സൂര്യഗ്രഹണവും പാവം മൌലവിയും!
ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദൈർഘ്യമേറിയ ഒരു ആകാശവിസ്മയത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിച്ചു; വലയ സൂര്യഗ്രഹണം; ആകാശത്തൊരു വജ്രത്തിളക്കം! ലക്ഷക്കണക്കിനാളുകൾ വിജ്ഞാന കുതൂഹലത്തോടും അത്യുത്സാഹത്തോടും ഈ അപൂർവ്വക്കാഴ്ചയെ വരവേറ്റു; കണ്ടറിഞ്ഞു. ഇനി 1033 വർഷം കഴിഞ്ഞേ മറ്റൊരു ദൈർഘ്യമേറിയ ഒരു വലയസൂര്യഗ്രഹണം ദൃശ്യമാവുകയുള്ളു.
ഇന്ത്യയിൽ തമിഴ്നാട്ടിലെ ധനുഷ്കോടിയിലാണ് ഏറ്റവും നന്നായി ഈ വലയ സൂര്യഗ്രഹണം ദൃശ്യമായത്. തമിഴ്നാട്ടിലെ കന്യാകുമാരിയിലും, കേരളത്തിൽ തിരുവനന്തപുരം,വർക്കല തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലും ഇത് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. തിരുവനന്തപുരത്തും വിപുലമായ സൌകര്യങ്ങളാണ് പൊതുജനങ്ങൾക്ക് ഈ സൂര്യഗ്രഹണം ദർശിക്കാൻ ഒരുക്കിയിരുന്നത്.കേരളത്തിന്റെ വടക്കൻ മേഖലകളിൽനിന്നു പോലും സ്കൂൾ കുട്ടികളടക്കം വ്യക്തമായി ദൃശ്യം കാണുവാൻ വേണ്ടി ധാരാളംപേർ തിരുവനന്തപുരത്ത് എത്തിയിരുന്നു.
ഈ സൂര്യഗ്രഹണ ദിവസത്തിന് മറ്റ് ചില പ്രത്യേകതകളും ഉണ്ടായിരുന്നു. ഗ്രഹണമാണെന്ന് കരുതി പേടിച്ച് ആരും പുറത്തിറങ്ങാതിരുന്നില്ല. ആരും ഭക്ഷണം കഴിക്കാതിരുന്നില്ല. (അറിവില്പെടാതെ ആരെങ്കിലും കതകടച്ചിരുന്നോ എന്ന് അറിയില്ല.) എന്തായാലും ഗ്രഹണം കാണാൻ സൌകര്യം ഒരുക്കുന്നതിനോടൊപ്പംതന്നെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം കൂടി പലയിടത്തും നടത്തിയിരുന്നു. ബന്ധപ്പെട്ട ചില സർക്കാർ സ്ഥാപനങ്ങളും ശാസ്ത്ര സംഘടനകളും ശാസ്ത്ര പ്രചാരകരും ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.
ഗ്രഹണദിവസം ഭഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ലെന്ന അന്ധവിശ്വാസം ഇല്ലാതാക്കാൻ പലയിടത്തും ഈ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. കൊച്ചു കുട്ടികൾ പോലും നിർഭയം ചായയും ഭക്ഷണവും മറ്റും കഴിക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും കാണിച്ചു. നമ്മുടെ മിക്ക ദൃശ്യമാധ്യമങ്ങളും സൂര്യഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന തരത്തിൽ വാർത്തകൾ നൽകിയെന്നതും അഭിനന്ദനാർഹമാണ്.
ഗ്രഹണം പകർത്തുന്നതിനും തത്സമയം അത് പ്രേക്ഷകരെ കാണിക്കുന്നതിനും ദൃശ്യമാധ്യമങ്ങൾ വളെരെ നേരത്തെതന്നെ വേണ്ട സംവിധാനങ്ങൾ ഒരുക്കി കാത്തിരുന്നു. വ്യക്തമായി വലയഗ്രഹണം കാണാൻ കഴിയുന്ന വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ റ്റി.വി ചാനലുകൾ യഥാസമയം കാണിച്ചുകൊണ്ടിരുന്നു. രാവിലെ പതിനൊന്നു മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ദൃശ്യമാധ്യമങ്ങൾ സൂര്യഗ്രഹണദൃശ്യത്തിൽ നിന്നും കണ്ണെടുത്തില്ല.
തിരുവനന്തപുരം ഭാഗത്ത് പൂർണ്ണ വലയം ദൃശ്യമായത് ഉച്ചയ്ക്ക് ഒരു മണിയ്ക്കും ഒന്ന് ഇരുപതിനും ഇടയ്ക്കായിരുന്നു. ചന്ദ്രൻ സൂര്യന്റെ ഉള്ളിൽ അകപ്പെടുന്നതുപോലെയും അതിനു ചുറ്റും സൂര്യന്റെ ഒരു വലയം മാത്രം വജ്രം പോലെ തിളങ്ങി നിൽക്കുന്നതായുമാണ് കണ്ടത്. മനോഹരമായ ദൃശ്യം തന്നെയായിരുന്നു അത്! ഈ വലയഗ്രഹണത്തിന്റെ സമയം പോലും വളരെ കൃത്യതയോടെ പ്രവചിക്കുവാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞു.
മനുഷ്യൻ ഒന്നും മുൻകൂട്ടി പ്രവചിച്ച് അത്രയ്ക്കഹങ്കരിച്ചുകൂടെന്നു കരുതി ഇന്നത്തെ ഗ്രഹണത്തിന്റെ സമയത്തില്പോലും അല്പം വ്യതിയാനം വരുത്തുവാൻ നിസ്സഹായനായ ദൈവത്തിനു കഴിഞ്ഞില്ല. ശാസ്ത്രജ്ഞർ മുൻപേ പറഞ്ഞതുപോലെ തന്നെ വളരെ സമയ കൃത്യത പാലിച്ചു കൊണ്ട് നട്ടുച്ചയ്ക്ക് ഒരു അസ്തമയം പോലെ, ചെറിയൊരു വെയിൽ മങ്ങലോടെ ആ വലയഗ്രഹണം കടന്നു പോവുകയയിരുന്നു!
ശാസ്ത്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടുതൽ ദൃഢമാകുന്നുവെന്ന സൂചന ഈ ഗ്രഹണം നൽകുന്നുണ്ട്. കാരണം ഇത് കാണാനുള്ള ആളുകളുടെ താല്പര്യത്തിനു പിന്നിൽ ഒരു ശാസ്ത്ര കുതൂഹലം ഉണ്ടായിരുന്നു. ഈ ഗ്രഹണം പട്ടാപ്പകൽ സംഭവിച്ചു എന്നതു കൊണ്ട്കൂടി എല്ലാവർക്കും ഇത് കാണാൻ അവസരം ഉണ്ടായി. നട്ടുച്ച്യ്ക്ക് ഒരു സൂര്യാസ്തമയം എന്ന് ഏതോ റ്റി.വി ചാനൽ വിശേഷിപ്പിച്ചിരുന്നു, ഈ ഗ്രഹണത്തെ!
ശാസ്ത്രത്തിനു മുന്നിൽ അന്ധവിശ്വാസങ്ങൾ വഴിമാറുന്നത് ആശ്വാസമാണ്. മുൻപ് സാക്ഷര കേരളക്കാരത്രയും ഒരു ഗ്രഹണത്തിന് കതകടച്ച് വീട്ടിലിരുന്നപ്പോൾ നിരക്ഷരൻ കൂടുതലുള്ള ബീഹാറുകാർ നിർഭയം ഗ്രഹണം കണ്ടുവെന്നൊരു പരിഹാസത്തിന് സാക്ഷരകേരളീയരെക്കുറിച്ച് ഉണ്ടായിരുന്നത് ഇപ്പോൾ മാറിക്കിട്ടിയെന്നു പറയാം.
മേല്പറഞ്ഞതെല്ലാം ഇന്നത്തെ സൂര്യഗ്രഹണത്തിന്റെ ഒരു വിവരണമാണ്. ഇനി മറ്റൊരു കാര്യത്തിലേയ്ക്കു വരാം;
ഈയുള്ളവൻ രണ്ടുമൂന്നു ദിവസമായി ഒരു ജലദോഷപ്പനി മൂലം വീട്ടിൽ വിശ്രമത്തിലാണ്. കിടന്നും ഇടയ്ക്കിടെ കമ്പ്യൂട്ടറിനും, റ്റി.വി യ്ക്കും മുന്നിൽ ഇരുന്നും ചെലവഴിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. ഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ കേരള യുക്തിവാദി സംഘം പ്രവർത്തകർ ഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്ത് കഴിയ്ക്കുന്ന പരിപാടിക്ക് ക്ഷണിച്ചിരുന്നതുമാണ്. എന്നാൽ സുഖമില്ലാത്തതിനാൽ പോകാൻ കഴിഞ്ഞില്ല.
ഇന്നത്തെ ഗ്രഹണം ഈയുള്ളവൻ കണ്ടത് റ്റി.വി ചാനലുകളിലൂടെത്തന്നെ. കൂടാതെ ഇടയ്ക്ക് ഓലഷെഡിനുള്ളിൽ മുകളിലെ സുഷിരങ്ങളിലൂടേ കോഴിമുട്ടയുടെ ആകൃതിയിൽ തറയിൽ പതിക്കുന്ന വെയിൽ (വെയിൽമുട്ട എന്നാണ് നമ്മൾ ഇതിനെ വിളിയ്ക്കുന്നത്)വെട്ടം നോക്കിയും ഗ്രഹണം നിരീക്ഷിയ്ക്കുകയുണ്ടായി.
കുട്ടിക്കാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നോക്കരുതെന്നു മുന്നറിയിപ്പുണ്ടായിരുന്ന ഒരു ഗ്രഹണം കണ്ടത് ഇന്നും മറന്നിട്ടില്ല. പടമെടുക്കാത്ത ഫിലിം കണ്ണുകളിൽ വച്ചും പാത്രത്തിൽ നീലം കലക്കിയും ഒക്കെയായിരുന്നു അന്നത്തെ ഗ്രഹണം കാണൽ. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വെയിലും നിഴലുമൊക്കെ നോക്കി സമയം നിർണ്ണയിക്കുന്ന ഉമ്മ ഓലകെട്ടിയ നമ്മുടെ വീടിന്റെ അടുക്കളയിലേയ്ക്കു ക്ഷണിച്ചത്. “ഫിലിമും, നീലം കലക്കിയ വെള്ളവുമൊന്നും വേണ്ട, ഗ്രഹണം കാണാൻ എല്ലരും ഇങ്ങോട്ടു വരീൻ” എന്ന്!
ചെല്ലുമ്പോൾ ഓലപ്പുരയിലെ വട്ടസുഷിരങ്ങളിലൂടെ പൂർണ്ണവൃത്തത്തിലും ദീർഘവൃത്തത്തിലുമൊക്കെ തറയിലും ഭിത്തിയിലും ഒക്കെ പതിയ്ക്കുന്ന വെയിൽമുട്ടകളിൽ സൂര്യഗ്രഹണം ദർശിക്കാൻ കഴിയുന്നത് കാണിച്ചു തന്നു. വീടിനോട് ചേർന്ന് ഷെഡ് കെട്ടിയിരിക്കുന്നതു കൊണ്ട് ഇന്ന് ആ പഴയ ഓർമ്മകളിലേയ്ക്ക് പോകാനും കഴിഞ്ഞു.
അങ്ങനെ വലയഗ്രഹണ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് പള്ളിയിൽ ജും-ആ തുടങ്ങിയത്. ഇന്ന് വെള്ളിയാഴ്ചയാണല്ലോ!
പള്ളി വീടിനടുത്തായതു കൊണ്ട് ജുമാ പ്രസംഗം വ്യക്തമായി കേൾക്കാം. വെള്ളിയാഴ്ച ഉച്ചനമസ്കാരത്തിനു മുമ്പ് മുസലിയാർ പ്രഭാഷണം നടത്തുന്ന പതിവുണ്ട്. ഏതെങ്കിലും വിശേഷങ്ങൾ ഉള്ള സമയമോ ദിവസമോ സീസണോ ആണെങ്കിൽ അതുമായിട്ടൊക്കെ ബന്ധപ്പെടുത്തി പ്രസംഗിക്കും.സ്വാഭാവികമായും ഇന്ന് അദ്ദേഹം വലയഗ്രഹണത്തെക്കുറിച്ചും സംസാരിച്ചു. ഞാൻ റ്റി.വിയുടെ വോളിയം കുറച്ച് മൌലവിലുടെ പ്രസംഗം ജിജ്ഞാസാപൂർവ്വം ശ്രദ്ധിച്ചു;
വലയഗ്രഹണം എന്ന് വിളിയ്ക്കപ്പെട്ട ഈ വിസ്മയക്കാഴ്ചയെ ശസ്ത്രലോകം കൂടുതൽ പഠിയ്ക്കാനുള്ള മാർഗ്ഗങ്ങളൊരുക്കിയും, ശാസ്ത്രാന്വേഷികളും, വിദ്യാർത്ഥികളും സാധാരണ ജനങ്ങളും അടങ്ങുന്ന ലക്ഷക്കണക്കിനാളുകൾ ശാസ്ത്രാവബോധത്താൽ പ്രേരകമായ ജിജ്ഞാസയോടെയും കണ്ടുകൊണ്ടിരിയ്ക്കുമ്പോഴും പള്ളിയിലെ ആ പാവം മൌലവി സൂര്യഗ്രഹണത്തെക്കുറിച്ച് അന്ധവിശ്വാസത്തിലൂന്നിയ അബദ്ധജഡിലമായ വ്യാഖ്യാനങ്ങൾ നൽകുകയായിരുന്നു!
അല്ലെങ്കിൽ ആ പാവം മൌലവിയെ എന്തിനു കുറ്റം പറയണം? ശാസ്ത്രത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അറിവിന്റെ പരിമിതികൾക്കുള്ളിലാണ് അദ്ദേഹം. എന്നാൽ ശാസ്ത്രം പഠിച്ചും പരീക്ഷിച്ചും ശാസ്ത്രജ്ഞർ ആയിത്തീർന്ന മഹാന്മാക്കൾ അവർക്ക് ശാസ്ത്രലോകത്ത് തന്നെ പുതിയ സ്ഥാന ലബ്ധികൾ ലഭിയ്ക്കുമ്പോൾ ആദ്യംതന്നെ പോയി ഗണപതിയ്ക്ക് തേങ്ങ ഉടയ്ക്കുമ്പോൾ പാവം മൌലവിയെ എങ്ങനെ കുറ്റം പറയാനാകും?
പൂജകൾ കഴിച്ചിട്ട് റോക്കറ്റ് വിക്ഷേപിയ്ക്കുന്ന അവസ്ഥയിൽ നിന്ന് നാം എന്നാണ് മോചിതരാകുക? സ്കൂളിൽ ചെല്ലുമ്പോൾ ഉരുണ്ട് കാണുന്ന ഭൂമി ചർച്ചിലും പള്ളിദറസിലും ചെല്ലുമ്പോൾ പരന്നു പോകുന്ന ദയനീയതയിൽ നിന്ന് നമുക്കെന്നാണൊരു മോചനം? ആവോ!
10 comments:
നല്ല വായനാനുഭവം..
ആശംസ്കള്‍
പ്രിയപ്പെട്ട യുക്തിവാതി സഖാവേ, മേല്‍ പറഞ്ഞ ഒരുകാര്യത്തില്‍ ചെറിയ ഒരു തിരുത്ത് വേണമെന്ന് തോന്നുന്നു. "സ്കൂളിൽ ചെല്ലുമ്പോൾ ഉരുണ്ട് കാണുന്ന ഭൂമി ചർച്ചിലും പള്ളിദറസിലും ചെല്ലുമ്പോൾ പരന്നു പോകുന്ന ദയനീയത" ഈ വാക്കില്‍ ചെറിയ പിശകുണ്ട്. ചര്‍ച്ചിന്റെ കാര്യം എനിക്കറിയില്ല, എന്നാല്‍ പള്ളി ദര്‍സിലോ മുസ്ലിംകളുടെ ഗ്രന്ഥമായ ഖുരാനിലോ ഇങ്ങിനെ പറയുന്നില്ല, എന്ന് മാത്രമല്ല ഖുരാനിന്ലെ 36മത്തെ അധ്യായത്തില്‍ 37-40 വചനങ്ങളില്‍ ഇവക്കുള്ള ഒരു മറുപടി കാണാം. കൂടാതെ സൂര്യന് ചലിക്കാതെ സ്ഥിരമായി ഒരിടത്ത് നില്ക്കയാണ് എന്ന് ഈ അടുത്ത കാലം വരെ വിശ്വസിച്ചിരുന്നു ശാസ്ത്രലോകം എന്നാല്‍ 1400 വര്ഷങ്ങള്ക് മുന്‍പ് ഇറങ്ങിയ ഖുറാനില്‍ സൂര്യനും അതിന്റെതായ ഒരു സ്ഥിര പാതയില്‍ സഞ്ചരിക്കുന്നു എന്ന് പറഞ്ഞതായിക്കാണാം(36:38). ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും എന്തേ പൂജകൾ കഴിച്ചിട്ട് റോക്കറ്റ് വിക്ഷേപിയ്ക്കുന്ന അവസ്ഥയിൽ നിന്ന് നമ്മുടെ ശാസ്ത്രഞ്ജന്മാര് മാറുന്നില്ല എന്ന് ചുമ്മാ പരിതപിക്കാതെ അതിനെ കുറിച്ചൊക്കെ വെറുതെ പനിപിടിചിരിക്കുംബോഴെന്കിലും ഒന്നാലോചിച്ചുനോക്ക്. പിന്നെ ശാസ്ത്രം ഇത്രയൊന്നും പുരോഗമിക്കാത്തകാലത്തുനിന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിനില്കുമ്പോള് ജനങ്ങള്‍ക്ക് ശാസ്ത്രാവബോധം കൂടി ക്കൂടി വരുമ്പോള്‍ എന്തെ ശാസ്ത്രത്തെ മാത്രം താങ്ങി നടക്കുന്ന യുക്തിവാദികള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ചുമ്മാ ഇരിക്കുമ്പോള്‍ ഒന്നാലോചിക്കണം സഖാവെ. അല്ലാതെ വെറുതെ മതങ്ങളെ കുറ്റം പറഞ്ഞു ജാടകാട്ടി നടക്കലെല്ലാം പഴയ ഫാഷനല്ലേ!
Salih Kulangara ,
ഭൂമി പരന്നല്ല. ഉരുണ്ടാണിരിക്കുന്നെ തെന്ന് പറയുന്ന ഒരു ഖുർആൻ വാക്യം ചൂണ്ടി കാണിക്കൂ...
എന്നിട്ടാവാം..തുടർ ചർച്ച
ഇങ്ങനെയും അഭിപ്രായങ്ങൾ ഉണ്ടാകാം അനോണീ! ഇത്തരം പോസ്റ്റുകളിൽ അനോണികളായി വരാൻ ആഗ്രഹമുള്ളവർ ഉണ്ടാകുമെന്നറിയാവുന്നതു കൊണ്ടാണല്ലോ അനോണി ഓപ്ഷൻ തുറന്നിട്ടിരിയ്ക്കുന്നത്.
സാലിഹ്: ...“എന്ന് മാത്രമല്ല ഖുരാനിന്ലെ 36മത്തെ അധ്യായത്തില്‍ 37-40 വചനങ്ങളില്‍ ഇവക്കുള്ള ഒരു മറുപടി കാണാം.“
അതിന്റെ മലയാളം പരിഭാഷ ഒന്നു പറഞ്ഞുതരാമോ? അറിവില്ലായ്മ കൊണ്ടാണ് ചോദിക്കുന്നത്.
യുക്തിവാദികൾ എന്ന് താങ്കൾ ഉദ്ദേശിച്ചത് നിരീശ്വരവാദികളെ മാത്രമായിരിക്കണം. എല്ലാ യുക്തിവാദികളും നിരീശ്വരവാദികൾ ആകണമെന്നില്ല. എന്നാൽ എല്ലാ നിരീശ്വരവാദികളും യുക്തിവാദികൾ ആയിരിക്കും.
ഈശ്വരവിശ്വാസികളിലും യുക്തിബോധവും ശാസ്ത്രബോധവും ഉള്ളവരുണ്ട് സാലിഹ്; അത് മനസിലാക്കുക.
പിന്നെ താങ്കൾ ഉദ്ദേശിച്ച യുക്തിവാദികൾക്ക് വംശനാശം സംഭവിക്കുന്നു എന്നത് തെറ്റായ വിലയിരുത്തലാണ്. ലോകത്ത് എവിടെയും യുക്തിവാദികൾ കൂടി വരുന്നതേയുള്ളു. അത് ആരും കൊട്ടി ഘോഷിക്കുന്നില്ലെന്നേയുള്ളു. യുക്തിവാദിസംഘത്തിൽ പ്രവർത്തിക്കുന്നവർ മാത്രമല്ല യുക്തിവാദികൾ. ഒരു സംഘത്തിലും പേടാത്ത ആയിരക്കണക്കിന് നിരീശ്വരവാദികളും യുക്തിവാദികളും കേരളത്തിൽ പോലുമുണ്ട്.എന്തിന് ആരാധനാലയങ്ങളിൽ പോകുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരിൽതന്നെ നല്ലൊരു പങ്ക് നിരീശ്വരവാദികളാണ്. ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ അതൊക്കെ ചെയ്യുന്നു എന്നു മാത്രം മറ്റൊരു കൂട്ടം നിരീശ്വരവാദികളും ഉണ്ട്. അവർ വിശ്വാസികളുടെ മുന്‍നിരയിലായിരിക്കും കാണുക. സ്വന്തം താല്പര്യത്തിനു വേണ്ടി മതത്തെ ഉപയോഗിച്ച് മതസ്ഥപനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നവർ. അവരും ഒരർഥത്തിൽ നിരീശ്വരവാദികൾ അല്ലേ? ദൈവത്തെ ഭയക്കാതെ മതത്തിന്റെവക സമ്പത്ത് വെട്ടിക്കുന്നവർ ! ദൈവത്തെ അവർ ഭയക്കാത്തത് ദൈവമില്ലെന്ന് അവർ വിശ്വസിക്കുന്നതു കൊണ്ടല്ലേ?
അതുകൊണ്ട് നിഷ്കളങ്കവിശ്വാസികളായ സാലിഹ് മാരോട് പറയാനുള്ളത്, യുക്തിവാദികളെയൊക്കെ അവരുടെ പാട്ടിനു പോകാൻ പറ. ആദ്യം ഓരോ മതത്തിലുമുള്ള കൊള്ളരുതായ്മക്കാർക്കെതിരെ പോരാടി മതത്തെ ശുദ്ധീകരിയ്ക്കുക. അല്ലെങ്കിൽ യുക്തിവാദികളുടെ എണ്ണം ഇനിയും കൂടിക്കൊണ്ടിരിയ്ക്കും!
സാലിഹ്:“അല്ലാതെ വെറുതെ മതങ്ങളെ കുറ്റം പറഞ്ഞു ജാടകാട്ടി നടക്കലെല്ലാം പഴയ ഫാഷനല്ലേ!“
ഒരു ജാഡ കാണിച്ചിട്ട് എന്തെങ്കിലും പ്രയോജനം വേണ്ടേ മാഷേ! മതത്തിൽ വിശ്വസിക്കാതിരുന്നാൽ നഷ്ടങ്ങളല്ലേയുള്ളൂ. സത്യത്തിൽ ഭൌതിക സുഖങ്ങളിൽ വിശ്വസിക്കുന്ന യുതിവാദികളൊക്കെ മതത്തിൽ വിശ്വസിക്കുന്നതാണ് ബുദ്ധി! മതത്തിന്റെ മാർഗ്ഗത്തിലൂടെ അവർക്ക് അത്മീയസുഖം കിട്ടില്ലെങ്കിലും ഭൌതൈകമായ എല്ലാ സുഖ ഭോഗങ്ങളും സമ്പത്തും ലഭിക്കാനിടയുണ്ട്. അതൊക്കെ ഉപേക്ഷിച്ച് യുക്തിവാദി സംഘം പ്രവർത്തനവുമായി നടക്കുന്നവർ വിഢികളല്ലേ മാഷേ! അല്ലപിന്നെ!
നമ്മുടെ നാട്ടിൽ മുജാഹിദുകളും സാധാരന വിശ്വാസികളും ഉണ്ട്. ജമാ-അത്തെ ഇസ്ലാമികളും ഉണ്ട്. ഓരോരുത്തരും പറയുന്നതു കേൾക്കുമ്പോൾ എല്ലാത്തിലും കാര്യമുള്ളതായി തോന്നുന്നു. ആകെ കൺഫ്യൂഷനാ. ഇതിൽ ഏതാണു ശരിയെന്ന് സാലിഹിനു ഒന്ന് പറഞ്ഞുതരാൻ കഴിഞ്ഞെങ്കിൽ.....ഞാൻ നേരത്തെ സാധാരണ വിശ്വാസത്തിലായിരുന്നു. ഇപ്പോൾ ഒരുറപ്പില്ല. പഠിക്കാൻ ശ്രമിക്കുകയാണ്.പഠിക്കാൻ ശ്രമിക്കുന്തോറും ചിന്ത യുക്തിവാദത്തിലേക്ക് വഴിമാറുന്നതെന്താണെന്നറിയില്ല. വഴിതെറ്റാതിരിക്കാൻ പ്രാർത്ഥിക്കുന്നുണ്ട്!
പിന്നെ ഒരു മുസൽമാനു സ്വന്തം അഭിപ്രായം പറയാൻ അനോണിയാകേണ്ട കാര്യമില്ല. മുഹമ്മദ് നബി തന്റെ ആശയങ്ങൾ മറയില്ലാതെ സധൈര്യം ലോകത്തോട് വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഈ മതം തലമുറകളോളം നിലനിൽക്കുന്നത്!
പേരുവച്ച് ഒരാൾക്ക് യുക്തിവാദിയാണെന്നു പറയാമെങ്കിൽ എന്തുകൊണ്ട് പേരുവച്ചൊരാൾക്ക് മുസൽമാനെന്നു പറഞ്ഞുകൂട!അസഭ്യം വല്ലതും പറയണമെങ്കിലല്ലേ അനോണിയാകേണ്ടതുള്ളൂ!
ആദ്യം നിങ്ങള്‍ , ശാസ്ത്രമറിയുന്ന വലിയ വലിയ ശാസ്ത്രജ്ഞന് മാരെ നിങ്ങളുടെ ശാസ്ത്രവും യുക്തിയും ബോധ്യപ്പെടുത്തൂ മാഷെ.
http://www.asianetindia.com/news/isro-chief-renders-devotional-music_105554.html
മുമ്പ് ഞങ്ങളോട് ഗ്രഹണ സമയത്ത് പുറത്തിറങ്ങരുതെന്ന് പറഞ്ഞതും ശാസ്ത്രം തന്നെയായിരുന്നു. ഗ്രഹണസമയത്ത് കോഴിയിട്ട മുട്ടയെന്നും മറ്റും പറഞ്ഞ് വ്യത്യസ്ത രൂപത്തിലുള്ളത് പിറ്റേന്ന് പത്രങ്ങളില്‍ കൂടി ഞങ്ങളെ കാണിക്കുകയും ചെയ്തിരുന്നു.
ഞങ്ങള്‍ ആരെയാണ് വിശ്വസിക്കേണ്ടത് ശാസ്ത്രജ്ഞരെയൊ അതൊ യുക്തി വാദികളെയൊ.
നിങ്ങള്‍ മതവും ശാസ്ത്രവും പരസ്പരം തുലനം ചെയ്യുമ്പോള്‍ ആദ്യം ഓരോ വിഷയവും പഠിച്ച ചര്‍ച്ച ചെയ്യണം
ന്ഹന്‍ ഭുമിയെ കുറിച്ചും ഗ്രഹങ്ങളേയും ഗോളങ്ങള്‍ (ഉരുണ്ടത്) എന്നാന് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയത്
والارض بعد ذلك دحاها (ഖുര്‍ആന്‍ 79:30)
ഇതിന്റെ തഫ്സീര്‍ നിങ്ങള്‍ പരിശോദിച്ചാല്‍ നിങ്ങള്‍ക്ക് دحاها എന്നാല്‍ (egg shaped,round shaped) മനസ്സിലാകും .
അപ്പൊ അതിനെ നമുക്ക് ഇങ്ങനെ വായിക്കാം ( He made the earth egg-shaped ) . നിങ്ങള്‍ ഏതെങ്കിലും ഒരു പുസ്ടകം വായിച്ചോ അതല്ലെങ്കില്‍ വിവരം ഇല്ലാത് ഏതെങ്കിലും ഒരു മൌലവി പറഞ്ചത് അനുസരിച്ചോ ഇസ്ലാം വിശ്വാസം ഭുമി പറയുന്നത് എന്ന പറയരുത് . നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു നിങ്ങള്‍ ഇസ്ലാമിക വിഷയങ്ങള്‍ ഇത്തരം ബ്ലോഗിലൂടെയല്ല ആധികാരികമായി പണ്ടിതന്മാരുമായി അന്ന ചര്‍ച്ച ചെയ്യേണ്ടത് (പള്ളിയിലെ മൌലവി അല്ല പണ്ഡിതന് എന്ന ആദ്യം മനസിലാക്കുക), ഇത്തരം ബ്ലോഗിലോടെയ് ചര്‍ച്ച ചെയ്താല്‍ എന്നേ പോലുള്ള അല്പ ന്ഹനികള് മാത്രമേ ഇത് വായിക്കുകയുള്ളൂ.......................
ഒന്ന് മനസിലാക്കുക ഖുരാണിക വിഷയങ്ങള്‍ ശാസ്ത്രം തെളിയിക്കുകയല്ലതെയ് ഖുരനിനേ വെല്ലു വിളിക്കാന്‍ ഒരു ശാസ്ത്രത്തിനും കഴിയില്ല........
എല്ലാം അറിയുന്നവന് എന്നാ അഹങ്ങരമോ ന്ഹന്‍ എന്റെ യുക്തികൊണ്ട് എല്ലാം കണ്ടെത്തുമെന്ന വിഷവ്സവും ആര്‍കും വേണ്ട......
ഖുര്‍ആന്‍ പടിപ്പിക്കുനത് (പടിക്കുവിന്‍, ചിന്ക്കുവിന്, കണ്ടെത്തൂ ) എന്നാണ്. വിദ്യ അതികരിപ്പിച്ചു തരാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ആണ് ...........
നിങ്ങള്‍ക്ക് തെളിവുകള്‍ വേണമെങ്കില്‍ ഇനിയും നല്‍കാം. ചെറിയ മറുപടി നല്‍കിയത് നിങ്ങളുടെ പ്രതികരണം കിട്ടാന്‍ ആണ് ........
Post a Comment