എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Saturday, January 1, 2011

ഒഞ്ചിയവും മറ്റും

പോരാ‍ പോരാ വിപ്ലവക്കാരും കോൺഗ്രസ്സ്സഖ്യവും

മുൻകുറിപ്പ്: ഇത് ഒരു സി.പി.ഐ (എം) പക്ഷ ലേഖനമാണ്. ഈ മുൻവിധി വായിക്കുന്നവർക്ക് വായനയ്ക്ക് സൌകര്യമയിരിക്കും; വായിക്കാൻ ഇഷ്ടമില്ലാത്തവർക്ക്, പ്രത്യേകിച്ചും അന്ധമായ മാർക്സിസ്റ്റ് വിരോധം വച്ചുപുലർത്തുന്നവർക്ക് അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ ഒഴിഞ്ഞുപോകാനും നല്ലതാണ് ഈ മുൻ കുറിപ്പ്!

സി.പി.എമ്മിനു വിപ്ലവം പോരാ. കോൺഗ്രസ്സും സി.പി.എമ്മും ഒക്കെ ഒരുപോലെയയാൽ പിന്നെ സി.പി.എമ്മിന് എന്തു പ്രസക്തി? സി.പി.എം നേതാക്കൾ മാത്രമല്ല അണികൾ പോലും ബൂർഷ്വാസികൾ ആയിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ കോൺഗ്രസ്സും സി.പി.എമ്മും ഒക്കെ ലയിച്ച് നാളെ ഒരു പാർട്ടിയായി തീരും.പിന്നെങ്ങനെ ഇവിടെ തൊഴിലാളി വർഗ്ഗ സർവാധിപത്യം വരും? എങ്ങനെ സോഷ്യലിസം വരും? ആരു കൊണ്ടുവരും? അതൊക്കെയോർത്ത് വിഷമാവസ്ഥയിൽ ഇരിക്കുമ്പോഴാണ് ആവേശകരമായ ആ വാർത്ത വന്നത്. കേരളത്തിൽ ഒഞ്ചിയത്തും മറ്റും വിപ്ലവത്തിന്റെ കാഹളം മുഴങ്ങിയിരിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയിൽ വിപ്ലവം ചോർന്നുപോയെങ്കിലും വിപ്ലവം സ്വന്തം രക്തത്തിൽ നിന്നും ചോർന്നുപോകാത്ത ഒഞ്ചിയത്തെയും മറ്റു ചിലയിടങ്ങളിലെയും നേതാക്കളും അണികളും സ്വയം വിപ്ലവത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. എം.ആർ.മുരളിയെപോലെ അഭിനവ ലെനിൻ എന്നോ ചെഗുവേരയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന നേതാക്കളുടെ നേതൃത്വം കൂടിയായപ്പോൾ ആവേശം ഇരട്ടിച്ചു. പണ്ട് നക്സൽബാരിയിൽ ഒരു വിപ്ലവം നടന്നതിൽ നിന്നാണ് നക്സലൈറ്റ് എന്ന വാക്കുണ്ടായതെന്നു കേട്ടിട്ടുണ്ട്. അതുപോലെ ഭാവിയിൽ ഒഞ്ചിയസ്റ്റ് പ്രസ്ഥാനം എന്ന ഒരു പേർ തന്നെ ഈ വിപ്ലവപ്രസ്ഥാനത്തിനു വന്നുഭവിക്കുമോ എന്നുപോലും സംശയിച്ചു.

ചില പഞ്ചായത്തും മുൻസിപാലിറ്റിയുമൊക്കെ പിടിച്ചടക്കുന്ന ഫ്രഞ്ചുവിപ്ലവങ്ങൾ സിരകളിൽ ആവേശത്തിന്റെ തിരയിളക്കി അത് സുനാമിയായി പടർന്നുകയറി. എങ്കിലും എടുത്തുചാടി ഒഞ്ചിയിസ്റ്റ് പ്രസ്ഥാനത്തിൽ ചേരാൻ പോയില്ല. കാരണം നമ്മ നാട്ടിലൊന്നും സംഭവം എത്തിയില്ല. ഓരോ ഏരിയ തീർത്തു വരട്ടെ. നമ്മ നാട്ടിൽ വിപ്ലവത്തിനു പാകമാകുമ്പോൾ എടുത്തു ചാടാമെന്നു കരുതി. അല്ലാതെ ഇങ്ങു തിരുവനന്തപുരത്തുനിന്ന് ഒറ്റക്കുതിപ്പിന് ഒഞ്ചിയത്തേയ്ക്കൊക്കെ എടുത്തുചാടി കാലൊടിഞ്ഞാൽ വിപ്ലവം ഇങ്ങ് തെക്കെത്തുമ്പോൾ നേതൃത്വം നൽകാൻ ആളുണ്ടാകില്ല. അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് കാത്തിരുന്നത്. മാർക്സിസ്റ്റ് പാർട്ടി തകരും. അണികളെല്ലാം ഒന്നാന്നായി പുതിയ വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് അണമുറിയാതെ ഒഴുകിയെത്തും. ഒരു പുതിയ മാർക്സിസ്റ്റ് പ്രസ്ഥാനം ഇന്നത്തേതിന്റെ സ്ഥാനത്ത് ഉയർന്നുവരും. കോൺഗ്രസ്സുകാരൊക്കെ വിരണ്ട് ഇനി രക്ഷയില്ലെന്നു കണ്ട് ആ സംഘടന തന്നെ പിരിച്ചു വിടും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ സംഘടനയൊക്കെ പെട്ട പാടെ അപ്രത്യക്ഷമാകും. അതിന്റെ നേതാക്കൾ ഒക്കെ കയ്യിൽ കിട്ടുന്ന അണികളെയും കൊണ്ട് നാട് വിടും. മുതലാളിവർഗ്ഗം ഉള്ള സ്വത്തും മുതലും എല്ലാം പറക്കിക്കെട്ടി അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ മുതലാളിത്ത രാഷ്ട്രങ്ങളിലേയ്ക്ക് പാലായനം ചെയ്യും. അവരുടെ ബാങ്ക് അക്കൊണ്ടുകൾ എല്ലാം വിദേശ ബാങ്കുകളിലേയ്ക്ക് ട്രാൻസ്ഫറടിക്കും. അതോടെ വിപ്ലവത്തിന് പൂർണ്ണമായും മണ്ണ് പാകമാകും. പിന്നെ അപ്പോഴും അധികാരം പിടിവിടാതിരിക്കാനിടയുള്ള ഭരണകൂടം ഏതാണോ അതിനെ ചെറിയൊരു ബലപ്രയോഗത്തിലൂടെ പിടിച്ച് വലിച്ച് നിലത്തിട്ട് രണ്ട് തൊഴി! വിപ്ലവം പൂർത്തിയായി. ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ.

ഒഞ്ചിയം ഉൾപ്പെടുന്ന മുൻസിപാലിറ്റിയിലൊക്കെ കോൺഗ്രാസ്സ് പിന്തുണയോടെ അധികാരത്തിലേറാൻ വിപ്ലവനേതാവ് തന്നെ തുനിഞ്ഞപ്പോൾ അല്പമൊന്നു ഞെട്ടിയെങ്കിലും അവിടെയെങ്കിലും ചോരപ്പുഴ ഒഴുക്കാതെ അധികാരത്തിൽ ഏറാനുള്ള സാഹചര്യം മുതലാക്കുന്ന അടവുപരമായ ഒരു തന്ത്രമാണതെന്ന് ഒഞ്ചിയിസ്റ്റ് മാനിഫെസ്റ്റോ, ഷൊർണ്ണൂർ കാപിറ്റൽ ഉൾപ്പെടെയുള്ള ചില അമൂല്യ വിപ്ലവ ഗ്രന്ധങ്ങൾ ഒന്നുകൂടി എടുത്ത് വായിച്ചപ്പൊൾ മനസിലായി.എം.ആർ.മുരളിയണ്ണൻ മുനിസിപ്പൽ ചെയർമാനായാൽ വിപ്ലവത്തിന്റെ ഒരു ഘട്ടം പൂർത്തിയായി എന്ന താത്വിക ബോധം ഉൾക്കൊണ്ട് കഴിയവേയാണ് ഞെട്ടിപ്പിക്കുന്ന ആ വാർത്തവന്നത്. ഇടതുപക്ഷ ഏകോപനത്തിൽ തമ്മിൽതല്ല്. തൃശൂരിൽ കുന്നംകുളത്ത് ഇടതുപക്ഷ ഏകോപനവിപ്ലവകാരികൾ യോഗമോ മറ്റോ ചേർന്നുവത്രേ. യു.ഡി.എഫുമായി മുനിസിപാലിറ്റിയിൽ അധികാരം പങ്കിട്ട വിപ്ലവ നേതാവ് ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായത്രേ. ഇടതുപക്ഷം എന്നു പേരുനൽകിയ സംഘടന യു.ഡി.എഫുമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണം കൈയ്യാളുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നും സംസ്ഥാന കൺ വെൻഷനിൽ വിമർശനം ഉയർന്നുവത്രേ. ഭിന്നതകൾ ശക്തമായി പലരും രാജിക്കൊരുങ്ങിയത്രേ. ഇനി യു.ഡി.എഫ് എന്ന വിപ്ലവ മുന്നേറ്റ മുന്നണിയുമായി കൈകോർത്ത് നിയമസഭാതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റെങ്കിലും മത്സരിച്ച് ജയിക്കണമെന്നുള്ള നിർദ്ദേശം യോഗത്തിൽ ഒരു നേതാവ് മുന്നോട്ട് വച്ചെങ്കിലും അത്തരം നാണം കെട്ട കൂട്ടുകെട്ടിനു നമ്മളെ കിട്ടില്ലെന്ന് ഒരു വിഭാഗം പറഞ്ഞുവത്രേ. വലതുപക്ഷ മുതലാളിത്ത സംരക്ഷണ സമിതിയായ യു.ഡി.എഫിനൊപ്പം നിക്കാനാണെങ്കിൽ പിന്നെ എന്തിനീ ബഹളമൊക്കെ കാട്ടി സി.പി.എം വിട്ടു പോന്നു എന്നൊക്കെ ഏകോപനക്കാരിൽ ആരെങ്കിലും ചോദിച്ചു പോയിട്ടുണ്ടെങ്കിൽ പണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നതിന്റെ ചില അഴുക്ക അംശങ്ങൾ അവരിൽ ചിലരുടെ ഉള്ളിൽ ഇപ്പോഴും കിടക്കുന്നതിനാലാണ് നിസംശയം പറയാം. അത് അപ്പാടെ ചികിത്സിച്ചു ഭേദമാക്കാൻ വേണ്ടത് ചെയ്യണം.

എന്തായാലും ഈ വിശാല വിപ്ലവ ഇടതുപക്ഷ ഏകോപന സമിതിയിലെ ഈ ഭിന്നതയ്ക്കു പിന്നിൽ മുതലാളിത്ത ശക്തികളുടെ കറുത്ത കരങ്ങളാണോ എന്ന് സംശയമുണ്ട്. ഏകോപനപ്രസ്ഥാനത്തിന്റെ വളർച്ച കണ്ട് ഭയന്ന് മുതലാളിത്തം ഒളിഞ്ഞും തെളിഞ്ഞും അതിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉണ്ട്. അതുകൊണ്ടു കൂടിയായിരിക്കാം കോൺഗ്രസ്സുമായിത്തന്നെ ചങ്ങാത്തം കൂടിയത്. മുതലാളിത്തത്തിനു ശക്തമായ ബദലാണല്ലോ കോൺഗ്രസ്സ്. പിന്നെ നയപരിപാടിയൊക്കെ തീരുമാനിക്കുന്നത് അംബാനിമാരോടൊക്കെ ചോദിച്ചിട്ടാകുന്നത് സോഷ്യലിസം സ്ഥാപിക്കാൻ അവർ തടസം പിടിക്കാതിരിക്കാനുള്ള ഒരടവെന്നേയുള്ളൂ. വെറുതെ എന്തിനാ ഒരു ചോരപ്പുഴ. അവർക്കതിനു താല്പര്യമില്ലെങ്കിൽ. കുന്നംകുളത്ത് ചേർന്ന ഏകോപന സമിതിയുടെ കൻവെവെൻഷനിൽ ഭിന്നിപ്പ് തുറന്ന പോരിൽ എത്തുകയായിരുന്നുവത്രേ. ഒഞ്ചിയത്തെയും തളിക്കുളത്തെയും ചില പ്രതിനിധികൾ പൊട്ടിത്തെറിച്ചുവെന്നാണ് ചില ഒളിഞ്ഞു നോട്ടക്കാർ വെളിപ്പെടുത്തിയത്. ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിൽ രണ്ടരവർഷം വീതം യു.ഡി.എഫുമായി അധികാരം പങ്കിടാൻ തീരുമാനിച്ച വിപ്ലവ നേതാവ് എം.ആർ.മുരളി സ്വാർത്ഥ താല്പര്യത്തിനും അധികാരത്തിനും വേണ്ടി പാർട്ടിയെ ബലികഴിച്ചുവെന്നും ആരോപണം ഉയർന്നുവത്രേ. മുരളിയെ മാറ്റണമെന്നു മുറവിളിയുണ്ടായത്രേ. കൺവെൻഷൻ പ്രത്യേകിച്ച് ഒരു തീരുമാനവുമെടുക്കാൻ കഴിയാതെ പിരിയേണ്ടിവന്നുവത്രേ. ഈ അത്രേയത്രേ പറയുന്നത് പത്രവാർത്ത വിശ്വാസത്തിലെടുത്ത് പറയുന്നതുകൊണ്ടാണേ. മാത്രവുമല്ല കണ്ടപത്രം ദേശാഭിമാനിയുമാണ്. എല്ലാവരും വിശ്വസിക്കണം എന്നില്ല.

പണ്ട് കമ്മ്യൂണിസം തലപൊക്കിയതുമുതൽ നീണ്ടകാലം അതിനെ ഇല്ലാതാക്കാൻ കോൺഗ്രസ്സുകാരടക്കം പല പ്രസ്ഥാനങ്ങളും നാട്ടുപ്രമാണിമാരും വർഗ്ഗീയ വാദികളും മറ്റും ശ്രമിച്ചിരുന്നു. അവരോടൊക്കെ ഏറ്റുമുട്ടി അങ്ങോട്ടും ഇങ്ങോട്ടും കഷ്ടനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. കമ്മ്യ്യുണിസ്റ്റുകാർ ശക്തമായ ചെറുത്തുനിൽ‌പ്പുകൾ സംഘടിപ്പിച്ചുതന്നെ ഇവിടെ വളർന്നത്. ഇത് ഗാന്ധിയൻ മാർഗ്ഗത്തിലൊന്നുമായിരുന്നില്ലെന്നു തന്നെ സാരം. എന്നാൽ അതൊക്കെ പഴങ്കഥ. ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്ന യാഥാർത്ഥ്യം എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. ഒറ്റപ്പെട്ട് ചില സ്ഥലങ്ങളിൽ ചില രാഷ്ട്രീയ അക്രമങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്നതു ശരിതന്നെ. ഉദാഹരണം കണ്ണൂർ. പക്ഷെ അവിടെ അക്രമം ഏകപക്ഷീയമായി ഉണ്ടാകുന്നതല്ലെന്നും മനസിലാക്കണം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭഗമാണ്. ഒരു സായുധ വിപ്ലവം ഉടനെ ഇവിടെ ഉണ്ടാകുമെന്നോ ഉണ്ടാക്കണമെന്നോ ജനാധിപത്യവുമായി പൊരുത്തപ്പെട്ടുപോകാൻ നിർബന്ധിതമായ ഇടതുപക്ഷം പറയുന്നുമില്ല. ഇതിനർത്ഥം ഇന്ത്യയിലെ നിലവിലുള്ള വ്യവസ്ഥയെ അപ്പാടെ അംഗീകരിക്കുന്നുവെന്നല്ല. സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ഉറപ്പുനൽകുന്ന അവകാശങ്ങളും മറ്റ് സൌകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ പോരുതുക എന്ന നയമാണ് ഇടതുപക്ഷം പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്. മറിച്ചെന്തെങ്കിലും ചിന്തിച്ചാൽതന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അതിനുള്ള അണിബലവും ഇല്ല. സത്യം സത്യമാ‍യി പറയുന്നതിൽ തെറ്റൊന്നുമില്ല.

ഇവിടെ സിപി.എമ്മിലും മറ്റും വിപ്ലവം പോരെന്ന് പറയുന്നതിൽ പഴയ രീതിയിൽ അക്രമവും ചെറുത്തുനില്പുകളും സ്വീകരിക്കണമെന്നുകൂടി അർത്ഥമുണ്ട്. ചെറുത്തുനിൽക്കാനും അക്രമം കാണിക്കാനും ഇന്നിപ്പോൾ കോൺഗ്രസ്സുകാർ സി.പി.എമ്മുകാരെ ഓടിച്ചിട്ടടിക്കാനൊന്നും വരുന്നില്ല. വരുന്ന ഇടങ്ങളിൽ എല്ലാം ചെറുത്തും നിൽക്കുന്നുണ്ട്താനും. കോൺഗ്രാസിന് വലിയ മേൽകൈ ഉള്ള സ്ഥലങ്ങളിൽ ഇപ്പോഴും സി.പി.എമ്മിനെതിരെ അക്രമം ഉണ്ടാകുന്നുണ്ട്. ഇത് ചില സ്ഥലങ്ങളിൽ തിരിച്ചും സംഭവിക്കുന്നുണ്ട്. ഇതൊക്കെ പച്ചയായ സത്യങ്ങളാണ്. ഇപ്പോൾ സി.പി.എമ്മിനെതിരെ അക്രമം തുടരുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ സംഘടനകളാണ്. അവരെ പോലും ആശയം കൊണ്ടു നേരിടാനാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന് അടിച്ചാൽ തിരിച്ചടിക്കില്ലെന്ന ഒരർത്ഥവുമില്ല. അങ്ങോട്ടു ചെന്ന് അടിക്കില്ലെന്നേയുള്ളൂ. പിന്നെ വല്ല അഴിമതിയുടെയും പേരു പറഞ്ഞാണ് പോകുന്നതെങ്കിൽ അതിനും മാത്രം അഴിമതിയൊന്നും സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടകുന്നില്ല. ഇപ്പോൾ തന്നെ എന്തൊക്കെ വിമർശനങ്ങൾ ഉന്നയിക്കാമെങ്കിലും കേരളത്തിലെ മന്ത്രിമാർക്ക് നേരിട്ട് ബന്ധമുള്ള ഒരഴിമതിയും ആരോപിക്കാൻ കഴിയുന്നില്ല. ചിലതിന്റെയൊക്കെ ധാർമ്മികമായ ഉത്തരവാദിത്വം വേണമെങ്കിൽ ചമയ്ക്കാമെന്നേയുള്ളൂ. പണ്ടെങ്ങോ കുറച്ചുനാൾ മന്ത്രി ക്കസേരയിൽ ഇരുന്നതിന്റെ പേരിൽ പിണറായി വിജയന്റെ പേരിൽ യാതൊരടിസ്ഥാനവുമില്ലാത്ത ഒരു ലാവ്ലിൻ കേസ് പറഞ്ഞ് നടന്ന് കുറെ രാഷ്ട്രീയ നേട്ടങ്ങൾ എതിരാളികൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞു എന്നല്ലാതെ ആ ആരോപണത്തിൽ കഴമ്പൊന്നുമില്ലെന്ന് അന്വേഷണ ഏജൻസികൾക്ക്തന്നെ ഒടുവിൽ പറയേണ്ടിയും വന്നു. ഇടതുപക്ഷത്തെ എല്ലാ നേതാക്കളും ശുദ്ധാത്മാക്കളാണെന്ന് പറഞ്ഞുകളഞ്ഞുവെന്നൊന്നും ആരോപിക്കേണ്ട. ചിലപ്പോൾ ഒക്കെ സംഭവിക്കുന്നുണ്ട്. അതിന്റെ ഫലം അവരിൽ ചിലർ പാർട്ടിയിൽ നിന്നു പുറത്തായി അവരും വലിയ വിപ്ലവ വായാടികളായി ഗതികിട്ടാതെ അലഞ്ഞുനടക്കുകയാകും. ഇനിയും ചിലർ അഴിമതിയുടെയോ പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെയോ പേരിൽ പുറത്താക്കപ്പെട്ടാൽ എതിർപാളയത്തിൽ അക്കാമഡേറ്റ് ചെയ്യപ്പെട്ട് ഗതിപിടിച്ചെന്നും വരാം. എന്തായാലും അഴിമതി സി.പി.എമ്മുകാർ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവർ അല്ല. സോറി, വിഷയം മാറി പോകുന്നുവെന്നു തോന്നുന്നു.

ഇവിടെ പറയാൻശ്രമിക്കുന്നത് ജനാധിപത്യപരമല്ലാത്ത മാർഗ്ഗത്തിലൂടെയല്ലതെ ഇടതുപക്ഷത്തിനും ഇന്ത്യയിൽ പ്രവർത്തിക്കാനാകില്ല എന്ന് എടുത്തു പറയാനാണ്. അതുകൊണ്ട് വിപ്ലവം പോരാ വിപ്ലവം പോരാ എന്നു പറഞ്ഞിട്ടു ഒരു കാര്യവുമില്ല. ആർക്കെങ്കിലും ചിലർക്ക് പാർട്ടിയിലോ ജനാധിപത്യ വേദികളിലോ ആഗ്രഹിക്കുന്ന സ്ഥാനമാനങ്ങൾ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന വിപ്ലവബോധം കൊണ്ട് ദീർഘകാല നേട്ടങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതിന്റെയൊക്കെ മുൻ നിരയിൽ നിൽക്കുന്നവർക്ക് ചില നേട്ടങ്ങൾ ഉണ്ടാകും. പിൻ നിരക്കാർക്ക് സമയനഷ്ടം മാത്രം. ഇവിടെ ഏതു പാർട്ടിയിൽ വിശ്വസിക്കാനും തോന്നുമ്പോൾ പാർട്ടി മാറാനും ഒക്കെ സ്വാതന്ത്ര്യമുണ്ട്. സിപി.എമ്മുമായി സഹകരിച്ചു പോകൻ വിഷമം തോന്നുമ്പോൾ കോൺഗ്രസ്സ് ഉൾപ്പെടെ എത്രയോ പ്രസ്ഥാനങ്ങളുണ്ട് ചേരാൻ. അതല്ലേ ഇതിലും ഭേദം? പുതുതായി ഒന്നുണ്ടാക്കി കോൺഗ്രാസുകാരുടെ സഹായം കൊണ്ട് നിലനിൽക്കാൻ ശ്രമിക്കുന്നത് ലളിതമായി പറഞ്ഞാൽ പാപ്പരത്തമാണ്. കൂടുതൽ വിപ്ലവം പറഞ്ഞ് പാർട്ടിവിടുന്നവർ സി.പി എമ്മിന്റെയോ മറ്റിടതുപക്ഷ കക്ഷികളുടെയോ പിൻബലം ഇല്ലാതെ ഒറ്റയ്ക്ക് നിന്ന് കോൺഗ്രസ്സിനെയോ, യു.ഡി.എഫിനെയോ വർഗീയ കക്ഷികളെയോ ഒക്കെ തെരഞ്ഞെടുപ്പിൽ തോല്പിച്ച് കഴിവു തെളിയിക്കണം. വർഗ്ഗ ശത്രുവിനോട് തോളുരുമ്മി നീന്ന് പിന്നെ ആർക്കെതിരെ പോരാടുന്നത്? സി.പി.എമ്മിനെ ദുർബ്ബലപ്പെടുത്തി വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തിപകരാനുള്ള കരുക്കളായി മാറുന്നവരെ വിപ്ലവകാരികൾ എന്നല്ല വിപ്ലവത്തിന്റെ ഒറ്റുകാരെന്നുവേണം വിളിക്കാൻ. ഒരു ആശയത്തിനുവേണ്ടി നിന്നാൽ നിന്നതായിരിക്കണം. കൊതി മുമ്പോട്ടും കുത്തുകാലു പുറകോട്ടും എന്നു പറയുമ്പോലെ അധികാരകസേരകാണുമ്പോൾ നാക്കും നീട്ടി കുണ്ടിയും തുടച്ചു ചെല്ലരുത്. അല്ലപിന്നെ!

പിന്നെ സി.പി.എമ്മിൽ വല്ലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നത് നല്ലതുതന്നെ. അനുഭവപാ‍ഠങ്ങൾ പാർട്ടിക്ക് ഗുണം വരുത്തും എന്നാണ് ഈയുള്ളവൻ അവർകളുടെ വിശ്വാസം. ഇങ്ങനെയും ഒക്കെ സംഭവിക്കാം എന്നു വരുമ്പോൾ കൂടുതൽ കരുതലോടെ പ്രവർത്തിക്കാം. സംഭവിക്കാവുന്ന ചില തെറ്റുകൾ ഒഴിവാക്കാം. ഒഞ്ചിയവും ഒരു പാഠം തന്നെ. ഇത്രയും ഒരു പ്രതികരണം പ്രതീക്ഷിച്ചിരിക്കില്ല. ചിലത് അങ്ങനെയാണ് സംഭവിച്ചുകഴിയുമ്പോഴേ അറിയുകയുള്ളൂ. പക്ഷെ എന്നുവച്ച് സ. പിണറായിയുടെ വാക്കുകൾ കടമെടുത്താൽ കുലംകുത്തികളെന്നും മറ്റും വിളിക്കെണ്ടവരെ മറ്റൊരു വാക്കിനാൽ വിശേഷിപ്പിക്കാനാകില്ല. കോൺഗ്രസ്സുമായി അധികാരം പങ്കുവയ്ക്കുന്ന നിലവാരത്തിലേയ്ക്ക് ഈ അഭിനവ വിപ്ലവകാരികൾ തരം താണിരുന്നില്ലെങ്കിൽ ഈ ലേഖകൻ കുലംകുത്തികൾ എന്ന് ആവർത്തിച്ച് സായൂജ്യം അടയില്ലായിരുന്നു. (അല്ല, നമ്മുടെ സായൂജ്യത്തിനെഴുതുന്നതുകൊണ്ടാണേ!) കാരണം പാർട്ടിയ്ക്ക് അനുഭവപാഠം നൽകിയവർ എന്നൊരാനുകൂല്യം അവർ അർഹിക്കുന്നുണ്ടല്ലോ! കോൺഗ്രസ്സിന്റെ നയങ്ങളോടുള്ള വിയോജിപ്പല്ലാതെ എം.ആർ. മുരളിമാർക്ക് ചേരാൻ പറ്റാത്ത ഒരു മോശം പാർട്ടിയാണ് കോൺഗ്രസ്സ് എന്നൊന്നും ഈയുള്ളവൻ കരുതുന്നില്ല.


പിൻകുറിപ്പ്: കെട്ടിപ്പിടിച്ചുകൊണ്ടു തർക്കിക്കുന്ന രാഷ്ട്രീയമാണ് നമ്മുടെ ജനാധിപത്യം ആവശ്യപ്പെടുന്നത്. അക്രമം കൊണ്ട് ഒന്നിനെ മറ്റൊന്നിനു തകർത്തു മുന്നേറാം എന്ന് വ്യാമോഹിക്കുന്നരാഷ്ട്രീയമല്ല. ജനാധിപത്യം ശക്തിപ്പെടുന്നത് ആശയസംവാദങ്ങളിലൂടെയാണ്. അക്രമവും അഴിമതിയും ഒഴിച്ച് രാഷ്ട്രീയത്തിൽ സംഭവിക്കുന്നതെല്ലാം ജനാധിപത്യത്തിനു നിരക്കുന്ന കാര്യങ്ങളാണ്. അതു കാലുമാറ്റവും കൂറുമാറ്റവും ആയാൽ പോലും. തെറ്റുകൾ എന്നു തോന്നുന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും ശരിയെന്നു തോന്നുന്ന ആശയങ്ങളും അക്രമരഹിതമായ പ്രവർത്തനങ്ങളും കൊണ്ട് തിരുത്തിക്കാൻ ശ്രമിക്കുന്നതാണ് ജനാധിപത്യത്തിനു ഭൂഷണം

Wednesday, December 22, 2010

ബ്ലോഗ്പത്രം രണ്ടാംലക്കം പ്രകാശനവും ബ്ലോഗ് മീറ്റും

2010 ഡിസംബർ 30-നു വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ്പത്രമായ ബൂലോകം ഓൺ ലൈൻ ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കത്തിന്റെ പ്രകാശനവും ബ്ലോഗ് മീറ്റും നടക്കുന്നു. ഇതിനോടനുബന്ധിച്ച് ബൂലോകം ഓൺലൈൻ ഡോട്ട് കോമിൽ എഴുതിയ ലേഖനം പ്രസ്തുത സംരംഭത്തിന്റെ പ്രചരണാർത്ഥം ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.


ബ്ലോഗ് പത്രം രണ്ടാം ലക്കം പ്രകാശനവും ബ്ലോഗ് മീറ്റും


ഇ.എ.സജിം തട്ടത്തുമല


ദിവസവും രണ്ടായിരത്തിലധികം ഹിറ്റുകളുമായി ബൂലോകം ഓണ്‍ലെയിന്‍ ജൈത്ര യാത്ര തുടരുകയാ‍ണ്. ഉറച്ച കാല്‍വയ്പുകളോടെയും തികഞ്ഞ ലക്ഷ്യ ബോധത്തോടെയും അര്‍പ്പണമനോഭാവത്തോടെയുമാണ് അവനവന്‍ പ്രസാധന രംഗത്തെ ഈ കൂട്ടുസംരംഭം ആരംഭിച്ചത്. വെറുമൊരു എഴുത്തകം എന്നതിലുപരി ബൂലോകത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയും വികാസവും ബൂലോകം ഓണ്‍ലെയിന്‍ ലക്ഷ്യമിടുന്നു. ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവും ആക്കി തീര്‍ക്കുന്നതിനെക്കുറിച്ചും, മലയാള ഭാഷയെയും സാഹിത്യത്തെയും നില നിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും ബൂലോകത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ബൂലോകം ഓണ്‍ലെയിന്‍ മനനം ചെയ്യുന്നു. ബൂലോകത്തിനു പുറത്തു നില്‍ക്കുന്നവര്‍ക്കു കൂടി ബൂലോകത്തിന്റെ സന്ദേശം എത്തിക്കുവാനും പ്രതിജ്ഞാബദ്ധമാണ് ബൂലോകം ഓൺലൈൻ. അതിനുള്ള ഒരു നല്ല സംരംഭമാണ് ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രമായ ബൂലോകം ഓൺലൈൻ. ഇത് ബൂലോകത്തെ എഴുത്തുകളെയും എഴുത്തുകാരെയും ബൂലോകത്തിനു പുറത്തുള്ളവര്‍ക്കു കൂടി അച്ചടി മാധ്യമം വഴി പരിചയപ്പെടുത്തുന്നു. ഇതുവഴി ബ്ലോഗിംഗിനെ കുറിച്ച് മനസിലാക്കി കൂടുതല്‍ ആളുകള്‍ ബ്ലോഗ്ഗര്‍മാരായി ബൂലോകത്തേയ്ക്ക് കടന്നുവരാനും വഴിയൊരുങ്ങും. ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനവും, ബ്ലോഗ് അവാര്‍ഡ് ദാനവും, ബ്ലോഗ് മീറ്റും തിരുവനന്തപുരത്ത് 2010 ഡിസംബർ 30-ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാര്‍ത്തത്തില്‍ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. കഥകളും കവിതകളും മാത്രമല്ല, കാര്‍ട്ടൂണുകളും , സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങളും, സ്വന്തം ക്യാമറ കൊണ്ട് എടുക്കുന്ന ഫോട്ടോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസുദ്ധീകരിക്കുവാന്‍ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍ നെറ്റ് അമ്പൊടുങ്ങാത്ത ആവനാഴി പോലെ വായനയുടെ അനന്ത സാധ്യതകള്‍ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്ന് ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. പോഡ് കാസ്റ്റിംഗിനുള്ള സൌകര്യം ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രമായാല്‍ പോര. ബ്ലോഗ്മീറ്റുകളില്‍ ബ്ലോഗര്‍മാരല്ലാത്തവരെ സാധാരണ കണ്ടുവരാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗര്‍മാര്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം ഇ-സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. ഇ-ലോകം എല്ലാവരുടെയും ലോകം ആകണം. ബ്ലോഗിംഗിന്റെ വളര്‍ച്ചയ്ക്ക് ആത്മാര്‍ത്ഥമായ ചില കര്‍മ്മ പരിപാടികളുമായി ബൂലോകം ഓണ്‍ലെയിന്‍ മുന്നോട്ടു പോവുകയാണ്. ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ദൌത്യത്തിലാണ് ബൂലോകം ഓണ്‍ലെയിന്‍. ബ്ലോഗിംഗിനെ കുറിച്ച് ഇനിയും അറിയാത്തവരിലേയ്ക്ക് ഇതിന്റെ ബൂലോകത്തിന്റെ സന്ദേശം എത്തിക്കുക എന്നതു തന്നെയാണ് ഇതില്‍ പരമപ്രധാനം. അതിനുള്ള ദൌത്യങ്ങളില്‍ ഒന്നാണ് ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രം. ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം വിതരണത്തിന് തയ്യാറായിരിക്കുകയാണ്. ബ്ലോഗുകളില്‍ വരുന്ന നല്ല പോസ്റ്റുകള്‍ അച്ചടി രൂപത്തില്‍ പ്രസിദ്ധീകരിക്കുക വഴി ബൂലോകത്തിനു പുറത്തുള്ളവര്‍ക്ക് കൂടി അവ വായിക്കുവാന്‍ അവസരം ലഭിക്കുന്നു. ഇത് ബ്ലോഗെഴുത്തുകാരെ പുറം ലോകത്തിനു കൂടി പരിചയപ്പെടുത്താന്‍ സാഹചര്യം ഒരുക്കുന്നു. ഒപ്പം ബൂലോകത്ത് എന്ത് സംഭവിക്കുന്നു എന്ന് പുറം ലോകം കൂടി അറിയുന്നു. ബ്ലോഗുകള്‍ക്ക് ഇതിലൂടെ കൂടുതല്‍ പ്രചാരം ലഭിക്കും. കൂടുതല്‍ പുതുമുഖങ്ങള്‍ ഇതുവഴി ബൂലോകത്തേയ്ക്ക് കടന്നുവരാന്‍ ഇതുപകരിക്കും. അതുതന്നെയാണ് ലക്ഷ്യവും.

ബ്ലോഗിനെ ജനകീയവല്‍ക്കരിക്കാന്‍ പല കര്‍മ്മപരിപാടികളും ബൂലോകം ഓണ്‍ലെയിന്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനം, ബ്ലോഗ് അവാര്‍ഡ് ദാനം എന്നീ പരിപാടികള്‍ക്കൊപ്പം ഒരു ബ്ലോഗ്മീറ്റ് കൂടി സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സാധാരണ ബ്ലോഗ് മീറ്റുകളില്‍ നിന്നും വ്യത്യസ്ഥമായി ബ്ലോഗര്‍മാരല്ലാത്തവരെ കൂടി പങ്കെടുപ്പിച്ച് അവരിലേയ്ക്കു കൂടി ബൂലോകത്തെ പരിചയപ്പെടുത്തണമെന്ന ആഗ്രഹമാണ് ബൂലോകം ഓണ്‍ലെയിന്‍ പ്രവര്‍ത്തകര്‍ക്കുള്ളത്. ഇതിനകം ബൂലോകത്ത് എത്തിപ്പെട്ടവരുടെ മാത്രം കൂട്ടായ്മകളായിട്ടാണ് ഇപ്പോല്‍ മിക്ക ബ്ലോഗ് മീറ്റുകളും മാറുന്നത്. അത്തരം മീറ്റുകള്‍ വേണ്ട എന്നല്ല, അതും ഒക്കെ അതാതിന്റെ വഴിക്കു നടക്കട്ടെ. എന്നാല്‍ പുതിയ ബ്ലോഗര്‍മാരെ സൃഷ്ടിക്കുന്നതിനും ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവുമായ ഒരു മാധ്യമമാക്കി വളര്‍ത്തുന്നതിനും ഉള്ള ശ്രമങ്ങളും ബൂലോകത്ത് എത്തിപ്പെട്ടവര്‍ ചെയ്യേണ്ടതാണ്. ബ്ലോഗിംഗിനെ ഗൌരവബുദ്ധ്യാകൂടി സമീപിക്കേണ്ടതിന്റെ ആവശ്യകതയും ബൂലോകം ഓണ്‍ലൈന്‍ ഉള്‍ക്കൊള്ളുന്നു. ഈ വഴിയ്ക്ക് ബൂലോകം നടത്തുന്ന കര്‍മ്മ പരിപാടികള്‍ക്ക് ഏവരുടെയും സഹകരണം ബൂലോകം ഓൺലൈൻ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

Wednesday, December 8, 2010

സ്ത്രീ ശാക്തീകരണം കേരളത്തില്‍

സ്ത്രീ ശാക്തീകരണം കേരളത്തില്‍

നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും നിയമവ്യവസ്ഥകളും എല്ലാം സ്ത്രീപുരുഷസമത്വം അംഗീകരിച്ചുകൊണ്ടുള്ളതാണ്. നിയമപരമായി സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷകളും നൽകി വരുന്നുണ്ട്. ഭരണഘടനാപരമായോ നിയമപരമായോ സ്ത്രീവിവേചനം നിലനില്ലെന്നുതന്നെ പറയാം. എന്നാൽ സാമൂഹ്യമായി സ്ത്രീകൾ അനുഭവിച്ചു പോരുന്ന വിവേചനം പൂർണ്ണമായും ഇല്ലാതാക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി സ്ത്രീകൾ അഭിമുഖീകരിച്ചു പോരുന്ന പല പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃതമായ ഒരു ജീവിത ക്രമമാണ് ഇവിടെ നൂറ്റാണ്ടുകളായി നിലനിൽക്കുന്നത്. ഈ വ്യവസ്ഥിതിയിൽ സ്ത്രീ രണ്ടാം തരക്കാരിയായി തരം താഴ്ത്തപ്പെടുന്നു. ഇതിന് പല കാരണങ്ങളും ഉണ്ട്. സാമൂഹികം, മതപരം, സാമ്പത്തികം തുടങ്ങി പല കാരണങ്ങൾ ഇതിനുണ്ട് . ഇവ കണ്ടെത്തി പരിഹരിക്കുന്നതിന് ഭരണപരമായും നിയമപരവും സാമൂഹ്യമായും ഉള്ള ശ്രമങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നുമുണ്ട്. എന്നിട്ടും നമ്മുടെ രാജ്യത്തിന്റെ മൊത്തം സ്ഥിതി പരിശോധിച്ചാൽ സ്ത്രീകളുടെ പൊതുവിലുള്ള സ്ഥിതി ഇന്നും പരിതാപകരമായി തുടരുന്നു.

ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിൽ സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെ വിലയിരുത്താൻ. സ്ത്രീകളുടെ ക്ഷേമത്തിന് നാളിതുവരെ ഭരണതലത്തിലും, സാമൂഹ്യതലത്തിലും, രാഷ്ട്രീയതലത്തിലും മറ്റു വിവിധ തലങ്ങളിലും ഉള്ള പലതരം പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. കാലാകാലങ്ങളിൽ പല നിയമനിർമ്മാണങ്ങളും നടന്നിട്ടുണ്ട്. സ്ത്രീകൾക്ക് തുല്യനീതി ലഭിക്കുന്നതിനും അവരുടെ പരിരക്ഷ ഉറപ്പാക്കുന്നതിനും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളും നടന്നു പോരുന്നുണ്ട്. കേരളത്തിന്റെ പൊതു നന്മയ്ക്കുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികളിൽ പലതും സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിനുകൂടി സഹായകരമായിട്ടുണ്ട്. അതിലൊന്നാണ് സാക്ഷരതാ പ്രവർത്തനം. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ ഒരു സംസ്ഥാനമാണ്. ഇത് സ്ത്രീകളുടെ സാമൂഹ്യമായ ഉന്നമനത്തിനും സഹായകമായിട്ടുണ്ട്. സാക്ഷരതാ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥപങ്ങളുടെ മേൽനോട്ടം ഉണ്ടായിരുന്നു. അതിന്റെ തുടർ പ്രാർത്തനങ്ങളിൽ ഇപ്പോഴുമതുണ്ട്.

തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം ഫലപ്രദമായി പ്രായോഗികമാക്കിയ സംസ്ഥാനമാണ് കേരളം. മാതൃ-ശിശു പരിപാലനരംഗത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അൻപത് ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്താൻ നിയമം പാസ്സാക്കുകയും അത് 2010- ലെ ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നഗരസഭകൾ എന്നിവയിലേയ്ക്ക് നടന്ന തെരഞ്ഞേടുപ്പിൽ ആദ്യമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിൽ മൊത്തം ബാധകമാകേണ്ടുന്ന വനിതാ സംവരണ ബിൽ പാർളമെന്റിൽ തീരുമാനമാകാതെ കിടക്കുമ്പോഴാണ് കേരളം ഈ ലക്ഷ്യം സാക്ഷാൽക്കരിച്ചത്. അങ്ങനെ പല മേഖലകളിലും സ്ത്രീകളുടെ ക്ഷേമത്തിന് നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാ‍പനങ്ങളുടെ മേൽനോട്ടത്തിലുള്ള അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും രൂപീകരണത്തൊടെ കേരളം സ്ത്രീശക്തീകരണ രംഗത്ത് വൻ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഈ അയൽക്കൂട്ടങ്ങളും കുടുംബശ്രീകളും രൂപീകരിക്കുമ്പോൾ അത് സ്ത്രീസമൂഹത്തിന് ഒരുണർത്തുപാട്ടായി മാറുമെന്നോ ഇത്രയധികം വിപ്ലവകരമായ ഒരു മുന്നേറ്റം ഉണ്ടാകുമെന്നോ ഈ ആശയം കൊണ്ടുവന്നവർ പോലും ഒരുപക്ഷെ കരുതിയിരുന്നോ എന്നറിയില്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അഭാവമാണ് നമ്മുടെ സമൂഹത്തിൽ നല്ലൊരു പങ്ക് സ്ത്രീകളും അനുഭവിച്ചിരുന്ന പ്രശ്നങ്ങളുടെ മുഖ്യ കാരണം. സാമ്പത്തികമായ അരക്ഷിതാവസ്ഥയും പരാശ്രയത്വവുമാണ് ഏതൊരു വ്യക്തിയെയും അടിമയാക്കുന്ന മുഖ്യ ഘടകം . സ്ത്രീസമൂഹം അനുഭവിക്കുന്ന അടിമത്വത്തിന് പലകാരണങ്ങൾ ഉള്ളതിൽ പ്രധാനം ഈ സാമ്പതികഘടകം തന്നെ.

സ്വയം സഹായ സംഘങ്ങൾ കൂടിയായ അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും വരവ് സ്ത്രീകളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുവാനും സ്വയം വരുമാനം ആർജ്ജിച്ച് കരുത്ത് നേടുവാനുമുള്ള വാതായനങ്ങൾ അവർക്ക് മുന്നിൽ തുറന്നുകൊടുക്കുകയയിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ഇത് വലിയ ഒരു ആശ്വാസം ആയി മാറുകയായിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരും മാത്രമല്ല, അല്പസ്വല്പം സാമ്പത്തിക ഭദ്രതയൊക്കെ ഉള്ള കുടുംബങ്ങളിലെ അംഗങ്ങൾ കൂടിയും അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായി പ്രവർത്തിക്കുന്നുണ്ട് എന്നത് ഇതിന്റെ പൊതുവിലുള്ള സ്വീകാര്യതയ്ക്കും വിജയത്തിനും ഉദാഹരണമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ വിജയിച്ച ബൃഹത്തായ ഒരു കർമ്മ പരിപാടിയാണ് കുടുംബശ്രീ പ്രസ്ഥാനം എന്നതും നാം ഓർക്കണം. ഇന്ന് കുടുംബശ്രീ യൂണിറ്റുകൾ നടത്തുന്ന ചെറുതും വലുതുമായ ഉല്പാദന വിതരണ സംരംഭങ്ങൾ കേരളത്തിൽ എവിടെയും സജീവമാണ്. അതിൽനിന്നും നല്ല വരുമാനം അവർക്ക് ലഭിക്കുന്നുണ്ട്. ഇത് ഒരു ചെറിയ കാര്യമല്ല. മുമ്പ് പുരുഷന്മാരുടെ മുന്നിൽ എന്തിനും കൈ നീട്ടി നിൽക്കേണ്ടി വന്നിരുന്ന സ്ത്രീകൾ അയൽകൂട്ടങ്ങളിലൂടെ സംഘടിക്കുക വഴി ഒരു പരിധിവരെയെങ്കിലും സ്വയം പര്യാപ്തരായിരിക്കുകയാണ്. ഇന്ന് ഭർത്താക്കന്മാർ ഭാര്യമാർ വഴി അയൽക്കൂട്ടങ്ങളിൽ നിന്ന് വായ്പയെടുക്കുന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇത് സ്ത്രീകളുടെ വിജയമല്ലാതെ മറ്റെന്താണ്?

മാത്രവുമല്ല ഏതൊരു പ്രസ്ഥാനത്തിനും നില നിൽക്കാനും വളരാനും സാമ്പത്തികമായ അടിത്തറ കൂടി വേണം. കുടുംബശ്രീയും ഒരു പ്രസ്ഥാനമാണെന്നിരിക്കെ അതിന്റെ നിലനില്പിനും വളർച്ചയ്ക്കും ആവശ്യമായ സാമ്പത്തിക ഭദ്രത മിക്കവാറും എല്ലാ കുടുംബ ശ്രീ യൂണിറ്റുകളും ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാൻ. സ്വന്തം ആവശ്യങ്ങൾക്ക് മാത്രമല്ല ചുറ്റുമുള്ള സമൂഹത്തിലെ ഏതെങ്കിലും നല്ല കാര്യങ്ങൾക്ക് സാമ്പതിക സഹായം നൽകാൻ പോലും ഇന്ന് മിക്ക കുടുമ്പശ്രീകളും മുന്നോട്ടുവരുന്നുണ്ട്. ഇന്ന് കുടുംബശ്രീകൾ കേവലം സ്വയം സഹായ സംഘങ്ങൾ മാത്രമല്ല പര സഹായസംഘങ്ങൾ കൂടിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. പല ജീവ കാരുണ്യ പ്രവർത്തനങ്ങൽക്കും കുടുംബ ശ്രീ യൂണിറ്റുകൾ മുന്നോട്ടു വരുന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിൽ ഒരു സബ്ജില്ലാ സ്കൂൾ യുവജനോത്സവത്തിന് അടുത്തുള്ള കുടുംബ ശ്രീ യൂണിറ്റുകൾ എല്ലാം കൂടി പതിനായിരത്തിലധികം രൂപാ സംഭാവന ചെയ്തത് ഈ ലേഖകന് അറിയാം. മറ്റു പലയിടത്തും ഇതിലും വലിയ തുക പൊതു കാര്യങ്ങൾക്ക് വേണ്ടി സംഭവന ചെയ്യുന്നുണ്ട് എന്നറിയുമ്പോൾ കുടുംബശ്രീകളുടെ സാമ്പത്തികമായ വളർച്ചയെ ചെറുതായി കണ്ടുകൂട.നാട്ടിൽ നടക്കുന്ന പൊതുക്കാര്യങ്ങൾക്ക് സാമ്പത്തികമായി കൈത്താങ്ങു നൽകുകമാത്രമല്ല, പൊതു പരിപാടികളുടെ വിജയത്തിനായി സ്ത്രീകൾ സംഘങ്ങളായി വന്ന് സഹായിക്കുന്നത് ഇന്ന് നമ്മുടെ നാട്ടിൽ എവിടെയും കാണാം.

മുമ്പ് വീട്ടിനുള്ളിൽ മത്രം കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് പുറം ലോകത്ത് വന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് സമ്പത്തിക സുരക്ഷിതത്വം നൽകുക എന്നതിനപ്പുറം സാമൂഹ്യവും സാംസ്കാരികവുമായ രംഗത്തും സ്ത്രീശാക്തീകരണത്തിന്റെ അലയൊലികൾ ഉണ്ടായിട്ടൂണ്ട്. കുടുംബശ്രീകളുടെ വാർഷിക പൊതുയോഗങ്ങളും മറ്റു പൊതു പരിപാടികളും ഒക്കെ വിവിധ കലാ സാംസ്കാരിക പരിപാടികളുടെ കൂടി വേദികളായി മാറുന്നുണ്ട്. ഗ്രാമങ്ങളിൽ പോലും ഇന്ന് അണു കുടുംബ വ്യവസ്ഥിതിയാണെന്നിരിക്കെ സ്വന്തം സ്വാർത്ഥത്തിനപ്പുറത്തേക്ക് അവരവരുടെ ചിന്താമണ്ഡലങ്ങളെ വിപുലീകരിച്ച് സാമൂഹ്യ ബോധം ഉൾകൊള്ളുവാനും പരസ്പരം അടുത്തറിഞ്ഞ് ഊഷ്മളമായ സ്നേഹ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുവാനും സ്ത്രീകളുടെ ഒത്തു ചേരലുകൾ ഉത്തേജനമാകുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം അയൽകൂട്ടങ്ങൾ കൂടുന്നതിലൂടെ നമ്മുടെ സാമൂഹ്യ ജീവിതവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. അയൽക്കൂട്ടങ്ങൾ ചുവടു വയ്ക്കുന്ന ആദ്യ നാളുകളിൽ അവയെ പരദൂഷണകമ്മിറ്റികൾ എന്നു കളിയാക്കുകയും, പെണ്ണുങ്ങൾ പരസ്പരം അടിച്ചു പിരിയുന്നതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും പലരും പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ട് കുടുംബശ്രീ പ്രസ്ഥാനം മുന്നേറുന്നതാണ് നാം കാണുന്നത്.

ഔദ്യോഗികാംഗീകാരമുള്ള കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വിജയം കണ്ടിട്ടുതന്നെയാണ് പല രാഷ്ട്രീയ- സാമുദായിക സംഘടനകളും തങ്ങളുടേതായ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങൾ അരംഭിച്ചത്. മത്രവുമല്ല സ്ത്രീകളുടെ അയൽക്കൂട്ടങ്ങളെ മതൃകയാക്കി ഇന്ന് പുരുഷ അയൽക്കൂട്ടങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഒരു സർക്കാർ പരിപാടി എന്നതിനപ്പുറം കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാപ്രസ്ഥാനം വിജയം കണ്ടതിനുശേഷം ഏറ്റവുമധികം വിജയം വരിച്ച ഔദ്യോഗികാംഗീകാരമുള്ള ഒരു സമൂഹ്യ പ്രസ്ഥാനമാണ് കുടുംബശ്രീ പ്രസ്ഥാനം. കുടുംബശ്രീ പ്രസ്ഥാനം കേവലം സമ്പത്തിക സ്വയം പര്യാപ്തത എന്നതിനപ്പുറം മഹത്തായ ലക്ഷ്യങ്ങൾ കൈവരിച്ചു എന്നതിനാൽ ഇതിന്റെ പ്രാധാന്യത്തെ നാം കൂടുതൽ ഉയർത്തിത്തന്നെ കാണേണ്ടതുണ്ട്. ശരിക്കും സ്ത്രീ ശാക്തീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്തോ അത് അതിന്റെ പൂർണ്ണാർത്ഥത്തിൽ അല്ലെങ്കിലും നിർണ്ണായകമായ വിജയം കൈവരിച്ചു എന്ന് അഭിമാനപൂ‍ർവ്വം പറയാൻ സാധിക്കും. നിർഭയമായും സ്വാഭിമാനത്തോടും ജീവിക്കുവാൻ ഇന്ന് നമ്മുടെ സ്ത്രീ സമൂഹം കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്നു.

വിടുകളുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ധാരാളം സ്ത്രീകളെ സാമൂഹ്യ മുഖ്യ ധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരുവാൻ കുടുംബശ്രീ പ്രസ്ഥാനം സഹായിച്ചു. കുടുംബശ്രീകളിലൂടെ കരുത്താർജ്ജിച്ച പല സ്ത്രീകളും ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലക്കളിലും അവരുടെ വ്യക്തിത്വം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളായും സ്വതന്ത്ര സ്ഥാനാർത്ഥികളായും രംഗത്തു വന്നവരിൽ നല്ലൊരു പങ്കും അയൽക്കൂട്ടങ്ങളിലൂടെയും കുടുംബശ്രീകളിലൂടെയും രാഷ്ട്രീയ-പൊതു പ്രവർത്തന രംഗത്തേയ്ക്ക് വന്നവരാണ്. പഞ്ചായത്തും ഭരണവുമെല്ലാം കുടുമബശ്രീ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ കൂട്ടി കണ്ടറിഞ്ഞവരാണ് അവർ. തീർച്ചയായും അവർ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടായിരിക്കും. ഭരണ രംഗത്ത് അവർ അവരുടെ കരുത്ത് തെളിയിക്കും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. മുൻ കാലത്ത് ജനപ്രതിനിധികളായി വരുന്ന സ്ത്രീകളെ സംബന്ധിച്ച് ഭർത്താക്കന്മാരുടെ പിൻ സീറ്റു ഭരണമാണ് നടക്കുന്നതെന്ന് ഒരു ആരോപണം നില നിന്നിരുന്നു. എന്നാൽ ഇനി അത്തരം ആരോപണങ്ങൾക്ക് വലിയ പ്രസക്തിയുണ്ടാകില്ല.

തീർച്ചയായും സർക്കാർ സംവിധാനങ്ങളുടെയും സമൂഹത്തിന്റെയും ബോധപൂർവ്വവും ആത്മാർത്ഥവുമായ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായി പരിഹാരം കാണാൻ സാധിക്കും എന്നതിന്റെ തെളിവാണ് സ്ത്രീ ശാക്തീകരണ രംഗത്ത് കേരളം കൈവരിച്ച വിജയം. ഇതിൽ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിച്ച നേതൃത്വപരമായ പങ്ക് ശ്ലാഘനീയമാണ്. ഇനിയും നമ്മുടെ സ്ത്രീസമൂഹം അഭിമുഖീകരിക്കുന്ന പലവിധ പ്രശ്നങ്ങളും ഉണ്ട്. അതിൽ കുറച്ചേറെയും ഈ കുടുമബശ്രീ പ്രസ്ഥാനത്തിലൂടെ തന്നെ നേടിയെടുക്കാൻ സാധിക്കും. കുറച്ചൊക്കെ ഈ പ്രസ്ഥാനത്തിന്റെതന്നെ സമ്മർദ്ദത്തിന്റെയും പ്രേരണയുടെയും മാർഗ്ഗത്തിൽ ഭരണകൂട ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. ഇനിയും ചില സാമൂഹ്യ പ്രശ്നങ്ങൾ സ്ത്രീകളുടെ ഈ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ച കരുത്തുകൊണ്ട് പ്രതിരോധിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. തീർച്ചയായും സ്ത്രീപുരുഷ സമത്വം എന്നത് ഒരു താത്വിക പ്രശ്നം മാത്രമല്ല അത് യാഥാർത്ഥ്യമാക്കാവുന്നതും യഥാർത്ഥ്യമാക്കേണ്ടതുമായ പുരോഗമനപരമായ ജീവിതരീതിയാണ്.

Friday, November 12, 2010

കഴുകന്‍

മുമ്പ് ജോർജ് ബുഷ് ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ എഴുതിയ കവിതയാണ്. ഇന്നിപ്പോൾ ഒബാമയുടെ ഇന്ത്യാസന്ദർശനവേളയിലും ഇത് പ്രസക്തമാണെന്നു കരുതുന്നു. ബുഷ് വെളുപ്പും ഒബാമ അല്പം കറുപ്പും ആണെങ്കിലും വെളുത്തവരുടെ പ്രതീകം തന്നെ ഒബാമയും!

കവിത

കഴുകന്‍

ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു
കഴുകന്‍ പാറി നടക്കുന്നു
തിന്നു തിമിര്‍ക്കാനത്യാര്‍ത്തിയുമായ്
വട്ടം ചുറ്റി നടക്കുന്നു;

വീശുന്നൂ വല നെടുനീളത്തില്‍
വോട്ടക്കണ്ണാലുള്ളൊരു നോട്ടം!
നേരും നെറിയും കഴുകനു വേറെ
മാനം പോകും വലയില്‍ പെട്ടാല്‍

കണ്ണും കവിളും കാട്ടി മയക്കി
കരളു കവര്‍ന്നേല്‍ സൂക്ഷിച്ചോ
ഒരുനാളവനേ താണു പറന്നാ
കരളും കൊത്തി കൊണ്ടു പറക്കും

തേനും പാലുമൊഴുക്കാമാങ്ങനെ
വാഗ്ദാനങ്ങള്‍ പലതാണേ
മോഹിപ്പിക്കാന്‍ ആളൊരു വിരുതന്‍
മോഹിച്ചാലോ ഗതികേടാകും

അമൃതും കൊണ്ടു വരുന്നവനല്ലവന്‍
‍അമരത്താകാന്‍ യത്നിപ്പോന്‍
‍അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്‍

ഒക്കെയുമവനാണെന്നൊരു ഭാവം
കയ്യൂക്കിന്‍റെയങ്കാരം !
ഉപരോധങ്ങള്‍ കൊണ്ടു വിരട്ടും
ആയുധവും പലതവനുടെ കയ്യില്‍

യജമാനന്‍താനെന്നു നടിപ്പോന്‍
ആജ്ഞാപിക്കാന്‍ ശീലിച്ചോന്‍
‍അടിമമനസ്സുകള്‍ പാകമൊരുക്കി
അടിച്ചമർത്താനറിയുന്നോൻ

‍വെള്ളത്തൊലിയും ചെമ്പന്‍ മുടിയും
കണ്ടു കൊതിച്ചു മയങ്ങരുതേ
അജ്ഞത കൊണ്ടപമൃത്യു വരിക്കും
ആരാധിക്കാന്‍ പോകരുതേ

വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!

ചോര മണത്തു മണത്തു നടക്കും
ചാരന്‍മാരുണ്ടവനു പരക്കെ
ചേരി പിടിച്ചിട്ടവനെച്ചാരി
ചോരന്‍മാരൊരു നിരയുണ്ടേ

ചോര കുടിച്ചു ശവങ്ങളൊരുക്കി
തിന്നു കൊഴുക്കനത്യാര്‍ത്തി ;
വങ്കന്‍ വയറിന്‍ ഇരവിളി കേട്ടോ
അണ്ടകടാഹം പാടെ വിഴുങ്ങും !

ഒത്തൊരുമിച്ചോരൊറ്റ മനസ്സാല്‍
ജാഗ്രതയോടെയിരുന്നില്ലെങ്കില്‍
നമ്മുടെ കഥ കഴിയുന്ന ചരിത്രം
നാമറിയാതിവിടങ്ങു നടക്കും.

അയ്യപ്പന്‍


കവി .അയ്യപ്പനെക്കുറിച്ച്


കവി . അയ്യപ്പന്റെ ശവസംസ്കാരം നടക്കുന്ന ദിവസമാണ് കുറിപ്പ് എഴുതുന്നത്. സംസ്കാരചടങ്ങുകൾ നീണ്ടു പോയത് വിവാദമായിക്കിടക്കുന്നുമുണ്ട്. അയ്യപ്പന്റെ ജീവിതം താളം തെറ്റിയതായിരുന്നെങ്കിലും മരണപ്പെട്ട അദ്ദേഹത്തിന് സാംസ്കാരിക കേരളം താളം തെറ്റാത്ത ഒരു അന്ത്യ യാത്ര നൽകേണ്ടതുതന്നെ. മരിച്ചുകിടക്കുന്ന കവിയ്ക്ക് താളം പിഴക്കില്ലല്ലോ. പക്ഷെ സാംസ്കാരിക കേരളത്തിന് അല്പം താളം പിഴച്ചോ എന്ന് പലർക്കും സംശയം തോന്നിയതിൽ കുറ്റം പറയുന്നില്ല. എന്തായാലും സാംസ്കാരിക വകുപ്പ് മന്ത്രി എം.. ബേബിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ ഈയുള്ളവൻ അവർകൾ ഇല്ല. കാരണം ബേബി കവിതയെയും സാഹിത്യത്തെയും സംഗീതത്തെയുമൊക്കെ സ്നേഹിക്കുന്ന ആളാണ്. ബോധപൂർവ്വം അയ്യപ്പനെയെന്നല്ല ഒരാളെയും അപമാനിക്കുവാൻ എം.. ബേബി ശ്രമിക്കില്ല.അതവിടെ നിൽക്കട്ടെ; മനപ്പൂർവ്വം അല്ലാതെ സംസ്കാരം അല്പം വൈകിയാലും കവിയോടുള്ള ആദരവിൽ കുറവുവരാതിരുന്നാൽ മതി.

കവിതയിലും ജീവിതത്തിലും താളവും താളമില്ലായ്മയുമായി നടന്ന അയ്യപ്പൻ സ്വയം അയ്യപ്പനെ നിഷേധിച്ചു നടന്നെങ്കിലും അയ്യപ്പൻ എന്ന കവിയെ സാംസ്കാരിക കേരളത്തിന് നിഷേധിക്കുവാനാകില്ല. അയ്യപ്പൻ എന്ന കവി ഒരു മഹാസംഭവമായി നമുക്കിടയിൽ ജീവിച്ചു മരിച്ചു. സമൂഹത്തിലെ അനീതികളോടും ജീർണ്ണതകളോടും സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം പരിഹാസം ചൊരിഞ്ഞു. കവിത വിൽക്കുന്ന യാചകൻ ഇനി ആരുടെയും മുന്നിൽ അനുവാദമില്ലതെ ചെന്ന് കവിത ചൊല്ലില്ല. തെരുവോരത്ത് നിന്ന് ആരോടെന്നില്ലാതെ കലഹിക്കില്ല. അലഞ്ഞുതിരിഞ്ഞു നടന്ന് ഒടുവിൽ അപരിചിതന്റെ ആട്ടോയും വിളിച്ച് ബഹുദൂരം താണ്ടി പരിചിതരുടെ മുന്നിൽ ചെന്നിറങ്ങി ആട്ടോക്കൂലിയും കൊടുപ്പിച്ച് തനിക്ക് അന്നത്തെ അന്നവും കിടപ്പും തരപ്പെടുത്താൻ ഇനി കൂട്ടുകാരുടെ ശല്യക്കാരൻ ഉണ്ടാകില്ല. പത്രമാഫീസുകളിൽ അക്ഷരം കോറിയ കടലാസു തുണ്ടുമായി ചെന്ന് വില പറയാൻ ഇനി അയ്യപ്പനില്ല. വഴിനീളെ പിറുപിറുത്ത് കവിതചൊല്ലി കാഴ്ചക്കാരന് കൌതുകമായി നടന്നു നീങ്ങുന്ന അയ്യപ്പൻ ഇനി ഓർമ്മകളിൽ മാത്രം. കലാലയങ്ങളിലെ സാഹിത്യകുതുകികൾക്കിടയിൽ ചെന്ന് കൂട്ടുകൂടി കതിതചൊല്ലി പണം പിരിക്കാനും ചിലപ്പോൾ വെറും കയ്യോടെ മടങ്ങാനും ഇനി തെരുവോരകവി ഇല്ല. വീടും കുടുംബവും അനാവശ്യ വസ്തുക്കളായിക്കണ്ട്, ഇരിക്കാൻ തോന്നുന്നിടം ഇരിപ്പിടമായും, കിടക്കാൻ തോന്നുന്നിടം കിടപ്പാടമായും കണ്ട് നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്ത യാചകനെ പോലെ അയ്യപ്പൻ നമുക്കിടയിൽ നിർഭയനായി ജീവിച്ചു. ഒന്നും നഷ്ടപ്പെടുവാനില്ലാത്തവർക്ക് ഭയം വേണ്ടല്ലോ! ഒടുവിൽ തനിക്ക് പ്രിയപ്പെട്ട തെരുവോരത്തൊരിടത്ത്തന്നെ അദ്ദേഹം ഇനിയുണരാത്ത ഉറക്കവും ഉറങ്ങി.

അയ്യപ്പന്റെ നഷ്ടം അയ്യപ്പനു നിസാരമായിരിക്കാം. പക്ഷെ മലയള സാഹിത്യത്തിനും സാംസ്കാരിക കേരളത്തിനും അയ്യപ്പന്റെ വേർപാട് തീരാദു:ഖമാണ്. അയ്യപ്പനെ കാണുമ്പോൾ ഒഴിഞ്ഞു മാറിപോകുന്നവരും ഒളിഞ്ഞുനിന്ന് അയ്യപ്പന്റെ ചലനങ്ങളെ നോക്കിക്കാണുമായിരുന്നു. അതെ, അയ്യപ്പൻ ഒരു കവി എന്നതിലുപരി ഒരു കൌതുക മനുഷ്യനും ആയിരുന്നു. അയ്യപ്പനിലെ വിപ്ലവകാരി തന്റേതുമാത്രമായ വൈചിത്ര്യങ്ങളെ സമരായുധങ്ങളാക്കിക്കൊണ്ടാണ് വ്യവസ്ഥിതിയോടുള്ള പരിഹാസവും പ്രതിഷേധവും ചൊരിഞ്ഞത്;പൊരുതിയത്. ജീവിതവും കവിതയും അയ്യപ്പന് തന്റേതായ പോരാട്ടമായിരുന്നു. ഇവിടെ ഏക്കറുകളും ഹെക്ടറുകളും വെട്ടിപ്പിടിക്കാൻ വെമ്പുന്ന സമൂഹത്തിനു മുന്നിൽ അളന്നു തിട്ടപ്പെടുത്താനാകാത്തത്ര വിശാലമായ ഭൂമിയിൽ അയ്യപ്പൻ വിരാജിച്ചു. താൻ ചെല്ലുന്നുടമെല്ലാം തനിക്കുള്ളതായിരുന്നു അയ്യപ്പന്. താൻ കണ്ടുമുട്ടുന്നവരെല്ലാം ചിര പരിചിതരെ പോലെയായിരുന്ന അയ്യപ്പൻ ആർക്കും അന്യനായിരുന്നില്ല.

തിരുവനന്തപുരം നഗരത്തിൽ കറങ്ങി നടക്കുന്ന ഏതൊരാളും നഗരത്തിന്റെ ഏതെങ്കിലും ഭാഗത്തുവച്ച് അയ്യപ്പനെ കണ്ടുമുട്ടുക പതിവാണ്. തിരുവനന്തപുരത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കവി അയ്യപ്പൻ. എവിടെയെങ്കിലും നാലാൾ കൂടുന്നിടത്ത് പ്രത്യേകിച്ചും സാംസ്കാരിക പരിപാടികളിൽ വലിഞ്ഞുകയറിചെല്ലുവാനുള്ള തന്റെ അവകാശം അയ്യപ്പൻ അരക്കിട്ടുറപ്പിച്ചിരുന്നു. അയ്യപ്പനോടൊത്തുള്ള നിമിഷങ്ങൾ ആസ്വദിക്കുവാൻ അവിടങ്ങളിലൊക്കെ പുതിയപുതിയ കൂട്ടുകാരും! ഇനി അയ്യപ്പനില്ലാത്ത അനന്തപുരിയുമായും നാം പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. നഗരത്തിൽ പലപല കാഴ്ചകളുണ്ട്. അയ്യപ്പനും ഒരു നഗരക്കാഴ്ചയായിരുന്നു. കവിതയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരുടെയും മനസിൽ വിപ്ലവത്തിന്റെ തിരയിളകുന്നവരുടേയും നഗരക്കാഴ്ച. അങ്ങനെയുള്ളവർ എല്ലാം അയ്യപ്പന്റെ ശല്യങ്ങളെ സ്നേഹംകൊണ്ട് സഹിച്ചു. അയ്യപ്പനെ പ്രസാദിപ്പിക്കാൻ വേണ്ടതൊക്കെ കൊടുത്തു. അയ്യപ്പന് പ്രായമായി തലനരച്ചിട്ടും, തലമുറകൾ മാറിമാറി വന്നിട്ടും, ഓരോകാലത്തെയും ഇളം തലമുറയുടെ കൂട്ടുകാരനായിനടന്ന അയ്യപ്പൻ അങ്ങനെ നിത്യയൌവ്വനവുമായി കഴിഞ്ഞുകൂടി.

ഒരു സംഭവം ഇത്തരുണത്തിൽ ഈയുള്ളവനവർകൾ ഓർത്തെഴുതുന്നു. ഒരിക്കൽ ഞങ്ങൾ ഡി.സി ബുക്സിൽ നാട്ടിലെ വായനശാലയ്ക്ക് പുസ്തകമെടുക്കാൻ ചെല്ലുമ്പോൾ അയ്യപ്പൻ അവിടെ ഉണ്ടായിരുന്നു. അവിടെ അപ്പോൾ മാനേജർ ഇല്ല. സെയിത്സിനു നിൽക്കുന്ന പയ്യൻ മാരുമായി ചങ്ങാത്തം കൂടി ഒരു സ്മാളിനുള്ള കാശൊപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു അയ്യപ്പൻ. ഇടയ്ക്ക് ഞങ്ങളോടും കുശലം പറയുന്നുണ്ട്. രവി തന്നെ കുഴയ്ക്കുന്നതായി അയ്യപ്പൻ പരാതിപ്പെട്ടു. രവിയെന്നാൽ രവി ഡി.സി. ഞങ്ങൾ കാര്യം ചോദിച്ചു. അപ്പോൾ അയ്യപ്പൻ പറഞ്ഞത് ആയിരം രൂപയൊക്കെ തനിക്കെടുത്ത് തന്നാൽ താൻ കുഴയത്തില്ലയോ എന്നാണ്. അത്രയും വലിയ തുകയൊന്നും താങ്ങാനുള്ള ശക്തി തനിക്കില്ലെന്നാണ് അയ്യപ്പൻ ഉദ്ദേശിച്ചത്. കാരണം ആയിരം രൂപയ്ക്കൊക്കെ കുടിയ്ക്കുകയെന്നുവച്ചാൽ..! കൂടെക്കൂടെ അദ്ദേഹം ആയിരം രൂപാ തന്ന് കുഴയ്ക്കുന്നുണ്ടത്രേ! എന്നിട്ട് വീണ്ടും പറയുകയാണ്; അല്ല തന്നാലെന്താ? തന്റെ കവിതയൊക്കെ പ്രസിദ്ധീകരിക്കുന്നതല്ലേ? എന്താ രവിക്കു തന്നാൽ? വീണ്ടും സെയിത്സ് ബോയികൾക്കടുത്ത് ചെന്ന് വഴക്കിടുന്നു. ഇടയ്ക്ക് ഈയുള്ളവനവർകളുടെ കൂടെ വന്ന സുഹൃത്തിന്റെ നോട്ടം കണ്ടിട്ട് താങ്കളെന്താ ഇല്ല പോലീസുകാർ നോക്കുന്നതുപോലെ നോക്കുന്നത് എന്നൊരു ചോദ്യം! കാഴ്ചയിൽ ഏതാണ്ട് പോലീസുകാരന്റെ ഗാംഭീര്യമുള്ള സുഹൃത്ത് താൻ പോലീസുതന്നെന്നും അതുകൊണ്ടാണ് പോലീസുകാരനെ പോലെ നോക്കുന്നതെന്നും വെറുതേ പറഞ്ഞു! തനിക്കതു കണ്ടപ്പോഴേ മനസിലായെന്ന് അയ്യപ്പനും!

കടയ്ക്കു പുറത്ത് റോഡിൽ യഥാർത്ഥ പോലീസുകാർ പലരും പലഭാഗത്തായി നില്പുണ്ടായിരുന്നു. കടയ്ക്കുമുന്നിൽതന്നെ റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരനെ ചീത്തപറഞ്ഞുകൊണ്ട് അയാൾക്കരികിലേയ്ക്ക് നീങ്ങുന്ന അയ്യപ്പനെയാണ് പിന്നെ കാണുന്നത്. ഞങ്ങൾ കരുതി പോലീസുകാരുമായി ഇപ്പോൾ പ്രശ്നമാകുമെന്ന്. പുറകെ ചെന്നു ഞങ്ങൾ നോക്കുമ്പോൾ , ഇവിടെ നിങ്ങൾ പോലീസുകാർ വന്നു നിൽക്കാൻ മാത്രം വിഷയമെന്തെന്നു മാന്യമായി ചോദിച്ചു നിൽക്കുകയാണ് അയ്യപ്പൻ. പിന്നെ പെരുമ്പാവൂർ പോകാനുള്ള ബസ്ഫെയറും അറിയണം. അത് പോലീസുകാരൻ പറഞ്ഞുകൊടുക്കാൻ ബാധ്യസ്ഥനാണത്രേ! പരസ്പരബന്ധമില്ലാത്ത രണ്ടു കാര്യങ്ങളുമായാണ് അയ്യപ്പൻ പോലീസുകാരനെ സമീപിച്ചിരിക്കുന്നത്. ആളെ മനസിലാക്കിയ പോലീസുകാരൻ ഞങ്ങളെ നോക്കി കണ്ണീറുക്കിയിട്ട് അയ്യപ്പന്റെ സംശയങ്ങൾക്ക് മറുപടികൾ നൽകുന്നുണ്ടായിരുന്നു. പിന്നെ പോലീസിനെ വിട്ട് ഞങ്ങളുടെ അരികിൽ തിരിച്ചു വന്നിട്ട് ഒരിക്കൽ പറഞ്ഞു സുഗത കുമാരിയുടെ വീട്ടിൽ പോകുന്നുവെന്ന്. ചോദിച്ചിട്ടൊന്നുമല്ല, ചുമ്മാ പറയുകയാണ്.

അല്പം കഴിഞ്ഞ് കറങ്ങി തിരിഞ്ഞ് വന്നിട്ട് പറഞ്ഞു ഹിന്ദുവിൽ (ദിനപത്രം) പോകുന്നുവെന്ന്. അവിടെ പോയാൽ പൈസ കിട്ടുമത്രേ. പിന്നെ പെരുമ്പാവൂരും പോകണം.അതിടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. അവിടെ എന്തോ കാര്യമുണ്ടെന്ന് മനസിലായി. ബുക്സ് ക്സ് സ്റ്റാളിൽ വരുന്നവരോടും പോകുന്നവരോടുമൊക്കെ പെരുമ്പാവൂരിലേയ്ക്കുള്ള ബസ്ഫെയർ തിരക്കുകയാണ് അയ്യപ്പൻ. ആരും വ്യക്തമായ ഉത്തരം നല്കുന്നില്ലെന്ന പരാതിയുമായി കുറച്ചു നേരം അവിടെ കറങ്ങിനിന്നിട്ട് പുറത്തുനിന്ന പോലീസുകാരനോട് ചെന്നു പറഞ്ഞു ഒരു ആട്ടോ വിളിച്ചു കൊടുക്കാൻ. സ്വന്തമായി വിളിച്ചു പോയാൽ മതിയെന്നായി പോലീസുകാരൻ. ഉടനെ നമ്മുടെ അടുത്ത് വന്നു പറഞ്ഞു പോലീസുകാരന്റെ സർവീസ് ശരിയല്ല, റാസ്കൽ എന്ന്! പിന്നെ വീണ്ടും ചെന്ന് അതേ പോലീസുകാരനോട് സ്നേഹ സല്ലാപം നടത്തിയിട്ട് ഒരു ആട്ടോയിൽ കയറി എങ്ങോട്ടെന്നില്ലാതെ യാത്രയായി. എന്തായാലും ആട്ടോയുടെ കൂലി കൊടുക്കാൻ വിധിക്കപ്പെട്ട് നഗരത്തിൽ എവിടെയോ ഇരിക്കുന്ന അയ്യപ്പന്റെ ഏതോ ഒരു സുഹൃത്തിനെക്കുറിച്ചായി പിന്നെ നമ്മുടെ പറച്ചിലും ചിരിയും. ഒരു പക്ഷെ അത് നഗരത്തിനു പുറത്തുമാകാം! പാവം സുഹൃത്ത്! എത്ര ദൂരത്തെ ആട്ടോക്കൂലി ഹതഭാഗ്യൻ കൊടുക്കേണ്ടിവരുമോ എന്തോ!

അങ്ങനെ അയ്യപ്പൻ കഥകൾ പറഞ്ഞാൽ ഒരുപാടുണ്ട്. നഗരത്തിലെ പല സമ്മേളനങ്ങളിലും കയറി വേദി പിടിച്ചെടുക്കുന്ന അയ്യപ്പനെ പിടിച്ചിറക്കാൻ പെടുന്ന പാട് പലരും അനുഭവിച്ചിട്ടുണ്ട്. ചില വേദികളിൽ അയ്യപ്പനെ ക്ഷണിച്ചിരുത്തുകയും സംസാരിപ്പിക്കുകയും ചെയ്യും. പിന്നെ എത്രയൊക്കെ ശല്യമാണെങ്കിലും അയ്യപ്പനെ സ്നേഹിക്കാതിരിക്കാൻ ആർക്കുമാകില്ല. സ്നേഹത്തിന്റെ ഒരു അഭൌമസ്പർശം അയ്യപ്പനിൽ എപ്പോഴുമുണ്ടായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. അയ്യപ്പനാകട്ടെ ആരോടും സ്നേഹം യാചിച്ചു ചെല്ലുകയല്ല പതിവ്; ഒരു പിടികടുത്തസ്നേഹവുമായി കടന്നുചെന്ന് പിടിമുറുക്കുകയാണ് പതിവ്. ഒഴിവാക്കി വിടുന്നവരെയും ഒഴിഞ്ഞുതിരിഞ്ഞ് രക്ഷപ്പെടുന്നവരെയും തെല്ലും പരിഭവമില്ലാതെ അയ്യപ്പൻ വീണ്ടും വീണ്ടും തിരക്കി ചെല്ലുമായിരുന്നു. അല്ലെങ്കിൽതന്നെ പരിഭവിച്ച് സമയം കളയാൻ അയ്യപ്പനു സമയമെവിടെ? അവർക്ക് സമയമുള്ളപ്പോൾ അയ്യപ്പനെ കിട്ടില്ല. അയ്യപ്പനു സമയമുള്ളപ്പോൾ അവരെ ചെന്നു കാണുകയേ നിവൃത്തിയുള്ളൂ!

അയ്യപ്പൻ എന്ന വ്യക്തിയും അയ്യപ്പൻ എന്ന കവിയും എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നുവെന്നത് പലപ്പോഴും ഈയുള്ളനവർകളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ താളം തെറ്റി നടക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്ര നല്ല കവിതകൾ എഴുതാൻ കഴിയുന്നത് എന്നത് അദ്ഭുതകരം തന്നെ! കരുതലില്ലാത്ത ശരീരവും മനസുമായി നടക്കുന്ന കവി വെറും കവിയല്ല; ഒരു വിസ്മയകവിതന്നെ! അയ്യപ്പൻ എന്ന ദുർബല ശരീരവും താളം തെറ്റിയ അയ്യപ്പമനസിൽ നിന്ന് ഉയിരെടുത്ത കവിതകളും എക്കാലത്തും സാഹിത്യ ലോകത്ത് ചർച്ചചെയ്യപ്പെട്ട് നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും!

കവി . അയ്യപ്പന് ആദരാഞ്ജലികൾ!

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...