ബ്ലോഗ് പത്രം രണ്ടാം ലക്കം പ്രകാശനവും ബ്ലോഗ് മീറ്റും
ഇ.എ.സജിം തട്ടത്തുമല
ദിവസവും രണ്ടായിരത്തിലധികം ഹിറ്റുകളുമായി ബൂലോകം ഓണ്‍ലെയിന്‍ ജൈത്ര യാത്ര തുടരുകയാണ്. ഉറച്ച കാല്‍വയ്പുകളോടെയും തികഞ്ഞ ലക്ഷ്യ ബോധത്തോടെയും അര്‍പ്പണമനോഭാവത്തോടെയുമാണ് അവനവന്‍ പ്രസാധന രംഗത്തെ ഈ കൂട്ടുസംരംഭം ആരംഭിച്ചത്. വെറുമൊരു എഴുത്തകം എന്നതിലുപരി ബൂലോകത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയും വികാസവും ബൂലോകം ഓണ്‍ലെയിന്‍ ലക്ഷ്യമിടുന്നു. ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവും ആക്കി തീര്‍ക്കുന്നതിനെക്കുറിച്ചും, മലയാള ഭാഷയെയും സാഹിത്യത്തെയും നില നിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും ബൂലോകത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ബൂലോകം ഓണ്‍ലെയിന്‍ മനനം ചെയ്യുന്നു. ബൂലോകത്തിനു പുറത്തു നില്‍ക്കുന്നവര്‍ക്കു കൂടി ബൂലോകത്തിന്റെ സന്ദേശം എത്തിക്കുവാനും പ്രതിജ്ഞാബദ്ധമാണ് ബൂലോകം ഓൺലൈൻ. അതിനുള്ള ഒരു നല്ല സംരംഭമാണ് ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രമായ ബൂലോകം ഓൺലൈൻ. ഇത് ബൂലോകത്തെ എഴുത്തുകളെയും എഴുത്തുകാരെയും ബൂലോകത്തിനു പുറത്തുള്ളവര്‍ക്കു കൂടി അച്ചടി മാധ്യമം വഴി പരിചയപ്പെടുത്തുന്നു. ഇതുവഴി ബ്ലോഗിംഗിനെ കുറിച്ച് മനസിലാക്കി കൂടുതല്‍ ആളുകള്‍ ബ്ലോഗ്ഗര്‍മാരായി ബൂലോകത്തേയ്ക്ക് കടന്നുവരാനും വഴിയൊരുങ്ങും. ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനവും, ബ്ലോഗ് അവാര്‍ഡ് ദാനവും, ബ്ലോഗ് മീറ്റും തിരുവനന്തപുരത്ത് 2010 ഡിസംബർ 30-ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു.
സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.
മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാര്‍ത്തത്തില്‍ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.
ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. കഥകളും കവിതകളും മാത്രമല്ല, കാര്‍ട്ടൂണുകളും , സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങളും, സ്വന്തം ക്യാമറ കൊണ്ട് എടുക്കുന്ന ഫോട്ടോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസുദ്ധീകരിക്കുവാന്‍ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍ നെറ്റ് അമ്പൊടുങ്ങാത്ത ആവനാഴി പോലെ വായനയുടെ അനന്ത സാധ്യതകള്‍ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്ന് ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.
മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. പോഡ് കാസ്റ്റിംഗിനുള്ള സൌകര്യം ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.
നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.
ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രമായാല്‍ പോര. ബ്ലോഗ്മീറ്റുകളില്‍ ബ്ലോഗര്‍മാരല്ലാത്തവരെ സാധാരണ കണ്ടുവരാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗര്‍മാര്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.
ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം ഇ-സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. ഇ-ലോകം എല്ലാവരുടെയും ലോകം ആകണം. ബ്ലോഗിംഗിന്റെ വളര്‍ച്ചയ്ക്ക് ആത്മാര്‍ത്ഥമായ ചില കര്‍മ്മ പരിപാടികളുമായി ബൂലോകം ഓണ്‍ലെയിന്‍ മുന്നോട്ടു പോവുകയാണ്. ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ദൌത്യത്തിലാണ് ബൂലോകം ഓണ്‍ലെയിന്‍. ബ്ലോഗിംഗിനെ കുറിച്ച് ഇനിയും അറിയാത്തവരിലേയ്ക്ക് ഇതിന്റെ ബൂലോകത്തിന്റെ സന്ദേശം എത്തിക്കുക എന്നതു തന്നെയാണ് ഇതില്‍ പരമപ്രധാനം. അതിനുള്ള ദൌത്യങ്ങളില്‍ ഒന്നാണ് ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രം. ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം വിതരണത്തിന് തയ്യാറായിരിക്കുകയാണ്. ബ്ലോഗുകളില്‍ വരുന്ന നല്ല പോസ്റ്റുകള്‍ അച്ചടി രൂപത്തില്‍ പ്രസിദ്ധീകരിക്കുക വഴി ബൂലോകത്തിനു പുറത്തുള്ളവര്‍ക്ക് കൂടി അവ വായിക്കുവാന്‍ അവസരം ലഭിക്കുന്നു. ഇത് ബ്ലോഗെഴുത്തുകാരെ പുറം ലോകത്തിനു കൂടി പരിചയപ്പെടുത്താന്‍ സാഹചര്യം ഒരുക്കുന്നു. ഒപ്പം ബൂലോകത്ത് എന്ത് സംഭവിക്കുന്നു എന്ന് പുറം ലോകം കൂടി അറിയുന്നു. ബ്ലോഗുകള്‍ക്ക് ഇതിലൂടെ കൂടുതല്‍ പ്രചാരം ലഭിക്കും. കൂടുതല്‍ പുതുമുഖങ്ങള്‍ ഇതുവഴി ബൂലോകത്തേയ്ക്ക് കടന്നുവരാന്‍ ഇതുപകരിക്കും. അതുതന്നെയാണ് ലക്ഷ്യവും.
ബ്ലോഗിനെ ജനകീയവല്‍ക്കരിക്കാന്‍ പല കര്‍മ്മപരിപാടികളും ബൂലോകം ഓണ്‍ലെയിന്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനം, ബ്ലോഗ് അവാര്‍ഡ് ദാനം എന്നീ പരിപാടികള്‍ക്കൊപ്പം ഒരു ബ്ലോഗ്മീറ്റ് കൂടി സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സാധാരണ ബ്ലോഗ് മീറ്റുകളില്‍ നിന്നും വ്യത്യസ്ഥമായി ബ്ലോഗര്‍മാരല്ലാത്തവരെ കൂടി പങ്കെടുപ്പിച്ച് അവരിലേയ്ക്കു കൂടി ബൂലോകത്തെ പരിചയപ്പെടുത്തണമെന്ന ആഗ്രഹമാണ് ബൂലോകം ഓണ്‍ലെയിന്‍ പ്രവര്‍ത്തകര്‍ക്കുള്ളത്. ഇതിനകം ബൂലോകത്ത് എത്തിപ്പെട്ടവരുടെ മാത്രം കൂട്ടായ്മകളായിട്ടാണ് ഇപ്പോല്‍ മിക്ക ബ്ലോഗ് മീറ്റുകളും മാറുന്നത്. അത്തരം മീറ്റുകള്‍ വേണ്ട എന്നല്ല, അതും ഒക്കെ അതാതിന്റെ വഴിക്കു നടക്കട്ടെ. എന്നാല്‍ പുതിയ ബ്ലോഗര്‍മാരെ സൃഷ്ടിക്കുന്നതിനും ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവുമായ ഒരു മാധ്യമമാക്കി വളര്‍ത്തുന്നതിനും ഉള്ള ശ്രമങ്ങളും ബൂലോകത്ത് എത്തിപ്പെട്ടവര്‍ ചെയ്യേണ്ടതാണ്. ബ്ലോഗിംഗിനെ ഗൌരവബുദ്ധ്യാകൂടി സമീപിക്കേണ്ടതിന്റെ ആവശ്യകതയും ബൂലോകം ഓണ്‍ലൈന്‍ ഉള്‍ക്കൊള്ളുന്നു. ഈ വഴിയ്ക്ക് ബൂലോകം നടത്തുന്ന കര്‍മ്മ പരിപാടികള്‍ക്ക് ഏവരുടെയും സഹകരണം ബൂലോകം ഓൺലൈൻ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.