എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, January 12, 2011

ജനനതീയതി ശരിയാക്കുന്നതിനുള്ള നൂലാമാലകൾ

സര്‍ക്കാര്‍ ഓഫീസുകളിലെ നൂലാമാലകളെപ്പറ്റിത്തന്നെ!

ഈയുള്ളവന്റെ കഴിഞ്ഞ രണ്ടു പോസ്റ്റുകൾ സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന പിണറായി വിജയന്റെ അഭിപ്രായത്തിന്റെ ചുവടു പിടിച്ചുള്ളതായിരുന്നു. അതിൽ സർക്കാർ ഉദ്യോഗസ്ഥന്മാരെക്കുറിച്ചും നിയമങ്ങളുടെ നൂലാമാലകളെക്കുറിച്ചും മറ്റും ഉദാഹരണങ്ങൾ സഹിതം എഴുതിയിരുന്നു. അതെഴുതിയതിന്റെ പിറ്റേദിവസം തന്നെ ഈയുള്ളവനുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ഇവിടെ.

ഇപ്പോൾ എഞ്ചിനീയറിംഗിനു പഠിക്കുന്ന എന്റെ ഒരു വിദ്യാർത്ഥിനിയുടെ എസ്.എസ്.എൽ സി സർട്ടിഫിക്കറ്റിൽ ജനനതീയതി തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽനിന്നും വാങ്ങിയിട്ടുമുണ്ടായിരുന്നില്ല. എസ്.എസ്.എൽ.സി ബൂക്കിൽ യഥാർത്ഥ ജനനസർട്ടിഫിക്കറ്റിലെ ജനന തീയതി തന്നെ രേഖപ്പെടുത്തിയിരിക്കണമെന്ന പുതിയ നിയമം വന്നതിനാൽ (പാസ്പോർട്ടിനുള്ള അപേക്ഷയിലാണ് ഈ നിബന്ധനയുള്ളത്. അതായത് പാസ്പോർട്ടിനപേക്ഷിക്കുമ്പോൾ യഥാർത്ഥ ജനന സർട്ടിഫിക്കറ്റും കൂടി ഇപ്പോൾ നൽകേണ്ടതുണ്ട്. മുമ്പ് ഈ നിയമം ഉണ്ടായിരുന്നില്ല) എസ്.എസ്.എൽ.സി ബൂക്കിൽ ജനനതീയതി തിരുത്തുന്നതിനും അതിനായി ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് വാങ്ങാനുമുള്ള ശ്രമം ആരംഭിച്ചു. കുട്ടിയെ പ്രസവിച്ച ആശുപത്രി സ്ഥിതിചെയ്യുന്നത് ഈയുള്ളവൻ താമസിക്കുന്ന പ്രദേശം ഉൾക്കൊള്ളുന്ന പഞ്ചായത്ത് പ്രദേശത്ത് തന്നെ. കുട്ടിയുടെ വാസഗൃഹം തൊട്ടു ചേർന്നു കിടക്കുന്ന കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്തിലും.

കുട്ടിയെ പ്രസവിച്ചത് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ്. ഇത് ഉൾപ്പെടുന്നത് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ആണ്. ഈ കുട്ടിയുടെ മാതാവ് ജനനതീയതി കിട്ടുന്നതിന് കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തി. അവിടെയെത്തുമ്പോൾ അതിനു കുറെ നടപടി ക്രമങ്ങൾ ആവശ്യമായി വന്നു. കാരണം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ഉള്ള ജനനതീ‍യതിയും യഥാർത്ഥ ജനന തീയതിയും തമ്മിൽ പത്തു മാസത്തിനു പുറത്ത് വ്യത്യാസം. ഓരോ തവണ ചെല്ലുമ്പോഴും ഓരോരോ കാര്യങ്ങൾ പറയും. ആവശ്യമായ സർട്ടിഫിക്കറ്റും സത്യവാങ് മൂലങ്ങളും മറ്റും മറ്റുമായി ഓരോന്നോരോന്നായി അവർ വാങ്ങിക്കൊണ്ടു കൊടുത്തു. ഒന്നു കൊണ്ടു ചെല്ലുമ്പോൾ മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നു പറയും. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത പാവം ഒരു സ്ത്രീ ആണ് അവർ . ഭർത്താവ് ഗൾഫിലും. ഒടുവിൽ അവർ കയറിയിറങ്ങി മടുത്തു. വീട്ടിൽ ചെന്ന് ആ അമ്മ കുട്ടിയോടു പറഞ്ഞു; ഇതൊന്നും നടക്കുന്ന കാര്യമല്ല. നീ ഇനി പഠിത്തമൊക്കെ നിറുത്തി വീട്ടിലിരുന്നാൽ മതിയെന്ന്! ഇനി ഈ ആവശ്യവുമായി കയറിയിറങ്ങാൻ വയ്യെന്ന്!

ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടത്, ഇവിടെ ഈ ആവശ്യക്കാരിയെ ഇട്ടു നടത്തിയ്ക്കുവാൻ കാരണം ഉദ്യോഗസ്ഥരുടെ കുഴപ്പം മാത്രമല്ല. നിയമത്തിന്റെ കുരുക്കുകളും കൂടിയാണ്. പക്ഷെ അത് ഈ ആവശ്യക്കാരിയെ സമാധാനപരമായി പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. അതുകൊണ്ടുവാ ഇതുകൊണ്ടുവാ എന്നു പറയുന്നതല്ലാതെ എന്താണ് കുഴപ്പമെന്ന് അവരെ ബോദ്ധ്യപ്പെടുത്തിയില്ല. അതാണു അവർ ഒടുവിൽ മടുത്ത് പിരാകി പിൻവാങ്ങാൻ ഒരുങ്ങിയത്. ഒടുവിൽ അവർ ഇക്കാര്യം എന്നോട് പറഞ്ഞു. അവരിൽനിന്നും ആ അപേക്ഷയും അതിനൊപ്പം അതുവരെ നൽകിയ സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങി ഞാൻ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ചെന്നു.

ബന്ധപ്പെട്ട ജീവനക്കാരിയെ സമീപിച്ച് ഞാൻ കാര്യം അന്വേഷിച്ചു. എന്താണ് ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ ഇനി ചെയ്യേണ്ടത് എന്നു ചോദിച്ചു. അപ്പോൾ ആ ജീവനക്കാരി പെൺകുട്ടി ഉടൻ തന്നെ രേഖകൾ പരിശോധിച്ചു. അപ്പോഴാണ് യഥാർത്ഥ പ്രശ്നം കണ്ടു പിടിച്ചത്. അവിടെ രജിസ്റ്ററിൽ കുട്ടിയുടെ ജനനം ആശുപത്രി അധികൃതർ രേഖപ്പെടുത്തിയിട്ടൂണ്ട്. പക്ഷെ ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടുന്നതിനു കുട്ടിയുടെ മറ്റു സഹോദരങ്ങളുടെ എല്ലാം വിവരങ്ങളും ജനന ക്രമവും അപേക്ഷയോടൊപ്പം നൽകണം. അവിടെ ഓഫീസ് രേഖകളിൽ ഇപ്പോൾ ജനന സർട്ടിഫിക്കറ്റ് കിട്ടേണ്ട കുട്ടിയുടെ ജനന ഓർഡർ അഞ്ചാമതാണ്. അതായത് കുട്ടി മറ്റു നാലു സഹോദരിമാർക്കു ശേഷം അഞ്ചാമതു ജനിച്ചിരിക്കുന്നു. ആകെ ആ കുട്ടിയുടെ അമ്മ പ്രസവിച്ചത് നാലുകുട്ടികളെ മാത്രം! അവിടെയാണ് നിയമ പ്രശ്നം. യഥാർത്ഥത്തിൽ കുട്ടിയെ പ്രസവിച്ച ആശുപത്രി അധികൃതർ നൽകിയ ജനന രേഖകളിൽ അവർ വരുത്തിയ തെറ്റാണ്. നാലാമതു ജനിച്ച കുട്ടി അഞ്ചാമത് ജനിച്ചു എന്നാണ് ആശുപത്രി അധികൃതർ അവിടെ നൽകിയിരിക്കുന്ന വിവരം. ഇത് അപേക്ഷകയായ ഈ പാവം കുട്ടിയുടേതോ രക്ഷകർത്താവിന്റേതോ അല്ലാത്ത കുറ്റം!

ഇപ്പോൾ പ്രശ്നം എന്താണെന്നു ചോദിച്ചാൽ ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ മേല്പറഞ്ഞ അപേക്ഷകളും ആവശ്യമയ സർട്ടിഫിക്കറ്റുകളും എല്ലാം കൂടി പഞ്ചായത്ത് ഡയറക്ടറേറ്റിൽ അയക്കണം. അവിടെ അപേക്ഷകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ട ശേഷം തിരിച്ച് ഗ്രാമ പഞ്ചായത്തിൽ അയക്കും. എന്നിട്ടു വേണം ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കറ്റ് നൽകാൻ. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ ഈ കുട്ടിയുടെ അപേക്ഷകളും ഗ്രാമപഞ്ചായത്തിലെ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്ത വിവരങ്ങളും പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിൽ എത്തുമ്പോൽ സംഗതി പ്രശ്നമാകും. കുട്ടി യഥാർത്ഥത്തിൽ ജനിച്ചിരിക്കുന്നത് നാലാമത്. അതായത് ആ അമ്മയുടെ അവസനത്തെ കുട്ടി. പഞ്ചായത്ത് രജിസ്റ്ററിൽ ജനന ഓർഡർ അഞ്ചാമതും. സംഗതി പൊരുത്തക്കെട്‌.

ഈ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ട് ഡയറക്ടറേറ്റിൽ നിന്നും വീണ്ടും കേസുകെട്ടെല്ലാം കൂടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വരും. പഞ്ചായത്തിലുള്ള രേഖ അവർക്ക് തിരുത്താൻ പറ്റില്ല. നാലാമതു ജനിച്ച കുട്ടിയെ അഞ്ചാമത് ജനനിപ്പിക്കാൻ കഴിയുകയുമില്ല. ആ അമ്മ ആകെ പ്രസവിച്ചത് നാലുമക്കളെ! എന്തു ചെയ്യും? ഇതാണ് പ്രശ്നം. സംഗതി ഗുലുമാൽ. ഇനി ഇത് സത്യസന്ധമായി നേടിയെടുക്കാൻ കഴിയില്ല. ഒരു കൃത്രിമം നടത്തിയേ പറ്റൂ. ഇല്ലെങ്കിൽ പ്രശ്നം കൂടൂതൽ സങ്കീർണ്ണമാകും. അതിന് ഇനി ആ അമ്മ പ്രസവിച്ച എല്ലാ കുട്ടികളുടെയും വിവരം സംബന്ധിച്ച സത്യവാങ് മൂലത്തിൽ കുട്ടികളുടെ ജനന ഓർഡർ കൊടുത്തിരിക്കുന്നതിന്റെ ഇടയിൽ അതായത് നാലാമത് പ്രസവിക്കാത്ത ഒരു കുട്ടിയെ പ്രസവിച്ചതായി കാണിച്ച് ഒരു കള്ള ജനനവും ജനനതീയതിയും കൃത്രിമമായി എഴുതി കയറ്റണം. അപ്പോൾ ഈ പറയുന്ന ജനന സർട്ടിഫിക്കറ്റ് കിട്ടേണ്ട കുട്ടിയുടെ ജനനക്രമം അഞ്ചാമതാകും. ഇവിടെ ചട്ടപ്രതിസന്ധി മറികടക്കാൻ അപേക്ഷക ഒരു കള്ളം ചെയ്യാൻ നിർബന്ധിതമാകുന്നു. നിയമത്തിലെ അനാവശ്യമായ ഒരു നിബന്ധന കാരണം! സത്യത്തിൽ ഒരു കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടുന്നത്തിന് ആ കുട്ടിയുടെ മറ്റ് സഹോദരങ്ങളുടെ ജനന രേഖകൾ കൂടി നൽകണം എന്ന നിബന്ധന തന്നെ അനാവശ്യമാണ്.

എന്നിട്ട് ഈ ഗുലുമാലുകളെല്ലാം കൂടി ഡയറക്ടറേറ്റിൽ എത്തിച്ചാൽ കൊറിയിടാതെ (സർക്കാർ ഓഫീസുകളിലെ ഈ കൊറിയിടലുകളെ പറ്റി തന്നെ ഒത്തിരി എഴുതാനുണ്ട്) അവർ പരിശോധിച്ചശേഷം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അയക്കും. എന്നിട്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് നൽകും. ആ ആ‍ശുപത്രി അധികൃതർ വരുത്തിയ തെറ്റോ അതുമല്ലെങ്കിൽ ഒരു ക്ലറിക്കൽ മിസ്റ്റേക്കോ വരുത്തുന്ന തൊന്തറവുകൾ നോക്കണേ!

സത്യത്തിൽ ഇത്തരം ഒരു കേസ് എന്തിനാണ് ഡയറക്ടറേറ്റിൽ ഒക്കെ പോയി വരുന്നത് ? ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അതെല്ലാം ക്ലിയർ ചെയ്ത് ഈ ജനന സർട്ടിഫിക്കറ്റ് നൽകാവുന്നതല്ലേയുള്ളൂ ? ഈ നൂലാമാലകൾ ഒക്കെ എന്തിനു വേണ്ടിയാണ്? ഒരു പ്രാദേശിക സർക്കാർ കാര്യാലയത്തിൽ വച്ച് പരിഹരിക്കാവുന്നതും സർട്ടിഫിക്കറ്റ് ചെയ്യാവുന്നതുമായ എത്രയെത്ര കാര്യങ്ങൾക്കു വേണ്ടിയാണ് ആളുകൾ താലൂക്ക് കേന്ദ്രങ്ങളിലും ജില്ലാ സംസ്ഥാന ഓഫീസുകളിലും കയറിയിറങ്ങേണ്ടി വരുന്നത്! എന്തിനീ ഗുലുമാലുകൾ ?

ഇനി മേല്പറഞ്ഞ ഈ കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് സങ്കീർണ്ണമായ നടപടിക്രമങ്ങളും പിന്നെ നീണ്ടു നീണ്ട കാത്തിരിപ്പുകൾക്കും ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ചാലും അതിൻ പ്രകാരം എസ്.എസ്.എൽ.സി ബുക്കിൽ അറിഞ്ഞോ അറിയാതെയോ തെറ്റായി രേഖപ്പെടുത്തിയ ജനന തീയതി തിരുത്തി കിട്ടാനുള്ള നടപടിക്രമങ്ങൾ ഇതിനേക്കാൾ ഒക്കെ സങ്കീർണ്ണം ആണ്. എസ്.എസ്.എൽ.സി ബുക്കിൽ ജനനരേഖ തിരുത്തി നൽകാനുള്ള അധികാരം തിരുവനന്തപുരത്ത് പരീക്ഷാ ഭവനിൽ ഇരിക്കുന്ന ജോയിൻ രജിസ്ട്രാർക്കാണ്. പല പല നടപടിക്രമങ്ങൾ കഴിഞ്ഞ് ജനന സർട്ടിഫിക്കറ്റ് തിരുത്തിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഒക്കെ കയ്യിൽ കിട്ടുമ്പോൾ വർഷങ്ങൾ കഴിയും. ഇതേപറ്റി കഴിഞ്ഞ പോസ്റ്റിൽ വിശദമായി എഴുതിയിട്ടുള്ളതിനാൽ ഇവിടെ കൂടുതൽ പറയുന്നില്ല.

Monday, January 10, 2011

ബ്ലോഗ്ഗർ അങ്കിൾ അന്തരിച്ചു

ബ്ലോഗ്ഗർ അങ്കിൾ അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ!

(ഫോട്ടൊ വിശ്വമാനവികം 1-ൽ ഉണ്ട്)

അങ്കിൾ എന്ന ചന്ദ്രകുമാർ ഏറെ വായനക്കാരും പിന്തുടരുന്നവരുമുള്ള സർക്കാർ കാര്യം മുറപോലെ ഉപഭോക്താവ് എന്നീ ബ്ലോഗുകളാണ് ചെയ്തിരുന്നത്.

ചിത്രകാരന്റെ പോസ്റ്റിൽനിന്ന് ലഭിച്ച വിവരങ്ങൾ:

“ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുളിമുറിയില്‍ നിന്നും പുറത്തുവരാത്തതുകണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. വിദേശത്തായിരുന്ന മകള്‍ എത്തിയിട്ടുണ്ട്. യു എസ്സില്‍ നിന്നും മകന്‍ കൂടി എത്തിച്ചേരാനുണ്ട്. നാളെ രാവിലെ 9 മണിക്കു ശേഷം അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് അങ്കിളിന്റെ ബ്രദര്‍ ഇന്‍ ലായില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സൌകര്യമുള്ള ബ്ലോഗര്‍മാര്‍ അങ്കിളിനു അന്ത്യാഞ്ജലി അര്‍പ്പിക്കണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്കെതിരേയും, അഴിമതിക്കെതിരേയും ബ്ലോഗിലൂടെ ഒറ്റക്ക് പൊരുതിയ നന്മനിറഞ്ഞ ധീരനാണ് അങ്കിള്‍.“

Trivandrum Bloggers ഗ്രൂപ്പിൽ നിന്ന് ലഭിച്ച വിവരങ്ങൾ:

ശ്രീ പത്മനാഭപിള്ളയുടെയും ശ്രീമതി ഓമനഅമ്മയുടെയും മകനായി 1943 ഫെബ്രുവരി 25 ന് ജനിച്ചു. സംഗീത് മകൻ. ചിത്ര മകൾ. .പൂജാവിദ്യ മരുമകൾ. മദന്‍കുമാര്‍ മരുമകൻ. കീര്‍ത്തന, ഹേമു എന്നിവര്‍ മകളുടെ മക്കളും. സുകുമാരന്‍, രാജകുമാര്‍, മോഹന്‍, വിജയകുമാര്‍ എന്നിവര്‍ സഹോദരന്മാരും ആണ്. തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതല്‍ സജീവ സാന്നിധ്യമായിരുന്നു. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനായ എൻ.പി. ചന്ദ്രകുമാർ 9-12-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ ചെയ്തിരുന്ന അദ്ദേഹത്തിന് നിരവധി വായനക്കാരെയും റെഗുലർ ഫോളോവേഴ്സിനെയും ലഭിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമായ പോസ്റ്റുകളായിരുന്നു തന്റെ ബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചിരുന്നത്.

അദ്ദേഹത്തെക്കുറിച്ച് അദ്ദേഹം പ്രൊഫൈലിൽ നൽകിയിട്ടുള്ള വിവരങ്ങൾ അതേപടി ഇവിടെ നൽകുന്നു. ഇന്നലെയാണ് മരണം നടന്നത്.

“ഞാര്‍ ചന്ദ്രകുമാര്‍.കം‌പ്യൂട്ടറും മലയാളവും ഒരുമിച്ച്‌ ചേര്‍ന്നു കാണാന്‍ 1986 മുതലേ ആഗ്രഹിച്ചൊരാള്‍. അതിന്റെ വിശദീകരണം ഇവിടെയും. ഭാര്യ ചന്ദ്രിക.മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസം, ന്യൂഡല്‍ഹിയില്‍ രണ്ടുപേര്‍ക്കും ജോലി. മകന്‍, യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസം, രണ്ടുപേക്കും ന്യൂയോര്‍ക്കില്‍ ജോലി. എന്റെ ഫോണ്‍: 91-471-2360822 ഔദ്ദ്യോഗിക ജീവിതം: 39 വർഷം. അതിൽ 4 വർഷം സംസ്ഥാന സർക്കാരിന്റെ Internal Audit Board (currently RIAB) ൽ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. മറ്റൊരു 7 വർഷം അക്കൌണ്ടന്റ് ജനറൽ ഓഫീസിൽ തിരിയെ പോയി സംസ്ഥാന സർക്കാരിന്റെ വരവുചെലവു കണക്കുകളും ബാലൻസ് ഷീറ്റും [Finance and Appropriation accounts] നിർമ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വർഷം വീണ്ടും സംസ്ഥാന സർക്കാരിലേക്ക്. അവിടുത്തെ ട്രഷറികൾ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനൽ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകൾ പരിശോധിക്കുവാനൻ യോഗ്യൻ!!.“

Sunday, January 9, 2011

വനിതാചലച്ചിത്രപഠനക്യാമ്പ്

വനിതാചലച്ചിത്രപഠനക്യാമ്പ്

വനിതാ സാഹിതിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി തിരുവനന്തപുരത്ത് രണ്ടുദിവസത്തെ ചലച്ചിത്ര പഠനക്യാമ്പും നാലു ദിവസത്തെ ചലച്ചിത്രോത്സവവും സംഘടിപ്പിക്കുന്നു. ജനുവരി 22, 23 തീയതികളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് പഠനക്യാമ്പ്. ഫെബ്രുവരി 25, 26, 27, 28 തീയതികളിൽ കലാഭവൻ തിയേറ്ററിലാണ് ചലച്ചിത്രോത്സവം. ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെയാകും ചലച്ചിത്ര പഠന ക്യാമ്പ് നടക്കുക.

വനിതകൾക്ക് മാത്രമായി ചലച്ചിത്രസംബന്ധിയായ ഒരു പഠന ക്യാമ്പ് വിരളമായെങ്കിലും ഇതിനുമുമ്പ് നടന്നിട്ടുള്ളതായി അറിവില്ല. സ്ത്രീശാക്തീകരണത്തിന്റെ കാലത്ത് ആധുനിക കാലത്തെ ഏറ്റവും വലിയ ജനപ്രിയ കലയായ സിനിമയെ സംബന്ധിച്ച് ഒരു അവബോധം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമം ശ്ലാഘനീയമാണ്. സ്ത്രീപുരുഷ ആനുപാതികമായി സിനിമയിലെ ഇടപെടൽ സംബന്ധിച്ച് പരിശോധിച്ചാൽ സിനിമാ രംഗത്ത് സ്ത്രീകളുടെ ധൈഷണിക സാന്നിദ്ധ്യം കുറവാണെന്നു കാണാം. പുരുഷ കേന്ദ്രീകൃതമാണ് സിനിമയുടെ ലോകം. അഭിനയ രംഗത്തും ഗാനാലാപന രംഗത്തും സ്ത്രീ സാന്നിദ്ധ്യത്തിനു കുറവില്ലെങ്കിലും സങ്കേതികവും ധൈഷനികവുമായ രംഗത്ത് സ്ത്രീകളുടെ സംഭാവന നന്നേ കുറവാണ്. പ്രത്യേകിച്ചും സാങ്കേതിക രംഗത്ത്.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ നിർണ്ണായക സാന്നിദ്ധ്യം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്തും ചില രംഗങ്ങളിലെങ്കിലും സ്ത്രീകൾ അകറ്റിനിർത്തപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് സിനിമാരംഗവും. അതിനു ന്യായമായി പല കാരണങ്ങളും പറയാനുണ്ടാകുമെങ്കിലും നമ്മുടെ സ്ത്രീ സമൂഹത്തിനും അവരുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രയാസമുള്ള ഒരു മേഖലയല്ല സിനിമയുടേത്. എന്നാൽ അവരെ ഈ രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗൌരവബുദ്ധ്യാ ഉള്ള പരിശ്രമങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. അത്തരം ഒരു സാഹചര്യത്തിൽ വനിതാ സാഹിതി ഇപ്പോൾ ഇങ്ങനെ ഒരു എളിയ പരിശ്രമം നടത്തുന്നത് ഒരു നല്ല തുടക്കമായിരിക്കും. രണ്ടു ദിവസത്തെ പഠന ക്യാമ്പുകൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകില്ല. എന്നാൽ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ചെയ്യുന്നതുതന്നെയാണ്. അതിനാൽ തിരുവനന്തപുരത്തെ വനിതാ സാഹിതി പ്രവർത്തകർക്ക് ആശംസകൾ!

ഈ ചലച്ചിത്ര പഠനക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി പതിനെട്ടിനു മുമ്പ് രജിസ്റ്റർ ചെയ്യണം. നൂറുരൂപയാണ് രജിസ്റ്റ്ട്രേഷൻ ഫീസ്. ഇത് തിരുവനന്തപുരം ജില്ലക്കാർക്കു മാത്രമുള്ള ക്യാമ്പല്ല. എന്നാൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. നാല്പതു പേർക്കു മാത്രമേ തൽക്കാലം പ്രവേശനം ലഭിക്കുകയുള്ളൂ. അതിനാൽ മുമ്പേ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് അവസരം നഷ്ടമായേക്കും.ഈ വിഷയത്തിൽ താല്പര്യമുള്ള വനിതകളെ കണ്ടെത്തുക എന്നതും കൂടി ഇതിന്റെ ലക്ഷ്യമാണ്. അതുകൊണ്ട് താല്പര്യമുള്ള വനിതകൾ മെയിൽ ഐ.ഡി കമന്റു ചെയ്താൽ സംഘാടകരുമായി ബന്ധപ്പെടുത്തുന്നതാണ്.

Wednesday, January 5, 2011

ശ്രീനിജൻ വിഷയത്തിൽ സി.പി ഐ (എം) മറുപടി പറയുന്നതെന്തിന്?

ശ്രീനിജൻ വിഷയത്തിൽ സി.പി ഐ (എം) മറുപടി പറയുന്നതെന്തിന്?

പുതിയ അഴിമതി കേസ്. ആരോപണ വിധേയൻ യൂത്ത് കോൺഗ്രസ്സ് നേതാവ് വി.സി.ശ്രീനിജൻ. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകൻ. കെ.ജി.ബിക്കെതിരെയും സംശയത്തിന്റെ മുൾമുന നീളുന്നു. ഇനി അന്വേഷണങ്ങൾ ഉണ്ടായേക്കാം. അവർ കുറ്റക്കാരെന്നോ നിരപരധികൾ എന്നോ തെളിയിക്കപ്പെടാം. ഇന്നിപ്പോൾ ശ്രീനിജൻ യൂത്ത് കോൺഗ്രസ്സ് ഭാരവാഹിത്വം രാജി വച്ചിരിക്കുന്നു. തന്റെ സമ്പാദ്യങ്ങളെല്ലാം താനും ഭാര്യയും അഭിഭാഷക വൃത്തിയിലൂടെ നേടിയതെന്ന് അദ്ദേഹത്തിന്റെ വിശദീകരണം.

സംശയം
, ആരോപണം, വിശദീകരണം, അന്വേഷണം ഒക്കെ സംഭാവ്യം. സ്വാഭാവികം. കോൺഗ്രാസ്സ് നേതാക്കൾ അഴിമതി നടത്തുന്നതിലും അസ്വാഭാവികതയൊന്നുമില്ല. അത് അവരുടെ അവകാശവും അവർക്ക് അതൊരു അലങ്കാരവുമാണെന്ന വിശ്വാസം സമൂഹത്തിനുമേൽ നമ്മുടെ വലതുപക്ഷപതികളായ മാധ്യമ പുംഗവന്മാർ തന്നെ നേരത്തെ അടിച്ചേല്പിച്ചിട്ടുള്ളതാണ്.

ഇവിടെ
ഇപ്പോൾ ആരോപണവിധേയരായവർ ആരും സി.പി.ഐ.(എം) കാർ അല്ല. പക്ഷെ മനോരമ വാർത്താചാനൽ അടക്കം ചില മാധ്യമങ്ങൾ ഈ അഴിമതി ആരോപണങ്ങൾക്കും മറുപടി പറയാനുള്ള ബാദ്ധ്യത സി.പി. ഐ (എം)-ന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്. ഇതിന്റെ പിന്നിലെ ദുഷ്ടലാക്ക് ആർക്കാണ് അറിയാത്തത്? കോൺഗ്രസ്സുകാർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ സി.പി.ഐ (എം) -ന്റെ നേർക്കു കൂടി നുണ ആരോപിച്ച്
അതിനെ ലിങ്കു ചെയ്യുക വഴി കോൺഗ്രസ്സ്കാരെ വെള്ള പൂശുക. അല്ലെങ്കിൽ അവരെ പ്രതിരോധിക്കാൻ ഒരു കൈ സഹായിക്കുക. പ്രതിരോധത്തിലാകേണ്ട കോൺഗ്രസ്സിനെ രക്ഷിച്ച് സി.പി. ഐ (എം)-നെ പ്രതിരോധത്തിലാക്കുക.

ഇതൊരു പുതിയ തന്ത്രമൊന്നുമല്ല. മുമ്പേ പരീക്ഷിച്ചു വരുന്നതാണ്. അരിയെത്രയെന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നു പറയുന്നതുപോലെ. കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അഴിമതിയാരോപണങ്ങൾ ഉയരുമ്പോൾ സി.പി.ഐ (എം) -നെതിരെ അടിസ്ഥാനമില്ലാത്ത പഴയതോ പുതിയതോ ഒരെണ്ണം കുത്തിപ്പൊക്കുക. അതിന്റെ പേരിൽ പുകമറ സൃഷ്ടിച്ച് മറ്റവർ നടത്തുന്ന യഥാർത്ഥ അഴിമതിക്കഥകളെ മൂടിവയ്ക്കുക. അതുമല്ലെങ്കിൽ കോൺഗ്രസ്സുകാർ നടത്തുന്ന അഴിമതിയ്ക്ക് ന്യായീകരണം കണ്ടെത്തുക. അഴിമതി കാട്ടിയവരെ രക്ഷിക്കുക. അന്വേഷണങ്ങളെ ദുർബലപ്പെടുത്തുക.

കോൺഗ്രസ്സുകാരും
കമ്മ്യൂണിസ്റ്റുകാരും ഒരു പോലെ അഴിമതിക്കാരാണെന്ന ഒരു സന്ദേശമെങ്കിലും ജനങ്ങളിൽ എത്തിച്ചില്ലെങ്കിൽ ഉറക്കം വരില്ല. കോൺഗ്രസ്സിനെയും സി.പി. എമ്മിനെയും ഒരേ ത്രാസിൽ തൂക്കിയാലൊന്നും കോൺഗ്രസ്സിനെയോ ബി.ജെ.പിയെയോ അവരുടെ നേതാക്കൾ നടത്തുന്ന അഴിമതികളെയോ മൂടിവയ്ക്കാനോ കഴിയില്ല. അഴിമതി തുടർപരിപാടിയായി വച്ചു നടത്തുന്നവരെ സ്വന്തക്കാരാണെന്നു കരുതി എത്രകാലം ഈ ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങൾക്ക് രക്ഷിക്കാൻ കഴിയും? ഇതാണോ പത്ര പ്രവർത്തനം. ഇതെഴുതുമ്പോഴും മനോരമ ചാനൽ പെൺ കൊച്ച് ഒരു സി.പി.ഐ(എം) നേതാവിനോട് കെ.ജി.ബിക്കെതിരെയും അദ്ദേഹത്തിന്റെ മരുമകനെതിരെയും ഉയർന്ന ആരോപണത്തിനു മറുപടി പറയണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

എന്തായാലും ദളിത് സമുദായത്തില്പെട്ട ഒരാൾ ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ തലപ്പത്ത് എത്തുന്നതിൽ അന്നേ അസഹിഷ്ണുത പുലർത്തിയിരുന്ന ചിലർക്ക് ഇപ്പോൾ ഒരു അവസരം ആയി. മരുമകൻ മുഖാന്തരമാണെങ്കിലും! എന്തായാലും കെ.ജി.ബിയും ഔദ്യോകികവും വ്യക്തിപരവുമായ ജീവിതത്തിൽ കുറച്ചു കൂടി സൂക്ഷമത പുലർത്തെണ്ടിയിരുന്നു എന്നു തോന്നുന്നു. ആരോപണങ്ങളിൽ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും!

Tuesday, January 4, 2011

പിടസ്വാതന്ത്ര്യം

പിടസ്വാതന്ത്ര്യം

നല്ല ചെമ്പൂവും ആടകളും
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം

കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി

പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി

ആണിന്‍ മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്‍ ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും

മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്‍റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന്‍ കണ്ടിട്ടു കാര്യം !

വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല

ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല

ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം

റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ

തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !

ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !

നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും

കൂകലില്‍ പൂവന്‍റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
‘കൊക്കരക്കോ’യെന്നു കൂകി പിടക്കോഴി

നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
‘ദോഷകാലം’ വന്നു മാടി വിളിയ്ക്കുന്നു
‘കൊക്കരക്കോ! കൊക്കരക്കോ!’

എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു
കത്തിയൊരെണ്ണവും തേച്ചുമിനുക്കി
പിന്നൊട്ടുമമാന്തിക്കാനൊന്നുമുണ്ടായില്ല
ചെന്നു പിടിച്ചു “പിടപ്പൂവനെ”……!

(ശേഷം ചിന്ത്യം!)

ബ്ലോഗ് എന്ന സൌഭാഗ്യം

സാഹിത്യ അക്കാഡമി കൂടി ഇ-എഴുത്തും വായനയും അംഗീകരിച്ചുവെന്ന വാർത്ത അറിഞ്ഞതിന്റെ പ്രചോദനത്തിൽ റീപോസ്റ്റ് ചെയ്യുന്നത്.

അതായത് ബൂലോകം ഓൺലെയിൻ ബ്ലോഗ്പത്രം രണ്ടാം ലക്കം പ്രകാശനം , ബ്ലോഗ്ഗർ അവാർഡ്, ബ്ലോഗ് ലിറ്ററസി ഉദ്ഘാടനം, ബ്ലോഗ് മീറ്റ് എന്നീ പരിപാടികളുമായി 2010 ഡിസംബർ 30-ന് തിരുവനന്തപുരത്ത് നടന്ന പരിപാടിയുടെ പ്രചരണാർത്ഥം എഴുതിയ പോസ്റ്റിലെ വാർത്താരൂപത്തിലുള്ള ഭാഗങ്ങൾ ഒഴിവാക്കി പ്രസക്ത ഭാഗങ്ങൾ ഇവിടെ പുന: പ്രസിദ്ധീകരിച്ചിരിക്കുന്നു.

ബ്ലോഗ് എന്ന സൌഭാഗ്യം

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാര്‍ത്തത്തില്‍ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. കഥകളും കവിതകളും മാത്രമല്ല, കാര്‍ട്ടൂണുകളും , സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങളും, സ്വന്തം ക്യാമറ കൊണ്ട് എടുക്കുന്ന ഫോട്ടോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസുദ്ധീകരിക്കുവാന്‍ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍ നെറ്റ് അമ്പൊടുങ്ങാത്ത ആവനാഴി പോലെ വായനയുടെ അനന്ത സാധ്യതകള്‍ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്ന് ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. പോഡ് കാസ്റ്റിംഗിനുള്ള സൌകര്യം ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രമായാല്‍ പോര. ബ്ലോഗ്മീറ്റുകളില്‍ ബ്ലോഗര്‍മാരല്ലാത്തവരെ സാധാരണ കണ്ടുവരാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗര്‍മാര്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം -സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. -ലോകം എല്ലാവരുടെയും ലോകം ആകണം.

വിഷയത്തിൽ ആദ്യം എഴുതിയ പോസ്റ്റ് അതേപടി വായിക്കാൻ ഈ ലിങ്ക് വഴി പോവുക

Saturday, January 1, 2011

ഒഞ്ചിയവും മറ്റും

പോരാ‍ പോരാ വിപ്ലവക്കാരും കോൺഗ്രസ്സ്സഖ്യവും

മുൻകുറിപ്പ്: ഇത് ഒരു സി.പി.ഐ (എം) പക്ഷ ലേഖനമാണ്. ഈ മുൻവിധി വായിക്കുന്നവർക്ക് വായനയ്ക്ക് സൌകര്യമയിരിക്കും; വായിക്കാൻ ഇഷ്ടമില്ലാത്തവർക്ക്, പ്രത്യേകിച്ചും അന്ധമായ മാർക്സിസ്റ്റ് വിരോധം വച്ചുപുലർത്തുന്നവർക്ക് അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ ഒഴിഞ്ഞുപോകാനും നല്ലതാണ് ഈ മുൻ കുറിപ്പ്!

സി.പി.എമ്മിനു വിപ്ലവം പോരാ. കോൺഗ്രസ്സും സി.പി.എമ്മും ഒക്കെ ഒരുപോലെയയാൽ പിന്നെ സി.പി.എമ്മിന് എന്തു പ്രസക്തി? സി.പി.എം നേതാക്കൾ മാത്രമല്ല അണികൾ പോലും ബൂർഷ്വാസികൾ ആയിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ കോൺഗ്രസ്സും സി.പി.എമ്മും ഒക്കെ ലയിച്ച് നാളെ ഒരു പാർട്ടിയായി തീരും.പിന്നെങ്ങനെ ഇവിടെ തൊഴിലാളി വർഗ്ഗ സർവാധിപത്യം വരും? എങ്ങനെ സോഷ്യലിസം വരും? ആരു കൊണ്ടുവരും? അതൊക്കെയോർത്ത് വിഷമാവസ്ഥയിൽ ഇരിക്കുമ്പോഴാണ് ആവേശകരമായ ആ വാർത്ത വന്നത്. കേരളത്തിൽ ഒഞ്ചിയത്തും മറ്റും വിപ്ലവത്തിന്റെ കാഹളം മുഴങ്ങിയിരിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയിൽ വിപ്ലവം ചോർന്നുപോയെങ്കിലും വിപ്ലവം സ്വന്തം രക്തത്തിൽ നിന്നും ചോർന്നുപോകാത്ത ഒഞ്ചിയത്തെയും മറ്റു ചിലയിടങ്ങളിലെയും നേതാക്കളും അണികളും സ്വയം വിപ്ലവത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. എം.ആർ.മുരളിയെപോലെ അഭിനവ ലെനിൻ എന്നോ ചെഗുവേരയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന നേതാക്കളുടെ നേതൃത്വം കൂടിയായപ്പോൾ ആവേശം ഇരട്ടിച്ചു. പണ്ട് നക്സൽബാരിയിൽ ഒരു വിപ്ലവം നടന്നതിൽ നിന്നാണ് നക്സലൈറ്റ് എന്ന വാക്കുണ്ടായതെന്നു കേട്ടിട്ടുണ്ട്. അതുപോലെ ഭാവിയിൽ ഒഞ്ചിയസ്റ്റ് പ്രസ്ഥാനം എന്ന ഒരു പേർ തന്നെ ഈ വിപ്ലവപ്രസ്ഥാനത്തിനു വന്നുഭവിക്കുമോ എന്നുപോലും സംശയിച്ചു.

ചില പഞ്ചായത്തും മുൻസിപാലിറ്റിയുമൊക്കെ പിടിച്ചടക്കുന്ന ഫ്രഞ്ചുവിപ്ലവങ്ങൾ സിരകളിൽ ആവേശത്തിന്റെ തിരയിളക്കി അത് സുനാമിയായി പടർന്നുകയറി. എങ്കിലും എടുത്തുചാടി ഒഞ്ചിയിസ്റ്റ് പ്രസ്ഥാനത്തിൽ ചേരാൻ പോയില്ല. കാരണം നമ്മ നാട്ടിലൊന്നും സംഭവം എത്തിയില്ല. ഓരോ ഏരിയ തീർത്തു വരട്ടെ. നമ്മ നാട്ടിൽ വിപ്ലവത്തിനു പാകമാകുമ്പോൾ എടുത്തു ചാടാമെന്നു കരുതി. അല്ലാതെ ഇങ്ങു തിരുവനന്തപുരത്തുനിന്ന് ഒറ്റക്കുതിപ്പിന് ഒഞ്ചിയത്തേയ്ക്കൊക്കെ എടുത്തുചാടി കാലൊടിഞ്ഞാൽ വിപ്ലവം ഇങ്ങ് തെക്കെത്തുമ്പോൾ നേതൃത്വം നൽകാൻ ആളുണ്ടാകില്ല. അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് കാത്തിരുന്നത്. മാർക്സിസ്റ്റ് പാർട്ടി തകരും. അണികളെല്ലാം ഒന്നാന്നായി പുതിയ വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് അണമുറിയാതെ ഒഴുകിയെത്തും. ഒരു പുതിയ മാർക്സിസ്റ്റ് പ്രസ്ഥാനം ഇന്നത്തേതിന്റെ സ്ഥാനത്ത് ഉയർന്നുവരും. കോൺഗ്രസ്സുകാരൊക്കെ വിരണ്ട് ഇനി രക്ഷയില്ലെന്നു കണ്ട് ആ സംഘടന തന്നെ പിരിച്ചു വിടും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ സംഘടനയൊക്കെ പെട്ട പാടെ അപ്രത്യക്ഷമാകും. അതിന്റെ നേതാക്കൾ ഒക്കെ കയ്യിൽ കിട്ടുന്ന അണികളെയും കൊണ്ട് നാട് വിടും. മുതലാളിവർഗ്ഗം ഉള്ള സ്വത്തും മുതലും എല്ലാം പറക്കിക്കെട്ടി അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ മുതലാളിത്ത രാഷ്ട്രങ്ങളിലേയ്ക്ക് പാലായനം ചെയ്യും. അവരുടെ ബാങ്ക് അക്കൊണ്ടുകൾ എല്ലാം വിദേശ ബാങ്കുകളിലേയ്ക്ക് ട്രാൻസ്ഫറടിക്കും. അതോടെ വിപ്ലവത്തിന് പൂർണ്ണമായും മണ്ണ് പാകമാകും. പിന്നെ അപ്പോഴും അധികാരം പിടിവിടാതിരിക്കാനിടയുള്ള ഭരണകൂടം ഏതാണോ അതിനെ ചെറിയൊരു ബലപ്രയോഗത്തിലൂടെ പിടിച്ച് വലിച്ച് നിലത്തിട്ട് രണ്ട് തൊഴി! വിപ്ലവം പൂർത്തിയായി. ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ.

ഒഞ്ചിയം ഉൾപ്പെടുന്ന മുൻസിപാലിറ്റിയിലൊക്കെ കോൺഗ്രാസ്സ് പിന്തുണയോടെ അധികാരത്തിലേറാൻ വിപ്ലവനേതാവ് തന്നെ തുനിഞ്ഞപ്പോൾ അല്പമൊന്നു ഞെട്ടിയെങ്കിലും അവിടെയെങ്കിലും ചോരപ്പുഴ ഒഴുക്കാതെ അധികാരത്തിൽ ഏറാനുള്ള സാഹചര്യം മുതലാക്കുന്ന അടവുപരമായ ഒരു തന്ത്രമാണതെന്ന് ഒഞ്ചിയിസ്റ്റ് മാനിഫെസ്റ്റോ, ഷൊർണ്ണൂർ കാപിറ്റൽ ഉൾപ്പെടെയുള്ള ചില അമൂല്യ വിപ്ലവ ഗ്രന്ധങ്ങൾ ഒന്നുകൂടി എടുത്ത് വായിച്ചപ്പൊൾ മനസിലായി.എം.ആർ.മുരളിയണ്ണൻ മുനിസിപ്പൽ ചെയർമാനായാൽ വിപ്ലവത്തിന്റെ ഒരു ഘട്ടം പൂർത്തിയായി എന്ന താത്വിക ബോധം ഉൾക്കൊണ്ട് കഴിയവേയാണ് ഞെട്ടിപ്പിക്കുന്ന ആ വാർത്തവന്നത്. ഇടതുപക്ഷ ഏകോപനത്തിൽ തമ്മിൽതല്ല്. തൃശൂരിൽ കുന്നംകുളത്ത് ഇടതുപക്ഷ ഏകോപനവിപ്ലവകാരികൾ യോഗമോ മറ്റോ ചേർന്നുവത്രേ. യു.ഡി.എഫുമായി മുനിസിപാലിറ്റിയിൽ അധികാരം പങ്കിട്ട വിപ്ലവ നേതാവ് ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായത്രേ. ഇടതുപക്ഷം എന്നു പേരുനൽകിയ സംഘടന യു.ഡി.എഫുമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണം കൈയ്യാളുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നും സംസ്ഥാന കൺ വെൻഷനിൽ വിമർശനം ഉയർന്നുവത്രേ. ഭിന്നതകൾ ശക്തമായി പലരും രാജിക്കൊരുങ്ങിയത്രേ. ഇനി യു.ഡി.എഫ് എന്ന വിപ്ലവ മുന്നേറ്റ മുന്നണിയുമായി കൈകോർത്ത് നിയമസഭാതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റെങ്കിലും മത്സരിച്ച് ജയിക്കണമെന്നുള്ള നിർദ്ദേശം യോഗത്തിൽ ഒരു നേതാവ് മുന്നോട്ട് വച്ചെങ്കിലും അത്തരം നാണം കെട്ട കൂട്ടുകെട്ടിനു നമ്മളെ കിട്ടില്ലെന്ന് ഒരു വിഭാഗം പറഞ്ഞുവത്രേ. വലതുപക്ഷ മുതലാളിത്ത സംരക്ഷണ സമിതിയായ യു.ഡി.എഫിനൊപ്പം നിക്കാനാണെങ്കിൽ പിന്നെ എന്തിനീ ബഹളമൊക്കെ കാട്ടി സി.പി.എം വിട്ടു പോന്നു എന്നൊക്കെ ഏകോപനക്കാരിൽ ആരെങ്കിലും ചോദിച്ചു പോയിട്ടുണ്ടെങ്കിൽ പണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നതിന്റെ ചില അഴുക്ക അംശങ്ങൾ അവരിൽ ചിലരുടെ ഉള്ളിൽ ഇപ്പോഴും കിടക്കുന്നതിനാലാണ് നിസംശയം പറയാം. അത് അപ്പാടെ ചികിത്സിച്ചു ഭേദമാക്കാൻ വേണ്ടത് ചെയ്യണം.

എന്തായാലും ഈ വിശാല വിപ്ലവ ഇടതുപക്ഷ ഏകോപന സമിതിയിലെ ഈ ഭിന്നതയ്ക്കു പിന്നിൽ മുതലാളിത്ത ശക്തികളുടെ കറുത്ത കരങ്ങളാണോ എന്ന് സംശയമുണ്ട്. ഏകോപനപ്രസ്ഥാനത്തിന്റെ വളർച്ച കണ്ട് ഭയന്ന് മുതലാളിത്തം ഒളിഞ്ഞും തെളിഞ്ഞും അതിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉണ്ട്. അതുകൊണ്ടു കൂടിയായിരിക്കാം കോൺഗ്രസ്സുമായിത്തന്നെ ചങ്ങാത്തം കൂടിയത്. മുതലാളിത്തത്തിനു ശക്തമായ ബദലാണല്ലോ കോൺഗ്രസ്സ്. പിന്നെ നയപരിപാടിയൊക്കെ തീരുമാനിക്കുന്നത് അംബാനിമാരോടൊക്കെ ചോദിച്ചിട്ടാകുന്നത് സോഷ്യലിസം സ്ഥാപിക്കാൻ അവർ തടസം പിടിക്കാതിരിക്കാനുള്ള ഒരടവെന്നേയുള്ളൂ. വെറുതെ എന്തിനാ ഒരു ചോരപ്പുഴ. അവർക്കതിനു താല്പര്യമില്ലെങ്കിൽ. കുന്നംകുളത്ത് ചേർന്ന ഏകോപന സമിതിയുടെ കൻവെവെൻഷനിൽ ഭിന്നിപ്പ് തുറന്ന പോരിൽ എത്തുകയായിരുന്നുവത്രേ. ഒഞ്ചിയത്തെയും തളിക്കുളത്തെയും ചില പ്രതിനിധികൾ പൊട്ടിത്തെറിച്ചുവെന്നാണ് ചില ഒളിഞ്ഞു നോട്ടക്കാർ വെളിപ്പെടുത്തിയത്. ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിൽ രണ്ടരവർഷം വീതം യു.ഡി.എഫുമായി അധികാരം പങ്കിടാൻ തീരുമാനിച്ച വിപ്ലവ നേതാവ് എം.ആർ.മുരളി സ്വാർത്ഥ താല്പര്യത്തിനും അധികാരത്തിനും വേണ്ടി പാർട്ടിയെ ബലികഴിച്ചുവെന്നും ആരോപണം ഉയർന്നുവത്രേ. മുരളിയെ മാറ്റണമെന്നു മുറവിളിയുണ്ടായത്രേ. കൺവെൻഷൻ പ്രത്യേകിച്ച് ഒരു തീരുമാനവുമെടുക്കാൻ കഴിയാതെ പിരിയേണ്ടിവന്നുവത്രേ. ഈ അത്രേയത്രേ പറയുന്നത് പത്രവാർത്ത വിശ്വാസത്തിലെടുത്ത് പറയുന്നതുകൊണ്ടാണേ. മാത്രവുമല്ല കണ്ടപത്രം ദേശാഭിമാനിയുമാണ്. എല്ലാവരും വിശ്വസിക്കണം എന്നില്ല.

പണ്ട് കമ്മ്യൂണിസം തലപൊക്കിയതുമുതൽ നീണ്ടകാലം അതിനെ ഇല്ലാതാക്കാൻ കോൺഗ്രസ്സുകാരടക്കം പല പ്രസ്ഥാനങ്ങളും നാട്ടുപ്രമാണിമാരും വർഗ്ഗീയ വാദികളും മറ്റും ശ്രമിച്ചിരുന്നു. അവരോടൊക്കെ ഏറ്റുമുട്ടി അങ്ങോട്ടും ഇങ്ങോട്ടും കഷ്ടനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. കമ്മ്യ്യുണിസ്റ്റുകാർ ശക്തമായ ചെറുത്തുനിൽ‌പ്പുകൾ സംഘടിപ്പിച്ചുതന്നെ ഇവിടെ വളർന്നത്. ഇത് ഗാന്ധിയൻ മാർഗ്ഗത്തിലൊന്നുമായിരുന്നില്ലെന്നു തന്നെ സാരം. എന്നാൽ അതൊക്കെ പഴങ്കഥ. ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്ന യാഥാർത്ഥ്യം എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. ഒറ്റപ്പെട്ട് ചില സ്ഥലങ്ങളിൽ ചില രാഷ്ട്രീയ അക്രമങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്നതു ശരിതന്നെ. ഉദാഹരണം കണ്ണൂർ. പക്ഷെ അവിടെ അക്രമം ഏകപക്ഷീയമായി ഉണ്ടാകുന്നതല്ലെന്നും മനസിലാക്കണം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭഗമാണ്. ഒരു സായുധ വിപ്ലവം ഉടനെ ഇവിടെ ഉണ്ടാകുമെന്നോ ഉണ്ടാക്കണമെന്നോ ജനാധിപത്യവുമായി പൊരുത്തപ്പെട്ടുപോകാൻ നിർബന്ധിതമായ ഇടതുപക്ഷം പറയുന്നുമില്ല. ഇതിനർത്ഥം ഇന്ത്യയിലെ നിലവിലുള്ള വ്യവസ്ഥയെ അപ്പാടെ അംഗീകരിക്കുന്നുവെന്നല്ല. സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ഉറപ്പുനൽകുന്ന അവകാശങ്ങളും മറ്റ് സൌകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ പോരുതുക എന്ന നയമാണ് ഇടതുപക്ഷം പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്. മറിച്ചെന്തെങ്കിലും ചിന്തിച്ചാൽതന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അതിനുള്ള അണിബലവും ഇല്ല. സത്യം സത്യമാ‍യി പറയുന്നതിൽ തെറ്റൊന്നുമില്ല.

ഇവിടെ സിപി.എമ്മിലും മറ്റും വിപ്ലവം പോരെന്ന് പറയുന്നതിൽ പഴയ രീതിയിൽ അക്രമവും ചെറുത്തുനില്പുകളും സ്വീകരിക്കണമെന്നുകൂടി അർത്ഥമുണ്ട്. ചെറുത്തുനിൽക്കാനും അക്രമം കാണിക്കാനും ഇന്നിപ്പോൾ കോൺഗ്രസ്സുകാർ സി.പി.എമ്മുകാരെ ഓടിച്ചിട്ടടിക്കാനൊന്നും വരുന്നില്ല. വരുന്ന ഇടങ്ങളിൽ എല്ലാം ചെറുത്തും നിൽക്കുന്നുണ്ട്താനും. കോൺഗ്രാസിന് വലിയ മേൽകൈ ഉള്ള സ്ഥലങ്ങളിൽ ഇപ്പോഴും സി.പി.എമ്മിനെതിരെ അക്രമം ഉണ്ടാകുന്നുണ്ട്. ഇത് ചില സ്ഥലങ്ങളിൽ തിരിച്ചും സംഭവിക്കുന്നുണ്ട്. ഇതൊക്കെ പച്ചയായ സത്യങ്ങളാണ്. ഇപ്പോൾ സി.പി.എമ്മിനെതിരെ അക്രമം തുടരുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ സംഘടനകളാണ്. അവരെ പോലും ആശയം കൊണ്ടു നേരിടാനാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന് അടിച്ചാൽ തിരിച്ചടിക്കില്ലെന്ന ഒരർത്ഥവുമില്ല. അങ്ങോട്ടു ചെന്ന് അടിക്കില്ലെന്നേയുള്ളൂ. പിന്നെ വല്ല അഴിമതിയുടെയും പേരു പറഞ്ഞാണ് പോകുന്നതെങ്കിൽ അതിനും മാത്രം അഴിമതിയൊന്നും സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടകുന്നില്ല. ഇപ്പോൾ തന്നെ എന്തൊക്കെ വിമർശനങ്ങൾ ഉന്നയിക്കാമെങ്കിലും കേരളത്തിലെ മന്ത്രിമാർക്ക് നേരിട്ട് ബന്ധമുള്ള ഒരഴിമതിയും ആരോപിക്കാൻ കഴിയുന്നില്ല. ചിലതിന്റെയൊക്കെ ധാർമ്മികമായ ഉത്തരവാദിത്വം വേണമെങ്കിൽ ചമയ്ക്കാമെന്നേയുള്ളൂ. പണ്ടെങ്ങോ കുറച്ചുനാൾ മന്ത്രി ക്കസേരയിൽ ഇരുന്നതിന്റെ പേരിൽ പിണറായി വിജയന്റെ പേരിൽ യാതൊരടിസ്ഥാനവുമില്ലാത്ത ഒരു ലാവ്ലിൻ കേസ് പറഞ്ഞ് നടന്ന് കുറെ രാഷ്ട്രീയ നേട്ടങ്ങൾ എതിരാളികൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞു എന്നല്ലാതെ ആ ആരോപണത്തിൽ കഴമ്പൊന്നുമില്ലെന്ന് അന്വേഷണ ഏജൻസികൾക്ക്തന്നെ ഒടുവിൽ പറയേണ്ടിയും വന്നു. ഇടതുപക്ഷത്തെ എല്ലാ നേതാക്കളും ശുദ്ധാത്മാക്കളാണെന്ന് പറഞ്ഞുകളഞ്ഞുവെന്നൊന്നും ആരോപിക്കേണ്ട. ചിലപ്പോൾ ഒക്കെ സംഭവിക്കുന്നുണ്ട്. അതിന്റെ ഫലം അവരിൽ ചിലർ പാർട്ടിയിൽ നിന്നു പുറത്തായി അവരും വലിയ വിപ്ലവ വായാടികളായി ഗതികിട്ടാതെ അലഞ്ഞുനടക്കുകയാകും. ഇനിയും ചിലർ അഴിമതിയുടെയോ പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെയോ പേരിൽ പുറത്താക്കപ്പെട്ടാൽ എതിർപാളയത്തിൽ അക്കാമഡേറ്റ് ചെയ്യപ്പെട്ട് ഗതിപിടിച്ചെന്നും വരാം. എന്തായാലും അഴിമതി സി.പി.എമ്മുകാർ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവർ അല്ല. സോറി, വിഷയം മാറി പോകുന്നുവെന്നു തോന്നുന്നു.

ഇവിടെ പറയാൻശ്രമിക്കുന്നത് ജനാധിപത്യപരമല്ലാത്ത മാർഗ്ഗത്തിലൂടെയല്ലതെ ഇടതുപക്ഷത്തിനും ഇന്ത്യയിൽ പ്രവർത്തിക്കാനാകില്ല എന്ന് എടുത്തു പറയാനാണ്. അതുകൊണ്ട് വിപ്ലവം പോരാ വിപ്ലവം പോരാ എന്നു പറഞ്ഞിട്ടു ഒരു കാര്യവുമില്ല. ആർക്കെങ്കിലും ചിലർക്ക് പാർട്ടിയിലോ ജനാധിപത്യ വേദികളിലോ ആഗ്രഹിക്കുന്ന സ്ഥാനമാനങ്ങൾ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന വിപ്ലവബോധം കൊണ്ട് ദീർഘകാല നേട്ടങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതിന്റെയൊക്കെ മുൻ നിരയിൽ നിൽക്കുന്നവർക്ക് ചില നേട്ടങ്ങൾ ഉണ്ടാകും. പിൻ നിരക്കാർക്ക് സമയനഷ്ടം മാത്രം. ഇവിടെ ഏതു പാർട്ടിയിൽ വിശ്വസിക്കാനും തോന്നുമ്പോൾ പാർട്ടി മാറാനും ഒക്കെ സ്വാതന്ത്ര്യമുണ്ട്. സിപി.എമ്മുമായി സഹകരിച്ചു പോകൻ വിഷമം തോന്നുമ്പോൾ കോൺഗ്രസ്സ് ഉൾപ്പെടെ എത്രയോ പ്രസ്ഥാനങ്ങളുണ്ട് ചേരാൻ. അതല്ലേ ഇതിലും ഭേദം? പുതുതായി ഒന്നുണ്ടാക്കി കോൺഗ്രാസുകാരുടെ സഹായം കൊണ്ട് നിലനിൽക്കാൻ ശ്രമിക്കുന്നത് ലളിതമായി പറഞ്ഞാൽ പാപ്പരത്തമാണ്. കൂടുതൽ വിപ്ലവം പറഞ്ഞ് പാർട്ടിവിടുന്നവർ സി.പി എമ്മിന്റെയോ മറ്റിടതുപക്ഷ കക്ഷികളുടെയോ പിൻബലം ഇല്ലാതെ ഒറ്റയ്ക്ക് നിന്ന് കോൺഗ്രസ്സിനെയോ, യു.ഡി.എഫിനെയോ വർഗീയ കക്ഷികളെയോ ഒക്കെ തെരഞ്ഞെടുപ്പിൽ തോല്പിച്ച് കഴിവു തെളിയിക്കണം. വർഗ്ഗ ശത്രുവിനോട് തോളുരുമ്മി നീന്ന് പിന്നെ ആർക്കെതിരെ പോരാടുന്നത്? സി.പി.എമ്മിനെ ദുർബ്ബലപ്പെടുത്തി വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തിപകരാനുള്ള കരുക്കളായി മാറുന്നവരെ വിപ്ലവകാരികൾ എന്നല്ല വിപ്ലവത്തിന്റെ ഒറ്റുകാരെന്നുവേണം വിളിക്കാൻ. ഒരു ആശയത്തിനുവേണ്ടി നിന്നാൽ നിന്നതായിരിക്കണം. കൊതി മുമ്പോട്ടും കുത്തുകാലു പുറകോട്ടും എന്നു പറയുമ്പോലെ അധികാരകസേരകാണുമ്പോൾ നാക്കും നീട്ടി കുണ്ടിയും തുടച്ചു ചെല്ലരുത്. അല്ലപിന്നെ!

പിന്നെ സി.പി.എമ്മിൽ വല്ലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നത് നല്ലതുതന്നെ. അനുഭവപാ‍ഠങ്ങൾ പാർട്ടിക്ക് ഗുണം വരുത്തും എന്നാണ് ഈയുള്ളവൻ അവർകളുടെ വിശ്വാസം. ഇങ്ങനെയും ഒക്കെ സംഭവിക്കാം എന്നു വരുമ്പോൾ കൂടുതൽ കരുതലോടെ പ്രവർത്തിക്കാം. സംഭവിക്കാവുന്ന ചില തെറ്റുകൾ ഒഴിവാക്കാം. ഒഞ്ചിയവും ഒരു പാഠം തന്നെ. ഇത്രയും ഒരു പ്രതികരണം പ്രതീക്ഷിച്ചിരിക്കില്ല. ചിലത് അങ്ങനെയാണ് സംഭവിച്ചുകഴിയുമ്പോഴേ അറിയുകയുള്ളൂ. പക്ഷെ എന്നുവച്ച് സ. പിണറായിയുടെ വാക്കുകൾ കടമെടുത്താൽ കുലംകുത്തികളെന്നും മറ്റും വിളിക്കെണ്ടവരെ മറ്റൊരു വാക്കിനാൽ വിശേഷിപ്പിക്കാനാകില്ല. കോൺഗ്രസ്സുമായി അധികാരം പങ്കുവയ്ക്കുന്ന നിലവാരത്തിലേയ്ക്ക് ഈ അഭിനവ വിപ്ലവകാരികൾ തരം താണിരുന്നില്ലെങ്കിൽ ഈ ലേഖകൻ കുലംകുത്തികൾ എന്ന് ആവർത്തിച്ച് സായൂജ്യം അടയില്ലായിരുന്നു. (അല്ല, നമ്മുടെ സായൂജ്യത്തിനെഴുതുന്നതുകൊണ്ടാണേ!) കാരണം പാർട്ടിയ്ക്ക് അനുഭവപാഠം നൽകിയവർ എന്നൊരാനുകൂല്യം അവർ അർഹിക്കുന്നുണ്ടല്ലോ! കോൺഗ്രസ്സിന്റെ നയങ്ങളോടുള്ള വിയോജിപ്പല്ലാതെ എം.ആർ. മുരളിമാർക്ക് ചേരാൻ പറ്റാത്ത ഒരു മോശം പാർട്ടിയാണ് കോൺഗ്രസ്സ് എന്നൊന്നും ഈയുള്ളവൻ കരുതുന്നില്ല.


പിൻകുറിപ്പ്: കെട്ടിപ്പിടിച്ചുകൊണ്ടു തർക്കിക്കുന്ന രാഷ്ട്രീയമാണ് നമ്മുടെ ജനാധിപത്യം ആവശ്യപ്പെടുന്നത്. അക്രമം കൊണ്ട് ഒന്നിനെ മറ്റൊന്നിനു തകർത്തു മുന്നേറാം എന്ന് വ്യാമോഹിക്കുന്നരാഷ്ട്രീയമല്ല. ജനാധിപത്യം ശക്തിപ്പെടുന്നത് ആശയസംവാദങ്ങളിലൂടെയാണ്. അക്രമവും അഴിമതിയും ഒഴിച്ച് രാഷ്ട്രീയത്തിൽ സംഭവിക്കുന്നതെല്ലാം ജനാധിപത്യത്തിനു നിരക്കുന്ന കാര്യങ്ങളാണ്. അതു കാലുമാറ്റവും കൂറുമാറ്റവും ആയാൽ പോലും. തെറ്റുകൾ എന്നു തോന്നുന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും ശരിയെന്നു തോന്നുന്ന ആശയങ്ങളും അക്രമരഹിതമായ പ്രവർത്തനങ്ങളും കൊണ്ട് തിരുത്തിക്കാൻ ശ്രമിക്കുന്നതാണ് ജനാധിപത്യത്തിനു ഭൂഷണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...