എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Thursday, February 2, 2012

മടക്കം

മടക്കം

ഞാനെന്റെ പ്രണയം പകർന്നു വച്ചു
ദാഹിച്ചുവന്നവൾ കുടിച്ചു വറ്റിച്ചു
പിന്നെപ്പകരുവാൻ ഒന്നുമുണ്ടായില്ല
ഒക്കെ ഞാൻ ഊറ്റിപ്പകർന്നതിനാൽ!

ദാഹമൊടുങ്ങാതെ പോയവൾ പിന്നെയും
ഉപ്പു രുചിച്ചു കടലുവറ്റിയ്ക്കുവാൻ
ഈരേഴുലോകവും മൊത്തിക്കുടിച്ചവൾ
പാരവശ്യത്താൽ മടങ്ങിവന്നെന്നിൽ.

ബാഷ്പമായ് മാറുവാൻ തന്നെയോ പിന്നെയും
ഈറൻനദിമിഴിചോപ്പുമായെന്നുടെ
ഉരുകുന്നൊരുള്ളിലെയൂഷരഭൂവിലെ തീക്കനൽ-
ച്ചൂളയിലാർത്തയായ് വന്നവൾ!

ഇനിയെന്ത് ലാവ്‌ലിൻ?

ഇനിയെന്ത് ലാവ്‌ലിൻ?

ഡോ.ടി.എം. തോമസ് ഐസക്കിന്റെ പുസ്തകത്തെ ആധാരമാക്കി എഴുതിയ ഈ ലേഖനം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശ്വമാനവികം 1 -ലും വായിക്കാം.

ഇനിയെന്ത് ലാവ്‌ലിൻ?



ഇനിയെന്ത് ലാവ്‌ലിൻ ?


ആദ്യംതന്നെ
സി.പി.ഐ.എമ്മിനും സ. പിണറായി വിജയനും എതിരെ ലാവ്ലിൻ കേസ് ആഘോഷമാക്കിയ മാധ്യമസുഹൃത്തുക്കളോട്,

നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല. ഓർക്കാൻ നിങ്ങൾ ഇഷ്ടപ്പെടാൻ ഇടയില്ലാത്തതുകോണ്ട് ഓർമ്മകൾ നിങ്ങളിലേയ്ക്ക് കടന്നുവരാനും ഇടയില്ല. പക്ഷെ ഞങ്ങൾക്ക് കഴിഞ്ഞതൊന്നും അത്രയ്ക്കങ്ങോട്ട് മറക്കാൻ കഴിയില്ല. കാരണം നിങ്ങൾ ഞങ്ങൾക്കു വാമൊഴിയായും വരമൊഴിയാലും പറഞ്ഞുതന്ന ആ കെട്ടുകഥകളുണ്ടല്ലോ; നിങ്ങൾ ഒരേതൂവൽപക്ഷികളായ പലരാൽ പലവിധത്തിൽ വിരചിതമായതായിരുന്നു ആ കഥകളൊക്കെ. എങ്കിലും എല്ലാവരുടെയും ലക്ഷ്യം ഒന്നാകയാൽ, പലപ്പോഴും അവ നിങ്ങൾ പരസ്പരപൂരിതമാക്കി “അനുവാചകരെ”കോൾമയിർകൊള്ളിച്ചതാണ്. ഓരോ ദിവസവും തുടർച്ചയായി വരുന്ന കഥകൾക്കായി തുടരൻ ക്രൈം ത്രില്ലറുകൾ വായിക്കുവാനുള്ള സസ്പെൻസോടെ ജനം കാത്തിരുന്ന ആ കാലം ആർക്കാണ് പെട്ടെന്ന് മറക്കാനാകുക?

നിങ്ങൾ ഒരു വലിയ കെട്ടുകഥയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന ബോധം പലപ്പോഴും നമുക്ക് നഷ്ടപ്പെട്ടുപോകുന്നത്ര വിദഗ്ദ്ധമായാണ് നിങ്ങൾ അവ പറഞ്ഞുകൊണ്ടിരുന്നത്. പലപ്പോഴും ഈ നുണക്കഥയുടെ മാനസികലയനത്തിൽ നിന്ന് മോചിതമായി സ്ഥലകാലബോധം വീണ്ടെടുക്കുവാൻ ഞങ്ങള്‍ വളരെ പാടുപെടുന്നുണ്ടായിരുന്നു. നിങ്ങൾക്കിഷ്ടപ്പെടാത്ത ജിവിച്ചിരിക്കുന്ന ചില മനുഷ്യരെയും, നിങ്ങൾ ഇഷ്ടപ്പെടാത്ത ഒരു പ്രസ്ഥാനത്തെയും കേന്ദ്രബിന്ദുവാക്കിയായിരുന്നുവല്ലോ നിങ്ങളുടെ കഥാനിർമ്മിതി. ജീ‍വിച്ചിരിക്കുന്ന മനുഷ്യരെ കഥാപാത്രങ്ങളാക്കി സാങ്കല്പിക കഥകൾ വിരചിക്കുന്ന ഒരു പുതിയ സാഹിത്യശാഖയ്ക്ക് രൂപം കൊടുക്കുകവഴി സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരങ്ങൾവരെ നിങ്ങള്‍ക്കു മൊത്തമായും നൽകേണ്ടതാണ്! ഈ പുതിയ സാഹിത്യ ശാഖയ്ക്ക് “ലാവ്‌ലിനോവൽ” എന്നോ മറ്റോ പേർ നൽകാവുന്നതാണ്.

ഈ നുണക്കഥകളുടെ ആരോഹണാവരോഹണങ്ങൾ സധാരണ കമ്മ്യൂണിസ്റ്റ്വിരുദ്ധരിൽ മാത്രമല്ല, ഷണ്ഡന്മാരായ കമ്മ്യൂണിസ്റ്റ്‌ ‌വിരുദ്ധരിൽ ‌‌ പോലും പലതവണ രതിമൂർച്ഛയുണ്ടാക്കുകവഴി നിങ്ങൾ അക്ഷരങ്ങളുടെ അനന്തമായ രതിസാധ്യതകളെയും അങ്ങേയറ്റം പ്രയോജനപ്പെടുത്തിയവരാണ്. ഭാവിയിലെ മാധ്യമ വിദ്യാർത്ഥികൾക്ക് ശൂന്യതയിൽ നിന്നും വാർത്തകളുണ്ടാക്കി ഉദരപൂരണം നടത്താൻ പര്യാപ്തമായ ഒരു പഠന പ്രോജക്ടിനു നൽകാവുന്ന ഒന്നാന്തരം വിഷയമായിരിക്കും ലാവ്ലിൻ കഥ. അസഹിഷ്ണുതയും വിദ്വേഷവും വ്യക്തിഹത്യയുമെല്ലാം മാധ്യമത്തൊഴിലിന്റെ ഭാഗമായിത്തന്നെ എങ്ങനെ കൊണ്ടാടാം എന്നതിനും ഇതിലും വലിയ ഒരു ദൃഷ്ടാന്തകഥ വേറെയില്ല.

ലാവ്‌ലിൻ വാർത്താഫാക്ടറികൾ പൂട്ടുന്നു

ഒടുവിൽ പക്ഷെ കഥയുടെ ക്ലൈമാക്സ്മാത്രം അതിന്റെ സൃഷ്ടാക്കളുടെ വരുതിയിൽ നിൽക്കാതെ പോയി. ജീവിച്ചിരിക്കുന്നവരിൽ കഥാപാത്രങ്ങളെ ആരോപിച്ച് അഥവാ കഥാപാത്രങ്ങളിൽ ജീ‍വിച്ചിരിക്കുന്നവരെ ആരോപിച്ച് കഥയെഴുതുമ്പോൾ അങ്ങനെയൊരു ദുര്യോഗം സംഭവിക്കാമെന്നത് അതിന്റെ സ്രഷ്ടാക്കൾക്കും ആസ്വാദകർക്കും ഒരു അനുഭവപാഠം കൂടിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന അന്തിമോല്പന്നം (ഫൈനൽ പ്രോഡക്ട്) ഇവിടെ ഉല്പാദകർക്ക് ലഭിക്കാതെ പോയി. എന്നാൽ ഉല്പാദനപ്രവർത്തനങ്ങളുടെ മറ്റ് ഘട്ടങ്ങളിൽ ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു എന്നത് സമ്മതിക്കാതിരിക്കാതെ വയ്യ! അന്തിമലക്ഷ്യം നേടാനാകാത്തതിന്റെ ചെരിക്ക് ഇനി ഇവർ എങ്ങനെയാണ് തീർക്കുക എന്നറിയില്ല. അതിനി കാത്തിരുന്ന് കാണുക!

അനന്തരം ഇപ്പോൾ ലാവ്ലിൻ വാർത്താഫാക്ടറികൾ രോഗഗ്രസ്ഥമായ സ്ഥിതിയിലല്ല ; എങ്കിൽ പുനരുജ്ജീവിപ്പിക്കാമായിരുന്നു. ഇതിപ്പോൾ വിഭവലഭ്യത (റിസോഴ്സ് അവെയിലെബിലിറ്റി) ) ഇല്ലാതെ അവ ഒന്നൊന്നായി പൂട്ടിക്കെട്ടേണ്ടി വന്നിരിക്കുന്നു. ആവർത്തനശേഷിയില്ലാത്ത ഒരു വിഭവം എന്നതിനാൽ ലാവ്ലിനെ ഇനി പുനർ:നിർമ്മിക്കുവാനും കഴിയില്ല. ഇടതുവിരുദ്ധ മീഡിയകളുടെ അണ്ടർ ഗ്രൌണ്ടുകളിൽ പ്രവർത്തിച്ചിരുന്ന ഈ നുണനിർമ്മാണ ഫാക്ടറികളിലെ സ്വാഭാവിക വിഷമാലിന്യങ്ങൾകൊണ്ട് ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നവർക്ക് ആര്, എന്ത് നഷ്ടപരിഹാരം നൽകുമെന്നത് ചിന്താവിഷയമാണുതാനും. ഒരു പ്രായശ്ചിത്തം കൊണ്ടെങ്കിലും ആധുനിക മീഡിയാ പ്രൊഫഷണലിസത്തിന്റെ ചെളിക്കുണ്ടിൽ ആണ്ടുപോയവർ ഈ ചെയ്തുകൂട്ടിയ പാപങ്ങൾ കഴുകിക്കളയുമോ എന്നു ചോദിക്കുന്നില്ല. കാരണം ആന്തരികമായ വൃത്തിയും വെടിപ്പുമല്ല, ബാഹ്യമായ മോടികളാണല്ലോ അധുനിക മുതലാളിത്തജീവിതത്തിന്റെ ഉദാത്ത മാതൃകകൾ!

മാധ്യമമാഫിയകൾ

കമ്മ്യൂണിസ്റ്റ് വിരുദ്ധരും അവരുടെ കുഴലൂത്തുകാരായ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ മുതലാളിമാരും അവരുടെ കൂലിയ്ക്കെഴുത്തുകാരും എല്ലാംകൂടി ചേർന്ന സിഡിക്കേറ്റല്ല; ഒരു അധോലോക മാധ്യമമാഫിയയാണ് ആധുനിക മീഡിയാ പ്രൊഫഷണലിസത്തിന്റെ ലേബലിൽ ഇവിടെ വളർന്നുകൊണ്ടിരിക്കുന്നത്. അവരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർ അവർക്കിഷ്ടമില്ലാത്ത അഥവാ‍ അവരുടെ താല്പര്യങ്ങൾക്ക് എതിരു നിൽക്കുന്ന ജനനേതാക്കളോ പ്രസ്ഥാനങ്ങളോ മാത്രമായിരിക്കില്ല്ല്ല, സമൂഹത്തിൽ ആർക്കും എപ്പോഴും അവരിൽ നിന്ന് ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിക്കാം. കാരണം കൊട്ടേഷൻ സംഘങ്ങൾക്ക് ശത്രു തന്റെതന്നെയാ‍കണം എന്നില്ലല്ലോ. അവർക്കതൊരു കൂലിവേലയാണ്. അവരുടെ പ്രൊഫഷൻ! ആയുധം കൊണ്ടുമാത്രമല്ല മനുഷ്യനെ ആക്രമിക്കുവാൻ കഴിയുക എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. മാധ്യമമാഫിയകൾ അക്ഷരങ്ങളിൽ വിഷം പുരട്ടിയാണ് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അപകടപ്പെടുത്തുക!

ഉയർന്ന ജാഗ്രത പുലർത്തിയില്ലെങ്കിൽ നേരും നുണയും തിരിച്ചറിയാനാകത്ത, നന്മയും തിന്മയും വേർത്തിരിച്ചറിയാ‍നാകാത്ത, ചൂഷകരെയും ചൂഷിതരെയും തിരിച്ചറിയാനാകാത്ത ഒരു മാനസിക രോഗാവസ്ഥയിലേയ്ക്ക് സമൂഹത്തെയാകെ ഈ മാധ്യമമാഫിയകൾ കൂട്ടിക്കൊണ്ടുപോകും.

സ. പിണറായി വിജയൻ കുറ്റവിമുക്തനാകുമ്പോൾ

സി.ബി.ഐ അന്വേഷണത്തിൽ ശ്രീ. പിണറായി വിജയൻ ലാവ്ലിൻ കേസിൽ കുറ്റവിമുക്തമാക്കപ്പെട്ടിട്ട് ആ വാർത്ത നേരേ ചൊവ്വേ ഒന്ന് ജനങ്ങളിൽ എത്തിക്കാൻ പോലും ഈ “ “മാധ്യമധർമ്മവിചാരമൂർത്തികൾ” ക്ക് കഴിയാതെ പോയി! അഥവാ അവർ അതിനുള്ള സാമാന്യ മര്യാദ കാണിച്ചില്ല. സ. പിണറായി വിജയനും സി.പി.ഐ.എമ്മിനും ഗുണകരമായ യാതൊന്നും അവർക്ക് അക്ഷരങ്ങളിലൂടെ പ്രകടിപ്പിക്കാനാകില്ല. അതിന് അവരുടെ കൈയ്യും നാവുമൊന്നും എളുപ്പം വഴങ്ങില്ല. ഒരാൾക്കുമേൽ കുറ്റം ആരോപിക്കപ്പെടുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണ് അയാൾ കുറ്റവിമുക്തനാക്കപ്പെടുന്നത് എന്നത് ഇവിടുത്തെ ബൂർഷ്വാമാധ്യമപുംഗവന്മാർക്ക് അറിയില്ല. അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങൾ ഒരാളിൽ ഉണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളും മാനഹാനിയും കഷ്ടനഷ്ടങ്ങളും കുറച്ചൊക്കെ ഒഴിവായി കിട്ടുവാൻ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നതിലൂടെയും, ആ വിവരം മാലോകർ അറിഞ്ഞിരിക്കുന്നു എന്ന ബോധം ആ കുറ്റാരോപിതന് ഉണ്ടാകുന്നതിലൂടെയും സാധിക്കും. അതിന് കഴിയാതിരുന്നാൽ കുറ്റവിമുക്തനാക്കപ്പെട്ടാലും എന്നെന്നും ഒരു കുറ്റാരോപിതൻ എന്ന കളങ്കവുമായി കുറ്റാരോപിതൻ ജീവിക്കേണ്ടിയും വരും. ഇവിടുത്തെ ഈ മാധ്യമമാഫിയകളുടെ ദുരുദ്ദേശവും അതു തന്നെയായിരുന്നു.

സ.പിണറായി വിജയനെയും അദ്ദേഹത്തിലൂടെ സി.പി.ഐ.എമ്മിനെയും ഒരു കളങ്കം പൂശിവിടുക. പാർട്ടിയെയും അതിന്റെ ശക്തനായ ഒരു നേതാവിനെയും പ്രതിരോധത്തിലാക്കി ദുർബലപ്പെടുത്തുക. ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തുക. അതു വഴി യു.ഡി.എഫിനും കോൺഗ്രസിനും കുറച്ച് നേട്ടങ്ങളുണ്ടാക്കിക്കൊടുക്കുക. അത് മാത്രമായിരുന്നു ഉദ്ദേശം. അതിന് ഒരു നുണക്കഥ തട്ടിയുണ്ടാക്കി ഗീബൽസിയൻ തന്ത്രം പ്രയോഗിച്ച് മേമ്പൊടിയ്ക്ക് അനേകം ഉപകഥകളും ചേർത്ത് നിരന്തരം പ്രചരിപ്പിക്കുക. അതുവഴി അവരുടെ പ്രഖ്യാപിത ശത്രുവിനെ ഇല്ലാതാക്കുക. അതാണ് ലാവ്ലിൻ കേസിലും നടന്നത്. പക്ഷെ ഈ വെല്ലുവിളികളെല്ലാം സധൈര്യം ചെറുത്തു നിൽക്കാനുള്ള അതിജീവനശക്തി സ്വതവേ സി.പി.ഐ.എമ്മിനുണ്ട് എന്ന യാഥാർത്ഥ്യം ഈ ഇടതുവിരോധികൾ ഓർത്തിരിക്കേണ്ടതാണ്.

ഒന്നോർത്താൽ ഇത് പൊതുസമൂഹത്തിനാകെ ഒരു ചരിത്ര പാഠമാണ്. ഇടതുപക്ഷത്തിനെതിരെ ഇതുപോലെ ഉയർന്നുവരുന്ന ആരോപണങ്ങൾ വിശ്വസിച്ച് ആരോപണവിധേയരെ മുൻവിധിയോടെ കുറ്റക്കാരായി കാണുന്ന മനോഭാവത്തിൽനിന്ന് കുറച്ചുപേരെങ്കിലും മോചിതരാകും. സി.പി.ഐ.എമ്മും അതിന്റെ നേതാക്കളും ഇനിയും ഇതുപോലെ വേട്ടയാടപ്പെട്ടുകൂടെന്നില്ല. ഇല്ലാത്ത കഥകൾ പാർട്ടിയ്ക്കും പാർട്ടി നേതാക്കൾക്കും എതിരെ ഇനിയും മെനഞ്ഞെടുത്തുകൂടെന്നില്ല. അത്തരം മാധ്യമമാഫിയാ ആക്രമണങ്ങൾക്കെതിരെ പാർട്ടിയ്ക്കും അതിന്റെ നേതാക്കൾക്കും പൊതുസമൂഹത്തിനും കുറച്ചൊക്കെ ജാഗ്രത പുലർത്താൻ ലാവ്ലിൻ നുണക്കേസ് ഒരു ചരിത്രപാഠമാണ്.

സ.പിണറായി വിജയൻ കരുത്തനായ നേതാവ്

കേരളരാഷ്ട്രീയത്തിലെ കരുത്തുറ്റ ഒരു നേതാവാണ് സ.പിണറായി വിജയൻ. ആരെടാ എന്നു ചോദിച്ചാൽ ഞാനെടാ എന്ന് തന്റേടത്തോടെ പറയാൻ ചങ്കൂറ്റമുള്ള ഒരു നേതാവ്. ചളുവാ അടിയ്ക്കതെ കമ്മ്യൂണിസ്റ്റ്ബോധം സദാ ഉൾക്കൊണ്ട് സാധാരണവർത്തമാനം പോലും ഒതുക്കത്തിൽ അളന്നുതൂക്കി പറയുന്ന ഗൌരവവും പക്വതയുമാർന്ന വ്യക്തിത്വത്തിനുടമ. നേതൃപാടവവും ഭരണനിപുണതയും തെളിയിച്ച സഖാവ് പിണറായി വിജയന്റെ ജീവിതകാലം സി.പി.ഐ.എമ്മിനും ജനനന്മയ്ക്കും വളരെയേറെ വളരെയേറെ ഉതകുന്നതാണ്. എണ്ണമറ്റ ചെറുത്തു നില്പുകളിൽ സ്ഫുടം ചെയ്ത ഈ ജനനായകന്റെ മേൽ ഇല്ലാത്ത കളങ്കം ആരോപിച്ച് പത്തു പതിനൊന്നു വർഷക്കാലം ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ സംശയത്തിന്റെ കരിനിഴലിൽ നിർത്തുവാൻ ഇവിടുത്തെ ഇടതുപക്ഷവിരുദ്ധർക്കും അവരുടെ കുഴലൂത്തുകാരായ മാധ്യമസിൻഡിക്കേറ്റുകൾക്കും കഴിഞ്ഞു. അതു വഴി സി.പി.ഐ.എമ്മിനുമേൽ കോൺഗ്രസിനും യു.ഡി.എഫിനും ചില താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കുവാനും കഴിഞ്ഞു. ഈ ആരോപണകാലത്ത് നടന്ന ചില തെരഞ്ഞെടുപ്പുകളിൽ ദു:സ്വാധീനം ചെലുത്തുവാൻ ലാവ്ലിൻ കേസ് സംബന്ധിച്ച ദുഷ്പരചരണങ്ങൾക്ക് കഴിഞ്ഞിരുന്നു.

ലാവ്ലിൻ കേസിൽ സഖാവ് പിണറായി വിജയനുമേൽ ഒരു കുറ്റവും കണ്ടെത്താൻ സി.ബി.ഐയ്ക്ക് കഴിയാതെ പോയതിലൂടെ ലാവ്ലിൻ കേസ് വച്ചുള്ള രാഷ്ട്രീയ മുതലെടുപ്പുകളുകൾക്ക് ഇനി ഭാവിയില്ല. എങ്കിലും ഇനിയും ചില കോൺഗ്രാസ് നേതാക്കളും യു.ഡി.എഎഫ് നേതാക്കളും തെരഞ്ഞെടുപ്പുകാലത്ത് ഇതേ ലാവ്ലിൻ കേസ് വച്ച് സി.പി.ഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ മൈക്കുവച്ചുകൊണ്ടിരിക്കും. “വെറും മൈക്കുകൾക്ക്” എന്ത് പറയണം എന്നതിനെ സംബന്ധിച്ച് പ്രത്യേക നിബന്ധനകൾ ഒന്നുമില്ലല്ലോ!

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഒക്കെ അഴിമതികളെ മൂടിവയ്ക്കുവാനും വെള്ള പൂശുവാനും ഇടതുപക്ഷത്തിനും അതിന്റെ നേതാക്കൾക്കുമെതിരെ എന്തെങ്കിലും ആരോപണങ്ങൾ ഇടതുവിരുദ്ധ മാധ്യമമാഫിയാ കൂട്ടുകെട്ടുകൾ ഇനിയും ഉയർത്തിക്കൊണ്ടുവരും. എല്ലാവരും കണക്കാണെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ഗൂഢോദ്ദേശം. എല്ലാവരെയും കുറച്ചുകാലത്തേയ്ക്ക് വിഢികളാക്കാം. കുറച്ചുപേരെ എല്ലാക്കാലത്തും വിഢികളാക്കാം; എന്നാൽ എല്ലവരെയും എല്ലാക്കാലത്തും വിഢികളാക്കാൻ ഇവർക്കാർക്കും കഴിയില്ല എന്ന സാമാന്യതത്വം ഇത്തരുണത്തിലും ഉദ്ധരിക്കുന്നു.

അനിവാര്യമാകുന്ന ചിലത്

ചരിത്രത്തിൽ ചിലത് അനിവാര്യമായും സംഭവിക്കേണ്ടതുണ്ട്. പക്ഷെ അത് എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. വ്യക്തികളോ പ്രസ്ഥാനങ്ങളോ അതിനു നിമിത്തമാകണം. ഇവിടെ ലാവ്ലിൻ കേസിൽ സഖാവ് പിണറായി വിജയൻ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ തികച്ചും അവസരോചിതമായി ഈ വിഷയത്തിൽ ആധികാരികമായ ഒരു ഓർമ്മ പുതുക്കൽ ആവശ്യമായിരുന്നു. ഇവിടെ ആ നിമിത്തം ഡോ. ടി.എം. തോമസ് ഐസക്കിലൂടെ സംഭവിക്കുന്നു. ലാവ്ലിന്റെ നാൾവഴികൾ ചരിത്രത്തിൽ നിന്ന് അത്രവേഗം മാഞ്ഞുപോകേണ്ട ഒന്നല്ല. കാരണം അത് സമൂഹത്തിനു നൽകുന്ന ചില പാഠങ്ങളുണ്ട്. അതുകൊണ്ടുതന്നെ അനിവാര്യമായും ഒരു ചരിത്രപുസ്തകമായിത്തന്നെ അത് അടയാളപ്പെടുത്തേണ്ടതുണ്ട്. ആ നിയോഗം സ്വയം ഏറ്റെടുത്തുകൊണ്ട് ഡോ. ടി.എം. തോമസ് ഐസക്ക് വ്യത്യസ്തമായ പുതിയൊരു ചരിത്രപുസ്തകം പുറത്തിറക്കുകതന്നെ ചെയ്തു. “ഇനിയെന്ത് ലാവ്ലിൻ, ലാവ്ലിന്‍ ഇനിയെന്ത് ” എന്ന അദ്ദേഹത്തിന്റെ ഈ ഗ്രന്ധം തീർച്ചയായും ചരിത്രത്തിന്റെ ഒരു അനിവാര്യതയുടെ പൂർത്തീകരണമാകുന്നു. അനഭിലഷണീയമെങ്കിലും ലാവ്ലിൻ കേസും കേരളചരിത്രത്തിലെയും കേരളത്തിലെ മാധ്യമചരിത്രത്തിലെയും ഒരു ഏടാണ്. അഭിലഷണീയമായതു മാത്രമല്ലല്ലോ ചരിത്രം. സംഭവിച്ചുപോകുന്നതെന്തും ചരിത്രമാകുന്നു എന്നതിനാൽ അനഭിലഷണീയമായ ആ കറുത്ത അദ്ധ്യായം കൂടി ചരിത്രത്തിന്റെ ഭാഗമായിത്തന്നെ കിടക്കട്ടെ. ഇതും ഒരു ചരിത്രപാഠമാണ്. ഭാവിയിലെ ജാഗ്രതകൾക്ക് ഈ ലാവ്ലിൻ ഓർമ്മകൾ ഉണ്ടായിരിക്കേണ്ടതുതന്നെ!.

ഇനിയെന്തു ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്

ഇനി ഈ കുറിപ്പ് എഴുതാൻ പ്രേരിതമായ കാര്യത്തിലേയ്ക്കു കടക്കാം. സി.ബി.ഐ അന്വേഷണത്തിൽ സ.പിണറായി വിജയൻ ലാവ്ലിൻ അപവാദത്തിൽനിന്ന് മോചിതാക്കപ്പെട്ടതോടെ ഇനിയെന്ത് ലാവ്ലിൻ എന്നു പറഞ്ഞ് ആ കഥ ഒരു ദു:സ്വപ്നം പോലെ മറന്നു കളയാം എന്നാണ് ആദ്യം ധരിച്ചത്. പക്ഷെ അപ്പോഴാണ് അത്രവേഗം ലാവ്ലിൻ കേസ് മറക്കുന്നത് ചരിത്ര കുതുകികൾക്കും ചരിത്രത്തെ അനുഭവപാഠമായി കാണാൻ ആഗ്രഹിക്കുന്നവർക്കും ഭൂഷണമല്ല എന്ന ഓർമ്മപ്പെടുത്തലുമായി ഈ വിഷയത്തിൽ ഡോ. ടി.എം. തോമസ് ഐസക്ക് തന്റെ പുതിയ പുസ്തകം പുറത്തിറക്കിയത്. “ഇനിയെന്തു ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത് ” എന്ന ഈ പുസ്തകത്തിൽ ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് അദ്ദേഹം എല്ലാവരോടും ഉണർത്തിക്കുന്നു.

മുൻസൂചിപ്പിച്ചതുപോലെ അനിവാര്യമായത് അനിവാര്യമായ സമയത്ത് സംഭവിച്ചുകൊണ്ടിരിക്കേണ്ടത് ഒരു ചരിത്രപരമായ ആവശ്യമാണ്. ഇല്ലെങ്കിൽ അനുഭവപാഠമാകേണ്ട ചില ചരിത്രങ്ങൾ കാലവിസ്മൃതിയിലാകും. ഇവിടെ ലാവ്ലിൻ കേസിൽ സഖാവ്. പിണറായി വിജയൻ കുറ്റക്കാരനല്ലെന്നു കണ്ടെത്തുന്ന നിർണായകമായ ഒരു ഘട്ടത്തിൽ പ്രസ്തുത കേസിന്റെ നാൾവഴികൾ ഭാവിവായനയ്ക്ക് തയ്യാറാക്കി വയ്ക്കേണ്ടത് ചുരുങ്ങിയ പക്ഷം സി.പി.ഐ.എമ്മിലും ഇടതുപക്ഷത്തിലും പ്രതീക്ഷയർപ്പിക്കുന്നവർക്കെങ്കിലും ഒരു ആവശ്യമാണ്. ഇടതുപക്ഷവും അതിന്റെ നേതാക്കളും വിവിധ രൂപഭാവങ്ങളുള്ള വർഗ്ഗശത്രുക്കളാൽ എങ്ങനെയെല്ലാം വേട്ടയാടപ്പെടാം എന്നതിന് ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ലാവ്ലിൻ കേസ്. കള്ളവാർത്തകൾ തെളിവുകളാക്കപ്പെടുന്ന വിചിത്രമായ നിയമ-വ്യവഹാര വൈകൃതത്തിനു കൂടി ദൃഷ്ടാന്തമാണ് ഈ കേസ്.

സഖാവ്. പിണറായിയെയും സി.പി.ഐ.എമ്മിനെയും ബന്ധപ്പെടുത്തിയുള്ള ലാവ്ലിൻ എന്ന കെട്ടുകഥയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഓരോ സംഭവങ്ങളും ഒന്നൊഴിയാതെ ഡോ. ടി.എം. തോമസ് ഐസക്ക് തന്റെ പുസ്തകത്തിൽ പ്രതിപാദിച്ചു പോകുന്നുണ്ട്. ലാവ്ലിൻ നുണവാർത്തകളുടെ ഏതെങ്കിലും എപ്പിഡോസുകൾ പൂർണ്ണമായോ ഭാഗീകമായോ ആർക്കെങ്കിലും മിസ് ആയിട്ടുണ്ടെങ്കിൽ അവർക്ക് ഈ പുസ്തകം താല്പര്യമുള്ള ഏതു സമയത്തും എടുത്തു വായിക്കാം. ലാവ്ലിൻ കഥകൾ വായിച്ചും കേട്ടും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടൂള്ളവർക്ക് ഇത് വായിച്ച് മുമ്പേ സംഭവിച്ചുപോയ മുൻ വിധികളും തെറ്റായധാരണകളും തിരുത്താം. ഇതേപറ്റി ഇതുവരെ ഒന്നുമറിയാത്തവർക്കും ഭാവിതലമുറകൾക്കും ഒരു ചരിത്ര പുസ്തകം എന്ന നിലയിൽ ഇത് എടുത്തുവായിക്കാം.

ജീർണ്ണലിസം

മാധ്യമവിഷയത്തിൽ “വ്യാജസമ്മിതിയുടെ നിർമ്മിതി” എന്നൊരു പുസ്തകം ഡോ. തോമസ് ഐസക്ക് മുന്നേ എഴുതിയിട്ടുണ്ടെങ്കിലും “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത് ” എന്ന പുസ്തകം അതിനൊരു അനുബന്ധം കൂടി ആകുകയാണ് . ലാവ്ലിൻ കേസ് സംബന്ധിച്ച ഈ പുതിയ പുസ്തകം വ്യാജസമ്മിതിയുടെ നിർമ്മിതി എന്ന പ്രതിഭാസത്തിന് ഏറ്റവും നല്ലൊരു ദൃഷ്ടാന്ത കഥയാണ്. ഇതിലെ ഓരോ അദ്ധ്യായങ്ങളും വ്യാജസമ്മതീനിർമ്മാണത്തിന്റെ ഓരോരോ വിസ്മയങ്ങളാണ്. അന്വേഷണാത്മക ജേർണലിസ പഠനത്തിന്റെ ഭാഗമായി വ്യാജവാർത്താ നിർമ്മിതിയുടെ രീതിശാസ്ത്രം ഏതെങ്കിലും കുബുദ്ധികൾക്ക് പഠിക്കണമെങ്കിൽ ഇതിലെ ഓരോ അദ്ധ്യായങ്ങളും അതിനു സഹായകരങ്ങളാണ്. ജേർണലിസം എങ്ങനെ “ജീർണ്ണലിസ”മാകുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ലാവ്ലിൻ കേസ്. ഡ്രാക്കുളയുടെ അളിയന്മാർ മാധ്യമപ്രവർത്തകരായാൽ അവർ ആരുടെയൊക്കെ ചോര എങ്ങനെയൊക്കെ കുടിച്ച് ദാഹമടക്കും എന്ന് മനസിലാക്കുന്നതിനും ഈ ലാവ്ലിൻ കഥതന്നെ ധാരാളം!

ഓർമ്മകൾ ഉണ്ടയിരിക്കണം

എല്ലാവരും കണക്കാണ്, കമ്മ്യൂണിസ്റ്റുകാരും കണക്കാണ് എന്ന് വരുത്തിത്തീർത്ത് അഴിമതിയെ അലങ്കാരമായും മിടുക്കായും കൊണ്ടുനടക്കുന്ന കോൺഗ്രസ്സ് അടക്കമുള്ള ബൂർഷ്വാ രാഷ്ടീയ കക്ഷികളെയും സി.പി.ഐ എം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളെയും ഒരേ നുകത്തിൽ വലിച്ചുകെട്ടാൻ ബോധപൂർവ്വം പ്രചണ്ഡമായ പ്രചരണങ്ങൾ നടത്തുന്നതിനെ സംബന്ധിച്ച് സ. പിണറായി വിജയന്റെ വാക്കുകളെ ആമുഖത്തിൽ ഉദ്ധരിച്ചുകൊണ്ടാണ് ഗ്രന്ധം ആരംഭിക്കുന്നതുതന്നെ.

പുസ്തകത്തിന്റെ ആമുഖത്തിൽ ഗ്രന്ധകാരൻ പറയുന്നു:

“ചരിത്രത്തിനും തലമുറകൾക്കും മുന്നിൽ കുറ്റവാളികളായി തുടരാൻ തീരുമാനിച്ചവരെ പുസ്തകമെഴുതി തിരുത്താമെന്ന വ്യാമോഹമൊന്നും ഈ സംരഭത്തിനില്ല. അവർക്കുള്ള തിരിച്ചടി സമൂഹമാണ് നൽകേണ്ടത്.............”

ഇത്തരം ആരോപണം നടത്തുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളോട് ജനങ്ങൾക്ക് പൊതുവേയുള്ള മതിപ്പ് ഇല്ലാതാക്കുന്നതിനുവേണ്ടി മാത്രമല്ല, മറ്റു ബൂർഷ്വാ രാഷ്ട്രീയനേതാക്കൾ നടത്തുന്ന അഴിമതികളെയും തീവെട്ടിക്കൊള്ളകളെയും വെള്ളപൂശാൻ കൂടിയാണ്. ഇടതുപക്ഷം ചെയ്യുന്ന കാര്യങ്ങൾ അംഗീകൃതമാതൃകകളാണെന്ന ഒരു ധ്വനി ഇതിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഈ ദുർബുദ്ധികൾ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. അഴിമതിയും തിരിമറിയുമെല്ലാം ഇടതുപക്ഷംകൂടി ചെയ്യുന്നതാകുമ്പോൾ അവ സ്വാഭാവികവും നീതീകരിക്കാവുന്നതുമാകുന്നു എന്നൊരു മനോഭാവം സമൂഹത്തിൽ വളർത്തിയെടുക്കാനാണ് എല്ലാവരും കണക്കാണ് എന്ന നിലയ്ക്കൊരു പ്രചരണം ഈ കുബുദ്ധികൾ നടത്തുന്നത്.

ഈ പുസ്തകത്തിലെ “ഓർമ്മകൾ ഉണ്ടായിരിക്കണം” എന്ന ഒന്നാം അദ്ധ്യായം തുടങ്ങുന്നതിങ്ങനെ:

“കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരള രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ലാവ്ലിൻ അപവാദപ്രചാരണത്തിന്റെ തിരശ്ശീല വീണു കഴിഞ്ഞു. കോടതിയിലുള്ള കേസ് തുടരും. എന്നാൽ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സാമ്പത്തികമായ എന്തെങ്കിലും നേട്ടത്തിനു വേണ്ടി അഴിമതി നടത്തിയതായി തെളിവുകളില്ല എന്ന് തുടരന്വേഷണ റിപ്പോർട്ടിൽ സി.ബി.ഐ തന്നെ ഔപചാരികമായി കോടതിയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഒരുതവണയല്ല, നാലുവട്ടമാണ് ദുരാരോപണങ്ങൾക്ക് തെളിവില്ലെന്ന് സി.ബി.ഐ ഏറ്റുപറഞ്ഞത്.”

ഒന്ന്: ഈ ആരോപണങ്ങളിൽ ഒന്നുപോലും സ്ഥിരീകരണത്തെളിവിന്റെ അടിസ്ഥാനത്തിൽ സാധൂകരിക്കാൻ കഴിഞ്ഞില്ല. ശ്രീ. ടി.പി.നന്ദകുമാറിനുപോലും അദ്ദേഹം പെറ്റീഷനിൽ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കാൻ എന്തെങ്കിലും തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല.

രണ്ട്: ദീപക് കുമാർ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുനതിനു തുടരന്വേഷണത്തിന്റെ ഭാഗമായി പരിശ്രമിക്കുകയുണ്ടായി. പലതവണ മൊഴിയെടുത്തപ്പോൾ ദീപക് കുമാർ പറഞ്ഞ കാര്യങ്ങൾ നിശിതമായ പരിശോധനയ്ക്കു വിധേയമാക്കി. എങ്കിലും ഈ ആരോപണങ്ങളിൽ ഏതെങ്കിലും ഒന്നുപോലും സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകൾ ലഭ്യമായില്ല.

മൂന്ന്: ശ്രീ. ടി.പി. നന്ദകുമാറും ശ്രീ. ദീകക് കുമാറും ചേർന്ന് എസ്.എൻ.സി ലാവ്ലിന്റെ മുൻ ഡയറക്ടർ ശ്രീ. ദിലീപ് രാഹുലനും പിണറായി വിജയനും ജി.കാർത്തികേയനും എതിരായും അവർ തമ്മിൽ ഉള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. ഇവയൊന്നും നിലനിൽക്കുന്നതല്ല.

നാല്: ശ്രീ.ടി.പി. നന്ദകുമാർ പിണറായി വിജയനെതിരെയും കനഡയിലെ എസ്.എൻ.സി ലാവ്ലിന്റെ മുൻഡയറക്ടറായ ദിലീപ് രാഹുലനെതിരെയും ഉന്നയിച്ച ആരോപണങ്ങളും നിലനിൽക്കുന്നതല്ല. എസ്.എൻ.സി ലാവ്ലിനും കുറ്റാരോപിതരും തമ്മിലുള്ള ഇടനിലക്കാ‍രനായി ദിലീപ് രാഹുലൻ പ്രവർത്തിച്ചു എന്ന അദ്ദേഹത്തിന്റെ ആരോപണവും നിലനിൽക്കുന്നതല്ല. വിശ്വാ‍സയോഗ്യമായ സാക്ഷികളെക്കൊണ്ടോ രേഖകളുടെ അടിസ്ഥാനത്തിലോ ഉള്ള എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ശ്രീ. വി.ദിലീപ് കുമാറും ശ്രീ.ടി.പി. നന്ദകുമാറും ഉന്നയിച്ച ഒരു ആരോപണവും സാധൂകരിക്കപ്പെടുന്നില്ല. ശ്രീ. ടി.പി. നന്ദകുമാറിനെയും ശ്രീ. വി. ദീപക് കുമാറിനെയും തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുകയുണ്ടായി. തങ്ങളുന്നയിച്ച ഒരു ആരോപണവും തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല.”

മുൻ ആരോപണങ്ങളുടെ നിജസ്ഥിതി

മാധ്യമങ്ങൾ സഖാവ്. പിണറായിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ കൂട്ടത്തിൽ ഒന്നായിരുന്നുവല്ലോ സിംഗപ്പൂരിലെ “ഒടുക്കത്തെ ” ഒരു കമലാ എക്സ്പോർട്ടിംഗ് കമ്പനി. ഇതു സംബന്ധിച്ച് ഡോ.തോമസ് ഐസക്ക് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്;

“മഞ്ഞപ്പത്രത്തെ വെല്ലുന്ന ക്രൈം മാസികയുടെ പേജുകളിൽ നട്ടുനനച്ച് വളർത്തിയ മഹാ പ്രസ്ഥാനമായിരുന്നല്ലോ ആ കമലാ എക്സ്പോർട്ട്സ്. ആസ്ഥാനം സിംഗപ്പൂരും! ഓഫിസ് എവിടെ, എം.ഡി ആര്, രജിസ്റ്റർ ചെയ്തത് എവിടെ ബാലൻസ് ഷീറ്റ് എങ്ങനെയിരിക്കും അന്നൊക്കെയുള്ള അടിസ്ഥാന ചോദ്യങ്ങളും വിഴുങ്ങി. എന്നിട്ടും കാറ്റ് കാതുകളിലേയ്ക്കും നാവ് നാൽക്കവലകളിലേയ്ക്കും ഈ സ്ഥാപനത്തിന്റെ പെരുമയെത്തിച്ചു. ഒടുവിൽ കേരള ഹൈക്കോടതിയിലും കമലാ ഇന്റർ നാഷണൽ എക്സ്പോർട്ട്സ് പ്രത്യക്ഷപ്പെട്ടു............. ഈ കഥ കേരളത്തിൽ ഒരുപാട് പാണന്മാർ പാടി നടന്നിട്ടുണ്ട്.”....................

..............”കാൻസർ സെന്റർ കോടികൾ എങ്ങോട്ടൊഴുകി?” എന്ന സംഭ്രമജനകമായ ചോദ്യവും മാതൃഭൂമി അതേ ദിവസം (2009 ജനുവരി 24) ഉന്നയിച്ചു. ഈ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞതോ, മാസങ്ങൾക്കു ശേഷം മനോരമയും.“ സിംഗപ്പൂർ ഗൂഢാലോചനയിൽ പിണറായിക്കും പങ്ക്“ എന്ന മനോരമ വാർത്തയിലെ 12-ആം വാക്യം ഇങ്ങനെയാണ്; “എന്നാൽ ഉത്തരേന്ത്യയിലെ ബാങ്കിലേയ്ക്ക് ഈ തുക മാറ്റിയതായി സൂചനയുണ്ട്” (2009 ജൂൺ 10) വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ട് ഈ ഉത്തരേന്ത്യം ബാങ്കിന്റെ പേരെന്തെന്നു പോലും ആർക്കുമറിയില്ല. ഇപ്പോഴാർക്കും ഈ ബാങ്കിനെക്കുറിച്ച് മിണ്ടാനില്ല. ‘അന്നന്നു തോന്നുന്ന നുണകൾ‘ എഴുതുന്നവരാണ് എഴുതുന്നവരാണ് മനോരമയിലെ പഴയതും പുതിയതുമായ ലേഖകർ. “ലാവ്ലിൻ പ്രതികളുടേത് ജാമ്യമില്ലാത്ത കുറ്റം” എന്നു പ്രഖ്യാപിച്ച ദിവസം തന്നെയാണ് ഉത്തരേന്ത്യൻ ബാങ്ക് കഥയും മനോരമ അച്ചടിച്ചത്. പിണറായി വിജയന് ജാമ്യം പോലും കിട്ടരുത് എന്ന് ആഗ്രഹിച്ചവരാണ് ഈ കഥ പ്രചരിപ്പിച്ചത് എന്നു വേണം മനസിലാക്കാൻ”..............

മനോരമയുടെ “ലാവ്ലിൻ വാർത്താഫാക്ടറി ” അങ്ങനെ എത്രയെത്ര കഥകളും ഉപകഥകളും കൊണ്ടാണ് ലാവ്ലിൻ കേസ് കൊഴുപ്പിച്ചത്!

ഇ-മെയിൽ മാളിക

അതിനൊക്കെ ഇടയിലാണ് ആരുടേയോ ഒരു മണിമാളികയുടെ പടം ഇന്റെർനെറ്റിൽ കയറിയത്. പിണറായിയുടെ കൊച്ചു കുടിലെന്ന് അടിക്കുറിപ്പും. ഇത് പിണറായി വിജയന്റെ വീടല്ലെന്നു പറഞ്ഞപ്പോൾ പിണറായിയുടെ യഥാർത്ഥ വീട് കാണിച്ചാൽ പ്രശ്നം തീർന്നല്ലോ എന്നായി തല്പരകക്ഷികൾ! നോക്കണേ ആർക്കെങ്കിലും എന്റെ ഭാര്യയെ കാണണമെന്നു തോന്നുക. നേരിട്ട് അത് പറയാതെ ഏതെങ്കിലും അന്യസ്ത്രീയുടെ പടമെടുത്ത് അത് എന്റെ ഭാര്യയുടെ പടമെന്നു പറഞ്ഞ് ഇന്റെർനെറ്റിൽ ഇടുക. ഞാൻ അത് നിഷേധിക്കുമ്പോൾ എങ്കിൽ യഥാർഥ ഭാര്യയെ കാണിക്കണമെന്ന് ആവശ്യപ്പെടുക. എനിക്ക് ഭാര്യതന്നെ ഇല്ലെങ്കിൽ ഞാൻ കുഴഞ്ഞതുതന്നെ! അതായത് ചുമ്മാതിരിക്കുന്ന എങ്ങാണ്ടോ ചുണ്ണാമ്പു തേയ്ക്കുന്ന ആ മറ്റേ മുറ!

എന്തായാലും ആരുടേയോ ആ വീടിന്റെ ചിത്രം നെറ്റിൽ കയറ്റി പിണറായിയുടേതെന്ന് പ്രചരിപിച്ചവർ നിയമത്തിന്റെ പിടിയിലായി. അന്ന് സ. പിണറായിതന്നെ കേസ് കൊടുത്ത് ആ മണിമാളികാവർത്തമാനം പൊളിച്ചടുക്കിയെങ്കിലും ഒരുപക്ഷെ ആ പ്രചാരണങ്ങളില്പെട്ട് ചിലരെങ്കിലും ഇപ്പോഴും പിണറായിയുടേതാണ് ആ മണിമന്ദിരമെന്ന് കരുതിക്കൂടെന്നില്ല. കാരണം ആദ്യം തങ്ങൾ അറിയുന്ന വ്യാജവർത്തമാനങ്ങളുടെ നിജസ്ഥിതി പിന്നീട് പുറത്തു വരുന്നത് എല്ലാവരും അറിയണമെന്നില്ലല്ലോ. കാരണം തിരുത്തപ്പെടുന്ന വാർത്തകൾക്ക് അത്ര പ്രചാരണം ലഭിക്കാറില്ല. ലാവ്ലിൻ കേസിൽ സ. പിണറായി കുറ്റക്കാനനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയ വിവരം ഇനിയും അറിയാത്തവർ ആരെങ്കിലുമൊക്കെ ഉണ്ടായിക്കൂടെന്നില്ല. കാരണം പിണറായി കുറ്റക്കാരനാണെന്ന് ആരോപിച്ചു കൊണ്ടുള്ള മുൻവാർത്തകളുടെ അത്രയും ഊക്കില്ലായിരുന്നല്ലോ അദ്ദേഹം കുറ്റക്കാരനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയ വാർത്ത.


അല്ലയോ മാധ്യമസുഹൃത്തുക്കളേ, ഇനി പറയൂ!

സഖാവ് പിണറായി വിജയന് സിംഗപൂരിൽ ഉണ്ടെന്നു നിങ്ങൾ അന്നു പറഞ്ഞ ആ കമലാ കമ്പനി ഇപ്പോഴും ഉണ്ടോ? ഇപ്പോൾ അത് നോക്കി നടത്താൻ സഖാവ്. പിണറായി വിജയൻ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്? ഇപ്പോൾ അതിന്റെ ടേൺ ഓവർ എങ്ങനെ? പിന്നീട് എത്രപ്രാവശ്യം പിണറായി സിംഗപ്പൂർ യാത്ര നടത്തീയെന്നതിന്റെ കണക്കെടുത്തോ? അറ്റ്ലീസ്റ്റ് ആകെപ്പാടെ സഖാവ്. പിണറായി വിജയൻ പാർട്ടി ആവശ്യങ്ങൾക്ക് പാർട്ടി നിയോഗപ്രകാരം സിംഗപ്പൂരിൽ എത്രപ്രാവശ്യം പോയിട്ടുണ്ട് എന്ന് ഇനിയെങ്കിലും സത്യസന്ധമായി നിങ്ങൾക്ക് ഒന്ന് അന്വേഷിച്ച് വെളിപ്പെടുത്തരുതോ? അതോ നിങ്ങൾ പറഞ്ഞ പിണറായിപോലും അറിയാത്ത പിണറായിയുടെ സിംഗപ്പൂർയാത്രകളിൽ നിങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവോ?

നിങ്ങൾ ആരോപിച്ച സിംഗപ്പൂർ യാത്രകൾ സ്വപ്നത്തിൽ പോലും കണ്ടതായി സ. പിണറായിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നെപ്പിനെ പിണറായിക്കുപോലും തോന്നിയിരിക്കണം നിങ്ങൾ പറയുമ്പോലെ ഒരു കമ്പനിയെങ്ങാനും തനിക്കുണ്ടോയെന്ന്. നിങ്ങളുടെ നുണമിടുക്ക് അത്രയ്ക്കുണ്ടല്ലോ. ഒടുവിൽ ഈ ലാവ്ലിൻ കഥയിൽ പറയുന്ന പിണറായി വിജയൻ താൻ ആണെന്നതു തന്നെ മറന്ന് സഖാവ് പിണറായി വിജയനും ഈ കഥയൊക്കെ വായിച്ച് ത്രില്ലടിച്ചിരിക്കണം. കാരണം താന്റെ സ്ഥാനവലിപ്പത്തിനപ്പുറം അദ്ദേഹവും പച്ചയായ ഒരു മനുഷ്യൻ ആണല്ലോ. അദ്ദേഹവും മറ്റു സാധാരണ മനുഷ്യരെ പോലെ ഒരു വായനക്കാരനും മാധ്യമനിരീക്ഷകനും ഒക്കെ ആണല്ലോ!

അതുപോലെ ആ ഉത്തരേന്ത്യൻ ബാങ്കിന് ഇനിയെങ്കിലും നിങ്ങൾക്ക് ഒരു പേരിട്ടുകൂടെ? ഇപ്പോഴും ആ ബാങ്കുകാർ പേരു വെളിപ്പെടുത്തുന്നില്ലെന്നുണ്ടോ? നമുക്ക് അതൊന്നു കാണാൻ പറ്റുമോ? അതോ അതങ്ങു പാതാളത്തിലാണോ? അല്ലെങ്കിൽ ലാവ്ലിൻ കേസുമായി ബന്ധപെട്ടവർക്ക് മാത്രം ഇടപാട് നടത്താൻ കഴിയുന്ന നിങ്ങളുടെ തന്നെ സൃഷ്ടിയായ ആ വിചിത്രമായ ബാങ്ക് ഇനിയെങ്കിലും നിങ്ങൾതന്നെ പൂട്ടിക്കെട്ടിയതായി പ്രഖ്യാപിക്കുമോ? സഖാവ്. പീണറായി വിജയൻ അഴിമതി നടത്താത്തസ്ഥിതിയ്ക്ക് അങ്ങനെയൊരു ബാങ്കിന്റെ ആവശ്യംതന്നെ ഇനിയില്ലല്ലോ.

ഇല്ലാത്ത രേഖകൾ, ഇല്ലാത്ത കമ്പനി, ഇല്ലാത്ത ബാങ്ക്, നടക്കാത്ത യാത്രകൾ, കണാത്ത സാക്ഷികൾ അങ്ങനെ ഏതെല്ലാം വിധത്തിലായിരുന്നു നിങ്ങൾ കൊട്ടിയാടിയത്! ഇനിയെങ്കിലും നിങ്ങളെ വിശ്വസിച്ച അതൊക്കെ വായിച്ചും കണ്ടും തെറ്റിദ്ധരിക്കപ്പെട്ടവരോടെങ്കിലും മാപ്പു പറയുമോ? അതിനുള്ള ആർജ്ജവം നിങ്ങളുടെ മാധ്യമധർമ്മവിചാരങ്ങളിൽ നിന്ന് നിങ്ങൾക്കു ലഭിക്കുമോ?

കുറ്റാരോപണത്തിന്റെ മന:ശാസ്ത്രം

ഒരാളുടെ മേൽ ഇല്ലാത്ത ഒരു ആരോപണം ഉന്നയിക്കുക. എന്നിട്ട് അങ്ങനെ ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ ആരോപിതനെ ബാദ്ധ്യസ്ഥനാക്കുക. ഒരാൾ ചുമ്മാ വഴിയേ നടന്നു പോകുന്നു; അയാൾ എന്തെങ്കിലും അവിഹിതത്തിനു പോയിട്ട് പോകുകയാണെന്ന് അരെങ്കിലും ചുമ്മാ ആരോപിക്കുക. ആരോപണം മറ്റുള്ളവർ ഏറ്റെടുക്കുക. എല്ലാവരും അത് വിശ്വസിക്കുക. അഥവാ തല്പരകക്ഷികൾ ചേർന്ന് നന്നായി അത് പറഞ്ഞ് പ്രചരിപ്പിച്ച് വിശ്വസിപ്പിക്കുക. ആരെയെങ്കിലും ഒന്നുരണ്ടുപേരെ സ്വയം കണ്ടെത്തിയിട്ട് അവരാണ് എല്ലാ അവിഹിതങ്ങൾക്കും സാക്ഷികൾ എന്നു പറയുക. ഒടുവിൽ അരോപണം തെളിയിക്കാൻ ആരോപണം ഉന്നയിക്കപ്പെട്ടവരോട് ആവശ്യപ്പെടുക. തങ്ങൾ ഒരു അവിഹിതത്തിനും പോയിട്ടില്ല എന്നതിന് മതിയായ തെളിവുകൾ ഹാജരാക്കണമെന്ന് അവശ്യപ്പെടുക. ഇതു മാതിരിയായിരുന്നല്ലോ ലാവ്ലിൻ കേസ്! എന്തെങ്കിലും വിരോധത്തിന്റെ പേരിൽ നാട്ടിൽകൊള്ളാവുന്ന ആളുകളെക്കുറിച്ച്, അവർ മാടം പൊക്കികളും മതിൽ പൊക്കികളുമാണെന്ന് വരുത്തിത്തീർക്കാൻ ചില നാട്ടുചെറ്റകൾ പയറ്റുന്ന പണിയാണ് ഇവിടെ സി.പി.ഐ.എം വിരുദ്ധ മാധ്യമങ്ങൾ ലാവ്ലിൻ കേസിൽ നടത്തിയത്. ഈ കൊടിയ പാപത്തിനു അവർ മാപ്പുപറയാത്തിടത്തോളം ദൈവമുണ്ടെങ്കിൽ അവർക്ക് ശിക്ഷകിട്ടും. മരണാനന്തരം സ്വർഗ്ഗനരകങ്ങളുണ്ടെങ്കിൽ അവരെ നരകത്തിലെ തീക്കുണ്ടത്തിലേയ്ക്ക് തള്ളും.പാപികളേ ജാഗ്രത!

ഉപസംഹാരം

നന്നായി ഗൃഹപാഠം ചെയ്ത് എഴുതിയ “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്” എന്ന തന്റെ പുസ്തകം താഴെപറയുന്ന പ്രകാരം പറഞ്ഞ് ഡോ.ടി.എം. തോമസ് ഐസക്ക് ഉപസംഹരിക്കുന്നു:

“ഒന്ന്: അഴിമതിയില്ലാത്ത അഴിമതികേസാണിത്.സി.ബി.ഐ അന്വേഷനത്തിൽ ഒരു തരത്തിലുള്ള അഴിമതിയും തെളിയിക്കപ്പെട്ടിട്ടില്ല.മലബാർ ക്യാൻസർ സെന്റർ തലശേരിയിൽ സ്ഥാപിച്ചെടുക്കുകയായിരുന്നു ഇടപാടിലെ സ്വാർത്ഥലക്ഷ്യം എന്ന ആരോപണം പരിഹാസ്യമാണ്.

രണ്ട്: യഥാർത്ഥ പ്രശ്നം തലശേരിയിലെ മലബാർ ക്യാൻസർ സെന്ററിന് പണം സമാഹരിച്ചു നൽകും എന്ന കനേഡിയൻ കമ്പനിയുടെ വാഗ്ദാനം നിറവേറ്റപ്പെടാത്തതാണ്. അതിനുത്തരവാദി, ആ പണം നേടിയെടുക്കാതെ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ്.

മൂന്ന്: കേസുമായി ബന്ധപ്പെട്ട് ഉയർത്തിയ വ്യക്തിഹത്യയും അപവാദ പ്രരണങ്ങളും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ള കള്ളക്കഥകളായിരുന്നു. അവയിൽ ഒന്നുപോലും സി.ബി.ഐ അന്വേഷണത്തിൽ തെളിഞ്ഞില്ല.

നാല്: ജി.കാർത്തികേയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ അന്വേഷണ ഏജൻസി അത്തരം ന്യായങ്ങളൊന്നും പിണറായി വിജയന് ബാധകമാക്കിയില്ല. ഒരാളെ ഒഴിവാക്കാനും മറ്റൊരാളെ ഉൾപ്പെടുത്താനുമുള്ള ന്യായങ്ങൾ ഏജൻസി സൃഷ്ടിക്കുകയായിരുന്നു.

അഞ്ച്: കാനഡയിൽ നിന്ന് പണം സമാഹരിച്ച് ആശുപത്രിയ്ക്കു വേണ്ടി നൽകാമെന്ന വാഗ്ദാനത്തിൽ നിന്ന് ലാവ്ലിൻ സ്വയം പിന്മാറിയതാണോ അതല്ല, അവരെ രക്ഷപ്പെടാൻ കേരളം അന്ന് ഭരിച്ച യു.ഡി.എഫ് സർക്കാർ സൌകര്യം ചെയ്തുകൊടുത്തതാണോ അതിനു പിന്നിലെ കളികളെന്ത് എന്ന കാതലായ ചോദ്യത്തിൽ നിന്ന് സി.ബി.ഐ ഒഴിഞ്ഞു മാറിയിരിക്കുന്നു.”

“ലവ്ലിൻ കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തുടങ്ങിവച്ച നിയമപരവും രഷ്ട്രീയവുമായ പോരാട്ടം മേല്പറഞ്ഞ യാഥാർത്ഥ്യങ്ങളിലേയ്ക്കൂള്ള വതിലുകൾ തുറന്നിരിക്കുന്നു. ഇന്നലെവരെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ സ്വഭാവഹത്യ ചെയ്യാൻ ലാവ്ലിൻ ആയുധമാക്കിയവർക്ക് തലകുനിക്കാനും മാപ്പുയാചിക്കാനുമുള്ള വക ഈ കേസിന്റെ അവസാന ഘട്ടത്തിൽ വേണ്ടതിലേറെയുണ്ട്. ചരിത്രം ഒരേദിശയിൽ ഒഴുകുന്ന നദിയല്ല.”


പുസ്തകത്തിന്റെ പ്രാധാന്യം

തീർച്ചയായും ഡോ.തോമസ് ഐസക്ക് ലാവ്ലിൻ വിഷയത്തിൽ എഴുതിയ പുസ്തകം വായിക്കുന്നത് നല്ലതാണ്. ആരൊക്കെ ഈ പുസ്തകം വായിക്കണം, അരൊക്കെ വായിക്കേണ്ടാ എന്നുകൂടി പറഞ്ഞ് ഈ കുറിപ്പ് തൽക്കലാം ചുരുക്കാം.

ആരൊക്കെ വായിക്കണം

1.നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച ഏകദേശം പതിനൊന്നു വർഷക്കാലത്തെ നുണവാർത്തകൾ വായിച്ച് തെറ്റിദ്ധരിക്കപ്പെടുകയും മുൻ വിധികൾ വച്ചുപുലർത്തുകയും ചെയ്തവരാണെങ്കിൽ നിശ്ചയമായും ഈ പുസ്തകം വായിക്കണം.

2.തിരക്കുകൾക്കിടയിൽപെട്ട് ലാവ്ലിൻ കേസിന്റെ നാൾവഴികളിൽ ഏതെങ്കിലും എപ്പിഡോസുകൾ നിങ്ങൾക്കു മിസ് ആയിട്ടുണ്ടെങ്കിൽ നിശ്ചയമായും ഈ കേസിന്റെ നാൾവഴികളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം നിങ്ങൾ വായിക്കണം.

3. നിങ്ങൾ ഇടതുപക്ഷത്തിൽ പ്രതീക്ഷയർപ്പിക്കുന്ന ഒരാ‍ളാണെങ്കിൽ ഇക്കണ്ട ഇടതുപക്ഷവിരുദ്ധമാധ്യമങ്ങൾ ഏതെല്ലാം തരത്തിൽ ഇടതുപക്ഷത്തെ ആക്രമിക്കാമെന്ന് മനസിലാക്കി ജാഗ്രത പുലർത്താൻ ഈ പുസ്തകം ഉപരിക്കും.

4. നിങ്ങൾ സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്താനിഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഒരു മാധ്യമപ്രവർത്തകൻ എന്തൊക്കെ ചെയ്തുകൂടെന്നറിയാൻ ഈ പുസ്തകം വായിക്കുക

5. നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച് ഇതുവരെ ഒന്നുമറിയാത്ത ആളോ പുതുതലമുറയിൽപെട്ട ആളോ ആണെങ്കിൽ നിങ്ങൾക്ക് ഈ ചരിത്രപുസ്തകം ഒരു നല്ല പാഠപുസ്തകം തന്നെ ആയിരിക്കും.

അരൊക്കെ വായിക്കേണ്ട

1.നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച ഏകദേശം പതിനൊന്നു വർഷക്കാലത്തെ നുണപ്രചരണങ്ങൾ വായിച്ച് തെറ്റിദ്ധരിക്കപ്പെടുകയും മുൻവിധികൾ വച്ചുപുലർത്തുകയും ചെയ്തവരാണെങ്കിൽത്തന്നെയും, സി.പി.ഐ.എം വിരോധംകൊണ്ട് അങ്ങനെയൊക്കെത്തന്നെ വിശ്വസിക്കാൻ മന:പൂർവ്വം ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കേണ്ട.

2. മാധ്യമധർമ്മങ്ങൾക്കു വിരുദ്ധമായിപ്പോലും സി.പി.ഐ.എമ്മിനെയും അതിന്റെ നേതാക്കളെയും അപകീർത്തിപ്പെടുത്താൻ എന്തുതന്നെ ചെയ്യുന്നതും എഴുതുന്നതും പറയുന്നതും ഒക്കെ സന്തോഷമാണെന്നു കരുതുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾ ഈ പുസ്തകം വായിച്ചിട്ട് ഒരു കാര്യവുമില്ല.

3. സി.പി.ഐ.എമ്മും ഇടതുപക്ഷവും അതിന്റെ നേതാക്കളും അഴിമതിക്കാരായിത്തന്നെ ജനങ്ങൾക്കിടയിൽ ചിത്രീകരിക്കപ്പെടണമെന്നും അത് രാഷ്ട്രീയപ്രചരണത്തിനുപയോഗിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു തനി ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയക്കാരാണ് നിങ്ങളെങ്കിൽ , നിങ്ങൾ ഈ പുസ്തകം വായിച്ച് സമയം മിനക്കെടുത്തേണ്ട.

4. എല്ലാരും കണക്കാണെന്നു പറയുന്ന അരാഷ്ട്രീയവാദികളാണു നിങ്ങളെങ്കിൽ ഇത് വായിച്ച് ലാവ്ലിൻ കേസ് സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറിക്കിട്ടിയാലും, നിങ്ങളുടെ ആ എല്ലാരും കണക്കാണെന്ന മനോഭാവത്തിനു മാറ്റമുണ്ടാകാനിടയില്ലാത്ത സ്ഥിതിയ്ക്ക് വായനകൊണ്ടു വലിയ കാര്യമില്ല.

5. മാധ്യമ പ്രവർത്തനം വെറും കൊട്ടേഷൻ പ്രവർത്തനമായി ഏറ്റെടുത്ത് മറ്റുള്ളവരെ കൊന്നുകൊലവിളിച്ചും ഉദരപൂരണം നടത്തണമെന്ന് ചിന്തിക്കുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾ ഈ പുസ്തകം വായിച്ച് ചഞ്ചലചിത്തരാകരുത്!

അക്ഷരങ്ങൾ മറക്കാതിരിക്കാനെങ്കിലും ഇടയ്ക്കൊക്കെ ഒരു വായന എല്ലാവർക്കും നല്ലതേ വരുത്തൂ . അതിനാല്‍ കഴിയുന്നതും നിങ്ങൾ ഏവരും ഡോ. ടി.എം. തോമസ് ഐസക്കിന്റെ “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്” എന്ന പുസ്തകം വാങ്ങി വായിക്കണം എന്ന ഒരു അഭ്യർത്ഥനയോടുകൂടി ഈ കുറിപ്പ് ചുരുക്കുന്നു.

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...