എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, March 9, 2011

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരു ഇടതുപക്ഷക്കുറിപ്പ്!


നിയമസഭാ തെരഞ്ഞെടുപ്പ്: ഒരു ഇടതുപക്ഷക്കുറിപ്പ്!


ആവർത്തനങ്ങൾക്ക് കുറച്ചുകാലം തുടർച്ച കിട്ടുന്നത് ചരിത്രത്തിൽ ഒരു അദ്ഭുതമൊന്നുമല്ല. പക്ഷെ എല്ലായ്പോഴും ചരിത്രം തനിയാവർത്തനമാകണമെന്നില്ല. അങ്ങനെ ഒരു നിയമവുമില്ല. ഇവിടെ കേരളത്തിൽ കുറച്ചുകാലമായി രണ്ടുമുന്നണികൾ ഒന്നിടവിട്ട് ഭരണം നേടിക്കൊണ്ടിരിക്കുകയാണ്. ഒരു മുന്നണിയുടെ ഭരണം അവസാനിക്കുമ്പോഴേയ്ക്കും ആ ഭരണത്തിനെതിരെ ഒരു ജനവികാരം ഉണ്ടായി വരികയോ, മറ്റെന്തെങ്കിലും ഒരു ട്രെന്റ് ഉണ്ടാവുകയോ ചെയ്ത് അവർക്ക് ഭരണം നഷ്ടപ്പെടുകയാണ് പതിവ്. ഇത് ജനങ്ങൾ ബോധപൂർവ്വം നൽകുന്ന ഒരു വിധിയൊന്നുമായിരുന്നിട്ടില്ല. പലപ്പോഴും നിലവിലുള്ള മുന്നണിയുടെ ഭരണം ആവർത്തിക്കപ്പെടാനുള്ള സാദ്ധ്യത നിലനിന്നിട്ടുണ്ട്. എന്നാൽ സമയം,ആകുമ്പോൾ എന്തെങ്കിലും കാരണത്താൽ നിലവിലെ ഭരണമുന്നണി തോൽക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ മുമ്പ് ഒരിക്കൽ സ. ഇ.കെ. നായനാറുടെ നേതൃത്വത്തിലിരുന്ന ഇടതുമുന്നണി ഭരണം കഴിഞ്ഞ് വീണ്ടും ഇടതുമുന്നണി അധികാരത്തിൽ വരേണ്ടതായിരുന്നു. എന്നാൽ രാജീവ് ഗാന്ധി വധം മൂലം രാജ്യത്താകെ ഉണ്ടായ സഹതാപ തരംഗത്തിൽ കേരളത്തിലെ ഇടതുമുന്നണിയ്ക്കും പരാജയം സംഭവിക്കുകയായിരുന്നു. അപ്പോൾ നിലവിലിരിക്കുന്ന മുന്നണിയ്ക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടണമെന്ന് പ്രകൃതിനിയമമൊന്നുമില്ലെന്നർത്ഥം.

ഇക്കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽ നിലവിലിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം നാളിതുവരെ കേരളം കണ്ട ഇടതു-വലതു ഭരണങ്ങളിൽ വച്ച് ഏറ്റവും മികച്ച ഭരണമാണ് കാഴ്ചവച്ചതെന്ന് രാഷ്ട്രീയ തിമിരത്തോടെയല്ലാതെ വിലയിരുത്തുന്ന ആർക്കും സമ്മതിക്കേണ്ടിവരും. ഏറ്റവും കൂടുതൽ ജനക്ഷേമ പരിപാടികൾ നടപ്പിലാക്കിയ ഒരു ഭരണമാണ് ഇത്തവണ ഇടതുപക്ഷം നടത്തിയത്. പാ‍വപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറ്റവും കൂടുതൽ ഗുണം കിട്ടിയത് ഈ ഇടതുഭരണകാലത്താണ്. സാധാരണജനപക്ഷത്ത് നിന്ന് ചിന്തിച്ച് വിദ്യാഭ്യാസരംഗത്തും മറ്റും നടപ്പിലാക്കാൻ ശ്രമിച്ച ചില നടപടികൾ കോടതികൾ പരാജയപ്പെടുത്തിയതൊഴിച്ചാൽ ഏറെ ഗുണകരമായ ക്ഷേമപദ്ധതികൾ ഈ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ചെറിയ കൈത്തൊഴിൽ മേഖല മുതൽ വലിയ വ്യാവാസായിക മേഖലകളിൽ വരെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ ഇടതു സർക്കാരിനു കഴിഞ്ഞു.

കേരളം ഒരു സ്വതന്ത്രരാജ്യമല്ല. അത് ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ ഒരു സംസ്ഥാന ഗവർണ്മെന്റിന് പ്രവർത്തിക്കാൻ കഴിയൂ. കുറച്ചേറെ അധികാരങ്ങൾ കേന്ദ്ര ഗവർണ്മെന്റിൽ നിക്ഷിപ്തവുമാണ്. ചില അധികാരങ്ങൾ പ്രയോഗിക്കുന്നതിനും ചില നിയമങ്ങൾ നിർമ്മിക്കുന്നതിനും ചില ക്ഷേമകാര്യങ്ങൾ നിർവ്വഹിക്കുന്നതിലും കേന്ദ്രഗവർണ്മെന്റിന്റെ ഇടപെടലുകൾ തടസമാകാം. ഇത് ഒരു ഫെഡറൽ രാജ്യത്ത് സ്വാഭാവികവുമാണ്. അതുകൊണ്ട്തന്നെ ഒരു സംസ്ഥാന സർക്കാരിന് നൂറ് ശതമാനം സംതൃപ്തമായ ഒരു ഭരണം ഒരു സംസ്ഥാനത്തും നടത്താൻ കഴിഞ്ഞെന്നിരിക്കില്ല. ഒരു സംസ്ഥാന ഭരണം അറുപത് ശതമാനം വിജയിച്ചാൽത്തന്നെ അത് വലിയൊരു കാര്യമാണ്. എന്നാൽ ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവർണ്മെന്റ് എഴുപത് ശതമാനം വിജയം നേടി എന്ന് നിഷ്പക്ഷതയുടെ മേലങ്കി അണിഞ്ഞവർകൂടി സമ്മതിക്കേണ്ടി വരും.

ആകെയുണ്ടായ ഒരു പോരായ്മ മിക്ക പരിപാടികളും വേണ്ടവിധം നടപ്പിലാക്കിവന്നപ്പോഴേയ്ക്കും ഭരണ കാലാവധി തീരാറായിരുന്നു എന്നതാണ്. ഈ സർക്കാരിന്റെ തുടർച്ച ഇപ്പോൾ നഷ്ടപ്പെട്ടാൽ കേരളം വീണ്ടും പത്ത് വർഷം പിന്നിലേയ്ക്ക് പോകും എന്നുറപ്പാണ്. ഇത് കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകർ മനസിലാക്കുന്നുണ്ട് എന്ന് കരുതാം. എല്ലായ്പോഴും ജനം പ്രബുദ്ധതയാണ് കാണിക്കുന്നതെന്ന അന്ധവിശ്വാസമൊന്നും ഈ ലേഖകനില്ലെന്ന് സാന്ദർഭികമായി പറഞ്ഞുകൊള്ളട്ടെ. എന്തായാലും ഇപ്പോൾ ഇടതുമുന്നണി ഭരണത്തിനെതിരെ ഒരു ജനവികാരം നിലവിലില്ല. എന്ന് മാത്രമല്ല ഈ മുന്നണിയിലും സർക്കാരിലും ജനങ്ങൾക്ക് നല്ല മതിപ്പുണ്ട്. ഇനിയും ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നിഷേധാത്മകമായ ഒരു നിലപാട് സ്വീകരിക്കില്ലെന്നാണ് വിശ്വാസം. പ്രത്യേകിച്ചും ഇടതും വലതും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കിയിട്ടുള്ള ഈ കാലത്ത്. ആരു ഭരിച്ചാലുംകണക്കുതന്നെന്ന ഒരു പറച്ചിൽ പഴയതുപോലെ ഇനി കേരളത്തിലെ ജനങ്ങൾക്ക് പറയാൻ കഴിയും എന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും പ്രതിപക്ഷം പല പ്രകാരത്തിൽ വലിയ പ്രതിരോധത്തിൽ ആയി നിൽക്കുന്ന ഈ വേളയിൽ!

ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ നിലവിലുള്ള ഭരണപക്ഷം ഏതെങ്കിലും തരത്തിൽ പ്രതിരോധത്തിലാകുന്നത് മനസിലാക്കാം. പക്ഷെ ഇപ്പോഴത്തെ ഭരണപക്ഷം ഒരുതരത്തിലും പ്രതിരോധത്തിലാണെന്ന് പറയാനാകില്ല. എന്നാൽ പ്രതിപക്ഷത്തെ യു.ഡി.എഫ് ആകട്ടെ പിടിച്ചുനിൽക്കാൻ കഴിയാത്തവിധം പ്രതിരോധത്തിൽ ആയി. അഴിമതി,സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രമുഖരായ യു.ഡി.എഫ് നേതാക്കൾ ആരോപണ വിധേയരാകുകയും ചിലർ തെളിയിക്കപ്പെട്ട ആരോപണങ്ങളാൽ ശിക്ഷിക്കപ്പെടുകയും ജയിലിൽ പോകുകയും വരെ ചെയ്തു. സഹതാപാർഹമായ ഗതികേടിലാണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന കേരളത്തിലെ ഐക്യജനാധിപത്യമുന്നണി. ഈ ആരോപണ വിധേയരും ശിക്ഷിക്കപ്പെട്ടവരും നല്ലൊരു പങ്കും മുൻ യു.ഡി.എഫ് ഭരണത്തിൽ മന്ത്രിമാരായിരുന്നവരാണ് എന്ന് കൂടി നാം ഓർക്കണം. എന്നാൽ നിലവിലിരിക്കുന്ന ഇടതുപക്ഷ ഗവർണ്മെന്റിലെ ഒരു മന്ത്രിക്കെതിരെ പോലും ഒരുവിധ അഴിമതി ആരോപണങ്ങളും ആർക്കും ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ആകെ രണ്ട് മന്ത്രമാർക്കെതിരെയാണ് ഒന്നു രണ്ട് ആരോപണങ്ങൾ ഉണ്ടായത്. ആ ആരോപണ വിധേയരാകട്ടെ ഇപ്പോൾ യു.ഡി.എഫിന്റെ ഭാഗമാണ്താനും.

ഇത്ര നല്ല ക്ലീൻ ഇമേജോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ സർക്കാരിനെ നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് കഴിയുന്നത് ഒരു വലിയ കാര്യം തന്നെയാണ്. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള നമ്മുടെ കേന്ദ്രമന്ത്രി സഭ അഴിമതിയുടെ കൂടാരമാണെന്ന് ജനം തിരിച്ചറിഞ്ഞ ഈ വേളയിൽ പ്രത്യേകിച്ചും. കേന്ദ്രമന്ത്രിമാർ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതി ഞെട്ടിക്കുന്നതാണ്. ഇപ്പോൾ ഒരു കേന്ദ്ര മന്ത്രിയേ അഴിയെണ്ണുന്നുള്ളൂ. എന്നാൽ ഇനി എത്രപേർ “അഴി” മതിയെന്ന് കരുതി കാലം കഴിക്കേണ്ടിവരുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. ഇന്ത്യ മുഴുവൻ പായ്‌വിരിച്ച് ഉണക്കാവുന്നത്രയും പച്ചനോട്ടുകളുടെ അഴിമതികളാണ് സ്പെക്ട്രം അഴിമതി അടക്കം ഉള്ളവയിൽ നടന്നിരിക്കുന്നത്. നേതാക്കളുടെ അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ വേറെയും. യുവരാജാവ് രാഹുൽ ഗാന്ധിക്കെതിരെ തന്നെ അത്തരം ആരോപണങ്ങൾ ഒന്നിനു പുറകേ ഒന്നായി പുറത്തുവരികയാണ്. വലിയ നേതാവ് ഇങ്ങനെയെങ്കിൽ താഴോട്ടുള്ളവർ എങ്ങനെയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പറഞ്ഞുവന്നത് ഒരു വോട്ടർ എങ്ങനെ ചിന്തിച്ചാലും കേരളത്തിൽ ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യാൻ ഒരു ന്യായവുമില്ല. നൂറ്റിപ്പത്തിന്റെ അവകാശവാദമൊക്കെ ഇപ്പോൾ യു.ഡി.എഫ് നേതാക്കൾതന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. കുഴിയിൽ കാലും നീട്ടി ഇരുന്നവർ പോലും കൃത്രിമ ശ്വാസവുമായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാനിരുന്നതാണെന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് നേതാക്കൾതന്നെ പറഞ്ഞിരുന്നു. ചിലരൊക്കെ ഇപ്പോൾ പിൻ വാങ്ങി. ബ്യൂട്ടി പാർളറുകളിൽ തിരക്കൊന്നു കുറഞ്ഞു. ഡൈക്കും, എക്സ്ട്രാ പവർ ടോണിക്കുകൾക്കും ഒക്കെ അല്പം ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. മന്ത്രിയാകാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനു മത്സരിക്കുന്നു എന്ന് വിചാരിക്കുന്ന കോൺഗ്രസ്സ് നേതാക്കൾ മത്സരംഗത്തേയ്ക്ക് വരുന്നതിൽ നിന്നും പിന്മാറിയിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിൽ അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയിൽ ഒരല്പം പ്രബുദ്ധതയുടെ അംശം കണ്ടെത്താൻ കഴിഞ്ഞേക്കും. അതിന്റെ തനിയാവർത്തനം ആയിരുന്നില്ലെങ്കിലും പിന്നീട് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ചില സ്ഥലങ്ങളിലെങ്കിലും ജനങ്ങൾ പ്രബുദ്ധത തെളിയിച്ചിട്ടുണ്ട്. ഈ പ്രബുദ്ധത രണ്ടു മുന്നണികളെയും പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. എന്നാൽ ഇനി നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിന്റേയോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെയോ ഒരു ആവർത്തനമായിരിക്കില്ല. അതിനുള്ള ഒരു സാഹചര്യവും ഇപ്പോൾ നില നിൽക്കുന്നില്ല. ഒരു ഇടതു തരംഗം വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ഉണ്ടായി എന്നു കണ്ടാൽ അതിൽ അദ്ഭുതപ്പെടാനില്ല. കോൺഗ്രസ്സും യു.ഡി.എഫും ഇത്തവണയും തങ്ങൾക്ക് ഭരണമില്ലാത്ത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ഇപ്പോഴേ തയ്യാറെടുക്കുന്നത് നന്നയിരിക്കും എന്ന് തോന്നുന്നു. സ്വയം കൃതാനർത്ഥങ്ങൾക്ക് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ലെന്നു കൂടി യു.ഡി.എഫ് നേതാക്കൾ മനസില്ലാക്കുന്നതും നന്നായിരിക്കും. തെറ്റുകൾ ആവർത്തിക്കുകയല്ലാതെ അത് തിരുത്തുന്ന സമ്പ്രദായം കോൺഗ്രസ്സിലോ യു.ഡി.എഫിലെ മറ്റ് ഘടക കക്ഷികളിലോ ഇല്ലാത്ത നിലയ്ക്ക് ഒരു തെറ്റ് തിരുത്തൽ ഉപദേശം ആരും നൽകിയിട്ട് കാര്യവുമില്ല. ജയിലിൽ പോകുന്നവരെ അവിടെ പോയി കണ്ട് ആശ്വസിപ്പിച്ചാൽ പോര, യഥോചിതം സ്വീകരണവും യാത്രയയപ്പും നൽകി അഴിമതിയെ പ്രോത്സാഹിപ്പിക്കുകതന്നെ വേണം എന്നാണല്ലോ അവരുടെ വാശി. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഉപദേശിക്കുകയല്ല അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. അല്ലെങ്കിൽ തന്നെ ഒന്നോരണ്ടോ പേർ തെറ്റ് തിരുത്തിയാൽ പോരല്ലോ. ഒരുപാട് തെറ്റുകാരുള്ളപ്പോൾ!

ഇടതുപക്ഷ ഭരണത്തിന് ഇപ്പോൾ തുടർച്ച കിട്ടിയാൽ അടുത്ത അഞ്ചുവർഷം കൊണ്ട് കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.തുടങ്ങിവച്ച പല ജനക്ഷേമ പ്രവർത്തനങ്ങളും പൂർത്തിയാക്കാനും ഇടതുഭരണത്തിന് തുടർച്ച ആവശ്യമാണ്. ഇടതുമുന്നണി ഗവർണ്മെന്റ് ഇതുവരെ നടപ്പിലാക്കിയ ജനക്ഷേമ നടപടികൾകൂടി യു.ഡി.എഫ് ഭരണം വന്നാൽ അട്ടികറിക്കപ്പെടാം. വരുന്ന തെരഞ്ഞെടുപ്പിൽ ജനവിധി ഇടതുപക്ഷത്തിന് പ്രതികൂലമായാൽ അത് കേരളത്തിന് വമ്പിച്ച നഷ്ടമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും വോട്ട് ചെയ്യുന്ന കാര്യത്തിൽ തെറ്റുകളുടെ തനിയാവർത്തനമായിരിക്കില്ല വരുന്ന ജനവിധിയെന്ന് പ്രത്യാശിച്ചുകൊണ്ട് ഈ കുറിപ്പ് നിർത്തുന്നു.

6 comments:

ശ്രീജിത് കൊണ്ടോട്ടി. said...

ഇടതുപക്ഷത്തിനു എല്ലാ വിജയാശംസകളും...

Unknown said...

നല്ല പോസ്റ്റ്

Anonymous said...

ഓ തെന്നെ തെന്നെ...
ആ മൂന്നാറു തൊട്ട് അങ്ങേരെ സ്വതന്റ്രമായി ഭരിക്കാന്‍ വിട്ടിരുന്നെങ്കില്‍ ഇപ്പോല്‍ ഈ പരാതി പറച്ചിലൊന്നും വേണ്ടി വരില്ലായിരുന്നു. പൊതുജനം അങ്ങോരെ വീന്റും തെരെഞ്ഞെടുത്തേനെ. അന്നേരം കോട്ടിട്ടവനും കോട്ടിടാത്ത്വനും തലമുടി നീട്ടിയവനും ഒക്കെ എന്തൊരു മെണപ്പായിഒരുന്നു. ഇപ്പം ഒരുത്തനേം കാണനില്ല. മൂന്നാര്‍ വളച്ചു കെട്ടിയെടുത്തവനൊക്കെ അങ്ങൊറെ തെറി വിളിച്ചിട്ടും ഒരുത്തനും മിണ്ടാട്ടമില്ല.

കന്നൂരില്‍ കിടന്നു കാണിക്കുന്ന ചട്ടമ്പി തരമല്ല ജനങ്ങല്‍ക്കു വേന്റത് എന്ന തിരിച്ചു വിചാരം ചില കണ്ണൂര്‍ക്കാര്‍ക്ക് ഉണ്ടായി എന്നു തോന്നുന്നു.

ഇപ്പൊ കൊടികെട്ടിയ പാര്‍ട്ടിക്കാരനും തോന്നുന്നുണ്ട് അങ്ങോരെ ഭിരിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഒരി 10 വര്‍ഷം കൂടി ജനങ്ങള്‍ നള്‍കിയേനെ എന്ന്.

ഇനിയിപ്പോ മത ന്യൂനപക്ഷ വര്‍ഗ്ഗിയ കോമരങ്ങള്‍ എല്ലാം കൂടി അഞ്ചു വര്‍ഷം കേരളം വീതം വയ്ജ്ക്കുന്നത് കണ്ട് ഊമ്പിയിരിക്കാം

ബെഞ്ചാലി said...

ഞാന് ഈ നാട്ടുകാരനല്ല ;)

പത്രക്കാരന്‍ said...

5 വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറണം എന്ന ജനങളുടെ എന്ന മുന്‍വിധി മാത്രമാണ് ഇടതുപക്ഷജനാധിപത്യ മുന്നണിക്ക്‌ മുന്നില്‍ ഉള്ള പ്രശ്നം. ഈ സര്‍ക്കാര്‍ വേണ്ടും അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് . ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ വീണ്ടും ചെങ്കൊടി പാറുക തന്നെ ചെയ്യും.

Anonymous said...

പോ മോനെ ദിനേശാ, മേയ്‌ പതിമൂന്നു വരെ കാത്തിരിക്ക്‌ എന്നിട്ട്‌ ഉമ്മന്‍ ചാണ്ടി സത്യ പ്രതിജ്ഞ ചെയ്യുന്നത്‌ കാണാന്‍ തിരുവനന്തപുരത്തോട്ട്‌ വരുക

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...