ബൂലോകമാണോ ബൂലോഗമാണോ ശരി?
ബ്ലോഗിന് മലയാളത്തിൽ ‘ബൂലോകം’ എന്നാണ് കൂടുതൽ പേരും പറഞ്ഞു വരുന്നത്. എന്നാൽ ചിലർ ‘ബൂലോഗം’ എന്നും പറഞ്ഞുകാണുന്നു. ഇതിൽ നമ്മൾ ഏതാണ് പ്രയോഗിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും? മറ്റുഭാഷകളിൽ നിന്ന് അത്യാവശ്യം വാക്കുകൾ അതേപോലെ കടമെടുക്കുന്നതും നമ്മുടെ ഭാഷയ്ക്ക് മുതൽകൂട്ട് തന്നെയായിരിക്കും. ആ നിലയിൽ ബ്ലോഗ് എന്നു പറയുന്നതിലും കുറ്റം കാണേണ്ടതില്ല. എങ്കിലും പുതിയ പുതിയ കണ്ടു പിടുത്തങ്ങൾ ഉണ്ടാകുമ്പോൾ അവയ്ക്ക് നമ്മൾ നമ്മുടെ ഭാഷയിൽത്തന്നെ വാക്കുകളുണ്ടാക്കുന്നത് നല്ലതല്ലേ?
ഇനി അഥവാ പേരിലെന്തിരിക്കുന്നു എന്നാണ് ചോദ്യമെങ്കിൽ പേരിന് പ്രസക്തിയൊക്കെ ഉണ്ട് എന്നാണ് ഈയുള്ളവന്റെ പക്ഷം. ഓരോന്നിനെയും തിരിച്ചു പറയാനും തിരിച്ചറിയാനും പേരുകൾ ഏതൊരു വസ്തുവിനും, ജീവിക്കും, പ്രതിഭാസത്തിനും അനിവാര്യമാണ്. അപ്പോൾ ബ്ലോഗിന്റെ കാര്യത്തിലും അതാവശ്യമാണ്.അതുകൊണ്ട് ഈ ചർച്ച പ്രസക്തവുമാണ്.പേരിടൽ എന്നൊരു കണ്ടുപിടിത്തം മനുഷ്യൻ നടത്തിയിട്ടില്ല്ലായിരുന്നെങ്കിൽ നമ്മൾ മനുഷ്യർ ബധിരന്മാരും മൂകന്മാരുമായി കഴിയേണ്ടി വന്നേനെ! കാരണം ഒന്നിനെക്കുറിച്ചും പറയാൻ അവയ്ക്കൊന്നും പേരുകൾ ഇല്ലല്ലോ!
ബൂലോകം എന്നതോ ബൂലോഗം എന്നതോ ശരി? ബ്ലോഗ് എന്ന പദവുമായി കൂടുതൽ അടുത്തു നിൽക്കുന്നത് ‘ബൂലോഗം’ എന്ന പദമാണ്. കാരണം ബ്ലോഗിൽ ‘ഗ്’ ആണല്ലോ ഉള്ളത്. എന്നാൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത് ‘ബൂലോകംമ്’ എന്നുമാണ്. ബ്ലോഗിൽ ‘ക’ എന്ന അക്ഷരം ഇല്ലല്ലോ! ഈ ‘ബൂലോകംമ്’ എന്ന് പറയുമ്പോൾ ബ്ലോഗുമായൊന്നും ബന്ധമില്ലാത്തവർ പലരും ഭൂലോകം എന്നത് തെറ്റിച്ച് ഉപയോഗിക്കുന്നതാണേന്ന് ധരിക്കാനിടയാകുന്നുണ്ട്. യാഥാർത്ഥ ഭൂലോകത്ത് നിലവിലിലുള്ള ഒരു പ്രതിഭാസമാണ് ബ്ലോഗ് എങ്കിലും ഭൂലോകവും ബൂലോകവും രണ്ടും രണ്ടാണല്ലോ! ഇനി അഥവാ ‘ബൂലോഗം’ എന്നുതന്നെ പറഞ്ഞാലും ഈ തെറ്റിദ്ധാരണ ഉണ്ടാകാം. ഭാവിയിൽ ഇത് ആളുകൾ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തിരിച്ചറിഞ്ഞുകൊള്ളും എന്നാണെങ്കിൽ പിന്നെ ഈ ചർച്ചയ്ക്ക് പ്രസക്തിയില്ല.
പക്ഷെ ഒന്നോർക്കേണ്ടത് മലയാളം ബ്ലോഗ് മേഖല ഇപ്പോൾ ശൈശവദിശയിലല്ല. അത് ഇതിനകംതന്നെ വളർന്ന് വികസിച്ചു കഴിഞ്ഞു. ഇനിയും വളർന്ന് വികസിച്ചുകൊണ്ടുമിരിക്കും. അതുകൊണ്ട് ബ്ലോഗിന്റെ മലയാളനാമത്തെപ്പറ്റി നാം ചർച്ച ചെയ്യുന്നതിൽ അപാകതയൊന്നുമില്ല. എന്തായാലും ബൂലോകം, ബൂലോഗം എന്നീ വാക്കുകൾ ഭൂലോകം എന്ന വാക്കിനെ തെറ്റായോ അല്ലെങ്കിൽ പരിഷ്കരിച്ചോ പറയുന്നതാണെന്ന് ഈ മേഖലയുമായി പരിചയമില്ലാത്തവർ ധരിച്ചുകൂടെന്നില്ല. എങ്കിലും ഈ വാക്കുകൾ നമുക്കിനി ഉപേക്ഷിക്കനും വയ്യ. അപ്പോൾ ഇതിൽ ഏതെങ്കിലും ഒന്നിന് ഒരു സ്ഥിരീകരണം വരുത്തേണ്ടതുണ്ട്.
ബ്ലോഗിനെ ചിലർ അവർ ബ്ലോഗിൽ വന്ന കാലം മുതൽ ബ്ലോഗം എന്ന് പറഞ്ഞുപോരുന്നുണ്ട്. ആരാണീ ചിലർ? മറ്റാരുമല്ല, ഈ നോം തന്നെ. പക്ഷെ ഈ വാക്കിന് വേണ്ടത്ര അനുയായികളെ ലഭിച്ചില്ല. അതുപോലെ കമ്പ്യൂട്ടർ എന്ന വാക്കിനും മലയാളമില്ലല്ലോ. പക്ഷെ ചിലർ ഇതിനെ മലയാളീകരിച്ച് കമ്പെട്ടി എന്നു വിളിച്ചു പോരുന്നുണ്ട്. ആരാ ഈ ചിലർ? അതും മറ്റാരുമല്ല; ഈ നോം തന്നെ! ‘കമ്പെട്ടി’ എന്ന ‘മലയാളവാക്കിനും’ വേണ്ടത്ര അംഗീകാരം കിട്ടിയില്ല. ഓ! കിട്ടിയില്ലെങ്കിൽ വേണ്ട! നോം ഇനിയും പുതിയ വാക്കുകൾ കണ്ടു പിടിച്ചുകൊണ്ടിരിക്കും. നോം തന്നെ അവ ഉപയോഗിച്ചുകൊണ്ടുമിരിക്കും. ഭാഷാ പണ്ഡിതന്മാർക്കേ ഭാഷയെ പരിഷ്കരിക്കാനും, പുതിയ വാക്കുകൾ കൂട്ടിച്ചേർക്കാനും, ആവശ്യമില്ലാത്തത് കളയാനുമൊക്കെ അവകാശമുള്ളൂ എന്നൊന്നുമില്ലല്ലോ. അല്ലപിന്നെ!
തൽക്കാലം എന്റെ കണ്ടു പിടിത്തങ്ങളൊക്കെ അവിടെ നിൽക്കട്ടെ. ബൂലോകവും, ബൂലോഗവും ഇപ്പോൾ പ്രയോഗത്തിലുണ്ട്. അതിൽ നമുക്ക് ഏതിനെ കൂടുതൽ സ്വീകാര്യമാക്കണം? ഇത് രണ്ടും കൂടിയും ഇനിയും മറ്റുവല്ല വാക്കുകളുമുണ്ടെങ്കിൽ അതും കൂടിയും അങ്ങ് പ്രയോഗിച്ചു പോരുന്നതിലും തെറ്റൊന്നുമുണ്ടായിട്ടല്ല. ചുമ്മാ അഭിപ്രായങ്ങൾ പങ്ക് വയ്ക്കാമല്ലോ. ഈ രണ്ട് വാക്കുകളിൽ ഏതാണ് ശരി? ‘ബൂലോകമ’മോ, അതോ ‘ബൂലോഗ’മോ? ഈയുള്ളവനവർകക്കുടെ ഒരു സംശയം കൂടിയാണിത്. . അതുകൊണ്ട് ആരെങ്കിലും വഴിതെറ്റിയെങ്ങാനും ഇതുവഴി വരുന്നെങ്കിൽ ഒരു കമന്റ് കമന്റിയിട്ട് പോകുക!
1 comment:
അപ്പൊ ഫേസ് ബുക്കിനെ ഫൂലോകം എന്ന് വിളിക്കേണ്ടി വരുമോ ...
കലികാലം എന്റെ ശിവനേ !!!!
Post a Comment