എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Saturday, April 30, 2011

സന്തോഷം പങ്കുവയ്ക്കുക; എൻഡോസൽഫാൻ നിരോധിക്കുന്നതിൽ!


എൻഡോസൽഫാൻ
ലോകവ്യാപകമായി നിരോധിക്കുന്നതിലുള്ള സന്തോഷം വിശ്വമാനവികം - 1 പങ്കുവയ്ക്കാം. ബന്ധപ്പെട്ട കുറിപ്പിൽ എത്താൻ ഇവിടെ ക്ലിക്കു ചെയ്യുക

http://easajim.blogspot.com/2011/04/blog-post_29.html


എൻഡോ സൽഫാൻ നിരോധനത്തിലുള്ള സന്തോഷം പങ്കു വയ്ക്കുക!

എൻഡോ സൽഫാൻ നിരോധനം ഘട്ടം ഘട്ടമായാണെങ്കിലും ഇന്ത്യയിലടക്കം നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാം. സ്റ്റോക്ക്ഹോം (ജനീവ) കൺവെൻഷൻ ലോകവ്യാപകമായ നിരോധനം എന്നത് തത്വത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് ജനകിയ സമ്മർദ്ദത്തിന്റെ ഫലമാണെന്നതിൽ സംശയമില്ല.

എൻഡോ സൽഫാൻ നിരോധനത്തിനെതിരെ സ്റ്റോക്ക് ഹോം സമ്മേളനത്തിൽ ഔദ്യോഗിക നിലപാട് എടുത്ത ഇപ്പോഴത്തെ ഇന്ത്യാ ഗവർണ്മെന്റ് ഈ നിരോധനം നടപ്പാക്കാൻ എത്രത്തോളം ആത്മാർത്ഥത കാണിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അതുകൊണ്ടു തന്നെ നിരോധനം എന്ന ആവശ്യം മുൻ നിർത്തി നമ്മുടെ രാജ്യത്ത് ഇനിയും പ്രക്ഷോഭങ്ങൾ ഉണ്ടാക്കേണ്ടി വരുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

ജനകീയ ചെറുത്തു നില്പിനു മുമ്പിൽ ഗവർണ്മെന്റിനു പിടിച്ചി നിൽക്കാൻ കഴിയില്ലെന്ന ശുഭാപ്തി വിശ്വാസം നമുക്ക് വച്ചു പുലർത്തുക. എന്തായാലും ഏതെങ്കിലും ഒരു വിഷയത്തിൽ ജനകീയ സമ്മർദ്ദത്തിന് ലോക വ്യാപകമായ ഒരു വിജയം ഉണ്ടായിരിക്കുന്നു എന്നത് ആവേശകരം തന്നെയാണ്. എൻഡോ സൽഫാൻ നിരോധിക്കും എന്നതിലുള്ള ഈ സന്തോഷം നാം പങ്കു വയ്ക്കുക.

Monday, April 25, 2011

എൻഡോ സൽഫാൻ അരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഇന്ത്യ

അരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഇന്ത്യ ജനീവയിൽ പറഞ്ഞുവത്രേ! ഈ രക്തത്തിൽ നമ്മൾ എല്ലാ ഇന്ത്യക്കാർക്കും പങ്കില്ല. നിലപാട് ശരത് പവ്വാറിന്റെയും കോൺഗ്രസ്സിന്റേതും മാത്രം!

എൻഡോ സൽഫാൻ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന നിലപാടാണ് ഇന്ന് ഇന്ത്യാ ഗവർണ്മെന്റ് ജവീവയിൽ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. എന്നുവച്ചാല്‍ നിരോധിക്കെണ്ട കാര്യമില്ലെന്ന്‌! കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ്സ്. അപ്പോൾ നിലപാട്‌ കോൺഗ്രസ്സിന്റെതു തന്നെ. ഇന്ത്യയിലെ മറ്റൊരു കക്ഷിക്കും ഇങ്ങനെ ഒരു ക്രൂരമായ നിലപാടില്ല. എല്ലാവരും എൻഡോ സൽഫാൽ നിരോധിക്കണമെന്ന പക്ഷത്താണ്. കേന്ദ്ര ഗവർണ്മെന്റിന്റെ ഈ ഒരു നിലപാടിനേക്കാൾ വലിയ തെറ്റ് വല്ലതും ഇടതുപക്ഷം ചെയ്തിട്ടുണ്ടോ എന്നു വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു.

ബി.ജെ.പിക്കാർ പോലും ഇന്നത്തെ എല്ലാ എൻഡോ സൽഫാൻ വിരുദ്ധ സമരങ്ങളിലും പങ്കെടുത്തിരുന്നു. യു.ഡി.എഫിലെ തന്നെ ഘടക കക്ഷികൾ മിക്കതും ഇന്ന് ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിൽ കോൺഗ്രസ്സ് ഒരുമാതിരി ഞഞ്ഞാപിഞ്ഞാ പറഞ്ഞ് ഈ വിഷയം അലമ്പാക്കിയതിൽ സാധാരണ കോൺഗ്രസ്സ് പ്രവർത്തകർക്ക് വലിയ അമർഷമുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മനുഷ്യ ജീവൻ അപകടപ്പെടുന്നതിലൊന്നുമല്ല അവർക്കു താല്പര്യം. രാഷ്ട്രീയം കളിക്കുക എന്നതുതന്നെ.

ഇവിടെ ചിലർക്ക് അന്ധമായ ഇടതുപക്ഷ വിരോധം മാറാവ്യാധിപോലെ പിടിപെട്ടിട്ടുണ്ട്. അവർ ചെയ്യുന്നതെന്തും ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്ന സമീപനം. അത് കുറച്ചെങ്കിലും മാറണമെങ്കിൽ കുറെ കാലം ഇനി കോൺഗ്രസ്സ് കേരളം ഭരിക്കണ. അപ്പോൾ സ്വല്പകാരങ്ങൾ മനസിലാകും. കുറെ പേരൊക്കെ പിന്നെ കുറച്ചു നാളത്തേയ്ക്ക് അടങ്ങും. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന നിലപാടുകൾ പല കാര്യത്തിലും ഇന്ത്യ ഇതിനകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ ഇതും. പക്ഷെ ഇതല്പം കടന്നു പോയി കോൺഗ്രസ്സേ, എന്നു മാത്രമേ പറയാനുള്ളൂ!

Sunday, April 24, 2011

സായി ബാബയ്ക്ക് ആദരാഞ്ജലികൾ !


സായി
ബാബയ്ക്ക് ആദരാഞ്ജലികൾ !

ഞാൻ ഒരു സായി ഭക്തനല്ല. അദ്ദേഹത്തിന് എന്തെങ്കിലും അമാനുഷിക സിദ്ധികളോ ദിവ്യശക്തിയോ ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ അങ്ങനെയൊക്കെ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ഭക്തന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു. അവരെല്ലാവരും മനുഷ്യരാണ്. സായി ഭക്തന്മാരയി പോയതുകൊണ്ട് അവർ മനുഷ്യരല്ലാതാകുന്നില്ല. മനുഷ്യരെ ഞാൻ സ്നേഹിക്കുന്നു. സായി ഭക്തന്മാരിൽ നന്മ നിറഞ്ഞവരും നിഷ്കളങ്കരുമായ മനുഷ്യർ ഉൾപ്പെടുന്നു. അങ്ങനെ അല്ലാത്തവരും ഉണ്ടായിരുന്നിരിക്കാം. അത് ഏതു പ്രസ്ഥാനത്തിലും ഉണ്ടാകും.

സായി ബാവയ്ക്കും അദ്ദേഹത്തിന്റെ ഭക്തന്മാർക്കും നമ്മുടെ സമൂഹത്തിൽ അവരുടേതായ കർമ്മ പഥങ്ങൾ ഉണ്ടായിരുന്നു. സായി ഭക്തന്മാർക്കും അല്ലാത്തവർക്കും അവരുടെ കർമ്മങ്ങൾ ഗുണപ്പെട്ടിട്ടുണ്ട്. മരണവേളയിൽ ദോഷൈക ദൃഷ്ടി അഭിലഷണീയമല്ല. ജീവിതമാണ് ജീവിച്ചിരിക്കുന്നവർക്ക് പരമ പ്രധാനം. ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് എന്തെങ്കിലും നന്മ ചെയ്യുന്നവരെ നാം പ്രകീർത്തിക്കേണ്ടതാണ്.

ഞാൻ പറഞ്ഞു വരുന്നത്, സായി ബാവയും അദ്ദേഹത്തിന്റെ അനുയായികൾ ഉൾപ്പെടുന്ന പ്രസ്ഥാനവും ദു:ഖദുരിതങ്ങളിൽ പെടുന്ന മനുഷ്യർക്ക് ആശ്വാസം നൽകാൻ ചെയ്തിട്ടുള്ള സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഞൻ അദ്ദേഹത്തെ ഇപ്പോൾ വിലയിരുത്തുന്നത്

ജിവകാരുണ്യ പ്രവർത്തനങ്ങളിലും ആതുര ശുശ്രൂഷാ രംഗത്തും വലിയ സേവനങ്ങൾ സായിബാബ പ്രസ്ഥാനം നടത്തിയിട്ടുണ്ട്. മാത്രമല്ല ചില സ്ഥലങ്ങളിൽ സ്വന്തം ഫണ്ട് ഉപയോഗിച്ച് പല വികസന പ്രവർത്തനങ്ങളും അവർ നടത്തിയിട്ടുണ്ട്. ഇപ്പോഴും അത്തരം ചില നല്ല പ്രവർത്തനങ്ങൾ നടന്നുകൊണ്ടുതന്നെയിരിക്കുന്നു.

അങ്ങനെ സായി ബാബ സമൂഹത്തിനു നൽകിയിട്ടുള്ള മാനവികതയിലൂന്നിയ നല്ല പ്രവർത്തനങ്ങളെ ഞാൻ ഇത്തരുണത്തിൽ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ അഗാഥമായ ദു:ഖം രേഖപ്പെടുത്തുന്നു. ലക്ഷക്കണക്കായ അദ്ദേഹത്തിന്റെ ഭക്തന്മാരുടെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു. സമൂഹത്തിനു മാതൃകയാക്കാവുന്ന നല്ല പ്രവർത്തനങ്ങൾ തുടർന്നും നടത്തുവാൻ അദ്ദേഹത്തിന്റെ അനുയായികൾക്ക് കഴിയട്ടെ എന്ന് ആശിക്കുന്നു.

Wednesday, April 20, 2011

മീറ്റ്പോസ്റ്റുകൾ ഇട്ടവരുടെ ശ്രദ്ധയ്ക്ക് !


മീറ്റ്പോസ്റ്റുകൾ ഇട്ടവരുടെ ശ്രദ്ധയ്ക്ക്
!

പ്രിയരെ,

തുഞ്ചൻപറമ്പ് ബ്ലോഗ്മീറ്റിൽ ബ്ലൊഗ്ഗർമാരുടെ പങ്കാളിത്തം അഭിമനകരമായിരുന്നുവെന്ന് അറിയാമല്ലോ! മീറ്റിൽ പങ്കെടുത്ത മിക്കവരും മീറ്റ് സംബന്ധിച്ച് ചെറുതും വലുതുമായ പോസ്റ്റുകൾ ഇട്ടിട്ടുണ്ടാകും. കുറച്ചെണ്ണം അഗ്രഗേറ്ററുകളും കമന്റ്സ് ലിങ്കുകളും വഴി കണ്ടു പിടിച്ച് വായിച്ച് കമന്റിട്ടിരുന്നു. എന്നാൽ എല്ലാം യഥാവിധി കണ്ടുപിടിച്ച് വായിക്കാൻ കഴിഞ്ഞെന്നിരിക്കില്ല. ആകയാൽ മീറ്റ് സംബന്ധിച്ച് പോസ്റ്റിട്ടവരെല്ലാം ദയവായി ഇവിടെ കമന്റിട്ട് ലിങ്ക് തരിക. എല്ലാ പോസ്റ്റുകളും ഈയുള്ളവനവർകൾക്ക് വായിച്ച് കമനിറ്റിടണമെന്ന് ആഗ്രഹമുണ്ട്. പ്ലീസ്....!

Tuesday, April 19, 2011

ബ്ലോഗ്ഗേഴ്സ് മീറ്റ് മഹാസംഭവമായി

ബ്ലോഗ്ഗേഴ്സ് മീറ്റ് മഹാസംഭവമായി

പോസ്റ്റ് വായിക്കുവാൻ വിശ്വമനവികം 1 -ൽ എത്തുക. പോസ്റ്റിലേയ്ക്കുള്ള നേർ ലിങ്ക് ഇതാ

ആ പോസ്റ്റ് പിന്നീട് ഇതാ ഇവിടെയും കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നു

തുഞ്ചൻപറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റ് മഹാസംഭവമായി

മികച്ച സംഘാടനം, വർദ്ധിച്ച പങ്കാളിത്തം;
ബ്ലോഗ്ഗേഴ്സ് മീറ്റ് ഒരു മഹാ സംഭവമായി!

ഇന്നലെ തുഞ്ചൻപറമ്പിൽ നടന്ന ബ്ലോഗ്ഗേഴ്സ് മീറ്റിനെ പറ്റി ഇങ്ങനെ ചുരുക്കി പറയാം. ഇതിലും നന്നായി പറയാനുള്ള വാക്ക് സമ്പത്ത് ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഇങ്ങനെ പറയുന്നത്. ഇതിനേക്കാൾ കുറച്ചുകൂടി നല്ലവാക്കുകൾ തലയിലുദിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. അത്ര സന്തോഷകരമായ അനുഭവമായിരുന്നു തുഞ്ചൻപറമ്പ് മീറ്റ്. ഇത് അതിശയോക്തിപരമായ പ്രസ്താവനയായി ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ മീറ്റിൽ പങ്കെടുക്കാത്തതുകൊണ്ടാണെന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ.

ആദ്യംതന്നെ ഈ മീറ്റിന്റെ മുഖ്യ സംഘാടകർക്ക് മൊത്തമായി ഒരു ഷേക് ഹാൻഡ്. പിന്നെ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കുമായി മറ്റൊരു ഷേക് ഹാൻഡ്. ഒപ്പം നന്ദിയും. ഒന്നിനും ഒരു കുറവുണ്ടായില്ല. ബ്ലോഗ്ഗിംഗ് കൂടുതൽ സജീവവും ഗൌരവമുൾക്കൊള്ളുന്നതുമായ ഒരു പ്രവർത്തനമായി മാറുന്നുവെന്ന സൂചനകൾ നൽകുന്നതായിരുന്നു ഈ ബ്ലോഗ്മീറ്റ്. ഏകദേശം നൂറ്റിത്തൊണ്ണൂറ്റി രണ്ടില്പരം പേർ രജിസ്റ്റർ ചെയ്തും ചെയ്യാതെയും മീറ്റിൽ പങ്കെടുത്തു എന്നാണ് മീറ്റിടത്ത് നിന്ന് എനിയ്ക്ക് ലഭിച്ച വിവരം. എത്ര പേർ പങ്കെടുത്തു എന്നത് സംബന്ധിച്ച് കൂടുതൽ കൃത്യമായ വിവരങ്ങൾ സംഘാടകരിൽ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

മീറ്റിൽ പങ്കെടുത്തിട്ട് ഇന്ന് രാവിലെ ആറര മണിയോടെ വീട്ടിൽ എത്തിയതേയുള്ളൂ. ഇതിനകം മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകൾ പലതും വന്നു കഴിഞ്ഞിരിക്കാം. എനിക്കും വിശദമായി ഒരു പോസ്റ്റ് ഇടണമെന്ന് ആഗ്രഹമുണ്ട്. . മനസിലുള്ള സന്തോഷം പങ്കുവയ്ക്കാനുള്ള വ്യഗ്രതയിൽ പെട്ടെന്ന് ഇങ്ങനെയൊരു പോസ്റ്റ് എഴുതിയിടുന്നുവെന്ന് മാത്രം. വിശദമായ പോസ്റ്റിടണം എന്നാഗ്രഹിക്കുന്നുണ്ട്. മറ്റാരെങ്കിലും നല്ല പോസ്റ്റുകൾ ഇടുന്നുവെങ്കിൽ എന്റെ പോസ്റ്റ് അധികപ്പറ്റാകുമോ എന്നും സംശയിക്കുന്നു.

സത്യം പറയട്ടെ ചില മുൻ അനുഭവങ്ങൾ വച്ച് പ്രതീക്ഷിക്കുന്ന ആളുകളൊന്നും ഉണ്ടാകില്ലെന്ന ഒരു മുൻ വിധിയോടെ തുഞ്ചൻ പറമ്പിൽ കാലെടുത്തുവച്ചപ്പോൾ കണ്ടത് ബ്ലോഗ്ഗർമാരുടെയും അല്ലാത്തവരുടെയും അമ്പരപ്പിക്കുന്ന പങ്കാളിത്തം. രജിസ്ട്രേഷൻ കൌണ്ടറിൽ ഒമ്പതര മണിക്ക് തിക്കും തിരക്കും. സംഘാടകരെ പോലും ഞെട്ടിപ്പിച്ചു കൊണ്ട് വളരെ നേരത്തേ സ്ഥലത്തെത്തിയവർ ബ്ലോഗ്ഗർമാർ പരിചയപ്പെടലും പരിചയം പുതുക്കലും ചിത്രമെടുപ്പും ഒക്കെ തുടങ്ങിക്കഴിഞ്ഞിരുന്നു.

തലേ ദിവസം തന്നെ തിരൂരിൽ തങ്ങിയ എനിക്കും തബാറക്ക് റഹ്മാനും അതേ ഹോട്ടലിൽ ഉണ്ടായിരുന്ന ജെയിംസ് സണ്ണി പാറ്റൂരിനും കുറച്ചുകൂടി രാവിലെ മീറ്റിടത്ത് എത്താൻ കഴിയാത്തതിൽ നിരാശ. തലേ ദിവസം തുഞ്ചൻ പറമ്പിൽ തങ്ങാനുള്ള എന്റെ തീരുമാനം മാറ്റി ലോഡ്ജിൽ കൂടിയതിലും തെല്ലു നിരാശ തോന്നി.

സമയ നിഷ്ട പാലിച്ചു കൊണ്ട് ആരംഭിച്ചമീറ്റ് നിറഞ്ഞ സദസുമായി ആദ്യവാസാനം ഉത്സാഹഭരിതമായിരുന്നു. സാധാരണ മീറ്റുകളിൽ സ്വാഭാവികമായും കാണാറുള്ളതുപോലെ ഹാളിൽ മീറ്റ് നടക്കുമ്പോഴും ചിലരെങ്കിലും ഹാളിനു പുറത്ത് കൊച്ചുകൊച്ചു മീറ്റുകളും ചിത്രമെടുക്കലുകളും മറ്റുമായി ആഘോഷിക്കുകയായിരിക്കും. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല. പക്ഷെ അപ്പോഴൊക്കെയും സദസിന്റെ നിറസാന്നിദ്ധ്യത്തിന് ഭംഗമുണ്ടായില്ല.

എപ്പോഴും ഹാളിൽ നിറഞ്ഞിരുന്ന പ്രൌഢമായ സദസുണ്ടായിരുന്നു. ബ്ലോഗ്ഗർമാരല്ലാത്തവരുടെ കൂടി സാധാരണയിൽ കവിഞ്ഞ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. ബ്ലോഗ്മീറ്റിലെ പതിവ് പരിചയപ്പെടലുകൾക്കും ബ്ലോഗ് ഈറ്റിനും പുറമേ നടന്ന ബ്ലോഗ് സംബന്ധിയായ ക്ലാസ്സുകളും സുവനിയർ പ്രകാശനവും പുസ്തക പ്രകാശനവും ഒക്കെയായി ബ്ലോഗ്മീറ്റ് അക്ഷരാർത്ഥത്തിൽ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും വേദിയായി.

തൽക്കാലം ഇത്രയും എഴുതി നിർത്തുന്നു........

തുഞ്ചൻപറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റിനോടനുബന്ധിച്ച് ഈയുള്ളവൻ എഴുതിയ “ബ്ലോഗ് എന്ന മാദ്ധ്യമം ” എന്ന ലേഖനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://easajim.blogspot.com/2011/04/blog-post.html

Friday, April 15, 2011

ബ്ലോഗ്ഗേഴ്സ് മീറ്റ്- 2011 , തുഞ്ചൻപറമ്പ്


ബ്ലോഗ്ഗേഴ്സ് മീറ്റ്
- 2011 , തുഞ്ചൻപറമ്പ്

തുഞ്ചൻ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റിനോടനുബന്ധിച്ച് ഒരു പോസ്റ്റ് വിശ്വമാനവികം 1-ൽ ഇട്ടിട്ടുണ്ട്. ഈ ലിങ്ക് വഴി പ്രസ്തുത പോസ്റ്റിൽ എത്താം.

http://easajim.blogspot.com/2011/04/blog-post.html

ആ പോസ്റ്റ്‌ പിന്നീടിതാ ഇവിടെയും പ്രസിദ്ധീകരിക്കുന്നു.

മലയാള ഭാഷയുടെ പിതാവായി കണക്കാക്കുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മസ്ഥലമായ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തുഞ്ചൻപറമ്പിൽ 2011 ഏപ്രിൽ 17 -ആം തീയതി ബ്ലോഗ്ഗേഴ്സ് മീറ്റ് നടക്കുകയാണ്. തുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നതിന് ഈയുള്ളവനവർകളും നാളെ പുറപ്പെടാനിരിക്കുകയാണ്. പ്രസ്തുത മീറ്റിന്റെ സന്തോഷം പങ്ക് വയ്ക്കുന്നതിനായി ബ്ലോഗുകളുടെ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് ഈയുള്ളവനവർകൾ എഴുതി പ്രസിദ്ധീകരിച്ച ഒരു മുൻലേഖനം അല്പം ചില മാറ്റങ്ങളോടെ ഇവിടെ പുന: പ്രസിദ്ധീ‍കരിക്കുന്നു.

ബ്ലോഗ് എന്ന മാദ്ധ്യമം

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാർത്ഥത്തിൽ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. സ്വന്തം കഥകളും കവിതകളും ലേഖനങ്ങളും മറ്റും മാത്രമല്ല, കാര്‍ട്ടൂണുകളും , ചിത്രങ്ങളും, ഫോട്ടോകളും, വീഡിയോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുവാൻ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍നെറ്റ് വായനയുടെ അനന്ത സാദ്ധ്യതകൾ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും വായിക്കപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. ബ്ലോഗുകളിലും വെബ്സൈറ്റുകളിലും തന്നെ പോഡ്കാസ്റ്റിംഗിനുള്ള സൌകര്യം കൂടി ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ബോധപൂർവ്വമായ ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗത്ത് ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രം പോര. ഇതുവരെയുള്ള ബ്ലോഗ് മീറ്റുകളുടെ കാര്യമെടുത്താൽ അവയിൽ ബ്ലോഗ്ഗർമാർ അല്ലാത്തവർ സാധാരണ പങ്കെടുക്കാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗ്ഗർമാർ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം -സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. -ലോകം എല്ലാവരുടെയും ലോകം ആകണം. ബ്ലോഗിംഗിന്റെ നിലനില്പിനും വളർച്ചയ്ക്കും വികാസത്തിനും ബ്ലോഗ് മീറ്റുകളും അവയുടേതായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും ഉത്തേജനങ്ങളും നൽകട്ടെയെന്ന് ആശംസിക്കുന്നു.

Friday, April 8, 2011

ബ്ലോഗ്ഗർ സ്ഥാനാർത്ഥിയാണ് പുതുപ്പള്ളിയിലും

പുതുപ്പള്ളിയില്‍ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബ്ലോഗ്ഗറാണ്

അവരുടെ ബ്ലോഗ് ഇതാണ് http://sujathamanthanath.blogspot.com/

ഇന്ന് ആർ.കെ തിരൂരിന്റെ പോസ്റ്റ് വായിച്ചപ്പോഴാണ് അറിഞ്ഞത്‌; പുതുപ്പള്ളിയിൽ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയ്ക്കെതിരെ മത്സരിക്കുന്ന സുജാ സൂസൻ ജോർജ്ജും ഒരു ബ്ലോഗ്ഗറാണ്. മലമ്പുഴയിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് എതിരെ മത്സരിക്കുന്ന ലതികാകാ സുഭാഷിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും അവർക്ക് വിജയം ആശംസിക്കുകയും ചെയ്ത ബ്ലോഗ് പുലികൾ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുന്ന ബ്ലോഗ്ഗർ സുജാ സൂസൺ ജോർജ്ജിനെയും വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുമെന്നും വിജയം ആശംസിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Wednesday, April 6, 2011

അഭിമുഖം: ഡോ. ജെയിംസ് ബ്രൈറ്റ്-ഇ.എ.സജിം തട്ടത്തുമല

അഭിമുഖം: ഡോ. ജെയിംസ് ബ്രൈറ്റ്-ഇ.എ.സജിം തട്ടത്തുമല

ഡോ. ജെയിംസ് ബ്രൈറ്റ് ഈയുള്ളവനവർകളുമായി നടത്തിയ അഭിമുഖം ഈ ലിങ്ക് വഴി ചെന്ന് വായിക്കാവുന്നതാണ്. ബൂലോകം ഓൺലെയിൻ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ ഇ.എ.സജിം തട്ടത്തുമല (നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്...