എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Tuesday, June 9, 2009

എന്താണു ഗവർണ്ണർ?

എന്താണു ഗവർണ്ണർ?

എഴുതാതെവയ്യ!

പിണറായി വിജയനെ പ്രോസിക്ക്യൂട്ട് ചെയ്യാൻ ഗവർണ്ണർ ആർ.എസ്. ഗവായ് സി.ബി.ഐയ്ക്ക് അനുമതി നൽകിയ നടപടി സമ്മിശ്ര പ്രതികരണത്തിന് ഇടവരുത്തിയിരിയ്ക്കുകയണല്ലോ. നിയമത്തിൻ എത്രയെത്ര വഴികൾ കിടക്കുന്നു. ഇവിടെ പിണറായി തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതൊക്കെ ഏതെങ്കിലും നിയമവഴികളിൽ പരിശോധിയ്ക്കട്ടെ. അതല്ല ഇവിടെ ചർച്ചാ വിഷയം. അതിലും ഗൌരവമുള്ളതാണ് ഗവർണ്ണർ പദവിയും അധികാരവും സംബന്ധിച്ചുള്ളത്. ജനാധിപത്യ ഭരണകൂടത്തെ രാഷ്ട്രപതിയോ ഗവർണ്ണറോ മറികടക്കുന്നതു ശരിയോ?

ഇവിടെ ഇപ്പോൾ സംസ്ഥാനസർക്കാർ നൽകിയ റിപ്പോർട്ടിനെ മറികടന്നുകൊണ്ടാണ് ഗവർണ്ണർ നടപടി എടുത്തിരിയ്ക്കുന്നത്. ഗവർണ്ണറുടെ ഈ നടപടി എല്ലാവരും കൂടി വേട്ടയാടി രസിയ്ക്കുന്ന പിണറായി വിജയനെതിരെ ആയതു കൊണ്ടോ അദ്ദേഹം സി,പി.ഐ (എം) സംസ്ഥാന സെക്രട്ടറി ആയതുകൊണ്ടോ ന്യായീകരിയ്ക്കപെടുന്നില്ല. ഒരു പാർട്ടിയോടും അതിന്റെ നേതാവിനോടുമുള്ള കലി തീർക്കാൻ ഭരണഘടനാ തത്വങ്ങളെ പാടെ മറന്നുകൊണ്ട് ഇങ്ങനെ ഒരു നടപടിയ്ക്ക് ഗവർണ്ണറെ പ്രേരിപ്പിച്ച കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ നടപടിയോ അതിനു വഴങ്ങിയ ഗവർണ്ണറുടെ നടപടിയോ ഒരു തരത്തിലും ന്യായീകരിയ്ക്കാവുന്നതല്ല. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. ജനാധിപത്യപരമാ‍യി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ അവഹേളിയ്ക്കുകവഴി ജനാധിപത്യത്തെ വെല്ലുവിളിയ്ക്കലാണ്.

സംസ്ഥാന സർക്കാർ നൽക്കുന്ന ഏതൊരു റിപ്പോർട്ടും, ശുപാർശയും, ഫയലും തൃപ്തികരമല്ലെന്നു കണ്ടാൽ പുന:പരിശോധനയ്ക്കായി തിരിച്ചയക്കാനല്ലാതെ എതിരായി ഒരു തീരുമാനം കക്കൊള്ളുന്നത് ഉചതമെന്നു കരുതാവുന്ന രീതിയിലല്ല നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഗവർണ്ണർ പദവിയെ വിഭാവന ചെയ്തിട്ടുള്ളത്. ഗവർണ്ണർ എന്നൊരു സ്ഥാനം തന്നെ ആവശ്യമാണോ എന്ന ചർച്ച പലപ്പോഴും ഉയർന്നുവന്നിട്ടുള്ളതുമാണെന്ന് ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട്. രാഷ്ട്രീയ പകപോക്കലിനു ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത ഇടയ്ക്കു കുറെക്കാലം ഇല്ലാതിരുന്നതാണ്. വീണ്ടും അത്തരം ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കു ഇപ്പോഴത്തെ സംഭവം തുടക്കവും തുടർച്ചയും ആയിത്തീർന്നേക്കും. ആർ ആർക്കെതിരെ ചെയ്യുന്നു എന്നു നോക്കി അഭിപ്രായം പറയുന്ന രീതി ഇത്തരം കാര്യത്തിൽ അനുവർത്തിയ്ക്കുന്നത് ശരിയല്ല.

യു.ഡി.എഫിന് അടുത്ത നിയമസഭാ തെരരഞ്ഞെടുപ്പുവരെ ഇടതുപക്ഷത്തിനെതിരെ ഇത്തരം വിഷയങ്ങൾ നീട്ടിപ്പൊണ്ടു പോകേണ്ടത് ആവശ്യമായിരിയ്ക്കാം. പക്ഷെ എക്കാലത്തും കോൺഗ്രസ്ശ് അധികാരത്തിൽ ഇരിയ്ക്കും എന്ന ധാരണ വച്ചു പുലർത്തി അഹങ്കരിച്ചിരുന്ന കാലത്തേയ്ക്കു തിരിച്ചു പോകാൻ ശ്രമിയ്ക്കുന്നത് ചരിത്രം നൽകുന്ന പാഠം ഉൾക്കൊള്ളാൻ തയ്യാറല്ലെന്നതിന്റെ തെളിവാണ്. ഒരു മതേതര പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സിനു ഇന്ത്യൻ ജനത ഇന്നും കല്പിച്ചു പോരുന്ന ഒരു ഉദാര മനസ്കതകൊണ്ടും പകരം വയ്ക്കാൻ സമാനമായ മറ്റൊരു രാഷ്ട്ട്രീയ ബദൽ ഇല്ലാത്തതുകൊണ്ടും ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സിനു ജയിക്കാനായത്. അത് ഒരു കണക്കിൽ ആവശ്യവുമായിരുന്നു. പരമ്പരാഗതമായി കോൺഗ്രസ്സ് ചെയ്തുപോരുന്ന ജനാധിപത്യ വിരുദ്ധ നടപടികൾ തുടരുന്നത് നല്ലതല്ല. കോൺഗ്രസ്സ് അവമതിയ്ക്കപ്പെടുന്നതിനും ഒരു പരിധി ഉണ്ടാക്കുന്നതു നല്ലതാണ്. കാരണം കോൺഗ്രസ്സിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷി എന്ന സ്ഥാനം കോൺഗ്രസിനു തന്നെ ഇന്നും. കോൺഗ്രസ്സ് എപ്പോഴും ഈ മതേതര ഇമേജ് നിലനിർത്തുന്നുണ്ടോ എന്നത് വേറെ വിഷയം.

രാഷ്ട്രീയമായി പരാജയപ്പെടുന്നിടത്ത് ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗിയ്ക്കുന്നത് ആർക്കെതിരെ ആയാലും നല്ലതല്ല. സി.പി.ഐ (എം)നെയും പിണറായി വിജയനെയും അനുകൂലിയ്ക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകും. അതുകോണ്ടുതന്നെ ആ പാർട്ടിയേയും പിണറായി വിജയനേയും ബന്ധപ്പെട്ട വിഷയങ്ങളേയും മാറ്റി നിർത്തിയിട്ടു വേണം ഗവർണ്ണറുടെ ഇപ്പോഴത്തെ ഈ നടപടിയെ വിലയിരുത്താൻ. അല്ലെങ്കിൽ സത്യസന്ധമായി ഇക്കാര്യത്തിൽ ഒരു നിലപാടിൽ എത്താൻ കഴിയില്ല. സംസ്ഥാനസർക്കാരുകളെ പിരിച്ചു വിടാനുള്ള ഗവർണ്ണറുടെ അധികാരത്തെ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണ് ഇപ്പോൾ സംസ്ഥാനസർക്കാരിനെ മറികടന്ന് ഗവർണ്ണർ സ്വീകരിച്ചിരിയ്ക്കുന്ന നടപടി. ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് രാഷ്ട്രപതിയ്ക്കു തന്നെ നാമമാത്ര അധികാരങ്ങളേയുള്ളു. എല്ലാ അധികാരങ്ങളുമുണ്ട് പക്ഷെ ഒന്നും തോന്നും മാതിരി പ്രയോഗിയ്ക്കാൻ കഴിയാത്ത തരത്തിൽ ഉള്ള അധികാരം.

ജനാധിപത്യ ഭരണകൂടത്തിന് എതിരെ ആയത് അങ്ങേയറ്റം രാജ്യതാല്പര്യത്തിനു എതിരായി വരുമ്പോൾ മാത്രം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട അധികാരങ്ങൾ ആണ് പ്രസിഡന്റിനുള്ളത്.
അങ്ങനെയുള്ള രാഷ്ട്രത്തലവന്റെ സംസ്ഥാന പ്രതിനിനിധികളാണു ഗവർണ്ണർമാർ. ഗവർണ്ണർക്കും സ്വാഭാവികമായി ഒരു കാവലാളിന്റെ ചുമതലയേ ഉള്ളു. അതു കൊണ്ടാണ് പല‌പ്പോഴും ഈ പദവികളെ കേവലം യന്ത്രങ്ങൾ എന്നു പലരും വിശേഷിപ്പിയ്ക്കുന്നത്. അതായത് ഒപ്പിടീൽ യന്ത്രങ്ങൾ . രാഷ്ട്രപതി കേന്ദ്രഗവർണ്മെന്റിന്റേയും ഗവർണ്ണർമാർ സംസ്ഥാന ഗവർണ്മെന്റിന്റേയും തീരുമാനങ്ങളിൽ സാങ്കേതികാർത്ഥത്തിൽ മാത്രം ഒപ്പിടൂന്നവരാണ്. ജനാധിപത്യ ഭരണകൂടം ഭരണഘടന ഉൾക്കൊണ്ട് രാഷ്ട്രത്തിന് വിധേയമായി തന്നെയാണോ പ്രവർത്തിക്കുന്നതെന്നു നോക്കാൻ ഒരാൾ. അതേ സമയം ഒരു കാരണവരും. ഒരോ ഗവർണ്ണർമാരും രാഷ്ട്രപതിമാരും ഓരോരോ സന്ദർഭങ്ങളിൽ ഇത്തരം ഇടപെടലുകൾ നടത്തുന്നത് ജനാധിപത്യത്തിനു ഭീഷണിയാണ്. രാഷ്ട്രീയമോ അരാഷ്ട്രീയമോ ആയ തിമിരം വന്ന കണ്ണുകളിലൂടെ നോക്കിക്കാണേണ്ട ഒന്നല്ല ഇത്.

അതുകൊണ്ടൊക്കെത്തന്നെ ഇപ്പോൾ കേരള ഗവർണ്ണർ എടുത്ത തീരുമാനത്തെ ഈയുള്ളവൻ ഇതിനാൽ അപലപിച്ചുകൊള്ളുന്നു. തന്നെ ഗവർണ്ണറാക്കിയ പാർടിയോട്‌ അദ്ദേഹത്തിനുള്ള വിധേയത്വം മനസിലാക്കുന്നു. ഒരു പക്ഷെ അദ്ദേഹത്തിനു വ്യക്തിപരമായി ഇതു തെറ്റാണെന്ന് ബോദ്ധ്യമുണ്ടായേക്കാം. എങ്കിലും ഇതിനെ ഒരു തരത്തിലും ന്യായാകരിയ്ക്കുവാനാകില്ല.

2 comments:

chithragupthan said...

മന്ത്രിമാരുടെയോ ഭരണപക്ഷത്തുള്ള ഉന്നതരുടെയോ എതിരെ ക്രിമിനൽകുറ്റങ്ങൾ/അഴിമതി ആരോപിക്കപ്പെടുമ്പോൾ അവ അന്വേഷിക്കുന്നതിൽനിന്നും നിയമനടപടികളെടുക്കുന്നതിൽനിന്നും എക്സീക്യൂടിവിനെ സർക്കാർ നിരുത്സാഹപ്പെടുത്തുന്ന അവസരത്തിൽ സ്വന്തം വിവേചനാധികാരമുപയോഗിച്ച് തീരുമാനമെടുക്കാമെന്നു അഞ്ചംഗ-സുപ്രീം കോടതി-ഭരണഘടനാബെഞ്ചിന്റെ- വിധി ഉണ്ട്. അതൊന്നും അറിയാതെ ജനാധിപത്യം എന്നു പുലന്മ്പുന്നതു തട്ടത്തൂമല കമ്മ്യൂണിസ്റ്റായതുകൊണ്ടോ, മദനിപ്പാർട്ടി ആയതുകൊണ്ടോ അല്ലെ?
ഒരഞ്ചുവയസ്സുകാരനെ (നിരായുധൻ) ഒരു അൻപതു വയസ്സുകാരനു കൂർത്ത ഒരു ലോഹസൂചികൊണ്ടു കുത്താമൊ? കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുൻപോൾ കുട്ടിയെ അവന്റെ അച്ഛനും മറ്റും പിടിച്ച്വക്കുന്നതു കുട്ടികളുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലേഎന്നൊക്കെ , ഒരു പീഡിയാറ്റ്രിഷ്യന്റെ ചികിത്സയെ ദുർവ്യാഖ്യാനംചെയ്യുമ്പോലെയാണു താങ്കളുടെ പോസ്റ്റ്. സാരമില്ല, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരക്കു അവസരമുണ്ടാക്കിക്കൊടുത്ത കൃഷ്ണയ്യരും നീങ്ങളുടെകൂടെയാണ്.

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ ചിത്രഗുപ്തൻ,

താങ്കൾ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റു വിരുദ്ധനാണെന്നു മനസ്സിലായി. അതിൽ ഞാൻ വിരോധപ്പെടേണ്ട കാര്യമില്ല. ഞാൻ എന്റെ അഭിപ്രായം എഴുതി. മാർക്സിസ്റ്റോ പിണറായിയോ ലാവ്ലിനോ എന്നതല്ല ഇവിടെ സൂചിപ്പിയ്ക്കുന്നതെന്നു പറഞ്ഞിരുന്നു. വിഷയം സി.പി.എമ്മുമായും പിണറായിയുമായും ബന്ധപ്പെട്ടതായതുകൊണ്ട് സത്യം പറഞ്ഞുകൂടെന്നില്ലല്ലോ. സി.പി.എമ്മിനും പിണറായിക്കും എതിരായി മാത്രമേ എഴുതാവൂ എന്നു നിയമം ഒന്നും ഇല്ലല്ലോ.

പിന്നെ താങ്കൾ ഞാൻ കമ്മ്യൂണിസ്റ്റാണെന്നു ഊഹിച്ചത്; ഒരു കമ്മ്യൂണിസ്റ്റാകുന്നത് പപമാണെന്നു ഈയുള്ളവൻ വിശ്വസിയ്ക്കുന്നില്ല. കമ്മ്യൂണിസ്റ്റാകരുതെന്നോ കോൺഗ്രസ്സാകരുതെന്നോ നിയമങ്ങൾ പറയുന്നില്ലല്ലോ. അഭിപ്രാ‍യം വായിച്ച് ഞാൻ കമ്മ്യൂണിസ്റ്റാണെന്നു കണ്ടെത്തിയതിൽ കുറ്റം പറയുന്നില്ല. പക്ഷെ പേരു കണ്ട് മദനിയുടെ ആളെന്നു വിശേഷിപ്പിച്ചതിൽനിന്നും താങ്കൾ ഒരു വർഗ്ഗീയവാദിയാണെന്നു കൂടി ഞാൻ മനസ്സിലാക്കുന്നു. മുസ്ലീം നാമധാരികളെല്ലാം തീവ്രവാദികളാണെന്നു കരുതുന്ന മനോരോഗം ബാധിച്ച ചിലരുണ്ട്. അവരിൽ ഒരാളാണോ താങ്കൾ ? ആണെങ്കിലും ഞാൻ വിരോധപ്പെടേണ്ട കാര്യമില്ല.

ഈയുള്ളവൻ പി.ഡി.പി. അല്ല. പക്ഷെ പി.ഡി.പി എൻ.ഡി.എഫിനെക്കാളും, ആർ.എസ്.എസിനെക്കാളും മോശമാണെന്ന ധാരണ ഇല്ല.മദനി ഇടതുപക്ഷത്തു നിന്നതിലേ കുഴപ്പമൂള്ളു.അല്ലേ? ബാബറിമസ്ജിത് തകർക്കുന്ന സമയത്തു പോലും അതിന്റെ തലപ്പത്തിരുന്ന രാമൻ പിള്ളയുംയും മറ്റും ജനപക്ഷമായി വന്ന് ഇടതുപക്ഷത്തെ പിന്താങ്ങിയതിൽ കുഴപ്പമില്ല. അല്ലെ? അവരും മദനിയുടെ പഴയ ഐ.എസ്.എസ് എന്നതുപോലെ പഴയ ആർ.എസ്.എസുകാർ തന്നെ. ( ജനപക്ഷവുമായി ഇടതുപക്ഷം കൂട്ടൂ ചേർന്നതിലും തെറ്റുണ്ടെന്ന് ഈയുള്ളവൻ കരുതുന്നില്ല. )

യു.ഡി.എഫിന് എൻ.ഡി.എഫിന്റേയും ബി,ജെ.പി.യുടേയും പിന്തുണ ആകാം. അതിനെ എതിർക്കേണ്ട. അല്ലേ? ഇടതുപക്ഷത്തെ പ്രത്യേകിച്ച് സി.പി.എമ്മിനെ ആരും കൂട്ടു പിടിച്ചു പോകരുത്. ജസ്റ്റിസ് കൃഷ്ണയ്യർ ഇടതുപക്ഷത്തിന് അനുകൂലമായി പറഞ്ഞാൽ മോശം വ്യക്തി. തിരിച്ചായാൽ നീതിമാൻ. ഇതൊക്കെ പണ്ടേ ചിലരുടെ അസുഖങ്ങളാ. ചിത്രഗുപ്തനും അതു പകർന്നു കിട്ടിയെന്നേയുള്ളു.

ഒരു കോടതിവിധിയുടെ മറപിടിച്ച് ജനാധിപത്യ ഭരണ കൂടങ്ങൾക്കെതിരെ ഗവർണ്ണർമാർ പ്രവർത്തിച്ചുകൊള്ളണമെന്നു ചിത്രഗുപ്തൻ പറയുന്നതിനെയും അംഗീകരിയ്ക്കുന്നില്ല. ഗവർണ്ണർ,രാഷ്ട്രപതി എന്നിവരുടെ പദവി, അധികാരം എന്നിവ സംബന്ധിച്ച് സ്കൂൾ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ പറയുന്ന കാര്യങ്ങൾ മാത്രം വായിച്ചാലും ഇപ്പോൾ കേരള ഗവർണ്ണർ കൈക്കൊണ്ടതു തെറ്റായ നടപടിയെന്നു ഒരു കൊച്ചു കുട്ടിയ്ക്കുപോലും മനസ്സിലാകും. അന്ധമായ മാർക്സിസ്റ്റു വിരുദ്ധ ജ്വരമൊന്നുമില്ലെങ്കിൽ.

ചിലർ ദേശാഭിമാനി മാത്രം വായിച്ച് വിഡ്ഢിത്തങ്ങൾ വിളമ്പും. ചിലരാകട്ടെ മനോരമയും മാതൃ ഭൂമിയും വായിച്ച് കാണാതെ പറയും. രണ്ടാ‍മത്തേതിൽ വരും ചിത്രഗുപ്തനും മറ്റും. ജനാധിപത്യ ഭരണത്തെ ഗവർണ്ണർ മറികടക്കുന്നത് ശരിയല്ലതന്നെ. അത് ഏതു രാഷ്ട്രീയ കക്ഷിയാണു ഭരിയ്ക്കുന്നതെങ്കിലും. ബാബറി മസ്ജിദു പൊളിച്ച സമയത്തു പോലും ആയതു തെറ്റാണെങ്കിലും സംസ്ഥാനമന്ത്രിസഭ പിരിച്ചു വിടപ്പെടുന്നതു ശരിയല്ലെന്നു വാദിച്ചവരിൽ കൃഷ്ണയ്യരും ഉണ്ടായിരുന്നു എന്നാണ് ഈയുള്ളവന്റെ ഓർമ്മ. അതിലും വലിയ സംഭവമൊന്നുമല്ലല്ലോ ഈ ലാവ്ലിൻ.

സ്വന്തം പേരു വച്ചു രാഷ്ട്രീയം കൂടുതൽ എഴുതുന്ന ആളല്ല ഈയുള്ളവൻ. അതിനു വേറെ ബ്ലോഗൊക്കെയുണ്ട്. ഇവിടെ ഞാൻ പ്രകോപിതനായത് എന്റെ പേർ കണ്ടിട്ടു മദനിയെ വലിച്ചിഴച്ചതാണ്. ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇത്തരം കമന്റുകൾ ഇനിയും സ്വാഗതം ചെയ്യുന്നു. ബ്ലോഗ് ഈയുള്ളവനു തോന്നുന്നത് എഴുതാനുള്ളതു മാത്രമല്ലല്ലോ. അപ്പോൾ ശരി. ചിത്രഗുപ്തൻ. വീണ്ടും കാണാം.

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...