എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Saturday, December 31, 2011

കുടിവത്സരാശംസകൾ!

പുതുവത്സരാശംസകൾ!

ഇപ്പോൾ സ്വബോധമുള്ളവർക്കെല്ലാം പുതുവത്സരാശംസകൾ; ഇപ്പോൾ സ്വബോധമില്ലാത്തവരും ബോധം തെളിയുമ്പോൾ ഈ ആശംസകൾ എടുത്തുകൊള്ളുക!

ഇപ്പോൾ കുപ്പി മുന്നിലുള്ളവർ അടുത്ത വർഷം മുതൽ മദ്യം തൊടില്ലെന്ന് കുപ്പിയിൽതൊട്ട് പ്രതിജ്ഞചെയ്യുക! ഇതിനകം ബോധം പോയവർ ബോധം തെളിയുമ്പോൾ ഈ പ്രതിജ്ഞ എടുക്കുക. ഇപ്പോഴും ബിവറേജസുകളുടെ ക്യൂകളിലും ബാറുകളിലുമുള്ളവർ ഇനി ഈ നാണക്കേടിന് പോകില്ലെന്നും പ്രതിജ്ഞയെടുക്കുക.

അല്ല, ഇനിയും കുടിച്ചേ പറ്റൂ എന്നു നിർബന്ധംതന്നെയുള്ളവർക്കെല്ലാം കുടിവത്സരാശംസകൾ ! അല്ലപിന്നെ!

Sunday, December 25, 2011

ആതിരന്‍

ഈ കഥ കഥയായി തോന്നിയെങ്കിൽ കഥാകാരൻ പരാജയപ്പെട്ടു. കാര്യമായി തോന്നിയെങ്കിൽ കഥാകാരൻ വിജയിച്ചു.

ആതിരൻ

ആതിരനെപ്പറ്റി തട്ടത്തുമലക്കാർക്ക് ആകെയുള്ളവിവരം ആനിയുടെ സഹോദരൻ എന്നത് മാത്രമാണ്. ആനി തട്ടത്തുമലയിലെ മറവക്കുഴി കോളനിയിൽ വീട്ടുനമ്പർ പതിനഞ്ചിൽ മുടിയൻ രവീന്ദ്രൻ കെട്ടിക്കൊണ്ടുവന്ന പെണ്ണാണ്. അവർക്ക് രണ്ട് സ്കൂൾത്തരം കുട്ടികളുമുണ്ട്. മൂത്തത് പെൺകുട്ടി എട്ടാംതരം സിമിയും ഇളയത് ആൺകുട്ടി ആറാംതരം ശ്യാമും. രവീന്ദ്രൻ നല്ലൊരു കൂലിവേലക്കാരനും എന്നാൽ നാട്ടിലെ മദ്യപ അസോസിയേഷനിൽ സജീവ അംഗത്വം ഉള്ള ആളുമാണ്. ആനിയുംകൂടി വല്ല പണിക്കും പോകുന്നതുകൊണ്ട് കുടുംബം ഭദ്രമായി പോകുന്നുവെന്ന് പറയുമ്പോൾ രവീന്ദ്രനെക്കുറിച്ചുള്ള ഒരു ചെറുവിവരണം അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുടി നീട്ടി വളർത്തുന്ന സ്വഭാവം കൊണ്ടുമാത്രമല്ല, ജീവിത ശൈലികൊണ്ടുകൂടി അർത്ഥഗർഭമായ പേരാണ് മുടിയൻ രവീന്ദ്രൻ എന്നത്.

ആതിരനെക്കുറിച്ച് പറയുമ്പോൾ മുടിയൻ-ആനി കുടുംബത്തെ ഇക്കഥയിൽ കൊണ്ടുവരാതിരിക്കാനാകില്ല. കാരണം രവീന്ദ്രൻ ആനിയെ കെട്ടിക്കൊണ്ടുവന്നതുകൊണ്ടാണ് ആനിയുടെ ആങ്ങള ആതിരൻ തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്ന് താമസിക്കുവാൻ ഇടയായത്. ആതിരൻ മുടിയൻ-ആനി കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ട് ഏതാനും നാളുകളേ ആവുകയുള്ളൂ. അതിനു മുമ്പും അയാൾ വല്ലപ്പോഴും വന്നുപോയിരുന്നു. അളിയൻ മുടിയന്റെ കുടിയും ഉപദ്രവങ്ങളും സഹോദരീ പുത്രരോട് ആതിരനുള്ള വലിയ വാത്സല്യവും കൊണ്ടാണത്രേ ആതിരൻ അവരോടൊപ്പം സ്ഥിരതാമസമാക്കിയത്. എന്തുപണിയും ചെയ്ത് ജീവിക്കാൻ കഴിവും സന്നദ്ധതയുമുള്ളവന് എവിടെയും സ്ഥിരതാമസമാക്കാമല്ലോ. സഹോദരൻ ആതിരൻ കൂടെ തങ്ങളുടെ കൂടിയതിനുശേഷം ആനിയ്ക്ക് പ്രത്യേകിച്ച് പണിയ്ക്കൊന്നും പോയില്ലെങ്കിലും കുടുംബം ഒരുവിധം നന്നായി നടന്നു പോകും എന്ന നിലയിലായി. മക്കളുടേ പഠനം, വസ്ത്രം ഒക്കെ ആ‍തിരന്റെ ചെലവിലായി.

വേറെയൊരു ഗുണമുണ്ടായത് മദ്യപിച്ച് വീട്ടിലെത്തിയാൽ സ്ഥിരമായി ആനിയ്ക്ക് ഭർത്താവ് മുടിയൻജിയിൽ നിന്ന് ലഭിക്കുന്ന കുറെ അടിയിടികളും തൊഴികളും കുറഞ്ഞുകിട്ടി. സഹോദരന്റെ മുമ്പിലിട്ട് ഭാര്യയെ അടിക്കാൻ മുടിയന്റെ കൈ അത്രയെളുപ്പം പൊങ്ങുമായിരുന്നില്ല. ആതിരൻ തങ്ങളോടൊപ്പം വന്നുകൂടിയത് സ്വന്തം പെങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കൂടിയാണോ എന്നൊരു സംശയം മുടിയനുണ്ടായിരുന്നെങ്കിലും അയാൾക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെയൊരു ദോഷഫലം എന്തായിരുന്നുവെന്നു ചോദിച്ചാൽ ആതിരന്റെ സഹായം കൂടി ഉള്ളതുകൊണ്ട് മുടിയന് വീട്ടുചെലവു ചെയ്യുന്നതിൽ നല്ല ഇളവ് ലഭിക്കുകയും, അയാൾ മദ്യപശ്രീപട്ടത്തിനും മദ്യപാനി അസോസിയേഷന്റെ പോളിറ്റ് ബ്യൂറോ അംഗത്വത്തിനും വേണ്ടി വന്നാൽ അഖിലേന്ത്യാ സെക്രട്ടറിവരെ ആകാൻ വരെ യോഗ്യനായി എന്നത് മാത്രമാണ്.

തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്നുകൂടിയ ആളാണെങ്കിലും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആതിരൻ തട്ടത്തുമലയിലും പരിസരപ്രദേശങ്ങളിലും ഏറെക്കുറെ പ്രശസ്തനായി. എന്തുപണിയും ചെയ്യാനുള്ള സന്നദ്ധതമാത്രമല്ല, ചില പണികളിൽ ആതിരനെ വെല്ലാൻ അധികമാരും ഈ പ്രദേശത്ത് ഇല്ലാത്തതു കൂടിയാണ് ആതിരനെ സ്ഥലത്തെ പ്രധാനിയും പ്രശസ്തനുമാക്കിയത്. പാടവും പറമ്പും കിളച്ചുമറിച്ച് കൃഷിചെയ്യാനാണെങ്കിലും, തെങ്ങിൽ കയറാനാണെങ്കിലും, കിണറുകൾ ഇറയ്ക്കാനാണെങ്കിലും മരംകയറാനും മരം മുറിയ്ക്കാനുമാണെങ്കിലും ആതിരൻ പരിചയസമ്പന്നനാണ്. എന്നാൽ എല്ലാവരും ഇത്തരത്തിൽ ഏതെങ്കിലുമൊരു ജോലിയിൽ പ്രത്യേക വൈദഗ്ദ്ധ്യവും താല്പര്യവും കാണിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ആതിരൻ ജലസംബന്ധമായ ജോലികളിലായിരുന്നു എക്സ്പെർട്ട്. പ്രത്യേകിച്ചും കിണറുകൾ ഇറയ്ക്കുന്നകാര്യത്തിൽ.

ഇനി എത്ര ആഴമുള്ള കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. ഇറങ്ങാൻ ഒരു തൊടിപോലും ഇല്ലാത്ത കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. എത്രവെള്ളം നിറഞ്ഞു കിടന്നാലും അയാൾക്കതൊരു പ്രശ്നമേ അല്ല. കാരണം നന്നായി നീന്തലറിയാം. നിലവെള്ളം ചവിട്ടാനറിയാം. തട്ടത്തുമലയെപോലെ പുഴയൊന്നുമില്ലാത്ത സ്ഥലത്തല്ല അയാൾ ജനിച്ചു വളർന്നത്. ഒരു പുഴയുടെ തീരംപറ്റി കുടിപാർത്തിരുന്നതാണ്. ഇപ്പോഴും അയാളുടെ അച്ഛനമ്മമാർ അവിടെ പുഴയോരത്തുതന്നെയാണ്. അതുകൊണ്ടുതന്നെ നീന്തലിൽ അഗ്രഗണ്യനാണ്. തട്ടത്തുമലയിൽ നീന്താനറിയാവുന്നവർ വളരെക്കുറവാണ്. കിണറ്റിൽ എലി, പാമ്പ്, പട്ടി, പൂച്ച ഇത്യാദികളൊക്കെ വീഴുന്ന ദൊർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി വെള്ളംകുടി മുട്ടുന്നവർ ഉടനെ ചെന്ന് ആതിരന്റെ വാതിലിൽ മുട്ടുകയായി! കിണറ്റിലിറങ്ങി അവയെ എടുത്തുകളഞ്ഞ് കിണർ വെള്ളം വറ്റിച്ച് വൃത്തിയാക്കുവാൻ ആതിരനെ പോക്കിയിട്ടേ മറ്റാരുമുള്ളൂ. കൂടെ ഒരു കയ്യാളുംകൂടി ഉണ്ടായാൽ പണി എളുപ്പം.

ഉണക്കു സീസണാകുമ്പോൾ എല്ലാവരും സാധാരണ കിണറുകൾ ഇറയ്ക്കാറുണ്ട്. ആ സീസണിൽപിന്നെ ആതിരന് കിണർ ഇറപ്പല്ലാതെ മറ്റ് പണികൾ ഒന്നുമില്ല. നല്ല കാശും കിട്ടും. ആതിരൻ ഉള്ളതുകൊണ്ടു മാത്രം ഇടയ്ക്കിടെ കിണർ ഒന്ന് വൃത്തിയാക്കിക്കളയാം എന്നു വിചാരിക്കുന്നവർകൂടി നട്ടിൽ ഉണ്ടായി. കിണറിന്റെ തൊടികളിലൂടെ കോവണിപ്പടികൾ ഇറങ്ങിപ്പോകുന്ന ലാഘവത്തോടെ ആതിരൻ ഇറങ്ങിപോകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ഇവിടത്തെ മറ്റ് കിണറിറപ്പുകാർക്ക് നീന്തൽ അത്ര വശമില്ലാത്തതുകൊണ്ട് വളരെ സൂക്ഷിച്ചേ കിണറ്റിലിറങ്ങാൻ സാധിക്കുകയുള്ളൂ. ആതിരന് വെള്ളത്തിൽ മുങ്ങി ചത്തുപോകുമെന്ന് ഭയപ്പെടേണ്ടതില്ല.കാരണം നീന്താനറിയാമല്ലോ!

ഇതിലൊക്കെ വച്ച് വലിയൊരദ്ഭുതം ഉള്ളത് എന്താണെന്നു വച്ചാൽ അല്പം വിസ്താരമുള്ളതും വെള്ളം നിറഞ്ഞു കിടക്കുന്നതുമായ കിണറാണെങ്കിൽ ഒന്നോ രണ്ടോ തൊടിയിറങ്ങിയിട്ട് ആതിരൻ വെള്ളത്തിലേയ്ക്ക് എടുത്തൊരു ചാട്ടമാണ്! നീന്തലും നിലവെള്ളം ചവിട്ടുമൊക്കെ വശമുള്ള ആതിരന് അതൊക്കെ ഒരു തമാശപോലെയാണ്. ആതിരൻ കിണറ്റിൽ ചെന്നു വീഴുന്നതും താഴ്ന്നു പോയിട്ട് പൊങ്ങിവന്ന് നിലവെള്ളം ചവിട്ടി നിൽക്കുന്നതും കിണറ്റിൽ ഇറങ്ങിയ ലക്ഷ്യം പൂർത്തീകരിച്ച് അനായാസേന കയറി വരുന്നതുമൊക്കെ ശ്വസമടക്കിപ്പിടിച്ചാണ് കരയിൽ നിന്ന് എത്തി നോക്കുന്നവർ കണ്ടുനിൽക്കാറുള്ളത്. പ്ലംബിങ്ങു പണിക്കാരും പലപ്പോഴും ആതിരന്റെ ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.

ആതിരൻ കിണർ ഇറയ്ക്കാൻ പോകുന്നിടത്തൊക്കെ കരയ്ക്കു നിന്നുള്ള ജോലികൾ ചെയ്യാൻ ഒരാളെകൂടി കൂട്ടിനു കൂട്ടാറുണ്ട്. ചിലപ്പോൾ അത് അളിയൻ മുടിയൻകുടിയനുമാകാം. വെള്ളവും അഴുക്കുമൊക്കെ വലിച്ചു കയറ്റുന്നത് സഹായിയുടെ ചുമതലയാണ്. വല്ല പാമ്പ് വർഗമോ വെള്ളത്തിൽ വീണതെടുക്കാനാണെങ്കിൽ, അവ ചത്തിട്ടില്ലെങ്കിൽ പോലും അവയെ കയ്യിലെടുത്ത് ഒന്നു ദേഹ പരിശോധനയൊക്കെ നടത്തി തഴുകിയും തലോടിയും താലോലിച്ചിട്ടൊക്കെയായിരിക്കും തൊട്ടിയിലോ കുട്ടയിലോ വച്ചുകെട്ടി മുകളിലേയ്ക്ക് വിടുക. പാമ്പ് പിടിത്തം തന്റെ തൊഴിലൊന്നുമല്ലെങ്കിലും കിണറ്റിൽ വീണു കിടക്കുന്നത് മൂർഖനാണെങ്കിലും ആതിരൻ കൈകൊണ്ടെടുക്കും. കീണറ്റിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹമുള്ളതുകൊണ്ട് കിണറ്റിൽ അകപ്പെടുന്ന ജീവികളൊന്നും ഉപദ്രവിക്കില്ലെന്ന അന്ധ വിശ്വാസം ആതിരൻ ഒരു വിശ്വാസമായി കൊണ്ടു നടക്കുന്നത്, മറിച്ചൊരു തിക്താനുഭവം അത്തരം ജീവികളിൽനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുകൊണ്ടാകാം.

കിണറിറപ്പ് കഴിഞ്ഞാൽ ആതിരന്റെ മറ്റൊരു വൈദഗ്ദ്ധ്യം മരം കയറ്റമാണ്. വല്ല ചക്കയോ മാങ്ങയോ തേങ്ങയോ അടർത്തണമെങ്കിലും ആതിരന്റെ കാൾഷീറ്റിനുവേണ്ടി ആളുകൾ കാത്തു നിന്നു. എത്ര കനവും ഉയരവുമുള്ള മരമാണെങ്കിലും അണ്ണാനെ പോലെ അയാൾ കയറിപ്പോകും. നല്ല കനവും അനേകം ശഖോപശാഖകളുമുള്ള മരമാണെങ്കിൽ ആ മരം അയാൾക്ക് ഒരു കളിസ്ഥലം പോലെയാണ്. എങ്കിലും മരം കയറാനും പ്രത്യേകിച്ച് തെങ്ങുകയറാനും ആളെക്കിട്ടാനില്ലാത്ത ഈ കാലത്തും എന്തുകൊണ്ടോ മരം കയറ്റം, തെങ്ങുകയറ്റം എന്നിവ ഒരു സ്ഥിരം ജോലിയായി അയാൾ സ്വീകരിച്ചിരുന്നില്ല. എല്ലാറ്റിന്റെയു കുത്തക ഏറ്റെടുക്കുന്നതിലുള്ള വൈമുഖ്യമാണോ അഭിരുചിയുടെ പ്രശ്നമാണോ എന്നറിയില്ല. എങ്കിലും അത്യാവശ്യത്തിന് ഒന്നോരണ്ടോ തേങ്ങയിടണമെന്നു പറഞ്ഞാൽ അത് ഒരു സഹായം എന്ന നിലയ്ക്കുതന്നെ ആതിരൻ ചെയ്തുകൊടുത്തിരിക്കുന്നു. അതിനു വല്ല കൂലിയോ കൊടുത്താൽ ഓ, ഇതിലൊക്കെ കൂലിവാങ്ങാനെന്തിരിക്കുന്നു എന്ന ഭാവമാണ്. എന്തായാലും ഒരു ദിവസം പോലും എന്തെങ്കിലും ജോലിയും കൂലിയുമില്ലാതെ കഴിഞ്ഞുകൂടേണ്ട സ്ഥിതി ഒരിക്കലും ആതിരനുണ്ടാകാറില്ല.

മറ്റൊരു പ്രശസ്തി കൂടി ആതിരനുണ്ട്. അതായത് പോലീസ് ഡിപ്പാർട്ട്മെന്റിൽ ആതിരന് നല്ല പേരാണ്. വല്ല കുളത്തിലോ പുഴയിലോ മറ്റോനിന്ന് വല്ല ശവവും തപ്പിയെടുക്കേണ്ടി വന്നാൽ ആതിരനെയാണ് അവർ തേടി എത്തുക. എവിടെയെങ്കിലും കെട്ടിത്തൂങ്ങി മരിച്ചുനിൽക്കുന്ന ശവങ്ങൾ അഴിച്ചിറക്കാനും ആതിരന്റെ സഹായം തേടാറുണ്ട്. വച്ചിരിക്കുന്നത് എടുക്കുന്ന ലാഘവത്തോടെ പുഴനീന്തി ശവമെടുക്കുന്ന പാരമ്പര്യത്തിനുടമയാണ് ആതിരൻ. കിണറ്റിൽ വീണ് മരിക്കുന്നവരുടെ ശവം ശാസ്ത്രീയമായി കരയ്ക്കെത്തിക്കാൻ ആതിരൻ ആവശ്യപ്പെടുന്നത് രണ്ട് പഞ്ചാരച്ചാക്കും അല്പം കയറും ഒടിയാത്ത ഒരു പത്തലിൻ കമ്പുമാണ്. പോലീസുകാരുടെയൊക്കെ വീടുകളിൽ പലജോലികൾക്കും ആതിരൻ പോകാറുണ്ട്. ആതിരന് പോലീസിൽ ഉള്ള പിടിപാട് പക്ഷെ ഇന്നാട്ടുകാർക്ക് ആദ്യം അറിയില്ലായിരുന്നു. അത് അറിയാനിടയായത് ഒരു അപകടം ഈ നാട്ടിൽ സംഭവിച്ചപ്പോഴായിരുന്നു.

തട്ടത്തുമലയിൽ അശുദ്ധജലം നിറഞ്ഞ് ഉപയോഗമില്ലാതെ കിടക്കുന്ന ഒരു ചിറയുണ്ട്. ഒരു വലിയ കുളമെന്നു പറയാം. അതിന്റെ ഉടമസ്ഥൻ തദ്ദേശവാസിയല്ലാത്തതുകൊണ്ട് അത് സാധാരണ വൃത്തിയാക്കാറൊന്നുമില്ല. ജലക്ഷാമമുള്ളപ്പോൾ ഉടമസ്ഥന്റെ അനുവാദത്തോടെ നാട്ടുകാർ അത് വൃത്തിയാക്കി ഉപയോഗിക്കും. പരിസരവാസികളുടെ കിണറ്റിലും കുളത്തിലുമൊക്കെ വെള്ളമുള്ളപ്പോൾ അത് പലവിധത്തിൽ മലിനമായി കാടും പടലും പായലും പിടിച്ച് കിടക്കും.

അങ്ങനെ ഈ പായൽച്ചിറ (അങ്ങനെയാണ് ഈ കുളം അറിയപ്പെടുന്നത്) കാടും പടലും പായലും പിടിച്ചു കിടക്കുമ്പോൾ ഒരു ദിവസം സ്കൂൾവിട്ട് ഇതിനടുത്ത് കൂടി കുറുക്കുവഴിപിടിച്ച് കളിച്ചും ചിരിച്ചും ഓടിച്ചാടി പോയ ഒരു കൂട്ടം കുട്ടികളിൽ ഒരാൾ കാൽവഴുതി കുളത്തിൽ വീണുപോയി. നാട്ടിലെ വലിയ ജന്മിയൊക്കെയായ ഗോപാലൻ നായരുടെ ചെറുമകൾ അഞ്ചാം ക്ലാസ്സുകാരി മിനിക്കുട്ടിയാണ് കുളത്തിലകപ്പെട്ടത്.

കുട്ടികളുടെ നിലവിളി കേട്ട് ഒടിക്കൂടിയവർ ആദ്യമൊന്നു പകച്ചു നിന്നു. നീന്തലറിയാത്ത പലരും ഇറങ്ങാൻ ശ്രമിച്ചെങ്കിലും നിറയെ വെള്ളമുള്ളതുകൊണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു.അല്പസ്വല്പം നീന്തലും ധൈര്യവും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെങ്കിലും മലിനജലം എന്നതായിരുന്നു പ്രധാന തടസ്സം. നീളൻ കമ്പൊക്കെ എടുത്ത് ആഴമൊക്കെ നോക്കി കയറോ വടമോ കൊണ്ടു വന്ന് കുളത്തിനക്കരേയ്ക്ക് എറിഞ്ഞ് അക്കരെയിക്കരെ നിന്ന് വടം പിടിച്ച് അതിൽ തൂങ്ങി ഇറങ്ങാനുള്ള പദ്ധതി ആലോച്ചിച്ച് ആരോ വലിയ വടത്തിനായി പ്രദേശത്തെ തടിക്കണ്ട്രാക്കിന്റെ വീട്ടിലേയ്ക്കോടി. ചിലർ സമീപത്തെ കിണറിനെ ലക്ഷ്യമാക്കിയും ഓടി. എല്ലാവർക്കും കുളത്തിലേയ്ക്ക് എടുത്തു ചാടണമെന്നുണ്ട്. പക്ഷെ ആർക്കും നീന്തലറിയാത്തതിനാൽ പകച്ച് നിൽക്കുകയാണ്.

ഇതിനിടയിൽ കൊച്ചിന്റെ തള്ളവന്ന് കുളത്തിലേയ്ക്ക് എടുത്തു ചാടാൻ ശ്രമിച്ചത് അവിടെ വന്നുകൂടിയവർക്ക് വലിയ ബുദ്ധിമുട്ടായി. അവരെ നാലുപേർ വരിഞ്ഞു പിടിച്ചു നിർത്തി. കുട്ടിയുടെ മുത്തശ്ശൻ നീന്തലറിയില്ലെങ്കിലും ഇറങ്ങാനൊരു ശ്രമം നടത്തി. പക്ഷെ കൂടുതൽ അപകടങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ കുളത്തിനരികിലേയ്ക്ക് വന്നുകൊണ്ടിരുന്നു. പോലീസിലും ഫയർ ഫോഴ്സിലും ഇതിനകം വിവരം അറിയിച്ചിരുന്നു.

ഈ വിവരം അറിഞ്ഞ് ആതിരനും അളിയൻ മുടിയനും സഹോദരി ആനിയും മക്കളും ഒക്കെ അല്പസമയത്തിനകം സ്ഥലത്തെത്തി. തൊട്ടടുത്താണ് അവർ താമസിക്കുന്ന മറവക്കുഴിക്കോളനി. ആതിരൻ വന്ന് ഇവിടെ താമസം തുടങ്ങിയിട്ട് ഏതാനും നാളുകളേ ആയിരുന്നുള്ളൂ. കുളക്കരയിൽ എത്തിയപ്പോൾ സ്ത്രീകളൊക്കെ നിലവിളിക്കുന്നു. ആണുങ്ങൾ നീളമുള്ള കമ്പും മറ്റും കുളത്തിലേയ്ക്ക് നീട്ടിയിറക്കാനും മറ്റും വൃഥാ ശ്രമിക്കുന്നുണ്ട്. കുട്ടിയ്ക്ക് കമ്പിൽ പിടി കിട്ടി രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. ഇതിനിടയിൽ കുട്ടി രണ്ടു പ്രാവശ്യം പൊങ്ങി താണു പോയിരുന്നു. ആതിരന്റെ സാദ്ധ്യതകളെ അവിടെ വന്നുകൂടിയ എല്ലാവർക്കുമൊന്നും അറിയില്ലായിരുന്നു. അവിടെ കൂടിയവരിൽ ചിലർക്കൊക്കെ കണ്ടു പരിചയമുണ്ടെന്നേയുള്ളൂ. ചിലരുടെ വീടുകളിൽ പണിയ്ക്കും ചെന്നിട്ടുണ്ട്. എങ്കിലും അവിടെ കൂടിയ എല്ലാവർക്കും നല്ല പരിചയമില്ല. എന്നാൽ നാട്ടിൽ ആതിരൻ ഇതിനകം ഏറെക്കുറെ പ്രശസ്തനായിക്കഴിഞ്ഞതുമായിരുന്നു. അറിയാൻ ചിലതൊക്കെ ബാക്കിവച്ചുകൊണ്ടാണെങ്കിലും!


കുളത്തിൻ കരയിൽ എത്തിയുടൻ ആനി ആങ്ങളയെ ഒന്നു നോക്കി. ഒട്ടും താമസിക്കാതെ ആതിരൻ ധരിച്ചിരുന്ന തന്റെ കയിലിയും ഉടുപ്പും ഉരിഞ്ഞ് കരയ്ക്കെറിഞ്ഞു. ആനിയ്ക്കും നീന്താനറിയാം എന്നത് അവിടെ കൂടിയവർ ആദ്യം അറിയുകയാണ്. ആനിയും എന്തിനും തയ്യാറായി കുളത്തിൽ അല്പഭാഗത്തേയ്ക്കിറങ്ങി സഹോദരനെ സഹായിക്കാനായി നിന്നു. ആനിയുടെ മക്കൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കരയിൽ നിന്നു. ആതിരൻ വെള്ളത്തിൽ ഒരു പ്രാവശ്യം ഒന്നു മുങ്ങി ഒന്നു പൊങ്ങിയതേ ഉള്ളൂ. അയാളുടെ കയ്യിൽ കുളത്തിൽ വീണ മിനിക്കുട്ടിയുണ്ടായിരുന്നു! ആതിരൻ കുട്ടിയെ പൊക്കി ഉയർത്തി ആനിയുടെ കൈയ്യിലേയ്ക്ക് കൊടുത്തു. ആനി കുട്ടിയെ കരയ്ക്കെത്തിച്ച് കുട്ടിയ്ക്ക് വേണ്ട പ്രാഥമിക ശുശ്രൂഷകൾ നടത്തി. കുട്ടിയുടെ ചെരിപ്പും ബാഗും തപ്പി ആതിരൻ പിന്നെയും നീന്തുകയായിരുന്നു. അതൊന്നും വേണ്ടെന്നു ആളുകൾ വിളിച്ചു പറഞ്ഞെങ്കിലും ആതിരൻ കേൾക്കാൻ കൂട്ടാക്കിയില്ല.

ഇതിനിടയിൽ പോലീസ് സംഘം സ്ഥലത്തെത്തി. അവർ ആദ്യം കണ്ടത് കുട്ടിയെ വെള്ളത്തിൽ നിന്നു കരകയറ്റുന്ന ആനിയെ മാത്രമാണ്.
ആളുകൾ ആതിരനെ കയറിവരാൻ നിർബന്ധിക്കുമ്പോൾ സ്കൂൾബാഗും കുട്ടിയുടെ ചെരിപ്പുകളുമായി അയാൾ അതാ പൊങ്ങുന്നു. അപ്പോഴാണ് വന്ന പോലീസുകാർ കുട്ടിയെ രക്ഷിച്ച ആതിരനെ ശ്രദ്ധിച്ചത്. അതോടെ വന്ന പോലീസുകാരിൽ നിന്ന് ഒരു ആരവം ഉയർന്നു.

“ഇത് നമ്മുടെ ആതിരനല്ലേ? ഇവനെങ്ങനെ ഇവിടെ വന്നു?”

ആതിരൻ വെള്ളത്തിൽ പൊങ്ങിനിന്ന് സാർ എന്നു വിളിച്ച് എസ്.ഐയെയും പോലീസുകാരെയും അഭിവാദ്യം ചെയ്തു. അപ്പോഴാണ് ആതിരനും പോലീസുകാരും തമ്മിലുള്ള “നിഗൂഢ“ ബന്ധം നാട്ടുകാരറിയുന്നത്. കരയിലേയ്ക്ക് നീന്തിവന്ന ആതിരനെ ഒരു പോലീസുകാരൻ ചെന്ന് കൈയ്യിൽ പിടിച്ച് വലിച്ച് കരയ്ക്കുകയറാൻ സഹായിച്ചു. അവർ തമ്മിൽ കുശല പ്രശ്നങ്ങളായി. ഇവിടെ സഹോദരിയോടൊപ്പമാണ് ഇപ്പോൾ താമസമെന്ന് പോലീസിനോട് ആതിരൻ ഉണർത്തിച്ചു. ഈയിടെ നിന്നെ അങ്ങോട്ടൊന്നും കാണാനൊന്നുമില്ലല്ലോ എന്ന് ചില പോലീസുകാർ പരാതിപ്പെടുന്നുമുണ്ടായിരുന്നു. അത് നമ്മളന്ന് ഇവനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞതുകൊണ്ടായിരിക്കുമെന്നായി ഒരു പോലീസുകാരൻ. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞതും ആതിരന്റെ മുഖം നാണം കൊണ്ട് ചുവന്നു. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞാൽ അവൻ നാണിച്ചു മരിച്ചു പോകുമെന്ന് എസ്.ഐയുടെ കമന്റ്. ചുരുക്കത്തിൽ കരയ്ക്കെടുത്ത കുട്ടിയല്ല ആതിരനാണ് അവിടെ അതിനേക്കാൾ ശ്രദ്ധേയനായത്.

കരയ്ക്കു കയറിയ ആതിരൻ മുണ്ട് തിരയുന്നതിനിടയിൽ സ്ഥലം എസ്.ഐ ആതിരന് തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് കവർ എടുത്ത് തുറന്ന് അതിൽനിന്നും ഒരു സിഗരറ്റെടുത്ത് ആതിരനു നൽകിയിട്ട് പറഞ്ഞു;

“മുണ്ടൊക്കെ പിന്നെ ഉടുക്കാം നീ ഇത് വലിച്ചൊന്ന് ശരീരം ചൂടാക്കെടാ എന്ന്!”

എസ്. ഐയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിക്കുന്ന ആതിരനെ അസൂയയോടെ പലരും നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ചീറിപ്പാഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് വന്നുകൊണ്ടിരുന്ന ഫയർഫോഴ്സ് വാഹനം ഇനി വരേണ്ടതില്ലെന്ന് എസ്. ഐ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്ഥലത്തെ കാഴ്ചക്കാരിൽ ഒരാളായ എക്സ് മിലിട്ടറി മുരളീധരൻ നായർ ആതിരന് തന്റെ മിലിട്ടറി കോട്ട ഒരെണ്ണം ഓഫർ ചെയ്തു.

ഇതു കേട്ട് ഒരു പോലീസ് ഏമാൻ പറഞ്ഞു;

“ആതിരനെ കുടിപ്പിച്ച് പാഴിക്കളളയാൻ പറ്റില്ല, അതുകൊണ്ട് മിലിട്ടറി കോട്ട ഇങ്ങ് നമുക്ക് തന്നേക്കൂ, സൌകര്യം പോലെ നമ്മൾ കുടിച്ചോളാം”

കുട്ടിഅപകടത്തിൽ‌പ്പെട്ടതിന്റെ വിഷമങ്ങൾക്കിടയിൽ ചെറിയ തമാശയ്ക്കും ചിരിക്കും ഈ സംഭാഷണം കാരണഭൂതവുമായി.

പുകവലിയും തലയും പുറവും തോർത്തലും ഒരുമിച്ച് കഴിച്ച ആതിരൻ കയ്ലിയും ഷർട്ടുമൊക്കെയിട്ട് കുട്ടിയുടെ അടുത്ത് ചെന്ന് ശുശ്രൂഷകൾ നിരീക്ഷിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപദേശിച്ചു.

പെട്ടെന്നു രക്ഷിക്കാൻ കഴിഞ്ഞതുകൊണ്ട് വെള്ളത്തിൽ നിന്നും കരയ്ക്കെടുത്ത മിനിക്കുട്ടിയ്ക്ക് കണ്ട ലക്ഷണത്തിൽ വലിയ കുഴപ്പമൊന്നുമില്ല. വെള്ളം കുറച്ച് കുടിച്ച് വയർ നിറഞ്ഞിട്ടുണ്ട്. ബോധം പൂർണ്ണമായി പോയിട്ടില്ല. എന്തായാലും ജീവാപായം സംഭവിക്കില്ല എന്ന് മനസിലാക്കി എല്ലാവരും സന്തോഷിച്ചു. ആനിയുടെ നേതൃത്വത്തിൽ കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. കുറെ വെള്ളം വയറിൽ തള്ളി ഞെക്കിക്കളഞ്ഞു.

ആനിയുടെ പ്രഥമിക ശുശ്രൂഷയിൽ മിനിക്കുട്ടിയ്ക്ക് ബോധം വന്നു. പുഴക്കരയിൽ ജനിച്ചു വളർന്ന ആനിയ്ക്കറിയാം വെള്ളം വയറ്റിൽ നിറഞ്ഞ കുട്ടിയെ എന്തൊക്കെ ചെയ്യണമെന്ന്. രണ്ട് വനിതാപോലീസുകാരികളും കുട്ടിയുടെ അമ്മയും ആനിയ്ക്കൊപ്പം കുട്ടിയെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. ബോധം വന്ന കുട്ടി കണ്ണുതുറന്ന് കണ്ണീരും കയ്യുമായി നിന്ന അവളുടെ അമ്മ ശാരദയെ കെട്ടിപ്പിടിച്ച് അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. ഭാഗ്യത്തിന് കുട്ടിയ്ക്ക് ജീവാപായം ഉണ്ടായില്ലെന്നതിൽ എല്ലാവരും ആശ്വസിച്ചു. ബോധക്ഷയവുമില്ല. അതും അദ്ഭുതംതന്നെ. അരമണിക്കൂറെങ്കിലും കുളത്തിലകപ്പെട്ടു കിടന്നതാണ് . ഉടൻ തന്നെ ഒരു വനിതാ പോലീസുകാരി കുട്ടിയെ പിടിച്ചു വാങ്ങി ജീപ്പ് ഡ്രൈവറെയും കൂട്ടി ജീപ്പ് കിടക്കുന്ന സ്ഥലത്തേയ്ക്ക് ഓടി. കൂടെ മറ്റേ വനിതാ പോലീസും. അവർ കുട്ടിയെയും ബന്ധുക്കളെയും കൂടെ വേഗം വിളിച്ചു കയറ്റി ആശുപത്രിയിലേയ്ക്ക് പോയി. വയറ്റിൽ വെള്ളം കയറിയതാണ്. അതും മലിന ജലം.

എസ്.ഐയും മറ്റ് രണ്ട് പോലീസുകാരും അപ്പോൾ ജീപ്പിൽ കയറി പോയില്ല. അല്പസമയത്തെ കുശല പ്രശ്നങ്ങൾക്കും, ഈ കുളത്തിനു ചുറ്റും വേലി വയ്ക്കേണ്ടതിന്റെ ആവശ്യകതയൊക്കെ നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിനും ശേഷം എസ്.ഐ യും മറ്റ് മൂന്ന് പോലീസുകാരും മറ്റൊരു കാറിൽ കയറി പോകുകയായിരുന്നു. പോകുമ്പോൾ എസ്.ഐ ആതിരനോട് പറഞ്ഞു;

“ആതിരാ നീ സൌകര്യം പോലെ വീട്ടിലോട്ടൊന്നു വരണം ഞാനിപ്പോൾ താമസിക്കുന്ന വീട്ടിലെ കിണർ ഒന്നിറയ്ക്കണം”

നാളെത്തന്നെ എത്തിക്കോളാമെന്ന് ആതിരന്റെ ഉറപ്പ്.

“പക്ഷെ സാർ അവനോട് പെണ്ണു കെട്ടാൻ പറയരുത്” കൂടെയുള്ള ഏട്ടിന്റെ കമന്റ്.

“അവനെക്കൊണ്ട് നമ്മൾ പെട്ട് കെട്ടിയ്ക്കും. അവന്റെ നാണം മാറാൻ അതേ മാർഗ്ഗമുള്ളൂ” എന്ന് എസ്.ഐ.

പെണ്ണെന്ന് കേട്ടതും ആതിരൻ പിന്നെയും ലജ്ജാവിവശനായി.

“അതാണവന്റെയൊരു വീക്ക്നെസ്സ്. ഐ മിൻ നാണം!” മറ്റൊരു പോലീസുകാരൻ.

അതറിയാവുന്നതുകൊണ്ട് എപ്പോഴും പോലീസുകാർ ആതിരനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞ് നാണിപ്പിച്ച് കളിയ്ക്കാറുണ്ടത്രേ!

കാറിൽ കയറാൻ നേരം എസ്.ഐയും പോലീസുകാരും ആതിരന്റെ വയറ്റിൽ ആ വെള്ളമെങ്ങാനും കയറിയെങ്കിൽ ആശുപത്രിയിൽ പോകാൻ ക്ഷണിച്ചു. എന്നാൽ അതൊന്നും സാരമില്ലെന്നും ഇനി നല്ലവെള്ളത്തിൽ പോയൊന്നു സോപ്പിട്ടുകുളിച്ചാൽ മതിയെന്നും പറഞ്ഞ് ആതിരൻ ഒഴിഞ്ഞു. താനിതൊക്കെ എത്രയോ കണ്ടിരിക്കുന്നുവെന്ന ഭാവം!

അങ്ങനെ വല്ല കിണറ്റിലോ പുഴയിലോ ഒക്കെ പെടുന്ന ജഡമെടുക്കൽ, പോലീസ് സ്റ്റേഷൻ കാടുപിടിച്ചാൽ വൃത്തിയാക്കൽ, പോലീസുകാരുടെ വീടുകളിൽ അത്യാവശ്യം ജോലികൾ ചെയ്തുകൊടുക്കൽ തുടങ്ങിയവ ആതിരൻ ചെയ്തു വരുന്നതായി ഇന്നാട്ടുകാരും അന്നു മനസിലാക്കി. പൊതുവേ അധികം സംസാരിക്കാത്ത ആതിരൻ ഇതൊന്നും ആരോടും കൊട്ടിഘോഷിച്ചു നടന്നിരുന്നില്ല. ആവശ്യത്തിനുമാത്രമേ സംസാരിക്കൂ. ആരെക്കണ്ടാലും ഒരു നിർമ്മലമായ ചിരി പാസ്സാക്കും. എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറയും. അത്രതന്നെ. സംസാരത്തിലല്ല, പ്രവൃത്തിയിലാണ് ആതിരന് കൂടുതൽ താല്പര്യം.

ഈ സംഭവത്തോടെ ആതിരൻ ഈ നാട്ടിലും പേരും പെരുമയും ഉള്ള ഒരാളായി മാറി എന്നുപറഞ്ഞാൽ മതിയല്ലോ. കുട്ടിയെ രക്ഷിച്ചതിന് മിനി മോളുടെ വീട്ടുകാരിൽ നിന്ന് പല പാരിതോഷികങ്ങളും നൽകിയെങ്കിലും അതൊന്നും ആതിരൻ വാങ്ങിയില്ല. എന്നാൽ ആശുപതിയിൽ നിരീക്ഷണത്തിൽ കിടന്നിരുന്ന മിനിക്കുട്ടിയ്ക്ക് ചില പലഹാരങ്ങളും മറ്റും ആതിരൻ വാങ്ങിക്കൊണ്ടുക്കൊടുക്കുകയും ചെയ്തു. തന്റെ സഹോദരീ പുത്രിയുടെ ഒപ്പം പഠിക്കുന്ന കുട്ടിയാണ് മിനിക്കുട്ടി. ഈ സംഭവത്തോടെ ആരും അത്രയൊന്നും ശ്രദ്ധിക്കതിരുന്ന ആനിയ്ക്കും നാട്ടുകാരുടെ ഒരു ശ്രദ്ധയൊക്കെ കിട്ടി. തന്റെ കുടുംബത്തിന് നാട്ടുകാരിൽ നിന്ന് പുതിയൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം താങ്ങാനാകാതെ ആനിയുടെ ഭർത്താവ് മുടിയൻ രവീന്ദ്രൻ സംഭവദിവസം രണ്ട് പെഗ്ഗ് കൂടുതലടിക്കുകയും വഴിയിലാകുകയും ചെയ്തു. മുമ്പും അങ്ങനെ സംഭവിച്ചിട്ടുള്ളതും ആരും ഗൌനിക്കാതെ കടന്നു പോയിട്ടുള്ളതുമാണെങ്കിലും അന്ന് ഒരു ആട്ടോ വിളിച്ച് ആരൊക്കെയോ സുരക്ഷിതമായി മുടിയനെ വീട്ടിലെത്തിച്ചു. അങ്ങനെ മുടിയനും നാട്ടിൽ ഒരു ഇമേജൊക്കെയായി!

അങ്ങനെയിങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആതിരൻ പല വീടുകളിലും പലപല ജോലികളും ചെയ്തു പോന്നു. പല ആപൽഘട്ടങ്ങളിലും അവൻ പലർക്കും തുണയായി. പോലീസുകാരുടെ കൂട്ടുകാരനായും കളിപ്പിള്ളയായും തുടർന്നു. തൂങ്ങി മരിച്ച ജഡങ്ങൾ അഴിച്ചിറക്കുന്നതിനും വെള്ളത്തിൽ വീണ ചീഞ്ഞു നാറിയ ശവങ്ങൾ പുറത്തെടുക്കുന്നതിലും രണ്ട് താലൂക്ക് പ്രദേശത്തെ പോലീസ്സ്റ്റേഷനുകൾക്ക് ആതിരന്റെ സേവനം തുടർന്നും ലഭിച്ചുകൊണ്ടിരുന്നു. ഒരു പോലീസുകാരനു നൽകുന്ന പരിഗണന പോലും പലരിൽ നിന്നും ആതിരനു ലഭിച്ചു. അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ പെർമനന്റ് അല്ലാത്ത,യൂണിഫോമില്ലാത്ത ഒരു ജീവനക്കാരനെ പോലെയും ആതിരൻ ജീവിച്ചു പോന്നു.

സാധാരണ ഇത്തരം ജോലികളൊക്കെ ചെയ്യുന്നവർ മദ്യത്തിന്റെ അടിമകളായിരിക്കും. എന്നാൽ ആതിരൻ ഒരു മദ്യാസക്തനായിരുന്നില്ല. വല്ലപോലീസുകാരോ കൂട്ടുകാരോ വിളിച്ച് വല്ലപ്പോഴും ഒരു പെഗ്ഗ് കൊടുത്താൽ കുടിക്കും. മര്യാദയ്ക്ക് വീട്ടിൽ പോകും. ആരും അത് അറിയുകയുമില്ല. പലപ്പോഴും അടുത്ത പരിസരങ്ങളിൽ എന്തെങ്കിലും അപകടം നടക്കുമ്പോൾ പാഞ്ഞുവരുന്ന ഫയർ ഫോഴ്സുകാർ ആതിരൻ കാരണം ഒന്നും ചെയ്യേണ്ടതില്ലാതെ മടങ്ങിയ ചരിത്രമുണ്ട്. കാരണം രക്ഷാ പ്രവർത്തനം അതിനകം ആതിരൻ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും.

ഏകദേശം അഞ്ചു വർഷക്കാലം ആതിരൻ ഈ നാട്ടുകാരനായി ജീവിച്ചു. വലിയ ശബ്ദ കോലാഹലങ്ങൾ ഒന്നുമില്ലാതെ ആതിരനും തന്നാലായത് എന്ന നിലയിൽ അങ്ങനെ ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നടുക്കുന്ന ഒരു വാർത്ത തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ നിന്നും പുറത്തുവന്നു. ആതിരൻ സഹോദരിയുടെ വീടിന്റെ ടെറസിനു മുകളിൽ മരിച്ചു കിടക്കുന്നു. വിഷം കഴിച്ചു മരിച്ചതാണത്രേ!

അവിശ്വസനീയവും നാട്ടുകാരെ അത്യധികം നടുക്കുന്നതുമായിരുന്നു ആവാർത്ത. ഒരു എക്സിസ്റ്റിംഗ് പഞ്ചായത്ത് പ്രസിഡന്റിനു ദുർമരണം സംഭവിച്ചാലെന്നതുപോലെയുള്ള ഒരാൾകൂട്ടമായിരുന്നു പിന്നെ തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ. അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ടേയ്ക്ക് ഓടിയെത്തി.

സാധാരണ ഒരു ദുർമരണമൊക്കെ നടന്നാൽ പോലീസുകാർ മറ്റ് ജോലികളൊക്കെ ഒതുക്കി നേരവും കാലവും നോക്കി സ്ഥലത്തെത്തുമ്പോൾ ഒരു നേരമാകും. എന്നാൽ ആതിരന്റെ ദുരൂഹമരണം കേട്ട മാത്രയിൽ നാട്ടിലെ മറ്റ് ക്രമസമാധാന പ്രശ്നങ്ങളൊക്കെ വിസ്മരിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനും സർക്കിളാഫീസുമൊക്കെ ഒന്നാകെ തട്ടത്തുമല ലക്ഷംവീട് മറവക്കുഴിക്കോളനിയിലേയ്ക്ക് പാഞ്ഞടുത്തു.

ചില പോലീസുകാർ വന്ന വരവിനാലേ “നമ്മുടെ ചെറുക്കനെന്തു സംഭവിച്ചു?” എന്ന് നിലവിളിച്ചുകൊണ്ടാണ് ആതിരൻ മരിച്ചു കിടക്കുന്ന ടെറസിനു മുകളിലേയ്ക്ക് ചാടിക്കയറിയത്. ആതിരനെ അരികിൽ ചെന്ന് വട്ടമിട്ടിരുന്ന് പിടിച്ചു തലോടി നീ എന്തിനിതു ചെയ്തെടാ പൊന്നു മോനേ എന്ന് ചോദിക്കുമ്പോൾ ചില പോലീസുകാർ സ്വന്തം മകൻ മരിച്ചതുപോലെ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എസ്.ഐ.യും പോലീസുകാരെയും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ പോലീസുകാരിൽ ചിലരുടെ വാവിട്ട കരച്ചിൽ എസ്.ഐ യുടെ കണ്ണുകളെ പോലും ഈറനണിയിക്കുകയായിരുന്നു. പിടിച്ചു നിൽക്കാനാകാതെ സർക്കിൾ ഇൻസ്പെക്ടർതന്നെ കരച്ചിലടക്കാൻ കഴിയാതെ കൂടെവന്ന ഒരു പോലീസുകാരന്റെ തോളിൽ ചാരി വിതുമ്പി നിന്നു. ഈ സർക്കിൾ ഇൻസ്പെക്ടർ ആതിരന്റെ വീട്ടിനടുത്തുള്ള പുറമൺകര പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരിക്കുമ്പോഴാണ് ആതിരൻ ആദ്യമായി പോലീസ് ഡിപാർട്ട്മെന്റിന്റെ സഹായിയായി എത്തുന്നത്. അത് പുഴയിൽ കുളിയ്ക്കാനിറങ്ങി കാണാതായ ഒരു യുവാവിന്റെ അഴുകിയ ശവം തപ്പിയെടുത്തുകൊണ്ടായിരുന്നു.

ആതിരൻ മരിച്ചതിന്റെ സങ്കടവും ആരോ ഈ മരണത്തിനുത്തരവാദിയാണെന്ന സംശയത്തിലുണ്ടായ ദ്വേഷ്യവും ഒക്കെ കൂടി ചേർന്ന് ചില പോലീസുകാർ ആനിയുടെയും മുടിയന്റെയും ഒക്കെ നട്ടുകാരുടെയുമൊക്കെ നേരെ ചീറിക്കടിച്ചുകൊണ്ട് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇങ്ക്വസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസുകാരിൽ വല്ലാത്ത സങ്കടവും ദ്വേഷ്യവും പ്രകടമാകുന്നുണ്ടായിരുന്നു. ആതിരന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ആരും തങ്ങളെ അറിയിച്ചില്ല എന്ന് എസ്.ഐ അദ്ദേഹം രോഷത്തോടെ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു. അവിടെ കൂടിയ പലരെയും പോലീസ് ചോദ്യം ചെയ്തു. ആനിയും മുടിയനും കുട്ടികളും ആതിരന്റെ അച്ഛനമ്മമാരും എല്ലാം നമ്മുടെ അറിവിൽ അവന് ഒരു പ്രശ്നവുമില്ലേ എന്നുപറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു.

മരണകാരണമെന്തെന്ന് ആർക്കുമറിയില്ല. ആനിയെയും മുടിയനെയും മറ്റ് ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം പോലീസ് നന്നായി ചോദ്യം ചെയ്തു. പക്ഷെ ആർക്കും ഒരെത്തും പിടിയുമില്ല. ആതിരന് ആരുമായെങ്കിലും വല്ല പ്രശ്നവുമുണ്ടോ, പ്രേമമുണ്ടോ, പെൺവിഷയമുണ്ടോ, കടബാദ്ധ്യതകളുണ്ടോ തുടങ്ങിയ പല ചോദ്യങ്ങളും പോലീസുകാരിൽ നിന്നും ഉണ്ടായി. പക്ഷെ ആർക്കും ഒന്നിനും ഉത്തരമില്ല. ആതിരന്റെ തങ്കപ്പെട്ട സ്വഭാവം വച്ച് അങ്ങനെയൊന്നും ഉണ്ടാകാനുള്ള ഒരു വിദൂര സാദ്ധ്യതയിലെയ്ക്ക് പോലും ആർക്കും വിരൽ ചൂണ്ടാനാകുന്നില്ല. കഴിച്ചിരിക്കുന്നത് കൊടിയ വിഷമാണെന്നു മാത്രം എല്ലവാരും മനസിലാക്കി.

ഒടുവിൽ ഒരു സഹപ്രവർത്തകൻ ഇങ്ങനെ മരിച്ചാലെന്നതുപോലെ പോലീസുകാർ ആതിരന്റെ ബോഡി ടെറസിൽ നിന്നും താഴെയിറക്കി. ആരെയും സഹായത്തിനു വിളിക്കാതെ അവർതന്നെ എല്ലാം ചെയ്യുകയായിരുന്നു. മൃതുദേഹം ആംബുലൻസിൽ കയറ്റി പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. നാട്ടിലെ പൊതുപ്രവർത്തകരും ആതിരന്റെ ബന്ധുക്കളും നാട്ടുകാരിൽ കുറച്ചുപേരും മറ്റ് പല വാഹനങ്ങൾ പിടിച്ച് ആംബുലൻസിനെ അനുഗമിച്ചു.

പോസ്റ്റ് മാർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതുദേഹം മറവക്കുഴി കോളനിയിൽ കൊണ്ടുവന്നു പൊതു ദർശനത്തിനു വയ്ക്കുമ്പോഴും വൻ ജനാവലിയായിരുന്നു. ഒപ്പം സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. ഉയർന്ന പോലീസ് ഓഫീസർമാരടക്കം സ്ഥലത്തെത്തിയിരുന്നു. ആതിരന്റെ മരണത്തെ പറ്റി കൂടുതൽ അന്വേഷിക്കുവാനും തീരുമാനമുണ്ടായി. അന്വേഷണത്തിന്റെ ഫലമെന്തായാലും നാട്ടുകാർക്ക് ആതിരന്റെ അകാല മരണം ഒരു തീരാ നഷ്ടമായി പരിണമിച്ചു. ദളിതനും കൂലിവേലക്കാരനുമായ ഒരു സാധാരണ മനുഷ്യന് ഇതുപോലെ ഒരു നാടിന്റെ മുഴുവൻ ശ്രദ്ധാഞ്ജലി കിട്ടുന്ന ഒരു സംഭവം ഇവിടെ ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.

ആതിരന്റെ അച്ഛന്റെ നിർബന്ധവും ലക്ഷം വീട് കോളനിയിൽ മൃതുദേഹം അടക്കം ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയും കണക്കിലെടുത്ത് സന്ധ്യയോടെ ആതിരന്റെ മൃതുദേഹം സ്വദേശമായ പുറമൺകര എന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വൻപോലീസ് സംഘവും നിരവധി വാഹനങ്ങളിൽ നാട്ടുകാരും അനുഗമിച്ചു. ആതിരന്റെ നാട്ടിലും വൻ ജലാവലി കാത്തു നിന്നിരുന്നു. രാത്രിയോടെ തന്നെ ശവസംസ്കാര കർമ്മങ്ങൾ നടന്നു. അങ്ങനെ ആതിരൻ എല്ലാവർക്കും ഒരോർമ്മയായി.

ആതിരൻ ഓർമ്മയായി ദിവസങ്ങളും മാസങ്ങളും ആണ്ടുകൾ കടന്നു പോയിട്ടും ആ ദുരൂഹത ഇന്നും ജനമനസുകളിൽ തളംകെട്ടി നിൽക്കുന്നു; ആർക്കും ഒരു ഉപദ്രവവുമില്ലാത്ത, എല്ല്ലാവർക്കും ഉപകാരങ്ങൾ മാത്രമുണ്ടായിരുന്ന, ആരുടെയും വെറുപ്പിന് ഒരിക്കലും പാത്രീഭവിച്ചിട്ടില്ലാത്ത, ദു:ശീലങ്ങൾ ഒന്നുമില്ലാതിരുന്ന, അദ്ധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നവനും അരോഗ ദൃഢഗാത്രനുമായിരുന്ന ചെറുപ്പക്കാരനായ ആ നല്ല മനുഷ്യൻ എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്? അല്ലെങ്കിൽ എങ്ങനെയാണു അത് സംഭവിച്ചത്? എന്താണ് മരണ കാരണം? വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെങ്കിലും ആതിരന്റെ മരണകാരണം ഇന്നും ദുരൂഹമായിത്തന്നെ നിലനിൽക്കുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു!

അതെന്തായാലും പക്ഷെ, ആതിരാ! ഇല്ല, നിനക്കു മരണമില്ല. നിന്നെയറിഞ്ഞ ജനഹൃദയങ്ങളിൽ നീയിന്നും ജീവിയ്ക്കുന്നു! നിനക്ക് സ്മരണാഞ്ജലിയായി, നിന്നെ നായകനാക്കി ഇതാ കണ്ണീരിൽ കുതിർന്ന ഒരു കഥയും ഈയുള്ളവനാൽ എഴുതപ്പെട്ടിരിക്കുന്നു!

Thursday, December 22, 2011

ബ്ലോഗ് മോഷണത്തിൽ പ്രതിഷേധിക്കുന്നു

ബ്ലോഗ് മോഷണത്തിൽ പ്രതിഷേധിക്കുന്നു

ബ്ലോഗുകളിലും മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും വരുന്ന വിവിധതരം രചനകൾ എടുത്ത് അവയുടെ രചയിതാക്കളുടെ പേരുവയ്ക്കാതെയും അവരുടെ അനുവാദമില്ലാതെയും ചില അച്ചടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു! മാധ്യമസംസ്കാരത്തിനു കളങ്കം വരുത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ബന്ധപ്പെട്ട സുഹൃത്തുക്കളെ പിന്മാറ്റാൻ അച്ചടിമാധ്യമ രംഗത്തെ ഉത്തരവാദപ്പെട്ട സംഘടനകൾ തയ്യാറാകണം. ഓൺലെയിൻ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും തമ്മിൽ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ഊന്നിയ ആരോഗ്യകരമായ ബന്ധം നിലനിർത്താൻ സഹായകരമായ ഒരു മാധ്യമ സംസ്കാരം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു

Thursday, December 8, 2011

മുല്ലപ്പെരിയാറും രാഷ്ട്രീയപാർട്ടികളും

മുല്ലപ്പെരിയാറും രാഷ്ട്രീയപാർട്ടികളും

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഭരണകൂടങ്ങൾ ഉണ്ടാക്കുന്നതും അതിനെ നിയന്ത്രിക്കുന്നതും രാഷ്ട്രീയ പാർട്ടികളാണ്. ഭരണത്തിനുപുറത്തുള്ള പർട്ടികൾ വിമർശനബുദ്ധ്യാ ഭരണത്തെ നോക്കിക്കാണുകയും ഭരണകൂടത്തിന്റെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യും. ഭരണകക്ഷിയെ സദാ ജാഗ്രതപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിനും നല്ലൊരു പങ്കുണ്ട്. ജനങ്ങൾക്കുവേണ്ടി രാഷ്ട്രകാര്യങ്ങളുടെ സാരഥ്യം ഏറ്റെടുക്കുവാൻ സ്വയം സന്നദ്ധമാകുന്നവയാണ് രാഷ്ട്രീയ പാർട്ടികൾ. ആനിലയിൽ ജനങ്ങൾ അവയിൽ വശ്വാസമർപ്പിക്കുകയും അവയ്ക്ക് ഏറിയും കുറഞ്ഞും പിന്തുണനൽകുകയും ചെയ്യും. തെരഞ്ഞെടുപ്പുകൾ വഴി ഓരോ അവസരത്തിലും തരാതരം പോലെ ചില പാർട്ടികൾക്ക് ഭരണകൂടമുണ്ടാക്കാനുള്ള ഭൂരിപക്ഷവും നൽകും.

തെരഞ്ഞെടുപ്പും ഭരണകൂടവും ഭരണപ്രതിപക്ഷ കക്ഷികളും ഒക്കെ ഉൾപ്പെട്ട മൊത്തം സംവിധാനമാണ് ജനാധിപത്യവ്യവസ്ഥിതി. ഇന്ത്യ അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമാണ്. രാഷ്ട്രത്തിന്റെ ഭാവിഭാഗധേയം നിർണ്ണയിക്കുന്നത് ശരിക്കും രാഷ്ട്രീയകക്ഷികളാണ്. അപ്പോൾ നമ്മുടെ രാജ്യത്തെ ചെറുതും വലുതുമായ രാഷ്ട്രീയകക്ഷികൾക്ക് രാഷ്ട്രത്തോടും ജനങ്ങളോടും വലിയ ഉത്തരവാദിത്വമാണുള്ളത്. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും. എന്നാൽ ഇവിടുത്തെ രാഷ്ട്രീയപാർട്ടികൾ എത്ര നിരുത്തരവാദപരമായാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതെന്നതിന് ഏറ്റവും നല്ല തെളിവാണ് മുല്ലപ്പെരിയാർ പ്രശ്നം. അപകടം അരികിലെത്തി നിൽക്കുമ്പോഴാണ് ഇവിടെ നേതാക്കൾ കണ്ണും തിരുമ്മി എഴുന്നേൽക്കുന്നത്. പലരും ഇനിയും കണ്ണു തുറന്നുവരുന്നതേയുള്ളൂ.

ഇപ്പോൾ കേരളാ കോൺഗ്രസ്സ് പ്രതിനിധി ജോസ്.കെ. മാണി എം.പി. പാർളമെന്റിനു മുന്നിൽ നിരാഹാരമിരിക്കാൻ പോകുന്നു. തൊട്ടുപിന്നാലെ ഇടതുപക്ഷ എം.പി മാരും നാളെ പാർളമെന്റിൽ സത്യഗ്രഹമിരിക്കാൻ പോകുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇനിയും പലരും ഉറക്കച്ചടവോടെ എഴുന്നേറ്റ് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുമായിരിക്കും. ഭരണത്തിലുള്ളവരാകട്ടെ തിരിഞ്ഞും മറിഞ്ഞും കിടന്ന് കോട്ടുവാ ഇടുന്നതേയുള്ളൂ. മുല്ലപ്പെരിയാർ ഡാമൊക്കെ പൊട്ടി ആളുകളൊക്കെ ചത്തൊടുങ്ങിയിട്ട് മതിയായിരുന്നല്ലോ ഈ സത്യാഗ്രഹമൊക്കെ! പുതിയ ഡാം പണിയുന്നതും അതു കഴിഞ്ഞിട്ട് മതിയാകും. എന്തൊരു ക്ഷമാശീലം!

ഇനിയും കേരളത്തിൽ ഒരു നയം തമിഴ്നാട്ടിൽ മറ്റൊരു നയം എന്നത് ദേശീയരാഷ്ട്രീയാക്ഷികൾ ഉപേക്ഷിക്കാതിരിക്കുന്നതും ഒരു വലിയ ദുര്യോഗംതന്നെ! വൈകാരികപ്രശ്നമാണത്രേ! ആരുടെ വൈകാരികം? പാവപ്പെട്ട ജനങ്ങൾക്ക് സ്വയമേവ ഒന്നിലും വലിയ വികാരമൊന്നും വരില്ല. അത് ചിലർ കുത്തിപ്പൊക്കുന്നതാ‍ണ്. സാമാന്യജനങ്ങൾക്ക് സ്വസ്ഥമായി ജിവിക്കണം എന്നേയുള്ളൂ. അണയിൽ വെള്ളമാണെന്നും അത് കൃഷിക്കും കറണ്ടിനുമൊക്കെ വേണ്ടിയുള്ളതാണെന്നും ഉള്ള കേട്ടറിവല്ലാതെ പാവപ്പെട്ട നിരക്ഷരരായ ആളുകൾക്ക് ഇതേപറ്റിയൊന്നും വലിയ അറിവുകളുമുണ്ടാകില്ല. പിന്നെ അവരിൽ സ്വയം വികാരമുണ്ടാകുന്നതെങ്ങനെ? അത് ഉണ്ടാക്കുന്നതല്ലേ?

ഇരു സംസ്ഥാനങ്ങളുടെയും വൈകാരികപ്രശ്നമാണെന്ന നിലയിലാണ് പലരും മുല്ലപ്പെരിയാർ വിഷയത്തെ ചിത്രീകരിക്കുനത്. തമിഴർക്ക് അങ്ങനെ എന്തെങ്കിലും വികാരം (കുത്തിപ്പൊക്കപ്പെട്ടത്) ഉണ്ടെങ്കിൽതന്നെ കേരളത്തിലുള്ളവർക്ക് ഇപ്പോൾ ഒരു വികാരമേ ഉള്ളൂ. അവരുടെ ജീവൻ നിലനിർത്തണം. അതിന് പുതിയ ഡാം കെട്ടണം. അതിൽനിന്ന് ആർക്കും വെള്ളം കൊടുക്കില്ലെന്ന് നമ്മൾ ഒട്ടു പറയുന്നുമില്ല. പുതിയ ഡാം പണിയാൻ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അത് മാറ്റാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനും രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടാകണം. എത്രയോ കേസുകളിൽ സ്വമേധയാ കേസെടുക്കുന്ന ബഹുമാനപ്പെട്ട കോടതികൾക്കും ഇക്കാര്യത്തിൽ സ്വയം മുന്നോട്ടു വരാനും ഇടപെടാനുമുള്ള ഉത്തരവാദിത്വം ഉണ്ട്. അത്രമാത്രം ഉൽക്കണ്ഠാകുലമായ ഒരു സ്ഥിതി വിശേഷമാണിപ്പോൾ ഉള്ളത്.

സത്യത്തിൽ സത്യാഗ്രഹങ്ങൾക്കും സമരങ്ങൾക്കും ചർച്ചകൾക്കും പഠനത്തിനും പോലും കാത്തുനിൽക്കാനുള്ള ക്ഷമ കാണിച്ചുകൂടാത്തത്ര ഭീതിജനകമായ സ്ഥിതിയാണ് ഇവിടെയുള്ളത്. എത്രയും വേഗം നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടത്. കാട്ടിൽ എല്ലാറ്റിനെയും ബാധിക്കുന്ന വലിയൊരു അപകടമുണ്ടാകുമ്പോൾ കാട്ടിലെ ജന്തു- ജീവിവർഗ്ഗങ്ങളെല്ലാം ശത്രുതമറന്ന് ഒന്നിക്കും. ഇവിടെ ഒരു വലിയ പ്രളയം അടുത്തെത്തി നിൽക്കുമ്പോഴും പരസ്പരം കൊമ്പുകോർക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്തായലും ജീവൻ തന്നെ നഷ്ടത്തിലാകും എന്നുറപ്പുള്ള ഒരു ജനതയ്ക്ക് പിന്നെ മേലും കീഴും നോക്കാനില്ലെന്ന് എല്ലാവരും ഓർക്കുന്നത് നന്ന് !

Sunday, November 27, 2011

അപ്പോ അതാണവന്റെ അത്യാവശ്യം

അപ്പോ അതാണവന്റെ അത്യാവശ്യം

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശ്വമാനവികം 1- വായിക്കുക

http://easajim.blogspot.com/2011/11/blog-post_26.html


അപ്പോ, അതാണവന്റെ അത്യാവശ്യം!

കിളിമാനൂർ ഗ്രാമപട്ടണത്തിലൂടെ വല്ലപ്പോഴുമൊക്കെയുള്ള സായാഹ്ന സവാരിയിലായിരുന്നു ഞാൻ. നമ്മുടെ തൊട്ടടുത്ത പട്ടണമാണ് കിളിമാനൂർ. അവിടെ കെ.എസ്.ആർ.റ്റി സി ബസ്സ്റ്റാൻഡിൽ ഇറങ്ങി വഴിയിൽ കാണുന്ന പരിചയക്കാരുമായൊക്കെ മിണ്ടിയും പറഞ്ഞും അങ്ങോട്ടുമിങ്ങോട്ടുമുള്ള അലസഗമനം ചിലപ്പോഴൊക്കെ നടക്കാറുള്ളതാണ്.

അന്ന് ഞാൻ വൈകുന്നേരം ആറുമണിയ്ക്ക് തിരക്കുള്ള ടൌണിലെത്തിയപ്പോൾ റോഡിന്റെ മറുവശത്തുകൂടി എന്റെ സുഹൃത്തും ടൌണിൽ ഡ്രൈവറുമായ മോഹനചന്ദ്രൻ തിരക്കിട്ട് അതിവേഗം നടന്നു വരുന്നത് കണ്ടു. കുറച്ചിങ്ങോട്ട് വന്ന് അവൻ വളരെ വെപ്രാളത്തിൽ റോഡ് ക്രോസ് ചെയ്യുന്നു. തൊട്ടപ്പുറത്തെ ട്രാഫിക്ക് ഐലൻഡിൽ നിൽക്കുന്ന പോലീസുകാരൻ ഗതാഗതം നിയന്ത്രിക്കാൻ നന്നേ പാടുപെടുന്ന സമയത്ത് ട്രാഫിക് പോലീസിന്റെ അധികാരഭാവത്തിൽ ഇരുകയ്യും രണ്ടുവശത്തേയ്ക്ക് കാട്ടി ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളെ സ്റ്റോപ്പടിച്ച് കുറുക്കെടുത്ത് ചാടുകയാണ് അവൻ. അവന്റെ മിടുക്കിൽ ഇരു വശത്തും റോഡു മുറിയ്ക്കാൻ നിന്ന മറ്റുചിലരും കൂടി അപ്പുറമിപ്പുറം റോഡ് ക്രോസ്സ് ചെയ്തു.

റോഡ് മുറിച്ചുകടന്ന മോഹനചന്ദ്രൻ ഇടതുവശം തിരിഞ്ഞ് എനിക്കു നേരെ തന്നെ നടന്നുവരികയാണ്. ഇനി അവന്റെ അത്യാവശ്യം എന്താണെന്ന് അറിഞ്ഞിട്ട് പോകാമെന്നുകരുതി ഞാൻ നടത്തം നിർത്തി അവന്റെ പാഞ്ഞുള്ളവരവും നോക്കി നിന്നു. അവനാകട്ടെ എന്നെ കാണുന്നുമില്ല. അടുത്തുവരട്ടെയെന്ന് കരുതി ഞാൻ കാത്ത് നിന്നു. ഞാനീ എത്തിനിൽക്കുന്ന സ്ഥലത്തിനു സമീപം അവൻ താമസിക്കുന്ന ലോഡ്ജ് മുറിയുണ്ട്.

ഇപ്പോൾ ഇവൻ വെപ്രാളപ്പെട്ട് വരുന്നത് അവന്റെ റൂമിൽ വല്ല ആവശ്യത്തിനും കയറാനായിരിക്കുമോ? അതോ വല്ല അപകടവും ആരെങ്കിലും വിളിച്ചു പറഞ്ഞ് ഇവിടെ വല്ലയിടത്തും പാർക്കു ചെയ്തിരിക്കുന്ന അവന്റെ കാറുമെടുത്ത് പോകാനുള്ള വരവായിരിക്കുമോ? അതോ അതിലും വലിയ മറ്റെന്തെങ്കിലും അത്യാവശ്യമായിരിക്കുമോ? ഒരു നിമിഷം ഇങ്ങനെയെല്ലാം ഞാൻ ചിന്തിക്കവേ അവൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

പെട്ടെന്ന് ഞാൻ അവനെ വിളിച്ചു.

“നീയിത്ര വെപ്രാളപ്പെട്ടിതെങ്ങോട്ടാണ്. നോക്കുമ്പാക്കുമില്ലാതെ?”

കുനിഞ്ഞുനോക്കി വിഹ്വലമായാ ഏതോ സ്വപ്നലോകത്തിലെന്നപോലെ വന്നിരുന്ന അവൻ അപ്പോഴാണ് എന്നെ കണ്ടതും സഡൻ ബ്രേക്കിട്ടതുപോലെ നിന്നതും! എന്റെ നേരെ മുഖമുയർത്തി വളരെ സമാധാനത്തിൽ അവൻ പറഞ്ഞു;

“ രാവിലെ എടുത്ത ഒരു പയന്റിന്റെ ബാക്കിയൊരല്പം കൂടി റൂമിലിരിക്കുന്നു. അതും കൂടിയങ്ങ് തീർത്താൽ പിന്നെ സമാധാനമായല്ലോ! കാറ് വർക്ക്ഷോപ്പിലാണ്; ചെറിയൊരുപണി. ഞാനിതാ വരുന്നു. നീയിവിടെ നില്ല്”!

എന്നിത്രയും പറഞ്ഞ് വന്ന വേഗതയിൽ അവൻ അവന്റെ റൂമിലേയ്ക്ക് കയറി പോയി. അപ്പോ അതാണവന്റെ അത്യാവശ്യം.

അല്പനിമിഷങ്ങൾക്കുള്ളിൽ മോഹനചന്ദ്രൻ ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചു വന്ന് എന്നോടൊപ്പം നാട്ടുവിശേഷങ്ങളും പറഞ്ഞ് വാക്കിംഗ് തുടങ്ങി!

നോക്കണേ നമുക്കിടയിലൂടെ തിരക്കിട്ടുപായുന്നവരിൽ ചിലരുടെ അത്യാവശ്യങ്ങൾ!

Sunday, November 13, 2011

സാമ്പത്തിക മാന്ദ്യവും പെറ്റുകളും

സാമ്പത്തിക മാന്ദ്യവും പെറ്റുകളും

അമേരിക്ക, ബ്രിട്ടൻ മുതലായ മുതലാളിത്ത രാഷ്ട്രങ്ങളിലെ സാമ്പത്തികമാന്ദ്യം വളർത്തുമൃഗങ്ങളെയും ബാധിച്ചിരിക്കുന്നുവത്രേ. സാമ്പത്തികപ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾ പട്ടി പൂച്ച തുടങ്ങിയ അവരുടെ പ്രിയ പെറ്റുകളെ വെറ്റിനറി സെന്ററുകളിൽ എത്തിക്കുകയോ തെരുവിൽ ഉപേക്ഷിക്കുകയോ ചെയ്യുകയാണത്രേ! ഈ രാജ്യങ്ങളിലെ സമ്പന്നരായ ജനങ്ങൾ അവരുടെ പ്രൌഢിയുടെയും പ്രതാപത്തിന്റെയും അടയാളമായാണ് തങ്ങളുടെ പെറ്റുകളെ കണ്ടിരുന്നത്.

നമ്മുടെ ഇവിടെയും സാമ്പത്തിക ശേഷിയുള്ള ആളുകൾ അടുത്ത വീട്ടിലെ മനുഷ്യരാരെങ്കിലും പട്ടിണി കിടന്നു മരിച്ചാലും തിരിഞ്ഞു നോക്കില്ലെങ്കിലും പെറ്റുകളെ തീറ്റിപ്പോറ്റുകയും അവയെ ഏറെ ലാളിക്കുകയും ചെയ്യാറുണ്ടല്ലോ. നഗരങ്ങളിലെ സൊസൈറ്റി ലേഡീസ് ഷോപ്പിംഗിനു പോകുമ്പോഴും ഒരു ഗമയ്ക്കു വേണ്ടി തങ്ങളുടെ അലങ്കാരനായ്ക്കളെ കാറിൽ കൂടെ കൊണ്ടുപോകാറുണ്ട്. മനുഷ്യരെ സ്നേഹിക്കുകയോ അവർക്ക് ഒരു നേരത്തെ ആഹാരം നൽകുകയോ ചെയ്തെന്നുവച്ച് അവർ വാലാട്ടുകയില്ലല്ലോ. യജമാനത്വം നില നിർത്തണമെങ്കിൽ പട്ടികൾ തന്നെ വേണം. അവ വാലാട്ടും. എടാ, പോടാ എന്നൊക്കെ വിളിച്ച് അനുസരിപ്പിക്കുവാനും അത്യാവശ്യം തഴുകാനും തലോടാനും ഒക്കെ പട്ടികൾ തന്നെ വേണം. അതൊക്കെ അവരവരുടെ വ്യക്തിപരമായ കാര്യങ്ങൾ. അതവിടെ നിൽക്കട്ടെ.

സോവിയറ്റ് റഷ്യയിയിലും അതിനുപുറകെ മറ്റ് പല രാജ്യങ്ങളിലും സോഷ്യലിസം തകരുന്നത് ആഘോഷിച്ചവർ ആരും മുതലാളിത്തത്തിന്റെ ഈ അപഭ്രംശം ആഘോഷിക്കുകയോ അതിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയോ ചെയ്യുന്നില്ല. അവർ ഇപ്പോഴും അന്ന് കമ്മ്യൂണിസത്തിനെഴുതിയ ചരമ ഗീതം കൂ‍ടെക്കൂടെ തുറന്നു വായിച്ചുകേൾപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്റെ നേതാവും ലോകം മുഴുവൻ അടക്കിവാങ്ങാൻ കഴുകൻ കണ്ണുകളുമായി പറന്നുനടക്കുന്നതുമായ അമേരിക്കയിലാണ് ഈ സാമ്പത്തികമാന്ദ്യം അനുഭവപ്പെടുന്നത് എന്നിരിക്കിലും കമ്മ്യൂണിസ്റ്റ് വിരോധികൾ ആരും അത് കണ്ടമട്ടില്ല.

അമേരിക്ക ലോകത്തെവിടെയും തുടർന്നുകൊണ്ടിരിക്കുന്ന കൊടിയ പാതകങ്ങളെയും പിടിച്ചടക്കലുകളെയും അട്ടിമറികളെയും കാണാനാകാത്തവർ ഇപ്പോഴുമെപ്പോഴും സോവിയറ്റ് യൂണിയനിലെ പൂർവ്വകാല സ്റ്റാലിനിസത്തെ പറ്റിയും ചൈനയിലെ ഏകാധിപത്യത്തെക്കുറിച്ചുംസംസാരിച്ചുകൊണ്ടിരിക്കുന്നു. അഖില ലോകാടിസ്ഥാനത്തിൽ ബഹുരൂപത്തിലുള്ള ഫാസിസം നടപ്പാക്കിക്കൊണ്ടിരിക്കുന്ന അമേരിക്ക ഇന്നും ഇക്കൂട്ടരുടെ കണ്ണിൽ ജനാധിപത്യത്തിന്റെ സംരക്ഷകരും ലോകത്തിന്റെ മാതൃകയുമാണ്. അവർ കമ്മ്യൂണിസം വന്നാലത്തെ അപകടങ്ങളെക്കുറിച്ച് ഭയം ജനിപ്പിക്കുകയും, മുതലാളിത്തത്തിനുള്ള പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു!

Thursday, November 10, 2011

ശുംഭാനന്തര ശുംഭങ്ങൾ

ശുംഭാനന്തര ശുംഭങ്ങൾ

സത്യം ആരു വിളിച്ചു പറഞ്ഞാലും അതംഗീകരിക്കണം. എത്ര പറയാതിരിക്കാൻ ശ്രമിച്ചാലും ചില സത്യങ്ങൾ ചിലരുടെ ഉള്ളിലിരിക്കില്ല. അത് പുറത്തു ചാടും.മാർക്സിസ്റ്റ് വിരുദ്ധരിലും ഇത് സംഭവിക്കാം. അതിനുദാഹരണമാണ് ഇന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ പറഞ്ഞ അഭിപ്രായം. ശുംഭൻ പ്രയോഗത്തിൽ ഹൈക്കൊടതി ശിക്ഷിച്ച ജയരാജന് അപ്പീൽ പോകാനുള്ള അപേക്ഷപ്രകാരം ശിക്ഷ സസ്പെൻഡ് ചെയ്യാതിരുന്ന നടപടി വൈരാഗ്യ ബുദ്ധിയോടെ കോടതി പെരുമാറി എന്ന തോന്നൽ ജനങ്ങളിലുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. അതിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ കൂടിയാണ് ഈ കുറിപ്പുമായി ഇപ്പോൾ വന്നത്. ഇത് ഒരു തുടക്കം മാത്രമാണ്. ജനാധിപത്യത്തിൽ തരിമ്പെങ്കിലും വിശ്വാസമുള്ള എല്ലാവരും കോടതിയുടെ നീതി നിഷേധത്തിനും പൌരസ്വാതന്ത്ര്യ നിഷേധത്തിനും എതിരെ ക്രമേണ രംഗത്തു വരാൻ നിർബന്ധിതമാകുക തന്നെ ചെയ്യും. ആരു പറയുന്നു എന്നു നോക്കിയല്ല, എന്ത് പറയുന്നു എന്നു നോക്കിയാണ് ഒരാളുടെ അഭിപ്രായം ശരിയോ തെറ്റോ എന്നു നിർണ്ണയിക്കേണ്ടത്. അതുപോലെ ആര് ആരോട് ചെയ്യുന്നു എന്നല്ല, ചെയ്യുന്നതിന്റെ ന്യായാന്യായമാണ് പരിശോധിക്കേണ്ടത്. പത്തോ അഞ്ഞൂറോ രൂപ പെറ്റിയടിക്കാൻ പോലും പോലും ഗൌരവമില്ലാത്തതെന്ന് പലരും പലരും പറഞ്ഞിട്ടുള്ള ആ ശുംഭൻ വിളിക്കേസിൽ ജയരാജനെ ആറുമാസം ശിക്ഷിച്ചതിൽ സന്തോഷം തോന്നുന്നവർക്ക് സന്തോഷിക്കാം.

പക്ഷെ അപ്പീൽ നൽകാനുള്ള ഒരു പൌരന്റെ (സി.പി.ഐ.എം കാരനായി പോയെങ്കിലും അദ്ദേഹവും ഒരു പൌരനാണല്ലോ) അവകാശത്തെ അംഗീകരിക്കാതിരുന്ന കോടതിയുടെ നീതി നിഷേധത്തെയും അന്ധമായ മാർക്സിസ്റ്റ്വിരുദ്ധതിമിരനേത്രങ്ങൾ കൊണ്ടു നോക്കിക്കണ്ട് ന്യായീകരിക്കുന്നവർ ഭർത്താവ് ചത്താലും അമ്മാവിയമ്മയുടെ കണ്ണീരുകാണണമെന്ന മനോഭാവം വച്ചുപുലർത്തുന്നവരാണ്. അതുപോലെ പൊതുയോഗങ്ങളും പ്രകടനങ്ങളും ജാഥകളും മറ്റും നടത്തിക്കൂടെന്ന കോടതിവിധിയും സി.പി.ഐ.എമ്മിനേ മാത്രമോ രാഷ്ട്രീയപാർട്ടികളെ ഒന്നാകെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. എല്ലാ ജനങ്ങളേയും ബാധിക്കുന്ന ഒന്നാണ്. പൊതുവഴിയേ നടക്കരുതെന്നു പാതയോരത്ത് നിൽക്കരുതെന്നും പറയുന്നതിനു തുല്യമാണ് പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റും നടത്തരുതെന്നു പറയുന്നത്. മുദ്രാവാക്യം വിളീക്കാതെയും കൊടിഉപിടിക്കാതെയും ആളുകൾ കൂട്ടം കൂടി വഴിയേ നടന്നുപോയാലും കോടതി ശിക്ഷിക്കുമോ? ഈ നിരോധനനിയമം വച്ച് ഉത്സവത്തിനാളുകൂടിയാലും കല്യാണവണ്ടിയിൽ ആളുവന്നിറങ്ങിയാലും കേസെടുക്കേണ്ടി വരും. അതുമൊക്കെ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നവയാണല്ലോ! ഉത്സവാഘോഷങ്ങളും മതഘോഷയാത്രകളും ചടങ്ങുകളും പൊങ്കാലകളും പെരുന്നാളുകളും മറ്റും ഹനിക്കുന്നുവെന്നു പറഞ്ഞ് നിരോധിക്കുമോ കോടതി? മതങ്ങൾക്ക് ഉച്ചഭാഷിണി വച്ച് ഏതു നേരവും എത്ര ദിവസവും എത്ര ഉച്ചത്തിലും പ്രക്ഷേപണം നടത്താം. പക്ഷെ രാഷ്ട്രീയക്കാർക്ക് ഭയങ്കര നിയന്ത്രണവും! ഇത് വിവേചനപരമല്ലേ?

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പിറവത്തെ ടി.എം. ജേക്കബ് അനുസ്മരണത്തിനു പ്രസംഗിച്ചതു പോലെ വല്ല കടമണ്ടയിലും കയറി നിന്ന് പ്രസംഗിക്കുക. ജനങ്ങൾ യാതൊന്നുമറിയാത്തവരെ പോലെ താഴെ പൊതുസ്ഥലത്ത് നിരന്നു നിന്ന് കേൾക്കുക. ഹഹഹ! ജനങ്ങൾ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയ്ക്ക് തന്റെ സഹപ്രവർത്തകന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ വേദിയിൽ കയറാതെ വല്ലവരുടെയും കടത്തിണ്ണയെ ആശ്രയിക്കേണ്ടി വരിക. എത്ര അപഹാസ്യമാണിത്. എന്നിട്ടും ഉമ്മൻ ചാണ്ടിയ്ക്കും കൂ‍ട്ടർക്കും കോടതിയുടെ അനാവശ്യവും അനുചിതമായതും ജനാധിപത്യ വിരുദ്ധവുമെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ടിട്ടുള്ളതുമായ വിധികളിൽ ഒരു പ്രതിഷേധവുമില്ല. ജയരാജനെതിരെയുള്ള കോടതിതി വിധിയിൽ പരസ്യമായി പ്രതിഷേധിക്കുന്നില്ലെങ്കിലും പല കോടതിവിധികളും സർക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരസ്യമായി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നു. ഇടത്-വലത് ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പൊതുയോഗവും ജാഥയും മറ്റും വിലക്കുന്ന കോടതി വിധികളിൽ പ്രതിഷേധമുണ്ട്. അതിനെ എങ്ങനെ നേരിടണമെന്ന അലോചനയിലാണ് പലരും. സി.പി.ഐ എം ആകട്ടെ ഹൈക്കോടതിയിൽ ബഹുജന പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ്. സഹികെട്ട് ആളുകൾ കോടതിയുടെ നെഞ്ചത്ത് കയറാൻ തുടങ്ങിയാലുണ്ടാകുന്ന അപകടം ചെറുതല്ല. ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കാനിടയാക്കുന്ന വിധികൾ കോടതിയ്ക്ക് ഒഴിവാക്കാമായിരുന്നു എന്ന് പോലീസിലെയും നിയമരംഗത്തെയും പ്രമുഖർ മെർമ്മറിംഗ് നടത്തുന്നുണ്ട്.

മറ്റൊരു കാര്യം ജയരാജൻ ഒരു പ്രാവശ്യമേ ജഡ്ജിമാരെ ശുംഭരെന്ന് വിളിച്ചുള്ളൂ‍. പിന്നെ അദ്ദേഹം അതിൽ ഉറച്ചു നിൽക്കുകയേ ഉണ്ടായുള്ളൂ. ഇപ്പോൾ ഇതാ ഇപ്പോഴത്തെ ഈ കോടതി നടപടികളിൽ പ്രതിഷേധിച്ച് പ്രമുഖ നിയമജ്ഞരടക്കം നാടടങ്കലം കോടതിയെ ശുംഭൻമാർ എന്നതിൽനേക്കാൾ മോശപ്പെട്ട പദങ്ങൾ കൊണ്ട് വിമർശിക്കുന്നു. അങ്ങനെയൊരു സാഹചര്യം സ്വയം സൃഷ്ടിച്ചത് ശുംഭത്തരമല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇക്കാര്യം കോടതി ചിന്തിച്ചിട്ടുണ്ട്? കോടതിനടപടികൾ ഇത്രയധികം വിമർശിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചതിലും ഇല്ലേ കോടതിയുടെ ഭാഗത്തുനിന്ന് അല്പം ഒരു ശുംഭത്തരം (മണ്ടത്തരമെന്ന അർത്ഥത്തിലാണേ അവർ പറഞ്ഞത്. ബഹു: കോടതി ആറു മാസം പിടിച്ചിട്ടുകളയരുതേ!) എന്ന് ചില നിയമജ്ഞർ ചോദിക്കുന്നുണ്ട്. താൻ ചത്ത് മീൻപിടിക്കുന്ന നടപടികളാണ് ജയരാജൻ വിഷയത്തിൽ കോടതി നടത്തിയിരിക്കുന്നതത്രേ! . നീതിപീഠത്തിന്റെ വിശ്വാസ്യതയെയും അതിന്റെ ഗൌരവത്തെയും കൂടി ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടികൾ കോടതികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് ദൌർഭാഗ്യകരമാണ്. ശുംഭൻ വിളിയ്ക്കെതിരെയുള്ള കോടതി നടപടികളെക്കുറിച്ച് അഡ്വ. കാളീ‍ശ്വരം രാജ് പറഞ്ഞിരിക്കുന്നത് കോടതി ചെറുതായെന്നും ജയരാജൻ വലുതായെന്നുമാണ്.

സത്യത്തിൽ ജയരാജനെതിരേയുള്ള ഈ വിധിപോലും ഒരു പ്രതിഷേധ പ്രകടനമാണ്. ശുംഭൻ എന്നു ജയരാജൻ വിളിച്ചതിൽ കോടതിയ്ക്ക് ഇങ്ങനെ പ്രതിഷേധിക്കാം. പക്ഷെ അതുപോലാണോ പൊതുയൊഗവും ജാഥയും മറ്റും നിരോധിക്കുക വഴി ജനങ്ങളുടെ പ്രതികരണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത്? ജനങ്ങൾ പാലിക്കാത്ത നിയമങ്ങൾ നിർമ്മിച്ചാൽ വില പോകുന്നതാരുടെ? കോടതികളുടെ വില പോയാൽ നിങ്ങൾ ജഡ്ജിമാർക്കല്ല ജനങ്ങൾക്കുകൂടിയാണ് ദോഷം. ജഡ്ജിമാർ വരും പോകും. നമ്മുടെ രാജ്യത്ത് ഏതെങ്കിലും സമര രൂപങ്ങളെയോ പൊതു സമ്മേളനങ്ങളെയോ എന്നത്തേയ്ക്കും നിരോധിക്കാൻ സാധിക്കുന്ന കാര്യമാണോ? അഥവാ അത് ശരിയാണോ? എങ്കിൽ പിന്നെ എന്ത് ജനാധിപത്യം? ഏതാനും ജഡ്ജിമാർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലായിരിക്കാം. പക്ഷെ ജനങ്ങൾക്ക് ഉണ്ട്.കോടതിവിധിയാണെന്നു കരുതി ജനാധിപത്യ ധ്വംസനത്തെ എത്രകാലം എല്ല്ലാവർക്കും അംഗികരിക്കാൻ കഴിയും? നമുക്ക് കാത്തിരുന്ന് കാണുക! ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ഒരു ആരോഗ്യകരമല്ലാത്ത ഒരു ഉരസലിന്റെ വക്കിലേയ്ക്ക് കാര്യങ്ങൾ എത്തിക്കാതിരിക്കാനുള്ള ബാദ്ധ്യത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

വിഷയത്തിൽ ഇതിനു മുമ്പെഴുതിയ ലേഖനം വായിക്കുവാൻ ലിങ്കിൽ ക്ലിക്കുചെയ്യുക
ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

മുൻകുറിപ്പ്: ശുംഭൻ പ്രയോഗത്തിൽ സ. എം.വി. ജയരാജനെ ഹൈക്കൊടതി ശിക്ഷിച്ചെങ്കിലും അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കുപരി ബഹുമാനപ്പെട്ട കോടതികളോടുള്ള സർവ്വ ബഹുമാനവും നിലനിർത്തിക്കൊണ്ട് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.

ജഡ്ജിമാർക്കെതിരെ സി.പി.ഐ.എം നേതാവ് എം.വി.ജയരാജൻ നടത്തിയ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കൊടതി സ്വമേധയാ എടുത്ത കേസിന്റെ വിധി കാത്തിരിക്കുമ്പോഴാണ് ഈ കുറിപ്പ് എഴുതുന്നത്. ജയരാജൻ തന്നെ പറഞ്ഞിരിക്കുന്നത് നീതി തേടിയെത്തുന്ന പൌരന്റെ ആശ്രയം കോടതികളാണെന്നാണ്. എന്നാൽ തന്റെ ശുംഭൻ എന്ന പ്രയോഗത്തിൽ വലിയ കുറ്റമൊന്നും കാണുന്നില്ലെന്നാണ് ജയരാജൻ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. കേരളത്തിൽ പല ഭാഗത്തും പല അർത്ഥത്തിലാണ് ആ വാക്ക് പ്രയോഗിക്കുന്നത്. നിയതവും സർവ്വവ്യാപകവുമായ ഒരു അർത്ഥം ആ വാക്കിനില്ല. ഗൌരവമുള്ള കാര്യങ്ങളെ നിസാരമായി കാണുന്നതിനു ശുംഭത്തരം എന്ന് ചിലയിടങ്ങളിൽ അർത്ഥം കല്പിക്കുന്നതായി ജയരാജൻ പറയുന്നു. ഇതു സംബന്ധിച്ച് കോടതി തന്നെ മലയാള ഭാഷാ പണ്ഡിതന്മാരിൽ നിന്നും അർത്ഥം തേടിയിരുന്നു. ഇന്ന് കോടതി പറയാനിരിക്കുന്ന വിധി എന്തുമാകട്ടെ. ഈ കേസിനാസ്പദമായ വിഷയം ഇവിടെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്.

പാതയൊരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട ജയരാജന്റെ അഭിപ്രായപ്രകടനത്തിനിടയിലാണ് ശുംഭൻ പ്രയോഗം വന്നത്. കോടതികളും കോടതി വിധികളും വിമർശനങ്ങൾക്കതീതമാണോ എന്ന കാര്യം ഗൌരവമായി ചർച്ചയ്ക്കെടുക്കേണ്ടതാണ്. ഒരു കീഴ്ക്കോടതി പറയുന്ന വിധിക്കെതിരേ അപ്പീൽ പോകുന്നതും ഒരുതരത്തിൽ ആദ്യം വിധിപറഞ്ഞ ആ കീഴ്ക്കോടതിക്കെതിരെയുള്ള വിമർശനത്തിനു തുല്യമല്ലേ? കോടതികളും കോടതിവിധികളും വിമർശനങ്ങൾക്കതീതമാണെങ്കിൽ പിന്നെ അപ്പീൽ നൽകുനതും ഒരർത്ഥത്തിൽ കോടതിയലക്ഷ്യമല്ലേ? വിമർശനങ്ങൾ, പൊതുയോഗങ്ങൾ പ്രകടനങ്ങൾ, സമരങ്ങൾ എന്നിവയെല്ലാം ജനാധിപത്യാവകാശങ്ങളാണ്. എല്ലാ കാലത്തും പ്രക്ഷോഭങ്ങളും സമരങ്ങളും പൊതുയോഗങ്ങളും പ്രകടനങ്ങളും എല്ലാം പൊതുസ്ഥലങ്ങളിൽ തന്നെയാണ് നടന്നു പോരുന്നത്. ലോകത്ത് എവിടെയും അങ്ങനെയാണ്. പണ്ടുമതേ, ഇപ്പോഴുമതേ! ഇന്ത്യയിൽ സ്വാതന്ത്ര്യസമര സേനാനികൾ സ്വാതന്ത്ര്യ സമരം നടത്തിയത് അവരവരുടെ വീടുകളി ഇരുന്നല്ല. പൊതു സ്ഥലങ്ങളിൽ തന്നെയാണ് വിവിധ പ്രക്ഷോഭസമരങ്ങൾ നടത്തിയത്. പൊതുസ്ഥലങ്ങളിൽ ഇതെല്ലാം നിരോധിക്കുന്ന കോടതി പിന്നെ എങ്ങനെയാണ്, എവിടെയെല്ലാമാണ് സമരങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തേണ്ടത് എന്നും കൂടി പറയാൻ ബാദ്ധ്യസ്ഥമല്ലേ?

ഭരണകൂടങ്ങൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്നത് പണ്ടും ഇന്നും ലോകത്തെവിടെയും നടക്കാറുള്ള കാര്യമാണ്. എന്നാൽ കോടതികൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്ന സംഭവം അത്ര സർവ്വസാധാരണമല്ല. ജനാധിപത്യാവകാശങ്ങളെയും അതിൽ ഉൾപ്പെടുന്ന രാഷ്ട്രീയാവകാശങ്ങളെയും ഭരണകൂടം അടിച്ചമർത്തിയാൽ ആ ഭരണകൂടത്തെ അതിൽ നിന്ന് പിന്തിരിപ്പിച്ച് ജനങ്ങൾക്ക് നീതി നൽകേണ്ടതുതന്നെ കോടതികളാണ്. ആ കോടതികൾ തന്നെ ഏതെങ്കിലും ജനാ‍ധിപത്യവിരുദ്ധരും അരാഷ്ട്രീയ വാദികളും സ്വാർത്ഥമതികളുമായ ഹർജിക്കാരെ ശല്യക്കാരായ വ്യവഹാരികളായി കണ്ട് നടപടി സ്വീകരിക്കുന്നതിനു പകരം അത്തരക്കാർക്കനുകൂലമായി വിധി പറയുന്നത് നമ്മുടെ ഭരണ കൂടത്തോടുള്ള് അനാദരവായി ആരെങ്കിലും ഉയർത്തി കാട്ടിയാൽ അതിനെ കുറ്റം പറയാൻ സാധിക്കുമോ? ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളുടെ അസഹിഷ്ണുതയും അലോസരവും തന്മൂലമുണ്ടാകുന്ന ചൊറിച്ചിലും മാറ്റാൻ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ പൌരാവകാശങ്ങളെത്തന്നെ ഇല്ലാതാക്കുന്ന വിധികൾ പറയുന്നത് കോടതികളിൽ പൊതു സമൂഹത്തിനുള്ള വിശ്വാസ്യതയെ തകർക്കാനേ ഉപകരിക്കുകയുള്ളു.

സമരവും പ്രകടനങ്ങളും ജാഥകളും പൊതുയോഗങ്ങളും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ്. പാതയോര പൊതുയോഗ നിരോധനത്തെ ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കോടതിയുടെ പാതയൊര പൊതുയോഗ നിരോധനത്തെ മറികടക്കാൻ സർവ്വരാഷ്ട്രീയ കക്ഷികളുമായി ആലോചിച്ചുതന്നെ പുതിയ നിയമം നിർമ്മിച്ചിരുന്നു. എന്നാൽ ആ നിയമവും ഇപ്പോൾ ഹൈക്കൊടതി മരവിപ്പിച്ചു. ആ മരവിപ്പിക്കലിനെയും ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കാരണം അതിനു ശേഷവും എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതു സ്ഥലങ്ങളിൽ പ്രകടനങ്ങളും സമരങ്ങളും പൊതുയോഗങ്ങളും മറ്റും നടത്തി വരുന്നു. ഈ നിരോധനം എത്രകണ്ട് ജനം പാലിക്കും എന്നത് ഇനിയും കണ്ടറിയേണ്ടതാണ്. ബഹുമാനപ്പെട്ട കോടതികളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ ഇത്തരം ജനവിരുദ്ധമായ വിധികളിൽ നിന്ന് കോടതികൾ ഒഴിഞ്ഞു നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന അഭിപ്രായമാണ് ഈ ലേഖകനെ പോലെ അരാഷ്ട്രീയവാദികളല്ലാത്തവർക്ക് ഉണ്ടാവുക.

ഇപ്പോൾ ജയരാജന്റെ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കോടതി വിധി വന്നിരിക്കുന്നു. അദ്ദേഹത്തിന് ആറുമാസത്തെ വെറും തടവും രണ്ടായിരം രൂപാ പിഴയും വിധിച്ചിരിക്കുന്നു. കോടതികൾക്കെതിരെ വാക്കുകൾ ഉപയോഗിക്കുമ്പോൾ ചില സൂക്ഷ്മതകൾ എല്ലാവരും പുലർത്താൻ ഈ വിധി സഹായിച്ചേക്കാം. എന്നാൽ ഈ വിധിയിലൂടെ ജയരാജൻ ശുംഭൻ പ്രയോഗം നടത്താനുണ്ടായ സാഹചര്യം ഗൌരവമർഹിക്കുന്ന ഒന്നല്ലാതെ വരുന്നില്ല. കോടതിക്ക് വളരെ നിസാരമായി തള്ളിക്കളയാവുന്ന ഒരു പരാമർശമായിരുന്നു ഇത്. ഇത്തരം നിസാര കാര്യങ്ങൾക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നതിനെ പ്രമുഖ അഭിഭാഷകർതന്നെ വിമർശിച്ചിട്ടുണ്ട്. സ്വന്തം നിലപാടിൽ ഉറച്ചുനിന്ന്നേരിട്ട ജയരാജന്റെ ചങ്കൂറ്റം അംഗീകരിക്കേണ്ടതാണ്. ശിക്ഷയെങ്കിൽ ശിക്ഷ എന്ന നിലയിൽ തന്നെ ജയരാജൻ ഇതിനെ കണ്ടത്. ഇത് ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി, മൌലികാവകാശ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം നടത്തിയ ഒരു പോരാട്ടം എന്ന നിലയിൽ തന്നെ കാണാവുനതാണ്. കാരണം ജനാധിപത്യം സംരക്ഷിക്കേണ്ട കോടതിയുടെ ഭാഗത്തു നിന്ന് തന്നെ ജനാധിപത്യ വിരുദ്ധമായ ഒരു വിധിവന്നു എന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹം അത്തരം ഒരു പരാമർശംതന്നെ നടത്താൻ ഇടയായത്.

ഇപ്പോൾ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ജയരാജന്റെ വാദം കോടതി നിരാകരിച്ചു. അദ്ദേഹത്തെ ജയിലിലേയ്ക്കു തന്നെ കൊണ്ടു പോകുന്നു. ഇനി വേണമെങ്കിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകാം. എന്തായാലും അഴിമതിയ്ക്കും പെൺ വാണിഭത്തിനുമൊന്നുമല്ലല്ലോ അദ്ദേഹം ജയിലിൽ പോകുന്നത്. പൌരാവകാശം സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തകരും കോടതിയും തമ്മിലുള്ള ഒരു സംവാദത്തിന്റെ ഒരു പരിണിതഫലം മാത്രമാണ് ഈ വിധി. ഈ ശിക്ഷകൊണ്ട് സി.പി.ഐ.എമ്മോ ജയരാജനോ തകരാൻ പോകുന്നില്ല. പൌരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നായാലും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നാ‍യാലും പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് സി.പി.ഐ.എമ്മിനെ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. പൊതുയോഗവും, സമരവും, പ്രകടനവും, ജാഥയും എല്ലാം എല്ലാവർക്കും വേണം.

പിൻകുറിപ്പ്: ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ജനാധിപത്യത്തിനു മീതെയല്ല ഒരു പൌരനും, ഭരണകൂടവും കോടതികളും!

സൌജന്യ ഹജ്ജ് യാത്രയെപ്പറ്റി

സൌജന്യ ഹജ്ജ് യാത്രയെപ്പറ്റി

ഹജ്ജിനു പോകേണ്ടതിനും ഹജ്ജു ചെയ്യേണ്ടതിനും ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നാണ് എന്റെ അറിവ്. അത്തരം എല്ലാ നിബന്ധനകളെക്കുറിച്ചും വലിയ അറിവില്ലതാനും. ഹജ്ജ് കഴിഞ്ഞ് മടങ്ങിയാലും പിന്നീടുള്ള ജീവിതത്തിലും മുമ്പില്ലാത്ത ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നും കേട്ടിട്ടുണ്ട്. മതപണ്ഡിതന്മാർ പറഞ്ഞുകേട്ടിട്ടുള്ള അറിവികൾക്കു പുറമേ എന്റെ കുടുംബത്തിലുള്ള പലരും ഹജ്ജിനു പോകുകയും മടങ്ങി വരികയും ഒക്കെ ചെയ്യുമ്പോൾ കുടുംബ സദസുകളിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഹജ്ജ് സംബന്ധമായ ചില അറിവുകൾ ലഭിക്കാറുണ്ട്. അതിനൊക്കെ എത്രത്തോളം ആധികാരികതയുണ്ടെന്ന് അറിയില്ല.

എന്തായാലും സാമ്പത്തികമായി ശേഷിയുള്ളവർക്കാണ് ഹജ്ജ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഹജ്ജിനു പോകാനുള്ള ചെലവുകൾ നിർവ്വഹികാൻ കഴിയാത്തവർ ഹജ്ജ് അനുഷ്ടിക്കണമെന്ന് നിർബന്ധമില്ല എന്ന് പല മത പണ്ഡിതന്മാരും പറഞ്ഞറിഞ്ഞറിവുണ്ട്. ഹജ്ജിനു പോകുന്നവർ തങ്ങൾക്ക് ആരുമായെങ്കിലും വല്ല സാമ്പത്തിക ബാദ്ധ്യതയും ഉണ്ടെങ്കിൽ അതൊക്കെ തീർക്കുകയും വേണ്ടപ്പെവർ ആരെങ്കിലുമായി വല്ല വിരോധവും ഉണ്ടെങ്കിൽ അതൊക്കെ അവസാനിപ്പിച്ച് എല്ലാവരുടെയും പൊരുത്തമൊക്കെ വാങ്ങി ശുദ്ധമനസോടെ ഹജ്ജിനു പോകണമെന്നാണ്. അതിൻപ്രകാരം ചിലരൊക്കെ ഹജ്ജ്സമയത്ത് ശത്രുക്കളെപ്പോലും കണ്ട് കെട്ടിപ്പിടിച്ച് പരസ്പരം സൌഹൃദപ്പെടുന്നതും സന്തോഷത്തോടെ യാത്രയാക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്.എന്തായാലും ഹജ്ജിനു പോകുന്ന സന്ദർഭങ്ങൾ മുസ്ലിം വീടുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഹജ്ജിനു പോകുക എന്നത് ഒരു മുസ്ലിം വിശ്വാസിയെ സംബന്ധിച്ച് ഒരു സ്വപ്നവുമാണ്.

ഇപ്പോൾ ഇവിടെ ഈ കുറിപ്പ് എഴുതാൻ കാരണം ഇന്ന് ഒരു പത്രത്തിൽ കണ്ട വാർത്തയാണ്. കുറച്ച പാവങ്ങൾക്ക് ഹജ്ജിനു പോകാൻ ഓരോ വർഷവും സൌദി സർക്കാരിൽനിന്ന് സഹായം ലഭിക്കുമത്രേ. ഇത്തവണ അങ്ങനെ ഇരുപത് പേർക്ക് സൌജന്യ ഹജ്ജ് യാത്ര തരപ്പെട്ടു. പാവപ്പെട്ടവരെ ഉദ്ദേശിച്ചാണ് സൌദി സർക്കാർ ഈ സൌജന്യ ഹജ്ജ് യാത്ര നൽകുന്നത്. എന്നാൽ ഇത്തവണ ഇവിടെ ആ സൌജന്യം പറ്റി ഹജ്ജിനു പോകുന്നവരൊന്നും പാവങ്ങളല്ലത്രേ. ചില മുസ്ലിം ലീഗ് നേതാക്കളും തീരെ പാവങ്ങളല്ലാത്ത ചിലരും ആണത്രേ പാവങ്ങൾക്കുള്ള സൌജന്യം തട്ടിയെടുത്ത് ഹജ്ജിനു പോകുന്നത്. പാണക്കാട് കുടുംബത്തിൽ പെട്ടവർ പോലും ഈ ആനുകൂല്യം പറ്റി ഹജ്ജിനു പോകുന്നുണ്ടത്രേ. പാണക്കാട് കുടുംബം അടുത്തിടെയെങ്ങാനും തീരെ പാപ്പരീകരിക്കപ്പെട്ടു എന്ന വാർത്തകൾ വല്ലതും നമുക്ക് മിസ് ആയോ ആവോ! എം. ഐ.ഷാനവാസ് എം.പിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൌഹൃദ സംഘവും സൌദി സർക്കാരിന്റെ പ്രത്യേക ക്ഷണിതാക്കളായി ഇത്തവണ ഹജ്ജിനു പോകുന്നുണ്ട്. ഇത് സൌജന്യമല്ലെങ്കിലും ഈ ലിസ്റ്റിലും അനർഹരാണത്രേ കടന്നുകൂടിയിരിക്കുന്നത്.

സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർന്ധമുള്ളത്. അല്ലാത്തവരെ നിർബന്ധിച്ചാലും പാവങ്ങൾക്ക് പോകാൻ കഴിയില്ലല്ലോ. ഹജ്ജിനു പോകാൻ സർക്കാരിൽ നിന്ന് സബ്സിഡി നൽകുന്നുണ്ട്. സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർബന്ധമുള്ളത് എന്നിരിക്കെ സർക്കാരിൽ നിന്ന് സബ്സിഡി വാങ്ങുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിച്ച് ബാബറി മസ്ജിദ് ആക്ഷൻ കൌൺസിൽ നേതാവായിരുന്ന സയ്യദ് ഷിഹാബുദ്ദീൻ മുമ്പ് ഏതോ ഒരു പത്രത്തിൽ ലേഖനമെഴുതിയിരുന്നത് ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുകയാണ്. .കാശുള്ളവരാണല്ലോ ഹജ്ജിനു പോകുന്നത്. അഥവാ അവരാണല്ലോ പോകാൻ നിർബന്ധിതർ. അവർക്കുപിന്നെ സബ്സിഡി എന്തിന്? അവർക്ക് അനുവദിക്കുന്ന സബ്സിഡി ഒഴിവാക്കി ആ തുകയിൽ കുറച്ചു പാവങ്ങളെ ഹജ്ജിനയച്ചാൽ അതല്ലേ കൂടുതൽ പുണ്യം.സബ്സിഡി വാങ്ങിയുള്ള ഹജ്ജ് യാത്രയെപോലും ചില മുസ്ലിം പണ്ഡിതന്മാരെങ്കിലും അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത.

പാവങ്ങൾക്ക് സൌദി സർക്കാർ അനുവദിക്കുന്ന സൌജന്യ ഹജ്ജ് യാത്രാ ആനുകൂല്യം സർക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് പാവങ്ങളല്ലാത്തവർ തട്ടിയെടുത്ത് ഹജ്ജ് ചെയ്താൽ അത്.. ...... വേണ്ട, അവർ ഒരു പുണ്യ കർമ്മത്തിനു പോയിരിക്കുകയല്ലേ? അതുകൊണ്ട് കൂടുതൽ എന്തെങ്കിലും ഞാൻ ഇപ്പോൾ എഴുതുന്നില്ല.ഞാൻ ഇതെഴുതാൻ കാരണം, എന്റെ നാട്ടിൽ മരിക്കുന്നതിനുമുമ്പ് ഒന്നു ഹജ്ജിനുപോകാനുള്ള നിവൃത്തി ഉണ്ടായില്ലല്ലോ എന്ന് വിലപിക്കുന്ന ധാരാളം പാവപ്പെട്ട നിഷ്കളങ്കരായ മുസ്ലിങ്ങളുണ്ട്. അങ്ങനെയുള്ള പാവങ്ങളായ ചിലർക്കെങ്കിലും സൌജന്യമായി ഹജ്ജ് ചെയ്ത് ജിവിതസായൂജ്യം നേടാൻ സാധിതമാകുന്ന ഒരു ആനുകൂല്യം സ്വയം തട്ടിയെടുത്ത് അനർഹാരായവർ ഹജ്ജ് യാത്രചെയ്യുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നുമാത്രം.

ഹജ്ജ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അതെങ്ങനെ ആയിരിക്കണം എന്നും ഒക്കെയുള്ള കാര്യങ്ങൾ അവരവരുടെ വ്യക്തിപരമായ കാര്യമാണ്. ഞാൻ വായിച്ച പത്രവാർത്ത സത്യമാണെങ്കിൽ അനർഹമായ മാർഗത്തിൽ ഹജ്ജ് ചെയ്യുന്നവർക്ക് ഒരു മന:സാക്ഷിക്കുത്തും ഇല്ലല്ലോ എന്നത് അദ്ഭുതകരം തന്നെ എന്ന് പറയാതിരിക്കാനാകുന്നില്ല. അവരുടെ ഹജ്ജ് സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന് തീർപ്പു കല്പിക്കാൻ ഞാൻ ആളല്ല. ഞാൻ ഒരു മതപണ്ഡിതനും അല്ല. അതൊക്കെ മത പണ്ഡിതന്മാർ പറയട്ടെ. അല്ലെങ്കിൽ അങ്ങ് സുബർക്കത്തിൽ തീരുമാനിക്കട്ടെ! മേലില്‍ ഇതൊന്നും ആരും ആവര്‍ത്തിക്കാതിരിക്കട്ടെ!

വാലെഴുത്ത്: വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്കില്ല; ഒരു വിഭാഗം വിശ്വാസികളും പുരോഹിതന്മാരും തന്നെ ആയിരിക്കും!

Wednesday, November 9, 2011

ബ്ലോഗെഴുത്തിനെതിരെ ഒരു ടോയ്‌ലെറ്റ്മൌത്ത്

ഈ ലേഖനം ആദ്യം പോസ്റ്റ് ചെയ്ത എന്‍റെ അഭിപ്രായബ്ലോഗം എന്ന ബ്ലോഗിലും കമന്റുകൾ സഹിതം വായിക്കാവുന്നതാണ്
http://easajimabhiprayangal.blogspot.com/2011/11/blog-post_9515.html

ബ്ലോഗെഴുത്തിനെതിരെ ഏതോ ഒരു ടോയ്‌ലെറ്റ്മൌത്ത്

(പുവ്വാൻപറയെന്നേ! അല്ലപിന്നെ!)

ദേശാഭിമാനി ഓൺലെയിനിൽ ഏതോ ഒരു ചവറെഴുത്തുപുള്ളി ബ്ലോഗെഴുത്തിനെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തോട് നടത്തിയ പ്രതികരണം. ആ ചവറു ലേഖനത്തിലേയ്ക്കുള്ള ലിങ്ക് ഇതാ

http://www.deshabhimani.com/newscontent.php?id=80962

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ദേശാഭിമാനിയുടെ ചുവരിൽ ബ്ലോഗെഴുത്ത് ടോയ്‌ലറ്റ് സാഹിത്യമാണെന്നൊക്കെ എഴുതിപ്പിടിപ്പിക്കാൻ ഇടം നൽകിയതിൽ ആയിരക്കണക്കിനു മലയാളം ബ്ലോഗ്ഗർമാരെ സ്വയം പ്രതിനിധീകരിച്ച് പ്രതിഷേധിക്കുന്നു. ഏതായീ ഇന്ദു മേനോൻ? പേപ്പറിൽ ടോയ്‌ലറ്റ് സാഹിത്യം എഴുതുന്ന ആളാണെന്ന് പറയാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല. ചവറെഴുത്തെന്ന് വേണമെങ്കിൽ പറയാം. ബ്ലോഗെഴുത്തിനു നിലവാരം കുറവാണെന്ന് എഴുതിയാൽ അതിനൊരു മര്യാദയൊക്കെയുണ്ട്. ടോയ്‌ലറ്റ് സാഹിത്യം എന്ന പ്രയോഗം നടത്തിയതു വഴി ഇന്ദു മേനോന്റെ സംസ്കാര ശൂന്യത വെളിപ്പെടുത്തിയതിനു നന്ദി! ബ്ലോഗെഴുത്തിനെ ടോയ്ലറ്റ് സാഹിത്യം എന്നു വിളിക്കുന്നവരുടെയൊക്കെ നാവിനെയാണ് ഈ പച്ചമലയാളത്തിൽ കക്കൂസ് വായ എന്നു പറയുന്നത്.

സാധാരണ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്ത ചില വിഡ്ഡികളാണ് ഇന്റെർനെറ്റ് സാഹിത്യത്തെ വിമർശിക്കുന്നത്. ഇതിപ്പോൾ ഇവർ അങ്ങനെയാണോ എന്നറിയില്ല. നിങ്ങൾ പേപ്പറിലെഴുത്തുകാർ എങ്ങനെയൊക്കെയാണ് ആനുകാലികങ്ങളിൽ നിങ്ങളുടെ വികല സൃഷ്ടികൾ തിരുകിക്കയറ്റി ഉൽകൃഷ്ട സാഹിത്യകാരാകുന്നതെന്നു നമുക്കൊക്കെ അറിയാം. ആണുങ്ങളായിരുന്നെങ്കിൽ കുറച്ചുകൂടി തെളിച്ചു പറയാമായിരുന്നു. സ്ത്രീകളെ ബഹുമാനിക്കാനുള്ള വിവരമൊക്കെ ബ്ലോഗെഴുത്തുകാർക്കുണ്ട് എന്നതിനാൽ കടുപ്പിക്കുന്നില്ല. പുസ്തകം ഇറക്കുന്നതു തന്നെ പലരും ഇപ്പോൾ പ്രസാധകർക്ക് അങ്ങോട്ട് പണംകൊടുത്തും മണിയടിച്ചുമാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ആരും അത്രയ്ക്കങ്ങോട്ട് ഞെളിയേണ്ട. ബ്ലോഗെഴുത്തിനെ വെറും ചുവരെഴുത്തെന്ന് ആരോപിക്കുന്ന മുഖ്യധാരാ (എന്തു മുഖ്യധാര? ഒലക്കേട മൂട്!) എഴുത്തുകാരിൽ പലരും അക്ഷരത്തെറ്റില്ലാതെ ടോയ്ലീറ്റിൽ നാല് ചീത്തയെഴുതിവയ്ക്കാൻ കഴിയാത്തവരാണ്.

ബ്ലോഗിൽ നല്ലതും ചീത്തയും വരുന്നുണ്ട്. പ്രിന്റെഴുത്തിലും നല്ലതും ചീത്തയും വരുന്നുണ്ട്. അതുപോലെ സാഹിത്യകാരിൽ നല്ലവരും ചീത്തവരും ഉണ്ട്. ഇന്ദുമേനോനെ പോലെയുള്ളവരും അല്ലാത്തവരും ഉണ്ട്. ഇന്ദുമേനോൻ സാറ് ബ്ലോഗുകൾ വായിക്കണമെന്നില്ല. എഴുതണം എന്നും ഇല്ല. എന്തായാലും ബ്ലോഗുകൾ ആയിരക്കണക്കിന്, പതിനായിരക്കണക്കിനാളുകൾ വായിക്കുന്നുണ്ട്. നിങ്ങളുടെ പുസ്തകങ്ങൾ പലതും പലയിടത്തും മാറാല പിടിച്ചിരിക്കുന്നുണ്ടാകും. ആനുകാലികങ്ങൾ പലതും വീടുകളിലെ സിറ്റ്-ഔട്ടുകളിലെ അലങ്കാര വസ്തുക്കളാണ്. അതൊക്കെ എത്രപേർ തുറന്നു നോക്കുന്നു? ചുമ്മാ പിള്ളേർ കീറിക്കളിക്കുന്നു. പ്രബല ആനുകാലികങ്ങൾ പലതും എത്ര കോപ്പി അടിക്കുന്നുണ്ടെന്നും എത്ര വിറ്റു പോകുന്നുണ്ടെന്നും എല്ലാവർക്കുമറിയാം. പലരും പരസ്യത്തിനും പ്രതാപത്തിനും വേണ്ടി അങ്ങ് അടിച്ചു വിടുന്നുവെന്നേയുള്ളൂ. പറഞ്ഞാൽ ഒരുപാടുണ്ട്. ബാക്കി ഞങ്ങൾ ബ്ലോഗുകളിൽ ലിങ്ക് സഹിതം ഇട്ട് പറഞ്ഞുകൊള്ളാം.

എല്ലാ മാധ്യമങ്ങളെയും സഹിഷ്ണുതയൊടെ നോക്കിക്കാണാൻ എഴുത്തുകാരി എന്നോ എഴുത്തുകാരൻ എന്നോ ഉള്ള ജാഡയുള്ളതുകൊണ്ട് മാത്രം കഴിയില്ല. അതിനു അല്പസ്വല്പം വിവരമൊക്കെ വേണം. നമ്മൾ മേലാളരും മറ്റുള്ളവർ കീഴാളരും എന്ന ചിന്ത കൈവെടിയുക. അവനവൻ പ്രസാധനത്തിന്റെ ന്യൂനതകൾ പൊറുക്കാം. പക്ഷെ പ്രിന്റെഴുത്തിന്റെ ന്യൂനതകൾ പൊറുക്കാനാകില്ല. കാരണം അത് എഡിറ്ററുടെ കൈകടത്തി വരുന്നതാണ്. പക്ഷെ എന്നിട്ടു പോലും ഇന്ദു മേനോനെ പോലെയുള്ള പ്രിന്റ് സാഹിത്യക്കാരിൽ നിന്നും ടൊയ്ലറ്റ്-സോറി ഞങ്ങൾ അത്തരം വാക്കുകൾ ഉപയോഗിക്കില്ല- നിലവാരമില്ലാത്ത സാധനങ്ങളാണല്ലോ വരുന്നത്. കാരണം പത്രമാഫീസിലെ സ്വന്തക്കാരാണല്ലോ ഇവരിൽ പലരെയും സാഹിത്യകാരാക്കുന്നത്!

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായിക്കൊണ്ടിരിക്കുന്ന ഇന്റെർനെറ്റ് എഴുത്തിന്റെ അനന്തമായ സാദ്ധ്യതകൾ മനസിലാക്കാതെ എന്തെങ്കിലും വിഡ്ഡിത്തം എഴുന്നള്ളിച്ച് ആരും സ്വയം അപഹാസ്യരാകാതിരിക്കുക. ബ്ലോഗുകൾ ഉൾപ്പെടെയുള്ള നെറ്റകത്തെ എഴുത്തും വരയും വായനയും പോഡ്കാസ്റ്റിംഗും വീഡിയോ പബ്ലിഷിംഗും എല്ല്ലാം ഇന്ന് പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ സാഹിത്യ മൂല്യവും ജനാധിപത്യമൂല്യവും ഒക്കെ വിവരമുള്ളവർ ഏറേ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ടോയ്ലറ്റ് നാവുമായി ( പറയേണ്ടെന്നു വച്ചാലും അങ്ങനെ തന്നെ മറുപടി പറഞ്ഞുപോകുകയാണ്) ഇങ്ങനെ ചില ഇന്ദു മേനോൻമാർ പ്രത്യക്ഷപ്പെടുന്നത്. ഈ പറയുന്ന ഇന്ദു മേനോൻ ഇത്ര അഹങ്കരിക്കാൻ മാത്രം എന്തെങ്കിലും സംഭാവനകൾ മലയാള സാഹിത്യത്തിനു ചെയ്തിട്ടില്ല.

ദേശാഭിമാനി അടക്കം നല്ല വാർത്തകളും എഡിറ്റോറിയലുകളും ഷെയർ ചെയ്യുകയും ആ പത്രത്തിന്റെ വരിക്കാരായിരിക്കുകയും ചെയ്യുന്നവരാണ് ബ്ലോഗ്ഗർമാരിൽ നല്ലൊരു പങ്ക്. ഈ ഇന്ദു മേനോൻ ഒരു പക്ഷെ ദേശാഭിമാനിയുടെ വരിക്കാരി പോലും ആയിരിക്കില്ല എന്ന വിവരം ദേശാഭിമാനി മാനേജ്മെന്റ് ഓർക്കുക. ദേശാഭിമാനി ആ ടോയ് ലെറ്റ് പ്രയോഗം എടുത്തു മാറ്റിയിട്ട് അവിടെ വല്ല നിലവാരമില്ലാത്ത എഴുത്തെന്നോ മറ്റോ തിരുത്തണം. ബ്ലോഗെഴുത്തിനെ മ്ലേച്ഛഭാഷയിൽ വിമർശിച്ച ഈ അന്തർദേശീയ എഴുത്തുകാരിയ്ക്ക് ഇനിയും ചവറുകൾ എഴുതാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു!

Friday, November 4, 2011

പെട്രോൾവില

പെട്രോൾ വില വീണ്ടും കൂട്ടി

ഇതു നാലാം തവണയാണ് പെട്രോൾ വില കൂട്ടുന്നത്. എണ്ണ വില കൂടുന്നതിനെക്കുറിച്ച് ഇനി സർക്കാരിനോട് പരാതിപ്പെട്ടിട്ടും കാര്യമില്ല. എണ്ണ വില തീരുമാനിക്കുവാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തല്ലോ. അന്ന് പ്രതിപക്ഷം മാത്രമല്ല ഭരണ പക്ഷത്തുള്ള ചിലരുംകൂടി ഇതിന്റെ അപകടം ചൂണ്ടിക്കാട്ടിയിരുന്നതാണ്. കഴിഞ്ഞ ഡിസംബർ മാസം മുതൽ കണക്കുകൂട്ടിയാൽ തന്നെ ഇത് ആറാം തവണയാണ് എണ്ണ വില കൂട്ടുന്നത്. ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും കൂടാൻ പോവുകയാണ്. കഴിഞ്ഞ പ്രാവശ്യം എണ്ണ വിലകൂട്ടിയപ്പോഴും സ്വാഭാവികമായും പലതരത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും നടന്നു. കേരളത്തിൽ ഇടതുപക്ഷം എണ്ണ വിലവർദ്ധനവിനെതിരെ തെരുവിൽ സമരങ്ങളും ഹർത്താലുകളും മറ്റും നടത്തിയപ്പോൾ സമരവിരോധികൾ ചോദിക്കുകയുണ്ടായി; പൊതു ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരങ്ങളും ഹർത്താലുകലും മറ്റും നടത്തിയാൽ എണ്ണവില കുറയ്ക്കുമോ എന്ന്! ശരിയാണ്. കേരളത്തിൽ മാത്രമാണല്ലോ ശക്തമായ പ്രതിഷേധം ഉണ്ടായത്. അതാകട്ടെ ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിലും. ഇടതുപക്ഷത്തിന് ശക്തമായ സമരം നടത്താൻ കേരളത്തിലല്ലേ കഴിയൂ. അപ്പോൾ എണ്ണവില വർദ്ധിക്കുന്നതിലല്ല, അതിനെതിരെ സമരം ചെയ്യുന്നതിലാണ് ഇടതുവിരോധികൾ പാതകം കണ്ടെത്തിയത്. ഇവിടെ സമരം നടത്തിയിട്ടെന്ത്? ഹർത്താൽ നടത്തിയിട്ടെന്ത്? ജനങ്ങളെ ബുദ്ധിമുട്ടിക്കാം എന്നല്ലാതെ! ഇതായിരുന്നു അവരുടെ ചോദ്യവും പറച്ചിലും. ഇനിയായാലും അതങ്ങനെതന്നെ ആയിരിക്കും.

സമരവിരോധികൾ അഥവാ ഇടതുവിരോധികൾ ആ പറഞ്ഞതിൽ ഒരു കാര്യമുണ്ട്. കേരളത്തിൽ മാത്രം പ്രതിഷേധമുണ്ടായിട്ടോ തെരുവിലിറങ്ങിയിട്ടോ കാര്യമെന്ത് ? മറ്റെങ്ങും സമരം ചെയ്യാൻ മാത്രം ശക്തി ഇടതുപക്ഷത്തിനില്ലല്ലോ. മറ്റ് സംസ്ഥാനങ്ങളിൽ വർഗ്ഗീയ കലാപങ്ങളുണ്ടാക്കുവാനും, ഗർഭിണികളുടെയടക്കം കുടൽമാല കുത്തി പുറത്തു ചാടിക്കാനും, ചാവേറുകളായി സ്വയം പൊട്ടിത്തെറിക്കാനും, ബോബ് വച്ച് നിരപാരാധികളെ കൊല്ലാനും, അവരവരുടെ മതരാഷ്ട്രവും മതലോകവും സൃഷ്ടിക്കുവാനും ഇറങ്ങിത്തിരിക്കുവാൻ ആളുകൾ ഒരുപാടുണ്ട്. പക്ഷേ വിലവർദ്ധവവ് പോലെ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യാൻ ആരുമുണ്ടാകില്ല. കേരളത്തിനും ആ ഒരു സ്വഭാവം കൈവന്നുകൂടെന്നില്ല എന്ന സൂചനകൾ ഉണ്ട് എന്നത് കാണാതിരിക്കുന്നില്ല. അരാഷ്ട്രീയവാദം ശക്തിപ്പെടുന്നത് അത്തരം സാമൂഹ്യാവസ്ഥകൾ സൃഷ്ടിക്കുവാൻ ഒരു കാരണവുമാകും. എന്തായാലും ഇനിയിപ്പോൾ കേരളത്തിൽ ഇടതുപക്ഷത്തിനു പോലും സമരമൊന്നും ച്ചെയ്യാൻ കഴിയില്ല. കാരണം തെരുവിൽ പ്രകടനം, പൊതുയോഗം തുടങ്ങിയ ജനാധിപത്യ പ്രവർത്തനങ്ങളൊന്നും നടത്തിക്കൂടെന്ന് കോടതി പറഞ്ഞിരിക്കുന്നു. എണ്ണ വില വർദ്ധനവല്ല, ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന എന്ത് കാര്യം സംഭവിച്ചാലും ജനം പ്രതിഷേധിക്കരുത്. അഥവാ ആർക്കെങ്കിലും വല്ല പ്രതിഷേധമോ ഉണ്ടെങ്കിൽ അവനവന്റെ വീട്ടിലിരുന്ന് ആയിക്കൊള്ളണം. തെരുവോരത്ത് പൊതുയോഗം പാടില്ല. പൊതുസ്ഥലങ്ങളിലൂടെ പ്രകടനം നടത്തിക്കൂട. അതൊക്കെ കോടതിയലക്ഷ്യങ്ങളാണ്.

ഇനിയും ബസ് മുതലാളിമാർ വണ്ടിക്കൂ‍ലി കൂട്ടാനായി വീണ്ടും സമരം തുടങ്ങും. അവർക്ക് സമരം തുടങ്ങാൻ തെരുവിലിറങ്ങണ്ടല്ലോ. ബസുകൾ അവരവരുടെ ഷെഡ്ഡിൽ കയറ്റിയിട്ടാൽ മതി. കോടതിയലക്ഷ്യത്തിന്റെ പ്രശ്നങ്ങളുമില്ല. വില കുറയ്ക്കണമെന്നു പറഞ്ഞാൽ എണ്ണക്കമ്പനികൾക്ക് എണ്ണമുടക്കി വേണമെങ്കിൽ പ്രതിഷേധിക്കാം. അതിലും കോർട്ടലക്ഷ്യം ഇല്ല. സാധാരണ ജനങ്ങൾക്ക് ആകെ ഇനിയുള്ള മാർഗ്ഗം അവനവന്റെ വണ്ടി ഷെഡിലിട്ട് പാവൽ പടർത്തുക. അവനവന്റെ തടിയും ഷെഡ്ഡിൽ ഇട്ട്- അതായത് അവനവന്റെ വീട്ടിലിരുന്ന് പല്ലുകടിക്കുക. സങ്കടം വരുന്നെങ്കിൽ കരയുക. അവരവരുടെ വീട്ടിൽ കെട്ടിത്തൂങ്ങി ചാവാനും തടസമില്ല. ചാകുമ്പോൾ ഒരു കേസെടുക്കും. അത് ചാകുന്നവരെ ബാധിക്കുകയുമില്ല. ഇനി ഇതൊന്നും ചെയ്യാൻ കഴിയാത്തവർ കടയിൽ പോയി ഓരോ റബ്ബർ ബാൻഡ് വാങ്ങുക. അതിന്റെ ഒരു തുമ്പ് ഇടത്തേ കയ്യിലും മറ്റേത്തുമ്പ് വൽകത്തേക്കൈയ്യിലും പിടിക്കുക. എന്നിട്ട് എന്താണ് ചെയ്യേണ്ടതെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്താ, മനസിലായില്ലെന്നുണ്ടോ? വലിച്ചോണ്ടിരിക്കുക; അത്രതന്നെ! വായ അപ്പോഴും ഫ്രീയായിരിക്കും എന്ന സൌകര്യം പ്രയോജനപ്പെടുത്തി ഇടയ്ക്കിടെ പൊതുയോഗം, പ്രകടനം, ഹർത്താൽ, മറ്റ് സമരങ്ങൾ ഇവയ്ക്കൊക്കെ എതിരെ മുടിഞ്ഞ നാക്കുകൾകൊണ്ട് പുലമ്പുകയും അരാഷ്ട്രീയവാദം അരക്കിട്ടുറപ്പിക്കുകയും ആവാം! ചില നല്ല മുദ്രാവാക്യങ്ങൾ മുഴക്കി ഈ പോസ്റ്റിൽ നിന്നും വിരമിക്കാം;

എണ്ണക്കമ്പനികൾ നീണാൾ വാഴട്ടെ!
കൂടട്ടെ വിലകൂടട്ടെ! കൂടട്ടങ്ങനെ കൂടട്ടെ!
കേന്ദ്ര-യു,പി. സർക്കാർ സിന്ദാബാദ്!
ഹായ്, ഹായ് ഉദാരവൽക്കരണം!
ഹായ്, ഹായ് സ്വകാര്യവൽക്കരണം!
ഹോയ് ഹോയ് ആഗോളവൽക്കരണം!
മൻമോഹൻസിംഗ്ജി കീ ജയ്!
ഭേഷ് ഭേഷ് മുതലാളിത്തം!
ആരാടായീ പാവങ്ങൾ?
വാടാ വാടാ പോരിനു വാടാ!
അണ്ടാമുണ്ടാ അടകോടാ;
മിണ്ടിപ്പോയാൽ കൊണ്ടറിയാം!

Wednesday, November 2, 2011

ജാതിഭേദം മതദ്വേഷം

ജാതിഭേദം മതദ്വേഷം

ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്. ആണോ? ആണെന്ന പലരും കവിവാക്യത്തെ പലരും കൂട്ടുപിടിക്കുന്നത് തങ്ങളുടെ പ്രഭാഷണങ്ങളെയോ എഴുത്തിനെയോ കൊഴുപ്പിക്കുവാൻ വേണ്ടി മാത്രമാണ്. ജാതിബോധവും മതബോധവും അത്രവേഗം ആരുടെയും മനസിൽനിന്ന് ഒഴിഞ്ഞുപോകുന്ന ഒന്നല്ല. മതബോധം വെടിഞ്ഞിട്ടുവേണ്ടേ ജാതിബോധം വെടിയാൻ. അഥവാ ജാതിബോധം വെടിഞ്ഞിട്ടു വേണ്ടേ മതബോധം വെടിയാൻ. രണ്ടും പരസ്പരം വേർപെടുത്താനാകാത്തതാണല്ലോ. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും ജാത്യദുരഭിമാനം പേറുന്ന മാതൃകാ സ്ഥാനമാനിതെന്ന് ആരും പറയാൻ ഇടവന്നുകൂടാത്തതാണ്. സാധാരണക്കാർകിടയിൽ ജാതി-മത ചിന്തകളൊക്കെ നിലനിക്കുന്നത്, അഥവാ ബോധപൂർവ്വംതന്നെ നിലനിർത്തുന്നത്, ഒക്കെ നമുക്ക് മനസിലാക്കാം. എന്നാൽ ജാതിക്കും മതത്തിനും അതീതമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർ , അഥവാ പ്രവർത്തിക്കേണ്ടവർ മേലാള-കീഴാള ചിന്തകൾ ഒരുപക്ഷെ അവരുടെ മനസിൽ ഉണ്ടെങ്കിൽത്തന്നെ ഏത് സാഹചര്യത്തിലായാലും അത് പ്രകടിപ്പിക്കാമോ? പ്രത്യേകിച്ചും പൊതുപ്രവർത്തകർ. അത് ജനപ്രതിനിധികൾ തന്നെയായാലോ? സ്ഥിതി അതീവ ഗൌരവതരമാകുന്നു. ആത്മാവും മരണാനന്തരജീവിതവുമൊക്കെ ഉണ്ടെന്നു വിശ്വസിച്ചാൽ, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റ് അയിത്താചാരങ്ങളുമായി മേലാള കീഴാള ഉച്ചനീചത്വങ്ങൾകൊണ്ട് കൊണ്ട് കാടും പടലും പിടിച്ചു കിടന്നിരുന്ന സമൂഹത്തെ ഉഴുതുമറിച്ച് സംസ്കരിച്ച് മാനവികതയുടെ പുതുനാമ്പുകൾ വിളയിപ്പിച്ച നമ്മുടെ പൂർവ്വികരായ സാമൂഹ്യപരിഷ്കർത്താക്കളുടെ ആത്മാക്കൾ അവരുടെ സമയനഷ്ടങ്ങളെയോർത്ത് ഇന്ന് വിലപിക്കുന്നുണ്ടാകണം.

നാഴികയ്ക്ക് നാൽ‌പത് പ്രാവശ്യം ഭരണഘടനയെയും, നിയമങ്ങളെയും നാവിൻ തുമ്പിലിട്ട് അമ്മാനമാടുന്നവർതന്നെ മനസു നിറച്ചും ജാത്യാഭിമാനവും പരജാതിപുച്ഛവും കൊണ്ടുനടക്കുന്നവരാണെന്ന് ഇടയ്ക്കെങ്കിലും വിളിച്ചു പറയുന്നത് നമ്മുടെ സമൂഹത്തെപ്പറ്റി ചിലതൊക്കെ നമ്മെ ഓർമ്മിപ്പിക്കുകയാണ്. കോരന് കഞ്ഞി കുമ്പിളിലല്ലാതെ ഇന്നും ലഭിക്കുന്നുണ്ടെങ്കിൽ കോരനു വെള്ളം കൊടുത്ത പാത്രത്തിൽ പിന്നെ കോരനല്ലാത്ത ആരെങ്കിലും ആ പാത്രത്തിൽ വെള്ളം കുടിയ്ക്കാറുണ്ടോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ഭരണഘടനയെയും നിയമങ്ങളെയും ഭയന്നും ചിലരൊക്കെ ബഹുമാനിച്ചും കീഴ്ജാതിക്കാരെ അംഗീകരിക്കുന്നുവെന്നല്ല, മനസുനിറഞ്ഞ അസഹിഷ്ണുതകളോടെ സഹിക്കുന്നുവെന്നാണ് പറയേണ്ടത്. ഒരു പക്ഷെ നമുക്ക് ഇവിടെ ഇങ്ങനെ ഒരു ഭരണഘടനയും നിയമങ്ങളും അവയിലെ സംരക്ഷണപരമായ ചില വിവേചനങ്ങളും (പ്രൊട്ടക്ടീവ് ഡിസ്ക്രിമിനേഷൻ) സംവരണങ്ങളും ഒന്നും ഇല്ലായിരുന്നെങ്കിൽ നമ്മുടെ രാജ്യത്തെ ദളിത് ജനവിഭാഗങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു? നവോത്ഥാന നായകന്മാർ ഉഴുതുമറിച്ചു, പരിഷകരിച്ചു എന്നൊക്കെ പറഞ്ഞിട്ട് പിന്നെ എന്ത് കാര്യം ഉണ്ടാകുമായിരുന്നു? അയിത്തം ഇന്നും മനസിൽ ഒരാചാരമായി കൊണ്ടുനടക്കുന്നവരുള്ള ഒരു സമൂഹത്തിൽ നിയമത്തിന്റെ പിൻബലം ഇത്രയെങ്കിലും ലഭിച്ചിരുന്നില്ലെങ്കിൽ ഇനിയുമെത്ര സാമുഹ്യപരിഷ്കർത്താക്കളും അയിത്തോച്ചാടന പ്രസ്ഥാനങ്ങളും ഇവിടെ ഉണ്ടാകേണ്ടി വരുമായിരുന്നു?

ഇവിടെ സാക്ഷര കേരളത്തിൽ നിയമനിർമ്മാണസഭയിലേയ്ക്ക് കീഴാളമേലാള വ്യത്യാസമില്ലാതെ എല്ലാവരുടെയും വോട്ട് തേടി, വോട്ട് നേടി, നാനാജാതി മതസ്ഥരുടെയും പ്രതിനിധികളായി എത്തിച്ചേരുന്നവർ തങ്ങളെപോലെ വിജയിച്ചുവരുന്ന ദളിതരായ ജനപ്രതിനിധികളെ ജാതിക്കണ്ണുകൊണ്ട് ഒളിഞ്ഞു നോക്കുന്നവരാണെന്ന സത്യം അവരിൽ ആരുടെയെങ്കിലും നാക്കുദോഷംകൊണ്ടെങ്കിലും വെളിപ്പെടുത്തിയാൽ പരിഷ്കൃത മനുഷ്യരെന്ന് നമ്മൾ പിന്നെ ഊറ്റം കൊണ്ടിട്ട് എന്തുകാര്യം? ജനങ്ങൾ പിന്തുണച്ചയക്കുന്ന ഒരു നിയമനിർമ്മാണസഭാംഗത്തിന്റെ ഉള്ളിൽ ജാത്യാഭിമാനവും മേലാള കീഴാള ചിന്തയും അനിയന്ത്രിതമായി കുടികൊള്ളുന്നുവെങ്കിൽ, തന്നേക്കാൾ താഴ്ന്നതെന്ന് താൻ സ്വയം കരുതുന്ന ഒരു ജാത്യാഭിമാനി ഒരു ദളിത് സാമാജികനെ പരസ്യമായി അസ്ഥാനത്ത് ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുന്നുവെങ്കിൽ അത് ആധുനിക സമൂഹം ഗൌരവത്തോടെ തന്നെ കാണണം. അതിനു ചികിത്സയും വേണം. മേലിൽ ആരും നാവുളുക്കുമ്പോൾ ആരെയും ജാതിവിളിയ്ക്കാതിരിക്കാൻ നിയമവും സമൂഹവും ജാഗരൂകമാകണം. കാരണം ഇത് ഒരു നല്ല സൂചനയല്ല. ഇവിടെ ജാതി വിളിച്ചത് പി.സി.ജോർജോ വിളിക്കപ്പെട്ടയാൾ എ.കെ. ബാലനോ എന്നതല്ല; ഏതൊരാളോ ജാതി വിളിക്കുകയും ഏതൊരാളോ ആ വിളിയാൽ അധിക്ഷേപിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. വിളിച്ചയാളുടെയും വിളിക്കപ്പെട്ടയാളിന്റെയും വലിപ്പച്ചെറുപ്പത്തിനപ്പുറം ചില നല്ലതല്ലാത്ത സൂചനകൾ ഇതിലുണ്ട്. അതിനെ ആ ഗൌരവത്തിൽത്തന്നെ കാണണം.

Monday, October 31, 2011

മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു

ടി.എം ജേക്കബ്ബിന് ആദരാഞ്ജലികൾ!

കാര്യ ഗൌരവമുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഏതൊരു വിഷയത്തെക്കുറിച്ചും ആധികാരികമായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കഴിവുറ്റ മന്ത്രിയും നല്ല നിയമസഭാ സാമാജികനും എഴുത്തുകാരനും വാഗ്മിയും ആയിരുന്നു. നിരവധി തവണ തുടർച്ചയായി നിയമസഭാംഗമാവുകയും പല പ്രാവശ്യം വിവിധ വകുപ്പുകളിൽ മന്ത്രിയാവുകയും ചെയ്തു. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലം ഏറെ സംഭവബഹുലമായിരുന്നു. വിവിധ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ചൈനാ സന്ദരശനത്തെക്കുറിച്ച് എഴുതിയ യാത്രാ വിവരണം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ അകാല മരണം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്. നിലവിൽ അദ്ദേഹം സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായിരുന്നു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ടി.എം. ജേക്കബ്ബിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ദേശാഭിമാനി ദിനപ്പത്രത്തിൽ (ഓൺലെയിൻ) വന്ന ബഹുമാനപ്പെട്ട കേരള സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി . എം. ജേക്കബ്ബിന്റെ മരണവാർത്ത താഴെ


മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു

Posted on: 30-Oct-2011 11:25 PM
കൊച്ചി: സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായ ടി എം ജേക്കബ് അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിപത്തരക്കായിരുന്നു അന്ത്യം. 61 വയസായിരുന്നു. കരള്‍സംബന്ധമായ അസുഖത്തിന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ലണ്ടനില്‍ ഒരു മാസത്തെ ചികിത്സക്കുശേഷം 17നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മരണസമയത്ത് ഭാര്യ ആനിയും മകന്‍ അനൂപും ആശുപത്രിയിലുണ്ടായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജേക്കബ് കേരള കോണ്‍ഗ്രസ് രൂപംകൊണ്ടതു മുതല്‍ സജീവ പ്രവര്‍ത്തകനായി. ഒമ്പത് തവണ നിയമസഭയിലേക്ക് മത്സരിച്ചു. എട്ടു തവണ വിജയിച്ച അദ്ദേഹം നാലു തവണ മന്ത്രിയുമായി. പിറവത്തുനിന്നും (1991, 1996, 2001) കോതമംഗലത്തുനിന്നും (1980, 1982, 1987) ഹാട്രിക് വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്തുനിന്ന് 157 വോട്ടിന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയായി. എറണാകുളം തിരുമാറാടി പഞ്ചായത്തിലെ ഒലിയാപുറത്ത് ടി എസ് മാത്യുവിന്റേയും അന്നമ്മയുടെയും മകനായി 1950 സെപ്തംബര്‍ 16നാണ്് ടി എം ജേക്കബ് ജനിച്ചത്. വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ , തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദവും എല്‍എല്‍ബി, എല്‍എല്‍എം ബിരുദങ്ങളും നേടി. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്സിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രണ്ട് തവണ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. ട്രേഡ് യൂണിയനുകളുടെ അധ്യക്ഷ സ്ഥാനവും വഹിച്ചു. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ ജേക്കബ് 1993ല്‍ സ്വന്തം പാര്‍ടി രൂപീകരിച്ചു. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി ഏഴുതവണ നിയമസഭയിലെത്തി. 1982-87ല്‍ വിദ്യാഭ്യാസ മന്ത്രിയായും 1991-96ല്‍ ജലസേചന-സാംസ്കാരിക മന്ത്രിയായും 2001-05ല്‍ ജലസേചന-ജലവിതരണ മന്ത്രിയായും പ്രവര്‍ത്തിച്ചു. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കെ കരുണാകരനോടൊപ്പം ഡിഐസിയില്‍ പോവുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയുംചെയ്തു. പിന്നീട് യുഡിഎഫില്‍ തിരിച്ചെത്തിയ അദ്ദേഹം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തില്‍ സിപിഐ എമ്മിലെ എം എം ജേക്കബിനോട് പരാജയപ്പെട്ടു. അമേരിക്ക, റഷ്യ, ചൈന, യുഎഇ, ഖത്തര്‍ , ബഹ്റിന്‍ , തായ്ലന്റ്, സിംഗപ്പൂര്‍ , ബ്രിട്ടന്‍ , ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഇസ്രായേല്‍ ഓസ്ട്രേലിയ, ജര്‍മനി തുടങ്ങി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജേക്കബ് "എന്റെ ചൈന പര്യടനം", "മൈ ചൈനീസ് ഡയറി" എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ ആനി ജേക്കബ് മുന്‍ എംഎല്‍എ പെണ്ണമ്മ ജേക്കബിന്റെ മകളും ഫെഡറല്‍ ബാങ്കില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമാണ്. മകന്‍ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ്. മകള്‍ അമ്പിളി (ഇന്‍കെല്‍). മരുമക്കള്‍ : ദേവ് തോമസ്, അനില അനൂപ്.

Friday, October 28, 2011

പ്രിയേ പ്രണയിനീ

പ്രിയേ പ്രണയിനീ

കവിതയെന്നു ലേബൽ ചാർത്തിയ ഈ സാധനം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രിയേ പ്രണയിനീ

Sunday, October 23, 2011

കനിവ്

കഥയൊന്നിത് കഥയായിട്ടല്ല, കാര്യമായി പറയുകയാണ്. ഈ കഥയിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെങ്കിലുമായോ അവരുടെ ജീവിതവുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ ഇക്കഥ വായിച്ച നിങ്ങൾ എന്റെ നാട്ടുകാരിൽ ആരെങ്കിലുമായിരിക്കും! അതെന്റെ കുറ്റമല്ല.

കനിവ്

അടുത്ത സുഹൃത്തായ ശശികുമാർ ഒരു വിസക്കാര്യം വന്നുപറയുമ്പോൾ വേണ്ടെന്ന് പറഞ്ഞതാണ് ഈ കഥയിലെ പ്രധാന കഥാപാത്രമായ ബാലചന്ദ്രൻ. കാരണം പണത്തിന്റെ പ്രശ്നം തന്നെ. ഈ വിസയ്ക്ക് പ്രത്യേകിച്ച് കാശൊന്നും നൽകേണ്ടതില്ലെങ്കിലും ടിക്കറ്റും മറ്റ് അല്ലറ ചില്ലറ കമ്മീഷൻ ചെലവുകളും മറ്റുമായി നാല്പതിനായിരം രൂപ വേണം. ശശികുമാറിന്റെ പരിചയക്കാരൻ ഒരാൾ മുഖാന്തരമാണ് ഈ വിസ തരപ്പെടുന്നത്. അന്വേഷിച്ചപ്പോൾ ശങ്കർദാസിന്റെ അകന്ന ബന്ധത്തിൽ ദുബായിൽ ഉള്ള ഒരാളുടെ കടയിൽ ഒരു കൈയാളായി ജോലിനോക്കാനാണ്. ദുബായിൽ പുള്ളിയെ വിളിച്ച് ചോദിച്ച് വിസയുടെ വിശ്വാസ്യത ഉറപ്പിച്ചശേഷം കൂ‍ട്ടുകാരനായ ബാലചന്ദ്രനെ കയറ്റി വിടാമെന്നു കരുതിയതാണ് ശശികുമാർ.സ്കൂളിൽ പഠിച്ചികൊണ്ടിരിക്കുന്ന പ്രായമായിവരുന്ന രണ്ട് പെൺകുട്ടികളുടെ പിതാവാണ് ബാലചന്ദ്രൻ.

നാട്ടിലെ പത്തിരുപതിനായിരം രൂപാ സകല ചെലവും കഴിഞ്ഞ് ലഭിക്കുന്ന ഒരു ജോലിയാണ് ഈ വിസയിൽ കയറി പോയാൽ ദുബായിൽ ലഭിക്കുക. എങ്ങനെയെങ്കിലും ദുബായിലെത്തി ഈ ജോലിയിൽ കയറിയാൽ ബാലചന്ദ്രന്റെ കുടുംബത്തിന് അത് ഒരു നല്ല ആശ്വാസമായിരിക്കും. ഇപ്പോൾ താമസിക്കുന്ന ചെറിയൊരു വീടും പത്ത് സെന്റ് പുരയിടവും മാത്രമാണ് ബാലചന്ദ്രന്റെ കൊച്ചു കുടുംബത്തിന് ആകെയുള്ളത്. ഭാര്യയാകട്ടെ ഇടയ്ക്ക് പറമ്പിൽ ഒരു പൊക്കമ്പുറത്തുനിന്ന് കാൽ വഴുതി വീണ് പരിക്കേറ്റ് കുറെക്കാലം ചികിത്സയിലുമായിരുന്നു. അതുകാരണം കുറെ പണം കടത്തിലുമായി. അതൊക്കെ ഒരു വിധം വീട്ടി വരുന്നതേയുള്ളൂ. ഈ വിസയിൽ കയറി പോയാൽ ഒക്കെ നേരേ ആകും. വിസ കൊണ്ടുവന്നയാൾ ഇത് മറ്റാർക്കെങ്കിലും കൊടുക്കുമായിരുന്നു. ഇത് എങ്ങനെയോ മണത്തറിഞ്ഞ് ഈ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ അറിയാവുന്ന ശശികുമാർ അത് ബാലചന്ദ്രനു വേണ്ടി തരപ്പെടുത്തിക്കൊണ്ടുവന്നിരിക്കുകയാണ്. ഒരു യാത്ര പോയാൽ കൊള്ളാമെന്ന് ബാലചന്ദ്രൻ ശശി കുമാറിനോടും മറ്റും പറഞ്ഞിട്ടുള്ളതാണ്.

പക്ഷെ ഉടനെ നാല്പതിനായിരം രൂപ സംഘടിപ്പിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പമുള്ള കാര്യമല്ല. ഒരു പവന്റെ സ്വർണ്ണം പോലും ഇപ്പോൾ ഭാര്യയുടെയോ മക്കളുടെയോ കൈയ്യിലോ കഴുത്തിലോ കാതിലോ ഇല്ല. ഒക്കെ പണയത്തിലാണ്. കുറച്ചൊക്കെ ഭാര്യയുടെ ചികിത്സാർത്ഥം വിറ്റും പോയി. അതുകൊണ്ടിപ്പോൾ ഈ ഗൾഫ് ചാൻസ് നിരസിക്കുകയല്ലാതെ ബാലചന്ദ്രന് മറ്റ് നിവൃത്തിയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഇന്നും നാളെയുമായി ഒന്നു ശ്രമിച്ചു നോക്കുവാൻ നിർബന്ധം ചെലുത്തിയിട്ടാണ് ശശികുമാർ പോയത്. പതിനയ്യായിരം രൂപാ അദ്ദേഹംതന്നെ പലിശയ്ക്കെടുത്തു നൽകാമെന്നും പറഞ്ഞു. ബാക്കി ഉണ്ടാക്കണം. നാളെക്കഴിഞ്ഞാൽ ഈ വിസ മറ്റാർക്കെങ്കിലും കൊടുക്കാൻ പറയുകയേ നിവൃത്തിയുള്ളൂ. കാരണം പത്ത് ദിവസത്തിനുള്ളിൽ ആളെ കയറ്റി വിടണമെന്നാണ് ദുബായിൽ നിന്നും പറഞ്ഞിരിക്കുന്നത്.

മുമ്പ് ദുബായിൽ നിന്നിട്ടുള്ള പരിചയം ഉള്ളവർക്കായിരുന്നു മുൻഗണന. ദുബായിയിൽ ബാലചന്ദ്രൻ മുമ്പ് പോയിട്ടില്ല. എങ്കിലും ശശികുമാർ ഇടപെട്ട് ആ വ്യവസ്ഥയിൽ ഒരിളവ് വാങ്ങിയതാണ്; ദുബായിയിൽ മുമ്പ് നിന്നിട്ടില്ലെങ്കിലും കുഴപ്പമില്ലെന്ന്. പത്തിരുപത് വയസുള്ളപ്പോൾ മൂന്നുമാസം സൌദിയിൽ ചെന്ന് പറഞ്ഞ ജോലിയൊന്നും കിട്ടാതെ കഷ്ടപ്പെട്ട് മുടക്കിയ കാശും പോയി മടങ്ങിവന്ന മുൻപരിചയം ബാലചന്ദ്രനുണ്ട്. അന്നേ ഗൾഫിലേയ്ക്കിനിയില്ലാ എന്ന് ശപഥം ചെയ്തതാണ്. നാട്ടിലെ മൺ വെട്ടിപ്പണിയാണ് അതിലും ഭേദമെന്ന് അന്നേ മനസിൽ ഉറച്ചതാണ്. പക്ഷെ ശപഥമൊക്കെ തിരുത്താൻ സാഹചര്യങ്ങളുടെ സമ്മർദ്ദം ധാരാളമുണ്ട്. പക്ഷെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി വച്ച് ഇപ്പോൾ ഈ യാത്ര നടക്കുമെന്നു തോന്നുന്നില്ല.

വീട്ടിൽ ഭാര്യ ശ്യാമളയോട് ഈ പുതിയ വിസാക്കാര്യം ബാലചന്ദ്രൻ ചർച്ച ചെയ്തു. ഇരുന്നും നടന്നും രാത്രി തിരിഞ്ഞുമറിഞ്ഞും കിടന്നിട്ടും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് നേരം വെളുപ്പിക്കാനല്ലാതെ ഇരുപത്തയ്യായിരം രൂപാ സംഘടിപ്പിക്കുവാൻ ഇപ്പോൾ ഒരു നിവൃത്തിയുമില്ല. ഒരുമാതിരി സ്വാതന്ത്ര്യമുള്ളവരോടൊക്കെ ശ്യാമള ആശുപത്രിക്കിടക്കയിലായിരുന്നപ്പോൾ ബാലചന്ദ്രൻ പണം കടം വാങ്ങിയിട്ടുണ്ട്. ഇനിയും ചിലർക്ക് വാങ്ങിയ പണം മടക്കി നൽകാനുമുണ്ട്. ബാലചന്ദ്രൻ കൂലിവേല ചെയ്തുണ്ടാക്കുന്ന പണമല്ലാതെ മറ്റൊരു വരുമാ‍നവുമില്ലല്ലോ. ശ്യാമളയുടെ വീട് പട്ടിണിക്കുതുല്യമാണ്. അവിടെ ആരോടും ചോദിക്കുവാനില്ല. പിന്നെയുള്ളത് ബാലചന്ദ്രന്റെ ബന്ധുജനങ്ങളാണ്. അവരിൽ മിക്കവാറും എല്ലാവരും നല്ല കാശുകാരായിട്ടുണ്ട്. സർക്കാർ ജോലിയുള്ളവർ, ഗൾഫുകാർ ഒക്കെ. പക്ഷെ അവരെയൊന്നും അങ്ങോട്ടു ചെന്ന് ബുദ്ധിമുട്ടിയ്ക്കുവാൻ ബാലചന്ദ്രൻ പോകാറില്ല. രണ്ടുമാസക്കാലം തന്റെ ഭാര്യ കാലൊടിഞ്ഞ് ആശുപത്രിയിലായിരുന്നിട്ട് എന്തെങ്കിലും ഒരു സഹായം ആരിൽ നിന്നും ലഭിച്ചിട്ടില്ല. പലരും ഒന്നു തിരിഞ്ഞു നോക്കിയിട്ട് കൂടിയില്ല. എന്നാൽ അവരിൽ പലരുടെയും വീട്ടിൽ കൂലിവേലകൾ ചെയ്യുന്നതാണ് ബാലചന്ദ്രൻ.

ബന്ധുക്കളുടെയൊക്കെ വീട്ടിൽ ശ്യാമളയും മിക്കപ്പോഴും ചെന്ന് പ്രതിഫലേച്ഛകൂടാതെ തന്നെ ചില്ലറ ജോലികളൊക്കെ ചെയ്തുകൊടുത്തിരുന്നു. അതിനൊന്നും കൂലിപറഞ്ഞ് പണം പറ്റിയിരുന്നില്ല. വിശേഷ ദിവസങ്ങൾ വല്ലതുമുണ്ടെങ്കിൽ അവരൊക്കെ ശ്യാമളയെ പ്രത്യേകം ക്ഷണിക്കാറുണ്ടായിരുന്നു. സ്നേഹം കൊണ്ടല്ല, വല്ല ജോലിയും ചെയ്യുമല്ലോ എന്നു കരുതിയാണ്. അതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ ശ്യാമള ബന്ധു വീടുകളിൽ ചെന്ന് സഹായിച്ചു പോന്നു. എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ സഹായിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ എന്ന് മനസിൽ വിചാരിച്ചിട്ടുകൂടിയാണ് ശ്യാമള ഈ സഹായമൊക്കെ പോയി ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ കുടുംബത്തിൽ എന്തു പ്രശ്നമുണ്ടായാലും അവരിൽ ആരിൽനിന്നും ആളായിട്ടോ പണമായിട്ടോ ഒരു പിടി അരിയായിട്ടോ ഒരു സഹായങ്ങളും ലഭിക്കില്ലെന്നതിന് പലപല അനുഭവങ്ങൾ ഉണ്ടായിട്ടും ശ്യാമള ബന്ധുവീടുകളിൽ പോയി പല ജോലികളും ചെയ്തുവന്നു. ചിലപ്പോൾ എന്തെങ്കിലും ആരെങ്കിലും കൊടുത്താലായി. ഇല്ലെങ്കിലില്ല. ബാലചന്ദ്രനും മിക്കവാറും ജോലിയ്ക്ക് പോയിരുന്നത് കൂടുതലും ബന്ധു വീടുകളിലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയവും കൂടുതൽ ആത്മാർത്ഥമായും ബാലചന്ദ്രൻ പറമ്പുകളിൽ പണിയെടുത്തിരുന്നു. എന്നാൽ അതുകൊണ്ട് കൂടുതലെന്തെങ്കിലും പ്രയോജനമൊട്ട് ഉണ്ടായിരുന്നുമില്ല. നാട്ടുകാരാണെങ്കിൽ ബന്ധുക്കളേക്കാൾ പരിഗണന ബാലചന്ദ്രനു നൽകിയിരുന്നു.

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചന്ദ്രദാസൻ മുതലാളി ബാലചന്ദ്രന്റെ ഒരു വലിയച്ഛനായി വരും. റബറും തേങ്ങയുമൊക്കെ ഉള്ള ഒരു കർഷക മുതലാളി. മക്കൾ മൂന്നുപേർ ഗൽഫിൽ പോയി വലിയ സമ്പാദ്യക്കാരായതോടെ ചന്ദ്രദാസൻ മുതലാളിയുടെ പ്രതാപം കുറച്ചുകൂടി വർദ്ധിച്ചു. മുതലാളിപ്പട്ടം കുറച്ചുകൂടി സ്ട്രോങ്ങായി. ചന്ദ്രദാസൻ മുതലാളിയുടെ പറമ്പിലെ പണിയെല്ലാം ബാലചന്ദ്രന്റെ മേൽനോട്ടത്തിലാണ് നടക്കാറ്. ശ്യാമളയും അവിടെ ചുറ്റിപ്പറ്റി നിൽക്കാറുണ്ട്. വല്ലതും തിന്നാൽ കിട്ടിയാലായി. വല്ലപ്പോഴുമൊക്കെ പത്തോ നൂറോ രൂപാ ആവശ്യമായി വന്നാൽ ചന്ദ്രദാസിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയിൽ നിന്ന് കടം വാങ്ങാറുണ്ട് എന്നതിലപ്പുറം ബാലചന്ദ്രന്റെ വീട്ടിൽ നിന്നും അവർക്ക് വലിയ അലോസരമൊന്നും ഉണ്ടായിരുന്നില്ല. അതൊക്കെ അധികം താമസം വരാതെ മടക്കിനൽകാറുമുണ്ട്. എപ്പോഴും അവർ നല്ല സഹകരണത്തിലുമായിരുന്നു. ബലചന്ദ്രന്റെ മക്കളും ചന്ദ്രദാസിന്റെ ചെറുമക്കളുമൊക്കെ നല്ല ചങ്ങാത്തക്കാരാണ്. സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചാണ്.

ചന്ദ്രദാസൻ മുതലാളിയുടെ ഒരേയൊരു മകളും ഭർത്താവും ഗൾഫിലാണ്. മകളുടെ രണ്ട് പെണ്മക്കൾ ചന്ദ്രദാസിന്റെ വീട്ടിൽത്തന്നെ ഉണ്ട്. ആ ചെറുമക്കളിൽ മൂത്തവൾ ഒരുത്തി എം.ബി എയ്ക്കും മറ്റൊരുത്തി എഞ്ചിനീയറിംഗിനും പഠിക്കുന്നുണ്ട്. ആണ്മക്കളിൽ ഒരാളുടെ ഭാര്യയും രണ്ട് മക്കളും ചന്ദ്രദാസിന്റെ വീട്ടിൽതന്നെ. ഒരു മകൻ കുടുംബമായിത്തന്നെ അബൂദാബിയിൽ ആണ്. അവിവാഹിതനായ ഒരു മകൻ കൂടി ഗൽഫിൽ ഉണ്ട്. ചന്ദ്രദാസിന്റെ കുടുംബത്തിനു വേണമെങ്കിൽ ബാലചന്ദ്രന്റെ കുടുംബത്തെ കൈപിടിച്ചുയർത്താം. പക്ഷെ അത്രയൊന്നും കുടുംബസ്നേഹം ഉണ്ടായില്ല എന്നു പറഞ്ഞാൽ മതിയല്ലോ. എന്നാൽ ചന്ദ്രദാസിന്റെ ചെറുമക്കളൊക്കെ അല്പം സഹജീവീയ സ്നേഹം ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ബാലചന്ദ്രന്റെ മക്കൾക്ക് മുതിർന്നവർ അറിയാതെ ചില ചില്ലറ സഹായങ്ങളും വാത്സല്യവും ഒക്കെ അവരിൽ നിന്നും ലഭിച്ചിരുന്നുതാനും.

നേരം പുലർന്നപ്പോൾ ബാലചന്ദ്രനും ഭാര്യ ശ്യാമളയും കൂടി ഒരു തീരുമാനത്തിൽ എത്തി.ആരെയും ബുദ്ധിമുട്ടിക്കാതെ ആർക്കും എക്കാലവും ജീവിക്കാൻ കഴിയില്ലല്ലോ. അഭിമാനം മാത്രം നോക്കിയിരുന്നാൽ ജീവിതത്തിൽ വരാനിരിക്കുന്ന പല സൌഭാഗ്യവും നഷ്ടപ്പെട്ടും പോകും. അല്പം അഭിമാനം പോയാലും വേണ്ടില്ല. കൈയ്യിൽ വന്ന അവസരം പാഴാകാതിരിക്കാൻ ആകെകൂടി കണ്ട ഒരു വഴി; അതൊന്നു ശ്രമിക്കാമെന്നു കരുതി. മറ്റൊന്നുമല്ല. ചന്ദ്രദാസൻ വലിയച്ഛനോട് ഇരുപത്തയ്യായിരം രൂപാ കടം ചോദിക്കുക. മറ്റാരുമല്ലല്ലോ. വകയിലാണെങ്കിലും വലിയച്ഛനാണല്ലോ? അവർ അത് അത്ര അങ്ങോട്ട് അംഗീകരിക്കുന്നില്ലെങ്കിലും! ഭാര്യ തന്നെയാണ് ആ നിർദ്ദേശം മുന്നോട്ട് വച്ചത്. ബാക്കി പതിനയ്യായിരം ശശികുമാർ ഒരു പലിശക്കാരനിൽ നിന്നും വാങ്ങിക്കൊടുക്കാമെന്ന് ഏറ്റിട്ടുള്ളതുമാണ്. മടിച്ചു മടിച്ചാണെങ്കിലും ബാലചന്ദ്രൻ ഭാര്യയുടെ ഉപദേശം സ്വീകരിച്ചു. ഇന്നും കൂടി സമയമുണ്ടല്ലോ. എന്തായാലും രാത്രി പോയി ചോദിച്ചാൽ മതിയെന്ന് തീരുമാനിച്ച് ബാലചന്ദ്രൻ രാവിലെ പണിസ്ഥലത്തേയ്ക്ക് പോയി. വൈകുന്നേരം മടങ്ങിവന്ന് കുളിച്ച് വൃത്തിയായി ചന്ദ്രദാസൻ മുതലാളിയുടെ വീട്ടിലേയ്ക്ക് പോയി.

അവിടെ ചന്ദ്രദാസിന്റെ വീട്ടിൽ എല്ലാവരും സകുടുംബം റ്റി.വി കണ്ട് ഉല്ലസിച്ചിരിക്കുമ്പോഴായിരുന്നു ബാലചന്ദ്രന്റെ അത്ര പതിവില്ലാത്ത രാത്രിസന്ദർശനം. അതുകൊണ്ടുതന്നെ വല്ല വിശേഷവും കാണുമെന്നു കരുതി റ്റി.വി.യുടെ വോളിയം കുറച്ചു. അല്പനേരം കുശലപ്രശ്നത്തിനുശേഷം ബാലചന്ദ്രൻ കാര്യം അവതരിപ്പിച്ചു. പറഞ്ഞുവരുന്നത് കാശിന്റെ ആവശ്യത്തിലേയ്ക്കാണെന്ന് മനസിലായപ്പോൾ ചന്ദ്രദാസൻ വലിയച്ഛന്റെയും ഭാര്യ ലക്ഷ്മിക്കുട്ടിയുടെയും മുഖം വാടിവരുന്നത് ബാലചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. ഇരുപത്തയ്യായിരം രൂപാ കടം ചോദിച്ചതും കണവൻ കണവിയുടെ മുഖത്തേയ്ക്ക് നോക്കി. അല്പസമയം ആ മുറിയിലാകെ ഒരു നിശബ്ദത ഉരുണ്ടുകൂടി. ഇരുപത്തയ്യായിരം രൂപാ കടം കൊടുത്താൽ അത് തിരിച്ചു കിട്ടാതിരിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ചല്ലാതെ അതുംകൊണ്ടു പോയി രക്ഷപെട്ട് തങ്ങളുടെ കടവും വീട്ടി നല്ല സമ്പാദ്യക്കാരനായി ബാലചന്ദ്രൻ മടങ്ങി വരുന്നതിനെ പറ്റിയോ ബാലചന്ദ്രന്റെ കൊച്ചുകുടുംബം രക്ഷപ്പെടുന്നതിനെക്കുറിച്ചോ ഒന്നും ചിന്തിക്കാനുള്ള വിശാല മനസ്കത ചന്ദ്രദാസൻ മുതലാളിയുടെ മനസിൽ അപ്പോൾ ഉണ്ടായില്ല.

ചന്ദ്രദാസും ഭാര്യയും ആണ് വീട്ടിലെ സർവ്വാധികാര്യക്കാർ. അവരുടെ തീരുമാനമാണ് വലുത്. ചന്ദ്രദാസന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയല്ലാതെ യഥാർത്ഥത്തിൽ ഭാര്യയ്ക്കും മറ്റ് സ്വതന്ത്ര ചുമതലകളൊന്നുമില്ല. എങ്കിലും പേരിനു വേണ്ടി ചന്ദ്രദാസ് എല്ലാം ലക്ഷ്മിക്കുട്ടിയോട് ഒന്ന് ആലോചിച്ചെന്നു വരുത്തും. അല്പനിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ചന്ദ്രദാസൻ മുതലാളിയുടെ ധനകാര്യമന്ത്രി ലക്ഷ്മിക്കുട്ടിയാണെന്ന മട്ടിൽ അവരോട് ചോദിച്ചു;

“വല്ലനിവൃത്തിയുമുണ്ടോ ലക്ഷ്മിക്കുട്ടീ” എന്ന്!

മറ്റാരുടെയെങ്കിലും കാര്യമായിരുന്നെങ്കിൽ ഇപ്പോൾ ഒരു രക്ഷയുമില്ലെന്ന് അർദ്ധശങ്കയ്ക്കിടയില്ലാത്തവിധം പറയാനുള്ള പരിശീലനം ചന്ദ്രദാസിൽ നിന്നും ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ ലഭിച്ചിട്ടുള്ളതാണ്. പക്ഷെ ഇത് ബന്ധുവും അയൽ വാസിയും സഹായിയുമായ ബാലചന്ദ്രന്റെ കാര്യമായതുകൊണ്ട് ലക്ഷ്മിക്കുട്ടി അല്പം ഒഴിഞ്ഞു മാറിയത് ഭർത്താവിനെ വെട്ടിലാക്കി.

“കാശുണ്ടോ ഇല്ലയോ എന്നൊക്കെ എന്നോട് ചോദിച്ചാൽ ഞാനെങ്ങനെ പറയും? നിങ്ങൾക്കല്ലേ അറിയൂ“

എന്ന് പറഞ്ഞ് ലക്ഷ്മിക്കിട്ടിയമ്മ തലയൂരി. ഇപ്പോൾ റബ്ബർവെട്ട് മുടങ്ങിക്കിടക്കുന്നതിനാൽ കൈയ്യിൽ കാശൊന്നുമില്ലെന്നും ഇനി അടുത്ത ഒഴി തേങ്ങായിടുമ്പോൾ വല്ല കാശോ കൈയ്യിൽ വന്നാലായി എന്ന് ഒരൊഴുക്കൻ മട്ടിൽ പറഞ്ഞൊഴിയാൻ ചന്ദ്രദാസൻ മുതലാളിയ്ക്ക് പ്രയാസമൊന്നുമുണ്ടായില്ല.

“തീരെയില്ലാത്തതുകൊണ്ടാണ്. മറ്റൊന്നും വിചാരിക്കരുത്. മറ്റെന്തെങ്കിലും മാർഗ്ഗം നോക്കൂ ബാലാ!” എന്ന് പറഞ്ഞ് ബാലചന്ദ്രനെ ഒഴിവാക്കുകയായിരുന്നു “നിർദ്ധനനായ” ചന്ദ്ര(ധന)ദാസൻ വലിയച്ഛൻ മുതലാളി!

പ്രതീക്ഷിച്ചതിനപ്പുറം ഒന്നും സംഭവിക്കാത്തതുകൊണ്ട് പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ അല്പം ചില നല്ലവാക്കുകളും കുശലങ്ങളുമൊക്കെ പറഞ്ഞ് ബാലചന്ദ്രൻ വീട്ടിലേയ്ക്ക് മടങ്ങി. ഭാര്യയോട് വലിയച്ഛൻ മുതലാളിയുടെ ദാരിദ്ര്യാവസ്ഥ പറഞ്ഞ് അവർ ഒന്നു ചിരിക്കുകമാത്രം ചെയ്തിട്ട് ഒന്നും സംഭവികാത്തതുപോലെ ഭാര്യയും മക്കളുമായി ഉള്ളതും കഴിച്ച് സുഖമായി കിടന്നുറങ്ങി.

ബാലചന്ദ്രൻ പോയിക്കഴിഞ്ഞതും ചന്ദ്രദാസിന്റെ വീട്ടിൽ കുടുംബാംഗങ്ങൾ തമ്മിൽ പതിവില്ലാതെ ചില അഭിപ്രായ സംഘർഷങ്ങൾ ഉണ്ടായി. അതിനു മുഖ്യ ഹേതുവായത് പേരക്കുട്ടി (ഒരേയൊരു മകൾ അബുദാബിയിലുള്ളവളുടെ മൂത്തമകൾ) എം.ബി.എ വിദ്യാർത്ഥിനി സുബിനയുടെ വാക്കുകൾ;

“ബാലൻ മാമന് രക്ഷപ്പെടാനൊരവസരം വന്നതാണ്. ഒന്നു സഹായിക്കാമായിരുന്നു. ഇവിടെ ഇല്ലാഞ്ഞിട്ടല്ലല്ലോ. ഇവിടെ വന്ന് എന്തെല്ലാം സഹായങ്ങൾ ചെയ്യുന്നതാണവർ. ഇത്രയൊന്നും പിശുക്കത്തരം കാണിക്കരുത്. ഒന്നുമില്ലെങ്കിലും ഇന്നലെ അമ്മ നമുക്കെല്ലാം ഡ്രസ്സ് വാങ്ങാനെന്നുമ്പറഞ്ഞ് അയച്ച അൻപതിനായിരം രൂപ ഉണ്ടായിരുന്നില്ലേ കയ്യിൽ? ഡ്രസ്സ് ഒക്കെ ആവശ്യത്തിനിപ്പോൾ എല്ലാവർക്കും ഉണ്ട്. അറുത്ത കൈയ്ക്ക് ഉപ്പുതേയ്ക്കില്ല ഇവിടുള്ളവർ”.

അല്പം തുറന്നുതന്നെ ചെറുമകൾ സുബിന അങ്ങനെയൊക്കെയങ്ങ് പറഞ്ഞു.

“ഈ പണമൊന്നും കടം കൊടുത്താൽ പിന്നെ ചിലപ്പോൾ തിരിച്ചുകിട്ടിയെന്നു വരില്ല” എന്ന ചന്ദ്രദാസൻ മുതലാളിയുടെ മറുപടി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതേയുള്ളൂ. വീട്ടിലെ മറ്റ് അന്തേവാസികളായ കുഞ്ഞുകുട്ടിയടക്കം മറ്റു ചെറുമക്കളും മരുമകളും എല്ലാം കൂടി മൂത്തപേരക്കുട്ടി സുബിനയ്ക്ക് പിന്തുണയുമായി ശബ്ദമുയർത്തി.

“മറ്റാരുമല്ലല്ല്ലോ. ഒന്നുമല്ലെങ്കിലും രക്തബന്ധമല്ലേ? ആ ഒരു പരിഗണനയെങ്കിലും നൽകാമായിരുന്നു. ഒരു പക്ഷെ ഈ നമ്മൾ കൊടുക്കുന്ന പണം കൊണ്ട് ആ കുടുംബം രക്ഷപ്പെട്ടാൽ ആ നന്ദി അവർക്കെന്നും ഉണ്ടാകില്ലേ? ആവശ്യത്തികധികമുള്ള ഈ പണമൊക്കെകൂടി കെട്ടിപ്പൊതിഞ്ഞു വച്ചിട്ട് എന്തുകാര്യം? എന്തെങ്കിലും നല്ലകാര്യങ്ങൾ കൂടി വല്ലപ്പോഴും ചെയ്യണം”

എന്നിങ്ങനെയെല്ലാമുള്ളതായിരുന്നു ആ വീട്ടിലെ യുവതലമുറയുടെ ഐകകണ്ഠമായ അഭിപ്രായഗതികൾ. ഒടുവിൽ ഗൃഹനായികയായ ചന്ദ്രദാസി അഥവാ ലക്ഷ്മിക്കുട്ടിയും യുവതയുടെ പക്ഷത്തേയ്ക്ക് ചാഞ്ഞപ്പോൾ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നമട്ടിൽ ചന്ദ്രദാസൻ മുതലാളി പ്രഖ്യാപിച്ചു;

“നിങ്ങളെല്ലാംകൂടി എന്നെയും ദയാലുവാക്കി. ഏതായാലും നേരം വെളുക്കട്ടെ. ഞാൻ കൊണ്ടുകൊടുക്കാം. ഇനിയിപ്പോൾ എനിക്കുമാത്രം ദയയും സഹാനുഭൂതിയുമൊന്നും ഇല്ലെന്നുവേണ്ട”.

കുടുംബനാഥന്റെ ഈ പ്രഖ്യാപനം മറ്റുള്ളവർ കരഘോഷത്തോടെ സ്വീകരിച്ചു. കുടുംബത്തിലെ സഹജീവീയ സ്നേഹമില്ലാത്ത, അറുപിശുക്കനായ ഒരു സ്വേച്ചാധിപതിയ്ക്കെതിരെ യുവതലമുറ നേടിയ രക്തരഹിതമായ വിപ്ലവം!

പിറ്റേന്ന് ഇരുപത്തയ്യായിരം രൂപയുമായി ചന്ദ്രദാസൻ മുതലാളി നിറഞ്ഞമനസോടെ തന്റെയൊരു വെറും കൂലിക്കരൻ മാത്രമല്ല, തന്റെ സ്വന്തം പുത്രന്മാർക്ക് തുല്യമായി കരുതേണ്ട ബലചന്ദ്രന്റെ വീട്ടിലേയ്ക്ക് പോയി. കടമായിട്ടല്ല ചുമ്മാതന്നെ ഇരുപത്തയ്യായിരം രൂപാ നൽകാൻ തന്നെയായിരുന്നു തീരുമാനം. ബാക്കി പതിനയ്യായിരം രൂപ ശശികുമാർ മുഖാന്തരം പലിശയ്ക്കെടുക്കേണ്ടെന്നും അത് ഇപ്പോൾ വീട്ടിൽ കൂടെയുള്ള മരുമകൾ ഭർത്താവിന്റെ അനുമതിയോടെ കൊടുത്തുകൊള്ളാമെന്ന സന്ദേശവും കൂടി നൽകാനുമുണ്ടായിരുന്നു മുതലാളിയ്ക്ക്. പക്ഷെ അത് ബാങ്കിൽ പോയി എടുത്തുവരണം. ഉച്ചയ്ക്കു മുമ്പ് പണം എത്തും.

പക്ഷെ ചന്ദ്രദാസൻ മുതലാളി ബാലചന്ദ്രന്റെ വീട്ടിലെത്തുമ്പോൾ ഭര്യമാത്രമേ അവിടെ ഉള്ളൂ. ബാലചന്ദ്രൻ രാവിലെ തന്നെ പതിവുപോലെ മൺവെട്ടിയും കുന്താലിയും വെട്ടുകത്തിയുമെക്കെ എടുത്ത് ഭാര്യയിൽ നിന്ന് പൊതിച്ചോറും വാങ്ങി ഏതോ പാടത്തോ പറമ്പിലോ പണിയ്ക്കുപോയി. മക്കൾ സ്കൂളിലും പോയി. ബാലചന്ദ്രന്റെ ഭാര്യ ശ്യാമള യാതൊരു വിരോധഭാവവുമില്ലാതെ സന്തോഷപൂർവ്വം അദ്ദേഹത്തെ കയറി ഇരിക്കാൻ പറഞ്ഞു. വന്ന കാര്യം അന്വേഷിച്ചു. കടം ചോദിച്ച കാശുമായി വന്നതാണെന്നും പതിനയ്യായിരം രൂപാ മരുമകൾ കൂടി നൽകുമെന്നും മുതലാളി അറിയിച്ചു. പെട്ടെന്ന് അല്പമാത്രം മ്ലാനമായ മുഖത്തോടെ ശ്യാമള മറുപടി പറഞ്ഞു;

“ചേട്ടൻ പണിയ്ക്കു പോയി. കാശ് സംഘടിപ്പിക്കാൻ കഴിയാത്തതുകൊണ്ട് ആ വിസ വേണ്ടെന്ന് ഇന്നലെത്തന്നെ ശശിയണ്ണനെ അറിയിച്ചു. മേശൻപണിയ്ക്ക് പോകുന്ന നമ്മുടെ അടുത്ത വീട്ടിലെ ശംഭുമാമന്റെ മകൻ ഷിബുക്കുട്ടന് ആ വിസ നൽകാൻ ഏർപ്പാടുമാക്കി. ആ ചെറുക്കൻ അതിന്റെ ഏർപ്പാടുകളുമായി രാവിലെതന്നെ പോയിക്കാണണം. ബാലേട്ടൻ തന്നെയാണ് ബന്ധപ്പെടുത്തിക്കൊടുത്തത്. നമ്മട അയൽ വാസികളല്ലേ? അവരെങ്കിലും രക്ഷപെടട്ടെ! ഇനിയിപ്പോ രൂപാ തന്നിട്ട് കാര്യമില്ല”.

ജീവിതത്തിലാദ്യമായി ഒരു നല്ലകാര്യം ചെയ്യാമെന്നു വിചാരിച്ച ചന്ദ്രദാസൻ മുതലാളി നിരാശയോടെയാണോ സന്തോഷത്തോടെയാണോ മടങ്ങിയതെന്ന അന്വേഷണവുമായോ, അദ്ദേഹത്തിന്റെ കുടുംബത്തിൽ പിന്നെ ഈ വിഷയത്തിൽ എന്തു ചർച്ച നടത്തിയെന്നോ അതിന്റെ അനന്തര ഫലം എന്തായെന്നോ ഉള്ള അന്വേഷണവുമായി ഈ കഥ ഇനി നീട്ടിക്കൊണ്ടുപോകുന്നില്ല! ബാക്കി വായനക്കാരുടെ ഭാവന പോലെ ആകട്ടെ

Wednesday, October 19, 2011

കാക്കനാടൻ അന്തരിച്ചു.

പ്രശസ്ത മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടൻ (ജോർജ് വർഗീസ്) അന്തരിച്ചു. മലയാളത്തിന്റെ പ്രിയ കഥാകാരന് ആദരാഞ്ജലികൾ!

ചിത്രം അജീഷ് ചന്ദ്രൻ അയച്ചുതന്നത്

ആരുഭരിച്ചാലും കണക്കാണോ?


ആരു ഭരിച്ചാലും കണക്കാണോ?


സാധാരണ ആരു ഭരിച്ചാലും കണക്കാണെന്നു പറയുന്നവർ പ്രധാനമായും മൂന്നുകൂട്ടരാണ്. ഒന്ന് അരാഷ്ട്രീയ വാദികൾ.രണ്ട് വലിയ പ്രവർത്തകരൊന്നുമല്ലാത്ത വലതുപക്ഷ രാഷ്ട്രീയ വിശ്വാസികൾ.മൂന്ന് എന്തെങ്കിലും കിട്ടാക്കെറുമൂലമോ പാർട്ടിവിരുദ്ധപ്രവർത്തനം മൂലമോ ഏതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിൽ നിന്ന് പുറത്തു പോയിട്ട് ആദർശത്തിന്റെ കപടമുഖം അണിയുന്നവർ! ( ഈ മൂന്നാമതൊരു വിഭാഗം ഇവിടെ ഇപ്പോൾ സജീവമാണല്ലോ!). ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും വലതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും ധാരാളം കാര്യങ്ങളിൽ സമാനത നിലനിൽക്കാം. എന്നാൽ ഒന്നിന്റെ തനിപ്പകർപ്പാകുമോ മറ്റൊന്ന്? ഒരിക്കലുമല്ല. നയപരമായ വ്യത്യാസം ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നടപ്പു ഭരണഫലത്തിൽത്തന്നെ പ്രകടമായി കാണാം. ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ ഇടതുപക്ഷത്തിനുള്ളത്ര ആത്മാർത്ഥത വലതുപക്ഷത്തിനുണ്ടാകാറില്ലാ എന്നാണ് ഈയുള്ളവന്റെ പക്ഷം. മറ്റൊന്ന് പൊതുമേഖലയോടും സ്വകാര്യമേഖലയോടും ഉള്ള സമീപനത്തിലും ഈ രണ്ടു പക്ഷങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇടതുപക്ഷം പരമാവധി പൊതുമേഖലയെ സംരക്ഷിക്കുവാനും നിലനിർത്തുവാനും ശക്തിപ്പെടുത്താനും ശ്രമിക്കും. സ്വകാര്യമേഖലയെ പാടേ നിരാകരിക്കാതെ ആവശ്യത്തിന് പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ വലതുപക്ഷം പൊതുമേഖലയെ വേണ്ടത്ര ശ്രദ്ധിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. സ്വകാര്യമേഖലയെ ആവശ്യത്തിലധികം പരിലാളിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു ഉദാഹരണം പറയുവാൻ സാഹചര്യം ഒരുങ്ങിയിരിക്കുന്നു.

ഇനി മുതൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്ന ചുമതല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ഏല്പിക്കുവാൻ പോകുന്നു. ഇതുവരെ സർക്കാർ ട്രഷറികൾ മുഖാന്തരമാണ് അത്തരം സാമ്പത്തിക പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഇനി ശമ്പളം വാങ്ങുന്നത് ഏതെങ്കിലും സ്വകാര്യബാങ്കിന്റെ അക്കൌണ്ടും എ.റ്റി.എമ്മും മറ്റും ഉപയോഗിച്ചായിരിക്കും. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ട്രഷറിവഴിയുള്ള പെൻഷൻ വിതരണം ചെക്ക് മൂലം ആക്കിയിരുന്നു. ഡോ.തോമസ് ഐസക്കിന്റെ നിരവധി സാമ്പത്തിക പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു അത്. മുമ്പ് പെൻഷൻ ബൂക്ക് നൽകി പെൻഷനർ നേരിട്ട് ട്രഷറിയിൽനിന്നും പെൻഷൻ വാങ്ങണമായിരുന്നു. (ചിലരൊക്കെ പോസ്റ്റ് ഓഫീസ് വഴിയും ബാങ്ക് വഴിയും വാങ്ങാറുണ്ട്. അതിനുള്ള ഓപ്ഷൻ മുമ്പേതന്നെ അവർക്കുണ്ടായിരുന്നു.) പെൻഷൻ വാങ്ങൽ ചെക്ക് വഴിയാക്കുന്നതിനെ സംശയത്തോടെ കണ്ട പെൻഷൻകാർ ആദ്യം തോമസ് ഐസക്കിന്റെ പരിഷ്കാരത്തിൽ മുറുമുറുപ്പുകൾ ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ സൌകര്യവും ഗുണവും മനസിലാക്കി അവർ എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചു.

പെൻഷൻ ചെക്ക് വഴിയാക്കിയതുകൊണ്ട് പല ഗുണങ്ങളുണ്ടായി. ഒന്ന് ഒരു പെൻഷണർക്ക് പണം ആവശ്യമുള്ള സമയത്ത് ആവശ്യത്തിനുള്ള പണം എത്രയാണോ അത് മാത്രം എടുക്കാം. ബാക്കിയുണ്ടെങ്കിൽ അത് ട്രഷറിഅക്കൌണ്ടിൽത്തന്നെ കിടക്കും. അതാകട്ടെ സർക്കാർ ഖജനാവിനു ഗുണവും! ധാരാളം പെൻഷണർമാർ പെൻഷനുപുറമേ മറ്റു പല വരുമാനവും ഉള്ളവരായി ഉണ്ട്. അതുകൊണ്ട് ചെക്ക് മുഖാന്തരം ആകുമ്പോൾ അവർ പെൻഷൻ പണം യഥാസമയം വാങ്ങാൻ തിടുക്കം കാണിക്കില്ല.മുമ്പ് അവരവരുടെ ഡേറ്റുകളിൽ പെൻഷൻ ബൂക്കുമായി ട്രഷറിയിൽ വന്ന് തള്ളുകൊണ്ട് പെൻഷൻ വാങ്ങുന്നതായിരുന്നു നടപ്പുരീതി. പുതിയ ചെക്ക് സമ്പ്രദായത്തിൽ പണം എപ്പോൾ വേണമെങ്കിലും ചെന്നു വാങ്ങാം. പണം അത്യാവശ്യമില്ലെങ്കിൽ പിന്നീട് വാങ്ങാമെന്നു കരുതുകയും ചെയ്യാം. അവർ പണം പിൻവലിക്കാൻ ഒരു ദിവസം വൈകിയാൽത്തന്നെ സർക്കാർ ഖജനാവിനു നേട്ടമാണ്. സർക്കാർ ഖജനാവിനുകൂടി നേട്ടമുള്ള ഒരു പരിഷ്കാരമായിരുന്നു ഡോ. തോമസ് ഐസക്ക് കൊണ്ടുവന്നതെന്നു സാരം. അതുപോലെ ചെക്ക് ആയതുകൊണ്ട് രോഗാതുരതയിൽ കഴിയുന്ന ഒരു പെൻഷണർക്ക് ട്രഷറിയിൽ ചെന്നു ക്യൂനിൽക്കേണ്ടിയും വരില്ല. ആരുടെയെങ്കിലും കൈയ്യിൽ ചെക്ക് കൊടുത്തുവിട്ടാൽ പെൻഷൻ പണം വാങ്ങാം. ട്രഷറിപൂട്ടാതിരിക്കാൻ എൽ.ഡി.എഫ് സർക്കാർ കാണിച്ച ശുഷ്കാന്തികളുടെ കൂട്ടത്തിലാണ് ഇങ്ങനെയൊരു ഞുണുക്കു പണികൂടി കൊണ്ടുവന്നത്. സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും നിലനില്പും ഇടതുപക്ഷത്തിന്റെ സവിശേഷ പരിഗണനയ്ക്ക് സദാ പാത്രീഭവിക്കും എന്ന് സൂചിപ്പിക്കുവാനാണ് ഇക്കാര്യം ഞാൻ സൂചിപ്പിച്ചത്. എന്നാൽ അതങ്ങനെതന്നെയല്ല, വലതുപക്ഷം! അവർക്ക് സ്വകാര്യമേഖലയോടായിരിക്കും കൂടുതൽ ചായ്‌വ്!

ഇപ്പോൾ കേരളത്തിൽ യു.ഡി.എഫ് സർക്കാർ ചെയ്യുന്നതു നോക്കൂ; സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും എല്ലാം ഇനി സ്വകാര്യ ബാങ്കുകൾ മുഖാന്തരം നൽകാൻ പോകുന്നുവത്രേ! അതായത് സർക്കാരിന്റെ സാമ്പത്തികപ്രവർത്തനങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ഇടപെടാൻ കഴിയുന്നു എന്നു സാരം. ഇതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് മനസിലാക്കാൻ സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റൊന്നും നേടണമെന്നില്ല. ഏതൊരു സാധാരണ മനുഷ്യനും ഊഹിക്കാവുന്നതേയുള്ളൂ. സമ്പൂർണ്ണ മുതലാളിത്തത്തിലേയ്ക്ക് ഇന്ത്യൻ സമ്പദ്ഘടനയെ തള്ളിവിടുന്ന രാജ്യത്തെ വലതുപക്ഷ ഭരണകൂടനയങ്ങൾക്ക് വിധേയമായി കേരളത്തിലെ സർക്കാരും പ്രവർത്തിക്കുന്നു എന്നതിൽ അസ്വാഭാവികതയില്ല. വികസനത്തിൽ സ്വകാര്യ പങ്കാളിത്തം എന്നൊക്കെപ്പറഞ്ഞ് പൊതുമേഖലാസ്ഥാപനങ്ങളെ മുഴുവൻ അവഗണിച്ച് തനിമുതലാളിത്തം സ്ഥാപിക്കുന്നത് മനസിലാക്കാം. മുതലാളിത്തം സ്വന്തം പ്രത്യയ ശാസ്ത്രമായി അംഗീകരിക്കുന്നവർ ഭരണം കൈയ്യാളുമ്പോൾ അതിലപ്പുറം പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പക്ഷെ ഗവദ്ണ്മെന്റ് ജീവനക്കാർക്ക് ശമ്പളം നൽകൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളും മറ്റുമായ ചുമതലകൾ അപ്പാടെ സ്വകാര്യസ്ഥാപനങ്ങൾക്ക് കൊട്ടേഷൻ നൽകുന്ന നയം ലോകത്തെ തനിമുതലാളിത്ത രാഷ്ട്രങ്ങളിൽ പോലും നിലവിലുണ്ടകുമോ എന്ന അന്വേഷിക്കേണ്ടിയിരിക്കുന്നു!

കുറിപ്പെഴുതാൻ പ്രേരിപ്പിച്ച പത്രവാർത്തയുംകൂടി താഴെ കോപ്പി പേസ്റ്റ് ചെയ്യുന്നു.

ശമ്പളവും പെന്‍ഷനും ഇനി സ്വകാര്യ ബാങ്കിലൂടെ

ജയകൃഷ്ണന്‍ നരിക്കുട്ടി


ദേശാഭിമാനി, 2011 ഒക്ടോബർ 17 തിങ്കള്‍

കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടക്കമുള്ള ഇടപാടുകള്‍ പുത്തന്‍ തലമുറ വാണിജ്യ ബാങ്കുകളെ ഏല്‍പിക്കുന്നു. പത്ത് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ എടിഎം വഴിയാക്കാന്‍സര്‍ക്കാര്‍ ഉത്തരവിറക്കി. സെപ്തംബര്‍ 15ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് ട്രഷറിയില്‍ കൈകാര്യം ചെയ്തിരുന്ന കോടികളുടെ സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളെ ഏല്‍പിക്കാന്‍ ഉത്തരവായത്. ഇപ്പോള്‍ ട്രഷറി വഴിയാണ് സര്‍ക്കാര്‍ ഇടപാടുകള്‍ . സഹകരണ, പൊതുമേഖലാ ബാങ്കുകള്‍ കൈകാര്യം ചെയ്ത സര്‍ക്കാര്‍ ഇടപാടുകളും പുത്തന്‍ തലമുറ ബാങ്കുകളിലേക്ക് മാറ്റും.

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മാസം 1000 കോടിയോളം ഇപ്പോള്‍ ട്രഷറിയിലൂടെ നല്‍കുന്നുണ്ട്. ഇതിന്റെ മുഴുവന്‍ കൈകാര്യവും ഇനി പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്കാകും. സര്‍ക്കാര്‍ ഫണ്ടുകള്‍ , പദ്ധതിവിഹിതം, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവയെല്ലാം ഇനി കൈകാര്യം ചെയ്യുക ഈ ബാങ്കുകളാകും. എച്ച്ഡിഎഫ്സി ബാങ്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപാട് മുഴുവന്‍ ഇതുവരെ നടത്തിയിരുന്ന ട്രഷറി ഫലത്തില്‍ ഇല്ലാതാക്കുന്നതാണ് തീരുമാനം. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടപ്പാക്കുന്ന പരിഷ്കാരത്തിന്റെ ഭാഗംകൂടിയാണ് ഈ നടപടി. എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളെ സാമ്പത്തിക ഇടപാട് ഏല്‍പിക്കുന്നതോടെ സര്‍ക്കാര്‍ ഖജനാവ് കൈകാര്യം ചെയ്യാനുള്ള അനുമതികൂടിയാണ് ഇവര്‍ക്ക് ലഭിക്കുക. ട്രഷറി പ്രവര്‍ത്തനം പരിമിതപ്പെടാനും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഇത് കാരണമാകും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ട്രഷറി പരിഷ്കരണം അട്ടിമറിച്ചാണ് സ്വകാര്യവല്‍ക്കരണ നീക്കം. കോര്‍ബാങ്കിങ് ഏര്‍പ്പെടുത്തി ട്രഷറികളില്‍ എടിഎം തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി മുഴുവന്‍ ട്രഷറികളും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. പുതിയ സബ്ട്രഷറികള്‍ , സ്റ്റാമ്പ് ഡിപ്പോകള്‍ , ചെക്ക് പോസ്റ്റ് ട്രഷറികള്‍ എന്നിവ ആരംഭിച്ചു. പെന്‍ഷന്‍കാര്‍ക്കും ഗസറ്റഡ് ജീവനക്കാര്‍ക്കുമായി അഞ്ച് ലക്ഷത്തോളം ട്രഷറി സേവിങ്സ് അക്കൗണ്ടും തുറന്നു. അതോടെ ട്രഷറികളിലൂടെ സമാഹരിക്കുന്ന തുക സംസ്ഥാന വികസനത്തിന് ഉപയോഗിക്കാനായി. സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളിലേക്ക് മാറ്റുന്നതോടെ ഈ നേട്ടങ്ങളെല്ലാം ഇല്ലാതാവും. വികസനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പണം ഊഹക്കച്ചവടമേഖലയിലേക്ക് വഴിമാറിപ്പോകാനും ഈ തീരുമാനം വഴിവച്ചേക്കും.

Monday, October 10, 2011

സി.പി..എം ആകുന്നത് അത്ര വലിയ അപരാധമോ?


സി.പി. ഐ. (എം) ആകുന്നത് അത്ര വലിയ അപരാധമോ?

ഇവിടെ വിവിധ വാർത്താ മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി. എമ്മിനും എതിരെ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങൾ കാണുമ്പോൾ ചോദിക്കാനുള്ള ചില ചോദ്യങ്ങളാണ് കുറിപ്പിൽ എഴുതാൻ ഉദ്ദേശിക്കുന്നത്. സി.പി. എമ്മിലോ മറ്റേതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിലോ വിശ്വസിക്കുകയോ അവയിലേതിലെങ്കിലും അംഗമാവുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ് എന്ന് ധ്വനിപ്പിക്കുന്നവയാണ് അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും വിവിധ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയും നടത്തുന്ന ഇടതുപക്ഷ-സി.പി. എം വിരുദ്ധ പ്രചരണങ്ങൾ. സി.പി. എമ്മിനെയാണ് ഏറ്റവും പ്രധാനമായി ഇവർ ഉന്നം വയ്ക്കുന്നത്. ഒരു ഇന്ത്യക്കാരൻ സി.പി. എം ആകുന്നതാണോ ഏറ്റവും വലിയ രാഷ്ട്രീയ അപരാധം? ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അതിനുമാത്രം മോശപ്പെട്ട ഒരു പ്രസ്ഥാനമാണോ സി.പി..എം? ഇവിടുത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.പി..എമ്മിനേക്കാൾ മെച്ചപ്പെട്ടവയും കുറ്റമറ്റവയുമാണോ? സി.പി..എം എന്ന പാർട്ടിയെ സദാ ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്നതിനു പിന്നിലെ മന:ശാസ്ത്രം എന്താണ്? ഇതേതുതരം അസുഖത്തിൽ‌പ്പെടും?

ഇവിടെ അപകടകരമായ ഒരുപാട് രാഷ്ട്രീയ സാമുഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുണ്ട്. അവയ്ക്കെതിരെ ആശയപ്രചരണം നടത്തി അവയെ ദുർബലപ്പെടുത്താനുള്ള ഊർജ്ജം മുഴുവനും ഇടതുപക്ഷവിരുദ്ധപ്രചരണങ്ങൾ നടത്തി പാഴാക്കുകയാണ് ആദർശകമ്മ്യൂണീസത്തിന്റെ മേലങ്കിയണിഞ്ഞവർപോലും. ഇവിടെ കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അതുതന്നെ. എന്നാൽ കോൺഗ്രസ്സ് മുതലാളിത്തത്തിന്റെ സംരക്ഷകരും ഇതിന്റെ നേതാക്കൾ നല്ലൊരു പങ്കും അഴിമതിയും ക്രിമിനൽ വാഴ്ചയും അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ്. എന്നാൽ കോൺഗ്രസ്സിൽ വിശ്വസിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒരു അപരാധമായി ഇവിടെ ഇടതുപക്ഷ വിരുദ്ധപ്രചാരകർ കാണുന്നില്ല. ഇവിടെ ബി.ജെ.പി എന്നൊരു രാഷ്ട്രീയപ്രസ്ഥാനമുണ്ട്. അത് വർഗ്ഗീയ അജൻഡകളുമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ പ്രവർത്തനങ്ങൾ അക്രമോത്സുകമാണെന്നും അവരും മുതലാളിത്തത്തിന്റെ വക്താക്കളും അഴിമതി, ക്രിമിനൽ വാഴ്ച എന്നിവയിൽ കോൺഗ്രസ്സിനേക്കാൾ പിന്നിലല്ലെന്നും എല്ലാവർക്കും അറിയാം. ആർ.എസ്.എസ് എന്ന അക്രമോത്സുക വർഗീയ സംഘടനയാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഹിന്ദുരാഷ്ട്രം അവരുടെ ആത്യന്തിക ലക്ഷ്യമാണെന്നും മുസ്ലിം-ക്രൈസ്തവ-കമ്മ്യ്യുണിസ്റ്റ് വിരോധവും അസഹിഷ്ണുതയും അവരുടെ മുഖമുദ്രയാണെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഒരു ബി.ജെ.പിക്കാരനോ, ആർ.എസ്.എസ് കാരനോ ശിവസേനക്കാരനോ ആകുന്നതിൽ ഒരു അപരാധവും ഇടതുപക്ഷത്തെ വിമർശിച്ച് നന്നാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന കപട ആദർശശാലികളോ മാധ്യമ പുംഗവന്മാരോ കാണുന്നില്ല. ഒരാൾ ഒരു ഹിന്ദു വർഗ്ഗീയ വാദി ആകുന്നതിലും വലിയ അപകടം സി.പി..എം ആകുന്നതാണോ?

ഇവിടെ എൻ.ഡി.എഫ്, എസ്.ഡി.പി. എന്നിങ്ങനെ പലപേരുകളിൽ മുസ്ലിം വർഗ്ഗീയ സംഘടനകൾ ഉണ്ട്. അക്രമോത്സുക സംഘടനകളിലും ധാരാളം പേർ പ്രവർത്തിക്കുന്നുണ്ട്. ആയുധപരിശീലനവും അക്രമവും കൊലപാതകവും ആർ.എസ്.എസിന് എന്ന പോലെ ഇവരും അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. ആർ.എസ്.എസും എൻ.ഡി.എഫും ബദലുക്കു ബദലും രണ്ടും ഒരുപോലെ അപകടകാരികളും ആണെന്ന് അറിയാത്തവർ ആരുമില്ല. രണ്ടുകൂട്ടരുടെയും പൊതുശത്രു സി.പി..എം ആണെന്നത് ഇത്തരുണത്തിൽ എടുത്തു പറഞ്ഞുകൊള്ളുന്നു. അതെന്തുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. ഒരു എസ്.ഡി.പി.ഐക്കാരനോ എൻ.ഡി.എഫുകാരനോ ആകുന്നതിലും വലിയ അപരാധമാകുമോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇവിടെ മുസ്ലിം ലീഗ് എന്നൊരു സംഘടനയുണ്ട്. മതേതരം എന്നു പറയുന്നെങ്കിലും പാർട്ടിയുടെ പേരിൽത്തന്നെ മുസ്ലിം എന്ന് എഴുതിവച്ചിട്ടുണ്ട്. അനുയായികൾ എല്ലാം മുസ്ലിങ്ങൾ മാത്രമാണു താനും. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ചില അമുസ്ലിങ്ങളെ നിർത്തും എന്നതൊഴിച്ചാൽ പാർട്ടിയിൽ വലിയ മതേതരത്വമൊന്നും ദർശിക്കാനാകില്ല. തികഞ്ഞ വർഗ്ഗീയ-ഭീകരവാദികൾ ഒന്നുമല്ലെന്നു സമ്മതിക്കാം. പക്ഷെ നയങ്ങളിലും , അഴിമതി, ക്രിമിനൽവാഴ്ച മുതലായവയിൽ കോൺഗ്രാസിനെയോ ബി.ജെ.പിയെയോകാൾ ഒട്ടും പിന്നിലല്ല മുസ്ലിം ലീഗ്. മുതലാളിത്തത്തിന്റെ വക്താക്കൾതന്നെ അവരും. ഒരു മുസ്ലിം ലീഗ്കാരൻ ആകുന്നതിലും വലിയ അപരാധമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേരളാ കോൺഗ്രാസുകാർ. പേരിൽ മതമൊന്നുമില്ലെങ്കിലും ക്രിസ്ത്യാനികൾ അല്ലാത്തവരും കുറച്ചൊക്കെ അനുയായികളായി ഉണ്ടെങ്കിലും പള്ളി അരമന നിയന്ത്രിക്കുന്ന ഒരു കൈസ്തവ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് അതിന്റെയും നിലനിൽ‌പ്. ഭീകരവാദികളോ തികഞ്ഞ വർഗ്ഗീയ വാദികളോ ഒന്നുമല്ലെങ്കിലും നയങ്ങൾ, അഴിമതി, ക്രിമിനൽ വാഴ്ച, മുതലാളിത്തത്തോടുള്ള കൂറ് തുടങ്ങിയവയിൽ മേല്പറഞ്ഞ വലതുപക്ഷ സംഘടനകളിൽ നിന്ന് ഒട്ടും വിഭിന്നമല്ല കേരളാ കോൺഗ്രസ്സ്. ഒരു കേരളാ കോൺഗ്രസ്സുകാരൻ ആകുന്നതിലും മോശമായ ഒരു കാര്യമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്?

ഇന്ത്യയിൽ നിലവിലിലുള്ളത് ഒരു മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ദൌർബല്യവും മനസിലാക്കാത്തവരല്ല ഒരു വിധം രാഷ്ട്രീയവിവരമുള്ള ആരും. ജാതിമത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയിലെ മോശമായ ചില സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിൽ പലതും കമ്മ്യൂണീസ്റ്റുകാർക്കെന്നല്ല ആർക്കും ഒറ്റയറ്റിയ്ക്ക് ഇല്ലാതാക്കനാകില്ല എന്നതും എല്ലാവർക്കും അറിയാം. മുതലാളിത്തമടക്കമുള്ള ഇത്തരം സാമൂഹ്യാവസ്ഥകളോടൊക്കെ അല്പം ചില നീക്കുപോക്കുകളും പൊരുത്തപ്പെടലുകളും നടത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഇടതുപക്ഷവും പ്രവർത്തിക്കുന്നത് എന്നതും നിഷേധിക്കുന്നില്ല. പക്ഷെ ഒരു ഇടതുപക്ഷക്കാരനാകുക, അല്ലെങ്കിൽ സി.പി..എമ്മുകാരനാകുക എന്നതിലപ്പുറം ഒരു അപരാധമില്ലെന്ന മട്ടിൽ പ്രചരണം നടത്തിയാലോ? മുതലാളിത്ത ഏജന്റുമാരിൽ നിന്ന് അച്ചാരംപറ്റി അത്തരം പ്രചരണം നടത്തുന്നവരെ മനസിലാക്കാം. പക്ഷെ സ്വന്തം ചൊറിച്ചിൽ മാറ്റാൻ വേണ്ടിമാത്രം അത്തരം ഇടതുപക്ഷ വിരുദ്ധ പ്രചരണം നടത്തുന്നതിനും ഇടതുപക്ഷത്തെ തീരെ ഇകഴ്ത്തുന്നതിനും പിന്നിലുള്ള അവരരവർ മനോരോഗം സ്വയം അറിഞ്ഞ് ചികിത്സിക്കുകതന്നെ വേണം എന്നേ ഉപദേശിക്കുവാനുള്ളൂ. അല്ലെങ്കിൽ മാർക്സിസ്റ്റ് വിരുദ്ധർ പകരം വയ്ക്കാൻ ഒരു സംവിധാനം കൂടി മുന്നോട്ടുവയ്ക്കുക.

ഞാൻ ബ്ലോഗിൽ വരുന്ന കാലത്ത് രാഷ്ട്രീയം അധികം എഴുതാറില്ലായിരുന്നു. പിന്നീട് ഓരോരോ ബ്ലോഗുകൾ വായിക്കുമ്പോൾ പലരും കോൺഗ്രസ്സിനുവേണ്ടി ബ്ലോഗെഴുതുന്നു. മുസ്ലിം ലീഗിനു വേണ്ടി എഴുതുന്നു. ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും വേണ്ടി ബ്ലോഗെഴുതുന്നു. എൻ.ഡി.എഫിനു വേണ്ടി ബ്ലോഗെഴുതുന്നു. സുന്നികൾക്കു വേണ്ടി ബ്ലോഗെഴുതുന്നു. മുജാഹിദുകൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. ജമാ‍അത്തെ ഇസ്ലാമിക്കു വേണ്ടി ബ്ലോഗെഴുതുന്നു. യുക്തിവാദികൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. തികഞ്ഞ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. നിരവധി പ്രതിലോമാശയങ്ങൾ ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. മാടമ്പിത്തത്തെയും സ്ത്രീ പീഡനത്തെയും അഴിമതിയെയും മറ്റും അനുകൂലിച്ചുപോലും എഴുതുന്നു. ചിലരാകട്ടെ തികഞ്ഞ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നത് ഒരു ഇടതുപക്ഷവിരുദ്ധ എഴുത്തു കണ്ടാൽ അതിനെ അനുകൂലിച്ചു കമന്റെഴുതാൻ അസാമാന്യമായ തിക്കുംതിരക്കുമാണ്. ഒരു ഇടതുപക്ഷ അനുകൂല എഴുത്തു വന്നാലോ പല്ലും നഖവുമായി ചാടിയിറങ്ങാൻ ഊരും പേരും ഉള്ളവരും ഇല്ല്ലാത്തവരും നിരവധി. സി.പി.എം അനുകൂല എഴുത്തെങ്ങാനും കണ്ടാൽ ഇങ്ങനെയൊന്നുമല്ല ബ്ലോഗെഴുതേണ്ടതെന്നും ബ്ലോഗെഴുത്തെന്നാൽ ഇടതുപക്ഷ വിരുദ്ധ എഴുത്താണെന്നും മറ്റും ഉപദേശിക്കുവാൻ പോലും ആളുകൾ ഉണ്ടായ്‌വന്നു. ഇക്കണ്ട പ്രതിലോമ ആശയക്കാർക്കൊക്കെയും അവരുടെ രാഷ്ട്രീയം എഴുതാമെങ്കിൽ ഞാനെന്തിന് എന്റെ രാഷ്ട്രീയം മറച്ചുവയ്ക്കുന്നെവെന്നു കരുതിയാണ് ഞാനും രാഷ്ട്രീയം എഴുത്തു തുടങ്ങിയത്. തീർച്ചയായും ഇടതുപക്ഷത്തിനോ സി.പി. എമ്മിനോ അനുകൂലമായി എഴുതുന്നതിൽ യാതൊരു കുറവും കാണുന്നില്ല. അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുതന്നെ എഴുതും. അത്യാവശ്യം ഇടതുപക്ഷത്തെത്തന്നെ വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിക്കുകയും ചെയ്യും. അല്ലാതെ ഇന്നയിന്ന കാരണങ്ങളാൽ ഞാനെന്ന മഹാനിതാ കമ്മ്യൂണിസ്റ്റല്ലാതാകുന്നു എന്നു വിളംബരം ചെയ്ത് ആരുടെയെങ്കിലും കൈയ്യടി വാങ്ങേണ്ട യാതൊരാവശ്യവും ഇല്ല. ഇടതുപക്ഷ അനുകൂല എഴുത്തുകൾ ഇനിയും പ്രതീക്ഷിക്കുക! അല്ലപിന്നെ!

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...