എട്ടാം ക്ലാസ്സ് വരെ മലയാളം പഠനമാദ്ധ്യമമാക്കാൻ ശുപാർശ
അങ്ങനെ ഒടുവിൽ അത്രയെങ്കിലുമായി. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് ഡോ. ആര്‍ വി ജി മേനോന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്ര ബോര്‍ഡുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെ സംസ്ഥാനത്ത് എല്ലാ സ്കൂളിലും ഹൈസ്കൂള്‍ തലംവരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാനും ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മലയാളം പഠനത്തിന് അവസരമുണ്ടാക്കാനും സമിതി ശുപാര്‍ശ ചെയ്തു.
ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിശദമായ പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എസ്.സി.ഇ.ആർ.ടി യെ ചുമതലപ്പെടുത്തി.വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നുമുതല്‍ എട്ടുവരെ ക്ളാസില്‍ പഠനമാധ്യമം മലയാളമാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരളത്തിലെ എല്ലാ സ്കൂളിലും ഇതു ബാധകമാക്കണം എന്നാണ് ശുപാർശ. മറ്റു ബോര്‍ഡുകളുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഈ വ്യവസ്ഥ പാലിച്ചാല്‍ മാത്രമേ എൻ.ന്‍ഒ.സി നല്‍കാവൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ താമസമാക്കി വിദ്യാഭ്യാസം നേടുന്നവര്‍ക്ക് മലയാള പഠനത്തിന് പ്രത്യേക പാഠപുസ്തകം തയ്യാറാക്കണം.
മലയാള പഠനം കാര്യക്ഷമമാക്കാന്‍ സഹായിക്കുംവിധം പിരീഡുകള്‍ പുനഃക്രമീകരിക്കണമെന്ന് ശുപാര്‍ശയുണ്ട്. സംസ്കൃതം, അറബിക് സ്കൂളുകളിലും മലയാള പഠനത്തിന് അവസരം ഉറപ്പുവരുത്തണം. ഈ സ്കൂളുകളിലും മലയാളത്തിന് മൂന്നു പിരീഡ് വേണം. കന്നട, തമിഴ് തുടങ്ങിയ മാതൃഭാഷകളില്‍ പഠിക്കുന്നവര്‍ക്കും മലയാള പഠനത്തിന് അവസരമുണ്ടാകണം. ഒന്നാം ഭാഷയിലെ രണ്ടാം പേപ്പര്‍ (മൂന്നു പിരീഡ്) ഈ വിദ്യാര്‍ഥികളും പഠിക്കണം. സംസ്കൃതം, അറബിക്, ഉറുദു ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ രണ്ടാം പേപ്പറായാണ് മലയാളം പഠിക്കുന്നത്. മാതൃഭാഷ പഠിക്കാന്‍ ഇവര്‍ക്ക് മതിയായ സമയം കിട്ടുന്നില്ലെന്ന് സമിതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ രണ്ടു പേപ്പറിനും മൂന്നു പിരീഡ് വീതം അനുവദിക്കണം.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇപ്പോള്‍ ഇംഗ്ളീഷ് മാത്രമാണ് ഭാഷയായി പഠിപ്പിക്കുന്നത്. ഇതിനു പകരം ഇംഗ്ളീഷോ മലയാളമോ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. പുതിയ രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാഷാധ്യാപക തസ്തികകള്‍ തീരുമാനിക്കുന്നതിലെ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണയിക്കുകയും അധ്യാപക തസ്തികകള്‍ സംരക്ഷിക്കുകയും വേണം. മാതൃഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന പാഠാവലി എന്ന സമഗ്രമായ പാഠപുസ്തകം വികസിപ്പിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ നേട്ടമായി സമിതി വിലയിരുത്തി. ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ സ്കൂള്‍ തലത്തില്‍ അവരുടെ മാതൃഭാഷാ പഠനം നിര്‍ബന്ധമാണ്.
ഐക്യപ്പെടലിന്റെ അടിസ്ഥാനഘടകം എന്ന നിലയില്‍ മാതൃഭാഷ സ്കൂള്‍ വിദ്യാഭ്യാസത്തിലെ മുഖ്യഘടകമായി മാറണമെന്ന് സമിതി ചൂണ്ടിക്കാട്ടി. മലയാളപഠനം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ യോഗ്യതാ മാനദണ്ഡമായി പരിഗണിക്കപ്പെടണം. എന്‍ ശ്രീകുമാര്‍, ആര്‍ ബി രാജലക്ഷ്മി, സി ഉസ്മാന്‍, ചുനക്കര ഹനീഫ, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, എസ്ഇആര്‍ടി ഡയറക്ടര്‍മാര്‍ എന്നിവരാണ് ആർ.വി.ജി മേനോനു പുറമെ സമിതിയിൽ ഉണ്ടായിരുന്നത്.
ഇനി ഇതെത്രകണ്ട് പ്രായോഗികമാക്കാൻ സാധിക്കുമെന്നത് കാത്തിരുന്ന് കാണുകതന്നെ വേണം. ഈ പുതിയ നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറി മലയാളഭാഷയിൽ നിന്ന് തങ്ങളുടെ സ്കൂളുകളെ എങ്ങനെ രക്ഷിക്കാം എന്നായിരിക്കും ചില ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഇപ്പോൾ ചിന്തിച്ച് തുടങ്ങിയിട്ടുണ്ടാവുക. എട്ടാം ക്ലാസ്സ് വരെ പഠനമാധ്യമം മലയാളമാക്കണമെന്നാണ് സാമിതി ശുപാർശ ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് പത്താം തരം വരെ ഈ നിർബന്ധം വച്ചുകൂടെന്ന് ചോദിക്കുന്നില്ല. കാരണം ഇത്രയെങ്കിലും ആയല്ലോ.
എന്നിരുന്നാലും കാലക്രമേണ പത്താംതരം വരെ മലയാളം പഠന മാധ്യമം ആക്കണം. ഭാഷയെ രക്ഷിക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ഇതിനെ കാണേണ്ടത്. രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതി മാറണം. ഇനിയിപ്പോൾ എട്ടാം തരം കഴിഞ്ഞാലും ഒരു വിഭാഗം മലയാളം മീഡിയവും മറ്റൊരു വിഭാഗം ഇംഗ്ലീഷ് മീഡിയവും പഠിക്കും. അപ്പോഴും സൃഷ്ടിക്കപ്പെടുന്നത് രണ്ടുതരം പൌരന്മാർ. ഒന്നുകിൽ എട്ടാം ക്ലാസ്സിനു മുകളിലും മൊത്തത്തിൽ മലയാളം പഠനമാധ്യമം ആക്കുക. അല്ലെങ്കിൽ മൊത്തത്തിൽ ഇംഗ്ലീഷ് പഠന മാധ്യമം ആക്കുക. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ മലയാളം മീഡിയം സ്കൂളുകൾ എന്ന തരംതിരിവ് കലക്രമേണയെങ്കിലും ഇല്ലാതാക്കേണ്ടതാണ്.
No comments:
Post a Comment