മനോജ് രവീന്ദ്രൻ (നിരക്ഷരൻ), നൌഷാദ് അകമ്പാടം
സൂപ്പർ ബ്ലോഗ്ഗർമാർക്ക് അഭിനന്ദനങ്ങൾ!
ബൂലോകം ഡോട്ട് കോം ഏർപ്പെടുത്തിയ സൂപ്പർ ബ്ലോഗ്ഗർ- 2011 ആയി തെരഞ്ഞെടുക്കപ്പെട്ട മനോജ് രവീന്ദ്രനും ഫസ്റ്റ് റണ്ണർ അപ് ആയി തെരഞ്ഞെടുക്കപ്പെട്ട നൌഷാദ് അകമ്പാടത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത് അവർക്ക് അർഹതയ്ക്കുള്ള അംഗീകാരം. അവാർഡ് എന്നത് കേവലം ഒരു അംഗീകാരം എന്നതിലുപരി ഇത് ബ്ലോഗർമാർക്ക് ഒരു വലിയ പ്രോത്സാഹനമാണ്. ഈ അവാർഡ് ഏർപ്പെടുത്തിയ ബൂലോക്കം ഡോട്ട് കോമിനും അഭിനന്ദനങ്ങൾ!
പ്രതിഫലേച്ഛകൂടാതെ സ്വന്തം ബ്ലോഗിലും ഗ്രൂപ്പ് ബ്ലോഗുകളലിലും ഇതര സോഷ്യൽ നെറ്റ്വർക്കുകളിലും എഴുതി മലയാളഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുകയും സർഗ്ഗ-സ്നേഹസംവാദങ്ങൾ വഴി നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സർവ്വോപരി സൌഹൃദങ്ങളുടെ നിത്യ വസന്തം വിരിയിക്കുകയും ചെയ്യുന്ന ബ്ലോഗെഴുത്തുകാർ ഉൾപ്പെടെയുള്ള എല്ലാ ഓൺലെയിൻ ആക്റ്റിവിസ്റ്റുകൾക്കും ഇത്തരം അവാർഡുകൾ ഒരു പ്രചോദനവും പ്രോത്സാഹനവും ആയിരിക്കും. ആനിലയിൽ മലയാളം ബ്ലോഗ് ലോകത്തിന്റെ നിലനില്പിനും വളർച്ചയ്ക്കും ബൂലോകം ഡോട്ട് കോം നൽകുന്ന ഈ അകമഴിഞ്ഞ പ്രോത്സാഹനങ്ങളൾ എത്രത്തോളവും പ്രകീർത്തിക്കപ്പെടേണ്ടതാണ്.
ഏതാനും പേരിൽ നിന്നും ഏതാനും പേരെ തെരഞ്ഞെടുക്കുകയേ ഏത് അവാർഡിന്റെ കാര്യത്തിലും നിർവ്വാഹമുള്ളൂ. അതുകൊണ്ടുതന്നെ അവാർഡിനു പരിഗണിക്കപ്പെട്ടവരും പല കാരണങ്ങളാൽ പരിഗണിക്കപ്പെടാതെ പോയവരും നിരാശപ്പെടേണ്ടതില്ല. അവാർഡിനായി പരിഗണിക്കപ്പെട്ടവരോ അവാർഡ് ലഭിച്ചവരോ മാത്രമാണ് സൂപ്പർബ്ലോഗ്ഗർമാരെന്ന് ആരും കണക്കാക്കേണ്ടതുമില്ല.സൂപ്പർ ബ്ലോഗ്ഗർ ആകാൻ ഇപ്പോൾ ഈ മത്സരത്തിന്റെ ആദ്യാവസാ റൌണ്ടുകളിൽ എത്തപ്പെടാതെ പോയവരിലും സൂപ്പർ എന്നു തന്നെ വിശേഷിപ്പിക്കവുന്ന നല്ല ബ്ലോഗ്ഗർമാർ ഉണ്ട്.
ബൂലോകം ഡോട്ട് കോമിൽ എഴുതുന്നവരെ മാത്രമാണ് ഇത്തവണ സൂപ്പർ ബ്ലോഗ്ഗർ അവാർഡിനായി പരിഗണിക്കുന്നത് എന്ന മാനദണ്ഡം സ്വീകരിക്കേണ്ടി വന്നതുമൂലവും പല സൂപ്പർ ബ്ലോഗ്ഗർമാരും ഈ മത്സരത്തിന്റെ ഒരു ഘട്ടത്തിലും പരിഗണിക്കപ്പെടാതെയും പോയിട്ടുണ്ട്. അവർക്ക് ഏവർക്കും ഇനിയായാലും ബൂലോകം ഡോട്ട് കോമിൽ പോസ്റ്റുകൾ പബ്ലിഷ് ചെയ്ത് വരും വർഷങ്ങളിൽ അവാർഡ് ജേതാകാളാകാൻ പരിഗണിക്കപ്പെടാവുന്നതുമാണ്. ഇനിയും ഇത്തരം അവാർഡ് പോലെയുള്ള പ്രോത്സാഹനങ്ങൾ ബൂലോകത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുവാനും ബൂലോകം ഡോട്ട് കോമിന്റെ ഈ അവർഡ് അടക്കമുള്ള ഈ പ്രോത്സാഹനങ്ങൾ ഒരു പ്രചോദനവുമാകട്ടെ. അവാർഡ് ജേതാക്കൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. ബൂലോകം ഡോട്ട് കോമിന് പ്രത്യേക പ്രകീർത്തനങ്ങളും.
കഴിഞ്ഞതവണ ഈയുള്ളവൻ സൂപ്പർ ബ്ലോഗ്ഗർ അവാർഡിന്റെ ആദ്യ റൌണ്ടിൽ എത്തിയിരുന്നു.അതുതന്നെ വലിയ ഒരു അംഗീകാരമായാണ് ഈയുള്ളവൻ കണക്കാക്കിയിരുന്നത്. ഇത്തവണ ഫൈനൽ റൌണ്ടിലെ പത്തുപേരിൽ ഒരാളായി ഈയുള്ളവൻ പരിഗണിക്കപ്പെട്ടുവെന്നത്തന്നെ ഒരു അവാർഡായാണ് കണക്കാക്കുന്നത്. ഈയുള്ളവന് ബ്ലോഗെഴുത്തിൽ ബൂലോകം ഡോട്ട് കോം അകമഴിഞ്ഞ പ്രോത്സാഹനങ്ങളാണ് നൽകിപ്പോരുന്നത് എന്നത് ഇത്തരുണത്തിലും ഞാൻ കൃതാർത്ഥതയോടെ സൂചിപ്പിച്ചുകൊള്ളുന്നു. ഒപ്പം വ്യക്തിപരമായി ആരോടും എനിക്ക് വേണ്ടി ഞാൻ വോട്ട് ചോദിച്ചിരുന്നില്ലെങ്കിലും ചിലരെങ്കിലും എനിക്കും വോട്ട് ചെയ്തിട്ടുണ്ടാകും. അവർക്കെല്ലാം എന്റെ നന്ദി അറിയിക്കുന്നു. ഒപ്പം ഈ വോട്ടിംഗിൽ പങ്കെടുത്ത എല്ലാവർക്കും ബൂലോകം ഡോട്ട് കോമിലെ സ്ഥിരംപുള്ളി എന്ന നിലയിലും ഞാനും കൂടി നന്ദി പറയുന്നു. അതുപോലെ മത്സരം മൂത്തുവന്നപ്പോൾ തമാശയായും ഗൌരവമായും വിമർശനബുദ്ധ്യാലും പല പോസ്റ്റുകളും കമന്റുകളുമിട്ട് ഈ മത്സരവും വോട്ടിംഗും കൂടുതൽ ശ്രദ്ധാർഹമാക്കി രംഗം കൊഴുപ്പിച്ചവർക്കും അഭിനന്ദനങ്ങൾ.
ഇങ്ങനെയൊക്കെയാണ് നമ്മുടെ ഈ “ബ്ലോഗ് കുലം“ സംഭവബഹുലമാകുന്നത്. എഴുത്തും വായനയും അക്ഷരങ്ങൾകൊണ്ടുള്ള സംവാദങ്ങളും കലഹങ്ങളുമായി നമുക്കിനിയും സുഖദു:ഖസമ്മിശ്രമായ നമ്മുടെ ജീവിതം ആഘോഷിക്കാം. ബൂലോകത്തെയാകെയും നമ്മുടെ ഭാഷയെയും സാഹിത്യത്തെയും നമുക്ക് പരിപോഷിപ്പിക്കാം.ഏറിയും കുറഞ്ഞും നമ്മളിൽ ഓരോരുത്തരിലുമുള്ള സർഗ്ഗവാസനകൾ കൊണ്ട് ജനാധിപത്യപ്രക്രിയയെ ക്രിയാത്മകവും ശക്തവുമാക്കാം. മുലപ്പലിനോടൊപ്പം നമുക്ക് കിട്ടിയ നമ്മുടെ മലയാള ഭാഷയും മലയാള അക്ഷരങ്ങളും കൊണ്ട് നൃത്തനൃത്യങ്ങളിലാറാടി നമുക്ക് സ്നേഹവസന്തങ്ങളുടെ നിത്യവിസ്മയങ്ങൾ തീർക്കാം. അതിരുകളില്ലാത്ത ഒരു വിശ്വമാനവിക ലോകത്തിന്റെ സൃഷ്ടിയ്ക്ക് നമുക്കും നമ്മളാൽ കഴിയുന്നത് ചെയ്ത് നമ്മുടെ ജീവിതകാലത്തിന്റെ കടമ നമുക്കും നിറവേറ്റാം.
No comments:
Post a Comment