നര്‍മ്മകഥ
മതസൌഹാര്‍ദ്ദം സിന്ദാബാദ്
ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാര്ദത്തില്‍ , മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.
അവര്‍ ഒരുമിച്ചേ നടക്കൂ
അവര്‍ ഒരുമിച്ചേ കിടക്കൂ
അവര്‍ ഒരുമിച്ചേ ......
വേണ്ട ; തല്‍കാലം ഇത്രയും അറിഞ്ഞാല്‍ മതി.
അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിര്മതനായ ഒരുത്തന്‍ നിന്നു മുദ്രാവാക്യം മുഴക്കുന്നു.
' മതരാഹിത്യം സിന്ദാബാദ്!'
ഒട്ടും അമാന്തിച്ചില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ച് നിര്മതനെ കുത്തിനു പിടിച്ചു നിര്ത്തി. മൂവരും ഒരുമിച്ച് അവന്റെ ഉടുമുണ്ട് പൊക്കി . ഉടുമുണ്ട് ഉയര്ന്നുപൊങ്ങുമ്പോള്‍ ഒരു കൊടി ഉയര്ത്തുമ്പോള്‍ എന്നപോലെ അവര്‍ മുദ്രാവാക്യം മുഴക്കി.
' മതസൌഹാര്‍ദം സിന്ദാബാദ്! '
നിര്മതന്‍ പേടിച്ചു നിലവിളിച്ചു.
' എന്നെ പീഡിപ്പിയ്ക്കരുതേ .........'
ഛായ്!
മതേതരവാദികള്‍ തെറ്റിധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവരുടെ ലക്ഷ്യം പീഡനമായിരുന്നില്ല; ലിംഗ പരിശോധനയായിരുന്നു.
ലിംഗപരിശോധനയില്‍ ഒരു കാര്യം അവര്ക്കു ബോധ്യമായി. നിര്മതന്‍ ഒരു മുസല്‍മാനല്ല. !
മൂവരില്‍ മുസല്‍മാന്‍ നെടുവീര്‍പ്പിട്ടു.
പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ തര്‍ക്കമായി. നിര്മതന്‍ ഹിന്ദുവോ? ക്രിസ്ത്യാനിയോ?
നിര്മതനൊട്ട് നിലപാട് വ്യക്തമാക്കുന്നുമില്ല.
തര്‍ക്കം മൂത്ത് കയ്യാന്കളിയില്‍ എത്തിയപ്പോള്‍ സൗഹാര്‍ദത്തിന്റെ സന്ദേശവുമായി എടുത്തു ചാടിയ മുസല്‍മാനെ ഹിന്ദുവും ക്രിസ്ത്യാനിയും കൂടി പൊക്കിയെടുത്തു നിലത്തടിച്ചു. എന്നിട്ട് ഉറക്കെ മുദ്രാവാക്യം മുഴക്കി;
'ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സിന്ദാബാദ്'!
ഒറ്റപ്പെട്ട മുസല്‍മാന്‍ മാറിനിന്നു രംഗം നിരീക്ഷിയ്ക്കവേ ഹിന്ദുവും ക്രിസ്ത്യാനിയും നിര്‍മതന്റെ മതത്തെ ചൊല്ലി കയ്യാന്കളി തുടര്‍ന്നു. ഒരുപക്ഷെ ഇനി നടക്കാനിരിയ്ക്കുന്നത് ഒരു ചോരപ്പുഴ.
മുസല്‍മാന്‍ പിന്നെ സമയം പാഴാക്കിയില്ല. നിര്മതനെ പൊക്കിയെടുത്തു പൊന്നാനിയിലേയ്ക്കു യാത്രയാകുന്പോള്‍ മുസല്‍മാന്‍ സ്വയം ഇങ്ങനെ പിറുപിറുത്തു;
'അവന്റെയൊക്കെ ഒരു മതമില്ലായ്മ. സമയത്തും കാലത്തും സുന്നത്ത് നടത്താതെ രാജ്യത്തെ മത സൌഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്നു!'
ഇതുകണ്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാന്റെ പുറകെ പാഞ്ഞടുത്തു. പിന്നെ നിര്മതനുവേണ്ടി പിടിവലിയായി. ഒടുവില്‍ നിര്മതന്റെ കാര്യം തന്നെ മറന്ന് അവര്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു .
'അരുതേ, എന്നെ ചൊല്ലി കലഹിയ്ക്കരുതേയെന്നു' പറഞ്ഞ നിര്മതനെ ഇടയ്ക്കിടെ അവര്‍ താല്‍കാലിക ഐക്യമുണ്‍ടാക്കി ഒരുമിച്ച് കുത്തിനു പിടിച്ചു നിലത്തടിച്ചിട്ടു യുദ്ധം തുടര്‍ന്നു.
തുടരെയുള്ള ആക്രമണത്തില്‍ നിര്മതന്‍ ബോധമറ്റു നിലത്ത് ഒരോരം പറ്റി കിടപ്പായി.
പൊരിഞ്ഞ പോരാട്ടത്തില്‍ വിശ്വാസികള്‍ മൂവരും പരസ്പരം വെട്ടിമരിച്ചു സായൂജ്യരായി!
ബോധം തെളിഞ്ഞ നിര്മതന്‍ കണ്ണും തിരുമ്മി എഴുന്നെല്‍ക്കുന്പോള്‍ ആരും ശേഷിച്ചിരുന്നില്ല. വംശനാശം നേരിടുന്ന ഒരു ജീവിയുടെ മനോഭാവത്തോടെ നിര്മതന്‍ വല്ലവിധേനയും എഴുന്നേറ്റു യാത്രയായി!
No comments:
Post a Comment