എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Tuesday, May 17, 2011

സമരം ചെയ്യുന്നതാർക്കുവേണ്ടി?

പോസ്റ്റും കമന്റുകളും വായിക്കാൻ ഇവിടെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശ്വമാനവികം 1-ൽ എത്താം
http://easajim.blogspot.com/2011/05/blog-post_16.html


സമരം ചെയ്യുന്നതാർക്കുവേണ്ടി?


പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ പലവിധ സമരങ്ങളും പ്രകടനങ്ങളും മറ്റും നടക്കുകയാണല്ലോ. ഇന്ന് വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ സി.പി.ഐ (എം) ആഹ്വാന പ്രകാരം പ്രകടനം നടക്കുന്നുണ്ട്. ഈ സമരങ്ങൾകൊണ്ടൊന്നും പെട്രോൾ വില കുറയാൻ പോകുന്നില്ല. എണ്ണ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുക്കാൻ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ തീരുമാനിച്ചപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.

എണ്ണ വില കൂട്ടുന്നതും കുറയ്ക്കുന്നതും എണ്ണക്കമ്പനികളാണെന്നും, അതിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി പ്രണബ് കുമാർ മുഖർജി കഴിഞ്ഞ ദിവസം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞു കഴിഞ്ഞു. ജനങ്ങൾ ഇതൊക്കെ സഹിക്കാൻ തയ്യാറാണെന്നതാണ് സത്യം. കാരണം ഇതിനൊക്കെ ഉത്തരവാദികൾ ആകുന്നവരെ വീണ്ടും അധികാരത്തിൽ ഏറ്റാൻ ജനങ്ങൾ തയ്യാറാകുന്നുണ്ടല്ലോ.

ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പ് എടുത്തു നോക്കൂ. ഭരണ മികവിന്റെ നിറവിൽ ഇടതുമുന്നണി ജനവിധി തേടുന്നു. ട്രഷറി പൂട്ടാത്ത ഭരണം. സമസ്ത മേഖലയില്പെട്ടവർക്കും മുമ്പില്ലാത്തവിധം വാരിക്കോരി ആനുകൂല്യങ്ങൾ. സമൂഹത്തിലെ കൊള്ളരുതായ്മകൾക്കും ഭരണതലത്തിലെ അഴിമതികൾക്കും എതിരെ വിട്ടു വീഴ്ചയില്ലാതെ പോരാടുന്ന വി.എസ്. അച്യുതാനന്ദൻ ആ മുന്നണിയെ നയിക്കുന്നു.

എതിർപക്ഷത്തുള്ള യു.ഡി.എഫ് ആകട്ടെ വല്ലാത്ത പ്രതിരോധത്തിലും ആയിരുന്നു. അതിന്റെ നേതാക്കൾ ഗുരുതരമായ അഴിമതിക്കേസുകളിൽ പെട്ട് കിടക്കുന്നു. ചിലർ ജയിലിലാകുന്നു. ചില നേതാക്കളാകട്ടെ സ്ത്രീപീഡന കേസുകളിലും മറ്റും പെട്ട് കുഴഞ്ഞു കിടക്കുന്നു. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാർ പലരും കോടിക്കണക്കിനു രൂപയുടെ അഴിമതികൾ നടത്തി പിടിക്കപ്പെട്ട് ജയിലിലാകുന്നു. അങ്ങനെ എന്തെല്ലാം സംഭവങ്ങൾ. ഇതൊക്കെയായിട്ടും തെരഞ്ഞെടുപ്പ് വിധി വന്നപ്പോൾ കേരളത്തിൽ യു.ഡി.എഫിന് നേരിയതെങ്കിലും മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷം! ജനങ്ങൾ നല്ലൊരു പങ്ക് നെഗറ്റീവായി ചിന്തിക്കുന്നതിന് ഇതില്പരം തെളിവു വേണ്ട.

ഒരു പക്ഷെ വിലവർദ്ധനവ്, സ്ത്രീപീഡനം, അഴിമതി, ഇവയൊക്കെ ജനങ്ങൾക്ക് ഇഷ്ടമുള്ള വിഷയമാണെന്നു വേണം കരുതാൻ. അല്ലെങ്കിൽ ജനങ്ങളിൽ നല്ലൊരുപങ്ക് ജനാധിപത്യത്തെ ഒരു തമാശയായി കാണുന്നു എന്നു കരുതണം. ഒരു ഗവർണ്മെന്റിന്റെ പ്രവർത്തനങ്ങൾ മോശമാണെങ്കിൽ ആ ഗവർണ്മെന്റിനെതിരെ ജനവികാരം ഉണ്ടാവുകയും ഭരണമാറ്റത്തിന് സഹായകമാകുന്ന ജനവിധി ഉണ്ടാവുകയും ചെയ്യും. എന്നാൽ കുറ്റമറ്റ ഒരു ഭരണം നടത്തിയാലും അത് അംഗീകരിക്കില്ലെന്ന് വന്നാലോ?

നമ്മുടെ ജനങ്ങളുടെ മന:ശാസ്ത്രം എന്താണ്? ഇവിടെ അഴിമതി നടന്നാലും, സ്വജനപക്ഷപാതം നടന്നാലും, സ്ത്രീപീഡനം നടന്നാലും, ആരൊക്കെ ജയിലിൽ പോയാലും, വിലവർദ്ധനവുണ്ടായാലും എന്തുതന്നെ സംഭവിച്ചാലും കുഴപ്പമില്ല; ഇടതുപക്ഷം ഭരിക്കാതിരുന്നാൽ മതിയെന്നാണോ? ഇടതുപക്ഷം ഭരിക്കുന്നതിലും ഭേദം മേല്പറഞ്ഞ കൊള്ളരുതായ്മകൾ ഒക്കെ നടക്കുന്നതുതന്നെയാണ് നല്ലതെന്നാണോ?

നാടിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കാനാഗ്രഹിക്കുന്ന ഏതൊരാളെയും നിരുത്സാഹപ്പെടുത്തുന്ന ജനവിധിയാണ് ഇപ്പോൾ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സത്യത്തിൽ നമ്മുടെ ജനാധിപത്യം ദുർബലപ്പെടുകയാണോ? അഞ്ചുപേർ നിന്നിട്ട് അതിൽ മൂന്നുപേർ കൈപൊക്കി കാണിച്ചിട്ട് അവ കാലുകളാണെന്നും, രണ്ടുപേർ അവ കൈകളാണെന്നും പറഞ്ഞാൽ ഭൂരിപക്ഷ തീരുമനമനുസരിച്ച് പൊക്കിക്കാണിച്ച അഞ്ചു കൈകളിൽ മൂന്നെണ്ണം കാലുകളാണെന്ന് സമ്മതിക്കേണ്ടിവരും. ഈ ദൌർബല്യം നമ്മുടെ ജനധിപത്യത്തെ സദാ പിന്തുടരുന്നുണ്ട്.

ഞാൻ പറഞ്ഞുവന്നത് ജനങ്ങൾ ഇടതുപക്ഷത്തെ ഇനിയും വിശ്വാസത്തിൽ എടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സമര പരിപാടികൾ? ജനങ്ങൾ അവരെ അധികാരത്തിൽ ഏറ്റുന്നു. നമ്മൾ അതേ ജനങ്ങൾക്ക് വേണ്ടി സമരം ചെയ്ത് പോലീസിന്റെ അടിയും ഇടിയും കൊള്ളുന്നു? ഇടതുപക്ഷ സർക്കാർ വീണ്ടും വരാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി ധാരാളം വിയർപ്പൊഴുകുക്കുകയും ചെയ്തവർ ഇപ്പോൾ ഈ പെട്രോൾ വില വർദ്ധനവിനെതിരെ സമരം പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികമായും സ്വയം ചോദിച്ചുപോകുന്ന ഒരു ചോദ്യമാണിത്. ഞാനും ഈ ചോദ്യം ചോദിച്ചു പോകുന്നു. നന്മയുടെ പക്ഷം പിടിച്ചതുകൊണ്ട് എന്തു കാര്യം? ജനങ്ങൾ നന്മകൾക്ക് ഒപ്പമല്ലെങ്കിലോ?

അതെന്തായാലും സകല -ജാതിമത സാമുദായിക ശക്തികളും, എല്ലാ വിധ ഛിദ്രശക്തികൾ ആകെയും ഒളിഞ്ഞും തെളിഞ്ഞും ഒരുമിച്ച് ശ്രമിച്ചിട്ടും അവർക്ക് തിരിച്ചടിനൽകിക്കൊണ്ട് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് അനുകൂലമായി വിധിയെഴുതിയ ഒരു ജനത കേരളത്തിൽ ഉണ്ടല്ലോ. അവരെ നമുക്ക് ഉപേക്ഷിക്കാൻ വയ്യ. എന്തായാലും പോസ്റ്റ് ഇട്ടിട്ട് ഞാൻ പെട്രോൾ വിലവർദ്ധനവിനെതിരെയുള്ള പ്രകടനത്തിനു കിളീമാനൂർ ടൌണിലേയ്ക്ക് പോവുകയാണ്.

ഇനി നമ്മൾ നടത്തുന്ന സമരങ്ങളൊന്നും ഇപ്പോൾ യു.ഡി.എഫിന്റെ എല്ലാ കൊള്ളരുതായ്മകളെയും കണ്ണുമടച്ച് അംഗീകരിച്ച് അവർക്ക് ഭരണം നൽകിയ ജനവിഭാഗത്തിനുവേണ്ടിയല്ല. അവർക്ക് ജീവിതം ദുസഹമായാലും ഖജനാവു കട്ടുമുടിച്ചാലും കോൺഗ്രസ്സും യു.ഡി.എഫ് ഭരിച്ചാൽ മതി. ഇടതുപക്ഷം ഇല്ലാതായാൽ മതി. പക്ഷെ ഇടതുപക്ഷത്തെ ആവശ്യമുള്ള ഒരു വിഭാഗം ജനങ്ങൾ ഇവിടെയുണ്ട്. അവർക്കുവേണ്ടി ഞങ്ങൾ പോരാട്ടം തുടരും! അവർക്കുവേണ്ടി മാത്രം!

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ ഇ.എ.സജിം തട്ടത്തുമല (നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്...