ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഗുണപാഠം
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ബി ജെ പി തകർപ്പൻ ജയം നേടുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. അത് ഞാൻ മുമ്പേ എഴുതിയിരുന്നു. എന്നാൽ ബി ജെ പിയ്ക്ക് തകർപ്പൻ വിജയം ഉണ്ടായില്ലെന്ന് മാത്രമല്ല ഒരു മുസ്ലിം നാമധാരിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിട്ടും കോൺഗ്രസ്സ് നല്ല മുന്നേറ്റം നടത്തി എന്നത് ആശ്വാസം പകരുന്നുണ്ട്. വർഗ്ഗീയമായി എത്ര ഉഴുതുമറിച്ചാലും രാഷ്ട്രീയമായി ഇച്ഛാശക്തിയൊടെ നേരിട്ടാൽ ഗുജറാത്തിലും അതിനെ അതിജീവിക്കാം എന്ന് ഇത് തെളിയിക്കുന്നു.
കോൺഗ്രസ്സും ഇപ്പോൾ ഗുജറാത്തിൽ അല്പം ഹിന്ദുത്വരാഷ്ട്രീയം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല. എങ്കിലും ഇന്ത്യയിലെ മതേതര ശക്തികൾ ഒത്തു പിടിച്ചാൽ ഒരു പരിധിക്കപ്പുറം നഷ്ടപ്പെട്ട ഇന്ത്യയുടെ നഷ്ടപ്പെട്ട മതേതര മുഖം വീണ്ടെടുക്കാനാകും. നേതാക്കന്മാരുടെ അധികാര അതി മോഹങ്ങൾ കാരണം ചിന്നിച്ചിതറിക്കിടക്കുന്ന മതേതര കഷികൾ രാജ്യ താല്പര്യം മാത്രം മുൻനിർത്തി ഒന്നിക്കാൻ തീരുമാനിച്ചാൽ ബി ജെ പിയും അവരുയർത്തുന്ന വർഗ്ഗീയതയുമൊക്കെ ദുർബലപ്പെടും.
വെറും പണശക്തിയും വർഗ്ഗീയതയും മാത്രം ഉപയോഗിക്കുന്ന ഒരു പാർട്ടിയല്ല ബി ജെ പി എന്നും തിരിച്ചറിയണം. ശക്തമായ സംഘടനാ സംവിധാനങ്ങളും ബുദ്ധികേന്ദ്രങ്ങളും ശക്തരായ നേതാക്കളും ആർ എ എസ് എസിന്റെ നിയന്ത്രണവുമുള്ള ഒരു പ്രസ്ഥാനമാണ് ബി ജെ പി. അതിനെ കേവലമായ ഇലക്ഷൻ തന്ത്രങ്ങൾ കൊണ്ടു മാത്രം നേരിടാനാകില്ല. ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിൽ മുസ്ലിങ്ങളുടെ പോലും വോട്ടു നേടാൻ ബി ജെ പിയ്ക്ക് കഴിഞ്ഞുവെന്നത് അതിനു തെളിവാണ്. എതിരാളിയുടെ ശക്തി മനസ്സിലാക്കാതെയുള്ള പോരാട്ടങ്ങൾ കൊണ്ട് പ്രയോജനമില്ല.
കുറച്ചു കൂടി ആത്മ വിശ്വാസത്തോടെ നേരിട്ടിരുന്നുവെങ്കിൽ ഗുജറാത്തിൽ കോൺഗ്രസ്സിന് നേരിയ ഭൂരിപക്ഷത്തിലെങ്കിൽഉം ജയിക്കാമായിരുന്നു എന്ന് തെരഞ്ഞെടുപ്പ്ഫലം തെളിയിക്കുന്നു. ബി ജെ പിയ്ക്ക് ഇപ്പോൾ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഒരുപാട് ഗുണപാഠങ്ങൾ ഗുജറാത്ത് ഇലക്ഷൻ നൽകുന്നുണ്ട്. അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ഫാസിസത്തിന്റെയും തത്വശാസ്ത്രം പ്രയോഗിച്ച് അധികനാൾ അധികാരം നിലനിർത്താൻ കഴിയില്ലെന്നതുതന്നെ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗുണപാഠം.
No comments:
Post a Comment