എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!
Showing posts with label അണ്ണാ ഹസാരെ. Show all posts
Showing posts with label അണ്ണാ ഹസാരെ. Show all posts

Thursday, January 19, 2012

അണ്ണാ ഹസാരെയും തെരഞ്ഞെടുപ്പു പ്രചരണവും

അണ്ണാ ഹസാരെയും തെരഞ്ഞെടുപ്പു പ്രചരണവും

ഏതാനും സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അണ്ണാ ഹസാരെ കോൺഗ്രസ്സിനെതിരെ പ്രചരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഒരു പൌരന് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ പ്രചരണം നടത്തുന്നതിനും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ ചേരുന്നതിനും പുതുതായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കുന്നതിനും ഒക്കെയുള്ള അവകാശം നമ്മുടെ രാജ്യത്തെ ജനാധിപത്യം നൽകുന്നുണ്ട്. ആ അവകാശം അണ്ണാഹസാരേയ്ക്കും ഉണ്ട്. എന്നാൽ അണ്ണാ ഹസാരെയെ ഇതുവരെ പൊതുസമൂഹവും മാധ്യമലോകവും അടയാളപ്പെടുത്തിയിരിക്കുന്നത് അദ്ദേഹം നടത്തിയ ചില സവിശേഷമായ പ്രവർത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനത്തിലാണ്. അതിൽ ഏറ്റവും പ്രധാനം ജനലോക്പാലിനുവേണ്ടിയുള്ള സമരമാണ്. അണ്ണാ ഹസാരെയും അനുയായികളും പൌരസമൂഹമെന്ന നിലയ്ക്കാണ് ഇതുവരെ അറിയപ്പെടുന്നത്. അണ്ണാ ഹസാരെയും ഏതാനും അനുയായികളും ചേർന്നാൽ മാത്രം അത് പൊതു സമൂഹമാകില്ലെന്നത് വേറെ കാര്യം. എങ്കിലും അവർ അങ്ങനെയാണ് സ്വയം അവകാശപ്പെടുകയോ വാർത്താ മാധ്യമങ്ങളാൽ വിശേഷിപ്പിക്കപ്പെടുകയോ ചെയ്യുന്നത്.

അഴിമതിയ്ക്കെതിരെയുള്ള ഒരു പോരാട്ടം എന്ന നിലയ്ക്ക് അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും എല്ലാ പ്രവർത്തനങ്ങളോടും സമീപനങ്ങളോടും യോജിക്കാത്തവർകൂടിയും ജനലോക്പാൽ ബില്ലിനു വേണ്ടിയുള്ള പോരാട്ടത്തിനു പിന്തുണ നൽകാനും ഒപ്പം ചേരാനും തയ്യാറായിട്ടുണ്ട്. ഇത് വിഷയാധിഷ്ഠിതമായ ഒരു പിന്തുണയും സഹകരണവുമാണ്. അണ്ണാ ഹസാരെ എന്ന വ്യക്തിയോ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമോ അല്ല, അദ്ദേഹം ഉയർത്തുന്ന മുദ്രാവാക്യമാണ് ജനങ്ങളിൽ താല്പര്യമുണർത്തിച്ചിട്ടുള്ളത്. ഇപ്പോൾ കേന്ദ്രഭരണത്തിലുള്ള കോൺഗ്രസ്സും കൂട്ടു കക്ഷികളും ഒഴിച്ചുള്ള മിക്ക രാഷ്ട്രീയ കക്ഷികളും അണ്ണാഹസാരെ സംഘത്തിന് പിന്തുണ നൽകിയിട്ടുണ്ട്. കോൺഗ്രസ്സിലും കൂട്ടുകക്ഷികളിലും ഉള്ളവരിൽത്തന്നെ നല്ലൊരു വിഭാഗം ഉള്ളുകൊണ്ട് ഈ അഴിമതിവിരുദ്ധ പോരാട്ടത്തിൽ അണ്ണാ ഹസാരെയെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ടൊക്കെത്തന്നെ അണ്ണാ ഹാസാരെ ഒരു പ്രസ്ഥാനമല്ല, ഒരു പ്രതീകമാണ്; അഴിമതിയ്ക്കെതിരെ ധാർമ്മികരോഷം കത്തിക്കാളുന്ന ക്ഷുഭിതമനസുകളുടെ ഒരു പ്രകടിതരൂപമാണ്.

അണ്ണാ ഹസാരെ നടത്തുന്ന സമരം കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഒരു സർക്കാരിനു മാത്രം എതിരായ ഒരു പ്രക്ഷോഭമായി പരിമിതപ്പെടുത്തി കാണേണ്ടതല്ല. കോൺഗ്രസ്സിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും കക്ഷികൾ ഭരണ സാരഥ്യം വഹിക്കുകയാണെങ്കിലും ഈ സമരം പ്രസക്തമാകുമായിരുന്നു. അതായത് ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയ്ക്കോ ഗവർണ്മെന്റിനോ എതിരെ മാത്രമുള്ള ഒരു സമരൈക്യമല്ല ഇത്. ആകുകയുമരുതല്ലോ. ആരു ഭരിക്കുമ്പോഴായാലും അഴിമതിനിറഞ്ഞ ഭരണവ്യവസ്ഥയ്ക്കെതിരെയുള്ള ഒരു പ്രതിരോധമാണ് ജനലോക്പാൽ നിയമം. അഴിമതിയ്ക്കെതിരെയുള്ള ശക്തമായ ഒരു പ്രതിവിധിയാകേണ്ടതാണ് ജനലോക്പാൽ നിയമം (ഇതൊക്കെ വന്നാലും അഴിമതി പൂർണ്ണമായും നിർമ്മർജ്ജനം ചെയ്യപ്പെടുമോ എന്നത് വേറെ കാര്യം). രാജ്യം ആരു ഭരിക്കണം എന്നു തീരുമാനിക്കലല്ല, ആരു ഭരിച്ചാലും അഴിമതി ഇല്ലാതാകുക എന്നതാണ് ലോക്പാലിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ലക്ഷ്യം ആകേണ്ടത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി നിഷ്പക്ഷതയുടേതായ ചില രൂപഭാവങ്ങളിൽ ഇതുവരെ ജനം കാണാൻ ശ്രമിച്ച അണ്ണാ ഹസാരെ സംഘത്തിന് ഒരു രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടാകുന്നതും നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നതും ഈ പ്രക്ഷോഭത്തിനു ഗുണകരമായിരിക്കില്ല. അണ്ണാ ഹസാരെയുടെ വിശ്വാസ്യതയ്ക്കും ഇത് പോറലേല്പിക്കും.

അണ്ണാ ഹസാരെ സംഘത്തിന്റെ സ്പോൺസർമാർ ആര് എന്നത് ഒരു വിവാദവിഷയമായിരിക്കുന്ന ഒരു പശ്ചാത്തലം നിലനിൽക്കുമ്പോൾ രാഷ്ട്രീയ കാര്യങ്ങളിൽ ഏതെങ്കിലും ഒരു പക്ഷത്തിനു ദോഷകരമായും അതുവഴി മറുപക്ഷത്തിനു ഗുണകരാമായും ഭവിക്കാവുന്ന ഇടപെടലുകൾ അണ്ണാ ഹസാരെ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അത്ര സുഖകരമായിരിക്കില്ല. ഇവിടെ പറഞ്ഞുവയ്ക്കുന്നതിന്റെ പൊരുൾ കോൺഗ്രസ്സിനെതിരെ അണ്ണാ ഹസാരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് ശരിയല്ല എന്നുതന്നെയാണ്. കോൺഗ്രസ്സിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് ആരെ സഹായിക്കാനാണെന്ന സംശയത്തിന്റെ കരിനിഴൽ വീഴുന്നത് അണ്ണാ ഹസാരെ സംഘത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് മങ്ങലേല്പിക്കുകയേ ഉള്ളൂ.

ഇപ്പോൾ കേന്ദ്രത്തിലെ കോൺഗ്രസ്സ് ഗവർണ്മെന്റ് കൊണ്ടുവന്നിട്ടുള്ള ലോക്ബാൽ ബില്ല് കുറ്റമറ്റതല്ല. ഏറെ പോരായ്മകൾ ഉള്ളതുതന്നെ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നിലയിൽ ബിൽ പാസായാൽത്തന്നെ അത് കുറച്ചേറെ ദുർബ്ബലവുമായിരിക്കും. ലോക്പാൽ ബില്ല് കഴിഞ്ഞ പാർളമെന്റ് സമ്മേളനകാലത്ത് നടക്കാതെ പോയതിനു പിന്നിൽ ചില അട്ടിമറികളുണ്ട് എന്നത് പകൽ പോലെ വ്യക്തമായിട്ടുള്ളതാണ്. നിയമം ഈ സമ്മേളനകാലത്ത് നടപ്പിലാക്കാൻ കഴിയാതെ പോയതിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സ്സർക്കാരിനു തന്നെ. പ്രതിപക്ഷ കക്ഷികളുടെയോ അണ്ണാ ഹസാരെ സംഘത്തിന്റെയോ അഭിപ്രായങ്ങളെക്കൂടി വേണ്ടവിധം പരിഗണിച്ച് ഒരു സമവായം ഉണ്ടാക്കി ഐകകണ്ഠേന ജനലോക്പാൽ ബിൽ പാസ്സാക്കാൻ കഴിയേണ്ടതായിരുന്നു. ഇക്കാര്യത്തിൽ അവർ ആത്മാർത്ഥത പുലർത്തിയില്ല. ഇനി നാളെ ജനലോക്പാലിന്റെ കാര്യം എന്താകുമെന്നും കണ്ടുതന്നെ അറിയണം. അഴിമതി തടയുന്നതില്‍ അഴിമതി മൊത്തമായും ചില്ലറയായും കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സിന് അഴിമതി തടയാനുതകുന്ന ഒരു നിയമം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് ഊഹിക്കാവുന്നതേയുള്ളൂ!

പക്ഷെ കാര്യങ്ങൾ ഇതുവരെ ഇതൊക്കെത്തന്നെയാണെങ്കിലും ജനലോക്പാലിന്റെ പേരും പറഞ്ഞ് അണ്ണാ ഹസാരെയും കൂട്ടരും കോൺഗ്രസ്സിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നതിനു പിന്നിൽ ജനലോക്പാൽ ബിൽ എന്നതിനപ്പുറം മറ്റു ചില രാഷ്ട്രീയതാല്പര്യങ്ങൾ ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. അണ്ണാ ഹസാരെയ്ക്കും ലോക്പാലിനുമൊക്കെ അപ്പുറം എന്തൊക്കെയോ ചിലത് ഉള്ളതുപോലെ ഒരു തോന്നൽ!

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...