എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Monday, June 29, 2009

പത്താം ക്ലാസ്സിലെ പൊതു പരീക്ഷ നിറുത്തലാക്കുമ്പോൾ..............

പത്താം ക്ലാസ്സിലെ പൊതു പരീക്ഷ നിറുത്തലാക്കുമ്പോൾ..............


മുൻകുറിപ്പായി, എഴുതിയ പോസ്റ്റിന്റെ ചുരുക്കം

  • പത്താം ക്ലാസ്സ് പരീക്ഷ നിറുത്തലാക്കുമ്പോൾ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടുവയ്ക്കാതെ ഈ പരിഷ്കാരം നടപ്പിലാക്കും എന്നു പ്രഖ്യാപിയ്ക്കുന്നതു ജനഹിതത്തിനു നിരക്കുന്നതല്ല.

  • പത്താം ക്ലാസ്സ് കഴിയുന്ന എല്ലാകുട്ടികൾക്കും പ്ലുസ്- വണ്ണിനു പ്രവേശനം ഉറപ്പാക്കിയിട്ടു വേണം പരീക്ഷ നിറുത്തലാക്കാൻ

  • ഗ്രേഡിംഗ് സമ്പ്രദായത്തേയും പാഠ്യപദ്ധതി സമീപനങ്ങളെയും അന്ധമായി എതിർക്കുന്നില്ല.

  • കുട്ടികളിൽ സാമൂഹ്യ ബോധം ഉണർത്തിയ്ക്കുന്ന പാഠസന്ദർഭങ്ങൾ പലവിഷയങ്ങളിലും ഉണ്ടെന്നത് അംഗീകരിയ്ക്കുന്നു.

  • എന്നാൽ അവ്യക്തവും സങ്കീർണ്ണങ്ങളുമായ പാഠഭാഗങ്ങളും, പുസ്തകങ്ങളുടെ അനാവശ്യമായ വലിപ്പവും അംഗീകരിയ്ക്കുന്നില്ല. ഇവ മാറണം.

  • കുട്ടികൾക്ക് താങ്ങാൻ കഴിയാത്തവയും പ്രയോജന രഹിതവുമായ പഠനപ്രവർത്തനങ്ങൾ ഒഴിവാക്കണം.

  • ചോദ്യങ്ങൾ തേടിയല്ല ഉത്തരങ്ങൾ തേടിയാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. അതുകൊണ്ടു തന്നെ പാഠഭാഗങ്ങളിൽ കാര്യമാത്ര പ്രസക്തമായ മാറ്ററുകൾ ഉണ്ടാകണം.

  • ചോദ്യങ്ങൾക്ക് ഉത്തരവും ഉത്തരങ്ങൾക്ക് ചോദ്യവും കിട്ടുന്നതായിരിയ്ക്കണം പാഠ ഭാഗങ്ങൾ.

  • ഡിഗ്രി സെമസ്റ്റർ സമ്പ്രദായം അനാവശ്യം.

അറിഞ്ഞപ്പോൾ തോന്നിയത് കുത്തിക്കുറിയ്ക്കുകയാണ് ഇവിടെ;

സംസ്ഥാന സർക്കാർ പത്താം ക്ലാസ് പരീക്ഷ നിറുത്തലാക്കാൻ പോകുന്നുവെന്നുള്ള സൂചനകളാണ് കേട്ടുകൊണ്ടീരുന്നത്. ഇപ്പോഴിതാ കേന്ദ്രം തന്നെ പത്താം ക്ലാസ് പരീക്ഷ നിറുത്തലാക്കാൻ പോകുന്നു. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗം ആയതിനാൽ ഇനിയും പത്താം ക്ലാസ്സിൽ നിലവിലുള്ളതുപോലെ ഒരു പൊതു പരീക്ഷയോ സർടിഫിക്കറ്റോ ആവശ്യമില്ലെന്നു പറയുന്നു. പക്ഷെ ഈ പരീക്ഷ നിറുത്തലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറെയാണ്. അതേപറ്റിയൊന്നും ആലോചിയ്ക്കാതെ നടത്തിയിട്ടുള്ള പ്രഖ്യാപനം ഉൽക്കണ്ഠാകുലമാണ്. പത്താം തരം കഴിയുമ്പോൾ എല്ലാ കുട്ടികളെയും പ്ലസ്-വണ്ണിനു പ്രവേശിപ്പിയ്ക്കുവാൻ നിലവിലുള്ള സാഹചര്യത്തിൽ കഴിയുമോ? ഗ്രേഡിംഗ് സിസ്റ്റെവും നല്ലതുതന്നെ.

പരിഷ്കാരത്തെ എതിർത്ത് മൂരാച്ചിയെന്ന ദുഷ്പേര് വരുത്തുവാൻ ആഗ്രഹിയ്ക്കുന്നില്ല. പക്ഷെ ഒരു ചോദ്യം; പത്താം ക്ലാസ്സിൽ പരീക്ഷ നടത്താതെ ഏതു മാനദണ്ഡത്തിലാണ് കുട്ടികൾക്കു പ്ലുസ്- വൺ പ്രവേശനം നൽകുന്നത്? സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിൽ വ്യത്യസ്തങ്ങളായ കോംബിനേഷനുകളാണ് ഓരോ സ്കൂളുകളിലും ഉള്ളത്. ഇവയിൽ ഓരോന്നിനും കുട്ടികളുടെ താല്പര്യമനുസരിച്ച് എങ്ങനെ പ്രവേശനം നൽകും? പത്തു കഴിയുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുവാൻ നിലവിൽ സീറ്റുകളുടെ പരിമിതിയുണ്ട്. എല്ലാ സ്കൂളുകളിലും പ്ലുസ്-ടൂ ഇല്ല താനും. ഇതെങ്ങനെ പരിഹരിയ്ക്കും? ഇങ്ങനെ നിരവധി പ്രശ്നങ്ങൾ പത്താം തരം പരീക്ഷ നിറുത്തലാക്കുന്നതോടെ പിന്നാലെ വരും. ഇതൊന്നും ശ്രദ്ധിയ്ക്കാതെ നടത്തിയ പ്രഖ്യാപനം പ്രഖ്യാപിയ്ക്കാൻ വേണ്ടി ചുമ്മാ നടത്തിയ ഒരു പ്രഖ്യാപനമായിരിയ്ക്കുമെന്നു തൽക്കാലം സമാധാനിയ്ക്കാം.

പക്ഷെ പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ നിലവിലിരിയ്ക്കുന്നതിന്റെ പോരായ്മകൾ എന്താണെന്നു ശരിയ്ക്കും വ്യക്തമാക്കേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റം ഏതു മേഖലയിലും വേണം. അതു വിദ്യാഭ്യാസമേഖലയിലും വേണം. എന്നാൽ ഇവിടെ പത്താം ക്ലാസ്സ് പരീക്ഷ നിറുത്തുന്നതിനു കാരണമായി പറയുന്നതിൽ ഒന്ന് കുട്ടികളുടെ പഠനഭാരത്തെ കുറിച്ചാണ്. അത് ശരിതന്നെ. രക്ഷകർത്താക്കളൂടെ മാനസിക സംഘർഷവും കണക്കിലെടുത്തിട്ടുണ്ടത്രേ. വിദ്യാഭ്യാസം, അതിന്റെ ആവശ്യകത, വിദ്യാഭ്യാസത്തിന്റെ ഫലമായി ലഭിയ്ക്കാനൊടയുള്ള തൊഴിലുകൾ മുതലായവ സംബന്ധിച്ച് നിലവിലിരിയ്ക്കുന്ന തെറ്റിദ്ധാരണകളാണ് കുട്ടികളിലും രക്ഷകർത്താക്കളിലും മാനസിക സമ്മർദ്ദങ്ങൾ സൃഷ്ടിയ്ക്കുന്നത്. അനാവശ്യമായി സൃഷ്ടിയ്ക്കപ്പെടുന്ന അവസരങ്ങളുടെ ദൌർലഭ്യമാണ് മറ്റൊരു പ്രശ്നം. അതേപറ്റി ഇപ്പോൾ വിശദീകരിയ്ക്കുന്നില്ല.

പഠനമല്ല ഇന്നത്തെ കുട്ടികൾ ചുമക്കുന്ന ഏറ്റവും വലിയ ഭാരം. പുസ്തകങ്ങളും തട്ടുമുട്ടു സാധനങ്ങളും അടങ്ങുന്ന ഭാണ്ഠമാണ്. പുസ്തകങ്ങളുടെ വലിപ്പവും ഒരു പ്രധാന പ്രശ്നം തന്നെ. എന്നാൽ പുസ്തകങ്ങളുടെ ഉള്ളിൽ കാര്യമായി എന്തെങ്കിലും ഉണ്ടോ? അതുമില്ല. കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല അതു തയ്യാറാക്കിയവർക്കു പോലും മനസിലാകാത്ത കുറെ ശിഥിലമായ എഴുത്തുകുത്തുകൾ. പിന്നെ കുറെ ഭ്രാന്തൻ ചോദ്യങ്ങൾ. ഉത്തരം ധര്യമുണ്ടെങ്കിൽ കണ്ടു പിടിച്ചോളൂ എന്ന ചില വെല്ലു വിളികളും. ഇപ്പോഴത്തെ പാഠപുസ്തകങ്ങൾ ഏതെങ്കിലും സൈക്യാർടിസ്റ്റുകൾ എടുത്തു ചുമ്മാ ഒന്നു നിവർത്തി നോക്കിയാൽ അതിലെ പാഠഭാഗങ്ങൾ തയ്യാറാക്കിയ മാനസികരോഗികളെ ആ ഡൊക്ടർമാർ തന്നെ തിരക്കിച്ചെന്നു പിടിച്ചുകെട്ടീ ഭ്രാന്താശുപത്രിയിൽ എത്തിയ്ക്കും.

എന്നാൽ ചില വിഷയങ്ങളിൽ സാമൂഹ്യ ബോധം ഉൾക്കൊണ്ടും സഹജീവീയ സ്നേഹം ഉൾക്കൊണ്ടും വളരാൻ കുട്ടികളെ സഹായിക്കുന്ന പാഠഭാഗങ്ങൾ ഉണ്ട്. (അത്തരത്തിൽ ഒന്നയിരുന്നല്ലോ മതമില്ലാത്തജീവൻ. പക്ഷെ അതു് തല്പരകക്ഷികൾ പ്രശ്നമാക്കി എടുത്തു കളയിച്ചില്ലേ?) പാഠ്യപദ്ധതിയുടെ ലക്ഷ്യം സമീപനം ഇവയൊക്കെ ഏറ്റവും നല്ലതുതന്നെ. പക്ഷെ പ്രതിപാദനരീതിയാണ് പ്രശ്നം. ഒന്നും മനപാഠം പഠിച്ചു പോകരുതെന്ന വാശിയും നന്നല്ല. ഓരോരുത്തരുടേയും ജീവിതം തന്നെ മുൻ തലമുറയുടെ അനുകരണമാണ്. കാണാപാഠം പഠിയ്ക്കേണ്ട പ്രായത്തിൽ കുറച്ചൊക്കെ കാണാതെ പഠിയ്ക്കുക തന്നെ വേണം. നമ്മളൊക്കെ പണ്ടു കാണാതെ പഠിച്ച കവിതകൾ ഇന്നും ചുണ്ടിൽ ഇടയ്ക്കിടെ തത്തിക്കളിയ്ക്കും. കൂടുതലും മനസിലാക്കിത്തന്നെ പഠിയ്ക്കണം. പക്ഷെ കാണാതെ യാതൊന്നും പഠിച്ചു പോകരുതെന്ന് ഒരു വിലക്കെന്തിന്?

അശ്ലീലം പറയുകയാണെന്നു കരുതരുത്. രാകേഷ് സ്കൂളിലേയ്ക്കു നടക്കുകയായിരുന്നു. വഴിയിൽ രണ്ടുപേർ വഴക്കുകൂടുന്നു. അതിൽ ഒരാൾ ദേഷ്യം മൂത്ത് മറ്റേയാളെ വസ്ത്രം ഉരിഞ്ഞു കാണിച്ചു. ഇതിൽ നിന്നും നിങ്ങൾക്ക് എന്തു മനസ്സിലായി. ആ വഴക്കാളികൾ തമ്മിൽ പറഞ്ഞത് ഏതു തരം തെറിയായിരിയ്ക്കും? ആ തെറികളുടെ അർത്ഥം നിങ്ങൾക്ക് അറിഞ്ഞുകൂടെങ്കിൽ വീട്ടീൽ ചെന്ന് അപ്പൂപ്പനോടു ചോദിയ്ക്കൂ. ഈ സംഭവം കണ്ട രാകേഷ് വീട്ടിൽ ചെന്ന് തന്റെ മാതാപിതാക്കളോട് എന്തായിരിയ്ക്കും പറഞ്ഞിരിയ്ക്കുക? നിങ്ങളുടെ തെറി പുസ്തകത്തിൽ എഴുതുക. ഈ സംഭവം ഒരു പത്ര റിപ്പോർട്ടാക്കുക. നിങ്ങളുടെ വീട്ടിൽ ഇത്തരം വഴക്കുകൾ നടക്കാറുണ്ടോ? ഏതൊക്കെ തെറികളാണ് നിങ്ങളുടെ വീട്ടിൽ സാധാരണ പറയുക? സംശയങ്ങൾ അദ്ധ്യാപകരുമായി ചർച്ച ചെയ്യുക. നാളെ വരുമ്പോൾ പത്തു പൂരപ്പാട്ടുകൾ എഴുതിക്കൊണ്ടു വരിക.

ഇത്തരത്തിൽ ചിലതാണ് പാഠപുസ്തകങ്ങളിൽ എഴുതി വച്ചിരിയ്ക്കുന്നത്. ഒന്നും വ്യക്തമായി എഴുതില്ല. എല്ലാം ചോദ്യങ്ങളും പദപ്രശ്നങ്ങളും ആണ്. മിക്കതിന്റെയും ഉത്തരങ്ങൾ സ്കൂളിലെ അദ്ധ്യാപകർക്കും അറിയില്ല. അദ്ധ്യാപകർക്ക് അറിഞ്ഞുകൂടാത്തതെല്ലാം പ്രോജെക്റ്റും അസെയിന്മെന്റുമായി കൊടുക്കും. കുട്ടികൾ അതുംകൊണ്ട് ഓടെടാ ഓട്ടം. ട്യൂട്ടോറികളിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് അവിടുത്തെ അദ്ധ്യാപകർ ഒക്കെ ശരിയാക്കികൊടുക്കും. ട്യൂട്ടോറിയിൽ പോകാത്തവർ അവിടെ പോകുന്നവരിൽ നിന്നും കണ്ടെഴുതും.

സ്വന്തം ശേഷി വർദ്ധിപ്പിയ്ക്കാനെന്ന പേരിൽ സ്കൂളിൽ നിന്നും കൊടുക്കുന്ന ഭാരിച്ച ഇത്തരം വർക്കുകൾ മിക്കതും കോപ്പിയടിയാണ്. ചിലത് രക്ഷിതാക്കളോ മറ്റു മുതിർന്നവർ ആരെങ്കിലുമോ ചെയ്തുകൊടുക്കും. ചിലത് ട്യൂട്ടോറിയലുകാർ ചെയ്തുകൊടുക്കും. വല്ല വരപ്പോ മറ്റോ ആണെങ്കിൽ കൂലിയ്ക്കു ചെയ്യിപ്പിയ്ക്കുന്ന പതിവും ഉണ്ട്. (നമ്മുടെ ബി എഡു കാരെയും റ്റി.റ്റി.സിക്കാരെയും മറ്റും പോലെ. കൂലിയ്ക്കെഴുതിച്ചും വരപ്പിച്ചും കോപ്പിയടിച്ചും കാണിച്ച് മാർക്കു വാങ്ങി വരുന്നവരാണല്ലോ നമ്മുടെ സ്കൂൾ അദ്ധ്യാപകർ നല്ലൊരു പങ്കും. അവരുടെ കഴിവുകളെ കുറച്ചു കാണുകയല്ല. ഒരു സത്യം ഇടയ്ക്കു പറഞ്ഞുവെന്നു മാത്രം.) ഇങ്ങനെ ചില കുഴപ്പങ്ങൾ നമ്മുടെ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ട്. ചോദ്യങ്ങൾ തേടിയല്ല ഉത്തരങ്ങൾ തേടിയാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. അതുകൊണ്ടു തന്നെ പാഠഭാഗങ്ങളിൽ കാര്യമാത്ര പ്രസക്തമായ മാറ്ററുകൾ ഉണ്ടാകണം

അല്ലെങ്കിൽ നോക്കൂ പണ്ടത്തെ കയ്യിലൊതുങ്ങുന്ന പുസ്തകങ്ങൾക്ക് എന്തായിരുന്നു കുഴപ്പം? അതൊക്കെ പഠിച്ചു തന്നെ ഇന്നത്തെ ഉന്നതസ്ഥാനീയർ എല്ലാം അവിടെയൊക്കെ എത്തിയത്. അതുകൊണ്ട് പഴയ പാഠ്യപദ്ധതിയ്ക്ക് പറയത്തക്ക കുഴപ്പമൊന്നുമുണ്ടായിട്ടല്ല; പക്ഷെ കാലം മാറുമ്പോൾ നാം മാറിയേ പറ്റൂ. മാറ്റങ്ങൾ അനിവാര്യം തന്നെ എന്നതിൽ തർക്കിയ്ക്കുന്നില്ല. പരീക്ഷയുടെ കാര്യം തന്നെ എടുക്കൂ.പണ്ടു പക്ഷെ തോല്പിയ്ക്കാൻ വേണ്ടി പരീക്ഷ നടത്തിപ്പോന്നു. ഇപ്പോൾ ജയിപ്പിയ്ക്കാനും. എല്ലാവരെയും വിജയിപ്പിയ്ക്കുന്നത് നല്ലതുതന്നെ. ഗ്രേഡിംഗ് സിസ്റ്റവും നല്ലതുതന്നെ. എല്ലാ കുട്ടികൾക്കും അവരുടെ ഗ്രേഡ് നൽകാം. പക്ഷെ ഡി പ്ലുസിൽ താഴെ ഒരു ഗ്രേഡിന്റെ ആവശ്യമില്ല.

പത്തുവർഷം പഠിയ്ക്കുന്ന കുട്ടികൾ അക്ഷരം അറിയില്ലെങ്കിൽ പോലും എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടാകും. കുറെ അനുഭവങ്ങൾ ഉൾപ്പെടെ. അതൊക്കെ വച്ച് എല്ലാവർക്കും പ്രമോഷൻ നൽകുക. ആരെയും തോല്പിയ്ക്കേണ്ട കാര്യമില്ല. വെറുതെ എന്തിനു പരാജിതരെ സൃഷ്ടിയ്ക്കുന്നു? ഒരു പരാജിതന്റേയും വിജയിയുടേയും മനോനിലയിൽ വ്യത്യാസങ്ങൾ ഉണ്ടാകും. പരാജിതൻ ആത്മവിശ്വാസം നഷ്ടപ്പെട്ട് മറ്റൊരു മാനസികാവസ്ഥയിൽ എത്തും . അതുകൊണ്ടുതന്നെ ഒരുവിധം എല്ലാവർക്കും ജയിക്കാൻ സാധിയ്ക്കുന്ന ഇന്നത്തെ ഗ്രേഡിംഗ് സംവിധാനത്തിലുള്ള പരീക്ഷാ രീതിയ്ക്ക് ഈയുള്ളവൻ എതിരല്ല. കുറച്ചുപേരെ ജയിപ്പിയ്ക്കാനും അതിലേറെ പേരെ തോല്പിയ്ക്കാനുമായി പരീക്ഷ നടത്തേണ്ടതില്ല. എല്ലാവരെയും വിജയിപ്പിയ്ക്കുവാൻ വേണ്ടി പരീക്ഷ നടത്തുക. അതിൽ പലമാനദണ്ഡങ്ങളും കണക്കാക്കി ഓരോരുത്തർക്കും അർഹമായ ഗ്രേഡുകൾ നൽകുക. പ്രോജെക്റ്റും അസൈമെന്റും പാട്ടപറക്കലും തുടങ്ങി സാറന്മാരുടെ ജോലി എളുപ്പമാക്കുന്ന ചില ഉഡായിപ്പു പരിപാടികൾ നിറുത്തണമെന്നുമാത്രം

അതുപോലെ ജയിക്കുന്നവർക്കെല്ലാം പ്ലുസ്-ടുവിനു സ്കൂളുകളിൽ പഠിയ്ക്കാൻ അവസരവും നൽകണം. എന്തിനാണ് മന:പൂർവ്വം ദൌർലഭ്യങ്ങൾ സൃഷ്ടികക്കുന്നത്? കുറെ കുട്ടികളെ നിരാശരാക്കുന്നത്? അഡ്മിഷൻ കുറച്ചുപേർക്കു കിട്ടുക. കുറച്ചു പേർക്കു കിട്ടാതിരിയ്ക്കുക. അതിനും മാത്രം വലിയ കോഴ്സൊന്നുമല്ലല്ലോ ഈ പ്ലസ് ടു! മാർക്കുകുറഞ്ഞത് സയൻസ് ഗ്രൂപ്പ് എടുത്തു പഠിയ്ക്കാനുള്ള അയോഗ്യതയാക്കുന്നതും ശരിയല്ല. അതുകാരണം മാനവിക വിഷയങ്ങൾ മണ്ടന്മാരുടെ ഗ്രൂപ്പെന്ന ഒരു ധാരണ പൊതുവെ ഉണ്ട്. പ്ലുസ്-ടുവിനു വിഷയ ഗ്രൂപ്പുകൾ ചുരുക്കുകയും കുറച്ചൊക്കെ ഏകീകരിയ്ക്കുകയും ചെയ്യേണ്ടതാണ്. പത്താം തരം കഴിയുമ്പോൾ കുട്ടികൾക്ക് ഇഷ്ടപ്പെട്ട വിഷയഗ്രൂപ്പ് അഭിരുചിയ്ക്കനുസരിച്ച് എടുത്തു പഠിയ്ക്കുവാനുള്ള സാഹചര്യം സൃഷ്ടിയ്ക്കപ്പെടണം. കിട്ടുന്ന സ്കൂളീൽ കിട്ടുന്ന ഗ്രൂപ്പ് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും എടുത്ത് പഠിയ്ക്കുവാൻ നിർബന്ധിതരാകുകയാണ് ഇന്നും കുട്ടികൾ. ഈ സ്ഥിതി മാ‍റണം.

ഞാൻ പറഞ്ഞുതുടങ്ങിയത് ഇതല്ല. പത്താം ക്ലാസ്സിലെ പരീക്ഷ നിറുത്തുന്നതിനെക്കുറിച്ചാണ്. സംഗതി കുഴപ്പമില്ല. പക്ഷെ പത്താം ക്ലാസ്സ് കഴിയുന്ന എല്ലാകുട്ടികൾക്കും പ്ലുസ്- വണ്ണിനു പ്രവേശനം ഉറപ്പാക്കിയിട്ടു വേണം ഇതു ചെയ്യാൻ. മാത്രവുമല്ല ഹയർ സെക്കണ്ടറിയുടെ വിഷയ കോമ്പിനേഷനുകൾ എണ്ണം കുറച്ച് ഏകീകരിയ്ക്കണം. ഗ്രൂപ്പുതിരിവുകൾ ഇല്ലാതാക്കിയാലും കുഴപ്പമില്ല. സിലബസ് ലഘൂകരിച്ച് സയൻസും സാമൂഹ്യശാസ്ത്രവും കണക്കും എല്ലാം എല്ലാ കുട്ടികളും ആവശ്യത്തിനു പഠിയ്ക്കട്ടെ. (പക്ഷെ അങ്ങനെയൊക്കെ ചെയ്യുമ്പോൾ ഓരോ വിഷയം എടുത്ത് പഠിച്ച് പ്ലുസ്-ടു അദ്ധ്യാപകരാകാൻ കാത്തു നിൽക്കുന്ന സെറ്റുകാരുടെയും നെറ്റുകാരുടെയും ഒക്കെ കാര്യം എങ്ങനെ? ഇതും ഒക്കെ പ്രശ്നമാണ്.)

പരീക്ഷകൾ അഗ്നിപരീക്ഷകൾ ആകരുതെന്നതു ശരിതന്നെ. പക്ഷെ പരീക്ഷകളേ വേണ്ട എന്ന തീവ്രവാദവും ഹിതകരമല്ല. പഠിയ്ക്കാനുള്ള ഉത്സാഹത്തിന് ഒരു പ്രചോദാനം വേണ്ടേ? അതിനു പിന്നെ പരീക്ഷകൾ അല്ലാതെ നല്ലതായിട്ടു പകരം മറ്റെന്തു മാർഗ്ഗം? യഥാർത്ഥത്തിൽ നേരത്തെ നിലനിന്നിരുന്നതും, ഇപ്പോൾ പുതിയ പാഠ്യപദ്ധതി സംവിധാനങ്ങളിൽ നടത്തുന്നതുമായ പരീക്ഷാ സമ്പ്രദായങ്ങൾക്കു രണ്ടിനും ഓരോന്നിന്റേതായ പോരായ്മകൾ ഉണ്ട്. ഇപ്പോഴത്തേതും പണ്ടത്തേതും അല്ലാത്ത ഒരു പരീക്ഷാരീതി നമുക്കു പരീക്ഷിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഇത്തരം കാര്യങ്ങളെപ്പറ്റിയൊന്നും ചിന്തിയ്ക്കാതെ ചാടികയറി പ്രഖ്യാപനങ്ങൾ നടത്തുന്നത് ഇവിടെ പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനങ്ങളാണു ജീവിച്ചിരിയ്ക്കുന്നത് എന്ന ധാരണയോ തെറ്റിദ്ധാരണയോ കൊണ്ടാകാം. ഏതായാലും പത്തിലും പ്ലുസ്-ടുവിലും കൂടി ഇപ്പോഴത്തെ മാതിരി പൊതു പരീക്ഷ നടത്തേണ്ട ആവശ്യമില്ല എന്നതു വേണമെങ്കിൽ സമ്മതിയ്ക്കാം. പൊതു പരീക്ഷ പ്ലുസ്-ടുവിൽ മതി. പത്തിൽ വച്ച് പഠനം നിർത്താൻ ആഗ്രഹിയ്ക്കുന്നവർക്ക് വേണമെങ്കിൽ പ്രത്യേക സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. അവർക്കു പിന്നീട് എപ്പോഴെങ്കിലും പ്ലുസ്-ടു ഉൾപ്പെടെ പഠിയ്ക്കാൻ പറ്റുന്ന നിലയിൽ.

അതായത് പത്താം തരത്തിൽ ഒരു മാനദണ്ഡ ഗ്രേഡു എല്ലാ‍വർക്കും നൽകുന്ന തരത്തിൽ ലളിതമായ പരീക്ഷ നടത്താവുന്നതാണ്. പത്താം ക്ലാസ്സു കഴിഞ്ഞ് ഹയർ സെക്കണ്ടറി ഉൾപ്പെടെ മറ്റു കോഴ്സുകൾക്ക് മെരിറ്റു കണക്കാക്കി പ്രവേശനം നൽകാൻ എന്തെങ്കിലും മാർഗ്ഗം വേണ്ടേ? എന്തായാലും വളരെ ഗൌരവാഹകമായ ചിന്തകൾക്കും ചർച്ചകൾക്കും ശേഷം പ്രശ്നരഹിതമായി നടത്തേണ്ടതായിട്ടുള്ള പരിഷ്കാരങ്ങൾ അധികാരത്തിന്റെ തിമിർപ്പിൽ തിടുക്കത്തിൽ അടിച്ചേൽ‌പ്പിയ്ക്കുന്നത് ജനഹിതത്തിനു നിരക്കുന്നതല്ല.

അതുപോലെ മറ്റൊന്നാണ് ഇപ്പോൾ ഡിഗ്രീ കോഴ്സ് സെമെസ്റ്റർ സമ്പ്രദായം ആക്കാൻ പോകുന്ന കാര്യം. അത് ആവശ്യമില്ലാത്ത ഒരു പരിഷ്കാരമാണ് എന്നാണ് ഈയൊരുത്തന്റെ പക്ഷം. സെമസ്റ്റർ സമ്പ്രദായം വരുമ്പോൾ പക്ഷെ കോളേജിൽ അഡ്മിഷൻ കിട്ടാത്തവർ ഡിഗ്രിയ്ക്കു പോകാൻ ആഗ്രഹിച്ചാൽ എന്തു ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടില്ല. ബിരുദ പഠനവും അങ്ങനെ വലിയ “തല“ യുള്ളവരുടെ മാത്രം കുത്തകയാകാൻ പോകുകയാണ്. എല്ലാവർക്കും ഒരേ ബുദ്ധി കൊടുക്കാൻ ഉള്ളതോ ഇല്ലാത്തതോ ആയ ദൈവത്തോട് ഒന്നു പ്രാർത്ഥിച്ചു നോക്കാം. ബുദ്ധിപരമായ സ്വാഭാവിക കാരണങ്ങളാലും, മറ്റേതെങ്കിലും പ്രതികൂല സാഹചര്യങ്ങളാലും അല്പം മാർക്കും ഗ്രേഡുമൊക്കെ കുറഞ്ഞവർക്കും ഇവിടെ എന്തെങ്കിലുമൊക്കെ ഇഷ്ടാനുസരണം പഠിയ്ക്കാൻ അവസരം ഉണ്ടാകണ്ടേ? എഞ്ചിനീയറിങ്ങും ഡോക്ടറുമൊക്കെ വലിയ “തല“യന്മാർ ആയിക്കൊള്ളട്ടെ. അല്ലാത്തവർക്കും എന്തെങ്കിലുമൊക്കെ ആകണ്ടേ?

മറ്റൊന്ന്, പ്രീഡിഗ്രീ നിറുത്തിയപ്പോൾ അതുകൊണ്ടു വയറ്റിപ്പിഴപ്പു നടത്തിയിരുന്ന പാരലൽ അദ്ധ്യാപകരായ കുറേപ്പേർക്കു പണി പോയി. പിന്നെ പ്ലുസ്-ടു ഉള്ള സ്കൂളുകൾക്കടുത്തുള്ള പാരലൽ കോളേജുകാർക്ക് ഗുണമുണ്ടായി. ഇനിയിപ്പോൾ ഡിഗ്രീ പാരലലും ട്യൂഷനും കൊണ്ടു ജീവിയ്ക്കുന്നവർക്കും കൂടി പണിയും പോകും. തൊഴിലില്ലായ്മ ഇപ്പോഴും ഇവിടെ രൂക്ഷമാണ്. സമ്പൂർണ്ണ സോഷ്യലിസം നിലവിൽ വരുന്ന രാഷ്ട്രത്തിൽ നടത്തുന്ന മാതിരി ഒരു മേഖലയിലും പരിഷ്കാരങ്ങൾ വരുത്തുന്നതു നന്നല്ല. ഒരു പരിഷ്കാരം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ സമൂഹ്യ പ്രത്യാഘാതങ്ങളും കണക്കിലെടുക്കണം. പരിഷ്കാരങ്ങൾക്ക് ഇരയാകുന്നവർ മാത്രമല്ല ഈ പറഞ്ഞ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിയ്ക്കുന്നവരും രാഷ്ട്രത്തിലെ പൌരന്മാർ തന്നെയാണെന്നു മറക്കരുത്.

ഒരു ബിരുദം നേടാൻ ഏതുപ്രായത്തിലും ആരും ആഗ്രഹിയ്ക്കാവുന്നതാണ്. അതിന് ഒരു ഓപ്പൺ യൂണിവേഴ്സിറ്റി പോലും നമുക്കില്ല. നല്ലപ്രായത്തിൽ പഠിയ്ക്കാൻ സാഹചര്യങ്ങളും ബുദ്ധിയും ലഭിച്ച ആളുകൾ ഉന്നതങ്ങളിൽ കയറിയിരുന്ന് പല കാര്യങ്ങളിലും ജനത്തിനോടു സാഡിസ്റ്റു മനോഭാവം പുലർത്തുന്ന പ്രവണതയാണുള്ളത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മാത്രമല്ല. എല്ലാ മേഖലകളിലുമുണ്ട് ഈ അതിബുദ്ധിജീവികളുടെ സാഡിസം. സമൂഹം ആഗ്രഹിയ്ക്കുന്നതല്ല അവരുടെ പറട്ടത്തലയിൽ തോന്നുന്ന ഭ്രാന്തുകൾ സമൂഹത്തിനുമേൽ അടിച്ചേല്പിയ്ക്കുകയാണ് ചെയ്തുപോരുന്നത്. എന്തിനു പറയുന്നു, പാവപ്പെട്ടവന് ഏതെങ്കിലും ഒരു നിസ്സാര കാര്യത്തിന് നൽകേണ്ട നിർദ്ദിഷ്ട അപേക്ഷാ ഫോറങ്ങളുടെ മാതൃകകൾ തയ്യാറാക്കുന്നതിൽപോലും അനാവശ്യമായ സങ്കീർണ്ണതകൾ സൃഷ്ടിയ്ക്കുന്നവരാണ് ഈ ഉദ്യോഗസ്ഥ യന്ത്ര മനുഷ്യർ. എന്തിലും ഏതിലും ഉള്ളതും ഇല്ലാത്തതുമയ സാങ്കേതിക പ്രശ്നങ്ങൾ കണ്ടുപിടിയ്ക്കുവാനുംവിരുതന്മാരായ ഈ നട്ടപ്പിരാന്തന്മാർ എന്തേ ഒരു പരിഷ്കാരത്തിന് നിർദ്ദേശം നൽകുമ്പോൾ അതിന്റെ അനന്തര ഫലങ്ങൾ കാണാതെ പോകുന്നു?

പരിഷ്കാരത്തിനു വേണ്ടി പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന ഏർപ്പാടു നല്ലതല്ല. ജനപ്രതിനിധികളായ മന്ത്രിമാർക്ക് എല്ലാ കാര്യങ്ങളിലും അറിവില്ലെന്നത് മുതലെടുത്ത് ജനങ്ങളേയും ജനപ്രതിനിധികളേയും ഉദ്യോഗസ്ഥ മേധാവിത്വം വിഢ്ഢികളാക്കുകയാ‍ണ്. ഉദ്യോഗസ്ഥർ മാത്രമല്ല വിദഗ്ദ്ധരെന്നും പണ്ഡിതന്മാരെന്നും ഒക്കെ മുദ്രചാർത്തി കൊടുക്കുന്ന കുറെ ഉഡായിപ്പന്മാരും കൂടിയാണ് ഒന്നിനുംസമയമില്ലാത്തവരും എല്ലാത്തിനെക്കുറിച്ചും വേണ്ടത്ര പരിജ്ഞാനമൊന്നും ഇല്ലാത്തവരുമായ പാവം മന്ത്രിമാരെ പറഞ്ഞു കുഴപ്പിയ്ക്കുന്നത്. ജനപ്രതിനിധികൾ എല്ലാകാര്യത്തിലും വിദഗ്ദ്ധരായിരിക്കണമെന്നില്ലല്ലോ. ഗുണഗണങ്ങൾ വിശദീകരിച്ച് ദോഷഗണങ്ങൾ നടപ്പിലാക്കുന്ന ഭരണ സമ്പ്രദായം സഹിയ്ക്കാൻ തയ്യാറുള്ള ഒരു ജനതതി ഉള്ളപ്പോൾ പിന്നെ ആർക്ക് ആരെ പേടിയ്ക്കണം?

സമയത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ഈ പോസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം!

Tuesday, June 9, 2009

എന്താണു ഗവർണ്ണർ?

എന്താണു ഗവർണ്ണർ?

എഴുതാതെവയ്യ!

പിണറായി വിജയനെ പ്രോസിക്ക്യൂട്ട് ചെയ്യാൻ ഗവർണ്ണർ ആർ.എസ്. ഗവായ് സി.ബി.ഐയ്ക്ക് അനുമതി നൽകിയ നടപടി സമ്മിശ്ര പ്രതികരണത്തിന് ഇടവരുത്തിയിരിയ്ക്കുകയണല്ലോ. നിയമത്തിൻ എത്രയെത്ര വഴികൾ കിടക്കുന്നു. ഇവിടെ പിണറായി തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതൊക്കെ ഏതെങ്കിലും നിയമവഴികളിൽ പരിശോധിയ്ക്കട്ടെ. അതല്ല ഇവിടെ ചർച്ചാ വിഷയം. അതിലും ഗൌരവമുള്ളതാണ് ഗവർണ്ണർ പദവിയും അധികാരവും സംബന്ധിച്ചുള്ളത്. ജനാധിപത്യ ഭരണകൂടത്തെ രാഷ്ട്രപതിയോ ഗവർണ്ണറോ മറികടക്കുന്നതു ശരിയോ?

ഇവിടെ ഇപ്പോൾ സംസ്ഥാനസർക്കാർ നൽകിയ റിപ്പോർട്ടിനെ മറികടന്നുകൊണ്ടാണ് ഗവർണ്ണർ നടപടി എടുത്തിരിയ്ക്കുന്നത്. ഗവർണ്ണറുടെ ഈ നടപടി എല്ലാവരും കൂടി വേട്ടയാടി രസിയ്ക്കുന്ന പിണറായി വിജയനെതിരെ ആയതു കൊണ്ടോ അദ്ദേഹം സി,പി.ഐ (എം) സംസ്ഥാന സെക്രട്ടറി ആയതുകൊണ്ടോ ന്യായീകരിയ്ക്കപെടുന്നില്ല. ഒരു പാർട്ടിയോടും അതിന്റെ നേതാവിനോടുമുള്ള കലി തീർക്കാൻ ഭരണഘടനാ തത്വങ്ങളെ പാടെ മറന്നുകൊണ്ട് ഇങ്ങനെ ഒരു നടപടിയ്ക്ക് ഗവർണ്ണറെ പ്രേരിപ്പിച്ച കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ നടപടിയോ അതിനു വഴങ്ങിയ ഗവർണ്ണറുടെ നടപടിയോ ഒരു തരത്തിലും ന്യായീകരിയ്ക്കാവുന്നതല്ല. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. ജനാധിപത്യപരമാ‍യി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ അവഹേളിയ്ക്കുകവഴി ജനാധിപത്യത്തെ വെല്ലുവിളിയ്ക്കലാണ്.

സംസ്ഥാന സർക്കാർ നൽക്കുന്ന ഏതൊരു റിപ്പോർട്ടും, ശുപാർശയും, ഫയലും തൃപ്തികരമല്ലെന്നു കണ്ടാൽ പുന:പരിശോധനയ്ക്കായി തിരിച്ചയക്കാനല്ലാതെ എതിരായി ഒരു തീരുമാനം കക്കൊള്ളുന്നത് ഉചതമെന്നു കരുതാവുന്ന രീതിയിലല്ല നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഗവർണ്ണർ പദവിയെ വിഭാവന ചെയ്തിട്ടുള്ളത്. ഗവർണ്ണർ എന്നൊരു സ്ഥാനം തന്നെ ആവശ്യമാണോ എന്ന ചർച്ച പലപ്പോഴും ഉയർന്നുവന്നിട്ടുള്ളതുമാണെന്ന് ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട്. രാഷ്ട്രീയ പകപോക്കലിനു ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത ഇടയ്ക്കു കുറെക്കാലം ഇല്ലാതിരുന്നതാണ്. വീണ്ടും അത്തരം ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കു ഇപ്പോഴത്തെ സംഭവം തുടക്കവും തുടർച്ചയും ആയിത്തീർന്നേക്കും. ആർ ആർക്കെതിരെ ചെയ്യുന്നു എന്നു നോക്കി അഭിപ്രായം പറയുന്ന രീതി ഇത്തരം കാര്യത്തിൽ അനുവർത്തിയ്ക്കുന്നത് ശരിയല്ല.

യു.ഡി.എഫിന് അടുത്ത നിയമസഭാ തെരരഞ്ഞെടുപ്പുവരെ ഇടതുപക്ഷത്തിനെതിരെ ഇത്തരം വിഷയങ്ങൾ നീട്ടിപ്പൊണ്ടു പോകേണ്ടത് ആവശ്യമായിരിയ്ക്കാം. പക്ഷെ എക്കാലത്തും കോൺഗ്രസ്ശ് അധികാരത്തിൽ ഇരിയ്ക്കും എന്ന ധാരണ വച്ചു പുലർത്തി അഹങ്കരിച്ചിരുന്ന കാലത്തേയ്ക്കു തിരിച്ചു പോകാൻ ശ്രമിയ്ക്കുന്നത് ചരിത്രം നൽകുന്ന പാഠം ഉൾക്കൊള്ളാൻ തയ്യാറല്ലെന്നതിന്റെ തെളിവാണ്. ഒരു മതേതര പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സിനു ഇന്ത്യൻ ജനത ഇന്നും കല്പിച്ചു പോരുന്ന ഒരു ഉദാര മനസ്കതകൊണ്ടും പകരം വയ്ക്കാൻ സമാനമായ മറ്റൊരു രാഷ്ട്ട്രീയ ബദൽ ഇല്ലാത്തതുകൊണ്ടും ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സിനു ജയിക്കാനായത്. അത് ഒരു കണക്കിൽ ആവശ്യവുമായിരുന്നു. പരമ്പരാഗതമായി കോൺഗ്രസ്സ് ചെയ്തുപോരുന്ന ജനാധിപത്യ വിരുദ്ധ നടപടികൾ തുടരുന്നത് നല്ലതല്ല. കോൺഗ്രസ്സ് അവമതിയ്ക്കപ്പെടുന്നതിനും ഒരു പരിധി ഉണ്ടാക്കുന്നതു നല്ലതാണ്. കാരണം കോൺഗ്രസ്സിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷി എന്ന സ്ഥാനം കോൺഗ്രസിനു തന്നെ ഇന്നും. കോൺഗ്രസ്സ് എപ്പോഴും ഈ മതേതര ഇമേജ് നിലനിർത്തുന്നുണ്ടോ എന്നത് വേറെ വിഷയം.

രാഷ്ട്രീയമായി പരാജയപ്പെടുന്നിടത്ത് ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗിയ്ക്കുന്നത് ആർക്കെതിരെ ആയാലും നല്ലതല്ല. സി.പി.ഐ (എം)നെയും പിണറായി വിജയനെയും അനുകൂലിയ്ക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകും. അതുകോണ്ടുതന്നെ ആ പാർട്ടിയേയും പിണറായി വിജയനേയും ബന്ധപ്പെട്ട വിഷയങ്ങളേയും മാറ്റി നിർത്തിയിട്ടു വേണം ഗവർണ്ണറുടെ ഇപ്പോഴത്തെ ഈ നടപടിയെ വിലയിരുത്താൻ. അല്ലെങ്കിൽ സത്യസന്ധമായി ഇക്കാര്യത്തിൽ ഒരു നിലപാടിൽ എത്താൻ കഴിയില്ല. സംസ്ഥാനസർക്കാരുകളെ പിരിച്ചു വിടാനുള്ള ഗവർണ്ണറുടെ അധികാരത്തെ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണ് ഇപ്പോൾ സംസ്ഥാനസർക്കാരിനെ മറികടന്ന് ഗവർണ്ണർ സ്വീകരിച്ചിരിയ്ക്കുന്ന നടപടി. ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് രാഷ്ട്രപതിയ്ക്കു തന്നെ നാമമാത്ര അധികാരങ്ങളേയുള്ളു. എല്ലാ അധികാരങ്ങളുമുണ്ട് പക്ഷെ ഒന്നും തോന്നും മാതിരി പ്രയോഗിയ്ക്കാൻ കഴിയാത്ത തരത്തിൽ ഉള്ള അധികാരം.

ജനാധിപത്യ ഭരണകൂടത്തിന് എതിരെ ആയത് അങ്ങേയറ്റം രാജ്യതാല്പര്യത്തിനു എതിരായി വരുമ്പോൾ മാത്രം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട അധികാരങ്ങൾ ആണ് പ്രസിഡന്റിനുള്ളത്.
അങ്ങനെയുള്ള രാഷ്ട്രത്തലവന്റെ സംസ്ഥാന പ്രതിനിനിധികളാണു ഗവർണ്ണർമാർ. ഗവർണ്ണർക്കും സ്വാഭാവികമായി ഒരു കാവലാളിന്റെ ചുമതലയേ ഉള്ളു. അതു കൊണ്ടാണ് പല‌പ്പോഴും ഈ പദവികളെ കേവലം യന്ത്രങ്ങൾ എന്നു പലരും വിശേഷിപ്പിയ്ക്കുന്നത്. അതായത് ഒപ്പിടീൽ യന്ത്രങ്ങൾ . രാഷ്ട്രപതി കേന്ദ്രഗവർണ്മെന്റിന്റേയും ഗവർണ്ണർമാർ സംസ്ഥാന ഗവർണ്മെന്റിന്റേയും തീരുമാനങ്ങളിൽ സാങ്കേതികാർത്ഥത്തിൽ മാത്രം ഒപ്പിടൂന്നവരാണ്. ജനാധിപത്യ ഭരണകൂടം ഭരണഘടന ഉൾക്കൊണ്ട് രാഷ്ട്രത്തിന് വിധേയമായി തന്നെയാണോ പ്രവർത്തിക്കുന്നതെന്നു നോക്കാൻ ഒരാൾ. അതേ സമയം ഒരു കാരണവരും. ഒരോ ഗവർണ്ണർമാരും രാഷ്ട്രപതിമാരും ഓരോരോ സന്ദർഭങ്ങളിൽ ഇത്തരം ഇടപെടലുകൾ നടത്തുന്നത് ജനാധിപത്യത്തിനു ഭീഷണിയാണ്. രാഷ്ട്രീയമോ അരാഷ്ട്രീയമോ ആയ തിമിരം വന്ന കണ്ണുകളിലൂടെ നോക്കിക്കാണേണ്ട ഒന്നല്ല ഇത്.

അതുകൊണ്ടൊക്കെത്തന്നെ ഇപ്പോൾ കേരള ഗവർണ്ണർ എടുത്ത തീരുമാനത്തെ ഈയുള്ളവൻ ഇതിനാൽ അപലപിച്ചുകൊള്ളുന്നു. തന്നെ ഗവർണ്ണറാക്കിയ പാർടിയോട്‌ അദ്ദേഹത്തിനുള്ള വിധേയത്വം മനസിലാക്കുന്നു. ഒരു പക്ഷെ അദ്ദേഹത്തിനു വ്യക്തിപരമായി ഇതു തെറ്റാണെന്ന് ബോദ്ധ്യമുണ്ടായേക്കാം. എങ്കിലും ഇതിനെ ഒരു തരത്തിലും ന്യായാകരിയ്ക്കുവാനാകില്ല.

Thursday, June 4, 2009

പെൺപക്ഷം ( നാടകം )

നാടകം

പെൺപക്ഷം

(രംഗവേദി സൌകര്യമുള്ള എവിടെയുമാകാം
തിരശ്ശീല നിർബന്ധമില്ല
സ്ഥലകാല പരിമിതിയുമില്ല)

(ആദ്യം-പിന്നണിയിൽനിന്ന് സംഗീതാത്മകമായി)

ദീപം ദീപം ദീപം
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
വീടിനും നാടിനും ദീപം തെളിക്കുന്ന സ്ത്രീകൾ

(ഇങ്ങനെ പാടിക്കൊണ്ടു അഞ്ച് സ്ത്രീകൾ കൈകളിൽ ദീപവുമായി കടന്നുവരുന്നു. ദീപങ്ങൾകൊണ്ട് സദസിനെ ഉഴിഞ്ഞ് അവ താഴെവച്ചശേഷം സദസിനെ വണങ്ങുന്നു)

സ്ത്രീകൾ: സഭാവാസികൾക്ക് നമസ്കാരം!

സ്ത്രീ ഒന്ന്: (മുന്നിലേക്ക് വന്ന് ആവർത്തിക്കുന്നു) സഭാവാസികൾക്ക് നമസ്കാരം. നമ്മൾ സ്ത്രീകൾ! (സഭയിൽ ഒരു ഭാഗത്തേക്ക് നോക്കി) കണ്ടിട്ടു മനസിലായി എന്നായിരിക്കും, അല്ലെ? പറയാൻ കാര്യമുണ്ട്; നിൽക്കുന്നത് രംഗവേദിയിൽ അല്ലെ?ചിലർക്ക് സംശയം കാണും. ആണുങ്ങൾ പെൺ വേഷംകെട്ടി വന്നതാണോന്ന്.കാരണം,പലപ്പോഴും ആണുങ്ങൾതന്നെയാണല്ലോ പെൺ വേഷവും കെട്ടിയാടുന്നത്! അധികം വിസ്തരിക്കുന്നില്ല. സ്ത്രീകേന്ദ്രീക്ര്തമായ ഒരു നാടകം ഞങ്ങൾ സ്ത്രീകൾതന്നെ അവതരിപ്പിക്കുകയാണ്.

സ്ത്രീ രണ്ട്: പക്ഷേങ്കി ആരൊക്കെയോ നെറ്റി ചുളിക്കുന്നില്ലേന്നൊരു സംശയം; സ്ത്രീകൾ നാടകമഭിനയിക്കുന്നതിലുള്ള നീരസമായിരിക്കും. നീരസം വേണ്ട. ഞങ്ങൾ അടുക്കളയിൽനിന്ന് അങ്ങത്തേക്കിതാ വന്നുകഴിഞ്ഞു.

സ്ത്രീ മുന്ന്: ഇതു വെറും നാടകമല്ല, ജീവിതം തന്നെയാണ്.ജീവിതാനുഭവങ്ങളുടെ സാക്ഷിപത്രമാണു നാടകം. ജീവിതത്തിന്റെ ബഹിസ്ഫുരണം.

സ്ത്രീ അഞ്ച്: നാടകമേ ഉലകം എന്നാണല്ലോ കവിവാക്യം

സ്ത്രീകൾ അഞ്ചുംചേർന്ന്: അതെ നാടകമേ ഉലകം ജീവിതമേ ഉലകം.

സ്ത്രീ ഒന്ന്: (മുന്നോട്ട് വന്ന്) ഇവിടെ ഒരു സ്ത്രീയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെ........................ഒരു എത്തിനോട്ടം.................

(സ്ത്രീകൾ ദീപങ്ങൾ കയ്യിലെടുത്ത് തിരിച്ചുപോകുന്നു)

(പിന്നണിയിൽ-)

ദീപം ദീപം ദീപം
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ

(ഒരു വശത്തുനിന്ന് ഒരു പുരുഷകഥാപാത്രം പ്രവേശിക്കുന്നു)

പുരുഷൻ ഒന്ന്: (സദസിനെ നോക്കി) സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ ഞങ്ങൾ പുരുഷന്മാരുടെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ ശ്രമിക്കരുത്. പുരുഷാധിപത്യം നിങ്ങൾ സ്വയം ഏറ്റു വാങ്ങുകയാണ്.

പുരുഷൻ രണ്ട്: (മറുവശത്തുനിന്ന് പ്രവേശിക്കുന്നു) അമ്മാവിയായും, നാത്തൂനായും എന്തിന് അമ്മയുടേയും, അമ്മൂമ്മയുടേയും വേഷത്തിനുള്ളിലും സ്ത്രീയുടെ ശത്രു ഒളിച്ചിരിപ്പുണ്ട്.

പുരുഷൻ ഒന്ന്: നിയമത്തിനുമുന്നിൽ സ്ത്രീയും പുരുഷനും എന്നേ തുല്യരായി. അവസരസമത്വം എന്നേ ഉറപ്പായി.

പുരുഷൻ രണ്ട്: എന്നിട്ടും.................. അപ്പോൾ എവുടെയാണു പ്രശ്നം?

പുരുഷൻ ഒന്ന്: സ്ത്രീകൾ ആദ്യം സ്ത്രീകളെ തിരിച്ചറിയട്ടെ!

(സ്ത്രീകഥാപാത്രങ്ങൾ കൂടി വന്നുചേർന്ന് കോറസാകുന്നു)

പുരുഷന്മാർ: (പാട്ട്) സ്ത്രീകളും വ്യക്തികൾ ശക്തികൾ
സ്ത്രീകൾ: (പാട്ട്) നമ്മൾ തിരിച്ചറിയുന്നു

പുരുഷന്മാർ: (പാട്ട്) നിങ്ങൾ അബലകളെന്നു ധരിച്ചു

സ്ത്രീകൾ: (പാട്ട്) നമ്മൾ നമ്മളിലേയ്ക്കങ്ങൊതുങ്ങി

എല്ലാവരും ഒരുമിച്ച്: സത്യം മറിച്ചായിരുന്നു! സത്യം മറിച്ചായിരിന്നു

സ്ത്രീകൾ: (പാട്ട്) മണ്ണിൽ പിറന്നൊരാനാൾമുതൽ എന്നുമെങ്ങും വിലക്കുകൾ മാത്രം.

ഒരുമിച്ച്: (പാട്ട്) എന്നുമെങ്ങും വിലക്കുകൾ മാത്രം!

സ്ത്രീ നാല്: (കയ്യുയർത്തി) വിലക്കുകൾ ലംഘിക്കുന്നു സ്ത്രീകൾ രംഗത്ത് വന്നിരിക്കുന്നു.

എല്ലാവരുമൊരുമിച്ച്: ഇതാ വന്നു കഴിഞ്ഞിരിക്കുന്നു.

(പാട്ട്-)

വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ

(എല്ലാവരും പോകുന്നു)

(ശേഷം-)

സ്ത്രീ ഒന്ന്: (ഒരു വശത്തേക്ക് നോക്കി) അമ്മുണിക്കുട്ടി...............?

(മറുവശത്തേക്ക് നോക്കി) ഏലിക്കുട്ടീ!

(മുന്നോട്ട് നോക്കി) പാത്തുമുത്തേ)

വിശേഷമുണ്ട്...................വിശേഷമുണ്ട്

(ഇരു വശത്തുനിന്നമായി മറ്റു നാലു സ്ത്രീകൾ വരുന്നു)

അറിഞ്ഞില്ലേ? അറിഞ്ഞില്ലേ? കിഴക്കതിലെ ജാനമ്മ പ്രസവിച്ചു.

മറ്റുള്ള സ്ത്രീകൾ: ങാ പ്രസവിച്ചോ

(പുരുഷന്മാർ പ്രവേശിക്കുന്നു)

പുരുഷൻ ഒന്ന്: എന്താടീ പാറൂ കിടന്നു തൊണ്ട കീറുന്നത്?

സ്ത്രീ ഒന്ന്: അറിഞ്ഞില്ലേ ശങ്കരൻ കുട്ടീടെ പെണ്ണ് പെറ്റു.

പുരുഷന്മാർ: അതേയേ? സന്തോഷമായി!

പുരുഷൻ രണ്ട്: ശങ്കരൻ കുട്ടിയെക്കൊണ്ട് ചെലവ് ചെയ്യിക്കണം.

എല്ലാവരും: അതെ, ചെലവു ചെയ്യിക്കണം.

(എല്ലാവരും വട്ടത്തിൽ പാടി ന്ര്ത്തംവയ്ക്കുന്നു)

ആറ്റുനോറ്റിരുന്ന നമ്മുടെ
ജാനമ്മയ്ക്കൊരു കുഞ്ഞു പിറന്നു
കൊച്ചിനെ കാണാൻ പോവാടേ
കൊച്ചിനെ കാണാൻ പോവാടേ

(ഒരുവട്ടം കൂടി ആവർത്തിക്കണം)

സ്ത്രീ നാല്: ആട്ടേടീ നാത്തൂനേ ഒരുകാര്യം ചോദിക്കാൻ മറന്നു പോയി കൊച്ചെന്തര്?

മറ്റുള്ളവർ: ങാ കൊച്ചെന്തര്?

സ്ത്രീ ഒന്ന്:(സങ്കോചം) കൊച്ച്..........

മറ്റുള്ളവർ:കൊച്ച്.......

സ്ത്രീ ഒന്ന്: കൊച്ച്.......

പുരുഷൻ രണ്ട്: (സംശയിച്ച്) പെണ്ണാണല്ലേ.......?

സ്ത്രീ: അതെ പെണ്ണാ

സ്ത്രീ രണ്ട്: ജാനമ്മയ്ക്ക് ഭാഗ്യമില്ല!

മറ്റുള്ളവരും :അതെ ജാനമ്മയ്ക്ക് ഭാഗ്യമില്ലാതെ പോയി!

പുരുഷൻ ഒന്ന്:ശങ്കരൻ കുട്ടി വീമ്പു പറഞ്ഞതാ:കടിഞ്ഞൂൽ സന്തതി ആണായിരിക്കുമെന്ന്!

പുരുഷൻ രണ്ട്:പുളുത്തീലേ........?

സ്ത്രീ മുന്ന്: ഈ സീസണിൽ പെറുന്നതെല്ലാം പെങ്കൊച്ചുങ്ങളാ

സ്ത്രീ നാല്: (ദു:ഖത്തോടെ) ഇനിയിപ്പോ എത്ര പൊന്നുണ്ടാക്കണം?

സ്ത്രീ അഞ്ച്: എത്ര പണമുണ്ടാക്കാണം?

സ്ത്രീ ഒന്ന്: പെണ്ണിനെ നോക്കാനെത്ര കണ്ണു വേണം?

പുരുഷൻ രണ്ട്: ഹാവൂ കഷ്ടം ശങ്കരൻ കുട്ടിയ്ക്കിനി ചെന്നാ ചെന്നടം വന്നാ വന്നടം എന്നമട്ടിൽ പഴയതുപോലെ നടക്കാൻ പറ്റുമോ? പെൺകൊച്ചിനേം കാത്ത്സൂക്ഷിച്ച് വീട്ടീ ഇരി ക്കേണ്ടേ? ഒന്നാമത് ഈ കാലം!

പുരുഷൻ ഒന്ന്: നമ്മളിൽ പലരും അനുഭവിക്കുകയല്ലേ?

എല്ലാവരും : (വട്ടംചുറ്റി പാടുന്നു)

പെണ്ണൊരു ഭാരം തന്നെടിയേ
പെണ്ണിനെ പെറ്റാൽ ഭാഗ്യദോഷം

(ഒരുവട്ടമോ രണ്ടുവട്ടമോ ആവർത്തിക്കാം)

(പാടി ന്രത്തംവച്ച് എല്ലാവരും പിന്നണിയിലേക്ക്പോകുന്നു)

സ്ത്രീ രണ്ട്: (കുട്ടിയെ എടുത്തുകൊണ്ട് വരുന്നതായി അഭിനയിക്കുന്നു)

രാരീരാരീരം രാ‍രോ
രാരീരാരീരം രാരോ
കൈവളരുന്നോ കാൽ വളരുന്നോ
ചൊല്ലെടി പൊന്നേ പുന്നാരീ

(ഒന്നോ രണ്ടോ വട്ടം ആവർത്തിക്കണം)

(മറ്റുള്ളവരും വരുന്നു)

എല്ലാവരും: (കോറസായി) ഹായ് കൊച്ചുജാനമ്മ

പുരുഷൻ ഒന്ന്: ഇത് കൊച്ചുശങ്കരി

പുരുഷൻ രണ്ട്: ശങ്കരീ ഹായ്

സ്ത്രീ മൂന്ന്: (കുട്ടിയെ വാങ്ങുന്നു) മോളൂട്ടീ കരയരുത് കേട്ടോ; പെൺകുട്ടികൾ ഉറക്കെ കരയാൻ പാടില്ല!

സ്ത്രീ നാല്: (കുട്ടിയെ സമീപിച്ച്) കക്കട്ടം പൊട്ടി ചിരിക്കരുത് കേട്ടോ, പെൺകുട്ടികൾ അങ്ങനെ ചിരിക്കാൻ പാടില്ല!

സ്ത്രീ അഞ്ച്: (കുട്ടിയെ സമീപിച്ച്) സൂക്ഷിച്ച് നോക്കരുത് കേട്ടോ, പെൺകുട്ടികൾ അങ്ങനെ നോക്കാൻ പാടില്ല!

പുരുഷൻ: (കുട്ടിയെ സമീപിച്ച്) ഉച്ചത്തിൽ സംസാരിക്കണ്ടാട്ടോ, പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിക്കൻ പാടില്ല!

സ്ത്രീ അഞ്ച്: (മുന്നോട്ട് വന്ന്) പെൺകുഞ്ഞുറക്കെ കരയരുത്

സ്ത്രീ നാല്:(മുന്നോട്ട് വന്ന്) പെൺകുഞ്ഞ് പൊട്ടിച്ചിരിക്കരുത്

സ്ത്രീ മുന്ന്: (മുന്നോട്ട് വന്ന്) പെൺകുഞ്ഞ് സൂക്ഷിച്ചു നോക്കരുത്


സ്ത്രീ രണ്ട്: (മുന്നോട്ടു വന്ന്) പെൺകുഞ്ഞുറക്കെ പറയരുത്

സ്ത്രീ ഒന്ന്: (മുന്നോട്ടു വന്ന്) പെണ്ണാണെന്നവിചാരം വേണം

എല്ലാവരും: ( പാടി വട്ടത്തിൽ നൃത്തം )

പെൺകുഞ്ഞുറക്കെ കരയരുത്
പെൺകുഞ്ഞ് പൊട്ടിച്ചിരിക്കരുത്
പെൺകുഞ്ഞ് സൂക്ഷിച്ചു നോക്കരുത്
പെൺകുഞ്ഞുറക്കെ പറയരുത്
പെണ്ണാണെന്നവിചാരം വേണം
രാരീരാരീരം രാരോ
രാരീരാരീരം രാരോ

(ഒന്നോ രണ്ടോ വട്ടം ആവർത്തിച്ച് പാടി വട്ടത്തിൽ നൃത്തം വച്ച് സ്ത്രീ ഒന്ന് ഒഴികെയുള്ളവർ പിന്നണിയിലേക്ക് പോകുന്നു)

സ്ത്രീ ഒന്ന്: (മുന്നോട്ട് വന്ന്) താരാട്ടി,പാലൂട്ടി, തേനൂട്ടി, കുഞ്ഞ് ലളർന്നുവരുന്നു. ജാനമ്മയുടെ പുത്രി! (പിന്നണിലേക്ക് പോകുന്നു)

(ഇനി പുത്രിയായി ഒരാൾ വരണം. ഇവിടെ സ്ത്രീ മൂന്നിനെ പുത്രിയായി സൂചിപ്പിക്കുന്നു)

സ്ത്രീ മൂന്ന് (പുത്രി): (ചക്ക കളിക്കുന്നു)

സ്ത്രീ അഞ്ച്: (വന്ന് വിലക്കുന്നു) എന്താടീ കിടന്നു ചാടുന്നത് പെണ്ണാണെന്നോർമ്മവേണം ങാ കളി നിർത്തി പോയി മുറ്റമടിക്കെടീ നശൂകരണം (സ്ത്രീ അഞ്ച് പോകുന്നു)

(പിന്നണിയിൽനിന്ന് കോറസ്):

കളിയിൽ വിലക്ക്
പെണ്ണിന് കളിയിൽ വിലക്ക്

(ഒരുവട്ടം കൂടി ആവർത്തിക്കാം)

(പുത്രി മുറ്റമടിച്ചുകൊണ്ട് നടന്നുപോകുന്നു.ശേഷം കണ്ണാടിയിൽ നോക്കി തലമുടി ചീകുന്നതായി അഭിനയിച്ചുകൊണ്ട് വീണ്ടും പ്രവേശിക്കുന്നു)

സ്ത്രീ അഞ്ച്: ആരെക്കാണിക്കാനാണെടീ ഈ ഒരുക്കം? പെൺകുട്ടികൾ ഇങ്ങനെ ഒരുങ്ങാൻ പാടില്ല. അ വ ളൊ രു പ രി ഷ്ക്കാ ര ത്തി! (പോകുന്നു)

(പിന്നണിയിൽ)

ഉടുപ്പിൽ വിലക്കു
പെണ്ണിനുടുപ്പിൽ വിലക്കു

(ഒരു വട്ടം കൂടി ആവർത്തിക്കാം)

(പുത്രി വിഷമിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ സ്ത്രീ രണ്ടാമയോ അഞ്ചാമയോ വരണം)

സ്ത്രീ ഒരാൾ: (രണ്ടാമ) പെണ്ണിന്റെ ഒരു നടത്ത കണ്ടില്ലേ! ഇങ്ങനാണോടീ പെൺകുട്ടികൾ നടക്കുന്നത്?(പോകുന്നു)

(പിന്നണിയിൽനിന്ന് കോസ്)

നടപ്പിൽ വിലക്കു
പെണ്ണിനു നടപ്പിൽ വിലക്കു

(ഒരുവട്ടം കൂടി ആവർത്തിക്കാം)

(വിഷമിച്ചുനിൽക്കുന്ന പുത്രിയുടെ അരികിലേയ്ക്ക് പുരുഷൻ ഒന്ന് കടന്നുവന്ന്) എന്താടീ,
കുറ്റിയടിച്ചപോലെ നിൽക്കുന്നത്? പെൺകുട്ടികൾ ഇങ്ങനേക്ക നിക്കാൻപാടൊണ്ടാ ങ്ഹാംഹ!(പോകുന്നു) (പുത്രി ദേഷിച്ച് അസ്വസ്ഥയായി ഒരുഭാഗത്ത് പോയിരിക്കുന്നു)

(പിന്നണിയിൽനിന്ന് കോസ്):

നില്പിൽ വിലക്ക്
പെണ്ണിനു നില്പിൽ വിലക്ക്

(ഒരുവട്ടം കൂടി ആവർത്തിക്കണം)

സ്ത്രീ നാല്: (പ്രവേശിക്കുന്നു മുത്തശ്ശിയെപ്പോലെ അഭിനയിക്കാം) എന്തരിരിപ്പെടീയിത്?
ഇങ്ങനാണോ,പെമ്പിള്ളാരിരിക്കാനക്കൊണ്ട്?(പുത്രി പേടിച്ചെഴുന്നേൽക്കുന്നു.സ്ത്രീ നാല് പോകുന്നു)

(പിന്നണിയിൽനിന്ന് കോറസ്):

ഇരിപ്പിൽ വിലക്ക്
പെണ്ണിനിരിപ്പിൽ വിലക്കു

(ഒരുവട്ടം കൂടി ആവർത്തിക്കണം)

(പുത്രി കരഞ്ഞുകൊണ്ട് നിലത്ത് കിടക്കുന്നു)

പുരുഷൻ രണ്ട് : (പ്രവേശിച്ച്) ഇതെന്തര് കെടപ്പെടീ ഉരുപ്പടീ? പെമ്പിള്ളാരിങ്ങനെ കളപൊളാന്നും പറഞ്ഞ് കെടന്നാ കൊള്ളാമാ?(പുത്രി ചാടിയെഴുന്നേറ്റിരിക്കുന്നു) അല്ലപിന്ന

(പുരുഷൻ രണ്ട് പോകുന്നു) (പിന്നണിയിൽനിന്ന് കോറസ്):

കിടപ്പിൽ വിലക്ക്
പെണ്ണിനു കിടപ്പിൽ വിലക്ക്

(ഒരുവട്ടം കൂടി ആവർത്തിക്കണം)

(പുത്രി ഇരുന്ന് ആലോചിക്കുമ്പോൾ സ്ത്രീ ഒന്ന് പ്രവേശിക്കുന്നു)

സ്ത്രീ ഒന്ന്: എന്താടീയിരുന്ന് ചിന്തിക്കുന്നത്? നിന്റെ കെട്ടിയോൻ ചത്തോ? പെൺകുട്ടികൾ............ ങാ ഞാനൊന്നും പറയുന്നില്ല; അശ്രീകരം! പോയി വെള്ളം കോരെടീ!

(സ്ത്രീ ഒന്ന് പോകുന്നു)

(പിന്നണിയിൽ കോറസ്):

ചിന്തയിലും വിലക്ക്
പെണ്ണിനു ചിന്തയിലും വിലക്ക്

(ഒരുവട്ടംകൂടി ആവർത്തിക്കാം)

(പുത്രി ഒരറ്റത്തു ചെന്ന് വെള്ളം കോരുന്നതായി അഭിനയിക്കുന്നു. വീണ്ടും വന്ന് കളിക്കുന്നു)

സ്ത്രീ അഞ്ച്: (വരുന്നു) ങേ വീണ്ടും കളിക്കുന്നോ പോയി തീയൂതെടീ

(പുത്രി ഒരറ്റത്തു പോയിനിന്ന് തീയൂതുന്നതായി അഭിനയിക്കുന്നു)(സ്ത്രീ അഞ്ച് പോകുന്നു)

പുത്രി: (തീയൂതുന്നത് നിർത്തി നിവർന്ന് നിന്നിട്ട്)

പുത്രി:

നിൽക്കാനിരിക്കാൻ നേരമില്ല
അല്പം കളിക്കാനും നേരമില്ല

(സദസിനോട്)

എങ്ങനെയാ നടക്കേണ്ടത്?
എങ്ങനെയാ ഇരിക്കേണ്ടത്?
എങ്ങനെയാ നില്ക്കേണ്ടത്?
എങ്ങനെയാ കിടക്കേണ്ടത്?
എല്ലാത്തിലും കുറ്റം!
ഇതിനുമാത്രം ഞാനെന്തു കുറ്റം ചെയ്തു?

(മറ്റുള്ളവർ എല്ലാം വന്ന് അവൾക്കുനേരെ കൈകൾ ചൂണ്ടി):

എല്ലാവരുംകൂടി: തർക്കുത്തരം പറയുന്നോടീ

പുരുഷൻ ഒന്ന്: പോടീ‍അകത്ത് (പുത്രി പോകു ന്നതായി അഭിനയിച്ചിട്ട് കോറസിൽ ചേരുന്നു)

(കോറസ്;പാട്ട്):

ഉടുപ്പിൽ വിലക്ക്
നടപ്പിൽ വിലക്ക്
നില്പിലിരിപ്പിൽ കിടപ്പിൽ വിലക്ക്
നോക്കിൽ വിലക്ക് വാക്കിൽ വിലക്ക്
ചിന്തയിൽ പോലും വിലക്ക്
എന്നുമെങ്ങും വിലക്കുകൾ മാത്രം!

(ഓരോരുത്തരായി മുന്നോട്ട് വന്ന്)

സ്ത്രീ ഒന്ന്:

വീടിൻ ഐശ്വര്യമേകും വിളക്കുകൾ
എന്നു കാര്യത്തിൽ വാഴ്ത്തിപ്പറഞ്ഞു

സ്ത്രീ രണ്ട്:

അടുക്കളത്തറയിൽ അടുപ്പിന്റെ ചോട്ടിൽ
പുകമറയ്ക്കുള്ളിൽ തളച്ചു

സ്ത്രീ മൂന്ന്:

ആയിരം വർണ്ണത്തിൽ നെയ്ത സ്വപ്നങ്ങൾ
പുകയായ് പുകഞ്ഞതു ചിമ്മിനി മാനത്തയച്ചു

സ്ത്രീ നാല്:

സ്ത്രീയെന്ന ബോധത്തിൽ ഗർഭം ചുമന്നു
പേറ്റുനോവിൽ സുഖം കണ്ടു

സ്ത്രീ:

ഭൂമിയോളം ക്ഷമിച്ചേറെ സഹിച്ചു
ദു:ഖഭാരങ്ങളെത്ര വഹിച്ചു

പുരുഷൻ ഒന്ന്:

എന്നിട്ടുമെന്നും സ്ത്രീകൾതൻ കാതിൽ
പഴിവാക്കുകൾ വന്നു തളച്ചിടുന്നു

പുരുഷൻ രണ്ട്:

രണ്ടാം തരക്കാരി മാത്രമായ് സ്ത്രീജന്മം
പാഴായിപ്പോകുന്നു സത്യം

സ്ത്രീ ഒന്ന്:

ഇല്ലിനിക്കഥയിതു തുടരുകയില്ലെന്ന്
നമ്മൾ പ്രതിജ്ഞ ചെയ്യുന്നു

സ്ത്രീ രണ്ട്:

നമ്മൾ വിലക്കുന്നു വേണ്ടതിലേറെ
വിലക്കിൻ വിലങ്ങുകൾ വേണ്ട

സ്ത്രീ മൂ‍ന്ന്:

നമ്മളും നാടിൻ പൊതുധാരയിൽ
കർമ്മനിരതരായ് മാറും

സ്ത്രീ നാല്:

വീടിന്റെ ശക്തികൾ നാടിനും ശക്തിയായ്
പോരുന്നിതാ കരുത്തോടെ

കോറസ്:

സ്ത്രീകളും വ്യക്തികൾ ശക്തികൾ
എന്നു നമ്മൾ തിരിച്ചറിയുന്നു
സ്ത്രീകളും വ്യക്തികൾ ശക്തികൾ
എന്നു നമ്മൾ തിരിച്ചറിയുന്നു

(അവസാനത്തെ വരികൾ മുഴുവൻ ചേർത്ത് സംഘഗാനമായി ആലപിച്ച് നാടകം അവസാനിപ്പിക്കാവുന്നതാണ്

അതായത്-

സ്ത്രീകളും വ്യക്തികൾ...................
.......................................എന്ന് നമ്മൾ തിരിച്ചറിയിന്നു
വീടീ‍ൻ ഐശ്വര്യമേകും......................................
പോരൂന്നിതാ കരുത്തോടെ.................................
.........................................................................
.....................നമ്മൾ തിരിച്ചറിയുന്നു)

പുകവലി

പുകവലി തലമുറകളിൽ നിന്നും തലമുറകളിലേക്കു വ്യാപരിക്കുന്ന ഒരു ദു:ശീലമാണ്.

മനുഷ്യന്റെ മിക്കവാറും എല്ലാ ശീലങ്ങളും ദു:ശീലങ്ങളും തലമുറകാളിൽനിന്നും തലമുറകളിലേയ്ക്കു വ്യപരിയ്ക്കുന്നതാണ്. ജീവിതം തന്നെ മുൻ തലമുറയുടെ അനുകരണമാണ്. കാലം അനിവാര്യമാക്കുന്ന പല മാറ്റങ്ങളും കാലാകാലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കും. അങ്ങനെ കാലത്തിനനുസരിച്ച് മാറിവരുന്ന കാര്യങ്ങളും പിന്നീട് അനുകരണത്തിനു വിധേയമാകും. മുതിർന്നവരെ അനുകരിക്കുന്നത് കുട്ടികളുടെ ശീലമാണല്ലോ!

കുട്ടികൾ മാത്രമല്ല, മുതിർന്നവരും ചുറ്റിലും കാണുന്നതും കേൾക്കുന്നതും അറിയുന്നതുമൊക്കെ അനുകരിച്ചെന്നിരിക്കും. നല്ലതും ചീത്തയും അനുകരിക്കപ്പെടാം. ഒരു വശത്ത് അനുകരണം നല്ലതാണ്. അത് അനിവാര്യവുമാണ്. മനുഷ്യന്റെ മാത്രമല്ല, സമസ്ത ജീവജാലങ്ങളുടേയും നിലനില്പിനും പിന്തുടർച്ചയ്ക്കും അനുകരണം ഒഴിച്ചു കുടാനാകാത്തതാണ്. എന്നാൽ അനുകരിച്ചുകുടാത്ത കാര്യങ്ങളും അനുകരിക്കപ്പെടുന്നു വെന്നുള്ളതാണ് ഇതിന്റെ മറുവശം.

അങ്ങനെ അനുകരിക്കാൻ പാടില്ലാത്തതും എന്നാൽ നല്ലൊരു പങ്ക്‌ ആളുകളും അറിഞ്ഞും അറിയാതെയും അനുകരിച്ചു പോരുന്നതുമായ പ്രവ്യത്തികളാണ് ലഹരി വസ്തുക്കളുടെ ഉപയോഗം; പുകവലി ഉൾപ്പെടെ! ഇതാകട്ടെ ഇതിന്റെ അപകടങ്ങൾ അറിഞ്ഞുകൊണ്ടു തന്നെയാണ് നല്ലൊരു പങ്ക്‌ ആളുകളും അനുകരിക്കുന്നതെന്നതാണ് ഒരു പ്രത്യേകത.

യുക്തിബോധമുള്ള മനുഷ്യരും യുക്തിബോധമില്ലാത്ത മനുഷ്യരും അയുക്തികമായ ഈ പ്രവ്യത്തി-പുകവലി- നടത്തുന്നു വെന്നതാണ് സത്യം. പണ്ഡിതനും പാമരനും,ദരിദ്രനും സമ്പന്നനും,സാക്ഷരനും നിരക്ഷരനും,സ്ത്രീയും പുരുഷനും ഒക്കെ ഈ ദു:ഷ്പ്രവ്യത്തി ചെയ്യുകയാണ്! വിദ്യാസമ്പന്നനും പള്ളിക്കൂടം കണ്ടിട്ടില്ലാത്തവനും ഒരു പോലെ ഈ മണ്ടത്തരം കാണിക്കുകയാണ്. ആരോഗ്യരക്ഷാപ്രവർത്തകരായ ഡോക്ടർമാരിലും നല്ലൊരു പങ്ക് പുകവലിച്ച് രസിക്കുകയാണ്. വേലി തന്നെ വിളവു തിന്നുന്നതുപോലെ!

ചൊട്ടയിലെ ശീലം ചുടലവരെ

സാധാരണ കുട്ടികളായിരിക്കുമ്പോൾ തന്നെ പുകവലി ഭ്രമം ആരംഭിക്കുകയാണ്. കാരണം മുതിർന്നവർ ആസ്വദിച്ചു പുകവലിക്കുന്നത് കാണുന്ന കുട്ടികൾ അത് അനുകരിക്കാൻ ശ്രമിക്കുന്നു.ആദ്യമാദ്യം മുതിർന്നവരുടെ പുകച്ചുരുട്ടുകൾ കട്ടെടുത്ത് രുചിച്ചുനോക്കും. പിന്നെ കുട്ടുകാരോടൊപ്പം ചേർന്ന് പരീക്ഷിക്കും. കൌമാരദശായിലാണ് ശരിക്കും പുകവലിയോടൊരു കുതൂഹലം തോന്നിത്തുടങ്ങാൻ കൂടുൽ സാദ്ധ്യത. പ്രത്യേകിച്ചും ആൺകുട്ടികളിൽ.

പുകവലിച്ചാലേ പുരുഷനാകൂ എന്നൊരു തെറ്റിദ്ധാരണ കൌമാരത്തിലേ പിടികുടുന്നുണ്ട്‌. അതാണ് ഒരു പ്രേരണ. പുകവലിക്കുന്നത് അപകടമാണെന്ന് മനസിലാക്കിയിട്ടായാലും കുട്ടികൾ പുകവലി തുടങ്ങും. കാരണം ആണുങ്ങളാ‍കണ്ടേ? മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി പുകവലിക്കുന്നവരും ഉണ്ട്.കാരണം ഞങ്ങളും അതിന് ‘ആളായി’രിക്കുന്നുവെന്ന പ്രഖ്യാപനം!

പറഞ്ഞു വരുന്നത് ഒരു പ്രധാനകാര്യമാണ്. കുട്ടികൾ പുകവലിച്ചു തുടങ്ങാൻ കാരണം, പുകവലിയുടെ എല്ലാ ദൂഷ്യങ്ങളും അറിഞ്ഞുകൊണ്ടു തന്നെ അത് വലിച്ചുവിടുന്ന മുതിർന്നവരാണ്. മുതിർന്നവരിൽ നിന്നു കണ്ട് അവരെ അനുകരിക്കുകയാണ് കുട്ടികൾ ചെയ്യുന്നത്. പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് അതിന്റെ നിർമ്മാതാക്കൾ തന്നെ എഴുതി വച്ചിട്ടുള്ളത് വായിച്ചിട്ടു തന്നെയാണ് ഈ അയുക്തിക പ്രവ്യത്തി ചെയ്യുന്നത്.

അതുകൊണ്ട് തലമുറകളിലൂടെയുള്ള പുകവലിയുടെ ഈ വ്യാപനം തടയാൻ ഏറ്റവും പുതിയതലമുറയ്ക്ക് മാത്രമേ കഴിയൂ. ഇപ്പോൾ ജീവിച്ചിരിക്കുന്ന മുതിർന്നവരുടെ തലമുറ സ്വയം നിയന്ത്രിച്ച് മാതൃക കാട്ടുന്നതിലൂടെ മാത്രമേ പുകവലി അടുത്തതലമുറയിലേക്കു വ്യാപിക്കുന്നത് നിയന്ത്രണ വിധേയമാവുകയുള്ളു. ഒരു തലമുറ അടുത്ത തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ് പുകവലി എന്ന ദു:ശീലം പകർത്തിക്കൊടുക്കുന്നു എന്നുള്ളത്.

പുകവലി ആരോഗ്യത്തിനു ഹാനികരം

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഇതിനകം സംശയങ്ങൾക്കിടയില്ലാത്ത വിധം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.എന്നിട്ടും ആളുകൾ പുകവലിക്കുന്നു. ഇത് ഒരു ശീലമല്ല; സാക്ഷാൽ ദു:ശീലമാണ്. ഇഞ്ചിഞ്ചായി ആത്മഹത്യ ചെയ്യുന്ന അപക്വമായ പ്രവ്യത്തി!

പുകയിലയിൽ ആയിരത്തോളം രാസപദാർതഥങ്ങൾ അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ,കാർബൺ മോണോകൈസ്ഡ്, ടാർ എന്നിവയാണ് അവയിൽ പ്രധാനം. ഏറ്റവും മാരകമായിട്ടുള്ള പദാർത്ഥങ്ങളാണ് അവ. നാഡികളെ താൽക്കലികമായി ഉത്തേജിപ്പിക്കുന്ന നിക്കോട്ടിൻ ക്രമേണ അവയുടെ പ്രവർത്തനത്തെ മന്ദീഭവിക്കുന്നു. ടാർ അർബുദരോഗം വരുത്തും. സ്വരം പരുഷമാക്കിത്തിർക്കും.കാർബൺ മോണോകൈസ്ഡ് രക്തത്തിലെ ഓക്സിജൻ വാഹകശക്തിയെ ഗണ്യമായി കുറയക്കുകയും, രക്തം കട്ടപിടിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.

രണ്ടായിരത്തിൽ പരം രാസഘടകങ്ങൾ പുകയിലയിൽനിന്നുമാത്രം വേർതിരിക്കപ്പെട്ടിട്ടുണ്ട്. ഉണങ്ങിയ പുകയിലയിൽ 89-90 ശതമാനം രാസപദാർത്ഥങ്ങൾ ഉണ്ട്. കാർബോഹൈഡ്രേറ്റുകൾ, നൈട്രോജനിക യൌഗികങ്ങൾ, കാർബണിക-അകാർബണിക അമ്ലങ്ങൾ, പോളിഫിനോളുകൾ, വർണകങ്ങൾ, എണ്ണകൾ,ആൽക്കലോയിടുകൾ, എൻസൈമുകൾ എന്നിവയാണ് പ്രധാനം.

ചെറിയ തോതിൽ മറ്റ് രാസപദാർത്ഥങ്ങളും പുകയിലയിൽ അടങ്ങിയിട്ടുണ്ട്. നിക്കോട്ടിൻ ആണ് പ്രധാന ആൽക്കലോയിഡ്. കൂടാതെ സിഗരട്ടിന്റെ വീര്യം കൂട്ടാനും പുകവലിക്കുന്നവരെ അതിനു കൂടുതൽ അടിമപ്പെടുത്താനും ചില രാസവസ്തുകൾ പ്രത്യേകമായി ചേർക്കന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രുചി, ഗന്ധം, വീര്യം എന്നിവ കൂട്ടാൻ രാ‍സവസ്തുകൾ ഉപയോഗിക്കുന്നു.


പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങൾക്കു അറിവുണ്ടെന്നും, അറിഞ്ഞുകൊണ്ടു തന്നെയാണ് പുകവലിക്കുന്നതെന്നും പറയുന്നുണ്ടെങ്കിലും ശരിക്കും ഇതിന്റെ ദൂഷ്യഫലങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും അറിയില്ലെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. വെറും ഒരു കൌതുകത്തിനോ, ഫാഷനോ വേണ്ടി തുടങ്ങുന്ന പുകവലി പിന്നീട് പലർക്കും നിർത്തനാകാത്ത ദു:ശീലമായി വളരുകയാണ് ചെയ്യുന്നത്. അല്പാലപമായി അത് ആരോഗ്യത്തെ കാർന്നു തിന്നുന്നു. അവസാനം രോഗ ശയ്യയിൽ വീഴുമ്പോൾ മാത്രമാണ് അതു ബോദ്ധ്യമാകുന്നത്.

അപ്പോഴും എല്ലാവർക്കും അത് ബോധ്യമാകുന്നു പറയാനാകില്ല. കാരണം പുകവലി കൊണ്ടാണ് ഒരു രോഗം വന്നതെന്നു പറഞ്ഞാൽ അതേ രോഗം പുകവലിക്കാത്തവർക്കും വരുന്നുണ്ടല്ലോ എന്നു പറഞ്ഞു തർക്കിക്കുന്നവരുണ്ട്. യാ‍തൊരു ദു:ശീലവുമില്ലാതെ നല്ലനല്ല പച്ചക്കറികളും തിന്നു ജീവിക്കുന്ന എത്രയോ പേർക്കു മാരകരോഗങ്ങൾ വന്നു അവർ മരിക്കുന്നു. അതു കൊണ്ട് പുകവലി, മദ്യപാനം തുടങ്ങിയവയെ എന്തിനു കുറ്റം പറയുന്നു എന്നു ചോദിക്കുന്നവരുണ്ട്.

എല്ലാത്തരത്തിൽ പെട്ട ആളുകൾക്കും ഏതുതരത്തിൽ പെട്ട രോഗവും വരാം എന്നതുകൊണ്ട് പുകവലി, മദ്യപാനം തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം രോഗമുണ്ടാകുന്നുവെന്ന യാഥാർത്ഥ്യം നിഷേധിക്കാനാകുമോ? മുടന്തൻ ന്യായം പറഞ്ഞ് ആരോഗ്യത്തിനു ഹാനികരമായ ദു:ശീലങ്ങൾ തുടരുന്നത് യുക്തിയാണോ? ഏവരും ചിന്തിക്കേണ്ട കാര്യമാണ്.

എന്തായാലും ഒരു കാര്യം ഉറപ്പ്; പുകവലിക്കുന്നവർ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കും.അതു കൊണ്ട് പുകവലിക്കാരോട് അത് ഒരു തരത്തിലും നിർത്താൻ തയ്യാറല്ലെങ്കിൽ നമുക്കു പറയാവുന്നത് മരിക്കാം മരിക്കാം മരിച്ചുകൊണ്ടേ ഇരിയ്ക്കാം എന്നുമാത്രമാണ്. അല്ലെങ്കിൽ വലിയ്ക്കൂ വലിപ്പിയ്ക്കൂ മരിച്ചുകൊണ്ടേയിരിയ്ക്കൂ എന്നു മാത്രമാണ്!


പുകവലിയും രോഗങ്ങളും


തുടർച്ചയായി പുകവലിക്കുന്നവരിൽ ഉന്മേഷക്കുറവ്, രുചിയില്ലായ്മ തുടങ്ങിയവ ക്രമേണ പ്രത്യക്ഷപ്പെടും. ചായയും സിഗരറ്റും നിരന്തരം ഉപയോഗിച്ച് ഭക്ഷണത്തോട് താല്പര്യം കാണിക്കാത്ത നിരവധി പേരുണ്ട്. ഭക്ഷണം കഴിക്കുന്നതും ചായകുടിക്കുന്നതും എന്തിനു, പച്ചവെള്ളം കുടിക്കുന്നതു പോലും ശേഷം ഒരു സിഗരറ്റ് വലിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമായി മാറുകയാണ് പലരിലും.

ദു:ഖം വന്നാൽ പുക, സന്തോഷം വന്നാൽ പുക, ടെൻഷൻ വന്നാൽ പുക, ക്ഷീണം വന്നാൽ പുക, ഉറങ്ങാൻ പുക, ഭക്ഷണം കഴിച്ചാൽ പുക, ചിലർക്കു ഉറങ്ങാതിരിക്കാൻ പുക, ബാത്ത്‌ റൂമിൽ പോകാൻ പുക, കുളിക്കാൻ പുക, കുളി കഴിഞ്ഞാൽ പുക! അങ്ങനെയങ്ങനെ പുകവലിയുടെ പ്രേരണയും പിൻബലവും ഇല്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലേക്കു മാറുകയാണ് ഓരോ പുകവലിക്കാരും. ജീവിതം തന്നെ പുകവലിക്കു വേണ്ടി സമർപ്പിക്കുന്നു. അവസാനം അവരുടെ ജീവിതം തന്നെ ‘പുക’ എന്നല്ലാതെ എന്തുപറയാൻ?


ഉന്മേഷക്കുറവ്, രുചിയില്ലായ്മ എന്നിവ ക്രമേണ പുകവലിക്കാരനെ പിടികുടുന്നു. പുകയിലയിലെ ടാർ ശ്വാസ കോശാർബുദത്തിനു കാരണമാകുന്നു രക്ത സമ്മർദ്ദം ഉയരുക, ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളിൽ രക്തം കട്ടിയാവുക തുടങ്ങിയ രോഗങ്ങൾ നിക്കോട്ടിൻ മൂലം ഉണ്ടാകുന്നു. പുകവലിയും പുകയില തീറ്റിയും മൂലമാണ് നല്ലൊരു പങ്ക് ആളുകൾക്കു കാൻസർ ഉണ്ടാകുന്നത്.

ഒരു കടലാസിലോ വെള്ളത്തുണിയിലോ സിഗരറ്റ് പുക കൊള്ളിച്ചാൽ അത് മഞ്ഞനിറമാകുന്നതു കണ്ടിട്ടില്ലേ? കുറെ സിഗരറ്റെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ ആളുവടിയാകും! പരീക്ഷിക്കേണ്ട; സത്യമാണ്. മരണം ഉറപ്പ്. അറുപതു മില്ലിഗ്രാം നിക്കോട്ടിൻ ഒന്നായി കുത്തിവച്ചാലും ആൾമരിക്കും. കഫശല്യം, ചുമ, ദഹനക്കേട് തുടങ്ങി നിസാരമൊന്നു കരുതുന്ന രോഗങ്ങൾ മുതൽ ഹൃദയസ്തംഭനം, ബ്രോങ്കൈറ്റിസ്, എംഫിസിമ, പെപ്റ്റിക്കും അൾസർ, കാൻസർ തുടങ്ങിയ മാരകരോഗങ്ങൾ വരെ പുകവലി മൂലം ഉണ്ടാകുന്നു.

പുരുഷന്മാരിൽ ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ഇന്ത്യയിൽ കാൻസർ രോഗികളിൽ 40 % പുകവലി മൂലം രോഗികളായ വരാണെന്ന് കണക്കുകൾ പറയുന്നു. കേരളത്തിൽ നാല് ഹൃദ് രോഗികളിൽ ഒരാളുടെ മരണകാരണം പുകവലി മൂലമാണ്. പുകവലിക്കുന്നവരുടെ ശ്വാസകോശം തലച്ചോറ്, ഹൃദയം എന്നിവ പലപ്പോഴും തകരാറിലായിരിക്കുമെന്നതിനാൽ ഇത്തരക്കാരിൽ ശസ്ത്രക്രിയകൾ ചെയ്യുന്ന സന്ദർഭങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.


അച്ഛനമ്മമാർ പുകവലിക്കുന്ന വരാണെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം അപകടത്തിൽ ആകും. അമ്മയുടെ പുകവലി കുട്ടികൾക്കു ജന്മം നൽകാനുള്ള കഴിവിനേയും, ശിശുവിന്റെ ആരോഗ്യത്തേയും പ്രതികുലമായി ബാധിക്കും. ഗർഭിണിയുടെ അടുത്തിരുന്നു പുകവലിച്ചാൽ ആ പുക അമ്മ ശ്വസിക്കുന്നതു മൂലം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം തകരാറിലാകും. പുകവലിക്കുന്നവരുടെ കുട്ടികൾക്കു കോങ്കണ്ണ് ഉണ്ടാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അമിതമായി പുകവലിക്കുന്നവർക്കു അന്ധതയും ഉണ്ടാകും. കണ്ണിന്റെ ലെൻസ് വികസിക്കുകയും സുതാര്യമാവകയും ചെയ്യുന്ന പ്രവണത (കാറ്ററാക്ട്) വർദ്ധി ക്കുന്നതോടൊപ്പം അന്ധത ബാധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.


ഇന്ത്യയിൽ കണ്ടുവരുന്ന കാൻസറുകളിൽ മൂന്നിൽ ഒന്നും പുകവലി മൂലമാണ് ഉണ്ടാകുന്നത്.വായ്,തൊണ്ട, ശ്വാസകോശം, അന്നനാളം, ശബ്ദനാളം, എന്നിവിടങ്ങളിൽ പുകയിലയുടെ നേരിട്ടുള്ള പ്രവർത്തന ഫലമായാണ് കാൻസർ ഉണ്ടാകുന്നത്.മൂത്രാശയം, മൂത്രനാളിക, വ്ര്ക്കകൾ,ആഗ്നേയഗ്രന്ഥി, ഗർഭാശയനാളം എന്നിവിടങ്ങളിൽ നേരിട്ടല്ലാതെയുള്ള പ്രവർത്തനം മൂലവും കാൻസർ പിടിപെടുന്നു. ഇന്ത്യയിലുണ്ടാകുന്ന ഹൃദയാഘാ‍തങ്ങളിൽ 22 ശതമാനം പുകയിലയുടെ ഉപയോഗം മൂലമാണത്രേ! ശ്വാസകോശ രോഗങ്ങളിൽ ഇത് 45 ശതമാനമാണ്. പക്ഷാഘാതങ്ങളിൽ 16 ശതമാനവും പുകയില മൂലമാണ് ഉണ്ടാകുന്നത്.

സിഗരറ്റ് വലിക്കുന്നവർ അന്തരീക്ഷത്തിൽ കലർത്തുന്ന പുക ശ്വസിച്ച് മറ്റുള്ളവരും രോഗികളാകുന്നു. അവരുടെ കാഴ്ചശക്തിയെ ഉൾപ്പെടെ അതു ബാധിക്കും. അതുകൊണ്ടു തന്നെ പുകവലി ഒരു സാമൂഹ്യ ദ്രോഹവുമാണ്.


സ്ത്രീകളാ‍ണ് പുകവലിക്കുന്നതെങ്കിൽ അവരിൽ ഗർഭച്ഛിദ്രത്തിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുടുതലാണ്. മാസം തികയാതെയുള്ള പ്രസവം, അംഗവൈകല്യമുള്ള കുട്ടികളെ പ്രസവിക്കൽ തുടങ്ങിയവ പുകവലിക്കാരായ അമ്മമാരിൽ സംഭവിക്കുന്നു. ഗർഭപാത്രത്തിൽ വച്ചു തന്നെ കുട്ടി നിക്കോട്ടിന്റെ പിടിയിൽ അമരുന്നതാണ് ഇതിനു കാരണം. പുകവലിക്കാരായ അമ്മമാർ പ്രസവിക്കുന്ന കുട്ടികൾക്കു നിറം മാറ്റവും കണ്ടു വരാറുണ്ട്. കൂടാതെ ഇത്തരം കുഞ്ഞുങ്ങളിൽ- ഹൃദയ ധമനികളിൽ തകരാറ്, ന്യൂമോണിയ , ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങളും കാണപ്പെടുന്നു.

സ്ത്രീകളുടെ മുഖകാന്തിയും ചർമ്മകാന്തിയും പുകവലി കാരണം നഷ്ടമാകുന്നു. അവരുടെ ബാഹ്യ സൌന്ദര്യത്തിന് ആകെത്തന്നെ കോട്ടംതട്ടും. പുകവലിച്ച് എന്തിന് വെറുതെ സൌന്ദര്യം കളയണം?

പാസീവ് സ്മോക്കിംഗ്

പുകവലിക്കുന്നവരുടെ അടുത്തിരുന്നു ആ പുക ശ്വസിക്കുന്നതിലൂടെ അപകടത്തിലാകുന്ന നിരപരാധികളെയാണ് പാസീവ് സോമക്കേഴ്സ് എന്നു വിളിക്കുന്നത്. സിഗരറ്റ് വലിച്ച് പുറത്തുവിടുന്ന പുകയിൽ നിക്കോട്ടിൻ, കാർബൺ മോണോകൈസ്ഡ്, അസറ്റാൽഡിഹൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഉള്ളിൽ ചെന്നാൽ ശരീരത്തിന് മാരകമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അതു കൊണ്ടുതന്നെ പൊതുസ്ഥലങ്ങളിലെ പുകവലി ഒരു സാമൂഹ്യദ്രോഹമാണ്.

സാമ്പത്തിക നഷ്ടം

പുകവലിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെപ്പറ്റി ആരും ചിന്തിക്കാറില്ല. ഇതെഴുതുമ്പോൾ നാലുരൂപാ വിലയുള്ള സിഗരറ്റുണ്ട്. ദിവസവും ഇരുപത് സിഗരറ്റും അതിലധികവും വലിക്കുന്ന മനുഷ്യരുണ്ട്. നാലുരൂപയ്ക്ക് വിൽക്കുന്ന സിഗരറ്റാണുപയോഗിക്കുന്നതെങ്കിൽ ദിവസം ഇരുപതുവച്ചായാൽ തന്നെ ദിവസവും എൺപതു രൂപാ വീതം ഒരു വലിക്കാരന് ചെലവാകും. മാസത്തിൽ അത് രണ്ടായിരത്തി നാനൂറ് ആകും. അപ്പോൾ വർഷത്തിലോ? കൂട്ടിനോക്കുക!

കൈയ്യിലിരിക്കുന്ന പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങാൻ ചെലവാക്കുന്നതാണ് ഈ തുക! നാം അദ്ധ്വാനിച്ചു കിട്ടുന്ന പണം നമ്മെ അദ്ധ്വാനിക്കാൻ സഹായിക്കുന്ന ശാരീരികാരോഗ്യത്തെ നശിപ്പിക്കുവാൻ ഇപ്രകാരം ഉപയോഗിക്കണോ എന്ന് ഏവരും ചിന്തിക്കുക!

Monday, June 1, 2009

ജനവിധി

ജനവിധി മാനിയ്ക്കണം; അതെന്തുതന്നെ ആയാലും. വിജയിക്കുന്നവർക്കും പരാജയപ്പെടുന്നവർക്കും അതൊരു അനുഭവ പാഠമായിരിയ്ക്കണം. പരാജിതർ നിരാശരാകരുത്; അവർ ആരുതന്നെ ആയാലും. വിജയികൾ അഹങ്കരിയ്ക്കുകയും അരുത്; അവർ ആരുതന്നെ ആയാലും.

ജയമോ തോൽവിയോ ആർക്കും കുത്തകയാക്കി വയ്ക്കാനാകില്ല. അവർ ആർ തന്നെ ആയാലും. അങ്ങനെ ആകാതിരിയ്ക്കാനുള്ള സാദ്ധ്യതയാണ് ജനാധിപത്യത്തിന്റെ സാദ്ധ്യതാമൂല്യം തന്നെ. തോൽക്കുന്നവർ എന്തുകൊണ്ട് തോറ്റു എന്നു സത്യസന്ധമായി വിലയിരുത്തണം എന്നതുപോലെ ജയിയ്ക്കുന്നവർ എന്തുകൊണ്ട് ജയിച്ചു എന്നും വിലയിരുത്തണം.

എന്നാൽ തോൽക്കുന്നവരുടെ വിലയിരുത്തൽ വിജയിച്ച എതിരാളികളെയും അവരുടെ വിജയത്തെയും കുറച്ചുകാണുന്നതാകരുത്; എന്നതുപോലെ വിജയിക്കുന്നവരുടെ വിലയിരുത്തൽ തോൽക്കുന്നവരുടെ പ്രാധാന്യവും കുറച്ചുകാണുന്നതുമാകരുത്. കാരണം വിജയികൾ ആയതുകൊണ്ട്‌ അവർ ശക്തരോ പരാജിതർ ആയതുകൊണ്ട്‌ അവർ ദുർബ്ബലരോ ആകുന്നില്ല. പിന്തുണയിലല്ല പ്രവൃത്തിയിലാണ് കാര്യം.

ജനപിന്തുണയുള്ളതുകൊണ്ട്‌ പ്രവർത്തനങ്ങൾ നന്നാകണം എന്നില്ല. ജനപിന്തുണ കുറഞ്ഞതുകൊണ്ട്‌ പ്രവൃത്തികൾ മോശമാകണം എന്നും ഇല്ല. ജയിക്കുന്നവർ എല്ലായ്പോഴും യോഗ്യരോ, തോൽക്കുന്നവർ എല്ലായ്പോഴും അയോഗ്യരോ ആകുന്നില്ല. ജനാധിപത്യത്തിന്റെ പ്രായോഗിക പരിമിതികളിൽ ഒന്നു മാത്രമാണിത്‌.

ജനവിധി എല്ലായ്പോഴും പ്രബുദ്ധതയുടെ പ്രതിഫലനം ആകണം എന്നില്ല. എല്ലാവരും വിദ്യാഭ്യാസപരമായും, ചിന്താപരമായും ഒരേ നിലവാരം പുലർത്തുന്നില്ല. ഇക്കാര്യത്തിൽ ഒരു സമനിരപ്പുണ്ടാക്കുക സാദ്ധ്യവുമല്ല. എല്ലാം ഏതാണ്ട് ഒരു സമനിരപ്പിൽ ഒത്തുവന്നാലും വിശ്വാസങ്ങളിലും അഭിരുചികളിലും ഉള്ളതായ വ്യതിയാ‍നം നിലനിൽക്കും.

ഐവരിൽ മൂവർ കൈ പൊക്കി കാണിച്ചിട്ട്‌ ഇതു കാലാണെന്നു പറഞ്ഞാൽ അതു കാലുതന്നെ എന്നു സമ്മതിയ്ക്കലാണ് പലപ്പോഴും ജനാധിപത്യം. ഭൂരിപക്ഷത്തിനാണ് ഇവിടെ പ്രാധാന്യം. ന്യായമോ അന്യായമോ സത്യമോ അസത്യമോ നല്ലതോ ചീത്തയോ എന്നതൊന്നുമല്ല ഭൂരിപക്ഷത്തിനു മാത്രമാണു ജനാധിപത്യത്തിൽ പ്രാധാന്യം. ഇക്കാരണങ്ങളാൽ ജനാധിപത്യം പലപ്പോഴും നിസഹായമാകുന്നുണ്ട്‌.

മാറിമറിയലുകൾ ജനാധിപത്യത്തിൽ ഏതു സമയത്തും സംഭവിയ്ക്കാം. അതുകൊണ്ടുതന്നെ വളരെ കരുതലോടെ വേണം ഓരോരുത്തരും രാജ്യകാര്യങ്ങളിൽ ഇടപെടാൻ. ആരുടെയെങ്കിലും ആത്യന്തിക വിജയം എന്നൊന്നു ജനാധിപത്യം ഉൾക്കൊള്ളുന്നില്ല. ഇന്നു ഞാൻ നാളെനീ എന്ന ചൊല്ല്‌ എപ്പോഴും ഓർക്കണം.

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ ഇ.എ.സജിം തട്ടത്തുമല (നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്...