മതങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകില്ലേ?
മതങ്ങൾ മാറുമോ? മാറില്ലെന്നും മാറ്റാൻ പറ്റാത്തതെന്നും മാറിക്കൂടെന്നും മാറ്റിക്കൂടെന്നും മതപ്രബോധനങ്ങൾ അനന്ത സത്യങ്ങണെന്നുമൊക്കെ വാദിക്കുന്നവർ ഉണ്ടായിരിക്കാം. പക്ഷെ മത ഗ്രന്ഥങ്ങൾ അങ്ങനെ തന്നെ നില നിൽക്കുമെങ്കിലും മതങ്ങളും കാലത്തിനൊപ്പം സൗകര്യപൂർവ്വം മാറും എന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
പണ്ട് എന്നെ പഠിപ്പിച്ച ഒരു ഉസ്താദ് ഉണ്ടായിരുന്നു. ഒരു പാവം നല്ല മനുഷ്യനായിരുന്നു. ഫോട്ടോ എടുക്കുന്നതും ആളുടെ പ്രതിരൂപം വരയ്ക്കുന്നതും തെറ്റാണെന്ന് അദ്ദേഹം നമ്മളെ പഠിപ്പിച്ചു. അപ്പോഴും മുസ്ലിം കല്യാണവീടുകളിൽ ഫോട്ടോ എടുപ്പ് തകൃതിയിൽ നടന്നു. പിന്നീട് ആ ഉസ്താദ് പാസ്പോർട്ട് എടുത്തതായി അറിഞ്ഞു. പാസ്പോർട്ട് എടുക്കണമെങ്കിൽ ഫോട്ടോ എടുക്കണമല്ലോ. ഞാൻ ഉസ്താദിനോട് ചോദിച്ചു ഉസ്താദ് പാസ്പോർട്ടിനായി ഫോട്ടോ എടുത്തത് അനിസ്ലാമികം അല്ലേയെന്ന്. അപ്പോൾ ഉസ്താദ് പറഞ്ഞു. പാസ്പോർട്ട് എടുക്കുന്നത് പേർഷ്യയിൽ പോകാനാണ്. പേർഷ്യ ഇസ്ലാമിക രാഷ്ട്രംആണ്. അതുകൊണ്ട് അതിനായി ഒരു ഫോട്ടോ എടുക്കുന്നതിൽ തെറ്റില്ല. അന്ന് ഞാൻ അത് വിശ്വസിച്ചു. ഉസ്താദിനെ സംബന്ധിച്ചിടത്തോളം പാസ്പോർട്ടിനെ സംബന്ധിച്ച ജ്ഞാനം അത്രയേ ഉണ്ടായിരുന്നുള്ളൂ. (ഇന്നത്തെ ഉസ്താദന്മാരെ പോലെ അത്ര വലിയ പണ്ഠിതനൊന്നുമായിരുന്നില്ല അന്നത്തെ ആ ഉസ്താദ്).
ഇപ്പോൾ ഉസ്താദന്മാർ അടക്കം സെൽഫിയെടുക്കുന്നു. സ്റ്റില്ലും വീഡിയോയും ഒക്കെ. കല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നത് മുമ്പ് ചില ഉസ്താദന്മാർ വിലക്കിയിരുന്നു. അങ്ങനെയാണ് കല്യാണം എവിടെ വച്ച് നടന്നാലും ഉസ്താദിന്റെ സാന്നിദ്ധ്യം ആവശ്യമായ നിക്കാഹ് തൊട്ടടുത്തുള്ള ഏതെങ്കിലും പള്ളിയിലോ തയ്ക്കാവിലോ വച്ച് നടത്തുന്നത്. താലികെട്ടും മാലയിടലുമൊക്കെ വീഡിയോയുടെ അകമ്പടിയോടു കൂടി കല്യാണ ഹാളിൽ വച്ചു തന്നെ നടക്കും. എന്നാൽ ഇപ്പോൾ കല്യാണത്തിനു വന്നാൽ വീഡിയോക്ക് സന്തോഷത്തോടെ പോസ്സ് ചെയ്യുന്ന ഉസ്താദന്മാരും ഇല്ലാതില്ല. ഫോട്ടോ എടുത്തുകൂടെന്ന് പറയുന്ന ഇസ്ലാമത പണ്ഡിതന്മാർ നടത്തുന്ന മത പ്രഭാഷണങ്ങളുടെ വീഡിയോ ഇന്ന് നെറ്റിൽ സുലഭം, അതൊക്കെ കണ്ടാണ് ഞാൻ ഇസ്ലാമിനെ കുറിച്ച് കുറച്ച് അറിവുകൾ നേടിയതു തന്നെ. ഇപ്പോൾ ചില ഉസ്താദന്മാർ കല്യാണത്തിനു വന്നാൽ വീഡിയോ ഇല്ലേ എന്ന് അങ്ങോട്ട് ചോദിക്കുന്നു.
ഓണം ആഘോഷിക്കുന്നത് അനിസ്ലാമികം എന്ന് ഒരിക്കൽ ഒരു ഉസ്താദ് പ്രസംഗിക്കുന്നതുകേട്ടു. ഇവിടെ ആ വർഷം അത്തപ്പൂക്കള മത്സരത്തിനു സമ്മാനം കിട്ടിയത് ഒരു മുസ്ലിം കുടുംബത്തിന്. അവരെ ഇസ്ലാമിൽ നിന്ന് ഇതുവരെയും പുറത്താക്കിയതായി അറിവില്ല. പണ്ട് ആശുപത്രിയിൽ കൊണ്ടു പോയി കുട്ടികളെ സുന്നത്ത് ചെയ്യുന്നത് മഹല്ലിൽ മുറുമുറുപ്പുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് ആശുപത്രികളിൽ വച്ച് മാത്രമേ സുന്നത്ത് നടക്കുന്നുള്ളൂ. പണ്ട് മുസ്ലിങ്ങൾക്ക് മുസ്ലിം ബാർബറമാരേ മുടി വെട്ടാവൂ ഷേവ് ചെയ്യാവൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇന്ന് മുസ്ലിം ബാർബർമാർ ദുർലഭമായപ്പോൾ ആ ശാസനവും ഇല്ലാതായി. ശാസ്ത്രവിരുദ്ധമായ പല കാര്യങ്ങളും എല്ലാ മതങ്ങളുടെയും മതഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും അത് ഏത് മതസ്ഥർ കണ്ടു പിടിച്ചതെന്നു പോലും നോക്കാതെ എല്ലാ മതസ്ഥരും ഉപയോഗിക്കുന്നു.
ഈ മാറ്റങ്ങളൊന്നും കുറ്റമായി ഞാൻ കാണുന്നില്ല. കാലം മാറുമ്പോൾ മനുഷ്യൻ മാറും. അതിൽ നിന്ന് മാറി നിൽക്കാൻ മതങ്ങൾക്കോ ഒരു പ്രത്യയശാസ്ത്രങ്ങൾക്കോ കഴിയില്ല. അതുകൊണ്ട് മതങ്ങളായാലും വിശ്വാസികൾക്ക് ആചരിക്കാനും അനുഷ്ഠിക്കാനും പാലിക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രം പറയുക. ആ പറയുന്നത് ചെയ്യുക. അല്ലാതെ വിശ്വാസികൾക്ക് ലംഘിക്കനാായി മാത്രം പഴയ ശാസനകൾ നൽകരുത്. അല്ലെങ്കിൽ പണ്ട് കർശനമായ ആചാരനിഷ്ഠകൾ കാരണം ഹിന്ദുമതത്തിൽ നിന്ന് ആളുകൾ ബുദ്ധമതത്തിലേയ്ക്കും ജൈന മതത്തിലേയ്ക്കും പോയതുപോലെയാകും. പിന്നെ ശ്രീ ശങ്കരാചാര്യരും മറ്റും ഒരുപാട് പാട് പെട്ടാണ് ഹിന്ദു മതത്തെ പുനരുദ്ധരിച്ചത്. കുറച്ചുകൂടി ലിബറലായപ്പോൾ ഹിന്ദുമതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കുറഞ്ഞു. ഇന്ന് ബുദ്ധമതവും ജൈന മതവും ദുർബലമാണ്. ഇസ്ലാമതം അടക്കം എല്ലാ മതങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. അഥവാ ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അവർ മതങ്ങളെയും ദൈവങ്ങണെയുമൊക്കെ ആശ്രയിക്കുന്നത്.
ഇതിപ്പോൾ മതങ്ങൾ തന്നെ രാജ്യത്തിനും ലോകത്തിനും സ്വൈരതയും സമാധാനവും നൽകുന്നില്ലെന്നു വന്നാൽ ആളുകൾ മതങ്ങളിൽ നിന്നകലും. പിന്നെ പാവം ഇത്തിരിപ്പോന്ന യുക്തിവാദികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മതത്തിന്റെ പേരിൽ സഹിഷ്ണുതയും സംഘർഷങ്ങളും അരുതെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകളെയും കുറ്റം പറയരുത്. മാറാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് മാർക്സ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ഭാവിയിലും മതങ്ങളുടെ പ്രസക്തിയെ ഒന്നും ചോദ്യം ചെയ്യുന്നില്ല. സമൂഹത്തിനു ഗുണകരമായി മതങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അവ നില നിൽക്കുന്നതിലും ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ ലോകത്തിന്റെ സമാധാനത്തിനും പുരോഗതിയ്ക്കും മതങ്ങൾ പ്രതിബന്ധമാകരുത്.
No comments:
Post a Comment