എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, December 31, 2008

കവിതകള്‍

കവിതകള്‍



ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിര്‍ത്തകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!



മുത്തശ്ശി

കുഞ്ഞിക്കുടിലിനുകൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി

ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയുന്നൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി

കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി

ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി

കന്നിക്കൊയ്ത്തുകളേറെനടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു

നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്‌
കണ്ണുമിഴിപ്പൂ മുത്തശ്ശി

അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ധക്കെട്ടുംകെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി

ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി

അക്കരെയന്തിയില്‍ മളികവെട്ടം
മുത്തശ്ശിയ്ക്കത് ഘടികാരം
എരിയണവെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി

മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി

കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !

ഉഷ്ണം വന്നു പതിച്ചുതപിച്ചൊരു
ദേഹമുണങ്ങിവരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു

നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മെലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു

കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി

മിച്ചംവച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !



പിടസ്വാതന്ത്ര്യം

ആ നല്ല ചെമ്പൂവും ആടകളും
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം

കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി

പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി

ആണിന്‍ മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്‍ ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും

മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്‍റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന്‍ കണ്ടിട്ടു കാര്യം !

വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല

ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല

ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം

റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ

തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !

ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !

നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും

കൂകലില്‍ പൂവന്‍റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
'കൊക്കരക്കോ'യെന്നു കൂകി പിടക്കോഴി

നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
'ദോഷകാലം' വന്നു മാടി വിളിയ്ക്കുന്നു
'കൊക്കരക്കോ! കൊക്കരക്കോ!'

എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു
ചെന്നു പിടിച്ചു പിടക്കോഴിയെ
ഒട്ടുമമാന്തിക്കാന്‍ ഒന്നുമുണ്ടായില്ല
പെട്ടെന്ന് കണ്ടിച്ചു കറി വച്ചു തിന്നു !



കഴുകന്‍

ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു
കഴുകന്‍ പാറി നടക്കുന്നു
തിന്നു തിമിര്‍ക്കാനത്യാര്‍ത്തിയുമായ്
വട്ടം ചുറ്റി നടക്കുന്നു;

വീശുന്നൂ വല നെടുനീളത്തില്‍
വോട്ടക്കണ്ണാലുള്ളൊരു നോട്ടം!
നേരും നെറിയും കഴുകനു വേറെ
മാനം പോകും വലയില്‍ പെട്ടാല്‍

കണ്ണും കവിളും കാട്ടി മയക്കി
കരളു കവര്‍ന്നേല്‍ സൂക്ഷിച്ചോ
ഒരുനാളവനേ താണു പറന്നാ
കരളും കൊത്തി കൊണ്ടു പറക്കും

തേനും പാലുമൊഴുക്കാമാങ്ങനെ
വാഗ്ദാനങ്ങള്‍ പലതാണേ
മോഹിപ്പിക്കാന്‍ ആളൊരു വിരുതന്‍
മോഹിച്ചാലോ ഗതികേടാകും

അമൃതും കൊണ്ടു വരുന്നവനല്ലവന്‍
‍അമരത്താകാന്‍ യത്നിപ്പോന്‍
‍അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്‍

ഒക്കെയുമവനാണെന്നൊരു ഭാവം
കയ്യൂക്കിന്‍റെയങ്കാരം !
ഉപരോധങ്ങള്‍ കൊണ്ടു വിരട്ടും
ആയുധവും പലതവനുടെ കയ്യില്‍

യജമാനന്‍താനെന്നു നടിപ്പോന്‍
ആജ്ഞാപിക്കാന്‍ ശീലിച്ചോന്‍
‍അടിമമനസ്സുകള്‍ പാകമൊരുക്കി
അടിച്ചര്മത്താനറിയുന്നോന്‍

‍വെള്ളത്തൊലിയും ചെമ്പന്‍ മുടിയും
കണ്ടു കൊതിച്ചു മയങ്ങരുതേ
അജ്ഞത കൊണ്ടപമൃത്യു വരിക്കും
ആരാധിക്കാന്‍ പോകരുതേ

വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!

ചോര മണത്തു മണത്തു നടക്കും
ചാരന്‍മാരുണ്ടവനു പരക്കെ
ചേരി പിടിച്ചിട്ടവനെച്ചാരി
ചോരന്‍മാരൊരു നിരയുണ്ടേ

ചോര കുടിച്ചു ശവങ്ങളൊരുക്കി
തിന്നു കൊഴുക്കനത്യാര്‍ത്തി ;
വങ്കന്‍ വയറിന്‍ ഇരവിളി കേട്ടോ
അണ്ടകടാഹം പാടെ വിഴുങ്ങും !

ഒത്തൊരുമിച്ചോരൊറ്റ മനസ്സാല്‍
ജാഗ്രതയോടെയിരുന്നില്ലെങ്കില്‍
നമ്മുടെ കഥ കഴിയുന്ന ചരിത്രം
നാമറിയാതിവിടങ്ങു നടക്കും.



വഴി

ഞാന്‍ മുന്‍പേ നയിക്കാം
നേരറിയാതെ നീ പിന്‍പേ !

ഞാന്‍ തിരിഞ്ഞു നോക്കില്ല
നീ എന്നെ പേണുക ;

ഒടുവിലൊടുവില്‍
നീ ഉണ്ടെന്ന വിശ്വാസത്തില്‍
ഞാന്‍ നടന്നുകൊള്ളും

നീയും തിരിഞ്ഞു നോക്കരുത്
വെറുതെ എന്തിനാ വീഴുന്നത് ?

വിശ്വാസതിന്‍റെ ബലമുണ്ടല്ലോ ;
എത്തിയാലെത്തി !



നഗരി

പോകരുത് നഗരിയില്‍
‍കാണരുത് നാഗരിക മേളമതു
ജീവിതക്കെട്ടു പൊട്ടിയ്ക്കുന്ന
ജാലം

കേള്‍ക്കരുത് നഗരിയിലെ
ലഹരി തരുമുന്മാദ ഗാനമതു
ജീവിതത്താളം പിഴയ്ക്കുന്ന
രാഗം

അറിയരുത് നഗരിയുടെ
മറവുകളില്‍ മറകെട്ടി മാറാടി
മാനികളാടുന്ന നീച മാരീച
വേഷം

പറയരുത് നഗരിയില്‍
മാലിനജലമൊഴുകുമതു
നല്‍കുമൊരു ദുര്‍ഗന്ധമതുമാരുതനു
പോലും

പോകരുത് കാണരുത്
കേള്‍ക്കരുതറിയരുതു പറയരുതു
നഗരിയിലെയൊരുപാടു
കാര്യം !



ഭ്രാന്തി

അവള്‍ വിശ്രമിയ്ക്കുന്നു
ഉടുതുണിയുടെ ലക്‍ഷ്യം മറന്ന്‌
പിച്ചും പേയും പുലമ്പി
ആള്‍ത്തിരക്കുള്ള തെരുവില്‍
അരികു പറ്റി ശയിക്കുന്നു

ഭ്രാന്തി!

അവള്‍ ഒരു ഗര്‍ഭപാത്രത്തിന്‌ ഉടമയാണ്
പാല്‍ ചുരത്താന്‍ പാകമായ
രണ്ടു മുലകള്‍ക്കും ഉടമയാണ്
അവള്‍ അമ്മയാണ്
മാതൃത്വ ബോധവും മരവിച്ച

അമ്മ!


അവള്‍-
ഏതോ ഗര്‍ഭപാത്രത്തില്‍ നിന്നും
പുറപ്പെട്ടു പോന്നവള്‍
ഏതോ മുലകളില്‍ പാല്‍ നുണഞ്ഞവള്‍
ഏതോ തൊട്ടിലില്‍ താരാട്ടു കേട്ടവള്‍

അവള്‍ വിശ്രമിയ്ക്കുന്നു;
ഏതോ ഗര്‍ഭപാത്രങ്ങളില്‍ നിന്നു
പുറപ്പെട്ടു പോന്നവര്‍ക്കിടയില്‍
ഏതോ മുലകളില്‍ പാല്‍ നുണഞ്ഞവര്ക്കിടയില്‍
അവള്‍ ശയിക്കുന്നു!

നമുക്കു സഹതപിച്ചു കൂട;
ഏതോ ഉന്നത ലക്ഷൃങ്ങളെ മുന്‍ നിര്‍ത്തിയാണ്,
ദൈവം അവളെയും സൃഷ്ടിച്ചത് !

അപ്പോള്‍....

നമുക്കു ഉന്നത ലക്ഷൃങ്ങളെക്കുറിച്ചു സംസാരിക്കാം;
ദൈവം, സൃഷ്ടി, മോക്ഷം, ആത്മാവ്,
സ്വര്‍ഗ്ഗം, നരകം, പുനര്‍ജ്ജന്മം,
പിന്നെ മണ്ണാങ്കട്ട, കരിയില-
അങ്ങനെയങ്ങനെ.............!




ശിലാബലം


അംബര ചുംബിത സൗധങ്ങള്‍
‍നാഗരിക സുഖ ഭവനങ്ങള്‍

മാനുഷ സവിശേഷ ബുദ്ധിയ്ക്കേതും
വഴങ്ങും കരവിരുതുകളാല്‍
പടുത്ത നൂതന നിര്മിതികള്‍
‍സമൃദ്ധമുന്നത സംസ്കൃതികള്‍
നഗരത്തിന്‍ ഉടയാടകള്‍

എല്ലാം ശിലയിലുറയ്ക്കുന്നു
ശിലയതു മണ്ണിലുറയ്ക്കുന്നു

മണ്ണിലുറച്ചൊരുരുക്കിനുറപ്പിനെ
പോര്‍ക്കുവിളിച്ചൊരു മര്‍ത്ത്യകരുത്തിനെ
കാഠിനമാലെതിരിട്ടു മിരട്ടി
തീത്തരി ചീറ്റിയെറിഞ്ഞിട്ടും

തോറ്റൊരു ശിലകളെ ഖണ്ടമടുക്കി
ചുമലില്‍ നിറയെ ചുമടുകളും.....!

യന്ത്രം വന്നതു പിന്‍ നാളുകളില്‍
കൂടമടിച്ചു തളര്‍ന്ന കരുത്തന്‍
‍താഴെ നിലത്തിന്നും നിന്നു കിതയ്ക്കുന്നു

യന്ത്രം കണ്ടു ചിരിയ്ക്കുന്നു
നാഗര കേളികള്‍ തുടരുന്നു !




കാലത്തിന്‍ കോലം

കാലമെന്‍ കണ്മുന്നില്‍
പല്ലിളിച്ചു നില്‍ക്കുന്നു;

ചെമ്പു തേച്ച തലമുടി
പാക്കുപൊടി വച്ച വായ്
കറപിടിച്ച പല്ലുകള്‍

കാതില്‍ കടുക്കന്‍
ചുവപ്പിച്ച കണ്ണുകള്‍
കഴുത്തില്‍ പുലിനഖം

ചരടുകളുടെ ജഗപൊക !

കയ്യിലെന്തോ പച്ചകുത്ത്

വള, വളയം
വലിച്ചിറുക്കിയ വള്ളികള്‍
മുറിയ്ക്കാത്ത നഖങ്ങള്‍;

ഒട്ടിയ ചട്ടയില്‍
ചിട്ടയില്ലാത്ത ആംഗലേയമുദ്ര-

' ബാഡ്‌ ബോയ് ' !

ചേറിന്‍ നിറമുള്ള കാലസറയില്‍
നിറയെ- മുകള്‍തൊട്ടടിവരെ
ശൂന്യമായ പോക്കെറ്റുകള്‍-

അടിപൊളി, ആഷ്ബുഷ്!

കാലത്തിന്‍ കോലം
കാലന്‍റെ പുതുമോടി !



നഗ്നന്‍

പുതുമയുടെ പുകിലുകള്‍
മടുത്തപ്പോള്‍
‍പഴമയിലേയ്ക്കുതന്നെ മടങ്ങി

പുതുമകളുമായി പൊരുത്തപ്പെട്ടവര്‍
ഉച്ചത്തില്‍
‍കൂകി വിളിച്ചപ്പോള്‍ -

അപ്പോള്‍ മാത്രമാണ്,
ഞാനെന്നെ ശരിയ്ക്കും
ശ്രദ്ധിച്ചത് ;

ഞാന്‍.........
ഞാന്‍ നഗ്നനായിരുന്നു !



ഭീകരന്‍

ഞാന്‍ കൊടും ഭീകരനാണ്
എന്‍റെ ഭാവം ഭയാനകമാണ്
എന്‍റെ ഭാഷണം കഠോരമാണ്
എന്‍റെ രോദനം ചിരിയാണ്
എന്‍റെ ചിരി ഗര്‍ജ്ജനമാണ്
എന്‍റെ നയം ഹിംസയാണ്
എന്‍റെ അരയില്‍ തോക്കാണ്
എന്‍റെ ഉള്ളില്‍ തീയാണ് !



ക്ഷീണം

നിണവാസന പൂശിയ മണ്ണില്‍
പദമൂന്നി നടന്നു തളര്‍ന്നു
വഴിയേറെ നടന്നു കഴിഞ്ഞു
നിലയറിയാതെ കിതച്ചു

തണല്‍ തേടിയിരുന്ന മരത്തിന്‍
ഇലകളുലഞ്ഞു കൊഴിഞ്ഞു
മേലാകെ തപിച്ചുമിരുന്നു
മേലങ്കി വിയര്‍ത്തു മുഷിഞ്ഞു

കുളിര്‍കാറ്റു കൊതിച്ചതു വെറുതെ
ഇനി മേലിലുമാമാശ നിലയ്ച്ചു
മനസാക്ഷിയുമാകെ മടുത്തു
മനശൂന്യതയാലെ മയങ്ങി



ശരണം


പ്രജതതി ശരണം കുലപതി
കുലപതി ശരണം പ്രജതതി
പ്രജതതി ഭരണം കുലപതി ഭരണം
പ്രജതതി പതനം കുലപതി മദനം



ഞാന്‍

ഞാന്‍ കുതിര്‍ന്ന പുസ്തകത്തിലെ
അടഞ്ഞ അദ്ധ്യായം !

ഞാന്‍ മറിച്ച താളുകളിലെ
മറന്ന വരികളില്‍
കുടിയിരിക്കുന്നു ;

മറന്ന വരികള്‍ മറിച്ചു നോക്കാതെ
പുതിയ അധ്യായങ്ങളില്‍
വിഷയമാകുവാന്‍
ഞാനില്ല !





പ്രപഞ്ചം



ഈ അനന്തമാം വിശാല വിശ്വമൊക്കെയും
മായയല്ല കേവലം മിഥ്യയല്ല കേള്‍
കണ്ണു കൊണ്ടു കണ്ടറിഞ്ഞിടുന്ന സത്യം
സ്വപ്നമല്ലിതര്‍ത്ഥമുള്ള ജീവിതം

അഷ്ടമഗ്രഹങ്ങളും ഉപഗ്രഹങ്ങളും
സമുജ്ജ്വലിച്ചു നിന്നിടുന്ന സുര്യ തേജസ്സും
മറ്റനന്ത കോടി താരകാ ഗണങ്ങളും
എപ്രകാരമാരു തീര്‍ത്തിതൊക്കെയും .....?

ദൈവ സൃഷ്ടമെന്നു വേദ പുസ്തകങ്ങളും
കാര്യ കാരണങ്ങള്‍ കണ്ടു ശാസ്ത്രവും
ഉല്‍ഭവത്തിനുത്തരങ്ങളെത്ര നല്‍കിലും
ചഞ്ചല പ്രപഞ്ചമെന്തൊരല്‍ഭുതം!

മേലെ നീല വാനമുണ്ടു നോക്കുകില്‍
ചെന്നു ചെന്നുചെന്നെത്രയെത്തുമെങ്കിലും
കൈ തൊടാനൊക്കുകില്ല ശൂന്യമെന്നതും
മായയല്ല കേവലം മിഥ്യയല്ല

മായയാകിലും, മിഥ്യയാകിലും ,സത്യമാകിലും
കാര്യകാരണങ്ങളെത്രയുണ്ടെങ്കിലും
സത്യമായനുഭവിച്ചറിഞ്ഞിടുന്നൊരീ
ചഞ്ചല പ്രപഞ്ചമെന്തൊരദ്ഭുതം!

എന്തൊരദ്ഭുതം.......എന്തൊരദ്ഭുതം.....
ചഞ്ചല പ്രപഞ്ചമെന്തൊരദ്ഭുതം.....!




പുസ്തകത്താളുകള്‍


പുസ്തകത്താളുകള്‍ക്കുള്ളില്‍
അഗ്നി,യക്ഷര ലക്ഷം പരത്തും
അറിവിന്‍ പ്രകാശം തെളിയ്ക്ക്
അക്ഷരം കൂട്ടിവായിക്ക്

അജ്ഞത തന്നന്ധകാരം
മാറ്റി മനസ്സു തെളിയ്ക്ക്

നിന്‍റെ മനസ്സു തെളിഞ്ഞാല്‍
നിന്‍റെ നോക്കും വാക്കും പ്രവൃത്തിയും
എന്നുമെങ്ങും പ്രകാശം പരത്തും

ശാസ്ത്രം, തത്വം, ചരിത്രം, ഗണിതം,
കലാസാഹിത്യ സംസ്കാര സര്‍വ്വം ;
വിജ്ഞാന ശാഖകളെത്ര
ശാഖോപശാഖകളെത്ര!

എത്ര മഹാത്മാക്കള്‍ ദാര്‍ശനികര്‍
എത്ര തത്വങ്ങള്‍ പകര്‍ന്നു തന്നു
എത്രയോ ശാസ്ത്ര പ്രതിഭാ ധനന്മാര്‍
എത്ര കണ്ടെത്തല്‍ നടത്തി!

നിന്നെ നീയാക്കുവാനെത്ര മുന്‍ഗാമികള്‍
ചെഞ്ചോര ചിന്തി ചിന്തിയ്ക്ക്

ചരിത്രം തിരുത്തിക്കുറിയ്ക്കാന്‍
പാത നിനക്കായ് തെളിയ്ക്കാന്‍
എത്രപേര്‍ മൃത്യു വരിച്ചു!

ചോര മണക്കും ചരിത്രം
നിന്നില്‍ വന്നെത്തി നില്‍ക്കുന്നു
ഇനിയും തുടരും ചരിത്രം
ഇനി നീയേ കുറിയ്ക്ക് ചരിത്രം

എത്ര പ്രപഞ്ച ദുരൂഹതകള്‍
തിരഞ്ഞുത്തരം നല്‍കിയ ശാത്രം
ശാഖോപ ശാഖകളായി
നിത്യം വളരുന്നു ശാസ്ത്രം

ശാസ്ത്രം തെളിയിച്ച നിത്യ സത്യങ്ങള്‍
അന്ധ മനസ്സു തെളിയ്ക്കും

ജാതി മതാന്ധ തിമിരം
മാറ്റി മിഴികള്‍ തുറക്ക്‌
പുസ്തകത്താളു മറിയ്ക്ക്

ബദ്ധ വൈരത്തിന്‍റെ ക്രുദ്ധ മനസ്കത-
യെല്ലാമാടക്കിയൊതുക്ക്
സംഹാര ചിന്ത മറക്ക്

മിത്രമായ്‌ മിത്രത്തെ നേട്
മര്‍ത്ത്യ ബോധം കൈവരിക്ക് !
പുസ്തകത്താളു മറിയ്ക്ക്!

6 comments:

ഞാന്‍ ആചാര്യന്‍ said...

ഹാപ്പി ന്യൂയീയര്‍ 2009... :D

പകല്‍കിനാവന്‍ | daYdreaMer said...

കൂട്ടുകാരാ.. വളരെ നല്ല കവിതകള്‍... ഇതെല്ലാം വേറെ വേറെ പോസ്റ്റുകള്‍ ആക്കാമായിരുന്നു...ആശംസകള്‍...നല്ല എഴുത്തുകള്‍ പിറക്കട്ടെ...

sreeNu Lah said...

പുതുവത്സരാശംസകള്‍

B Shihab said...

പുതുവത്സരാശംസകള്‍

പാവത്താൻ said...

കവിതകൾ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും ആദ്യത്തെ രണ്ടെണ്ണം; ഹൃദയഭൂമിയും മുത്തശ്ശിയും. ഇത്രയുമെണ്ണം ഒന്നിച്ചു പോസ്റ്റ്‌ ചെയ്യാതെ പല പോസ്റ്റുകളാക്കിയാൽ നന്നായിരുന്നു

naakila said...

nalla kavithakal
pakalkinavan paranja pole vere vere postkal aakkamayirunnu
Nice Collections

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...