എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Monday, April 23, 2018

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

ഇ.എ.സജിം തട്ടത്തുമല
ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്കുന്ന ഒരു നല്ല അദ്ധ്യാപകന്റെ (ടി.പി.കലാധരൻ മാസ്റ്റർ) ഒരു എഫ് ബി പോസ്റ്റിനോടുള്ള പ്രതികരണം എന്ന നിലയിൽ എഴുതിയതാണ്. ഇത്രയും നീണ്ടു പോയ സ്ഥിതിയ്ക്ക് ഇത്  ഒരു ലേഖനമായി പരിഗണിച്ച് താല്പര്യമുള്ളവർ പ്രതികരിക്കുക.
ടി.പി കലാധരൻ മാസ്റ്റർ
മാഷേ ഒരു സംശയം. മിക്ക സ്റ്റേറ്റ് സിലബസ് പൊതുവിദ്യലയങ്ങളിലും ഇന്ന് ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഉണ്ട്. ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന കുട്ടികൾക്കാണ് കൂടുതലും ഫുൾ എ പ്ലസുകൾ കിട്ടുന്നത്. മലയാളം മീഡിയത്തിലെ സമർത്ഥരായ കുട്ടികൾക്കുപോലും അഞ്ചും ആറും അതിൽ താഴെയും എ പ്ലസുകൾ കൊണ്ട് തൃപ്തരാകേണ്ടി വരുന്നു. പഠിക്കാൻ കഴിവുള്ള കുട്ടികൾ കൂടുതലായും ഇംഗ്ലീഷ് മീഡിയത്തിലാണ് ചേരുന്നതെന്നും ഇംഗ്ലീഷിലായാൽ കുറച്ചു കൂടി ചുരുക്കം വാക്കുകളിൽ ആശയങ്ങൾ എഴുതി ഫലിപ്പിക്കാൻ കഴിയുമെന്നുമൊക്കെയാണ് ഇതിനു ലഭിക്കുന്ന മറുപടി. പക്ഷെ ഞാൻ ആരോപിക്കുന്നു. ഇംഗ്ലീഷ് മീഡിയത്തിലെയും മലയാളം മീഡിയത്തിലെയും കുട്ടികളുടെ പേപ്പറുകൾ രണ്ട് മനോഭാവത്തിലാണ് നോക്കുന്നതെന്ന്.ഹയർസെക്കണ്ടറിയിൽ സ്കൂൾ ഗോയിംഗുകാരുടെയും പ്രൈവറ്റുകാരുടെയും പേപ്പറുകൾ രണ്ട് മനോഭാവത്തിലാണ് നോക്കുന്നതെന്ന് ഇന്ന് എല്ലാവർക്കും അറിയാം. പണ്ട് പ്രീഡിഗ്രിയുടെ കാര്യവും ഇപ്പോഴും ഡിഗ്രിയുടെ കാര്യവും സമാനമാണ്. അത് തൽക്കാലം അവിടെ നിൽക്കട്ടെ.
ഇപ്പോൾ ശരിക്കും പൊതുവിദ്യാലയങ്ങളിൽ സർക്കാർ ചെലവിൽ ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷ് മീഡിയവും പ്രമോട്ട് ചെയ്യപ്പെടുകയും മലയാള ഭാഷയും മലയാളം മീഡിയവും അവഗണിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള അദ്ധ്യാപകരും രഷകർത്താക്കളും നാട്ടുകാരുമൊക്കെ സർക്കാരിനൊപ്പം പൊതു വിദ്യാലയങ്ങളുടെ നില നില്പിനും വളർച്ചയ്ക്കും ബഹുവിധം സഹായിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അറിഞ്ഞും അറിയാതെയും ഇവരെല്ലാം ഇംഗ്ലീഷ് മീഡിയത്തെ പരിഭോഷിപ്പിക്കുകയാണ്. മലയാളത്തെ അവഗണിക്കുക മാത്രമല്ല നിന്ദിക്കുക കൂടിയാണ്. ഇതിന്റെ മറുവശം,  എല്ലാ പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം തുടങ്ങിയതാണ് പല സ്കൂളുകളും പൂട്ടിപ്പോകാതെ ഇന്ന് നില നിൽക്കാൻ തന്നെ കാരണം. അത് കാണാതിരിക്കുന്നില്ല. 
ഇ.എ.സജിം തട്ടത്തുമല (ലേഖകൻ)
ഇവിടെ നമ്മുടെ നാട്ടിലെ ഒരു സർക്കാർ വിദ്യാലയം (തട്ടത്തുമല ഗവ.എച്ച് എസ് എസ് ) യഥാസമയം ഇംഗ്ലീഷ് മീഡിയം തുടങ്ങാത്തതിനാൽ കുട്ടികളില്ലാതെ പൂട്ടുന്ന വക്കോളമെത്തിയതാണ്. ഇംഗ്ലീഷ് മീഡിയം ഉള്ള പൊതുവിദ്യാലയങ്ങൾ തേടി നാട്ടിലുള്ള കുട്ടികളെല്ലാം ദൂരെയുള്ള മറ്റ് പല സ്കൂളുകളിലും ചേരുന്ന സ്ഥിതി വന്നു. പിന്നീട് നമ്മുടെ സ്ഥലത്തെ സ്കൂളിലും ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ നിർബന്ധിതമായി. അതോടെ കുട്ടികൾ കൂടിത്തുടങ്ങി. ഇവിടെയും കൂടുതൽ കുട്ടികൾ മലയാളം മീഡിയത്തിലാണെങ്കിലും നല്ല റിസൾട്ട് ഉണ്ടാക്കുന്നത് ഇംഗ്ലീഷ് മീഡിയം കുട്ടികൾ ആണ്. എന്തുകൊണ്ട്? ഇടയ്ക്ക് മറ്റൊന്നുകൂടി;  ഗ്രെയ്സ് മാർക്ക് കിട്ടുന്ന വിഭാഗങ്ങൾ കൂടുതലായുള്ള സ്കൂളുകളിൽ അതിന്റെ ബലത്തിൽ കൂടുതൽ എ പ്ലസുകൾ വാങ്ങി മറ്റ് സ്കൂളുകളെ കൊഞ്ഞനം കുത്തുകയാണ്. അദ്ധ്യാപനനിലവാരത്തിൽ ഈ സ്കൂളുകൾ തമ്മിൽ 
വ്യത്യാസമില്ലതാനും. (നിർബന്ധമെങ്കിൽ എല്ലാ വിധ ഗ്രേസ് മാർക്കുകളും ഉപരിപഠന അഡ്മിഷൻ സമയത്ത് മാത്രം പരിഗണിക്കണമെന്നാണ് എന്റെ പക്ഷം. മാർക്കിൽ അത് കൂട്ടരുത്.)
ഇനി വീണ്ടും ഞാൻ കേന്ദ്രീകരിച്ച വിഷയത്തിലേയ്ക്ക് വരാം. അഗോള ഭാഷയെന്ന നിലയിൽ ഇംഗ്ലീഷിൽ കുട്ടികളുടെ നിലവാരം വർദ്ധിപ്പിക്കുവാനുതകുംവിധം ഇംഗ്ലീഷ് പഠനം കുറച്ചു കൂടി വിപുലീകരിച്ച് മികവുറ്റതാക്കിയിട്ട് പഠന മാധ്യമം എല്ലാവർക്കും മലയാളം മീഡിയം ആക്കിയാൽ പോരേ? അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ഉദ്ദേശിച്ച് പണ്ട് മുതൽക്കേ നമ്മൾ പറഞ്ഞു വരുന്നുണ്ടല്ലോ, രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം നന്നല്ല എന്ന്; എന്നാൽ  ഇപ്പോൾ നമ്മുടെ പൊതു വിദ്യാലയങ്ങളിലും ഇതല്ലേ നടക്കുന്നത്? ഒരേ സ്കൂൾ. രണ്ടുതരം പൗരന്മാർ. രണ്ടു കൂട്ടരോടും രണ്ട് തരം സമീപനങ്ങൾ!
എൻട്രൻസ് പരീക്ഷയും,  മെഡിക്കൽ-എഞ്ചിനീയറിംഗ് പഠനം തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ ഒക്കെയും,  ഇംഗ്ലീഷിൽ ആണെന്നും പറഞ്ഞാണല്ലോ നല്ലൊരു വിഭാഗം രക്ഷകർത്താക്കൾ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കുന്നത്. ഇവരിൽ എത്രപേർ പിന്നീട് എൻട്രൻസ് പരീക്ഷയെങ്കിലും എഴുതുന്നു? എഴുതിയാൽ തന്നെ എത്ര പേർക്ക് കിട്ടുന്നു? എന്നാൽ ഇക്കാര്യത്തിൽ രക്ഷകർത്താക്കളുടെ അജ്ഞതയ്ക്ക് പരിഹാരമില്ലെന്ന് പറഞ്ഞ് നമുക്ക് മാറ്റി നിർത്താം. പക്ഷെ എന്തുകൊണ്ട് എല്ലാ എൻട്രൻസ് പരീക്ഷകളും മലയാളമുൾപ്പെടെയുള്ള മാതൃ ഭാഷകളിൽ എഴുതാൻ ഇനിയും അവസരമുണ്ടാക്കാൻ കഴിയുന്നില്ല.
കലാധരൻ മാസ്റ്റർ കുട്ടികൾക്കൊപ്പം ഒരു ദിവസം
സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം വന്നതുകൊണ്ടാണ് ഭൂരിഭാഗം രക്ഷകർത്താക്കളും അൺ എയ്ഡഡ് സ്കൂളുകൾ ഉപേക്ഷിച്ച് പൊതു വിദ്യലയങ്ങളെ ആശ്രയിച്ചു തുടങ്ങിയത് എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും ശരിയല്ല. മറിച്ച് അൺ എയ്ഡഡ് സ്കൂളുകളിലെ ബഹുവിധ ഫീസുകളും വണ്ടിച്ചെലവുമൊന്നും താങ്ങാനാവത്തതിനാലാണ് പലരും പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കൻ തയ്യാറാകുന്നത്. ഇന്ന് ആളുകളുടെ ഭൂരിപക്ഷത്തിന്റെയും സാമ്പത്തിക ഉൽക്കണ്ഠകൾ മുമ്പത്തേതിനേക്കാൾ വർദ്ധിച്ചിരിക്കുന്നു. അൺ എയ്ഡഡുകളിൽ ചേർത്താൽ കുട്ടികളെ ആദ്യന്തം അവിടെ തന്നെ പഠിപ്പിക്കാൻ തങ്ങളുടെ സാമ്പത്തികശേഷി നില നിൽക്കുമോ എന്ന ഭയം ഭൂരിഭാഗം രക്ഷകർത്താക്കളെയും ബാധിച്ചിരിക്കുന്നു. ഇത് പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.  എങ്കിലും പൊതു വിദ്യാലയങ്ങളോടുള്ള അവരുടെ സമീപനങ്ങളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. അത്തരക്കാരുടെ താല്പര്യാർത്ഥം മലയാളം മീഡിയത്തെ കുറ്റകരമായി അവഗണിച്ചുകൊണ്ട് ഇംഗ്ലീഷ് മീഡിയത്തെയും ഇംഗ്ഗ്ലീഷ് ഭാഷയെയും എത്രകാലം നമ്മൾ ഔദ്യോഗിക സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടുകളും ഉപയോഗിച്ച് പ്രമോട്ട് ചെയ്യും? മലയള ഭാഷയുടെ മരണം വരെയോ?
ഇനി മറ്റൊന്നു കൂടി പറഞ്ഞ് നിർത്താം. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പഠിക്കുന്ന കുട്ടികൾക്ക് എസ് എസ് എൽ സി മോഡലിൽ രണ്ടു ഭാഷയിലും ഒരേ ചോദ്യങ്ങൾ ചോദിച്ച് പരീക്ഷ എഴുതിച്ചിട്ട് പൊതു സദസ്സിൽ വച്ച് വിദഗ്ധരായ ഒരു പാനലിനെ കൊണ്ട് ആ പേപ്പറുകൾ സത്യസന്ധമായി നോക്കിക്കുക. ഇംഗ്ലീഷ് മീഡിയം കുട്ടികൾ എഴുതിയതാണോ മലയാളം മീഡിയം കുട്ടികൾ എഴുതിയതാണോ കൂടുതൽ കുറ്റമറ്റതെന്ന് നോക്കാം. നോക്കുന്നത് സത്യസന്ധമായാണെങ്കിൽ മലയാളം മീഡിയം കുട്ടികൾ കൂടുതൽ മാർക്ക് നേടും. അതായത് പരീക്ഷകളിൽ സംഭവിക്കുന്നത് മലയാളത്തിലെ കുട്ടികൾ എഴുതിയത് വ്യക്തമായി വായിക്കാൻ കഴിയും. തെറ്റെഴുതിയാൽ മനസ്സിലാക്കാൻ കഴിയും. ഇംഗ്ലഷ് മീഡിയം കുട്ടികൾ എഴുതുന്നത് തെറ്റോ ശരിയോ എന്നു പോലും പേപ്പർ നോക്കുന്നവർക്ക് മനസ്സിലാകില്ല. ഇംഗ്ലീഷ് മിഡിയമല്ലേ, പഠിക്കുന കുട്ടികൾ ആയിരിക്കും എന്നു കരുതി അവർക്ക് കൂടുതൽ മാർക്കിടും.
തട്ടത്തുമല ഗവ.എച്ച്.എസ്.എസ് പൂർവ്വവിദ്യാർത്ഥിസംഗമത്തിൽ ഈ ലേഖകൻ
ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് ഇപ്പോഴത്തെ മോഡലിലുള്ള ചോദ്യങ്ങൾക്ക് മാതൃഭാഷയല്ലാത്ത ഇംഗ്ലീഷിൽ ഉത്തരങ്ങൾ എഴുതി ഫലിപ്പിക്കാനുള്ള നിലവാരം എത്രത്തോളമുണ്ടെന്ന് അദ്ധ്യാപന രംഗത്ത് നിൽക്കുന്ന എല്ലാവർക്കും അറിയാം. സാധാരണ ജനത്തിനറിയില്ലെന്നു മാത്രം! എന്നാൽ ഇപ്പോഴത്തെ മലയാളം മീഡിയം കുട്ടികളുടെയും അക്ഷരജ്ഞാനം എത്രത്തോളമാണെന്നത് ഇപ്പോൾ പരക്കെ ചർച്ചാ വിഷയമണ്. അക്ഷാർത്തെറ്റുകളുടെ മേളം. എന്നാലും ചോദ്യങ്ങൾക്ക് ഉത്തരം വായിക്കുന്നവർക്ക് മനസ്സിലാകും വിധം എഴുതി ഫലിപ്പിക്കൻ അവർക്ക് കഴിയും. ഇംഗ്ലീഷ് മീഡിയം കുട്ടികളാകട്ടെ ഗുരുതരമായ സ്പെല്ലിംഗ് മിസ്റ്റേക്കുകളുടെയും  ഗ്രാമർ മിസ്റ്റേക്കുകളുടെയും അകമ്പടിയോടെ എഴുതി വയ്ക്കുന്നത് വായിക്കുന്നവർക്ക് പോയിട്ട് എഴുതുന്ന ആ കുട്ടികൾക്കെങ്കിലും മനസ്സിലാക്കാൻ സാധിക്കുമോ എന്ന് സംശയമാണ്. ഞാനീ പറഞ്ഞ കാര്യങ്ങൾ കേവലം സാമാന്യവൽക്കരിച്ച് പറയുകയാണെന്ന് പറഞ്ഞ് വെണമെങ്കിൽ തള്ളികളയാം. എന്നാൽ ഞാൻ ഈ കുറിപ്പിൽ എഴിതിയ വരികൾക്കിടയിൽ നിഷേധിക്കാനാകാത്ത പല സത്യങ്ങളുമുണ്ടെന്ന് 
ഞാൻ ഉറച്ചു തന്നെ വിശ്വസിക്കുന്നു. 

ഒരു അഭിപ്രായം കൂടി കൂട്ടിച്ചേർക്കുന്നു; പൊതുവിദ്യാലയങ്ങളിൽ മലയാളം മീഡിയം പഠിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കും ഉപരിപഠനത്തിന് ചേരാൻ പ്രത്യേക വെയിറ്റേജും നൽകണം.മറ്റ് ഗ്രേസ് മാർക്കുകൾ നിർത്തലാക്കണം. ഉപരിപഠനത്തിന് വേണമെങ്കിൽ പാഠ്യേതര പ്രവർത്തന മികവുകൾക്ക് ചെറിയ ഗ്രേസ് മാർക്കോ വെയിറ്റേജോ നൽകാം. .

തട്ടത്തുമല ഗവ.എച്ച്.എസ് എസ് പൂർവ്വവിദ്യാർത്ഥിസംഗമം

Friday, April 20, 2018

ക്രൂരത ആർ എവിടെച്ച ചെയ്താലും ക്രൂരത തന്നെ

ക്രൂരത ആർ എവിടെച്ച ചെയ്താലും ക്രൂരത തന്നെ

ഏത് മതത്തിന്റെ ആയാലും അവരുടെ ദേവാലയങ്ങൾക്കുള്ളിൽ പുണ്യ പ്രവൃത്തികൾ മാത്രമാണ് നടക്കുന്നതെന്ന് വിശ്വസിക്കുവാനുള്ള ബാദ്ധ്യത എനിക്കില്ല. ഞാൻ ഒരു വിശ്വാസത്തെയും ബഹുമാനിക്കുന്നതല്ലാതെ പിൻ പറ്റുന്നില്ല. അതുകൊണ്ടു തന്നെ കാശ്മീരിലെ ക്വത്വയിൽ ബാലിക പീഡിപ്പിക്കപ്പെട്ടത് ദേവാലയത്തിനകത്തോ പുറത്തോ എന്ന് നോക്കിയല്ല ആ കുറ്റകൃത്യത്തിന്റെ ഭീകരത അളക്കുന്നത്. എന്നാൽ വിശ്വാസികൾ അവർ ആരാധിക്കുന്ന ഒരു ദേവാലയത്തിനുള്ളിൽ വച്ച് ഇങ്ങനെ ഒരു ക്രൂരത ചെയ്യുമ്പോൾ സ്വന്തം വിശ്വാസത്തോടും ദേവാലയത്തോടും കാട്ടുന്ന ക്രൂരത കൂടിയായി അത് മാറുന്നു. അതുകൊണ്ടുതന്നെ ദേവാലയത്തിന്റെ കാര്യം എടുത്തു പറഞ്ഞ് പ്രതിഷേധിക്കുന്നതിൽ കുറ്റം കാണാനാകില്ല. 

ഒരു സാധാരണ ക്രിമിനൽ ചെയ്യുന്ന അതേ കുറ്റം ഒരു മത പണ്ഠിതനോ അദ്ധ്യാപകനോ ചെയ്താൽ അതവരുടെ മഹനീയ സ്ഥാനത്തിനെ കൂടി കളങ്കപ്പെടുത്തുന്നതാകും. അതുകൊണ്ട് ആ സ്ഥാനങ്ങളിലിരുന്ന് കുറ്റകൃത്യം ചെയ്യുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം കുറേക്കൂടി ശക്തമായിരിക്കും. ഇവിടെ അമ്പലത്തിൽ വച്ച് ഒരു ക്രൂരത വിശ്വാസികൾ തന്നെ ചെയ്യുമ്പോൾ ഇത് പള്ളിയിലും ചർച്ചിലും നടന്നിട്ടില്ലേ നടക്കുന്നില്ലേ എന്ന് ചോദിച്ചാൽ പള്ളിയിലും ചർച്ചിലും നടന്നിട്ടുള്ളത് അമ്പലത്തിലുമാകാം എന്ന് പറയുന്നതിനു തുല്യമാണ്. 

പള്ളിയിലും ചർച്ചിലും വച്ച് അത്തരം ക്രൂരതകൾ ചെയ്തിട്ടുണ്ടെങ്കിൽ ജനം അമ്പലത്തിൽ നടക്കുന്ന അതേ ഗൗരവത്തിൽ തന്നെ കണ്ടിട്ടുണ്ട്. കാണണം. അപ്പോഴും അമ്പലത്തെ പറ്റി ചോദിക്കുമ്പോൾ പള്ളിയെക്കുറിച്ചും ചർച്ചിനെക്കുറിച്ചും ചോദിക്കുന്നവരെ പോലെ തിരിച്ചും സമാന സംഭവങ്ങൾ പള്ളിയിൽ വച്ച് നടക്കുമ്പോൾ അമ്പലത്തെയും ചർച്ചിനെയും കുറിച്ച് ചോദിക്കുന്ന ചിലരുണ്ടാകും. ചർച്ചിൽ വച്ച് സമാന കുറ്റം നടക്കുമ്പോൾ മസ്ജിദിനെയും അമ്പലത്തെയും പറ്റി ചോദിക്കുന്ന ചിലരും ഉണ്ടാകും. അത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരുടെ മനോനിലയെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. 

ഒരു യഥാർത്ഥ വിശ്വാസിയാണെങ്കിൽ മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ എന്ത് മോശപ്പെട്ട കാര്യങ്ങൾ നടന്നാലും എന്റെ ആരാധനാലയത്തിനുള്ളിൽ അത് നടക്കരുതെന്നാണ് വിശ്വസിക്കേണ്ടത്. അത് ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും. ഇനി കാശ്മീരിൽ നടന്നതുപോലുള്ള സംഭവങ്ങൾ ഒരു ദേവാലയത്തിൽ വച്ച് നടക്കുമ്പോൾ വിശ്വാസികൾ എന്ന് പറഞ്ഞ് നടക്കുന്നവരുടെ കാപട്യം കൂടിയാണ് പുറത്ത് വരുന്നത്. അവർക്ക് യഥാർത്ഥത്തിൽ വിശ്വാസവുമില്ല. ദൈവ ഭയവുമില്ല. ഒന്നുമില്ല. ദേവാലയങ്ങൾ അവർക്ക് പുണ്യ സ്ഥലങ്ങളുമല്ല. 

പല മതങ്ങളിലും പെട്ടവർ എത്രയോ സ്ഥലത്ത് സ്വന്തം ആരാധനാലയങ്ങൾ ആയുധപ്പുരകളാക്കുന്നു. ആരാധനാലയങ്ങൾ ബോംബ് വച്ച് തകർക്കുന്നു. അവരൊക്കെ ഏത് ദൈവത്തിന്റെ മക്കളാണ്? ബലാത്സംഗം ചെയ്തയാലും ബോംബ് വച്ചായാലും അന്യമതസ്ഥരെ കൊല്ലുന്നത് പുണ്യ കർമ്മമാണെന്ന് (ചിലർക്ക് അത് രാജ്യസ്നേഹവും ചിലർക്ക് മരണാനന്തരം സ്വർഗ്ഗപ്രവേശനത്തിനുള്ള എളുപ്പമാർഗ്ഗവുമത്രേ) കരുതുന്നവരെ പറ്റി എന്ത് പറയാൻ! കൊടും ക്രൂരതകളെ ന്യായീകരിക്കാൻ സമാന ക്രൂരതകളുമായി താരതമ്യം ചെയ്ത് വരുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്.

Monday, December 25, 2017

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ


പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

ഇ.എ.സജിം തട്ടത്തുമല

(നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പാലിച്ചാൽ മതി).

1. എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന മട്ടിലുള്ള ആ മസിൽ ആദ്യം തന്നെ അങ്ങ് വിടുക.
2. എല്ലാ ദിവസവും പത്രം വായിക്കുക. പ്രത്യേകിച്ചും വനിതാ അദ്ധ്യാപകർ ( രവിലെ പത്രമെടുത്ത് ഭർത്താവിന്റെ തലയ്ക്കു മീതെ വലിച്ചെറിയരുത്). ടി വി വാർത്തകൾ കാണുക.
3.പാഠ പുസ്തകങ്ങൾ നന്നായി വായിച്ചിട്ടു മാത്രം ക്ലാസ്സിൽ വരിക
4. നിങ്ങൾ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുക
5. എപ്പോഴും പഠനം മാർക്ക് എന്നിവയെക്കുറിച്ച് മാത്രം പറയാതെ കുട്ടികളുടെ സർഗ്ഗാതമതകൾ കൂടി കണ്ടെത്തി പുറത്തെടുക്കുക. അത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി കൂടി ചർച്ച ചെയ്യുക
6. സമ്പന്ന കുടുംബങ്ങങ്ങളിൽ നിന്നു വരുന്നവരെയും സൗന്ദര്യമുള്ള കുട്ടികളെയും മാത്രം ശ്രദ്ധിക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണുക.
7. പഠിക്കാൻ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈൻമെന്റുകളും ഒക്കെ കൊടുക്കുമ്പോൾ അത് കുട്ടികൾ നെറ്റിൽ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ വർക്കുകൾ ചെയ്യാൻ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം ഉത്തരവാദിത്വങ്ങൾ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലിൽ കെട്ടിവയ്ക്കാതിരിക്കുക)
8. അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
9. നല്ല വായനയെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് നൽകുക. അതെ പറ്റി ക്ലാസ്സിൽ ചർച്ചകൾ സംഘടിപ്പിക്കുക
10. അദ്ധ്യാപക പരിശീലന പരിപാടികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കുക.
11. നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃകയാകുക.
12. ലളിതമായ വേഷം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ കുട്ടികൾക്ക് മാതൃകയാകുക.
13. സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കളുമായും നാട്ടുകാരുമായും കുടുംബാംഗങ്ങളോടെന്ന പോലെ ബന്ധം സ്ഥാപിക്കുക
14. സ്കൂളിലെ യുവജനോത്സവം മറ്റ് പൊതു പരിപാടികൾ എന്നിവ ഏതാനും അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി കണ്ട് ഒഴിഞ്ഞു നില്ക്കുകയോ പരിപാടി നടക്കവെ നേരത്തെ വീട്ടിൽ പോകുകയോ ആ ദിവസങ്ങളിൽ വാരാതെ വീട്ടിലിരിക്കുകയോ ചെയ്യാതിരിക്കുക
15. വരുമാനത്തിൽ ഒരു ചെറു വിഹിതം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പാവപ്പെട്ട കുട്ടികൾക്ക് അത്യാവശ്യം സഹയങ്ങൽക്കോ ചെലവാക്കുക
16. മുഖം നോക്കി സി ഇ മാർക്ക് നൽകാതിരിക്കുക.
17. നൂലിൽ പിടിച്ച് കുട്ടികൾക്ക് മാർക്കിടാതിരിക്കുക. കുട്ടികൾ ജയിക്കണം എന്ന മനോഭാവത്തോടെ ഉത്തര കടലാസുകൾ നോക്കണം. അല്ലാതെ വിദ്യാർത്ഥികളെ യുദ്ധകാലത്തെ ശത്രുരാജ്യത്തെ പോലെ കാണരുത്.
18.ഇന്റർനെറ്റ് സാധ്യതകളെ വിദ്യാഭ്യാസത്തിനും നല്ല കാര്യങ്ങൾക്കുമായി എങ്ങനെ പ്രയോജനപെടുത്താമെന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും പഠിപ്പിക്കുക.
19. പ്രൊജക്ടറും മറ്റുമുള്ള സ്മാർട്ട് ക്ലാസ്സുകൾ ആയില്ലെങ്കിൽ ലാപ് ടോപ്പിന്റെ സഹായത്താലെങ്കിലും കുട്ടികൾക്ക് വിഷ്വൽസും നല്ല ക്ലാസ്സുകളും ഒക്കെ കാണിച്ചു കൊടുക്കുക.
20. വല്ലപ്പോഴും കുട്ടികളുമായി പുറത്തിറങ്ങി നാട്ടിലും വീടുകളിലുമൊക്കെ പോയി പരിസര പഠനം നടത്തി സമൂഹത്തെയും പരിസ്ഥിതിയെയും അറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുക
21. തെറ്റുകൾ ചെയ്യുന്ന കുട്ടികളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി നേർ മാർഗ്ഗത്തിലേയ്ക്ക് നയിക്കുക
22. ചെറിയ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ കൊടും കുറ്റവാളികളെ കാണുന്നതുപോലെ കാണാതിരിക്കുക.
23. സ്വന്തം കുട്ടികളെ വല്ലപ്പോഴും സ്കൂളിൽ കൊണ്ടു വന്ന് അവിടുത്തെ കുട്ടികളുമായി ഇടപഴുകാൻ അവസരം നൽകുക. അദ്ധ്യപകൻ/ അദ്ധ്യാപിക നമ്മുടെ കുടുംബാംഗത്തെ പോലെയാണെന്ന് ബോധം കുട്ടികളിൽ സൃഷ്ടിക്കുക
24. കുട്ടികളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ദു;ഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കുക
25. സമ്പന്നരെന്നോ ദരിദ്രരെന്നോ മേൽ ജാതി കീഴ്ജാതിയെന്നോ ഉള്ള ചിന്ത കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
26. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
27. ബിവറേജസിന്റെ ക്യൂവിലോ ബാറുകളിലോ വച്ച് രക്ഷകർത്താക്കളോ കുട്ടികളോ അദ്ധ്യാപകരെ കാണാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
27. അദ്ധ്യപികമാർ ഫാഷൻ ഷോയുമായി സ്കൂളി വരാതെ മാന്യമായതും ലളിതവുമായ വസ്ത്രവും ധരിച്ച് സ്കൂളിൽ എത്തുക.
28. കുട്ടികളെ പോലെ അദ്ധ്യപകരും യൂണിഫോം ധരിച്ചെത്തുന്നത് നല്ലതായിരിക്കും
29. അനാവശ്യമായ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും അദ്ധ്യാപകരുടെ വ്യക്തിജീവിതത്തിൽ നിന്ന് ഒഴിവാക്കുക
30. അദ്ധ്യാപകരും കുട്ടികളും തമ്മിൽ അടിമ ഉടമ ബന്ധമല്ല വേണ്ടത്. സുഹൃത്തുക്കളെ പോലെ പെരുമാറണം. എന്നാൽ കുട്ടികൾക്ക് അദ്ധ്യാപകരോടുള്ള ബഹുമാനത്തിന് ഒട്ടും കുറവു വരികയുമരുത്.

(ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാൻ മാത്രം വിഢിയൊന്നുമല്ല ഞാൻ; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

Tuesday, December 19, 2017

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഗുണപാഠം


ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഗുണപാഠം

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ബി ജെ പി തകർപ്പൻ ജയം നേടുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. അത് ഞാൻ മുമ്പേ എഴുതിയിരുന്നു. എന്നാൽ ബി ജെ പിയ്ക്ക് തകർപ്പൻ വിജയം ഉണ്ടായില്ലെന്ന് മാത്രമല്ല ഒരു മുസ്ലിം നാമധാരിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിട്ടും കോൺഗ്രസ്സ് നല്ല മുന്നേറ്റം നടത്തി എന്നത് ആശ്വാസം പകരുന്നുണ്ട്. വർഗ്ഗീയമായി എത്ര ഉഴുതുമറിച്ചാലും രാഷ്ട്രീയമായി ഇച്ഛാശക്തിയൊടെ നേരിട്ടാൽ ഗുജറാത്തിലും അതിനെ അതിജീവിക്കാം എന്ന് ഇത് തെളിയിക്കുന്നു. 

കോൺഗ്രസ്സും ഇപ്പോൾ ഗുജറാത്തിൽ അല്പം ഹിന്ദുത്വരാഷ്ട്രീയം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല. എങ്കിലും ഇന്ത്യയിലെ മതേതര ശക്തികൾ ഒത്തു പിടിച്ചാൽ ഒരു പരിധിക്കപ്പുറം നഷ്ടപ്പെട്ട ഇന്ത്യയുടെ നഷ്ടപ്പെട്ട മതേതര മുഖം വീണ്ടെടുക്കാനാകും. നേതാക്കന്മാരുടെ അധികാര അതി മോഹങ്ങൾ കാരണം ചിന്നിച്ചിതറിക്കിടക്കുന്ന മതേതര കഷികൾ രാജ്യ താല്പര്യം മാത്രം മുൻനിർത്തി ഒന്നിക്കാൻ തീരുമാനിച്ചാൽ ബി ജെ പിയും അവരുയർത്തുന്ന വർഗ്ഗീയതയുമൊക്കെ ദുർബലപ്പെടും. 

വെറും പണശക്തിയും വർഗ്ഗീയതയും മാത്രം ഉപയോഗിക്കുന്ന ഒരു പാർട്ടിയല്ല ബി ജെ പി എന്നും തിരിച്ചറിയണം. ശക്തമായ സംഘടനാ സംവിധാനങ്ങളും ബുദ്ധികേന്ദ്രങ്ങളും ശക്തരായ നേതാക്കളും ആർ എ എസ് എസിന്റെ നിയന്ത്രണവുമുള്ള ഒരു പ്രസ്ഥാനമാണ് ബി ജെ പി. അതിനെ കേവലമായ ഇലക്ഷൻ തന്ത്രങ്ങൾ കൊണ്ടു മാത്രം നേരിടാനാകില്ല. ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിൽ മുസ്ലിങ്ങളുടെ പോലും വോട്ടു നേടാൻ ബി ജെ പിയ്ക്ക് കഴിഞ്ഞുവെന്നത് അതിനു തെളിവാണ്. എതിരാളിയുടെ ശക്തി മനസ്സിലാക്കാതെയുള്ള പോരാട്ടങ്ങൾ കൊണ്ട് പ്രയോജനമില്ല. 

കുറച്ചു കൂടി ആത്മ വിശ്വാസത്തോടെ നേരിട്ടിരുന്നുവെങ്കിൽ ഗുജറാത്തിൽ കോൺഗ്രസ്സിന് നേരിയ ഭൂരിപക്ഷത്തിലെങ്കിൽഉം ജയിക്കാമായിരുന്നു എന്ന് തെരഞ്ഞെടുപ്പ്ഫലം തെളിയിക്കുന്നു. ബി ജെ പിയ്ക്ക് ഇപ്പോൾ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഒരുപാട് ഗുണപാഠങ്ങൾ ഗുജറാത്ത് ഇലക്ഷൻ നൽകുന്നുണ്ട്. അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ഫാസിസത്തിന്റെയും തത്വശാസ്ത്രം പ്രയോഗിച്ച് അധികനാൾ അധികാരം നിലനിർത്താൻ കഴിയില്ലെന്നതുതന്നെ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗുണപാഠം.

Friday, December 8, 2017

എത്രസുന്ദരം ബഹുസ്വരസമൂഹം


എത്രസുന്ദരം ബഹുസ്വരസമൂഹം

ഞാൻ ഒരു മതവിസ്വാസത്തെയും പിൻപറ്റുന്ന ആളല്ല. പക്ഷെ നിർമതരും നിരീശ്വരവാദികളും മാത്രമുള്ള ഒരു രാജ്യമോ ലോകമോ എന്റെ സ്വപ്നത്തിലേ ഇല്ല. കാരണം. എല്ലാ മതങ്ങളും മതമില്ലാത്തവരും ദൈവ വിശ്വാസികളും നിരീശ്വരവാദികളും കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ബി ജെ പിയും എല്ലാമുള്ള വൈവിദ്ധ്യപൂർണ്ണമായ ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിലാണ് ഞാൻ ജീവിച്ച് പരിചയിച്ചത്.

ഏതെങ്കിലും ഒരു മതം മാത്രമുള്ളതൊ, ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി മാത്രമുള്ളതോ ആയ ഒരു രാജ്യത്ത് ഒരു പൗരനായി എനിക്ക് ജീവിക്കുവാൻ കഴിയില്ല. ഏകമതം, ഏകകക്ഷി ഇവകളോടൊന്നും എനിക്ക് പൊരുത്തപ്പെടാനാകില്ല. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷവും അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം. അക്രമ രാഹിത്യത്തിലും സഹിഷ്ണുതയിലും അടിയുറച്ച സംവാദാത്മകവും വൈവിദ്ധ്യപൂർണ്ണവുമായ ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിൽ ജീവിക്കുന്നതിന്റെ സുഖം ഒരു ഫാസിസ്റ്റ്-ഏകാധിപത്യ രാജ്യത്ത് ലഭിക്കില്ല. 

ലോകത്തെ ഒരു രാജ്യത്തെയും ഉദാഹരണമായി ചൂക്കാട്ടേണ്ട. ഏകാധിപത്യവും മതാധിപത്യവും ഫാസിസവും നിലനിൽക്കുന്ന ഏതൊരു രാജ്യവും കാലന്തരേ ജനാധിപത്യത്തിലേയ്ക്ക് പുരോഗമിച്ചേ മതിയാകൂ. അത് ഇന്നലെങ്കിൽ നാളെ. അല്പം വൈകിയാലും അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം ആധുനിക കാലത്ത് എല്ലാവരും സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ആളുകളുടെ വ്യക്തിത്വ വികാസത്തിന് അനുഗുണവുമായ ഭരണ വ്യവസ്ഥ ജനധിപത്യമാണ്.

മതങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകില്ലേ?


മതങ്ങൾ മാറ്റങ്ങൾക്ക്  വിധേയമാകില്ലേ?

മതങ്ങൾ മാറുമോ? മാറില്ലെന്നും മാറ്റാൻ പറ്റാത്തതെന്നും മാറിക്കൂടെന്നും മാറ്റിക്കൂടെന്നും മതപ്രബോധനങ്ങൾ അനന്ത സത്യങ്ങണെന്നുമൊക്കെ വാദിക്കുന്നവർ ഉണ്ടായിരിക്കാം. പക്ഷെ മത ഗ്രന്ഥങ്ങൾ അങ്ങനെ തന്നെ നില നിൽക്കുമെങ്കിലും മതങ്ങളും കാലത്തിനൊപ്പം സൗകര്യപൂർവ്വം മാറും എന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

പണ്ട് എന്നെ പഠിപ്പിച്ച ഒരു ഉസ്താദ് ഉണ്ടായിരുന്നു. ഒരു പാവം നല്ല മനുഷ്യനായിരുന്നു.   ഫോട്ടോ എടുക്കുന്നതും ആളുടെ പ്രതിരൂപം വരയ്ക്കുന്നതും തെറ്റാണെന്ന് അദ്ദേഹം നമ്മളെ പഠിപ്പിച്ചു. അപ്പോഴും മുസ്ലിം കല്യാണവീടുകളിൽ ഫോട്ടോ എടുപ്പ് തകൃതിയിൽ നടന്നു. പിന്നീട് ആ ഉസ്താദ് പാസ്പോർട്ട് എടുത്തതായി അറിഞ്ഞു. പാസ്പോർട്ട് എടുക്കണമെങ്കിൽ ഫോട്ടോ എടുക്കണമല്ലോ. ഞാൻ ഉസ്താദിനോട് ചോദിച്ചു ഉസ്താദ് പാസ്പോർട്ടിനായി ഫോട്ടോ എടുത്തത് അനിസ്ലാമികം അല്ലേയെന്ന്. അപ്പോൾ ഉസ്താദ് പറഞ്ഞു. പാസ്പോർട്ട് എടുക്കുന്നത് പേർഷ്യയിൽ പോകാനാണ്. പേർഷ്യ ഇസ്ലാമിക രാഷ്ട്രംആണ്. അതുകൊണ്ട് അതിനായി ഒരു ഫോട്ടോ എടുക്കുന്നതിൽ തെറ്റില്ല. അന്ന് ഞാൻ അത് വിശ്വസിച്ചു. ഉസ്താദിനെ സംബന്ധിച്ചിടത്തോളം പാസ്പോർട്ടിനെ സംബന്ധിച്ച ജ്ഞാനം അത്രയേ ഉണ്ടായിരുന്നുള്ളൂ. (ഇന്നത്തെ ഉസ്താദന്മാരെ പോലെ അത്ര വലിയ പണ്ഠിതനൊന്നുമായിരുന്നില്ല അന്നത്തെ ആ ഉസ്താദ്).

ഇപ്പോൾ ഉസ്താദന്മാർ അടക്കം സെൽഫിയെടുക്കുന്നു. സ്റ്റില്ലും വീഡിയോയും ഒക്കെ. കല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നത് മുമ്പ് ചില ഉസ്താദന്മാർ വിലക്കിയിരുന്നു. അങ്ങനെയാണ് കല്യാണം എവിടെ വച്ച് നടന്നാലും ഉസ്താദിന്റെ സാന്നിദ്ധ്യം ആവശ്യമായ നിക്കാഹ് തൊട്ടടുത്തുള്ള ഏതെങ്കിലും പള്ളിയിലോ തയ്ക്കാവിലോ വച്ച് നടത്തുന്നത്. താലികെട്ടും മാലയിടലുമൊക്കെ വീഡിയോയുടെ അകമ്പടിയോടു കൂടി കല്യാണ ഹാളിൽ വച്ചു തന്നെ നടക്കും. എന്നാൽ ഇപ്പോൾ കല്യാണത്തിനു വന്നാൽ വീഡിയോക്ക് സന്തോഷത്തോടെ പോസ്സ് ചെയ്യുന്ന ഉസ്താദന്മാരും ഇല്ലാതില്ല. ഫോട്ടോ എടുത്തുകൂടെന്ന് പറയുന്ന ഇസ്ലാമത പണ്ഡിതന്മാർ നടത്തുന്ന മത പ്രഭാഷണങ്ങളുടെ വീഡിയോ ഇന്ന് നെറ്റിൽ സുലഭം, അതൊക്കെ കണ്ടാണ് ഞാൻ ഇസ്ലാമിനെ കുറിച്ച് കുറച്ച് അറിവുകൾ നേടിയതു തന്നെ. ഇപ്പോൾ ചില ഉസ്താദന്മാർ കല്യാണത്തിനു വന്നാൽ വീഡിയോ ഇല്ലേ എന്ന് അങ്ങോട്ട് ചോദിക്കുന്നു.

ഓണം ആഘോഷിക്കുന്നത് അനിസ്ലാമികം എന്ന് ഒരിക്കൽ ഒരു ഉസ്താദ് പ്രസംഗിക്കുന്നതുകേട്ടു. ഇവിടെ ആ വർഷം അത്തപ്പൂക്കള മത്സരത്തിനു സമ്മാനം കിട്ടിയത് ഒരു മുസ്ലിം കുടുംബത്തിന്. അവരെ ഇസ്ലാമിൽ നിന്ന് ഇതുവരെയും പുറത്താക്കിയതായി അറിവില്ല. പണ്ട് ആശുപത്രിയിൽ കൊണ്ടു പോയി കുട്ടികളെ സുന്നത്ത് ചെയ്യുന്നത് മഹല്ലിൽ മുറുമുറുപ്പുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് ആശുപത്രികളിൽ വച്ച് മാത്രമേ സുന്നത്ത് നടക്കുന്നുള്ളൂ. പണ്ട് മുസ്ലിങ്ങൾക്ക് മുസ്ലിം ബാർബറമാരേ മുടി വെട്ടാവൂ ഷേവ് ചെയ്യാവൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇന്ന് മുസ്ലിം ബാർബർമാർ ദുർലഭമായപ്പോൾ ആ ശാസനവും ഇല്ലാതായി. ശാസ്ത്രവിരുദ്ധമായ പല കാര്യങ്ങളും എല്ലാ മതങ്ങളുടെയും മതഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും അത് ഏത് മതസ്ഥർ കണ്ടു പിടിച്ചതെന്നു പോലും നോക്കാതെ എല്ലാ മതസ്ഥരും ഉപയോഗിക്കുന്നു.

ഈ മാറ്റങ്ങളൊന്നും കുറ്റമായി ഞാൻ കാണുന്നില്ല. കാലം മാറുമ്പോൾ മനുഷ്യൻ മാറും. അതിൽ നിന്ന് മാറി നിൽക്കാൻ മതങ്ങൾക്കോ ഒരു പ്രത്യയശാസ്ത്രങ്ങൾക്കോ കഴിയില്ല. അതുകൊണ്ട് മതങ്ങളായാലും വിശ്വാസികൾക്ക് ആചരിക്കാനും അനുഷ്ഠിക്കാനും പാലിക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രം പറയുക. ആ പറയുന്നത് ചെയ്യുക. അല്ലാതെ വിശ്വാസികൾക്ക് ലംഘിക്കനാായി മാത്രം പഴയ ശാസനകൾ നൽകരുത്. അല്ലെങ്കിൽ പണ്ട് കർശനമായ ആചാരനിഷ്ഠകൾ കാരണം ഹിന്ദുമതത്തിൽ നിന്ന് ആളുകൾ ബുദ്ധമതത്തിലേയ്ക്കും ജൈന മതത്തിലേയ്ക്കും പോയതുപോലെയാകും. പിന്നെ ശ്രീ ശങ്കരാചാര്യരും മറ്റും ഒരുപാട് പാട് പെട്ടാണ് ഹിന്ദു മതത്തെ പുനരുദ്ധരിച്ചത്. കുറച്ചുകൂടി ലിബറലായപ്പോൾ ഹിന്ദുമതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കുറഞ്ഞു. ഇന്ന് ബുദ്ധമതവും ജൈന മതവും ദുർബലമാണ്. ഇസ്ലാമതം അടക്കം എല്ലാ മതങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. അഥവാ ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അവർ മതങ്ങളെയും ദൈവങ്ങണെയുമൊക്കെ ആശ്രയിക്കുന്നത്.

ഇതിപ്പോൾ മതങ്ങൾ തന്നെ രാജ്യത്തിനും ലോകത്തിനും സ്വൈരതയും സമാധാനവും നൽകുന്നില്ലെന്നു വന്നാൽ ആളുകൾ മതങ്ങളിൽ നിന്നകലും. പിന്നെ പാവം ഇത്തിരിപ്പോന്ന യുക്തിവാദികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മതത്തിന്റെ പേരിൽ സഹിഷ്ണുതയും സംഘർഷങ്ങളും അരുതെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകളെയും കുറ്റം പറയരുത്. മാറാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് മാർക്സ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ഭാവിയിലും മതങ്ങളുടെ പ്രസക്തിയെ ഒന്നും ചോദ്യം ചെയ്യുന്നില്ല. സമൂഹത്തിനു ഗുണകരമായി മതങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അവ നില നിൽക്കുന്നതിലും ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ ലോകത്തിന്റെ സമാധാനത്തിനും പുരോഗതിയ്ക്കും മതങ്ങൾ പ്രതിബന്ധമാകരുത്.

Wednesday, February 13, 2013

ദർശനാ ടി.വിയിൽ ഞാനും...........


ദർശനാ ടി.വിയിലെ  ഇ-ലോകവും ബ്ലോഗ്ഗർ ഓഫ് ദി വീക്കും

ഒരു എളിയ ബ്ലോഗ്ഗർ എന്ന നിലയിൽ ദർശനാ ടി.വിയെപ്പറ്റി ഏതാനും  നല്ല വാക്കുകൾ പറയണമെന്ന് അടുത്ത് കുറച്ചുനാളായി വിചാരിക്കുന്നു. അതിനുള്ള പ്രചോദനം ബൂലോഗത്തിന് അവർ നൽകുന്ന അംഗീകാരവും പ്രോത്സാഹനവുമാണ്. ഏതെങ്കിലും ഒരു ദൃശ്യ മാധ്യമത്തിൽ നിന്ന് ബൂലോഗത്തിനും ബ്ലോഗ്ഗർമാർക്കും ഇങ്ങനെ അകമഴിഞ്ഞൊരു പ്രോത്സാഹനവും പ്രചാരവും നൽകുന്നത് ദർശനാ  ടി.വിയാണ്.   അതുകൊണ്ട് അതേപ്പറ്റി അല്പം ചിലതെഴുതാൻ ഇനി  വൈകിപ്പിക്കുന്നില്ല.  ഇപ്പോൾ ഞാൻ അതിനു കടമപ്പെട്ടുമിരിക്കുന്നു. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമുക്കൊരു സന്തോഷം തരുന്നവരോട് നാം ഒരു താങ്ക്സ് എങ്കിലും പറയുന്നത് നമ്മൾ അനുവർത്തിക്കുന്ന-അനുവർത്തിക്കേണ്ടുന്ന-  നല്ല ശീലങ്ങളിൽ ഒന്നാണല്ലോ. അങ്ങനെ ഒരു താങ്ക്സ് ആണ്, ഒരു നന്ദിവാക്കാണ് ഈ ലേഖനം.
ഇതിനകം മലയാളബൂലോഗം അതിന്റെ ബാലരിഷ്ടതകൾ മാറി വളർന്നു വികാസം പ്രാപിച്ചിട്ടുണ്ട്. അതിപ്പോഴും വളർന്നുകൊണ്ടുതന്നെയിരിക്കുന്നു. ബ്ലോഗ് ഉൾപ്പെടെ ഇന്റർനെറ്റുമായി ബന്ധപ്പെട്ട നവമാധ്യമങ്ങളുടെ പ്രാരംഭദശകളിൽ മറ്റ് പരമ്പരാഗത മാധ്യമങ്ങൾ അഥവാ മുമ്പേവന്നമാധ്യമങ്ങൾ  അവയെ അത്രകണ്ട് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ പിന്നീട് കണ്ണടച്ചാൽ ഇരുട്ടാകില്ലെന്ന തത്വത്തിൽ  അല്പാല്പം ശ്രദ്ധിച്ചു തുടങ്ങി. പിന്നെപ്പിന്നെ അവയെ തീരെ അവഗണിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യവുമായി എല്ലാവർക്കും പൊരുത്തപ്പെടേണ്ടി വന്നു. എങ്കിലും നവ മാധ്യമങ്ങളോട് അച്ചടി മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും ഒരു നിഷേധാത്മക സമീപനം  ഏറെക്കാലം തുടർന്നു. അവരിൽ ചിലർ ഇപ്പോഴും അങ്ങനെതന്നെ നിലകൊള്ളുന്നുണ്ട് എന്നതും മറച്ചു വയ്ക്കുന്നില്ല. നവമാധ്യമങ്ങളുടെ വളർച്ച തങ്ങളുടെ പ്രാമാണികത്വത്തെ ഇല്ലാതാക്കുമെന്ന ഭയം മുൻവന്ന മാധ്യമങ്ങൾക്കുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ആ ഭയം  അകാരണവുമല്ല. അസ്വാഭാവികവുമല്ല.
  
മാധ്യമ രംഗത്തെ കുത്തകയും വരേണ്യവർഗ്ഗ ചിന്തകളും നവമാധ്യമങ്ങളുടെ വരവോടെ തകിടം മറിഞ്ഞു എന്നത് ഒരു യാഥാർത്ഥ്യമാണ്. മാധ്യമപ്രവർത്തനത്തിന് അംഗീകൃത യോഗ്യതകൾ വേണമെന്ന നിബന്ധനകൾക്കും മിഥ്യാ ധാരണകൾക്കും നവമാധ്യമങ്ങൾ വഴി കേവലം എഴുത്തും വായനയും മാത്രമറിയാമെന്ന മിനിമം യോഗ്യത മാത്രമുള്ളവർകൂടി  ചുട്ട മറുപടി നൽകി. തുടർന്നും അത് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും. സർഗ്ഗാത്മകത അക്കഡമിക്ക് യോഗ്യതകളിലൂടെ മാത്രം നേടിയെടുക്കാൻ കഴിയുന്നതാണന്ന ഒരു ധാരണ കൂറേ നാളുകളയി  ബോധപൂർവ്വം സമൂഹത്തിനുമേൽ അടിച്ചേല്പക്കപ്പെട്ടിരുന്നു. മലയാളത്തിൽ സാഹിത്യമെഴുതാൻ മലയാളത്തിലും സംസ്കൃതത്തിലും ബിരുദമെടുക്കണമെന്നില്ലെന്നും  വാർത്തയെഴുതാനും വായിക്കാനും ജേർണലിസം പാസ്സാകണമെന്നില്ലെന്നും  സിനിമയെഴുതാനും സംവിധാനം ചെയ്യാനും പൂനയിൽ പോകണമെന്നില്ലെന്നും മറ്റുമുള്ള ചില കാര്യങ്ങൾ മുമ്പേതന്നെ  പലരും തെളിയിച്ചിട്ടുണ്ടെങ്കിലും നവ മാധ്യമങ്ങളുടെ വരവോടെ അംഗീകൃതവും നിർദ്ദിഷ്ടവുമായ യോഗ്യതകൾ നേടുന്നവരേക്കാൾ സർഗ്ഗശേഷിയും കഴിവുമുള്ളവർ സമൂഹത്തിൽ നിരവധിയുണ്ടെന്ന് മുമ്പത്തേക്കാൾ കൂടുതൽ തെളിയിക്കുവാൻ ഇന്ന് കഴിയുന്നു. 
ഓരോ വ്യക്തിക്കും ഇന്ന് സിറ്റീസൺ ജേർണലിസ്റ്റുകളായി മാറാൻ നവ മാധ്യമങ്ങൾ അവസരമൊരുക്കിയിരിക്കുന്നു. എന്തെങ്കിലും കഴിവുകളുള്ളവർക്ക് അത് തെളിയിക്കുവാൻ ഇന്ന് ആരുടെ മുമ്പിലും ചെന്ന് സാറേ സാറേ വിളിക്കേണ്ടതില്ല. സ്വന്തമായി ഓരോരുത്തർക്കും ഇന്ന് ഒന്നിലധികം മാധ്യമങ്ങൾ സോഷ്യൽനെറ്റ് വർക്കുകൾവഴി ലഭിക്കുന്നു. അവയിൽ ഏറ്റവും ശക്തമായ ഒരു മാധ്യമമാണ് ബ്ലോഗ്.  
ഞാൻ പറഞ്ഞുവന്നത് മറ്റ് മാധ്യമങ്ങൾ നവമാധ്യമങ്ങളോട് സ്വീകരിച്ചുവന്ന സമീപനത്തെപ്പറ്റിയാണ്. ബ്ലോഗെത്ര വളർന്നിട്ടും ഇവിടെ മാതൃഭുമി ആഴ്ചപ്പതിപ്പിൽ  ബ്ലോഗന എന്നൊരു പംക്തി തുടങ്ങിയത് ഒഴിച്ചാൽ ബൂലോഗത്തിന് പ്രചോദനവും പ്രോത്സാഹനവും പ്രചാരവും ലഭിക്കത്തക്ക നിലയിലോ  അവയെ തങ്ങൾക്കു കൂടി പ്രയോജനപെടുത്തക്ക നിലയിലോ മറ്റ് മാധ്യമങ്ങൾ പുരോഗമിച്ചിരുന്നില്ല. ഒരു തരം അവഗണനതന്നെയായിരുന്നു ബ്ലോഗിനോട് പുലർത്തിയിരുന്നത്. ഇപ്പോഴും വലിയ മാറ്റമില്ലെങ്കിലും സ്ഥിതിഗതികൾ മാറിവരുമെന്ന് പ്രതീക്ഷിക്കാവുന്ന ചിലതുണ്ടാകുന്നുണ്ട്. ഇവിടെ ബ്ലോഗിനുശേഷം പ്രചാരം നേടിയതാണ് ഫെയ്സ് ബുക്ക്. എന്നാൽ ആ ഫെയ്സ് ബൂക്കിനെ മറ്റ് മാധ്യമങ്ങൾ പ്രയോജനപെടുത്തുകയും അതിനു കുറച്ചൊക്കെ പ്രചാരവും പ്രോത്സാഹനവും നൽകുകയും ചെയ്തു തുടങ്ങിയിട്ടും ബ്ലോഗിനോടുള്ള  നിഷേധാത്മകമായ സമീപനത്തിൽ വലിയമാറ്റമുണ്ടായില്ല.  
യഥാർത്ഥത്തിൽ ഇന്നിപ്പോൾ നവ മാധ്യമങ്ങളും മുമ്പേ വന്ന മാധ്യമങ്ങളും തമ്മിലുള്ള അതിർ വരമ്പുകൾ ഒക്കെ താനേ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങളും പഴമാധ്യമങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ആശ്രയിക്കുന്നുണ്ട്. മിക്കവരും രണ്ടും ഒരേപോലെ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇന്ന് അച്ചടി മാധ്യമങ്ങളിലും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും  പ്രവർത്തിക്കുന്നവർ നല്ലൊരു പങ്ക് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നവമാധ്യമങ്ങളുടെ അനന്തസാദ്ധ്യതകളെയും സ്വാതന്ത്ര്യത്തെയും എല്ലാവരും ഇന്ന്  തിരിച്ചറിയുന്നുണ്ട്. പരസ്പരം ചൊറിയുന്നതുകൊണ്ട് ഇരു കൂട്ടർക്കും ഗുണമില്ലെന്ന തിരിച്ചറിവിലേയ്ക്ക് കാര്യങ്ങൾ കുറച്ചൊക്കെ പുരോഗമിക്കുന്നുണ്ട് എന്നു കരുതാവുന്ന ചിലത്  സംഭവിക്കുന്നുണ്ട്.  ഇത് ശുഭസൂചകമാണ്.
ഇനി വീണ്ടും  ദർശനയിലേയ്ക്ക് വരാം. ദർശനയിലെ ഇ-ലോകം എന്ന പരിപാടിയുടെ ആദ്യഭാഗം മറ്റ്  സോഷ്യൽ നെറ്റ് വർക്കുകൾക്കും അതിന്റെ രണ്ടാം പകുതിയിൽ അവതരിപ്പിക്കുന്ന ബ്ലോഗ്ഗർ ഓഫ് ദി വീക്ക് ബൂലോഗത്തിനും വലിയ അംഗീകാരവും പ്രോത്സാഹനവുമാണ്. ബ്ലോഗിനും ബ്ലോഗ്ഗർമാർക്കും ഇത്രയും വലിയൊരു അംഗീകാരം ഏതെങ്കിലും ഒരു ദൃശ്യമാധ്യമത്തിൽനിന്ന് ആദ്യമായി ലഭിക്കുന്നത് ദർശനാ ടി.വിയിലൂടെയാണ്. ഇത്  മറ്റ് ചാനലുകൾക്കും മാധ്യമങ്ങൾക്കും ഒരു മാതൃകയുമാണ്. ദർശനയിൽ ഓരോ ആഴ്ചയും ഓരോ ബ്ലോഗ്ഗർമാരെയും അവരുടെ ബ്ലോഗുകളെയും പരിചയപ്പെടുത്തുകയും അവരുമായി അല്പസമയം നീണ്ടുനിൽക്കുന്ന ഒരു ഇന്റർവ്യൂ നടത്തുകയും ചെയ്യുന്നുണ്ട്. എല്ലാ  വ്യാഴാഴ്ചയും വൈകിട്ട് ഏഴ് മണിയ്ക്കും, പതിനൊന്ന് മണിയ്ക്കും വെള്ളിയാഴ്ചകളിൽ രാവിലെ പത്തര മണിയ്ക്കും വൈകുന്നേരം നാലര മണിയ്ക്കും ഇ- ലോകം പരിപാടി കാണിക്കുന്നുണ്ട്. മറ്റ് ചിലദിവസങ്ങളിലും ഇത് കാണിക്കാറുണ്ടെന്ന് തോന്നുന്നു. 
ഏതായാലും മലയാള ബൂലോഗത്തിന് ദർശനയിലെ ഇ-ലോകം   പരിപാടി വലിയൊരു അനുഗ്രഹമാണ്. ബ്ലോഗ്ഗർമാർക്ക് ഇത് വലിയൊരു സന്തോഷവുമാണ്. ഒരു ബ്ലോഗ്ഗർ എന്ന നിലയിൽ മിനി സ്ക്രീനിലൂടെ നാലാൾ അറിയുന്നതിൽ ഏതൊരു ബ്ലോഗ്ഗർക്കും സന്തോഷവും അഭിമാനവുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈയുള്ളവനും അതുണ്ട്. കാരണം ഒരു ബ്ലോഗ്ഗർ എന്ന നിലയ്ക്കാണല്ലോ നമ്മുടെ രൂപം നാലാൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ബൂലോഗത്തിനും ബ്ലോഗ്ഗർമാർക്കും , ഇ-ലോകത്തിനാകെയും പ്രചാരവും പ്രചോദനവും പ്രോത്സാഹനവും നൽകാൻ ഉതകുന്ന ഇ-ലോകം പരിപാടിയും അതിന്റെ ഭാഗമായി ബ്ലോഗ്ഗർ ഓഫ് ദ വീക്കും സംഘടിപ്പിച്ച് സംപ്രേഷണം ചെയ്യുന്ന ദർശനാ ടി.വിയ്ക്ക് ഒരായിരം നന്ദി.
ബ്ലോഗ്ഗർമാർ നല്ലൊരു പങ്ക് പൊതുവിൽ ചാനലുകൾ  നിരീക്ഷിക്കുന്നവരാണ്. ദർശനയിലെ ഇ- ലോകം പരിപാടി ധാരാളം ബ്ലോഗ്ഗർമാർ കാണുന്നുണ്ട്. റിയാസ് ടി അലിയാണ് ഇ-ലോകം പരിപാടിയുടെ അവതാരകൻ. അദ്ദേഹം നല്ല നിലയിൽ ഈ പരിപാടി അവതരിപ്പിക്കുന്നുണ്ട്. എനിക്ക് ഇതുവഴി  റിയാസ് ടി അലി എന്നൊരു നല്ല സുഹൃത്തിനെയും കിട്ടി. അത് എല്ലാറ്റിലും വലിയ സന്തോഷം. ഇതിനകം പ്രമുഖരായ ഏതാനും ബ്ലോഗ്ഗർമാർ  ബ്ലോഗ്ഗർ ഓഫ് ദ വീക്കിൽ വന്നു കഴിഞ്ഞു.  മുമ്പേ നടന്ന ബ്ലോഗ്ഗർ ഇന്റർവ്യൂകൾ കാണാൻ ഈ ലിങ്കിൽ പോകാം.  
ഇനി അല്പം തൻകാര്യത്തിലേയ്ക്ക് വരാം. കൂട്ടത്തിൽ ഒരു അണ്ണാൻ കുഞ്ഞും  ബ്ലോഗ്ഗർ ഓഫ് ദ വീക്കിൽ വരാനിരിക്കുന്നുണ്ട്. അത് ഞമ്മളുതന്നെ. ഈയുള്ളവനുമായും ഒരു ഇന്റർവ്യൂ  എടുത്തിട്ടുണ്ട്. അതിലുള്ള സന്തോഷം വിനീതനവർകൾ  മറച്ചുവയ്ക്കുന്നില്ല. അങ്ങനെ സ്വന്തം സന്തോഷങ്ങളെ ചെറുതായി ഭാവിച്ച് മസിലുപിടിക്കാൻ മാത്രം ജാഡകളൊന്നും ഈയുള്ളവനവർകൾക്കില്ല. 
വിനീതവിധേയൻ ഞാനവർകളുമായുള്ള ദർശന ടി.വിയിലെ ഇന്റർവ്യൂ  നാളെയാണ്   (14-2-2013 വ്യാഴാഴ്ചയാണ്) ആദ്യം കാണിക്കുക. വ്യാഴം രാത്രി 7 മണിയ്ക്കും11 മണിയ്ക്കും പിറ്റേന്ന് (15-2-2013  വെള്ളിയാഴ്ച) രാവിലെ10-30നും വൈകുന്നേരം 4-30 നും ഇ-ലോകം പരിപാടിയും ബ്ലോഗ്ഗർ ഓഫ് ദ വീക്കും ദർശനയിൽ ദർശിക്കാം. കേബിൾ ടി.വി ഉള്ളിടത്തെല്ലാം ദർശന കിട്ടുന്നുണ്ട്. മറ്റുള്ളവയിൽ കിട്ടുന്നുണ്ടോ എന്നറിയില്ല. ടി.വിയിൽ കിട്ടാത്തവർക്ക് നെറ്റിൽ തൽസമയം ദർശന കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. 

Monday, March 12, 2012

ബോയ്ക്കോട്ട് ലണ്ടൻ ഒളിമ്പിക്സ്

ബോയ്ക്കോട്ട് ലണ്ടൻ  ഒളിമ്പിക്സ് 

ലണ്ടൻ ഒളിമ്പിക്സ് വിവാദത്തിലായിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ നിരവധി സംഘടനകൾ ലണ്ടൻ ഒളിമ്പിക്സ് ഉയർത്തുന്ന ധാർമ്മികപ്രശ്നം ചൂണ്ടിക്കാട്ടി വൻ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നു. ഇന്ത്യ ലണ്ടൻ ഒളിമ്പിക്സ് ബഹിഷ്കരിക്കണമെന്ന ശക്തമായ അഭിപ്രായവും  ഇതിനകം ഉയർന്നുവന്നിരിക്കുന്നു. ഡോ കെമിക്കൽ‌സ് എന്ന സ്ഥാപനം ലണ്ടൻ ഒളിമ്പിക്സിന്റെ പ്രധാ‍ന സ്പോൺസർമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നതാണ് ബഹിഷ്കരണാഹ്വാനത്തിന് കാരണം. ലണ്ടന്‍ ഒളിംപ്ക്‌സ് സ്റ്റേഡിയത്തിനു മുകളില്‍ തയ്യാറാക്കുന്ന മനോഹരമായ തുണികവചമാണ് ഡോ കെമിക്കൽ‌സ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈ  ഡോ കെമിക്കൽ‌സ് യൂണിയൻ കാർബൈഡിന്റെ പിന്തുടർച്ചക്കാരാണ്. അതായത് യൂ‍ണിയൻ കാർബൈഡിന്റെ സകല ആസ്തി-ബാദ്ധ്യതകളും ഏറ്റെടുത്ത് അത് വാങ്ങിയിരിക്കുന്നത് ഡോ കെമിക്കൽ‌സ് എന്ന കമ്പനിയാണ്. ഭോപ്പാൽ ദുരന്തത്തിനുത്തരവാദിയായ യൂണിയൻ കാർബൈഡിന്റെ ആസ്തി-ബാദ്ധ്യതകൾ അപ്പാടെ ഏറ്റെടുക്കുകവഴി ഭോപ്പാൽ ദുരന്തത്തിന്റെ  ഉത്തരവാദിത്തംകൂടി സ്വാഭാവികമായും ഡോ കെമിക്കൽ‌സിന്റെ ചുമലിലാകുകയാണ്.


ഭോപ്പാൽ ദുരന്തത്തിനത്തിനിരയായവർക്ക് നിയപരമായും ധാർമ്മികമായും നൽകേണ്ട ന്യായമായ നഷ്ടപരിഹാരം യൂണിയൻ കാർബൈഡ് ഇതുവരെ നൽകിയിട്ടില്ല. ഇന്ത്യൻ കോടതി വിധികളെ അംഗീകരിക്കാതിരിക്കുക മാത്രമല്ല,  ദുരന്തബാധിതരെ പരിഹസിക്കാൻ കൂടി തയ്യാറായവരാന് യൂണിയൻ കാർബൈഡുകാർ. യൂണിയൻ കാർബൈഡ് ഭോപ്പാൽ ദുരന്തബാധിതർക്ക് നൽകേണ്ട നഷ്ടപരിഹാരം  നൽകാനുള്ള  ബാദ്ധ്യത ഇനി  ആ കമ്പനി ഏറ്റെടുത്ത ഡോ കെമിക്കൽ‌സിനാണ് . ഇത് മുൻകൂട്ടി മനസിലാക്കിക്കൊണ്ടുതന്നെ ഡോ കെമിക്കൽ‌സിന്റെ ഓഹരി ഉടമകളിൽ ഭൂരിപക്ഷം പേർ യൂണിയൻ കാർബൈഡ് ഏറ്റെടുക്കുന്നതിനെ എതിർത്തിരുന്നു. യൂണിയൻ കാർബൈഡ് ഏറ്റുടുക്കുക വഴി  രക്തപങ്കിലമായ അവരുടെ മുൻകാല പാപങ്ങളുടെ ഉത്തരവാദിത്തം കൂടി തങ്ങളുടെ ചുമലിലാകുമെന്നതിനാൽ അത് ഏറ്റെടുക്കരുതെന്ന്  ഡോ കെമിക്കൽ‌സിന്റെ ഭൂരിപക്ഷം  ഓഹരി ഉടമകൾ ആവശ്യപ്പെട്ടു.  ഡോ കമ്പനിയിൽ സാമ്പത്തികമായി കൂടുതൽ ഓഹരികളുള്ളവരായിരുന്നില്ല ഈ ഭൂരിപക്ഷം. അംഗങ്ങളുടെ എണ്ണത്തിൽ ഭൂരിപക്ഷം വരുന്ന ഓഹരി ഉടമകളാണ് ഈ എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ  എണ്ണത്തിൽ ഭുരിപക്ഷമുള്ള ഓഹരി ഉടമകളുടെ എതിർപ്പിനെ അവഗണിച്ച് സാമ്പത്തികമായി കൂടുതൽ ഓഹരികളുള്ള ന്യൂനപക്ഷം ഓഹരി ഉടമകൾ  യൂണിയൻ കാർബൈഡിനെ ഏറ്റെടുക്കുകയായിരുന്നു. 

എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഈ ഒളിമ്പിക്സ് ഒരു ധാർമ്മികപ്രശ്നം ഉയർത്തുകതന്നെ ചെയ്യുന്നു. നിശ്ചയമായും ഇന്ത്യയെ സംബന്ധിച്ച്  ബോയ്ക്കോട്ട് ഇന്ത്യൻ ഒളിമ്പിക്സ് എന്ന ആഹ്വാനം വളരെ പ്രസക്തമാകുന്നു. ഒളിമ്പിക്സിൽ പങ്കെടുത്ത് മെഡലുകൾ നേടുക എന്നത് ഏതൊരു രാജ്യത്തിന്റെയും അഭിമാനം തന്നെയാണ്. കായിക താരങ്ങളെ സംബന്ധിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുകയെന്നത് അവരുടെ പരമമായ ലക്ഷ്യങ്ങളിലൊന്നായിരിക്കും. ഇന്ത്യയെ സംബന്ധിച്ചും ഇന്ത്യൻ കായികതാരങ്ങളെ സംബന്ധിച്ചും അതങ്ങനെ തന്നെ. ഒരു രാഷ്ട്രം എന്ന നിലയ്ക്ക് ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങളും കായിക താരങ്ങളുടെ ഒളിമ്പിക്സ് മോഹങ്ങളും ഒരു പോലെ പ്രധാനപ്പെട്ടതുതന്നെ. അതുകൊണ്ട് ഒളിമ്പിക്സ് ബഹിഷ്കരണം എന്നു കേൾക്കുമ്പോൾ അത് പെട്ടെന്ന് എല്ലാവർക്കും ഉൾക്കൊള്ളാനായെന്നു വരില്ല. എന്നാൽ അല്പം ശാന്തമായി ചിന്തിക്കുന്നവർക്ക് ഒളിമ്പിക്സ് ബഹിഷ്കരിച്ചാലുണ്ടാകുന്ന നഷ്ടങ്ങൾ ഒന്നുമല്ലെന്ന് മനസിലാകും.

ഭോപ്പാൽ ദുരന്തത്തെയും അത് അന്നു നഷ്ടപ്പെടുത്തിയ മനുഷ്യജീവനുകളെയും എന്നത്തേയ്ക്കും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെയും ഇന്നും അതിന്റെ കെടുതികൾ അനുഭവിക്കുന്ന മനുഷ്യരെയും ഓർക്കുന്നവർക്ക് ആ ദുരന്തത്തിനുത്തരവാദികളായവർ സ്പോൺസർ ചെയ്യുന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനെപ്പറ്റി രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരും. ഭോപ്പാൽ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ജീവിച്ചിരിക്കുന്ന അതിന്റെ ഇരകളിൽ നിന്നും അവരുടെ തലമുറകളിലേയ്ക്കു കൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും വലിയ ദുരന്തത്തിനുത്തരവാദികൾ അതിനിരയായവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകിയില്ലെന്നു മാത്രമല്ല, ദുരന്തബാധിതരെ പരിഹസിക്കുകയും ഇന്ത്യയുടെ നീതിപീഠങ്ങളെ വെല്ലുവിളിക്കുകയും കൂടി ചെയ്തു. ഇത് ഇന്ത്യ എന്ന രാഷ്ട്രത്തോടുള്ള അവഹേളനമായി കൂടി കാണേണ്ട ഒന്നാണ്. എന്നാൽ നമ്മുടെ ഭരണകൂടം ഈ പ്രശ്നത്തിന്റെ ഗൌരവം ഉൾക്കൊണ്ട് നടപടികൾ സ്വീകരിക്കാനുള്ള ആർജ്ജവം കാണിച്ചിട്ടുണ്ടോ എന്ന് ഇത്തരുണത്തിലും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.

ഒളിമ്പിക്സ് ബഹിഷ്കരണം എന്നൊക്കെ കേൾക്കുമ്പോൾ നെറ്റി ചുളിക്കേണ്ട കാര്യമൊന്നുമില്ല. ഒരു ഒളിമ്പിക്സ് എന്നല്ല അതിനേക്കാൾ വലിയ ഏത് മഹാസംഭവമായാലും രാജ്യത്തിന്റെയും  രാജ്യത്തെ ജനങ്ങളുടെയും താല്പര്യങ്ങളേക്കാൾ വലുതല്ല ഒന്നും. അങ്ങനെ ചിന്തിക്കാൻ എത്രപേർ തയ്യാറാകും എന്നത് ഓരോരുത്തരുടേയും മാനുഷികവും  ധർമ്മാധർമ്മപരവുമായ വികാരവിചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കയും റഷ്യയും ഉൾപ്പെടെ പല ലോകരാജ്യങ്ങളും പല ഘട്ടങ്ങളിലും തങ്ങളുടെ രാഷ്ട്രതാല്പര്യങ്ങളെ മുൻ‌നിർത്തി രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പല കാരണങ്ങളാലും  ഇത്തരം മഹാമത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന ചരിത്രമുണ്ട്. അതിന്റെ വിശദാംശങ്ങളിലേയ്ക്ക് ഇപ്പോൾ പോകുന്നില്ല. നമ്മുടെ രാഷ്ട്രത്തിന് അത്തരം ശക്തമായ നിലപാടുകൾ എടുക്കാൻ കഴിയുമോ എന്നത് നമ്മുടെ  ഭരണകൂടസ്വഭാവങ്ങളുമായി ബന്ധപെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തും ജനങ്ങൾ അതിനു മനസാ സജ്ജമാകും.പക്ഷെ തീരുമാനമെടുക്കാനുള്ള കരുത്ത് ഭരണകൂടത്തിനുണ്ടാകണം. 

ഒരർത്ഥത്തിൽ ഇവിടെ ബഹിഷ്കരണം എന്നത് ഒളിമ്പിക്സ് സംഘാടകർക്കെതിരെയുള്ള ഒന്നല്ല. മറിച്ച് ഇന്ത്യൻ ജനതയോടും  ഭോപ്പാൽ ദുരന്തബാധിതരോടും അതിനുത്തരവാദികളായവർ  കാട്ടിയ നിഷേധാത്മക സമീപനങ്ങളോടുള്ള പ്രതിഷേധമാണ്. അത് ലോകത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ ഇതിലും വലിയൊരു സന്ദർഭമില്ല. അതിന് ലണ്ടൻ ഒളിമ്പിക്സിൽ പങ്കേടുത്താലുണ്ടാകുന്ന നേട്ടങ്ങളെ നാം ത്യജിക്കേണ്ടി വരും. ത്യാഗമില്ലാതെ വലിയ നേട്ടങ്ങളൊ ലക്ഷ്യങ്ങളോ നേടിയെടുക്കാൻ ചില കാര്യങ്ങളിലെങ്കിലും കഴിയില്ല. ഒപ്പംതന്നെ ഈ പ്രതിഷേധം നമ്മുടെ ഭരണകൂടത്തിന്റെ സൂക്ഷ്മതക്കുറവിനോടുള്ള ഒരു പ്രതിഷേധം കൂടിയാണ്. ഭോപ്പാൽ ദുരന്തബാധിതർക്ക് അർഹമായ നഷ്ടപരിഹാരം അതിനുത്തരവാദികളായവരിൽ നിന്നും നേടിക്കൊടുക്കാൻ നമ്മുടെ ഭരണകൂട സംവിധാനങ്ങൾ പരാജയപ്പെട്ടു.

നമ്മുടെ രാജ്യത്തിനുമേൽ ദുരന്തം വിതച്ചവർക്കുകൂടി ഇപ്പോൾ ഈ ലണ്ടൻ ഒളിമ്പിക്സിന്റെ സ്പോൺസർഷിപ്പ് നൽകിയപ്പോൾ അതിനെതിരെ ഈ ഒളിമ്പിക്സ് ബഹിഷകരിക്കാൻ തീരുമാനിക്കുക പോയിട്ട്  ഈ വിഷയം ലോക ശ്രദ്ധയിൽ  കൊണ്ടുവരാനുതകുന്ന ഒരു ചെറിയ പ്രതിഷേധമെങ്കിലും പ്രകടിപ്പിക്കുവാൻ പോലുമോ നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഈ പ്രതിഷേധത്തിനു ബഹുമുഖത്വമുണ്ട്. ഇത് ഒരേസമയം നമ്മുടെ രാജ്യത്തോട് അനീതികാട്ടിയ ബഹുരാഷ്ട്ര കുത്തകയായ യൂണിയൻ കാർബൈഡിനെതിരെയുള്ള പ്രതിഷേധം, അത്തരമൊരു കമ്പനിയ്ക്കോ അതിന്റെ പിൻ തുടർച്ചകാർക്കോ ഒളിമ്പിക്സ് പോലെയൊരു മഹാ സംഭവത്തിന്റെ സ്പോൺസർഷിപ്പ് നൽകിയതിലുള്ള പ്രതിഷേധം, ഇത്തരം കാര്യങ്ങളിൽ രാജ്യതാല്പര്യങ്ങൾ സംരക്ഷിക്കാനുതകുന്ന നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്ന നമ്മുടെ  ഭരണകൂടത്തിനുനേർക്കുതന്നെയുള്ള പ്രതിഷേധം എന്നീ നിലകളിലെല്ലാം ഈ ബഹിഷ്കരണാഹ്വാനം പ്രസക്തമാകുന്നു.
 *******************************************************************************

 ഈ പോസ്റ്റിന് ചില അനുബന്ധങ്ങൾ കൂടി നൽകുന്നു

ഈ വിഷയം സംബന്ധിച്ച് വന്ന ഒരു ഓൺലെയിൻ പത്രവാർത്ത:

ഒളിമ്പിക്സ് സ്പോൺസർഷിപ്പ് വിവാദത്തിലേയ്ക്ക്

ലണ്ടൻൾ  2012ലെ ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌പോണ്‍സര്‍മാരായ ഡോ കെമിക്കല്‍ കമ്പനി വരുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ഭോപ്പാല്‍ ദുരന്തത്തിനുത്തരവാദിയായ യൂനിയന്‍ കാര്‍ബൈഡിന്റെ ഇപ്പോഴത്തെ ഉടമസ്ഥരാണ് ഡോ കെമിക്കല്‍സ്. ചോരമണക്കുന്ന കമ്പനിയെ സമാധാനത്തിന്റെ ഉല്‍സവത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ദുരന്തത്തില്‍ 5000ലേറെ പേര്‍ക്ക് ജീവന്‍നഷ്ടപ്പെട്ടിരുന്നു. ഇവരുടെ കുടുംബത്തിനും മറ്റു ദുരിതബാധിതര്‍ക്കുമുള്ള നഷ്ടപരിഹാരം പോലും വിതരണം ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല.1989ല്‍ യൂനിയന്‍ കാര്‍ബൈഡുമായുണ്ടാക്കിയ 470 കോടിയുടെ നഷ്ടപരിഹാരത്തില്‍ കൂടുതല്‍ ഒന്നും നല്‍കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്കു പോലും വിഷവാതകത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നുണ്ട്. അത്രമാത്രം മണ്ണും വെള്ളവും മലീമസമായി കഴിഞ്ഞു. വിവിധ സന്നദ്ധസംഘടനകള്‍ 'ഭോപ്പാല്‍ ഒളിംപിക്‌സ്' എന്ന പേരില്‍ ആഗോളവ്യാപകമായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. ഈ വിഷയത്തില്‍ ലണ്ടന്‍ ഒളിംപിക്‌സ് കമ്മിറ്റിക്കും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പരാതി നല്‍കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ലണ്ടന്‍ ഒളിംപ്ക്‌സ് സ്റ്റേഡിയത്തിനു മുകളില്‍ തയ്യാറാക്കുന്ന മനോഹരമായ തുണികവചമാണ് ഡോ സ്‌പോണ്‍സര്‍ ചെയ്യുന്നത്.  
(വൺ ഇന്ത്യ ഓൺലെയിൻ പത്രം, 2011 ആഗസ്റ്റ് 8)
************************************************************************

പ്രതിഷേധം കേരളത്തിലും

ലണ്ടൻ ഒളിമ്പിക്സിൽ ഭോപ്പാൽ ദുരന്തത്തിനുത്തരവദികളായവർകൂടി സ്പോൺസർമാരാകുന്നതിനെതിരെ  കേരളത്തിലും വിവിധ സംഘടനകൾ പ്രതിഷേധത്തിനു തയ്യാറേടുക്കുകയാണ്. ബോയ്കോട്ട് ലണ്ടൻ ഒളിമ്പ്ക്സ് എന്നതുതന്നെയാണ് ഈ സംഘടനകളുടെയും ആഹ്വാനം. തിരുവനന്തപുരം കേന്ദ്രമായ കേരള ഫിലിം ജെൻഡർ ആൻഡ് കൾച്ചറൽ സൊസൈറ്റി ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ  രാഷ്ട്രീയ-സമൂഹിക-ശാസ്ത്ര-സാംസ്കാരിക സംഘടനകളും  മനുഷ്യാവകാശ സംഘടനകളും വരും ദിവസങ്ങളിൽ പ്രതിഷേധരംഗത്തെത്തുമെന്നാണ് സൂചനകൾ.

ഭോപ്പാൽ ദുരന്തം സംബന്ധിച്ച് കോടതി വിധികൾക്കു ശേഷം വന്ന ഒരു  ഓൺലെയിൻ പത്രവാർത്ത:

ഇന്ത്യന്‍ കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് യൂണിയൻ കാർബൈഡ്

ന്യൂയോര്‍ക്ക്: ഭോപ്പാല്‍ വിഷവാതക കേസിലെ ഇന്ത്യന്‍ കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് അമേരിക്കയിലെ യൂണിയന്‍ കാബൈഡ് കമ്പനി പ്രതികരിച്ചു. യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനോ ഉദ്യോഗസ്ഥരോ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇന്ത്യയിലെ കോടതിയുടെ നീതിന്യായ പരിധിയ്ക്കുള്ളില്‍ അല്ലാത്തതു കൊണ്ട് വിധി അനുസരിക്കേണ്ട ഉത്തരവാദിത്തമില്ലെന്നും കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചുഇന്ത്യയിലെ പ്ലാന്റില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടില്ല. സംഭവം നടന്ന ഫാക്ടറി ഉടമസ്ഥത പൂര്‍ണമായും യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്(യുസിഐഎല്‍) ആണ്.''കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.ഇന്ത്യാ സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ഭോപ്പാലിലെ പ്ലാന്‍ രൂപകല്‍പന ചെയ്ത്, പ്രവര്‍ത്തിപ്പിച്ച്, കൈവശം വച്ചു പോന്നത് ഉടമസ്ഥരായ യുസിഐഎല്‍ ആണെന്നും പ്ലാന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയെല്ലാം നടത്തിപ്പു ചുമതല വഹിച്ചിരുന്നവരാണ് കോടതിയില്‍ ഹാജരായതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 
(വൺ ഇന്ത്യ, 2010 ജൂൺ 8)
********************************************************************************** 

ഇനി വിധി സംബന്ധിച്ച് വന്ന ഒരു ലേഖനം:

കോടതി വിധി: രണ്ടാം ഭോപ്പാല്‍ ദുരന്തം
  
ഡി ധനഞ്ജയന്‍ 

ഭോപ്പാലില്‍ പതിനയ്യായിരത്തോളം ജനങ്ങളെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വിചാരണ പോലും ചെയ്യാതെ വിട്ടയച്ച രാഷ്ട്രീയ നേതൃത്വവും, ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കമ്പനിയുടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വെറും രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ച നീതിന്യായ സംവിധാനവും ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ ജീര്‍ണത തുറന്നു കാണിക്കുന്നുവെന്ന് ഡി ധനഞ്ജയന്‍

പോക്കറ്റടിക്കാരന്‌ പോലും മൂന്ന്‌ വര്‍ഷം വരെ ശിക്ഷ നല്‍കാവുന്ന നീതിന്യായ വ്യവസ്‌ഥയുളള ഒരു രാജ്യത്ത്‌ പതിനയ്യായിരത്തിലധികം പേരുടെ ജീവനാശത്തിന് ഉത്തരവാദികളായവര്‍ക്ക് ലഭിച്ച ശിക്ഷ രണ്ട്‌ വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായ ഭോപ്പാല്‍ വാതക ദുരന്തത്തിനുളള ശിക്ഷയാണ്‌ ഒരു വലിയ കോടതി തമാശയായി മാറിയത്‌. ‘കനത്ത’ ശിക്ഷ ലഭിച്ച്‌ ഉടന്‍ തന്നെ പ്രതികള്‍ക്ക്‌ ജാമ്യവും ലഭിച്ചു. കാല്‍ നൂറ്റാണ്ട് നീണ്ട നിയമയുദ്ധത്തിനു ശേഷം ലഘുവായിട്ടാണെങ്കിലും ശിക്ഷ ലഭിച്ചിരിക്കുന്നത്‌ ദുരന്തത്തിന്റെ കാരണക്കാരായ അമേരിക്കന്‍ കമ്പനിയുടെ – യൂണിയന്‍ കാര്‍ബൈഡ് – ഇന്ത്യയിലെ പ്രതിനിധികള്‍ക്കാണ്‌ എന്നതാണ്‌ രസകരമായ മറ്റൊരു കാര്യം. ദുരന്ത സമയത്തെ കമ്പനിയുടെ ചെയര്‍മാനും കേസിലെ പ്രധാന പ്രതിയുമായ വാറന്‍ ആന്‍ഡേഴ്‌സനെതിരേ വിധിന്യായത്തില്‍ പരാമര്‍ശം പോലുമില്ല. അവിടെയാണ് കോടതിവിധി രണ്ടാംഭോപ്പാല്‍ ദുരന്തമായി മാറുന്നത്. തലമുറകളിലേയ്‌ക്ക്‌ നീളുന്ന ദുരിതം സമ്മാനിച്ചവര്‍ക്ക്‌ ‌നല്‍കിയ ശിക്ഷ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ അപമാനവും മരണമടഞ്ഞ ആയിരങ്ങളുടെ ഓര്‍മകളോടുളള അവഹേളനവുമാണ്‌. ഭോപ്പാല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മോഹന്‍ പി തിവാരിയുടെ വിധിയാണ്‌ ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തെ (അങ്ങിനെയൊന്നുണ്ടെങ്കില്‍) കീറിമുറിച്ചത്.

മരണം പുകയുടെ രൂപത്തില്‍

‘ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തെ ഈ രാജ്യത്തിലെ അധികാരികള്‍ തന്നെ ഒരു വാഹനാപകടകേസ്‌ പോലെ മാറ്റിമറിച്ചു’വെന്ന് പറയുന്ന ഭോപ്പാല്‍ ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ നേതാവ്‌ സത്യനാഥ്‌ സാരംഗിയുടെ വാക്കുകള്‍ക്ക് ഒരു സലാം പറയാനേ സാമാന്യബോധമുളള ആര്‍ക്കും കഴിയൂ. 1984 ഡിസംബര്‍ രണ്ടിനാണ്‌ ഭോപ്പാലില്‍ മരണം പുകയുടെ രൂപത്തിലെത്തിയത്‌. യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്‌ടറിയില്‍ നിന്നും ചോര്‍ന്ന മീതൈല്‍ ഐസോസൈനേറ്റ്‌ എന്ന വാതകം ശ്വസിച്ച്‌ ഉറക്കക്കിടക്കയില്‍ വച്ച്‌ തന്നെ ആയിരക്കണക്കിന്‌ പേരുടെയാണ് ജീവനൊടുങ്ങിയത്. പാതിരാത്രി പരന്നൊഴുകിയ വിഷപ്പുക ശ്വസിച്ച്‌ ഞെട്ടിയെഴുന്നേറ്റ്‌ ആത്മരക്ഷാര്‍ത്ഥം ഓടിയവരും പിടഞ്ഞു വീണു മരിച്ചു. വഴിയില്‍ പാതി മരിച്ച്‌ കിടക്കുന്നവരെ ചവിട്ടിമെതിച്ച്‌ ജീവന്‍ രക്ഷിക്കാന്‍ പാഞ്ഞവരും ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി. കാഴ്‌ച നശിച്ചവരുടേയും അംഗവൈകല്യം സംഭവിച്ചവരുടേയും എണ്ണം ഒന്നരലക്ഷം വരും.

ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡിസൈന്‍ ചെയ്‌ത കമ്പനി നഷ്‌ടത്തിലാണെന്ന കാരണം പറഞ്ഞ്‌ വേണ്ടത്ര സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെ പൂട്ടിയിട്ടതാണ്‌ അപകടകാരണമായത്‌. അടച്ചിട്ട കമ്പനിയ്‌ക്ക്‌ വേണ്ടി പണം മുടക്കുന്നത്‌ ശരിയല്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്‌. ഉത്‌പാദനം നിര്‍ത്തിയതോടെ മാരകമായ രാസവസ്‌തുക്കളുടെ ശേഖരം കമ്പനി പരിസരത്ത്‌ അശ്രദ്ധമായി കിടന്നു. പെട്ടന്ന്‌ പ്രതിപ്രവര്‍ത്തനത്തിന്‌ വിധേയമാകുന്ന 60 ടണ്‍ മീഥൈല്‍ ഐസോസയനൈറ്റാണ്‌ മൂന്ന്‌ ടാങ്കുകളിലായി കമ്പനിയില്‍ സൂക്ഷിച്ചിരുന്നത്‌. ഒരു തൊഴിലാളി തുരുമ്പു പിടിച്ച പൈപ്പ്‌ ഫ്‌ളഷ്‌ ചെയ്യിക്കാന്‍ ശ്രമിക്കവേ തകര്‍ന്ന പൈപ്പില്‍ നിന്ന്‌ വെളളം ഏറ്റവും വലിയ ടാങ്കിലേയ്‌ക്ക്‌ ചോര്‍ന്നാണ്‌ അപകടമുണ്ടായത്‌. പ്രതിപ്രവര്‍ത്തനത്തെതുടര്‍ന്ന്‌ ടാങ്കിന്റെ മൂടി തെറിച്ചു പോവുകയായിരുന്നു. വാതക ചോര്‍ച്ചയുണ്ടായാല്‍ തടയാന്‍ സ്ഥാപിച്ചിരുന്ന ആറു സുരക്ഷാ സംവിധാനങ്ങളും അന്ന്‌ തകരാറിലായിരുന്നു.

പതിനായിരത്തോളം റ്റണ്‍ മാരകമായ ഖരമാലിന്യം അവിടെ കുഴിച്ചുമൂടിയതോടെ പിന്നീട്‌ ശുദ്ധജലം പോലും ലഭിക്കാതെയായി. ഭ്രൂണത്തിന്റെ വളര്‍ച്ച പോലും മുരടിപ്പിക്കുന്ന ട്രൈക്ലോറോ ഈഥൈന്റെ അളവ്‌ അനുവദനീയമായതിന്റെ 50 ഇരട്ടിയും, മെര്‍ക്കുറിയുടേത്‌ 60 ലക്ഷം മടങ്ങുമായിരുന്നു. 2002ല്‍ ഗ്രീന്‍പീസ്‌ നടത്തിയ പഠനത്തില്‍ അമ്മമാരുടെ മുലപ്പാലില്‍ പോലും ക്ലോറോഫോം, റെഡാക്ലോറോമീഥേന്‍, ലെഡ്‌, ട്രൈക്ലോറോ ബെന്‍സിന്‍ എന്നിവ അടങ്ങിയതായി കണ്ടെത്തി. വാതക ദുരന്തത്തിനിരയായ സ്‌ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇവര്‍ സമൂഹത്തിന്റെ മുന്നിലെത്തിച്ചു. ഇരുപത്തിയഞ്ച് വയസാകുമ്പോള്‍ തന്നെ ആര്‍ത്തവ വിരാമം സംഭവിക്കുന്നതാണ്‌ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നമെങ്കില്‍ ഗര്‍ഭം ധരിക്കാതിരിക്കുന്നതും, പ്രസവിച്ചാല്‍ തന്നെ നിരവധി അംഗവൈകല്യത്തോടെ ജനിക്കുന്ന കുട്ടികള്‍ ഭോപ്പാലിലെ അമ്മമാരുടെ തീരാത്ത സങ്കടമായി മാറുകയായിരുന്നു. അംഗവൈകല്യമുളള കുട്ടികളെ പ്രസവിക്കുമെന്ന ഭയം മൂലം ദുരന്ത ബാധിത പ്രദേശത്തു നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പോലും പുരുഷന്മാര്‍ തയാറായിരുന്നില്ല. വിഷവാതക ദുരന്തം പ്രത്യുത്‌പാദന ശേഷിയെ എങ്ങിനെ ബാധിച്ചുവെന്നറിയാന്‍ വേണ്ടത്ര ഗവേഷണം പോലും ഇന്നേ വരെ സര്‍ക്കാര്‍ നടത്തിയിട്ടില്ല.

രണ്ടു തരം നീതി

കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ ശേഷം കമ്പനി നല്‍കിയ നഷ്‌ടപരിഹാരമായി ഇരകള്‍ക്ക്‌ ലഭിച്ചത്‌ 150-500 ഡോളര്‍ അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ ചികിത്സാചെലവായിരുന്നു. ഒരു കമ്പനിയെ മറ്റൊരു കമ്പനി ഏറ്റെടുക്കുമ്പോള്‍ ബാധ്യതകള്‍ കൂടി ഏറ്റെടുക്കണമെന്നാണ്‌ നിയമം. യൂണിയന്‍ കാര്‍ബൈഡിനെ ഡൗ കെമിക്കല്‍സ്‌ ഏറ്റെടുത്തെങ്കിലും ഭോപ്പാല്‍ ദുരന്തത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കില്ല എന്ന നയമാണ്‌ സ്വീകരിച്ചത്‌. വെസ്റ്റ് വെര്‍ജീനിയയില്‍ യൂണിയന്‍ കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ജോലി ചെയ്തവരില്‍ ആസ്ബെറ്റോസിന്റെ സ്ഥിരമായ ഉപയോഗം മൂലം ക്യാന്‍സര്‍ രോഗബാധ കണ്ടെത്തിയിരുന്നു. 1969 മുതലാണ് ക്യാന്‍സര്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങുന്നത്. 2,000 പേര്‍ രോഗബാധിതരായെന്നായിരുന്നു പരാതി. യൂണിയന്‍ കാര്‍ബൈഡിനെ ഡൗ കെമിക്കല്‍സ് ഏറ്റെടുത്തപ്പോള്‍ ദുരിതബാധിതര്‍ക്കു നല്‍കേണ്ട 2.2 മില്യണ്‍ ഡോളര്‍ നീക്കി വച്ചു. അമേരിക്കയില്‍ നഷ്ടപരിഹാരം നല്‍കിയ ഡൗ ഇന്ത്യയിലാവട്ടെ കാര്‍ബൈഡ് വരുത്തി വച്ച ദുരിതബാധ്യത ഏറ്റെടുക്കാനാവില്ലെന്ന നിലപാടാണ് എടുത്തത്. യൂണിയന്‍ കാര്‍ബൈഡില്‍ തൊഴിലാളിയായിരുന്ന ആള്‍ട്ടന്‍ വൂള്‍ഫിന്റെ വിധവ വെസ്റ്റ് വെര്‍ജീനിയയിലെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഡൗവിന് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. അതായത് രണ്ട്‌ രാജ്യങ്ങളില്‍ രണ്ട്‌ തരം നീതിയെന്നര്‍ത്ഥം.

ദുരന്തത്തിനരയായവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്‌ തന്നെ രൂപീകരിച്ചെങ്കിലും മാന്യമായ നഷ്‌ടപരിഹാരമോ ചികിത്സയോ നല്‍കാന്‍ കമ്പനിക്കും സര്‍ക്കാരിനും കഴിഞ്ഞില്ല. സാധാരണക്കാരായ ചമ്പാദേവിയും റഷീദാബീയും മുന്‍കൈയെടുത്ത്‌ ‘ഭോപ്പാല്‍ ഗ്യാസ്‌ പീഡിത്‌ മഹിളാ സ്‌റ്റേഷനറി കര്‍മചാരി സംഘ്‌’ എന്ന സംഘടന രൂപീകരിച്ച്‌ നടത്തിയ പ്രവര്‍ത്തനങ്ങളും പോരാട്ടവുമാണ്‌ ദുരിതങ്ങളെ വീണ്ടും ജനമധ്യത്തിലെത്തിച്ചത്‌. യൂണിയന്‍ കാര്‍ബൈഡ്‌ പിന്നീട്‌ ഏറ്റെടുത്ത ഡൗ കെമിക്കല്‍സ്‌ ഭോപ്പാലിലെ ഫാക്‌ടറി പരിസരം വൃത്തിയാക്കണമെന്ന്‌ സ്വിറ്റ്‌സര്‍ലന്റില്‍ പോയി ചമ്പാദേവി ആവശ്യപ്പെട്ടത്‌ വാര്‍ത്തയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും കാണിക്കാതിരുന്ന ഇച്‌ഛാശക്‌തിയാണ്‌ ഇവര്‍ പ്രകടിപ്പിച്ചത്‌.

ആന്‍ഡേഴ്സനെ വിട്ടയച്ചതാര്?

ദുരന്തം നടന്ന്‌ നാലാം ദിവസം തന്നെ ആന്‍ഡേഴ്‌സനെ ഭോപ്പാലില്‍ വച്ച്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. നരഹത്യ മുതല്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങളും ചുമത്തിയാണ്‌ എഫ്‌ഐആര്‍.തയാറാക്കിയത്‌. എന്നാല്‍ അന്നേ ദിവസം തന്നെ 25,000 രൂപ കെട്ടിവച്ച്‌ അയാള്‍ ജാമ്യം നേടി. അന്നത്തെ മധ്യപ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗിന്റെയും, കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടേയും ഒത്താശയോടെ ഇന്ത്യയില്‍ നിന്ന്‌ മുങ്ങിയ ആന്‍ഡേഴ്‌സണ്‍ പൊങ്ങിയത്‌ അമേരിക്കയിലായിരുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആന്‍ഡേഴ്സനെ വിട്ടയയ്ക്കുകയായിരുന്നു എന്ന റിപോര്‍ട്ടുകള്‍ ഇന്നു വെളിച്ചത്തേക്കു വരുന്നുണ്ട്. ഇന്ത്യയിലെ അന്വേഷണ സംഘങ്ങള്‍ക്ക് ഒടുവില്‍ ആന്‍ഡേഴ്സനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കേണ്ടി വന്നു.

അന്തര്‍ദേശിയ അറസ്‌റ്റ്‌ വാറണ്ട്‌ ഉണ്ടായിരുന്നിട്ടും ഇയാള്‍ക്ക്‌ കുറ്റവിചാരണ നേരിടേണ്ടി വന്നില്ല. കുറേ കാലം ഇയാള്‍ എവിടെയായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ആറു വര്‍ഷം മുമ്പ്‌ ഹാംപ്‌ടണില്‍ അത്യാഡംബര ജീവിത രീതി നയിക്കുന്ന ആന്‍ഡേഴ്‌സനെ പരിസ്‌ഥിതി സംഘടനയായ ഗ്രീന്‍പീസ്‌ കണ്ടെത്തി. ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞെങ്കിലും അമേരിക്കയെ പേടിച്ച്‌ കുറ്റവാളിയെ ഇന്ത്യയിലെത്തിക്കാനോ, വിചാരണ ആവശ്യപ്പെടാനോ അന്വേഷണ ഉദ്യോഗസ്‌ഥര്‍ തയാറായില്ല. ഫലത്തില്‍ കേസില്‍ നിന്ന്‌ ആന്‍ഡേഴ്‌സണ്‍ ഒഴിവായി. സിബിഐയും സര്‍ക്കാരും ഒത്തുകളിച്ചപ്പോള്‍ ദുരിതബാധിതരുടെ വിലാപം കേള്‍ക്കാന്‍ ആരുമില്ലാതായി.

ഭോപ്പാല്‍ നിലവിളിക്കുമ്പോള്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍. ആണവ ദുരന്തമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ആണവ കമ്പനികളില്‍ നിന്ന്‌ എടുത്തു മാറ്റി ആണവ റിയാക്‌ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവരിലേക്ക്‌ മാത്രമൊതുക്കുന്ന പുതിയ ബില്‍ ആണവ ബാധ്യതാ നിയമം പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്വപ്ന ബില്ലാണത്രേ. ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ യുപിഎ തയാറെടുക്കുകയാണ്‌. ഭോപ്പാല്‍ ദുരന്തം പോലൊന്ന്‌ ഇനിയുണ്ടായാല്‍ ഉണ്ടായാല്‍ അതില്‍ കമ്പനിക്ക്‌ ഉത്തരവാദിത്തം ഇല്ലാതാവുന്ന തരത്തിലുള്ള വ്യവസ്‌ഥയാണ്‌ ബില്ലിലുള്ളത്‌. ആണവ ദുരന്തമുണ്ടായാല്‍ അതിന്റെ നഷ്‌ടപരിഹാരം നല്‍കുന്നതടക്കമുള്ള മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാരിന്റെ തലയിലാവും. അതോടൊപ്പം, ആണവ ഓപറേറ്റര്‍മാരുടെ ബാധ്യത 500 കോടി മുതല്‍ 2,200 കോടി വരെയായി പരിമിതപ്പെടുത്തുന്നതും ബില്ലിലെ വിവാദ വ്യവസ്‌ഥകളിലൊന്നാണ്‌. ആണവ ദുരന്തത്തിന്റെ പ്രത്യാഘാതം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞും അനുഭവപ്പെടാമെന്നിരിക്കെ നിശ്‌ചിത വര്‍ഷത്തിനകം രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകള്‍ മാത്രമേ പരിഗണിക്കൂ എന്ന വ്യവസ്‌ഥയും ബില്ലില്‍ എഴുതി ചേര്‍ത്ത്‌ അമേരിക്കയെ തൃപ്‌തിപ്പെടുത്താനും ഇന്ത്യ ശ്രമിച്ചിട്ടുണ്ട്‌. ഇന്ത്യ-അമേരിക്ക സ്ട്രാറ്റജിക് കോപറേഷന്‍ ശക്തിപ്പെടണമെങ്കില്‍ ആണവ ബാധ്യതാ നിയമം പാസാക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ഭരണകക്ഷിക്കാര്‍ ഒളിഞ്ഞും മറഞ്ഞും സമ്മതിക്കുന്നുണ്ട്. ഒരു കല്ലില്‍ തട്ടി രണ്ട്‌ തവണ വീഴുന്നയാള്‍ വിഡ്‌ഢിയാണെന്നാണ്‌ പഴമൊഴി

പിന്‍കുറിപ്പ്: ഭോപ്പാല്‍ ദുരന്തത്തിന്റെ വിധി കഴിഞ്ഞയാഴ്‌ച പുറത്ത്‌ വന്നതോടെ ആന്‍്‌ഡേഴ്‌സനെതിരായ നിയമ നടപടി തുടരുമെന്നാണ്‌ കേന്ദ്ര നിയമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞത്‌. മിസ്‌റ്റര്‍ മൊയ്‌ലി, അങ്ങ്‌ നടപടി കാല്‍ നൂറ്റാണ്ട്‌ കൂടി തുടരണം. 1921ല്‍ ജനിച്ച ആന്‍ഡേഴ്‌സന്‌ ഇപ്പോള്‍ 89 വയസ്‌ മാത്രമാണുളളത്‌.  
(ദില്ലി പോസ്റ്റ്, June 13, 2010)
ലേഖകന്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനാണ്.

**********************************************************************

ഭോപ്പാൽ ദുരന്തം: ഒരു ഓർമ്മപുതുക്കൽ

( ഭോപ്പാൽ ദുരന്തം സംബന്ധിച്ച് വിക്കിപ്പീഡിയയിൽ നിന്നും മറ്റും ശേഖരിച്ചത്)  

1984 ലാണ് ഭോപ്പാൽ ദുരന്തം നടക്കുന്നത്. അമേരിക്കൻ സ്ഥാപനമായ യൂണിയൻ കാർബൈഡ് കമ്പനിക്ക് ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. ഈ ദുരന്തത്തിൽ വാതകച്ചോർച്ച ഉണ്ടായ   അന്നുതന്നെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.മറ്റൊരു 8,000 മനുഷ്യർ വിഷവാതകം കാരണമുണ്ടായ രോഗങ്ങൾ മൂലവും മരിച്ചു.വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോൾ ഭോപ്പാൽ ദുരന്തം 15,000-ൽ അധികം മനുഷ്യരുടെ ജീവിതം കൂടി കവർന്നെടുത്തതായി കണക്കക്കേണ്ടി വരും 5 ലക്ഷത്തിലധികം മനുഷ്യരെ ഈ ദുരന്തം നേരിട്ടും പരോക്ഷമായും ബാധിച്ചു. ഇന്നും അതിന്റെ കെടുതികളിൽ നിന്നും അവിടുത്തെ ജനം മുക്തമല്ല. ഇതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ എത്രയെങ്കിലുമുണ്ട്. കൂടാതെ ഈ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ രോഗങ്ങളായും ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളായും ജനന വൈകല്യങ്ങളായും മറ്റും തലമുറകളിലേയ്ക്ക് വ്യാപരിച്ചുകൊണ്ടിരിക്കുന്നു.

1984 ഡിസംബർ 3-ന് ഈ വ്യവസായശാലയിൽ നിന്ന് 42 ടൺ മീതൈൽ ഐസോസയനേറ്റ് (Methyl Isocyanate അഥവാ MIC) എന്ന വിഷവാതകം ചോർന്നു. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു.ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട് എന്നാണ്‌ ഗ്രീൻപീസ് ഫൗണ്ടേഷൻ ഭോപ്പാലിനെ വിളിക്കുന്നത്. ഭോപ്പാൽ ദുരന്തം മൂലം രോഗികളായിത്തീർന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കൽ കമ്മീഷൻ 1993-ൽ നിലവിൽ വന്നു.2010 ജൂണിൽ മുൻ യു.സി.ഐ.എൽ ചെയർമാനടക്കം ഏഴ് ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. ഈ ഉദ്ധ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ്‌ നിരവധി പേർ മരിക്കാനിടയായത് എന്നതിനാൽ ഇവർക്ക് കോടതി രണ്ടു വർഷം തടവും രണ്ടായിരം അമേരിക്കൻ ഡോളർ പിഴയും ചുമത്തുകയുണ്ടായി. എട്ടാമത്തെ ഒരു മുൻ‌തൊഴിലാളികൂടി കുറ്റവാളിയായി വിധിക്കപ്പെട്ടങ്കിലും വിധിതീർപ്പ് വരുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.

കമ്പനിയെക്കുറിച്ച്


1926 ൽ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിർമ്മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളൂടെ വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്.1959 ൽ എവറഡി കമ്പനി നാഷണൽ കാർബൺ കമ്പനി എന്ന പുതിയ പേരു സ്വീകരിച്ചു.1955 ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി.ഇന്ത്യയിലെ ആദ്യ ഡ്രൈസെൽ കമ്പനിയായി തുടങ്ങിയ യൂണിയൻ കാർബൈഡ് പിന്നീട് കീടനാശിനി നിർമ്മാണത്തിലേക്കു കടക്കുകയായിരുന്നു.1970 ൽ ആണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ഭോപ്പാലിൽ പ്ലാന്റ് സ്ഥാപിക്കുന്നത്.മീതൈൽ ഐസോ സയനേറ്റ് ഉപയോഗിച്ച് സെവിൻ എന്ന നാമത്തിൽ കാ‍ർബറിൽ എന്ന രാ‍സവസ്തു ഉണ്ടാക്കുകയായിരുന്നു കമ്പനി ചെയ്തത്.

സെവിൻ എന്ന കാർബറിൽ


മീഥൈലാമൈൻ ഫോസ്ഫീനുമായി പ്രവർത്തിപ്പിച്ചുണ്ടാക്കുന്ന മീതൈൽ ഐസോ സയനേറ്റ് 1- നാഫ്ത്തനോളുമായി പ്രവർത്തിപ്പിച്ചാ‍ണ് കാർബറിൽ എന്ന സെവിൻ ഉദ്പാദിപ്പിക്കുന്നത്. ഇന്ത്യ കീടനാശനിയുടെ വൻ വിപണിയാവും എന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. വെള്ളപ്പൊക്കവും വരൾച്ചയുമായി വലയുന്ന കർഷകർക്ക് കമ്പനിയുടെ വില കൂടിയ കീടനാശിനി വാങ്ങാൻ കഴിവുണ്ടായിരുന്നില്ല.

ദുരന്തപശ്ചാത്തലം

യൂണിയൻ കാർബൈഡ് കമ്പനിയുടെ വ്യവസായശാല 1969-ൽ ഭോപ്പാലിൽ സ്ഥാപിച്ചു. 51% ഓഹരി ഉടമസ്ഥത യൂണിയൻ കാർബൈഡ് കമ്പനിക്കും 49% ഇന്ത്യൻ പൊതുമേഖലാസ്ഥാപനങ്ങൾക്കും ആയിരുന്നു. ഇവിടെ നിന്ന് കാർബാറിൽ (സെവിൻ) എന്ന കീടനാശിനി ഉത്പാദിപ്പിച്ചു പോന്നു. കാർബാറിൽ ഉത്പാദനത്തിനുപയോഗിച്ചിരുന്ന ഒരു രാസവസ്തുവാണ് മീതൈൽ ഐസോസയനേറ്റ്. 1979-ൽ മീതൈൽ ഐസോസയനേറ്റ് ഉത്പാദനവിഭാഗം കൂടി ഈ വ്യവസായശാലയോട് ചേർത്തു. ഇത്ര മാരകമല്ലാത്ത മറ്റ് രാസവസ്തുക്കൾക്ക് പകരമായിരുന്നു MIC ഉപയോഗിച്ചത്. യൂണിയൻ കാർബൈഡ് കമ്പനിക്ക് ഈ രാസവസ്തുവിന്റെ ഗുണഗണങ്ങളെക്കുറിച്ചും അത് കൈകാര്യം ചെയ്യേണ്ടിയിരുന്ന വിധത്തെക്കുറിച്ചും അറിവുണ്ടായിരുന്നു.

ഡിസംബർ രണ്ടാം തീയതി രാത്രി 42 ടൺ മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വൻതോതിൽ വെള്ളം കയറി. അപ്പോൾ നടന്ന രാസപ്രവർത്തനം മൂലം സംഭരണിയിലെ താപനില 2000C ന് മുകളിലേക്ക് ഉയർന്നു. തത്ഫലമായി സംഭരണിക്കുള്ളിലെ മർദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വർദ്ധിച്ചു. ഇങ്ങനെ അമിതമർദ്ദം വരുമ്പോൾ സ്വയം തുറന്ന് വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയിൽ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രവർത്തിച്ച് വൻതോതിൽ വിഷവാതകം പുറന്തള്ളി. രാസപ്രവർത്തനം ചെറുക്കാൻ ശേഷിയുള്ള ലോഹങ്ങൾ കൊണ്ടായിരുന്നില്ല വാതകക്കുഴലുകൾ നിർമിച്ചിരുന്നത്. അവ രാസപ്രവർത്തനത്തിൽ ദ്രവിക്കുകയും ചെയ്തു. അതുമൂലം വിഷവാതകങ്ങൾ ഭോപ്പാൽ നഗരത്തിൽ വ്യാപിച്ചു. ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു. ആയിരങ്ങൾ തത്ക്ഷണം മരിച്ചു.

സംഭവങ്ങളുടെ സമയക്രമം:

1984 ഡിസംബർ 2-3 രാത്രി


ഉത്പാദനശാലയിൽ
  •     21.00 വാതകക്കുഴലുകൾ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കാൻ ആരംഭിച്ചു.
  •     22.00 മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി, രാസപ്രവർത്തനം ആരംഭിച്ചു.
  •     22.30 വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിച്ചു തുടങ്ങി.
  •     00.30 ഉച്ചത്തിൽ മുഴങ്ങിയ അപായ സൈറൺ നിർത്തി.
  •     00.50 അപായ സൈറൺ ശാലക്കുള്ളിൽ മുഴങ്ങി. തൊഴിലാളികൾ പുറത്തേക്ക് രക്ഷപെട്ടു.
ഉത്പാദനശാലക്ക് പുറത്ത്
  •     22.30 വിഷവാതകം ശ്വസിച്ചതിന്റെ ആദ്യലക്ഷണങ്ങളായ ശ്വാസമുട്ട്, ചുമ, ചർദ്ദി, കണ്ണിനു പുകച്ചിൽ എന്നിവ ചുറ്റുപാടുമുള്ളവർക്ക് വന്നുതുടങ്ങി.
  •     01.00 പോലീസ് ജാഗരൂകമായി. ചുറ്റുപാടുമുള്ളവർ ഒഴിഞ്ഞുപോകാൻ തുടങ്ങി. യൂണിയൻ കാർബൈഡ് മേധാവി വാതക ചോർച്ചയുണ്ടായെന്ന വാർത്ത നിഷേധിച്ചു.
  •     02.00 കാഴ്ച മങ്ങൽ, കാഴ്ചയില്ലായ്മ, ശ്വാസതടസം, വായിൽ നിന്ന് നുരയും പതയും, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി ഹമീദിയ ആശുപത്രിയിൽ ആളുകൾ എത്തിത്തുടങ്ങി.
  •     02.10 ഉത്പാദനശാലക്ക് പുറത്തും അപായ സൈറൺ മുഴങ്ങി.
  •     04.00 വാതക ചോർച്ച നിയന്ത്രണ വിധേയമായി.
  •     06.00 പോലീസിന്റെ ഉച്ചഭാഷിണികൾ "എല്ലാം ശരിയായി" എന്നു പ്രഖ്യാപിച്ചു.
കാരണങ്ങൾ

സംഭരണിയിലേക്ക് പെട്ടെന്ന് വെള്ളം കയറുന്നതിനുള്ള കാരണത്തെക്കുറിച്ച് വ്യത്യസ്ത അനുമാനങ്ങൾ നിലവിലുണ്ട്. വാതച്ചോർച്ചയുണ്ടായ സമയത്ത് തൊഴിലാളികൾ വാതകക്കുഴലുകൾ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കുകയായിരുന്നു. ചില നിരീക്ഷകരുടെ അഭിപ്രായം, ഈ സമയത്ത് വാതകക്കുഴലിനുള്ളിലേക്ക് നേരത്തേയുണ്ടായിരുന്ന വിടവുകളിൽ കൂടി വെള്ളം കയറി എന്നാണ്. പക്ഷേ, യൂണിയൻ കാർബൈഡ് കമ്പനി ഇത് നിഷേധിക്കുന്നു.
1985 ലെ റിപ്പോർട്ടുകൾ ദുരന്തത്തെക്കുറിച്ച് കുറെക്കൂടി വ്യക്തമായ ചിത്രം നൽകി. ദുരന്തത്തിനിടയാക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ട പോരായ്മകളിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നു.
  • കൂടുതൽ മാരകമായ രസവസ്തുക്കളുടെ (MIC) ഉപയോഗം
  • ഈ രാസവസ്തുക്കൾ ചെറിയ ചെറിയ സംഭരണികളിൽ സൂക്ഷിക്കുന്നതിനു പകരം വലിയ സംഭരണികളിൽ ഒന്നിച്ച് സൂക്ഷിച്ചത്.
  • കുഴലുകളിൽ എളുപ്പം ദ്രവിക്കുന്ന ലോഹങ്ങൾ ഉപയോഗിച്ചത്.
  • 1980 ൽ ഉത്പാദനം നിർത്തിയ ശാലയുടെ അറ്റകുറ്റ പണികൾ വേണ്ടവിധം നടത്താതിരുന്നത്. 
  • വേണ്ട വിധം പരിപാലിക്കാതിരുന്നതിനാൽ സുരക്ഷാസംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കതിരുന്നത്.
വാതക ചോർച്ചയിലേക്ക് നയിച്ചവയിൽ ഉത്പാദനശാലയുടെ രൂപകല്പനക്കും കമ്പനിയുടെ ചെലവുചുരുക്കൽ നടപടികൾക്കും പങ്കുണ്ട്. ഉത്പാദനശാലയുടെ സ്ഥാനം ജനസാന്ദ്രമായ പ്രദേശത്തായത് സ്ഥിതിഗതികൾ മോശമാക്കി. അവലോകനങ്ങൾ കാണിക്കുന്നത്, ദുരന്തം ഇത്ര ദാരുണമായതിന്റെ ഉത്തരവാദിത്തം ഉത്പാദനശാലയുടെ ഉടമസ്ഥരായ യൂണിയൻ കാർബൈഡ് കമ്പനിക്കും ഭാരത സർക്കാരിനും തന്നെയാണ് എന്നാണ്. മധ്യപ്രദേശ് സർക്കാരിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

വാറൺ ആൻഡേഴ്സൺ

യൂണിയൻ കാർബൈഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാ‍യിരുന്നു വാറൺ ആൻഡേഴ്സൺ.ദുരന്തം നടന്ന് നാലാം ദിവസം ആൻഡേഴ്സണെയും ആറ് ഉദ്യോഗസ്ഥരെയും ഭോപ്പാലിൽ വെച്ച് അറസ്റ്റുചെയ്തു.നരഹത്യമുതൽ വിവിധ ക്രിമിനൽ കുറ്റങ്ങൾ ചാർത്തി.എന്നാൽ അന്നു തന്നെ 25000 രൂപ ജാമ്യത്തുക കെട്ടിവെച്ച് ആൻഡേഴ്സൺ പുറത്തിറങ്ങി.തുടർന്ന് ഇന്ത്യവിട്ടു.മൂന്നു വർഷത്തിനുശേഷം സി.ബി.ഐ ആൻഡേഴ്സണിനും കമ്പനിക്കുമെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടാ‍യി.പലതവണ സമൺസ് അയച്ചു.തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടു.

ഓപ്പറേഷൻ ഫെയ്ത്ത്.

1984 ഡിസംബർ 16 ന് 619,611 എന്നീ രണ്ടു ടാങ്കുകളിൽ നിന്നുകൂടി MIC ഒഴിച്ചു. ഈ സംരഭത്തെ ഓപ്പറേഷൻ ഫെയ്ത്ത് എന്നു വിളിച്ചു.   
 *****************************************************************************

ഇതാ ഒരു വർഗ്ഗവഞ്ചകൻ

ഇതാ വർഗ്ഗ വഞ്ചനയുടെ ആൾ‌രൂപം

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമായ ശെൽ‌വരാജ്  എം.എൽ.എ സ്ഥാനം രാജിവച്ചു. വെൽഡൺ സെൽ‌വരാജ്! താങ്കൾക്ക് സലാം.ഇതുവരെ നിന്ന പാർട്ടി വിടാനും മറ്റൊരു പാർട്ടിയിൽ പോകാനും താങ്കൾക്ക് എല്ലാവിധ സ്വാതന്ത്ര്യമുണ്ട്. എപ്പോഴാണ് ഒരാളുടെ മനസ്സ് മാറുന്നതെന്നും എന്താണ് അതിനു കാരണവും പ്രലോഭനവുമാകുന്നതെന്നും ആർക്കും പറയാൻ കഴിയില്ലല്ലോ. താങ്കൾ ഇപ്പോൾ പോയതുതന്നെ നല്ലത്. ഇല്ലെങ്കിൽ ഒരു പക്ഷെ ഇതിനേക്കാൾ വലിയ അപകടങ്ങൾ പാർട്ടിയ്ക്കും പാർട്ടി സഖാക്കൾക്കും സംഭവിച്ചേനേ.അത്രയ്ക്കും ക്രൂരനാണു നിങ്ങൾ.  ഞങ്ങൾ ആശ്വാസം കൊള്ളുന്നു. ഇപ്പോഴെങ്കിലും പോയല്ലോ. ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നത്ര ക്രൂരമായ  മാനസികാവസ്ഥയുള്ള താങ്കളെ പോലെ ഒരാൾ എത്രയോ നേരത്തേ പോകേണ്ടതായിരുന്നു. അതിൽ പാർട്ടിയ്ക്ക് തെറ്റുപറ്റി. താങ്കളെ ശരിക്ക് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ.

പാർട്ടിയിൽ ഇത്തരം വർഗ്ഗവഞ്ചകർ ഇനിയുമുണ്ടോയെന്ന് ഒരു പരിശോധന ആവശ്യമാണോയെന്ന്  സംശയിക്കാൻ ഈ സംഭവം പ്രേരിപ്പിക്കുന്നുണ്ട്. കാരണം അത്ര നിഗൂഢമായിട്ടാണല്ലോ ഇയാളുടെ രാജിനീക്കം നടന്നിരിക്കുന്നത്. ഉത്തരേന്ത്യയിലെ രാഷ്ട്രീയ നെറികേടുകൾ കേരളത്തിലേയ്ക്ക് പകർത്താൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ (എന്ന് ധരിച്ചിരുന്ന) മാതൃക കാണിക്കുന്നതിൽ ഞങ്ങൾക്കുള്ള ലജ്ജ മറച്ചു വയ്ക്കുന്നില്ല. എന്തായാലും മിതമാ‍യ ഭാഷയിൽ പറഞ്ഞാൽ മുൻസഖാവേ,  മോശമായി പോയി. തരംതാണതായി പോയി. ഇത്രയും  ക്രൂരവും പൈശാചികവുമായി സ്വന്തം  പ്രസ്ഥാനത്തെ  ഒറ്റിക്കൊടുക്കുവാൻ കഴിഞ്ഞ താങ്കളുടെ മനോനില അപാരം തന്നെ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇയാളോട്  പൊതുവിൽ പാർട്ടി അണികൾക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് മറ്റൊരു സീറ്റ് തന്ന് താങ്കളെ തൃപ്തിപ്പെടുത്തിയത്. ആ പാർട്ടിയോടും താങ്കളോട് അനുഭാവം  പ്രകടിപ്പിച്ച പാർട്ടി അണികളോടും ചെയ്യാവുന്നതിൽ വച്ച് ഏറ്റവും വലിയ ക്രൂരതയാണ് മിസ്റ്റർ സെൽ‌വരാജ്,  നിങ്ങൾ ചെയ്തിരിക്കുന്നത്. ക്രൂരം എന്ന വാക്ക് ഈ കുറിപ്പിൽ പലവട്ടം കടന്നു കയറുന്നത് താങ്കളോടുള്ള പ്രതിഷേധത്തിന്റെ കാഠിന്യം ഒന്നുകൊണ്ടു മാത്രമാണ്. ഇങ്ങനെ ചെയ്യാൻ മാത്രം അത്ര സഹിക്കാൻ പറ്റാത്തതായി എന്തെങ്കിലുമുള്ളതായി താങ്കൾക്ക് പറഞ്ഞു ഫലിപ്പിക്കാൻ പോലുമാകുന്നില്ലല്ലോ. എന്തെങ്കിലും കിട്ടാക്കൊതി കൊണ്ട് ആരെങ്കിലും പാർട്ടി വിട്ടുപോയാൽ അത് സ്വാഭാവികമെന്നു പറയാം. ഇതിപ്പോൾ   അർഹിക്കുന്നതിലും അപ്പുറമുള്ള അംഗീകാരമാണ് ഇക്കാര്യങ്ങളിൽ സി.പി.എം പോലെ ഒരുപാട് പരിമിതികൾ ഉള്ള ഒരു പാർട്ടിയിൽനിന്ന് ഇയാൾക്ക്  ലഭിച്ചിട്ടുള്ളത്.

നല്ല സമയം നോക്കിത്തന്നെ തന്നെ താനാക്കിയ പാർട്ടിക്കിട്ട് ഞൊട്ടിയത്.   ഇങ്ങനെത്തന്നെ വേണം. ഒറ്റുകാർക്ക് എക്കാലത്തേയ്ക്കും ഒരു ഉദാത്ത മാതൃക.യഥാർഥ ജൂദാസ് ഇതറിഞ്ഞ്  നാണിക്കും.  മൂന്നുപ്രാവശ്യം എം.എൽ.എ സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കുന്നു. രണ്ടു വട്ടം ജയിക്കുന്നു. ഒരു പഞ്ചായത്ത്മെമ്പറുപോലുമാകാതെ ആയിരങ്ങൾ പാർട്ടിയിൽ വിശ്വസിച്ച് പ്രവർത്തിച്ച് മരിച്ചു കടന്നു പോകുന്നു. അവർക്ക് രാജിവച്ച് പാർട്ടിയെ വെല്ലുവിളിക്കാൻ സ്ഥാനമാനങ്ങളില്ല.മരിക്കുമ്പോൾ ചെങ്കൊടി പുതച്ച് കിടക്കണമെന്നതുമാത്രമാണ് അവരുടെ ആഗ്രഹം. സെൽ‌വരാജ് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും രണ്ടു വട്ടം  എം.എൽ.എയും ആയി.മറ്റാരെയും കിട്ടാനില്ലാഞ്ഞിട്ടല്ലല്ലോ. അതിലൊന്നും ഇയാൾ തൃപ്തനല്ല. അതിന് ഇയാൾ മനുഷ്യനായിരുന്നില്ലെന്ന് തിരിച്ചറിയാൻ പാർട്ടിയ്ക്ക് കഴിയാതെ പോയില്ലേ?

കഴിഞ്ഞ തവണ ആനാവൂർ നാഗപ്പനെ മത്സരിപ്പിക്കാൻ പാർട്ടി  തീരുമാനിച്ചപ്പോൾ തനിക്ക് ഇനി എം.എൽ.എ അല്ലാതെ ജീവിക്കാൻ പറ്റില്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കി. എന്നിട്ടും തൊട്ടടുത്ത മണ്ഡലത്തിൽ മത്സരിപ്പിച്ച് പാർട്ടി വിട്ടുവീഴ്ച ചെയ്തു. ആനാവൂരിനിട്ട് പണിഞ്ഞ് അദ്ദേഹത്തെ  പാറശാലയിൽ  തോൽപ്പിക്കുകയും ചെയ്തു. എന്നിട്ട് വീണ്ടും സെൽ‌വരാജ്  ജില്ലാ കമ്മിറ്റിയിൽ തുടരുകയും ചെയ്യുന്നു. പണ്ടാണെങ്കിൽ ഇതൊന്നും നടക്കില്ല. പുകഞ്ഞ കൊള്ളികൾ അപ്പപ്പോൾ പുറത്താകും. ഇപ്പോൾ അടുത്തകാലത്തായി കുറച്ചൊക്കെ പ്രശ്നക്കാരാണെങ്കിലും അവരെയെല്ലാം പാർട്ടി ഉൾക്കൊണ്ടു പോകാറുണ്ട് . തിരുത്തപ്പെടും എന്ന പ്രതീക്ഷയിൽ. ഇക്കാലത്ത് ആരെങ്കിലും പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയാലും തെറ്റു തിരുത്താൻ പാർട്ടി  അവസരങ്ങൾ ഏറെ കൊടുക്കുന്നുണ്ട്. സെൽ‌വരാജിന് ആ ആനുകൂല്യങ്ങൾ അല്പം കൂടുതൽ കിട്ടി. അപ്പോ‍ൾ താനെന്തൊക്കെയോ ആണെന്നു തോന്നിയത് സ്വാഭാവികം.

ഇതൊന്നുംകൊണ്ട് സി.പി.എമ്മോ ഇടതുപക്ഷമോ ദുർബലപ്പെടുമെന്ന് ആരും കരുതേണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല.പാർട്ടിയും ഇടതുപക്ഷവും ഇതിലും വലിയ പ്രതിസന്ധികൾ അഭിമുഖീകരിച്ചിട്ടുണ്ട്. അതൊക്കെ വച്ചു നോക്കുമ്പോൾ ഒരു  സെൽ‌വരാജൊന്നും ഒന്നുമല്ല. ഇപ്പോഴത്തെ നിയമസഭയിലെ കക്ഷി നിലവച്ചു നോക്കുമ്പോൾ ഇതിന് ചില പ്രത്യാഘാതങ്ങൾ ഉണ്ട്. അത് യു.ഡി.എഫിന് അനുകൂലവുമാണ്. അത് അവർ മുതലാക്കുകയും ചെയ്യും. സ്വാഭാവികം. എന്നാൽ ഈ സർക്കാരിനെ കലാവധി പൂർത്തിയാകും മുമ്പ് പുറത്തിറക്കാൻ ഇടതുമുന്നണിയ്ക്ക് ഇതുവരെ യാതൊരു ഉദ്ദേശവും ഇല്ലാത്ത അവസ്ഥയിൽ ഈ രാജിയ്ക്ക് അത്രവലിയ പ്രാധാന്യം കല്പിക്കേണ്ടതുമില്ല. ഇനി അഥവാ ഈ സർക്കാരിനെ മറിക്കണമെങ്കിൽ ഒന്നോരണ്ടോ സെൽ‌വന്മാർ പോയാലും ഈസിയായി അത്  സാധിക്കും. പക്ഷെ അതല്ലല്ലോ ഇടതുപക്ഷ ജനാധിപത്യ മുന്നണി. മിമിക്രിക്കാർ ഒരു പാറശാല ശെൽ‌വനെ അവതരിപ്പിക്കാറൂണ്ട്. അതുപോലെ  വെറുമൊരു “പാറശാല ശെൽ‌വന്റെ” കാര്യത്തിന്  കൈ ഇനിയും കൂടുതൽ മിനക്കെടുത്തി അക്ഷരങ്ങളെക്കൂടി  ബുദ്ധിമുട്ടിക്കുന്നില്ല.

ഇനി അഥവാ ഇതിനു വല്ല രാഷ്ട്രീയ പ്രത്യാഘാതവും ഉണ്ടെങ്കിലും നമ്മളങ്ങ് സഹിച്ചോളാം. നമ്മളിതൊക്കെ എത്ര കണ്ടതാ!സെൽ‌വരാജണ്ണന്  ആശംസകൾ! പോയിത്തന്നതിന്!  തന്നതിന് എന്നതിന്  അല്പം സ്ടെസ്സ് കൊടുക്കുന്നു! ചെയ്തത് കൊടും ചതിയാണെങ്കിലും അണ്ണൻ നന്നായാൽമതി. ഇയാൾ  ചെയ്യുന്നതെന്തെന്ന് ഇയാളറിയുന്നില്ല.ഇയാളവർകളോട് പൊറുക്കേണമേ! അത്യുന്നതങ്ങളിൽ യു.ഡി.എഫിനു സ്തുതി! ഉമ്മൻ ചാണ്ടി സാറിനും!

തെരഞ്ഞെടുപ്പും വിജയപരാജയങ്ങളും

തെരഞ്ഞെടുപ്പും വിജയപരാജയങ്ങളും

ഏതാനും സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരികയും അവിടങ്ങളിൽ ആരൊക്കെ അധികാരത്തിൽ വരുമെന്നതിനെ സംബന്ധിച്ച് ഏതാണ്ട് വ്യക്തത വരികയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും സ്വാഭാവികമായും ജനം ഉറ്റുനോക്കിയിരുന്നത് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തിലേയ്ക്കാണ്.മുലയാംഗ് സിങ് യാദവിന്റെ പർട്ടിയായ സമാജ് വാദി പാർട്ടിയ്ക്ക് ഒറ്റയ്ക്കുതന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം അവിടെ ലഭിച്ചിരിക്കുന്നു. ഈ വിജയത്തിൽ അദ്ദേഹത്തിന്റെ മകനും ഒരു പങ്കുണ്ടത്രേ! എന്തായാലും  അവിടെ നിലവിൽ ഭരണം നടത്തിയിരുന്ന ബി.എസ്.പിയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെടുകയാണ്. കോൺഗ്രസ്സ് അവിടെ വളരെ പ്രതീക്ഷകൾ വച്ചു പുലർത്തിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധി വൻ പ്രചാരണവും മറ്റും നടത്തിയെങ്കിലും വലിയ ഫലമുണ്ടായില്ല.  പുറത്തു നിന്ന് ഉമാഭാരതിയെയും മറ്റും ഇറക്കുമതി ചെയ്ത്  തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിയ്ക്കും അവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ചതുഷ്കോണ മത്സരത്തിൽ അവിടെ എസ്.പി നേടിയത് തിളക്കമാർന്ന വിജയമാണ്.

ഈ കുറിപ്പുകാരന്റെ അഭിപ്രായത്തിൽ  കോൺഗ്രസ്സിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല എന്നതിലല്ല സന്തോഷം കാണേണ്ടത്. മറിച്ച് യു.പിയിൽ വർഗീയ കക്ഷിയായ ബി.ജെ.പി പരാജയപ്പെട്ടതിൽ  അല്പം ആശ്വസിക്കാൻ കഴിയുന്നു എന്നതിലാണ് സന്തോഷിക്കേണ്ടത്. വർഗ്ഗീയ അജൻഡകൾ ഉപേക്ഷിക്കാത്ത പാർട്ടികൾക്ക് അധികാരം ലഭിക്കാതിരിക്കുന്നത് മതേതര വാദികളെ സംബന്ധിച്ച് സന്തോഷകരമാണ്. എങ്കിലും ഭാവിയിൽ ബി.ജെ.പിയ്ക്ക് ഈ സംസ്ഥാനങ്ങളിലെല്ല്ലാം അധികാരത്തിൽ വാരാവുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഗോവയിൽ അവർക്ക് അധികാരം ലഭിച്ചു. പഞ്ചാബിൽ അവർ ഉൾപ്പെട്ട മുന്നണിയാണ് ജയിച്ചത്. ഉത്തരാഖണ്ഡിലും ബി.ജെ.പിയും കോൺഗ്രസ്സും ഏതാണ്ട് തുല്യ നിലയിലാണ്. അങ്ങനെ നോക്കുമ്പോൾ മതേതര ഇന്ത്യയ്ക്കുമേൽ ബി.ജെ.പി എന്ന ഭീഷണി അത്രവേഗം അവസാനിക്കുന്ന ഒരു പ്രതിഭാസമല്ല എന്നാണ് മനസിലാക്കേണ്ടത്. ഇത് ഇന്ത്യയിലെ എല്ലാ മതേതരകക്ഷികളും ഗൌരവത്തിലെടുക്കേണ്ട കാര്യമാണ്. ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചെങ്ങാനും ബി.ജെ.പി അതിന്റെ വർഗീയ അജണ്ടകളിൽ മാറ്റം വരുത്തുമെന്ന് കരുതാനാകില്ല. എങ്കിലും വർഗീയ അജണ്ടകൾ കൊണ്ടുമാത്രം അധികാരം നേടാനാകിലെന്ന് അവരെ ഓർമ്മിപ്പിക്കുവാൻ ഉതകുന്ന ചില പരാജയപാഠങ്ങൾ അവർക്കാവശ്യമാണ്. അല്പമെങ്കിലുമൊരു മാനസാന്തരം വന്നാലോ.

ഏതായാലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും  ലോഡ്ജുകളിൽ മുറിയെടുക്കാൻ ചെല്ലുന്നവരുടെ ജാതികൂടി  ചോദിക്കും വിധം ഗുരുതരമായ രീതിയിൽ വർഗീയത വളർന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് യു.പി പോലെ ഒരു സംസ്ഥാനത്ത് ഒരു വർഗീയ കക്ഷി അധികാരത്തിലെത്തുന്നത് ഒഴിവാക്കപ്പെട്ടിരിക്കുന്നത് തൽക്കാലത്തെയെങ്കിലും ആശ്വാസമാണ്. നാളെ പലയിടത്തും  ലോഡ്ജു  മുറിയെടുക്കാൻ ചെല്ലുന്നവൻ മുണ്ടുപൊക്കി കാണിക്കേണ്ട അവസ്ഥയുണ്ടാകില്ലെന്ന് ആരുകണ്ടു! വർഗ്ഗീയത വളർന്നാൽ എത്രത്തോളമാകുമെന്ന് സൂചിപ്പിക്കാൻ ഞാൻ ഈ ഉദാഹരണം സാന്ദർഭികമായി പറഞ്ഞുവെന്നുമാത്രം. മറ്റൊരു പ്രധാന കാര്യം പറയാനുള്ളത്  ഇന്ത്യയിലെ മതേതര കക്ഷികൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ വർഗീയ കക്ഷികൾ അധികാരത്തിലെത്തുന്നതു തടയാൻ ഒരുമിച്ച് തന്ത്രങ്ങൾ മെനഞ്ഞാൽ അക്കാര്യത്തിൽ വിജയിക്കാനാകും എന്നൊരു സൂചന ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നുണ്ട്. യു.പിയിൽ മതേതര കക്ഷികൾ എല്ലാം കൂടി ഒത്തുനിന്നാൽ ഒരു വർഗീയ കക്ഷിയ്ക്കും അവിടെ അധികാ‍രമേൽക്കാനാകില്ല. പക്ഷെ ഇന്ത്യയെ വർഗീയതയുടെ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ അങ്ങനെയൊരു വിശാലവീക്ഷണത്തിന് ആരൊക്കെ തയ്യാറാകുമെന്നതാണ് പ്രശ്നം.

മറ്റൊന്ന് പറയാനുള്ളത്. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ആരായാലും ആ പരാജയം അംഗീകരിക്കണം. അല്ലാതെ ആരും വീണിടത്തു കിടന്ന് ഉരുളരുത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള ചാനൽ ചർച്ചകളും മറ്റും കണ്ടിട്ട് പറയുന്നതാണ്. ഓരോ പാർട്ടിയ്ക്കും തങ്ങൾ എന്തുകൊണ്ട് ഒരു തെരഞ്ഞെടുപ്പിൽ തോറ്റുവെന്ന് തെരഞ്ഞെടുപ്പിന് ശേഷം കൂലംകഷമായി ചർച്ചചെയ്ത് പരിശോധിച്ച് നിഗമനങ്ങളിൽ എത്താം. പക്ഷെ തോൽ‌വിയെ ന്യായീകരിക്കാനോ വിജയിക്കുന്നവരുടെ വിജയത്തെ കുറച്ചു കാണാനോ ശ്രമിക്കുന്നതിൽ അർത്ഥമില്ല. വിജയിക്കുന്നവരെ അഭിനന്ദിച്ച് സ്വന്തം പരാജയം ആവർത്തിക്കാതിരിക്കാൻ ചെയ്യേണ്ടതെന്തെന്ന് ആലോചിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്.

അതല്ല, ഏതെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ വല്ല തെരഞ്ഞെടുപ്പ് ക്രിത്രിമമോ ജനാധിപത്യധ്വംസനമോ നടത്തിയാണ് വിജയിച്ചതെന്നുകണ്ടാൽ  അത് തുറന്നു കാണിക്കുകയും നിയമപരമായി നേരിടുകയും ചെയ്യാം. ഇനി വർഗീയകാർഡിറക്കിയാണ് ആരെങ്കിലും ജയിക്കുന്നതെങ്കിൽ അത്തരം കാർഡിലൊന്നും ആളുകൾ വീഴാതിരിക്കാനുള്ള ശ്രമങ്ങൾ തുടർന്നും നടത്തണം. അതുകൊണ്ടുതന്നെ  വിജയിക്കുന്നത് ബി.ജെ.പിയായാലും വിജയം വിജയം തന്നെ.  അല്ലാതെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തോൽക്കുന്നവർ ആരായാലും അവർ കൊഞ്ഞണം കുത്തി കാണിക്കുന്ന സ്വഭാവം ആധുനിക കാലത്തിനു ചേർന്നതല്ല. കുറച്ചുകൂടി ജനാധിപത്യ ബോധം നമ്മുടെ എല്ലാ രാഷ്ട്രീയ കക്ഷികളും ഇനിയും ആർജ്ജിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. എന്തായാലും  ഈ കുറിപ്പന്റെ രാഷ്ട്രീയപക്ഷവും നിരീക്ഷണങ്ങളും വച്ച്  ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ  പലരും  വിജയിച്ചുകൂടാത്തവരായിരുന്നുവെ ന്ന വിശ്വാസം ഉള്ളിൽ വച്ചുകൊണ്ടുതന്നെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് വിജയമോ പരാജയമോ ഏറ്റുവാങ്ങിയ  എല്ലാവർക്കും അഭിനന്ദനങ്ങൾ!

പിറവം ഉപതെരഞ്ഞെടുപ്പ്:

പിറവം ഉപതെരഞ്ഞെടുപ്പ്:

ആത്മവിശ്വാസമാവാം;  അനുചിതവും അനാവശ്യവുമായ  പ്രസ്താവനകളും പ്രഖ്യാപനങ്ങളും  നന്നല്ല!

ആത്മവിശ്വാസം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർക്കുണ്ടാകുന്നത് നല്ലതാണ്.  എന്നാൽ തെരഞ്ഞെടുപ്പിനു മുമ്പ് വീമ്പും വീരവാദവാങ്ങളും മുഴക്കുന്നതും ആവശ്യമില്ലാത്ത മുൻവിധികളും പ്രഖ്യാപനങ്ങളും നടത്തുന്നതും ആർക്കും ഒട്ടുംതന്നെ ഭൂഷണമല്ല. കേരളത്തെ സംബന്ധിച്ച് നിയമസഭ, പാർളമെന്റ് എന്നിവകളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിലവിലുള്ള  സാഹചര്യത്തിൽ ഏതെങ്കിലും ഒരു മുന്നണിസ്ഥാനാർത്ഥിയ്ക്ക് മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്കൊന്നും വിജയയിക്കുമെന്ന് വലിയ ആ‍ാത്മവിശ്വാസം വച്ചുപുലർത്താനാകില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലപ്പോൾ ചില  സ്വതന്ത്രർ ജയിക്കുന്ന അനുഭവങ്ങൾ ഉണ്ടായിക്കൂടെന്നുമില്ല. മുമ്പും ഉണ്ടായിട്ടുമുണ്ട് . എങ്കിലും സാധാരണ നിലയിൽ ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരത്തിനുള്ള സാഹചര്യം ഉള്ളത്. ആകെപ്പാടെ ഒന്നോരണ്ടോ മണ്ഡലങ്ങളിൽ ബി.ജെ.പിയും മറ്റും  ചില ചില്ലറ  ചലനങ്ങൾ സൃഷ്ടിക്കാറുണ്ട് എന്നു മാത്രം. ചില മണ്ഡലങ്ങളിൽ ചില സംദർഭങ്ങളിൽ  ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇനിയും ചിലപ്പോൾ ചിലയിടങ്ങളിൽ അങ്ങനെ വന്നുകൂടെന്നുമില്ല.

പറഞ്ഞുവന്നത് തെരഞ്ഞെടുപ്പിനു മുമ്പ്  ഓരോ മുന്നളികളുടെയും പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും  അവകാശവാദങ്ങളെയും മറ്റും സംബന്ധിച്ചാണ്. തങ്ങൾ ജയിച്ചാൽ എതിർപാർട്ടിയുടെയും മുന്നണിയുടെയും കഥ അതോടെ കഴിയുമെന്നും എതിർപാർട്ടി ഭരണത്തിലാണെങ്കിൽ ഭരണം തന്നെ തകരുമെന്നും ഒക്കെ വീമ്പ് പറയാറുണ്ട്. അതുപോലെ  നിലവിൽ അധികാരത്തിൽ ഇരിക്കുന്ന സർക്കാരിന്റെ വിലയിരുത്തലാകും വരുന്ന തെരഞ്ഞെടുപ്പെന്ന് മിക്കപ്പോഴും പ്രതിപക്ഷവും ഭരണപക്ഷവും  മുൻകൂട്ടി പറയാറുണ്ട്. പറയുംവിധം സംഭവിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പറഞ്ഞതിലൊരു കൂട്ടർ അപ്പറഞ്ഞതങ്ങ്  പാടേ വിഴുങ്ങും. ഇത്തരം ചില ബാലിശമായ മുൻ­വിധികൾ ഉന്നയിക്കുന്നത് ജനാധിപത്യത്തിന് ഒട്ടും തന്നെ ഭൂഷണമല്ല. ഒരു തെരഞ്ഞെടുപ്പിനെ ഏതെല്ലാം കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സമീപിക്കണമെന്നത് പൊതുജനം തീരുമാനിക്കേണ്ട കാര്യമാണ്. അതിനെ ഏതെങ്കിലും ഒരു കാര്യത്തിലേയ്ക്ക്  മാത്രം കേന്ദ്രീകരിപ്പിക്കുന്നത് ഒട്ടും തന്നെ ശരിയല്ല. പ്രധാനമായും രാഷ്ട്രീയവും എന്നാൽ പ്രപഞ്ചത്തിനു കീഴിലുള്ള പലപല വിഷയങ്ങളും  ചർച്ച ചെയ്യപ്പെടേണ്ട സന്ദർഭങ്ങളാണ് തെരഞ്ഞെടുപ്പുകൾ. അതിനെ ഏതെങ്കിലും പ്രാദേശികവിഷയങ്ങളിലേയ്ക്ക് മാത്രം ചുരുക്കിക്കാണുന്നത് പലതുകൊണ്ടും അഭികാമ്യമല്ല.

ഒരു തെരഞ്ഞെടുപ്പിൽ പല ഘടങ്ങളും സ്വാധീനിക്കും. നിലവിലുള്ള കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഭരണത്തിനു പുറമെ അപ്പോഴത്തെ രാഷ്ട്രീയവും   സാമൂഹ്യവും സാംസ്കാരികവും മറ്റുമായ  സാഹചര്യങ്ങൾ, നാടിന്റെ വികസനം, സ്ഥാനാർത്ഥികളുടെ സ്വീകാര്യതയും ജനസമ്മതിയും,  ജാതിമത സ്വാധീനം,  പലതരം കൃത്രിമങ്ങൾ,   വോട്ടർമാരുടെ സ്വാർത്ഥതാല്പര്യങ്ങൾ തുടങ്ങി പലതും ഒരു തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ സ്വാധീനിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തൽ മറ്റെന്തിനേക്കാളും കൂടുതൽ സ്വാധീനം ചെലുത്തും എന്നത് ശരിതന്നെ. പക്ഷെ വിജയത്തിന്റെയോ പരാജയത്തിന്റെയോ കാരണം അതുമാത്രമാകും എന്ന വിലയിരുത്തൽ സത്യസന്ധമായിരിക്കില്ല. എല്ലാ വോട്ടർമാരും ഒരുപോലെയല്ല ഓരോ തെരഞ്ഞെടുപ്പുകളെയും സമീപിക്കുന്നത്. ഓരോ സമയത്തും ഓരു സ്ഥാനാർത്ഥിയെയോ പാർട്ടിയെയോ മുന്നണിയെയോ വിജയിപ്പിക്കുന്നതിൽ ഓരോരുത്തർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകും. ഉറച്ച രാഷ്ട്രീയ നിലപാടുകളോന്നുമില്ലാത്ത നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന വോട്ടർമാർ ഓരോ തെരഞ്ഞെടുപ്പിലും അവരവർക്ക്  അപ്പപ്പോൾ ഉണ്ടാകുന്ന  കാഴ്ചപ്പാടുകൾക്ക് വിധേയമായായിരിക്കും അവരവരുടെ സമ്മതിദാനാവകശം  വിനിയോഗിക്കുക. ഇതാണ് തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ സങ്കീർണ്ണമാക്കുന്നത്.

മേൽ‌പ്പറഞ്ഞ പശ്ചാത്തലങ്ങൾ കണക്കിലെടുത്തുവേണം  നിന്നുവേണം ഇപ്പോൾ കേരളത്തിൽ പിറവം നിയമസഭാ നിയോജക മണ്ഡലത്തിൽ നടക്കാൻ പോകുന്ന    ഉപതെരഞ്ഞെടുപ്പിനെയും കാണാൻ. പിറവം ഉപതെരഞ്ഞെടുപ്പ്ഫലം എന്തായാലും അത് ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങളൊന്നും  ഉണ്ടാക്കാൻ ഇടയില്ല. നിലവിൽ  ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായുള്ള  യു.ഡി.എഫ് സർക്കാരിനെ അത് ബാധിക്കാനും പോകുന്നില്ല. യു.ഡി.എഫിന്  നിയമസഭയിൽ നേരിയ ഭൂരിപക്ഷം മാത്രമേയുള്ളൂ എന്നതുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോറ്റാൽ ഇപ്പോഴത്തെ  മന്ത്രിസഭ  വീഴാനൊന്നും പോകുന്നില്ല. നിലവിലെ സർക്കാരിനെ ഏതെങ്കിലും തരത്തിൽ അട്ടിമറിക്കണമെന്ന ഉദ്ദേശം പ്രതിപക്ഷത്തിന് ഇല്ലതാനും. പ്രതിപക്ഷമായ  എൽ.ഡി.എഫിന് ഈ സർക്കാരിനെ അട്ടിമറിക്കണമെങ്കിൽ ഇപ്പോൾ  ഈയൊരു  ഉപതെരഞ്ഞെടുപ്പിന്റെയൊന്നും  ആവശ്യമില്ല. എൽ.ഡി.എഫിന്റെ തത്വാധിഷ്ഠിത നിലപാടുകളിൽ വെള്ളം ചേർത്താൽ യു.ഡി.എഫിലെ ഇപ്പോഴത്തെ അസംതൃപ്ത വിഭാഗങ്ങളെ അടർത്തിയെടുത്ത് മന്ത്രിസഭയെ വീഴ്ത്താവുന്നതേയുള്ളൂ. അതിന് എൽ.ഡി.എഫ് ഇതുവരെ  തുനിഞ്ഞിട്ടില്ല. ഇനി തുനിയുമെന്നും  തോന്നുന്നില്ല. യു.ഡി.എഫിന് ഭൂരിപക്ഷം വളരെ കുറവാണെങ്കിലും  ജനവിധി മാനിച്ച് ഈ സർക്കാരിനെ  കാലാവധി തീരുംവരെ ഭരിക്കാൻ വിടുക എന്ന നിലപാട് എൽ.ഡി.എഫ് തുടരാനേ സാദ്ധ്യതയുള്ളൂ. പിറവത്തെ ഫലം എന്തുതന്നെയായാലും നിലവിലുള്ള സ്ഥിതിഗതികളിൽ വലിയ  മാറ്റമൊന്നുമുണ്ടാകാൻ പോകുന്നില്ല.

ഈ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും മത്സരിക്കുന്ന പ്രധാന മുന്നണികൾ രണ്ടും ബാലിശമായ പതിവ് അവകാശവാദങ്ങളും മുൻ‌വിധികളും  ഉന്നയിച്ചിട്ടുണ്ട്. ഇരുകൂട്ടർക്കും ജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല!  ഈ ഉപതെരഞ്ഞെടുപ്പ് നിലവിലുള്ള സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന്  പ്രതിപക്ഷത്തുള്ള എൽ.ഡി.എഫും പിന്നെ  ഭരണമുന്നണിയായ യു.ഡി.എഫും പ്രഖ്യാപിച്ചിട്ടുണ്ട്. സത്യത്തിൽ ഇതൊക്കെ  വെറും ബാലിശവും അനുചിതവുമായ  പ്രഖ്യാപനങ്ങളാണ്. തെരഞ്ഞെടുപ്പുകളിലെ ചില പതിവുരീതികളുടെ. കേവലം അനുകരണങ്ങളും ആവർത്തനങ്ങളും  മാത്രം. ഈ തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ സ്വാധീനിക്കുക ഇപ്പോഴത്തെ സർക്കാരിന്റെ മികവോ മികവില്ലായ്മയോ മാത്രമായിരിക്കില്ല. ഒരു തെരഞ്ഞെടുപ്പും അങ്ങനെയല്ല.  തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലെ പലപല   വിഷയങ്ങളും ജയപരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തും. രഹസ്യ ബാലറ്റിലൂടെ നടക്കുന്ന ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിൽ ആരു വിജയിക്കുമെന്നു മുൻ‌കൂട്ടി പറയുവാൻ ഒരു പൊന്നുമക്കൾക്കും സാധിക്കില്ല.

തെരഞ്ഞെടുപ്പിൽ അനാവശ്യവും അനുചിതവുമായ അവകാശവാദങ്ങളും മുൻവിധികളും പ്രഖ്യാപിക്കാതെ രാഷ്ട്രീയവും ഭരണവും വികസനവും ഉൾപ്പെടെ  ആവശ്യമായ വിഷയങ്ങൾ എന്നു ഓരോരുത്തർക്കും  തോന്നുന്ന  കാര്യങ്ങൾ എല്ലാം  ചർച്ചാ വിഷയമാക്കുക. ഓരോരുത്തരും തങ്ങൾ വിജയിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുക. അതൊക്കെ കേട്ടിട്ട് ജനങ്ങൾ തീരുമാനിക്കട്ടെ. ഒരു തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക്  എത്രകണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുവാൻ  സാധിക്കുമോ അത്രയും നല്ലത്. അതൊന്നുമല്ലാതെ തെരഞ്ഞെടുപ്പ് കഴിയുവോളം മാത്രം നിലനിൽക്കുന്നതും അതിനുശേഷം വിഴുങ്ങേണ്ടി വരുന്നതുമായ പ്രസ്താവനകൾ സ്ഥാനാർത്ഥികളും പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് വിശകലനക്കാരും “പ്രവാചകരും” ഒക്കെ ഒഴിവാക്കുന്നതാണ് ബുദ്ധി. ഒരു തെരഞ്ഞെടുപ്പ് പരാജയത്തോടെ ഒരു സ്ഥാനാർത്ഥിയും പാർട്ടിയും മുന്നണിയും ഇല്ലാതാകുകയൊന്നുമില്ല.  തെരഞ്ഞെടുപ്പ് അനേകം പൊതുപ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ്. അങ്ങനെയാണ് കണക്കാക്കേണ്ടത്. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിലെ ജനവിധി എന്നത്    ആരുടെയെങ്കിലും   വളർച്ചയുടേയോ തളർച്ചയുടേയൊ,  തള്ളാവുന്നവയെയോ   കൊള്ളാവുന്നവയെയോ  മറ്റോ സംബന്ധിച്ച ഒരു അവസാന വാക്കല്ല.

ഈ ഉപതെരഞ്ഞെടുപ്പിൽ കേരള സർക്കാരിന്റെ നേട്ട-കോട്ടങ്ങളൊന്നുമല്ല  ഇവിടെയിപ്പോൾ  കൂടുതലും സ്വാധീനം ചെലുത്താൻ പോകുന്നത്. എൽ.ഡി.എഫിനെ സംബന്ധിച്ച് ഇപ്പോഴത്തെ സ്ഥാനാർത്ഥി എം.ജെ. ജേക്കബ്ബിന്റെ  ജനസമ്മതിയും ഇപ്പോഴത്തെ സർക്കാരിനോടുള്ള ജനങ്ങളുടെ അസംതൃപ്തിയുമായിരിക്കും  പ്രധാനമായും അനുകൂലമാകുക.  എന്നാൽ മറ്റ് പല  ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമാണ്.  പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം.എൽ.എ യും ഇപ്പോഴത്തെ  യു.ഡി.എഫ് സർക്കാരിൽ   മന്ത്രിയുമായിരുന്ന ടി.എം. ജേക്കബ് മരണപ്പെട്ടതുമൂലമാണ് ഇപ്പോൾ പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ടി.എം.ജേക്കബ്ബിന്റെ മകൻ അനൂപ് ജേക്കബ് ആണ്  അവിടെ ഇപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി. മരണപ്പെട്ട നേതാവിനോടുള്ള  ആദരവും സിമ്പതിക്കൽ ഫാക്ടും   കുറച്ചൊക്കെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് അനുകൂ‍ലമാകും. കൂടാതെ  സകല സാമുദായിക നേതാക്കളും യു.ഡി.എഫ്. സ്ഥാ‍നാർത്ഥിയ്ക്ക്  പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. കള്ളവോട്ടു ചേർക്കലും മറ്റ് കൃത്രിമങ്ങളും ഇരു മുന്നണിക്കാരും മത്സരിച്ച് നടത്തിയാലും ഭരണത്തിലിരിക്കുന്നവർക്കാണ് അതിൽ കൂടുതൽ വിജയിക്കാൻ സാധിക്കുക. കള്ള വോട്ടുകൾ ഈ തെരഞ്ഞെടുപ്പിൽ നല്ല സ്വാധീനം ചെലുത്തുമെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

മറ്റൊന്ന് യു.ഡി.എഫിനെ സംബന്ധിച്ച് ഇത് ജീവന്മരണ പോരാട്ടമായതിനാൽ അവർ എന്തു വിലകൊടുത്തും പിറവത്ത് ജയിക്കാൻ നോക്കും. വൻതോതിൽ അവർ പണമൊഴുക്കും. മന്ത്രിമാരെല്ലാം അവിടെ വീടു വീടാന്തരം സ്ക്വഡു  പ്രവർത്തനം നടത്തുന്നുണ്ട്. എൽ.ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അങ്ങോട്ട് കോൺസൺട്രേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ  മന്ത്രിമാരൊക്കെ  ചെന്നിറങ്ങുന്ന ആ ഒരു തിരയിളക്കം ഉണ്ടാകണമെന്നില്ല. നിലവിലെ മന്ത്രിമാരുടെ അത്ര  സ്റ്റാർ വാല്യൂ പ്രതിപക്ഷത്തുള്ള നേതാക്കൾക്ക് ഉണ്ടാകില്ലല്ലോ. നിലവിലെ മന്ത്രിമാർക്ക് നേരിട്ട് വോട്ടർമാർക്ക്  പല വാഗ്ദാനങ്ങളും നൽകി ദുസ്വാധീനിക്കാനും കഴിയും. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു.ഡി.എഫ്  സർക്കാരിനെ നിലനിർത്താൻ “തല്പരകക്ഷികളുടെ” അകമഴിഞ്ഞ പിന്തുണയും അവർക്ക് ലഭിക്കും. ഇതിനെയൊക്കെ അതിജീവിച്ച് പ്രധാനമായും  എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നല്ല ഇമേജ്,  സർക്കാരിനോടുള്ള വോട്ടർമാരുടെ അസംതൃപ്തി എന്നീ ഘടകങ്ങളുടെ സ്വാധീനത്താൽ മാത്രം  എൽ.ഡി.എഫ് സ്ഥാ‍നാർത്ഥി വിജയിച്ചാൽ അതൊരു വലിയ സംഭവം തന്നെയായിരിക്കും!

ഒരു ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം അതർ  കുറച്ചു കാണുന്നില്ല. ഒരു പൊതു തെരഞ്ഞെടുപ്പിനെ  സമീപിക്കുന്നതുപോലെയാകില്ല  ഒരു ഉപതെരഞ്ഞെടുപ്പിനെ ആ മണ്ഡലത്തിലെ ജനങ്ങൾ സമീപിക്കുക. കുറച്ചുകൊടി ഗൌരവത്തിൽ തന്നെയായിരിക്കും. തങ്ങളുടെ നിയോജകമണ്ഡലത്തിനപ്പുറം  പ്രാധാന്യവും പ്രത്യാഘാതങ്ങളും ഉള്ള ഒന്നാണ് ഉപതെരഞ്ഞെടുപ്പ് എന്ന ബോധം ഒരുവിധം ചിന്തിക്കുന്ന  വോട്ടർമാരിൽ ഉണ്ടാകും. അത് ഒരുവിധം ഉൾക്കൊണ്ടുകൊണ്ടായിരിക്കും അവർ വോട്ട് രേഖപ്പെടുത്തുക.  എന്തായാലും  പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചാൽ അത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണം നന്നായിരിക്കുന്നുവെന്നോ എൽ.ഡി.എഫ് ജയിച്ചാൽ ഈ ഭരണം മോശമായിരിക്കുന്നുവെന്നോ   മാത്രമായ ഒരർത്ഥവും  അതിനില്ല. അതും ഒരു ഘടകം എന്നേയുള്ളൂ.  എന്തായാലും   മുൻകൂട്ടി ആരും  വിജയം പ്രഖ്യാപിക്കാൻ വരട്ടെ. ആളുകളുടെ മനസ്സ് വായിക്കാനുള്ള യന്ത്രമൊന്നും കണ്ടുപിടിച്ചിട്ടില്ല. രഹസ്യബാലറ്റാണ്. കാത്തിരുന്ന് കാണാം. ഫലമെന്താണെങ്കിലും പിന്നെ   യാഥാർത്ഥ്യങ്ങളോട്   പൊരുത്തപ്പെടുകയേ എല്ലാവർക്കും നിവൃത്തിയുള്ളൂ. എത്രയോ തെരഞ്ഞെടുപ്പുകൾ വന്നു പോയിരിക്കുന്നു. അല്ലപിന്നെ!

അന്തരിച്ച പി.കെ.നാരായണപ്പണിക്കർക്ക് ആദരാഞ്ജലികൾ!

അന്തരിച്ച പി.കെ.നാരായണപ്പണിക്കർക്ക് ആദരാഞ്ജലികൾ!
പി കെ നാരായണപ്പണിക്കര്‍ അന്തരിച്ചു
(പത്രവാർത്ത: ദേശാഭിമാനി, Posted on: 29-Feb-2012 03:09 PM)

കോട്ടയം, 2012, ഫെബ്രുവരി 29: നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റും ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയുമായിരുന്ന പി കെ നാരായണപ്പണിക്കര്‍ അന്തരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി വീട്ടില്‍ പകല്‍ 2.10നാണ് അന്ത്യം. 82 വയസായിരുന്നു. ഏറെനാളായി അസുഖബാധിതനായി വാഴപ്പള്ളിച്ചിറയിലെ ലക്ഷ്മി ബംഗ്ലാവില്‍ കഴിയുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ .
പണിക്കര്‍ 28 വര്‍ഷം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷമാണ് 2011ല്‍ പ്രസിഡന്റായത്. മന്നത്തു പത്മനാഭനു ശേഷം ഏറ്റവും കൂടുതല്‍ കാലം ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. 1983 ഡിസംബര്‍ 31നാണ് ആദ്യമായി ജനറല്‍ സെക്രട്ടറിയായത്. 1977 ല്‍ ട്രഷററായി. ഒന്‍പതുവര്‍ഷം തുടര്‍ന്നു. എന്‍ഡിപി എന്ന രാഷ്ട്രീയപാര്‍ടി രൂപീകരിച്ചപ്പോള്‍ അതിന്റെ അമരക്കാരനായി. ചങ്ങനാശേരി എസ്ബി കോളേജില്‍ നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. ചങ്ങനാശേരിയിലും ട്രാവന്‍കൂര്‍ ഹൈക്കോടതിയിലും തിരക്കേറിയ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനിടയിലായിരുന്നു സമുദായ നേതൃത്വത്തിലേക്കുള്ള രംഗപ്രവേശം. ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.
കേരള സര്‍വകലാശാലാ സെനറ്റംഗം, എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം, ചങ്ങനാശേരി ലയണ്‍സ് ക്ലബ് പ്രസിഡന്റ്എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, ക്ലെമിസ്സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, ശ്രേഷ്ഠപുരുഷ അവാര്‍ഡ് 2009, ഗുഡ്ഷെപ്പേര്‍ഡ് അവാര്‍ഡ് 2010 എന്നിവയ്ക്കും അര്‍ഹനായി. 1930 ആഗസ്ത് 15ന് ചിങ്ങമാസത്തിലെ ചിത്തിരനക്ഷത്രത്തിലായിരുന്നു ജനനം. ഭാര്യ: പരേതയായ സാവിത്രിയമ്മ. മക്കള്‍ : പി എന്‍ സതീഷ് കുമാര്‍(ഐഡിബിഐ ജി എം, മുബൈ), ഡോ. പി എന്‍ ജഗദീഷ്(കറുകച്ചാല്‍ എന്‍എസ്എസ് ആശുപത്രി), പി എന്‍ രഞ്ജിത് കുമാര്‍(ടാറ്റാ ടി മാനേജര്‍). മരുമക്കള്‍ : ദേവകി, ഡോ. സീതാലക്ഷ്മി, ഡോ. പ്രിയ. സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കാവപ്പാലം കണ്ണാടി അമ്പാട്ടുമഠം എ എന്‍ വേലുപ്പിള്ളയുടെയും വാഴപ്പിള്ളി പിച്ചാമത്തില്‍ (ലക്ഷ്മിവിലാസം) ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് നാരായണപ്പണിക്കര്‍ .

മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി

മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി

ഈ മഹദ്‌വചനമൊക്കെ മൊഴിയാൻ ഇയാളാരാ, മഹാനോ? പോടേ തട്ടത്തുമലയാ! എന്നൊക്കെ ചോദിക്കാനും പറയാനും വരട്ടെ; മേല്പറഞ്ഞ തലവാചകം ആദ്യമായി പറഞ്ഞത് ഞാനൊന്നുമല്ല. സാക്ഷാൽ ബ്രഹ്മാനന്ദ സ്വാമി ശിവയോഗികളാണ്. ഞാൻ ഇത് ആദ്യമായി കേട്ടത് അദ്ദേഹത്തിന്റെ ശിഷ്യൻ നിർമ്മലാനന്ദ സ്വാമി ശിവയോഗികളുടെ പ്രസംഗത്തിൽ നിന്നാണ്. അതിനുമുമ്പ് ഇത് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടായിരിക്കാം; ഇല്ലായിരിക്കാം. ഇനി ആരും പറഞ്ഞിരുന്നില്ലെങ്കിൽത്തന്നെയും മനുഷ്യൻ നന്നാവാൻ മനസ്സു നന്നാവണം എന്നത് സാമാന്യബുദ്ധിയുള്ള ആർക്കും സ്വയമേവതന്നെ മനസിലാക്കാവുന്നതുമാണ്.

തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളാരും കേൾക്കണമെന്നില്ല. യേശുക്രിസ്തു പറഞ്ഞാൽ കേൾക്കാമല്ലോ. അദ്ധ്വാനിക്കുന്ന തൊഴിലാളികൾക്ക് ന്യായമായ വേതനവും തുല്യനീതിയും നൽകണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ കേൾക്കണമെന്നില്ല. പക്ഷെ അദ്ധ്വാനിക്കുന്ന തൊഴിലാളിയ്ക്ക് വിയർപ്പുതുള്ളി ഉണങ്ങുന്നതിനു മുമ്പ് കൂലി കൊടുക്കണമെന്ന് മുഹമ്മദ് നബി(സ്വ) പറഞ്ഞത് കേൾക്കാമല്ലോ. നീ കൊണ്ടു വന്നതൊന്നും നിനക്കുള്ളതല്ലെന്നും അതുകൊണ്ട് നീയെന്നല്ല, ആരും അഹങ്കരിക്കരുതെന്നും ഞാൻ പറഞ്ഞാൽ ആരും കേൾക്കണമെന്നില്ല. പക്ഷെ ഭഗവദ് ഗീതയിൽ പറയുന്നത് അംഗീകരിക്കാമല്ലോ.

അന്ന് പാവപ്പെട്ട യേശുക്രിസ്തു ആ പറഞ്ഞതൊക്കെ ആളുകൾക്ക് അംഗീകരിക്കാൻ പ്രയാസമായിരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് അദ്ദേഹം സാക്ഷാൽ ദൈവത്തെ സാക്ഷി നിർത്തി അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞു. താൻ വെറും ദൈവദൂതനാണെന്നും താൻ പറയുന്നതൊക്കെ ദൈവവചനങ്ങളാണെന്നും അദ്ദേഹം ധ്വനിപ്പിച്ചു.കേട്ടു നടന്നാൽ എല്ലാവർക്കും കൊള്ളാം! അന്നത്തെ കാലത്ത് സാധാരണ മനുഷ്യരാരെങ്കിലും വല്ലതും പറഞ്ഞാൽ അറേബ്യയിലെ അന്ധകാരം ബാധിച്ച മനുഷ്യരൊന്നും കേൾക്കില്ലെന്ന് അറിയാവുന്ന മുഹമ്മദ് നബിയും സാക്ഷാൽ ദൈവത്തെ സാക്ഷിനിർത്തി തനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞുവച്ചു. താൻ ദൈവമല്ല, ദൈവദൂതൻ മാത്രമാണെന്നും അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും താൻ പറയുന്നതൊക്കെ അള്ളാഹു ഉണർത്തിച്ചു തന്ന കാര്യങ്ങളാണെന്നും നബിയും പറഞ്ഞു. കേട്ടു നടന്നാൽ എല്ലാവർക്കും നന്ന്! തങ്ങൾക്കിടയിലുള്ള ഏതെങ്കിലും സാധാരണ മനുഷ്യൻ പറയുന്നതൊന്നും ജനം അത്രകണ്ട് കണക്കിലെടുക്കില്ലെന്നുകണ്ട് ഭഗവാൻ കൃഷ്ണൻതന്നെ ഗീതയിലൂടെ എല്ലാവർക്കും സാരോപദേശങ്ങൾ നൽകി. ചെവിക്കൊണ്ട് ജിവിച്ചാൽ എല്ലാവർക്കും ശാന്തിയും സമാധാനവും!

മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി

അതെ, മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി. കാരണം നന്മയുടെയും തിന്മയുടെയും സ്രോതസ്സ് മനസ്സാണ്. ശാന്തിയും അശാന്തിയും രൂ‍പം കൊള്ളുന്നത് മനസ്സിലാണ്. ക്ഷമയും അക്ഷമയും രൂപം കൊള്ളുന്നത് മനസ്സിലാണ്. സമാധാനത്തിന്റെയും അക്രമത്തിന്റെയും വിളനിലം മനസ്സാണ്. ഹിംസയും അഹിംസയും മനസിന്റെ ആജ്ഞകൾ തന്നെ! ആയുധങ്ങൾ ആരെയും അങ്ങോട്ടു പോയി ആക്രമിക്കുകയില്ല. കാരണം അവയ്ക്ക് ജീവനില്ല. എന്നാൽ ഒരാളുടെ ജിവനെടുക്കാൻ അവയ്ക്ക് കഴിയും. അക്രമം മനുഷ്യമനസുകളിലാണ് രൂപം കൊള്ളുന്നത്. മനസ്സു പറഞ്ഞിട്ടാണ് മനുഷ്യർ ആയുധം കൈയ്യിലെടുക്കുന്നത്. മനസ്സു പറഞ്ഞിട്ടാണ് ആയുധം പ്രയോഗിക്കുന്നത്. അതുകൊണ്ട് എല്ലാവരും മനസിനെ നിയന്ത്രണ വിധേയമാക്കണം. മനസിനെ ഓരോരുത്തരും എത്രകണ്ട് നിയന്ത്രിക്കുന്നുവോ അത്രകണ്ട് മനുഷ്യന് ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരിക്കാം. മനസിലെ നന്മകളെ സ്വാംശീകരിച്ച് തിന്മകളെ മനസിൽനിന്ന് അകറ്റണം. നന്മയും തിന്മയും തമ്മിൽ മനസിൽ സദാ നടക്കുന്ന സംഘർഷങ്ങളിൽ നന്മയുടെ പക്ഷം ചേരാൻ പാകത്തിലുള്ള ഒരു മനോനിലയിലേയ്ക്ക് നാം ഉയരണം. നന്മയെ ജയിപ്പിച്ചെടുക്കണം. ഒരു മൂഹത്തിലെ മനുഷ്യ മനസ്സുകളിൽ നന്മയും തിന്മയും തമ്മിൽ നടക്കുന്ന സംഘർഷങ്ങളിൽ എത്രകണ്ട് നന്മ വിജയിക്കുന്നുവോ അതായിരിക്കും ആ സമൂഹത്തിന്റെ ശാന്തിയെയും സമാധാനത്തെയും സ്വസ്ഥവും ഐശ്വര്യപൂർണ്ണവുമായ നിർണ്ണയിക്കുന്നത്.

എന്നാൽ ചില തിന്മകളെ തടയാൻ അശാന്തിയുടെയും അക്രമത്തിന്റെയും മാർഗ്ഗം അനിവാര്യമാകുന്ന സാഹചര്യങ്ങൾ ഉണ്ടായിക്കൂടേ എന്ന് വേണമെങ്കിൽ ചോദിക്കാം. ഉദാഹരണം സ്വന്തം ജിവൻ രക്ഷിക്കാൻ. അതുപോലെ അരെങ്കിലും ആരുടെയെങ്കിലും മേൽ അതിക്രമം കാണിക്കുമ്പോൾ സമാധാനത്തിന്റെ മാർഗ്ഗം പരാജയപ്പെട്ടാൽ അക്രമം അനിവാര്യമാകില്ലേ എന്നു ചോദിക്കാം. പക്ഷെ എല്ലാവരും നന്മയെ മാത്രം ഉയർത്തിപ്പിടിച്ച് ജിവിക്കുന്ന ഒരു സമൂഹത്തിൽ ഒരാൾ മറ്റൊരാളുടെ ജീവനോ സ്വത്തിനോ അഭിമനത്തിനോ സ്വാതന്ത്ര്യത്തിനോ ഒരിക്കലും ഭീഷണിയാകുന്നില്ലല്ലോ. അങ്ങനെ വരുമ്പോൾ അത്തരം അനിവാര്യമായ ബലപ്രയോഗങ്ങളുടെ സാഹചര്യം സൃഷ്ടിക്കപ്പെടുകയുമില്ലല്ലോ!

ഇതൊക്കെ ഇപ്പോൾ എന്തിനാണു പറയുന്നതെന്നു ചോദിച്ചാൽ ഇടയ്ക്കിടെ ഇതൊക്കെ നമ്മൾ നമ്മളെത്തന്നെ ഓർമ്മപ്പെടുത്തുക്കൊണ്ടിരിക്കേണ്ടതാണ് എന്നതുകൊണ്ടുതന്നെ. അല്പം നല്ലകാര്യങ്ങളെപ്പറ്റി ചിന്തിക്കാനും പറയാനും സമയും സന്ദർഭവുമൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ ഈ ഒരു മഹദ്‌വചനം ഓർമ്മയിൽ വന്നു. അതേ പറ്റി എഴുതുന്നു. അത്രമാത്രം. അപ്പോൾ നമുക്ക് നമ്മുടെ മനസുകളിലെ നന്മകളെ പരമാവധി സ്വാംശീകരിച്ച് തിന്മകളിൽ നിന്ന് നമുക്ക് നമ്മളെത്തന്നെ സ്വയം രക്ഷിക്കുക! പരമാവധി നന്മ നിറഞ്ഞ ഒരു ജീവിതത്തിനായി നമുക്ക് പരിശ്രമിക്കാം. നമ്മൾ എല്ലാവരും സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും വർത്തികെണ്ടതിന്റെ ആവശ്യകത നമുക്ക് നമ്മളെത്തന്നെ കൂടെക്കൂടെ ഓർമ്മപ്പെടുത്താം. ഒന്നുമൊത്തില്ലെങ്കിലും മിനിമം ആരും ഒരാളെയും കൊല്ലാതെയെങ്കിലുമിരിക്കുക. പ്ലീസ്! എല്ലാവരും ജിവിക്കട്ടെന്നേ! അതേ, നമുക്ക് നന്നാ‍വാൻ നാം നമ്മുടെ മനസിനെ നന്നാക്കുക. മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി! ഇത് പറഞ്ഞ ബ്രഹ്മാനന്ദ സ്വാമി ശിവയോഗികൾക്ക് നന്ദി!

മതത്തെപ്പറ്റി മിണ്ടരുതെന്ന്

മതത്തെപ്പറ്റി മിണ്ടരുതെന്ന്

പോസ്റ്റിന്റെ ചുരുക്കം: മതകാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം മതപണ്ഡിതന്മാർക്കുമാത്രമുള്ളതല്ല. എല്ലാവർക്കും പറയാം. മതങ്ങളെ പറ്റി അറിവുള്ളവർ മതപണ്ഡിതന്മാർ മാത്രമല്ല. ഏതൊരാൾക്കും മതത്തെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും സാധിക്കും. മതങ്ങൾ വിമർശനങ്ങൾക്ക് അതീതവുമല്ല. ഏതെങ്കിലും മതകാര്യത്തെപ്പറ്റി ആരെങ്കിലും അഭിപ്രയാം പറഞ്ഞാൽ അതിനെ സമർത്ഥമായ മറുപടിയിലൂടെ ഖണ്ഡിക്കുവനാണ് ശ്രമിക്കേണ്ടത്. അല്ലാതെ മതത്തെ പറ്റി ഒന്നും മിണ്ടിപോകരുതെന്ന് പറഞ്ഞ് അസഹിഷ്ണുത കാട്ടരുത്. മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുത്.

ഇനി വിശദമായ പോസ്റ്റിലേയ്ക്ക്:

പിണറായി വിജയൻ ഏതോ പ്രസംഗ മദ്ധ്യേ തിരുകേശവുമായി ബന്ധപ്പെട്ട് ഒരു പരാ‍മർശം നടത്തിയതിനെ ചൊലിയുള്ള പുകിലുകളാണ് ഈ എഴുതുന്ന സമയത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്തു വിപ്ലവകാരിയാണെന്ന് അദ്ദേഹം പറഞ്ഞതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കും മുമ്പാണ് ഈ പുതിയ വിഷയം വന്നത്. കേശാരാധനപോലുള്ളവ അനാചരങ്ങളാണെന്ന് സൂചിപ്പിക്കുംവിധം ഒരു അഭിപ്രായം സഖാവ് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. എന്നാൽ മതത്തെ പറ്റി പറയാൻ മറ്റാർക്കും അവകാശമില്ലെന്നും അത് മതപണ്ഡിതന്മാർ മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാർ എന്നറിയപ്പെടുന്ന ചിലർ പറഞ്ഞു വയ്ക്കുന്നത്. ആരാണ് ഈ പണ്ഡിതന്മാർ? പണ്ഡിതപ്പട്ടം ഓരോരുത്തർക്കും ആധികാരികമായി ചാർത്തിക്കൊടുക്കുന്നതാരാണ്? അതോ സ്വയം പണ്ഡിതരാണെന്ന് കരുതുന്നവരൊക്കെ പണ്ഡിതരാണോ? മതത്തെക്കുറിച്ച് മത പണ്ഡിതന്മാർക്കു മാത്രമേ അറിയാവൂ എന്നുണ്ടോ? മതങ്ങളെ പറ്റി മറ്റാർക്കും പഠിച്ചുകൂടെന്നുണ്ടോ? മതങ്ങളെ പറ്റി മതപണ്ഡിതന്മാർ എന്ന വിശേഷണം ഉള്ളവർക്കു മാത്രമേ അഭിപ്രായം പറയാവൂ എന്നുണ്ടോ? മതങ്ങളെപ്പറ്റി വല്ലതും പറഞ്ഞുപോയാൽ അവരുടെ വായിൽ പിടിയ്ക്കാൻ ആർക്കാണ് അവകാശം? ആ അവകാശം ആരുതന്നു? അതോ ഇനിയിത് പിണറായി പറഞ്ഞതുകൊണ്ടാണോ? പിണറായി എന്ന വ്യക്തിയോടോ രാഷ്ട്രീയക്കാരനോടോ ഉള്ള അസഹിഷ്ണുത കൊണ്ടാണെങ്കിൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പിണറായി വിജയൻ നിരീശ്വരവാദി ആയിരിക്കാം. പക്ഷെ അദ്ദേഹം വിശ്വാസികളുടെയും മതസ്വാതന്ത്ര്യമടക്കമുള്ള എല്ലാ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. അതുകൊണ്ട് നിരീശ്വരവാദികളുടെയും വിശ്വാസികളുടെയും സ്വാതന്ത്ര്യം പിണറായി വിജയൻ ഒരേപോലെ തന്നെ ഉയർത്തിപ്പിടിക്കുകയും ചെയ്യും. ആരോടെങ്കിലും പ്രത്യേകം ഒരു വിദ്വേഷം അദ്ദേഹം വച്ചു പുലർത്തുകയുമില്ല. അതിന്റെ കാര്യവുമില്ല്ല.

ഇവിടെ മതക്കാർ അഥവാ മതത്തിന്റെ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ അന്യായമായി രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയും അഭിപ്രയാങ്ങൾ പറയുകയും ചെയ്യാറുണ്ട്. മതത്തിന്റെ പേരിൽ പല വിലപേശലുകളും അവർ നടത്താറുണ്ട്. മതത്തിന്റെ പേരിൽ ഭരണത്തിൽതന്നെ അവർ ഇടപെടുന്നു. തെരഞ്ഞെടുപ്പുകളിൽ സാമുദായിക ശക്തികൊണ്ട് അവർ വിലപേശുന്നു. സർക്കാരുകളെ പലവിധത്തിൽ സ്വാധീനിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടക്കം പല സ്ഥാപനങ്ങളും നടത്താൻ അനുമതി നേടി അവർ കൊള്ള ലാഭമുണ്ടാക്കാൻ നോക്കുന്നു. രാഷ്ട്രീയ നേതാക്കളെ അവർ വിരട്ടിയും നോക്കിയും പേടിപ്പിക്കുന്നു. തങ്ങൾ ദൈവങ്ങളേക്കാൾ വലിയവരാണെന്ന മട്ടിലാണ് ചില മത-സാമുദായിക നേതാക്കളും മത പണ്ഡിതന്മാരായി അറിയപ്പേടുന്നവരും പെരുമാറുന്നത്. ഇപ്പോൾ അവരിൽ ചിലർ പറയുകയാണ്, മതങ്ങളെപറ്റി ആരുമൊന്നും മിണ്ടരുതെന്ന്! മതങ്ങളും മതഗ്രന്ഥങ്ങളും മതപണ്ഡിതന്മാരുടെ മാത്രം സ്വന്തമാണോ? അത് ജനസമൂഹത്തിനു മൊത്തം ഉപയോഗിക്കാവുന്നതാണോ അതോ ഒരു കൂട്ടം മതമൌലികവാദികൾക്ക് മാത്രം തീറെഴുതിക്കിട്ടിയതാണോ? മതങ്ങൾ വിമർശനങ്ങൾക്ക് അതീതമാണോ? മതങ്ങളെ പറ്റി ആർക്കും ഒന്നും പറഞ്ഞുകൂടെ? രാഷ്ട്രീയക്കാർ മതമാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാൽ എന്താണ് കുഴപ്പം? ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാൽ ഉലഞ്ഞുപോകുന്നതാണോ ഈ മതങ്ങൾ? ഓരോരുത്തരും അവരുടെ അറിവിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഓരോരോ വിഷയങ്ങളിലും അഭിപ്രായം പറയുന്നത്. മത പണ്ഡിതന്മാരും ഇതിൽ നിന്ന് വ്യത്യസ്തരല്ല. മതങ്ങളെ പറ്റി എല്ലാം പഠിച്ചവരല്ല ഒരു മതത്തിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ. മത പണ്ഡിതന്മാരും അതേ! ഓരോരുത്തർക്കും പഠിക്കാൻ കഴിയുന്നതിനും ചില പരിമിതികൾ ഉണ്ട്. ഒരു മതത്തെ പറ്റിയും പ്രത്യയശാസ്ത്രത്തെ പറ്റിയും ആർക്കും മൊത്തമായി പഠിച്ചു തീർക്കാനാകില്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാകട്ടെ ഡൈനമിക്ക് അഥവാ ചലനാത്മകങ്ങളാണ്. മതപ്രത്യയ ശാസ്ത്രങ്ങളും ചലനാത്മകങ്ങൾ അല്ലെന്നു പറയാൻ കഴിയില്ല. കാലത്തിനൊപ്പം അവയും പ്രായോഗികതലത്തിലെങ്കിലും മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇനി രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചാണെങ്കിൽ സ്വന്തം പ്രത്യയ ശാസ്ത്രം അരച്ചു കലക്കിക്കുടിച്ചവരല്ല ഓരോരോ പാർട്ടികളിലെ ബഹുഭൂരിപക്ഷം വരുന്ന പ്രവർത്തകർ. ഉദാഹരണത്തിന് മാർക്സിസം അരച്ചു കലക്കിക്കുടിച്ചിട്ടല്ല മാർക്സിസ്റ്റുകാർ ആ പാർട്ടിയിൽ വിശ്വസിക്കുകയും അംഗമാവുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. മതത്തെ പറ്റി അധികാരികമായും ഗഹനമായും പഠിച്ചവരല്ല, ഭൂരിപക്ഷം വരുന്ന മത വിശ്വാസികൾ. അത്യാവശ്യം വേണ്ട മതാചാരങ്ങളും പ്രാർത്ഥനാ രീതികളും മറ്റും പരിചയിച്ചിട്ടുള്ളവരാണ് സാധാരണ ഭൂരിപക്ഷം വരുന്ന മതാനുയായികൾ.

അസഹിഷ്ണുത പണ്ഡിതോചിതമല്ല. പണ്ഡിതർ അല്ലാത്തവർക്കും അത് പാടില്ല. ഇവിടെ ഒരാൾ ഒരു അഭിപ്രായം പറഞ്ഞാൽ നീ മിണ്ടിപ്പോകരുത് എന്നു പറയുന്നതല്ല മര്യാദ. മറിച്ച് യുക്തിസഹജമായി ആ അഭിപ്രായത്തെ ഖണ്ഡിക്കാനുള്ള വാദഗതികൾ നിരത്തുകയാണ് വേണ്ടത്. കേശാരാധന അന്ധവിശ്വാസമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഞാൻ ഒരു പോസ്റ്റ് എഴുതിയപ്പോൽ ചിലർ അതിനെ വന്ന് അനുകൂലിച്ചെഴുതി. . എന്നാൽ മറ്റു ചിലർ അവരുടെ അറിവും യുക്തിയും വാക്ക്സാമർത്ഥ്യവും ഉപയോഗിച്ചുകൊണ്ട് എന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കുവാനും എന്നെ തിരുത്തിക്കുവാനും ശ്രമിച്ചു. തിരുകേശത്തെ അവർ ന്യായീകരിക്കുന്നതിനുള്ള കാരണങ്ങൾ അവർ സോദാഹരണം സമർത്ഥിക്കാൻ ശ്രമിച്ചു. അതാണു വേണ്ടത്. പിണറായി വിജയൻ കേശാരാധയെ അന്ധവിശ്വാസമെന്നു വിശേഷിപ്പിച്ചെങ്കിൽ അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് അദ്ദേഹം പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് അന്ധവിശ്വാസമല്ല, മുസ്ലിം വിശ്വാസധാരയുടെ ഭാഗമാണെന്ന് സമർത്ഥിക്കുകയാണ് ആ അഭിപ്രായത്തോട് വിയോജിക്കുന്ന മുസ്ലിം പണ്ഡിതന്മാർ ചെയ്യേണ്ടത്. അല്ലാതെ പിണറായി വിജയന്റെ അഭിപ്രായ സ്വാതന്ത്യത്തെ ചോദ്യം ചെയ്യുകയല്ല ചെയ്യേണ്ടത്. ഈ മത പണ്ഡിതന്മാർ എന്നു പറയുന്നവർ എല്ലാവരും പണ്ഡിതർ തന്നെ ആയിക്കൊള്ളണം എന്നില്ല അങ്ങനെ അവകാശപ്പെടുന്നവരും സ്വയം വിശേഷിപ്പിക്കപ്പെടുന്നവരും ആകാം. എന്തായാലും ഇങ്ങനെ ചില മതപണ്ഡിതന്മാർ മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് പരസ്യമായി ഇത്തരം അസഹിഷ്ണുതകൾ പ്രകടിപ്പിക്കുകവഴി സ്വന്തം മതത്തെപ്പറ്റിത്തന്നെ മറ്റുള്ളവരിൽ അവമതിപ്പുണ്ടാക്കുകയാണു ചെയ്യുന്നത് എന്നാണ് എന്റെ വിനീതമായ അഭിപ്രയം. അഭിപ്രായ സ്വാതന്ത്ര്യത്തിന് പിണറായി വിജയനും മത പണ്ഡിതന്മാർക്കും മാത്രമല്ല, സമസ്തജനങ്ങൾക്കും ഈയുള്ളവനവർകളുടെ പൂർണ്ണ പിന്തുണ!

അനുബന്ധം

മതം എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ല. പക്ഷെ മതം എന്റെയും കുടുംബജീവിതത്തിന്റെ ഭാഗമാണ്. മറ്റ് ഏതു കാര്യങ്ങളിലുമെന്ന പോലെ നാട്ടിലെ മതകാര്യങ്ങളിലും ഞാൻ ഇടപെടാറുണ്ട്. മതാചാരങ്ങൾ എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ഞാൻ മതകാര്യങ്ങളിൽ ഇടപെടുന്നതിനെ എന്റെ നാട്ടിൽ ആരും വിലക്കിയിട്ടുമില്ല. വിശ്വാസങ്ങളും ആചാരങ്ങളും പ്രാ‍ർത്ഥനകളും മറ്റും എന്റെ വ്യക്തി ജീവിതത്തിന്റെയും ഭാഗമാക്കാൻ എന്നോട് സ്നേഹമുള്ള വിശ്വാസികൾ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. വിശ്വാസങ്ങളെ നിരാകരിച്ച് ഞാൻ നഗരത്തിൽ പോകുന്നത് ഒഴിവാക്കാനാണ് എന്നെ സ്നേഹിക്കുന്ന നിഷ്കളങ്കരായ വിശ്വാസികൾ എനിക്കുമേൽ അങ്ങനെയൊരു സമ്മർദ്ദം ചെലുത്തുന്നത് എന്നറിയാവുന്നതുകൊണ്ട് അവരോട് എനിക്ക് സ്നേഹം കൂടുന്നതേയുള്ളൂ. അവരോട് ഒരു അസഹിഷ്ണുതയും എനിക്ക് തോന്നാറില്ല. ഇവിടെയുള്ള എല്ലാ മത്തത്തിലെയും കേൾവിപ്പെട്ട മത പണ്ഡിതന്മാരുമായി എനിക്ക് നല്ല ബന്ധമുണ്ട്. എന്റെ വീട്ടിനു നേരെ എതിർവശത്ത് ഒരു യത്തീംഖാനയാണ്. തൊട്ടുപുറകിൽ പള്ളിയും. യത്തിംഖാനയോട് ചേർന്ന് ഒരു അമ്പലമുണ്ട്. പള്ളിയുടെ അക്കരെയായായി വളരെ ഉയരത്തിലുള്ള പാറയിൽ മറ്റൊരമ്പലവും.( ഇത് എം.സി.റോഡേ വരുന്നവർക്ക് തട്ടത്തുമല ജംഗ്ഷനിൽ എത്തുമ്പോൾ കാണാം.) അടുത്തുതന്നെ ഒരു ക്രിസ്തീയ ദേവാലയവും ഉണ്ട്. വേറെയും ധാരാളം അമ്പലങ്ങളും പള്ളികളും ചർച്ചുകളും ഇവിടെ അടുത്തൊക്കെയുണ്ട്. ഇവിടെയെല്ലാം മിക്കപ്പോഴും മതപ്രബോധനങ്ങൾ നടക്കാറുണ്ട്. അവയുടെയെല്ലാം നല്ലൊരു ശ്രോതാവാണ് ഞാനും. സദസ്സിൽ എന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ എന്നെ അറിയാവുന്ന മതപണ്ഡിതന്മാരിൽ ചിലർ അവരുടെ പ്രഭാഷണങ്ങളിൽ കുറച്ചു കൂടി ഊർജ്ജസ്വലരാകുന്നതും പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. എന്നെപോലുള്ളവരെയാണല്ലോ അവർക്ക് മാറ്റിയെടുക്കേണ്ടത്. ചില കാര്യങ്ങളിലൊക്കെ ഞാനും വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. അതിപ്പോൾ മതവിശ്വാസികൾതന്നെ മതകാര്യങ്ങളിൽ പലതിനെയും നിശിതമായി വിമർശികാറുണ്ടല്ലോ. എന്നാൽ ഞാൻ മതവിശ്വാസങ്ങളെയും മതാചാരങ്ങളെയും അതേപടി പിൻപറ്റി ജീവിക്കാൻ ശ്രമിക്കുന്നില്ലാ എന്നതുകൊണ്ട് വിശ്വാസിസമൂഹത്തോട് ഏതെങ്കിലും തരത്തിലുള്ള ഒരു അസഹിഷ്ണുത ഞാൻ വച്ചു പുലർത്താറില്ല. അതിന്റെ ആവശ്യവും ഇല്ല. ആശയസംവാദങ്ങൾ നടക്കുമ്പോൾ എന്റെ ആശയങ്ങൾ മറ്റുള്ളവർ കേൾക്കാൻ തയാറുണ്ടെങ്കിൽ ഞാനും പങ്കുവയ്ക്കാറുണ്ട്. പക്ഷേ മതപക്ഷത്ത് നിൽക്കുന്ന നല്ലൊരു പങ്കാളുകൾക്ക് എന്താണ് സ്വന്തം മതത്തിനെതിരായ ആശയങ്ങളോട് ഇത്ര അസഹിഷ്ണുത എന്ന് എനിക്ക് മനസിലാകുന്നില്ല. ഏത് മത ഗ്രന്ഥത്തിലാണ് ഈ അസഹിഷ്ണുതയുടെ അടിവേരുകൾ ഉള്ളത്? ഞാൻ പഠിച്ച മതഗ്രന്ഥങ്ങൾ ഒന്നും അന്യന്റെ ആശയങ്ങളോടോ വിശ്വാസങ്ങളോടോ അസഹിഷ്ണുതയുള്ള ഒരാളാക്കി എന്നെ മാറ്റിയിട്ടില്ല. ഞാൻ പഠിച്ച മാർക്സിസമോ ഞാൻ പഠിച്ച യുക്തിവാദമോ നിരീശ്വരവാദമോ ഒന്നും തന്നെ ഏതെങ്കിലും മതവിശ്വാസിയുടെ ഏതെങ്കിലും സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറണമെന്ന് എന്നെ പഠിപ്പിച്ചിട്ടില്ല. പിന്നെന്തേ ചിലർമാത്രം ഇങ്ങനെ! മതങ്ങളെപ്പറ്റി ആരും ഒന്നും മിണ്ടിപ്പോകരുതെന്നും മറ്റും പറയുന്നതിനു പിന്നിലെ പ്രേരണയെന്താണ്?

ഞാൻ പറഞ്ഞ യത്തീംഖാനയുടെ സ്ഥാപക ചെയർമാൻ ആയിരുന്ന ഖാദിമുൽ ഐത്താം പി.എം.ഹംസാ മൌലവി ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനികുകയും ചെയ്തിരുന്ന ഒരാളാണ്. പിതൃതുല്യമായ സ്നേഹം എനിക്കു നൽകിയ അദ്ദേഹം എന്നെ മോനേ എന്നു വാത്സല്യപൂർവ്വം വിളിക്കുന്നത് ഇന്നും എന്റെ കാതുകളിൽ മുഴങ്ങിക്കേൾക്കാം. ഇവിടെ അടുത്ത് യത്തീംഖാന തുടങ്ങിയശേഷം മാത്രമാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത്. ഇത്രയും കുട്ടികൾക്ക് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകി അവരെ ഒരു കരയ്ക്കെത്തിക്കാൻ ശ്രമിക്കുന്നു എന്നത് മഹത്തായ ഒരു കാര്യം തന്നെ. കോടികൾ മുടക്കി ഒരു പള്ളി പണിയുന്നതിനേക്കാൾ വലിയ കാര്യം. മക്കളില്ലാതിരുന്ന അദ്ദേഹത്തിന് അനാഥ അഗതിമക്കളായിരുന്നു സ്വന്തം മക്കൾ. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മരണപ്പെട്ടിട്ട് അധികം വർഷം ആയിട്ടില്ല. അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മയ്യത്ത് യത്തീംഖാനയിൽ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു യത്തീംഖാനാ അധികൃതരുടെ ആഗ്രഹം. എന്നാൽ അതേ ചൊല്ലി നാട്ടുകാരിൽ ചിലരിൽനിന്ന് ചില തടസവാദങ്ങൾ ഉണ്ടായപ്പോൾ ഞാനും സി.പി.ഐ.എമ്മിലെ മറ്റ് നേതാക്കളും കൂടി ഇടപെട്ടാണ് ആ പ്രശ്നം പരിഹരിച്ചത്. ഖബറടക്കം കഴിയുന്നതുവരെ ഞങ്ങൾ പാർട്ടി പ്രവർത്തകർ അവിടെ കാവലാളുകളെ പോലെ നിൽക്കുകയും അനുശോചനയോഗത്തിൽ അടക്കം പങ്കെടുക്കുകയും ചെയ്തു. സി.പി.ഐ.എം നേതാക്കളുടെ നിരീശ്വര മതമൊന്നും അതിനൊന്നും ഒരു തടസ്സവുമായിരുന്നില്ല. ഇപ്പോഴും ആ യത്തീംഖാനയുമായും അവിടുത്തെ ചെയർമാനുമായും കുട്ടികളുമായും ഒക്കെ എനിക്ക് നല്ല ബന്ധമാണ്. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മക്കൾ എനിക്ക് സഹോദര തുല്യരാണ്. യത്തീംഖാനയിൽ നോമ്പിരുപത്തിയേഴിന് കുട്ടികളെ എഴുത്തിനിരുത്തുന്ന ഒരു ആഘോഷത്തിനു തുടക്കം കുറിച്ചത് ഹംസാ മൌലവിയാണ്. അവിടെ വരുന്ന കുട്ടികളെ അറബ് അക്ഷരങ്ങൾ മാത്രമല്ല എഴുതിയ്ക്കുന്നത്. മലയാള അക്ഷരങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും എഴുതിക്കും.ഇപ്പോഴും എല്ലാ വർഷവും നോമ്പ് ഇരുപത്തിയേഴിന് എഴുത്തിനിരുത്തൽ ഉണ്ട്.ആ ദിവസം വമ്പിച്ച ജനാവലി ഇവിടെ ഒത്തു ചേരാറുണ്ട്. കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം അനാഥ അഗതിമക്കളുടെ സമുഹ പ്രാർത്ഥനയുണ്ട്. ഈ ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളായും പണമായും ഭണ്ഡങ്ങളായും സംഭാവനകളുമായി ധാരാളം ആളുകൾ വരാറുണ്ട്. ചില വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും ഇവിടെ വച്ച് നടത്താറുണ്ട്. സമീപത്തെ അന്യമതസ്ഥരുടെ വിവാഹം നടക്കുമ്പോൾ ആ വീട്ടുകാർ നല്ലൊരു തുക ഈ യത്തീം ഖാനയ്ക്ക് നൽകാറുണ്ട്. ചിലർ അവരുടെ വീട്ടിലെ ആരുടെയെങ്കിലും വിവാഹം നടക്കുമ്പോൾ യത്തീംഖാനയിലെ കുട്ടികൾക്കും ഗംഭീര സദ്യയ്ക്കുള്ള പണം മുമ്പേ തന്നെ നൽകാറുണ്ട്. ഞാനിക്കാര്യങ്ങൾ കൂടി ഇപ്പോൾ പറയുന്നത് നമ്മുടെ ഈ ബഹുമത സമൂഹം അങ്ങനെയൊക്കെയാണ് മുന്നേറുന്നത് എന്ന് സൂചിപ്പിക്കുവാൻ കൂടിയാണ്. എന്നാൽ ഈ മതേതര മാനവികതയെ തകർക്കാനും, നമ്മുടെ സംസ്ഥാനം ഒരു മതഭ്രാന്താലയമാക്കാനും ചിലർ ബോധപൂർവ്വവും അല്ലാതെയും ശ്രമിക്കുമ്പോൾ അത്തരക്കാരെ നാം തിരിച്ചറിഞ്ഞ് തിരുത്തിക്കുവാൻ ശ്രമിക്കേണ്ടതാണ്. മതവിശ്വാസം, മതവാദം, മതമൌലികവാദം തുടങ്ങിയ പദങ്ങൾ ദ്യോതിപ്പിക്കുന്ന അർത്ഥാന്തരങ്ങൾ നാം വ്യക്തമായി വേർതിരിച്ചറിയണം.

പിന്‍കുറിപ്പ് : ചില പോസ്റ്റുകൾ എഴുതുമ്പോൾ അതിന് ഇങ്ങനെ ചില ആമുഖവും അനുബന്ധവുമൊക്കെ ഞാൻ എഴുതാറുണ്ട്. ഇവിടെ പേജിന്റെ ദൌർബല്യമൊന്നുമില്ലാത്തതുകൊണ്ട് ആ ആസാദ്ധ്യതകൾ ഉപയോഗിക്കുക തന്നെ ചെയ്യുന്നുവെന്നു മാത്രം. അല്ലാതെ ചുരുക്കിയെഴുതാൻ കഴിയാഞ്ഞിട്ടൊന്നുമല്ല.

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...