ജനവിധി മാനിയ്ക്കണം; അതെന്തുതന്നെ ആയാലും. വിജയിക്കുന്നവർക്കും പരാജയപ്പെടുന്നവർക്കും അതൊരു അനുഭവ പാഠമായിരിയ്ക്കണം. പരാജിതർ നിരാശരാകരുത്; അവർ ആരുതന്നെ ആയാലും. വിജയികൾ അഹങ്കരിയ്ക്കുകയും അരുത്; അവർ ആരുതന്നെ ആയാലും.
ജയമോ തോൽവിയോ ആർക്കും കുത്തകയാക്കി വയ്ക്കാനാകില്ല. അവർ ആർ തന്നെ ആയാലും. അങ്ങനെ ആകാതിരിയ്ക്കാനുള്ള സാദ്ധ്യതയാണ് ജനാധിപത്യത്തിന്റെ സാദ്ധ്യതാമൂല്യം തന്നെ. തോൽക്കുന്നവർ എന്തുകൊണ്ട് തോറ്റു എന്നു സത്യസന്ധമായി വിലയിരുത്തണം എന്നതുപോലെ ജയിയ്ക്കുന്നവർ എന്തുകൊണ്ട് ജയിച്ചു എന്നും വിലയിരുത്തണം.
എന്നാൽ തോൽക്കുന്നവരുടെ വിലയിരുത്തൽ വിജയിച്ച എതിരാളികളെയും അവരുടെ വിജയത്തെയും കുറച്ചുകാണുന്നതാകരുത്; എന്നതുപോലെ വിജയിക്കുന്നവരുടെ വിലയിരുത്തൽ തോൽക്കുന്നവരുടെ പ്രാധാന്യവും കുറച്ചുകാണുന്നതുമാകരുത്. കാരണം വിജയികൾ ആയതുകൊണ്ട് അവർ ശക്തരോ പരാജിതർ ആയതുകൊണ്ട് അവർ ദുർബ്ബലരോ ആകുന്നില്ല. പിന്തുണയിലല്ല പ്രവൃത്തിയിലാണ് കാര്യം.
ജനപിന്തുണയുള്ളതുകൊണ്ട് പ്രവർത്തനങ്ങൾ നന്നാകണം എന്നില്ല. ജനപിന്തുണ കുറഞ്ഞതുകൊണ്ട് പ്രവൃത്തികൾ മോശമാകണം എന്നും ഇല്ല. ജയിക്കുന്നവർ എല്ലായ്പോഴും യോഗ്യരോ, തോൽക്കുന്നവർ എല്ലായ്പോഴും അയോഗ്യരോ ആകുന്നില്ല. ജനാധിപത്യത്തിന്റെ പ്രായോഗിക പരിമിതികളിൽ ഒന്നു മാത്രമാണിത്.
ജനവിധി എല്ലായ്പോഴും പ്രബുദ്ധതയുടെ പ്രതിഫലനം ആകണം എന്നില്ല. എല്ലാവരും വിദ്യാഭ്യാസപരമായും, ചിന്താപരമായും ഒരേ നിലവാരം പുലർത്തുന്നില്ല. ഇക്കാര്യത്തിൽ ഒരു സമനിരപ്പുണ്ടാക്കുക സാദ്ധ്യവുമല്ല. എല്ലാം ഏതാണ്ട് ഒരു സമനിരപ്പിൽ ഒത്തുവന്നാലും വിശ്വാസങ്ങളിലും അഭിരുചികളിലും ഉള്ളതായ വ്യതിയാനം നിലനിൽക്കും.
ഐവരിൽ മൂവർ കൈ പൊക്കി കാണിച്ചിട്ട് ഇതു കാലാണെന്നു പറഞ്ഞാൽ അതു കാലുതന്നെ എന്നു സമ്മതിയ്ക്കലാണ് പലപ്പോഴും ജനാധിപത്യം. ഭൂരിപക്ഷത്തിനാണ് ഇവിടെ പ്രാധാന്യം. ന്യായമോ അന്യായമോ സത്യമോ അസത്യമോ നല്ലതോ ചീത്തയോ എന്നതൊന്നുമല്ല ഭൂരിപക്ഷത്തിനു മാത്രമാണു ജനാധിപത്യത്തിൽ പ്രാധാന്യം. ഇക്കാരണങ്ങളാൽ ജനാധിപത്യം പലപ്പോഴും നിസഹായമാകുന്നുണ്ട്.
മാറിമറിയലുകൾ ജനാധിപത്യത്തിൽ ഏതു സമയത്തും സംഭവിയ്ക്കാം. അതുകൊണ്ടുതന്നെ വളരെ കരുതലോടെ വേണം ഓരോരുത്തരും രാജ്യകാര്യങ്ങളിൽ ഇടപെടാൻ. ആരുടെയെങ്കിലും ആത്യന്തിക വിജയം എന്നൊന്നു ജനാധിപത്യം ഉൾക്കൊള്ളുന്നില്ല. ഇന്നു ഞാൻ നാളെനീ എന്ന ചൊല്ല് എപ്പോഴും ഓർക്കണം.
No comments:
Post a Comment