എറണാകുളം ബ്ലോഗ് മീറ്റ്: “സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ!”
ഇ-എഴുത്തുകാരുടെ സൌഹൃദ സംഗമം എറണാകുളം മയൂരാ പാർക്ക് ഹോട്ടലിൽ 2011 ജൂലൈ 9 ന് രാവിലെ കൃത്യം പത്ത് മണിയ്ക്ക് ആരംഭിച്ച് വൈകുന്നേരം മൂന്നു മണിയീടെ വിജയകരമായി പര്യവസാനിച്ചു.
“സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ!” എന്ന് ഏതോ റ്റി.വി പരസ്യത്തിൽ പറയുന്നതുപോലെ എറണാകുളം മീറ്റു കഴിഞ്ഞ് വീട്ടിൽ വന്നു കയറിയിട്ട് സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ എന്നു മാത്രമാണ് ഇന്ന് നടന്ന ബ്ലോഗ് മീറ്റിനെ കുറിച്ച് ആദ്യം തന്നെ പറയാനുള്ളത്.അഞ്ച് മണിയ്ക്ക് അവിടെ നിന്നും ബസ് കയറി രാത്രി പത്തര പത്തേ മുക്കാൽ മണിയോടെയാണ് വീട്ടിൽ എത്തിയത്. മീറ്റിലെ വിശേഷങ്ങൾ സംബന്ധിച്ച വിശദമായ പോസ്റ്റ് രാത്രിയിനി എഴുതുന്നില്ല.അത് അല്പം വിശദാമായി തന്നെ എഴുതുവാനുണ്ട്. എഴുതണമെന്ന് വിചാരിക്കുന്നുമുണ്ട്.
എന്നാൽ അഞ്ചഞ്ചര മണിക്കൂർ യാത്രചെയ്ത് ബ്ലോഗ് മീറ്റിൽ പങ്കെടുക്കുകയും അത്രയും സമയം തിരിച്ച് യാത്രചെയ്ത് വീട്ടിലുമെത്തിയിട്ട് മീറ്റിനെ പറ്റി ഒന്നും എഴുതാതെ കിടന്നുറങ്ങുന്നതെങ്ങനെ? മാത്രവുമല്ല നമ്മൾ കുറെ ബ്ലോഗ്ഗർമാർ മീറ്റിൽ യഥാ സമയം പങ്കെടുത്തു എന്നല്ലാതെ അതിന്റെ സംഘാടനത്തിലൊന്നും പങ്ക് വഹിച്ചതല്ല. ഏതാനും ബ്ലോഗ്ഗർമാരുടെ കുറെ ദിവസത്തെ ശാരീരികവും ബുദ്ധിപരവുമായ അദ്ധ്വാനത്തിന്റെ ഫലമാണ് ഈ ബ്ലോഗ് മീറ്റും. അതുകൊണ്ടു തന്നെ മികവുറ്റ സംഘാടനം കൊണ്ട് പങ്കെടുത്ത എല്ലാ ബ്ലോഗ്ഗർമാരെയും സന്തുഷ്ടരാക്കിയ ആ സംഘാടക സംഘത്തിന് ഒരു നന്ദി വാക്ക് പറയാൻ അല്പം ഉറക്കമൊഴിഞ്ഞാലെന്ത്? മീറ്റ് സംഘാടകർക്ക് ഒരായിരം നന്ദി; ഒപ്പം നമ്മെ പോലെ മീറ്റിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ ബ്ലോഗ്ഗർമാർക്കും നന്ദി!
ബൂലോകത്തിന്റെ വളർച്ചയിൽ ബ്ലോഗ് മീറ്റുകൾക്കുള്ള പങ്ക് ചെറുതല്ല. ബ്ലോഗിലൂടെ ഉണ്ടായ സൌഹൃദങ്ങളുടെ കണ്ണി മുറിയാതെ അത് നില നിർത്തുന്നതിനും ബ്ലോഗ് മീറ്റുകൾക്ക് വലിയ പങ്കുണ്ട്. ഔപചാരികതകൾ ഒന്നുമില്ലാത്ത മീറ്റ് അക്ഷരാർത്ഥത്തിൽ അടിപൊളിയുടെ പൂരമായി. എല്ലാവർക്കും വിശദമായി പരിചയപ്പെടാനും പരിചയം പുതുക്കാനും ആവശ്യമുള്ളത്ര സമയം ഈ മീറ്റിൽ ലഭിച്ചു. മീറ്റ് ഹാളിൽ നടന്ന ചിത്രപ്രദർശനവും അതിന്റെ മാർക്കിടലും വേറിട്ട മറ്റൊരനുഭവമായി. കാർക്കൂണിസ്റ്റ് സജ്ജീവേട്ടന്റെ പതിവു വരയ്ക്ക് ഈ മീറ്റിലും ബ്ലൊഗ്ഗർമാർ വിധേയരായി. ഈ മീറ്റിലും പുതിയ ഏതാനും ബ്ലോഗ്ഗർമാരെ കൂടി പരിചയപ്പെടാൻ കഴിഞ്ഞു.
നേരത്തെ വീട്ടിലെത്തിയവർ ഒരു പക്ഷെ ഇതിനകം മീറ്റനുഭവം അതിന്റെ ഗൌരവത്തിൽ ബൂലോകത്ത് എത്തിച്ചിട്ടുണ്ടാകണം. ഈ മീറ്റിലെ എന്റെ അനുഭവം ഏതാനും ദിവസങ്ങൾക്കുള്ളിൽ വിശദമായി ഞാൻ എഴുതുമെന്നാണ് എനിക്ക് ഇപ്പോൾ എന്നെ പറ്റി തോന്നുന്നത്. ആ തോന്നൽ യാഥാർത്ഥ്യമകാൻ എനിക്ക് ഞാൻ എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു! ഇപ്പോൾ തൽക്കാലം മീറ്റ് ദൃശ്യങ്ങൾ ഒക്കെ ഇതിനകം ഇട്ട മറ്റ് ബ്ലോഗുകളിൽ പോയി അവ ഒന്നു കണ്ടാനന്ദിക്കട്ടെ. എന്തായാലും ഈ പോസ്റ്റ് തൽക്കാലം ഇത്രയും വച്ച് അങ്ങ് പോസ്റ്റുന്നു. മീറ്റ് ചിത്രങ്ങൾക്ക് തൽക്കാലം മറ്റു ബ്ലോഗുകൾ കാണുക.
No comments:
Post a Comment