എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Tuesday, February 1, 2011

മകരജ്യോതി വിവാദം


മകരജ്യോതി വിവാദം


അങ്ങനെ ഒരു വിവാദത്തിന് ശമനമായി. ശബരിമലയിൽ മകരവിളക്ക് താനേ കത്തുന്നതോ കത്തിക്കുന്നതോ എന്നത് കുറെ കാലമായി ഉന്നയിക്കുന്ന ചോദ്യമാണ്. താനേ കത്തുന്നതാണോ കത്തിക്കുന്നതാണോ എന്ന് വ്യക്തമായി അറിയാവുന്നവരും ഈ ചോദ്യം ഉന്നയിച്ചുകൊണ്ടിരുന്നു.

യുക്തിവാദികൾ മാത്രമാണ് പരസ്യമായി മകരജ്യോതി മനുഷ്യനിർമ്മിതമാണെന്ന് പണ്ടേ പറയാൻ തയ്യാറായിട്ടുള്ളത്. അവർ പൊന്നമ്പലമേട്ടിൽ പോയി അടിയും കൊണ്ട് പുളിയും കുടിച്ച് പടവും പിടിച്ചു വന്നവരാണ്. അവർ മകര ജ്യോതി തട്ടിപ്പ് നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തുകയും കേസുകൊടുക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. പക്ഷെ ഒന്നും ഫലം കണ്ടില്ല.

ഇത്തിരി പോന്ന യുക്തിവാദികൾ പറയുന്നതുകേട്ട് നടപടിയെടുക്കേണ്ട കാര്യമല്ലല്ലോ അത്. കാരണം ഖജനാവിലേയ്ക്ക് കോടികൾ മുതൽക്കൂട്ടുന്ന ഒരു വിശ്വാസമാണ്. പ്രശ്നം വിശ്വാസത്തിന്റേതായതുകൊണ്ട് സർക്കാരുകളോ കോടതികളോ ഈ വിഷയത്തിൽ മൌനം പാലിച്ചു പോന്നിരുന്നു. അതിനതിന് യ്ക്തിവാദികളെ പോലുള്ളവർ കമ്പിട്ടിളക്കിക്കൊണ്ടുമിരുന്നു.

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മുക്കുവനോട് മീൻ പിടിക്കരുതെന്ന് പറഞ്ഞിട്ട് കാരമില്ലല്ലോ. അതുപോലെ യുക്തിവാദികൾ ശബരി മലയിൽ മകര ജ്യോതി കത്തുന്നുവെന്ന് വിശ്വസിക്കണം എന്ന് നിർബന്ധിച്ചിട്ട് കാര്യമില്ലല്ലോ.സർക്കാരിനോട് പല തവണ പലരും ഇതു സംബന്ധിച്ച് അഭിപ്രായം ചോദിക്കുമ്പോഴും വിശ്വാസത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയില്ലെന്ന നിലപാടാണ് എടുത്തു പോരുന്നത്. ഇടതുപക്ഷമായാലും വലതുപക്ഷമായാലും ഇക്കാര്യത്തിൽ ഉരുണ്ടു കളിക്കുകയായിരുന്നു.

ഇപ്പോൾ പുൽമേട് ദുരന്തം വന്നപ്പോൾ വീണ്ടും മകരജ്യോതി വിവാദം കൂടുതൽ സജീവമായി. ഹൈക്കൊടതിയിൽതന്നെ കേസുകൾ ആയി. എന്തും വെട്ടിത്തുറന്നു പറയുമെന്നു പറയുന്ന ആദർശ ധീരനായ നമ്മുടെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്തനോടും ചോദിച്ചു മകരവിളക്ക് കത്തുന്നതോ കത്തിക്കുന്നതോ എന്ന്. അദ്ദേഹവും പറഞ്ഞു വിശ്വാസത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന്. എന്നു പറഞ്ഞാൽ വിശ്വാസത്തിന്റെ കാര്യത്തിൽ സത്യം പറഞ്ഞുകൂടെന്ന് എല്ലാവർക്കും പിടിവാശിയാണ്.എതിർപ്പുകൾ ഉണ്ടായാലോ?

മകര വിളക്ക് കത്തുകയോ കത്തിക്കുകയോ ചെയ്യട്ടെ. അതുകൊണ്ട് ആർക്കും ദോഷമൊന്നുമില്ലെങ്കിൽ അതിൽ ഇടപെടേണ്ട കാര്യമൊന്നും ഇല്ല. പക്ഷെ സത്യം പറയരുതെന്നുണ്ടോ? ഒന്നുകിൽ താനേ കത്തുന്നു എന്നു പറയുക. അല്ലെങ്കിൽ കത്തിക്കുന്നതാണെന്ന് പറയുക. രണ്ടും പറയില്ല.

എന്നാൽ ഇപ്പോൾ ഇതാ ഇതുവരെ ആരും പരസ്യമായി പറയാത്ത ഒരു കാര്യം ദേവസ്വം ബോർഡ് തന്നെ പരസ്യമായി പറഞ്ഞിരിക്കുന്നു. മകര ജ്യോതി മനുഷ്യനിർമ്മിതമെന്നാണ് എല്ലാവരും കരുതുന്നത്; ദേവസ്വം ബോർഡും അങ്ങനെതന്നെ കരുതുന്നുവെന്ന്! തീർച്ചയായും ഇത് സംബന്ധിച്ച് ആധികാരികമായി പറയേണ്ടത് ദേവസ്വം ബോർഡ് തന്നെയാണ്.

ഇപ്പോൾ അവർ ആ സത്യം തുറന്നു പറഞ്ഞിരിക്കുന്നു. നല്ലത്. അതിന്റെ പേരിൽ ശബരിമലയിൽ തീർത്ഥാടകർ കുറയുമെന്നോ സർക്കാരിന് വരുമാനം കുറയുമെന്നോ ഭയക്കേണ്ട യാതൊരാവശ്യവും ഇല്ല. കാരണം വിശ്വാസികളെ സംബന്ധിച്ച് അവർക്കിത് വിശ്വസം തന്നെയാണ്. ആർ ഇനിയും മലചവിട്ടും. മകര ജ്യോതി ദർശിച്ച് സായൂജ്യരാകും. അതുകൊണ്ട് ആർക്കും ഒന്നും സംഭവിക്കാനുമില്ല. നഷ്ടപ്പെടാനുമില്ല.

No comments:

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ ഇ.എ.സജിം തട്ടത്തുമല (നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്...