സി.പി. ഐ. (എം) ആകുന്നത് അത്ര വലിയ അപരാധമോ?
ഇവിടെ വിവിധ വാർത്താ മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി.ഐ എമ്മിനും എതിരെ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങൾ കാണുമ്പോൾ ചോദിക്കാനുള്ള ചില ചോദ്യങ്ങളാണ് ഈ കുറിപ്പിൽ എഴുതാൻ ഉദ്ദേശിക്കുന്നത്. സി.പി.ഐ എമ്മിലോ മറ്റേതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിലോ വിശ്വസിക്കുകയോ അവയിലേതിലെങ്കിലും അംഗമാവുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ് എന്ന് ധ്വനിപ്പിക്കുന്നവയാണ് അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും വിവിധ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയും നടത്തുന്ന ഇടതുപക്ഷ-സി.പി.ഐ എം വിരുദ്ധ പ്രചരണങ്ങൾ. സി.പി.ഐ എമ്മിനെയാണ് ഏറ്റവും പ്രധാനമായി ഇവർ ഉന്നം വയ്ക്കുന്നത്. ഒരു ഇന്ത്യക്കാരൻ സി.പി.ഐ എം ആകുന്നതാണോ ഏറ്റവും വലിയ രാഷ്ട്രീയ അപരാധം? ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അതിനുമാത്രം മോശപ്പെട്ട ഒരു പ്രസ്ഥാനമാണോ സി.പി.ഐ.എം? ഇവിടുത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.പി.ഐ.എമ്മിനേക്കാൾ മെച്ചപ്പെട്ടവയും കുറ്റമറ്റവയുമാണോ? സി.പി.ഐ.എം എന്ന പാർട്ടിയെ സദാ ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്നതിനു പിന്നിലെ മന:ശാസ്ത്രം എന്താണ്? ഇതേതുതരം അസുഖത്തിൽപ്പെടും?
ഇവിടെ അപകടകരമായ ഒരുപാട് രാഷ്ട്രീയ സാമുഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുണ്ട്. അവയ്ക്കെതിരെ ആശയപ്രചരണം നടത്തി അവയെ ദുർബലപ്പെടുത്താനുള്ള ഊർജ്ജം മുഴുവനും ഇടതുപക്ഷവിരുദ്ധപ്രചരണങ്ങൾ നടത്തി പാഴാക്കുകയാണ് ആദർശകമ്മ്യൂണീസത്തിന്റെ മേലങ്കിയണിഞ്ഞവർപോലും. ഇവിടെ കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അതുതന്നെ. എന്നാൽ ഈ കോൺഗ്രസ്സ് മുതലാളിത്തത്തിന്റെ സംരക്ഷകരും ഇതിന്റെ നേതാക്കൾ നല്ലൊരു പങ്കും അഴിമതിയും ക്രിമിനൽ വാഴ്ചയും അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ്. എന്നാൽ ഈ കോൺഗ്രസ്സിൽ വിശ്വസിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒരു അപരാധമായി ഇവിടെ ഇടതുപക്ഷ വിരുദ്ധപ്രചാരകർ കാണുന്നില്ല. ഇവിടെ ബി.ജെ.പി എന്നൊരു രാഷ്ട്രീയപ്രസ്ഥാനമുണ്ട്. അത് വർഗ്ഗീയ അജൻഡകളുമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ പ്രവർത്തനങ്ങൾ അക്രമോത്സുകമാണെന്നും അവരും മുതലാളിത്തത്തിന്റെ വക്താക്കളും അഴിമതി, ക്രിമിനൽ വാഴ്ച എന്നിവയിൽ കോൺഗ്രസ്സിനേക്കാൾ പിന്നിലല്ലെന്നും എല്ലാവർക്കും അറിയാം. ആർ.എസ്.എസ് എന്ന അക്രമോത്സുക വർഗീയ സംഘടനയാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഹിന്ദുരാഷ്ട്രം അവരുടെ ആത്യന്തിക ലക്ഷ്യമാണെന്നും മുസ്ലിം-ക്രൈസ്തവ-കമ്മ്യ്യുണിസ്റ്റ് വിരോധവും അസഹിഷ്ണുതയും അവരുടെ മുഖമുദ്രയാണെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഒരു ബി.ജെ.പിക്കാരനോ, ആർ.എസ്.എസ് കാരനോ ശിവസേനക്കാരനോ ആകുന്നതിൽ ഒരു അപരാധവും ഇടതുപക്ഷത്തെ വിമർശിച്ച് നന്നാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന ഈ കപട ആദർശശാലികളോ മാധ്യമ പുംഗവന്മാരോ കാണുന്നില്ല. ഒരാൾ ഒരു ഹിന്ദു വർഗ്ഗീയ വാദി ആകുന്നതിലും വലിയ അപകടം സി.പി.ഐ.എം ആകുന്നതാണോ?
ഇവിടെ എൻ.ഡി.എഫ്, എസ്.ഡി.പി.ഐ എന്നിങ്ങനെ പലപേരുകളിൽ മുസ്ലിം വർഗ്ഗീയ സംഘടനകൾ ഉണ്ട്. ഈ അക്രമോത്സുക സംഘടനകളിലും ധാരാളം പേർ പ്രവർത്തിക്കുന്നുണ്ട്. ആയുധപരിശീലനവും അക്രമവും കൊലപാതകവും ആർ.എസ്.എസിന് എന്ന പോലെ ഇവരും അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. ആർ.എസ്.എസും എൻ.ഡി.എഫും ബദലുക്കു ബദലും രണ്ടും ഒരുപോലെ അപകടകാരികളും ആണെന്ന് അറിയാത്തവർ ആരുമില്ല. ഈ രണ്ടുകൂട്ടരുടെയും പൊതുശത്രു സി.പി.ഐ.എം ആണെന്നത് ഇത്തരുണത്തിൽ എടുത്തു പറഞ്ഞുകൊള്ളുന്നു. അതെന്തുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. ഒരു എസ്.ഡി.പി.ഐക്കാരനോ എൻ.ഡി.എഫുകാരനോ ആകുന്നതിലും വലിയ അപരാധമാകുമോ ഒരു സി.പി.ഐ.എം കാരൻ ആകുക എന്നത്? ഇവിടെ മുസ്ലിം ലീഗ് എന്നൊരു സംഘടനയുണ്ട്. മതേതരം എന്നു പറയുന്നെങ്കിലും പാർട്ടിയുടെ പേരിൽത്തന്നെ മുസ്ലിം എന്ന് എഴുതിവച്ചിട്ടുണ്ട്. അനുയായികൾ എല്ലാം മുസ്ലിങ്ങൾ മാത്രമാണു താനും. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ചില അമുസ്ലിങ്ങളെ നിർത്തും എന്നതൊഴിച്ചാൽ ഈ പാർട്ടിയിൽ വലിയ മതേതരത്വമൊന്നും ദർശിക്കാനാകില്ല. തികഞ്ഞ വർഗ്ഗീയ-ഭീകരവാദികൾ ഒന്നുമല്ലെന്നു സമ്മതിക്കാം. പക്ഷെ നയങ്ങളിലും , അഴിമതി, ക്രിമിനൽവാഴ്ച മുതലായവയിൽ കോൺഗ്രാസിനെയോ ബി.ജെ.പിയെയോകാൾ ഒട്ടും പിന്നിലല്ല മുസ്ലിം ലീഗ്. മുതലാളിത്തത്തിന്റെ വക്താക്കൾതന്നെ അവരും. ഒരു മുസ്ലിം ലീഗ്കാരൻ ആകുന്നതിലും വലിയ അപരാധമാണോ ഒരു സി.പി.ഐ.എം കാരൻ ആകുക എന്നത്? ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേരളാ കോൺഗ്രാസുകാർ. പേരിൽ മതമൊന്നുമില്ലെങ്കിലും ക്രിസ്ത്യാനികൾ അല്ലാത്തവരും കുറച്ചൊക്കെ അനുയായികളായി ഉണ്ടെങ്കിലും പള്ളി അരമന നിയന്ത്രിക്കുന്ന ഒരു കൈസ്തവ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് അതിന്റെയും നിലനിൽപ്. ഭീകരവാദികളോ തികഞ്ഞ വർഗ്ഗീയ വാദികളോ ഒന്നുമല്ലെങ്കിലും നയങ്ങൾ, അഴിമതി, ക്രിമിനൽ വാഴ്ച, മുതലാളിത്തത്തോടുള്ള കൂറ് തുടങ്ങിയവയിൽ മേല്പറഞ്ഞ വലതുപക്ഷ സംഘടനകളിൽ നിന്ന് ഒട്ടും വിഭിന്നമല്ല കേരളാ കോൺഗ്രസ്സ്. ഒരു കേരളാ കോൺഗ്രസ്സുകാരൻ ആകുന്നതിലും മോശമായ ഒരു കാര്യമാണോ ഒരു സി.പി.ഐ.എം കാരൻ ആകുക എന്നത്?
ഇന്ത്യയിൽ നിലവിലിലുള്ളത് ഒരു മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ദൌർബല്യവും മനസിലാക്കാത്തവരല്ല ഒരു വിധം രാഷ്ട്രീയവിവരമുള്ള ആരും. ജാതിമത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയിലെ മോശമായ ചില സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിൽ പലതും കമ്മ്യൂണീസ്റ്റുകാർക്കെന്നല്ല ആർക്കും ഒറ്റയറ്റിയ്ക്ക് ഇല്ലാതാക്കനാകില്ല എന്നതും എല്ലാവർക്കും അറിയാം. മുതലാളിത്തമടക്കമുള്ള ഇത്തരം സാമൂഹ്യാവസ്ഥകളോടൊക്കെ അല്പം ചില നീക്കുപോക്കുകളും പൊരുത്തപ്പെടലുകളും നടത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഇടതുപക്ഷവും പ്രവർത്തിക്കുന്നത് എന്നതും നിഷേധിക്കുന്നില്ല. പക്ഷെ ഒരു ഇടതുപക്ഷക്കാരനാകുക, അല്ലെങ്കിൽ സി.പി.ഐ.എമ്മുകാരനാകുക എന്നതിലപ്പുറം ഒരു അപരാധമില്ലെന്ന മട്ടിൽ പ്രചരണം നടത്തിയാലോ? മുതലാളിത്ത ഏജന്റുമാരിൽ നിന്ന് അച്ചാരംപറ്റി അത്തരം പ്രചരണം നടത്തുന്നവരെ മനസിലാക്കാം. പക്ഷെ സ്വന്തം ചൊറിച്ചിൽ മാറ്റാൻ വേണ്ടിമാത്രം അത്തരം ഇടതുപക്ഷ വിരുദ്ധ പ്രചരണം നടത്തുന്നതിനും ഇടതുപക്ഷത്തെ തീരെ ഇകഴ്ത്തുന്നതിനും പിന്നിലുള്ള അവരരവർ മനോരോഗം സ്വയം അറിഞ്ഞ് ചികിത്സിക്കുകതന്നെ വേണം എന്നേ ഉപദേശിക്കുവാനുള്ളൂ. അല്ലെങ്കിൽ ഈ മാർക്സിസ്റ്റ് വിരുദ്ധർ പകരം വയ്ക്കാൻ ഒരു സംവിധാനം കൂടി മുന്നോട്ടുവയ്ക്കുക.
ഞാൻ ബ്ലോഗിൽ വരുന്ന കാലത്ത് രാഷ്ട്രീയം അധികം എഴുതാറില്ലായിരുന്നു. പിന്നീട് ഓരോരോ ബ്ലോഗുകൾ വായിക്കുമ്പോൾ പലരും കോൺഗ്രസ്സിനുവേണ്ടി ബ്ലോഗെഴുതുന്നു. മുസ്ലിം ലീഗിനു വേണ്ടി എഴുതുന്നു. ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും വേണ്ടി ബ്ലോഗെഴുതുന്നു. എൻ.ഡി.എഫിനു വേണ്ടി ബ്ലോഗെഴുതുന്നു. സുന്നികൾക്കു വേണ്ടി ബ്ലോഗെഴുതുന്നു. മുജാഹിദുകൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. ജമാഅത്തെ ഇസ്ലാമിക്കു വേണ്ടി ബ്ലോഗെഴുതുന്നു. യുക്തിവാദികൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. തികഞ്ഞ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. നിരവധി പ്രതിലോമാശയങ്ങൾ ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. മാടമ്പിത്തത്തെയും സ്ത്രീ പീഡനത്തെയും അഴിമതിയെയും മറ്റും അനുകൂലിച്ചുപോലും എഴുതുന്നു. ചിലരാകട്ടെ തികഞ്ഞ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നത് ഒരു ഇടതുപക്ഷവിരുദ്ധ എഴുത്തു കണ്ടാൽ അതിനെ അനുകൂലിച്ചു കമന്റെഴുതാൻ അസാമാന്യമായ തിക്കുംതിരക്കുമാണ്. ഒരു ഇടതുപക്ഷ അനുകൂല എഴുത്തു വന്നാലോ പല്ലും നഖവുമായി ചാടിയിറങ്ങാൻ ഊരും പേരും ഉള്ളവരും ഇല്ല്ലാത്തവരും നിരവധി. സി.പി.എം അനുകൂല എഴുത്തെങ്ങാനും കണ്ടാൽ ഇങ്ങനെയൊന്നുമല്ല ബ്ലോഗെഴുതേണ്ടതെന്നും ബ്ലോഗെഴുത്തെന്നാൽ ഇടതുപക്ഷ വിരുദ്ധ എഴുത്താണെന്നും മറ്റും ഉപദേശിക്കുവാൻ പോലും ആളുകൾ ഉണ്ടായ്‌വന്നു. ഇക്കണ്ട പ്രതിലോമ ആശയക്കാർക്കൊക്കെയും അവരുടെ രാഷ്ട്രീയം എഴുതാമെങ്കിൽ ഞാനെന്തിന് എന്റെ രാഷ്ട്രീയം മറച്ചുവയ്ക്കുന്നെവെന്നു കരുതിയാണ് ഞാനും രാഷ്ട്രീയം എഴുത്തു തുടങ്ങിയത്. തീർച്ചയായും ഇടതുപക്ഷത്തിനോ സി.പി.ഐ എമ്മിനോ അനുകൂലമായി എഴുതുന്നതിൽ യാതൊരു കുറവും കാണുന്നില്ല. അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുതന്നെ എഴുതും. അത്യാവശ്യം ഇടതുപക്ഷത്തെത്തന്നെ വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിക്കുകയും ചെയ്യും. അല്ലാതെ ഇന്നയിന്ന കാരണങ്ങളാൽ ഞാനെന്ന മഹാനിതാ കമ്മ്യൂണിസ്റ്റല്ലാതാകുന്നു എന്നു വിളംബരം ചെയ്ത് ആരുടെയെങ്കിലും കൈയ്യടി വാങ്ങേണ്ട യാതൊരാവശ്യവും ഇല്ല. ഇടതുപക്ഷ അനുകൂല എഴുത്തുകൾ ഇനിയും പ്രതീക്ഷിക്കുക! അല്ലപിന്നെ!
No comments:
Post a Comment