൂട്ടി ഔദ്യോഗികമായി പറഞ്ഞ് ചരിത്രവുമില്ല. യു.ഡി.എഫിനും അതിനെ നയിക്കുന്ന കോൺഗ്രസ്സിനും പോലും തെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങൾ ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നതാണ് സത്യം. ഇരു മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും ചില സൂചനകൾ കണ്ട് ജനങ്ങൾക്ക് മനസിലാക്കാം. ആര് മുഖ്യമന്ത്രിയാകും, ആര് പ്രതിപക്ഷ നേതാവാകും എന്നൊക്കെ.

ഇപ്പോൾതന്നെ സ.വി.എസിനു മത്സരിക്കാൻ സീറ്റ് നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ ജനങ്ങളിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു. അതിനു ചില കാരണങ്ങളും ഉണ്ട്. പക്ഷെ എങ്ങനെയായാലും അദ്ദേഹം സ്ഥാനാർത്ഥി ആകുക തന്നെ ചെയ്തു. ജനാധിപത്യം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ജനഹിതം പരിഗണിക്കപ്പെടതെ പോകില്ലെന്നതിന്റെ തെളിവാണത്. പാർട്ടിയിൽ പല വിഷയത്തിലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അതുകൊണ്ട് ഏതൊരു കാര്യത്തിലും എല്ലാവർക്കും ഇഷ്ടമുള്ള ഒരു തീരുമാനം എടുക്കണം എന്നു വച്ചാൽ അത് നടക്കില്ല. കൂട്ടായി ഒരു പൊതു തീരുമാനത്തിൽ എത്തുകയേ നിവൃത്തിയുള്ളൂ. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്യും. അതാണു സി.പി,ഐ (എം)


എന്നാൽ ഇരുമുന്നണികളിൽ ഏത് ജയിച്ചാലും ആര് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവർക്കും ഊഹിക്കാനും കഴിയും. ആ ഊഹം സാധാരണ നിലയിൽ തെറ്റാറില്ല. ഇത് നമ്മുടെ മാദ്ധ്യമങ്ങൾക്ക് അറിയാത്തതല്ല. എന്നാൽ ഇപ്പോഴും ഇടതുമുന്നനി ജയിച്ചാൽ ആര് മുഖ്യമന്ത്രി ആകുമെന്ന് സി.പി.എം നേതാക്കളുടെ ഓരോരുത്തരുടെയും പുറകെ നടന്ന് ചോദിച്ച് ശല്യം ചെയ്യുകയാണ് മാധ്യമപ്രവർത്തകർ. ഈ ഒരു വിഷയത്തിന്റെ പുറകെ നടന്ന് ചീണ്ടുന്നതിനു പിന്നിലെ ദുരുദ്ദേശം സി.പി.എം നേതാക്കൾക്ക് അറിയാത്തതല്ല. പക്ഷെ ഔദ്യോഗികമായി മുൻ കൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമ്പ്രദായം സി.പി.എമ്മിൽ ഇല്ല.അതിന്റെ ആവശ്യവും ഇല്ല. കാരണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഉള്ള രാഷ്ട്രീ‍യ സാഹചര്യങ്ങൾ എന്താണെന്ന് മുൻ കൂട്ടി ഉറപ്പിക്കാനാകില്ല. ഒക്കെ ജനങ്ങളുടെ കൈയ്യിലാണിരിക്കുന്നത്.

എന്നുവച്ച് എന്താണോ തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങൾ പ്രതീക്ഷിക്കുന്നത്, അതിൽ വലിയ വ്യത്യാസമൊന്നും വരാൻ സാദ്ധ്യതയുമില്ല.പ്രതീക്ഷകൾക്കപ്പുറത്ത് വലിയ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് ഇപ്പോൾ പറയുന്നതിൽ യാതൊരു യുക്തിയും ഇല്ല. ഇപ്പോൾ യഥാർത്ഥത്തിൽ യു.ഡി.എഫ് ജയിച്ചാലാണ് ആരു മുഖ്യമന്ത്രിയാകും എന്ന കാര്യത്തിൽ കൂടുതൽ സംശയം ഉണ്ടാകേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും മത്സരരംഗത്തുള്ളപ്പോൾ സ്വാഭാവികമയും ആ ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. എന്നാൽ നമ്മുടെ മാദ്ധ്യമങ്ങൾക്ക് എൽ.ഡി.എഫ് ജയിച്ചാലത്തെ മുഖ്യമന്ത്രി ആരെന്ന് അറിയാനേ താല്പര്യമുള്ളൂ. സംഗതി ദുരുദ്ദേശപരം തന്നെ. വി.എസ്. മുഖ്യമന്ത്രിയാകും എന്ന് ഉറപ്പില്ലാത്ത ഒരു അവസ്ഥ സൃഷ്ടിച്ച്, അത് പ്രചരിപ്പിച്ച് ജനങ്ങളിൽ ഒരു വികാരമുണ്ടാക്കി അവരെ എൽ.ഡി.എഫിനെതിരെ തിരിച്ച് യു.ഡി.എഫിനെ സഹായിക്കുക എന്നതാണ് ആ ദുരുദ്ദേശം.

പക്ഷെ ഒന്നുള്ളത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിതന്നെ ഈ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്നും, മുഖ്യമന്ത്രി ആരാകും എന്നതിലേ സംശയമുള്ളൂ എന്നും ഒരു ധ്വനി മാദ്ധ്യമങ്ങൾ നൽകുന്നുണ്ട്. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് അവർക്ക് ഉറപ്പാണ്. ഇത്രയൊക്കെ ആകാമെങ്കിൽ ഇനി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലും സി.പി.എമ്മിനു തെറ്റൊന്നും സംഭവിക്കില്ല. പക്ഷെ സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ മുഖ്യമന്ത്രി ആരാകും എന്നു വ്യക്തമാക്കണം എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ചർച്ചകളെ ഒരു വിഷയത്തിലേയ്ക്ക് മാത്രം കേന്ദ്രീകരിപ്പിക്കുവാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് മാദ്ധ്യമങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടേണ്ട ഗൌരവമേറിയ ഒട്ടേറെ കാര്യങ്ങൾ ഉള്ളപ്പോൾ അതിൽനിന്നൊക്കെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ബോധ പൂർവ്വമായ ശ്രമമാണ് ഇതുവഴി നടക്കുന്നത്. ജാഗ്രത!

പക്ഷെ രക്ഷയില്ല. മാദ്ധ്യമങ്ങളും മാദ്ധ്യമവിചാരക്കാരും, രാഷ്ട്രീയ നിരീക്ഷകരും ഒക്കെ അറിയാതെ പറഞ്ഞു പോകുന്നുണ്ട് ഇത്തവണ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്. ചില സത്യങ്ങൾ അങ്ങനെയാണ്. എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം മറനീക്കി പുറത്തുവരും. ചിന്തിക്കുന്ന ആർക്കും ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരാനുള്ള സാദ്ധ്യതയെ നിഷേധിക്കാൻ കഴിയില്ല. ഇപ്പോൾ എല്ലാം കൊണ്ടും കാര്യങ്ങൾ അങ്ങനെയാണ്. ഇത് എഴുതി തീർന്നപ്പോൽ മനോരമ ചാനലിൽ ഗ്രൌണ്ട് റിയാലിറ്റി ഷോയിൽ അവർ നടത്തിയ അഭിപ്രായ സർവ്വേയുടെ ഫലം പറയുന്നുണ്ടായിരുന്നു.

പ്രസ്തുത ചാനൽ സർവ്വേയിൽ ഒന്നാം സ്ഥാനം ആരോഗ്യവകുപ്പും, രണ്ടാം സ്ഥാനം വ്യവസായ വകുപ്പും മൂന്നാം സ്ഥാനം ധനകാര്യവകുപ്പും നാലാം സ്ഥാനം ഭക്ഷ്യ വകുപ്പും ആണത്രേ. എന്തായാലും സമസ്ത മേഖലയിലും മുമ്പെങ്ങുമില്ലാത്ത നേട്ടങ്ങൾ ഈ ഗവർണ്മെന്റ് ഉണ്ടാക്കി എന്ന് മനോരമ ചാനൽ പോലും പരോക്ഷമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇതിനൊക്കെ ഒരു അംഗീകാരം എന്ന നിലയിൽ ഇപ്പോൾ എൽ.ഡി.എഫിനു ഒരവസരം കൂടി കൊടുക്കണമെന്നാണ് ഈയുള്ളവന് അഭ്യർത്ഥിക്കുവാനുള്ളത്. നല്ല ഭരണത്തിന് ഒരു പ്രോത്സാഹനം എന്ന നിലയിലെങ്കിലും!

Tuesday, March 22, 2011

മാദ്ധ്യമങ്ങൾ ബബ്ബബ്ബ!!

മാദ്ധ്യമങ്ങൾ ബബ്ബബ്ബ!!

വി.എസിനു സീറ്റില്ലെന്ന് വാർത്തനൽകി ആഘോഷം തുടങ്ങിയ മാദ്ധ്യമങ്ങൾ സി.പി.ഐ (എം) സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമയി പ്രഖ്യാപിച്ചതോടെ ഇനിയെന്തെന്ന മട്ടിൽ ബബ്ബബ്ബ ആയി. തെരഞ്ഞെടുപ്പുവരെ അടിച്ചുപൊളിക്കാമെന്നാണ് കരുതിയത്. ഇത്രമാത്രം മാധ്യമങ്ങളെ വിഢികളാക്കാൻ മാത്രം സി.പി.എമ്മിനോട് നമ്മൾ എന്തു തെറ്റു ചെയ്തു എന്നാണ് ചില മാദ്ധ്യമപ്രവർത്തകർ ഇപ്പോൾ ചോദിക്കുന്നുണ്ടാവുക!

എന്തായാലും വച്ചൊരു കാച്ചങ്ങ് കാച്ചി. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ മൂലം വി.എസി നെ മത്സരിപ്പിച്ചു എന്നായിരുന്നു ആ കാച്ചൽ. അങ്ങനെ ഒരു കാച്ച് കാച്ചേണ്ടി വരും എന്നു മുൻ കൂട്ടി കണ്ടു കൊണ്ടാണ് എന്നും കൂടുന്ന അവൈലബിൾ പി.ബി കൂടിയത് വി.എസിന്റെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യാനാണെന്ന് ഒരു കാച്ച് മുമ്പേ കാച്ചിയത്. അതെന്തായാലും നന്നായി. ഊഹാപോഹങ്ങൾ വാർത്തകളായി അവതരിപ്പിച്ചിട്ട് പിന്നെ പറഞ്ഞു നിൽക്കാനൊരു പഴുതു വേണമല്ലോ.വി.എസ് സ്ഥാനാർത്ഥിയല്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റോ സംസ്ഥാന കമ്മിറ്റിയോ ഔദ്യോഗികമായി പറയുന്നതിനു മുമ്പ് കയറി പറഞ്ഞ മാധ്യമങ്ങൾ വീണുടത്ത് കിടന്ന് ഉരുളുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്.

ഇനിയെങ്കിലും മറ്റു പാർട്ടികളുടെ കാര്യങ്ങൾ അവർ തീരുമാനിക്കും മുമ്പേ അവർ മനസിൽ കാണുമ്പോൾ നമ്മൾ മരത്തിൽ കാണുമെന്ന മട്ടിൽ വച്ച് കാച്ചുന്ന ലാഘവത്തൊടെ സി.പി.ഐ (എം) -നെ മാധ്യമങ്ങൾ കാ‍ണാതിരുന്നാൽ ഇതുപോലെ മാനഹാനി വരില്ല. സി.പി.ഐ (എം) പോലൊരു പാർട്ടിയിൽ ഏതുകാര്യത്തിൽ ഏതു തരത്തിലുള്ള തീരുമാനം എങ്ങനെ എപ്പോൾ വരുമെന്നോ അത് എപ്പോൾ മാറിമറിയുമെന്നോ ഒന്നും മുൻ കൂട്ടി കാണാനുള്ള കഴിവൊന്നും എല്ലായ്പോഴും നിങ്ങൾക്കുണ്ടാകില്ല മക്കളേ എന്നാണ് ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ വാർത്താനിർമ്മാതാക്കളോട് വളരെ വിനീതമായി പറയാനുള്ളത്.

ഇപ്പോൾ സ. വി.എസിന്റെ സ്ഥാനാർത്ഥിത്വ വിഷയത്തിൽ, ജനവികാരവും പാർട്ടി പ്രവർത്തകരുടെ വികാരവും കണക്കിലെടുത്ത് കേന്ദ്രനേതൃത്വം ഇടപെട്ട് അദ്ദേഹത്തെ മത്സരിക്കേണ്ടെന്ന തീരുമാനം തിരുത്തിച്ചതാണെന്ന് വന്നാൽ തന്നെ അതിൽ ഒരു നാണക്കേടും ഇല്ല. തെറ്റ് ഒരു കീഴ് കമ്മിറ്റി തെറ്റ് ചെയ്താൽ അത് തിരുത്തിക്കാനുള്ള ബാദ്ധ്യത മേൽ കമ്മിറ്റിയ്ക്ക് ഉണ്ട്. ഇനി മേൽ കമ്മിറ്റി എടുക്കുന്ന തീരുമാനം തെറ്റാണെങ്കിൽ കീഴ് കമ്മിറ്റികൾക്ക് അത് ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും പാട്ടിയ്ക്കുള്ളിൽതന്നെ സംവിധാനങ്ങൾ ഉണ്ട്.

ഇതൊന്നുമല്ല, വി.എസിനെ ഇപ്പോൾ മത്സരിപ്പിക്കാതിരുന്നാൽ തെരഞ്ഞെടുപ്പ് ഫലത്തെ അത് ബാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആദ്യം എടുത്ത തീരുമാനം പുന:പരിശോധിച്ചതാണെന്നിരുന്നാൽ തന്നെ അതിൽ യാതൊരു നാണക്കേടും ഇല്ല. സി.പി ഐ (എം) മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമാണ്. ചെറിയ കാര്യത്തിൽ പോലും ഗൌരവമേറിയ ചർച്ചയും ആലോചനകളും നടത്തുന്ന പാർട്ടിയാണിത്. എന്നാൽ പോലും ചില തീരുമാനങ്ങൾ എത്ര ആലോചിച്ചെടുത്തതാണെങ്കിൽ കൂടി അതിൽ ചിലത് തെറ്റായിരുന്നു എന്ന് പിന്നീട് ബോദ്ധ്യപ്പെട്ടാൽ അത് തുറന്ന് സമ്മതിക്കാനും തിരുത്താനും ശ്രമിക്കുന്ന പാർട്ടിയാണിത്. അങ്ങനെ എത്രയോ അനുഭവങ്ങൾ ഇരിക്കുന്നു.

ഇപ്പോൾ ഒരു പക്ഷെ അബദ്ധമായി പോയേക്കാവുന്ന ഒരു തീരുമാനത്തിൽ നിന്നും സി.പി.ഐ (എം) പിൻമാറി എന്നത് തന്നെ ഈ പാർട്ടിയുടെ സംഘടനാപരമായ അച്ചടക്കത്തെയും കെട്ടുറപ്പിനെയും ആണ് കാണിക്കുന്നത്. പാർട്ടിയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും നിർണ്ണായക ഘട്ടത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുവാനും പാർട്ടിയെ ഒരുമിച്ചു നിന്ന് സംരക്ഷിക്കുവാനും പാർട്ടിയുടെ നേതൃത്വം തയ്യാറാകുമെന്ന തിരിച്ചറിവ് എല്ലാവർക്കും നൽകുന്നതും കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. ഒരു സുപ്രഭാതത്തിൽ ആകാശത്ത് നിന്ന് പൊട്ടി വീഴുന്നവരല്ല സി.പി.എം നേതാക്കൾ. പാർട്ടിയിലും ജനങ്ങൾക്കിടയിലും അഹോരാത്രം പ്രവർത്തിച്ച് അനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുത്തവരാണ്.

പിന്നെ എന്തു കരുതി പാർട്ടി വിരുദ്ധർ? എന്തുകരുതി നമ്മുടെ വലതുപക്ഷ മാധ്യമ പുംഗവന്മാർ? ഭേദപ്പെട്ട ഒരു ഭരണം കാഴ്ചവച്ച് ജങ്ങളുടെ വിശ്വാസമാർജ്ജിച്ച് വീണ്ടും അധികാരത്തിൽ വരുമെന്ന ഉറപ്പും ആത്മ വിശ്വാസവും കൈവന്നിരിക്കുന്ന ഒരു വേളയിൽ പാർട്ടി നേതൃത്വം മണ്ടത്തരം കാണിക്കുമെന്നോ? വി.എസ് മത്സരത്തിനില്ലെങ്കിൽ ഇടതുമുന്നണി തോറ്റുപോകുമെന്ന് വ്യാമോഹിച്ച ചിലരുടെ മുഖങ്ങളൊക്കെ ഇപ്പോൾ ഇഞ്ചി കടിച്ച കുരങ്ങന്മാരെ പോലെയാകുന്നത് നാം കാണുന്നു. മാധ്യമങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കിൽ സി.പി.ഐ (എം) എന്ന പാർട്ടിയെ വേണ്ടവിധം മനസിലാക്കുന്നതിന് നമ്മുടെ മാദ്ധ്യമപ്രവർത്തകർ ഇനിയും ബഹുദൂരം പോകേണ്ടി വരും. എപ്പോഴും അത്ര എളുപ്പം പിടിതരില്ല, ഈ പാർട്ടി നിങ്ങൾക്ക്; ഇത് സെറ്റ്-അപ്പ് വേറെയാ മക്കളേ!

Wednesday, March 9, 2011

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരു ഇടതുപക്ഷക്കുറിപ്പ്!


നിയമസഭാ തെരഞ്ഞെടുപ്പ്: ഒരു ഇടതുപക്ഷക്കുറിപ്പ്!


ആവർത്തനങ്ങൾക്ക് കുറച്ചുകാലം തുടർച്ച കിട്ടുന്നത് ചരിത്രത്തിൽ ഒരു അദ്ഭുതമൊന്നുമല്ല. പക്ഷെ എല്ലായ്പോഴും ചരിത്രം തനിയാവർത്തനമാകണമെന്നില്ല. അങ്ങനെ ഒരു നിയമവുമില്ല. ഇവിടെ കേരളത്തിൽ കുറച്ചുകാലമായി രണ്ടുമുന്നണികൾ ഒന്നിടവിട്ട് ഭരണം നേടിക്കൊണ്ടിരിക്കുകയാണ്. ഒരു മുന്നണിയുടെ ഭരണം അവസാനിക്കുമ്പോഴേയ്ക്കും ആ ഭരണത്തിനെതിരെ ഒരു ജനവികാരം ഉണ്ടായി വരികയോ, മറ്റെന്തെങ്കിലും ഒരു ട്രെന്റ് ഉണ്ടാവുകയോ ചെയ്ത് അവർക്ക് ഭരണം നഷ്ടപ്പെടുകയാണ് പതിവ്. ഇത് ജനങ്ങൾ ബോധപൂർവ്വം നൽകുന്ന ഒരു വിധിയൊന്നുമായിരുന്നിട്ടില്ല. പലപ്പോഴും നിലവിലുള്ള മുന്നണിയുടെ ഭരണം ആവർത്തിക്കപ്പെടാനുള്ള സാദ്ധ്യത നിലനിന്നിട്ടുണ്ട്. എന്നാൽ സമയം,ആകുമ്പോൾ എന്തെങ്കിലും കാരണത്താൽ നിലവിലെ ഭരണമുന്നണി തോൽക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ മുമ്പ് ഒരിക്കൽ സ. ഇ.കെ. നായനാറുടെ നേതൃത്വത്തിലിരുന്ന ഇടതുമുന്നണി ഭരണം കഴിഞ്ഞ് വീണ്ടും ഇടതുമുന്നണി അധികാരത്തിൽ വരേണ്ടതായിരുന്നു. എന്നാൽ രാജീവ് ഗാന്ധി വധം മൂലം രാജ്യത്താകെ ഉണ്ടായ സഹതാപ തരംഗത്തിൽ കേരളത്തിലെ ഇടതുമുന്നണിയ്ക്കും പരാജയം സംഭവിക്കുകയായിരുന്നു. അപ്പോൾ നിലവിലിരിക്കുന്ന മുന്നണിയ്ക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടണമെന്ന് പ്രകൃതിനിയമമൊന്നുമില്ലെന്നർത്ഥം.

ഇക്കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽ നിലവിലിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം നാളിതുവരെ കേരളം കണ്ട ഇടതു-വലതു ഭരണങ്ങളിൽ വച്ച് ഏറ്റവും മികച്ച ഭരണമാണ് കാഴ്ചവച്ചതെന്ന് രാഷ്ട്രീയ തിമിരത്തോടെയല്ലാതെ വിലയിരുത്തുന്ന ആർക്കും സമ്മതിക്കേണ്ടിവരും. ഏറ്റവും കൂടുതൽ ജനക്ഷേമ പരിപാടികൾ നടപ്പിലാക്കിയ ഒരു ഭരണമാണ് ഇത്തവണ ഇടതുപക്ഷം നടത്തിയത്. പാ‍വപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറ്റവും കൂടുതൽ ഗുണം കിട്ടിയത് ഈ ഇടതുഭരണകാലത്താണ്. സാധാരണജനപക്ഷത്ത് നിന്ന് ചിന്തിച്ച് വിദ്യാഭ്യാസരംഗത്തും മറ്റും നടപ്പിലാക്കാൻ ശ്രമിച്ച ചില നടപടികൾ കോടതികൾ പരാജയപ്പെടുത്തിയതൊഴിച്ചാൽ ഏറെ ഗുണകരമായ ക്ഷേമപദ്ധതികൾ ഈ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ചെറിയ കൈത്തൊഴിൽ മേഖല മുതൽ വലിയ വ്യാവാസായിക മേഖലകളിൽ വരെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ ഇടതു സർക്കാരിനു കഴിഞ്ഞു.

കേരളം ഒരു സ്വതന്ത്രരാജ്യമല്ല. അത് ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ ഒരു സംസ്ഥാന ഗവർണ്മെന്റിന് പ്രവർത്തിക്കാൻ കഴിയൂ. കുറച്ചേറെ അധികാരങ്ങൾ കേന്ദ്ര ഗവർണ്മെന്റിൽ നിക്ഷിപ്തവുമാണ്. ചില അധികാരങ്ങൾ പ്രയോഗിക്കുന്നതിനും ചില നിയമങ്ങൾ നിർമ്മിക്കുന്നതിനും ചില ക്ഷേമകാര്യങ്ങൾ നിർവ്വഹിക്കുന്നതിലും കേന്ദ്രഗവർണ്മെന്റിന്റെ ഇടപെടലുകൾ തടസമാകാം. ഇത് ഒരു ഫെഡറൽ രാജ്യത്ത് സ്വാഭാവികവുമാണ്. അതുകൊണ്ട്തന്നെ ഒരു സംസ്ഥാന സർക്കാരിന് നൂറ് ശതമാനം സംതൃപ്തമായ ഒരു ഭരണം ഒരു സംസ്ഥാനത്തും നടത്താൻ കഴിഞ്ഞെന്നിരിക്കില്ല. ഒരു സംസ്ഥാന ഭരണം അറുപത് ശതമാനം വിജയിച്ചാൽത്തന്നെ അത് വലിയൊരു കാര്യമാണ്. എന്നാൽ ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവർണ്മെന്റ് എഴുപത് ശതമാനം വിജയം നേടി എന്ന് നിഷ്പക്ഷതയുടെ മേലങ്കി അണിഞ്ഞവർകൂടി സമ്മതിക്കേണ്ടി വരും.

ആകെയുണ്ടായ ഒരു പോരായ്മ മിക്ക പരിപാടികളും വേണ്ടവിധം നടപ്പിലാക്കിവന്നപ്പോഴേയ്ക്കും ഭരണ കാലാവധി തീരാറായിരുന്നു എന്നതാണ്. ഈ സർക്കാരിന്റെ തുടർച്ച ഇപ്പോൾ നഷ്ടപ്പെട്ടാൽ കേരളം വീണ്ടും പത്ത് വർഷം പിന്നിലേയ്ക്ക് പോകും എന്നുറപ്പാണ്. ഇത് കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകർ മനസിലാക്കുന്നുണ്ട് എന്ന് കരുതാം. എല്ലായ്പോഴും ജനം പ്രബുദ്ധതയാണ് കാണിക്കുന്നതെന്ന അന്ധവിശ്വാസമൊന്നും ഈ ലേഖകനില്ലെന്ന് സാന്ദർഭികമായി പറഞ്ഞുകൊള്ളട്ടെ. എന്തായാലും ഇപ്പോൾ ഇടതുമുന്നണി ഭരണത്തിനെതിരെ ഒരു ജനവികാരം നിലവിലില്ല. എന്ന് മാത്രമല്ല ഈ മുന്നണിയിലും സർക്കാരിലും ജനങ്ങൾക്ക് നല്ല മതിപ്പുണ്ട്. ഇനിയും ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നിഷേധാത്മകമായ ഒരു നിലപാട് സ്വീകരിക്കില്ലെന്നാണ് വിശ്വാസം. പ്രത്യേകിച്ചും ഇടതും വലതും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കിയിട്ടുള്ള ഈ കാലത്ത്. ആരു ഭരിച്ചാലുംകണക്കുതന്നെന്ന ഒരു പറച്ചിൽ പഴയതുപോലെ ഇനി കേരളത്തിലെ ജനങ്ങൾക്ക് പറയാൻ കഴിയും എന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും പ്രതിപക്ഷം പല പ്രകാരത്തിൽ വലിയ പ്രതിരോധത്തിൽ ആയി നിൽക്കുന്ന ഈ വേളയിൽ!

ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ നിലവിലുള്ള ഭരണപക്ഷം ഏതെങ്കിലും തരത്തിൽ പ്രതിരോധത്തിലാകുന്നത് മനസിലാക്കാം. പക്ഷെ ഇപ്പോഴത്തെ ഭരണപക്ഷം ഒരുതരത്തിലും പ്രതിരോധത്തിലാണെന്ന് പറയാനാകില്ല. എന്നാൽ പ്രതിപക്ഷത്തെ യു.ഡി.എഫ് ആകട്ടെ പിടിച്ചുനിൽക്കാൻ കഴിയാത്തവിധം പ്രതിരോധത്തിൽ ആയി. അഴിമതി,സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രമുഖരായ യു.ഡി.എഫ് നേതാക്കൾ ആരോപണ വിധേയരാകുകയും ചിലർ തെളിയിക്കപ്പെട്ട ആരോപണങ്ങളാൽ ശിക്ഷിക്കപ്പെടുകയും ജയിലിൽ പോകുകയും വരെ ചെയ്തു. സഹതാപാർഹമായ ഗതികേടിലാണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന കേരളത്തിലെ ഐക്യജനാധിപത്യമുന്നണി. ഈ ആരോപണ വിധേയരും ശിക്ഷിക്കപ്പെട്ടവരും നല്ലൊരു പങ്കും മുൻ യു.ഡി.എഫ് ഭരണത്തിൽ മന്ത്രിമാരായിരുന്നവരാണ് എന്ന് കൂടി നാം ഓർക്കണം. എന്നാൽ നിലവിലിരിക്കുന്ന ഇടതുപക്ഷ ഗവർണ്മെന്റിലെ ഒരു മന്ത്രിക്കെതിരെ പോലും ഒരുവിധ അഴിമതി ആരോപണങ്ങളും ആർക്കും ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ആകെ രണ്ട് മന്ത്രമാർക്കെതിരെയാണ് ഒന്നു രണ്ട് ആരോപണങ്ങൾ ഉണ്ടായത്. ആ ആരോപണ വിധേയരാകട്ടെ ഇപ്പോൾ യു.ഡി.എഫിന്റെ ഭാഗമാണ്താനും.

ഇത്ര നല്ല ക്ലീൻ ഇമേജോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ സർക്കാരിനെ നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് കഴിയുന്നത് ഒരു വലിയ കാര്യം തന്നെയാണ്. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള നമ്മുടെ കേന്ദ്രമന്ത്രി സഭ അഴിമതിയുടെ കൂടാരമാണെന്ന് ജനം തിരിച്ചറിഞ്ഞ ഈ വേളയിൽ പ്രത്യേകിച്ചും. കേന്ദ്രമന്ത്രിമാർ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതി ഞെട്ടിക്കുന്നതാണ്. ഇപ്പോൾ ഒരു കേന്ദ്ര മന്ത്രിയേ അഴിയെണ്ണുന്നുള്ളൂ. എന്നാൽ ഇനി എത്രപേർ “അഴി” മതിയെന്ന് കരുതി കാലം കഴിക്കേണ്ടിവരുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. ഇന്ത്യ മുഴുവൻ പായ്‌വിരിച്ച് ഉണക്കാവുന്നത്രയും പച്ചനോട്ടുകളുടെ അഴിമതികളാണ് സ്പെക്ട്രം അഴിമതി അടക്കം ഉള്ളവയിൽ നടന്നിരിക്കുന്നത്. നേതാക്കളുടെ അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ വേറെയും. യുവരാജാവ് രാഹുൽ ഗാന്ധിക്കെതിരെ തന്നെ അത്തരം ആരോപണങ്ങൾ ഒന്നിനു പുറകേ ഒന്നായി പുറത്തുവരികയാണ്. വലിയ നേതാവ് ഇങ്ങനെയെങ്കിൽ താഴോട്ടുള്ളവർ എങ്ങനെയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പറഞ്ഞുവന്നത് ഒരു വോട്ടർ എങ്ങനെ ചിന്തിച്ചാലും കേരളത്തിൽ ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യാൻ ഒരു ന്യായവുമില്ല. നൂറ്റിപ്പത്തിന്റെ അവകാശവാദമൊക്കെ ഇപ്പോൾ യു.ഡി.എഫ് നേതാക്കൾതന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. കുഴിയിൽ കാലും നീട്ടി ഇരുന്നവർ പോലും കൃത്രിമ ശ്വാസവുമായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാനിരുന്നതാണെന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് നേതാക്കൾതന്നെ പറഞ്ഞിരുന്നു. ചിലരൊക്കെ ഇപ്പോൾ പിൻ വാങ്ങി. ബ്യൂട്ടി പാർളറുകളിൽ തിരക്കൊന്നു കുറഞ്ഞു. ഡൈക്കും, എക്സ്ട്രാ പവർ ടോണിക്കുകൾക്കും ഒക്കെ അല്പം ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. മന്ത്രിയാകാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനു മത്സരിക്കുന്നു എന്ന് വിചാരിക്കുന്ന കോൺഗ്രസ്സ് നേതാക്കൾ മത്സരംഗത്തേയ്ക്ക് വരുന്നതിൽ നിന്നും പിന്മാറിയിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിൽ അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയിൽ ഒരല്പം പ്രബുദ്ധതയുടെ അംശം കണ്ടെത്താൻ കഴിഞ്ഞേക്കും. അതിന്റെ തനിയാവർത്തനം ആയിരുന്നില്ലെങ്കിലും പിന്നീട് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ചില സ്ഥലങ്ങളിലെങ്കിലും ജനങ്ങൾ പ്രബുദ്ധത തെളിയിച്ചിട്ടുണ്ട്. ഈ പ്രബുദ്ധത രണ്ടു മുന്നണികളെയും പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. എന്നാൽ ഇനി നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിന്റേയോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെയോ ഒരു ആവർത്തനമായിരിക്കില്ല. അതിനുള്ള ഒരു സാഹചര്യവും ഇപ്പോൾ നില നിൽക്കുന്നില്ല. ഒരു ഇടതു തരംഗം വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ഉണ്ടായി എന്നു കണ്ടാൽ അതിൽ അദ്ഭുതപ്പെടാനില്ല. കോൺഗ്രസ്സും യു.ഡി.എഫും ഇത്തവണയും തങ്ങൾക്ക് ഭരണമില്ലാത്ത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ഇപ്പോഴേ തയ്യാറെടുക്കുന്നത് നന്നയിരിക്കും എന്ന് തോന്നുന്നു. സ്വയം കൃതാനർത്ഥങ്ങൾക്ക് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ലെന്നു കൂടി യു.ഡി.എഫ് നേതാക്കൾ മനസില്ലാക്കുന്നതും നന്നായിരിക്കും. തെറ്റുകൾ ആവർത്തിക്കുകയല്ലാതെ അത് തിരുത്തുന്ന സമ്പ്രദായം കോൺഗ്രസ്സിലോ യു.ഡി.എഫിലെ മറ്റ് ഘടക കക്ഷികളിലോ ഇല്ലാത്ത നിലയ്ക്ക് ഒരു തെറ്റ് തിരുത്തൽ ഉപദേശം ആരും നൽകിയിട്ട് കാര്യവുമില്ല. ജയിലിൽ പോകുന്നവരെ അവിടെ പോയി കണ്ട് ആശ്വസിപ്പിച്ചാൽ പോര, യഥോചിതം സ്വീകരണവും യാത്രയയപ്പും നൽകി അഴിമതിയെ പ്രോത്സാഹിപ്പിക്കുകതന്നെ വേണം എന്നാണല്ലോ അവരുടെ വാശി. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഉപദേശിക്കുകയല്ല അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. അല്ലെങ്കിൽ തന്നെ ഒന്നോരണ്ടോ പേർ തെറ്റ് തിരുത്തിയാൽ പോരല്ലോ. ഒരുപാട് തെറ്റുകാരുള്ളപ്പോൾ!

ഇടതുപക്ഷ ഭരണത്തിന് ഇപ്പോൾ തുടർച്ച കിട്ടിയാൽ അടുത്ത അഞ്ചുവർഷം കൊണ്ട് കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.തുടങ്ങിവച്ച പല ജനക്ഷേമ പ്രവർത്തനങ്ങളും പൂർത്തിയാക്കാനും ഇടതുഭരണത്തിന് തുടർച്ച ആവശ്യമാണ്. ഇടതുമുന്നണി ഗവർണ്മെന്റ് ഇതുവരെ നടപ്പിലാക്കിയ ജനക്ഷേമ നടപടികൾകൂടി യു.ഡി.എഫ് ഭരണം വന്നാൽ അട്ടികറിക്കപ്പെടാം. വരുന്ന തെരഞ്ഞെടുപ്പിൽ ജനവിധി ഇടതുപക്ഷത്തിന് പ്രതികൂലമായാൽ അത് കേരളത്തിന് വമ്പിച്ച നഷ്ടമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും വോട്ട് ചെയ്യുന്ന കാര്യത്തിൽ തെറ്റുകളുടെ തനിയാവർത്തനമായിരിക്കില്ല വരുന്ന ജനവിധിയെന്ന് പ്രത്യാശിച്ചുകൊണ്ട് ഈ കുറിപ്പ് നിർത്തുന്നു.

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...