എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Monday, March 12, 2012

നീസാ വെള്ളൂരിന് ആദരാഞ്‌ജലികൾ !

നീസാ വെള്ളൂരിന് ആദരാഞ്‌ജലികൾ !

കുഞ്ഞു ബ്ലോഗ്ഗർ നീസാ വെള്ളൂർ മരണപ്പെട്ടു. ഹാഷിമിന്റെ മെയിൽ വഴിയാണ് അത്യധികം ദു:ഖകരമായ ഈ വാർത്ത അറിഞ്ഞത്. കൊട്ടോട്ടിയിൽ നിന്നാണ് ഹാഷിമിന് നീസയുടെ മരണവിവരം അറിവായതത്രേ.

മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ ബ്ലഡ്‌ കാന്‍സര്‍ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഏറെ നാളായി രോഗാതുരയായിരുന്നെങ്കിലും ഈ കുഞ്ഞനുജത്തിയുടെ പെട്ടെന്നുള്ള മരണ വാർത്തയോട് പൊരുത്തപ്പെടാൻ മനസ്സ് വല്ലാതെ പ്രയാസപ്പെടുന്നു.

ഇന്നലെയും നിലാമഴകൾ എന്ന് പേരുള്ള അവളുടെ ബ്ലോഗിൽ പോയി കവിതകൾ വായിച്ച് കമന്റിട്ടതാണ്. എന്നിട്ട് പിറ്റേന്നുതന്നെ ആ പൊന്നുമൊളെ മരണം കൊണ്ടുപോയി എന്നറിയുമ്പോൾ അങ്ങനെയൊരു അപ്രിയ സത്യത്തെ എങ്ങനെയാണ് ഒന്ന് ഉൾക്കൊള്ളാവാവുക! മരണം ഒരു മിഥ്യയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്.

എല്ലാവരെയും പോലെ അവൾക്കും ഉണ്ടായിരുന്നിരിക്കുമല്ലോ ഓരായിരം വർണ്ണ സ്വപ്നങ്ങൾ. ഇനിയും ഓരായിരം കവിതകൾ രചിക്കുവാൻ ഈ കുഞ്ഞു കവയത്രിയുടെ മനസ്സ് എത്രയോ കൊതിച്ചിരിക്കണം! രോഗാവസ്ഥകളോട് പൊരുതുമ്പോഴും ഗഹനങ്ങളായ സ്വന്തം കവിതകൾകൊണ്ട് വളരെ ചുരുങ്ങിപ്പോയ തന്റെ ജീവിതകാലത്തെ എന്നേയ്ക്കുമായി ഈ കുഞ്ഞ് സഹോദരി അടയാളപ്പെടുത്തിയിരുന്നു.

മോളേ, പ്രായത്തിനു താങ്ങാനാകാത്ത കൊടിയ രോഗാവസ്ഥകളോട് പൊരുതി, കൊടിയ വേദനകളിലും, സഹനത്തിന് കവിതകൊണ്ട് കൈയ്യൊപ്പ് ചാർത്തി, കരുത്ത് കാട്ടിക്കൊണ്ടിരുന്ന നിന്റെയുള്ളിലെ നിശബ്ദമായ നിലവിളികൾ കേട്ട് നമ്മൾ പലപ്പോഴും നടുങ്ങിയിട്ടുണ്ട്. ആ ദൈന്യമാർന്ന നിലവിളികൾ നമ്മുടെ ചങ്കുപൊട്ടിയ്ക്കുമ്പോൾ അണപൊട്ടിയൊഴുകുമായിരുന്ന കണ്ണുനീരിനെ നീ കാണാതെ നമ്മുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ തടഞ്ഞുവച്ചിരുന്നു. ഇപ്പോൾ അത് അണമുറിഞ്ഞിരിക്കുന്നു.

പക്ഷെ നീസാ മോൾ എന്നും നമ്മോടൊപ്പമുണ്ട്. അവളുടെ കണ്ണുകളെ കാലം കൂട്ടിയടച്ചെങ്കിലും ആ കാലത്തിനുതന്നെയും അവൾക്കുനേരേ കണ്ണടയ്ക്കാനാകില്ല. കാരണം അവളുടെ കവിതകൾ കാലത്തിനുനേർക്ക് എന്നും കൺചിമ്മി സംവദിച്ചുകൊണ്ടിരിക്കും.

ഇനി നമ്മുടെ കുഞ്ഞനുജത്തിയ്ക്ക്, പൊന്നു മോൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളും, അവളുടെ ഓർമ്മകളെ എന്നെന്നും നമ്മുടെ ഹൃദയങ്ങളോട് ചേർത്തുവയ്ക്കുമെന്നൊരുറപ്പുമല്ലാതെ നമ്മൾ നിസഹായരായ ഈ മനുഷ്യ ജന്മങ്ങൾക്ക് ഇനിയെന്താണ് ചെയ്യാൻ കഴിയുക! കുഞ്ഞ് കവയത്രിയും ബ്ലോഗ്ഗറുമായ നീസാ വെള്ളൂ‍രിന് കണ്ണീരിൽ കുതിർന്ന ആദരാഞ്‌ജലികൾ !

No comments:

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...