പൊതുവിദ്യാലയങ്ങളിലെ
ആംഗലേയവൽക്കരണം
ഇ.എ.സജിം തട്ടത്തുമല
ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്കുന്ന
ഒരു നല്ല അദ്ധ്യാപകന്റെ (ടി.പി.കലാധരൻ മാസ്റ്റർ) ഒരു എഫ് ബി പോസ്റ്റിനോടുള്ള
പ്രതികരണം എന്ന നിലയിൽ എഴുതിയതാണ്. ഇത്രയും നീണ്ടു പോയ സ്ഥിതിയ്ക്ക് ഇത് ഒരു ലേഖനമായി പരിഗണിച്ച് താല്പര്യമുള്ളവർ പ്രതികരിക്കുക.
ടി.പി കലാധരൻ മാസ്റ്റർ |
മാഷേ ഒരു സംശയം. മിക്ക സ്റ്റേറ്റ് സിലബസ് പൊതുവിദ്യലയങ്ങളിലും ഇന്ന്
ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഉണ്ട്. ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന കുട്ടികൾക്കാണ്
കൂടുതലും ഫുൾ എ പ്ലസുകൾ കിട്ടുന്നത്. മലയാളം മീഡിയത്തിലെ സമർത്ഥരായ കുട്ടികൾക്കുപോലും
അഞ്ചും ആറും അതിൽ താഴെയും എ പ്ലസുകൾ കൊണ്ട് തൃപ്തരാകേണ്ടി വരുന്നു. പഠിക്കാൻ കഴിവുള്ള
കുട്ടികൾ കൂടുതലായും ഇംഗ്ലീഷ് മീഡിയത്തിലാണ് ചേരുന്നതെന്നും ഇംഗ്ലീഷിലായാൽ കുറച്ചു
കൂടി ചുരുക്കം വാക്കുകളിൽ ആശയങ്ങൾ എഴുതി ഫലിപ്പിക്കാൻ കഴിയുമെന്നുമൊക്കെയാണ് ഇതിനു
ലഭിക്കുന്ന മറുപടി. പക്ഷെ ഞാൻ ആരോപിക്കുന്നു. ഇംഗ്ലീഷ് മീഡിയത്തിലെയും മലയാളം മീഡിയത്തിലെയും
കുട്ടികളുടെ പേപ്പറുകൾ രണ്ട് മനോഭാവത്തിലാണ് നോക്കുന്നതെന്ന്.ഹയർസെക്കണ്ടറിയിൽ സ്കൂൾ
ഗോയിംഗുകാരുടെയും പ്രൈവറ്റുകാരുടെയും പേപ്പറുകൾ രണ്ട് മനോഭാവത്തിലാണ് നോക്കുന്നതെന്ന്
ഇന്ന് എല്ലാവർക്കും അറിയാം. പണ്ട് പ്രീഡിഗ്രിയുടെ കാര്യവും ഇപ്പോഴും ഡിഗ്രിയുടെ കാര്യവും
സമാനമാണ്. അത് തൽക്കാലം അവിടെ നിൽക്കട്ടെ.
ഇപ്പോൾ ശരിക്കും പൊതുവിദ്യാലയങ്ങളിൽ സർക്കാർ ചെലവിൽ ഇംഗ്ലീഷ് ഭാഷയും
ഇംഗ്ലീഷ് മീഡിയവും പ്രമോട്ട് ചെയ്യപ്പെടുകയും മലയാള ഭാഷയും മലയാളം മീഡിയവും അവഗണിക്കപ്പെടുകയും
നിന്ദിക്കപ്പെടുകയും ചെയ്യുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള അദ്ധ്യാപകരും രഷകർത്താക്കളും
നാട്ടുകാരുമൊക്കെ സർക്കാരിനൊപ്പം പൊതു വിദ്യാലയങ്ങളുടെ നില നില്പിനും വളർച്ചയ്ക്കും
ബഹുവിധം സഹായിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അറിഞ്ഞും അറിയാതെയും ഇവരെല്ലാം ഇംഗ്ലീഷ്
മീഡിയത്തെ പരിഭോഷിപ്പിക്കുകയാണ്. മലയാളത്തെ അവഗണിക്കുക മാത്രമല്ല നിന്ദിക്കുക കൂടിയാണ്.
ഇതിന്റെ മറുവശം, എല്ലാ പൊതു വിദ്യാലയങ്ങളിലും
ഇംഗ്ലീഷ് മീഡിയം തുടങ്ങിയതാണ് പല സ്കൂളുകളും പൂട്ടിപ്പോകാതെ ഇന്ന് നില നിൽക്കാൻ തന്നെ
കാരണം. അത് കാണാതിരിക്കുന്നില്ല.
ഇ.എ.സജിം തട്ടത്തുമല (ലേഖകൻ) |
ഇവിടെ നമ്മുടെ നാട്ടിലെ ഒരു സർക്കാർ വിദ്യാലയം (തട്ടത്തുമല ഗവ.എച്ച്
എസ് എസ് ) യഥാസമയം ഇംഗ്ലീഷ് മീഡിയം തുടങ്ങാത്തതിനാൽ കുട്ടികളില്ലാതെ പൂട്ടുന്ന വക്കോളമെത്തിയതാണ്.
ഇംഗ്ലീഷ് മീഡിയം ഉള്ള പൊതുവിദ്യാലയങ്ങൾ തേടി നാട്ടിലുള്ള കുട്ടികളെല്ലാം ദൂരെയുള്ള
മറ്റ് പല സ്കൂളുകളിലും ചേരുന്ന സ്ഥിതി വന്നു. പിന്നീട് നമ്മുടെ സ്ഥലത്തെ സ്കൂളിലും
ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ നിർബന്ധിതമായി. അതോടെ കുട്ടികൾ കൂടിത്തുടങ്ങി. ഇവിടെയും
കൂടുതൽ കുട്ടികൾ മലയാളം മീഡിയത്തിലാണെങ്കിലും നല്ല റിസൾട്ട് ഉണ്ടാക്കുന്നത് ഇംഗ്ലീഷ്
മീഡിയം കുട്ടികൾ ആണ്. എന്തുകൊണ്ട്? ഇടയ്ക്ക് മറ്റൊന്നുകൂടി; ഗ്രെയ്സ്
മാർക്ക് കിട്ടുന്ന വിഭാഗങ്ങൾ കൂടുതലായുള്ള സ്കൂളുകളിൽ അതിന്റെ ബലത്തിൽ കൂടുതൽ എ പ്ലസുകൾ
വാങ്ങി മറ്റ് സ്കൂളുകളെ കൊഞ്ഞനം കുത്തുകയാണ്. അദ്ധ്യാപനനിലവാരത്തിൽ ഈ സ്കൂളുകൾ തമ്മിൽ
വ്യത്യാസമില്ലതാനും. (നിർബന്ധമെങ്കിൽ എല്ലാ വിധ ഗ്രേസ് മാർക്കുകളും ഉപരിപഠന അഡ്മിഷൻ
സമയത്ത് മാത്രം പരിഗണിക്കണമെന്നാണ് എന്റെ പക്ഷം. മാർക്കിൽ അത് കൂട്ടരുത്.)
ഇനി വീണ്ടും ഞാൻ കേന്ദ്രീകരിച്ച വിഷയത്തിലേയ്ക്ക് വരാം. അഗോള ഭാഷയെന്ന
നിലയിൽ ഇംഗ്ലീഷിൽ കുട്ടികളുടെ നിലവാരം വർദ്ധിപ്പിക്കുവാനുതകുംവിധം ഇംഗ്ലീഷ് പഠനം കുറച്ചു
കൂടി വിപുലീകരിച്ച് മികവുറ്റതാക്കിയിട്ട് പഠന മാധ്യമം എല്ലാവർക്കും മലയാളം മീഡിയം ആക്കിയാൽ
പോരേ? അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ഉദ്ദേശിച്ച് പണ്ട് മുതൽക്കേ നമ്മൾ പറഞ്ഞു
വരുന്നുണ്ടല്ലോ, രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം നന്നല്ല എന്ന്; എന്നാൽ
ഇപ്പോൾ നമ്മുടെ പൊതു വിദ്യാലയങ്ങളിലും ഇതല്ലേ
നടക്കുന്നത്? ഒരേ സ്കൂൾ. രണ്ടുതരം പൗരന്മാർ. രണ്ടു കൂട്ടരോടും രണ്ട് തരം സമീപനങ്ങൾ!
എൻട്രൻസ് പരീക്ഷയും, മെഡിക്കൽ-എഞ്ചിനീയറിംഗ്
പഠനം തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ ഒക്കെയും, ഇംഗ്ലീഷിൽ ആണെന്നും പറഞ്ഞാണല്ലോ നല്ലൊരു വിഭാഗം രക്ഷകർത്താക്കൾ
കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കുന്നത്. ഇവരിൽ എത്രപേർ പിന്നീട് എൻട്രൻസ് പരീക്ഷയെങ്കിലും
എഴുതുന്നു? എഴുതിയാൽ തന്നെ എത്ര പേർക്ക് കിട്ടുന്നു? എന്നാൽ ഇക്കാര്യത്തിൽ രക്ഷകർത്താക്കളുടെ
അജ്ഞതയ്ക്ക് പരിഹാരമില്ലെന്ന് പറഞ്ഞ് നമുക്ക് മാറ്റി നിർത്താം. പക്ഷെ എന്തുകൊണ്ട് എല്ലാ
എൻട്രൻസ് പരീക്ഷകളും മലയാളമുൾപ്പെടെയുള്ള മാതൃ ഭാഷകളിൽ എഴുതാൻ ഇനിയും അവസരമുണ്ടാക്കാൻ
കഴിയുന്നില്ല.
കലാധരൻ മാസ്റ്റർ കുട്ടികൾക്കൊപ്പം ഒരു ദിവസം |
സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം വന്നതുകൊണ്ടാണ് ഭൂരിഭാഗം രക്ഷകർത്താക്കളും
അൺ എയ്ഡഡ് സ്കൂളുകൾ ഉപേക്ഷിച്ച് പൊതു വിദ്യലയങ്ങളെ ആശ്രയിച്ചു തുടങ്ങിയത് എന്ന് പറഞ്ഞാൽ
അത് പൂർണ്ണമായും ശരിയല്ല. മറിച്ച് അൺ എയ്ഡഡ് സ്കൂളുകളിലെ ബഹുവിധ ഫീസുകളും വണ്ടിച്ചെലവുമൊന്നും
താങ്ങാനാവത്തതിനാലാണ് പലരും പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കൻ തയ്യാറാകുന്നത്.
ഇന്ന് ആളുകളുടെ ഭൂരിപക്ഷത്തിന്റെയും സാമ്പത്തിക ഉൽക്കണ്ഠകൾ മുമ്പത്തേതിനേക്കാൾ വർദ്ധിച്ചിരിക്കുന്നു.
അൺ എയ്ഡഡുകളിൽ ചേർത്താൽ കുട്ടികളെ ആദ്യന്തം അവിടെ തന്നെ പഠിപ്പിക്കാൻ തങ്ങളുടെ സാമ്പത്തികശേഷി
നില നിൽക്കുമോ എന്ന ഭയം ഭൂരിഭാഗം രക്ഷകർത്താക്കളെയും ബാധിച്ചിരിക്കുന്നു. ഇത് പൊതു
വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. എങ്കിലും പൊതു വിദ്യാലയങ്ങളോടുള്ള അവരുടെ സമീപനങ്ങളിൽ
വലിയ മാറ്റമൊന്നും വന്നിട്ടില്ല. അത്തരക്കാരുടെ താല്പര്യാർത്ഥം മലയാളം മീഡിയത്തെ കുറ്റകരമായി
അവഗണിച്ചുകൊണ്ട് ഇംഗ്ലീഷ് മീഡിയത്തെയും ഇംഗ്ഗ്ലീഷ് ഭാഷയെയും എത്രകാലം നമ്മൾ ഔദ്യോഗിക
സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടുകളും ഉപയോഗിച്ച് പ്രമോട്ട് ചെയ്യും? മലയള ഭാഷയുടെ
മരണം വരെയോ?
ഇനി മറ്റൊന്നു കൂടി പറഞ്ഞ് നിർത്താം. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം
മീഡിയത്തിലും പഠിക്കുന്ന കുട്ടികൾക്ക് എസ് എസ് എൽ സി മോഡലിൽ രണ്ടു ഭാഷയിലും ഒരേ ചോദ്യങ്ങൾ
ചോദിച്ച് പരീക്ഷ എഴുതിച്ചിട്ട് പൊതു സദസ്സിൽ വച്ച് വിദഗ്ധരായ ഒരു പാനലിനെ കൊണ്ട് ആ
പേപ്പറുകൾ സത്യസന്ധമായി നോക്കിക്കുക. ഇംഗ്ലീഷ് മീഡിയം കുട്ടികൾ എഴുതിയതാണോ മലയാളം മീഡിയം
കുട്ടികൾ എഴുതിയതാണോ കൂടുതൽ കുറ്റമറ്റതെന്ന് നോക്കാം. നോക്കുന്നത് സത്യസന്ധമായാണെങ്കിൽ
മലയാളം മീഡിയം കുട്ടികൾ കൂടുതൽ മാർക്ക് നേടും. അതായത് പരീക്ഷകളിൽ സംഭവിക്കുന്നത് മലയാളത്തിലെ
കുട്ടികൾ എഴുതിയത് വ്യക്തമായി വായിക്കാൻ കഴിയും. തെറ്റെഴുതിയാൽ മനസ്സിലാക്കാൻ കഴിയും.
ഇംഗ്ലഷ് മീഡിയം കുട്ടികൾ എഴുതുന്നത് തെറ്റോ ശരിയോ എന്നു പോലും പേപ്പർ നോക്കുന്നവർക്ക്
മനസ്സിലാകില്ല. ഇംഗ്ലീഷ് മിഡിയമല്ലേ, പഠിക്കുന കുട്ടികൾ ആയിരിക്കും എന്നു കരുതി അവർക്ക്
കൂടുതൽ മാർക്കിടും.
ഞാൻ ഉറച്ചു തന്നെ വിശ്വസിക്കുന്നു.
ഒരു അഭിപ്രായം കൂടി കൂട്ടിച്ചേർക്കുന്നു; പൊതുവിദ്യാലയങ്ങളിൽ മലയാളം മീഡിയം പഠിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കും ഉപരിപഠനത്തിന് ചേരാൻ പ്രത്യേക വെയിറ്റേജും നൽകണം.മറ്റ് ഗ്രേസ് മാർക്കുകൾ നിർത്തലാക്കണം. ഉപരിപഠനത്തിന് വേണമെങ്കിൽ പാഠ്യേതര പ്രവർത്തന മികവുകൾക്ക് ചെറിയ ഗ്രേസ് മാർക്കോ വെയിറ്റേജോ നൽകാം. .
തട്ടത്തുമല ഗവ.എച്ച്.എസ് എസ് പൂർവ്വവിദ്യാർത്ഥിസംഗമം |