നിധിശേഖരവും സി.പി.ഐ (എം) നിലപാടും
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം എന്തു ചെയ്യണം എന്ന ചർച്ച ഈ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴും തുടരുകയാണല്ലോ. പ്രത്യേകിച്ചും സി.പി.ഐ (എം) ഇതു സംബന്ധിച്ച ഒദ്യോഗിക നിലപാട് പ്രഖ്യാപിച്ചതോടെ അത് വീണ്ടും വിവാദമായിരിക്കുന്നു. സി.പി.ഐ (എം) ഏതെങ്കിലും ഒരു വിഷയത്തിൽ എന്തു നിലപാടെടുത്താലും ഒരു വിഭാഗം അതിനെ ദോഷൈക ദൃഷ്ടിയോടെ മാത്രം നോക്കിക്കണ്ട് നിലപാടെടുക്കുന്നതിൽ പുതുമയില്ല. അത് ഇക്കാര്യത്തിലും ഉണ്ടായി. ആദ്യം സ. പിണറായി വിജയൻ ഹൈന്ദവ വർഗീയ വാദികൾക്കു സമാനമായ നിലപാടെടുക്കുന്നുവെന്ന നിലയിലായിരുന്നു പ്രചരണം. ഇപ്പോൾ അതേ ആളുകൾ തന്നെ തിരിച്ചു പറയുന്നു. അപ്പോൾ എന്തു പറയുന്നു, എന്ത് ചെയ്യുന്നു എന്നതല്ല, ആര് പറയുന്നു ആര് ചെയ്യുന്നു എന്നു നോക്കിയണ് ശരിയും തെറ്റും ചിലർ നിശ്ചയിക്കുന്നത്.
നാട്ടിൽ എന്തു വിഷയം നടന്നാലും അത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് ഒരു നിലപട് ഉണ്ടാകേണ്ടതാണ്. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകാർ ലോകത്തെവിടെയുമുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് നിലപാട് പറയുന്നവരാണ്. സി.പി. ഐ.(എം) നിലപാട് എല്ലാ ലോക വിഷയങ്ങളിലും പ്രസക്തമാണോ എന്നത് പ്രശ്നമല്ല. നിലപാടുണ്ടാകും. അഥവാ ഉണ്ടാകണം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അങ്ങനെയാണ്. അതുകൊണ്ട് ഗൌരവമേറിയ അഭിപ്രായ ശേഖരണങ്ങൾക്കും ചർച്ചകൾക്കും ശേഷം അമൂല്യ നിധി ശേഖരത്തെപ്പറ്റിയും പാർട്ടിയ്ക്ക് ഒരു നിലപാടുണ്ടായി. ആ നിലപാട് ശരിയോ തെറ്റോ എന്ന് ചർച്ച ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ സി.പി. ഐ (എം) ഒരു നിലപാട് എടുത്തോ? എങ്കിൽ അത് എന്തായാലും തെറ്റു തന്നെ എന്നതാണ് പാർട്ടിയെ അന്ധമായി എതിർക്കുന്നവരുടെ പക്ഷം. ഇനി സി.പി.ഐ (എം) ഒന്നും മിണ്ടാതിരുന്നാലോ അതിനു വ്യാഖ്യാനം വേറെയാകും.
നിധി ശെഖരവും അതിന്റെ സൂക്ഷിപ്പും ഉപയോഗിക്കലും മറ്റും സംബന്ധിച്ച് ഒരു മതേതര പ്രസ്ഥാനത്തിന് സ്വീകരിക്കാവുന്നതിൽ ഏറ്റവും നല്ല ഒരു നിലപാടാണ് പാർട്ടി എടുത്തിട്ടുള്ളത്. ഇതിനകം ഇതു സംബന്ധിച്ച കേസുകളിൽ സുപ്രീം കോടതി അടക്കം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ കണക്കിലെടുത്തുകൊണ്ടും, വിശ്വാസികളെ കൂടി മുഖവിലയ്ക്കെടുത്തുകൊണ്ടും പാർട്ടി പ്രകടിപ്പിച്ച അഭിപ്രായം സുചിന്തിതമാണ്. ഇത് സംബന്ധിച്ച് സംവാദം ആകാം. മറിച്ച് വിവാദമാക്കാൻ മാത്രം മോശമായ ഒരു നിലപാടല്ല പർട്ടി സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ പരും ഇതു സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ളവയിൽ വച്ച് ഏറ്റവും നല്ല ഒരു നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ഇത് പറയാൻ കാരണം പാർട്ടി ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞു കഴിഞ്ഞപ്പോൾ അത് ഗുണകരമായ സംവാദങ്ങളിലേയ്ക്കല്ല, വിവാദങ്ങളിലേയ്ക്ക് കൊണ്ടു പോകനാണ് ചില മാധ്യമങ്ങൾ അടക്കം ശ്രമിച്ചത്. ഈ പറ്റിൽ പത്ത് ഹിന്ദു വിശ്വാസികളെ പാർട്ടിയിൽ നിന്ന് അകറ്റാനാകുമോ എന്നാണ് ഈ “വിവാദവ്യവസായികൾ” നോക്കുന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം എന്നത് പുതുമയുള്ളതും വ്യത്യസ്തമായതും ആയ ഒരു വിഷയം ആണ്. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച് ചാടിക്കയറി ഒരു നിലപാട് സ്വീകരിക്കുവാൻ സി.പി.ഐ (എം) പോലൊരു പാർട്ടിയ്ക്ക് കഴിയില്ല. വളരെ ആലോചനകൾക്ക് ശേഷമേ ഒരു ഉറച്ച നിലപാടിൽ എത്താൻ കഴിയൂ. അതിനുമുമ്പ് വ്യക്തിപരമായി ഒറ്റയ്ക്കും തെറ്റയ്ക്കും ചില അഭിപ്രായങ്ങൾ പലരും പറഞ്ഞെന്നിരിക്കും. പക്ഷെ ശരിക്കും പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതൃത്വം ഒരു നിലപാട് എടുക്കുമ്പോൾ മാത്രമാണ് അത് പാർട്ടി നിലപാടായി മാറുന്നത്. അങ്ങനെ ഇപ്പോൾ നിധിശേഖരം സംബന്ധിച്ചും പാർട്ടിയ്ക്ക് ഒരു നിലപാടായി.
ക്ഷേത്രത്തിൽ നിധി ശെഖരം ഇരിക്കുന്നു എന്നു പറയുമ്പോൾ അതെന്തു ചെയ്യണം എന്നു ചോദിച്ചാൽ രണ്ടുകൂട്ടർക്ക് വളരെ എളുപ്പത്തിൽ നിലപാടെടുക്കാം. അതിൽ ഒരു കൂട്ടർ ഹിന്ദു വർഗീയ വാദികളും മറ്റൊരു കൂട്ടർ യുക്തിവാദികളും ആണ്. ഇതിൽ ഹിന്ദു വർഗ്ഗീയ വാദികൾ പറയും ഹിന്ദുക്കളുടെ ക്ഷേത്രത്തിൽ കണ്ടെത്തിയ നിധി എന്തു ചെയ്യണമെന്ന് ക്ഷേത്ര കമ്മിറ്റിയും ഹിന്ദു വിശ്വാസികളും മാത്രം തീരുമാനിക്കും എന്ന്. സർക്കരോ കോടതികളോ അതിൽ ഇടപെടേണ്ടെന്ന്. അവർക്ക് അങ്ങനെ ഒരു നിലപാടിലേ എത്താൻ കഴിയുകയുള്ളൂ. അതിനവർക്ക് പറയാൻ പല ന്യായീകരണങ്ങളും ഉണ്ടായിരിക്കും. കാരണം അവർ ഹിന്ദു വിശ്വാസത്തിന്റെ വക്താക്കളാണ്. അവരിൽ നിന്ന് മറ്റ് തരത്തിൽ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.
ഇങ്ങനെ ഒരു നിധി ശേഖരം കണ്ടെന്നറിഞ്ഞാൽ രണ്ടാമതു പറഞ്ഞ യുക്തിവാദികൾ ഉടൻ പറയും അതെല്ലാം സർക്കാർ കണ്ടു കെട്ടി പൊതു നന്മയ്ക്കു ഉപയോഗിക്കണമെന്ന്. നിധിശേഖരം മാത്രമല്ല, സകല ഹിന്ദു മുസ്ലിം ക്രൈസ്തവ ആരാധനാലയങ്ങളിലെയും സ്വത്തെല്ലാം കണ്ടുകെട്ടി സർക്കാർ ഏറ്റെടുത്ത് പൊതു ഖജാനയിൽ മുതൽക്കൂട്ടി പൊതുജന നന്മയ്ക്ക് ഉപയോഗിക്കണമെന്നും അവർ പറയും. എന്ന് മാത്രമല്ല, സകല മത ആരാധനാലയങ്ങളും വല്ല പള്ളിക്കൂടങ്ങളോ അനാഥാലയങ്ങളോ ആക്കണമെന്നും മതങ്ങൾ തന്നെ പിരിച്ചു വിടണമെന്നും സാക്ഷാൽ ദൈവത്തെത്തന്നെ കെട്ടുകെട്ടിയ്ക്കണമെന്നും പറയുന്നവരാണ് യുക്തിവാദികൾ. അതുകൊണ്ടുതന്നെ അവർക്ക് ഈ നിധി ശേഖരം പോലെയുള്ള വിഷയങ്ങളിൽ തങ്ങളുടെ നിലപാടു പറയാൻ കൂലം കഷമായ ചർച്ചയുടെയൊന്നും ആവശ്യമില്ല.അവർ ഉടൻ നിലപാട് പറയും. (അതിന് കലാനാഥൻ മാസ്റ്റരുടെ വീടാക്രമിച്ചിട്ട് ഒരു കാര്യവുമില്ല).
എന്നാൽ യുക്തിവാദികളെയോ മതവാദികളെയോ പോലെ ഈ ഒരു വിഷയത്തെ സി.പി. ഐ (എം) ഉൾപ്പെടെയുള്ള മതേതര പ്രസ്ഥാനങ്ങൾക്ക് നോക്കിക്കാണുവാനാകില്ല. യാതാർത്ഥ്യബോധത്തോടെയും വേണ്ടത്ര സൂക്ഷമതയോടെയും മാത്രമേ അവർക്ക് ഇത്തരം വിഷയങ്ങളെ സമീപിക്കാനാകൂ. വിശ്വാസികളുടെ വികാരങ്ങൾ കണക്കിലെടുക്കണം. ഇതുമായി ബന്ധപ്പെട്ട അന്ധവിശ്വാസപ്രചരണങ്ങളെ എതിർക്കുകയും വേണം. കോടതികളുടെ നിരിക്ഷണങ്ങളും കണക്കിലെടുക്കണം. ഈ അമൂല്യ നിധി ശേഖരം അന്യാധീനപ്പെടാൻ പാടുള്ളതല്ല. ദുർവ്യയം ചെയ്യാനും പാടുള്ളതല്ല. ഒന്നും രണ്ടും രൂപയുടെ സ്വത്തല്ല. കോടികൾ വിലമതിപ്പുള്ളവയാണ്. ചരിത്രപ്രാധാന്യം ഉള്ളവയുമാണ്. അതുകൊണ്ടുതന്നെ വളരെ ഉത്തരവാദത്തോടെയാണ് ഇക്കാര്യം എല്ലാവരും കൈകാര്യം ചെയ്യേണ്ടത്.
ഗുരുവായൂർ ദേവസ്വം മാതൃകയിൽ ഒരു സമിതിയും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ദേവസ്വം ബോർഡ് പോലെ സമിതി രൂപീകരിക്കുന്നത് രാഷ്ട്രീയക്കാർക്ക് അതിൽ കാടന്നു കയറാനാണെന്ന ആരോപണം ഒരു ഹിന്ദു സഘടന പറഞ്ഞുകേട്ടു. ഇത് രാഷ്ട്രീയക്കാരെക്കുറിച്ച് അവമതിപ്പുള്ളവർ പറയുന്നതാണ്. രാഷ്ട്രീയക്കാർ എന്തോ കൊള്ളരുതാത്തവർ ആണെന്ന ധ്വനിയാണ് അതിലുള്ളത്. രാഷ്ടീയക്കാർക്ക് എന്തുകൊണ്ട് ഇത്തരം സമിതികളീൽ അംഗമായിക്കൂട? ഇന്ന് മതമേലധികാരികളെക്കാൾ നന്മകൾ രാഷ്ട്രീയക്കാരിലുണ്ട്.അവർക്കാണ് കുറച്ചെങ്കിലും കുറ്റമറ്റ രീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുക. ദേവസ്വം ബോർഡ് ഇക്കാലമത്രയും രാഷ്ട്രീയക്കാർ ഭരിച്ചിട്ട് കുഴപ്പമൊന്നും ഉണ്ടായില്ല. പിന്നെ ചില അഴിമതികളോക്കെ ഉണ്ടായിട്ടുണ്ടാകും. അത് എല്ലാമേഖലയിലെയും പോലെ അവിടെയും സംഭവിക്കുന്നുവെന്നേ ഉള്ളൂ.
ഇതൊക്കെയാണെങ്കിലും കഴമ്പുള്ള ഒരു ചോദ്യം ഹൈന്ദവ വിശ്വാസ പക്ഷത്തുനിന്നും ഉണ്ടാകുന്നുണ്ട്. ഹിന്ദുക്ക ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ദേവസ്വം ബോർഡ് വഴി പൊതുഖജനാവിലേയ്ക്ക് പോകുന്നുണ്ട്. പൊതു നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നുണ്ട്. എന്നാൽ മുസ്ലിങ്ങളുടെയോ ക്രിസ്ത്യാനികളുടെയോ ആരാധനലയങ്ങളുടെയോ അവയുടെ സ്വത്തുക്കൾക്കു മേലെയോ സർക്കാരിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ല. പത്മനാഭസ്വാമി ക്ഷേത്രത്തിൽ കണ്ടതുപോലെ ഒരു നിധി ശേഖരം മുസ്ലിങ്ങളുടെയോ ക്രിസ്ത്യാനികളുടെയോ ആരാധനാലയങ്ങളിൽ നിന്നാണ് കണ്ടെത്തുന്നതെങ്കിൽ അതിന്റെ മേൽ സർക്കാരോ കോടതികളോ പൊതു സമൂഹമോ ഇടപെടുമായിരുന്നോ എന്ന ചോദ്യം ചോദിക്കുന്നത് വർഗീയ കക്ഷികളാണെന്നു കരുതി അതിനെ തള്ളിക്കളയാനാകില്ല. ഇക്കാര്യത്തിൽ തുറന്ന ചർച്ചകൾ നടക്കെണ്ടതാണ്. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിൽ തെറ്റില്ല. എന്നാൽ ഇത്തരം കാര്യങ്ങളിൽ രാജ്യത്തിന്റെ നിയമങ്ങളും പൊതു താല്പര്യങ്ങളും കണക്കിലെടുക്കാൻ എല്ലാ മതങ്ങളും ബാദ്ധ്യസ്ഥരാണ്.
അപ്പോൾ മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ആരാധനാലയങ്ങളുലായി ബന്ധപ്പെട്ട സ്വത്തുകൾക്കുമേലും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. അല്ലാതെ ഇതിനകം ഇക്കാര്യത്തിൽ പുരോഗമനപരമായ കീഴ്വഴക്കത്തിനു വിധേയമായിട്ടുള്ള ഹിന്ദുക്കളുടെ കാര്യത്തിൽ കൂടി മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ആരാധനാലയങ്ങളോടും അവയുടെ സ്വത്തുവകകളൊടും സ്വീകരിക്കുന്ന അതേ നിലപാട് സർക്കാർ സ്വികരിക്കണം എന്നു പറയുന്നത് ഹിന്ദു മതവിഭാഗം അവരുടെ സ്വത്തു വകകൾ സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ സ്വീകരിച്ചു കഴിഞ്ഞിട്ടുള്ള പുരോഗമ വീക്ഷണത്തിൽ നിന്നും അവർ പുറകോട്ട് പോകണമെന്നു പറയുന്നതിനു തുല്യമാണ്. അതുകൊണ്ട് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്വത്തു വകകൾ കൈകാര്യം ചെയ്യുന്നതിൽ ഗവർണ്മെന്റ് നിയന്ത്രണങ്ങൾ അംഗീകരിച്ചു പോരുന്ന ഹിന്ദുവിശ്വാസികളുടെ ഉദാര നിലപാടിലേയ്ക്ക് മറ്റ് മതസ്ഥരും സ്വയമേവ വരേണ്ടതാണ്. ആരാധനാലയങ്ങളിലെ സ്വത്തിന്റെ മേൽ കൂടുതൽ ഉത്തരവാദിത്വം ലഭിക്കുവാൻ ഇത് ഉപകരിക്കുകയും ചെയ്യും.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ മേൽനോട്ടത്തിന് ഗുരുവായൂർ ദേവസ്വം മാതൃകയിലുള്ള ഒരു ഏജൻസി രൂപീകരിക്കണമെന്ന സി.പി.ഐ (എം) നിലപാടിൽ യാതൊരു അപാകതയും ഇല്ല. കാരണം ഇത് സി.പി.ഐ (എം) ആദ്യമായി കണ്ടു പിടിച്ച ഒരു മാതൃകയല്ല. നിലവിൽ അത്തരം മാതൃകകൾ ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും നിലവിലിരിക്കുന്നുണ്ട്. എന്നിട്ടും പാർട്ടി പറയുന്നത് ഈ കാര്യത്തിൽ തീരുമാനമെടുക്കുന്നത് കോടതി വിധികൾ മാനിച്ചും, വിശദമായ ചർച്ചകൾ നടത്തി തികച്ചും ജനാധിപത്യപരമായ രീതിയിൽ ആയിരിക്കണമെന്നും ആണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ നിധി ശേഖരം സംബന്ധിച്ച് സി.പി.ഐ (എം) എടുത്ത നിലപാട് സംബന്ധിച്ച വിവാദങ്ങൾ കേട്ടാൽ തോന്നും ആ നിധിശേഖരം എല്ലാം കൂടി എടുത്ത് എ.കെ.ജി സെന്ററിൽ കൊണ്ടുവയ്ക്കാൻ പറഞ്ഞെന്ന്. സർവ്വമതവിശ്വാസികളെയും , അവരുടെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഒക്കെ ബഹുമാനിക്കാനുള്ള വിശാലമനസ്കതയൊക്കെ സി.പി.ഐ(എം) -നുണ്ട്. വിശ്വാസികളെയും അവിശ്വാസികളെയും എല്ലാം മനുഷ്യരായിത്തന്നെ കാണുന്നു എന്നത് ഒരു പോരായ്മയായും തോന്നുന്നില്ല.
1 comment:
വീഎസ് എടുത്ത നിലപാട് അംഗീകരിക്കപ്പെടേണ്ടതല്ലേ സജീമേ
Post a Comment