എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, July 27, 2011

മൈമൂൺ അസീസ്: ഇ-ലോകത്തെ ബഹുമുഖപ്രതിഭമൈമൂൺ അസീസ്: ഇ-ലോകത്തെ ബഹുമുഖപ്രതിഭ

ഇന്റെർനെറ്റിന്റെ ലോകത്ത് വന്നതിനു ശേഷം എനിക്ക് ധാരാളം പുതിയ പരിചയക്കാരും സുഹൃത്തുക്കളും ഉണ്ടായിട്ടുണ്ട്. അതല്ലെങ്കിൽ ഒരിക്കലും കേൾക്കുകയോ അറിയുകയോ കാണുകയോ ചെയ്യാൻ ഇടയില്ലാത്തവരാണ് അവരിൽ അധികവും. എന്നെ പോലെ തന്നെ ഇന്റെർനെറ്റിന്റെ ലോകത്ത് പ്രവേശിച്ചിട്ടുള്ള മറ്റനവധി പേർക്കും ഇതേ അനുഭവമാണുള്ളതെന്നും മനസിലാക്കുന്നുണ്ട്. ഒരു തരത്തിലും പ്രചോദിപ്പിക്കപ്പെടാതെ എത്രയോപേരിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പ്രകാശിപ്പിക്കുവാൻ ഇന്റെർനെറ്റിലെ സോഷ്യൽ നെറ്റ്വർക്കുകളും ബ്ലോഗുകളും മറ്റ് മാധ്യമങ്ങളും സഹായിക്കുന്നുണ്ട്.

ഇനിയും ഒരു മേഖലയിലേയ്ക്ക് കടന്നുവരാൻ കഴിയാതെ പോകുന്നവർക്ക് അത് ഒരു വലിയ നഷ്ടം തന്നെ ആയിരിക്കും. കാരണം എഴുത്തിന്റെയും വരയുടെയും മാത്രമല്ല പ്രക്ഷേപണത്തിന്റെയും സംപ്രേഷണത്തിന്റെയും മേഖലകൾ കൂടി ഇന്റെർനെറ്റ് തുറന്നിടുന്നു. ഒരു വ്യക്തിയുടെ ഏതുതരം കഴിവുകളും ഇന്റെർനെറ്റിലെ വിവിധ മീഡിയകൾ വഴി ഇന്ന് തെളിയിക്കാനാകും.ഒരു സാധാരണ പൌരനും തന്റെ ജീവിതസാന്നിദ്ധ്യം വിളിച്ചറിയിക്കാൻ മാധ്യമം വഴി സാധിക്കും.എല്ലാവർക്കും പത്രപ്രവർത്തകരും എഴുത്തുകാരും, വരപ്പുകാരും, പാട്ടുകാരും, അവതാരകരും അഭിനേതാക്കളും സംവിധായകരും മറ്റും മറ്റുമാകാനുള്ള അനന്തമായ സാദ്ധ്യതകളാണ് ഇന്റെർനെറ്റ് പ്രദാനം ചെയ്യുന്നത്.

ഞാൻ പറഞ്ഞുവരുന്നത് ഇന്റെർ നെറ്റ് മുഖാന്തരം നാലാളറിഞ്ഞ ഒരു സവിശേഷ വ്യക്തിത്വത്തെക്കുറിച്ചാണ്. ഒരു പക്ഷെ ഒരു സാധാരണ ഉദ്യോഗസ്ഥയും വീട്ടമ്മയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയുമായി നാട്ടിൽ ഒരു പരിമിതമായ ലോകത്ത് മാത്രം അറിയപ്പെടുമായിരുന്നതും, എന്നാൽ ഇന്റെർനെറ്റിന്റെ സാദ്ധ്യതകളിൽ ചിലത് തനിക്കിണങ്ങും വിധം ഉപയോഗപ്പെടുത്തി തന്റേതായ ഒരിടവും പ്രശസ്തിയും -ലോകത്ത് ഉണ്ടാക്കിയെടുത്തതുമായ ഒരു വനിതയെയും ഇന്റെർനെറ്റിന്റെ ലോകത്ത് വന്ന് എനിക്ക് പരിചയപ്പെടാനായി. അവരെ പറ്റിയാണ് ഒരു കുറിപ്പ്.

ഒരു പക്ഷെ ഇന്റെർനെറ്റിന്റെ ലോകത്ത് വന്നിരുന്നില്ലെങ്കിൽ മൈമൂൺ അസീസ് എന്ന ഒരു സ്ത്രീവ്യക്തിത്വം എന്റെ ശ്രദ്ധയിലോ അറിവിലോ വരാൻ ഒരു സാദ്ധ്യതയുമില്ലെന്നു വേണം കരുതാൻ. കായം കുളം സ്വദേശിനിയും കുടിംബിനിയും ഉദ്യോഗസ്ഥയും സാമൂഹ്യ പ്രവർത്തകയുമായ അവർ ബ്ലോഗ്ഗറും, പ്രശസ്തമായ പല സോഷ്യൽ നെറ്റ്വർക്കുകളിലെ സജീവ സാ‍ന്നിദ്ധ്യവുമാണ്. നിലയിൽ -ലോകത്ത് ആവശ്യത്തിന് പ്രശസ്തിയുമുണ്ട്. നല്ല കഥകളും കവിതകളും ഗാനങ്ങളും ലേഖനങ്ങളും എഴുതുന്ന ഒരു എഴുത്തുകാരിയാണവർ. കൌമാര യൌവ്വനങ്ങൾ അടക്കി വാഴുന്ന -ലോകത്തെ സൌഹൃദക്കൂട്ടങ്ങൾക്കിടയിൽ അവർ അമ്മയും ചേച്ചിയുമായി താരശൊഭയോടെ തിളങ്ങി നിൽക്കുന്നു.

സ്വത്ത നിഷേധത്തിനോ നിർദോഷമായ പരമ്പരാഗത ജീവിത രീതികളുടെ നിരാസത്തിനോ ഒന്നും മുതിരാതെ മതപരവും ആത്മീയവുമായ വിശ്വാസങ്ങളെയും പ്രാർത്ഥനകളെയും എല്ലാം അതേ പടി നില നിർത്തിക്കൊണ്ടു തന്നെ മാറുന്ന കാലത്തിനനുസൃതമായി പുരോഗമനോത്മുഖവും സർഗ്ഗാത്മകവും സർവ്വോപരി സാമൂഹ്യപ്രതിബദ്ധതയിൽ ഊന്നിയതുമായ ഒരു ജീവിതം നയിക്കാൻ മുസ്ലിം പശ്ചാത്തലമുള്ള ഒരു സാധാരണ വനിതയ്ക്ക് എങ്ങനെ സാധിക്കും എന്നതിന്റെ മികച്ച മാതൃകയാകാൻ മൈമൂൺ അസീസിനു കഴിയുന്നു. തന്റെ ജീവിത സഖാവിന്റെ കൂടെ പൂർണ്ണമായ പിന്തുണയോടെയാണ് അവർ മാതൃകാ ജീവിതം പിന്തുടരുന്നതെന്നും പ്രത്യേകമായി എടുത്തു പറയേണ്ടതാണ്.

ഞാൻ അവരെ അറിയുന്നത് ഇന്റെർനെറ്റിലെ ചില സോഷ്യൽ നെറ്റ്വർക്കുകളിലൂടെയാണെന്നത് ഇനിയും പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ! ഞാൻ അവരെ ആദ്യമായി നേരിൽ കാണുന്നത് തിരുവനന്തപുരത്ത് നടന്ന കൂട്ടം സോഷ്യൽ നെറ്റ്വർക്കിന്റെ ഒരു മീറ്റിൽ വച്ചാണ്. അതിനുശേഷവും -മാധ്യമം വഴി മിക്കപ്പോഴും അവരുമായി എനിക്ക് ആശയ വിനിമയം ഉണ്ട്. ഇതിനിടയിലാണ് കുറെ നാളുകൾക്കു ശേഷം ഇക്കഴിഞ്ഞ 2011 ജൂലായ് 23 ന് തിരുവനന്തപുരത്ത് വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടന്ന സൌഹൃദം ഡോട്ട് കോം മീറ്റിൽ വച്ച് വീണ്ടും അവരെ നേരിൽ കാണുന്നത്. അവിടെ സ്വാഗതഗാനം എഴുതി സംഗീത സംവിധാനം നിർവ്വഹിച്ചത് മൈമൂൺ അസീസ് ആയിരുന്നു. പാടിയതും അവരുടെ നേതൃത്വത്തിൽതന്നെ.കേൾക്കാൻ വളരെ മനോഹരമായിരുന്നു സ്വാഗത ഗാനം.

മൈമൂൺ അസീസിൽ ഒരു സംഗീതകലാകാരി ഉണ്ട് എന്നത് എന്നെ സംബന്ധിച്ച് ഒരു പുതിയ അറിവായിരുന്നു. അതേ പറ്റിയുള്ള എന്റെ അന്വേഷണത്തിൽ അവർ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ളതായും അറിയാൻ കഴിഞ്ഞു. പോകാൻ നേരം മൈമൂൺ അസീസ് രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച ഒരു സംഗീത ആൽബം എനിക്ക് സമ്മാനിച്ചു. എനിക്ക് സാധാരണ സംഗീത ആൽബങ്ങളോ സിനിമാ സി.ഡികളോ ഒന്നും കാണാൻ ഇപ്പോൾ സമയം കിട്ടാറില്ല.അതിന് ഇപ്പോൾ കുറച്ചുനാളായി ശ്രമിക്കാറുമില്ല. മുമ്പേ കേട്ട് ആകൃഷ്ടമായ കുറെ ഗാനങ്ങളും പിന്നെ കവിതകളും ആവർത്തിച്ച് കേൾക്കുന്നതിലൂടെയാണ് ഞാനെന്റെ അടങ്ങാത്ത സംഗീതാഭിനിവേശം നിലനിർത്തി പോരുന്നത്. പുതിയ ആൽബം ഗാനങ്ങളോടൊന്നും അധികം അടുപ്പമോ പരിചയമോ ഇല്ല.

എന്നാൽ മൈമൂൺ അസീസ് എനിക്ക് നൽകിയ സി.ഡി പിറ്റേന്നു തന്നെ ഞാൻ ഇട്ട് കേട്ടു. രചനയും സംഗീതവും മൈമൂൺ അസീസ് തന്നെ. അത്ര പ്രശസ്തരായ ഗായകരൊന്നുമല്ല (ഇനി എനിക്കറിയാത്തതാണോ എന്നറിയില്ല) ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മൈമൂൺ അസീസും ഇതിൽ ഗാനം ആലപിക്കുന്നുണ്ട്. ആകെ അഞ്ച് ഗാനങ്ങളേ ഉള്ളൂ. കേരള വർണ്ണനയാണ് ഗാനങ്ങൾ എല്ലാം. കേൽക്കാൻ നല്ല ഇമ്പമുള്ള ഗാനങ്ങൾ. അനേകം ഗാനങ്ങൾ ഉൾക്കൊള്ളിച്ച് പുറത്തിറക്കുന്ന പല ആൽബങ്ങളിലും ഒന്നോ രണ്ടോ മാത്രമായിരിക്കും മനസിൽ തങ്ങി നിൽക്കുക. ബാക്കിയൊക്കെ അരോചകങ്ങളായിരിക്കും. എന്നാൽ മൈമൂണിന്റെ സംഗീത ആൽബത്തിൽ ആകെയുള്ള അഞ്ചു ഗാനങ്ങളിൽ അഞ്ചും നല്ല മധുരമനോഹരമായ ഗാനങ്ങൾ തന്നെ.

പുതിയ അടിപൊളി പാട്ട് സ്നേഹികൾക്ക് ഇത് രസിക്കുമോ എന്നറിയില്ല. എന്റെ സംഗീത ആസ്വാദന അഭിരുചികളുമായി ഏറെ അടുത്തു നിൽക്കുന്നതാണ് ഇതിലെ ഗാനങ്ങൾ. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം എനിക്കവ വളരെ ഇഷ്ടമായി. കേരളവർണ്ണനാ ഗാനങ്ങളാകയാൽ വരികളിലെ അർത്ഥ സമ്പുഷ്ടതയെക്കുറിച്ചൊന്നും ഞാൻ വലിയ സന്ദേഹിയാകുന്നില്ല. സംഗീതാത്മകമായ വരികളാണ് അവ എന്നത് മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. എങ്കിലും വാക്കുകളുടെ ഉപയോഗത്തിൽ കുറച്ചുകൂടി നല്ല ആലോചനകൾ ഉണ്ടാകേണ്ടതായിരുന്നു എന്ന ഒരു തോന്നൽ ഉണ്ടായി എന്നത് മറച്ചു വയ്ക്കുന്നില്ല.

എല്ലവരുടെയും ആസ്വാദനാഭിരുചികൾ ഒരു പോലെ ആയിരിക്കില്ല. എന്തായാലും എനിക്ക് ഗാനങ്ങൾ ഇഷ്ടമായതുപോലെ എന്റെ സംഗീതാഭിരിചികളുമായും ആസ്വാദനാഭിരുചികളുമായും സാമ്യമുള്ള അഭിരുചികൾ ഉള്ളവർക്ക് ഗാനങ്ങൾ ഇഷ്ടപ്പെടാതിരിക്കില്ല. നമ്മൾ തമ്മിൽ അങ്ങനെ അഭിരുചിപരമായ സാമ്യതയുണ്ടോ എന്നറിയണമെങ്കിൽ പാട്ട് കേട്ട് അത് നിങ്ങൾക്കിഷ്ടപ്പെടണമല്ലോ. താല്പര്യമുള്ളവർ അവരുമായി ബന്ധപ്പെട്ട് സി.ഡി വാങ്ങി കേട്ടു നോക്കുക.തീർച്ചയായും കേരളത്തെയും മലയാളത്തെയും സ്നേഹിക്കുന്നവർക്ക് മൈമൂൺ അസീസിന്റെ സംഗീത ആൽബത്തിലെ പാട്ടുകൾ ഇഷ്ടപ്പെടും!

ഞാൻ ഗാനങ്ങൾ നന്നായി ആസ്വദിച്ചുവെന്നതിന്റെ അടയാളപ്പെടുത്തലും അതിനുള്ള സ്നേഹോപഹാരവുമായി കുറിപ്പ് മൈമൂൺ ഇത്തയ്ക്ക് സമർപ്പിക്കുന്നു. ഒപ്പം എന്റെ എഴുത്തു മൂലം ഇനിയും ആരെങ്കിലും കൂടി ഇതെപറ്റി അറിയുന്നെങ്കിൽ അറിയാനുള്ള ആഗ്രഹവും! അങ്ങനെ എഴുത്തും പ്രസംഗവും പാട്ടും എല്ലാമായി ഒരു ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിക്കാവുന്ന സവിശേഷ വ്യക്തിത്വത്തിനുടമയായ ശ്രീമതി മൈമൂൺ അസീസിന് തന്റെ ബഹുമുഖമായ കർമ്മ പഥങ്ങളിൽ ഇനിയും എല്ലാ വിധ ഭാവുകങ്ങളും ആശംസിച്ചുകൊണ്ട് കുറിപ്പ് തൽക്കാലം ചുരുക്കുന്നു.

Wednesday, July 20, 2011

എറണാകുളം ബ്ലോഗ് മീറ്റിൽ പങ്കെടുത്ത ബ്ലോഗ്ഗർമാരുടെ ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകൾ

എറണാകുളത്ത് 2011 ജൂലൈ  9 ന് നടന്ന ബ്ലോഗ് മീറ്റിൽ പങ്കെടുത്ത ബ്ലോഗ്ഗർമാരുടെ ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകൾ പുതിയ പോസ്റ്റുകൾ സഹിതം എന്റെ വായനശാലകലിലൊന്നായ   വിശ്വമാനവികം വായനശാല എന്ന ബ്ലോഗിൽ നൽകിയിട്ടുണ്ട്.

Wednesday, July 13, 2011

സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകൾക്കിടയിൽ ഭിന്നത


സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകൾക്കിടയിൽ ഭിന്നത


എം..ബേബിയും എൽ.ഡി.എഫും സ്വാശ്രയ വിദ്യാഭ്യാസമേഖല കുളമാക്കിയെന്നായിരുന്നു സർക്കാരിന്റെ കാലത്ത് പലരും ആക്ഷേപിച്ചത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതി ഉറപ്പാക്കാൻ സ്വാശ്രയ മാനേജർമാരുമായി ചർച്ചയോട് ചർച്ച നടത്തി എം..ബേബി എന്ന നല്ലൊരു രാഷ്ട്രീയ നേതാവിന്റെ ഇമേജ് തന്നെ നഷടമായി പോയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ സത്യങ്ങൾ വെളിച്ചത്തു വരുന്നു. സ്വാശ്രയ മാനേജ്മെന്റുകൾക്കിടയിൽ തന്നെ ശക്തമായ ചേരിതിരിവ് ഉണ്ടായിരിക്കുന്നു. കേരളത്തിലെ ക്രിസ്തീയ സമുദായത്തിലെ നല്ലൊരു പങ്ക് ആളുകളെ എൽ.ഡി.എഫിനെതിരെ തിരിച്ചുവിടാൻ ഇന്റെർ ചർച്ച് കൌൺസിലുകാർ സ്വാശ്രയ പ്രശ്നത്തെ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.

സത്യത്തിൽ
ക്രിസ്തീയ സമുദായത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന നിലപാടാണ് ഇപ്പോൾ ക്രിസ്തീയ മാനേജ്മെന്റുകൾ സ്വീകരിച്ചിരിക്കുന്നത്. എൽ.ഡി.എഫ് തങ്ങളുടെ ശത്രുവാണെന്ന് ശ്രീ ജോർജ് പോൾ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എൽ.ഡി.എഫ് ആയാലും, യു.ഡി.എഫ് ആയാലും അവർക്ക് തങ്ങളുടെ സ്വാർത്ഥ താല്പര്യം മാത്രമാണ് വലുതെന്ന് വീണ്ടും വ്യക്തമായിരിക്കുന്നു. കേരളത്തിലെ സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും താല്പര്യങ്ങളോട് തികച്ചും ധിക്കാര പരമായ സമീപനമാണ് അവർ സ്വീകരിച്ചിരിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ നീതി നടപ്പാക്കാൻ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും സർക്കാരിനെയും പൊതു സമൂഹത്തെയും വെല്ലുവിളിക്കുകയാണ് മതത്തിന്റെ ലേബൽ ഒട്ടിച്ച് നടക്കുന്ന വിദ്യാഭ്യാസ വ്യാപാരികൾ.

ക്രിസ്ത്യൻ സമൂഹത്തിന്റെ മൊത്തം പ്രതിനിധികളായി സ്വയം ചമഞ്ഞ് നടക്കുന്നവർ സമുദായ താല്പര്യങ്ങളെക്കാൾ സാമ്പത്തിക താല്പര്യങ്ങളാണ് തങ്ങൾക്ക് വലുതെന്ന് ഇത്രയും പ്രകടമായിത്തന്നെ വിളിച്ചു പറയുമ്പോൾ, ഇവരുടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുള്ള നേട്ടങ്ങൾ സമുദായത്തിനാണോ വ്യക്തികൾക്കാണോ എന്ന കാര്യത്തിൽ വ്യക്തത തരുന്നുണ്ട്. സ്വന്തം വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി ഒരു ഹൈക്കോടതി വിധിയുടെ ബലത്തിൽ സമാന്തര ഭരണാധികാരികളെ പോലെ പെരുമാറുന്ന അവർ രാഷ്ട്രത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയാൻ പൊതു സമൂഹത്തിനു കഴിഞ്ഞാൽ കൊള്ളാം.

എൽ
.ഡി.എഫ് സർക്കാരിനോട് തങ്ങളുടെ ശത്രുതയത്രയും എന്നു പറയുന്ന ഇവർ .കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയം മുതൽ പൊതു താല്പര്യത്തിനെതിരായ നിലപാടുകൾ സ്വീകരിച്ചവർ ആണ് എടുത്തുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിനോടാണ് തങ്ങളുടെ കൂറ് എന്നു പ്രഖ്യാപിക്കുമ്പോഴും മെഡിക്കൽ സീറ്റുകളിൽ വർഷം തന്നെ പാതിക്കുപാതി അഡ്മിഷൻ എന്ന സർക്കാർ നയത്തെ അംഗീകരിക്കാൻ ശ്രീ.ജോർജു പോളും സംഘവും തയാറാകുന്നില്ല. ഇതിനകം അവർ നടത്തിയ അഡ്മിഷനിലുള്ള കുട്ടികളുടെ കാര്യം സർക്കാർ ഏറ്റെടുത്താൽ തങ്ങൾ ഒത്തു തീർപ്പിനു തയ്യാറാണെന്നുള്ള മുട്ടാ പോക്കാണ് അവർ ഉന്നയിക്കുന്നത്.മുമ്പേ തന്നിഷ്ടപ്രകാരം സർക്കാർ സീറ്റുകളിൽ അന്യായമായ പ്രവേശന നടപടികൾ സ്വീകരിച്ചതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമത്രേ!

കോലഞ്ചേരി മെഡിക്കൽ കോളേജ് അടക്കം പലതും ജോർജ് പോൾ അടക്കമുള്ള ചിലരുടെ സ്വകാര്യ സ്ഥാപനങ്ങളാണെന്നും സഭകളുമായി അവയ്ക്ക് ബന്ധമൊന്നും ഇല്ലെന്നും ഒരു ചാനൽ ചർച്ചയിൽ ശ്രീ ഫസൽ ഗഫൂർ പറഞ്ഞിരിക്കുന്നു. പരസ്പരം ചെളിവാരി എറിയുന്ന രീതിയിലേയ്ക്ക് ചർച്ചകൾ വഴിമാറുമ്പോൾ സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിഗൂഢതകളിലേയ്ക്കാണ് അത് വിരൽ ചൂണ്ടുന്നത്. ഇന്ന് നടന്ന ചർച്ചയിൽ ക്രിസ്തീയമാനേജ് മെന്റുകൾ എന്നവകാശപ്പെടുന്നവരുടെ നിലപാടുകളിൽ ആദ്യംതന്നെ ശക്തമായി പ്രതിഷേധിക്കേണ്ടത് കേരളത്തിലെ സാധാരണ ക്രിസ്തീയ സമൂഹമാണ്. സമുദായത്തിന്റെ പേരും പറഞ്ഞ് സ്വന്തം സ്ഥാപനങ്ങളെ ഉപയോഗിച്ച് ഇടതുപക്ഷനെതിരെ ജനവികാരം ഇളക്കിവിടുകയും തങ്ങളുടെ താല്പര്യങ്ങൾക്ക് ഇണങ്ങുന്ന ഒരു സർക്കാരിന്റെ രൂപീകരണത്തിന് ആവുന്നതൊക്കെ ചെയ്യുകയും ചെയ്തിട്ട് അങ്ങനെ വന്ന ഒരു സർക്കാരിന്റെ നിലപാടുകൾ പോലും അംഗീകരിക്കാതിരിക്കുക വഴി അവരുടെ യഥാർത്ഥ കച്ചവടമുഖമാണ് വെളിവാക്കുന്നത്.

തങ്ങളുടെ
സാമ്പത്തിക നേട്ടങ്ങൾക്ക് അനുകൂലമല്ലാത്ത നിലപാടുകൾ സ്വീകരിച്ചാൽ എൽ.ഡി.എഫായാലും യു.ഡി.എഫ് ആയാലും അംഗീകരിക്കില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. മാത്രവുമല്ല അവർ ശക്തമായി സർക്കാരിനെയും പൊതു സമൂഹത്തെയും വെല്ലുവിളിക്കുകയുമാണ്. വെല്ലുവിളി വെല്ലുവിളിയായി തന്നെ നേരിടണം. അതിന് ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടതാണ്.

എറണാകുളം ബ്ലോഗ് മീറ്റ്: “സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ!”


എറണാകുളം ബ്ലോഗ് മീറ്റ്: “സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ!”


ഇ-എഴുത്തുകാരുടെ സൌഹൃദ സംഗമം എറണാകുളം മയൂരാ പാർക്ക് ഹോട്ടലിൽ 2011 ജൂലൈ 9 ന് രാവിലെ കൃത്യം പത്ത് മണിയ്ക്ക് ആരംഭിച്ച് വൈകുന്നേരം മൂന്നു മണിയീടെ വിജയകരമായി പര്യവസാനിച്ചു.

“സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ!” എന്ന് ഏതോ റ്റി.വി പരസ്യത്തിൽ പറയുന്നതുപോലെ എറണാകുളം മീറ്റു കഴിഞ്ഞ് വീട്ടിൽ വന്നു കയറിയിട്ട് സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ എന്നു മാത്രമാണ് ഇന്ന് നടന്ന ബ്ലോഗ് മീറ്റിനെ കുറിച്ച് ആദ്യം തന്നെ പറയാനുള്ളത്.അഞ്ച് മണിയ്ക്ക് അവിടെ നിന്നും ബസ് കയറി രാത്രി പത്തര പത്തേ മുക്കാൽ മണിയോടെയാണ് വീട്ടിൽ എത്തിയത്. മീറ്റിലെ വിശേഷങ്ങൾ സംബന്ധിച്ച വിശദമായ പോസ്റ്റ് രാത്രിയിനി എഴുതുന്നില്ല.അത് അല്പം വിശദാമായി തന്നെ എഴുതുവാനുണ്ട്. എഴുതണമെന്ന് വിചാരിക്കുന്നുമുണ്ട്.

എന്നാൽ അഞ്ചഞ്ചര മണിക്കൂർ യാത്രചെയ്ത് ബ്ലോഗ് മീറ്റിൽ പങ്കെടുക്കുകയും അത്രയും സമയം തിരിച്ച് യാത്രചെയ്ത് വീട്ടിലുമെത്തിയിട്ട് മീറ്റിനെ പറ്റി ഒന്നും എഴുതാതെ കിടന്നുറങ്ങുന്നതെങ്ങനെ? മാത്രവുമല്ല നമ്മൾ കുറെ ബ്ലോഗ്ഗർമാർ മീറ്റിൽ യഥാ സമയം പങ്കെടുത്തു എന്നല്ലാതെ അതിന്റെ സംഘാടനത്തിലൊന്നും പങ്ക് വഹിച്ചതല്ല. ഏതാനും ബ്ലോഗ്ഗർമാരുടെ കുറെ ദിവസത്തെ ശാരീരികവും ബുദ്ധിപരവുമായ അദ്ധ്വാനത്തിന്റെ ഫലമാണ് ഈ ബ്ലോഗ് മീറ്റും. അതുകൊണ്ടു തന്നെ മികവുറ്റ സംഘാടനം കൊണ്ട് പങ്കെടുത്ത എല്ലാ ബ്ലോഗ്ഗർമാരെയും സന്തുഷ്ടരാക്കിയ ആ സംഘാടക സംഘത്തിന് ഒരു നന്ദി വാക്ക് പറയാൻ അല്പം ഉറക്കമൊഴിഞ്ഞാലെന്ത്? മീറ്റ് സംഘാടകർക്ക് ഒരായിരം നന്ദി; ഒപ്പം നമ്മെ പോലെ മീറ്റിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ ബ്ലോഗ്ഗർമാർക്കും നന്ദി!

ബൂലോകത്തിന്റെ വളർച്ചയിൽ ബ്ലോഗ് മീറ്റുകൾക്കുള്ള പങ്ക് ചെറുതല്ല. ബ്ലോഗിലൂടെ ഉണ്ടായ സൌഹൃദങ്ങളുടെ കണ്ണി മുറിയാതെ അത് നില നിർത്തുന്നതിനും ബ്ലോഗ് മീറ്റുകൾക്ക് വലിയ പങ്കുണ്ട്. ഔപചാരികതകൾ ഒന്നുമില്ലാത്ത മീറ്റ് അക്ഷരാർത്ഥത്തിൽ അടിപൊളിയുടെ പൂരമായി. എല്ലാവർക്കും വിശദമായി പരിചയപ്പെടാനും പരിചയം പുതുക്കാനും ആവശ്യമുള്ളത്ര സമയം ഈ മീറ്റിൽ ലഭിച്ചു. മീറ്റ് ഹാളിൽ നടന്ന ചിത്രപ്രദർശനവും അതിന്റെ മാർക്കിടലും വേറിട്ട മറ്റൊരനുഭവമായി. കാർക്കൂണിസ്റ്റ് സജ്ജീവേട്ടന്റെ പതിവു വരയ്ക്ക് ഈ മീറ്റിലും ബ്ലൊഗ്ഗർമാർ വിധേയരായി. ഈ മീറ്റിലും പുതിയ ഏതാനും ബ്ലോഗ്ഗർമാരെ കൂടി പരിചയപ്പെടാൻ കഴിഞ്ഞു.

നേരത്തെ വീ‍ട്ടിലെത്തിയവർ ഒരു പക്ഷെ ഇതിനകം മീറ്റനുഭവം അതിന്റെ ഗൌരവത്തിൽ ബൂലോകത്ത് എത്തിച്ചിട്ടുണ്ടാകണം. ഈ മീറ്റിലെ എന്റെ അനുഭവം ഏതാനും ദിവസങ്ങൾക്കുള്ളിൽ വിശദമായി ഞാൻ എഴുതുമെന്നാണ് എനിക്ക് ഇപ്പോൾ എന്നെ പറ്റി തോന്നുന്നത്. ആ തോന്നൽ യാഥാർത്ഥ്യമകാൻ എനിക്ക് ഞാൻ എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു! ഇപ്പോൾ തൽക്കാലം മീറ്റ് ദൃശ്യങ്ങൾ ഒക്കെ ഇതിനകം ഇട്ട മറ്റ് ബ്ലോഗുകളിൽ പോയി അവ ഒന്നു കണ്ടാനന്ദിക്കട്ടെ. എന്തായാലും ഈ പോസ്റ്റ് തൽക്കാലം ഇത്രയും വച്ച് അങ്ങ് പോസ്റ്റുന്നു. മീറ്റ് ചിത്രങ്ങൾക്ക് തൽക്കാലം മറ്റു ബ്ലോഗുകൾ കാണുക.

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ ഇ.എ.സജിം തട്ടത്തുമല (നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്...