എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Friday, September 30, 2011

ജിത്തുവിനൊരു കൈത്താങ്ങ്!

ജിത്തുവിനൊരു കൈത്താങ്ങ്!

ബൂലോകത്ത് ചില ജീവകാരുണ്യപ്രവർത്തനങ്ങളും നടക്കുന്നുണ്ട് എന്ന് നമുക്കെല്ലാം അറിവുള്ളതാണല്ലോ. അത്തരത്തിൽ ഇപ്പോൾ നടക്കുന്ന ഒരു ജീവകാരുണ്യപ്രവർത്തനത്തെക്കുറിച്ച് ഒരു ലിങ്ക് മെയിലിൽ കിട്ടി. അത് ഇവിടെ ഞാനും കൂടി ഷെയർ ചെയ്യുന്നു. ലിങ്കിൽ പോയി അതുംകൂടി ഒന്നു നോക്കുക! ജിത്തുവിനൊരു കൈത്താങ്ങ്!

Tuesday, September 27, 2011

നിധിശേഖരവും സി.പി.എം നിലപാടും


നിധിശേഖരവും സി.പി.ഐ (എം) നിലപാടും


ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം എന്തു ചെയ്യണം എന്ന ചർച്ച വിഷയം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴും തുടരുകയാണല്ലോ. പ്രത്യേകിച്ചും സി.പി. (എം) ഇതു സംബന്ധിച്ച ഒദ്യോഗിക നിലപാ‍ട് പ്രഖ്യാപിച്ചതോടെ അത് വീണ്ടും വിവാദമായിരിക്കുന്നു. സി.പി. (എം) ഏതെങ്കിലും ഒരു വിഷയത്തിൽ എന്തു നിലപാടെടുത്താലും ഒരു വിഭാഗം അതിനെ ദോഷൈക ദൃഷ്ടിയോടെ മാത്രം നോക്കിക്കണ്ട് നിലപാടെടുക്കുന്നതിൽ പുതുമയില്ല. അത് ഇക്കാര്യത്തിലും ഉണ്ടായി. ആദ്യം . പിണറായി വിജയൻ ഹൈന്ദവ വർഗീയ വാദികൾക്കു സമാനമായ നിലപാടെടുക്കുന്നുവെന്ന നിലയിലായിരുന്നു പ്രചരണം. ഇപ്പോൾ അതേ ആളുകൾ തന്നെ തിരിച്ചു പറയുന്നു. അപ്പോൾ എന്തു പറയുന്നു, എന്ത് ചെയ്യുന്നു എന്നതല്ല, ആര് പറയുന്നു ആര് ചെയ്യുന്നു എന്നു നോക്കിയണ് ശരിയും തെറ്റും ചിലർ നിശ്ചയിക്കുന്നത്.

നാട്ടിൽ എന്തു വിഷയം നടന്നാലും അത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് ഒരു നിലപട് ഉണ്ടാകേണ്ടതാണ്. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകാർ ലോകത്തെവിടെയുമുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് നിലപാട് പറയുന്നവരാണ്. സി.പി. .(എം) നിലപാട് എല്ലാ ലോക വിഷയങ്ങളിലും പ്രസക്തമാണോ എന്നത് പ്രശ്നമല്ല. നിലപാടുണ്ടാകും. അഥവാ ഉണ്ടാകണം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അങ്ങനെയാണ്. അതുകൊണ്ട് ഗൌരവമേറിയ അഭിപ്രായ ശേഖരണങ്ങൾക്കും ചർച്ചകൾക്കും ശേഷം അമൂല്യ നിധി ശേഖരത്തെപ്പറ്റിയും പാർട്ടിയ്ക്ക് ഒരു നിലപാടുണ്ടായി. നിലപാട് ശരിയോ തെറ്റോ എന്ന് ചർച്ച ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ സി.പി. (എം) ഒരു നിലപാട് എടുത്തോ? എങ്കിൽ അത് എന്തായാലും തെറ്റു തന്നെ എന്നതാണ് പാർട്ടിയെ അന്ധമായി എതിർക്കുന്നവരുടെ പക്ഷം. ഇനി സി.പി. (എം) ഒന്നും മിണ്ടാതിരുന്നാലോ അതിനു വ്യാഖ്യാനം വേറെയാകും.

നിധി ശെഖരവും അതിന്റെ സൂക്ഷിപ്പും ഉപയോഗിക്കലും മറ്റും സംബന്ധിച്ച് ഒരു മതേതര പ്രസ്ഥാനത്തിന് സ്വീകരിക്കാവുന്നതിൽ ഏറ്റവും നല്ല ഒരു നിലപാടാണ് പാർട്ടി എടുത്തിട്ടുള്ളത്. ഇതിനകം ഇതു സംബന്ധിച്ച കേസുകളിൽ സുപ്രീം കോടതി അടക്കം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ കണക്കിലെടുത്തുകൊണ്ടും, വിശ്വാസികളെ കൂടി മുഖവിലയ്ക്കെടുത്തുകൊണ്ടും പാർട്ടി പ്രകടിപ്പിച്ച അഭിപ്രായം സുചിന്തിതമാണ്. ഇത് സംബന്ധിച്ച് സംവാദം ആകാം. മറിച്ച് വിവാദമാക്കാൻ മാത്രം മോശമായ ഒരു നിലപാടല്ല പർട്ടി സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ പരും ഇതു സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ളവയിൽ വച്ച് ഏറ്റവും നല്ല ഒരു നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ഇത് പറയാൻ കാരണം പാർട്ടി വിഷയത്തിൽ അഭിപ്രായം പറഞ്ഞു കഴിഞ്ഞപ്പോൾ അത് ഗുണകരമായ സംവാദങ്ങളിലേയ്ക്കല്ല, വിവാദങ്ങളിലേയ്ക്ക് കൊണ്ടു പോകനാണ് ചില മാധ്യമങ്ങൾ അടക്കം ശ്രമിച്ചത്. പറ്റിൽ പത്ത് ഹിന്ദു വിശ്വാസികളെ പാർട്ടിയിൽ നിന്ന് അകറ്റാനാകുമോ എന്നാണ് വിവാദവ്യവസായികൾനോക്കുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം എന്നത് പുതുമയുള്ളതും വ്യത്യസ്തമായതും ആയ ഒരു വിഷയം ആണ്. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച് ചാടിക്കയറി ഒരു നിലപാട് സ്വീകരിക്കുവാൻ സി.പി. (എം) പോലൊരു പാർട്ടിയ്ക്ക് കഴിയില്ല. വളരെ ആലോചനകൾക്ക് ശേഷമേ ഒരു ഉറച്ച നിലപാടിൽ എത്താൻ കഴിയൂ. അതിനുമുമ്പ് വ്യക്തിപരമായി ഒറ്റയ്ക്കും തെറ്റയ്ക്കും ചില അഭിപ്രായങ്ങൾ പലരും പറഞ്ഞെന്നിരിക്കും. പക്ഷെ ശരിക്കും പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതൃത്വം ഒരു നിലപാട് എടുക്കുമ്പോൾ മാത്രമാണ് അത് പാർട്ടി നിലപാടായി മാറുന്നത്. അങ്ങനെ ഇപ്പോൾ നിധിശേഖരം സംബന്ധിച്ചും പാർട്ടിയ്ക്ക് ഒരു നിലപാടായി.

ക്ഷേത്രത്തിൽ നിധി ശെഖരം ഇരിക്കുന്നു എന്നു പറയുമ്പോൾ അതെന്തു ചെയ്യണം എന്നു ചോദിച്ചാൽ രണ്ടുകൂട്ടർക്ക് വളരെ എളുപ്പത്തിൽ നിലപാടെടുക്കാം. അതിൽ ഒരു കൂട്ടർ ഹിന്ദു വർഗീയ വാദികളും മറ്റൊരു കൂട്ടർ യുക്തിവാദികളും ആണ്. ഇതിൽ ഹിന്ദു വർഗ്ഗീയ വാദികൾ പറയും ഹിന്ദുക്കളുടെ ക്ഷേത്രത്തിൽ കണ്ടെത്തിയ നിധി എന്തു ചെയ്യണമെന്ന് ക്ഷേത്ര കമ്മിറ്റിയും ഹിന്ദു വിശ്വാസികളും മാത്രം തീരുമാനിക്കും എന്ന്. സർക്കരോ കോടതികളോ അതിൽ ഇടപെടേണ്ടെന്ന്. അവർക്ക് അങ്ങനെ ഒരു നിലപാടിലേ എത്താൻ കഴിയുകയുള്ളൂ. അതിനവർക്ക് പറയാൻ പല ന്യായീകരണങ്ങളും ഉണ്ടായിരിക്കും. കാരണം അവർ ഹിന്ദു വിശ്വാസത്തിന്റെ വക്താക്കളാണ്. അവരിൽ നിന്ന് മറ്റ് തരത്തിൽ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.

ഇങ്ങനെ ഒരു നിധി ശേഖരം കണ്ടെന്നറിഞ്ഞാൽ രണ്ടാമതു പറഞ്ഞ യുക്തിവാദികൾ ഉടൻ പറയും അതെല്ലാം സർക്കാർ കണ്ടു കെട്ടി പൊതു നന്മയ്ക്കു ഉപയോഗിക്കണമെന്ന്. നിധിശേഖരം മാത്രമല്ല, സകല ഹിന്ദു മുസ്ലിം ക്രൈസ്തവ ആരാധനാലയങ്ങളിലെയും സ്വത്തെല്ലാം കണ്ടുകെട്ടി സർക്കാർ ഏറ്റെടുത്ത് പൊതു ഖജാനയിൽ മുതൽക്കൂട്ടി പൊതുജന നന്മയ്ക്ക് ഉപയോഗിക്കണമെന്നും അവർ പറയും. എന്ന് മാത്രമല്ല, സകല മത ആരാധനാലയങ്ങളും വല്ല പള്ളിക്കൂടങ്ങളോ അനാഥാലയങ്ങളോ ആക്കണമെന്നും മതങ്ങൾ തന്നെ പിരിച്ചു വിടണമെന്നും സാക്ഷാൽ ദൈവത്തെത്തന്നെ കെട്ടുകെട്ടിയ്ക്കണമെന്നും പറയുന്നവരാണ് യുക്തിവാദികൾ. അതുകൊണ്ടുതന്നെ അവർക്ക് നിധി ശേഖരം പോലെയുള്ള വിഷയങ്ങളിൽ തങ്ങളുടെ നിലപാടു പറയാൻ കൂലം കഷമായ ചർച്ചയുടെയൊന്നും ആവശ്യമില്ല.അവർ ഉടൻ നിലപാട് പറയും. (അതിന് കലാനാഥൻ മാസ്റ്റരുടെ വീടാക്രമിച്ചിട്ട് ഒരു കാര്യവുമില്ല).

എന്നാൽ യുക്തിവാദികളെയോ മതവാദികളെയോ പോലെ ഒരു വിഷയത്തെ സി.പി. (എം) ഉൾപ്പെടെയുള്ള മതേതര പ്രസ്ഥാനങ്ങൾക്ക് നോക്കിക്കാണുവാനാകില്ല. യാതാർത്ഥ്യബോധത്തോടെയും വേണ്ടത്ര സൂക്ഷമതയോടെയും മാത്രമേ അവർക്ക് ഇത്തരം വിഷയങ്ങളെ സമീപിക്കാനാകൂ. വിശ്വാസികളുടെ വികാരങ്ങൾ കണക്കിലെടുക്കണം. ഇതുമായി ബന്ധപ്പെട്ട അന്ധവിശ്വാസപ്രചരണങ്ങളെ എതിർക്കുകയും വേണം. കോടതികളുടെ നിരിക്ഷണങ്ങളും കണക്കിലെടുക്കണം. അമൂല്യ നിധി ശേഖരം അന്യാധീനപ്പെടാൻ പാടുള്ളതല്ല. ദുർവ്യയം ചെയ്യാനും പാടുള്ളതല്ല. ഒന്നും രണ്ടും രൂ‍പയുടെ സ്വത്തല്ല. കോടികൾ വിലമതിപ്പുള്ളവയാണ്. ചരിത്രപ്രാധാന്യം ഉള്ളവയുമാണ്. അതുകൊണ്ടുതന്നെ വളരെ ഉത്തരവാദത്തോടെയാണ് ഇക്കാര്യം എല്ലാവരും കൈകാര്യം ചെയ്യേണ്ടത്.

ഗുരുവായൂർ ദേവസ്വം മാതൃകയിൽ ഒരു സമിതിയും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ദേവസ്വം ബോർഡ് പോലെ സമിതി രൂ‍പീകരിക്കുന്നത് രാഷ്ട്രീയക്കാർക്ക് അതിൽ കാടന്നു കയറാനാണെന്ന ആരോപണം ഒരു ഹിന്ദു സഘടന പറഞ്ഞുകേട്ടു. ഇത് രാഷ്ട്രീയക്കാരെക്കുറിച്ച് അവമതിപ്പുള്ളവർ പറയുന്നതാണ്. രാഷ്ട്രീയക്കാ‍ർ എന്തോ കൊള്ളരുതാത്തവർ ആണെന്ന ധ്വനിയാണ് അതിലുള്ളത്. രാഷ്ടീയക്കാർക്ക് എന്തുകൊണ്ട് ഇത്തരം സമിതികളീൽ അംഗമായിക്കൂട? ഇന്ന് മതമേലധികാരികളെക്കാൾ നന്മകൾ രാഷ്ട്രീയക്കാരിലുണ്ട്.അവർക്കാണ് കുറച്ചെങ്കിലും കുറ്റമറ്റ രീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുക. ദേവസ്വം ബോർഡ് ഇക്കാലമത്രയും രാഷ്ട്രീയക്കാർ ഭരിച്ചിട്ട് കുഴപ്പമൊന്നും ഉണ്ടായില്ല. പിന്നെ ചില അഴിമതികളോക്കെ ഉണ്ടായിട്ടുണ്ടാകും. അത് എല്ലാമേഖലയിലെയും പോലെ അവിടെയും സംഭവിക്കുന്നുവെന്നേ ഉള്ളൂ.

ഇതൊക്കെയാണെങ്കിലും കഴമ്പുള്ള ഒരു ചോദ്യം ഹൈന്ദവ വിശ്വാസ പക്ഷത്തുനിന്നും ഉണ്ടാകുന്നുണ്ട്. ഹിന്ദുക്ക ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ദേവസ്വം ബോർഡ് വഴി പൊതുഖജനാവിലേയ്ക്ക് പോകുന്നുണ്ട്. പൊതു നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നുണ്ട്. എന്നാൽ മുസ്ലിങ്ങളുടെയോ ക്രിസ്ത്യാനികളുടെയോ ആരാധനലയങ്ങളുടെയോ അവയുടെ സ്വത്തുക്കൾക്കു മേലെയോ സർക്കാരിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ല. പത്മനാഭസ്വാമി ക്ഷേത്രത്തിൽ കണ്ടതുപോലെ ഒരു നിധി ശേഖരം മുസ്ലിങ്ങളുടെയോ ക്രിസ്ത്യാനികളുടെയോ ആരാധനാലയങ്ങളിൽ നിന്നാണ് കണ്ടെത്തുന്നതെങ്കിൽ അതിന്റെ മേൽ സർക്കാരോ കോടതികളോ പൊതു സമൂഹമോ ഇടപെടുമായിരുന്നോ എന്ന ചോദ്യം ചോദിക്കുന്നത് വർഗീയ കക്ഷികളാണെന്നു കരുതി അതിനെ തള്ളിക്കളയാനാകില്ല. ഇക്കാര്യത്തിൽ തുറന്ന ചർച്ചകൾ നടക്കെണ്ടതാണ്. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിൽ തെറ്റില്ല. എന്നാൽ ഇത്തരം കാര്യങ്ങളിൽ രാജ്യത്തിന്റെ നിയമങ്ങളും പൊതു താല്പര്യങ്ങളും കണക്കിലെടുക്കാൻ എല്ലാ മതങ്ങളും ബാദ്ധ്യസ്ഥരാണ്.

അപ്പോൾ മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ആരാധനാലയങ്ങളുലായി ബന്ധപ്പെട്ട സ്വത്തുകൾക്കുമേലും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. അല്ലാതെ ഇതിനകം ഇക്കാര്യത്തിൽ പുരോഗമനപരമായ കീഴ്വഴക്കത്തിനു വിധേയമായിട്ടുള്ള ഹിന്ദുക്കളുടെ കാര്യത്തിൽ കൂടി മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ആരാധനാലയങ്ങളോടും അവയുടെ സ്വത്തുവകകളൊടും സ്വീകരിക്കുന്ന അതേ നിലപാട് സർക്കാർ സ്വികരിക്കണം എന്നു പറയുന്നത് ഹിന്ദു മതവിഭാഗം അവരുടെ സ്വത്തു വകകൾ സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ സ്വീകരിച്ചു കഴിഞ്ഞിട്ടുള്ള പുരോഗമ വീക്ഷണത്തിൽ നിന്നും അവർ പുറകോട്ട് പോകണമെന്നു പറയുന്നതിനു തുല്യമാണ്. അതുകൊണ്ട് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്വത്തു വകകൾ കൈകാര്യം ചെയ്യുന്നതിൽ ഗവർണ്മെന്റ് നിയന്ത്രണങ്ങൾ അംഗീകരിച്ചു പോരുന്ന ഹിന്ദുവിശ്വാസികളുടെ ഉദാര നിലപാടിലേയ്ക്ക് മറ്റ് മതസ്ഥരും സ്വയമേവ വരേണ്ടതാണ്. ആരാധനാലയങ്ങളിലെ സ്വത്തിന്റെ മേൽ കൂടുതൽ ഉത്തരവാദിത്വം ലഭിക്കുവാൻ ഇത് ഉപകരിക്കുകയും ചെയ്യും.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ മേൽനോട്ടത്തിന് ഗുരുവായൂർ ദേവസ്വം മാതൃകയിലുള്ള ഒരു ഏജൻസി രൂപീകരിക്കണമെന്ന സി.പി. (എം) നിലപാടിൽ യാതൊരു അപാകതയും ഇല്ല. കാരണം ഇത് സി.പി. (എം) ആദ്യമായി കണ്ടു പിടിച്ച ഒരു മാതൃകയല്ല. നിലവിൽ അത്തരം മാതൃകകൾ ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും നിലവിലിരിക്കുന്നുണ്ട്. എന്നിട്ടും പാർട്ടി പറയുന്നത് കാര്യത്തിൽ തീരുമാനമെടുക്കുന്നത് കോടതി വിധികൾ മാനിച്ചും, വിശദമായ ചർച്ചകൾ നടത്തി തികച്ചും ജനാധിപത്യപരമായ രീതിയിൽ ആയിരിക്കണമെന്നും ആണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം സംബന്ധിച്ച് സി.പി. (എം) എടുത്ത നിലപാട് സംബന്ധിച്ച വിവാദങ്ങൾ കേട്ടാൽ തോന്നും നിധിശേഖരം എല്ലാം കൂടി എടുത്ത് .കെ.ജി സെന്ററിൽ കൊണ്ടുവയ്ക്കാൻ പറഞ്ഞെന്ന്. സർവ്വമതവിശ്വാസികളെയും , അവരുടെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഒക്കെ ബഹുമാനിക്കാനുള്ള വിശാലമനസ്കതയൊക്കെ സി.പി.(എം) -നുണ്ട്. വിശ്വാസികളെയും അവിശ്വാസികളെയും എല്ലാം മനുഷ്യരായിത്തന്നെ കാണുന്നു എന്നത് ഒരു പോരായ്മയായും തോന്നുന്നില്ല.

Sunday, September 25, 2011

കിതച്ചു നീങ്ങുന്ന ജീവിതങ്ങൾ!


ജീവിതയാത്ര
കിതച്ചു നീങ്ങുന്ന ജീവിതങ്ങൾ!

ആർ.എസ്.കപിൽ എന്ന പുതിയൊരു ബ്ലോഗ്ഗർ എടുത്ത ചിത്രമാണിത്. അദ്ദേഹത്തിന്റെ ബ്ലോഗിലെത്താൻ ഈ ലിങ്കിൽ ഞെക്കുക. കപിലിന്റെ കാഴ്ചകൾ

Thursday, September 15, 2011

കണ്ണൂർ സൈബർമീറ്റ്പോസ്റ്റ്

കണ്ണൂർ സൈബർമീറ്റ്പോസ്റ്റ് വായിക്കാൻ വിശ്വമാനവികം 1 -ൽ എത്തുക.ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് അവിടെ എത്താം
കണ്ണൂർ സൈബർമീറ്റിൽ കെ.പി.സുകുമാരനോടൊപ്പം

കണ്ണൂർ സൈബർമീറ്റ്പോസ്റ്റ് വായിക്കാൻ വിശ്വമാനവികം 1 -ൽ എത്തുക. ലിങ്ക്

Wednesday, September 7, 2011

എനിക്കല്പം ഏകാന്തതവേണംന്നേ!

മുൻകുറിപ്പ് : ഇതല്പം സ്വകാര്യമാണ്. വെറുതെ കുത്തിക്കുറിക്കുന്നത്.......

എനിക്കല്പം ഏകാന്തതവേണംന്നേ!


ഇന്ന് അവധിയായിരുന്നു. ഇനി നാളെയും അവധിതന്നെ. ചെറിയ പെരുന്നാൾ. അതു കഴിഞ്ഞാലുടൻ ഇനി ഓണാവധികൾ വരാനിരിക്കുന്നു. എല്ലാവർക്കും ഇത് ആഘോഷങ്ങളുടെ ദിവസങ്ങളാണ്. എന്നാൽ എന്നെ സംബന്ധിച്ച് ഇപ്പോൾ വലിയ ആഘോഷങ്ങൾ ഒന്നുമില്ല്ല. എന്നാൽ ഈ പൊതു അവധി ദിവസങ്ങൾ എന്നെ സന്തോഷിപ്പിക്കാൻ പോന്നവയാണ്.എപ്പോഴും കുട്ടികളുമായും പൊതുക്കാര്യങ്ങളിൽ ജനങ്ങളുമായും ബന്ധപ്പെട്ട് കഴിയുന്ന ഒരാളാണ് ഈ ഒന്നൊന്നര ഞാൻ. പക്ഷെ ഈ പൊതു അവധി ദിവസങ്ങൾ എനിക്ക് സ്വയം ഏകാന്തത തീർത്ത് വീട്ടിൽ അടച്ചുമൂടി ഇരിക്കാനുള്ളതാണ്. അല്പം വായന, അല്പം ബ്രൌസിംഗ്, ഇടയ്ക്കിടെ കിടന്ന് കൊച്ചുകൊച്ച് ഉറക്കങ്ങൾ. ഈ ദിവസങ്ങളിൽ വീട്ടിലോ വീട്ടിനോട് ചേർന്നുള്ള എന്റെ സർവ്വകലാശാലയിലോ വരുന്നവരോടൊക്കെ നാമമാത്രമായ കുശലപ്രശ്നങ്ങൾ മാത്രം. പിന്നെ വീണ്ടും സ്വന്തം മുറിയിലേയ്ക്ക്. ഈ അസുഖം തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി.

മുമ്പ് ഓണം, ക്രിസ്തുമസ് പെരുന്നാൾ എന്നൊക്കെ പറഞ്ഞാൽ എനിക്കും അതൊക്കെ ആഘോഷങ്ങളുടെ ദിവസങ്ങൾ തന്നെയായിരുന്നു. ചിലപ്പോൾ വീട്ടിൽ തന്നെ കാണുകയില്ല. പുറത്തായിരിക്കും. പെരുന്നാളിന് സുഹൃത്തുക്കളെയൊക്കെ വീട്ടിൽ വിളിച്ചുകൊണ്ടു വരും. അവർക്കൊക്കെ പെരുന്നാൾ സ്പെഷ്യൽ ഭക്ഷണങ്ങൾ നൽകും. ചിലപ്പോൾ ഒരു കൊച്ചു കല്യാണത്തിനുള്ള ആളൊക്കെ വീട്ടിൽ കാണും. ഓണം വന്നാലോ? പിന്നെ ഓരോ ദിവസവും ഓരോ നേരവും ഓരോ വീടുകളിലായിരിക്കും സദ്യ. രാത്രി വീട്ടിലെത്തുമ്പോൾ വയറ് ഡിം ആയിരിക്കും. ക്രിസ്ത്യാനികൾ ഇവിടെ അധികമില്ലാത്തതുകൊണ്ട് ആ ദിവസങ്ങളിൽ ആരും വീടുകളിലേയ്ക്ക് ക്ഷണിയ്ക്കാനില്ല. എങ്കിലും അപ്പോഴും ആഘോഷങ്ങൾ എന്തെങ്കിലുമൊക്കെ കാണും.

പെരുന്നാളിന് അടുത്ത വീടുകളിലൊക്കെ ഓരോ ഭക്ഷണപ്പൊതി കൊണ്ടുക്കൊടുക്കാതെ നമ്മൾ കഴിക്കാറില്ല. മിക്കവാറും പെരുന്നാളിന്റെ തലേ ദിവസമാണ് അയൽ വീടുകളിൽ ഭക്ഷണമെത്തിക്കുന്നതും കൂട്ടുകാരെ വിളിച്ചുകൊണ്ടു വരുന്നതുമൊക്കെ. പെരുന്നാൾ ദിവസം പള്ളിയിൽ പോകുന്നവർ പോയി വരും എന്നതിനപ്പുറം വലിയ അഘോഷങ്ങൾ ഉണ്ടാകാറില്ല. തലേ ദിവസമാ‍ണല്ലോ ആടുമാടുകൾക്ക് ജീവഹാനി വരുത്തുന്നതും നമ്മൾ ഇറച്ചി വാങ്ങുന്നതും ഒക്കെ. ഇനി ഓണം വന്നാലോ. അത്തമിടുന്ന ദിവസം മുതൽ പലപല വീടൂകളിൽ നിന്നായി അവിലും മലരും അടപ്രഥമനും ഒക്കെ വന്നുകൊണ്ടിരിക്കും. ഓണത്തിന് കാണിക്കയുമായി വാപ്പയെ കാണാൻ വരുന്നവർ വേറെയും. ഓണത്തിന് വീട്ടിലേയ്ക്ക് ക്ഷണിക്കാത്തവർകൂടിയും അയലത്തെ മറ്റുമതസ്ഥർക്ക് ഒരു പാത്രം പായസമെങ്കിലും എത്തിക്കുന്നത് ഒരു കീഴ്വഴക്കം തന്നെ ആയിരുന്നു. ആയിരുന്നു എന്നല്ല, ഇപ്പൊഴും ഇവിടെ ഇതൊക്കെ നടക്കുന്നുണ്ട്.പണ്ടത്തെ അത്ര തീവ്രവും വ്യാപകവും അല്ലെങ്കിലും.

ഓണവും പെരുന്നാളും ക്രിസ്തുമസുമൊക്കെ നമ്മുടെ നാട്ടിൽ മതേതരമായി കൊണ്ടാടപ്പെടുന്നതാണ്. ഭൂരിപക്ഷം മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളിൽ മുസ്ലിങ്ങൾ ഓണക്കളികളും മറ്റും സംഘടിപ്പിക്കും. ഉമ്മവീട്ടിലും വാപ്പവീട്ടിലുമായി മാ‍റിമാറിയായിരുന്നു നമ്മുടെ താമസം. രണ്ട് ജില്ലകളാണെങ്കിലും ഇവതമ്മിൽ വലിയ അകലമില്ല.തിരുവനന്തപുരം-കൊല്ലം ജില്ലാ ബോർഡർ ഏരിയയാണ് . മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തുള്ള എന്റെ ഉമ്മയുടെ കുടുംബവീട്ടിൽ താമസിക്കുമ്പോൾ സാധാരണ വീട്ടിനു പുറത്തിറങ്ങാത്ത മുസ്ലിം സ്ത്രീകളും പെൺകുട്ടികളും കൂടി ഏതെങ്കിലും വീട്ടുമുറ്റത്തോ തിരക്കൊട്ടുമില്ലാത്ത വഴിയോരത്തോ വന്ന് മാണിക്കച്ചെമ്പഴുക്കയും, സെവന്റീസും, കുറ്റിപ്പന്തും, തുമ്പിതിതുള്ളലുമൊക്കെ കളിച്ചിരുന്നു. തിരുവോണം മുതൽ നാലഞ്ച് ദിവസങ്ങളിൽ തുടർച്ചയായി ഉച്ചയ്ക്ക് ഊണിനു മുമ്പും ശേഷവും ആണും പെണ്ണും ഇടകലർന്ന ഓണക്കളികളും പാട്ടുകളും മറ്റും നടന്നിരുന്നു.അക്കാലത്ത് ഓണം,പെരുന്നാൾ, ക്രിസ്ത്മസ് തുടങ്ങിയ ആഘോഷവേളകൾക്ക് മദ്യത്തിന് ഇന്നത്തെ പോലെ “പ്രസക്തി” ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടില്ല. എന്തായാലും അതൊക്കെ ഒരു കാലം.

എന്നാൽ ഏതാനും വർഷങ്ങളായി ഇത്തരം ആഘോഷങ്ങൾക്കൊന്നും ഞാനത്ര പ്രാധാന്യം നൽകാറില്ല. വായന ശാലയുടെ ഓണാഘോഷ പരിപാടി വല്ലതും ഉണ്ടെങ്കിൽ അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടും. ഇപ്പോൾ ഓണത്തിന് അങ്ങനെ പരിപാടികൽ നടത്താറില്ല. നടത്തിയാലും മറ്റു പയ്യന്മാരൊക്കെ മുൻ നിന്ന് അങ്ങ് നടത്തിക്കൊള്ളും. നമ്മൾ ഒന്നു ശ്രദ്ധിക്കണമെന്നേയുള്ളൂ. വായനശാലയുടെ ആഭിമിഖ്യത്തിൽ പതിവുള്ള നാടൻ പന്ത് കളി ഇത്തവണ ഒട്ട് നടത്തുന്നുമില്ല. അടുത്തിടെ മറ്റൊരു പരിപാടി നടന്നതുകൊണ്ട് ഇനി ഒരു പരിപാടി വേണ്ടെന്നും വച്ചു.

പെരുന്നാൾ, തിരുവോണം, ന്യൂ ഇയർ എന്നീ വിശേഷദിവസങ്ങളിലോ അതിന്റെ തലേന്നോ മദ്യപിച്ചും ആഘോഷിച്ചും അടിപിടി കൂടിയും അകത്താകുന്നവരെ ജാമ്യത്തിലിറക്കാൻ ഇറക്കാൻ ഉറക്കമൊഴിഞ്ഞ് പോലീസ്റ്റേഷനിൽ പോകേണ്ട സ്ഥിതി ഉണ്ടായിരുന്നു. രണ്ടുമൂന്നുകൊല്ലമായി അതില്ല.അഥവാ ഉണ്ടായാലും മറ്റാരെങ്കിലും ഒക്കെ അറ്റൻഡ് ചെയ്യുന്നുണ്ട്. മാത്രവുമല്ല
രാത്രി അനാവശ്യമായ വിഷയങ്ങളുണ്ടാക്കിയിട്ട് എന്നെ വിളിക്കരുതെന്ന് ഞാൻ കർശനമായി വിലക്കിയിട്ടുണ്ട്.പ്രത്യേകിച്ച് രാത്രി വീട്ടിൽ നിന്ന് പോകാൻ പറ്റുന്ന സ്ഥിതിയല്ല. പ്രായം കൊണ്ടും രോഗം കൊണ്ടും അവശതയുള്ള വാപ്പയെയും ഉമ്മയെയും തനിച്ചാക്കി രാത്രി എങ്ങും പോകാൻ കഴിയുകയുമില്ല.

അപ്പോൾ പറഞ്ഞുവന്നത് ഇപ്പോൾ എനിക്ക് ആഘോഷങ്ങളൊട് അത്ര താല്പര്യമൊന്നുമില്ല എന്നാണ്. വീട്ടിൽ കൂട്ടുകാരെ വിളിച്ചുകൊണ്ടുവരുന്ന പതിവൊന്നും ഇപ്പോൾ ഇല്ല. അതിന്റെ കാരണം ഒന്ന് ഉമ്മാക്ക് വച്ച് വിളമ്പാനുള്ള ആവതും ആരോഗ്യവും ഇല്ലാത്തതു തന്നെ. മുമ്പൊക്കെ ആരെയെങ്കിലുമൊക്കെ സഹായത്തിനു കിട്ടുമായിരുന്നു. ഇപ്പോൾ അതുമില്ല. പിന്നെ ഇത്തരം സന്ദർഭങ്ങളിൽ പെണ്ണുകെട്ടാനുള്ള ചില സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുവാനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് ഞാൻ തന്ത്രപൂർവ്വം അക്കാര്യങ്ങൾ ഒന്നും മിണ്ടുകയുമില്ല.

മാത്രവുമല്ല, പെരുന്നാളിനു വീ‍ട്ടിൽ വരുന്നവരൊക്കെ ഓണത്തിന് തിരിച്ച് അവരുടെ വീടുകളിലേയ്ക്ക് വിളിക്കും. എനിക്കാണെങ്കിൽ പോകാൻ മടിയും. ഒരുപാട് വീടുകളിൽ പോകേണ്ടിവരും. ഞാൻ വിളിക്കാതിരുന്നാലും അവർ ഓണത്തിനു വിളിക്കും എന്നായപ്പോൾ എന്നെ ദയവായി ക്ഷണിക്കരുതേയെന്ന് ഞാൻ പറഞ്ഞു തുടങ്ങി. വിളീച്ചാലും ഇപ്പോൾ സ്നേഹപൂർവ്വം നിരസിക്കും. അടുത്ത വീടുകളിൽ പോലും പോകാറില്ല! കാരണം മറ്റൊന്നുമല്ല. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും ഒക്കെ എനിക്ക് വീ‍ട്ടിൽ എന്റെ മുറിയടച്ചിരിക്കണം. പുസ്തകം വായിക്കണം. നെറ്റകത്ത് വന്നശേഷം ബ്രൌസിംഗും. ഇടയ്ക്കിടയ്ക്ക് പകലുറക്കവും. എനിക്ക് ഈ പൊതു അവധി ദിവസങ്ങളിൽ മാത്രമാണ് ഇങ്ങനെ സ്വതന്ത്രമായി സ്വച്ഛശാന്തമായി വീട്ടിലിരിക്കാൻ കഴിയുന്നത്. തിരക്കുകളില്ലാതെ എനിക്ക് എന്നിലേയ്ക്ക് ഒതുങ്ങി ഇരിക്കാൻ പറ്റുന്ന ഏതാനും ദിവസങ്ങൾ!

ഞാൻ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും നമ്മുടെ സ്ഥാപനവാസികൾ പല വീടുകളിൽ നിന്നും കൊണ്ടുവന്ന പെരുന്നാൾ ഭക്ഷണം കഴിച്ച് സൊറപറഞ്ഞിരിക്കുന്നുണ്ട്. അതിൽ ഒരുത്തൻ കുറച്ച് ഒറട്ടിയും ഇറച്ചിയും കൊണ്ടു കൊടുത്തിട്ട് ഭീഷണിപ്പെടുത്തുകയാണ്. എനിക്ക് ഇത്രയൊക്കെയേ തരാൻ കഴിയൂ. പക്ഷെ ഓണത്തിന് അഞ്ചു ദിവസവും കൊണ്ടു പോയി മൂന്നു ജാതി പ്രഥമൻ അടക്കം വിഭവസമൃദ്ധമായ സദ്യ തന്നുകൊള്ളണം എന്നത്രേ അവന്റെ ആജ്ഞ. അതൊക്കെ എനിക്ക് മുറിയിലിരുന്ന് കേൾക്കാം. അവർക്കൊക്കെ ഇനിയുള്ള ദിവസങ്ങൾ ആഘോഷത്തിന്റേതാണ്. പ്രത്യേകിച്ചും ഭക്ഷണോത്സവം. ഇന്ന് മുസ്ലിങ്ങൾ ചിലർ അവരുടെ വീടുകളിൽ വിളിച്ചുകൊണ്ടുപോയി. ചിലർ ഭക്ഷണം കൊണ്ടുവന്ന് കോടുത്തു. ഇനി നാളെ ഉച്ചയ്ക്ക് ചില വീടുകളിൽ എത്തണമത്രേ. ഇവിടെയൊക്കെ എനിക്കും ക്ഷണമുണ്ട്, പക്ഷേ സോറി. എനിക്ക് അല്പം ഏതാന്തത.........!

“നീ കതകടയ്ച്ചിരുന്നോ, കുഴിമടിയാ! നിന്റെ ഒരു മൊണഞ്ഞ ഏകാന്തത! നിനക്ക് ഇപ്പോൾ ഇതൊന്നും ആഘോഷിക്കാൻ മനസിലെങ്കിൽ വേണ്ടെടെ ഉവ്വേ! റംസാനും ഓണവുമൊക്കെ ഒരുമിച്ച് വന്ന് നിൽക്കുമ്പോൾ അതൊക്കെ ആഘോഷിക്കുന്നവർക്ക് ഒരു ആശംസ കൊടുത്താലെന്താ നിനക്ക്! ഉം, നേരെടാ ആശംസകൾ!” എന്റെ മനസിന്റെതന്നെ ആജ്ഞയാണ്. അനുസരിക്കാതെങ്ങനെ? എല്ലാവർക്കും ഈദ്-ഓണം ആശംസകൾ!

പിൻകുറിപ്പ്: ഇതൊക്കെയല്ലാതെ ഈ ആഘോഷനാളുകളിലൊന്നിൽ എന്തെഴുതാൻ!

Sunday, September 4, 2011

ബൂലോകമാണോ ബൂലോഗമാണോ ശരി?


ബൂലോകമാണോ ബൂലോഗമാണോ ശരി?

ബ്ലോഗിന് മലയാളത്തിൽബൂലോകംഎന്നാണ് കൂടുതൽ പേരും പറഞ്ഞു വരുന്നത്. എന്നാൽ ചിലർബൂലോഗംഎന്നും പറഞ്ഞുകാണുന്നു. ഇതിൽ നമ്മൾ ഏതാണ് പ്രയോഗിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും? മറ്റുഭാഷകളിൽ നിന്ന് അത്യാവശ്യം വാക്കുകൾ അതേപോലെ കടമെടുക്കുന്നതും നമ്മുടെ ഭാഷയ്ക്ക് മുതൽകൂട്ട് തന്നെയായിരിക്കും. നിലയിൽ ബ്ലോഗ് എന്നു പറയുന്നതിലും കുറ്റം കാണേണ്ടതില്ല. എങ്കിലും പുതിയ പുതിയ കണ്ടു പിടുത്തങ്ങൾ ഉണ്ടാകുമ്പോൾ അവയ്ക്ക് നമ്മൾ നമ്മുടെ ഭാഷയിൽത്തന്നെ വാക്കുകളുണ്ടാക്കുന്നത് നല്ലതല്ലേ?

ഇനി അഥവാ പേരിലെന്തിരിക്കുന്നു എന്നാണ് ചോദ്യമെങ്കിൽ പേരിന് പ്രസക്തിയൊക്കെ ഉണ്ട് എന്നാണ് ഈയുള്ളവന്റെ പക്ഷം. ഓരോന്നിനെയും തിരിച്ചു പറയാനും തിരിച്ചറിയാനും പേരുകൾ ഏതൊരു വസ്തുവിനും, ജീവിക്കും, പ്രതിഭാസത്തിനും അനിവാര്യമാണ്. അപ്പോൾ ബ്ലോഗിന്റെ കാര്യത്തിലും അതാവശ്യമാണ്.അതുകൊണ്ട് ചർച്ച പ്രസക്തവുമാണ്.പേരിടൽ എന്നൊരു കണ്ടുപിടിത്തം മനുഷ്യൻ നടത്തിയിട്ടില്ല്ലായിരുന്നെങ്കിൽ നമ്മൾ മനുഷ്യർ ബധിരന്മാരും മൂകന്മാരുമായി കഴിയേണ്ടി വന്നേനെ! കാരണം ഒന്നിനെക്കുറിച്ചും പറയാൻ അവയ്ക്കൊന്നും പേരുകൾ ഇല്ലല്ലോ!

ബൂലോകം എന്നതോ ബൂലോഗം എന്നതോ ശരി? ബ്ലോഗ് എന്ന പദവുമായി കൂടുതൽ അടുത്തു നിൽക്കുന്നത്ബൂലോഗംഎന്ന പദമാണ്. കാരണം ബ്ലോഗിൽഗ്ആണല്ലോ ഉള്ളത്. എന്നാൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്ബൂലോകംമ്എന്നുമാണ്. ബ്ലോഗിൽഎന്ന അക്ഷരം ഇല്ലല്ലോ! ബൂലോകംമ്എന്ന് പറയുമ്പോൾ ബ്ലോഗുമായൊന്നും ബന്ധമില്ലാത്തവർ പലരും ഭൂലോകം എന്നത് തെറ്റിച്ച് ഉപയോഗിക്കുന്നതാണേന്ന് ധരിക്കാനിടയാകുന്നുണ്ട്. യാഥാർത്ഥ ഭൂലോകത്ത് നിലവിലിലുള്ള ഒരു പ്രതിഭാസമാണ് ബ്ലോഗ് എങ്കിലും ഭൂലോകവും ബൂലോകവും രണ്ടും രണ്ടാണല്ലോ! ഇനി അഥവാബൂലോഗംഎന്നുതന്നെ പറഞ്ഞാലും തെറ്റിദ്ധാരണ ഉണ്ടാകാം. ഭാവിയിൽ ഇത് ആളുകൾ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തിരിച്ചറിഞ്ഞുകൊള്ളും എന്നാണെങ്കിൽ പിന്നെ ചർച്ചയ്ക്ക് പ്രസക്തിയില്ല.

പക്ഷെ ഒന്നോർക്കേണ്ടത് മലയാളം ബ്ലോഗ് മേഖല ഇപ്പോൾ ശൈശവദിശയിലല്ല. അത് ഇതിനകംതന്നെ വളർന്ന് വികസിച്ചു കഴിഞ്ഞു. ഇനിയും വളർന്ന് വികസിച്ചുകൊണ്ടുമിരിക്കും. അതുകൊണ്ട് ബ്ലോഗിന്റെ മലയാളനാമത്തെപ്പറ്റി നാം ചർച്ച ചെയ്യുന്നതിൽ അപാകതയൊന്നുമില്ല. എന്തായാ‍ലും ബൂലോകം, ബൂലോഗം എന്നീ വാക്കുകൾ ഭൂലോകം എന്ന വാക്കിനെ തെറ്റായോ അല്ലെങ്കിൽ പരിഷ്കരിച്ചോ പറയുന്നതാണെന്ന് മേഖലയുമായി പരിചയമില്ലാത്തവർ ധരിച്ചുകൂടെന്നില്ല. എങ്കിലും വാക്കുകൾ നമുക്കിനി ഉപേക്ഷിക്കനും വയ്യ. അപ്പോൾ ഇതിൽ ഏതെങ്കിലും ഒന്നിന് ഒരു സ്ഥിരീകരണം വരുത്തേണ്ടതുണ്ട്.
ബ്ലോഗിനെ ചിലർ അവർ ബ്ലോഗിൽ വന്ന കാലം മുതൽ ബ്ലോഗം എന്ന് പറഞ്ഞുപോരുന്നുണ്ട്. ആരാണീ ചിലർ? മറ്റാരുമല്ല, നോം തന്നെ. പക്ഷെ വാക്കിന് വേണ്ടത്ര അനുയായികളെ ലഭിച്ചില്ല. അതുപോലെ കമ്പ്യൂട്ടർ എന്ന വാക്കിനും മലയാളമില്ലല്ലോ. പക്ഷെ ചിലർ ഇതിനെ മലയാളീ‍കരിച്ച് കമ്പെട്ടി എന്നു വിളിച്ചു പോരുന്നുണ്ട്. ആരാ ചിലർ? അതും മറ്റാരുമല്ല; നോം തന്നെ! ‘കമ്പെട്ടിഎന്നമലയാളവാക്കിനുംവേണ്ടത്ര അംഗീകാരം കിട്ടിയില്ല. ! കിട്ടിയില്ലെങ്കിൽ വേണ്ട! നോം ഇനിയും പുതിയ വാക്കുകൾ കണ്ടു പിടിച്ചുകൊണ്ടിരിക്കും. നോം തന്നെ അവ ഉപയോഗിച്ചുകൊണ്ടുമിരിക്കും. ഭാഷാ പണ്ഡിതന്മാർക്കേ ഭാഷയെ പരിഷ്കരിക്കാനും, പുതിയ വാക്കുകൾ കൂട്ടിച്ചേർക്കാനും, ആവശ്യമില്ലാത്തത് കളയാനുമൊക്കെ അവകാശമുള്ളൂ എന്നൊന്നുമില്ലല്ലോ. അല്ലപിന്നെ!

തൽക്കാലം എന്റെ കണ്ടു പിടിത്തങ്ങളൊക്കെ അവിടെ നിൽക്കട്ടെ. ബൂലോകവും, ബൂലോഗവും ഇപ്പോൾ പ്രയോഗത്തിലുണ്ട്. അതിൽ നമുക്ക് ഏതിനെ കൂടുതൽ സ്വീകാര്യമാക്കണം? ഇത് രണ്ടും കൂടിയും ഇനിയും മറ്റുവല്ല വാക്കുകളുമുണ്ടെങ്കിൽ അതും കൂടിയും അങ്ങ് പ്രയോഗിച്ചു പോരുന്നതിലും തെറ്റൊന്നുമുണ്ടായിട്ടല്ല. ചുമ്മാ അഭിപ്രായങ്ങൾ പങ്ക് വയ്ക്കാമല്ലോ. രണ്ട് വാക്കുകളിൽ ഏതാണ് ശരി? ‘ബൂലോകമമോ, അതോബൂലോഗമോ? ഈയുള്ളവനവർകക്കുടെ ഒരു സംശയം കൂ‍ടിയാണിത്. . അതുകൊണ്ട് ആരെങ്കിലും വഴിതെറ്റിയെങ്ങാനും ഇതുവഴി വരുന്നെങ്കിൽ ഒരു കമന്റ് കമന്റിയിട്ട് പോകുക!

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...