എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, July 22, 2009

ഉന്മാദ വാര്‍ത്താ സൃഷ്ടികള്‍

ഉന്മാദ വാര്‍ത്താ സൃഷ്ടികള്‍

ഒരു വാര്‍ത്ത നല്‍കുമ്പോള്‍ ആയത് എവിടെ സംഭവിച്ചു, എപ്പോള്‍ സംഭവിച്ചു, എങ്ങനെ സംഭവിച്ചു, ആര്‍ക്ക്-അഥവാ-എന്തിന് അഥവാ ആര്‍ക്കൊക്കെ അഥവാ എന്തിനൊക്കെ സംഭവിച്ചു,സംഭവിച്ചതായിട്ടുള്ളതിന് പരിണിത ഫലം എന്തെങ്കിലുമുണ്ടെങ്കില്‍ അതെന്താണ് അഥവാ എന്തൊക്കെയാണ്, ആര്‍ക്കാണ്,അഥവാ ആര്‍ക്കൊക്കെയാണ് തുടങ്ങി ആ വാര്‍ത്തയുടെ ഉപഭോക്താവിന്റെ അതായത്‌, വായനക്കാരന്റെ മനസ്സില്‍ ഉണ്ടാകാവുന്ന ഏതു ചോദ്യത്തിനും ഉള്ള ഉത്തരം ഉള്‍ക്കൊള്ളുന്നതായിരിയ്ക്കണം ഒരു വാര്‍ത്ത.ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ ഇങ്ങനെയാണു പഠിപ്പിയ്ക്കാറുള്ളതെന്നത്രേ കേട്ടു കേള്‍വി!

അതുകൊണ്ടാണ് ഒരു ചരമക്കോളം വാര്‍ത്തയില്‍ പോലും മരണപ്പെട്ട ആളിന്റെ പേര്,ആ ആളിന്റെ അച്ഛന്റെയോ, അമ്മയുടെയോ, ഭര്‍ത്താവിന്റെയോ ബന്ധമുള്ള മറ്റാരുടെയെങ്കിലുമോ പേര്, വീട്ടുപേര്, സ്ഥലം, തീയതി, മരണകാരണം, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ഫോട്ടോ കിട്ടുന്നെങ്കില്‍ അത്‌ ഒക്കെ നല്‍കുന്നത്‌. അതായത് കിട്ടാവുന്ന വിവരങ്ങളുടെ പരമാവധി സംക്ഷിപ്തം വാര്‍ത്തകളുടെ വിശ്വാസ്യതയെ വളര്‍ത്തുന്നു. ഒരു വിവാഹ വാര്‍ത്തനല്‍കുമ്പോഴും അപകടങ്ങളോ, മറ്റെന്തെങ്കിലും പ്രോഗ്രാമുകളുടെ വിവരമോ വാര്‍ത്തകളായി നല്‍കുമ്പോഴും ഒക്കെ ഇങ്ങനെ മതിയായ വിവരങ്ങള്‍ നല്‍കാറുണ്ട്‌.

അല്ലാതെ മതിയായ തെളിവുകളും വിശദീകരണങ്ങളും ഇല്ലാതെ നല്‍കുന്ന വാര്‍ത്തകള്‍ അത്‌ എഴുതുന്നവന്റെ അഥവാ എഴുതുന്നവരുടെ മനോവ്യാപാരങ്ങളുടെ കേവലം ബഹിര്‍സ്ഫുണങ്ങള്‍ മാത്രമായിരിയ്ക്കും അത്‌.അത് ഭക്ഷിയ്ക്കുന്നവനില്‍ അതായതു വായിക്കുന്നവനില്‍ പലതരത്തുലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കും. ചിലര്‍ അതിനെ തള്ളിക്കളയും. ചിലരില്‍ കാലക്രമേണ അത് ഒരു ലഹരിയായും പിന്നീട്‌ ഉന്മാദമായും പടര്‍ന്നു കയറും. പിന്നീട് തങ്കളെ ഉന്മത്തമാക്കുന്ന ഈ ‘വാര്‍ത്താമയക്കി’ ഇല്ലാതെ ഒരു ദിവസം പോലും അവനു ജീവിയ്ക്കുവാനാകില്ല.മലയാളികളായ വാര്‍ത്താന്വേഷികള്‍ക്ക് (വാര്‍ത്തകള്‍ ഉണ്ടാക്കുന്നവരല്ല, വായനക്കാരാണ് വാര്‍ത്താന്വേഷികള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിയ്ക്കുന്നത്‌)സമീപകാലത്ത് സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത് ആവര്‍ത്തിച്ച് ചാലിച്ചു കിട്ടുന്ന ഈ ഉന്മാദമാണ്.

എന്തുകൊണ്ടെന്നാല്‍ അടുത്ത കാലത്തായി മാധ്യമങ്ങളിലൂടെ വാര്‍ത്തകളുടെ ലേബലൊട്ടിച്ച് പടച്ചുകൊണ്ടിരിയ്ക്കുന്നതില്‍ ഭൂരിഭാഗവും, നോക്കൂ;

....... എന്നാണ് അറിയാന്‍ കഴിയുന്നത്,

........അങ്ങനെ സംഭവിയ്ക്കാനാണു സാധ്യത,

........ഇങ്ങനെ സംഭവിയ്കാനാണു സാധ്യത ( ഇതു കണ്ടു വായനക്കാരന്‍ ജിജ്ഞാസുവാകുന്നു. പിന്നെ അതിന്റെ ഉന്മാദത്തിലാകുന്നു),

........അങ്ങനെയാണു പറഞ്ഞുകേള്‍ക്കുന്നത്,

.........എന്നാണ് അറിയാന്‍ കഴിയുന്നത്,
.........എന്നാണു നിഗമനം,

......അങ്ങനെ സംഭവിച്ചാല്‍ അദ്ഭുതമില്ല, (അങ്ങനെ സംഭവിച്ചില്ലെങ്കിലും അദ്ഭുതമില്ലെന്ന് ജനം മനസ്സിലാക്കാന്‍ സമയത്ത് മറ്റൊരു നുണ വന്നിരിയ്ക്കും),

.......വൃത്തങ്ങള്‍ നല്‍കുന്ന സൂചന,

.......ധാരണയായിട്ടുള്ളതായി മനസ്സിലാക്കുന്നു

..... ......അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതാരമായിരിയ്ക്കും(പിന്നീട് ഒന്നും സംഭവിച്ചില്ലെങ്കിലും ഒന്നും വരാനില്ല)


ഈ തരത്തിലാണ് അടുത്തകാലത്തായി വാര്‍ത്തകളുടെ സ്വഭാവം. അതായത് വീട്ടിലിരുന്നു കൊണ്ടുതന്നെ ആര്‍ക്കും വാര്‍ത്താലേഖകനാകാം. അല്പം ഭാവന വേണം എന്നുമാത്രം.

ചുരുക്കത്തില്‍ വാര്‍ത്തകള്‍ മനുഷ്യനെ മയക്കുന്ന കറുപ്പുകളാണെന്നതത്രേ സമകാലിക അനുഭവ സാക്ഷ്യം!

No comments: