കഥയൊന്നിത്   കഥയായിട്ടല്ല, കാര്യമായി പറയുകയാണ്. ഈ കഥയിലെ കഥയ്ക്കും   കഥാപാത്രങ്ങൾക്കും  ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെങ്കിലുമായോ   അവരുടെ ജീവിതവുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ ഇക്കഥ  വായിച്ച  നിങ്ങൾ  എന്റെ നാട്ടുകാരിൽ ആരെങ്കിലുമായിരിക്കും! അതെന്റെ കുറ്റമല്ല.
കനിവ് അടുത്ത  സുഹൃത്തായ ശശികുമാർ  ഒരു വിസക്കാര്യം വന്നുപറയുമ്പോൾ വേണ്ടെന്ന് പറഞ്ഞതാണ്  ഈ കഥയിലെ പ്രധാന  കഥാപാത്രമായ  ബാലചന്ദ്രൻ. കാരണം പണത്തിന്റെ പ്രശ്നം  തന്നെ. ഈ വിസയ്ക്ക് പ്രത്യേകിച്ച് കാശൊന്നും  നൽകേണ്ടതില്ലെങ്കിലും  ടിക്കറ്റും മറ്റ് അല്ലറ ചില്ലറ  കമ്മീഷൻ  ചെലവുകളും മറ്റുമായി  നാല്പതിനായിരം രൂപ വേണം. ശശികുമാറിന്റെ  പരിചയക്കാരൻ ഒരാൾ മുഖാന്തരമാണ് ഈ  വിസ തരപ്പെടുന്നത്. അന്വേഷിച്ചപ്പോൾ ശങ്കർദാസിന്റെ  അകന്ന ബന്ധത്തിൽ  ദുബായിൽ ഉള്ള ഒരാളുടെ  കടയിൽ ഒരു കൈയാളായി ജോലിനോക്കാനാണ്. ദുബായിൽ  പുള്ളിയെ വിളിച്ച് ചോദിച്ച് വിസയുടെ വിശ്വാസ്യത ഉറപ്പിച്ചശേഷം  കൂട്ടുകാരനായ ബാലചന്ദ്രനെ  കയറ്റി വിടാമെന്നു കരുതിയതാണ്    ശശികുമാർ.സ്കൂളിൽ പഠിച്ചികൊണ്ടിരിക്കുന്ന  പ്രായമായിവരുന്ന   രണ്ട്  പെൺകുട്ടികളുടെ പിതാവാണ്  ബാലചന്ദ്രൻ.
നാട്ടിലെ പത്തിരുപതിനായിരം  രൂപാ സകല ചെലവും കഴിഞ്ഞ് ലഭിക്കുന്ന ഒരു ജോലിയാണ് ഈ വിസയിൽ കയറി പോയാൽ  ദുബായിൽ ലഭിക്കുക. എങ്ങനെയെങ്കിലും ദുബായിലെത്തി ഈ ജോലിയിൽ കയറിയാൽ  ബാലചന്ദ്രന്റെ കുടുംബത്തിന് അത് ഒരു നല്ല ആശ്വാസമായിരിക്കും. ഇപ്പോൾ  താമസിക്കുന്ന ചെറിയൊരു വീടും പത്ത് സെന്റ് പുരയിടവും മാത്രമാണ്  ബാലചന്ദ്രന്റെ കൊച്ചു കുടുംബത്തിന് ആകെയുള്ളത്. ഭാര്യയാകട്ടെ ഇടയ്ക്ക്  പറമ്പിൽ ഒരു പൊക്കമ്പുറത്തുനിന്ന് കാൽ വഴുതി വീണ്  പരിക്കേറ്റ് കുറെക്കാലം  ചികിത്സയിലുമായിരുന്നു. അതുകാരണം  കുറെ പണം കടത്തിലുമായി. അതൊക്കെ ഒരു വിധം  വീട്ടി വരുന്നതേയുള്ളൂ. ഈ വിസയിൽ കയറി  പോയാൽ ഒക്കെ നേരേ ആകും.  വിസ  കൊണ്ടുവന്നയാൾ ഇത് മറ്റാർക്കെങ്കിലും കൊടുക്കുമായിരുന്നു. ഇത് എങ്ങനെയോ  മണത്തറിഞ്ഞ്    ഈ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ അറിയാവുന്ന ശശികുമാർ അത്  ബാലചന്ദ്രനു വേണ്ടി തരപ്പെടുത്തിക്കൊണ്ടുവന്നിരിക്കുകയാണ്.  ഒരു യാത്ര  പോയാൽ കൊള്ളാമെന്ന് ബാലചന്ദ്രൻ ശശി കുമാറിനോടും മറ്റും പറഞ്ഞിട്ടുള്ളതാണ്.
പക്ഷെ  ഉടനെ നാല്പതിനായിരം രൂപ സംഘടിപ്പിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ  എളുപ്പമുള്ള കാര്യമല്ല.  ഒരു പവന്റെ സ്വർണ്ണം പോലും ഇപ്പോൾ ഭാര്യയുടെയോ  മക്കളുടെയോ കൈയ്യിലോ കഴുത്തിലോ കാതിലോ ഇല്ല. ഒക്കെ പണയത്തിലാണ്.  കുറച്ചൊക്കെ ഭാര്യയുടെ ചികിത്സാർത്ഥം   വിറ്റും പോയി. അതുകൊണ്ടിപ്പോൾ ഈ  ഗൾഫ് ചാൻസ് നിരസിക്കുകയല്ലാതെ ബാലചന്ദ്രന് മറ്റ് നിവൃത്തിയൊന്നും  ഉണ്ടായിരുന്നില്ല. എങ്കിലും ഇന്നും നാളെയുമായി ഒന്നു ശ്രമിച്ചു നോക്കുവാൻ  നിർബന്ധം ചെലുത്തിയിട്ടാണ് ശശികുമാർ  പോയത്. പതിനയ്യായിരം രൂപാ  അദ്ദേഹംതന്നെ പലിശയ്ക്കെടുത്തു നൽകാമെന്നും  പറഞ്ഞു. ബാക്കി ഉണ്ടാക്കണം.  നാളെക്കഴിഞ്ഞാൽ ഈ വിസ  മറ്റാർക്കെങ്കിലും കൊടുക്കാൻ പറയുകയേ  നിവൃത്തിയുള്ളൂ. കാരണം പത്ത് ദിവസത്തിനുള്ളിൽ ആളെ കയറ്റി വിടണമെന്നാണ്  ദുബായിൽ നിന്നും പറഞ്ഞിരിക്കുന്നത്.
മുമ്പ്  ദുബായിൽ  നിന്നിട്ടുള്ള  പരിചയം ഉള്ളവർക്കായിരുന്നു മുൻഗണന. ദുബായിയിൽ ബാലചന്ദ്രൻ മുമ്പ്  പോയിട്ടില്ല. എങ്കിലും ശശികുമാർ ഇടപെട്ട് ആ വ്യവസ്ഥയിൽ ഒരിളവ് വാങ്ങിയതാണ്;  ദുബായിയിൽ മുമ്പ് നിന്നിട്ടില്ലെങ്കിലും കുഴപ്പമില്ലെന്ന്. പത്തിരുപത്  വയസുള്ളപ്പോൾ മൂന്നുമാസം സൌദിയിൽ ചെന്ന് പറഞ്ഞ ജോലിയൊന്നും കിട്ടാതെ  കഷ്ടപ്പെട്ട് മുടക്കിയ കാശും പോയി മടങ്ങിവന്ന മുൻപരിചയം ബാലചന്ദ്രനുണ്ട്.  അന്നേ ഗൾഫിലേയ്ക്കിനിയില്ലാ  എന്ന് ശപഥം ചെയ്തതാണ്. നാട്ടിലെ മൺ  വെട്ടിപ്പണിയാണ് അതിലും ഭേദമെന്ന് അന്നേ മനസിൽ ഉറച്ചതാണ്. പക്ഷെ ശപഥമൊക്കെ  തിരുത്താൻ സാഹചര്യങ്ങളുടെ സമ്മർദ്ദം ധാരാളമുണ്ട്. പക്ഷെ ഇപ്പോഴത്തെ  സാമ്പത്തികസ്ഥിതി വച്ച് ഇപ്പോൾ ഈ യാത്ര നടക്കുമെന്നു തോന്നുന്നില്ല.
വീട്ടിൽ  ഭാര്യ ശ്യാമളയോട്  ഈ പുതിയ വിസാക്കാര്യം  ബാലചന്ദ്രൻ ചർച്ച ചെയ്തു.  ഇരുന്നും നടന്നും രാത്രി തിരിഞ്ഞുമറിഞ്ഞും കിടന്നിട്ടും കെട്ടിപ്പിടിച്ച്  പൊട്ടിക്കരഞ്ഞ് നേരം വെളുപ്പിക്കാനല്ലാതെ ഇരുപത്തയ്യായിരം  രൂപാ  സംഘടിപ്പിക്കുവാൻ ഇപ്പോൾ ഒരു നിവൃത്തിയുമില്ല. ഒരുമാതിരി  സ്വാതന്ത്ര്യമുള്ളവരോടൊക്കെ ശ്യാമള  ആശുപത്രിക്കിടക്കയിലായിരുന്നപ്പോൾ  ബാലചന്ദ്രൻ പണം കടം വാങ്ങിയിട്ടുണ്ട്. ഇനിയും ചിലർക്ക് വാങ്ങിയ പണം  മടക്കി  നൽകാനുമുണ്ട്. ബാലചന്ദ്രൻ കൂലിവേല ചെയ്തുണ്ടാക്കുന്ന പണമല്ലാതെ മറ്റൊരു  വരുമാനവുമില്ലല്ലോ. ശ്യാമളയുടെ വീട് പട്ടിണിക്കുതുല്യമാണ്. അവിടെ ആരോടും  ചോദിക്കുവാനില്ല. പിന്നെയുള്ളത് ബാലചന്ദ്രന്റെ ബന്ധുജനങ്ങളാണ്. അവരിൽ  മിക്കവാറും  എല്ലാവരും നല്ല കാശുകാരായിട്ടുണ്ട്. സർക്കാർ ജോലിയുള്ളവർ,  ഗൾഫുകാർ ഒക്കെ. പക്ഷെ അവരെയൊന്നും അങ്ങോട്ടു ചെന്ന് ബുദ്ധിമുട്ടിയ്ക്കുവാൻ  ബാലചന്ദ്രൻ പോകാറില്ല. രണ്ടുമാസക്കാലം തന്റെ ഭാര്യ കാലൊടിഞ്ഞ്  ആശുപത്രിയിലായിരുന്നിട്ട്  എന്തെങ്കിലും ഒരു സഹായം ആരിൽ നിന്നും  ലഭിച്ചിട്ടില്ല. പലരും  ഒന്നു തിരിഞ്ഞു നോക്കിയിട്ട് കൂടിയില്ല. എന്നാൽ  അവരിൽ പലരുടെയും വീട്ടിൽ കൂലിവേലകൾ ചെയ്യുന്നതാണ്  ബാലചന്ദ്രൻ.
ബന്ധുക്കളുടെയൊക്കെ   വീട്ടിൽ ശ്യാമളയും മിക്കപ്പോഴും ചെന്ന് പ്രതിഫലേച്ഛകൂടാതെ തന്നെ  ചില്ലറ  ജോലികളൊക്കെ ചെയ്തുകൊടുത്തിരുന്നു. അതിനൊന്നും കൂലിപറഞ്ഞ് പണം  പറ്റിയിരുന്നില്ല. വിശേഷ ദിവസങ്ങൾ വല്ലതുമുണ്ടെങ്കിൽ അവരൊക്കെ ശ്യാമളയെ  പ്രത്യേകം ക്ഷണിക്കാറുണ്ടായിരുന്നു. സ്നേഹം കൊണ്ടല്ല, വല്ല ജോലിയും  ചെയ്യുമല്ലോ എന്നു കരുതിയാണ്. അതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ ശ്യാമള ബന്ധു  വീടുകളിൽ ചെന്ന് സഹായിച്ചു പോന്നു. എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ  സഹായിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ എന്ന് മനസിൽ വിചാരിച്ചിട്ടുകൂടിയാണ്  ശ്യാമള ഈ സഹായമൊക്കെ പോയി ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ കുടുംബത്തിൽ  എന്തു പ്രശ്നമുണ്ടായാലും അവരിൽ ആരിൽനിന്നും ആളായിട്ടോ പണമായിട്ടോ ഒരു പിടി  അരിയായിട്ടോ ഒരു സഹായങ്ങളും ലഭിക്കില്ലെന്നതിന് പലപല അനുഭവങ്ങൾ  ഉണ്ടായിട്ടും ശ്യാമള ബന്ധുവീടുകളിൽ പോയി പല ജോലികളും ചെയ്തുവന്നു. ചിലപ്പോൾ  എന്തെങ്കിലും ആരെങ്കിലും കൊടുത്താലായി. ഇല്ലെങ്കിലില്ല. ബാലചന്ദ്രനും  മിക്കവാറും ജോലിയ്ക്ക് പോയിരുന്നത് കൂടുതലും ബന്ധു വീടുകളിലായിരുന്നു.  മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയവും കൂടുതൽ ആത്മാർത്ഥമായും  ബാലചന്ദ്രൻ പറമ്പുകളിൽ  പണിയെടുത്തിരുന്നു. എന്നാൽ അതുകൊണ്ട്  കൂടുതലെന്തെങ്കിലും പ്രയോജനമൊട്ട് ഉണ്ടായിരുന്നുമില്ല. നാട്ടുകാരാണെങ്കിൽ  ബന്ധുക്കളേക്കാൾ പരിഗണന ബാലചന്ദ്രനു നൽകിയിരുന്നു.
തൊട്ടടുത്ത  വീട്ടിൽ താമസിക്കുന്ന ചന്ദ്രദാസൻ മുതലാളി ബാലചന്ദ്രന്റെ ഒരു വലിയച്ഛനായി  വരും. റബറും തേങ്ങയുമൊക്കെ ഉള്ള ഒരു കർഷക മുതലാളി. മക്കൾ മൂന്നുപേർ ഗൽഫിൽ  പോയി  വലിയ സമ്പാദ്യക്കാരായതോടെ ചന്ദ്രദാസൻ  മുതലാളിയുടെ പ്രതാപം  കുറച്ചുകൂടി വർദ്ധിച്ചു. മുതലാളിപ്പട്ടം കുറച്ചുകൂടി സ്ട്രോങ്ങായി.  ചന്ദ്രദാസൻ മുതലാളിയുടെ പറമ്പിലെ പണിയെല്ലാം ബാലചന്ദ്രന്റെ  മേൽനോട്ടത്തിലാണ് നടക്കാറ്. ശ്യാമളയും അവിടെ ചുറ്റിപ്പറ്റി നിൽക്കാറുണ്ട്.  വല്ലതും തിന്നാൽ കിട്ടിയാലായി. വല്ലപ്പോഴുമൊക്കെ പത്തോ നൂറോ  രൂപാ  ആവശ്യമായി വന്നാൽ ചന്ദ്രദാസിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയിൽ നിന്ന് കടം  വാങ്ങാറുണ്ട് എന്നതിലപ്പുറം ബാലചന്ദ്രന്റെ  വീട്ടിൽ നിന്നും  അവർക്ക് വലിയ  അലോസരമൊന്നും ഉണ്ടായിരുന്നില്ല. അതൊക്കെ അധികം താമസം വരാതെ  മടക്കിനൽകാറുമുണ്ട്. എപ്പോഴും അവർ  നല്ല സഹകരണത്തിലുമായിരുന്നു.  ബലചന്ദ്രന്റെ മക്കളും ചന്ദ്രദാസിന്റെ ചെറുമക്കളുമൊക്കെ നല്ല  ചങ്ങാത്തക്കാരാണ്. സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചാണ്.
ചന്ദ്രദാസൻ  മുതലാളിയുടെ  ഒരേയൊരു  മകളും  ഭർത്താവും ഗൾഫിലാണ്.  മകളുടെ രണ്ട്  പെണ്മക്കൾ  ചന്ദ്രദാസിന്റെ വീട്ടിൽത്തന്നെ  ഉണ്ട്. ആ ചെറുമക്കളിൽ  മൂത്തവൾ  ഒരുത്തി എം.ബി എയ്ക്കും മറ്റൊരുത്തി എഞ്ചിനീയറിംഗിനും  പഠിക്കുന്നുണ്ട്.  ആണ്മക്കളിൽ  ഒരാളുടെ ഭാര്യയും രണ്ട് മക്കളും ചന്ദ്രദാസിന്റെ വീട്ടിൽതന്നെ.  ഒരു മകൻ കുടുംബമായിത്തന്നെ അബൂദാബിയിൽ ആണ്.  അവിവാഹിതനായ ഒരു മകൻ കൂടി   ഗൽഫിൽ ഉണ്ട്.  ചന്ദ്രദാസിന്റെ കുടുംബത്തിനു വേണമെങ്കിൽ ബാലചന്ദ്രന്റെ  കുടുംബത്തെ കൈപിടിച്ചുയർത്താം. പക്ഷെ അത്രയൊന്നും കുടുംബസ്നേഹം ഉണ്ടായില്ല  എന്നു പറഞ്ഞാൽ മതിയല്ലോ. എന്നാൽ ചന്ദ്രദാസിന്റെ ചെറുമക്കളൊക്കെ അല്പം  സഹജീവീയ സ്നേഹം  ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ബാലചന്ദ്രന്റെ മക്കൾക്ക്  മുതിർന്നവർ അറിയാതെ ചില  ചില്ലറ സഹായങ്ങളും വാത്സല്യവും ഒക്കെ അവരിൽ  നിന്നും ലഭിച്ചിരുന്നുതാനും.
നേരം പുലർന്നപ്പോൾ ബാലചന്ദ്രനും ഭാര്യ  ശ്യാമളയും കൂടി ഒരു തീരുമാനത്തിൽ എത്തി.ആരെയും ബുദ്ധിമുട്ടിക്കാതെ ആർക്കും  എക്കാലവും ജീവിക്കാൻ കഴിയില്ലല്ലോ. അഭിമാനം മാത്രം നോക്കിയിരുന്നാൽ  ജീവിതത്തിൽ വരാനിരിക്കുന്ന പല സൌഭാഗ്യവും നഷ്ടപ്പെട്ടും പോകും.  അല്പം  അഭിമാനം പോയാലും വേണ്ടില്ല. കൈയ്യിൽ വന്ന അവസരം പാഴാകാതിരിക്കാൻ ആകെകൂടി  കണ്ട ഒരു വഴി; അതൊന്നു  ശ്രമിക്കാമെന്നു കരുതി. മറ്റൊന്നുമല്ല. ചന്ദ്രദാസൻ  വലിയച്ഛനോട്  ഇരുപത്തയ്യായിരം രൂപാ കടം ചോദിക്കുക. മറ്റാരുമല്ലല്ലോ.  വകയിലാണെങ്കിലും വലിയച്ഛനാണല്ലോ? അവർ അത് അത്ര അങ്ങോട്ട്  അംഗീകരിക്കുന്നില്ലെങ്കിലും!  ഭാര്യ തന്നെയാണ് ആ നിർദ്ദേശം മുന്നോട്ട്  വച്ചത്.  ബാക്കി പതിനയ്യായിരം ശശികുമാർ  ഒരു പലിശക്കാരനിൽ നിന്നും  വാങ്ങിക്കൊടുക്കാമെന്ന് ഏറ്റിട്ടുള്ളതുമാണ്.   മടിച്ചു മടിച്ചാണെങ്കിലും  ബാലചന്ദ്രൻ ഭാര്യയുടെ ഉപദേശം സ്വീകരിച്ചു.  ഇന്നും കൂടി സമയമുണ്ടല്ലോ.  എന്തായാലും രാത്രി പോയി ചോദിച്ചാൽ മതിയെന്ന് തീരുമാനിച്ച് ബാലചന്ദ്രൻ  രാവിലെ പണിസ്ഥലത്തേയ്ക്ക് പോയി.  വൈകുന്നേരം മടങ്ങിവന്ന് കുളിച്ച്  വൃത്തിയായി ചന്ദ്രദാസൻ  മുതലാളിയുടെ വീട്ടിലേയ്ക്ക് പോയി.
അവിടെ  ചന്ദ്രദാസിന്റെ വീട്ടിൽ  എല്ലാവരും സകുടുംബം റ്റി.വി കണ്ട്  ഉല്ലസിച്ചിരിക്കുമ്പോഴായിരുന്നു ബാലചന്ദ്രന്റെ അത്ര പതിവില്ലാത്ത  രാത്രിസന്ദർശനം.  അതുകൊണ്ടുതന്നെ വല്ല വിശേഷവും കാണുമെന്നു കരുതി  റ്റി.വി.യുടെ വോളിയം കുറച്ചു. അല്പനേരം കുശലപ്രശ്നത്തിനുശേഷം ബാലചന്ദ്രൻ  കാര്യം അവതരിപ്പിച്ചു. പറഞ്ഞുവരുന്നത് കാശിന്റെ ആവശ്യത്തിലേയ്ക്കാണെന്ന്  മനസിലായപ്പോൾ ചന്ദ്രദാസൻ വലിയച്ഛന്റെയും ഭാര്യ ലക്ഷ്മിക്കുട്ടിയുടെയും മുഖം  വാടിവരുന്നത് ബാലചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. ഇരുപത്തയ്യായിരം  രൂപാ കടം  ചോദിച്ചതും കണവൻ കണവിയുടെ മുഖത്തേയ്ക്ക് നോക്കി. അല്പസമയം ആ മുറിയിലാകെ ഒരു  നിശബ്ദത ഉരുണ്ടുകൂടി. ഇരുപത്തയ്യായിരം രൂപാ കടം കൊടുത്താൽ അത് തിരിച്ചു  കിട്ടാതിരിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ചല്ലാതെ അതുംകൊണ്ടു പോയി  രക്ഷപെട്ട് തങ്ങളുടെ കടവും വീട്ടി നല്ല സമ്പാദ്യക്കാരനായി ബാലചന്ദ്രൻ  മടങ്ങി വരുന്നതിനെ പറ്റിയോ ബാലചന്ദ്രന്റെ കൊച്ചുകുടുംബം  രക്ഷപ്പെടുന്നതിനെക്കുറിച്ചോ ഒന്നും ചിന്തിക്കാനുള്ള വിശാല മനസ്കത  ചന്ദ്രദാസൻ മുതലാളിയുടെ മനസിൽ അപ്പോൾ ഉണ്ടായില്ല.
ചന്ദ്രദാസും  ഭാര്യയും ആണ് വീട്ടിലെ സർവ്വാധികാര്യക്കാർ. അവരുടെ തീരുമാനമാണ് വലുത്.  ചന്ദ്രദാസന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയല്ലാതെ യഥാർത്ഥത്തിൽ  ഭാര്യയ്ക്കും മറ്റ്  സ്വതന്ത്ര ചുമതലകളൊന്നുമില്ല. എങ്കിലും പേരിനു വേണ്ടി  ചന്ദ്രദാസ് എല്ലാം ലക്ഷ്മിക്കുട്ടിയോട് ഒന്ന് ആലോചിച്ചെന്നു വരുത്തും.  അല്പനിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ചന്ദ്രദാസൻ മുതലാളിയുടെ ധനകാര്യമന്ത്രി  ലക്ഷ്മിക്കുട്ടിയാണെന്ന മട്ടിൽ അവരോട് ചോദിച്ചു;
“വല്ലനിവൃത്തിയുമുണ്ടോ ലക്ഷ്മിക്കുട്ടീ” എന്ന്!
മറ്റാരുടെയെങ്കിലും  കാര്യമായിരുന്നെങ്കിൽ ഇപ്പോൾ ഒരു രക്ഷയുമില്ലെന്ന്  അർദ്ധശങ്കയ്ക്കിടയില്ലാത്തവിധം പറയാനുള്ള പരിശീലനം ചന്ദ്രദാസിൽ നിന്നും  ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ  ലഭിച്ചിട്ടുള്ളതാണ്. പക്ഷെ ഇത് ബന്ധുവും അയൽ വാസിയും സഹായിയുമായ  ബാലചന്ദ്രന്റെ കാര്യമായതുകൊണ്ട് ലക്ഷ്മിക്കുട്ടി അല്പം ഒഴിഞ്ഞു മാറിയത്  ഭർത്താവിനെ വെട്ടിലാക്കി.
“കാശുണ്ടോ ഇല്ലയോ എന്നൊക്കെ എന്നോട്  ചോദിച്ചാൽ ഞാനെങ്ങനെ പറയും? നിങ്ങൾക്കല്ലേ അറിയൂ“
എന്ന്  പറഞ്ഞ് ലക്ഷ്മിക്കിട്ടിയമ്മ തലയൂരി. ഇപ്പോൾ റബ്ബർവെട്ട്  മുടങ്ങിക്കിടക്കുന്നതിനാൽ കൈയ്യിൽ കാശൊന്നുമില്ലെന്നും ഇനി അടുത്ത ഒഴി  തേങ്ങായിടുമ്പോൾ വല്ല കാശോ കൈയ്യിൽ വന്നാലായി എന്ന് ഒരൊഴുക്കൻ മട്ടിൽ  പറഞ്ഞൊഴിയാൻ ചന്ദ്രദാസൻ മുതലാളിയ്ക്ക് പ്രയാസമൊന്നുമുണ്ടായില്ല.
“തീരെയില്ലാത്തതുകൊണ്ടാണ്.   മറ്റൊന്നും വിചാരിക്കരുത്.  മറ്റെന്തെങ്കിലും മാർഗ്ഗം നോക്കൂ ബാലാ!”  എന്ന് പറഞ്ഞ് ബാലചന്ദ്രനെ ഒഴിവാക്കുകയായിരുന്നു       “നിർദ്ധനനായ”  ചന്ദ്ര(ധന)ദാസൻ വലിയച്ഛൻ മുതലാളി!
പ്രതീക്ഷിച്ചതിനപ്പുറം ഒന്നും  സംഭവിക്കാത്തതുകൊണ്ട് പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ അല്പം ചില   നല്ലവാക്കുകളും കുശലങ്ങളുമൊക്കെ പറഞ്ഞ്  ബാലചന്ദ്രൻ വീട്ടിലേയ്ക്ക് മടങ്ങി.  ഭാര്യയോട് വലിയച്ഛൻ മുതലാളിയുടെ ദാരിദ്ര്യാവസ്ഥ പറഞ്ഞ് അവർ ഒന്നു  ചിരിക്കുകമാത്രം ചെയ്തിട്ട് ഒന്നും സംഭവികാത്തതുപോലെ ഭാര്യയും മക്കളുമായി  ഉള്ളതും കഴിച്ച് സുഖമായി കിടന്നുറങ്ങി.
ബാലചന്ദ്രൻ പോയിക്കഴിഞ്ഞതും  ചന്ദ്രദാസിന്റെ വീട്ടിൽ കുടുംബാംഗങ്ങൾ തമ്മിൽ പതിവില്ലാതെ ചില അഭിപ്രായ  സംഘർഷങ്ങൾ ഉണ്ടായി. അതിനു മുഖ്യ ഹേതുവായത് പേരക്കുട്ടി (ഒരേയൊരു മകൾ  അബുദാബിയിലുള്ളവളുടെ  മൂത്തമകൾ)  എം.ബി.എ വിദ്യാർത്ഥിനി  സുബിനയുടെ  വാക്കുകൾ;
“ബാലൻ മാമന് രക്ഷപ്പെടാനൊരവസരം വന്നതാണ്. ഒന്നു  സഹായിക്കാമായിരുന്നു. ഇവിടെ ഇല്ലാഞ്ഞിട്ടല്ലല്ലോ. ഇവിടെ വന്ന് എന്തെല്ലാം  സഹായങ്ങൾ ചെയ്യുന്നതാണവർ. ഇത്രയൊന്നും പിശുക്കത്തരം കാണിക്കരുത്.  ഒന്നുമില്ലെങ്കിലും ഇന്നലെ അമ്മ  നമുക്കെല്ലാം ഡ്രസ്സ്  വാങ്ങാനെന്നുമ്പറഞ്ഞ് അയച്ച അൻപതിനായിരം രൂപ ഉണ്ടായിരുന്നില്ലേ കയ്യിൽ?  ഡ്രസ്സ് ഒക്കെ ആവശ്യത്തിനിപ്പോൾ എല്ലാവർക്കും ഉണ്ട്. അറുത്ത കൈയ്ക്ക്  ഉപ്പുതേയ്ക്കില്ല ഇവിടുള്ളവർ”.
അല്പം തുറന്നുതന്നെ  ചെറുമകൾ സുബിന അങ്ങനെയൊക്കെയങ്ങ്  പറഞ്ഞു.
“ഈ  പണമൊന്നും കടം കൊടുത്താൽ പിന്നെ ചിലപ്പോൾ തിരിച്ചുകിട്ടിയെന്നു വരില്ല”  എന്ന  ചന്ദ്രദാസൻ മുതലാളിയുടെ മറുപടി സ്ഥിതിഗതികൾ കൂടുതൽ  വഷളാക്കിയതേയുള്ളൂ. വീട്ടിലെ മറ്റ്  അന്തേവാസികളായ കുഞ്ഞുകുട്ടിയടക്കം  മറ്റു ചെറുമക്കളും മരുമകളും എല്ലാം കൂടി മൂത്തപേരക്കുട്ടി സുബിനയ്ക്ക്  പിന്തുണയുമായി ശബ്ദമുയർത്തി.
“മറ്റാരുമല്ലല്ല്ലോ. ഒന്നുമല്ലെങ്കിലും  രക്തബന്ധമല്ലേ? ആ ഒരു പരിഗണനയെങ്കിലും നൽകാമായിരുന്നു. ഒരു പക്ഷെ ഈ നമ്മൾ  കൊടുക്കുന്ന പണം കൊണ്ട് ആ കുടുംബം രക്ഷപ്പെട്ടാൽ ആ നന്ദി അവർക്കെന്നും  ഉണ്ടാകില്ലേ? ആവശ്യത്തികധികമുള്ള ഈ പണമൊക്കെകൂടി കെട്ടിപ്പൊതിഞ്ഞു  വച്ചിട്ട് എന്തുകാര്യം? എന്തെങ്കിലും നല്ലകാര്യങ്ങൾ കൂടി വല്ലപ്പോഴും  ചെയ്യണം”
എന്നിങ്ങനെയെല്ലാമുള്ളതായിരുന്നു  ആ വീട്ടിലെ യുവതലമുറയുടെ  ഐകകണ്ഠമായ അഭിപ്രായഗതികൾ. ഒടുവിൽ ഗൃഹനായികയായ   ചന്ദ്രദാസി അഥവാ  ലക്ഷ്മിക്കുട്ടിയും  യുവതയുടെ പക്ഷത്തേയ്ക്ക് ചാഞ്ഞപ്പോൾ നിങ്ങളെന്നെ  കമ്മ്യൂണിസ്റ്റാക്കി  എന്നമട്ടിൽ ചന്ദ്രദാസൻ മുതലാളി പ്രഖ്യാപിച്ചു;
“നിങ്ങളെല്ലാംകൂടി  എന്നെയും  ദയാലുവാക്കി. ഏതായാലും നേരം വെളുക്കട്ടെ. ഞാൻ കൊണ്ടുകൊടുക്കാം.  ഇനിയിപ്പോൾ എനിക്കുമാത്രം ദയയും സഹാനുഭൂതിയുമൊന്നും ഇല്ലെന്നുവേണ്ട”.
കുടുംബനാഥന്റെ  ഈ പ്രഖ്യാപനം മറ്റുള്ളവർ കരഘോഷത്തോടെ സ്വീകരിച്ചു. കുടുംബത്തിലെ സഹജീവീയ  സ്നേഹമില്ലാത്ത, അറുപിശുക്കനായ  ഒരു സ്വേച്ചാധിപതിയ്ക്കെതിരെ യുവതലമുറ  നേടിയ രക്തരഹിതമായ വിപ്ലവം!
പിറ്റേന്ന് ഇരുപത്തയ്യായിരം രൂപയുമായി  ചന്ദ്രദാസൻ മുതലാളി നിറഞ്ഞമനസോടെ  തന്റെയൊരു വെറും കൂലിക്കരൻ മാത്രമല്ല,  തന്റെ സ്വന്തം പുത്രന്മാർക്ക് തുല്യമായി കരുതേണ്ട ബലചന്ദ്രന്റെ  വീട്ടിലേയ്ക്ക് പോയി. കടമായിട്ടല്ല ചുമ്മാതന്നെ ഇരുപത്തയ്യായിരം രൂപാ നൽകാൻ  തന്നെയായിരുന്നു തീരുമാനം. ബാക്കി  പതിനയ്യായിരം രൂപ ശശികുമാർ മുഖാന്തരം  പലിശയ്ക്കെടുക്കേണ്ടെന്നും അത് ഇപ്പോൾ വീട്ടിൽ കൂടെയുള്ള  മരുമകൾ  ഭർത്താവിന്റെ അനുമതിയോടെ  കൊടുത്തുകൊള്ളാമെന്ന സന്ദേശവും കൂടി  നൽകാനുമുണ്ടായിരുന്നു മുതലാളിയ്ക്ക്. പക്ഷെ അത് ബാങ്കിൽ പോയി എടുത്തുവരണം.  ഉച്ചയ്ക്കു മുമ്പ് പണം എത്തും.
പക്ഷെ ചന്ദ്രദാസൻ മുതലാളി  ബാലചന്ദ്രന്റെ വീട്ടിലെത്തുമ്പോൾ ഭര്യമാത്രമേ അവിടെ  ഉള്ളൂ. ബാലചന്ദ്രൻ    രാവിലെ തന്നെ  പതിവുപോലെ മൺവെട്ടിയും കുന്താലിയും വെട്ടുകത്തിയുമെക്കെ   എടുത്ത് ഭാര്യയിൽ നിന്ന് പൊതിച്ചോറും വാങ്ങി   ഏതോ പാടത്തോ പറമ്പിലോ  പണിയ്ക്കുപോയി. മക്കൾ സ്കൂളിലും പോയി. ബാലചന്ദ്രന്റെ ഭാര്യ ശ്യാമള യാതൊരു  വിരോധഭാവവുമില്ലാതെ സന്തോഷപൂർവ്വം അദ്ദേഹത്തെ കയറി ഇരിക്കാൻ പറഞ്ഞു.  വന്ന  കാര്യം അന്വേഷിച്ചു. കടം ചോദിച്ച കാശുമായി വന്നതാണെന്നും പതിനയ്യായിരം രൂപാ  മരുമകൾ കൂടി നൽകുമെന്നും മുതലാളി അറിയിച്ചു.  പെട്ടെന്ന് അല്പമാത്രം  മ്ലാനമായ മുഖത്തോടെ ശ്യാമള മറുപടി പറഞ്ഞു;
“ചേട്ടൻ പണിയ്ക്കു പോയി.  കാശ് സംഘടിപ്പിക്കാൻ കഴിയാത്തതുകൊണ്ട് ആ വിസ വേണ്ടെന്ന് ഇന്നലെത്തന്നെ  ശശിയണ്ണനെ   അറിയിച്ചു. മേശൻപണിയ്ക്ക് പോകുന്ന നമ്മുടെ അടുത്ത വീട്ടിലെ   ശംഭുമാമന്റെ   മകൻ ഷിബുക്കുട്ടന്  ആ വിസ നൽകാൻ ഏർപ്പാടുമാക്കി. ആ ചെറുക്കൻ   അതിന്റെ ഏർപ്പാടുകളുമായി രാവിലെതന്നെ പോയിക്കാണണം. ബാലേട്ടൻ തന്നെയാണ്   ബന്ധപ്പെടുത്തിക്കൊടുത്തത്. നമ്മട അയൽ വാസികളല്ലേ? അവരെങ്കിലും  രക്ഷപെടട്ടെ!   ഇനിയിപ്പോ രൂപാ തന്നിട്ട് കാര്യമില്ല”.
ജീവിതത്തിലാദ്യമായി  ഒരു നല്ലകാര്യം ചെയ്യാമെന്നു വിചാരിച്ച ചന്ദ്രദാസൻ മുതലാളി നിരാശയോടെയാണോ  സന്തോഷത്തോടെയാണോ മടങ്ങിയതെന്ന അന്വേഷണവുമായോ, അദ്ദേഹത്തിന്റെ കുടുംബത്തിൽ  പിന്നെ ഈ വിഷയത്തിൽ എന്തു ചർച്ച നടത്തിയെന്നോ അതിന്റെ അനന്തര ഫലം  എന്തായെന്നോ  ഉള്ള അന്വേഷണവുമായി ഈ കഥ ഇനി നീട്ടിക്കൊണ്ടുപോകുന്നില്ല!  ബാക്കി വായനക്കാരുടെ  ഭാവന പോലെ ആകട്ടെ