എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Sunday, November 13, 2011

സാമ്പത്തിക മാന്ദ്യവും പെറ്റുകളും

സാമ്പത്തിക മാന്ദ്യവും പെറ്റുകളും

അമേരിക്ക, ബ്രിട്ടൻ മുതലായ മുതലാളിത്ത രാഷ്ട്രങ്ങളിലെ സാമ്പത്തികമാന്ദ്യം വളർത്തുമൃഗങ്ങളെയും ബാധിച്ചിരിക്കുന്നുവത്രേ. സാമ്പത്തികപ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾ പട്ടി പൂച്ച തുടങ്ങിയ അവരുടെ പ്രിയ പെറ്റുകളെ വെറ്റിനറി സെന്ററുകളിൽ എത്തിക്കുകയോ തെരുവിൽ ഉപേക്ഷിക്കുകയോ ചെയ്യുകയാണത്രേ! ഈ രാജ്യങ്ങളിലെ സമ്പന്നരായ ജനങ്ങൾ അവരുടെ പ്രൌഢിയുടെയും പ്രതാപത്തിന്റെയും അടയാളമായാണ് തങ്ങളുടെ പെറ്റുകളെ കണ്ടിരുന്നത്.

നമ്മുടെ ഇവിടെയും സാമ്പത്തിക ശേഷിയുള്ള ആളുകൾ അടുത്ത വീട്ടിലെ മനുഷ്യരാരെങ്കിലും പട്ടിണി കിടന്നു മരിച്ചാലും തിരിഞ്ഞു നോക്കില്ലെങ്കിലും പെറ്റുകളെ തീറ്റിപ്പോറ്റുകയും അവയെ ഏറെ ലാളിക്കുകയും ചെയ്യാറുണ്ടല്ലോ. നഗരങ്ങളിലെ സൊസൈറ്റി ലേഡീസ് ഷോപ്പിംഗിനു പോകുമ്പോഴും ഒരു ഗമയ്ക്കു വേണ്ടി തങ്ങളുടെ അലങ്കാരനായ്ക്കളെ കാറിൽ കൂടെ കൊണ്ടുപോകാറുണ്ട്. മനുഷ്യരെ സ്നേഹിക്കുകയോ അവർക്ക് ഒരു നേരത്തെ ആഹാരം നൽകുകയോ ചെയ്തെന്നുവച്ച് അവർ വാലാട്ടുകയില്ലല്ലോ. യജമാനത്വം നില നിർത്തണമെങ്കിൽ പട്ടികൾ തന്നെ വേണം. അവ വാലാട്ടും. എടാ, പോടാ എന്നൊക്കെ വിളിച്ച് അനുസരിപ്പിക്കുവാനും അത്യാവശ്യം തഴുകാനും തലോടാനും ഒക്കെ പട്ടികൾ തന്നെ വേണം. അതൊക്കെ അവരവരുടെ വ്യക്തിപരമായ കാര്യങ്ങൾ. അതവിടെ നിൽക്കട്ടെ.

സോവിയറ്റ് റഷ്യയിയിലും അതിനുപുറകെ മറ്റ് പല രാജ്യങ്ങളിലും സോഷ്യലിസം തകരുന്നത് ആഘോഷിച്ചവർ ആരും മുതലാളിത്തത്തിന്റെ ഈ അപഭ്രംശം ആഘോഷിക്കുകയോ അതിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയോ ചെയ്യുന്നില്ല. അവർ ഇപ്പോഴും അന്ന് കമ്മ്യൂണിസത്തിനെഴുതിയ ചരമ ഗീതം കൂ‍ടെക്കൂടെ തുറന്നു വായിച്ചുകേൾപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്റെ നേതാവും ലോകം മുഴുവൻ അടക്കിവാങ്ങാൻ കഴുകൻ കണ്ണുകളുമായി പറന്നുനടക്കുന്നതുമായ അമേരിക്കയിലാണ് ഈ സാമ്പത്തികമാന്ദ്യം അനുഭവപ്പെടുന്നത് എന്നിരിക്കിലും കമ്മ്യൂണിസ്റ്റ് വിരോധികൾ ആരും അത് കണ്ടമട്ടില്ല.

അമേരിക്ക ലോകത്തെവിടെയും തുടർന്നുകൊണ്ടിരിക്കുന്ന കൊടിയ പാതകങ്ങളെയും പിടിച്ചടക്കലുകളെയും അട്ടിമറികളെയും കാണാനാകാത്തവർ ഇപ്പോഴുമെപ്പോഴും സോവിയറ്റ് യൂണിയനിലെ പൂർവ്വകാല സ്റ്റാലിനിസത്തെ പറ്റിയും ചൈനയിലെ ഏകാധിപത്യത്തെക്കുറിച്ചുംസംസാരിച്ചുകൊണ്ടിരിക്കുന്നു. അഖില ലോകാടിസ്ഥാനത്തിൽ ബഹുരൂപത്തിലുള്ള ഫാസിസം നടപ്പാക്കിക്കൊണ്ടിരിക്കുന്ന അമേരിക്ക ഇന്നും ഇക്കൂട്ടരുടെ കണ്ണിൽ ജനാധിപത്യത്തിന്റെ സംരക്ഷകരും ലോകത്തിന്റെ മാതൃകയുമാണ്. അവർ കമ്മ്യൂണിസം വന്നാലത്തെ അപകടങ്ങളെക്കുറിച്ച് ഭയം ജനിപ്പിക്കുകയും, മുതലാളിത്തത്തിനുള്ള പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു!

4 comments:

സങ്കൽ‌പ്പങ്ങൾ said...

മുതലാളിത്തം തകരുന്ന കാലത്ത് മറ്റൊരു നവോധാനമുന്നേറ്റം ഉണ്ടായെ മതിയാവൂ..
അതു പക്ഷെ ജനാധിപത്യത്തിലധിഷ്ടിതമായിരിക്കുകയ്യും വേണം.
സോഷ്യലിസവും കമ്മ്യൂണിസവും ആശയപരമായി ശക്തമാണെങ്കില്ലും വളരെ വേഗം മാനുഷികമായ അവകാശലംഘനങ്ങളിലേക്ക് വഴുതുവാനും കാരണമായേക്കാം, ചിലയിടത്തെങ്കില്ലും.

faisu madeena said...

അമേരിക്കയുടെ പതനം അത് പല രീതിയില്‍ പലരെയും ബാധിക്കും എന്നതിനാലായിരിക്കണം ആരും അത് കൊട്ടിയാഘോഷിക്കാത്തത് ....!

അനില്‍ഫില്‍ (തോമാ) said...

ഒരു പതിറ്റാണ്ട് മുന്‍പ് സ്വന്തം കോര്‍പ്പരേറ്റുകളുടെ വിപണി വിസ്തൃതമാക്കി ലാഭം കൊയ്യാമെന്ന വ്യാമോഹത്തില്‍ ഇന്ത്യ അടക്കമുള്ള ഉപഭോക്തൃ രാജ്യങ്ങളുടെ മേല്‍ സ്വതന്ത്ര വിപണി എന്ന കുരുക്ക് അടിച്ചേല്‍പ്പിച്ച അമേരിക്കയും മറ്റ് മുതലാളിത്ത രാജ്യങ്ങളും ആ സ്വയംകൃതാനര്‍ഥത്തിനു വില നല്‍കുകയാണിപ്പോള്‍. ആന്‍റ്റി ഡമ്പിങ് എന്ന ഇരട്ടത്താപ്പുകള്‍ പ്രയോഗിച്ചിട്ടും വ്യാപാര കരാറുകളില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഈടപെടലുകള്‍ സാധ്യമായ പ്രതിരോധ - വ്യോമയാന - ആണവ വിപണന മേഘലകളിലൊഴികെ മറ്റെല്ലാ ഉല്‍പാദന വിപണന വിതരണ സേവന രംഗത്തും മറ്റുള്ള രാജ്യങ്ങള്‍ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു,

ഏതാനും ചില അറബ് രാജ്യങ്ങളൊഴികെ മറ്റൊരിടത്തും അമേരിക്കന്‍ വാഹനങ്ങള്‍ക്ക് മേല്‍കോയ്മയില്ല,ലോക വാഹന വിപണി ജപ്പാനും ജര്‍മനിയും കയ്യടക്കി, ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ബിള്‍ മേഘലകളില്‍ ചൈനീസ് കൊറിയന്‍ കമ്പനികള്‍ സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു കഴിഞ്ഞു, ബാങ്കിങ് ഭീമന്മാരെല്ലാം സിങ്കപ്പൂരിലേക്കും ഹോങ്കോങ്ങിലേക്കും പറിച്ചു നട്ടു. മാനവ വിഭവ ശേഷിയിലും കമ്പ്യൂട്ടര്‍ സോഫ്റ്റ്വേര്‍, ആതുര സേവനം, പാരമ്പര്യേതര ഊര്‍ജ വികസനം തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യയും ആസ്ത്രേലിയയും ബ്രസീല്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും മറ്റും ബഹുദൂരം മുന്നേറിക്കഴിഞ്ഞു.

ലോക പോലീസ് കളിച്ച് നിസഹായരായ ജനതകളുടെ മേല്‍ പടക്കം പൊട്ടിച്ച് കളിച്ച് നടക്കുന്ന അമേരിക്കയുടെ അവസ്ഥ പഴയ കാല മാടമ്പി ജന്മി കുടുമ്പങ്ങളുടെ മാതിരി ആയിരിക്കുന്നു ഉല്‍സവങ്ങളും ആഘോഷങ്ങളും അടിയന്തിരങ്ങളും പൊടിപൊടിച്ച് കൊണ്ടാടിക്കൊണ്ടിരുന്ന സമയം കാല്‍ച്ചുവട്ടിലെ മണ്ണോലിച്ചു പോയതറിഞ്ഞില്ല.

അമേരിക്കക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കില്‍ അത് കയ്യില്‍ ഒരുക്കൂട്ടിവെച്ചിരിക്കുന്ന വിനാശകാരികളായ ആയുധങ്ങളുടെ പിന്ബലത്തില്‍ ലോകം മുഴുവന്‍ ദുരിതം വിതച്ചുകൊണ്ടുള്ള ഒരു പിന്മടക്കം മാത്രമായിരിക്കും.

അഹങ്കാരവും സുഘലോലുപതയും മറ്റുള്ളവരെ കീഴടക്കി ഭരിക്കാനുള്ള ത്വരയും അത്രമേല്‍ ഗ്രസിച്ച ജനസമൂഹങ്ങളെല്ലാം ചരിത്രത്തില്‍ ഇത്തരമൊരു പതനം സ്വയം വരുത്തിവെച്ചിട്ടുണ്ട്.

Manoj മനോജ് said...

ഡോളറിന് വിലയിടിക്കുക എന്ന അവസാന അടവ് അമേരിക്ക പ്രയോഗിച്ചാല്‍ ഇപ്പോള്‍ നിവര്‍ന്ന് നില്‍ക്കുന്നതും കിതയ്ക്കുന്നതുമായ രാജ്യങ്ങള്‍ എല്ലാം എന്ത് ചെയ്യുമെന്നുള്ള വേവലാതിയാണ് ബ്രിക്ക് രാജ്യങ്ങളുടെ ഇടപെടലിന് കാരണം.

പോസ്റ്റില്‍ സൂചിപ്പിക്കുന്ന പെറ്റുകളുടെ കാര്യം.... നമ്മള്‍ പട്ടിണിയാണെന്ന് പറഞ്ഞ് പെറ്റുകളെ പട്ടിണിക്കിട്ടാല്‍ വിവരം അറിയും :) അപ്പോള്‍ പിന്നെ പെറ്റ് ഷൊപ്പുകളില്‍ എത്തിക്കുക. കുട്ടികളെ ദത്തെടുക്കുന്നത് പോലെ ഇവയെ ദത്തെടുക്കുവാന്‍ ആവശ്യമുള്ളവരെ തേടി പരസ്യങ്ങളും ഉണ്ടാകാറുണ്ട്. കുട്ടികളെ ദത്ത് എടുക്കുവാനെന്ന പോലെ. “അപ്രതീക്ഷിതമായി” ഗര്‍ഭിണി ആയാല്‍ നല്ല ദത്ത് രക്ഷിതാക്കളെ കണ്ട് പിടിച്ച് നല്‍കുന്ന നാട്ടിലാണോ പെറ്റുകള്‍ക്ക് കഷ്ടപ്പാട്?

ഒബാമ പ്രസിഡന്റ് ആയപ്പോള്‍ വൈറ്റ് ഹൌസിലേയ്ക്ക് ദത്ത് സ്ഥലത്ത് നിന്ന് പട്ടിയെ ദത്ത് എടുത്ത് മാതൃക കാണിക്കുമെന്നായിരുന്നു പലരും കരുതിയത്. പക്ഷേ പുത്തന്‍ ജോടികളെ വാങ്ങി ആളുകളെ നിരാശരാക്കി.

പറഞ്ഞ് വന്നത് അമേരിക്കയില്‍ പെറ്റുകളെ തെരുവിലെറിഞ്ഞാല്‍ വിവരം അറിയും.

മറ്റൊന്ന് കൂടി കൂട്ടി ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. പണക്കാര്‍ മാത്രമല്ല സാധാരണക്കാരും പെറ്റുകളെ വളര്‍ത്തുന്നുണ്ട്. കൂടാതെ നമ്മുടെ നാട്ടിലെ പോലെയല്ല സഹജീവികള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുവാന്‍ ആളുകള്‍ക്ക് ഉത്സാഹമാണ്. ഒരു പക്ഷേ ടാക്സില്‍ ഇളവ് കിട്ടും എന്നത് കൊണ്ടായിരിക്കാം. എന്നിരുന്നാലും അത് കൊണ്ട് കൂടിയാണ് തൊഴിലില്ലായ്മ ഇത്ര ആയിട്ടും പട്ടിണി ഭീകരമാകാതെ നില്‍ക്കുന്നത്!

ഒരു ചെറിയ ഉദാഹരണം ഇവിടെ http://feedingamerica.org/#

ഗവണ്മെന്റ് സഹായിക്കുന്നതിനെ പറ്റി http://www.fns.usda.gov/snap/

നമ്മുടെ നാട്ടിലെ കാര്യമോ? നമ്മുടെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? ടണ്‍കണക്കിന് ഭക്ഷണം കെട്ടികിടന്ന് നശിച്ച് കടലില്‍ തട്ടുന്നു!!!

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ ഇ.എ.സജിം തട്ടത്തുമല (നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്...