എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Sunday, September 4, 2011

ബൂലോകമാണോ ബൂലോഗമാണോ ശരി?


ബൂലോകമാണോ ബൂലോഗമാണോ ശരി?

ബ്ലോഗിന് മലയാളത്തിൽ ‘ബൂലോകം’ എന്നാണ് കൂടുതൽ പേരും പറഞ്ഞു വരുന്നത്. എന്നാൽ ചിലർ ‘ബൂലോഗം’ എന്നും പറഞ്ഞുകാണുന്നു. ഇതിൽ നമ്മൾ ഏതാണ് പ്രയോഗിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും? മറ്റുഭാഷകളിൽ നിന്ന് അത്യാവശ്യം വാക്കുകൾ അതേപോലെ കടമെടുക്കുന്നതും നമ്മുടെ ഭാഷയ്ക്ക് മുതൽകൂട്ട് തന്നെയായിരിക്കും. ആ നിലയിൽ ബ്ലോഗ് എന്നു പറയുന്നതിലും കുറ്റം കാണേണ്ടതില്ല. എങ്കിലും പുതിയ പുതിയ കണ്ടു പിടുത്തങ്ങൾ ഉണ്ടാകുമ്പോൾ അവയ്ക്ക് നമ്മൾ നമ്മുടെ ഭാഷയിൽത്തന്നെ വാക്കുകളുണ്ടാക്കുന്നത് നല്ലതല്ലേ?

ഇനി അഥവാ പേരിലെന്തിരിക്കുന്നു എന്നാണ് ചോദ്യമെങ്കിൽ പേരിന് പ്രസക്തിയൊക്കെ ഉണ്ട് എന്നാണ് ഈയുള്ളവന്റെ പക്ഷം. ഓരോന്നിനെയും തിരിച്ചു പറയാനും തിരിച്ചറിയാനും പേരുകൾ ഏതൊരു വസ്തുവിനും, ജീവിക്കും, പ്രതിഭാസത്തിനും അനിവാര്യമാണ്. അപ്പോൾ ബ്ലോഗിന്റെ കാര്യത്തിലും അതാവശ്യമാണ്.അതുകൊണ്ട് ഈ ചർച്ച പ്രസക്തവുമാണ്.പേരിടൽ എന്നൊരു കണ്ടുപിടിത്തം മനുഷ്യൻ നടത്തിയിട്ടില്ല്ലായിരുന്നെങ്കിൽ നമ്മൾ മനുഷ്യർ ബധിരന്മാരും മൂകന്മാരുമായി കഴിയേണ്ടി വന്നേനെ! കാരണം ഒന്നിനെക്കുറിച്ചും പറയാൻ അവയ്ക്കൊന്നും പേരുകൾ ഇല്ലല്ലോ!

ബൂലോകം എന്നതോ ബൂലോഗം എന്നതോ ശരി? ബ്ലോഗ് എന്ന പദവുമായി കൂടുതൽ അടുത്തു നിൽക്കുന്നത് ‘ബൂലോഗം’ എന്ന പദമാണ്. കാരണം ബ്ലോഗിൽ ‘ഗ്’ ആണല്ലോ ഉള്ളത്. എന്നാൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത് ‘ബൂലോകംമ്’ എന്നുമാണ്. ബ്ലോഗിൽ ‘ക’ എന്ന അക്ഷരം ഇല്ലല്ലോ! ഈ ‘ബൂലോകംമ്’ എന്ന് പറയുമ്പോൾ ബ്ലോഗുമായൊന്നും ബന്ധമില്ലാത്തവർ പലരും ഭൂലോകം എന്നത് തെറ്റിച്ച് ഉപയോഗിക്കുന്നതാണേന്ന് ധരിക്കാനിടയാകുന്നുണ്ട്. യാഥാർത്ഥ ഭൂലോകത്ത് നിലവിലിലുള്ള ഒരു പ്രതിഭാസമാണ് ബ്ലോഗ് എങ്കിലും ഭൂലോകവും ബൂലോകവും രണ്ടും രണ്ടാണല്ലോ! ഇനി അഥവാ ‘ബൂലോഗം’ എന്നുതന്നെ പറഞ്ഞാലും ഈ തെറ്റിദ്ധാരണ ഉണ്ടാകാം. ഭാവിയിൽ ഇത് ആളുകൾ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തിരിച്ചറിഞ്ഞുകൊള്ളും എന്നാണെങ്കിൽ പിന്നെ ഈ ചർച്ചയ്ക്ക് പ്രസക്തിയില്ല.

പക്ഷെ ഒന്നോർക്കേണ്ടത് മലയാളം ബ്ലോഗ് മേഖല ഇപ്പോൾ ശൈശവദിശയിലല്ല. അത് ഇതിനകംതന്നെ വളർന്ന് വികസിച്ചു കഴിഞ്ഞു. ഇനിയും വളർന്ന് വികസിച്ചുകൊണ്ടുമിരിക്കും. അതുകൊണ്ട് ബ്ലോഗിന്റെ മലയാളനാമത്തെപ്പറ്റി നാം ചർച്ച ചെയ്യുന്നതിൽ അപാകതയൊന്നുമില്ല. എന്തായാ‍ലും ബൂലോകം, ബൂലോഗം എന്നീ വാക്കുകൾ ഭൂലോകം എന്ന വാക്കിനെ തെറ്റായോ അല്ലെങ്കിൽ പരിഷ്കരിച്ചോ പറയുന്നതാണെന്ന് ഈ മേഖലയുമായി പരിചയമില്ലാത്തവർ ധരിച്ചുകൂടെന്നില്ല. എങ്കിലും ഈ വാക്കുകൾ നമുക്കിനി ഉപേക്ഷിക്കനും വയ്യ. അപ്പോൾ ഇതിൽ ഏതെങ്കിലും ഒന്നിന് ഒരു സ്ഥിരീകരണം വരുത്തേണ്ടതുണ്ട്.
ബ്ലോഗിനെ ചിലർ അവർ ബ്ലോഗിൽ വന്ന കാലം മുതൽ ബ്ലോഗം എന്ന് പറഞ്ഞുപോരുന്നുണ്ട്. ആരാണീ ചിലർ? മറ്റാരുമല്ല, ഈ നോം തന്നെ. പക്ഷെ ഈ വാക്കിന് വേണ്ടത്ര അനുയായികളെ ലഭിച്ചില്ല. അതുപോലെ കമ്പ്യൂട്ടർ എന്ന വാക്കിനും മലയാളമില്ലല്ലോ. പക്ഷെ ചിലർ ഇതിനെ മലയാളീ‍കരിച്ച് കമ്പെട്ടി എന്നു വിളിച്ചു പോരുന്നുണ്ട്. ആരാ ഈ ചിലർ? അതും മറ്റാരുമല്ല; ഈ നോം തന്നെ! ‘കമ്പെട്ടി’ എന്ന ‘മലയാളവാക്കിനും’ വേണ്ടത്ര അംഗീകാരം കിട്ടിയില്ല. ഓ! കിട്ടിയില്ലെങ്കിൽ വേണ്ട! നോം ഇനിയും പുതിയ വാക്കുകൾ കണ്ടു പിടിച്ചുകൊണ്ടിരിക്കും. നോം തന്നെ അവ ഉപയോഗിച്ചുകൊണ്ടുമിരിക്കും. ഭാഷാ പണ്ഡിതന്മാർക്കേ ഭാഷയെ പരിഷ്കരിക്കാനും, പുതിയ വാക്കുകൾ കൂട്ടിച്ചേർക്കാനും, ആവശ്യമില്ലാത്തത് കളയാനുമൊക്കെ അവകാശമുള്ളൂ എന്നൊന്നുമില്ലല്ലോ. അല്ലപിന്നെ!

തൽക്കാലം എന്റെ കണ്ടു പിടിത്തങ്ങളൊക്കെ അവിടെ നിൽക്കട്ടെ. ബൂലോകവും, ബൂലോഗവും ഇപ്പോൾ പ്രയോഗത്തിലുണ്ട്. അതിൽ നമുക്ക് ഏതിനെ കൂടുതൽ സ്വീകാര്യമാക്കണം? ഇത് രണ്ടും കൂടിയും ഇനിയും മറ്റുവല്ല വാക്കുകളുമുണ്ടെങ്കിൽ അതും കൂടിയും അങ്ങ് പ്രയോഗിച്ചു പോരുന്നതിലും തെറ്റൊന്നുമുണ്ടായിട്ടല്ല. ചുമ്മാ അഭിപ്രായങ്ങൾ പങ്ക് വയ്ക്കാമല്ലോ. ഈ രണ്ട് വാക്കുകളിൽ ഏതാണ് ശരി? ‘ബൂലോകമ’മോ, അതോ ‘ബൂലോഗ’മോ? ഈയുള്ളവനവർകക്കുടെ ഒരു സംശയം കൂ‍ടിയാണിത്. . അതുകൊണ്ട് ആരെങ്കിലും വഴിതെറ്റിയെങ്ങാനും ഇതുവഴി വരുന്നെങ്കിൽ ഒരു കമന്റ് കമന്റിയിട്ട് പോകുക!

Thursday, August 4, 2011

തൊടുപുഴ ബ്ലോഗ്മീറ്റ്പോസ്റ്റ്‌

തൊടുപുഴ ബ്ലോഗ്മീറ്റ് പോസ്റ്റ്
ഈ പോസ്റ്റ്    വിശ്വമാനവികം 1ലും വായിക്കാം
http://easajim.blogspot.com/2011/08/blog-post.html

തൊടുപുഴ ബ്ലോഗ്ഗേഴ്സ് മീറ്റ്‌

ആദ്യം ഈ പോസ്റ്റിന്റെ ചുരുക്കം

2011 ജൂലൈ 31 ഞായറാഴ്ച തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ നടന്ന മീറ്റിൽ ഈയുള്ളവനവർകളും പങ്കെടുത്തു. മൊത്തം അറുപതില്പരം ബ്ലോഗ്ഗർമാർ പങ്കെടുത്തുവെന്നാണ് മനസിലാക്കുന്നത്. വ്യക്തമായ കണക്കുകൾ സംഘാടകരുടെ ബ്ലോഗുകളിൽ പ്രതീക്ഷിക്കാം. തൊടുപുഴ മീറ്റും ഈറ്റും പാട്ടും പരിചയപ്പെടലും പരിചയപ്പെടുത്തലും എല്ലാം എല്ലാം മൊത്തത്തിൽ ഗംഭീരമായിരുന്നു. പങ്കെടുത്ത എല്ലാവരിലും സന്തോഷം കാണപ്പെട്ടു. നേരത്തെ കണ്ട പരിചയങ്ങൾ പുതുക്കാനും ആദ്യമായി കാണുന്നവർക്ക് പരസ്പരം പരിചയപ്പെടാനും കഴിഞ്ഞു. പഴയ സൌഹൃദങ്ങൾ ‘അപ്ഡേറ്റ്’ ചെയ്യാനും പുതിയ സൌഹൃദങ്ങൾ തളിരിടാനും മറ്റ് മുൻ മീറ്റുകളെ പോലെതന്നെ ഇതും സഹായിച്ചു. അതിനൊക്കെ ആവശ്യാനുസരണം സമയവും ലഭിച്ചു. മീറ്റ് വിജയകരമാക്കിയ സംഘാടകർക്ക് ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു കൂടുതൽ വായിക്കാൻ സമയവും താല്പര്യവും ഇല്ലാത്തവർ മേൽവരികൾ വായിച്ചെങ്കിൽ കമന്റിടുക . സമയവുമില്ല താല്പര്യവുമില്ലെങ്കിൽ കമന്റും വേണ്ട. വായിച്ചിട്ട് വന്ന വഴിയേ പൊയ്ക്കൊള്ളുക. അത്രതന്നെ!

താല്പര്യവും സമയവും ഉള്ളവര്‍ക്ക് ഇനിയും തുടർന്ന് വായിക്കാം

പക്ഷേങ്കിൽ ഈയുള്ളവനവർകൾ തൊടുപുഴ ബ്ലോഗ് മീറ്റിലും പങ്കെടുത്ത സ്ഥിതിയ്ക്ക് നീട്ടിപ്പരത്തി ഒരു പോസ്റ്റ് എഴുതി ഇടാതിരിക്കാൻ കഴിയില്ല. കാരണം മീറ്റ് കഴിഞ്ഞാൽ ഒരു പോസ്റ്റ് ഇതിനകം ഒരു കീഴ്വഴക്കമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതിനകം അനേകം ബ്ലോഗ് മീറ്റുകൾ നടന്നിട്ടുണ്ട്. ഇനിയും നടക്കും. അവയൊക്കെ ഭാവിയിൽ എപ്പോഴെങ്കിലും തോന്നിയാൽ ഒന്ന് ഓർമ്മിക്കുവാൻ ബ്ലോഗിൽ ഒരു പോസ്റ്റുണ്ടാകുന്നത് നല്ലതാണ്. അവരവരുടെ അനുഭവം അവരവർക്കല്ലേ എഴുതുവാനാകൂ. മീറ്റുകൾ ബൂലോക ചരിത്രത്രിന്റെ ഒരു ഭാഗമാണ്.

ഇതുവരെ നടന്ന മീറ്റുകൾക്കെല്ലാം ഈയുള്ളവനവർകൾ തലേദിവസമേ പോയി മീറ്റ് നടക്കുന്ന സ്ഥലത്ത് മുറിയെടുത്ത് താമസിച്ചിട്ട് രാവിലെ യഥാസമയം മീറ്റിനെത്തുകയായിരുന്നു പതിവ്. പിതാശ്രീയുടെ രോഗാവസ്ഥ കണക്കിലെടുത്തും രാവിലെ തിരിച്ചാൽ യഥാസമയം എത്താവുന്ന ദൂരമേ ഉള്ളു എന്നതിനാലും ആ പതിവ് തെറ്റിച്ചു. അഞ്ച് മണിയ്ക്ക് പുറപ്പെടാനിരുന്നതാണ്. പക്ഷെ ഇറങ്ങിയപ്പോൾ അഞ്ചേമുക്കാലായി. ഹരീഷ് തൊടുപുഴ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സമയദൂരം ഒക്കെ ഒന്നു ചോദിച്ചറിഞ്ഞിരുന്നു. കോട്ടയത്ത് നിന്ന് ഉദ്ദേശം ഒന്നര മണിക്കൂർ സമയദൂരമാണ് തൊടുപുഴയ്ക്ക്. തട്ടത്തുമല നിന്ന് കോട്ടയത്തെത്താൻ പക്ഷെ പല സമയത്തും പല സമയദൂരം വരും. പകലാണെങ്കിൽ റോഡിലെ തിരക്കും മറ്റും കാരണം മൂന്നും ചിലപ്പോൾ മൂന്നരയും മണിക്കൂർ എടുക്കും കോട്ടയത്തെത്താൻ. രാത്രിയോ രാവിലെയോ ആണെങ്കിൽ രണ്ടരമണിക്കൂറിനുള്ളിൽ എത്തും.

അപ്പോ എങ്ങനെയായാലും രാവിലെ ഇറങ്ങിയാൽ സമയത്ത് എത്താം. അങ്ങനെയാണ് യാത്ര അതിരവിലെ ആക്കിയത്. കൃത്യം ആറുമണിയ്ക്ക് തട്ടത്തുമലയിൽ നിന്നും കോട്ടയം സൂപ്പർ ഫാസ്റ്റിൽ കയറി. സൂപ്പർ ഫാസ്റ്റിനു നമ്മുടെ ജംഗ്ഷനിൽ സ്റ്റോപ്പൊന്നുമില്ല. പക്ഷെ എന്റെ ആ ഒരു നില്പും കൈകാണിയ്ക്കലും ഒക്കെ വളരെ വിദഗ്ദ്ധമായിട്ടായിരുന്നു. ഡ്രൈവറെ ഹിപ്നോട്ടിസ് ചെയ്തെന്നും വേണമെങ്കിൽ പറയാം. വണ്ടി നിന്നതോ ഞാൻ കയറിയതോ ഒന്നും ഡ്രൈവർ അറിഞ്ഞിരിക്കാൻ ഇടയില്ല.കോട്ടയം വരെയും പോകാനുള്ള ഒരാളുടെ എല്ലാ ദേഹഭാവാദികളും പ്രകടിപ്പിക്കുന്ന തരത്തിൽ ആധുനിക ഹിപ്നോട്ടിസവും മാന്ത്രിക വിദ്യകളും സമം ചേർത്ത് ശാസ്ത്രത്തിൽ ചാലിച്ച് അവതരിപ്പിച്ച തികച്ചും നൂതനമായൊരു ഐറ്റമായിരുന്നു ആ ഒരു കൈകാണിക്കൽ.

ആ രഹസ്യം ഞാൻ വെളിപ്പെടുത്താം. നിങ്ങൾ ബൂലോകർ ഇതാരോടും പറയരുത്. അത്യാവശ്യത്തിന് ഈ അടവ് പുറത്തെടുക്കുക. വളരെ വിനയത്തോടേ ദൂരേയ്ക്കാണ് നമ്മുടെ യാത്രയെന്ന് തോന്നത്തക്കവിധം ഒന്നു ഒതുക്കത്തിൽ കൈകാണിക്കുക. മുഖത്ത് ഒരു നറു പുഞ്ചിരി വേണം. എന്നാൽ ഗൌരവം വിടുകയും അരുത്. വേഷം വെള്ള മുണ്ടും ഷർട്ടും ആണെങ്കിൽ വളരെ നല്ലത്. ഇത് മന്ത്രിയുടെ ആളാണെന്ന് ഒരു സംശയം ജനിപ്പിക്കും. അതുമല്ലെങ്കിൽ സ്വന്തം യൂണിയന്റെ ആളാണെന്ന് തോന്നിപ്പിക്കും. ഇത് രണ്ടായാലും വണ്ടി നിർത്താൻ ഇടയുണ്ട്. തോളിൽ തൂങ്ങുന്ന ഒരു ബാഗ് ഉള്ളതും ഗുണം ചെയ്യും. പാന്റ്സ് ആണ് ധരിച്ചിരിക്കുന്നതെങ്കിൽ ആ ബാഗായിരിക്കും താരമാകുന്നത്. പി.എസ്.സി ടെസ്റ്റിനോ, അതുമല്ലെങ്കിൽ അവധി കഴിഞ്ഞ് ദൂരെ ഉദ്യോഗത്തിനോ പോകുന്നതാണെന്നാകും അപ്പോൾ ധരിക്കുക.

എന്തായാലും ആകെക്കൂടി ആ രണ്ടുമൂന്നു നിമിഷങ്ങൾ കൊണ്ട് ഡ്രൈവർ മഹാന് നമ്മളോട് ഒരു ദയയും ഭയവും ആരാധനയും ഒക്കെ സമം ചേർന്ന് വരണം. ഇത്രയൊക്കെയേ വേണ്ടൂ. ഇത് മുമ്പും ഞാൻ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. യാത്ര തെക്കോട്ടാണെങ്കിലാണ് അടവുകൾ ഉത്തമം. കാരണം സെക്രട്ടറിയേറ്റിലേയ്ക്കുള്ള പോക്കാണെന്ന് കരുതി വണ്ടി ആഞ്ഞു ചവിട്ടി നിർത്തും. ജോലി കളയാൻ ഒരു ഡ്രൈവറും ഇഷ്ടപ്പെടില്ലല്ലോ! ഇതിപ്പോൾ യാത്ര വടക്കോട്ടാണ്. വടക്കോട്ട് സെക്രട്ടറിയേറ്റ് ഇല്ലല്ലോ. എങ്കിലും കുഴപ്പമില്ല. വേഷ ഭൂഷാദി ദേഹഭാവാദികൾ കണ്ട് എന്തെങ്കിലുമൊക്കെ ധരിച്ചുകൊള്ളും. അങ്ങനെ എന്തായാലും വണ്ടി സമയത്ത് കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലൊ!

ഒരു ബസ് മിസ് ആയാൽ പിന്നെ ഒരു പക്ഷെ പത്തു മണിയ്ക്കെത്തേണ്ടത് പന്ത്രണ്ടുമണിയായാലും എത്തിയില്ലെന്നു വരും. എന്തായാലും ഈ സൂപ്പർ ഫാസ്റ്റ് പിടിച്ചതുകാരണം എട്ടര മണിയ്ക്ക് കോട്ടയം ബസ്സ്റ്റാൻഡിൽ എത്തി. അവിടെനിന്നും അപ്പോൾ തന്നെ ആദ്യം കണ്ട ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ തൊടുപുഴയ്ക്ക് പോയി. തൊടുപുഴ ടൌണിലിറങ്ങി അവിടെ നിന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോട് മീറ്റ് നടക്കുന്ന അർബൻ ബാങ്ക് ഹാൾ ഇരിക്കുന്ന സ്ഥലം ചോദിച്ചറിഞ്ഞ് ഒരു ആട്ടോ പിടിച്ച് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ എത്തി. അപ്പോൾ തന്നെ മിക്കവാറും ബ്ലോഗ്ഗർമാർ എത്തിയിരുന്നു. പലരും എത്തിക്കൊണ്ടിരുന്നു. ചെന്നിറങ്ങുമ്പോൾ ആദ്യം കണ്ടത് നൌഷാദ് വടക്കേലിനെയാണ്. നമ്മൾ ആദ്യമായി കാണുകയാണ്. യാത്രാക്ഷീണവും ഒരു ചായ കുടിക്കാനുള്ള പരക്കം പാച്ചിലിനുമിടയിൽ അല്പം സംസാരിച്ചുവെന്നല്ലാതെ നേരെ പരിചയപ്പെടാൻ കഴിഞ്ഞില്ല. പിന്നെ വിശദമായി പരിചയപ്പെടാൻ തിരക്കിയപ്പോൾ അദ്ദേഹം ഉച്ചയ്ക്കു മുമ്പ് പോയതായി അറിഞ്ഞു. എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നിരിക്കണം.

അൻപതിലധികം ബ്ലോഗ്ഗർമാർ പങ്കെടുത്തുവെന്നാണ് ലഭിച്ച വിവരം. ഏതൊരു മീറ്റിലെയും പോലെ ഈ മീറ്റിലും ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത പലരെയും കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അതൊക്കെ തന്നെ മീറ്റുകളിലെ വലിയ കാര്യം! ഇതിപ്പോ തൊട്ടു മുമ്പ് നടന്ന എറണാകുളം മീറ്റിന്റെ ഒരു തുടർച്ചയാണെന്നും തോന്നി പോയി. കാരണം തൊടുപുഴയിൽ മീറ്റിനു വന്നവരിൽ മിക്കപേരും എറണാകുളം മീറ്റിൽ പങ്കെടുത്തവരായിരുനു. എന്നാൽ ഡോ. ജയൻ ദാമോദരൻ അടക്കം ചിലരുടെ അസാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കണ്ടവരെ വിണ്ടും കാണാനും മുമ്പ് കണ്ടിട്ടും നേരേ പരിചയപ്പെടാൻ കഴിയാത്തതു പരിഹരിക്കാനും അതുവരെ കണ്ടിട്ടേയില്ലാത്തവരെ പുതുതായി കാണാനും ഒക്കെയുള്ള ഒരു പ്രേരണ ഓരോ മീറ്റുകൾക്കു പിന്നിലും ഉണ്ട്. ഈ മീറ്റും എനിക്ക് അങ്ങനെ തന്നെ ആയിരുന്നു. ഇക്കാര്യത്തിൽ ഈ മീറ്റും നല്ല വിജയം തന്നെ ആയിരുന്നു.

ഈ മീറ്റിലെ അവതാരകൻ സാക്ഷാൽ വാഴക്കോടൻ അബ്ദുൽ മജീദ് ആയിരുന്നു. ഒരു ബ്ലോഗ് എഴുത്തുകാരൻ മാത്രമല്ല, നല്ല ഗായകനും മിമിക്രി ആർട്ടിസ്റ്റും മറ്റും മറ്റും ആയ ഒരു സർവ്വകലാ വല്ലഭനാണ് വാഴക്കോടനെന്ന് തെളിയിക്കുന്ന മികച്ച പ്രകടനങ്ങളാ‍ണ് പരിചയപ്പെടുത്തലിന്റെ മറവിൽ അദ്ദേഹം തെളിയിച്ചത്. ഉച്ചയ്ക്കു ശേഷം അദ്ദേഹത്തിന്റെ കരോക്കേ ഗാന മേളയും ഉണ്ടായിരുന്നു. എല്ലാവരെയും വിശദമായി പരിചയപ്പെടുന്ന നിലയിൽ ആയിരുന്നു പരിപാടിയുടെ ക്രമീകരണം. ഒക്കെ നന്നായിട്ടുണ്ടായിരുന്നു.

എറണാകുളം മീറ്റിൽ വച്ചും തിരൂർ മീറ്റിൽ വച്ചും അത്ര വിശദമായി എനിക്ക് സംസാരിക്കാൻ പറ്റാത്ത പലരുമായും ഈ മീറ്റിൽ വച്ച് നന്നായിട്ട് പരിചയപ്പെടാനും സംസാരിക്കാനും കൂടുതൽ അറിയാനും കഴിഞ്ഞു. അതിൽ ഒരാളാണ് പുണ്യാളൻ! അദ്ദേഹം കൊല്ലം സ്വദേശിയാണെന്ന് അവിടെ വച്ചാണ് മനസിലായത്. കൊല്ലം നമുക്ക് ഒരു മണിക്കൂർ സമയ ദൂരമാണല്ലോ. പുണ്യാളൻ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലം മുതൽ വിവാഹം വരെയുള്ള വീര ശൂര പരാക്രമങ്ങളെക്കുറിച്ചും നീണ്ടവർഷത്തെ സംഭവ ബഹുലമായ പ്രവാസ ജീവിതത്തെ പറ്റിയും ഒക്കെ ഉള്ള കാര്യങ്ങൾ വളരെ രസകരമായും വിശദമായും നമുക്ക് ചിലർക്ക് പറഞ്ഞു തന്നു.

അതുപോലെ തിരൂർ മീറ്റിൽ വച്ച് ബ്ലോഗ്ഗർ കൂടിയായ ലതികാ സുഭാഷിനെ കണ്ട് സംസാരിച്ചെങ്കിലും അത് ഒരു പരിചയത്തോളം എത്തിയിരുന്നില്ല. അതിൽ അന്ന് വലിയ നിരാശ തോന്നിയിരുന്നു. ഇനി ഒരവസരം കിട്ടും എന്ന് അന്നുതന്നെ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. അത് തൊടുപുഴയിൽ സഫലീകൃതമായി. ബൂലോകത്തിനു പുറത്തും പ്രശസ്തരായ വ്യക്തികൾ മറ്റു ജാഡകൾ ഇല്ലാതെ ബ്ലോഗ് മീറ്റിനെത്തുമ്പോൾ അവരുമായി ഒരു നല്ല സൌഹൃദം ലഭിക്കുന്നത് വലിയ സന്തോഷമാണ്. കേരള രാഷ്ട്രീയത്തിലെ വനിതാ നേതാക്കളിൽ മുൻ നിരയിൽ ഉൾപ്പെടുന്ന ലതിക ചേച്ചിയെ പോലുള്ള ഒരാൾ സമയം കണ്ടെത്തി ബ്ലോഗ് മീറ്റുകളിൽ എത്തുകയും തുടക്കം മുതൽ ഒടുക്കം വരെ അവയിൽ പങ്കെടുക്കുകയും ചെയ്യുന്നതിന് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്.

അല്പം പ്രശസ്തരായാൽ പിന്നെ മിക്കവരും ആവശ്യത്തിനും അനാവശ്യത്തിനും തിരക്കുകൾ അഭിനയിക്കുന്ന ഒരു ലോകത്ത് ലതിക ചേച്ചിയെ പോലുള്ളവരെ കുറിച്ച് നാം അഭിമാനിക്കുകതന്നെ വേണം. ഇതൊന്നും ഞാൻ അവരെ പുകഴ്ത്താൻ വേണ്ടി മാത്രം എഴുന്നള്ളിക്കുന്ന വെറും വാക്കുകളല്ല. ഉള്ളിൽ തട്ടി പറയുന്നതുതന്നെ. പ്രത്യേകിച്ചും വിവിധ രാഷ്ട്രീയ കക്ഷികളിൽ പെട്ട ചെറുതും വലുതുമായ നേതാക്കളിൽ പലരുടെയും ജാഡകൾ അരോചകമായി അനുഭവപ്പെട്ടിട്ടുള്ള ഒരാളാണ് ഞാൻ. രാഷ്ട്രീയമായി നേരിട്ടുള്ള ബന്ധമുള്ളതുകൊണ്ട് നമുക്ക് അത് സദാ അനുഭവിക്കേണ്ടി വരുമല്ലോ. അവർ അറിയുന്നില്ല അവർ ജനങ്ങളാൽ പരിഹസിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമൊന്നുമില്ല.

ഉച്ചയ്ക്ക് ഊണു കഴിക്കുന്ന സമയത്താണ് ലതിക ചേച്ചിയെ ഞാൻ ചെന്നു പരിചയപ്പെടുന്നത്. അവരുടെ മകനും കൂടെ ഉണ്ടായിരുന്നു. നമ്മ ഒരു സി.പി.എമ്മുകാരൻ എന്നു പറഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ സാംസാരിച്ചു തുടങ്ങിയത്. പുതിയ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് ഏതെങ്കിലും ബോർഡ് ചെയർമാൻ സ്ഥാന മോ മറ്റോ ഉണ്ടോ എന്നായിരുന്നു എന്റെ ആദ്യ അന്വേഷണം. ഒരു ബ്ലോഗ്ഗർ അങ്ങനെ വല്ല സ്ഥാനത്തും ഇരിക്കുന്നത് നമുക്ക് ഒരു അഭിമാനമാണല്ലോ.

ഒരു മുഖ്യമന്ത്രിയോട് മത്സരിച്ച് പരാജയപ്പെടുന്ന ഒരാൾക്ക് അങ്ങനെ എന്തെങ്കിലും ഒരു അവസരം ലഭിക്കുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കാർക്കും ചെയർമാൻ പദവികൾ നൽകേണ്ടതില്ലെന്നാണ് അവരുടെ പാർട്ടി തീരുമാനമെന്ന് ലതിക ചേച്ചിയിൽ നിന്നും അറിയാൻ കഴിഞ്ഞു. സത്യത്തിൽ സുരക്ഷിതമായ ഒരു സീറ്റിൽ നിന്ന് ജയിച്ചിരുന്നെങ്കിൽ ഇപ്പോൾ മന്ത്രിസ്ഥാനത്തിരിക്കേണ്ട ആളാണ് ലതികാ സുഭാഷ് എന്ന് അല്പം നഷ്ടബോധത്തോടെ ഓർക്കാൻ എന്റെ രാഷ്ട്രീയ വിശ്വാസം എനിക്കൊരു തടസമായില്ല.

ചേച്ചിയുടെ പത്തൊൻപതുകാരനായ മകനും കൂടെ ഉണ്ടായിരുന്നു. മോന് വൈകിട്ട് ക്രിക്കറ്റ് കളി ഉള്ളതിനാൽ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ്, കൊണ്ടുവന്ന ക്യാമറയും മറ്റും ബാഗിൽ ഭദ്രമായി വച്ച് അത് അമ്മയെ ഏല്പിച്ച് അതൊന്നും എടുക്കാൻ മറക്കരുതെന്ന് പ്രത്യേകം ഓർമ്മിപ്പിച്ച് അമ്മയ്ക്കൊരുമ്മയും നൽകി ബസിൽ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് മീറ്റിൽ നിന്ന് മുമ്പേ മുങ്ങി. പിന്നെ മകനെ പറ്റിയായി നമ്മുടെ അല്പനേരത്തെ സംഭാഷണം.

എറണാകുളം ബ്ലോഗ്മീറ്റിൽ നമ്മുടെ ബൂലോകവും, ബൂലോകം ഓൺലെയിനും സംയുക്തമായി സംഘടിപ്പിച്ച ഫോട്ടോ പ്രദർശന മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ലതികാ സുഭാഷും മാണിക്യവും ഈയുള്ളവനും കൂടി ജോയുടെയും ജിക്കുവിന്റെയും മറ്റും നേതൃത്വത്തിൽ നൽകി. വിക്കി ഹബീബ് ഉൾപ്പെടെയുള്ള വിജയികളും അവരുടെ പ്രതിനിധികളും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

പലരും ഈ മാണിക്യം എന്ന ബ്ലോഗ്ഗറെക്കുറിച്ച് എന്നോടും ആരാഞ്ഞിട്ടുണ്ട്. മുമ്പ് വളരെ സജീവമായിരുന്ന ആളാണ്. അന്ന് നമ്മളൊന്നും സജീവമല്ല താനും. ഒരിക്കൽ അവരെയും നേരിൽ കാണണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു. അത് സാധിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം വന്നതുമുതൽ അവർ മറ്റുള്ള പല ബ്ലോഗേഴ്സുമാരുമായും നല്ല തിരക്കിലായിരുന്നു. ബ്ലോഗ്ഗേഴ്സ് ഒഴിഞ്ഞു പോകുമ്പോഴാകട്ടെ ലതിക ചേച്ചി അവരെ വിടാതെ പിടിച്ചു വച്ചിരിക്കുകയുമായിരുന്നു. അവരും ആദ്യമായി നേരിൽ കാണുന്നതാണെന്നു തോന്നുന്നു. എന്തായാലും സീനിയർ ബ്ലോഗ്ഗറായ മാണിക്യം ചേച്ചി ഈ മീറ്റിലെ ഒരു താരം തന്നെയായിരുന്നു. മീറ്റ് തീരുന്നതുവരെയും അവർ ഉണ്ടായിരുന്നു.

ഇത്തവണയും ഞാൻ ചെല്ലുമ്പോൾ ബൂലോകത്തിന്റെ സ്വന്തം ഷെരീഫ്ക്കാ (ഷെരീഫ് കൊട്ടാരക്കര) കൌണ്ടറിനു മിന്നിൽ മീറ്റിനു റെഡിയായി വന്നിരിക്കുന്നു. ഇതൊക്കെ എങ്ങനെ രാവിലെ എഴുന്നേറ്റ് റെഡിയാകുന്നു എന്നായിരുന്നു എന്റെ ചിന്ത. ഞാൻ രാവിലെ എഴുന്നേറ്റ് വന്ന പാട് എനിക്കറിയാം. ബ്ലോഗ് മീറ്റെന്നു കേട്ടാൽ പിന്നെ മനുഷ്യർക്ക് ഊണുമില്ല ഉറക്കവുമില്ല. എറണാകുളത്തു നിന്നും കൊണ്ടു വന്നു പ്രദർശിപ്പിക്കുന്ന പതിവു മീറ്റ് ദൃശ്യങ്ങളായ നന്ദൻ, മനോരാജ്, പ്രവീൺ വട്ടപ്പറമ്പത്ത്, പിന്നെ ജോ, യൂസഫ് പാ തുടങ്ങിയവരൊക്കെ തൊടുപുഴയിലും പ്രത്യക്ഷരായി. അവരൊന്നുമില്ലെങ്കിൽ പിന്നെ എന്തര് മീറ്റ്! പിന്നെ നമ്മുടെ ഡോക്ടർ ജയൻ ദാമോദരനും ആ കണ്ണൂർ കുമാരനും ഇല്ലാത്ത ഒരു മീറ്റിൽ ഞാൻ ആദ്യമായി പങ്കെടുക്കുകയാണെന്ന് തോന്നുന്നു. അവരുടെ അഭാവം അഭാവം തന്നെയാണ്.

പൊന്മളക്കാരനും, വരില്ലാ വരില്ലാ എന്നു പറഞ്ഞിട്ടൊടുവിൽ സൂത്രത്തിലെത്തുന്ന സൂത്രം ഡോട്ട് കോം സാബു കൊട്ടോട്ടിയും കണ്ടാൽ കൂതറ ലൂക്ക് ഒട്ടുമില്ലാത്ത കൂതറ ഹാഷിമും ഒക്കെ മീറ്റെന്നു കേട്ട് ഇരിക്കപ്പൊറുതിയില്ലാതെ മലബാറിൽ നിന്നും വണ്ടി കയറി മീറ്റിലെത്തി. പൊന്മളയും ഹാഷിമും തലേന്നേ തൊടുപുഴയിൽ വന്ന് ക്യാമ്പടിച്ചിരുന്നു. എവിടെ മിറ്റുണ്ടോ അവിടെയൊക്കെ പൊന്മള തലേന്നേ വന്നിരിക്കും. ഞാനും ഇതൊഴിച്ച് എല്ലാ മീറ്റിലും അങ്ങനെ ആയിരുന്നു. ഈ മീറ്റിൽ രാവിലെ എത്താവുന്ന ദൂരമേ എനിണ്ടായിരുന്നുള്ളുവല്ലോ. ഇപ്പോൾ എറണാകുളത്ത് ജോലിയുള്ള എന്റെ നാട്ടുകാരനും പ്രീഡിഗ്രി സഹപാഠിയും ഇപ്പോൾ തൃപ്പൂണിത്തുറയിൽ സിറ്റീഷൻ ഷിപ്പും ഉള്ള അനൂപ് കിളിമാനൂർ എറണാകുളം മീറ്റുമുതൽ ഇനി എല്ലാ മീറ്റിലും പങ്കെടുക്കും എന്ന പ്രതിജ്ഞയിലാണ്. തൊടുപുഴയിലും അദ്ദേഹം അശോകൻ തുടങ്ങിയ കൂട്ടുകാർക്കൊപ്പം എത്തി.

തിരൂർ മീറ്റിന്റെ തലേന്ന് പാവത്താൻ താമസിച്ച് ഒഴിഞ്ഞ മുറിയിലാണ് ഞാനും തബാറക്ക് റഹ്മാനും അന്ന് താമസിച്ചത്. അന്ന് പരിചയപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇവിടെ തൊടുപുഴയിൽ വച്ച് പാവത്താനെയും പരിചയപ്പെട്ടു. കമന്റും പോസ്റ്റുകളുമായുള്ള പരിചയം മാത്രമുണ്ടായിരുന്ന റെജി പുത്തൻപുരയ്ക്കലിനെയും പട്ടേപ്പാടം റാംജിയെയും ഖാദർ പട്ടേപ്പാടത്തെയും ഒക്കെ നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞത് ഈ മീറ്റിൽ വച്ചാണ്. ഒടിയനെ എറണാകുളത്തേ പരിചയപ്പെട്ടത് ഇപ്പോൾ വീണ്ടും പരിചയം പുതുങ്ങി. തിരുവനന്തപുരത്ത് ദേശാഭിമാനിയിൽ ജോലിയുള്ള രഞ്ജിത്ത് വിശ്വത്തെ ഞാൻ ഈ മീറ്റിൽ വച്ച് പുതുതായി പരിചയപ്പെടുകയാണ്. പിന്നെ എറണാകുളം മിറ്റിൽ വച്ച് തന്നെ കണ്ടിരുന്ന ദിമിത്രോവുമായും അല്പനേരം സംസാരിക്കുവാൻ കഴിഞ്ഞു. ദിമിത്രേവ് നല്ലൊരു ഗായകൻ കൂടിയാണ്. എഴുതിക്കൊണ്ടിരിക്കിമ്പോൾ ഒർമ്മ വന്ന പേരുകൾ മാത്രമാണ് ഇവിടെ എഴുതുന്നത്. അതുപോലെ ഒരുപാട് പേരെ പരിചയപ്പെട്ടു. ചിലരുടെ പേരുകൾ ഓർമ്മകിട്ടുന്നുമില്ല. നെടുംകണ്ടത്തും എറണാകുളത്തും ഉള്ള ഓരോ പോലീസുകാരായ ബ്ലോഗ്ഗർമാരെ പരിചയപ്പെട്ടിരുന്നു. ഈ മീറ്റിനു വന്നവരല്ലെങ്കിലും തിരുവനന്തപുരത്തുള്ള രണ്ട് പോലീസ് ബ്ലോഗ്ഗർമാരുമായി എനിക്ക് നേരത്തേ സൌഹൃദമുണ്ട്. ഇപ്പോൾ ഇവരും കൂടി ആയി. അവരുടെ പേരും നമ്പരും ഞാൻ എഴുതി വച്ചിട്ടുണ്ട്. പേരുകൾ ഇപ്പോൾ ഓർക്കുന്നില്ല.

ഇനിയും ആലോചിച്ചിരുന്നാൽ പലരെക്കുറിച്ചും ഓർമ്മിച്ചെഴുതാൻ കഴിയും. തൽക്കാലം ഇനി അതിനു മുതിരുന്നില്ല. തൊടുപുഴമീറ്റിന്റെ സംഘാടനത്തിന് ഹരീഷിനൊപ്പം നിന്നവർ ആരൊക്കെയെന്ന് അറിയില്ല. എന്തായാലും അധികം ആരും ഉണ്ടായിരുന്നിരിക്കില്ല. ഈ റിസ്ക് ഏറ്റെടുത്ത് വിജയകരമാക്കി തീർത്തതിലുള്ള അഭിനന്ദനവും നന്ദിയും പ്രത്യേകം അറിയിക്കുന്നു. തൊടുപുഴയിൽ ഇനിയും കുറെ നാൾ കഴിയുമ്പോൾ ഹരീഷ് മീറ്റ് നടത്തുമെന്നുറപ്പാണ്. നമ്മുടെ ജയൻ ഡോക്ടറെയും മറ്റും പോലെ. കൂടെക്കൂടെ അവർക്ക് ഉൾവിളി ഉണ്ടാകും. അതാകട്ടെ ബൂലോകത്തെ മറ്റു പലരുടെയും ഉൾവിളികളുടെ പ്രകമ്പനമാണു താനും! ഇതൊക്കെ ഓരോ നിയോഗങ്ങളാണ്. (അതുകൊണ്ട് വല്ല നഷ്ടവും വന്നാലും സഹിച്ചോളണം കേട്ടോ).

മുമ്പ് ഇടപ്പള്ളിയിൽ ചില നിയോഗങ്ങൾ അങ്ങനെ സഹിച്ചതിനെ മാതൃകയാക്കാവുന്നതാണ്. അന്ന് കൈപൊള്ളിയെങ്കിലും മീറ്റുകൾ അവർക്കൊക്കെ ഇന്നും ഒരു ആവേശമാണെന്നറിയുന്നത് നമുക്കും ഒരാവേശമാണ്. കൂടുതൽ ആവേശം എല്ലാവർക്കും വരാൻ വേണ്ടി തൊടുപുഴ മീറ്റിൽ ആരോ നിർദ്ദേശിച്ചതുപോലെ രജിസ്ട്രേഷൻ ഫീസ് എന്ന മൂരാച്ചി ഇടപാട് എടുത്തു കളയുന്നതിൽ ആർക്കും എതിർപ്പുണ്ടാകുമെന്നു തോന്നുന്നില്ല. അല്ല, തിരുവനന്തപുരത്ത് ഒരു മീറ്റിനെ പറ്റി ചിന്തിക്കുന്നുണ്ട്. അതും കൂടി കഴിഞ്ഞിട്ട് രജിസ്ട്രേഷൻ ഫീസ് നിർത്താവുന്നതാണ്. എന്തായാലും ഇനി കണ്ണൂരത്തേത് ഒന്നു കഴിയട്ടെ.

മീറ്റ് കഴിഞ്ഞ് ഞാനും ഷെരീഫ്ക്കയും റെജി പുത്തൻപുരയ്ക്കലും കൂടി പോകാൻ ഇറങ്ങുമ്പോൾ മഴ ചാറുന്നു. ചാറ്റലല്ല അല്പം ചീറ്റൽ തന്നെയാണെന്ന് കണ്ട് ഞങ്ങൾ മഴ തോരാൻ വെയ്റ്റ് ചെയ്തു. അപ്പോഴാണ് കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന മൂന്നു പേർക്ക് ഒരു ഫ്രീ ലിഫ്റ്റ് ഉണ്ടെന്ന് അനൌൺസ് ചെയ്തതായി ആരോ ഇറങ്ങി വന്ന് പറഞ്ഞത്. ഒറ്റക്കുതിപ്പിന് മുകളിൽ ചെന്ന് തിരക്കുമ്പോൾ അത് സാക്ഷാൽ ലതിക ചേച്ചിയുടെ കാറിലാണ്. ഒരാൾ ആയി. അത് ജിക്കുവായിരുന്നു. പിന്നെ എനിക്കും ഷെരീഫ് സാറിനും കൂടി ലിഫ്റ്റ് കിട്ടി. കാർ ഓടിക്കുന്നത് എറണാകുളം മീറ്റിലെ ഫോട്ടോ ഗ്രാഫി അവാർഡ് വിന്നർ കൂടിയായ വിക്കി ഹബീബ്. റെജി പുത്തൻ പുരയ്ക്കൽ ഒറ്റയാക്കാകുമോ എന്ന് സംശയിച്ചപ്പോൾ അദ്ദേഹം വേറൊരു ദിശയിലെയ്ക്കായതുകൊണ്ടും കുറച്ചുകൂടി അടുത്തായതുകൊണ്ടും നമ്മളെ കയറി പോകാൻ നിർബ്ബന്ധിക്കുകയായിരുന്നു.

അങ്ങനെ ഞാനും ഷെരീഫ്ക്കായും ജിക്കു വർഗ്ഗീസും ഹബീബും ലതികച്ചേച്ചിയും കൂടി കാറിൽ കോട്ടയം ഭാഗത്തയ്യ്ക്ക് യാത്രയായി. കാറിലെ യാത്രയ്ക്കിടയിൽ മലമ്പുഴ അസംബ്ലി മണ്ഡലത്തിലെ ദുരിതഭാരം ചുമക്കുന്ന ആദിവാസി സെറ്റിൽമെന്റുകൾ മുതൽ അമേരിക്കൻ ജനതയുടെ സെന്റിമെൻസുകളില്ലാത്ത യാന്ത്രിക ജീവിതം വരെ ലതിക ചേച്ചി ചർച്ചാവിഷയമാക്കി. അങ്ങനെ അന്തർദ്ദേശീയവും ദേശീയവും പ്രാദേശികവും സാമൂഹ്യവും പാരിസ്ഥിതികവുമായ പല വിഷയങ്ങളും വീട്ടു വിശേഷങ്ങളും ഒക്കെ ചർച്ചയ്ക്കെടുത്ത് ചർച്ചയ്ക്കെടുത്ത് ഞങ്ങൾ ഏറ്റുമാനൂർ എത്തിയത് അറിഞ്ഞില്ല. ഇടയ്ക്കിടെ ഹബീബിന് ചേച്ചി വഴി പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ഒരു പൊതു പ്രവർത്തകയുടെ സമൂഹത്തോടും പാരിസ്ഥിതിയോടും മറ്റും ഉള്ള സ്നേഹവും ഉൽക്കണ്ഠകളും ഒക്കെ ലതിക ചേച്ചിയുടെ സംസാരത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു.

ജിക്കു പാലായിൽ ഇറങ്ങിയിരുന്നു. ലതിക ചേച്ചിയ്ക്ക് കുമാരനെല്ലൂരിലേയ്ക്കാണ് പോകേണ്ടതെന്നതിനാൽ ഞാനും ഷെരീഫ്ക്കായും ഏറ്റുമാനൂരിൽ ഇറങ്ങി അവരുമായി പരസ്പരം യാത്ര പറഞ്ഞു. കോട്ടയത്ത് കൊണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും നമ്മൾ വേണ്ടെന്നു പറഞ്ഞു. എന്നോട് യാത്ര പറയുമ്പോൾ സഖാവേ എന്നു വിളിക്കാൻ ലതികച്ചേച്ചി മറന്നില്ല. എന്തായാലും ബ്ലോഗ് മീറ്റിനെ തുടർന്ന് കാറിൽ നമ്മൾ ഒരു മിനി ബ്ലോഗ് മീറ്റ് നടത്തി എന്നു പറഞ്ഞാൽ മതിയല്ലോ. ഏറ്റുമാനൂർ കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിൽ നിന്നും ഒരു ഫാസ്റ്റ് പാസഞ്ചറിൽ കോട്ടയത്തേയ്ക്കും അവിടെ നിന്ന് മറ്റൊരു ഫാസ്റ്റ് പാസഞ്ചറിൽ കൊട്ടാരയ്ക്കരയ്ക്കും ഉള്ള യാത്രകളിൽ ടിക്കറ്റെടുക്കനുള്ള മത്സരത്തിൽ ഞാൻ സ്വയം തോൽവി ഏറ്റുവാങ്ങിയതിനാൽ ഷെരീഫ്ക്കാ തന്നെ ടിക്കറ്റെടുത്തത് എന്റെ ഈ യാത്രച്ചെലവിൽ കുറവും ഷെരീഫ്ക്കയ്ക്ക് നേരിയ നഷ്ടവും ഉണ്ടാക്കി. അല്ലെങ്കിലും അതൊന്നും ഒരു നഷ്ടമല്ലല്ലോ. മറ്റുള്ളവരുടെ സന്തോഷം ആണല്ലോ നമ്മുടെ സന്തോഷം. അല്ലപിന്നെ!

കോട്ടയത്ത് നിന്നും കൊട്ടാരയ്ക്കരയ്ക്കുള്ള യാത്രയ്ക്കിടയിൽ എവിടെയോ വച്ച് എന്റെ അരികിൽ വന്നിരുന്ന ഒരു യാത്രക്കാരനുമായി അല്പം തർക്കിക്കേണ്ടി വന്നു. ആൾ അല്പം മദ്യപിച്ചിട്ടുണ്ട്. പുള്ളിയ്ക്ക് എന്റെ കൈയ്യിൽ തീപ്പെട്ടി ഉണ്ടോന്നറിയണം. ഞാൻ പറഞ്ഞു ബസിനുള്ളിൽ സിഗരറ്റ് വലിക്കാൻ പറ്റില്ലല്ലോ എന്ന്. അതൊന്നും സാരമില്ലെന്നും പുറകിലത്തെ സീറ്റായതിനാൽ ശല്യമില്ലാതെ വലിക്കാൻ കഴിയുമെന്നുമായി അദ്ദേഹം. കണ്ടക്ടർ സമ്മതിക്കില്ലല്ലോ എന്നായി ഞാൻ. ഏതു കണ്ടക്ടർ പുവാൻ പറയെന്നായി എന്നായി മദ്യവാഹിയായ മാന്യദേഹം! എന്നാലും സിഗരറ്റ് വലിച്ചേ പറ്റുവോ എന്ന് ഞാൻ ചോദിച്ചപ്പോൾ അതേ, വലിച്ചിരിക്കും എന്നു പറഞ്ഞ് മദ്യവാഹി അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു.

അപ്പുറത്തെ സീറ്റിലിരുന്ന് ഷെരീഫ്ക്കായും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തീപ്പെട്ടി എന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ അയാൾ ഷെരീഫ് ക്കയുടെ അടുത്തിരിക്കുന്ന ആളോടായി കുശലാന്വേഷണങ്ങൾ. തീപ്പെട്ടി തന്നെ ലക്ഷ്യം! ഞാൻ പറഞ്ഞതുപോലൊക്കെത്തന്നെ ആ മനുഷ്യനും പറഞ്ഞപ്പോൾ അഥവാ ഇനി കണ്ടക്ടർ ഇറക്കി വിട്ടാലും തനിക്കൊന്നുമില്ല. ഇറങ്ങി സിഗരറ്റ് വലിക്കുക മാത്രമല്ല എവിടെ നിന്നെങ്കിലും തൊണ്ണൂറു മരുന്നും കൂടി വാങ്ങി കഴിച്ചിട്ട് വീണ്ടും ഒരു സിഗരറ്റ് വാങ്ങി വലിച്ചിട്ട് അടുത്ത വണ്ടിയിൽ കയറുമെന്നും അല്ലെങ്കിൽ നടന്നു പോകുമെന്നും മദ്യവാഹിയാൽ പ്രഖ്യാപിക്കപ്പെട്ടു. പക്ഷെ ഇപ്പോൾ വേണ്ടതു തീപ്പെട്ടിയും വലിക്കേണ്ടത് സിഗരറ്റും ആണ്! അതിൽ വിട്ടുവീഴ്ചയില്ലത്രേ!

ഇയാൾ ആരിൽ നിന്നെങ്കിലും തീപ്പെട്ടി സംഘടിപ്പിച്ചാൽ ഇരുന്ന് വലിക്കാൻ ഞാൻ ഇരിക്കുന്ന സൈഡ് സീറ്റ് ചോദിക്കും. ഏറ്റവും പുറകിലത്തെ സീറ്റാണ്. എന്റെ സൈഡ് സീറ്റ് ചോദിച്ചാൽ കൊടുക്കില്ലെന്നു മാത്രമല്ല, എന്റെ അടുത്തിരുന്ന് വലിച്ചാൽ സംഗതി ഉടക്കാക്കണമെന്നും കണക്കു കൂട്ടി ഇരിക്കുകയാണ് ഞാൻ. ചിലപ്പോൾ ഇയ്യാൾക്കിട്ട് രണ്ട് പെട കൊടുക്കേണ്ടി വരുമോ എന്ന ചിന്തയും തെല്ലൊന്നലട്ടാതിരുന്നില്ല. സംഗതി നമ്മൾ സമാധാന പ്രിയനാണല്ലോ. പിന്നെ ഒരു പക്ഷെ ഇയാൾ തീപ്പെട്ടി ബസിൽ ആരിൽ നിന്നെങ്കിലും സംഘടിപ്പിച്ച് (കിട്ടില്ല എന്നാലും) വലിച്ചാലും അത് എങ്ങനെ ക്ഷമിക്കാം എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. പെട്ടെന്നു തന്നെ എനിക്ക് ഞാനാൽ തന്നെ സമാധാനം ലഭിച്ചു.

എന്റെ മനസിലേയ്ക്ക് പൊടുന്നനേ ചാടിക്കയറിയ ഞാൻ എന്നോട് ചോദിക്കുകയാണ് , ഇരുന്നു സിഗരറ്റ് വലിക്കുന്ന ഒരു മനുഷ്യൻ വല്ല കൊട്ടേഷൻ സംഘത്തിൽ പെട്ടവനോ, തടി മിടുക്കും കണ്ടാൽ പേടിയും തോന്നുന്ന വല്ല ഭീകര രൂപികളോ മറ്റോ ആയിരുന്നെങ്കിലോ? നീയെന്നാടാ പുളുത്തുമോ? തീപ്പെട്ടി ചോദിക്കുമ്പോൾ തന്നെ നീ വിറച്ചോണ്ട് തീപ്പെട്ടി എടുത്ത് കൊടുക്കില്ലായിരുന്നോ? അഥവാ തീപ്പെട്ടി കൈയ്യിൽ ഇല്ലെങ്കിൽ ബസ് നിർത്തിച്ച് നീ പുറത്തിറങ്ങി തീപ്പെട്ടി വാങ്ങി ഇന്നാ പൊന്നണ്ണാന്നും പറഞ്ഞ് കൊടുക്കില്ലായിരുന്നോ? തിരി കത്തിച്ച് വേണമെങ്കിൽ വായിൽ വച്ച് കൊടുക്കില്ലായിരുന്നോ?

ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ വയ്യാത്ത ഒരുത്തൻ അല്പം കഴിച്ചിട്ട് അറിവില്ലായ്മ കൊണ്ട് ഒരു സിഗരറ്റ് വലിച്ചാൽ നീ ഇയാളെ പെടയ്ക്കണമെന്നു വിചാരിക്കും അല്ലേടാ? അല്ലെങ്കിലും ദുർബലന്മാരോടാണല്ലോ നീയൊക്കെ പ്രതികരണ ശേഷി പ്രകടിപ്പിക്കുന്നത്. ദുർബലന്മാരുടെ തലയിൽ കയറിയാണല്ലോ പലരും ചട്ടമ്പികളാകുന്നത്. നിനക്ക് ഇയാളെ തല്ലി ചട്ടമ്പിയാകണൊടാ ഡാഷ് മോനേ എന്നായി ഞാൻ എന്നോട്! അതോടെ എന്നിലെ ഞാൻ അടങ്ങി. ഇനി ഇയാൾ അടുത്തിരുന്ന് ബീഡി വലിച്ചാലും ഞാൻ മിണ്ടില്ല. ഞാൻ ലോക സമാധാനം കാംക്ഷിക്കുന്നവനാ! ഒരു മദ്യപനു മുന്നിൽ പതറി ആദർശം വെടിയാൻ (അഥവാ തടി കളയാൻ) പാടില്ല. ഗാന്ധിജി പോലും എന്റെ അടുത്ത് വരില്ല. പിന്നല്ലേ!

എന്തായാലും ഭാഗ്യത്തിന് ആ മദ്യദേഹിയ്ക്ക് പിന്നെ തീപ്പെട്ടി കിട്ടിയതുമില്ല, അയാൾ വലിച്ചതുമില്ല. അഥവാ തീപ്പെട്ടി ചോദിക്കാനുള്ള ശക്തികൂടി പുള്ളിയിൽ നിന്നും ക്രമേണ മദ്യം ചോർത്തിക്കൊണ്ടിരുന്നു എന്നതാണ് സത്യം. കുറച്ച് കഴിഞ്ഞ് കണ്ടക്ടറുടെ അടുത്ത് ചെന്നിരുന്ന് ലോഹ്യം പറയുന്നതുകണ്ടു. പിന്നെ ഒരു മയക്കത്തിനിടയിൽ ഞാൻ അയാളുടെ കാര്യം അങ്ങ് മറന്നും പോയി. ഓരോ യാത്രകളിലും ഓരോരോ അനുഭവങ്ങൾ; അത്രതന്നെ!


കൊട്ടാരക്കരയിലിറങ്ങി ഷെരീഫ്സാർ വീട്ടിലേയ്ക്കു പോയി. ഞാൻ നമ്മുടെ സ്വന്തം നാട്ടു ബസ്സ്റ്റാൻഡായ കിളിമാനൂരിലേയ്ക്ക് പിടിച്ചിട്ടിരുന്ന ഒരു ഫാസ്റ്റ് പാസഞ്ചർ വണ്ടി പിടിച്ചു. വീണ്ടും ചെറിയ ഒരു ഉറക്കമൊക്കെ ഉറങ്ങി മുക്കാൽ മണിക്കൂറിനുള്ളിൽ തട്ടത്തുമല ജംഗ്ഷനിൽ വന്നിറങ്ങി രാത്രി ഒൻപതര ഒൻപതേമുക്കാൽ മണിയോടെ വീട്ടിലെത്തി. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്ത ലാഘവത്തോടെ പതിവു ജീവിതവുമായി വീണ്ടും പൊരുത്തപ്പെട്ടു.

തൊടുപുഴ ബ്ലോഗ് മീറ്റിന്റെ തലേന്ന് ഡോ. ജെയിംസ് ബ്രൈറ്റ് ചാറ്റിൽ വന്ന് എറണകുളം മീറ്റിൽ നടന്ന ഫോട്ടോഗ്രഫി മത്സരത്തിന് വന്ന ചിത്രങ്ങളുൾക്കൊള്ളുന്ന ആൽബം ജോയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് കോവളം ബ്ലോഗ് സെന്ററിൽ എത്തിക്കണമെന്ന് പറഞ്ഞിരുന്നു. മീറ്റ് കഴിഞ്ഞുടൻ ആ അതിമനോഹരമായ ആൽബം ജോ എന്നെ ഏല്പിക്കുകയും ചെയ്തു. അതിൻപ്രകാരം പ്രസ്തുത ആൽബവും ഈയിടെ തിരുവനന്തപുരത്ത് സൌഹൃദം മീറ്റിൽ വച്ച് പ്രകാശിതമായ ബ്ലോഗ്ഗർ രാജേഷ് ചിത്തിരയുടെ ‘ഉന്മത്തതയുടെ ക്രാഷ് ലാൻഡിംഗുകൾ’ എന്ന കവിതാ സമാഹാരത്തിന്റെ രണ്ട് കോപ്പികളും 2011 ജൂലായ് 2 ചൊവ്വാഴ്ച ഞാനും കപിൽ എന്നു പേരായ നമ്മുടെ ഒരു ശിഷ്യനവർകളും കൂടി ബൈക്കിൽ കോവളത്ത് ബ്ലോഗ് സെന്ററിൽ പോയി ശ്രീ സുനിൽ അവർകളെ ഏല്പിക്കുകയുണ്ടായിട്ടുണ്ട്. അത് നമ്മുടെ ബ്ലോഗ് സെന്ററിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെടും.

ഒരു അനുബന്ധം കൂടി

ഈ പോസ്റ്റിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം ഇത് പബ്ലിഷ് ചെയ്യുന്ന ഈ ദിവസത്തിന്റെ തലേന്ന് തന്നെ എഴുതി ഡ്രാഫ്റ്റ് ചെയ്തിരുന്നതാണെങ്കിലും എന്റെ കമ്പെട്ടി പണിമുടക്കിയതിനാൽ രാവിലെ ബാക്കി കൂടി എഴുതി എഡിറ്റ് ചെയ്ത് പബ്ലിഷ് ആക്കാൻ കഴിഞ്ഞില്ല. സിസ്റ്റം ഒന്നാകെ എടുത്ത് കഴക്കൂട്ടത്ത് അത് അസംബ്ലി ചെയ്തു തന്ന പയ്യന്മാരുടെ കടയിൽ കൊണ്ടു പോയി കൊടുത്തിട്ട് അതു വഴിയണ് കോവളത്ത് പോയത്. തിരിച്ച് കഴക്കൂട്ടത്തു വന്ന് കമ്പെട്ടി പരിശോധിച്ചപ്പോൾ അതിന്റെ മദർ ബോർഡ് കമ്പനിയിൽ അയച്ച് റീപ്ലെയിസ് ചെയ്യേണ്ടിയിരിക്കുന്നു എന്ന് ആ ഹാർഡ് വെയർ പയ്യന്മാർ പറഞ്ഞു. അപ്പോൾ കമ്പെട്ടി ഇനി അടുത്ത ആഴ്ചയേ കിട്ടൂ.

അതുകൊണ്ട് ഒരാഴ്ചലത്തേയ്ക്ക് രക്ഷപ്പെട്ടുവെന്ന് ഇത് വായിക്കുന്ന നിങ്ങൾ ആരെങ്കിലും കരുതുന്നുവെങ്കിൽ നിങ്ങൾക്കു തെറ്റി. അതുവരെ നിങ്ങളുടെ ക്ഷമകളെ പരീക്ഷിയ്ക്കാതെ നോം എങ്ങനെ സഹിച്ചിരിക്കും ? ഒരാഴ്ചലത്തേയ്ക്ക് മുൻ പറഞ്ഞ കപിലിന്റെ ലാപ് ടോപ്പ് വാഗ്ദാനം ചെയ്യപ്പെടുകയും ആയതു നോം സ്വീകരിക്കുകയും ആ കമ്പെട്ടിയിലാണ് ഈ പോസ്റ്റിന്റെ ഈ അവസാനവരികൾ കോറിയിടുന്നതെന്നും ചുമ്മാ അറിയിച്ചു കൊള്ളുന്നു. അതായത് ഒരാഴ്ച പോയിട്ട് ഒരു ദിവസം കൂടി അടങ്ങിയിരിക്കാതെ നെറ്റകത്തെത്തി നിങ്ങളുടെ ഏവരുടെയും ക്ഷമയെ പരീക്ഷിക്കുന്നത് തുടർന്നുകൊണ്ടിരിക്കുമെന്നു തന്നെ പ്രഖ്യാപിച്ച് ഉത്തരവായിക്കൊള്ളുന്നു!

ഈ പോസ്റ്റിനു കമന്റെഴുതാൻ താല്പര്യമില്ലാത്തവർ പകരം കമന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേവലം അഭിപ്രായങ്ങൾ മാത്രം എഴുതിയാൽ മതിയെന്നും ഇതിനാൽ അറിയിക്കുന്നു. തൊടുപുഴ മീറ്റിന്റെ ചിത്ര സാക്ഷ്യങ്ങൾ ഇവിടെ ഞെക്കിയാൽ ഈ ബ്ലോഗിൽ ഈ ലിങ്കിലും കൂടാതെ ഇവിടെ ചിത്രബ്ലോഗം 2 എന്ന എന്റെ മറ്റൊരു ബ്ല്ലോഗിലും ദൃശ്യമാകും. നോം ഫോട്ടോകൾ എടുത്തില്ല. മറ്റുള്ളവർ എടുത്ത ചിത്രങ്ങൾ കിട്ടുന്ന മുറയ്ക്ക് അവ പ്രസിദ്ധീകരിക്കും. സമയവും താല്പര്യവും പോലെ അങ്ങോട്ടും ഒക്കെ ചെന്നു നോക്കുക.

Wednesday, July 27, 2011

മൈമൂൺ അസീസ്: ഇ-ലോകത്തെ ബഹുമുഖപ്രതിഭ



മൈമൂൺ അസീസ്: ഇ-ലോകത്തെ ബഹുമുഖപ്രതിഭ

ഇന്റെർനെറ്റിന്റെ ലോകത്ത് വന്നതിനു ശേഷം എനിക്ക് ധാരാളം പുതിയ പരിചയക്കാരും സുഹൃത്തുക്കളും ഉണ്ടായിട്ടുണ്ട്. അതല്ലെങ്കിൽ ഒരിക്കലും കേൾക്കുകയോ അറിയുകയോ കാണുകയോ ചെയ്യാൻ ഇടയില്ലാത്തവരാണ് അവരിൽ അധികവും. എന്നെ പോലെ തന്നെ ഇന്റെർനെറ്റിന്റെ ലോകത്ത് പ്രവേശിച്ചിട്ടുള്ള മറ്റനവധി പേർക്കും ഇതേ അനുഭവമാണുള്ളതെന്നും മനസിലാക്കുന്നുണ്ട്. ഒരു തരത്തിലും പ്രചോദിപ്പിക്കപ്പെടാതെ എത്രയോപേരിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പ്രകാശിപ്പിക്കുവാൻ ഇന്റെർനെറ്റിലെ സോഷ്യൽ നെറ്റ്വർക്കുകളും ബ്ലോഗുകളും മറ്റ് മാധ്യമങ്ങളും സഹായിക്കുന്നുണ്ട്.

ഇനിയും ഈ ഒരു മേഖലയിലേയ്ക്ക് കടന്നുവരാൻ കഴിയാതെ പോകുന്നവർക്ക് അത് ഒരു വലിയ നഷ്ടം തന്നെ ആയിരിക്കും. കാരണം എഴുത്തിന്റെയും വരയുടെയും മാത്രമല്ല പ്രക്ഷേപണത്തിന്റെയും സംപ്രേഷണത്തിന്റെയും മേഖലകൾ കൂടി ഇന്റെർനെറ്റ് തുറന്നിടുന്നു. ഒരു വ്യക്തിയുടെ ഏതുതരം കഴിവുകളും ഇന്റെർനെറ്റിലെ വിവിധ മീഡിയകൾ വഴി ഇന്ന് തെളിയിക്കാനാകും.ഒരു സാധാരണ പൌരനും തന്റെ ജീവിതസാന്നിദ്ധ്യം വിളിച്ചറിയിക്കാൻ ഈ മാധ്യമം വഴി സാധിക്കും.എല്ലാവർക്കും പത്രപ്രവർത്തകരും എഴുത്തുകാരും, വരപ്പുകാരും, പാട്ടുകാരും, അവതാരകരും അഭിനേതാക്കളും സംവിധായകരും മറ്റും മറ്റുമാകാനുള്ള അനന്തമായ സാദ്ധ്യതകളാണ് ഇന്റെർനെറ്റ് പ്രദാനം ചെയ്യുന്നത്.

ഞാൻ പറഞ്ഞുവരുന്നത് ഇന്റെർ നെറ്റ് മുഖാന്തരം നാലാളറിഞ്ഞ ഒരു സവിശേഷ വ്യക്തിത്വത്തെക്കുറിച്ചാണ്. ഒരു പക്ഷെ ഒരു സാധാരണ ഉദ്യോഗസ്ഥയും വീട്ടമ്മയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയുമായി നാട്ടിൽ ഒരു പരിമിതമായ ലോകത്ത് മാത്രം അറിയപ്പെടുമായിരുന്നതും, എന്നാൽ ഇന്റെർനെറ്റിന്റെ സാദ്ധ്യതകളിൽ ചിലത് തനിക്കിണങ്ങും വിധം ഉപയോഗപ്പെടുത്തി തന്റേതായ ഒരിടവും പ്രശസ്തിയും ഇ-ലോകത്ത് ഉണ്ടാക്കിയെടുത്തതുമായ ഒരു വനിതയെയും ഇന്റെർനെറ്റിന്റെ ലോകത്ത് വന്ന് എനിക്ക് പരിചയപ്പെടാനായി. അവരെ പറ്റിയാണ് ഈ ഒരു കുറിപ്പ്.

ഒരു പക്ഷെ ഇന്റെർനെറ്റിന്റെ ലോകത്ത് വന്നിരുന്നില്ലെങ്കിൽ മൈമൂൺ അസീസ് എന്ന ഒരു സ്ത്രീവ്യക്തിത്വം എന്റെ ശ്രദ്ധയിലോ അറിവിലോ വരാൻ ഒരു സാദ്ധ്യതയുമില്ലെന്നു വേണം കരുതാൻ. കായം കുളം സ്വദേശിനിയും കുടിംബിനിയും ഉദ്യോഗസ്ഥയും സാമൂഹ്യ പ്രവർത്തകയുമായ അവർ ബ്ലോഗ്ഗറും, പ്രശസ്തമായ പല സോഷ്യൽ നെറ്റ്വർക്കുകളിലെ സജീവ സാ‍ന്നിദ്ധ്യവുമാണ്. ആ നിലയിൽ ഇ-ലോകത്ത് ആവശ്യത്തിന് പ്രശസ്തിയുമുണ്ട്. നല്ല കഥകളും കവിതകളും ഗാനങ്ങളും ലേഖനങ്ങളും എഴുതുന്ന ഒരു എഴുത്തുകാരിയാണവർ. കൌമാര യൌവ്വനങ്ങൾ അടക്കി വാഴുന്ന ഇ-ലോകത്തെ സൌഹൃദക്കൂട്ടങ്ങൾക്കിടയിൽ അവർ അമ്മയും ചേച്ചിയുമായി താരശൊഭയോടെ തിളങ്ങി നിൽക്കുന്നു.

സ്വത്ത നിഷേധത്തിനോ നിർദോഷമായ പരമ്പരാഗത ജീവിത രീതികളുടെ നിരാസത്തിനോ ഒന്നും മുതിരാതെ മതപരവും ആത്മീയവുമായ വിശ്വാസങ്ങളെയും പ്രാർത്ഥനകളെയും എല്ലാം അതേ പടി നില നിർത്തിക്കൊണ്ടു തന്നെ മാറുന്ന കാലത്തിനനുസൃതമായി പുരോഗമനോത്മുഖവും സർഗ്ഗാത്മകവും സർവ്വോപരി സാമൂഹ്യപ്രതിബദ്ധതയിൽ ഊന്നിയതുമായ ഒരു ജീവിതം നയിക്കാൻ മുസ്ലിം പശ്ചാത്തലമുള്ള ഒരു സാധാരണ വനിതയ്ക്ക് എങ്ങനെ സാധിക്കും എന്നതിന്റെ മികച്ച മാതൃകയാകാൻ മൈമൂൺ അസീസിനു കഴിയുന്നു. തന്റെ ജീവിത സഖാവിന്റെ കൂടെ പൂർണ്ണമായ പിന്തുണയോടെയാണ് അവർ ഈ മാതൃകാ ജീവിതം പിന്തുടരുന്നതെന്നും പ്രത്യേകമായി എടുത്തു പറയേണ്ടതാണ്.

ഞാൻ അവരെ അറിയുന്നത് ഇന്റെർനെറ്റിലെ ചില സോഷ്യൽ നെറ്റ്വർക്കുകളിലൂടെയാണെന്നത് ഇനിയും പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ! ഞാൻ അവരെ ആദ്യമായി നേരിൽ കാണുന്നത് തിരുവനന്തപുരത്ത് നടന്ന കൂട്ടം സോഷ്യൽ നെറ്റ്വർക്കിന്റെ ഒരു മീറ്റിൽ വച്ചാണ്. അതിനുശേഷവും ഇ-മാധ്യമം വഴി മിക്കപ്പോഴും അവരുമായി എനിക്ക് ആശയ വിനിമയം ഉണ്ട്. ഇതിനിടയിലാണ് കുറെ നാളുകൾക്കു ശേഷം ഇക്കഴിഞ്ഞ 2011 ജൂലായ് 23 ന് തിരുവനന്തപുരത്ത് വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടന്ന സൌഹൃദം ഡോട്ട് കോം മീറ്റിൽ വച്ച് വീണ്ടും അവരെ നേരിൽ കാണുന്നത്. അവിടെ സ്വാഗതഗാനം എഴുതി സംഗീത സംവിധാനം നിർവ്വഹിച്ചത് മൈമൂൺ അസീസ് ആയിരുന്നു. പാടിയതും അവരുടെ നേതൃത്വത്തിൽതന്നെ.കേൾക്കാൻ വളരെ മനോഹരമായിരുന്നു ആ സ്വാഗത ഗാനം.

മൈമൂൺ അസീസിൽ ഒരു സംഗീതകലാകാരി ഉണ്ട് എന്നത് എന്നെ സംബന്ധിച്ച് ഒരു പുതിയ അറിവായിരുന്നു. അതേ പറ്റിയുള്ള എന്റെ അന്വേഷണത്തിൽ അവർ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ളതായും അറിയാൻ കഴിഞ്ഞു. പോകാൻ നേരം മൈമൂൺ അസീസ് രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച ഒരു സംഗീത ആൽബം എനിക്ക് സമ്മാനിച്ചു. എനിക്ക് സാധാരണ സംഗീത ആൽബങ്ങളോ സിനിമാ സി.ഡികളോ ഒന്നും കാണാൻ ഇപ്പോൾ സമയം കിട്ടാറില്ല.അതിന് ഇപ്പോൾ കുറച്ചുനാളായി ശ്രമിക്കാറുമില്ല. മുമ്പേ കേട്ട് ആകൃഷ്ടമായ കുറെ ഗാനങ്ങളും പിന്നെ കവിതകളും ആവർത്തിച്ച് കേൾക്കുന്നതിലൂടെയാണ് ഞാനെന്റെ അടങ്ങാത്ത സംഗീതാഭിനിവേശം നിലനിർത്തി പോരുന്നത്. പുതിയ ആൽബം ഗാനങ്ങളോടൊന്നും അധികം അടുപ്പമോ പരിചയമോ ഇല്ല.

എന്നാൽ മൈമൂൺ അസീസ് എനിക്ക് നൽകിയ സി.ഡി പിറ്റേന്നു തന്നെ ഞാൻ ഇട്ട് കേട്ടു. രചനയും സംഗീതവും മൈമൂൺ അസീസ് തന്നെ. അത്ര പ്രശസ്തരായ ഗായകരൊന്നുമല്ല (ഇനി എനിക്കറിയാത്തതാണോ എന്നറിയില്ല) ഈ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മൈമൂൺ അസീസും ഇതിൽ ഗാനം ആലപിക്കുന്നുണ്ട്. ആകെ അഞ്ച് ഗാനങ്ങളേ ഉള്ളൂ. കേരള വർണ്ണനയാണ് ഗാനങ്ങൾ എല്ലാം. കേൽക്കാൻ നല്ല ഇമ്പമുള്ള ഗാനങ്ങൾ. അനേകം ഗാനങ്ങൾ ഉൾക്കൊള്ളിച്ച് പുറത്തിറക്കുന്ന പല ആൽബങ്ങളിലും ഒന്നോ രണ്ടോ മാത്രമായിരിക്കും മനസിൽ തങ്ങി നിൽക്കുക. ബാക്കിയൊക്കെ അരോചകങ്ങളായിരിക്കും. എന്നാൽ മൈമൂണിന്റെ ഈ സംഗീത ആൽബത്തിൽ ആകെയുള്ള അഞ്ചു ഗാനങ്ങളിൽ അഞ്ചും നല്ല മധുരമനോഹരമായ ഗാനങ്ങൾ തന്നെ.

പുതിയ അടിപൊളി പാട്ട് സ്നേഹികൾക്ക് ഇത് രസിക്കുമോ എന്നറിയില്ല. എന്റെ സംഗീത ആസ്വാദന അഭിരുചികളുമായി ഏറെ അടുത്തു നിൽക്കുന്നതാണ് ഇതിലെ ഗാനങ്ങൾ. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം എനിക്കവ വളരെ ഇഷ്ടമായി. കേരളവർണ്ണനാ ഗാനങ്ങളാകയാൽ വരികളിലെ അർത്ഥ സമ്പുഷ്ടതയെക്കുറിച്ചൊന്നും ഞാൻ വലിയ സന്ദേഹിയാകുന്നില്ല. സംഗീതാത്മകമായ വരികളാണ് അവ എന്നത് മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. എങ്കിലും വാക്കുകളുടെ ഉപയോഗത്തിൽ കുറച്ചുകൂടി നല്ല ആലോചനകൾ ഉണ്ടാകേണ്ടതായിരുന്നു എന്ന ഒരു തോന്നൽ ഉണ്ടായി എന്നത് മറച്ചു വയ്ക്കുന്നില്ല.

എല്ലവരുടെയും ആസ്വാദനാഭിരുചികൾ ഒരു പോലെ ആയിരിക്കില്ല. എന്തായാലും എനിക്ക് ഈ ഗാനങ്ങൾ ഇഷ്ടമായതുപോലെ എന്റെ സംഗീതാഭിരിചികളുമായും ആസ്വാദനാഭിരുചികളുമായും സാമ്യമുള്ള അഭിരുചികൾ ഉള്ളവർക്ക് ഈ ഗാനങ്ങൾ ഇഷ്ടപ്പെടാതിരിക്കില്ല. നമ്മൾ തമ്മിൽ അങ്ങനെ അഭിരുചിപരമായ സാമ്യതയുണ്ടോ എന്നറിയണമെങ്കിൽ ആ പാട്ട് കേട്ട് അത് നിങ്ങൾക്കിഷ്ടപ്പെടണമല്ലോ. താല്പര്യമുള്ളവർ അവരുമായി ബന്ധപ്പെട്ട് ആ സി.ഡി വാങ്ങി കേട്ടു നോക്കുക.തീർച്ചയായും കേരളത്തെയും മലയാളത്തെയും സ്നേഹിക്കുന്നവർക്ക് മൈമൂൺ അസീസിന്റെ ഈ സംഗീത ആൽബത്തിലെ പാട്ടുകൾ ഇഷ്ടപ്പെടും!

ഞാൻ ആ ഗാനങ്ങൾ നന്നായി ആസ്വദിച്ചുവെന്നതിന്റെ അടയാളപ്പെടുത്തലും അതിനുള്ള സ്നേഹോപഹാരവുമായി ഈ കുറിപ്പ് മൈമൂൺ ഇത്തയ്ക്ക് സമർപ്പിക്കുന്നു. ഒപ്പം എന്റെ ഈ എഴുത്തു മൂലം ഇനിയും ആരെങ്കിലും കൂടി ഇതെപറ്റി അറിയുന്നെങ്കിൽ അറിയാനുള്ള ആഗ്രഹവും! അങ്ങനെ എഴുത്തും പ്രസംഗവും പാട്ടും എല്ലാമായി ഒരു ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിക്കാവുന്ന സവിശേഷ വ്യക്തിത്വത്തിനുടമയായ ശ്രീമതി മൈമൂൺ അസീസിന് തന്റെ ബഹുമുഖമായ കർമ്മ പഥങ്ങളിൽ ഇനിയും എല്ലാ വിധ ഭാവുകങ്ങളും ആശംസിച്ചുകൊണ്ട് ഈ കുറിപ്പ് തൽക്കാലം ചുരുക്കുന്നു.

Wednesday, July 20, 2011

എറണാകുളം ബ്ലോഗ് മീറ്റിൽ പങ്കെടുത്ത ബ്ലോഗ്ഗർമാരുടെ ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകൾ

എറണാകുളത്ത് 2011 ജൂലൈ  9 ന് നടന്ന ബ്ലോഗ് മീറ്റിൽ പങ്കെടുത്ത ബ്ലോഗ്ഗർമാരുടെ ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകൾ പുതിയ പോസ്റ്റുകൾ സഹിതം എന്റെ വായനശാലകലിലൊന്നായ   വിശ്വമാനവികം വായനശാല എന്ന ബ്ലോഗിൽ നൽകിയിട്ടുണ്ട്.

Wednesday, July 13, 2011

സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകൾക്കിടയിൽ ഭിന്നത


സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകൾക്കിടയിൽ ഭിന്നത


എം.എ.ബേബിയും എൽ.ഡി.എഫും സ്വാശ്രയ വിദ്യാഭ്യാസമേഖല കുളമാക്കിയെന്നായിരുന്നു ആ സർക്കാരിന്റെ കാലത്ത് പലരും ആക്ഷേപിച്ചത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതി ഉറപ്പാക്കാൻ സ്വാശ്രയ മാനേജർമാരുമായി ചർച്ചയോട് ചർച്ച നടത്തി എം.എ.ബേബി എന്ന നല്ലൊരു രാഷ്ട്രീയ നേതാവിന്റെ ഇമേജ് തന്നെ നഷടമായി പോയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ സത്യങ്ങൾ വെളിച്ചത്തു വരുന്നു. സ്വാശ്രയ മാനേജ്മെന്റുകൾക്കിടയിൽ തന്നെ ശക്തമായ ചേരിതിരിവ് ഉണ്ടായിരിക്കുന്നു. കേരളത്തിലെ ക്രിസ്തീയ സമുദായത്തിലെ നല്ലൊരു പങ്ക് ആളുകളെ എൽ.ഡി.എഫിനെതിരെ തിരിച്ചുവിടാൻ ഇന്റെർ ചർച്ച് കൌൺസിലുകാർ സ്വാശ്രയ പ്രശ്നത്തെ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.

സത്യത്തിൽ
ക്രിസ്തീയ സമുദായത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന നിലപാടാണ് ഇപ്പോൾ ക്രിസ്തീയ മാനേജ്മെന്റുകൾ സ്വീകരിച്ചിരിക്കുന്നത്. എൽ.ഡി.എഫ് തങ്ങളുടെ ശത്രുവാണെന്ന് ശ്രീ ജോർജ് പോൾ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എൽ.ഡി.എഫ് ആയാലും, യു.ഡി.എഫ് ആയാലും അവർക്ക് തങ്ങളുടെ സ്വാർത്ഥ താല്പര്യം മാത്രമാണ് വലുതെന്ന് വീണ്ടും വ്യക്തമായിരിക്കുന്നു. കേരളത്തിലെ സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും താല്പര്യങ്ങളോട് തികച്ചും ധിക്കാര പരമായ സമീപനമാണ് അവർ സ്വീകരിച്ചിരിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ നീതി നടപ്പാക്കാൻ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും സർക്കാരിനെയും പൊതു സമൂഹത്തെയും വെല്ലുവിളിക്കുകയാണ് മതത്തിന്റെ ലേബൽ ഒട്ടിച്ച് നടക്കുന്ന ഈ വിദ്യാഭ്യാസ വ്യാപാരികൾ.

ക്രിസ്ത്യൻ സമൂഹത്തിന്റെ മൊത്തം പ്രതിനിധികളായി സ്വയം ചമഞ്ഞ് നടക്കുന്നവർ സമുദായ താല്പര്യങ്ങളെക്കാൾ സാമ്പത്തിക താല്പര്യങ്ങളാണ് തങ്ങൾക്ക് വലുതെന്ന് ഇത്രയും പ്രകടമായിത്തന്നെ വിളിച്ചു പറയുമ്പോൾ, ഇവരുടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുള്ള നേട്ടങ്ങൾ സമുദായത്തിനാണോ വ്യക്തികൾക്കാണോ എന്ന കാര്യത്തിൽ വ്യക്തത തരുന്നുണ്ട്. സ്വന്തം വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി ഒരു ഹൈക്കോടതി വിധിയുടെ ബലത്തിൽ സമാന്തര ഭരണാധികാരികളെ പോലെ പെരുമാറുന്ന അവർ രാഷ്ട്രത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയാൻ പൊതു സമൂഹത്തിനു കഴിഞ്ഞാൽ കൊള്ളാം.

എൽ
.ഡി.എഫ് സർക്കാരിനോട് തങ്ങളുടെ ശത്രുതയത്രയും എന്നു പറയുന്ന ഇവർ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയം മുതൽ പൊതു താല്പര്യത്തിനെതിരായ നിലപാടുകൾ സ്വീകരിച്ചവർ ആണ് എടുത്തുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിനോടാണ് തങ്ങളുടെ കൂറ് എന്നു പ്രഖ്യാപിക്കുമ്പോഴും മെഡിക്കൽ സീറ്റുകളിൽ ഈ വർഷം തന്നെ പാതിക്കുപാതി അഡ്മിഷൻ എന്ന സർക്കാർ നയത്തെ അംഗീകരിക്കാൻ ശ്രീ.ജോർജു പോളും സംഘവും തയാറാകുന്നില്ല. ഇതിനകം അവർ നടത്തിയ അഡ്മിഷനിലുള്ള കുട്ടികളുടെ കാര്യം സർക്കാർ ഏറ്റെടുത്താൽ തങ്ങൾ ഒത്തു തീർപ്പിനു തയ്യാറാണെന്നുള്ള മുട്ടാ പോക്കാണ് അവർ ഉന്നയിക്കുന്നത്.മുമ്പേ തന്നിഷ്ടപ്രകാരം സർക്കാർ സീറ്റുകളിൽ അന്യായമായ പ്രവേശന നടപടികൾ സ്വീകരിച്ചതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമത്രേ!

കോലഞ്ചേരി മെഡിക്കൽ കോളേജ് അടക്കം പലതും ജോർജ് പോൾ അടക്കമുള്ള ചിലരുടെ സ്വകാര്യ സ്ഥാപനങ്ങളാണെന്നും സഭകളുമായി അവയ്ക്ക് ബന്ധമൊന്നും ഇല്ലെന്നും ഒരു ചാനൽ ചർച്ചയിൽ ശ്രീ ഫസൽ ഗഫൂർ പറഞ്ഞിരിക്കുന്നു. പരസ്പരം ചെളിവാരി എറിയുന്ന രീതിയിലേയ്ക്ക് ആ ചർച്ചകൾ വഴിമാറുമ്പോൾ സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിഗൂഢതകളിലേയ്ക്കാണ് അത് വിരൽ ചൂണ്ടുന്നത്. ഇന്ന് നടന്ന ചർച്ചയിൽ ക്രിസ്തീയമാനേജ് മെന്റുകൾ എന്നവകാശപ്പെടുന്നവരുടെ നിലപാടുകളിൽ ആദ്യംതന്നെ ശക്തമായി പ്രതിഷേധിക്കേണ്ടത് കേരളത്തിലെ സാധാരണ ക്രിസ്തീയ സമൂഹമാണ്. സമുദായത്തിന്റെ പേരും പറഞ്ഞ് സ്വന്തം സ്ഥാപനങ്ങളെ ഉപയോഗിച്ച് ഇടതുപക്ഷനെതിരെ ജനവികാരം ഇളക്കിവിടുകയും തങ്ങളുടെ താല്പര്യങ്ങൾക്ക് ഇണങ്ങുന്ന ഒരു സർക്കാരിന്റെ രൂപീകരണത്തിന് ആവുന്നതൊക്കെ ചെയ്യുകയും ചെയ്തിട്ട് അങ്ങനെ വന്ന ഒരു സർക്കാരിന്റെ നിലപാടുകൾ പോലും അംഗീകരിക്കാതിരിക്കുക വഴി അവരുടെ യഥാർത്ഥ കച്ചവടമുഖമാണ് വെളിവാക്കുന്നത്.

തങ്ങളുടെ
സാമ്പത്തിക നേട്ടങ്ങൾക്ക് അനുകൂലമല്ലാത്ത നിലപാടുകൾ സ്വീകരിച്ചാൽ എൽ.ഡി.എഫായാലും യു.ഡി.എഫ് ആയാലും അംഗീകരിക്കില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. മാത്രവുമല്ല അവർ ശക്തമായി സർക്കാരിനെയും പൊതു സമൂഹത്തെയും വെല്ലുവിളിക്കുകയുമാണ്. ഈ വെല്ലുവിളി വെല്ലുവിളിയായി തന്നെ നേരിടണം. അതിന് ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടതാണ്.

എറണാകുളം ബ്ലോഗ് മീറ്റ്: “സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ!”


എറണാകുളം ബ്ലോഗ് മീറ്റ്: “സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ!”


ഇ-എഴുത്തുകാരുടെ സൌഹൃദ സംഗമം എറണാകുളം മയൂരാ പാർക്ക് ഹോട്ടലിൽ 2011 ജൂലൈ 9 ന് രാവിലെ കൃത്യം പത്ത് മണിയ്ക്ക് ആരംഭിച്ച് വൈകുന്നേരം മൂന്നു മണിയീടെ വിജയകരമായി പര്യവസാനിച്ചു.

“സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ!” എന്ന് ഏതോ റ്റി.വി പരസ്യത്തിൽ പറയുന്നതുപോലെ എറണാകുളം മീറ്റു കഴിഞ്ഞ് വീട്ടിൽ വന്നു കയറിയിട്ട് സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ എന്നു മാത്രമാണ് ഇന്ന് നടന്ന ബ്ലോഗ് മീറ്റിനെ കുറിച്ച് ആദ്യം തന്നെ പറയാനുള്ളത്.അഞ്ച് മണിയ്ക്ക് അവിടെ നിന്നും ബസ് കയറി രാത്രി പത്തര പത്തേ മുക്കാൽ മണിയോടെയാണ് വീട്ടിൽ എത്തിയത്. മീറ്റിലെ വിശേഷങ്ങൾ സംബന്ധിച്ച വിശദമായ പോസ്റ്റ് രാത്രിയിനി എഴുതുന്നില്ല.അത് അല്പം വിശദാമായി തന്നെ എഴുതുവാനുണ്ട്. എഴുതണമെന്ന് വിചാരിക്കുന്നുമുണ്ട്.

എന്നാൽ അഞ്ചഞ്ചര മണിക്കൂർ യാത്രചെയ്ത് ബ്ലോഗ് മീറ്റിൽ പങ്കെടുക്കുകയും അത്രയും സമയം തിരിച്ച് യാത്രചെയ്ത് വീട്ടിലുമെത്തിയിട്ട് മീറ്റിനെ പറ്റി ഒന്നും എഴുതാതെ കിടന്നുറങ്ങുന്നതെങ്ങനെ? മാത്രവുമല്ല നമ്മൾ കുറെ ബ്ലോഗ്ഗർമാർ മീറ്റിൽ യഥാ സമയം പങ്കെടുത്തു എന്നല്ലാതെ അതിന്റെ സംഘാടനത്തിലൊന്നും പങ്ക് വഹിച്ചതല്ല. ഏതാനും ബ്ലോഗ്ഗർമാരുടെ കുറെ ദിവസത്തെ ശാരീരികവും ബുദ്ധിപരവുമായ അദ്ധ്വാനത്തിന്റെ ഫലമാണ് ഈ ബ്ലോഗ് മീറ്റും. അതുകൊണ്ടു തന്നെ മികവുറ്റ സംഘാടനം കൊണ്ട് പങ്കെടുത്ത എല്ലാ ബ്ലോഗ്ഗർമാരെയും സന്തുഷ്ടരാക്കിയ ആ സംഘാടക സംഘത്തിന് ഒരു നന്ദി വാക്ക് പറയാൻ അല്പം ഉറക്കമൊഴിഞ്ഞാലെന്ത്? മീറ്റ് സംഘാടകർക്ക് ഒരായിരം നന്ദി; ഒപ്പം നമ്മെ പോലെ മീറ്റിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ ബ്ലോഗ്ഗർമാർക്കും നന്ദി!

ബൂലോകത്തിന്റെ വളർച്ചയിൽ ബ്ലോഗ് മീറ്റുകൾക്കുള്ള പങ്ക് ചെറുതല്ല. ബ്ലോഗിലൂടെ ഉണ്ടായ സൌഹൃദങ്ങളുടെ കണ്ണി മുറിയാതെ അത് നില നിർത്തുന്നതിനും ബ്ലോഗ് മീറ്റുകൾക്ക് വലിയ പങ്കുണ്ട്. ഔപചാരികതകൾ ഒന്നുമില്ലാത്ത മീറ്റ് അക്ഷരാർത്ഥത്തിൽ അടിപൊളിയുടെ പൂരമായി. എല്ലാവർക്കും വിശദമായി പരിചയപ്പെടാനും പരിചയം പുതുക്കാനും ആവശ്യമുള്ളത്ര സമയം ഈ മീറ്റിൽ ലഭിച്ചു. മീറ്റ് ഹാളിൽ നടന്ന ചിത്രപ്രദർശനവും അതിന്റെ മാർക്കിടലും വേറിട്ട മറ്റൊരനുഭവമായി. കാർക്കൂണിസ്റ്റ് സജ്ജീവേട്ടന്റെ പതിവു വരയ്ക്ക് ഈ മീറ്റിലും ബ്ലൊഗ്ഗർമാർ വിധേയരായി. ഈ മീറ്റിലും പുതിയ ഏതാനും ബ്ലോഗ്ഗർമാരെ കൂടി പരിചയപ്പെടാൻ കഴിഞ്ഞു.

നേരത്തെ വീ‍ട്ടിലെത്തിയവർ ഒരു പക്ഷെ ഇതിനകം മീറ്റനുഭവം അതിന്റെ ഗൌരവത്തിൽ ബൂലോകത്ത് എത്തിച്ചിട്ടുണ്ടാകണം. ഈ മീറ്റിലെ എന്റെ അനുഭവം ഏതാനും ദിവസങ്ങൾക്കുള്ളിൽ വിശദമായി ഞാൻ എഴുതുമെന്നാണ് എനിക്ക് ഇപ്പോൾ എന്നെ പറ്റി തോന്നുന്നത്. ആ തോന്നൽ യാഥാർത്ഥ്യമകാൻ എനിക്ക് ഞാൻ എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു! ഇപ്പോൾ തൽക്കാലം മീറ്റ് ദൃശ്യങ്ങൾ ഒക്കെ ഇതിനകം ഇട്ട മറ്റ് ബ്ലോഗുകളിൽ പോയി അവ ഒന്നു കണ്ടാനന്ദിക്കട്ടെ. എന്തായാലും ഈ പോസ്റ്റ് തൽക്കാലം ഇത്രയും വച്ച് അങ്ങ് പോസ്റ്റുന്നു. മീറ്റ് ചിത്രങ്ങൾക്ക് തൽക്കാലം മറ്റു ബ്ലോഗുകൾ കാണുക.

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...