എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, September 7, 2011

എനിക്കല്പം ഏകാന്തതവേണംന്നേ!

മുൻകുറിപ്പ് : ഇതല്പം സ്വകാര്യമാണ്. വെറുതെ കുത്തിക്കുറിക്കുന്നത്.......

എനിക്കല്പം ഏകാന്തതവേണംന്നേ!


ഇന്ന് അവധിയായിരുന്നു. ഇനി നാളെയും അവധിതന്നെ. ചെറിയ പെരുന്നാൾ. അതു കഴിഞ്ഞാലുടൻ ഇനി ഓണാവധികൾ വരാനിരിക്കുന്നു. എല്ലാവർക്കും ഇത് ആഘോഷങ്ങളുടെ ദിവസങ്ങളാണ്. എന്നാൽ എന്നെ സംബന്ധിച്ച് ഇപ്പോൾ വലിയ ആഘോഷങ്ങൾ ഒന്നുമില്ല്ല. എന്നാൽ ഈ പൊതു അവധി ദിവസങ്ങൾ എന്നെ സന്തോഷിപ്പിക്കാൻ പോന്നവയാണ്.എപ്പോഴും കുട്ടികളുമായും പൊതുക്കാര്യങ്ങളിൽ ജനങ്ങളുമായും ബന്ധപ്പെട്ട് കഴിയുന്ന ഒരാളാണ് ഈ ഒന്നൊന്നര ഞാൻ. പക്ഷെ ഈ പൊതു അവധി ദിവസങ്ങൾ എനിക്ക് സ്വയം ഏകാന്തത തീർത്ത് വീട്ടിൽ അടച്ചുമൂടി ഇരിക്കാനുള്ളതാണ്. അല്പം വായന, അല്പം ബ്രൌസിംഗ്, ഇടയ്ക്കിടെ കിടന്ന് കൊച്ചുകൊച്ച് ഉറക്കങ്ങൾ. ഈ ദിവസങ്ങളിൽ വീട്ടിലോ വീട്ടിനോട് ചേർന്നുള്ള എന്റെ സർവ്വകലാശാലയിലോ വരുന്നവരോടൊക്കെ നാമമാത്രമായ കുശലപ്രശ്നങ്ങൾ മാത്രം. പിന്നെ വീണ്ടും സ്വന്തം മുറിയിലേയ്ക്ക്. ഈ അസുഖം തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി.

മുമ്പ് ഓണം, ക്രിസ്തുമസ് പെരുന്നാൾ എന്നൊക്കെ പറഞ്ഞാൽ എനിക്കും അതൊക്കെ ആഘോഷങ്ങളുടെ ദിവസങ്ങൾ തന്നെയായിരുന്നു. ചിലപ്പോൾ വീട്ടിൽ തന്നെ കാണുകയില്ല. പുറത്തായിരിക്കും. പെരുന്നാളിന് സുഹൃത്തുക്കളെയൊക്കെ വീട്ടിൽ വിളിച്ചുകൊണ്ടു വരും. അവർക്കൊക്കെ പെരുന്നാൾ സ്പെഷ്യൽ ഭക്ഷണങ്ങൾ നൽകും. ചിലപ്പോൾ ഒരു കൊച്ചു കല്യാണത്തിനുള്ള ആളൊക്കെ വീട്ടിൽ കാണും. ഓണം വന്നാലോ? പിന്നെ ഓരോ ദിവസവും ഓരോ നേരവും ഓരോ വീടുകളിലായിരിക്കും സദ്യ. രാത്രി വീട്ടിലെത്തുമ്പോൾ വയറ് ഡിം ആയിരിക്കും. ക്രിസ്ത്യാനികൾ ഇവിടെ അധികമില്ലാത്തതുകൊണ്ട് ആ ദിവസങ്ങളിൽ ആരും വീടുകളിലേയ്ക്ക് ക്ഷണിയ്ക്കാനില്ല. എങ്കിലും അപ്പോഴും ആഘോഷങ്ങൾ എന്തെങ്കിലുമൊക്കെ കാണും.

പെരുന്നാളിന് അടുത്ത വീടുകളിലൊക്കെ ഓരോ ഭക്ഷണപ്പൊതി കൊണ്ടുക്കൊടുക്കാതെ നമ്മൾ കഴിക്കാറില്ല. മിക്കവാറും പെരുന്നാളിന്റെ തലേ ദിവസമാണ് അയൽ വീടുകളിൽ ഭക്ഷണമെത്തിക്കുന്നതും കൂട്ടുകാരെ വിളിച്ചുകൊണ്ടു വരുന്നതുമൊക്കെ. പെരുന്നാൾ ദിവസം പള്ളിയിൽ പോകുന്നവർ പോയി വരും എന്നതിനപ്പുറം വലിയ അഘോഷങ്ങൾ ഉണ്ടാകാറില്ല. തലേ ദിവസമാ‍ണല്ലോ ആടുമാടുകൾക്ക് ജീവഹാനി വരുത്തുന്നതും നമ്മൾ ഇറച്ചി വാങ്ങുന്നതും ഒക്കെ. ഇനി ഓണം വന്നാലോ. അത്തമിടുന്ന ദിവസം മുതൽ പലപല വീടൂകളിൽ നിന്നായി അവിലും മലരും അടപ്രഥമനും ഒക്കെ വന്നുകൊണ്ടിരിക്കും. ഓണത്തിന് കാണിക്കയുമായി വാപ്പയെ കാണാൻ വരുന്നവർ വേറെയും. ഓണത്തിന് വീട്ടിലേയ്ക്ക് ക്ഷണിക്കാത്തവർകൂടിയും അയലത്തെ മറ്റുമതസ്ഥർക്ക് ഒരു പാത്രം പായസമെങ്കിലും എത്തിക്കുന്നത് ഒരു കീഴ്വഴക്കം തന്നെ ആയിരുന്നു. ആയിരുന്നു എന്നല്ല, ഇപ്പൊഴും ഇവിടെ ഇതൊക്കെ നടക്കുന്നുണ്ട്.പണ്ടത്തെ അത്ര തീവ്രവും വ്യാപകവും അല്ലെങ്കിലും.

ഓണവും പെരുന്നാളും ക്രിസ്തുമസുമൊക്കെ നമ്മുടെ നാട്ടിൽ മതേതരമായി കൊണ്ടാടപ്പെടുന്നതാണ്. ഭൂരിപക്ഷം മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളിൽ മുസ്ലിങ്ങൾ ഓണക്കളികളും മറ്റും സംഘടിപ്പിക്കും. ഉമ്മവീട്ടിലും വാപ്പവീട്ടിലുമായി മാ‍റിമാറിയായിരുന്നു നമ്മുടെ താമസം. രണ്ട് ജില്ലകളാണെങ്കിലും ഇവതമ്മിൽ വലിയ അകലമില്ല.തിരുവനന്തപുരം-കൊല്ലം ജില്ലാ ബോർഡർ ഏരിയയാണ് . മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തുള്ള എന്റെ ഉമ്മയുടെ കുടുംബവീട്ടിൽ താമസിക്കുമ്പോൾ സാധാരണ വീട്ടിനു പുറത്തിറങ്ങാത്ത മുസ്ലിം സ്ത്രീകളും പെൺകുട്ടികളും കൂടി ഏതെങ്കിലും വീട്ടുമുറ്റത്തോ തിരക്കൊട്ടുമില്ലാത്ത വഴിയോരത്തോ വന്ന് മാണിക്കച്ചെമ്പഴുക്കയും, സെവന്റീസും, കുറ്റിപ്പന്തും, തുമ്പിതിതുള്ളലുമൊക്കെ കളിച്ചിരുന്നു. തിരുവോണം മുതൽ നാലഞ്ച് ദിവസങ്ങളിൽ തുടർച്ചയായി ഉച്ചയ്ക്ക് ഊണിനു മുമ്പും ശേഷവും ആണും പെണ്ണും ഇടകലർന്ന ഓണക്കളികളും പാട്ടുകളും മറ്റും നടന്നിരുന്നു.അക്കാലത്ത് ഓണം,പെരുന്നാൾ, ക്രിസ്ത്മസ് തുടങ്ങിയ ആഘോഷവേളകൾക്ക് മദ്യത്തിന് ഇന്നത്തെ പോലെ “പ്രസക്തി” ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടില്ല. എന്തായാലും അതൊക്കെ ഒരു കാലം.

എന്നാൽ ഏതാനും വർഷങ്ങളായി ഇത്തരം ആഘോഷങ്ങൾക്കൊന്നും ഞാനത്ര പ്രാധാന്യം നൽകാറില്ല. വായന ശാലയുടെ ഓണാഘോഷ പരിപാടി വല്ലതും ഉണ്ടെങ്കിൽ അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടും. ഇപ്പോൾ ഓണത്തിന് അങ്ങനെ പരിപാടികൽ നടത്താറില്ല. നടത്തിയാലും മറ്റു പയ്യന്മാരൊക്കെ മുൻ നിന്ന് അങ്ങ് നടത്തിക്കൊള്ളും. നമ്മൾ ഒന്നു ശ്രദ്ധിക്കണമെന്നേയുള്ളൂ. വായനശാലയുടെ ആഭിമിഖ്യത്തിൽ പതിവുള്ള നാടൻ പന്ത് കളി ഇത്തവണ ഒട്ട് നടത്തുന്നുമില്ല. അടുത്തിടെ മറ്റൊരു പരിപാടി നടന്നതുകൊണ്ട് ഇനി ഒരു പരിപാടി വേണ്ടെന്നും വച്ചു.

പെരുന്നാൾ, തിരുവോണം, ന്യൂ ഇയർ എന്നീ വിശേഷദിവസങ്ങളിലോ അതിന്റെ തലേന്നോ മദ്യപിച്ചും ആഘോഷിച്ചും അടിപിടി കൂടിയും അകത്താകുന്നവരെ ജാമ്യത്തിലിറക്കാൻ ഇറക്കാൻ ഉറക്കമൊഴിഞ്ഞ് പോലീസ്റ്റേഷനിൽ പോകേണ്ട സ്ഥിതി ഉണ്ടായിരുന്നു. രണ്ടുമൂന്നുകൊല്ലമായി അതില്ല.അഥവാ ഉണ്ടായാലും മറ്റാരെങ്കിലും ഒക്കെ അറ്റൻഡ് ചെയ്യുന്നുണ്ട്. മാത്രവുമല്ല
രാത്രി അനാവശ്യമായ വിഷയങ്ങളുണ്ടാക്കിയിട്ട് എന്നെ വിളിക്കരുതെന്ന് ഞാൻ കർശനമായി വിലക്കിയിട്ടുണ്ട്.പ്രത്യേകിച്ച് രാത്രി വീട്ടിൽ നിന്ന് പോകാൻ പറ്റുന്ന സ്ഥിതിയല്ല. പ്രായം കൊണ്ടും രോഗം കൊണ്ടും അവശതയുള്ള വാപ്പയെയും ഉമ്മയെയും തനിച്ചാക്കി രാത്രി എങ്ങും പോകാൻ കഴിയുകയുമില്ല.

അപ്പോൾ പറഞ്ഞുവന്നത് ഇപ്പോൾ എനിക്ക് ആഘോഷങ്ങളൊട് അത്ര താല്പര്യമൊന്നുമില്ല എന്നാണ്. വീട്ടിൽ കൂട്ടുകാരെ വിളിച്ചുകൊണ്ടുവരുന്ന പതിവൊന്നും ഇപ്പോൾ ഇല്ല. അതിന്റെ കാരണം ഒന്ന് ഉമ്മാക്ക് വച്ച് വിളമ്പാനുള്ള ആവതും ആരോഗ്യവും ഇല്ലാത്തതു തന്നെ. മുമ്പൊക്കെ ആരെയെങ്കിലുമൊക്കെ സഹായത്തിനു കിട്ടുമായിരുന്നു. ഇപ്പോൾ അതുമില്ല. പിന്നെ ഇത്തരം സന്ദർഭങ്ങളിൽ പെണ്ണുകെട്ടാനുള്ള ചില സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുവാനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് ഞാൻ തന്ത്രപൂർവ്വം അക്കാര്യങ്ങൾ ഒന്നും മിണ്ടുകയുമില്ല.

മാത്രവുമല്ല, പെരുന്നാളിനു വീ‍ട്ടിൽ വരുന്നവരൊക്കെ ഓണത്തിന് തിരിച്ച് അവരുടെ വീടുകളിലേയ്ക്ക് വിളിക്കും. എനിക്കാണെങ്കിൽ പോകാൻ മടിയും. ഒരുപാട് വീടുകളിൽ പോകേണ്ടിവരും. ഞാൻ വിളിക്കാതിരുന്നാലും അവർ ഓണത്തിനു വിളിക്കും എന്നായപ്പോൾ എന്നെ ദയവായി ക്ഷണിക്കരുതേയെന്ന് ഞാൻ പറഞ്ഞു തുടങ്ങി. വിളീച്ചാലും ഇപ്പോൾ സ്നേഹപൂർവ്വം നിരസിക്കും. അടുത്ത വീടുകളിൽ പോലും പോകാറില്ല! കാരണം മറ്റൊന്നുമല്ല. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും ഒക്കെ എനിക്ക് വീ‍ട്ടിൽ എന്റെ മുറിയടച്ചിരിക്കണം. പുസ്തകം വായിക്കണം. നെറ്റകത്ത് വന്നശേഷം ബ്രൌസിംഗും. ഇടയ്ക്കിടയ്ക്ക് പകലുറക്കവും. എനിക്ക് ഈ പൊതു അവധി ദിവസങ്ങളിൽ മാത്രമാണ് ഇങ്ങനെ സ്വതന്ത്രമായി സ്വച്ഛശാന്തമായി വീട്ടിലിരിക്കാൻ കഴിയുന്നത്. തിരക്കുകളില്ലാതെ എനിക്ക് എന്നിലേയ്ക്ക് ഒതുങ്ങി ഇരിക്കാൻ പറ്റുന്ന ഏതാനും ദിവസങ്ങൾ!

ഞാൻ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും നമ്മുടെ സ്ഥാപനവാസികൾ പല വീടുകളിൽ നിന്നും കൊണ്ടുവന്ന പെരുന്നാൾ ഭക്ഷണം കഴിച്ച് സൊറപറഞ്ഞിരിക്കുന്നുണ്ട്. അതിൽ ഒരുത്തൻ കുറച്ച് ഒറട്ടിയും ഇറച്ചിയും കൊണ്ടു കൊടുത്തിട്ട് ഭീഷണിപ്പെടുത്തുകയാണ്. എനിക്ക് ഇത്രയൊക്കെയേ തരാൻ കഴിയൂ. പക്ഷെ ഓണത്തിന് അഞ്ചു ദിവസവും കൊണ്ടു പോയി മൂന്നു ജാതി പ്രഥമൻ അടക്കം വിഭവസമൃദ്ധമായ സദ്യ തന്നുകൊള്ളണം എന്നത്രേ അവന്റെ ആജ്ഞ. അതൊക്കെ എനിക്ക് മുറിയിലിരുന്ന് കേൾക്കാം. അവർക്കൊക്കെ ഇനിയുള്ള ദിവസങ്ങൾ ആഘോഷത്തിന്റേതാണ്. പ്രത്യേകിച്ചും ഭക്ഷണോത്സവം. ഇന്ന് മുസ്ലിങ്ങൾ ചിലർ അവരുടെ വീടുകളിൽ വിളിച്ചുകൊണ്ടുപോയി. ചിലർ ഭക്ഷണം കൊണ്ടുവന്ന് കോടുത്തു. ഇനി നാളെ ഉച്ചയ്ക്ക് ചില വീടുകളിൽ എത്തണമത്രേ. ഇവിടെയൊക്കെ എനിക്കും ക്ഷണമുണ്ട്, പക്ഷേ സോറി. എനിക്ക് അല്പം ഏതാന്തത.........!

“നീ കതകടയ്ച്ചിരുന്നോ, കുഴിമടിയാ! നിന്റെ ഒരു മൊണഞ്ഞ ഏകാന്തത! നിനക്ക് ഇപ്പോൾ ഇതൊന്നും ആഘോഷിക്കാൻ മനസിലെങ്കിൽ വേണ്ടെടെ ഉവ്വേ! റംസാനും ഓണവുമൊക്കെ ഒരുമിച്ച് വന്ന് നിൽക്കുമ്പോൾ അതൊക്കെ ആഘോഷിക്കുന്നവർക്ക് ഒരു ആശംസ കൊടുത്താലെന്താ നിനക്ക്! ഉം, നേരെടാ ആശംസകൾ!” എന്റെ മനസിന്റെതന്നെ ആജ്ഞയാണ്. അനുസരിക്കാതെങ്ങനെ? എല്ലാവർക്കും ഈദ്-ഓണം ആശംസകൾ!

പിൻകുറിപ്പ്: ഇതൊക്കെയല്ലാതെ ഈ ആഘോഷനാളുകളിലൊന്നിൽ എന്തെഴുതാൻ!

1 comment:

പത്രക്കാരന്‍ said...

പോസ്റ്റ് കണ്ടാല്‍ പുര നിറഞ്ഞു നില്ക്കാണെന്നു തോന്നുകയേ ഇല്ല..

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...