എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, February 9, 2011

പൊതുയോഗ നിരോധനത്തിനെതിരെ നിയമ നിര്‍മ്മാണം

പൊതുയോഗ നിരോധനത്തിനെതിരെ നിയമ നിര്‍മ്മാണം

പാതയോരത്ത് പൊതുയോഗം നടത്താൻ പാടില്ലെന്ന് കേരള ഹൈക്കോടതിയും സുപ്രീം കോടതിയും വിധി പറഞ്ഞ സാഹചര്യത്തിൽ പൊതുയോഗങ്ങളെ നിയമവിധേയമാക്കാൻ കേരള സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച ബില്ലിന് ഇടതുമുന്നണി മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു. ഈ നടപ്പ് നിയമസഭാസമ്മേളനത്തിൽ തന്നെ ഇത് നിയമമാക്കാനാണ് തീരുമാനം. ജനാധിപത്യത്തെ അംഗീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷപ്രദമാണ് ഈ തീരുമാനം. കേരള സർക്കാരിന് അഭിനന്ദനങ്ങൾ. ജനാധിപത്യ വിരുദ്ധമായ പ്രസ്തുത കോടതി വിധിക്കെതിരെ ഇത്തരം ഒരു നിയമ നിര്‍മ്മാണം അനിവാര്യമാണ്.

സുപ്രീം കോടതിയും കൂടി പൊതുയോഗങ്ങൾക്കെതിരെ വിധിപറഞ്ഞപ്പോൾ സർക്കാരും രാഷ്ട്രീയ പാർട്ടികലും ഒക്കെ കുറച്ചു ദിവസം പ്രതികരിച്ചിട്ട് മിണ്ടാതെയും ഒരു നടപടിയും സ്വീകരിക്കാതെയും ഇരിക്കുമെന്നാണ് കരുതിയത്. എന്നാൽ വിധി നിലവിൽ വന്ന ശേഷവും പാതയോരത്ത് പൊതുയോഗവും മറ്റും പതിവുപോലെ നടന്നുവരുന്നു എന്നത് മാത്രമായിരുന്നു ഏക ആശ്വാസം. എന്നാൽ നമ്മുടെ സർക്കാർ അവസരത്തിനൊത്ത് ഉയർന്നിരിക്കുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പുതിയ നിയമനിർമ്മാണത്തെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ പൊതു താല്പര്യമുള്ള ഇത്തരം കാര്യങ്ങളില്പോലും ഒരുമിച്ച് നിൽക്കാൻ നമ്മുടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകുന്നില്ല എന്നത് ദൌർഭാഗ്യകരമാണ്. ജനാധിപത്യത്തിന്റെ നിലനില്പിനെ ദോഷകരമായി ബാധിക്കുന്ന നടപടികൾ കോടതികളുടെയെന്നല്ല, ഏതു ഭാഗത്ത് നിന്നുണ്ടായാലും എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് തോളോട് തോളുരുമ്മി നിന്ന് പ്രതികരിക്കേണ്ടതാണ്.

ഈ അടുത്തകാലത്തായി പല കോടതിവിധികളും ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് നിരക്കാത്തവയാണെന്ന് പറയേണ്ടി വരുന്നു.രാ‍ജഭരണവും സ്വേച്ഛാധിപത്യ-പട്ടാള ഭരണവും നിലനിൽക്കുന്ന രാജ്യമാണെന്ന് തോന്നും പല ജനവിരുദ്ധ വിധികളും പരിശോധിച്ചാൽ. സമ്പന്നവർഗ്ഗ താല്പര്യങ്ങളെ മുൻ നിർത്തിയാണ് പലപ്പോഴും നീതിപീഠവും പെരുമാറുന്നതെന്ന ഒരു തോന്നൽ ഉണ്ടാകുന്നു. ജനാധിപത്യം , പൌരസ്വാതന്ത്ര്യം മുതലായവയോട് നമ്മുടെ നീതിപീഠങ്ങൾ നിഷേധാത്മക സമീപനം പലപ്പോഴും സ്വീകരിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളോട് പുച്ഛമാണ് പല ന്യായാധിപന്മാർക്കും എന്നും തോന്നുന്നു. ജനകീയ സർക്കാരുകളുടെയും നിയമനിർമ്മാണ സഭകളുടെയും അധികാരത്തിൽ അനാവശ്യമായി ജുഡീഷ്യറി കൈവയ്ക്കുന്നത് നമ്മുടെ ഭരണഘടനാ തത്വങ്ങൾക്കുതന്നെ നിരക്കുന്നതല്ല. നിയമനിർമ്മാണ സഭ നിർമ്മിക്കുന്ന നിയമങ്ങളെയും ഭരണഘടനയെയും വ്യാഖ്യാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കോടതികളുടെ ധർമ്മം. ചില നിർണ്ണായക കോടതിവിധികൾ പിന്നീട് നിയമത്തിന്റെ സ്വഭാ‍വം കൈവരിക്കുമെങ്കിലും നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിക്കാനോ പുതിയ നിയമങ്ങൾ നിർമ്മിക്കാനോ നീതിന്യായ വിഭാഗത്തിന് അധികാരമില്ല.

ജനകീയ സർക്കാരുകളുമായും നിയമനിർമ്മാണസഭകളുമായും കോടതികൾ ഏറ്റുമുട്ടുന്നത് ആശാസ്യമല്ല. നിയമനിർമ്മാണസഭയും എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിൽ ശത്രുക്കളെ പോലെ പെരുമാറുന്നത് നന്നല്ല.ഇത് മൂന്നും പരസ്പരപൂരകമായി പ്രവർത്തിക്കേണ്ടവയാണ്. ഇതിൽ രാഷ്ട്രീയ എക്സിക്യൂട്ടീവും നിയമനിർമ്മാണ സഭയും നീതിന്യായ വിഭാഗവുമായി ക്രിയാത്മകമായി സഹകരിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ നീതിന്യായ വിഭാഗത്തിന് തിരിച്ച് എന്തോ ഒരു ഈഗോ ഉള്ളതുപോലെ തോന്നുന്നു. രാഷ്ട്രീയം, ജനാധിപത്യം, ഭരണകൂടം ഇവയോടൊക്കെ ഒരുതരം നിഷേധാത്മകമായ സമീപനം നീതിപീഠങ്ങൾ ചിലപ്പോഴെങ്കിലും പ്രകടമാക്കുന്നു. നിയമനിർമ്മാണസഭയും രാഷ്ട്രീയ എക്സിക്യൂട്ടീവും നിയമനിർമ്മാണത്തിലൂടെയും നീതിന്യായ വിഭാഗം വിധിന്യായങ്ങളിലൂടെയും പരസ്പരം വെല്ലുവിളിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് അഭിലഷണീയമല്ല. ഇപ്പോൾ നമ്മുടെ ചില നീതിപീഠങ്ങൾ അത്തരം ഒരു അവസ്ഥ സൃഷ്ടിക്കുവാൻ ബോധപൂർവവും അല്ലാതെയും ശ്രമിക്കുന്നു എന്നത് ദൌർഭാഗ്യകരമാണ്.

സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് കോടതികളുമായുള്ള ഒരു ഏറ്റുമുട്ടൽ അല്ല; ജനാധിപത്യത്തിൽ അനുവദനീയമായ പൌരസ്വാതന്ത്ര്യത്തെയും പൌരാവകാശങ്ങളെയും നിലനിർത്താനും സംരക്ഷിക്കാനുമുള്ള ബാദ്ധ്യത നിർവ്വഹിക്കൽ എന്ന നിലയ്ക്കാണ് ഇതിനെ കാണേണ്ടത്. കോടതികളുടെ ജനാധിപത്യ -പൌരാവകാശനിഷേധങ്ങൾക്കെതിരെ കേരള സർക്കാരും നിയനിർമ്മാണസഭയും നടത്താൻ പോകുന്ന പ്രതിരോധങ്ങൾക്കും നിയമനിർമ്മാണ നടപടികൾക്കും എല്ലാ വിധ ആശംസകളും നേരുന്നു.

1 comment:

Pranavam Ravikumar a.k.a. Kochuravi said...

>>രാ‍ജഭരണവും സ്വേച്ഛാധിപത്യ-പട്ടാള ഭരണവും നിലനിൽക്കുന്ന രാജ്യമാണെന്ന് തോന്നും <<

രാജഭരണം എന്തുകൊണ്ട് പരാമര്‍ശിച്ചു എന്നറിയില്ല.. തിരുവിതാംകൂര്‍ അങ്ങനെയായിരുന്നോ?

ഇന്നത്തെ കോടതി വിധികള്‍ പലതും ദൌര്‍ഭാഗ്യകരമാണ്... മനുഷ്യന് ആവശ്യമുള്ള എത്രയോ കാര്യങ്ങള്‍ക്കു കോടതി വിധികള്‍ വഴിതുറക്കുന്നില്ല.. എത്രയെത്ര കേസുകള്‍ ഇന്ന് പൊടിയടിച്ചു കിടക്കുന്നു? വല്ലതും പറഞ്ഞാല്‍ കോടതിയലക്ഷ്യവും.. രാഷ്ട്രീയകാരനാ എങ്കില്‍ തടി തപ്പാം.. പക്ഷെ സാധാരണ പൌരനായി പോയല്ലോ...ആരെയാ പഴിക്കെണ്ടേ?

ഇനി ഈ പറയുന്ന രാഷ്ട്രീയക്കാരില്‍ എത്ര സത്യാ പുണ്യവാളന്‍ മാരുണ്ട്. പേരിനു രണ്ടു കേസില്ലാതെ എന്താ രാഷ്ട്രീയം അല്ലെ? പൌരാവകാശം നില നിര്‍ത്തുക എന്നതാണോ ഈ നിയമ നിര്‍മാണത്തിന് പിന്നില്‍.. എങ്കില്‍ വളരെ നന്ന്..!


See this comment in

http://enikkuthonniyathuitha.blogspot.com/