എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Thursday, April 23, 2009

ജനാധിപത്യത്തിലെ പണാധിപത്യം

ജനാധിപത്യത്തിലെ പണാധിപത്യം

(മുൻ കുറിപ്പായി ഒരു പിൻ കുറിപ്പ്‌: മുഴുവന്‍ വായിക്കാൻ കഴിയാത്തവർക്കുവെണ്ടിയാണ് ഈ മുൻ കുറിപ്പ്‌ നൽകുന്നത്‌. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ ഒരു മുന്നണിയുടെ സ്ഥാനാർത്ഥിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പു ദിവസത്തെ ചെലവുകൾക്കായി മാത്രം ബൂത്ത്‌ ഒന്നിനു പതിനയ്യായിരം രൂപ വച്ചു നൽകി എന്ന കേട്ടറിവിന്റെ പ്രേരണയിൽ നമ്മുടെ ജനാധിപത്യത്തിൽ പണത്തിന്റെ സ്വാധീനം വർദ്ധിച്ചു വരുന്നതിന്റെ ഉൽക്കണ്ഠകൾ പങ്കു വയ്ക്കുകയാണ് ഇവിടെ.

പോസ്റ്റിൽനിന്നുള്ള കോട്ടിംഗ്

"ഇങ്ങനെ പോയാൽ നാളെ സംഭവിയ്ക്കാൻ പോകുന്നത്‌ എന്തെന്നാൽ, സ്ഥാനാർത്ഥിയാകാൻ നേതാക്കൾക്കു പണം, പ്രവർത്തിയ്ക്കാൻ പ്രവർത്തകർക്കു പണം, വോട്ടു ചെയ്യാൻ വോട്ടർക്കു പണം എന്ന സ്ഥിതിവിശേഷം വ്യാപകമാകും. എന്നു പറഞ്ഞാൽ ഭാവിയിൽ പണശേഷിയുള്ളവനു മാത്രമേ സ്ഥാനാർത്ഥിയാകാൻ കഴിയുകയുള്ളു. അപ്പോൾ ഭരണം അതി സമ്പന്നരുടെ മാത്രം കൈകളിലേയ്ക്ക്‌. ജനാധിപത്യം അങ്ങനെ പണാധിപത്യത്തിലേയ്ക്ക്‌. പ്രത്യാശിയ്ക്കുന്നതിനു പണം കൊടുക്കേണ്ടതില്ലാത്തതുകൊണ്ട്‌ അങ്ങനെയൊന്നും സംഭവിയ്ക്കാതിരിയ്ക്കട്ടെയെന്നു നമുക്കു പ്രത്യാശിയ്ക്കാമായിരുന്നു. പക്ഷെ നാളിതു വരെയുള്ള സ്ഥിതിയിലും സമ്പന്നർക്കു തന്നെയാണല്ലോ ഭരണത്തിന്റെ ചുക്കാൻ. പിന്നെ വരുന്നിടത്തുവച്ചു കാണുക. അത്രതന്നെ.")

ഇനി മുഴുവൻ പോസ്റ്റിലേയ്ക്ക്‌

ഒരു പൊതു തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളിൽ സ്വാഭാവികമായും പല മറ്റം മറിച്ചിലുകളും ഉണ്ടായിട്ടുണ്ട്‌ എങ്കിലും, തെരഞ്ഞെടുപ്പിന്റെ സ്വഭാവത്തിൽ കാലാനുസാരിയായ ചില മാറ്റങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സർക്കാർ സംവിധാനങ്ങളും, രാഷ്ട്രീയ പാർടികളും പൊതു ജനങ്ങളും തെരഞ്ഞെടുപ്പിനെ സമീപിച്ചത്‌ പരമ്പരാഗതമായ രീതിയിൽ തന്നെയായിരുന്നു.ഒരുപാടു തെരഞ്ഞെടുപ്പുകൾ കണ്ടും പങ്കെടുത്തും അനുഭവിച്ചും പരിചയിച്ചു പോന്നന്നതുകൊണ്ട്‌ പൊതുവിൽ ആവർത്തന വിരസതകൊണ്ടുള്ള ഒരു നിസ്സംഗഭാവം ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്‌. പൊതുവേ മടുപ്പെന്നോ മുരടിപ്പെന്നോ ഒക്കെ പറയാവുന്ന ഒരു അവസ്ഥ.

ഇവിടെ പറയാൻ ഉദ്ദേശിച്ചത്‌ തെരഞ്ഞെടുപ്പിലെ പണത്തിന്റെ സ്വാധീനത്തെ കുറിച്ചാണ്.പണ്ടും ജനാധിപത്യത്തിൽ പണാധിപത്യം ഒരു വലിയ സ്ഥാനം അലങ്കരിച്ചു പോന്നിട്ടുണ്ട്‌. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളാണ് നിർണ്ണായകമായ പങ്ക്‌ വഹിച്ചു പോരുന്നത്‌. മത്സരിയ്ക്കുന്നതും ജയിക്കുന്നതും ഭൂരിപക്ഷവും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്കാർ തന്നെ. എന്നാൽ കാലം കഴിയുംതോറും തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനം കൂടിക്കൊണ്ടിരിയ്ക്കുകയാണ്.ഈ തെരഞ്ഞെടുപ്പിലും രഹസ്യ സ്വഭാവം വിട്ട്‌ അല്പം പരസ്യമായി തന്നെ നടന്ന പണത്തിന്റെ കളികൾ നാം കണ്ടതാണ്.ആയിരങ്ങളും ലക്ഷങ്ങളും ഒക്കെ പോയി. കോടികളുടെ മാത്രം കളിയായി ഇലക്ഷൻ! വോട്ടർമാർക്കു പണം നൽകാൻ പോയവർ അറസ്റ്റിലായ പല സംഭവങ്ങളും റിപ്പോട്ടു ചെയ്യപ്പെട്ടത്‌ ഇത്തരുണത്തിൽ ഓർക്കണം. ചെലവുകൾ നിയന്ത്രിയ്ക്കാൻ നിയോഗിയ്ക്കപ്പെട്ട തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥരുടെ ചെലവുകൾ തന്നെ ഭീമം.

സാധാരണ തെരഞ്ഞെടുപ്പു സമയത്തു രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ആളുകളിൽ നിന്ന്‌ പിരിവെടുക്കാറുണ്ട്‌. ആ തുകകൊണ്ടാണ് തെരഞ്ഞെടുപ്പു ചെലവുകൾ വഹിച്ചു പോരുന്നത്‌.ചുണയുള്ളവർ കൂടുതൽ പിരിച്ചെടുക്കും.കൂടാതെ സ്ഥാനാർത്ഥി സ്വന്തം നിലയിലും കുറെ കാശ്‌ പൊടിയ്ക്കും. ചില സ്ഥാനാർത്ഥികൾക്ക്‌ ജയിച്ചാലും തോറ്റാലും സാമ്പത്തികമായി നേട്ടമാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ചു പാപ്പരായിപ്പോയ സ്ഥാനാർത്ഥികളും ഉണ്ട്‌ എന്നതു വിസ്മരിയ്ക്കുന്നില്ല. . പലരും സ്ഥാനാർത്ഥികൾ ആകുന്നതു തന്നെ ലക്ഷങ്ങളും കോടികളും കോഴ കൊടുത്തിട്ടാണ്‌. സ്ഥാനാർത്ഥിത്വം തന്നെ ഒരു വില്പന ചരക്കായി മാറുന്നു.

വോട്ടു വിലയ്ക്കു വാങ്ങൽ പണ്ടുമുതലേ ഉള്ളതാണ്. അതിപ്പോൾ പക്ഷെ കുറെക്കൂടി വ്യാപകമാണ് എന്നു മാത്രം. വോട്ടർമാരിൽനിന്നു നേരിട്ടും സ്ഥാനാർത്ഥികളിൽ നിന്നും , പ്രബലമല്ലാത്ത രാഷ്ട്രീയ പാർട്ടികളിൽനിന്നും ഒക്കെ ഈ വോട്ടു വാങ്ങൽ നടക്കുന്നു.അങ്ങനെ ജനാധിപത്യം പണാധിപത്യ മായി മാറുന്നു.എന്തായാലും പല വിധേനയും തെരഞ്ഞെടുപ്പു മാമാങ്കം വൻപിച്ച ധന ധൂർത്തിന് ഇട നൽകുന്നുണ്ട്‌. ഇത്‌ നല്ല ഒരു പ്രവണതയല്ല. ഏറ്റവും ചെലവുകുറഞ്ഞ ഒരു പ്രക്രിയയായി തെരഞ്ഞെടുപ്പുകൾ മാറേണ്ടിയിരിയ്ക്കുന്നു.ഇതു എഴുത്തിനിടയിൽ ആത്മഗതം ചെയ്തുപോയതാണ്.

സാധാരണയായി പ്രചരണ ചെലവുകൾ കഴിഞ്ഞാൽ പിന്നെയുള്ളത്‌ തെരഞ്ഞെടുപ്പു ദിവസത്തെ അല്ലറ ചില്ലറ ചെലവുകളാണ്. ഇതിനു മിക്കവാറും പാർട്ടികളും മുന്നണികളൂം തെരഞ്ഞെടുപ്പിന്റെ തലേന്ന്‌ സ്ലിപ്പുകളൂം ബാഡ്‌ജുകളും ഉൾപ്പെടെയുള്ള അത്യാവശ്യം സാമഗ്രികൾ ബൂത്തുകളിൽ എത്തിയ്ക്കുന്ന സമയത്ത്‌ ഒരു ചെറിയ പൊതി കൂടി സമ്മാനിയ്ക്കാറുണ്ട്‌. സാധാരണയായി അതു് ഇടതുപക്ഷത്തെ സംബന്ധിച്ച്‌ അഞ്ഞൂറു രൂപയിൽ താഴെയുള്ള ഒരു സംഖ്യ ആയിരുന്നു. കോൺഗ്രസ്സ്‌ മുന്നണിക്കാരാണെങ്കിൽ അത്‌ ആയിരത്തിനടുത്തതോ അതിലും അല്പം കവിഞ്ഞതോ അകാം ഈ തുക. പിന്നെ സ്ഥാർത്ഥിയുടെ സാമ്പത്തിക സ്രോതസ്സ്‌ അനുസരിച്ച്‌ ഈ തലേപ്പോതിയുടെ കനം കൂടുകയോ കുറയുകയോ ചെയ്തെന്നിരിയ്ക്കും.

പിറ്റേന്നു തെഞ്ഞെടുപ്പു ദിവസം ബൂത്തിലിരിയ്ക്കുന്നവരുടെയും, പ്രധാന പ്രവർത്തകരുടേയും ഭക്ഷണ ചെലവും മറ്റും ഇതു കൊണ്ടാണു നടക്കേണ്ടത്‌. എന്നാൽ സാദ്ധ്യതയുള്ള മേഖലകളിൽ ആണെങ്കിൽ ബൂത്തു പ്രദേശത്തുനിന്ന്‌ പിരിച്ചെടുക്കുന്ന തുകയുടെ പിൻബലം കൂടിയുണ്ടാകും. ചിലേടങ്ങളിൽ ഉച്ചയ്ക്ക്‌ വെറും മരച്ചീനി പുഴുങ്ങിയതും മുളകുടച്ചതും കോണ്ടു പാർട്ടി പ്രവർത്തകർ ത്ര്‌പ്തിപ്പെടുമ്പോൾ ചിലയിടങ്ങളിൽ ചിക്കൻ ബിരിയാണി തുടങ്ങിയ മുന്തിയ തരം ഭക്ഷണങ്ങളാണ് വിളമ്പുന്നത്‌. ഓരോ വോട്ടർക്കും ഭക്ഷണം നൽകുന്ന രീതി പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ ചിലയിടങ്ങളിൽ പരീക്ഷിയ്ക്കപ്പെടാറുണ്ട്‌. പണ്ട്‌ അല്പം മരച്ചീനിയും മറ്റും കഴിച്ചുകൊണ്ടും അതുമല്ലെങ്കിൽ പട്ടിണിയിരുന്നും ഒക്കെ നടത്തിയിരുന്ന ആ തെരഞ്ഞെടുപ്പു പ്രവർത്തനം ഒരു ആവേശമായിരുന്നു.ഉത്സാഹമായിരുന്നു. . ഇന്ന്‌ പലയിടത്തും ബിരിയാണിയും മറ്റും ചില പാർട്ടികളിലെ പ്രവർത്തകരുടെ അവകാശമായി മാറിയിട്ടുണ്ട്‌.

എല്ലാ പാർട്ടികളും എല്ലാ നേതാക്കളും ഇത്തരത്തിൽ പണംവാരിയെറിഞ്ഞ്‌ തെരഞ്ഞെടുപ്പ്‌ ഒരു ആഘോഷമാക്കി മാറ്റുന്നുവെന്നല്ല ഈ പറയുന്നത്‌. ഏറെക്കുറെ ഇതിന്നു വ്യാപകമാകുന്നു എന്നതു പറയാതിരിയ്ക്കുന്നില്ല എന്നേയുള്ളു. ഈ പണമൊക്കെ പറ്റിയാലും ആളുകൾ എല്ലാം ഒരു പോലെ വോട്ടു മാറി ചെയ്യുമോ എന്നത്‌ വേറെ കാര്യം.പക്ഷെ ഇക്കണക്കിന് ഭാവിയിൽ വോട്ട്‌ എന്നത്‌ ഏറ്റവും നല്ല വിലയ്ക്കു, വില പേശി വിൽക്കപ്പെടുന്ന ഒരു ചരക്കായി മാറും എന്നാണു തോന്നുന്നത്‌. ഒരു മന്ത്രി സഭയെ നിലനിർത്താൻ പാർളമെന്റ്‌ അംഗങ്ങൾക്ക്‌ കോടികൾ വാങ്ങാമെങ്കിൽ ആ പാർളമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന സാധാരണ വോട്ടറുടെ “വിലയേറിയ ആ സമ്മതിദാന അവകാശം” വെറുതെ ദാനം ചെയ്യുന്നതെന്തിനെന്നു ജനം ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ? പണമുള്ള സ്ഥാനാർത്ഥി എനിയ്ക്കാരുടേയും ഓസാരം വേണ്ടെന്നു കൂടി തീരുമാനിച്ചാൽ പിന്നെ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ മറ്റു ബാധ്യതകളും ഇല്ലല്ല്ല്ലോ; ജനാധിപത്യം കുശാൽ!

ഒരു കാര്യം പറയാം.എവിടെയാണെന്നോ ആരാണെന്നോ ഏതു പാർട്ടിയാണെന്നോ ഏതു മുന്നണിയാണെന്നോ പറയില്ല. ഒരു കേട്ടറിവാണെന്നു കൂട്ടിയാൽ മതി. . ഈ തെരഞ്ഞെടുപ്പിൽ ഇങ്ങു കേരളത്തിൽ ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥി ഇലക്ഷന്റെ തലേ ദിവസം ബൂത്തൊന്നിനു നൽകിയ പൊതി പതിവു പോലെ പ്രവർത്തകർ അഡ്വാൻസ്‌ ആയി പിരാകിക്കൊണ്ടു നിവർത്തി നോക്കുമ്പോൾ പൊതി കൊണ്ടു കൊടുത്ത നേതാക്കൾക്കു മാറിപ്പോയോ എന്നൊരു സംശയം. കാരണം സാധാരണ ആയിരത്തിനും പരമാവധി പോയാൽ ആയിരത്തി അഞ്ഞൂറിനും ഇടയിൽ കാണുന്ന പൊതിയിൽ ഈ സവിശേഷ മണ്ഡലത്തിൽ ഉണ്ടായിരുന്നത്‌ പതിനയ്യായിരം രൂപ. വിശ്വസിയ്ക്കാൻ കഴിയാതെ പൊതി കിട്ടിയ മറ്റു ബൂത്തുകളിൽ അന്വേഷിച്ചപ്പോൾ പൊതി മാറിയതൊന്നുമല്ല, അവർക്കും ഒക്കെ കിട്ടി പതിനയ്യായിരം രൂപ. ഒരു രാത്രിയും ഒരു പകലും കൊണ്ട്‌ ഇതെങ്ങനെ ചെലവഴിയ്ക്കുമെന്നായി പ്രവർത്തകർ. അല്പം ഇന്ധനം ശേഖരിയ്ക്കാമെന്നു വച്ചാൽ ബാറുകളിൽ പിന്നാമ്പുറം വഴി പോലും സാധനം കിട്ടാനുമില്ല. സർവ്വതും അടച്ചിരിയ്ക്കുന്നു.

ഇതു പതിനയ്യായിരം തെരഞ്ഞെടുപ്പിന്റെ തലേന്നു മാ‍ത്രം നൽകിയത്‌. അപ്പോൾ അതിനു മുൻപ്‌ ഏതെല്ലാം വിധത്തിൽ നേതാക്കൾക്കുൾപ്പെടെ ആർക്കെല്ലാം എന്തിനെല്ലാം എതയെത്ര പണം ചെലവഴിച്ചിരിയ്ക്കാമെന്നതു ചിന്ത്യം. ഭാവിയിൽ സ്ഥാനാർത്ഥികൾ ആകാൻ “നിർബന്ധിതരായേക്കും” എന്നു ഭയക്കുന്ന ചില നേതാക്കൾ ഈ വൻ തുകകൾ പ്രവർത്തകർ ഒരു ശീലമാക്കുമോ എന്ന ഭയത്തിലാണ്. എല്ലാവരും ഈ സ്ഥാനാർത്ഥിയെ പോലെ പണത്തിന്റെ കാര്യത്തിൽ അമ്പൊടുങ്ങാത്ത ആവനാഴികളെ പോലെ അല്ലല്ലോ! ഇപ്പോൾ തന്നെ പോസ്റ്റർ ഒട്ടിയ്ക്കുന്നതിനും സ്ക്വാഡു പ്രവർത്തനത്തിനും സ്ലിപ്പു കൊടുക്കുന്നതിനും ഒക്കെ ലേബർ നിയമങ്ങളെ കാറ്റിൽ പറത്തുന്ന വലിയ തുകകളാണ് “പ്രവർത്തകർ“ വില പേശി വാങ്ങുന്നത്‌. എന്തായാലും ഇത്രയും പണം വാരിയെറിയുന്ന ഒരു സ്ഥാനാർത്ഥി ഈ സ്ഥാനാർത്ഥിത്വം കിട്ടാൻ നേതാക്കൾക്കു നൽകിയിട്ടുള്ള തുകയുടേ വലിപ്പം ഊഹിയ്ക്കാവുന്നതേയുള്ളു.

ഈ പണമത്രയും പുല്ലു പോലെ വലിച്ചെറിഞ്ഞെന്നു പറയപ്പെടുന്ന സ്ഥാനാർത്ഥി ഭാവിയിൽ തെരഞ്ഞെടുപ്പിലെ ധന ദുർവ്യയത്തേയും, അതു ജനാധിപത്യത്തിനു ഭീഷണിയാകുന്നതിനേയും കുറിച്ച്‌ മഹത്തായ ലേഖനങ്ങളോ, ഗ്രന്ഥങ്ങളോ എഴുതി എന്നിരിയ്ക്കും. അപ്പോൾ ഈ പണമൊക്കെ വാങ്ങിയവരും, മറ്റുള്ളവർക്കായി വാങ്ങി കൊണ്ടു കൊടുത്തവരും വിഢികളാകട്ടെയെന്നു കരുതിയാകും ലേഖനം എഴുതുന്നതെങ്കിലും ഈ പണം പറ്റിയവർ കൊടുത്ത അതീവ ബുദ്ധിശാലിയെക്കാൾ ബുദ്ധിരാക്ഷസന്മാരാണെന്നു മനസ്സിലാക്കാനുള്ള വിശേഷ ബുദ്ധി പക്ഷെ, ഇവിടെ അത്ര പരിചയമില്ലാത്ത ആ കുലീനനു ഉണ്ടാകുകയുമില്ല.
പാവം കുലീനൻ!

ഭാവിയിൽ പേയ്മെന്റു സീറ്റിനു പുറമെ, , അടുക്കളക്കാരുടെ പ്രതിനിധി, , റ്റാറ്റയുടെ പ്രതിനിധി, ബിർളയുടെ പ്രതിനിധി, അംബാനിയുടെ പ്രതിനിധി എന്നൊക്കെ പറയുന്നതു പോലെ ഡൽഹിയുടെ പ്രതിനിധി,അമേരിക്കൻ പ്രതിനിധി, ഇസ്രായേൽ പ്രതിനിധി, ഭീകരരുടെ പ്രതിനിധി, ആ ജാതി പ്രതിനിധി, ഈ ജാതി പ്രതിനിധി എന്നിങ്ങനെ പലരുടേയും നോമിനികൾ വീതം വയ്ക്കുന്ന നിലയിലാകും കാര്യങ്ങൾ.ആളെ പറയില്ലെന്നു പറഞ്ഞിട്ട്‌ ഇപ്പോൾ ക്ലൂകൾ തന്നുവെന്നു നിങ്ങൾക്കു തോന്നി പോയോ ആവോ! സോറി.ഇതു ഒരു മണ്ഡലത്തിലെ കാര്യം മാത്രമല്ല. ഒരു പാർട്ടിയുടെ മാത്രം കാര്യവുമല്ല. മറ്റ്‌ “ഒരിടത്തൊരിടത്ത്‌“ (ഇടം പറയില്ലതന്നെ. തരം കിട്ടിയാൽ തൊട്ടു കാണിയ്ക്കാം). സീറ്റ്‌ ഒപ്പിച്ചതുതന്നെ കോടികൾ കോഴ കൊടുത്തിട്ടാണ്. കഴിഞ്ഞ അസ്സംബ്ലി മണ്ഡലത്തിൽ ഒരു പാർടിയുടെ എല്ലാ സ്ഥാനാർത്ഥികളുടേയും മുഴുവൻ ചെലവും നൽകി കൊണ്ട്‌ ഒരു ധനാഢ്യൻ ഒരു സീറ്റ്‌ ഒപ്പിച്ച്‌ ജയിച്ചുവത്രേ. അതു കൊണ്ട്‌ ഇതൊന്നും ഒരു പുതിയ കാര്യം അല്ല.

ഇങ്ങനെ പോയാൽ നാളെ സംഭവിയ്ക്കാൻ പോകുന്നത്‌ എന്തെന്നാൽ, സ്ഥാനാർത്ഥിയാകാൻ നേതാക്കൾക്കു പണം, പ്രവർത്തിയ്ക്കാൻ പ്രവർത്തകർക്കു പണം, വോട്ടു ചെയ്യാൻ വോട്ടർക്കു പണം എന്ന സ്ഥിതിവിശേഷം വ്യാപകമാകും. എന്നു പറഞ്ഞാൽ ഭാവിയിൽ പണശേഷിയുള്ളവനു മാത്രമേ സ്ഥാനാർത്ഥിയാകാൻ കഴിയുകയുള്ളു. അപ്പോൾ ഭരണം അതി സമ്പന്നരുടെ മാത്രം കൈകളിലേയ്ക്ക്‌. ജനാധിപത്യം അങ്ങനെ പണാധിപത്യത്തിലേയ്ക്ക്‌. പ്രത്യാശിയ്ക്കുന്നതിനു പണം കൊടുക്കേണ്ടതില്ലാത്തതുകൊണ്ട്‌ അങ്ങനെയൊന്നും സംഭവിയ്ക്കാതിരിയ്ക്കട്ടെയെന്നു നമുക്കു പ്രത്യാശിയ്ക്കാമായിരുന്നു. പക്ഷെ നാളിതു വരെയുള്ള സ്ഥിതിയിലും സമ്പന്നർക്കു തന്നെയാണല്ലോ ഭരണത്തിന്റെ ചുക്കാൻ. പിന്നെ വരുന്നിടത്തുവച്ചു കാണുക. അത്രതന്നെ.

(പിൻ കുറിപ്പ്: മറ്റൊന്നുമില്ല. അറിഞ്ഞപ്പോൾ അതേപറ്റി എഴുതണമെന്നു തോന്നി . എഴുതി. എഴുതിയാൽ പിന്നെ പോസ്റ്റാതിരുന്നാൽ എതം വരുമോ? സ്വൈരം കിട്ടുമോ? അപ്പോ പിന്നെ പോസ്റ്റിയേക്കാം എന്നും കരുതി. അത്രതന്നെ!)

4 comments:

...പകല്‍കിനാവന്‍...daYdreamEr... said...

വളരെ നല്ല ലേഖനം സജീം.. ആശംസകള്‍..

Areekkodan | അരീക്കോടന്‍ said...

അതേ ജനാധിപത്യം പണാധിപത്യത്തിലേക്ക്‌ തന്നെ.ദിവസങ്ങള്‍ക്ക്‌ മുമ്പുള്ള എണ്റ്റെ ഒരു പോസ്റ്റ്‌ കൂടി ഇതാ ഇവിടെ.
http://abidiba.blogspot.com/2009/04/blog-post.html#links

മുക്കുവന്‍ said...

you said right... many of the leaders are coming from a very poor family.... after serving couple of terms, they become the richest in the soceity... whom to complain? I dont know.

I thought my party was the best till I heard about few news from other friends!

ഇ.എ.സജിം തട്ടത്തുമല said...

പ്രതികരണങ്ങൾക്കു നന്ദി!

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ ഇ.എ.സജിം തട്ടത്തുമല (നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്...