എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Monday, January 11, 2010

കെ.എസ്.മനോജ് വിഷയത്തിലെ പോസ്റ്റിലെ കമന്റുകളോടുള്ള പ്രതികരണം.

ആ പോസ്റ്റിനോട് വിയോജിച്ച കാളിദാസനു നൽകിയ മറുപടിയാണ് ഇതിൽ പ്രധാനമായും ഉള്ളത്.

ബന്ധപ്പെട്ട പോസ്റ്റും കമന്റുകളും ഇവിടെ ചെന്നു വായിക്കാം

കാളിദാസൻ: " മനോജ് എം പി യാകുന്നതിനു മുമ്പ് തീവ്ര മത വിശ്വാസിയും ഒരു കത്തോലിക്കാ സംഘടനയുടെ ഭാരവാഹിയുമായിരുന്നു. സി പി എം നേതാക്കള്‍ അദ്ദേഹത്തെ തേടി ചെന്നതാണ്. നിര്‍ബന്ധിച്ചു സ്ഥാനാര്‍ത്ഥിയാക്കി. സി പി എം വിശ്വാസം പോലെ മറ്റൊരു വിശ്വാസത്തില്‍ നിന്നാണദ്ദേഹം മാറിയത്. അതില്‍ തെറ്റു കാണാത്തവര്‍ സി പി എം വിശ്വാസത്തില്‍ നിന്നും മാറിയപ്പോഴും തെറ്റ് കാണരുത്."

അപ്പോൾ കാളിദാസൻ,

ഒരു കാര്യം അങ്ങു സമ്മതിയ്ക്കുന്നല്ലോ. ഒരു എം.പി സ്ഥാനം വച്ചു നീട്ടിയപ്പോൾ മനോജ് ദൈവത്തെയും മതത്തെയും മറന്നു. നിരീശ്വരതയുടെയും നിരമ്മതത്വത്തിന്റെയും അല്പം ചില അംശങ്ങൾ കമ്മ്യൂണിസത്തിൽ ഉണ്ടെന്ന് അറിയാതെയല്ലല്ലോ മനോജ് സി.പി.എമ്മിൽ ചേർന്നത്. പണത്തിനും സ്ഥാനമാനങ്ങൾക്കും മുന്നിൽ മനോജ് ദൈവവിശ്വാസം പോലും അടിയറവച്ചു എന്നു ലളിതമായി പറയാൻ എന്തിനാണ് വളച്ചുകെട്ടുകൾ.

എന്തു
വന്നാലും സി.പി.എമ്മിനെതിരായി മത്രമേ സംസാരിയ്ക്കൂ എന്ന് നിർബന്ധമുള്ള ചിലരുണ്ട്. അക്കൂട്ടത്തിലാണോ കാളിദാസനെന്ന് എനിയ്ക്കറിയില്ല. മറ്റുള്ളവർ എന്തു ചെയ്താലും അതിനെ ന്യായീകരിയ്ക്കുകയും സി.പി.എം ഇനിയെന്തു നല്ലതുചെയ്താലും അതിനെ ദോഷൈക ദൃഷ്ടിയോടെമാത്രം നോക്കി അഭിപ്രായം പറയുകയും ചെയ്യുന്നവരെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം നൽകി ആദരിയ്ക്കാം എന്നേയുള്ളൂ.

കാളിദാസൻ: “നമ്മള്‍ എത്രയൊക്കെ മറയ്ക്കാന്‍ ശ്രമിച്ചാലും സാമുദായിക പരിഗണന ഒരു പരിധി വരെ ഇലക്ഷനില്‍ സ്വാധീനം ചെലുത്തും. അതിനെ സി പി എം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വളരെ സമര്‍ദ്ധമായി ഉപയോഗിക്കുന്നും ഉണ്ട്. 30% വോട്ടു കൊണ്ടു മാത്രം പാര്‍ട്ടിക്ക് ഭരിക്കാനാകില്ല.“

അതുതന്നെയാണ്
കാളദാസൻ, പാർട്ടി നേരിടുന്ന പ്രധാന പ്രശ്നം. പാർളമെന്ററി ജനാധിപത്യം ഉപയോഗപ്പെടുത്തുന്നുവെന്നതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതും ഒരാവശ്യമായി തീരുന്നു. അതിനു പലപ്പോഴും പല അടവുകളും സ്വീകരിക്കാറുമുണ്ട്. അതെല്ലാം എല്ലായ്പോഴും ശരിയാണെന്ന് ഒരു പാർട്ടിക്കാരനും വിശ്വസിക്കുന്നില്ല. പക്ഷെ നിവൃത്തികേടു കൊണ്ട് പലപ്പോഴും പിന്നീട് തെറ്റെന്നു തന്നെ സമ്മതിയ്ക്കേണ്ട നിലപാടുകളിൽ ചെന്നുപെടുന്നുണ്ട്. സങ്കീർണ്ണവും ബഹുമത-ജാതി സങ്കലനവുമായ ഒരു സമൂഹത്തിൽ കമ്മ്യൂണിസം വളർത്തുക എന്നതിന്റെ പ്രശ്നങ്ങൾ ചില്ലറയല്ലെന്നും നാം അറിയണം. ഇന്ത്യയിൽ മറ്റൊരിടത്തും ഇതിനു അടിത്തറയുണ്ടാക്കാൻ കഴിയാത്തത് പോളിറ്റ് ബ്യൂറോയ്ക്ക് കഴിവില്ലാത്തതുകൊണ്ടാണെന്നു പറയാൻ കഴിയുമോ? അതൊക്കെ പോട്ടെ.

പാർട്ടി മനോജിനെ ഉപയോഗിച്ചതുതന്നെ എന്നത് സമ്മതിക്കാം. തെരഞ്ഞെടുപ്പ് ജയം തന്നെ ആയിരുന്നു മനോജിനെ നിറുത്തിയതിന്റെ ലക്ഷ്യം. പക്ഷെ മനോജ് അതിനു നിന്നു കൊടുത്തല്ലോ. എം.പി.യുമായി. എന്നുവച്ച് അയാൾക്ക് പാർട്ടിയൊക്കെ വിടാം. അതുപക്ഷെ തനിക്കും ചില അവസരങ്ങളും അംഗീകാരവും നൽകിയ പാർട്ടിയെ ബുദ്ധിമുട്ടിയ്ക്കുന്ന തരത്തിലുള്ള കൊട്ടിക്കലാശത്തോടെ വേണ്ടിയിരുന്നോ? പിന്നെ ഒന്നുണ്ട്. പാർട്ടി ജനധിപത്യം ഉൾക്കൊളുന്നു എന്നതുകൊണ്ട് ഇവരൊക്കെ ഇറങ്ങി നടക്കുന്നു.
ജനാധിപത്യബോധമില്ലാത്തവരുടെ കൂട്ടത്തിൽ നിന്നാണെങ്കിൽ ഇങ്ങനെ ആരും കൂട്ടം തെറ്റി മേയാൻ പോകില്ല. പോയാൽ വിവരമറിയും.

കുറ്റങ്ങളും കുറവുകളും ഇല്ലാത്ത പാർട്ടിയാണ് സി.പി.എം എന്ന് അതിന്റെ നേതാക്കളോ അണികളോ പറയുന്നില്ല. പക്ഷെ സി.പി.എം എന്തു ചെയ്താലും അതൊക്കെ കുഴപ്പമാണെന്നു വരുത്തിത്തീർക്കുന്ന സമീപനം ശരിയല്ല. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ വിലയറിയില്ല. വിമർശനം ക്രിയാത്മകം ആയിരിക്കണം. മതപരമായ കാര്യങ്ങളിൽ പാർട്ടിക്കാർ ഇടപെടണമെന്നുപറഞ്ഞാൽ അത് കുറ്റം. ഒഴിഞ്ഞുനിൽക്കണമെന്നു പറഞ്ഞാൽ അതുംകുറ്റം. മദനിയുടെ പിന്തുണ തേടിയാൽ അതുകുറ്റം. മദനിയെ തള്ളിപ്പറഞ്ഞാൽ മുസ്ലീം സമുദായത്തെ വെറുപ്പിച്ചുവെന്നായിരിക്കും ആരോപണം. ന്യൂനപഷത്തിനു വേണ്ടി സംസാരിച്ചാൽ അതു പ്രീണനം. അങ്ങനെ എന്തെല്ലാം. ഒന്നും ചെയ്യാൻ പറ്റില്ല, സി.പി.എമ്മിന്. “മുസ്ലിംലീഗാണത്രേ ഏറ്റവും വലിയ മതേതര കക്ഷി. തീവ്രവാദം ഉപ്പേക്ഷിച്ചുവെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ച് പ്രായശ്ചിത്തം ചെയ്യുന്ന മദനി അങ്ങനെ മാറാൻ പാടില്ലത്രേ! മദനി എന്നും തീവ്രവാദി തന്നെ ആയി ജീവിച്ചു കൊള്ളണം. മദനി എന്നും ഭീകര പ്രവർത്തനങ്ങളും നടത്തി ജനങ്ങളാൽ വെറുക്കപ്പെട്ടും അതുവഴി ഒരു സമുദായം തന്നെ വെറുക്കപ്പെട്ടും ഇരിക്കണം. ഇതാണ് ചിലരുടെ മനസ്സിലിരിപ്പ്. ബി.ജെ.പിയിൽ നിന്നും വന്ന് മതേതരത്വം പ്രസംഗിച്ചു തുടങ്ങിയ രാമൻപിള്ളയുടെ ജനപക്ഷം ഇടതിനെ പിന്തുണച്ചു. അതിൽ വലിയ പ്രശ്നം കണ്ടില്ല. ഒരു ആർ.എസ്.എസ് കാരൻ അതുപേക്ഷിച്ച് മതേതരവാദിയായാൽ അതിലും സന്തോഷിക്കുകയാണു വേണ്ടത്. എന്തിന്, ഒരു ആർ.എസ്.എസ് കാരനോ, ഒരു എൻ.ഡി.എഫ് കാരനോ, മദനിമാരോ വർഗീയതീവ്രവാദം ഉപേക്ഷിച്ചു വന്നാൽ, അവർ കോൺഗ്രസ്സിലാണു ചേരുന്നതെങ്കിൽ പോലും ആശ്വസിക്കേണ്ടതും പ്രോത്സഹിപ്പിയ്ക്കേണ്ടതുമാണ്. സി.പി.എം.തന്നെ ആകണമെന്നില്ല. ഇവിടെ പക്ഷെ അങ്ങനെ വരുന്നവർ സി.പി.എം ആയിക്കൂടെന്ന് ഇടതുപക്ഷത്തെ പിന്തുണച്ചുകൂടെന്നാണ് ചിലരുടെ പക്ഷം. അതായത് വർഗീയ വാദികളൂം, അത് ഉപേക്ഷിച്ചു വരുന്നവരുമൊക്കെ കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും അവകാശമാണ്. അവരെ പിന്തുണച്ച് കഴിഞ്ഞുകൊള്ളണമത്രേ! മദനി കഴിഞ്ഞ തെരഞ്ഞടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ചിരുന്നെങ്കിൽ ശേഷിക്കുന്ന കാലം മതേതരവാദിയായി കഴിച്ചു കൂട്ടാമായിരുന്നു. ഇനി മദനി കോൺഗ്രസ്സുകാരനായാലും വേണ്ടില്ല ഒരു മതേതരവാദിയും സമാധാനപ്രിയനും ആയിരുന്നാൽ മതിയെന്നാണ് സി.പി.എമ്മുകാർ കരുതുന്നത്.പക്ഷെ മദനി ഇടതുപക്ഷത്തെയേ ഇനിയുള്ള കാലം പിന്തുണയ്ക്കൂ എന്നു പറഞ്ഞാൽ പാർറ്റി എന്തുചെയ്യും? അഥവാ മാനസാന്തരം വന്നയാളെ എന്തിൻ അനഭിമതനാക്കണം? തുടർന്ന് എങ്ങനെ പോകുന്നു എന്നു നോക്കിയാൽ പോരെ?

ഇവിടെ തെറ്റു തിരുത്തൽ രേഖയിൽ പറയുന്ന കാര്യങ്ങൾ അത്രയ്ക്ക് വിവാദമാക്കാൻ വേണ്ടിയൊന്നുമില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളെപറ്റി ജനങ്ങൾക്ക് അവമതിപ്പും തെറ്റിദ്ധാരണകളും ഉണ്ടാകാത്ത നിലയിൽ മതകാര്യങ്ങളിൽ സൂക്ഷ്മത പുലർത്തേണ്ടതിനെ കുറിച്ചാണ് അത് സൂചിപ്പിക്കുന്നത്. വിവാഹം ഉൾപ്പെടെ പല ആർഭാടങ്ങളും മതാചാരങ്ങളുമായി ബന്ധമുള്ളതാണ്. അതൊക്കെ നേതാക്കൾ അടക്കം ഒന്ന് നിയന്ത്രിക്കണമെന്നൊക്കെ തന്നെ പാർട്ടി പറയുന്നത്.പക്ഷെ ഇന്ന് അണികളും നേതാക്കളും ഒക്കെ കാലത്തിന്റെ സ്വാധീനത്തില്പെട്ട് പല ആഡമ്പരങ്ങളും കാണിയ്ക്കുന്നുണ്ട്. അതിനു നേതാക്കളെ കുറ്റം പറയുമ്പോൾ അണികളും മാതൃക കാണിക്കണം. വിമർശിച്ചാൽ മാത്രം പോര.

പിന്നെ മുസ്ലീങ്ങൾക്ക് പള്ളിയിൽ പോകാം. ഉമ്മറയ്ക്കു പോകാം. മറ്റു മതക്കാരായ പാർട്ടിക്കാർക്കു മാത്രം വിലക്ക് എർപ്പെടുത്തുന്നു എന്നു പറയുന്നത് ശരിയല്ല. അങ്ങനെ ഒരു പ്രശ്നം എവിടെയുമില്ല. പാർട്ടിയുടെ പ്രാദേസിക നേതാക്കൾ ഉൾപ്പെടെ പലരും അമ്പലങ്ങളിൽ പോവുകയും തൊഴുകയും കണിയ്ക്ക നൽകുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിന്റെ പേരിൽ ആർക്കു മേലും നടപടിയെടുക്കുന്നില്ല. പള്ളിയിൽ പോകാം. പക്ഷെ എൻ.ഡി.എഫ് - മറ്റ് തീവ്രവാദികളോ ആകരുത്. അമ്പലത്തിൽ പോകാം. പക്ഷെ ആർ.എസ്.എസ് ആകരുത് എന്നേയുള്ളു. ഞാൻ പറഞ്ഞതിന്റെ ധ്വനി മനസിലായി കാണുമെന്നു കരുതുന്നു.

പ്രശ്നം അവിടെയല്ല. പാർട്ടിയിൽ മത-ദൈവ വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഇല്ലെന്നു പറഞ്ഞു പ്രഖ്യാപിച്ചു നടക്കുന്ന നേതാക്കളോ പ്രവർത്തകരോ പിന്നീട് മത്വിശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് ആക്ഷേപം ഉയരുന്നത്. ആദ്യമേ തന്നെ ഞാൻ ഈശ്വരവിശ്വാസിയുമാണ് പാർട്ടിയുമാണ് എന്നു പറാഞ്ഞ് പ്രവർത്തിക്കുന്നവർക്ക് പാർട്ടിയിൽ ഒരു വിലക്കുകളും ഇല്ല. പിന്നെ ഏതെങ്കിലും മത വിശ്വാസി പാർട്ടിയുടെ ഭാഗമായി വന്ന് നിർമ്മതനോ നിരീശ്വര വാദിയോ ആകുന്നുവെകിൽ അതിലും പാർട്ടി ഇടാപെടേണ്ടതില്ല.നിർമതത്വവും നിരീശ്വരവാദവും നിരുത്സഹപ്പെടുത്തേണ്ട പാർട്ടിയുമല്ലസി.പി.എം . മതത്തിന്റെ പേരിലയാലും മറ്റെന്തിന്റെ പേരിലായാലും ചൂഷണവും അനാചാരങ്ങളും അനീതിയും അക്രമവും അസമത്വവും മറ്റും നിലനിന്നാൽ അതിനെ എതിർക്കേണ്ടത് പാർട്ടിയുടെ ധർമ്മമാണ്. മതബന്ധമുള്ള കാര്യങ്ങളിൽ മിണ്ടാതിരുന്നു കൊള്ളണം എന്നു പറഞ്ഞാൽ പാർട്ടിക്കത് സ്വീകാര്യമല്ല.

എന്തിനു
നീട്ടുന്നു. പണ്ടേ പറയുന്നതല്ലേ? ഏതെങ്കിലും മതത്തിലോ ദൈവത്തിലോ നിർദ്ദോഷമായി വിശ്വസിക്കുന്നവർ വിശ്വസിച്ചു കൊള്ളട്ടെ. വിശ്വസിക്കാത്തവരെ അവരുടെ വഴിക്കും വിടുക.അതു തന്നെ ഇപ്പോഴും പാർട്ടി നയം. അല്ലാതെ യുക്തിവാദി സംഘമല്ല സി.പി.എം. അത് എല്ലാവിഭാഗം മനുഷ്യരുടെയും പ്രസ്ഥാനമാണ്. മാനവികതയിലാണ് അത് ഊന്നുന്നത്. മാർഗ്ഗമദ്ധ്യേ തെറ്റുകളും കുറ്റങ്ങളും സംഭവിക്കാം. അത് ബോധ്യപ്പെട്ടാൽ തിരുത്തുകയും ചെയ്യും. അല്ലാതെ തെറ്റുകളും കുറ്റങ്ങളും സംഭവിക്കുന്നു, അല്ലെങ്കിൽ എനിക്കിഷ്ടപ്പെടാത്തത് ചെയ്യുന്നു എന്നു പറഞ്ഞ് പാർട്ടി പിരിച്ചുവിടണമെന്ന മട്ടിൽ സംസാരിക്കരുത്.പാർട്ടിയെ സ്നേഹിക്കുന്ന ആരും. പാർട്ടിയിലെ ഏതെങ്കിലും നേതാക്കളോട് അവരവർക്ക് തോന്നുന്ന അസഹിഷ്ണുതയും അസൂയകളും മറ്റും വച്ചിട്ട് പാർട്ടിയെ തന്നെ പ്രതിക്കൂട്ടിൽ നിർത്തി സദാ ശത്രുവിന് പാർട്ടിയെ ക്ഷീണിപ്പിയ്ക്കാൻ അവസരമുണ്ടാക്കി കൊടുക്കരുത്.

കാളിദാസൻ,

കാളിദാസൻ: "പണ്ടും പാര്‍ട്ടി അടവു നയം സ്വീകരിച്ചിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി, ആര്‍ മെനോന്‍, വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മാത്രമല്ല കൂടെ കൂട്ടിയത്. അവരുടെ കഴിവ് ഉപയോഗപ്പെടുത്താനുമായിട്ടാണ്. അതൊക്കെ കൊണ്ട് പാര്‍ട്ടി വളര്‍ന്നിട്ടുണ്ട്. മനോജിനെ പാര്‍ട്ടിയിലേക്ക് വരുത്തിയതു കൊണ്ട് പാര്‍ട്ടി വളര്‍ന്നിട്ടൊന്നുമില്ല. രണ്ടത്താണിയെ സഹയാത്രികനാക്കിയപ്പോള്‍ പാര്‍ട്ടിക്ക് ദോഷമല്ലേ ഉണ്ടായുള്ളു."

താങ്കൾ ഇപ്പറഞ്ഞതിൽ അല്പം കാര്യമുണ്ടെന്ന് ഈയുള്ളവനും അഭിപ്രായമുണ്ട്. മനോജിനെയും രണ്ടത്താണിയെയും കൂട്ട് പിടിച്ചതിന്റെ ഫലം പിന്നീട് അവർ കാണിച്ചല്ലോ. മനോജ് ഇപ്പോൾ നന്നായി കാണിച്ചു.

ജോസഫ് മുണ്ടശ്ശേരി, ആര്‍ മെനോന്‍, വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവർ നെറികേട് കാണിയ്ക്കാഞ്ഞത് അവരുടെ മഹത്വം. അനുഭവം വച്ചിട്ടാണ് പിന്നീടും അത്തരം ആളുകളെ കൂടെ കൂട്ടാൻ പാർട്ടി ശ്രമിച്ചിട്ടുള്ളത്. അതിൽ ചിലതൊക്കെ പാളിപോയിട്ടുമുണ്ട്. പണ്ട് എം.കെ. സാനുവുവിനെ നിയമസഭയിൽ നിർത്തി മത്സരിപ്പിച്ചു.സാംസ്കാരിക കേരളം അതിനെ സ്വാഗതം ചെയ്തു. പിന്നീടൊരിയ്ക്കൽ ശിവഗിരി പ്രശ്നത്തിലോ മറ്റോ ബി.ജെ.പി ക്കാർക്കൊപ്പം സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണയിൽ പങ്കെടുത്ത് സി.പി.എമ്മിനിട്ടു താങ്ങിയത് സന്ദർഭത്തിൽ ഓർക്കുന്നു.

മനോജിനെയും രണ്ടത്താണിയെയും കെ.ടി.ജലീലിനെയും ഒക്കെ പാർട്ടിക്കൊപ്പം നിർത്തുമ്പോൾ തീർച്ചയായും അവർ പ്രതിനിധാനം ചെയ്യുന്ന അഥവാ വിശ്വസിക്കുന്ന മതവിഭാഗങ്ങളോടോ അവരുടെ വിശ്വാസങ്ങളോടൊ പാർട്ടിക്ക് അസഹിഷ്ണുതയൊന്നും ഇല്ലെന്ന് വെളിപ്പെടുത്താൻ കൂടി തന്നെയാണ്.

എന്തുതന്നെ പറഞ്ഞാലും യുക്തിവാദി സംഘത്തിൽ ചേർന്നാൽ എം.പി ആകാൻ പറ്റുമെന്നു വന്നാൽ മനോജ് അതിനും തയ്യാറാകും.നിരീശ്വരവാദികൾ എന്ന് പരക്കെ ആക്ഷേപിയ്ക്കപ്പെടുന്ന സി.പി.എം എം.പി സ്ഥാനം വച്ചു നീട്ടിയപ്പോൾ കർത്താവിനെ മറന്ന മനോജിന് ഏതായാലും സ്വർഗ്ഗരാജ്യം കിട്ടില്ല. ഇപ്പൊൾ പ്രായശ്ചിത്തമായി എന്നും കരുതണ്ട. കാരണം മനോജ് ഒരു സാധാരണ വിശ്വാസിയല്ല. പഠിപ്പും ചിന്താശേഷിയും ഉള്ള ഒരു പുരോഹിത തുല്യനാണ്. അതുകൊണ്ട് മനോജിനെ ന്യായീകരിക്കാൻ വേണ്ടി സി.പി.എമ്മിനിട്ട് താങ്ങുന്നത് നന്നാകുന്നില്ല.പാർട്ടിക്ക് മനോജിന്റെ കാര്യത്തിൽ കയ്യബദ്ധം പറ്റി എന്ന് ഇപ്പോൾ മനോജ് തന്നെ തെളിയിച്ചല്ലോ!

കാളിദ്ദാസൻ:“മദനി തീവ്രവാദം ഉപേക്ഷിച്ചില്ലെങ്കില്‍ കേരളീയ സമൂഹത്തില്‍ ജീവിക്കാനാകില്ല. അതു കൊണ്ട് അതദ്ദേഹം ഉപേക്ഷിച്ചു. സി പി എമ്മോ കോണ്‍ഗ്രസോ കൂടെ കൂട്ടിയിലെങ്കിലും മദനി തീവ്രവദം ഉപേക്ഷിക്കും. അതല്ലേ സത്യം?“

കാളിദാസൻ,

വർഗീയവാദികളും തീവ്രവാദികളും ഒക്കെ ആയിട്ടുള്ള എൻ.ഡി.എഫും, ആർ.എസ്.എസും ഒക്കെ ഇപ്പോഴും കേരളത്തി ജീവിക്കുന്നുണ്ട്.അവർക്കൊക്കെ മത-വർഗീയവാദികളായി കേരളത്തിൽജീവിക്കാമെങ്കിൽ മദനിക്കും അതു കഴിയും. ഇപ്പോൾ അദ്ദേഹം തീവ്രവാദത്തെ തള്ളിപ്പറഞ്ഞതായിരിക്കുന്നു കുറ്റം!നിങ്ങൾ എന്നെ വീണ്ടും തീവ്രവാദിയാക്കി എന്ന് നാളെ ഒരു മദനിയെങ്കിലും പറയാതിരുന്നാൽ മതിയായിരുന്നു.

പ്രിയ അനോണീ,

അനേകം കാളിദാസന്മാരിൽ ഒരാളാണ് താങ്കൾ പറയുന്ന കാളിദാസനും. സമയം കിട്ടിയാൽ ഒരു കാളിദാസനെങ്കിലും മറുപടി പറയാൻ കഴിയുന്നതിൽ സംതൃപ്തിയുണ്ട്. അത് ജനാധിപത്യ മര്യാദകൊണ്ടു മാത്രമല്ല, കാളിദാസൻ നമ്മുടെ കമന്റുവായിച്ച് മനസുമാറും എന്നു വച്ചുമല്ല. ഒന്ന് ആരെയും അവഗണിഉയ്ക്കണ്ട. രണ്ട് സംവാദം കാളിദാസനോടാണെങ്കിലും വായിക്കുന്നത് കാളിദാസൻ മാത്രമല്ലല്ലോ. കാളിദാസനെ പോലുള്ളവർ ഇങ്ങനെ വന്നു വല്ലതും പറഞ്ഞാലല്ലേ നമ്മൾ പ്രകോപിതരായി ഇങ്ങനെ നീട്ടിപ്പരത്തൂ.

അതുകൊണ്ട് കാളിദാസാ ഇനിയും വരിക! നമുക്ക് കലപില കൂടാം! അതിൽനിന്ന് എന്തെങ്കിലും ഗുണം ഉണ്ടായിക്കൂടെന്നില്ലല്ലോ!അനോണിയുടെ വികാരവും മനസിലാക്കാതെയല്ല!

No comments:

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...