തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചാൽ സ. വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും.പക്ഷെ ഒരിക്കലും തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗികമായി പറയാൻ സി.പി.ഐ (എം)-നു കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. ഒരു കാലത്തും മുഖ്യമന്ത്രി ആരാകുമെന്ന് മുൻ കൂട്ടി ഔദ്യോഗികമായി പറഞ്ഞ് ചരിത്രവുമില്ല. യു.ഡി.എഫിനും അതിനെ നയിക്കുന്ന കോൺഗ്രസ്സിനും പോലും തെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങൾ ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നതാണ് സത്യം. ഇരു മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും ചില സൂചനകൾ കണ്ട് ജനങ്ങൾക്ക് മനസിലാക്കാം. ആര് മുഖ്യമന്ത്രിയാകും, ആര് പ്രതിപക്ഷ നേതാവാകും എന്നൊക്കെ.
ഇപ്പോൾതന്നെ സ.വി.എസിനു മത്സരിക്കാൻ സീറ്റ് നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ ജനങ്ങളിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു. അതിനു ചില കാരണങ്ങളും ഉണ്ട്. പക്ഷെ എങ്ങനെയായാലും അദ്ദേഹം സ്ഥാനാർത്ഥി ആകുക തന്നെ ചെയ്തു. ജനാധിപത്യം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ജനഹിതം പരിഗണിക്കപ്പെടതെ പോകില്ലെന്നതിന്റെ തെളിവാണത്. പാർട്ടിയിൽ പല വിഷയത്തിലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അതുകൊണ്ട് ഏതൊരു കാര്യത്തിലും എല്ലാവർക്കും ഇഷ്ടമുള്ള ഒരു തീരുമാനം എടുക്കണം എന്നു വച്ചാൽ അത് നടക്കില്ല. കൂട്ടായി ഒരു പൊതു തീരുമാനത്തിൽ എത്തുകയേ നിവൃത്തിയുള്ളൂ. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്യും. അതാണു സി.പി,ഐ (എം)
എന്നാൽ ഇരുമുന്നണികളിൽ ഏത് ജയിച്ചാലും ആര് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവർക്കും ഊഹിക്കാനും കഴിയും. ആ ഊഹം സാധാരണ നിലയിൽ തെറ്റാറില്ല. ഇത് നമ്മുടെ മാദ്ധ്യമങ്ങൾക്ക് അറിയാത്തതല്ല. എന്നാൽ ഇപ്പോഴും ഇടതുമുന്നനി ജയിച്ചാൽ ആര് മുഖ്യമന്ത്രി ആകുമെന്ന് സി.പി.എം നേതാക്കളുടെ ഓരോരുത്തരുടെയും പുറകെ നടന്ന് ചോദിച്ച് ശല്യം ചെയ്യുകയാണ് മാധ്യമപ്രവർത്തകർ. ഈ ഒരു വിഷയത്തിന്റെ പുറകെ നടന്ന് ചീണ്ടുന്നതിനു പിന്നിലെ ദുരുദ്ദേശം സി.പി.എം നേതാക്കൾക്ക് അറിയാത്തതല്ല. പക്ഷെ ഔദ്യോഗികമായി മുൻ കൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമ്പ്രദായം സി.പി.എമ്മിൽ ഇല്ല.അതിന്റെ ആവശ്യവും ഇല്ല. കാരണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഉള്ള രാഷ്ട്രീയ സാഹചര്യങ്ങൾ എന്താണെന്ന് മുൻ കൂട്ടി ഉറപ്പിക്കാനാകില്ല. ഒക്കെ ജനങ്ങളുടെ കൈയ്യിലാണിരിക്കുന്നത്.
എന്നുവച്ച് എന്താണോ തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങൾ പ്രതീക്ഷിക്കുന്നത്, അതിൽ വലിയ വ്യത്യാസമൊന്നും വരാൻ സാദ്ധ്യതയുമില്ല.പ്രതീക്ഷകൾക്കപ്പുറത്ത് വലിയ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് ഇപ്പോൾ പറയുന്നതിൽ യാതൊരു യുക്തിയും ഇല്ല. ഇപ്പോൾ യഥാർത്ഥത്തിൽ യു.ഡി.എഫ് ജയിച്ചാലാണ് ആരു മുഖ്യമന്ത്രിയാകും എന്ന കാര്യത്തിൽ കൂടുതൽ സംശയം ഉണ്ടാകേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും മത്സരരംഗത്തുള്ളപ്പോൾ സ്വാഭാവികമയും ആ ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. എന്നാൽ നമ്മുടെ മാദ്ധ്യമങ്ങൾക്ക് എൽ.ഡി.എഫ് ജയിച്ചാലത്തെ മുഖ്യമന്ത്രി ആരെന്ന് അറിയാനേ താല്പര്യമുള്ളൂ. സംഗതി ദുരുദ്ദേശപരം തന്നെ. വി.എസ്. മുഖ്യമന്ത്രിയാകും എന്ന് ഉറപ്പില്ലാത്ത ഒരു അവസ്ഥ സൃഷ്ടിച്ച്, അത് പ്രചരിപ്പിച്ച് ജനങ്ങളിൽ ഒരു വികാരമുണ്ടാക്കി അവരെ എൽ.ഡി.എഫിനെതിരെ തിരിച്ച് യു.ഡി.എഫിനെ സഹായിക്കുക എന്നതാണ് ആ ദുരുദ്ദേശം.
പക്ഷെ ഒന്നുള്ളത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിതന്നെ ഈ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്നും, മുഖ്യമന്ത്രി ആരാകും എന്നതിലേ സംശയമുള്ളൂ എന്നും ഒരു ധ്വനി മാദ്ധ്യമങ്ങൾ നൽകുന്നുണ്ട്. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് അവർക്ക് ഉറപ്പാണ്. ഇത്രയൊക്കെ ആകാമെങ്കിൽ ഇനി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലും സി.പി.എമ്മിനു തെറ്റൊന്നും സംഭവിക്കില്ല. പക്ഷെ സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ മുഖ്യമന്ത്രി ആരാകും എന്നു വ്യക്തമാക്കണം എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ചർച്ചകളെ ഒരു വിഷയത്തിലേയ്ക്ക് മാത്രം കേന്ദ്രീകരിപ്പിക്കുവാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് മാദ്ധ്യമങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടേണ്ട ഗൌരവമേറിയ ഒട്ടേറെ കാര്യങ്ങൾ ഉള്ളപ്പോൾ അതിൽനിന്നൊക്കെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ബോധ പൂർവ്വമായ ശ്രമമാണ് ഇതുവഴി നടക്കുന്നത്. ജാഗ്രത!
പക്ഷെ രക്ഷയില്ല. മാദ്ധ്യമങ്ങളും മാദ്ധ്യമവിചാരക്കാരും, രാഷ്ട്രീയ നിരീക്ഷകരും ഒക്കെ അറിയാതെ പറഞ്ഞു പോകുന്നുണ്ട് ഇത്തവണ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്. ചില സത്യങ്ങൾ അങ്ങനെയാണ്. എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം മറനീക്കി പുറത്തുവരും. ചിന്തിക്കുന്ന ആർക്കും ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരാനുള്ള സാദ്ധ്യതയെ നിഷേധിക്കാൻ കഴിയില്ല. ഇപ്പോൾ എല്ലാം കൊണ്ടും കാര്യങ്ങൾ അങ്ങനെയാണ്. ഇത് എഴുതി തീർന്നപ്പോൽ മനോരമ ചാനലിൽ ഗ്രൌണ്ട് റിയാലിറ്റി ഷോയിൽ അവർ നടത്തിയ അഭിപ്രായ സർവ്വേയുടെ ഫലം പറയുന്നുണ്ടായിരുന്നു.
പ്രസ്തുത ചാനൽ സർവ്വേയിൽ ഒന്നാം സ്ഥാനം ആരോഗ്യവകുപ്പും, രണ്ടാം സ്ഥാനം വ്യവസായ വകുപ്പും മൂന്നാം സ്ഥാനം ധനകാര്യവകുപ്പും നാലാം സ്ഥാനം ഭക്ഷ്യ വകുപ്പും ആണത്രേ. എന്തായാലും സമസ്ത മേഖലയിലും മുമ്പെങ്ങുമില്ലാത്ത നേട്ടങ്ങൾ ഈ ഗവർണ്മെന്റ് ഉണ്ടാക്കി എന്ന് മനോരമ ചാനൽ പോലും പരോക്ഷമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇതിനൊക്കെ ഒരു അംഗീകാരം എന്ന നിലയിൽ ഇപ്പോൾ എൽ.ഡി.എഫിനു ഒരവസരം കൂടി കൊടുക്കണമെന്നാണ് ഈയുള്ളവന് അഭ്യർത്ഥിക്കുവാനുള്ളത്. നല്ല ഭരണത്തിന് ഒരു പ്രോത്സാഹനം എന്ന നിലയിലെങ്കിലും!
No comments:
Post a Comment