എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, December 22, 2010

ബ്ലോഗ്പത്രം രണ്ടാംലക്കം പ്രകാശനവും ബ്ലോഗ് മീറ്റും

2010 ഡിസംബർ 30-നു വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ്പത്രമായ ബൂലോകം ഓൺ ലൈൻ ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കത്തിന്റെ പ്രകാശനവും ബ്ലോഗ് മീറ്റും നടക്കുന്നു. ഇതിനോടനുബന്ധിച്ച് ബൂലോകം ഓൺലൈൻ ഡോട്ട് കോമിൽ എഴുതിയ ലേഖനം പ്രസ്തുത സംരംഭത്തിന്റെ പ്രചരണാർത്ഥം ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.


ബ്ലോഗ് പത്രം രണ്ടാം ലക്കം പ്രകാശനവും ബ്ലോഗ് മീറ്റും


ഇ.എ.സജിം തട്ടത്തുമല


ദിവസവും രണ്ടായിരത്തിലധികം ഹിറ്റുകളുമായി ബൂലോകം ഓണ്‍ലെയിന്‍ ജൈത്ര യാത്ര തുടരുകയാ‍ണ്. ഉറച്ച കാല്‍വയ്പുകളോടെയും തികഞ്ഞ ലക്ഷ്യ ബോധത്തോടെയും അര്‍പ്പണമനോഭാവത്തോടെയുമാണ് അവനവന്‍ പ്രസാധന രംഗത്തെ ഈ കൂട്ടുസംരംഭം ആരംഭിച്ചത്. വെറുമൊരു എഴുത്തകം എന്നതിലുപരി ബൂലോകത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയും വികാസവും ബൂലോകം ഓണ്‍ലെയിന്‍ ലക്ഷ്യമിടുന്നു. ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവും ആക്കി തീര്‍ക്കുന്നതിനെക്കുറിച്ചും, മലയാള ഭാഷയെയും സാഹിത്യത്തെയും നില നിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും ബൂലോകത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ബൂലോകം ഓണ്‍ലെയിന്‍ മനനം ചെയ്യുന്നു. ബൂലോകത്തിനു പുറത്തു നില്‍ക്കുന്നവര്‍ക്കു കൂടി ബൂലോകത്തിന്റെ സന്ദേശം എത്തിക്കുവാനും പ്രതിജ്ഞാബദ്ധമാണ് ബൂലോകം ഓൺലൈൻ. അതിനുള്ള ഒരു നല്ല സംരംഭമാണ് ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രമായ ബൂലോകം ഓൺലൈൻ. ഇത് ബൂലോകത്തെ എഴുത്തുകളെയും എഴുത്തുകാരെയും ബൂലോകത്തിനു പുറത്തുള്ളവര്‍ക്കു കൂടി അച്ചടി മാധ്യമം വഴി പരിചയപ്പെടുത്തുന്നു. ഇതുവഴി ബ്ലോഗിംഗിനെ കുറിച്ച് മനസിലാക്കി കൂടുതല്‍ ആളുകള്‍ ബ്ലോഗ്ഗര്‍മാരായി ബൂലോകത്തേയ്ക്ക് കടന്നുവരാനും വഴിയൊരുങ്ങും. ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനവും, ബ്ലോഗ് അവാര്‍ഡ് ദാനവും, ബ്ലോഗ് മീറ്റും തിരുവനന്തപുരത്ത് 2010 ഡിസംബർ 30-ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാര്‍ത്തത്തില്‍ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. കഥകളും കവിതകളും മാത്രമല്ല, കാര്‍ട്ടൂണുകളും , സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങളും, സ്വന്തം ക്യാമറ കൊണ്ട് എടുക്കുന്ന ഫോട്ടോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസുദ്ധീകരിക്കുവാന്‍ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍ നെറ്റ് അമ്പൊടുങ്ങാത്ത ആവനാഴി പോലെ വായനയുടെ അനന്ത സാധ്യതകള്‍ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്ന് ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. പോഡ് കാസ്റ്റിംഗിനുള്ള സൌകര്യം ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രമായാല്‍ പോര. ബ്ലോഗ്മീറ്റുകളില്‍ ബ്ലോഗര്‍മാരല്ലാത്തവരെ സാധാരണ കണ്ടുവരാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗര്‍മാര്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം ഇ-സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. ഇ-ലോകം എല്ലാവരുടെയും ലോകം ആകണം. ബ്ലോഗിംഗിന്റെ വളര്‍ച്ചയ്ക്ക് ആത്മാര്‍ത്ഥമായ ചില കര്‍മ്മ പരിപാടികളുമായി ബൂലോകം ഓണ്‍ലെയിന്‍ മുന്നോട്ടു പോവുകയാണ്. ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ദൌത്യത്തിലാണ് ബൂലോകം ഓണ്‍ലെയിന്‍. ബ്ലോഗിംഗിനെ കുറിച്ച് ഇനിയും അറിയാത്തവരിലേയ്ക്ക് ഇതിന്റെ ബൂലോകത്തിന്റെ സന്ദേശം എത്തിക്കുക എന്നതു തന്നെയാണ് ഇതില്‍ പരമപ്രധാനം. അതിനുള്ള ദൌത്യങ്ങളില്‍ ഒന്നാണ് ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രം. ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം വിതരണത്തിന് തയ്യാറായിരിക്കുകയാണ്. ബ്ലോഗുകളില്‍ വരുന്ന നല്ല പോസ്റ്റുകള്‍ അച്ചടി രൂപത്തില്‍ പ്രസിദ്ധീകരിക്കുക വഴി ബൂലോകത്തിനു പുറത്തുള്ളവര്‍ക്ക് കൂടി അവ വായിക്കുവാന്‍ അവസരം ലഭിക്കുന്നു. ഇത് ബ്ലോഗെഴുത്തുകാരെ പുറം ലോകത്തിനു കൂടി പരിചയപ്പെടുത്താന്‍ സാഹചര്യം ഒരുക്കുന്നു. ഒപ്പം ബൂലോകത്ത് എന്ത് സംഭവിക്കുന്നു എന്ന് പുറം ലോകം കൂടി അറിയുന്നു. ബ്ലോഗുകള്‍ക്ക് ഇതിലൂടെ കൂടുതല്‍ പ്രചാരം ലഭിക്കും. കൂടുതല്‍ പുതുമുഖങ്ങള്‍ ഇതുവഴി ബൂലോകത്തേയ്ക്ക് കടന്നുവരാന്‍ ഇതുപകരിക്കും. അതുതന്നെയാണ് ലക്ഷ്യവും.

ബ്ലോഗിനെ ജനകീയവല്‍ക്കരിക്കാന്‍ പല കര്‍മ്മപരിപാടികളും ബൂലോകം ഓണ്‍ലെയിന്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനം, ബ്ലോഗ് അവാര്‍ഡ് ദാനം എന്നീ പരിപാടികള്‍ക്കൊപ്പം ഒരു ബ്ലോഗ്മീറ്റ് കൂടി സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സാധാരണ ബ്ലോഗ് മീറ്റുകളില്‍ നിന്നും വ്യത്യസ്ഥമായി ബ്ലോഗര്‍മാരല്ലാത്തവരെ കൂടി പങ്കെടുപ്പിച്ച് അവരിലേയ്ക്കു കൂടി ബൂലോകത്തെ പരിചയപ്പെടുത്തണമെന്ന ആഗ്രഹമാണ് ബൂലോകം ഓണ്‍ലെയിന്‍ പ്രവര്‍ത്തകര്‍ക്കുള്ളത്. ഇതിനകം ബൂലോകത്ത് എത്തിപ്പെട്ടവരുടെ മാത്രം കൂട്ടായ്മകളായിട്ടാണ് ഇപ്പോല്‍ മിക്ക ബ്ലോഗ് മീറ്റുകളും മാറുന്നത്. അത്തരം മീറ്റുകള്‍ വേണ്ട എന്നല്ല, അതും ഒക്കെ അതാതിന്റെ വഴിക്കു നടക്കട്ടെ. എന്നാല്‍ പുതിയ ബ്ലോഗര്‍മാരെ സൃഷ്ടിക്കുന്നതിനും ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവുമായ ഒരു മാധ്യമമാക്കി വളര്‍ത്തുന്നതിനും ഉള്ള ശ്രമങ്ങളും ബൂലോകത്ത് എത്തിപ്പെട്ടവര്‍ ചെയ്യേണ്ടതാണ്. ബ്ലോഗിംഗിനെ ഗൌരവബുദ്ധ്യാകൂടി സമീപിക്കേണ്ടതിന്റെ ആവശ്യകതയും ബൂലോകം ഓണ്‍ലൈന്‍ ഉള്‍ക്കൊള്ളുന്നു. ഈ വഴിയ്ക്ക് ബൂലോകം നടത്തുന്ന കര്‍മ്മ പരിപാടികള്‍ക്ക് ഏവരുടെയും സഹകരണം ബൂലോകം ഓൺലൈൻ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

Wednesday, December 8, 2010

സ്ത്രീ ശാക്തീകരണം കേരളത്തില്‍

സ്ത്രീ ശാക്തീകരണം കേരളത്തില്‍

നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും നിയമവ്യവസ്ഥകളും എല്ലാം സ്ത്രീപുരുഷസമത്വം അംഗീകരിച്ചുകൊണ്ടുള്ളതാണ്. നിയമപരമായി സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷകളും നൽകി വരുന്നുണ്ട്. ഭരണഘടനാപരമായോ നിയമപരമായോ സ്ത്രീവിവേചനം നിലനില്ലെന്നുതന്നെ പറയാം. എന്നാൽ സാമൂഹ്യമായി സ്ത്രീകൾ അനുഭവിച്ചു പോരുന്ന വിവേചനം പൂർണ്ണമായും ഇല്ലാതാക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി സ്ത്രീകൾ അഭിമുഖീകരിച്ചു പോരുന്ന പല പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃതമായ ഒരു ജീവിത ക്രമമാണ് ഇവിടെ നൂറ്റാണ്ടുകളായി നിലനിൽക്കുന്നത്. ഈ വ്യവസ്ഥിതിയിൽ സ്ത്രീ രണ്ടാം തരക്കാരിയായി തരം താഴ്ത്തപ്പെടുന്നു. ഇതിന് പല കാരണങ്ങളും ഉണ്ട്. സാമൂഹികം, മതപരം, സാമ്പത്തികം തുടങ്ങി പല കാരണങ്ങൾ ഇതിനുണ്ട് . ഇവ കണ്ടെത്തി പരിഹരിക്കുന്നതിന് ഭരണപരമായും നിയമപരവും സാമൂഹ്യമായും ഉള്ള ശ്രമങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നുമുണ്ട്. എന്നിട്ടും നമ്മുടെ രാജ്യത്തിന്റെ മൊത്തം സ്ഥിതി പരിശോധിച്ചാൽ സ്ത്രീകളുടെ പൊതുവിലുള്ള സ്ഥിതി ഇന്നും പരിതാപകരമായി തുടരുന്നു.

ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിൽ സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെ വിലയിരുത്താൻ. സ്ത്രീകളുടെ ക്ഷേമത്തിന് നാളിതുവരെ ഭരണതലത്തിലും, സാമൂഹ്യതലത്തിലും, രാഷ്ട്രീയതലത്തിലും മറ്റു വിവിധ തലങ്ങളിലും ഉള്ള പലതരം പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. കാലാകാലങ്ങളിൽ പല നിയമനിർമ്മാണങ്ങളും നടന്നിട്ടുണ്ട്. സ്ത്രീകൾക്ക് തുല്യനീതി ലഭിക്കുന്നതിനും അവരുടെ പരിരക്ഷ ഉറപ്പാക്കുന്നതിനും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളും നടന്നു പോരുന്നുണ്ട്. കേരളത്തിന്റെ പൊതു നന്മയ്ക്കുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികളിൽ പലതും സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിനുകൂടി സഹായകരമായിട്ടുണ്ട്. അതിലൊന്നാണ് സാക്ഷരതാ പ്രവർത്തനം. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ ഒരു സംസ്ഥാനമാണ്. ഇത് സ്ത്രീകളുടെ സാമൂഹ്യമായ ഉന്നമനത്തിനും സഹായകമായിട്ടുണ്ട്. സാക്ഷരതാ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥപങ്ങളുടെ മേൽനോട്ടം ഉണ്ടായിരുന്നു. അതിന്റെ തുടർ പ്രാർത്തനങ്ങളിൽ ഇപ്പോഴുമതുണ്ട്.

തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം ഫലപ്രദമായി പ്രായോഗികമാക്കിയ സംസ്ഥാനമാണ് കേരളം. മാതൃ-ശിശു പരിപാലനരംഗത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അൻപത് ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്താൻ നിയമം പാസ്സാക്കുകയും അത് 2010- ലെ ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നഗരസഭകൾ എന്നിവയിലേയ്ക്ക് നടന്ന തെരഞ്ഞേടുപ്പിൽ ആദ്യമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിൽ മൊത്തം ബാധകമാകേണ്ടുന്ന വനിതാ സംവരണ ബിൽ പാർളമെന്റിൽ തീരുമാനമാകാതെ കിടക്കുമ്പോഴാണ് കേരളം ഈ ലക്ഷ്യം സാക്ഷാൽക്കരിച്ചത്. അങ്ങനെ പല മേഖലകളിലും സ്ത്രീകളുടെ ക്ഷേമത്തിന് നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാ‍പനങ്ങളുടെ മേൽനോട്ടത്തിലുള്ള അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും രൂപീകരണത്തൊടെ കേരളം സ്ത്രീശക്തീകരണ രംഗത്ത് വൻ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഈ അയൽക്കൂട്ടങ്ങളും കുടുംബശ്രീകളും രൂപീകരിക്കുമ്പോൾ അത് സ്ത്രീസമൂഹത്തിന് ഒരുണർത്തുപാട്ടായി മാറുമെന്നോ ഇത്രയധികം വിപ്ലവകരമായ ഒരു മുന്നേറ്റം ഉണ്ടാകുമെന്നോ ഈ ആശയം കൊണ്ടുവന്നവർ പോലും ഒരുപക്ഷെ കരുതിയിരുന്നോ എന്നറിയില്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അഭാവമാണ് നമ്മുടെ സമൂഹത്തിൽ നല്ലൊരു പങ്ക് സ്ത്രീകളും അനുഭവിച്ചിരുന്ന പ്രശ്നങ്ങളുടെ മുഖ്യ കാരണം. സാമ്പത്തികമായ അരക്ഷിതാവസ്ഥയും പരാശ്രയത്വവുമാണ് ഏതൊരു വ്യക്തിയെയും അടിമയാക്കുന്ന മുഖ്യ ഘടകം . സ്ത്രീസമൂഹം അനുഭവിക്കുന്ന അടിമത്വത്തിന് പലകാരണങ്ങൾ ഉള്ളതിൽ പ്രധാനം ഈ സാമ്പതികഘടകം തന്നെ.

സ്വയം സഹായ സംഘങ്ങൾ കൂടിയായ അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും വരവ് സ്ത്രീകളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുവാനും സ്വയം വരുമാനം ആർജ്ജിച്ച് കരുത്ത് നേടുവാനുമുള്ള വാതായനങ്ങൾ അവർക്ക് മുന്നിൽ തുറന്നുകൊടുക്കുകയയിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ഇത് വലിയ ഒരു ആശ്വാസം ആയി മാറുകയായിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരും മാത്രമല്ല, അല്പസ്വല്പം സാമ്പത്തിക ഭദ്രതയൊക്കെ ഉള്ള കുടുംബങ്ങളിലെ അംഗങ്ങൾ കൂടിയും അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായി പ്രവർത്തിക്കുന്നുണ്ട് എന്നത് ഇതിന്റെ പൊതുവിലുള്ള സ്വീകാര്യതയ്ക്കും വിജയത്തിനും ഉദാഹരണമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ വിജയിച്ച ബൃഹത്തായ ഒരു കർമ്മ പരിപാടിയാണ് കുടുംബശ്രീ പ്രസ്ഥാനം എന്നതും നാം ഓർക്കണം. ഇന്ന് കുടുംബശ്രീ യൂണിറ്റുകൾ നടത്തുന്ന ചെറുതും വലുതുമായ ഉല്പാദന വിതരണ സംരംഭങ്ങൾ കേരളത്തിൽ എവിടെയും സജീവമാണ്. അതിൽനിന്നും നല്ല വരുമാനം അവർക്ക് ലഭിക്കുന്നുണ്ട്. ഇത് ഒരു ചെറിയ കാര്യമല്ല. മുമ്പ് പുരുഷന്മാരുടെ മുന്നിൽ എന്തിനും കൈ നീട്ടി നിൽക്കേണ്ടി വന്നിരുന്ന സ്ത്രീകൾ അയൽകൂട്ടങ്ങളിലൂടെ സംഘടിക്കുക വഴി ഒരു പരിധിവരെയെങ്കിലും സ്വയം പര്യാപ്തരായിരിക്കുകയാണ്. ഇന്ന് ഭർത്താക്കന്മാർ ഭാര്യമാർ വഴി അയൽക്കൂട്ടങ്ങളിൽ നിന്ന് വായ്പയെടുക്കുന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇത് സ്ത്രീകളുടെ വിജയമല്ലാതെ മറ്റെന്താണ്?

മാത്രവുമല്ല ഏതൊരു പ്രസ്ഥാനത്തിനും നില നിൽക്കാനും വളരാനും സാമ്പത്തികമായ അടിത്തറ കൂടി വേണം. കുടുംബശ്രീയും ഒരു പ്രസ്ഥാനമാണെന്നിരിക്കെ അതിന്റെ നിലനില്പിനും വളർച്ചയ്ക്കും ആവശ്യമായ സാമ്പത്തിക ഭദ്രത മിക്കവാറും എല്ലാ കുടുംബ ശ്രീ യൂണിറ്റുകളും ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാൻ. സ്വന്തം ആവശ്യങ്ങൾക്ക് മാത്രമല്ല ചുറ്റുമുള്ള സമൂഹത്തിലെ ഏതെങ്കിലും നല്ല കാര്യങ്ങൾക്ക് സാമ്പതിക സഹായം നൽകാൻ പോലും ഇന്ന് മിക്ക കുടുമ്പശ്രീകളും മുന്നോട്ടുവരുന്നുണ്ട്. ഇന്ന് കുടുംബശ്രീകൾ കേവലം സ്വയം സഹായ സംഘങ്ങൾ മാത്രമല്ല പര സഹായസംഘങ്ങൾ കൂടിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. പല ജീവ കാരുണ്യ പ്രവർത്തനങ്ങൽക്കും കുടുംബ ശ്രീ യൂണിറ്റുകൾ മുന്നോട്ടു വരുന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിൽ ഒരു സബ്ജില്ലാ സ്കൂൾ യുവജനോത്സവത്തിന് അടുത്തുള്ള കുടുംബ ശ്രീ യൂണിറ്റുകൾ എല്ലാം കൂടി പതിനായിരത്തിലധികം രൂപാ സംഭാവന ചെയ്തത് ഈ ലേഖകന് അറിയാം. മറ്റു പലയിടത്തും ഇതിലും വലിയ തുക പൊതു കാര്യങ്ങൾക്ക് വേണ്ടി സംഭവന ചെയ്യുന്നുണ്ട് എന്നറിയുമ്പോൾ കുടുംബശ്രീകളുടെ സാമ്പത്തികമായ വളർച്ചയെ ചെറുതായി കണ്ടുകൂട.നാട്ടിൽ നടക്കുന്ന പൊതുക്കാര്യങ്ങൾക്ക് സാമ്പത്തികമായി കൈത്താങ്ങു നൽകുകമാത്രമല്ല, പൊതു പരിപാടികളുടെ വിജയത്തിനായി സ്ത്രീകൾ സംഘങ്ങളായി വന്ന് സഹായിക്കുന്നത് ഇന്ന് നമ്മുടെ നാട്ടിൽ എവിടെയും കാണാം.

മുമ്പ് വീട്ടിനുള്ളിൽ മത്രം കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് പുറം ലോകത്ത് വന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് സമ്പത്തിക സുരക്ഷിതത്വം നൽകുക എന്നതിനപ്പുറം സാമൂഹ്യവും സാംസ്കാരികവുമായ രംഗത്തും സ്ത്രീശാക്തീകരണത്തിന്റെ അലയൊലികൾ ഉണ്ടായിട്ടൂണ്ട്. കുടുംബശ്രീകളുടെ വാർഷിക പൊതുയോഗങ്ങളും മറ്റു പൊതു പരിപാടികളും ഒക്കെ വിവിധ കലാ സാംസ്കാരിക പരിപാടികളുടെ കൂടി വേദികളായി മാറുന്നുണ്ട്. ഗ്രാമങ്ങളിൽ പോലും ഇന്ന് അണു കുടുംബ വ്യവസ്ഥിതിയാണെന്നിരിക്കെ സ്വന്തം സ്വാർത്ഥത്തിനപ്പുറത്തേക്ക് അവരവരുടെ ചിന്താമണ്ഡലങ്ങളെ വിപുലീകരിച്ച് സാമൂഹ്യ ബോധം ഉൾകൊള്ളുവാനും പരസ്പരം അടുത്തറിഞ്ഞ് ഊഷ്മളമായ സ്നേഹ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുവാനും സ്ത്രീകളുടെ ഒത്തു ചേരലുകൾ ഉത്തേജനമാകുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം അയൽകൂട്ടങ്ങൾ കൂടുന്നതിലൂടെ നമ്മുടെ സാമൂഹ്യ ജീവിതവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. അയൽക്കൂട്ടങ്ങൾ ചുവടു വയ്ക്കുന്ന ആദ്യ നാളുകളിൽ അവയെ പരദൂഷണകമ്മിറ്റികൾ എന്നു കളിയാക്കുകയും, പെണ്ണുങ്ങൾ പരസ്പരം അടിച്ചു പിരിയുന്നതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും പലരും പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ട് കുടുംബശ്രീ പ്രസ്ഥാനം മുന്നേറുന്നതാണ് നാം കാണുന്നത്.

ഔദ്യോഗികാംഗീകാരമുള്ള കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വിജയം കണ്ടിട്ടുതന്നെയാണ് പല രാഷ്ട്രീയ- സാമുദായിക സംഘടനകളും തങ്ങളുടേതായ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങൾ അരംഭിച്ചത്. മത്രവുമല്ല സ്ത്രീകളുടെ അയൽക്കൂട്ടങ്ങളെ മതൃകയാക്കി ഇന്ന് പുരുഷ അയൽക്കൂട്ടങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഒരു സർക്കാർ പരിപാടി എന്നതിനപ്പുറം കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാപ്രസ്ഥാനം വിജയം കണ്ടതിനുശേഷം ഏറ്റവുമധികം വിജയം വരിച്ച ഔദ്യോഗികാംഗീകാരമുള്ള ഒരു സമൂഹ്യ പ്രസ്ഥാനമാണ് കുടുംബശ്രീ പ്രസ്ഥാനം. കുടുംബശ്രീ പ്രസ്ഥാനം കേവലം സമ്പത്തിക സ്വയം പര്യാപ്തത എന്നതിനപ്പുറം മഹത്തായ ലക്ഷ്യങ്ങൾ കൈവരിച്ചു എന്നതിനാൽ ഇതിന്റെ പ്രാധാന്യത്തെ നാം കൂടുതൽ ഉയർത്തിത്തന്നെ കാണേണ്ടതുണ്ട്. ശരിക്കും സ്ത്രീ ശാക്തീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്തോ അത് അതിന്റെ പൂർണ്ണാർത്ഥത്തിൽ അല്ലെങ്കിലും നിർണ്ണായകമായ വിജയം കൈവരിച്ചു എന്ന് അഭിമാനപൂ‍ർവ്വം പറയാൻ സാധിക്കും. നിർഭയമായും സ്വാഭിമാനത്തോടും ജീവിക്കുവാൻ ഇന്ന് നമ്മുടെ സ്ത്രീ സമൂഹം കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്നു.

വിടുകളുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ധാരാളം സ്ത്രീകളെ സാമൂഹ്യ മുഖ്യ ധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരുവാൻ കുടുംബശ്രീ പ്രസ്ഥാനം സഹായിച്ചു. കുടുംബശ്രീകളിലൂടെ കരുത്താർജ്ജിച്ച പല സ്ത്രീകളും ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലക്കളിലും അവരുടെ വ്യക്തിത്വം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളായും സ്വതന്ത്ര സ്ഥാനാർത്ഥികളായും രംഗത്തു വന്നവരിൽ നല്ലൊരു പങ്കും അയൽക്കൂട്ടങ്ങളിലൂടെയും കുടുംബശ്രീകളിലൂടെയും രാഷ്ട്രീയ-പൊതു പ്രവർത്തന രംഗത്തേയ്ക്ക് വന്നവരാണ്. പഞ്ചായത്തും ഭരണവുമെല്ലാം കുടുമബശ്രീ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ കൂട്ടി കണ്ടറിഞ്ഞവരാണ് അവർ. തീർച്ചയായും അവർ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടായിരിക്കും. ഭരണ രംഗത്ത് അവർ അവരുടെ കരുത്ത് തെളിയിക്കും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. മുൻ കാലത്ത് ജനപ്രതിനിധികളായി വരുന്ന സ്ത്രീകളെ സംബന്ധിച്ച് ഭർത്താക്കന്മാരുടെ പിൻ സീറ്റു ഭരണമാണ് നടക്കുന്നതെന്ന് ഒരു ആരോപണം നില നിന്നിരുന്നു. എന്നാൽ ഇനി അത്തരം ആരോപണങ്ങൾക്ക് വലിയ പ്രസക്തിയുണ്ടാകില്ല.

തീർച്ചയായും സർക്കാർ സംവിധാനങ്ങളുടെയും സമൂഹത്തിന്റെയും ബോധപൂർവ്വവും ആത്മാർത്ഥവുമായ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായി പരിഹാരം കാണാൻ സാധിക്കും എന്നതിന്റെ തെളിവാണ് സ്ത്രീ ശാക്തീകരണ രംഗത്ത് കേരളം കൈവരിച്ച വിജയം. ഇതിൽ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിച്ച നേതൃത്വപരമായ പങ്ക് ശ്ലാഘനീയമാണ്. ഇനിയും നമ്മുടെ സ്ത്രീസമൂഹം അഭിമുഖീകരിക്കുന്ന പലവിധ പ്രശ്നങ്ങളും ഉണ്ട്. അതിൽ കുറച്ചേറെയും ഈ കുടുമബശ്രീ പ്രസ്ഥാനത്തിലൂടെ തന്നെ നേടിയെടുക്കാൻ സാധിക്കും. കുറച്ചൊക്കെ ഈ പ്രസ്ഥാനത്തിന്റെതന്നെ സമ്മർദ്ദത്തിന്റെയും പ്രേരണയുടെയും മാർഗ്ഗത്തിൽ ഭരണകൂട ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. ഇനിയും ചില സാമൂഹ്യ പ്രശ്നങ്ങൾ സ്ത്രീകളുടെ ഈ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ച കരുത്തുകൊണ്ട് പ്രതിരോധിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. തീർച്ചയായും സ്ത്രീപുരുഷ സമത്വം എന്നത് ഒരു താത്വിക പ്രശ്നം മാത്രമല്ല അത് യാഥാർത്ഥ്യമാക്കാവുന്നതും യഥാർത്ഥ്യമാക്കേണ്ടതുമായ പുരോഗമനപരമായ ജീവിതരീതിയാണ്.

Friday, November 12, 2010

കഴുകന്‍

മുമ്പ് ജോർജ് ബുഷ് ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ എഴുതിയ കവിതയാണ്. ഇന്നിപ്പോൾ ഒബാമയുടെ ഇന്ത്യാസന്ദർശനവേളയിലും ഇത് പ്രസക്തമാണെന്നു കരുതുന്നു. ബുഷ് വെളുപ്പും ഒബാമ അല്പം കറുപ്പും ആണെങ്കിലും വെളുത്തവരുടെ പ്രതീകം തന്നെ ഒബാമയും!

കവിത

കഴുകന്‍

ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു
കഴുകന്‍ പാറി നടക്കുന്നു
തിന്നു തിമിര്‍ക്കാനത്യാര്‍ത്തിയുമായ്
വട്ടം ചുറ്റി നടക്കുന്നു;

വീശുന്നൂ വല നെടുനീളത്തില്‍
വോട്ടക്കണ്ണാലുള്ളൊരു നോട്ടം!
നേരും നെറിയും കഴുകനു വേറെ
മാനം പോകും വലയില്‍ പെട്ടാല്‍

കണ്ണും കവിളും കാട്ടി മയക്കി
കരളു കവര്‍ന്നേല്‍ സൂക്ഷിച്ചോ
ഒരുനാളവനേ താണു പറന്നാ
കരളും കൊത്തി കൊണ്ടു പറക്കും

തേനും പാലുമൊഴുക്കാമാങ്ങനെ
വാഗ്ദാനങ്ങള്‍ പലതാണേ
മോഹിപ്പിക്കാന്‍ ആളൊരു വിരുതന്‍
മോഹിച്ചാലോ ഗതികേടാകും

അമൃതും കൊണ്ടു വരുന്നവനല്ലവന്‍
‍അമരത്താകാന്‍ യത്നിപ്പോന്‍
‍അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്‍

ഒക്കെയുമവനാണെന്നൊരു ഭാവം
കയ്യൂക്കിന്‍റെയങ്കാരം !
ഉപരോധങ്ങള്‍ കൊണ്ടു വിരട്ടും
ആയുധവും പലതവനുടെ കയ്യില്‍

യജമാനന്‍താനെന്നു നടിപ്പോന്‍
ആജ്ഞാപിക്കാന്‍ ശീലിച്ചോന്‍
‍അടിമമനസ്സുകള്‍ പാകമൊരുക്കി
അടിച്ചമർത്താനറിയുന്നോൻ

‍വെള്ളത്തൊലിയും ചെമ്പന്‍ മുടിയും
കണ്ടു കൊതിച്ചു മയങ്ങരുതേ
അജ്ഞത കൊണ്ടപമൃത്യു വരിക്കും
ആരാധിക്കാന്‍ പോകരുതേ

വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!

ചോര മണത്തു മണത്തു നടക്കും
ചാരന്‍മാരുണ്ടവനു പരക്കെ
ചേരി പിടിച്ചിട്ടവനെച്ചാരി
ചോരന്‍മാരൊരു നിരയുണ്ടേ

ചോര കുടിച്ചു ശവങ്ങളൊരുക്കി
തിന്നു കൊഴുക്കനത്യാര്‍ത്തി ;
വങ്കന്‍ വയറിന്‍ ഇരവിളി കേട്ടോ
അണ്ടകടാഹം പാടെ വിഴുങ്ങും !

ഒത്തൊരുമിച്ചോരൊറ്റ മനസ്സാല്‍
ജാഗ്രതയോടെയിരുന്നില്ലെങ്കില്‍
നമ്മുടെ കഥ കഴിയുന്ന ചരിത്രം
നാമറിയാതിവിടങ്ങു നടക്കും.

അയ്യപ്പന്‍


കവി .അയ്യപ്പനെക്കുറിച്ച്


കവി . അയ്യപ്പന്റെ ശവസംസ്കാരം നടക്കുന്ന ദിവസമാണ് കുറിപ്പ് എഴുതുന്നത്. സംസ്കാരചടങ്ങുകൾ നീണ്ടു പോയത് വിവാദമായിക്കിടക്കുന്നുമുണ്ട്. അയ്യപ്പന്റെ ജീവിതം താളം തെറ്റിയതായിരുന്നെങ്കിലും മരണപ്പെട്ട അദ്ദേഹത്തിന് സാംസ്കാരിക കേരളം താളം തെറ്റാത്ത ഒരു അന്ത്യ യാത്ര നൽകേണ്ടതുതന്നെ. മരിച്ചുകിടക്കുന്ന കവിയ്ക്ക് താളം പിഴക്കില്ലല്ലോ. പക്ഷെ സാംസ്കാരിക കേരളത്തിന് അല്പം താളം പിഴച്ചോ എന്ന് പലർക്കും സംശയം തോന്നിയതിൽ കുറ്റം പറയുന്നില്ല. എന്തായാലും സാംസ്കാരിക വകുപ്പ് മന്ത്രി എം.. ബേബിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ ഈയുള്ളവൻ അവർകൾ ഇല്ല. കാരണം ബേബി കവിതയെയും സാഹിത്യത്തെയും സംഗീതത്തെയുമൊക്കെ സ്നേഹിക്കുന്ന ആളാണ്. ബോധപൂർവ്വം അയ്യപ്പനെയെന്നല്ല ഒരാളെയും അപമാനിക്കുവാൻ എം.. ബേബി ശ്രമിക്കില്ല.അതവിടെ നിൽക്കട്ടെ; മനപ്പൂർവ്വം അല്ലാതെ സംസ്കാരം അല്പം വൈകിയാലും കവിയോടുള്ള ആദരവിൽ കുറവുവരാതിരുന്നാൽ മതി.

കവിതയിലും ജീവിതത്തിലും താളവും താളമില്ലായ്മയുമായി നടന്ന അയ്യപ്പൻ സ്വയം അയ്യപ്പനെ നിഷേധിച്ചു നടന്നെങ്കിലും അയ്യപ്പൻ എന്ന കവിയെ സാംസ്കാരിക കേരളത്തിന് നിഷേധിക്കുവാനാകില്ല. അയ്യപ്പൻ എന്ന കവി ഒരു മഹാസംഭവമായി നമുക്കിടയിൽ ജീവിച്ചു മരിച്ചു. സമൂഹത്തിലെ അനീതികളോടും ജീർണ്ണതകളോടും സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം പരിഹാസം ചൊരിഞ്ഞു. കവിത വിൽക്കുന്ന യാചകൻ ഇനി ആരുടെയും മുന്നിൽ അനുവാദമില്ലതെ ചെന്ന് കവിത ചൊല്ലില്ല. തെരുവോരത്ത് നിന്ന് ആരോടെന്നില്ലാതെ കലഹിക്കില്ല. അലഞ്ഞുതിരിഞ്ഞു നടന്ന് ഒടുവിൽ അപരിചിതന്റെ ആട്ടോയും വിളിച്ച് ബഹുദൂരം താണ്ടി പരിചിതരുടെ മുന്നിൽ ചെന്നിറങ്ങി ആട്ടോക്കൂലിയും കൊടുപ്പിച്ച് തനിക്ക് അന്നത്തെ അന്നവും കിടപ്പും തരപ്പെടുത്താൻ ഇനി കൂട്ടുകാരുടെ ശല്യക്കാരൻ ഉണ്ടാകില്ല. പത്രമാഫീസുകളിൽ അക്ഷരം കോറിയ കടലാസു തുണ്ടുമായി ചെന്ന് വില പറയാൻ ഇനി അയ്യപ്പനില്ല. വഴിനീളെ പിറുപിറുത്ത് കവിതചൊല്ലി കാഴ്ചക്കാരന് കൌതുകമായി നടന്നു നീങ്ങുന്ന അയ്യപ്പൻ ഇനി ഓർമ്മകളിൽ മാത്രം. കലാലയങ്ങളിലെ സാഹിത്യകുതുകികൾക്കിടയിൽ ചെന്ന് കൂട്ടുകൂടി കതിതചൊല്ലി പണം പിരിക്കാനും ചിലപ്പോൾ വെറും കയ്യോടെ മടങ്ങാനും ഇനി തെരുവോരകവി ഇല്ല. വീടും കുടുംബവും അനാവശ്യ വസ്തുക്കളായിക്കണ്ട്, ഇരിക്കാൻ തോന്നുന്നിടം ഇരിപ്പിടമായും, കിടക്കാൻ തോന്നുന്നിടം കിടപ്പാടമായും കണ്ട് നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്ത യാചകനെ പോലെ അയ്യപ്പൻ നമുക്കിടയിൽ നിർഭയനായി ജീവിച്ചു. ഒന്നും നഷ്ടപ്പെടുവാനില്ലാത്തവർക്ക് ഭയം വേണ്ടല്ലോ! ഒടുവിൽ തനിക്ക് പ്രിയപ്പെട്ട തെരുവോരത്തൊരിടത്ത്തന്നെ അദ്ദേഹം ഇനിയുണരാത്ത ഉറക്കവും ഉറങ്ങി.

അയ്യപ്പന്റെ നഷ്ടം അയ്യപ്പനു നിസാരമായിരിക്കാം. പക്ഷെ മലയള സാഹിത്യത്തിനും സാംസ്കാരിക കേരളത്തിനും അയ്യപ്പന്റെ വേർപാട് തീരാദു:ഖമാണ്. അയ്യപ്പനെ കാണുമ്പോൾ ഒഴിഞ്ഞു മാറിപോകുന്നവരും ഒളിഞ്ഞുനിന്ന് അയ്യപ്പന്റെ ചലനങ്ങളെ നോക്കിക്കാണുമായിരുന്നു. അതെ, അയ്യപ്പൻ ഒരു കവി എന്നതിലുപരി ഒരു കൌതുക മനുഷ്യനും ആയിരുന്നു. അയ്യപ്പനിലെ വിപ്ലവകാരി തന്റേതുമാത്രമായ വൈചിത്ര്യങ്ങളെ സമരായുധങ്ങളാക്കിക്കൊണ്ടാണ് വ്യവസ്ഥിതിയോടുള്ള പരിഹാസവും പ്രതിഷേധവും ചൊരിഞ്ഞത്;പൊരുതിയത്. ജീവിതവും കവിതയും അയ്യപ്പന് തന്റേതായ പോരാട്ടമായിരുന്നു. ഇവിടെ ഏക്കറുകളും ഹെക്ടറുകളും വെട്ടിപ്പിടിക്കാൻ വെമ്പുന്ന സമൂഹത്തിനു മുന്നിൽ അളന്നു തിട്ടപ്പെടുത്താനാകാത്തത്ര വിശാലമായ ഭൂമിയിൽ അയ്യപ്പൻ വിരാജിച്ചു. താൻ ചെല്ലുന്നുടമെല്ലാം തനിക്കുള്ളതായിരുന്നു അയ്യപ്പന്. താൻ കണ്ടുമുട്ടുന്നവരെല്ലാം ചിര പരിചിതരെ പോലെയായിരുന്ന അയ്യപ്പൻ ആർക്കും അന്യനായിരുന്നില്ല.

തിരുവനന്തപുരം നഗരത്തിൽ കറങ്ങി നടക്കുന്ന ഏതൊരാളും നഗരത്തിന്റെ ഏതെങ്കിലും ഭാഗത്തുവച്ച് അയ്യപ്പനെ കണ്ടുമുട്ടുക പതിവാണ്. തിരുവനന്തപുരത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കവി അയ്യപ്പൻ. എവിടെയെങ്കിലും നാലാൾ കൂടുന്നിടത്ത് പ്രത്യേകിച്ചും സാംസ്കാരിക പരിപാടികളിൽ വലിഞ്ഞുകയറിചെല്ലുവാനുള്ള തന്റെ അവകാശം അയ്യപ്പൻ അരക്കിട്ടുറപ്പിച്ചിരുന്നു. അയ്യപ്പനോടൊത്തുള്ള നിമിഷങ്ങൾ ആസ്വദിക്കുവാൻ അവിടങ്ങളിലൊക്കെ പുതിയപുതിയ കൂട്ടുകാരും! ഇനി അയ്യപ്പനില്ലാത്ത അനന്തപുരിയുമായും നാം പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. നഗരത്തിൽ പലപല കാഴ്ചകളുണ്ട്. അയ്യപ്പനും ഒരു നഗരക്കാഴ്ചയായിരുന്നു. കവിതയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരുടെയും മനസിൽ വിപ്ലവത്തിന്റെ തിരയിളകുന്നവരുടേയും നഗരക്കാഴ്ച. അങ്ങനെയുള്ളവർ എല്ലാം അയ്യപ്പന്റെ ശല്യങ്ങളെ സ്നേഹംകൊണ്ട് സഹിച്ചു. അയ്യപ്പനെ പ്രസാദിപ്പിക്കാൻ വേണ്ടതൊക്കെ കൊടുത്തു. അയ്യപ്പന് പ്രായമായി തലനരച്ചിട്ടും, തലമുറകൾ മാറിമാറി വന്നിട്ടും, ഓരോകാലത്തെയും ഇളം തലമുറയുടെ കൂട്ടുകാരനായിനടന്ന അയ്യപ്പൻ അങ്ങനെ നിത്യയൌവ്വനവുമായി കഴിഞ്ഞുകൂടി.

ഒരു സംഭവം ഇത്തരുണത്തിൽ ഈയുള്ളവനവർകൾ ഓർത്തെഴുതുന്നു. ഒരിക്കൽ ഞങ്ങൾ ഡി.സി ബുക്സിൽ നാട്ടിലെ വായനശാലയ്ക്ക് പുസ്തകമെടുക്കാൻ ചെല്ലുമ്പോൾ അയ്യപ്പൻ അവിടെ ഉണ്ടായിരുന്നു. അവിടെ അപ്പോൾ മാനേജർ ഇല്ല. സെയിത്സിനു നിൽക്കുന്ന പയ്യൻ മാരുമായി ചങ്ങാത്തം കൂടി ഒരു സ്മാളിനുള്ള കാശൊപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു അയ്യപ്പൻ. ഇടയ്ക്ക് ഞങ്ങളോടും കുശലം പറയുന്നുണ്ട്. രവി തന്നെ കുഴയ്ക്കുന്നതായി അയ്യപ്പൻ പരാതിപ്പെട്ടു. രവിയെന്നാൽ രവി ഡി.സി. ഞങ്ങൾ കാര്യം ചോദിച്ചു. അപ്പോൾ അയ്യപ്പൻ പറഞ്ഞത് ആയിരം രൂപയൊക്കെ തനിക്കെടുത്ത് തന്നാൽ താൻ കുഴയത്തില്ലയോ എന്നാണ്. അത്രയും വലിയ തുകയൊന്നും താങ്ങാനുള്ള ശക്തി തനിക്കില്ലെന്നാണ് അയ്യപ്പൻ ഉദ്ദേശിച്ചത്. കാരണം ആയിരം രൂപയ്ക്കൊക്കെ കുടിയ്ക്കുകയെന്നുവച്ചാൽ..! കൂടെക്കൂടെ അദ്ദേഹം ആയിരം രൂപാ തന്ന് കുഴയ്ക്കുന്നുണ്ടത്രേ! എന്നിട്ട് വീണ്ടും പറയുകയാണ്; അല്ല തന്നാലെന്താ? തന്റെ കവിതയൊക്കെ പ്രസിദ്ധീകരിക്കുന്നതല്ലേ? എന്താ രവിക്കു തന്നാൽ? വീണ്ടും സെയിത്സ് ബോയികൾക്കടുത്ത് ചെന്ന് വഴക്കിടുന്നു. ഇടയ്ക്ക് ഈയുള്ളവനവർകളുടെ കൂടെ വന്ന സുഹൃത്തിന്റെ നോട്ടം കണ്ടിട്ട് താങ്കളെന്താ ഇല്ല പോലീസുകാർ നോക്കുന്നതുപോലെ നോക്കുന്നത് എന്നൊരു ചോദ്യം! കാഴ്ചയിൽ ഏതാണ്ട് പോലീസുകാരന്റെ ഗാംഭീര്യമുള്ള സുഹൃത്ത് താൻ പോലീസുതന്നെന്നും അതുകൊണ്ടാണ് പോലീസുകാരനെ പോലെ നോക്കുന്നതെന്നും വെറുതേ പറഞ്ഞു! തനിക്കതു കണ്ടപ്പോഴേ മനസിലായെന്ന് അയ്യപ്പനും!

കടയ്ക്കു പുറത്ത് റോഡിൽ യഥാർത്ഥ പോലീസുകാർ പലരും പലഭാഗത്തായി നില്പുണ്ടായിരുന്നു. കടയ്ക്കുമുന്നിൽതന്നെ റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരനെ ചീത്തപറഞ്ഞുകൊണ്ട് അയാൾക്കരികിലേയ്ക്ക് നീങ്ങുന്ന അയ്യപ്പനെയാണ് പിന്നെ കാണുന്നത്. ഞങ്ങൾ കരുതി പോലീസുകാരുമായി ഇപ്പോൾ പ്രശ്നമാകുമെന്ന്. പുറകെ ചെന്നു ഞങ്ങൾ നോക്കുമ്പോൾ , ഇവിടെ നിങ്ങൾ പോലീസുകാർ വന്നു നിൽക്കാൻ മാത്രം വിഷയമെന്തെന്നു മാന്യമായി ചോദിച്ചു നിൽക്കുകയാണ് അയ്യപ്പൻ. പിന്നെ പെരുമ്പാവൂർ പോകാനുള്ള ബസ്ഫെയറും അറിയണം. അത് പോലീസുകാരൻ പറഞ്ഞുകൊടുക്കാൻ ബാധ്യസ്ഥനാണത്രേ! പരസ്പരബന്ധമില്ലാത്ത രണ്ടു കാര്യങ്ങളുമായാണ് അയ്യപ്പൻ പോലീസുകാരനെ സമീപിച്ചിരിക്കുന്നത്. ആളെ മനസിലാക്കിയ പോലീസുകാരൻ ഞങ്ങളെ നോക്കി കണ്ണീറുക്കിയിട്ട് അയ്യപ്പന്റെ സംശയങ്ങൾക്ക് മറുപടികൾ നൽകുന്നുണ്ടായിരുന്നു. പിന്നെ പോലീസിനെ വിട്ട് ഞങ്ങളുടെ അരികിൽ തിരിച്ചു വന്നിട്ട് ഒരിക്കൽ പറഞ്ഞു സുഗത കുമാരിയുടെ വീട്ടിൽ പോകുന്നുവെന്ന്. ചോദിച്ചിട്ടൊന്നുമല്ല, ചുമ്മാ പറയുകയാണ്.

അല്പം കഴിഞ്ഞ് കറങ്ങി തിരിഞ്ഞ് വന്നിട്ട് പറഞ്ഞു ഹിന്ദുവിൽ (ദിനപത്രം) പോകുന്നുവെന്ന്. അവിടെ പോയാൽ പൈസ കിട്ടുമത്രേ. പിന്നെ പെരുമ്പാവൂരും പോകണം.അതിടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. അവിടെ എന്തോ കാര്യമുണ്ടെന്ന് മനസിലായി. ബുക്സ് ക്സ് സ്റ്റാളിൽ വരുന്നവരോടും പോകുന്നവരോടുമൊക്കെ പെരുമ്പാവൂരിലേയ്ക്കുള്ള ബസ്ഫെയർ തിരക്കുകയാണ് അയ്യപ്പൻ. ആരും വ്യക്തമായ ഉത്തരം നല്കുന്നില്ലെന്ന പരാതിയുമായി കുറച്ചു നേരം അവിടെ കറങ്ങിനിന്നിട്ട് പുറത്തുനിന്ന പോലീസുകാരനോട് ചെന്നു പറഞ്ഞു ഒരു ആട്ടോ വിളിച്ചു കൊടുക്കാൻ. സ്വന്തമായി വിളിച്ചു പോയാൽ മതിയെന്നായി പോലീസുകാരൻ. ഉടനെ നമ്മുടെ അടുത്ത് വന്നു പറഞ്ഞു പോലീസുകാരന്റെ സർവീസ് ശരിയല്ല, റാസ്കൽ എന്ന്! പിന്നെ വീണ്ടും ചെന്ന് അതേ പോലീസുകാരനോട് സ്നേഹ സല്ലാപം നടത്തിയിട്ട് ഒരു ആട്ടോയിൽ കയറി എങ്ങോട്ടെന്നില്ലാതെ യാത്രയായി. എന്തായാലും ആട്ടോയുടെ കൂലി കൊടുക്കാൻ വിധിക്കപ്പെട്ട് നഗരത്തിൽ എവിടെയോ ഇരിക്കുന്ന അയ്യപ്പന്റെ ഏതോ ഒരു സുഹൃത്തിനെക്കുറിച്ചായി പിന്നെ നമ്മുടെ പറച്ചിലും ചിരിയും. ഒരു പക്ഷെ അത് നഗരത്തിനു പുറത്തുമാകാം! പാവം സുഹൃത്ത്! എത്ര ദൂരത്തെ ആട്ടോക്കൂലി ഹതഭാഗ്യൻ കൊടുക്കേണ്ടിവരുമോ എന്തോ!

അങ്ങനെ അയ്യപ്പൻ കഥകൾ പറഞ്ഞാൽ ഒരുപാടുണ്ട്. നഗരത്തിലെ പല സമ്മേളനങ്ങളിലും കയറി വേദി പിടിച്ചെടുക്കുന്ന അയ്യപ്പനെ പിടിച്ചിറക്കാൻ പെടുന്ന പാട് പലരും അനുഭവിച്ചിട്ടുണ്ട്. ചില വേദികളിൽ അയ്യപ്പനെ ക്ഷണിച്ചിരുത്തുകയും സംസാരിപ്പിക്കുകയും ചെയ്യും. പിന്നെ എത്രയൊക്കെ ശല്യമാണെങ്കിലും അയ്യപ്പനെ സ്നേഹിക്കാതിരിക്കാൻ ആർക്കുമാകില്ല. സ്നേഹത്തിന്റെ ഒരു അഭൌമസ്പർശം അയ്യപ്പനിൽ എപ്പോഴുമുണ്ടായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. അയ്യപ്പനാകട്ടെ ആരോടും സ്നേഹം യാചിച്ചു ചെല്ലുകയല്ല പതിവ്; ഒരു പിടികടുത്തസ്നേഹവുമായി കടന്നുചെന്ന് പിടിമുറുക്കുകയാണ് പതിവ്. ഒഴിവാക്കി വിടുന്നവരെയും ഒഴിഞ്ഞുതിരിഞ്ഞ് രക്ഷപ്പെടുന്നവരെയും തെല്ലും പരിഭവമില്ലാതെ അയ്യപ്പൻ വീണ്ടും വീണ്ടും തിരക്കി ചെല്ലുമായിരുന്നു. അല്ലെങ്കിൽതന്നെ പരിഭവിച്ച് സമയം കളയാൻ അയ്യപ്പനു സമയമെവിടെ? അവർക്ക് സമയമുള്ളപ്പോൾ അയ്യപ്പനെ കിട്ടില്ല. അയ്യപ്പനു സമയമുള്ളപ്പോൾ അവരെ ചെന്നു കാണുകയേ നിവൃത്തിയുള്ളൂ!

അയ്യപ്പൻ എന്ന വ്യക്തിയും അയ്യപ്പൻ എന്ന കവിയും എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നുവെന്നത് പലപ്പോഴും ഈയുള്ളനവർകളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ താളം തെറ്റി നടക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്ര നല്ല കവിതകൾ എഴുതാൻ കഴിയുന്നത് എന്നത് അദ്ഭുതകരം തന്നെ! കരുതലില്ലാത്ത ശരീരവും മനസുമായി നടക്കുന്ന കവി വെറും കവിയല്ല; ഒരു വിസ്മയകവിതന്നെ! അയ്യപ്പൻ എന്ന ദുർബല ശരീരവും താളം തെറ്റിയ അയ്യപ്പമനസിൽ നിന്ന് ഉയിരെടുത്ത കവിതകളും എക്കാലത്തും സാഹിത്യ ലോകത്ത് ചർച്ചചെയ്യപ്പെട്ട് നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും!

കവി . അയ്യപ്പന് ആദരാഞ്ജലികൾ!

Wednesday, September 15, 2010

ഹ്രസ്വചിത്രം : വിശാഖ് ലീലാ ഗോപിനാഥ്

ഇപ്പോൾ ലണ്ടനിൽ ഫിലിം മെയ്ക്കർ വിദ്യാർത്ഥിയും തട്ടത്തുമല സ്വദേശിയും എന്റെ പൂർവ്വവിദ്യാർത്ഥിയും സഹപ്രവർത്തകനും ആയിരുന്ന വീശാഖ് ലീലാ ഗോപിനാഥ് നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച ഒരു ഹ്രസ്വചിത്രം ബൂലോകത്തിന്റെ പരിഗണനയ്ക്കായി ഞാൻ സാഭിമാനം സമർപ്പിക്കുന്നു.

Vishak explained me about his movie as follows


The beard synopsis

A room full of pictures of different beards, John (the main character) is trying to draw different types of beard which suits his face. He tried many designs but he still couldn’t find the right one for him. But finally he designs a beard which he feels good. He shaves his beard in the design he draw. But when he finishes designing his beard he finds himself in a busy street. He feels something strange there. He touches his beard and thinks something is wrong with his new design. He looks back several times while he walks through the street. He feels an eye is following him, and he thinks it’s because of his beard.

He starts walking faster. But one point he starts running to escape from the eye. But the eye never stops follows him. Explaining the story in an unusual style ‘The beard’ paves light into the stereo type thinking of society. The beard stand here as an image which represents the Identity of an individual. Relating reality and fiction, the movie gives a picture of how society makes its own metaphors and sense. When the film begins a police officer is after a boy who has a strange beard.

The police officer thinks the boys beard is strange and it conveys a wrong message to people. And she explains why she chased the boy. Rest of the story is explained as a flash back. Even though the story has realistic images, it stands on a set of imagination like a boy mad about beard and his room is full of beard images and paper cuttings about beard. The Police officer can be real but the boy and his madness about beard crated from the thoughts of society and it represents a broad image. The movie tries to develop variety of thoughts from a simple image.


അതെ, വിശാഖ് ലീലാ ഗോപിനാഥ്!
നമ്മട ചെക്കനാ; ഭാവിയിലെ പുലി!

Sunday, August 15, 2010

സ്വാതന്ത്ര്യത്തിന്റെ അർത്ഥാന്തരങ്ങൾ


സ്വാതന്ത്ര്യദിനാശംസകളോടെ

സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്രം മാനികൾക്ക്
മൃതിയെക്കാൾ ഭയാനകം


സ്വാതന്ത്ര്യത്തിന്റെ അർത്ഥാന്തരങ്ങൾ


മുൻ കുറിപ്പ്: ആഗസ്റ്റ് 15-ന് ബ്രിട്ടീഷ്കാരിൽ നിന്നും ഇന്ത്യക്കാർക്ക് ഭ്രണസ്വാതന്ത്ര്യം കിട്ടി. സ്വാതന്ത്ര്യത്തിന്റെ നേട്ടങ്ങൾ ഇനിയും എല്ലാവർക്കും ഒരേതരത്തിൽ അനുഭവഭേദ്യമാ‍കുന്നുണ്ടോ തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ചും ഗൌരവമേറിയ ചർച്ചകൾ തുടരേണ്ടതുതന്നെ. കിട്ടിയ സ്വാതന്ത്ര്യം ആരൊക്കെ ഏതേതളവിൽ അനുഭവിക്കുന്നു എന്നത് മാറ്റിനിർത്തിയാണ് കുറിപ്പ് എഴുതുന്നത്. ഇവിടെ സാങ്കേതികമായി ഇന്ത്യയ്ക്ക് ലഭിച്ച സ്വയം ഭരണസ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യം എന്ന അവസ്ഥ, വാക്കിന്റെ അർത്ഥാന്തരങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ചില ആശയങ്ങൾ പങ്ക് വയ്ക്കുകയാണ്.

എന്താണു സ്വാതന്ത്ര്യം?

സ്വാതന്ത്ര്യം എന്നർത്ഥമുള്ള ' liber ' (ലിബെർ) എന്ന ലത്തീൻ പദത്തിൽനിന്നാണ് liberty (ലിബെട്ടി) അഥവാ സ്വാതന്ത്ര്യം എന്ന വാക്ക് രൂപം കൊണ്ടിരിയ്ക്കുന്നത്. സ്വാതന്ത്ര്യം എന്നത് പല തരത്തിൽ നിർവ്വചിയ്ക്കപ്പെടുന്നുണ്ട്. പല രാഷ്ട്രീയ ചിന്തകന്മാരും പല പലവിധത്തിൽ ആണു സ്വാതന്ത്യത്തെ നിർവ്വചിച്ചിട്ടുള്ളത്. അവയുടെയെല്ലാം സാരാംശങ്ങൾ ഉൾക്കൊണ്ടുകൊണ്ടു വേണം എന്താണു സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് ഒരു സാമാന്യ ധാരണയിൽ നമൂക്ക് എത്തിച്ചേരാൻ. അതുപോലെ സ്വാതന്ത്ര്യത്തെ രാഷ്ട്രമീമാംസകർ പലരൂപത്തിൽ തരംതിരിയ്ക്കാറും ഉണ്ട്. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഇവിടെ ഉദ്ദേശിയ്ക്കുന്നില്ല. എന്തായാലും സ്വാതന്ത്ര്യം എന്നത് അർത്ഥാന്തരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദമാണ്.

ചില നിർവ്വചനങ്ങൾ

'ഗവർണ്മെന്റിന്റെ അവിഹിതാധികാരത്തിന് എതിയായത് എന്തോ അതാണു സ്വാതന്ത്ര്യം' എന്ന് സീലി എന്ന രാഷ്ട്രീയ ചിന്തകൻ നിർവ്വചിച്ചു. സ്വാതന്ത്ര്യം ആധുനിക രാഷ്ട്രത്തിൽ' എന്ന ഗ്രന്ഥത്തിൽ ലാസ്കി എന്ന രാഷ്ട്രീയ ചിന്തകൻ പറയുന്നത് ആധുനിക നാഗരികതയിൽ വ്യക്തികൾക്ക് സൌഭാഗ്യം ഉറപ്പുനൽകുന്ന അവശ്യ സാമൂഹ്യാവസ്ഥകളുടെ മേൽ നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത അവസ്ഥയാണു സ്വാതന്ത്ര്യം' എന്നാണ്. ഗ്രാമർ ഒഫ് പൊളിറ്റിക്സ്എന്ന തന്റെ ഗ്രന്ധത്തിൽ ലാസ്കി തന്നെ പറയുന്നത് സ്വാതന്ത്ര്യം എന്നാൽമനുഷ്യർക്ക് അവരുടെ വ്യക്തിത്വം നന്നായി പരിപാലിയ്ക്കാനുപകരിയ്ക്കുന്ന അന്തരീക്ഷം സംരക്ഷിയ്ക്കപ്പെടുന്ന അവസ്ഥഎന്നാണ്. എന്നാ‍ൽ മക്ക്നി എന്ന മറ്റൊരു രാഷ്ട്രീയ ചിന്തകൻ സ്വാതന്ത്ര്യത്തെ നിർവ്വചിച്ചിരിയ്ക്കുന്നത്നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത അവസ്ഥ എന്നതിനെക്കാൾ വിവേക രഹിതം ആയവയ്ക്കു പകരം വിവേകപൂർവ്വകമായ നിയന്ത്രണങ്ങൾ ഉണ്ടാകുന്ന അവസ്ഥഎന്നാണ്.

മേൽചൊന്ന നിർവ്വചനങ്ങളിൽനിന്ന് സ്വാതന്ത്ര്യം എന്നതിനു രണ്ടു വശങ്ങൾ ഉണ്ടെന്നു കാണാം. ഒന്നു സ്വാതന്ത്ര്യത്തിന്റെ നിഷേധാത്മകമായ വശം (Negative Aspect)) . മറ്റൊന്ന് സ്വാതന്ത്ര്യത്തിന്റെ ക്രിയാത്മകമായ വശം (Positive Aspect) മേല്പറഞ്ഞതിൽ ആദ്യത്തെ രണ്ടെണ്ണം സ്വാതന്ത്ര്യത്തിന്റെ നിഷേധാത്മക വശത്തിനാണ്, നിയന്ത്രണങ്ങളില്ലാത്ത അവസ്ഥയ്ക്കാണു പ്രാധാന്യം നൽകുന്നത്. പിന്നത്തെ രണ്ടു നിർവ്വചനങ്ങൾ അതിന്റെ ക്രിയാത്മക വശങ്ങൾ ലഭ്യമാകുന്ന അവസ്ഥയ്ക്ക് പ്രാധാന്യം നൽകുന്നു.

സ്റ്റേറ്റിന്റെ അവിഹിതമായ ഇടപെടലുകളിൽനിന്നും രക്ഷപ്പെടാൻ നമുക്കു സ്വാതന്ത്ര്യം കൂടിയേ തീരൂ എന്നു നിഷേധാത്മക വശം വിവക്ഷിയ്ക്കുന്നു. അന്യർ തടസ്സം ചെയ്യാതെ തനിയ്ക്കിഷ്ടമുള്ളതെന്തും ചെയ്യാൻ സൌകര്യമുള്ള ഒരു മേഖല ലഭ്യമാക്കുക എന്നതാണ് ഇതിനർത്ഥം. എന്നാൽ ക്രിയാത്മകമായ വശം മനുഷ്യന്റെ പ്രവൃത്തികൾക്ക് അന്യായമായ നിയന്ത്രണങ്ങളും നിരോധനങ്ങളും വഴി തടസം സൃഷ്ടിയ്ക്കാത്ത അവസ്ഥയല്ല സ്വാതന്ത്ര്യം എന്നും, സ്വാതന്ത്ര്യം പരിരക്ഷിയ്ക്കുവാൻ നിയമം ആവശ്യമാണെന്നും ആണ് പറയുന്നത്.

സ്വാതന്ത്ര്യത്തിന്റെ ഭിന്ന രൂപങ്ങൾ

സ്വാതന്ത്ര്യത്തെ പ്രധാനമായും അഞ്ച് ഇനമായി തിരിയ്ക്കാറുണ്ട്. സ്വാഭാവിക സ്വാതന്ത്ര്യം, പൌരസ്വാതന്ത്ര്യം, രാഷ്ട്രീയസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, ദേശീയ സ്വാതന്ത്ര്യം. ഇവിടെ നമുക്കു ചർച്ച ചെയ്യാനുള്ളതു ദേശീയ സ്വാതന്ത്ര്യം ആണെങ്കിലും മറ്റുള്ളവയെക്കുറിച്ച് സാമാന്യേന മനസ്സിലാക്കിയിട്ട് നമ്മുടെ വിഷയത്തിലേയ്ക്കു കടക്കാം.

സ്വാഭാവിക സ്വാതന്ത്ര്യം (Natural Liberty)

ഒരു മനുഷ്യനു തന്നിഷ്ടപ്രകാരം ജീവിയ്ക്കുവാനുള്ള സർവ്വതന്ത്ര സ്വാതന്ത്ര്യമാണ് സ്വാഭാവിക സ്വാതന്ത്ര്യം. അതായത് ഒരുവന് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം. അത്തരം സ്വാതന്ത്ര്യം കൂട്ടക്കുഴപ്പങ്ങളിലേയ്ക്കായിരിയ്ക്കും നയിക്കുക. അക്രമങ്ങൾക്ക് അത് കാരണമാകും എന്നതിൽ സംശയമില്ല. ഒപ്പം കയ്യൂക്കുള്ളവൻ കാര്യക്കാരനും ആകും. അനിയന്ത്രിതമായ സ്വാതന്ത്ര്യം എല്ലാവർക്കും ആസ്വദിയ്ക്കാനാകില്ല. ഒരുവന്റെ സ്വാഭാവിക സ്വാതന്ത്ര്യം മറ്റൊരുവന്റെ സ്വാഭാവിക സ്വാതന്ത്ര്യവുമായി ഏറ്റുമുട്ടും. സ്വാതന്ത്ര്യം യഥാർത്ഥ സ്വാതന്ത്ര്യം ആവുകയില്ല. എന്തും ചെയ്യാനുള്ള ലൈസൻസായി മാറും ഇത്തരം അനിയന്ത്രിത സ്വാതന്ത്ര്യം. സമൂഹമോ രാഷ്ട്രമോ ഇല്ലാതിരുന്ന കാലത്ത് ഇത്തരം സ്വാതന്ത്ര്യം നില നിന്നിരിയ്ക്കാം. പക്ഷെ ആ‍ാധുനിക സമൂഹത്തിൽ ഇതു സാധ്യമല്ലതന്നെ.

എന്നാൽ ഇതിനു മറ്റൊരു വശം ഉണ്ട്. യുക്തിസഹജമായ കാഴ്ചപ്പാടിൽ നോക്കിയാൽ പ്രകൃതി എല്ലാ മനുഷ്യർക്കും നൽകുന്ന സ്വാതന്ത്ര്യമാണ് സ്വാഭാവിക സ്വാതന്ത്ര്യം എന്നു കാണാം. സമൂഹത്തിൽ എല്ലാവരും തുല്യരാണ്. സ്ഥാനവലിപ്പത്തിന്റെ പേരിൽ ആരെയും മുതലെടുക്കുവാൻ അനുവദിച്ചുകൂടാ, വേറെ ആർക്കും ഇല്ലാത്ത അവകാശം (Special Priviliges) ഒരാൾക്കു മാത്രം അനുവദിച്ചുകൂടാ എന്നൊക്കെയാണ് ഇതിന്റെ അർത്ഥം.

പൌരസ്വാതന്ത്ര്യം (Civil Liberty)

നിയമപരമായ അംഗീകാരം ഉള്ളതും ഗവർണ്മെന്റിന്റെ അധികാരവും ശക്തിയും ഉപയോഗിച്ചു പരിരക്ഷിയ്ക്കപ്പെടുന്നതുമായ അവകാശങ്ങളുടെ ആകെത്തുകയാണ് പൌരസ്വാതന്ത്ര്യം. ഇതു രാഷ്ട്രം നിർമ്മിയ്ക്കുന്നതും പൌരന്മാർക്കുവേണ്ടി സംരക്ഷിയ്ക്കുന്നതുമായ അവകാശങ്ങളും ആനുകൂല്യങ്ങളുമാണ്. അവകാ‍ശങ്ങൾ ഉറപ്പുനൽകുന്ന നിയമം പൌരന്മാർക്കു സംരക്ഷണവും ഉറപ്പു നൽകുന്നു.

പരമപ്രധാനമായ ചില അംഗീകൃതാവകാശങ്ങളാണ് :

1.ജീവിയ്ക്കാനും വ്യക്തി സ്വാതന്ത്ര്യം പുലർത്തുവാനുമുള്ള അവകാശം, 2.സല്പേരു സമ്പാദിയ്ക്കുവാനുള്ള അവകാശം, 3. മതസ്വാതന്ത്ര്യം, 4.സംഘം ചേരാനും അഭിപ്രായം പ്രകടിപ്പിയ്ക്കാനുമുള്ള സ്വാതന്ത്ര്യം, 5.സംഘടനകളും യൂണിയനുകളും ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം, 6.സഞ്ചാരസ്വാതന്ത്ര്യം, 7.കുടുംബജീവിത സ്വാതന്ത്ര്യം, 8.ഉടമ്പടികൾ ഉണ്ടാക്കുവാനുള്ള അവകാശം, 9.സ്വത്തു സമ്പാദിയ്ക്കുവാനുള്ള സ്വാതന്ത്ര്യം എന്നിവ.

എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഇപ്പറഞ്ഞ അവകാശങ്ങൾ ഉണ്ട്. എന്നാൽ പൊതുനന്മ, ക്രമസമാധാനം, അന്തസ്സ്, മാന്യത, സന്മാർഗ്ഗബോധം, കോടതി അലക്ഷ്യം തുടങ്ങിയവയുടെ പേരിൽ അവകാശങ്ങളുടെ മേൽ ന്യായമായ നിയന്ത്രണങ്ങൾ വയ്ക്കാൻ സ്റ്റേറ്റിനു കഴിയും.

രാഷ്ട്രീയസ്വാ‍തന്ത്ര്യം (Political Liberty)

രാഷ്ട്രകാര്യങ്ങളിൽ സജീവമായിരിക്കാനുള്ള ശക്തിയാണ് രാഷ്ട്രീയ സ്വാതന്ത്ര്യം എന്നു ലാസ്കി പറയുന്നു. ജനഹിതമനുസരിച്ച് ഭരണം നടത്തുമ്പോഴേ ഇതു സാധ്യമാകൂ.തന്മൂലം ജനാധിപത്യ ഭരണസംവിധാനം നിലനിൽക്കുന്ന രാഷ്ട്രങ്ങളിൽ മാത്രമാ‍ണു പരമാവധി രാഷ്ട്രീയസ്വാ‍തന്ത്ര്യം കണ്ടെത്താനാകുക. അപ്പോൾ രാഷ്ട്രീയസ്വാതന്ത്ര്യം എന്നാൽ ജനാധിപത്യം എന്നർത്ഥം. പ്രധാനപ്പെട്ട രാഷ്ട്രീയ അവകാശങ്ങളാണ് 1.വോട്ടു ചെയ്യാനുള്ള അവകാശം, 2. സ്ഥാനാർത്ഥിയായി നിൽക്കാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവകാശം, 3.പൊതുവായ ഉദ്യോഗമെന്തെങ്കിലും വഹിയ്ക്കാനുള്ള അവകാശം, 4. രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിയ്ക്കാനും, ഗവർണ്മെന്റിനെ വിമർശിയ്ക്കാനുമുള്ള അവകാശം എന്നിവ.

സാമ്പത്തിക സ്വാതന്ത്ര്യം (Economics Liberty)

രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു മുന്നോടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്നു പറയാറുണ്ട്. പട്ടിണി, വിശപ്പ്, അനാഥാവസ്ഥ എന്നിവ ജനങ്ങളെ തുറിച്ചു നോക്കുന്നിടത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം പൊള്ളയാണ്. അർത്ഥശൂന്യമാണ്. അവശ്യ സാധനങ്ങൾ കിട്ടാതെയും തൊഴിലില്ലാതെയും മനുഷ്യൻ ക്ലേശിയ്ക്കുന്നിടത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം നിരർത്ഥകമായി ഭവിയ്ക്കുന്നു. സാമ്പത്തികസ്വാതന്ത്ര്യം എന്നാൽ സുരക്ഷിതത്വവുംഅന്നന്നയപ്പംകണ്ടെത്താനുള്ള ന്യായമായ സൌകര്യങ്ങളും എന്നാണർത്ഥം. ആവശ്യങ്ങളിൽനിന്നും നാളെയെക്കുറിച്ചുള്ള ഉൽക്കണ്ഠകളിൽനിന്നും ഉള്ള മോചനമാണത്. സ്വതന്ത്ര സമൂഹത്തിന്റെ നട്ടെല്ലാണ് സാമ്പത്തിക സ്വാതന്ത്ര്യം. കുറെപ്പേരുടെ മാത്രം സമൃദ്ധി എന്നതിനു പകരം എല്ലാവർക്കും മതിയാകുന്നത് ഉറപ്പു വരുത്തുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യം വയ്ക്കേണ്ടത്.

ദേശീയ സ്വാതന്ത്ര്യം (National Liberty)

ഇനിയാണു നാം നമ്മുടെ വിഷയത്തിലേയ്ക്കു വരുന്നത്`. സ്വാതന്ത്ര്യം എന്നപദം രാഷ്ട്രങ്ങൾക്കുംവ്യക്തികൾക്കും വഴങ്ങും. ഇതുവരെ പറഞ്ഞതു രാഷ്ട്രത്തിലെ വ്യക്തികളുടെ സ്വാതന്ത്ര്യത്തെപ്പറ്റിയാണെങ്കിൽ ഇവിടെ രാഷ്ട്രത്തിന്റെ തന്നെ സ്വാതന്ത്ര്യത്തെ പറ്റിയാണ് പരാമർശിയ്ക്കുന്നത്. ഒരുവന്റെ വ്യക്തി സ്വാതന്ത്ര്യത്തിനു മേൽ മറ്റൊരുവൻ കടന്നു കയറുന്നതു പോലെ തന്നെയാണ് ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു മേൽ മറ്റൊരു രാഷ്ട്രം കടന്നുകയറുന്നതും. ആഭ്യന്തരസ്വാതന്ത്ര്യം ഉണ്ടായിരിയ്ക്കുകയും, യാതൊരുവിധ വിദേശ നിയന്ത്രണത്തിനും വിധേയമാകാതിരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രം സ്വതന്ത്ര രാഷ്ട്രമാണെന്നു പറയാം.

ജനങ്ങൾ സ്വതന്ത്രരും പരമാധികാരികളുമായിരിയ്കുന്ന, അവർക്ക് അവരുടേതായ ഗവർണ്മെന്റുള്ള രാഷ്ട്രമാണ് സ്വതന്ത്ര രാഷ്ട്രം. ഒരു രാജ്യം പരിപൂർണ്ണ പരമാധികാര പദവി നേടുമ്പോഴാണ് അത് ദേശീയ സ്വാതന്ത്ര്യം ഉള്ളതായിത്തീരുന്നത്. 1947 ആഗസ്റ്റ് 15-നു മുമ്പ് ഇന്ത്യയ്ക്കു ദേശീയസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. ഇന്ന് ഇന്ത്യ സ്വതന്ത്രവും പരമാധികാരം ഉള്ളതുമായ രാഷ്ട്രമാണ്. ബാഹ്യ നിയന്ത്രണങ്ങളൊന്നുമില്ലാത്ത പരമാധികാര റിപ്പബ്ലിക്കാണ്. പൌര-രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യങ്ങൾക്ക് അടിസ്ഥാനമെന്ന നിലയിൽ ദേശീയസ്വാതന്ത്ര്യത്തിനു വമ്പിച്ച പ്രാധാന്യം ഉണ്ട്.

വിദേശ ഭരണത്തിൽനിന്നുള്ള ഇന്ത്യയുടെ മോചനം

നമ്മുടെ രാജ്യം ഇന്ത്യ, നൂറ്റാണ്ടുകളോളം വിദേശ ഭരണത്തിൻ കീഴിലായിരുന്നു. നാം ദേശാഭിമാനപ്രചോദിതരായി അന്യായത്തിനെതിരെ തിരിഞ്ഞ് സ്വാതന്ത്ര്യം നേടിയെടുക്കാൻ നൂറ്റാണ്ടു നീണ്ടുനിന്ന സമുജ്ജ്വലമായ പോരാട്ടങ്ങൾ വേണ്ടിവന്നു. സ്വാർത്ഥം വെടിഞ്ഞ്, ജീവൻ പണയം വച്ച്, നമ്മുടെ പൂർവ്വികരായ ദേശാഭിമാനികൾ നയിച്ച ഐതിഹാസികമായ പോരാട്ടങ്ങളിൽ എത്രയോപേർക്ക് ജീവൻ ത്യജിയ്ക്കേണ്ടിവന്നു. ത്യാഗങ്ങളുടെ, സഹനങ്ങളുടെ ആകെത്തുകയാണ് ഇന്നു നാം അനുഭവിയ്ക്കുന്ന ദേശീയ സ്വാതന്ത്ര്യം. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നാം ഇരന്നു വാങ്ങിയതല്ല. പൊരുതി നേടിയതാണ്. പോരാളികൾ അവരുടെ സ്വന്തം ജീവിതത്തോടു ക്ഷമാപണം ചെയ്തുകൊണ്ടാണ് ജീവിതം തന്നെ പോരാട്ടമാക്കിയത്.

സ്വന്തം നേട്ടത്തേക്കാളുപരി സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ നേട്ടങ്ങൾക്കുവേണ്ടി നിലകൊണ്ട പൂർവ്വികരാണ് നാം ഇന്ന് അനുഭവിയ്ക്കുന്ന എല്ലാ നേട്ടങ്ങൾക്കും പിന്നിൽ. സ്വർത്ഥം വെടിയാൻ സന്നദ്ധതയുള്ള മനുഷ്യർ ഓരോ കാലത്തും ഉണ്ടായിരുന്നില്ലെങ്കിൽ ലോകത്തിന്റെ തന്നെ ചരിത്രം ഇങ്ങനെ ആയിക്കുമായിരുന്നോ? എല്ലാവർക്കും വേണ്ടി കുറച്ചാളുകൾ എല്ലാ കാലത്തും തങ്ങളൂടെ സ്വകാര്യ ജീവിതങ്ങളെ തൃണവൽഗ്ഗണിച്ചിട്ടുണ്ട്. മനുഷ്യൻ അണുകുടുംബങ്ങളായി, സ്വാർത്ഥതയുടെ കുടുസു കൊട്ടാരങ്ങളിൽ ഒതുങ്ങുന്ന ഇന്നത്തെ ലോകത്തുനിന്നു നാം തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യ സമര പോരാളികൾ നമുക്ക് അദ്ഭുതങ്ങളായി മാറുന്നു. ഗാന്ധിജി ഉൾപ്പെടെയുള്ള മഹാരഥന്മാർ നമുക്ക് പുരാണത്തിലെ ഏതോ സങ്കല്പകഥാപാത്രത്തെ പോലെ അവിശ്വസനീയങ്ങളും അദ്ഭുതങ്ങളുമാകുന്നു.

എത്ര അച്ഛനമ്മമാരുടെ പ്രതീക്ഷകളായിരുന്ന മക്കളായിരുന്നു വിദ്യാലയങ്ങൾ വിട്ട് കത്തുന്ന സ്വാതന്ത്ര്യ സമരത്തിലെ അഗ്നിസ്ഫുലിംഗങ്ങളായി മാറി ബ്രിട്ടീഷുകാരന്റെ ബൂട്ടടികളെ വിറപ്പിച്ചത്! ഒരു പക്ഷെ അന്നു 1947 ആഗസ്റ്റിലെ 15-ന്റെ ആ‍ അർദ്ധരാത്രിയിൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതു മഹാഭാഗ്യം. ഒരു പക്ഷെ ഇന്നായിരുന്നെങ്കിൽ, അന്നു സ്വാതന്ത്ര്യം കിട്ടിയില്ലായിരുന്നുവെങ്കിൽ സ്വാർത്ഥം വെടിഞ്ഞ് രാജ്യത്തിന്റെ പരമാധികാരം വീണ്ടെടുക്കുവാൻ പിന്നീട് ആരുണ്ടാകുമായിരുന്നു എന്നു നാം ഒരു വേള ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഇന്ന് മക്കളെ എല്ലാവരും ഡോക്ടർമാരും എഞ്ചിനീയർമാരും മാത്രമാക്കാൻ വെമ്പൽ കൊള്ളുന്ന രക്ഷിതാക്കളോ അവർ ശീതീകരിച്ചു വളർത്തുന്ന അവരുടെ മക്കളോ ദേശാഭിമാനത്താൽ പ്രചോദിതരായി സ്വാർത്ഥം വെടിഞ്ഞു സമരത്തിന്റെ തീച്ചൂളയിലേയ്ക്കു കടന്നു വരുമായിരുന്നോ? മരണാസന്നമായി പിടയുന്നസഹജീവിയ്ക്കുനേരെ തിമിരം നടിച്ചു നടന്നു പോകുന്ന ഇന്നത്തെ മനുഷ്യരിൽ എത്രപേർ ഉണ്ടാകുമായിരുന്നു, നമുക്കു സ്വാതന്ത്ര്യം നേടിത്തരുവാൻ? ഒരു പക്ഷെ, 1947 ആഗസ്റ്റു 15-നു നമുക്കു സ്വാതന്ത്ര്യം ലഭിച്ചില്ലായിരുന്നെങ്കിൽ!

ഇന്ന് നമ്മുടെ പൂർവ്വികർ നമുക്കു നേടിത്തന്ന സ്വാതന്ത്ര്യവും പരമാധികാരവും തന്ത്രപൂർവ്വം കവർന്നെടുക്കാനും കവർന്നെടുക്കലിനു പാരിതോഷികങ്ങൾ സ്വീകരിച്ചുകൊണ്ടു കൂട്ടി കൊടുപ്പൊകാരായി നമ്മുടെ കാവലാളുകൾ തന്നെ സ്വയം മാറുകയും ചെയ്യുമ്പോൾ നിസ്സംഗരായി നോക്കി നിൽക്കുന്ന, കണ്ണുകളെ ബോധപൂർവ്വം പിൻ വലിയ്ക്കുന്ന, ഇന്നിന്റെ നമ്മൾ നാളെ വീണ്ടും കടന്നുവരാവുന്ന പാരതന്ത്ര്യത്തിന്റെ തനിയാവർത്തനങ്ങൾക്ക് ഇന്നേ താളം പിടിയ്ക്കുന്നവരായി മാറുകയാണോ?

ഈയുള്ളവൻ പുനർജന്മത്തിലൊന്നും വിശ്വസിയ്ക്കുന്നില്ല. എന്നാൽ പുനർജന്മം, സ്വർഗ്ഗ-നഗരം ഇതൊക്കെ സത്യമെന്നിരിയ്ക്കട്ടെ; അങ്ങനെയെങ്കിൽ, പുനർജ്ജനിച്ചവർക്കു പരലോകത്തിരുന്നുകൊണ്ടു ഇഹലോകം കാണാമെങ്കിൽ, ഇന്നിന്റെ യഥാർത്ഥ്യങ്ങൾക്കു നേരേ നോക്കി മണ്മറഞ്ഞ നമ്മുടെ സ്വാതന്ത്ര്യ പോരാളികൾ നമ്മോടു ഉറക്കെ വിളിച്ചു പറയുന്നുണ്ടാകണം; അരുതേ! നാം ത്യജിച്ചും സഹിച്ചും നിങ്ങൾക്കു നേടിത്തന്ന നന്മകൾ അടിയറ വയ്ക്കരുതേ എന്ന്! നമുക്ക് സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞചെയ്യാം നാം നമ്മുടെ പരമാധികാരം സംരക്ഷിയ്ക്കുമെന്ന് !

ഭദ്രൻ തീക്കുനിയുടെ ഒരു കവിത സാന്ദർഭികമായി ഇവിടെ ഒന്നുദ്ധരിച്ചുകൊള്ളട്ടെ;

മതിലുകൾ

പവിത്രൻ തീക്കുനി

നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

അതെ, സ്വയം തീർത്ത മതിൽക്കെട്ടുകൾക്കുള്ളിലാണ് നമ്മുടെ പൂർവ്വികർ പൊരുതി നേടിത്തന്ന സ്വാന്ത്ര്യം ഇന്നു നാം അനുഭവിയ്ക്കുന്നത്. ഇനി ഒരുവേള നമ്മുടെ രാജ്യം അസ്വസ്ഥതകളിലേയ്ക്കും, അസ്വാതന്ത്ര്യത്തിലേയ്ക്കും, അപകടങ്ങളിലേയ്ക്കും നീങ്ങിയലും സ്വാർത്ഥതയ്ക്കുള്ളിൽ അന്ധ-ബധിര-മൂകരായി അഭിനയിച്ച് നാം ഇന്നിന്റെ പൌരന്മാർ- ഒരുപക്ഷെ നാളെയുടേയും പൌരന്മാർ- അടയിരിയ്ക്കും! ഒടുവിൽ നമ്മുടെ സ്വാർത്ഥമായ ലോകത്തിലേയ്ക്ക്, നമ്മുടെ മതിൽക്കെട്ടുകൾ ഭേദിച്ചുകൊണ്ട് നമ്മുടെ സ്വത്തവും, സ്വാതന്ത്ര്യവും കവർന്നെടുക്കാൻ പിടിച്ചെടുക്കുവാൻ പുത്തൻ അധീശ ശക്തികൾ കടന്നു വരുമ്പോൾ നമുക്കുവേണ്ടി ശബ്ദിയ്ക്കുവാൻ ആർക്കാണു ശബ്ദമുണ്ടാ‍യിരിയ്ക്കുക? ഒരു വേള നമ്മുടെ രാജ്യത്തിനുവേണ്ടി നമുക്കൊന്നു സ്വാർത്ഥരാകാതിരിയ്ക്കുക എന്നു നമുക്കു പ്രതിജ്ഞചെയ്യാം; സ്വാതന്ത്ര്യത്തിന്റെ ഓർമ്മ പുതുക്കുന്ന വേളയിൽ!

നിയന്ത്രിതമാക്കപ്പെടുന്ന സ്വാതന്ത്ര്യം

ഇനി സ്വാതന്ത്ര്യം എന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവിയ്ക്കാ‍ൻ കഴിയുമോയെന്നു നമുക്കൊന്നു പരിശോധിയ്ക്കാം. അപരിമിതമായ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിലോ സമൂഹത്തിലോ ആർക്കും അനുഭവിയ്ക്കുവാൻ കഴിയില്ല.നിയന്ത്രണങ്ങൾ ഇല്ലാത്ത സ്വാതന്ത്ര്യം എന്നാൽ അരാജകത്വം എന്നാണ് അർത്ഥം. അതിരൂക്ഷമായ സംഘട്ടനങ്ങളിലേയ്ക്കായിരിയ്ക്കും അതു നയിക്കുക. സംഘട്ടനങ്ങളിലാകട്ടെ കൈയ്യൂക്കുള്ളവർക്കായിരിയ്ക്കും വിജയം. അപ്പോൾ അത് പ്രാകൃതകാലത്തെന്നോ കായികശേഷി കൂടുതൽ ഉള്ളവൻ കൂട്ടത്തിൽ തലവനാകുമ്പോലുള്ള അനുഭവമായിരിയ്ക്കും.

സ്വാതന്ത്ര്യം എല്ലാവർക്കും വേണ്ടവിധം അനുഭവിയ്ക്കണമെങ്കിൽ അതിനു ചില നിയന്ത്രണങ്ങൾ ഉണ്ടാകണം. സമൂഹത്തിന്റെ പൊതു നന്മയ്ക്കായി രാഷ്ട്രം തന്നെ കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഒരാളുടെ സ്വാതന്ത്ര്യത്തിന്മേൽ മറ്റൊരാളോ സമൂഹമോ ചില നിയന്ത്രണങ്ങൾ വയ്ക്കേണ്ടി വരുന്നതിനു പുറമെ, ഓരൊരൊത്തരും താന്താങ്ങളുടെ സ്വാതന്ത്ര്യങ്ങളെ സ്വയം തന്നെ നിയന്ത്രിയ്ക്കേണ്ടിയും വരും.

നമുക്ക് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ ജനിച്ചുവീഴുന്ന നാൾ മുതൽ നാം ചില അസ്വാതന്ത്ര്യങ്ങൾ അനുഭവിയ്ക്കുന്നുണ്ട്. വളർന്ന് സാമൂഹവുമായി കൂടുതൽ ഇടപഴകുന്നതിനനുസരിച്ച് പല അസ്വാതന്ത്ര്യങ്ങളും നാം ചോദിച്ചു വാങ്ങുന്നുമുണ്ട്. ജനിച്ചു വീഴുമ്പോൾ മുതൽ നാം അമ്മ, അച്ഛൻ മുതലായ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലാകുന്നു.സ്വന്തം വീടും കുടുംബവും ഒരു നിയന്ത്രിത മേഖലയാണ്. ഓരോരോ കുടുംബംങ്ങളിലായിരിയ്ക്കുമല്ലോ ഓരോരുത്തരും ജനിച്ചു വളരുന്നത്.

കുടുംബത്തിന്റെ പൊതുവായ നിലനില്പിനും നന്മയ്ക്കും വേണ്ടിയും ഓരോരുത്തരും കുടുബത്തിന്റെ നിയന്ത്രണങ്ങൾക്ക് സ്വയമേവ വിധേയമാകുന്നു. കുടുംബത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കു വേണ്ടി നമ്മുടെ പല ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും കുടുംബത്തിലെ ഓരോ അംഗങ്ങളും മാറ്റി വയ്ക്കുന്നു. വിട്ടു വീഴ്ച കുടുംബത്തിന്റെ നന്മയ്ക് അത്യന്താപേക്ഷിതമാണ്.ഇവിടെ ഓരോരുത്തരും അവരവരുടെ സ്വാതന്ത്ര്യത്തെ സ്വയമേവ പരിമിതപ്പെടുത്തുകയാണ്. കുടുംബകാര്യത്തിൽ കുടുംബം എന്നത് വലിയ യൂണിറ്റും ഓരോ കുടുംബാംഗങ്ങളും അതിലെ ചെറിയ യൂണിറ്റുകളും ആണ്. ഇതിൽ കുടുബം എന്ന വലിയ യൂണിറ്റിനാണു കൂടുതൽ പ്രാധാന്യം. അതുകൊണ്ടു കുടുംബത്തിന്റെ മൊത്തം താല്പര്യത്തിനു വേണ്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും അവരുടെ പല സ്വാതന്ത്ര്യവും അനുഭവിയ്ക്കാതെ വിട്ടുവീഴ്ചചെയ്യുന്നു.

ഇനി കുടുംബത്തിൽ നിന്ന് സമൂഹത്തിലേയ്ക്കിറങ്ങുമ്പോഴോ? അവിടെ വീണ്ടും നാം നമ്മുടെ പല സ്വാതന്ത്ര്യങ്ങളെയും അടിയറവയ്കുന്ന ഓട്ടേറെ സന്ദർഭങ്ങൾ ഉണ്ടാകുന്നു. ഉദാഹരണത്തിനു ഒരു വിദ്യാർത്ഥിയായി പള്ളിക്കൂടത്തിൽ പോകുമ്പോൾ പള്ളിക്കൂടത്തിന്റെ മൊത്തം താല്പര്യാർത്ഥം ഓരോ കുട്ടികളുടെയും പല അഭിരുചികളും മാറ്റി വയ്ക്കേണ്ടി വരുന്നു.

പൊതുവായ യൂണിഫോം, അച്ചടക്കം, കൃത്യനിഷ്ഠ തുടങ്ങിയ നിയന്ത്രണങ്ങൾ അവിടെയുമുണ്ട്. ഇവിടെയും വ്യക്തി താല്പര്യങ്ങളെക്കാളുപരി സ്കൂളിന്റെ മൊത്തം താല്പര്യങ്ങൾക്കാണു കൂടുതൽ പരിഗണന ലഭിയ്ക്കുക. അതുപോലെ ഒരു തൊഴിൽ സ്വീകരിച്ച് ഒരു തൊഴിൽ സ്ഥാപനത്തിൽ ചെന്നാൽ അവിടെയുമുണ്ട് നിയന്ത്രണങ്ങൾ. തൊഴിൽ സ്ഥാപനത്തിന്റെ ചുമതലകൾ നിറവേറ്റുന്നതിനുതകുന്ന വിധമുള്ള നിയമാവലികളും പെരുമാറ്റ ചട്ടങ്ങളും അവിടെയുമുണ്ടാകും. അതെല്ലാം പാലിച്ചു കൊള്ളാമെന്നു വാക്കാലോ കൈയ്യൊപ്പാലോ സമ്മതിച്ചു കൊണ്ടാണ് ഒരാൾ ഒരു തൊഴിലിൽ പ്രവേശിയ്ക്കുന്നത്. അവിടെയും ഓരോരുത്തരും സ്വാതന്ത്ര്യത്തിന്റെ ഒരംശം സ്വയമേവ പണയപ്പെടുത്തുകയാണു ചെയ്യുന്നത്. പൊതു താല്പര്യത്തിനും സ്വന്തം ജീവ സന്ധാരണത്തിനും വേണ്ടിയാണ് ഇവിടെ വ്യക്തി തന്റെ സ്വാതന്ത്ര്യം പണയം വയ്ക്കുന്നത്‌

ഇനി നാം മറ്റേതെങ്കിലും ഒരു സംഘത്തിൽ ചേരുന്നുവെന്നു വിചാരിയ്ക്കുക. ഉദാഹരണത്തിനു ഒരു വായന ശാലയിൽ. അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു സാംസ്കരിക സംഘടനയിൽ. അവിടെ ചെന്നു അംഗത്വമെടുക്കുമ്പോൾ സ്ഥാപനത്തിന്റെ പൊതുവായ ലക്ഷ്യങ്ങളെയും താല്പര്യങ്ങളെയും മുന്നിർത്തിയുള്ള നിയമാവലികളും പെരുമാറ്റചട്ടങ്ങളും ഉണ്ടാകും.അവ ലംഘിച്ചാൽ അതിൽ നിന്നും പുറത്താകും. അതിന്റെ നിമാവലികളും പെരുമാറ്റ ചട്ടങ്ങളും പാലിയ്ക്കുവാൻ അത്തരം കൂട്ടായ്മകളിൽ അംഗമാകുന്ന ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. അപ്പോൾ അവിടെയും ഒരു സംഘടനയ്ക്കുവേണ്ടി അതിൽ അംഗമാകുന്നവരുടെ സ്വാതന്ത്ര്യത്തിന്റെ ഒരംശം അടിയറ വയ്ക്കുകയാണ്.

അതുപോലെ ഒരാ‍ളോ കുടുംബമോ ഏതെങ്കിലും ഒരു മതവിശ്വാസം പിന്തുടരുകയണെങ്കിൽ മതത്തിന്റെ തത്വങ്ങളും ബന്ധപ്പെട്ട മത സ്ഥാപനങ്ങളുടെ നിയമാവലികളും പെരുമാറ്റചട്ടങ്ങളും പാലിയ്ക്കുക വഴി അവിടെയും സ്വാതന്ത്ര്യത്തിന്റെ നല്ലൊരംശം മതവിശ്വാസത്തിനു വേണ്ടി അടിയറ വയ്ക്കുകയാണ്. മത ശാസനകൾക്കും മത സ്ഥാപനങ്ങളുടെ അംഗീകൃത വഴക്കങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മതത്തിൽ നിന്നും നിഷ്കാസിതരായേക്കാം. സാമൂഹ്യ നിയന്ത്രണങ്ങളിൽ മത നിയന്ത്രണങ്ങൾക്കും ഒരു നല്ല പങ്കുണ്ട്.

മതത്തിന്റെ കാര്യത്തിൽ അല്പം അധികം പറയാനുള്ളത് മറ്റു സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ഥമായി മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കുമേൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മിക്കപ്പോഴും മതങ്ങളാണ്. പ്രത്യേകിച്ചും മതാധിഷ്ഠിത രാഷ്ട്രങ്ങളിൽ. അവിടങ്ങളിൽ ചിലപ്പോൾ മതനിയമങ്ങൾ തന്നെ രാഷ്ട്രത്തിന്റെയും നിയമങ്ങൾ ആകുന്നത് ഫലത്തിൽ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കു മേൽ അതിരു കടന്ന നിയന്ത്രണങ്ങൾക്ക് ഇടയാക്കും. ജനാധിപത്യ സംവിധാനം കൂടി ഇല്ലാത്ത സമൂഹങ്ങളാണെങ്കിൽ പിന്നെ സ്വാതന്ത്ര്യം എന്നത് വ്യക്തികൾക്ക് അവിടെ ഒളിച്ചും ഭയന്നും അനുഭവിയ്ക്കേണ്ട ഒന്നായി മാറുന്നു.

ഇനി ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമാകുന്നുവെന്നിരിയ്ക്കട്ടെ. മിക്ക രാഷ്ട്രീയ പാർട്ടികൾക്കും സ്വന്തമായ ഭരണഘടനയും, നിയമാവലികളും, പെരുമാറ്റച്ചട്ടങ്ങളും, പരിപാടികളും മറ്റും ഉണ്ടാകും. അപ്പോൾ ഏതെങ്കിലും പാർട്ടിയിൽ അംഗ മാകുന്നതോടെ പാർട്ടിയുടെ പൊതുവായ താല്പര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി അതിലെ അംഗങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നല്ലൊരംശം പാർട്ടിയ്ക്കു മുന്നിൽ അടിയറ വയ്ക്കുകയാണ്.

ഒരാൾ ഒരു പാർട്ടിയിൽ ചേരുന്നത് അതിന്റെ നിയമാവലികളും ലക്ഷ്യങ്ങളും മറ്റും അംഗീകരിച്ചുകൊണ്ടാണ്. അവിടെ പാർട്ടി എടുക്കുന്ന ഏതു പൊതുവായ തീരുമാനങ്ങളും അംഗീകരിയ്ക്കുവാൻ ഓരോ പാർട്ടി അംഗങ്ങളും ബാദ്ധ്യസ്ഥരാണ്. ഒരു അംഗത്തിന് ഏതെങ്കിലും കാര്യത്തിൽ വ്യത്യസ്ഥമായ അഭിപ്രായം ഉണ്ടെങ്കിലും പാർട്ടിയുടെ അഭിപ്രായവും തീരുമാനവുമാണ് അംഗീകരിയ്ക്കേണ്ടത്. അവിടെ പാർട്ടി താല്പര്യമാണ് വലുത്; വ്യക്തി താല്പര്യമല്ല. അതായത് ഭൂരിപക്ഷാഭിപ്രായം അനുസരിച്ചുള്ള തീരുമാനങ്ങൾ എല്ലാവരും അംഗീകരിച്ചുകൊള്ളണം എന്നു സാരം. മറിച്ച് പാർട്ടിയുടെ നിയമാവലികളോ പെരുമാറ്റ ചട്ടങ്ങളോ ഏതെങ്കിലും അംഗം ലംഘിച്ചാൽ അംഗം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടാം. അപ്പോൾ സ്വാതന്ത്ര്യം അവിടെയും പരിമിതപ്പെടുന്നു. അഥവാ ഒരാളുടെ സ്വാതന്ത്ര്യം പൊതുവായ താല്പര്യങ്ങൾക്കു വേണ്ടി അയാൾ സ്വയം അടിയറ വയ്ക്കുന്നു.

ഇനി എല്ലാറ്റിലും പ്രധാനമായി ഒന്നുള്ളത് ഏതൊരാളും ജനിയ്ക്കുന്നതും വളരുന്നതും ഏതെങ്കിലും ഒരു രാഷ്ട്രത്തിൽ ആയിരിയ്ക്കുമല്ലോ. അഥവാ ഏതൊരാളും ഏതെങ്കിലും ഒരു രാഷ്ട്രത്തിലെ പൌരത്വം സ്വീകരിച്ചേ മതിയാകൂ.ഓരോ രാഷ്ട്രത്തിനും ലിഖിതവും അലിഖിതവുമായ ഭരണഘടനയും, നിയമങ്ങളും നിയമസംവിധാനങ്ങളും ഉണ്ടാകും. രാഷ്ട്രത്തിന്റെ ഭാഗമായി മാറുന്ന വ്യക്തികൾ രാഷ്ട്രത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കുവേണ്ടി സ്വന്തം താല്പര്യങ്ങൾ പലതും ബലികഴിയ്ക്കേണ്ടി വരും. അങ്ങനെ രാഷ്ട്രത്തിന്റെ നന്മയ്ക്കു വേണ്ടി നാം ഓരോരുത്തരും നമ്മുടെ പല സ്വാതന്ത്ര്യവും സ്വയം അടിയറ വയ്ക്കുന്നു. അഥവാ രഷ്ട്രം രാഷ്ട്രത്തിന്റെ പൊതു നന്മയ്ക്കായി പൌരന്മാർക്കുമേൽ ചില നിയന്ത്രണങ്ങൾ വയ്ക്കുന്നു. എല്ലാവർക്കുംസ്വാതന്ത്ര്യം ശരിയായ രീതിയിൽ അനുഭവിയ്ക്കുവാൻ നിയന്ത്രണങ്ങൾ അനിവാര്യമാണ്. അന്യായമായ നിയന്ത്രണങ്ങൾ പാടില്ലെന്നു മാത്രം!

അങ്ങനെയങ്ങനെ പല വിധത്തിലും നിയന്ത്രണവിധേയമാക്കപ്പെട്ട് ലഭ്യമാകുന്നതാണു യതാർത്ഥസ്വാതന്ത്ര്യം എന്നു പറയുന്നത്. അതായത് സ്വാതന്ത്ര്യം എന്നാൽ ഏതൊരു രാഷ്ട്രത്തിലും അന്യായമല്ലാത്തതും എന്നാൽ അനിവാര്യമായതുമായ ചില നിയന്ത്രണ സംവിധാനങ്ങളോടെ അതിലെ പൌരന്മാർക്കു ലഭ്യമാക്കുന്ന അമൂല്യമായ ഒന്നാണ്. അവ അനുഭവിയ്ക്കുന്നതും പക്വതയോടെ വേണം. നാം ഓരോരുത്തരും അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാകരുത്. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും ബാധകമാണ്.

ചുരുക്കത്തിൽ സ്വാതന്ത്ര്യം എന്നാൽ എവിടെയും ആർക്കും എന്തും ചെയ്യാം എന്നുള്ളതല്ല; സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഓരോ സമൂഹങ്ങളും രാഷ്ട്രങ്ങളും അടങ്ങുന്ന ആഗോള രാഷ്ട്ര സമൂഹത്തിന്റെ തന്നെയും മൊത്തം താല്പര്യങ്ങളെയും നന്മയെയും മുന്നിർത്തി ഓരോ വ്യക്തികളും രാഷ്ട്രങ്ങളൂം വളരെ പക്വതയോടെ പരസ്പര ബഹുമാനത്തോടേ അന്യായമല്ലാത്തതും എന്നാൽ അനിവാര്യമായ ചില നിയന്ത്രണങ്ങളോടെയും സന്തോഷപൂർവ്വം അനുഭവിയ്ക്കേണ്ട ഒന്നാണ്.

പിൻ കുറിപ്പ്: ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സ്ഥാനത്ത് ഇന്ത്യൻ ഭരണകൂടവും ബ്രിട്ടീഷ് പ്രജകളുടെ സ്ഥാനത്ത് ഇന്ത്യൻ പ്രജകളും ബ്രിട്ടീഷ് പോലീസിന്റെ സ്ഥാനത്ത് ഇന്ത്യൻ പോലീസും, ബ്രിട്ടീഷ് പട്ടാളത്തിന്റെ സ്ഥാനത്ത് ഇന്ത്യൻ പട്ടാളവും വന്നു എന്നത് മാത്രമായാൽ ഇന്ത്യൻ സ്വാതന്ത്ര്യമാകില്ല എന്നത് സ്വാതന്ത്ര്യത്തിന്റെ ആഘോഷ വേളയിലും നമുക്ക് വിസ്മരിച്ചുകൂട!

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ ഇ.എ.സജിം തട്ടത്തുമല (നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്...